ഗവര്‍ണറും സര്‍ക്കാരും അയഞ്ഞും മുറുകിയും അങ്കം തുടരുമ്പോള്‍

ഗവര്‍ണറും സര്‍ക്കാരും അയഞ്ഞും മുറുകിയും അങ്കം തുടരുമ്പോള്‍

കേരളം കഴിഞ്ഞ ചില മാസങ്ങളായി ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നതും കൗതുകത്തോടെ ശ്രദ്ധിക്കുന്നതും സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാണ്

കേരളം കഴിഞ്ഞ ചില മാസങ്ങളായി ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നതും കൗതുകത്തോടെ ശ്രദ്ധിക്കുന്നതും സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാണ്. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും മുഖാമുഖം നിന്ന് പൊരുതുന്നു. അതിലുമധികം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ തുടര്‍ച്ചയായി അലോസരപ്പെടുത്തുന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങിയ ഫെബ്രുവരി 18-നു പതിവു നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ വിസമ്മതിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയതും പിന്നെ അതില്‍നിന്നു പിന്മാറിയതും അദ്ദേഹവും സര്‍ക്കാരും തമ്മില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ഉണ്ടായ പല അഭിപ്രായഭിന്നതകള്‍ പുറമേയ്ക്കു വന്നതിന്റെ രീതികളില്‍ ഒന്നുമാത്രമാണ്. ഇപ്പോഴത്തെ സൗഹാര്‍ദ്ദവും സമാധാനവുമാകട്ടെ, താല്‍ക്കാലികവും. രാജ്യത്തെ ഒരേയൊരു ഇടതുപക്ഷ സര്‍ക്കാരും സംഘപരിവാറിനു നിര്‍ണ്ണായക സ്വാധീനമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായ ഗവര്‍ണറും തമ്മില്‍ ഇനിയും രൂക്ഷഭിന്നത ഉണ്ടാകാം. അതിനുള്ള സാഹചര്യം ശക്തമായിത്തന്നെ നിലനില്‍ക്കുന്നു. വിഷയങ്ങളും സന്ദര്‍ഭങ്ങളും ഒത്തുവന്നാല്‍ മാത്രം മതി. 2016 മെയ് മുതല്‍ 2021 ഏപ്രില്‍ വരെ ഭരിച്ച ഒന്നാം പിണറായി സര്‍ക്കാര്‍ പകുതി കാലാവധി പിന്നിട്ടപ്പോഴാണ് പുതിയ ഗവര്‍ണര്‍ വന്നത്, 2019 സെപ്റ്റംബര്‍ ഒന്നിന്. സ്വാഭാവികമായും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാരിന്റെ തുടക്കം മുതലുണ്ട് അദ്ദേഹം. തൊട്ടു മുന്‍പത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തില്‍നിന്നു വ്യത്യസ്തമായി എല്ലാ വിഷയങ്ങളിലും കൃത്യമായ രാഷ്ട്രീയ അഭിപ്രായങ്ങളും അത് ശക്തമായി പ്രകടിപ്പിക്കുന്ന രീതിയുമാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രത്യേകത. പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തില്‍ കൂട്ടായ പ്രതിഷേധം ഉയരുകയും അതിനു ഭരണമുന്നണിയും മുഖ്യമന്ത്രിയും തന്നെ നേതൃത്വം നല്‍കുകയും ചെയ്തപ്പോള്‍ തുടങ്ങിയതാണ് ഗവര്‍ണറുടെ പരസ്യ വിമര്‍ശനങ്ങള്‍. സ്വന്തം സ്റ്റാഫില്‍ നിയമിതനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ സംഘപരിവാര്‍ അനുകൂല രാഷ്ട്രീയം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയാക്കിയതാണ് ഒടുവിലത്തെ പ്രകോപനം. അതിന്റെ പേരില്‍ സംസ്ഥാന പൊതുഭരണവകുപ്പ് (ജി.എ.ഡി) പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ ആ സ്ഥാനത്തുനിന്നു മാറ്റുന്നതില്‍ വിജയിച്ചു നില്‍പ്പാണ് ഗവര്‍ണര്‍. 

