'അതുകൊണ്ടു മാത്രമല്ല അവര്‍ സിപിഎമ്മുമായും ഇടതുമുന്നണിയുമായും അടുത്തത്'

കേരളത്തിലെ സാമൂഹിക ജീവിതത്തിന്റെ ദൈനംദിന ചലനങ്ങളില്‍ സമര്‍ത്ഥമായി ഇടപെടുന്നതില്‍ തോറ്റുപോയവരാണ് ദളിത് സംഘടനകളും നേതാക്കളും
'അതുകൊണ്ടു മാത്രമല്ല അവര്‍ സിപിഎമ്മുമായും ഇടതുമുന്നണിയുമായും അടുത്തത്'

കേരളത്തിലെ സാമൂഹിക ജീവിതത്തിന്റെ ദൈനംദിന ചലനങ്ങളില്‍ സമര്‍ത്ഥമായി ഇടപെടുന്നതില്‍ തോറ്റുപോയവരാണ് ദളിത് സംഘടനകളും നേതാക്കളും. ആള്‍ബലവും ആദര്‍ശബലവും ഉണ്ടായിട്ടും അത് ഇന്നും അങ്ങനെ തന്നെ. ദളിതരെ എന്നും സാമൂഹിക പിന്നാക്കാവസ്ഥയില്‍ത്തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരോട് പൊരുതുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ പരസ്പരം പൊരുതിയതാണ് ഇതിന് ഒന്നാമത്തെ കാരണം. ഇത് ദളിത് സംഘടനാ പ്രവര്‍ത്തകരും നേതാക്കളും കേരളത്തിലെ ദളിത് രാഷ്ട്രീയം സത്യസന്ധമായി നിരീക്ഷിക്കുന്നവരും നിഷേധിക്കാറുമില്ല. രാഷ്ട്രീയശക്തിയായി ദളിത് സമൂഹത്തെ മാറ്റാനും അതിനൊത്ത നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും ഇതു തടസ്സമായി. എന്നാല്‍, പിളരാതേയും തകരാതേയും നിന്നാല്‍ മുഖ്യധാരാ രാഷ്ട്രീയശക്തികള്‍ തങ്ങളുടെ വഴിക്കു വരും എന്നതിന് അനുഭവങ്ങളുമുണ്ട്. പിളര്‍പ്പുകള്‍ക്കു പിടികൊടുക്കാതെ കാല്‍നൂറ്റാണ്ടു തുടര്‍ച്ചയായി പ്രവര്‍ത്തിച്ച കേരള ദളിത് ഫെഡറേഷന്റെ (കെ.ഡി.എഫ്) അനുഭവം തന്നെ തെളിവ്. വിദ്യാഭ്യാസവും ആത്മാഭിമാനവും ചെറുത്തുനില്‍പ്പും പഠിപ്പിച്ച അയ്യന്‍കാളിയുടെ ജന്മദിനമായ ആഗസ്റ്റ് 28 ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൊതു അവധിയാക്കിയതിലേയും ശ്രീമൂലം പ്രജാസഭയിലെ അംഗം എന്ന നിലയില്‍ അയ്യന്‍കാളി പ്രസംഗിച്ച തിരുവനന്തപുരം നഗരമധ്യത്തിലെ വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍ (വി.ജെ.ടി ഹാള്‍) ഒന്നാം പിണറായി സര്‍ക്കാര്‍ അയ്യന്‍കാളി ഹാള്‍ ആക്കി മാറ്റിയതിലേയും ഇടപെടലുകളില്‍ മാത്രം ഒതുങ്ങുന്നില്ല അത്. കെ.ഡി.എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പി. രാമഭദ്രനെ രണ്ടാം പിണറായി സര്‍ക്കാര്‍ കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കിയതുമല്ല കാര്യം. കേരളത്തിന്റെ ദളിത് രാഷ്ട്രീയ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും അധികാര രാഷ്ട്രീയവുമായി ചേര്‍ത്തുനിര്‍ത്തി കുറച്ചെങ്കിലും അവകാശങ്ങള്‍ വാങ്ങിക്കൊടുത്തു എന്നതാണ് പ്രധാനം. തുടക്കം മുതല്‍ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനുമൊപ്പമായിരുന്നു. പക്ഷേ, കെ.ഡി.എഫിനെ സ്വന്തം വോട്ടുബാങ്ക് മാത്രമായി കണക്കാക്കുകയും രാഷ്ട്രീയ പരിഗണന കൊടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ തൊട്ടുകൂടായ്മ കാണിക്കുകയും ചെയ്തു, കോണ്‍ഗ്രസ്. എന്നാല്‍, അതുകൊണ്ടു മാത്രമല്ല അവര്‍ സി.പി.എമ്മുമായും ഇടതുമുന്നണിയുമായും അടുത്തത്. അതില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്; ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ തുടര്‍ചലനങ്ങള്‍ കേരളത്തെ പിടിച്ചുകുലുക്കിയപ്പോള്‍ ഇടതുപക്ഷം മുന്‍കയ്യെടുത്തു രൂപീകരിച്ച നവോത്ഥാന സമിതിയുമായി ആദ്യം സഹകരിച്ചവരില്‍ കെ.ഡി.എഫുണ്ട്. പി. രാമഭദ്രന്‍ നവോത്ഥാന സമിതിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായി മാറുകയും ചെയ്തു. 

