നാടിന്നകം നാടകമാകുമ്പോള്‍

കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ഏതാനും മണിക്കൂറുകള്‍ ഒരൊറ്റ ഇടത്തേയ്ക്ക് കേന്ദ്രീകരിച്ചു. നാടകത്തിലോ സിനിമയിലോ ഒക്കെ കാണുന്ന മട്ടിലുള്ള പിരിമുറുക്കവും നാടകീയതയുമുള്ള ഒരു സമരം
നാടിന്നകം നാടകമാകുമ്പോള്‍

നാടകം അരങ്ങേറിയിട്ട് 25 വര്‍ഷം പിന്നിട്ടു. തീവ്ര ഇടതുപക്ഷ രാഷ്ട്രീയം മുറുകെപിടിക്കുന്ന ഒരു സംഘടനയുടെ നാലു പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ഭരണകൂടത്തേയും ഉദ്യോഗസ്ഥവൃന്ദത്തേയും കളിത്തോക്കും നൂലുണ്ടയും ഉപയോഗിച്ച് ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ഏതാനും മണിക്കൂറുകള്‍ ഒരൊറ്റ ഇടത്തേയ്ക്ക് കേന്ദ്രീകരിച്ചു. നാടകത്തിലോ സിനിമയിലോ ഒക്കെ കാണുന്ന മട്ടിലുള്ള പിരിമുറുക്കവും നാടകീയതയുമുള്ള ഒരു സമരം. അതാണ് അന്ന് പാലക്കാട്ട് ജില്ലാ കളക്ട്രേറ്റില്‍ അരങ്ങേറിയത്. 

അതോടെ മറ്റൊരു പ്രധാന സംഗതിയും നടന്നു. കേരളത്തിലെ അടിസ്ഥാന ജനതയുടെ, ആദിവാസി സമൂഹത്തിന്റെ ജീവത്തായ ഒരു പ്രശ്‌നത്തിലേക്ക് ജനശ്രദ്ധ തിരിഞ്ഞു. അതുവരെ, ഡോ. നല്ലതമ്പിതേരയെപ്പോലുള്ള ഏതാനും ചില പൗരാവകാശ, മനുഷ്യാവകാശ പ്രവര്‍ത്തകരിലും കോടതിമുറികളിലും ഒതുങ്ങിനിന്ന ഒരു പ്രശ്‌നം പൊതുസമൂഹത്തിന്റെ സജീവമായ ചര്‍ച്ചയ്ക്ക് വിഷയീഭവിക്കാനാരംഭിച്ചു. കമ്യൂണിസ്റ്റ് പദാവലികളില്‍ പ്രചാരം സിദ്ധിച്ചതും ജോര്‍ജ് പ്ലഖനോവ് അടക്കമുള്ള സൈദ്ധാന്തികര്‍ വിശദീകരിച്ചതുമായ അജിറ്റ്‌പ്രോപ് (Agitprop) ഗണത്തില്‍പെടുത്താവുന്ന ഒരു രാഷ്ട്രീയപരിപാടിയാണ് അന്ന് പാലക്കാട് കളക്ട്രേറ്റില്‍ നടന്നത്. 

നാടകീയതകൊണ്ട് ശ്രദ്ധേയമായ സമരം 

നാടിന്നകമാണ് നാടകം എന്നു പറയാറുണ്ട്. നാടകം എന്നതിന് ഒരു രൂപമുണ്ട്. നാടകീയത എന്ന മൂല്യം ഉള്ളതുകൊണ്ട് മാത്രം നാടകമാകില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നാടകങ്ങള്‍ ഉള്‍പ്പെടെയുള്ള കലാരൂപങ്ങളിലൂടെ അതിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന പതിവ് കാലങ്ങളായി നടത്തിപ്പോരുന്നതാണ്. ഒരുകാലത്ത് കെ.പി.എ.സിപോലുള്ള നാടകസംഘങ്ങള്‍ നിറവേറ്റിപ്പോന്ന ദൗത്യവും അതാണ്. അപ്പോള്‍ നാട്ടില്‍ നടക്കുന്ന സമരവും സമന്വയവുമൊക്കെത്തന്നെയാണ് അവയിലുള്ളത്. എന്നാല്‍, രാഷ്ട്രീയമായ ഉള്ളടക്കമുള്ളതും നാടകീയത മുറ്റിയതുമായ ഒരു ആവിഷ്‌കാരം സമരമായി വരുന്ന സന്ദര്‍ഭങ്ങള്‍ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ വളരെയേറെയില്ല. 