ഇണക്കം പിണക്കം 

സഭയില്‍ വായിക്കുന്ന നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് അയയ്ക്കുമ്പോള്‍ അത് ഗവര്‍ണര്‍ കൂടി അംഗീകരിക്കണം. എന്നിട്ടാണ് അടുത്ത ദിവസം അത് സഭയില്‍ അദ്ദേഹം വായിക്കുന്നത്. എന്നാല്‍, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിന് അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ അതു വച്ചു വിലപേശി. ''ഭരണഘടനാ പ്രതിസന്ധിയുടെ വക്കോളമെത്തിച്ചു'' എന്നാണ് പത്രങ്ങള്‍ ആ സാഹചര്യത്തെക്കുറിച്ച് എഴുതിയത്. കെ.ആര്‍. ജ്യോതിലാലിനെ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ മാറ്റിയ ശേഷമാണ് ഗവര്‍ണര്‍ 'അയഞ്ഞത്.' രാഷ്ട്രീയത്തില്‍ സജീവമായി തുടരുന്നവരെ ഇത്തരം പദവികളില്‍ നിയമിക്കുന്നതിനോടുള്ള വിയോജനക്കുറിപ്പാണ് ജ്യോതിലാല്‍ ഫയലില്‍ എഴുതിയത്. അത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് രാജ്ഭവന്‍ വിലയിരുത്തിയത്. മാത്രമല്ല, ആ വിയോജിപ്പ് മാധ്യമങ്ങളില്‍ വന്നതും ഗവര്‍ണര്‍ക്ക് ഇഷ്ടമായില്ല. അതിനു പകരംവീട്ടാന്‍ വൈകാതെ തന്നെ വീണുകിട്ടിയ അവസരമായാണ് നയപ്രഖ്യാപന പ്രസംഗത്തെ കണ്ടത്. ജ്യോതിലാലിനെ മാറ്റിയപ്പോള്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം അംഗീകരിച്ചു. പിറ്റേന്ന് അത് സഭയില്‍ വായിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നയത്തോടു വിയോജിച്ച് സംസ്ഥാന സര്‍ക്കാര്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്ന പരാമര്‍ശങ്ങളും വായിച്ചു. 

മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറുമായി 20 മിനിറ്റോളം സംസാരിച്ചു. അപ്പോള്‍ ജ്യോതിലാലിന്റെ കാര്യത്തിലെ നിലപാട് അറിയിച്ചോ ഇല്ലയോ എന്നു വ്യക്തമല്ല. മുഖ്യമന്ത്രിയോ ഗവര്‍ണറോ അതു പറഞ്ഞിട്ടില്ല. പക്ഷേ, രാജ്ഭവനില്‍നിന്നു മടങ്ങിയ ശേഷം മറ്റു പ്രധാന നേതാക്കളുമായും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുമായും മുഖ്യമന്ത്രി സംസാരിച്ചു. അതിനു ശേഷമാണ് രാത്രിയോടെ ജി.എ.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കാനുള്ള തീരുമാനമുണ്ടായത്. അക്ഷരാര്‍ത്ഥത്തില്‍ അതു വിലപേശലായിത്തന്നെ വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, അങ്ങനെയല്ല എന്ന് ഗവര്‍ണറോ രാജ്ഭവനോ വിശദീകരിച്ചുമില്ല. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഇത് രണ്ടാംതവണയാണ് ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനത്തെ തലേന്ന് പ്രതിസന്ധിയിലാക്കുന്നത്. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തേത്. 2020 ജനുവരി 29-ന്റെ നയപ്രഖ്യാപനത്തില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ ഉള്‍പ്പെടുത്തിയ പരാമര്‍ശം വായിക്കില്ല എന്ന നിലപാടാണ് തലേന്ന് അദ്ദേഹം സ്വീകരിച്ചത്. അത് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. അന്നും അവസാന നിമിഷം നിലപാട് മാറ്റി. സഭയില്‍ സര്‍ക്കാര്‍ നിലപാട് മുഴുവനായി വായിക്കുകയും ചെയ്തു. അന്നും മുഖ്യമന്ത്രി ഇടപെട്ടു, അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച് വായിക്കുകയാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു ആ ഭാഗം വായിച്ചത്. ഇത്തവണ പ്രസംഗത്തില്‍ ഒപ്പുവയ്ക്കാത്ത സമീപനത്തോട് രൂക്ഷമായി പ്രതികരിച്ച് നയപ്രഖ്യാപനവും സഭാ സമ്മേളനവും അനിശ്ചിതത്വത്തിലാക്കാന്‍ മുഖ്യമന്ത്രിക്കും ഭരണനേതൃത്വത്തിലെ മറ്റു പ്രധാനികള്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. അത്തരമൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് സംഘപരിവാറും കേന്ദ്ര ഭരണനേതൃത്വവും ആഗ്രഹിക്കുന്നത് എന്നു മനസ്സിലാക്കിക്കൂടി ആയിരുന്നു മയമുള്ള ഈ സമീപനം. ഭരണഘടനയുടെ അനുച്ഛേദം 163 പ്രകാരം നയപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ തീരുമാനം അതേവിധം അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ഇതു ചൂണ്ടിക്കാട്ടിയുള്ള നിയമോപദേശവും സര്‍ക്കാരിനു മുന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍, നിയമപരമായ സാങ്കേതികത്വം ചൂണ്ടിക്കാട്ടി പരസ്പരം പൊരുതി സമയം നഷ്ടപ്പെടുത്തേണ്ടതില്ല എന്ന രാഷ്ട്രീയ തീരുമാനത്തിനായിരുന്നു മുന്‍തൂക്കം. ജ്യോതിലാലിനെ മാറ്റിയത് താല്‍ക്കാലികമാണുതാനും. ഗവര്‍ണറുടേത് തരംതാണ രാഷ്ട്രീയ കളിയാണ് എന്ന മുന്‍മന്ത്രി എം.എം. മണിയുടേതുപോലുള്ള പ്രതികരണങ്ങള്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ പരോക്ഷമായിപ്പോലും പ്രോത്സാഹിപ്പിച്ചുമില്ല. കൃത്യമായിരുന്നു അതിനു പിന്നിലെ കാരണം: സംഘപരിവാര്‍ ആഗ്രഹിക്കുന്നിടത്ത് അതുപോലെ എത്തിച്ചുകൊടുക്കേണ്ടതില്ല. 

കെആർ ജ്യോതിലാൽ
കെആർ ജ്യോതിലാൽ

പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ട് 

സി.പി.എമ്മും എല്‍.ഡി.എഫും മാത്രമല്ല, കോണ്‍ഗ്രസ്സും യു.ഡി.എഫും കൂടി ഗവര്‍ണര്‍ക്ക് എതിരാണ്. മുഖ്യമന്ത്രി ഒരിക്കലും രൂക്ഷമായും പ്രകോപനപരമായും ഗവര്‍ണറോടു പ്രതികരിച്ചിട്ടില്ല. പക്ഷേ, ഇടതു നേതാക്കള്‍ കടുത്ത വാക്കുകളില്‍ സംസാരിക്കുന്നു. പ്രതിപക്ഷ നേതാവ് അതിനേക്കാള്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നു; ഗവര്‍ണര്‍ പല പാര്‍ട്ടികള്‍ മാറിവന്ന ആളാണ് എന്നുപോലും ഓര്‍മ്മിപ്പിക്കുന്നു. അതേസമയംതന്നെ, ഗവര്‍ണറും സര്‍ക്കാരും പരസ്പരം അറിഞ്ഞും ധാരണയോടെയുമുള്ള 'കൃത്രിമ പോരിലാണ്' എന്ന വിമര്‍ശനവും പ്രതിപക്ഷത്തുനിന്ന് ഉയരുന്നുണ്ട്. ജി.എ.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയിട്ടാണെങ്കിലും ഗവര്‍ണറെക്കൊണ്ട് നയപ്രഖ്യാപന പ്രസംഗം അംഗീകരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചപ്പോള്‍ പ്രതിപക്ഷം ഗവര്‍ണര്‍ ഗോ ബാക്ക് വിളികളോടെ സഭ ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. 

