'മരങ്ങള്‍ക്കിടയിലൂടെ ദൂരെ നുബ്ര നദി ഒഴുകുന്നതു കാണാം...'

'മരങ്ങള്‍ക്കിടയിലൂടെ ദൂരെ നുബ്ര നദി ഒഴുകുന്നതു കാണാം...'

മൊണാസ്റ്ററിയുടെ അകത്തെ കാഴ്ചകള്‍ കണ്ടുകഴിഞ്ഞപ്പോള്‍ താഷി എന്നെ ഒരു കപ്പ് ചായ കുടിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ രണ്ടാളും മുറ്റത്തിന്റെ വലതുവശത്തുള്ള കുമ്മായം പൂശിയ കെട്ടിടത്തിലേക്ക് പോയി

സോനാ മാംഗ്യാല്‍ പോയി കുറെ കഴിഞ്ഞപ്പോള്‍ അയാള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ ഞാന്‍ മുകളിലേയ്ക്കു നടന്നു. ഇരുവശവും മരങ്ങളും അവയില്‍ ചുറ്റിപ്പടര്‍ന്നു കിടക്കുന്ന വള്ളികളും. ഇടിഞ്ഞുപൊളിയാറായ ഒരു ജലസംഭരണിയും മുക്കാലും തകര്‍ന്ന ചില വിഹാരങ്ങളുടെ അവശേഷിപ്പുകളും വഴിയരികില്‍ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ടായിരുന്നു. മലകയറി പാതിവഴി എത്തിയപ്പോള്‍ ഒരു യാക്ക് എന്റെ എതിരെ വരുന്നു. എന്നെ കണ്ടിട്ടാവും അത് വഴിയുടെ അരികിലേക്ക് മാറിനിന്നു. എനിക്കു കൗതുകം തോന്നി. അടുത്തുചെന്നപ്പോള്‍ ഞാന്‍ സ്‌നേഹപൂര്‍വ്വം അതിന്റെ നെറുകയില്‍ ഒന്ന് തൊടാന്‍ ആഞ്ഞു. പിന്നെ വേണ്ടെന്നുവെച്ച് മുന്നോട്ടു നടന്നു. ഞാന്‍ കടന്നുകഴിഞ്ഞപ്പോള്‍ അത് പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ താഴേയ്ക്ക് പോയി. 

ഇടവഴി അവസാനിക്കുന്നത് മറ്റൊരു കയറ്റത്തില്‍ ടാറിട്ട ഒരു വഴിയിലാണ്. അവിടെനിന്നും അധികം അകലെ അല്ലാതെ ഒരു പ്രാര്‍ത്ഥനാ സ്തൂപം ഉണ്ട്. ഞാന്‍ അതിനുള്ളില്‍ കയറി. അവിടെ നിന്നാല്‍ ദൂരെ മലയടിവാരത്തുകൂടി നദി ഒഴുകിപ്പോകുന്നതു കാണാം. ഇനി ഒരു ചെറിയ ഇറക്കമാണ്. അത് കഴിഞ്ഞാല്‍ പിന്നെയും കയറ്റം. ഇറക്കം ഇറങ്ങി ചെന്നപ്പോള്‍ നദിയുടെ ഒരു കൈവഴി കണ്ടു. ഉരുളുപൊട്ടിയപോലെ വലിയ പാറകള്‍ അവിടമാകെ ചിതറിക്കിടക്കുന്നു. ഏതോ ഒരു കൊടിമരം ഇവിടെ ഉണ്ട്. എന്തായാലും രാഷ്ട്രീയപ്പാര്‍ട്ടികളുടേതല്ല. ഞാന്‍ കയറ്റം കയറി. കുറേ ദൂരം കൂടി ചെന്നപ്പോള്‍ തികച്ചും വിജനമായ ഒരിടത്ത് വഴിയുടെ വലതുവശത്തായി സംസ്തന്‍ലിങ് മൊണാസ്റ്ററി പ്രത്യക്ഷപ്പെട്ടു. 