പി രാമഭദ്രൻ
പി രാമഭദ്രൻ

1997 ജനുവരി 26-നു രൂപീകരിച്ച കെ.ഡി.എഫിന്റെ രജതജൂബിലി വര്‍ഷമാണിത്. രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ മാര്‍ച്ച് 15-നു തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ''ദളിത് ആദിവാസികള്‍ ഉള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടേയും സാമൂഹിക ജീവിതമുന്നേറ്റം ലക്ഷ്യമിട്ടാണ് കെ.ഡി.എഫ് രൂപമെടുത്തത്. ത്യാഗഭരിതമായ പ്രക്ഷോഭങ്ങളുടേയും അതിജീവന മുന്നേറ്റങ്ങളുടേയും കാല്‍നൂറ്റാണ്ടാണ് കടന്നുപോയത്'' -പി. രാമഭദ്രന്‍ പറയുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വ കേന്ദ്രീകരണമാണ് ഇടതുപക്ഷത്തിന് അനുകൂലമായി നിലപാടെടുക്കാന്‍ കാരണമായി പി. രാമഭദ്രന്‍ വിശദീകരിക്കുന്നത്. ആ രാഷ്ട്രീയമാണ് കേരളത്തിലെ ദളിത് രാഷ്ട്രീയത്തെ ഇപ്പോള്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്നതും. വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ നിലപാടില്‍ സി.പി.എമ്മിനുള്ള കരുത്ത് കോണ്‍ഗ്രസ്സിനില്ല എന്നു വാദിക്കുകയും അതേസമയം ഈ പിന്തുണ സ്ഥിരമല്ലെന്നും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിച്ചാല്‍ മാത്രം പോരാ, തുടര്‍പ്രവര്‍ത്തനം വേണമെന്നും സി.പി.എം നേതൃത്വത്തോട് പറഞ്ഞുകൊണ്ടാണ് കെ.ഡി.എഫ് ഇടതുമുന്നണിക്കു പിന്തുണ നല്‍കിയത്. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ നിയോജകമണ്ഡലത്തില്‍ രാമഭദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍, വ്യക്തിപരമായി കുപ്രചരണം നടത്തിയും എതിരാളികള്‍ക്ക് തനിക്കെതിരെ പ്രസംഗിക്കാനുള്ള ഇന്ധനം കൊടുത്തും കോണ്‍ഗ്രസ് തന്നെ അപമാനിക്കുകയും കാലുവാരി തോല്‍പ്പിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിക്കുന്നു. ഗുരുതരമാണ് ഈ ആരോപണം. 

ദളിതരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കെ.ഡി.എഫിന്റെ നിലപാടുകളും പ്രതികരണങ്ങളും യു.ഡി.എഫ് സര്‍ക്കാരുകള്‍ക്കും അലോസരം സൃഷ്ടിച്ചപ്പോഴാണ് അവര്‍ രാഷ്ട്രീയമായി രാമഭദ്രനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്ന് കെ.ഡി.എഫ് അന്നുമിന്നും വിശ്വസിക്കുന്നു. ഒരു ഘട്ടത്തില്‍ ദളിത് ക്ഷേമവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ച പദ്ധതികള്‍ പലതും കടലാസില്‍ത്തന്നെ കിടന്നു. ബജറ്റിലെ വകമാറ്റത്തിലൂടെ പട്ടികജാതി ഫണ്ടില്‍ നടന്ന വലിയ തിരിമറി പുറത്തുകൊണ്ടുവന്ന് തടഞ്ഞതില്‍ കെ.ഡി.എഫിന്റെ പങ്ക് വലുതായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. ആസൂത്രണ ബോര്‍ഡിനു മുന്നില്‍ വെച്ച പാലക്കാട് എസ്.സി, എസ്.ടി മെഡിക്കല്‍ കോളേജിന്റെ ആശയം, അയ്യന്‍കാളി ജയന്തി പൊതു അവധിയാക്കുമ്പോള്‍ ഓണക്കാലത്തെ അവിട്ടം നാളിനു പകരം ആഗസ്റ്റ് 28 പരിഗണിക്കണം എന്ന നിര്‍ദ്ദേശം എന്നിവയൊക്കെ രാമഭദ്രന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അഭിമതനായിരുന്നപ്പോള്‍ അംഗീകരിച്ച കാര്യങ്ങളാണ്. അതൊക്കെ യു.ഡി.എഫിനു പൊതുവേയും കോണ്‍ഗ്രസ്സിനു പ്രത്യേകിച്ചും രാഷ്ട്രീയ നേട്ടമാവുകയും ചെയ്തു.