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ, ഗവര്‍ണര്‍മാരെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം കേന്ദ്രത്തിനു ശുപാര്‍ശ നല്‍കിയത് ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു. കേന്ദ്ര-സംസ്ഥാന ബന്ധത്തെക്കുറിച്ചുള്ള ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളോടുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന നിയമ സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരികയും മന്ത്രിസഭ അത് അംഗീകരിക്കുകയുമായിരുന്നു. ഗവര്‍ണര്‍ക്ക് ഭരണഘടന അനുസരിച്ചുള്ള അധികാരങ്ങള്‍ മതി; സംസ്ഥാനം നിയമനിര്‍മ്മാണത്തിലൂടെ നല്‍കുന്ന പദവികള്‍ വേണ്ട എന്നതാണ് കേരളം നല്‍കിയ ശുപാര്‍ശകളുടെ ആകെത്തുക. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന താല്പര്യത്തിനു വിധേയമായിരിക്കുകയും ഗവര്‍ണറുടെ നടപടികളില്‍ മാത്രമല്ല, നിയമനത്തിലും സംസ്ഥാന സര്‍ക്കാരിനു നിയന്ത്രണം ഉണ്ടായിരിക്കുകയും വേണം - കേരളം വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ പെട്ടെന്നുണ്ടായതല്ല പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടും അതിനോടു സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശവും. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ശുപാര്‍ശ ചെയ്യുന്നതിന് രണ്ടാം യു.പി.എ സര്‍ക്കാര്‍ 2010-ലാണ് പൂഞ്ചി കമ്മിഷനെ വച്ചത്. കമ്മിഷന്റെ ശുപാര്‍ശകളില്‍ 116 എണ്ണത്തിലാണ് സംസ്ഥാനങ്ങളോടു അഭിപ്രായം തേടിയത്. മറ്റു ചില സംസ്ഥാനങ്ങള്‍ നേരത്തേതന്നെ കേരളത്തിന്റേതിനു സമാനമായ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, കേരളത്തില്‍ ഗവര്‍ണര്‍ നടത്തുന്ന രൂക്ഷ ഇടപെടലുകളുടെ സമയത്ത് കൃത്യമായി അതെടുത്തു പ്രയോഗിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു എന്നതാണ് പ്രധാനം. 