വിരലിലെണ്ണാവുന്നവര്‍ മാത്രം പങ്കെടുത്തതും പരാജയപ്പെടുമെന്ന് ഉറപ്പുള്ളതുമായ ഒരു സമരമായിരുന്നു പാലക്കാട് അന്നു നടന്നത്. അനുവാചകരെ ആകര്‍ഷിക്കുന്ന ഒരു കഥപോലെ അനുഭവപ്പെടുന്ന, കണ്ടിരിക്കാന്‍ രസമുള്ള ഒരു ഏര്‍പ്പാട് എന്നുവേണമെങ്കില്‍ അതിനെ വിമര്‍ശിക്കാവുന്നതുമാണ്. എല്ലാ മാവോയിസ്റ്റ് സമരങ്ങളേയും പോലെ ഭരണകൂടത്തിനു എളുപ്പം പരാജയപ്പെടുത്താവുന്ന ഒരു സമരം. അന്നു ദൂരദര്‍ശനു പുറമേയുള്ള ഒരു ദൃശ്യമാധ്യമം എന്ന നിലയില്‍ ഏഷ്യാനെറ്റുകാരുടെ ക്യാമറ തങ്ങള്‍ക്കു മുന്നിലുണ്ടാകണം എന്നു സമരക്കാര്‍ നിര്‍ബ്ബന്ധം പിടിച്ചിരുന്നു. ഇന്ന് യുട്യൂബിലും സാമൂഹ്യമാധ്യമങ്ങളിലും ഇടയ്‌ക്കൊക്കെ പ്രത്യക്ഷപ്പെടുന്ന പൊളിറ്റിക്കല്‍ ആക്ഷനുകളുടേത് എന്നു പറയാവുന്ന തരത്തില്‍പ്പെട്ടവയില്‍ ആദ്യത്തേതുതന്നെയായിരിക്കണം അന്ന് ആ സ്വകാര്യചാനല്‍ സംപ്രേഷണം ചെയ്ത ഈ സമരത്തിന്റെ ദൃശ്യങ്ങള്‍.

പാലക്കാട് കളക്ടർ ബന്ദി നാടകത്തിന്റെ വാർത്ത അന്നത്തെ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ
പാലക്കാട് കളക്ടർ ബന്ദി നാടകത്തിന്റെ വാർത്ത അന്നത്തെ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ

മാവോയിസ്റ്റുകള്‍ എന്ന് അവകാശപ്പെട്ടിരുന്ന സി.പി.ഐ എം.എല്‍ നക്‌സല്‍ബാരി എന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ (പിന്നീട് ഈ വിഭാഗം സി.പി.ഐ മാവോയിസ്റ്റിന്റെ ഭാഗമായി) മുന്നണി സംഘടനയായ അയ്യന്‍കാളിപ്പടയുടെ പ്രവര്‍ത്തകരാണ് അന്ന് ആദിവാസി ഭൂമി സംബന്ധിച്ച ബില്‍ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാകളക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്ഢിയെ ബന്ദിയാക്കിയത്. ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ നിന്നു പിന്മാറുക, കേന്ദ്രത്തിന്റേയും കേരളത്തിന്റേയും ആദിവാസി ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നു എന്നറിയിക്കുക എന്നതായിരുന്നു ബന്ദിയാക്കിയവരുടെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍, ആദിവാസിജനതയുടെ ഭൂമിക്കുമേലുള്ള അവകാശം സംബന്ധിച്ച് അവരുയര്‍ത്തിയ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും ആ സമരംകൊണ്ട് ഒരു ഗുണം ഉണ്ടായി. ആദിവാസി ജനതയ്ക്ക് ഭൂമിയടക്കമുള്ള വിഭവങ്ങളിന്മേലുള്ള അവകാശം നിഷേധിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം പൊതുസമൂഹത്തെ ഒരു പരിധിവരെ ബോദ്ധ്യപ്പെടുത്താന്‍ ആ സമരംകൊണ്ടു സാദ്ധ്യമായി. 

കോട്ടയം കപിക്കാട് സ്വദേശി ബാബു, മൂവാറ്റുപുഴ സ്വദേശി അജയന്‍ മണ്ണൂര്, പാലക്കാട് സ്വദേശി വിളയോടി ശിവന്‍കുട്ടി, കാഞ്ഞങ്ങാട് സ്വദേശി രമേശന്‍ എന്നീ നാലുപേരാണ് ആദിവാസി ഭൂനിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കാന്‍ തീരുമാനിച്ചത്. സമരക്കാര്‍ വിശ്വസിക്കുംമട്ടില്‍ 'എല്ലാ പിന്തിരിപ്പന്മാരും വെറും കടലാസ് പുലികളാണെ'ന്ന മാവോ സൂക്തം ശരിയാണെന്നു തെളിയിക്കാന്‍ അവര്‍ സഹായത്തിനെടുത്തത് നൂലുണ്ട, ഫ്യൂസ് വയര്‍, ഏറുപടക്കം, കളിത്തോക്ക്, സ്വിച്ച് ബോര്‍ഡ്, പിവിസി പൈപ്പ്, വെള്ളം, ബിസ്‌കറ്റ്, വൈറ്റമിന്‍ ഗുളിക, ഗ്ലൂക്കോസ് പൊടി എന്നിവയൊക്കെയായിരുന്നു. 