പുന്നല ശ്രീകുമാർ
പുന്നല ശ്രീകുമാർ

ഇടപെടലുകള്‍ 

ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ ഇടമുള്ള നവോത്ഥാന പ്രസ്ഥാനം എന്നാണ് കെ.ഡി.എഫ് പരിചയപ്പെടുത്തുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ ട്രസ്റ്റ് ചെയര്‍മാനായിരുന്ന പി. രാമഭദ്രനാണ് കൊല്ലം കാര്‍ത്തിക തിരുന്നാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കെ.ഡി.എഫ് രൂപീകരണ യോഗത്തിനു മുന്‍കയ്യെടുത്തത്. പക്ഷേ, കാല്‍നൂറ്റാണ്ടാകുമ്പോഴും സംഘടനയുടെ അദ്ധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹം മാറിയിട്ടില്ല. രൂപീകരണം മുതല്‍ നിരവധി സമരങ്ങളും ഇടപെടലുകളും നടത്തി എന്നതാണ് കെ.ഡി.എഫിന്റെ പ്രധാന അവകാശവാദമെങ്കിലും അതിനേക്കാള്‍ തീക്ഷ്ണമായ സമരങ്ങളും ഇടപെടലുകളും നടത്തിയ ചെറുതും വലുതുമായ നിരവധി ദളിത് സംഘടനകള്‍ കേരളത്തിലുണ്ട്. അവകാശ പോരാട്ടങ്ങളിലെ ആത്മാര്‍ത്ഥതയും ലക്ഷ്യബോധവും ദൃഢനിശ്ചയവും ചിട്ടയായ പ്രവര്‍ത്തനങ്ങളും കൊണ്ട് താഴേത്തട്ടില്‍ സംഘടനയ്ക്കു വേരോട്ടമുണ്ടാക്കി എന്ന വാദത്തിലാണ് കഴമ്പുള്ളത്. കേരള ദളിത് മഹിളാ ഫെഡറേഷന്‍ (കെ.ഡി.എം.എഫ്), കേരള ദളിത് യൂത്ത് ഫെഡറേഷന്‍ (കെ.ഡി.വൈ.എഫ്) എന്നീ സംഘടനകളിലൂടെ ദളിത് സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും ഇടയില്‍ മോശമല്ലാത്ത സാന്നിധ്യം നേടാന്‍ കെ.ഡി.എഫിനു സാധിച്ചു.

പികെ സജീവൻ
പികെ സജീവൻ

മുന്‍സിഫ് മജിസ്ട്രേറ്റ്, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, സുപ്രീംകോടതി ജഡ്ജി തുടങ്ങിയ നിയമനങ്ങളില്‍ അര്‍ഹമായ ദളിത് പ്രാതിനിധ്യം ആവശ്യപ്പെട്ട് നടത്തിയതാണ് കെ.ഡി.എഫിന്റെ ശ്രദ്ധേയ സമരങ്ങളിലൊന്ന്. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍, ഹൈക്കോടതിയിലേക്കു മാര്‍ച്ച് തുടങ്ങി വിവിധ മുഖങ്ങളുള്ള ശ്രദ്ധേയ ഇടപെടലായിരുന്നു അത്. ക്ഷേത്രങ്ങളിലെ ജാതി വിവേചനത്തിന് എതിരായ സമരം, ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലെ ജാതിക്കെതിരായ സമരം, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തിനുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങള്‍ എന്നിവയും ശ്രദ്ധേയമായി. പൊലീസ് ദളിത് വിരുദ്ധമായി പെരുമാറിയ സന്ദര്‍ഭങ്ങളിലൊക്കെ കെ.ഡി.എഫ് ശക്തമായ സമരങ്ങള്‍ നടത്തി. പൊലീസ് സ്റ്റേഷനുകള്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ആസ്ഥാനം വരെ അത്തരം പ്രതിഷേധങ്ങള്‍ നീണ്ടു. പൊതുമേഖലാ സ്ഥാപനങ്ങളിലോ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ ഒരു പട്ടികജാതി കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.ഡി.വൈ.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സമരനിരകളില്‍ എടുത്തു പറയേണ്ടതായി ഉണ്ട്. 