എംഎം മണി
എംഎം മണി

ഭരണഘടനാപരമായ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍, ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ ആകേണ്ടതില്ല എന്ന നിലപാട് നേരത്തേയുണ്ട്. യു.ഡി.എഫ് സര്‍ക്കാരും ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായി എന്ന് ഗവര്‍ണര്‍ ആരോപിച്ചത് ചെറിയ കോളിളക്കമൊന്നുമല്ല ഉണ്ടാക്കിയത്. അടുത്ത വിഷയമായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ചവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്നു എന്ന വിമര്‍ശനം ഉന്നയിച്ച് അദ്ദേഹം ഇപ്പോള്‍ സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുകയാണ്.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും വിശ്വസ്തരേയും നിയമിച്ച് പെന്‍ഷന്‍ നല്‍കുന്നു, ഇതില്‍ അധികാര ദുര്‍വിനിയോഗവും പൊതുപണത്തിന്റെ ദുരുപയോഗവുമുണ്ട് എന്നതരത്തിലാണ് വിമര്‍ശന മുന. വിഷയം ചര്‍ച്ചയാകുന്നതും അനുകൂലിച്ചും എതിര്‍ത്തും വാദമുഖങ്ങള്‍ ഉയരുന്നതും സ്വാഭാവികം. പക്ഷേ, പെട്ടെന്നൊരു ദിവസം ഒരു സര്‍ക്കാര്‍ തുടങ്ങിവച്ചതാണ് ഈ സമ്പ്രദായം എന്ന പ്രതീതിയുണ്ടായി. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ചവരെ പങ്കാളിത്ത പെന്‍ഷന്റെ ഗുണഭോക്താക്കളാക്കേണ്ടതില്ല എന്ന് ഒരു വര്‍ഷം മുന്‍പേതന്നെ സംസ്ഥാന ധനകാര്യ വകുപ്പ് തീരുമാനിച്ചതാണ്. എന്നുവച്ചാല്‍, ഇല്ലാത്ത ഒരു വിഷയത്തിലാണ് ഗവര്‍ണര്‍ കയറിപ്പിടിച്ചിരിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവണ്‍മെന്റ് ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ സ്റ്റാഫില്‍ 376 പേര്‍ രാഷ്ട്രീയ നിയമനം ലഭിച്ചവരാണ്. 2013 ഏപ്രില്‍ ഒന്നിനുശേഷം സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്കാണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷനു പകരം പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. എന്നാല്‍, മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും മന്ത്രിമാരുടേയും സ്റ്റാഫിലെ രാഷ്ട്രീയ നിയമനം ലഭിച്ചവര്‍ക്ക് ഇതു ബാധമാക്കിയില്ല. ഇവരില്‍ രണ്ടു വര്‍ഷവും ഒരു ദിവസവും സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് 2400 രൂപയായിരുന്നു അന്ന് പെന്‍ഷന്‍; പരമാവധി പെന്‍ഷന്‍ 60,000 രൂപയും. പിറ്റേ വര്‍ഷം ജൂലൈ ഒന്നിന് ഇവരുടെ കുറഞ്ഞ പെന്‍ഷന്‍ 3550 രൂപയും കൂടിയത് 83,400 രൂപയുമായി ഉയര്‍ത്തി. രാഷ്ട്രീയ നിയമനം ലഭിച്ച പേഴ്സണല്‍ സ്റ്റാഫില്‍ ഈ ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങുന്നവര്‍ ഇല്ല. പരമാവധി അഞ്ചു വര്‍ഷമാണ് പേഴ്സണല്‍ സ്റ്റാഫില്‍ തുടരാന്‍ കഴിയുക. ഇത്തവണ തുടര്‍ഭരണം ഉണ്ടായതുകൊണ്ട് മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ കുറച്ചുപേര്‍ക്ക് ആറാം വര്‍ഷവും തുടരാന്‍ സാധിക്കുന്നുണ്ടെന്നു മാത്രം. ഇവര്‍ അടുത്ത നാലു വര്‍ഷംകൂടി തുടര്‍ന്നാലും പെന്‍ഷന്‍ ഏറ്റവും ഉയര്‍ന്ന തുകയുടെ അടുത്തെത്തില്ല. എന്നാല്‍ പേഴ്സണല്‍ സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ചവര്‍ അനര്‍ഹമായി വന്‍തുക പെന്‍ഷന്‍ വാങ്ങുന്നു എന്ന പ്രചാരണം എല്ലാക്കാലത്തുമുണ്ട്. അതിനാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഇന്ധനം പകര്‍ന്നിരിക്കുന്നത്. 