നൂബ്രയിലേക്കൊഴുകുന്ന ഒരു അരുവിയുടെ വലത്തേക്കരയിലാണ് സുമൂര്‍. ഇടത്തേക്കരയിലും ഒരു ഗ്രാമമുണ്ട്. അതിന്റെ പേരാണ് ഖ്യാഗാര്‍. യഥാര്‍ത്ഥത്തില്‍ ഖ്യാഗാര്‍ ഗ്രാമത്തിലാണ് സംസ്തന്‍ലിങ് മൊണാസ്റ്ററി. പക്ഷേ, അറിയപ്പെടുന്നത് സുമൂറിലെ മൊണാസ്റ്ററി എന്ന പേരിലാണെന്നു മാത്രം. സംസ്തന്‍ലിങ് മൊണാസ്റ്ററിക്ക് അരികിലായി കുന്നിന്റെ ഇടത്തെ ചെരിവില്‍ ഏഴാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന തകര്‍ന്ന ഒരു ജനവാസകേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. കല്ലുകള്‍ അടുക്കിയുണ്ടാക്കിയിരിക്കുന്ന പലതരം വീടുകളാണ് അവയില്‍ പലതും. ചിലതൊക്കെ കാലിത്തൊഴുത്തുകള്‍ ആയിരുന്നിരിക്കണം.

കുന്നിന്റെ പാതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സംസ്തന്‍ലിങ് മൊണാസ്റ്ററിയുടെ മുന്നില്‍നിന്നു നോക്കിയാല്‍ വിശാലമായ നൂബ്ര താഴ്‌വര നന്നായി കാണാം. നൂബ്ര നദി സിന്ധു നദിയില്‍ ചേരാനുള്ള ധൃതിയില്‍ നിറഞ്ഞൊഴുകുന്നു. ചുറ്റുമുള്ള മരങ്ങളില്‍ പലതരം പക്ഷികള്‍ ചിലയ്ക്കുന്നു. മരച്ചില്ലകള്‍ക്കിടയിലൂടെ നീലാകാശം ഞെങ്ങിഞെരുങ്ങി താഴേയ്ക്ക് വരുന്നു. ചെറിയ വെയില്‍ പരന്നിട്ടുണ്ട്. മലമുകളിലെ വെയിലിനു താഴ്‌വാരത്തിലെ വെയിലിനേക്കാള്‍ കനപ്പ് കൂടുതലാണ്. സംസ്തന്‍ലിങ്ങിന്റെ മുറ്റത്ത് വിരിച്ചിരിക്കുന്നത് പക്ഷേ, ശീതം മുനകള്‍ ഓടിച്ചുകളഞ്ഞ വെയിലിനെയാണ്. ബുദ്ധവിഹാരത്തിന്റെ ഗേറ്റ് വലിയ മുഖപ്പോടുകൂടിയ ഒരു മിനാരമാണ്. അതു പക്ഷേ, അടഞ്ഞുകിടക്കുന്നു. ഞാന്‍ അവിടെയൊക്കെ ചുറ്റിനടന്നു. ഇടയ്ക്ക് ഒരു പിക്കപ്പ് വാനില്‍ രണ്ടു ബുദ്ധഭിക്ഷുക്കള്‍ എന്നെ കടന്നുപോയി. അവര്‍ എന്നെ സംശയത്തോടെ നോക്കി. ഞാന്‍ അവരെ നോക്കി ചിരിച്ചു. അവര്‍ മനസ്സില്ലാമനസ്സോടെ ഒരു ചിരി തിരിച്ചു തന്നു. 