ചെറുതും വലുതുമായ വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി ദളിത് ഫെഡറേഷന്‍ രൂപീകരിച്ച രാഷ്ട്രീയകാലം പ്രധാനമായിരുന്നു. ജാതി, ഉപജാതി സംഘടനകള്‍ രൂപീകരിക്കുകയും അതുവഴി ദളിത് ഐക്യം കൂടുതല്‍ ഛിന്നഭിന്നമായിക്കൊണ്ടിരിക്കുകയും ചെയ്ത കാലം എന്നാണ് കെ.ഡി.എഫ് അക്കാലത്തെക്കുറിച്ചു പറയുന്നത്. നിരവധി സാമുദായിക സംഘടനകളുടെ കൂട്ടത്തില്‍ ഒന്നുകൂടി എന്നതില്‍നിന്നു മാറിയാണ് കെ.ഡി.എഫ് തുടക്കം മുതല്‍ നടന്നത്. 

സണ്ണി എം കപിക്കാട്
സണ്ണി എം കപിക്കാട്

2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടികജാതി ജനസംഖ്യ 31,23,941 ആണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.8 ശതമാനം. ദളിത് ജനസംഖ്യാ വളര്‍ച്ച 8.2 ശതമാനമാണ്. മൊത്തം ജനസംഖ്യയുടെ വളര്‍ച്ചാനിരക്കായ 9.4 ശതമാനത്തേക്കാള്‍ 1.2 ശതമാനം കുറവ്. സംസ്ഥാനത്ത് 68 പട്ടികജാതി വിഭാഗങ്ങളാണ് 2011-ലെ കണക്കു പ്രകാരമുള്ളത്.

പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പട്ടികജാതിക്കാരുള്ളത് (16.5%). തൊട്ടുതാഴെ ഇടുക്കി (14.1%), പത്തനംതിട്ട (13.1%), കൊല്ലം (12.5%). കുറവ് കണ്ണൂരിലാണ് (4.1%). സംസ്ഥാനത്തെ ആകെ പട്ടികജാതി ജനസംഖ്യയുടെ 33.3 ശതമാനമുള്ള പുലയരാണ് ഏറ്റവും വലിയ ദളിത് വിഭാഗമെന്ന് സെന്‍സസ് കണക്കുകള്‍ പറയുന്നു. ചേരമര്‍, കുറവന്‍, പറയന്‍, കണക്കന്‍, തണ്ടാന്‍, വേട്ടുവന്‍ എന്നീ വിഭാഗങ്ങളാകെ തൊട്ടുപിന്നില്‍. ഇതില്‍ത്തന്നെ പുലയര്‍ കഴിഞ്ഞാല്‍ ചേരമര്‍ രണ്ടാമത്തെ വലിയ ദളിത് വിഭാഗമാണ്. പുലയരും ചേരമരും ചേര്‍ന്നാല്‍ പട്ടികജാതി ജനസംഖ്യയുടെ 77.7 ശതമാനമായി. പട്ടികജാതി വിഭാഗങ്ങള്‍ക്കൊപ്പം പട്ടിക വര്‍ഗ്ഗങ്ങളെക്കൂടി അണിനിരത്താനുദ്ദേശിച്ചാണ് ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം പതിനഞ്ചോളം ദളിത് സംഘടനകള്‍ ചേര്‍ന്ന് പട്ടികജാതി, വര്‍ഗ്ഗ മഹാസഖ്യം രൂപീകരിച്ചത്. കേരളത്തിലെ പ്രമുഖ ദളിത് സംഘടനകളില്‍ മിക്കതും സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നു മഹാസഖ്യത്തിന്റെ രക്ഷാധികാരി പി. രാമഭദ്രന്‍ പറയുന്നു. പി.കെ. സജീവനാണ് പ്രസിഡന്റ്. വയനാട്ടിലാണ് കേരളത്തില്‍ ഏറ്റവുമധികം പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുള്ളത് (31.24%). ഇടുക്കിയില്‍ 11.51 ശതമാനവും പാലക്കാട്ട് 10.10 ശതമാനവും കാസര്‍കോട്ട് 10.08 ശതമാനവുമുണ്ട്. ഈ നാലു ജില്ലകളിലായാണ് കേരളത്തിലെ ആകെ ആദിവാസി ജനസംഖ്യയുടെ 62.93 ശതമാനവുമുള്ളത്. 

