ബംഗാള്‍ വീണ്ടും ചുവപ്പിലേക്ക് നീങ്ങുമോ..? 

മമത ബന്ദോപാധ്യായ എന്ന മമതാ ബാനര്‍ജി സ്ഥാപിച്ച ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്സിന് (ടി.എം.സി) വരുന്ന വര്‍ഷം കാല്‍നൂറ്റാണ്ട് തികയും
ബംഗാള്‍ വീണ്ടും ചുവപ്പിലേക്ക് നീങ്ങുമോ..? 

മത ബന്ദോപാധ്യായ എന്ന മമതാ ബാനര്‍ജി സ്ഥാപിച്ച ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്സിന് (ടി.എം.സി) വരുന്ന വര്‍ഷം കാല്‍നൂറ്റാണ്ട് തികയും. 34 വര്‍ഷത്തെ സി.പി.ഐ.എം ഭരണത്തിനുശേഷം ബംഗാളില്‍ അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ്സിനും സര്‍ക്കാരിനും മൂന്നാമൂഴം കിട്ടിയേക്കാമെങ്കിലും മുന്നോട്ടുപോക്ക് കഠിനമാക്കുന്ന സ്ഥിതിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍ സ്ഥിതിഗതികള്‍ വലിയ കുഴപ്പമില്ലാതെ തരണം ചെയ്യുന്നുണ്ടെന്നു തോന്നിക്കുമ്പോള്‍ത്തന്നെ എത്രകാലം വഞ്ചി കാറ്റിലുലയാതെ നീങ്ങും എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍പ്പോലും വലിയ സന്ദേഹമുള്ളവരുണ്ട്. എന്താണ് തൃണമൂല്‍ കോണ്‍ഗ്രസ്സിനേയും സര്‍ക്കാരിനേയും കാത്തിരിക്കുന്നത്..? 

2011-ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ്സ് വരുമ്പോളുള്ള രാഷ്ട്രീയ ഭൂപടമല്ല ഇന്ന് ബംഗാളിലുള്ളത്. ബൂത്തിലേക്ക് ഒറ്റയ്ക്കു പോയി തൃണമൂലല്ലാത്ത ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്തു വീട്ടിലെത്താന്‍ സാധിക്കുമോ എന്നു സാധാരണക്കാരന്‍ ഭയക്കുന്ന വിധത്തിലേക്ക് ബംഗാള്‍ രാഷ്ട്രീയത്തെ എത്തിച്ചതാണ് തൃണമൂലിന്റെ ഊറ്റം. ബംഗാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ അര്‍ദ്ധനിദ്രാവസ്ഥ ഇന്ന് പാര്‍ട്ടിയിലില്ല. പക്ഷേ, അന്നുമില്ലാതിരുന്ന അധൈര്യം ഇന്നും പാര്‍ട്ടി നേതൃത്വത്തിനില്ലെങ്കിലും അണികള്‍ക്കുണ്ട്. അതുകൊണ്ട് 2011-ല്‍ കുത്തിയൊലിച്ചുപോയ വോട്ടുകളുടെ മാതൃകയില്‍ തിരിച്ചൊരു കുത്തിയൊഴുക്ക് സി.പി.എമ്മിനു നല്‍കാന്‍ അടുത്ത ഇലക്ഷനിലും ബംഗാള്‍ ജനത മടിച്ചേക്കും. പക്ഷേ, എത്രകാലം തൃണമൂലും അതിന്റെ നേതാക്കളും നടത്തുന്ന അഴിമതികളേയും ഗുണ്ടായിസത്തേയും സാധാരണക്കാരന്‍ സഹിക്കും എന്നതൊരു ചോദ്യമാണ്. പ്രത്യേകിച്ചും അതിന്റെ കൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വഭേദഗതി നിയമങ്ങളും കാലിക്കടത്ത് നിരോധനങ്ങളും മറ്റും ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍. 

ഹിന്ദു-മുസ്ലിം സംഘര്‍ഷം ചാരം മൂടിക്കിടക്കുന്ന കനലാണ് ബംഗാളില്‍. കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും രാഷ്ട്ര സ്വയം സേവക് സംഘവും ചേര്‍ന്ന് ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന മതവൈരത്തേയും ഹിന്ദുരാഷ്ട്രവാദത്തേയും നേരിടാന്‍ നിലവില്‍ തൃണമൂലിനു സാധിക്കുന്നുണ്ടെങ്കിലും വിദൂരമല്ലാത്ത ഭാവിയില്‍ പ്രത്യേകിച്ചും മമതയ്ക്കുശേഷം ആര്‍ക്കതിനു കഴിയും എന്ന വലിയ ചോദ്യവും ബംഗാള്‍ മതന്യൂനപക്ഷത്തിന്റെ മുന്നിലുണ്ട്. അങ്ങനൊരു അവസ്ഥ സംജാതമായാല്‍ ബംഗാള്‍ വീണ്ടും ചുവപ്പിലേക്ക് നീങ്ങുമോ..? വോട്ടുശതമാനത്തിന്റെ 30 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകള്‍ മാത്രം കിട്ടിയാല്‍ സി.പി.എമ്മിന് അധികാരത്തിലെത്താന്‍ കഴിയില്ല. 70 ശതമാനം വരുന്ന ഹിന്ദുവോട്ടുകളില്‍ നിലവില്‍ പാതിയും ബി.ജെ.പിക്ക് ലഭിക്കുന്നുണ്ട്. അത്രയും വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് തടയാന്‍ തൃണമൂലിനോ സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിക്കോ കഴിയുമോ..? ഈ ചോദ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ബംഗാളിനുള്ളിലും പുറത്തും ഇരമ്പിത്തുടങ്ങി. 

ദുർ​ഗാ പൂജയ്ക്കെത്തുന്ന പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
ദുർ​ഗാ പൂജയ്ക്കെത്തുന്ന പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

വംഗനാടും കേരളവും താരതമ്യം

മുനിഞ്ഞുകത്തുന്ന തെരുവുവിളക്കുകളും പ്രകാശമില്ലാത്ത ബള്‍ബുകള്‍ അങ്ങിങ്ങ് കത്തുന്ന സര്‍ക്കാരാപ്പീസുകളും വെളിച്ചം കെട്ട ബസ് സ്റ്റാന്റുകളും കുപ്പ വാരാത്ത തെരുവുകളും എല്ലാം ചേര്‍ന്നു പുരാതനവും അതിപുരാതനവുമായ ജീര്‍ണ്ണാവസ്ഥയിലേക്ക് നഗരം കൂപ്പുകുത്തുന്ന വേളയിലാണ് തൃണമൂലിന്റെ രാഷ്ട്രീയവിജയം ശക്തിപ്പെടുന്നത്. അധികാരത്തിലേറുന്നതിനു യഥാര്‍ത്ഥത്തില്‍ സിംഗൂരും നന്ദിഗ്രാമും ചെറിയ കാരണമായി എന്നുമാത്രമേയുള്ളൂ. അങ്ങനൊരു അവസരത്തിനായി തക്കം പാര്‍ത്തിരുന്ന വ്യക്തിയായിരുന്നു ഒരുകാലത്ത് കോണ്‍ഗ്രസ്സ് എം. പിയായും ബംഗാള്‍ യുവ കോണ്‍ഗ്രസ്സിന്റെ ചീറ്റയായും വിലസിയ മമതാ ബന്ദോപാദ്ധ്യായ. 2009-ലെ ലോക്സഭാ ഇലക്ഷനിലും 2010-ലെ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും വിജയം നേടി ചുവടുറപ്പിച്ചാണ് തൃണമൂല്‍ 2011-ല്‍ ആകെയുള്ള 294 സീറ്റില്‍ 187-ഉം നേടി അധികാരത്തിലേറുന്നത്. പാര്‍ട്ടി രൂപീകരിച്ച് ഒരു വ്യാഴവട്ടം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തിന്റെ അധികാരം പിടിക്കുന്ന നിലയിലേക്ക് തൃണമൂല്‍ വളര്‍ന്നത് മമത എന്ന ഒറ്റ വ്യക്തിയുടെ ഇച്ഛാശക്തിയിലൂടെയാണ്. അതോടെ അമ്പരപ്പിലാകുക മാത്രമല്ല, മനശ്ശക്തി തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് സി.പി.എം എത്തി. അവിടെനിന്നാണ് 2024-ലെ ഇലക്ഷനെ നേരിടാനുള്ള ഒരുക്കത്തിലേക്ക് ബംഗാളിലെ ഇടതുപാര്‍ട്ടികള്‍ നടന്നടുത്തുകൊണ്ടിരിക്കുന്നത്. 