അവിടെയൊക്കെ കുറച്ചു നേരം കറങ്ങി നടന്നിട്ടു ഞാന്‍ തിരിയെ മൊണാസ്റ്ററിയുടെ മുന്നിലെത്തി. അപ്പോള്‍ ഗേറ്റ് തുറന്നിരുന്നു. ഞാന്‍ പതിയെ അകത്തേക്കു കടന്നു. മുകളിലേക്കുള്ള കുറെ പടികള്‍. രണ്ടു വശത്തും കുറെ ചെടികള്‍. എല്ലാത്തിലും നിറയെ പൂക്കള്‍. പടികള്‍ കടന്നു മുകളിലെത്തിയപ്പോള്‍ വലിയ ഒരു മുറ്റം. അതിനു നടുവില്‍ ഒരു കൊടിമരം. അതിന്റെ മുകളില്‍ ഒരു മഞ്ഞത്തുണി. താഴേയ്ക്ക് നീണ്ടുകിടക്കുന്ന പ്രാര്‍ത്ഥനാ പതാകകള്‍. പിന്നെയും പടികള്‍. ആ പടികള്‍ക്കു മേലെയാണ് വിഹാരം. മുന്നില്‍ തടികൊണ്ടുള്ള ആറു തൂണുകള്‍. അവയ്ക്ക് ചോരയുടെ നിറം. തൂണുകളുടെ മുകളില്‍ ടിബറ്റന്‍ കൊത്തുപണികള്‍. അതിനും മുകളില്‍ ചെറിയ ഒരു ബാല്‍ക്കണി പോലെ. പിന്നെ പഗോഡാ ശൈലിയിലുള്ള മേലാപ്പ്. അതിന് സ്വര്‍ണ്ണ നിറം. താഴെനിന്നു നോക്കിയാല്‍ ഉലയില്‍ തീ കൂട്ടിയതുപോലെ വെയില്‍ തട്ടി അതു നിന്നുകത്തുന്നു. മേലാപ്പിനു മുകളില്‍ പല വര്‍ണ്ണങ്ങള്‍ തുന്നിച്ചേര്‍ത്ത ഒരു പതാക പാറുന്നു. അതിനും പുറകില്‍ ഉയര്‍ന്നുനില്‍ക്കുന്ന കൊടുമുടി. നദിയുടെ അക്കരെ കരയില്‍നിന്നു നോക്കുകയാണെങ്കില്‍ പര്‍വ്വതനിരയുടെ നരച്ച ക്യാന്‍വാസില്‍ വരഞ്ഞ ഒരു ബഹുവര്‍ണ്ണ ചിത്രം പോലെയിരിക്കും സംസ്തന്‍ലിങ് ബുദ്ധവിഹാരം എന്നെനിക്കു തോന്നി.

ഡിസ്കിറ്റിലെ ബുദ്ധ പ്രതിമ/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍
ഡിസ്കിറ്റിലെ ബുദ്ധ പ്രതിമ/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍

ഞാന്‍ മുറ്റത്തുകൂടി കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവിടെയെങ്ങും ആരെയും കാണുന്നില്ല. ഒന്ന് രണ്ടു ചിത്രങ്ങള്‍ പകര്‍ത്തിയതിനു ശേഷം ഞാന്‍ തിരിച്ചിറങ്ങാന്‍ തീരുമാനിച്ച് പടിക്കെട്ടിനരികില്‍ എത്തിയപ്പോള്‍ പിന്നില്‍നിന്നും ഒരു വിളി. അത് ഒരു ചെറുപ്പക്കാരനായ ബുദ്ധസന്ന്യാസി ആയിരുന്നു. അയാള്‍ കാവിവര്‍ണ്ണമുള്ള ഒരു ദോത്തിയാണ് ധരിച്ചിരുന്നത്. മേല്‍ക്കുപ്പായം ഇട്ടിരുന്നില്ല. പകരം ഒരു തൂവെള്ള ഷാള്‍ പുതച്ചിരിക്കുന്നു. അയാള്‍ ലഡാക്കി ഭാഷയില്‍ എന്തോ പറഞ്ഞു. ഞാന്‍ തിരിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലുമായി എനിക്ക് ലഡാക്കി ഭാഷ വശമില്ലെന്നും കേരളത്തില്‍നിന്നുമാണ് വരുന്നതെന്നും പറഞ്ഞു. കേരളം എന്ന് കേട്ടപ്പോള്‍ ആ യുവസന്ന്യാസിയുടെ മുഖം വിരിഞ്ഞു. 

'ഐ നോ കേരള.' അയാള്‍ പറഞ്ഞു. 

എനിക്ക് സമാധാനമായി. അയാള്‍ക്ക് ഇംഗ്ലീഷ് അറിയാം. ഇനി സംസാരിക്കാന്‍ പ്രശ്‌നമില്ല.

'നിങ്ങളുടെ പേരെന്താണ്?' അയാളെന്നോടു ചോദിച്ചു. ഞാന്‍ പേര് പറഞ്ഞു.

'എന്റെ പേര് താഷി.' അയാള്‍ പറഞ്ഞു. 'ഇവിടെയാണ് താമസം. പക്ഷേ, പഠിക്കുന്നത് ബാംഗ്ലൂരിലാണ്. അവിടെ ഞങ്ങള്‍ക്ക് ഒരു പഠനശാലയുണ്ട്. കേരളം അടുത്താണല്ലോ. പലപ്പോഴും വരണമെന്ന് കരുതിയതാണെങ്കിലും ഇതുവരെ നടന്നിട്ടില്ല.'

'അതിനെന്താ ഇനി എപ്പോള്‍ വേണമെങ്കിലും വരാമല്ലോ. എന്നെ വിളിച്ചാല്‍ മതി.' ഞാന്‍ പറഞ്ഞു.