''കേരളത്തിലെ ദളിത് ജനസംഖ്യ ഒന്‍പത് ശതമാനത്തിനും പത്തു ശതമാനത്തിനും ഇടയില്‍ ചിതറിക്കിടക്കുന്ന ജനവിഭാഗമാണ്. വളരെക്കുറച്ചു നിയോജകമണ്ഡലങ്ങളിലൊഴികെ ശക്തമായ കേന്ദ്രീകരണം വളരെക്കുറവാണ്. അത് വോട്ടുബാങ്ക് എന്ന നിലയിലുള്ള ഏകീകരണത്തിനു തടസ്സമായി നില്‍ക്കുന്നു. അതുതന്നെയാണ് ദളിതുകള്‍ രാഷ്ട്രീയ ശക്തിയായി മാറുന്നതിനു മുഖ്യ തടസ്സങ്ങളിലൊന്ന്'' -ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ് പറയുന്നു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാ​ഗമായി കൊല്ലം കലക്ടറേറ്റിലേക്കു കെഡിഎഫ് നടത്തിയ മാർച്ച്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാ​ഗമായി കൊല്ലം കലക്ടറേറ്റിലേക്കു കെഡിഎഫ് നടത്തിയ മാർച്ച്

ദളിത് രാഷ്ട്രീയം 

സമീപകാലത്ത് കേരളത്തിലെ ദളിത് രാഷ്ട്രീയ ചിന്തകള്‍ക്ക് ഏകീകരണം ഉണ്ടായത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു മുതലാണ്. സുപ്രീംകോടതിയുടെ ശബരിമല വിധിക്കും കേരളത്തെ പ്രകമ്പനം കൊള്ളിച്ച ആശയസമരങ്ങള്‍ക്കും ശേഷം 2019 ഏപ്രില്‍ 23-നു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ കൃത്യമായി ആലോചിച്ചുറപ്പിച്ചാണു വിനിയോഗിച്ചത്. കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, കെ.ഡി.എഫ് അദ്ധ്യക്ഷന്‍ പി. രാമഭദ്രന്‍, മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവന്‍, ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി കപിക്കാട് തുടങ്ങിയവര്‍ ആ തെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഇടയില്‍ അത് കൃത്യമായി പറയുകയും ചെയ്തു. ദളിത് വോട്ടുകളുടെ ഏകീകരണം ആ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ ഉണ്ടാകാനിടയുള്ള രാഷ്ട്രീയ മാറ്റത്തിന്റെ നാഴികക്കല്ലാകും എന്ന വിലയിരുത്തലുകളും ഉണ്ടായി. പക്ഷേ, കേന്ദ്രത്തില്‍ രണ്ടാം മോദി സര്‍ക്കാര്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ്സിനു പരമാവധി സീറ്റുകള്‍ കൊടുക്കണം എന്ന പൊതു രാഷ്ട്രീയ ചിന്ത കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായി. അങ്ങനെയാണ് കേരളത്തിലെ 20 ലോക്സഭാ സീറ്റുകളില്‍ പത്തൊന്‍പതും യു.ഡി.എഫ് നേടിയത്. അത് ദളിത് വോട്ടുകളുടെ രാഷ്ട്രീയ തീരുമാനം തെറ്റായതുകൊണ്ടോ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കേരളം കാത്തിരുന്നതുകൊണ്ടോ സംഭവിച്ച ഫലമായിരുന്നില്ല എന്ന വിലയിരുത്തലുകള്‍ പിന്നീട് ഉണ്ടാവുകയും ചെയ്തു. 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പും അത് തെളിയിക്കുകയും ചെയ്തു. കേരള രാഷ്ട്രീയവും പ്രാദേശിക വികസനവും മുഖ്യ ചര്‍ച്ചയായ ആ തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്കും മുന്നണിയെ നയിക്കുന്ന സി.പി.എമ്മിനുമാണ് വിജയത്തുടര്‍ച്ച കിട്ടിയത്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും ദളിത് വോട്ടുകളുടെ കൂട്ടായ ചായ്വ് ഇടത്തേക്കു തന്നെയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വലിയ തോല്‍വി ഉണ്ടായെങ്കിലും ദളിത് വോട്ടുകള്‍ വന്‍തോതില്‍ അവര്‍ക്കൊപ്പം നിന്നതിനു മറ്റൊരു പ്രധാന ഫലമുണ്ടായി. മുന്‍പൊരിക്കലും ഇല്ലാത്തവിധം കേരളത്തിലുണ്ടായ ദളിത് ഐക്യവും പോളിംഗിലെ തരംഗവും സംസ്ഥാന വ്യാപകമായിത്തന്നെ ബി.ജെ.പി വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. കെ.പി.എം.എസ്സിലെ പിളര്‍പ്പില്‍ സംഘപരിവാറിന് അനുകൂല നിലപാടെടുത്ത ടി.വി. ബാബു, നീലകണ്ഠന്‍ മാസ്റ്റര്‍ എന്നിവരുടെ സാന്നിധ്യമൊന്നും ബി.ജെ.പിയെ സഹായിച്ചില്ല. അതേസമയം, പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) രൂപീകരിച്ച ശേഷവും ദളിത് രാഷ്ട്രീയത്തെ ശരിയായി മനസ്സിലാക്കി കൂടെ നിര്‍ത്താന്‍ ശ്രമിക്കാതിരുന്ന സി.പി.എം ആ സമീപനം മാറ്റുകയും ചെയ്തു. 