പശ്ചിമ ബംഗാള്‍ എന്നാല്‍ വലിയൊരു ഗ്രാമമാണ്. വിഷപ്പാമ്പുകളും ആരോഗ്യദായനികളായ ഇലവര്‍ഗ്ഗങ്ങളും ധാരാളമുള്ള വലിയൊരു ചതുപ്പാണ് ബംഗാള്‍ സംസ്ഥാനമെന്നു പറയാം. അതില്‍ വേറിട്ടുനില്‍ക്കുന്നത് കൊല്‍ക്കത്ത എന്ന നഗരം മാത്രമാണ്. പണ്ടൊക്കെ കൊല്‍ക്കത്തയില്‍ എന്തു നടക്കുന്നു എന്നത് ബംഗാളിന്റെ വിദൂരസ്ഥമായ ജില്ലകളിലെ ഗ്രാമങ്ങളില്‍ അറിയാറുപോലുമില്ല. അവിടേക്ക് പത്രങ്ങളോ ടെലിവിഷനുകളോ വാര്‍ത്തകള്‍ എത്തിച്ചിരുന്നില്ല. അതിനുള്ള വഴികളോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടാക്കിയിരുന്നുമില്ല. ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ വ്യാപനത്തിനുശേഷം സ്ഥിതി മാറിയിട്ടുണ്ട്. എന്നാല്‍, 2011-നു മുന്‍പ് അതായിരുന്നില്ല അവസ്ഥ. കൊല്‍ക്കത്തയും സിലിഗുഡിയും ഡാര്‍ജലിങും പോലുള്ള ഏതാനും നഗരങ്ങള്‍ കഴിഞ്ഞാല്‍ വന്‍നഗരങ്ങള്‍ ഇല്ലെന്നു പറയാവുന്ന സംസ്ഥാനമാണ് ബംഗാള്‍. ഈ അവസ്ഥയില്‍ ഗ്രാമങ്ങളില്‍ എന്തുനടക്കുന്നു എന്നത് നഗരത്തിലോ നഗരത്തില്‍ എന്തു നടക്കുന്നു എന്നത് ഗ്രാമങ്ങളിലോ എത്താതിരിക്കുന്ന സ്ഥിതി സാധാരണമായിരുന്നു. സംസ്ഥാനത്തിന്റെ ആകെയുള്ള വിസ്തീര്‍ണ്ണത്തിന്റെ ചെറിയൊരു അംശം മാത്രമേ നഗരാവസ്ഥകളില്‍ ഉള്‍പ്പെടുന്നുള്ളൂ. ബാക്കി മുഴുവന്‍ കൃഷി നടക്കുന്ന സ്ഥലങ്ങളും ചതുപ്പുകളും കുളങ്ങളുമാണ്. 

34 വര്‍ഷത്തെ ഭരണത്തിന്‍ കീഴില്‍ എന്തുകൊണ്ട് ബംഗാളിന്റെ ഉന്നമനം സാധ്യമാക്കാനായില്ല എന്ന ചോദ്യം ഇന്നും കേരളത്തിലെ ജനങ്ങള്‍ ചോദിക്കാറുണ്ട്. അത് കേരളത്തെ ബംഗാളിനോട് താരതമ്യം ചെയ്തു ചിന്തിക്കുന്നതുകൊണ്ടാണ്. കേരളമല്ല ബംഗാള്‍. സുഗമവും തുടര്‍ച്ചയുള്ളതുമായ ഭരണത്തിന് അനുസരണശീലരും ദുര്‍ബ്ബലരുമായ ഒരു കീഴ്ഘടകം അടിസ്ഥാനവര്‍ഗ്ഗത്തില്‍ നിലനില്‍ക്കേണ്ടതുണ്ടെന്ന് നഗരകേന്ദ്രീകൃതമായ ഭരണവ്യവസ്ഥയുടെ ഉള്ളിലിരുന്ന ഇടതുനേതാക്കള്‍ വിചാരിച്ചിട്ടുണ്ടാകണം. കേരളത്തിലിരുന്ന് അങ്ങനെ ചിന്തിക്കാനാവില്ല. എന്നാല്‍ ബംഗാളില്‍ അതിനു സാധിക്കും. അതിനുള്ള കാരണം ബംഗാളിന്റെ സാമൂഹികചരിത്രം പറഞ്ഞുതരും. 

2021ലെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി കൊൽക്കത്തയിലെ തെരുവുകളിലെ ചിത്രീകരണം
2021ലെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി കൊൽക്കത്തയിലെ തെരുവുകളിലെ ചിത്രീകരണം

സ്വാതന്ത്ര്യസമര കാലത്തും അതിനുമുന്‍പെയും ഇന്ത്യയിലുടനീളം ആഞ്ഞുവീശിയ നവോത്ഥാനത്തിന്റേയും സാംസ്‌കാരിക വിപ്ലവങ്ങളുടേയും കാറ്റിനു കാരണക്കാരായ ഒട്ടേറെ ബംഗാളികള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പേര് മാത്രമേ ബംഗാള്‍ ജനതയില്‍ ആവേശിച്ചുള്ളൂ. അവര്‍ മറ്റെല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ടാക്കിയ മാറ്റത്തിന്റെ വലിയ ചലനങ്ങള്‍ സ്വന്തം സംസ്ഥാനത്തില്‍ കാര്യമായി പ്രതിഫലിപ്പിച്ചില്ലെന്നു പറയാം. എന്നാല്‍, അവരുടെ ശ്രമങ്ങളുടെ ഫലം ഇന്ത്യന്‍ സമൂഹത്തില്‍ ഗുണം കണ്ടു. സമൂഹം ഉണര്‍ന്നെഴുന്നേറ്റു. ഈ നവോത്ഥാന നീക്കങ്ങള്‍ ബംഗാളില്‍ ഗുണം പിടിക്കാതെ പോയതിനു വലിയ പരിധിവരെ ഇവിടുത്തെ ജനതയുടെ മനോഭാവവും അവരുടെ പിന്നിലെ ദീര്‍ഘമായ ചരിത്രപശ്ചാത്തലവും ഉത്തരവാദികളാണ്.