കെ കരുണാകരൻ
കെ കരുണാകരൻ

എല്‍.ഡി.എഫും യു.ഡി.എഫും രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് ഈ വിഷയത്തില്‍ ഗവര്‍ണറെ സംയുക്തമായി എതിര്‍ക്കുന്നത് രണ്ടു കൂട്ടര്‍ക്കും ഒരേതരം രാഷ്ട്രീയ താല്പര്യങ്ങള്‍ ഉള്ളതുകൊണ്ടാണെന്നു വരുത്താന്‍ എളുപ്പമാണ്. നേരിട്ടു പറയേണ്ട; അല്ലാതെതന്നെ അങ്ങനെ ചിന്തിക്കുന്നവര്‍ സമൂഹമാധ്യമങ്ങളിലും പുറത്തും ധാരാളം. വേണ്ടപ്പെട്ടവര്‍ക്ക് സ്റ്റാഫില്‍ തൊഴിലും ആജീവനാന്ത പെന്‍ഷനും നല്‍കുന്നു എന്നു പറയാതെ പറയുന്ന പ്രചാരണം തുടരുകയും ചെയ്യുന്നു. 

കേരളപ്പിറവിക്കുശേഷം ഒന്നാം ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ നിലവിലുള്ള കാര്യമാണ് പേഴ്സണല്‍ സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം കിട്ടിയവരുടെ പെന്‍ഷന്‍ എന്ന ധാരണയും പരക്കെയുണ്ട്. കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് 1984 മുതലാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കിത്തുടങ്ങിയത്. ഒരു ഗവണ്‍മെന്റിന്റെ കാലാവധി അഞ്ച് വര്‍ഷമായിരിക്കെ, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് കേവലം രണ്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ആജീവനാന്ത പെന്‍ഷന് അര്‍ഹതയുണ്ട് എന്നത് തുടക്കം മുതലേയുണ്ട്. മാത്രമല്ല, രണ്ടു വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാകുന്നതോടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റുന്ന പ്രവണതയും ഉണ്ടായിരുന്നു, അന്നൊക്കെ. ഇതൊക്കെ ഇപ്പോഴത്തെ സര്‍ക്കാരിന്റേയും അവരുടെ ഇടതുപക്ഷ മുന്‍ഗാമികളുടേയും രീതികളാണ് എന്ന തരത്തിലുള്ള സമൂഹമാധ്യമ പ്രചാരണങ്ങള്‍ക്ക് വളം വച്ചു കൊടുക്കുന്നതായി, ഗവര്‍ണറുടെ എതിര്‍പ്പ്.

​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഫെബ്രുവരി 18-നു സമയത്ത് സഭയിലെത്തി നയപ്രഖ്യാപനം നടത്തിയ ഗവര്‍ണര്‍ 'എന്റെ സര്‍ക്കാര്‍' എന്ന വിശേഷണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും വാഗ്ദാനങ്ങളും വിശദീകരിച്ചെങ്കിലും ഭരണപക്ഷത്തിനുപോലും ആവേശമുണ്ടായിരുന്നില്ല. പുറത്ത്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഗവര്‍ണറേയും സര്‍ക്കാരിനേയും ഒരുപോലെ വിമര്‍ശിക്കുകയും ചെയ്തു. ''മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്; ഗവര്‍ണര്‍ക്കു വഴങ്ങി സര്‍ക്കാര്‍ ജി.എ.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റാന്‍ പാടില്ലായിരുന്നു'' -കാനം പറഞ്ഞു.