1982ൽ ഹരിജൻ യൂത്ത് ലീ​ഗ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യൻകാളി സ്മാരക വിദ്യാഭ്യാസ അവാർഡ് സമർപ്പണ സമ്മേളനത്തിൽ പി രാമഭദ്രൻ. മുഖ്യമന്ത്രി കെ കരുണാകരൻ, മന്ത്രി പികെ വേലായുധൻ, കെ ശിവദാസൻ, വിഎം സുധീരൻ തുടങ്ങിയവർ വേദിയിൽ
1982ൽ ഹരിജൻ യൂത്ത് ലീ​ഗ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യൻകാളി സ്മാരക വിദ്യാഭ്യാസ അവാർഡ് സമർപ്പണ സമ്മേളനത്തിൽ പി രാമഭദ്രൻ. മുഖ്യമന്ത്രി കെ കരുണാകരൻ, മന്ത്രി പികെ വേലായുധൻ, കെ ശിവദാസൻ, വിഎം സുധീരൻ തുടങ്ങിയവർ വേദിയിൽ

1970-കളോട് കൂടിയാണ് ദളിതര്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിലേക്കു പോയിത്തുടങ്ങിയത്. എഴുപതുകളുടെ പകുതിയായപ്പോള്‍ അതിനു ശക്തികൂടി. കെ. കുഞ്ഞമ്പു, വെള്ള ഈച്ചരന്‍, കെ.കെ. ബാലകൃഷ്ണന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് അതിനു നേതൃത്വം നല്‍കിയത്. അക്കാലത്തു ഹരിജന്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ കെ.കെ. ബാലകൃഷ്ണനൊപ്പം കേരളത്തില്‍ ദളിതരെ സംഘടിപ്പിക്കുന്നതിനു മുന്‍കയ്യെടുത്തുകൊണ്ടാണ് രാമഭദ്രന്‍ ശ്രദ്ധ നേടിയത്. പി.കെ. വേലായുധനാണ് ആ നിരയിലെ മറ്റൊരു ദളിത് നേതാവ്. കെ.കെ. ബാലകൃഷ്ണനും പി.കെ. വേലായുധനും നിയമസഭാംഗവും മന്ത്രിയുമൊക്കെയായി. രാമഭദ്രനു കൊടുത്ത സീറ്റില്‍ തോല്‍പ്പിക്കുകയും ചെയ്തു. മാത്രമല്ല, പിന്നീടൊരിക്കലും അദ്ദേഹത്തെ പാര്‍ലമെന്ററി പദവികളിലോ കോണ്‍ഗ്രസ്സിന്റെ സംഘടനാ പദവികളിലോ പരിഗണിക്കുകയും ചെയ്തില്ല. കമ്യൂണിസ്റ്റു പാര്‍ട്ടികളില്‍നിന്നു ദളിതരെ അടര്‍ത്തി കോണ്‍ഗ്രസ്സിനൊപ്പം നിര്‍ത്താന്‍ ശ്രമിച്ച മുന്‍നിര നേതാക്കളില്‍ രാമഭദ്രന്‍ മാത്രമാണ് ഇപ്പോഴും സജീവമായി പൊതുപ്രവര്‍ത്തന രംഗത്തുള്ളത്. കാലം അദ്ദേഹത്തെ ഇടതുപക്ഷത്തിനൊപ്പം എത്തിച്ചു. ''ഞങ്ങളുടെ സംഘാടന മികവും പ്രസംഗവുമൊക്കെയാണ് സി.പി.എമ്മില്‍നിന്ന് ഒരുപാട് ആളുകളെ കോണ്‍ഗ്രസ് പക്ഷത്തേക്ക് കൊണ്ടുവന്നത്. സി. അച്യുതമേനോന്‍ ഗവണ്‍മെന്റും തുടര്‍ന്നുവന്ന കെ. കരുണാകരന്‍ ഗവണ്‍മെന്റുമൊക്കെ ദളിത് ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ അതിന് ആക്കം കൂട്ടി'' -പി. രാമഭദ്രന്‍ വിശദീകരിക്കുന്നു. നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായുള്ള സൗഹൃദം ദൃഢമായെങ്കിലും ഇപ്പോഴും താന്‍ കോണ്‍ഗ്രസ്സില്‍നിന്നു മാറിയിട്ടില്ലെന്നും കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും കൂടി അദ്ദേഹം പറയുന്നു. ''സ്വതന്ത്രമായ ഒരു നിലപാട് സാമൂഹ്യ രാഷ്ട്രീയരംഗത്ത് സ്വീകരിക്കുകയും അതിനോടൊപ്പം തന്നെ ഇടതുമുന്നണി സര്‍ക്കാരിന്റെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അതുവഴി കേരളത്തിലെ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും പാര്‍ശ്വവല്‍കൃത ജനങ്ങള്‍ക്കും ഈ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കൊണ്ട് എന്തെങ്കിലും ചെയ്യിക്കാന്‍ പറ്റുമോ എന്ന ശ്രമമാണ് ഞങ്ങളുടേത്.'' ഇതു തിരിച്ചൊഴുക്കിന്റെ കാലം കൂടിയാണ്; ദളിതര്‍ കോണ്‍ഗ്രസ്സിനെ കൈവിട്ട് സി.പി.എമ്മിനൊപ്പം വന്‍തോതിലാണ് പോകുന്നത്. പി.കെ.എസ് (പട്ടികജാതി ക്ഷേമസമിതി) രൂപീകരണം തന്നെ അതിന് ഏറ്റവും മികച്ച തെളിവ്.