അയ്യന്‍കാളി തുടങ്ങിവച്ച മാറ്റങ്ങളുടെ കൊടി കയ്യിലേന്തിയവരാണ് മലയാളികള്‍. അത്തരമൊരു ചുമതലാബോധം ബംഗാളികള്‍ എല്ലാക്കാര്യത്തിലും കാണിച്ചില്ലെന്നുവേണം കരുതാന്‍. അതോടൊപ്പമുള്ളതാണ് ബംഗാളിക്കു സ്ഥായിയായിട്ടുള്ള അലസതയും മടിയും. ഇരുന്നിടത്തുനിന്നും എഴുന്നേറ്റുപോയി വെള്ളമെടുക്കാനുള്ള മടികാരണം ദാഹിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ബംഗാളിയാണ് തിരുത്താനുള്ള അവസരം ഇടയില്‍ നല്‍കാതെ ഇടതുഭരണത്തിനു മൂന്നു പതിറ്റാണ്ട് നല്‍കാന്‍ അവസരമൊരുക്കിയത്. അതിന്റെ ഫലമായിരുന്നു മുന്നേ സൂചിപ്പിച്ച മുനിഞ്ഞു കത്തുന്ന തെരുവുവിളക്കുകളും പൊട്ടിപ്പൊളിഞ്ഞ നിരത്തുകളും കുപ്പ കുമിഞ്ഞ തെരുവുകളും ചീഞ്ഞുനാറുന്ന, മണം പരക്കുന്ന നഗരവീഥികളുമൊക്കെ. ഗ്രാമങ്ങളില്‍ ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയും പെരുകിക്കൊണ്ടിരുന്നു. ഇതിനെല്ലാമിടയില്‍ രണ്ടായിരാമാണ്ടിനുശേഷം ലോകവും മാറാന്‍ തുടങ്ങിയിരുന്നു. എല്ലാം ചേര്‍ന്ന ആക്കത്തിലാണ് അവസരം നോക്കിയിരുന്ന മമത ബന്ദോപാധ്യായയ്ക്ക് നറുക്ക് വീണുകിട്ടിയത്. ഇതില്‍ കുറ്റം പറയാന്‍ സാധിക്കുന്നത് മാറാത്ത ബംഗാളി മനസ്സിനേയും ഭാവിയെ സ്വീകരിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്താതിരുന്ന ഇടതുപക്ഷത്തേയുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് എന്ന നവാഗതയായ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച ബോധ്യം വന്നിട്ടോ മമത എന്ന വ്യക്തിയുടെ വ്യക്തിഗുണങ്ങളോടുള്ള ആരാധനമൂലമോ ആയിരുന്നില്ല ഭരണമാറ്റം. അലസതയെ ചെറുക്കാന്‍ കഴിയാതെപോയ സന്ദര്‍ഭത്തില്‍ സംസ്ഥാനം ജീര്‍ണ്ണിക്കാന്‍ തുടങ്ങുകയും സഹികെട്ടു എന്നു പറയാവുന്ന വിധത്തിലേക്ക് ബംഗാളി ജനതയുടെ മനസ്സ് എത്തിച്ചേരുകയും ചെയ്തപ്പോള്‍ നിമിത്തംപോലെ നന്ദിഗ്രാമും സിംഗൂരും സംഭവിച്ചു എന്നു കരുതാം. 

കേരളവും ബംഗാളുമായി താരതമ്യത്തിനു മുതിരാന്‍ ഒരുപാട് അവസരങ്ങളില്ല എന്നത് നാം വൈകി മനസ്സിലാക്കിയ കാര്യമാണ്. ഇപ്പോഴും മലയാളിക്കത് പൂര്‍ണ്ണമായും മനസ്സിലായിട്ടുണ്ടോ എന്നു സംശയമാണ്. ദീര്‍ഘമായി ഉപന്യസിക്കേണ്ട വിഷയമായതിനാല്‍ ഇപ്പോഴതിനു മുതിരുന്നില്ല. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായ കാലം മുതല്‍ അതിനു സുശക്തമായ ഘടനയും പരിപാടികളും അച്ചടക്കവും ദീര്‍ഘവീക്ഷണവുമുണ്ട്. തൊട്ടടുത്ത നാലോ അഞ്ചോ തലമുറ വരെയുള്ള നേതാക്കളെ വാര്‍ത്തെടുത്താണ് കാലാകാലങ്ങളില്‍ പാര്‍ട്ടി മുന്നോട്ടു പോയിട്ടുള്ളതും. അത്തരത്തിലുള്ള സംഘടനാബോധവും സംഘടനാതത്ത്വങ്ങളും സ്വീകരിക്കാന്‍ സ്വതസിദ്ധമായ മടി മൂലം ബംഗാളിലെ പാര്‍ട്ടി വൈകി എന്നു പറഞ്ഞല്ലോ. കേരളത്തില്‍ പാര്‍ട്ടിക്കുള്ള ബ്രാഞ്ചുകള്‍ എന്നത് പാര്‍ട്ടിശരീരത്തിന്റെ ഉറച്ച കാലുകളാണ്. ബംഗാളിലും അത്തരം ബ്രാഞ്ചുകളും കമ്മിറ്റികളും സി.പി.എമ്മിനുണ്ടെങ്കിലും അത്തരത്തിലുള്ളവ രൂപീകരിച്ചെടുക്കുന്നതിനു വേണ്ടത്ര സമയം കിട്ടാതെയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തുന്നത്. അധികാരം കിട്ടിയതോടെ തൃണമൂല്‍ സംസ്ഥാന വ്യാപകമായി സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ കയ്യേറുകയും നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള സാധാരണ വിനോദത്തിനുള്ള ക്ലബ്ബുകള്‍ കയ്യടക്കുകയും ചെയ്തു. അതോടെ ആ ചെറിയ പാര്‍ട്ടിക്ക് സംസ്ഥാനത്തുടനീളം വേരുകളുണ്ടായി. തന്റേടിയും മുന്‍കോപക്കാരിയും സ്ഥൈര്യമുള്ളവളുമായ ഒരു സ്ത്രീയുടെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തന പാരമ്പര്യത്തില്‍ ഊന്നിയുണ്ടായിട്ടുള്ള വാശിയുടെ ഒരു രൂപം എന്ന നിലയിലേ അതുവരെ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ബംഗാളില്‍ സ്ഥാനമുണ്ടായിരുന്നുള്ളൂ. ആ ചിത്രമാണ് പാടെ മാറിപ്പോയത്. 

നന്ദി​ഗ്രാമിലെ അതിക്രമത്തെ തുടർന്ന് കൊൽക്കത്തയിലെ ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ച സാഹ്യത പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ. 2007ലെ ചിത്രം
നന്ദി​ഗ്രാമിലെ അതിക്രമത്തെ തുടർന്ന് കൊൽക്കത്തയിലെ ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ച സാഹ്യത പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ. 2007ലെ ചിത്രം

കല-സാഹിത്യം ക്ഷേമപദ്ധതികള്‍

സി.പി.എമ്മിനു മുന്നില്‍ അധികാരം പിടിച്ചടക്കാനിടയില്ലാത്ത ഒരു പ്രാദേശിക പാര്‍ട്ടി എന്ന നിലയില്‍ അതുവരെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന തൃണമൂല്‍ ഇങ്ങനെ ശക്തിപ്പെട്ടതോടെ ബംഗാളിന്റെ മുക്കിലും മൂലയിലുമുള്ള ഇടത് അണികളും അനുഭാവികളും നിവൃത്തിയില്ലാതെ വേഷം മാറാന്‍ തുടങ്ങി. മമത സര്‍ക്കാര്‍ ആദ്യമിറക്കിയ കാര്‍ഡുകളിലൊന്ന് പണമെറിഞ്ഞുള്ള കളിയാണ്. കളിയെന്നു വെറുതെ പറഞ്ഞതല്ല. നഗര-ഗ്രാമങ്ങളില്‍ ധാരാളം ക്ലബ്ബുകള്‍ ബംഗാളിലുണ്ട്. ഒരു കാരംബോര്‍ഡും കൂടിയാലൊരു ചെസ് ബോര്‍ഡും അധികമായിട്ടുള്ള ഇത്തരം ക്ലബ്ബുകളില്‍ ഏറിയപങ്കും നടക്കുന്നത് സാധാരണ ചീട്ടുകളിയാണ്. സ്വന്തമായി കെട്ടിടം പോലുമില്ലാത്ത ഇത്തരത്തിലുള്ള ക്ലബ്ബുകള്‍ക്കെല്ലാം രണ്ടുലക്ഷം രൂപ വീതം കൊടുത്തതോടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിക്ക് ആളുണ്ടാകാനും മുക്കിലും മൂലയിലും അര്‍ത്ഥമുണ്ടാകാനും തുടങ്ങി. അധികാരം കിട്ടിയശേഷം അതുവരെ ഭരിച്ചിരുന്ന സി.പി.എമ്മിന്റെ അംഗങ്ങളെ തല്ലിയൊതുക്കിയും പാര്‍ട്ടിയാഫീസുകള്‍ പിടിച്ചെടുത്ത് കൊടി നാട്ടിയും തൃണമൂല്‍ തുടങ്ങിയ പണവും മെയ്ക്കരുത്തും വച്ചുള്ള കളിയാണ് പലതരം കോഴക്കേസുകളും അറസ്റ്റുകളും ജയില്‍വാസവും താണ്ടി ഇന്നുവരെ എത്തിനില്‍ക്കുന്നത്. 