1996 ഒക്ടോബര്‍ നാലിന് രാവിലെ പത്തരയോടെ മേല്‍പ്പറഞ്ഞ നാലുപേരടങ്ങുന്ന സംഘം കളക്ട്രേറ്റിലെത്തി. അവിടെത്തന്നെയിരുന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന രീതിയില്‍ ഒരു നിവേദനം എഴുതിത്തയ്യാറാക്കി. ഈ നിവേദനം കൊടുക്കാനെന്ന വ്യാജേന കളക്ടറെ നേരിട്ടു കാണുക എന്നതായിരുന്നു ഉദ്ദേശ്യം. നിവേദനം പിന്നീട് കളക്ടറുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഏല്പിച്ചു. അങ്ങനെ പതിനൊന്നു മണിയോടെ നാലുപേര്‍ക്കും കളക്ടറുടെ ചേംബറിലെത്താന്‍ അവസരം കിട്ടി. കളക്ടറുടെ മുറിയിലെത്തിയപ്പോള്‍ കളക്ടര്‍ ഔദ്യോഗിക ചര്‍ച്ചയിലായിരുന്നു. തന്നെ കാണാന്‍ നാലുപേര്‍ വന്നിട്ടുണ്ടെന്നറിഞ്ഞ കളക്ടര്‍ ഉടന്‍ തന്നെ ചര്‍ച്ച തല്‍ക്കാലം അവസാനിപ്പിക്കുകയും ചേംബറിലേക്ക് നാലുപേരേയും ക്ഷണിക്കുകയും ചെയ്തു. നാലുപേരും അകത്തു കടന്നയുടനെ കളക്ടറെ കസേരയില്‍ ബലമായി പിടിച്ചിരുത്തി. രണ്ടുപേര്‍ അദ്ദേഹത്തെ കയറുപയോഗിച്ച് കസേരയോടു ബന്ധിച്ചു. ഈ സന്ദര്‍ഭത്തില്‍ ശബ്ദം കേട്ട് ഓടിയെത്തിയ ഡഫേദാറിനെ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. അവിടെനിന്നും പുറത്തെത്തിയ ഡഫേദാറാണ് സംഭവം പുറംലോകത്തെ അറിയിക്കുന്നത്. തുടര്‍ന്ന് ഒരു സംഘം സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. ഏറുപടക്കമെറിഞ്ഞ് ഭീഷണിപ്പെടുത്തിയാണ് നാല്‍വര്‍ സംഘം അപ്പോള്‍ അവരെ അകറ്റിയത്. അതിനിടയില്‍ പൊലിസെത്തി കളക്ടറേറ്റിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ചു. ഗേറ്റും പൂട്ടി. അങ്ങനെ പത്ത് മണിക്കൂറോളം നീണ്ട, അത്യന്തം നാടകീയത മുറ്റിയ ഒരു സമരത്തിനു തുടക്കമാകുകയായിരുന്നു. എന്നാല്‍, സമരത്തിനു പിറകില്‍ ആരെന്ന കാര്യത്തില്‍ ആര്‍ക്കും തീര്‍ച്ചയില്ലായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ ആന്ധ്രാപ്രദേശിലെ പീപ്പിള്‍സ് വാര്‍ എന്ന സായുധ കമ്യൂണിസ്റ്റ് സംഘമാണ് കളക്ടറെ ബന്ദിയാക്കിയത് എന്നുപോലും വ്യാഖ്യാനിക്കപ്പെട്ടു. 

ഡബ്ല്യു ആർ റെഡ്ഡി
ഡബ്ല്യു ആർ റെഡ്ഡി

കളക്ടറെ ബന്ദിയാക്കിയ ശേഷം അദ്ദേഹത്തിനു നേരെ തോക്കു ചൂണ്ടി സംഘാംഗങ്ങള്‍ ചീഫ് സെക്രട്ടറി സി.പി. നായരുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. കളക്ടറെ ബന്ദിയാക്കിയ വിവരം പ്രക്ഷോഭകര്‍ അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയും പൊലിസ് സേനാ മേധാവിയും സമരക്കാരുമായി നിരന്തരം ബന്ധപ്പെട്ടു. സമരക്കാരാകട്ടേ, ആദിവാസി ഭൂനിയമഭേദഗതി നിയമം പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു. 