പ്രധാനമന്ത്രി പറഞ്ഞതും ഗവര്‍ണര്‍ ചെയ്യുന്നതും 

2019 നവംബര്‍ ഒടുവില്‍ രാഷ്ട്രപതി ഭവനില്‍ ചേര്‍ന്ന ഗവര്‍ണര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം ശരിയായി മനസ്സിലാക്കാത്തവര്‍ക്കാണ് ഗവര്‍ണര്‍മാര്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണഘടനാപരമായ ഇടപെടലുകളും മനസ്സിലാകാതെ പോകുന്നത്. രാജ്യത്തെ മുഴുവന്‍ ഗവര്‍ണര്‍മാരും പങ്കെടുത്ത സമ്മേളനമായിരുന്നു അത്. ആദ്യമായി ഗവര്‍ണര്‍മാരുടെ സമ്മേളനം വിളിക്കുന്ന പ്രധാനമന്ത്രിയല്ല മോദി. ഇത് സ്വതന്ത്ര ഇന്ത്യയിലെ ഗവര്‍ണര്‍മാരുടെ അന്‍പതാം സമ്മേളനമായിരുന്നു. ആദ്യ സമ്മേളനം വിളിച്ചത് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു. പക്ഷേ, രാഷ്ട്രീയ ഉള്ളടക്കംകൊണ്ട് ശ്രദ്ധേയമായിരുന്നു മോദിയുടെ ഉദ്ഘാടന പ്രസംഗം. ആദ്യമായി ഗവര്‍ണര്‍ പദിവിയില്‍ എത്തിയ 17 പേരും പുതുതായി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഉള്‍പ്പെടെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുത്തു. സഹകരണാത്മക ഫെഡറല്‍ സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഗവര്‍ണര്‍ക്ക് സവിശേഷ പങ്കാണ് ഉള്ളത് എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെ, ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളില്‍ ഇടപെടേണ്ടവരാണ് എന്ന വ്യക്തമായ സൂചന കൂടി നല്‍കി എന്നതാണ് ശ്രദ്ധേയം. 

ആർ ബിന്ദു
ആർ ബിന്ദു

''സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം 2022-ലും നൂറാം വാര്‍ഷികം 2047-ലും ആഘോഷിക്കുമ്പോള്‍, ജനങ്ങളുമായി ഗവര്‍ണര്‍മാര്‍ കൂടുതല്‍ അടുക്കുകയും ഭരണയന്ത്രത്തില്‍ ഗവര്‍ണറുടെ പങ്കാളിത്തം കൂടുതല്‍ പ്രധാനപ്പെട്ടതായി മാറുന്നവിധം ശരിയായ പാത ജനങ്ങളെ കാണിക്കുകയും ചെയ്യും. ഭരണഘടനയുടെ 70-ാം വാര്‍ഷികം നാം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ സേവനപരമായ വശം, പ്രത്യേകിച്ചും പൗരന്മാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ഉയര്‍ത്തിക്കാണിക്കുന്നതിന് ഗവര്‍ണര്‍മാരും പ്രവര്‍ത്തിക്കണം. ഇതു ശരിയായ വിധത്തില്‍ പങ്കാളിത്ത ജനാധിപത്യം കൊണ്ടുവരുന്നതിന് സഹായകമാകും'' -പ്രധാനമന്ത്രി പറഞ്ഞു. ''സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍മാര്‍ എന്ന നിലയിലെ പങ്ക് ഉപയോഗപ്പെടുത്തി യുവജനങ്ങളില്‍ രാഷ്ട്രനിര്‍മ്മാണത്തിന്റെ മൂല്യങ്ങള്‍ പ്രസരിപ്പിക്കാനും മഹത്തായ നേട്ടങ്ങള്‍ക്കുവേണ്ടി അവരെ പ്രചോദിപ്പിക്കാനും ഗവര്‍ണര്‍മാര്‍ സഹായിക്കണം.''

തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യം ഗവര്‍ണര്‍മാരോടും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരോടും ഉന്നയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പട്ടികവര്‍ഗ്ഗക്കാര്‍, ന്യൂനപക്ഷ സമുദായങ്ങള്‍, സ്ത്രീകള്‍, യുവജനങ്ങള്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക, 2025-ല്‍ ഇന്ത്യ ക്ഷയരോഗ മുക്തമാകാന്‍ പോകുന്നതിനെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുന്നതുപോലുള്ള കൃത്യമായ ലക്ഷ്യങ്ങള്‍ക്കു ഗവര്‍ണര്‍ ഓഫീസ് ഉപയോഗപ്പെടുത്തുക തുടങ്ങിയ ആഹ്വാനങ്ങളും അദ്ദേഹം നടത്തി.