സാധാരണക്കാരുടേയും ഇടതാഭിമുഖ്യമുള്ളവരുടേയും ചിന്തകളെ ഇളക്കുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് പിന്നീടുള്ള ബംഗാള്‍ സാക്ഷിയായത്. ഭൂപരിഷ്‌കരണനിയമം കൊണ്ടുവന്നത് മാറ്റിനിര്‍ത്തിയാല്‍ പിന്നീട് ഇടതുസര്‍ക്കാര്‍ നടപ്പാക്കാന്‍പോലും ആലോചിക്കാതിരുന്ന പദ്ധതികളും പണം വാരിയെറിഞ്ഞുള്ള വികസനപ്രക്രിയകളും ഓരോന്നായി സംസ്ഥാനം കാണാന്‍ തുടങ്ങി. ബഹുനിലകളില്‍ പണിതുയര്‍ത്തുന്ന ആശുപത്രികളും ഫയര്‍ഫോഴ്സിനുള്ള കെട്ടിടങ്ങളും കിസാന്‍ ബണ്ടികളും ഒന്നിനുപിറകെ ഒന്നായി ഉണ്ടായി. പലതും ക്രമേണ പ്രവര്‍ത്തനരഹിതമായി മാറുകയും ജനങ്ങള്‍ക്ക് ഉപകാരമില്ലാത്തതായി തീരുകയും ചെയ്തതോടെ അതിനു പിന്നിലുണ്ടായിരുന്ന അഴിമതിയുടെ വിവരങ്ങളും പുറത്തുവന്നു തുടങ്ങി. സംസ്ഥാനത്ത് അങ്ങനെ നടക്കുമ്പോള്‍ ഉച്ചപ്രാന്തു കയറിയ ഒരു സ്ത്രീയുടെ വിറളിപിടിച്ചുള്ള നെട്ടോട്ടം എന്ന് ഭൂരിഭാഗം ബംഗാളികളും അതുവരെ പരിഹസിച്ചിരുന്ന മമത ബന്ദോപാധ്യായ മെല്ലെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടുന്ന രാഷ്ട്രീയ വ്യക്തിത്വമായി മാറി. 

ആദ്യകാലത്ത് ക്ലബ്ബുകളെ കയ്യിലെടുത്തതുപോലെ മമതാ സര്‍ക്കാര്‍ കയ്യിലെടുക്കാന്‍ നോക്കിയത് നാടന്‍ കലാകാരന്മാരെയാണ്. കൊല്‍ക്കത്താ നഗരത്തിലെ ഏതാനും പരിഷ്‌കാരികളായ കലാകാരന്മാരെ മാറ്റിനിര്‍ത്തിയാല്‍ ഗ്രാമങ്ങളിലെങ്ങുമുള്ളവര്‍ ഭൂരിപക്ഷവും ദരിദ്രരോ അതിദരിദ്രരോ ആണ്. അവര്‍ക്കുവേണ്ടി ലോക് പ്രസാര്‍ പ്രഗത്ഭ എന്നൊരു ക്ഷേമപദ്ധതി സര്‍ക്കാര്‍ നടപ്പാക്കി. 18 വയസ്സിനും 60 വയസ്സിനും ഇടയില്‍ കലാവൈദഗ്ദ്ധ്യം കാണിക്കാന്‍ ശേഷിയുള്ള നാടോടി കലാകാരന്മാര്‍ക്കും പാട്ടുകാര്‍ക്കും പ്രതിമാസം 1000 രൂപയും അംഗത്വമുള്ള കലാകാരന്റെ ഓരോ സ്റ്റേജ് പരിപാടിക്കും 1000 രൂപയും നല്‍കുന്ന ക്ഷേമപദ്ധതിയാണിത്. കലാപ്രവര്‍ത്തനം നടത്താന്‍ ആവതില്ലാത്ത 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 1000 രൂപ പെന്‍ഷന്‍ കൊടുക്കും. മമത സര്‍ക്കാന്‍ നടത്തുന്ന പരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നത് ലോക് പ്രസാര്‍ പ്രഗത്ഭയില്‍നിന്നും പണം പറ്റുന്നവരായി മാറി. കലാവതരണത്തിനുള്ള കൂടുതല്‍ പ്രാദേശിക അവസരങ്ങളും അവര്‍ കൈകാര്യം ചെയ്യുന്ന കലകളുടെ സുസ്ഥിരമായ നിലനില്‍പ്പുമാണ് അതിലൂടെ സാധ്യമാക്കുന്നതെന്ന് സര്‍ക്കാര്‍ ഭാഷ്യം. കലയിലൂടെ സര്‍ക്കാരിനേയും മമതയേയും സ്തുതിക്കുക എന്ന കാര്യമാണ് ഈ കലാകാരന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബംഗാളിലെ ദാരിദ്ര്യത്തെക്കുറിച്ച് കേട്ടറിവുള്ളവര്‍ക്ക് ഈ 1000 രൂപയുടെ വലുപ്പവും അതിനുവേണ്ടി സ്തുതിക്കാനുള്ള മടിയില്ലായ്മയും മനസ്സിലാകും. ഏതാണ്ട് രണ്ടു ലക്ഷത്തോളം പേരാണ് ഈയിനത്തില്‍ ജീവിച്ചുപോകുന്നത്. ഇതു സംസ്ഥാനത്തുടനീളം ഉണ്ടാക്കിയ പ്രതികരണം മോശമായിരുന്നില്ല. ക്ലബ്ബുകള്‍ക്ക് പിന്നീട് സര്‍ക്കാര്‍ ധനസഹായം കൊടുത്തില്ലെങ്കിലും ഈ ക്ലബ്ബുകളിലെ അംഗങ്ങളുടെ ചുമതല എന്നത് ക്ലബ്ബ് ഇരിക്കുന്ന പ്രദേശത്തെ ആളുകളെ തൃണമൂലിനോട് ചേര്‍ക്കുക എന്നതും തൃണമൂലില്‍നിന്നും വിട്ടുപോകാതെ സംരക്ഷിക്കുക എന്നതുമായി മാറി. അതോടൊപ്പം പൂജാപന്തലുകളുടെ കമ്മറ്റികള്‍ക്ക് അരലക്ഷം വീതം ധനസഹായം നല്‍കുന്ന സമ്പ്രദായവും ആരംഭിച്ചു. അടുത്തകാലത്തത് 60,000 രൂപയായി ഉയര്‍ത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി കഠിനമായ ചിട്ടകളോടെ നിലനിര്‍ത്തിയിരുന്ന ഒരു സംഘടനാ സംവിധാനമാണ് മമത ബന്ദോപാധ്യായ എന്ന മമതാ ബാനര്‍ജി പണം കൊടുത്ത് നിഷ്പ്രയാസം നേടിയെടുത്തത്. അവിടെ ആരംഭിച്ച പണം വെച്ചുള്ള കളിയുടെ പുതിയ ഭാഷ്യങ്ങളും ഫലങ്ങളുമാണ് ഇപ്പോള്‍ നാം ബംഗാളില്‍നിന്നുള്ള വാര്‍ത്തകളായി മാധ്യമങ്ങളിലൂടെ അറിയുന്നത്. 