പി രാമഭ​ദ്രൻ
പി രാമഭ​ദ്രൻ

കേരള ചരിത്രത്തില്‍ ആദ്യമായി ദളിത് സമുദായ സംഘടനാ പ്രതിനിധിയായി അധികാര സ്ഥാനത്ത് എത്തിയത് അയ്യന്‍കാളിയാണ്. ശ്രീമൂലം പ്രജാസഭയിലെ പ്രാതിനിധ്യം. 1911 ഡിസംബര്‍ അഞ്ച് മുതല്‍ കാല്‍നൂറ്റാണ്ട് അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. അദ്ദേഹം സ്ഥാപിച്ചതും അക്കാലത്ത് വന്‍തോതില്‍ സാമൂഹിക അംഗീകാരം നേടിയതുമായ സാധുജന പരിപാലന സംഘത്തിന്റെ ജനറല്‍ സെക്രട്ടറി ആയിരുന്നു അപ്പോള്‍.

കേരള രാഷ്ട്രീയത്തില്‍ ദളിത് സാമൂഹിക ഇടപെടലിന്റെ പ്രസക്തി ഇപ്പോഴും സജീവമായി നിലനില്‍ക്കുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പ്രസക്തി എന്നതിലുമപ്പുറം അത് ദളിത് സ്വത്വരാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് എന്നു വാദിക്കുന്നവരുണ്ട്. പക്ഷേ, കേരളത്തിലെ പ്രമുഖ സമുദായങ്ങളായ മുസ്ലിം, ഈഴവ, നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളെപ്പോലെ ദളിതരും അധികാരത്തില്‍ പങ്കാളിത്തവും സ്വാധീനവും നേടുക പ്രധാനമാണ് എന്ന മറുവാദത്തിനു ശക്തി കൂടുതലാണ്. രാഷ്ട്രീയപ്പാര്‍ട്ടികളിലെ, പ്രത്യേകിച്ച് സി.പി.എമ്മിലെ ദളിതര്‍ വെള്ളംകോരികളും വിറകുവെട്ടികളുമാണ് എന്ന വാദമൊന്നും ഇന്നു നിലനില്‍ക്കില്ല എന്ന കെ.കെ. ബാബുരാജിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ''അവര്‍ക്ക് പല തലങ്ങളില്‍ നിരവധി അവസരങ്ങള്‍ കിട്ടുന്നുണ്ട്. അവര്‍ അധികാരം വിനിയോഗിക്കുന്നവരായിക്കൂടി മാറിയിരിക്കുന്നു'' -അദ്ദേഹം പറയുന്നു.