ഇതിനിടയില്‍ പ്രശ്‌നപരിഹാരത്തിന് മദ്ധ്യസ്ഥശ്രമങ്ങളാകാം എന്ന കാഴ്ചപ്പാട് സമരക്കാരും ഭരണതലങ്ങളിലുള്ളവരും അംഗീകരിച്ചു. സമരക്കാരുയര്‍ത്തിയ മുദ്രാവാക്യങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനമുണ്ടാകുമെന്ന് സമരക്കാര്‍ കരുതിയ വി.ആര്‍. കൃഷ്ണയ്യര്‍, മുകുന്ദന്‍ സി. മേനോന്‍, അഡ്വ. വീരചന്ദ്രമേനോന്‍ എന്നിവരിലാരെങ്കിലുമൊക്കെ മദ്ധ്യസ്ഥരാകണമെന്ന് സമരക്കാര്‍ താല്പര്യം പ്രകടിപ്പിച്ചു. കൃഷ്ണയ്യരും മുകുന്ദന്‍ സി. മേനോനും സ്ഥലത്തില്ലായിരുന്നു. അഡ്വ. വീരചന്ദ്രമേനോനാകട്ടേ, ഗുരുവായൂരിലും. അദ്ദേഹം ഒരു മണിക്കൂറു കഴിഞ്ഞപ്പോള്‍ പാലക്കാട്ടെത്തി മദ്ധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിച്ചു. ചര്‍ച്ചയില്‍ ജില്ലാ ജഡ്ജി രാജപ്പന്‍ ആചാരിയേയും പങ്കെടുപ്പിക്കണമെന്ന് നാല്‍വര്‍സംഘം ശഠിച്ചു. അതുപ്രകാരം അദ്ദേഹവും ചര്‍ച്ചകളില്‍ പങ്കാളിയായി. കളക്ടറെ മോചിപ്പിക്കണമെന്ന ചര്‍ച്ച തുടങ്ങുംമുന്‍പേ ആകാശവാണിയിലൂടെ തങ്ങളുടെ ആവശ്യം ജനത്തെ അറിയിക്കണമെന്നതായിരുന്നു സമരക്കാരുടെ മറ്റൊരാവശ്യം. അതുപ്രകാരം ആകാശവാണി വാര്‍ത്തകള്‍ക്കുശേഷമാണ് ബന്ദിമോചന ശ്രമത്തിനു തുടക്കമാകുന്നത്. എന്നാല്‍. ആദിവാസി ഭൂനിയമഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിന് അനുകൂലമായ പ്രതികരണം ഭരണകൂടത്തില്‍ നിന്നുണ്ടായില്ല. പകരം ഈ നിയമഭേദഗതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് കളക്ടര്‍ എഴുതി നല്‍കി. സമരക്കാര്‍ക്കെതിരെ പൊലിസ് നടപടിയുണ്ടാകില്ലെന്ന് ജില്ലാ ജഡ്ജിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കപ്പെടുകയും ചെയ്തു.

നാലേ നാലുപേര്‍ മതി കളക്ടറെ ബന്ദിയാക്കാനെന്ന് അയ്യന്‍കാളിപ്പട തീരുമാനിച്ചിരുന്നെങ്കിലും സമരത്തിനിടയില്‍ പുറംലോകവുമായുള്ള ബന്ധം സൂക്ഷിക്കാനും സമരത്തിനു പൊതുസമൂഹത്തിന്റെ പിന്തുണ ഉറപ്പുവരുത്താനും ഉള്ള ശ്രമങ്ങള്‍ നടത്താന്‍ സമരക്കാര്‍ ശ്രദ്ധിച്ചു. അതേസമയം ഏറെ ജാഗ്രതയോടുകൂടിയായിരുന്നു ഇതിനുള്ള നീക്കങ്ങള്‍ നടന്നതും. തങ്ങളുടെ ആവശ്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് പത്രസമ്മേളനം നടത്താന്‍ അവര്‍ തീരുമാനിച്ചു. കൃത്യസമയത്തുതന്നെ പത്രക്കാര്‍ എത്തുകയുമുണ്ടായി. എന്നാല്‍, പത്രക്കാരെന്ന വ്യാജേന ക്യാമറയും മറ്റുമായി അവിടെയെത്തിയത് പൊലീസുകാരായിരുന്നു എന്നു തിരിച്ചറിഞ്ഞതോടെ പത്രസമ്മേളനം നടത്താനുള്ള നീക്കം അവര്‍ ഉപേക്ഷിക്കുകയായിരുന്നു. 

ബന്ദിയാക്കപ്പെട്ട സമയമത്രയും ജില്ലാ കളക്ടര്‍ അക്ഷോഭ്യനായിരുന്നുവെന്നു സമരക്കാര്‍ ഓര്‍ക്കുന്നു. നാല്‍വര്‍ സംഘം വാഗ്ദാനം ചെയ്ത ബിസ്‌കറ്റും വെള്ളവും അദ്ദേഹം സ്വീകരിച്ചില്ല. പകരം ഓഫീസിലെ കൂജയില്‍ സൂക്ഷിച്ചിരുന്ന വെള്ളം മാത്രം കുടിച്ചു. എന്നാല്‍, ഭര്‍ത്താവ് ബന്ദിയാക്കപ്പെട്ട വിവരം ഫോണിലൂടെ അറിഞ്ഞ സന്ദര്‍ഭത്തില്‍ ജില്ലാ കളക്ടറുടെ ഭാര്യ അലമുറയിട്ടു. 

സിപി നായർ
സിപി നായർ

സമരം തീര്‍ന്നതിനുശേഷം വീരചന്ദ്രമേനോന്റെ വാഹനത്തിലാണ് സമരക്കാര്‍ കളക്ട്രേറ്റിനു പുറത്തേക്കു കടന്നത്. അതുവരെ പൊലീസ് അകമ്പടി സേവിക്കുകയും ചെയ്തു. എന്നാല്‍, കേസെടുക്കില്ല എന്ന വാക്ക് പാലിക്കപ്പെട്ടില്ല. അഞ്ചുപേരെ പ്രതിയാക്കി പൊലീസ് കേസുണ്ടായി. രണ്ടാം പ്രതിയായിരുന്നു കല്ലറ ബാബു. 