ബാബുൽ സുപ്രിയോ
ബാബുൽ സുപ്രിയോ

ഭരണമുറപ്പിക്കുന്നതിനായി ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും മമതാ സര്‍ക്കാര്‍ ചെയ്തത് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ്. കന്യാസ്ത്രീ, രൂപശ്രീ, ശിക്ഷാശ്രീ തുടങ്ങി കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പാരംഭിച്ച ലക്ഷ്മിര്‍ ഭണ്ഡാര്‍ വരെയുള്ള പദ്ധതികള്‍ പേര് സൂചിപ്പിക്കുന്നതുപോലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ളതാണ്. 13 വയസ്സു മുതല്‍ 18 വയസ്സു വരെ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 500 രൂപ പ്രതിമാസം കൊടുക്കുന്ന പദ്ധതിയാണ് കന്യാസ്ത്രീ. 18 വയസ്സിനുശേഷവും പഠനം തുടരുന്ന പെണ്‍കുട്ടികള്‍ക്ക് 25000 രൂപയും ഒറ്റത്തവണയായി സര്‍ക്കാര്‍ കൊടുക്കും. 18 ലക്ഷത്തോളം പെണ്‍കുട്ടികള്‍ 500 രൂപയുടെ വാര്‍ഷിക സഹായം നേടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്നര ലക്ഷം പെണ്‍കുട്ടികള്‍ ഒറ്റത്തവണ കൊടുക്കുന്ന ഗ്രാന്റിനു പ്രതിവര്‍ഷം അര്‍ഹമാകുന്നുണ്ടെന്നും സര്‍ക്കാര്‍ രേഖകള്‍ സൂചിപ്പിക്കുന്നു. ഒന്നര ലക്ഷം രൂപയിലധികം വാര്‍ഷികാദായമില്ലാത്ത നിര്‍ദ്ധന കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിന് 25000 രൂപ കൊടുക്കുന്ന പദ്ധതിയാണ് രൂപശ്രീ പ്രഗത്ഭ. താന്‍ മുന്‍പ് വിവാഹിതയായിട്ടില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ വിവരങ്ങളോടെ പെണ്‍കുട്ടി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. 2018-ല്‍ ആരംഭിച്ച ഈ പദ്ധതി ബംഗാളിലെ എല്ലാ ജില്ലകളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അഞ്ച് മുതല്‍ എട്ടുവരെ പഠിക്കുന്ന പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്കു പഠിക്കാനായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് സ്‌കീമാണ് ശിക്ഷാശ്രീ. ഇതെല്ലാം സര്‍ക്കാരിനുണ്ടാക്കി വയ്ക്കുന്ന സാമ്പത്തിക ബാധ്യതകളെ മറികടന്ന് വികസന പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ സര്‍ക്കാരിനിപ്പോള്‍ കഴിയുന്നില്ല എന്നത് ഭരണപരമായ പുതിയ പ്രതിസന്ധിയാണ്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുണ്ടാക്കിയ കനത്ത വെല്ലുവിളിയെ നേരിടാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പരിപാടിയാണ് ലക്ഷ്മിര്‍ ഭണ്ഡാര്‍. പ്രതിമാസം 500 രൂപ മുതല്‍ 750 രൂപ വരെ സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും നല്‍കുന്ന പരിപാടിയാണിത്. ബി.ജെ.പിയുടേയും മറ്റു പാര്‍ട്ടികളുടേയും ശ്രദ്ധ അധികം പതിയാതെ കിടന്നവരാണ് ബംഗാളിലെ സ്ത്രീ വോട്ടര്‍മാര്‍. ഓരോ ഇലക്ഷനിലും സ്ത്രീയെന്ന തന്റെ സ്ഥാനവും കാളിയോട് ബംഗാളിലെ സ്ത്രീകള്‍ പുലര്‍ത്തിവരുന്ന ഭക്തിയും സംയോജിപ്പിച്ച് വോട്ടുറപ്പിക്കാനിറങ്ങുന്ന മമത ബന്ദോപാധ്യായ കഴിഞ്ഞ തെരഞ്ഞെടുപ്പിനു പ്രധാനമായും അഭിസംബോധന ചെയ്തത് സ്ത്രീ വോട്ടര്‍മാരെയാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്‍കിയ പണം തിരികെ വോട്ടായി കിട്ടുന്നുണ്ടെങ്കിലും അത് സര്‍ക്കാരിനുണ്ടാക്കുന്ന ബാധ്യത ചില്ലറയല്ല. 15,000 കോടി രൂപയാണ് ലക്ഷ്മി ഭണ്ഡാറിനായി സര്‍ക്കാര്‍ അധികം കണ്ടെത്തേണ്ടത്. കേന്ദ്രം മരവിപ്പിക്കുന്നതും കൊടുക്കാതെ വയ്ക്കുന്നതുമായ ഫണ്ട് കൂടി ഇല്ലാതാകുമ്പോള്‍ സംസ്ഥാനം സ്വന്തം നിലയില്‍ വികസനത്തിനുള്ള പണം കണ്ടെത്തേണ്ടതായി വരുന്നു. ഇത് സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണവും നവീകരണവും മുതല്‍ റോഡു നിര്‍മ്മാണവും നന്നാക്കലും വരെയുള്ള കാര്യങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഇക്കാരണത്താല്‍ സംസ്ഥാനത്തുടനീളം പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും മുടങ്ങിക്കിടക്കുന്നുമുണ്ട്. 

വീട്ടുപടിക്കല്‍ അഞ്ചു കിലോ റേഷനരി എത്തിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ മമത ശ്രമിച്ചെങ്കിലും ഹൈക്കോടതിയില്‍നിന്നും സമീപകാലത്ത് തിരിച്ചടി കിട്ടിയതോടെ പദ്ധതി ഏറെക്കുറെ പ്രതിസന്ധിയിലായി. റേഷന്‍ ഡീലര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ എതിര്‍പ്പ് വേറെയും. പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി റേഷന്‍ ഡീലര്‍മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം അരി വിതരണത്തിനുള്ള വാഹനം വാങ്ങുന്നതിനു പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10,000 രൂപ മാസശമ്പളത്തില്‍ രണ്ട് ഡെലിവറി സ്റ്റാഫിനെ നിയമിക്കാനും ആ ശമ്പളത്തുക നല്‍കുന്നതിനായി സര്‍ക്കാരും റേഷന്‍ കടയുടമയും 5000 രൂപ വീതം എടുക്കാമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ വമ്പിച്ച എതിര്‍പ്പുമായി റേഷന്‍ വ്യാപാരികള്‍ രംഗത്തെത്തി. കേസ് കോടതിയിലേക്ക് നീങ്ങുകയും ഈ പദ്ധതി നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ടിനു നിരക്കാത്തതാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തതോടെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നു പറഞ്ഞിരിക്കുകയാണ്. 