ഇഎംഎസ്
ഇഎംഎസ്

ഈ ആഹ്വാനങ്ങളെല്ലാം ശിരസ്സാവഹിക്കുന്ന സമീപനം ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളില്‍ പ്രകടം. ബി.ജെ.പിക്കും അനുബന്ധ സംഘടനകള്‍ക്കും പൂര്‍ണ്ണമായി യോജിക്കാവുന്ന വിധമാണ് ഓരോ വിഷയത്തിലും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ മുത്തലാഖ് നിരോധന നിയമം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ മുതല്‍ എന്തുകൊണ്ട് മുത്തലാഖ് നിരോധിക്കപ്പെടണം എന്നും അത് മുസ്ലിം സ്ത്രീകളുടെ ജീവിതത്തില്‍ എത്രത്തോളം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും വിശദീകരിക്കുന്നതായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകള്‍. അദ്ദേഹത്തിന്റെ എഴുത്തും പ്രസംഗങ്ങളും കേന്ദ്ര സര്‍ക്കാരിന് ആ വിഷയത്തില്‍ രാഷ്ട്രീയമായും ധാര്‍മ്മികമായും കരുത്തായി മാറുകയും ചെയ്തു. 

ഹിജാബുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തിലും ആരിഫ് മുഹമ്മദ് ഖാന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഹിജാബ് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന വാദം ശരിയല്ലെന്നും ഖുര്‍ആനില്‍ അങ്ങനെ പറയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മാത്രമല്ല, പ്രവാചകന്റെ കാലത്തുതന്നെ ഹിജാബ് എതിര്‍ക്കപ്പെട്ടിരുന്നു എന്നും വാദിക്കുന്നു. മുസ്ലിം സ്ത്രീകളെ മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തുന്നതാണ് ഹിജാബ് എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. അത് അദ്ദേഹം പല തലങ്ങളില്‍ പരസ്യമായി പറയുകയും ചെയ്യുന്നു. 

​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു എഴുതിയ ശുപാര്‍ശക്കത്തിനെക്കുറിച്ച് ഗവര്‍ണര്‍ക്കു പുറത്തു പറയേണ്ടിവരികയായിരുന്നു എന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബി.ജെ.പിയുടെ വാദം. ''സര്‍വ്വകലാശാലകളിലെ ഉന്നത തസ്തികകളില്‍ സി.പി.എമ്മിനു താല്പര്യമുള്ളവരെ മാത്രം നിയമിക്കുന്നതിനെതിരെ ഗവര്‍ണര്‍ ഉയര്‍ത്തിയത് അതിശക്തമായ പ്രതിരോധമാണ്. സര്‍വ്വകാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അത് അദ്ദേഹത്തിന്റെ ചുമതലയും ബാധ്യതയുമായിരുന്നു. എന്നാല്‍, കുറച്ചൊന്നുമല്ല അതിന്റെ പേരില്‍ കേരളത്തിലെ ഭരണ രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തെ കടന്നാക്രമിച്ചത്. മറ്റൊരിടത്തുമില്ലാത്തവിധം സൈബര്‍ ഇടങ്ങളിലും സി.പി.എം അനുകൂലികള്‍ ഗവര്‍ണറെ അധിക്ഷേപിച്ചു'' -ബി.ജെ.പിയുടെ വിമര്‍ശനം.

കാര്യങ്ങള്‍ ഇവിടെയൊന്നും അവസാനിക്കില്ല എന്നതിന് ഏറ്റവും ശക്തമായ തെളിവ് ഗവര്‍ണറുടെ ശക്തമായ ബി.ജെ.പി ചായ്വും ബി.ജെ.പി അദ്ദേഹത്തിനു നല്‍കുന്ന പിന്തുണയും സംസ്ഥാന ഭരണനേതൃത്വത്തിന്റെ വിട്ടുവീഴ്ച ഇല്ലാത്ത സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയവുമാണ്. രണ്ടും മായ്ചുകളയാനോ മാറ്റിവയ്ക്കാനോ കഴിയുന്ന കാര്യങ്ങളുമല്ല. കേരളം വലിയ പോരിന്റെ പൂരങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com