'ഞാന്‍ അടുത്ത് തന്നെ ബാംഗ്ലൂരിലേക്ക് വരുന്നുണ്ട്.'

'അപ്പോള്‍ തീര്‍ച്ചയായും വരണം. ഞങ്ങളുടെ നാടും ഇതുപോലെ സുന്ദരമാണ്.'

'എനിക്കറിയാം. നിങ്ങള്‍ എന്ത് ചെയ്യുന്നു?'

'ഞാന്‍ ഒരു ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ ജോലിയില്ല.'

'ഓ മാസ്റ്റര്‍ ആണോ! സാര്‍ എന്റെ ഇംഗ്ലീഷ് വളരെ മോശമാണ്. എങ്ങനെയാ അതൊന്നു ശരിയാക്കുക?'

'ഏയ് വല്യ കുഴപ്പമൊന്നും ഇല്ലല്ലോ താഷി. ഇത്രയൊക്കെ മതിയെന്നേ. കാര്യം മനസ്സിലായാല്‍ പോരെ?

ഇംഗ്ലീഷ് അറിയില്ല എന്നുള്ളതുകൊണ്ട് ഒരു കുറവും വരാനില്ല.'

'അതല്ല സാര്‍, എന്നാലും...'

'ഒരു എന്നാലുമില്ല.'

'ആ അത് പോട്ടെ. സാറിനു ഞങ്ങളുടെ മൊണാസ്റ്ററി കാണണ്ടേ?'

'പിന്നെ കാണണ്ടേ! ഇവിടെയെങ്ങും ആരെയും കാണാത്തതുകൊണ്ട് ഞാന്‍ പോകാന്‍ തുടങ്ങുകയായിരുന്നു.'

'ഗേറ്റ് തുറന്നുവെന്നേയുള്ളൂ. മൊണാസ്റ്ററി കുറച്ചുകൂടി കഴിഞ്ഞിട്ടേ തുറക്കൂ. പക്ഷേ, സാര്‍ വരൂ. ഞാന്‍ വാതില്‍ തുറക്കാം. ഇത്രയും ദൂരം വന്നിട്ട് ഞങ്ങളുടെ മൊണാസ്റ്ററി കാണാന്‍ പറ്റിയില്ലെങ്കില്‍ എങ്ങനെയാ ശരിയാവുന്നെ.'

സുമൂറിലെ സംസ്തന്‍ലിങ് നൂറ്റിഎഴുപത്തിരണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മൊണാസ്റ്ററിയാണ്. 1847ല്‍ സുള്‍ട്ടിം നീമ എന്ന ലാമയാണ് ഈ മൊണാസ്റ്ററി സ്ഥാപിച്ചത്. താഷി എന്നെ മൊണാസ്റ്ററിയുടെ അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. വാതില്‍ തുറന്നു പ്രാര്‍ത്ഥനാഹാളില്‍ കടന്നപ്പോള്‍ നിറങ്ങളുടെ ഘോഷയാത്രയില്‍ അകപ്പെട്ടപോലെ! ഭിത്തിയില്‍ നിറയെ ബുദ്ധന്റെ പലതരത്തിലുള്ള ചിത്രങ്ങള്‍ വരഞ്ഞിരിക്കുന്നു. അവ മേലാപ്പില്‍നിന്നും അകത്തേയ്ക്കു പതിക്കുന്ന സൂര്യപ്രകാശത്തില്‍ തിളങ്ങുന്നു. തറ പലകകള്‍ കൊണ്ടുള്ളതാണ്. ചിത്രത്തൂണുകളില്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന അകത്തളത്തില്‍ നിശ്ശബ്ദതയുടെ മണം പരന്നിരിക്കുന്നു. അതിനിടയില്‍ തടികൊണ്ടുള്ള ഇരിപ്പിടങ്ങള്‍. അതില്‍ കമ്പളം വിരിച്ചിരിക്കുന്നു. അതിനും മുകളില്‍ ചുമപ്പും മഞ്ഞയും നിറങ്ങളില്‍ കുറെ തുണികള്‍ മടക്കിവെച്ചിട്ടുണ്ട്. ഇരിപ്പിടങ്ങള്‍ക്കു മുന്നില്‍ പെട്ടികള്‍ പോലുള്ള ചെറിയ മേശകള്‍. അവയ്ക്കു മുട്ടൊപ്പം പൊക്കമേയുള്ളൂ. മേലാപ്പില്‍നിന്നും ചിത്രങ്ങള്‍ വരഞ്ഞ വലിയ ഒരു ഡ്രം തൂക്കിയിട്ടിരിക്കുന്നു. മുറിയുടെ അറ്റത്ത് അള്‍ത്താര പോലെ തോന്നിക്കുന്ന ഒരിടത്തില്‍ നിറയെ വിളക്കുകള്‍. അതിനും പിന്നില്‍ ഒരു ബുദ്ധ പ്രതിമ. പഴക്കത്താല്‍ നിറം മങ്ങി തുടങ്ങിയ തങ്കകള്‍ അതിനു ചുറ്റിലുമുണ്ട്.