സംവരണത്തിനപ്പുറം കടന്നുപോകുന്ന ഒരു ജനതയായി മാറണം

കെകെ ബാബുരാജ് (ചിന്തകന്‍, എഴുത്തുകാരന്‍)

കേരളത്തിലെ ദളിത് പ്രസ്ഥാനം എന്നത് വളരെ ന്യൂനപക്ഷമായ ഒരു വിഭാഗം മാത്രമായാണ് യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നത്. അതിനു പല കാരണങ്ങളുണ്ട്. കേരളത്തില്‍ മുന്‍പേതന്നെ ജാതി സംഘടനകളുണ്ട്. അവ വളരെ ശക്തമായിത്തന്നെ നിലനില്‍ക്കുന്നു. കെ.പി.എം.എസ്, പി.ആര്‍.ഡി.എസ്, സാംബവ മഹാസഭ തുടങ്ങിയ സമുദായ സംഘടനകള്‍ ഉദാഹരണം. അവ വളരെ ശക്തമാണ്. അതുപോലെതന്നെ സി.പി.എം പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ദളിതര്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍നിന്നു മാറിക്കൊണ്ട്, ദളിതരില്‍നിന്ന് ഒരു സാമൂഹിക മുന്നേറ്റം ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അടിസ്ഥാനപരമായി, ജാതി സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ദളിത് പ്രസ്ഥാനം വികസിക്കാത്തത്. കല്ലറ സുകുമാരന്റെയൊക്കെ നേതൃത്വത്തില്‍ വ്യത്യസ്തമായ ചില ഇടപെടലുകള്‍ നടന്നിരുന്നു. പക്ഷേ, കൂടുതല്‍ പേരൊന്നും അതിലുണ്ടായില്ല. 

മറ്റു സംഘടനകളില്‍ നില്‍ക്കുമ്പോള്‍ പലതരത്തിലുള്ള അവസരങ്ങള്‍ അവര്‍ക്കു കിട്ടുന്നുണ്ട്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള അവസരങ്ങള്‍, ജോലിസാധ്യതകള്‍ - ഇതൊന്നും വിട്ടു കളയാന്‍ ആളുകള്‍ക്കു കഴിയില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള കാലത്ത് സാമുദായികമായ അവകാശബോധം വികസിപ്പിച്ചെടുക്കുകയല്ലാതെ വഴിയില്ല. അതിനുള്ള സാധ്യതയേ ഉള്ളു. അല്ലാതെ രാഷ്ട്രീയ പ്രസ്ഥാനംപോലെ ഉയര്‍ന്നുവരാന്‍ സാധ്യത കുറവാണ്. ദളിതരില്‍ സാമുദായിക ബോധം ഉണ്ടായത് അടുത്തകാലത്താണ്. അതുവരെ ജാതി ചിന്തയാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. ജാതി സംഘടനകള്‍ ശക്തമായി നില്‍ക്കുന്നതുകൊണ്ട് നവീനാശയങ്ങളില്‍ എത്തിയാല്‍പ്പോലും അതു പൊളിഞ്ഞുപോവുകയാണ്. പിന്നെ, പഴയകാലത്തെ സമീപനംപോലെ എല്ലാവരേയും എതിര്‍ക്കുകയാണോ വേണ്ടത് എന്നൊക്ക പുനപരിശോധിക്കേണ്ടിവരും. മൊബിലിറ്റിയാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നു തോന്നുന്നു. സമുദായം എന്ന നിലയില്‍ സമ്പത്തിലേക്കും അധികാരത്തിലേക്കും പദവികളിലേക്കും അവസരങ്ങളിലേക്കും കടന്നുപോകാന്‍ സംവരണത്തിന് അപ്പുറമുള്ള ആനുകൂല്യങ്ങളെപ്പറ്റി ചിന്തിക്കണം. സംവരണത്തിനപ്പുറംതന്നെ കടന്നുപോകുന്ന ഒരു ജനതയായി മാറണം. ഇന്ന് കുറേ മാറിയിട്ടുണ്ട്. ഒരുപാടു ചെറുപ്പക്കാര്‍ വിവിധ മണ്ഡലങ്ങളില്‍ വികസിച്ചു വരുന്നുണ്ട്.

പിന്നെ, പിളര്‍പ്പ് എന്നത് ദളിത് പ്രസ്ഥാനങ്ങളുടെ മാത്രമല്ല, എല്ലാ ചെറിയ സംഘടനകളുടേയും പ്രശ്‌നമാണ്. കെ.പി.എം.എസ്സിനെ ബാധിച്ച പിളര്‍പ്പിനെ മറികടക്കാന്‍ അവര്‍ക്കു സാധിച്ചു. വലിയ സംഘടനയായതുകൊണ്ടാണ് അതു കഴിഞ്ഞത്. അല്ലാത്തവ നിര്‍വ്വീര്യമായിപ്പോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com