സമരം അവസാനിച്ചതിനുശേഷമാണ് അതൊരു നാടകമായിരുന്നുവെന്ന് അതില്‍ മുഖ്യപങ്കാളിയായ ജില്ലാ കളക്ടര്‍ക്കും അധികൃതര്‍ക്കും പൊതുസമൂഹത്തിനും ബോധ്യമാകുന്നത്. മദ്ധ്യസ്ഥ ചര്‍ച്ച അവസാനിച്ച നിമിഷമാണ് അതുവരെ കളക്ടറെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന, എപ്പോള്‍ വേണമെങ്കിലും കാഞ്ചിവലിക്കപ്പെടാമെന്ന് തോന്നലുളവാക്കിയ തോക്ക് കളിത്തോക്കെന്നും ചേര്‍ത്തുകെട്ടിയ ബോംബ് നൂലുണ്ടയാണെന്നും ഉള്ള വസ്തുത സമരക്കാര്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും മുന്‍പില്‍ പൊട്ടിച്ചിരിയോടെയാണ് വെളിപ്പെടുത്തുന്നത്. 

അന്ന് ഭരണതലത്തില്‍ ഈ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കി. പൊലീസിനേയും ഭരിക്കുന്നവരേയും സമരക്കാര്‍ നാണക്കേടിലാക്കി എന്ന ആരോപണം വ്യാപകമായി ഉയര്‍ന്നു. ഒരുപക്ഷേ, ആദിവാസിഭൂമി പ്രശ്‌നത്തോടു ഭരിക്കുന്നവരും പ്രതിപക്ഷവും കൈക്കൊണ്ട സമീപനത്തിലെ നൈതികത സംബന്ധിച്ച ചര്‍ച്ചയെ മറികടക്കാന്‍ ഏതെങ്കിലും തല്പരകക്ഷികള്‍ ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവന്നതായിരിക്കാം ഈ ആരോപണങ്ങള്‍. കേസുണ്ടായിട്ടും പൊലീസ് പിടിയിലാകാതെ കഴിഞ്ഞുപോന്ന പാലക്കാട് ബന്ദിനാടകത്തിലെ സംഘാംഗങ്ങളെ സെക്രട്ടറിയേറ്റില്‍നിന്നും അകലെയല്ലാത്ത തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ മുകുന്ദന്‍ സി. മേനോന്‍ ഹാജരാക്കുമെന്നും പത്രസമ്മേളനത്തിനുശേഷം അവര്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ഇടനല്‍കാതെ രക്ഷപ്പെടുമെന്നും ഉള്ള ഒരു വിവരം ഉണ്ടാക്കിയ ആശയക്കുഴപ്പവും അങ്ങനെയൊന്നു സംഭവിക്കാതെ മുകുന്ദന്‍ സി. മേനോന്‍ പത്രസമ്മേളനം നടത്തിയതും പൊലീസ് ഉദ്യോഗസ്ഥര്‍ വീണ്ടും ഇളിഭ്യരായി എന്ന ആക്ഷേപം ഉയര്‍ന്നതും സമകാലിക മലയാളം പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന 'മനസ്സില്‍ ശേഷിച്ചത്' എന്ന തന്റെ സര്‍വ്വീസ് സ്റ്റോറിയില്‍ റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എ. ഹേമചന്ദ്രന്‍ വിവരിക്കുന്നുണ്ട്. 

മുകുന്ദൻ സി മേനോൻ
മുകുന്ദൻ സി മേനോൻ

ബധിരകര്‍ണങ്ങളില്‍ ആദിവാസിയുടെ ശബ്ദം 

1929 ഏപ്രില്‍ എട്ടിന് ഭഗത് സിംഗ്, ബട്‌കേശ്വര്‍ ദത്ത് എന്നിവര്‍ സെന്‍ട്രല്‍ ലജിസ്ലേറ്റീവ് അസംബ്ലിയില്‍ ചെന്ന് ബോംബെറിയുകയും ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന സംഘടന ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെ നടത്തിയ സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇങ്ങനെ ചെയ്തത്. ഒറ്റപ്പെട്ട ഭീകരവാദം കൊണ്ട് സാമൂഹികമായ ആവശ്യങ്ങള്‍ നേടിയെടുക്കാമെന്ന മൗഢ്യമൊന്നും തങ്ങള്‍ക്കില്ലായെന്നും ഇന്ത്യക്കാരുടെ ശബ്ദം അധികാരികളെ കേള്‍പ്പിക്കാന്‍ ബോംബ് സ്‌ഫോടനം തന്നെ വേണ്ടിവരുമെന്ന കാഴ്ചപ്പാടായിരുന്നു സംഭവത്തിനു പിറകിലെന്നും ഭഗത് സിംഗ് തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ മോചനത്തിനു ജനത്തിനെ തന്നെ സജ്ജമാക്കുകയായിരുന്നു അതുവഴി ഭഗത് സിംഗും മറ്റും ചെയ്തതെങ്കില്‍ 'ആദിവാസികള്‍ക്കുവേണ്ടി' എന്ന നിലയിലുള്ള പ്രവര്‍ത്തനമായിരുന്നു പാലക്കാട് ബന്ദിനാടകം എന്ന വ്യത്യാസമൊഴിച്ചാല്‍ ഒരു ജനതയുടെ ശബ്ദം ഭരണകൂടത്തിന്റെ ചെവിയിലെത്തിക്കാനായിരുന്നു ഇവിടെയും ശ്രമം.  