മുഹമ്മദ് സലീം
മുഹമ്മദ് സലീം

ഇവിടുത്തെ ചോദ്യം സൗജന്യങ്ങളിലൂടെയും പണവിതരണത്തിലൂടെയും ഒരു സര്‍ക്കാരിന് എത്രകാലം മുന്നോട്ടുപോകാനാവും എന്നതാണ്. പുതിയ റോഡുകളും കുടിവെള്ളവഴികളും സ്‌കൂളുകളും യൂണിവേഴ്സിറ്റികളും മെഡിക്കല്‍ കോളേജുകളും ഐ.ടി.ഐകളും ആരംഭിക്കുന്നുണ്ടെങ്കിലും അവ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനങ്ങളിലേക്കെത്തുന്നത് വിരളമാണ്. മികച്ച ഡോക്ടര്‍മാരുടെ അഭാവം ആരോഗ്യമേഖലയേയും പണം വാങ്ങിയുള്ള അദ്ധ്യാപക നിയമനം വിദ്യാഭ്യാസ മേഖലയേയും ഏറെക്കുറെ നിശ്ചലമാക്കിയിട്ടുണ്ട്. അതുകൂടാതെയാണ് സ്‌കൂള്‍ അദ്ധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദു ചെയ്യുന്നതിനു വാങ്ങുന്ന കൈക്കൂലി. ജില്ലാ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകര്‍ ദൂരഗ്രാമങ്ങളിലേക്കുള്ള സ്ഥലംമാറ്റത്തെ റദ്ദ് ചെയ്യിപ്പിക്കും. അതിനായി വേണ്ടപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം കോഴ നല്‍കിയാല്‍ മതിയാകും. ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ ഇല്ലാത്തതിനു കാരണമിതാണ്. സംസ്ഥാനത്തുടനീളമുള്ള കോളേജുകളില്‍ ആകെ 37 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നു പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിദ്യാഭ്യാസരംഗം തകര്‍ന്നതിനാല്‍ സ്വകാര്യ ട്യൂഷനെ ആശ്രയിച്ചാണ് യൂണിവേഴ്സിറ്റികളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ പരീക്ഷകളെ നേരിടുന്നത്. 

നിയമനം എന്നാല്‍ അഴിമതി എന്നാണ് പുതിയ ബംഗാളിലെ സാഹചര്യം. അടിതൊട്ട് മുടിവരെ സംഘടിതമായി നടക്കുന്ന ഏര്‍പ്പാടായി ബംഗാളിലെ അഴിമതി മാറിക്കഴിഞ്ഞു. ഇത്രത്തോളം കോഴയിലും അഴിമതിയിലും മുങ്ങിക്കുളിച്ച മറ്റൊരു സംസ്ഥാനം ഉണ്ടോയെന്നു തോന്നിപ്പിക്കുന്ന മട്ടിലാണ് ഇപ്പോള്‍ ബംഗാള്‍ നീങ്ങുന്നത്. ആര്‍ക്കും കേറി അഴിഞ്ഞാടാവുന്ന അഴിമതിയുടെ ആഴവും പരപ്പും മനസ്സിലാക്കണമെങ്കില്‍ പറ്റിക്കപ്പെടുന്നവരില്‍ ഇവിടുത്തെ എം.എല്‍.എമാരും കൗണ്‍സിലര്‍മാരും മറ്റു ചെറുകിട നേതാക്കളും കൂടിയുണ്ടെന്നറിയണം. കഴിവും പ്രാഗത്ഭ്യവും വിദ്യാഭ്യാസവുമുള്ള നേതാക്കള്‍ വിരളമായതിനാലാണ് ഇതു സംഭവിക്കുന്നത്. താഴെത്തട്ടിലേക്കെത്തുമ്പോള്‍ അജ്ഞതയുടെ പരപ്പ് വിസ്തൃതമാകും. കയ്യൂക്ക് കാണിക്കാനും മമതയെ കാല്‍വണങ്ങി സ്തുതിക്കാനും മടിയില്ലാത്തവര്‍ മാത്രമാണ് പാര്‍ട്ടിയുടെ നേതാക്കള്‍. അവരും തട്ടിപ്പുകാരുടെ ഇരകളാണ്. തട്ടിപ്പിനിരയാകുന്ന കാര്യം പലരും പുറത്തറിയിക്കാതെ രഹസ്യമാക്കി വയ്ക്കുന്നു എന്നുമാത്രം. ഏതു വേദിയിലും മമതയെ പ്രകീര്‍ത്തിക്കുക എന്ന മിനിമം പരിപാടി നടപ്പാക്കുന്നവരായി അണികളും പ്രാദേശിക നേതാക്കളും മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ മമതയ്ക്ക് സ്വന്തം നിഴലിനെപ്പോലും ചില നേരങ്ങളില്‍ മനസ്സിലാകാതെ വരുന്നു എന്ന അവസ്ഥയുമുണ്ട്. 

നഷ്ടമാകുന്ന രാഷ്ട്രീയധാര്‍മികത

പ്രത്യയശാസ്ത്രമോ രാഷ്ട്രീയ ധാര്‍മ്മികതയോ ഇല്ലാത്ത പാര്‍ട്ടിയാണ് തൃണമൂലെന്നതിന് ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. മുന്‍ മേയറും കാബിനറ്റ് മന്ത്രിയുമായിരുന്ന സുബ്രതോ മുഖര്‍ജി 75-ാം വയസ്സില്‍ മരിച്ചപ്പോള്‍ ബാലിഗഞ്ച് മണ്ഡലത്തില്‍ നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാക്കിയത് 2021-ല്‍ ബി.ജെ.പി വിട്ടുവന്ന ബാബുല്‍ സുപ്രിയോയെ ആണ്. തൊണ്ണൂറുകളുടെ മധ്യത്തില്‍ ഹിന്ദി ചലച്ചിത്രഗാനങ്ങള്‍ പാടി പൊതുരംഗത്തെത്തിയ ബാബുല്‍ സുപ്രിയോ 2014-ലാണ് ബി.ജെ.പിയില്‍ ചേരുന്നതും മന്ത്രിസഭയില്‍ അംഗമാകുന്നതും. 2021-ല്‍ തൃണമൂലില്‍ എത്തിയ ബാബുല്‍ ബാലിഗഞ്ച് അസംബ്ലിയില്‍ എം.എല്‍.എ ആകുകയും രണ്ടു മാസം മുന്‍പു നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ബംഗാളിലെ ഐ.ടി-ഇലക്ട്രോണിക്‌സ്- ടൂറിസം മന്ത്രിയാകുകയും ചെയ്തു. ടി.എം.സി പാര്‍ട്ടിയില്‍ എന്തും നടക്കും എന്നതിന്റെ സമീപകാല ഉദാഹരണമായി ഇതിനെ കാണാം. ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലും കാര്യമായ എതിര്‍പ്പുണ്ടാകുന്നില്ല. അണികളിലും. ഒറ്റയാളില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ വര്‍ത്തമാനകാല ചിത്രമാണിത്. പാര്‍ട്ടിയും സര്‍ക്കാരും മമത ബന്ദോപാധ്യായയും ഒന്നുതന്നെയായിരിക്കെ പ്രശ്‌നങ്ങളുടെ കേന്ദ്രവും അവ പരിഹരിക്കുന്നതിനുള്ള വഴികളും ഒരാളില്‍ മാത്രമായി ഒതുങ്ങുന്നു. തന്റെ വഴിയെ തനിക്കു സുഗമമായി മുന്നേറാന്‍ സ്വന്തം മരുമകനും പാര്‍ട്ടിയിലെ രണ്ടാമനുമായ അഭിഷേക് ബാനര്‍ജിയെപ്പോലും ഒതുക്കാന്‍ മടി കാണിക്കാത്ത മമത അണികള്‍ക്കും നേതാക്കള്‍ക്കും നല്‍കുന്ന സൂചന വ്യക്തമാണ്. 2024-ല്‍ മമത പ്രധാനമന്ത്രിയാകുമെന്നും അതോടെ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയാകുമെന്നും അഭിഷേക് സ്വപ്നം കാണുന്നത് നടക്കാനിടയില്ലാത്ത കാര്യമാണ്. അതു നടന്നാലും നടന്നില്ലെങ്കിലും തന്നെ മറികടന്നുകൊണ്ടുള്ള മുന്നേറ്റം നടത്താന്‍ ഇപ്പോളാരും വളര്‍ന്നിട്ടില്ലെന്ന സൂചനയാണ് അഭിഷേകിനെ ഒതുക്കിയതിലൂടെ മമത കുടുംബത്തിനകത്തും പാര്‍ട്ടിക്കകത്തും നല്‍കുന്നത്. പക്ഷേ, തനിക്കുശേഷം ആര് എന്ന് മുഖ്യമന്ത്രിപോലും സ്വയം ചോദിക്കുന്നുണ്ടാവണം. 

പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും അഴിമതികള്‍ പുറത്തുവരുന്നതും പ്രധാനപ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയില്‍ വരുന്നതും മറുവശത്ത് കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഉപദ്രവിക്കുന്നതും സര്‍ക്കാരിന് ദൈനംദിന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാവാതെ വരുന്നതും പാര്‍ട്ടിയേയും സര്‍ക്കാരിനേയും വലിയ പ്രതിരോധത്തിലാഴ്ത്തും. പ്രഖ്യാപനങ്ങളുടേയും നടപ്പാക്കലുകളുടേയും പുറം പകിട്ടുകള്‍ക്കപ്പുറത്ത് നിഴലിക്കുന്ന യാഥാര്‍ത്ഥ്യം ഇടതു സര്‍ക്കാരിന്റെ തുടര്‍ഭരണകാലത്തെ പാളിച്ചകളിലേക്ക് തൃണമൂല്‍ സര്‍ക്കാരും മെല്ലെ നീങ്ങിത്തുടങ്ങി എന്നുതന്നെയാണ്.
 
ബംഗാളില്‍ സി.പി.എം നാമാവശേഷമാകുകയും അവശേഷിക്കുന്ന പ്രവര്‍ത്തകര്‍ക്കു ധൈര്യത്തോടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്താനാവാതെ വരികയും ചെയ്തപ്പോളാണ് ബി.ജെ.പി കളത്തിലിറങ്ങാന്‍ മുതിരുന്നത്. പ്രതിപക്ഷത്തുണ്ടെങ്കിലും അമ്പേ ദുര്‍ബ്ബലമായ കോണ്‍ഗ്രസ്സിനെ നേരിടാന്‍ കാര്യമായ തയ്യാറെടുപ്പുകള്‍പോലും വേണ്ടെന്നു മനസ്സിലാക്കിയായിരുന്നു ബി.ജെ.പിയുടെ വരവ്. എല്ലാ കണക്കുകൂട്ടലും തെറ്റി ബി.ജെ.പിക്ക് അടിപതറുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാണാനായത്. എന്നാല്‍, ബംഗാളില്‍ ബി.ജെ.പിക്കു പിടിച്ചുനില്‍പ്പ് അസാധ്യമല്ലെന്നാണ് പറയാനാവുക. അതുതന്നെയാണ് നിലവില്‍ ഇടതുമുന്നണിയുടേയും ഒരുപരിധിവരെ തൃണമൂലിന്റേയും ആശങ്കയും. അങ്ങനെയെങ്കില്‍ സി.പി.എമ്മിനെ ഭരണത്തിലേക്ക് തിരിച്ചെത്തിച്ചിട്ടായാലും ബി.ജെ.പിയെ അകറ്റിനിര്‍ത്തണം എന്ന സമീപനം മമത ബന്ദോപാധ്യായ സ്വീകരിക്കുമോ..? അതോ സി.പി.എമ്മിനെ തിരിച്ചെത്തിക്കാതിരിക്കാന്‍ തൃണമൂലിനോട് സന്ധിക്കു തയ്യാറായി ബി.ജെ.പി കളംപിടിക്കുമോ..? അതിനുള്ള സാധ്യത തീരെയില്ലെങ്കിലും. അടുത്തു നടക്കാന്‍പോകുന്ന ലോക്സഭാ ഇലക്ഷനില്‍ പത്തില്‍ കുറയാത്ത സീറ്റ് ബംഗാളില്‍നിന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. ലോക്സഭാ ഇലക്ഷനില്‍ നീക്കുപോക്കുകളോടെ ഏതാനും സീറ്റുകള്‍ നഷ്ടപ്പെടുത്തുന്നതില്‍ തൃണമൂലിനും അതൃപ്തിയുണ്ടാകില്ല. തൃണമൂലും ബി.ജെ.പിയുമായി ഇക്കാര്യത്തില്‍ ധാരണയായാല്‍ അത് ബി.ജെ.പിക്കും തൃണമൂലിനും ഒരുപോലെ നേട്ടമാകും. ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുകയാണെങ്കില്‍ തൃണമൂലിനെ ഉപയോഗിച്ച് സഖ്യം പൊളിക്കാനും ബി.ജെ.പിക്കു ശ്രമം നടത്താം. നിലവില്‍ ബംഗാളില്‍ വിശ്രമമില്ലാതെ വിയര്‍പ്പൊഴുക്കുന്ന ഇ.ഡിയും സി.ബി.ഐയും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും ബി.ജെ.പിയേയും സഹായിക്കുന്നതിനു വേണ്ടുന്നതെല്ലാം ഒരുക്കിക്കൊടുത്ത് തൃണമൂലിനെ സമര്‍ദ്ദത്തിലാക്കിയേക്കാം.

ഇതുവരേയും സി.പി.എമ്മിനോട് വൈരാഗ്യം പുലര്‍ത്തുകയും രാഷ്ട്രീയ എതിരാളിയേയല്ലെന്നു വ്യക്തമായതോടെ പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്തിരുന്ന മമത അടുത്തകാലത്തായി വീണ്ടും സി.പി.എമ്മിനെ പൊതുവേദികളില്‍ പരാമര്‍ശിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള അടവാണിതെന്നും നിരീക്ഷിക്കാവുന്നതാണ്. ക്രമസമാധാനനില പൂര്‍ണ്ണമായും പാലിച്ചുകൊണ്ടും ജനാധിപത്യ മര്യാദകള്‍ അച്ചടക്കത്തോടെ പുലര്‍ത്തിക്കൊണ്ടും തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ സി.പി.എമ്മിന് അധികാരത്തോടടുക്കാനുള്ള സാഹചര്യമുണ്ടെന്നാണ് ചില സൂചനകള്‍ വെളിവാക്കുന്നത്. 2022 ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ അതിശയിപ്പിക്കുന്ന ഒരു ചിത്രം കിട്ടും. ബാലിഗഞ്ച് അസംബ്ലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൊത്തം 47,000 വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട്. തൃണമൂലിന് 55,000 വോട്ടുകള്‍ കുറഞ്ഞപ്പോള്‍ ബി.ജെ.പിക്ക് 18,000 വോട്ടുകള്‍ നഷ്ടമായി. എന്നാല്‍, സി.പി.എമ്മിന് 22,500 വോട്ടുകൂടി. ഇത് ബി.ജെ.പിയെ തടയാനായി വോട്ടര്‍മാര്‍ എടുത്ത തീരുമാനമാണെങ്കില്‍ ബംഗാള്‍ ചുവക്കാനുള്ള സാഹചര്യം ഇല്ലെന്നു പറയാനാവില്ലെന്നു മനസ്സിലാക്കാം. 2021-ല്‍ ബി.ജെ.പി സീറ്റുകള്‍ പിടിക്കാതിരിക്കാന്‍ തൃണമൂല്‍ വോട്ടര്‍മാര്‍ അല്ലാത്തവരും തൃണമൂലിനു വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, 2022-ല്‍ ആ വോട്ടുകള്‍ തിരിച്ച് സി.പി.എമ്മിലേക്കു പോയെന്നു കാണാം. തൃണമൂലിനെ വെറുത്തുതുടങ്ങിയവരും സംസ്ഥാനത്ത് ബി.ജെ.പി ദുര്‍ബ്ബലമായെന്നു തിരിച്ചറിയുന്നവരും സി.പി.എമ്മിനെ വിശ്വസിക്കുന്നുണ്ട്. പക്ഷേ, ഇതൊന്നും പൂര്‍ണ്ണമായും ഇലക്ഷനില്‍ പ്രതിഫലിക്കണമെന്നില്ല. ഉദാഹരണത്തിനു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 30 ശതമാനം വാര്‍ഡുകളില്‍ എതിരില്ലാതെയാണ് ടി.എം.സി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മറ്റു പാര്‍ട്ടിയിലുള്ളവര്‍ക്കു പത്രിക സമര്‍പ്പിക്കാന്‍ വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കിയാണ് ടി.എം.സി ആ 30 ശതമാനം എതിരില്ലാത്ത വിജയികളെ ഉണ്ടാക്കിയത്. മറ്റു പാര്‍ട്ടിക്കാര്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ സാധിച്ച സ്ഥലങ്ങളില്‍ തൃണമൂല്‍ അക്രമം അഴിച്ചുവിടുകയും ചെയ്തു. വ്യാപകമായി കള്ളവോട്ട് ചെയ്യപ്പെട്ട ആ ഇലക്ഷനില്‍ ആകെയുള്ള വോട്ടര്‍മാരുടെ മൂന്നിലൊന്നിനു വോട്ട് ചെയ്യാനായില്ല. 

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് ഇലക്ഷനുള്ള തയ്യാറെടുപ്പുകള്‍ തൃണമൂല്‍ തുടങ്ങിക്കഴിഞ്ഞു. ടി.എം.സിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പൊതുയോഗങ്ങളില്‍ പങ്കെടുത്ത് ഇത്തവണ അക്രമവും ഭീഷണിയുമില്ലാതെ സുഗമമായി തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അതിനര്‍ത്ഥം കഴിഞ്ഞ തവണത്തെ അലങ്കോലങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണോ അതോ അതുതന്നെ ചെയ്യണമെന്നാണോ വ്യംഗ്യമായി ഉദ്ദേശിക്കുന്നതെന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞേ പറയാന്‍ സാധിക്കൂ. എന്തായാലും ഉടന്‍ അഞ്ഞൂറോളം യോഗങ്ങള്‍ നടത്താന്‍ തൃണമൂല്‍ തീരുമാനിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 22-നിടയിലായി ഒരു ബ്ലോക്കില്‍ ഒന്നുവീതം 342 'വിജയസമ്മേളന്‍' യോഗങ്ങളും പാര്‍ട്ടി നടത്തും. പഴയകാല നേതാക്കളടക്കം രണ്ടുപേരെ വീതം ചടങ്ങില്‍ ആദരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് നവംബര്‍ ഒന്ന് മുതല്‍ മഹിളാ പഞ്ചായത്ത് കോണ്‍ഫറന്‍സുകള്‍ ജില്ലാതലത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് തൃണമൂല്‍ മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 12-നകം 31 കേന്ദ്രങ്ങളിലായി നാലരക്കോടി സ്ത്രീകളെ പങ്കെടുപ്പിക്കാനാണ് അവര്‍ നീങ്ങുന്നത്. ബംഗാളി ജനസംഖ്യയുടെ 48.5 ശതമാനം സ്ത്രീകള്‍ മമതാ ബന്ദോപാധ്യായയുടെ പിന്നിലുണ്ടെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീകളുടെ 47.94 ശതമാനം വോട്ടു ഷെയറും മമതയ്ക്ക് കിട്ടിയിട്ടുണ്ട്. സ്ത്രീകളുടെ ഈ പിന്തുണയെ അത്രവേഗത്തിലൊന്നും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ സി.പി.എമ്മിനോ ബി.ജെ.പിക്കോ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെപ്പോലെ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വെച്ചാണ് മമത തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതും. ബി.ജെ.പിക്കും സി.പി.ഐ.എമ്മിനും അവരുടെ ദുര്‍ബ്ബലമായ സാഹചര്യങ്ങളില്‍ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കില്ലെന്ന് ഇപ്പോളേ ടി.എം.സി നേതാക്കള്‍ പറയുന്നുണ്ട്. സാഹചര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും മുന്‍പില്ലാത്തവിധം തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇലക്ഷനു മുന്നോടിയായി ജാഗ്രത കാണിക്കുന്നുണ്ടെന്നു പറയാതെ വയ്യ. 

മുസ്ലിം വോട്ടുകള്‍ പൂര്‍ണ്ണമായും ടി.എം.സി കയ്യടക്കുകയും മിച്ചമുള്ള 70 ശതമാനത്തോളം ഹിന്ദുവോട്ടുകളുടെ ബി.ജെ.പി പങ്ക് അവിടെനിന്നും സി.പി.എമ്മിലേക്ക് തിരിച്ചുവിടുകയും അതുവഴി നാമാവശേഷമാകാന്‍ വെമ്പിനില്‍ക്കുന്ന കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായും തഴഞ്ഞ് ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിന്റെ സാന്നിദ്ധ്യത്തോടെ ഇല്ലാതാക്കുകയും ചെയ്യുക എന്ന രാഷ്ട്രീയതന്ത്രമാണ് മമത പയറ്റുന്നതെങ്കില്‍ തനിക്കുശേഷം ആര് എന്ന ചോദ്യത്തിനുള്ള പരോക്ഷ മറുപടി കൂടിയായി അതുമാറും. അങ്ങനെയെങ്കില്‍ അടിതൊട്ട് മുടി വരെ മാറ്റങ്ങളെ സ്വീകരിച്ചു കഴിഞ്ഞ ബംഗാള്‍ സി.പി.എം ഇപ്പോള്‍ അടിത്തട്ടില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടായിത്തുടങ്ങും. പുതിയ പാര്‍ട്ടി സെക്രട്ടറി മുഹമ്മദ് സലീം പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ ചെങ്കൊടിയേന്തി കൂട്ടമായി വരുന്നവര്‍ പാര്‍ട്ടി ശക്തിപ്പെടുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ സുജാന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ കൂച്ച് ബിഹാറില്‍ അഴിമതിക്കും കരിഞ്ചന്തയ്ക്കും വിലനിയന്ത്രണത്തിനും എതിരെ നടത്തിയ റാലിയില്‍ അനവധി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. മുന്‍വര്‍ഷങ്ങളില്‍ വിരളമായിരുന്ന കാഴ്ചകളാണ് ഇതെല്ലാം. എങ്കിലും മുഹമ്മദ് സലീം സംസ്ഥാന സെക്രട്ടറിയായിട്ടുള്ള സി.പി.ഐ.എമ്മും സ്വപന്‍ ബാനര്‍ജി നയിക്കുന്ന സി.പി.ഐയും നരേന്‍ ചാറ്റര്‍ജി നയിക്കുന്ന ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്കും വിശ്വനാഥ് ചൗധുരി നേതൃത്വം നല്‍കുന്ന ആര്‍.എസ്.പിയും കൂടാതെ റവലൂഷണറി കമ്യൂണിസ്റ്റ് പാര്‍ട്ടിയും ബോള്‍ഷെവിക് പാര്‍ട്ടിയുമെല്ലാം ഉള്‍പ്പെട്ട ഇടതുമുന്നണിക്ക് അധികാരത്തിലെത്താന്‍ എത്രനാള്‍ കാത്തിരിക്കണം എന്നത് ചോദ്യം തന്നെയാണ്. പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ ധൈര്യപൂര്‍വ്വം ബുത്തിലെത്തി ചുവപ്പിനു വോട്ടു ചെയ്യണം. അതെത്രത്തോളം നിലവിലെ സാഹചര്യത്തില്‍ സംഭവിക്കും എന്നതും കണ്ടറിയണം. അതിനുള്ള സംഘബലം കൂടി ജനങ്ങള്‍ നേടിയാലെ ഭരണമാറ്റം പൂര്‍ണ്ണമായും സംഭവിക്കുമോ എന്നു പറയാനാവൂ.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com