കയ്യേറ്റത്തിനു വിധേയമായ ആദിവാസി ഭൂമി തിരികെ കിട്ടാനുള്ള ആദിവാസിയുടെ അവകാശത്തെ തകിടംമറിക്കുന്ന ആദിവാസി ഭൂനിയമഭേദഗതിയാണ് അയ്യന്‍കാളിപ്പടയുടെ പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. ആദിവാസിയുടെ കയ്യേറ്റത്തിനു വിധേയമായ ഭൂമിക്കു പകരം മറ്റൊരിടത്ത് ഭൂമി നല്‍കിയാല്‍ മതി എന്ന ഭേദഗതിയാണ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നു പാസ്സാക്കിയത്. ജെ.എസ്.എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ മാത്രമായിരുന്നു അതിനെ എതിര്‍ത്തത്. കേരളത്തിലുടനീളം മിക്കവാറും എല്ലാ ജില്ലകളിലും ഭൂമി എന്ന ആവശ്യവുമായി ആദിവാസികള്‍ അധികാരകേന്ദ്രങ്ങളെ സമീപിക്കുന്നു എന്ന വസ്തുത രാഷ്ട്രീയക്കാര്‍ക്കൊക്കെ നന്നായി അറിയാമായിരുന്നു. കേരളത്തില്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമിക്കുവേണ്ടിയുള്ള അപേക്ഷകള്‍ ലഭിക്കുന്നത് പാലക്കാട് ജില്ലാ കളക്ട്രേറ്റിലായിരുന്നുവെന്നും അയ്യന്‍കാളിപ്പടയുടെ പ്രവര്‍ത്തകര്‍ മനസ്സിലാക്കി. കളക്ടര്‍ ഡബ്ല്യു. ആര്‍. റെഡ്ഡിയാകട്ടെ, കിട്ടുന്ന എല്ലാ അപേക്ഷയും അനുഭാവപൂര്‍ണ്ണം പരിഗണിച്ച് ഒപ്പിട്ടു നല്‍കുകയും ചെയ്തുപോന്നു. എന്നാല്‍, അതിന്‍മേല്‍ ഒരു തുടര്‍നടപടിയും ഉണ്ടാകാറില്ലെന്നു മാത്രം. ഇതാണ് പാലക്കാട് ജില്ലാ കളക്ട്രേറ്റ് തന്നെ സമരവേദിയായി തിരഞ്ഞെടുക്കാന്‍ അയ്യന്‍കാളിപ്പട പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്. സായുധസംരക്ഷണമുള്ള പാലക്കാട് ജില്ലാ കളക്ടറെ ആയുധങ്ങളൊന്നുമില്ലാതെ തന്നെ സമരത്തിന്റെ ഭാഗമായി ബന്ദിയാക്കാനായിരുന്നു തീരുമാനം. അതുപ്രകാരം അയ്യന്‍കാളിപ്പട തിരഞ്ഞെടുത്ത നാലു പ്രവര്‍ത്തകരാണ് പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കുന്നത്. 

''ഞങ്ങളുടെ ആവശ്യങ്ങള്‍ വളരെ ചെറുതാണ്. നിങ്ങള്‍ നിങ്ങളുടെ ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതിപുലര്‍ത്തണം. മനുഷ്യാവകാശ ധാരണകള്‍ക്കെതിരായ ആദിവാസി ഭൂസംരക്ഷണ നിയമഭേദഗതി റദ്ദാക്കണം. മര്‍ദ്ദിതരുടെ ഐക്യം തകര്‍ത്തു നിങ്ങളുടെ വൃത്തികെട്ട വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഈ നീക്കത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ ചെറുക്കും'' -സമരത്തിന്റെ സന്ദര്‍ഭത്തില്‍ കല്ലറ ബാബു ഉറക്കെ വായിച്ച പ്രസ്താവനയില്‍ എഴുതിയിരുന്നത് ഇങ്ങനെ. 

അഡ്വ. വീരചന്ദ്രമേനോൻ
അഡ്വ. വീരചന്ദ്രമേനോൻ

അന്ന് എഴുതി വായിക്കപ്പെട്ട ആ പ്രസ്താവനയില്‍ പരാമര്‍ശിച്ച ഭരണഘടനയുടെ പുരോഗമന സ്വഭാവം അഖിലേന്ത്യാതലത്തില്‍ത്തന്നെ അട്ടിമറിക്കപ്പെടുന്ന ഒരുകാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. ഭരണഘടനയുടെ 370-ാം വകുപ്പ് ഇല്ലാതാക്കിയതോടൊപ്പം അതു സംബന്ധിച്ച കേന്ദ്ര ഗവണ്‍മെന്റ് ഉത്തരവ് 1950-ലെ ചരിത്രപ്രസിദ്ധമായ ബിഗ് ലാന്‍ഡ് എസ്റ്റേറ്റ് അബോലിഷന്‍ ആക്ടും നിര്‍ത്തലാക്കിയിരുന്നു. ഈ നിയമത്തിന്റെ കീഴില്‍ ജമ്മു-കശ്മീര്‍ സംസ്ഥാനം ഭൂമിയുടെ സമൂലമായ പുനര്‍വിതരണത്തിനാണ് സാക്ഷ്യം വഹിച്ചത്; ഇത് ഗ്രാമീണ സമൃദ്ധിക്ക് വഴിയൊരുക്കുകയും സംസ്ഥാനത്ത് ഭൂപ്രഭുത്വം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ മുകളിലുള്ള ജനതയുടെ അവകാശം കാലക്രമേണ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ എമ്പാടും നടക്കുമ്പോള്‍ അന്നത്തെ സമരം നാടകീയത കൊണ്ടുമാത്രമല്ല പ്രസക്തമാകുന്നത്.

ആ സമരത്തിനു പ്രസക്തിയുണ്ട്

അജയന്‍ മണ്ണൂര് 
ആര്‍.ഡി.എഫ് സംസ്ഥാന സെക്രട്ടറി, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം

ആദിവാസി വിഷയം പൊതുസമൂഹത്തിന്റെ മുഖ്യശ്രദ്ധയിലേയ്ക്കു കൊണ്ടുവന്നു എന്നു മാത്രമല്ല, ബലപ്രയോഗത്തിന്റെ രാഷ്ട്രീയം എന്നതിന്റെ പ്രസക്തി കൂടി പാലക്കാട് ബന്ദിനാടകം ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുവരെ ചട്ടപ്പടി സമരങ്ങളിലൊതുങ്ങി നില്‍ക്കുകയായിരുന്നു നമ്മുടെ ജനകീയാവശ്യങ്ങള്‍ മിക്കപ്പോഴും. അതോടുകൂടി ആക്ഷനു കൂടുതല്‍ പ്രാധാന്യം കൈവന്നു. ആദിവാസി ഭൂമി പ്രശ്‌നം ചര്‍ച്ചയാകുമ്പോള്‍ ഇടതും വലതുമുള്ള എല്ലാ രാഷ്ട്രീയക്കാരും ആദിവാസി മേഖലകളില്‍ പഴയകാലത്ത് കുടിയേറിപ്പാര്‍ത്തിട്ടുള്ള ചെറുകിട കര്‍ഷകനേയും ആദിവാസിയേയും ഭിന്നിപ്പിച്ച് വന്‍കിടക്കാരന്റെ താല്പര്യം സംരക്ഷിക്കുന്നതാണ് പതിവ്. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെറുകിടക്കാരന്റെ ഭൂമി ചെറുകിടക്കാരനു നഷ്ടമാകുമോ എന്ന ഭീതി ഉണ്ടാക്കി കയ്യേറ്റം ചെയ്യപ്പെട്ട ആദിവാസി ഭൂമി ആദിവാസിക്കു തന്നെ തിരികെ നല്‍കാനുള്ള നീക്കത്തെ തടയുകയാണ് ചെയ്തുപോരുന്നത്. സമരം നടന്ന 1996-ല്‍ മന്ത്രി കെ.ഇ. ഇസ്മയില്‍ പറഞ്ഞത് ആദിവാസിക്ക് ഭൂമി തിരിച്ചുനല്‍കുക എന്നത് പ്രായോഗികമല്ലാ എന്നും പകരം ഭൂമി നല്‍കുകയേ മാര്‍ഗ്ഗമുള്ളൂ എന്നുമാണ്. 

അന്നു നടന്ന സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ് പില്‍ക്കാലത്ത് ഭൂമിക്കുവേണ്ടിയുള്ള ആദിവാസി സമൂഹത്തിന്റെ പോരാട്ടങ്ങള്‍ ശക്തിപ്പെടുന്നത്. ഇന്ന് പശ്ചിമഘട്ടം തന്നെ പൈതൃകമേഖലയായി പ്രഖ്യാപിച്ച് ആദിവാസിയേയും കര്‍ഷകനേയുമൊക്കെ അവിടെനിന്നു ക്രമേണ പുറത്താക്കുകയും വന്‍കിടക്കാരന് ഇക്കോ ടൂറിസം എന്ന പേരില്‍ അവന്റെ കയ്യേറ്റ ഭൂമിയിലുള്ള അവകാശം നിലനിര്‍ത്താനുമുള്ള അവസരം നല്‍കുകയും ചെയ്യുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ അന്നത്തെ സമരത്തിന്റെ സന്ദേശത്തിനു വലിയ പ്രസക്തിയാണുള്ളത്.

ആഴമേറിയ രാഷ്ട്രീയ ബോധ്യങ്ങള്‍ നല്‍കിയ ആര്‍ജ്ജവം 

കല്ലറ ബാബു

ആദിവാസികളുടെ കയ്യേറ്റം ചെയ്യപ്പെട്ട ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ അത്യന്തം നിര്‍ണ്ണായകമായ സമരമായിരുന്നു അത്. ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തിലെ ഒരു വ്യത്യസ്തമായ പ്രതിരോധമായിരുന്നു അയ്യന്‍കാളിപ്പട നടത്തിയത്. 1975-ല്‍ പാസ്സാക്കിയ ആദിവാസി ഭൂനിയമം അട്ടിമറിക്കാന്‍ ഉദ്ദേശിച്ച് അന്നത്തെ നായനാര്‍ സര്‍ക്കാര്‍ ഒരു ഭേദഗതി കൊണ്ടുവന്നു. കയ്യേറ്റം ചെയ്യപ്പെട്ട ആദിവാസി ഭൂമി പിടിച്ചെടുത്ത് അവര്‍ക്കു നല്‍കണം എന്നതാണ് ആദിവാസി ഭൂനിയമം. 1971-നു ശേഷമുള്ള എല്ലാ കയ്യേറ്റങ്ങളും നിയമ വിധേയമാക്കിക്കൊണ്ട് നായനാര്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതായിരുന്നു പ്രകോപനം. 

ചെറുപ്പകാലം തൊട്ടേ ആഴമേറിയ രാഷ്ട്രീയ ബോധ്യങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നയാളാണ് ഞാന്‍. എന്റെ കുട്ടിക്കാലത്താണ് നീണ്ടുര്‍ കര്‍ഷകസമരമൊക്കെ നടക്കുന്നത്. ജീവിതത്തിലടിമുടി രാഷ്ട്രീയം കൊണ്ടുനടക്കാനും പാലക്കാട്ടെ സമരംപോലുള്ള ഒരു ഇടപെടലില്‍ പങ്കാളിയാകാനും എനിക്ക് ഊര്‍ജ്ജം നല്‍കിയത് അന്നത്തെ അനുഭവങ്ങളാണ്. തലചായ്ക്കാനിടമില്ലാത്ത ആദിവാസി ജനതയുടെ ക്ലേശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാനായിരുന്നു പാലക്കാട്ടെ സമരം. സമരം അവസാനിച്ചു പുറത്തിറങ്ങുമ്പോള്‍ ഞങ്ങള്‍ കൊല്ലപ്പെട്ടേക്കാം എന്നുവരെ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എങ്കിലും ഒട്ടും ഭയമുണ്ടായിരുന്നില്ല. കൊല്ലപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഞങ്ങളെ സമരശേഷം നേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണം എന്നാവശ്യപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ക്കെതിരെ കേസൊന്നും ഉണ്ടാകില്ലെന്നും കൊല്ലപ്പെടുക എന്ന സാദ്ധ്യത ഒഴിവാക്കാന്‍ ജഡ്ജ് തന്നെ ഞങ്ങളെ അദ്ദേഹത്തിന്റെ വാഹനത്തില്‍ കളക്ടറേറ്റിനു പുറത്തേക്കു കൊണ്ടുപോകാമെന്നും മദ്ധ്യസ്ഥചര്‍ച്ചയില്‍ തീരുമാനിക്കപ്പെട്ടു. എന്നാല്‍, ജില്ലാ ജഡ്ജിക്ക് അതു പിന്നീട് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നതുകൊണ്ട് താന്‍ തന്നെ സമരക്കാരെ പുറത്തേയ്ക്കു കൊണ്ടുപോകാമെന്നും വീരചന്ദ്ര മേനോന്‍ പറയുകയായിരുന്നു.

ഞങ്ങളുടെ ജീവന് എന്തും സംഭവിക്കാമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ബന്ദിയാക്കിയ കളക്ടര്‍ റെഡ്ഢിക്ക് ഒരു പോറലുപോലും ഏല്പിക്കാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. മനുഷ്യസ്‌നേഹത്താല്‍ പ്രചോദിതമായ ഒരു വലിയ സാമൂഹിക ദൗത്യമായിരുന്നു ഞങ്ങളേറ്റെടുത്തത്. ഞങ്ങളുടെ ജീവന്‍ പോലും അപകടത്തിലാകാമെന്നുള്ള വസ്തുത ഞങ്ങള്‍ അവഗണിച്ചു. എന്തായാലും ആ സമരത്തോടെ ആദിവാസിയുടെ ഭൂമിപ്രശ്‌നം സമൂഹത്തിന്റെ സജീവ ചര്‍ച്ചയായി.  ഇപ്പോള്‍ ഞാന്‍ ഒരു സംഘടനയിലുമില്ല. സി.പി.ഐ എം.എല്‍ നക്‌സല്‍ബാരി ഇന്ന് മാവോയിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി. 

ജനകീയ സായുധസമരം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് അവരുടെ സമരങ്ങള്‍. പക്ഷേ, ജനങ്ങളെ സംഘടിപ്പിക്കുകയെന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത് എന്നതാണ് എന്റെ വാദം. ജനം കൂടെയില്ലെങ്കില്‍ ജനകീയ സായുധസമരമില്ല. ജനകീയ സായുധസമരമെന്ന ആശയമൊക്കെ പ്രാവര്‍ത്തികമാകുക ഒരു പിന്നാക്ക സമൂഹത്തിലാണ്. കേരളം അങ്ങനെയൊരു പിന്നാക്ക സമൂഹമല്ല. ഒരു ആധുനിക സമൂഹത്തിന്റെ സവിശേഷതകളൊക്കെ കേരളത്തിന് ഇന്നുണ്ട്. സായുധസമരത്തിനു പ്രസക്തി നഷ്ടപ്പെട്ടു എന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com