ഞാന്‍ അവയില്‍ പതിയെ തൊട്ടു. അപ്പോള്‍ താഷി വിലക്കിന്റ സ്വരത്തില്‍ 'സാര്‍' എന്നെന്നെ വിളിച്ചു.

'ചരിത്രത്തെ ഒന്ന് തൊടാമെന്നു കരുതിയിട്ടാണ് താഷി,' ഞാന്‍ സ്വയം ന്യായീകരിച്ചു.

ബുദ്ധിസ്റ്റ് ചിത്രകലയുടെ ഉത്തമോദാഹരണങ്ങള്‍ ആണ് തങ്കകള്‍. 'തന്‍' എന്നാല്‍ പരന്നത് എന്നാണര്‍ത്ഥം. 'ക' എന്നാല്‍ ചിത്രമെഴുത്ത് എന്നും.

ബുദ്ധവിഹാരങ്ങളില്‍ വിശേഷാവസരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതോ അല്ലെങ്കില്‍ അവിടങ്ങളിലെ ഭിത്തികളെ അലങ്കരിക്കുന്നതോ ആയ വലിയ ക്യാന്‍വാസുകള്‍ ആണിവ. പട്ടുതുണിയാണ് സാധാരണ ഉപയോഗിക്കുന്നത്. ചില തങ്കകള്‍ ചിത്രത്തുന്നലാണ്. കയ്യില്‍ കരുതാവുന്ന വളരെ ചെറിയ തങ്കകളും ഉണ്ട്. ചുരുളുകള്‍ ആയിട്ടാണ് ഇവ സൂക്ഷിക്കുന്നത്. ഈര്‍പ്പം ഏല്‍ക്കാതെ കരുതേണ്ടതുകൊണ്ട് പലപ്പോഴും വലിയ തങ്കകള്‍ ഉത്സവസമയത്തു മാത്രമേ വെളിയില്‍ എടുക്കൂ. ഇവയില്‍ ബുദ്ധഭിക്ഷുക്കള്‍ക്കും ബുദ്ധമതാനുയായികള്‍ക്കും ഉള്ള സന്ദേശങ്ങളാണ് രേഖപ്പെടുത്തിയിരിക്കുക. പലപ്പോഴും ലാമാമാരുടെ ചരിത്രമോ അല്ലെങ്കില്‍ ബുദ്ധന്റെ തന്നെ ജീവിതമോ പഠിപ്പിക്കുന്നതിനും ഇവയാണ് ഉപയോഗിക്കുന്നത്. 

ബുദ്ധിസ്റ്റ് ചിത്രകലയിലെ ചിത്രീകരണ അനുപാതങ്ങള്‍ അണുവിട തെറ്റാതെ പാലിക്കുന്നവയാണ് തങ്കകള്‍. അതുകൊണ്ട് വര്‍ണ്ണവിധാനം പോലെ തന്നെ പ്രശസ്തമാണ് ഇവയുടെ സിമട്രിയും. അളവുകളുടെ കാര്യത്തില്‍ അങ്ങേയറ്റം സൂക്ഷ്മതയുള്ള ഒരാള്‍ക്കേ ഇവ വരഞ്ഞെടുക്കാന്‍ കഴിയൂ. പക്ഷേ, പലപ്പോഴും ഇവയുടെ സൃഷ്ടാക്കളെ ആര്‍ക്കുമറിയില്ല. ചിത്രകാരന്മാര്‍ ബുദ്ധന്റെ സന്ദേശം പരത്താനുള്ള ഉപകരണങ്ങള്‍ മാത്രമായിട്ടാണ് സ്വയം കരുതുന്നത്. അതുകൊണ്ടുതന്നെ അവര്‍ തങ്ങളെ തിരിച്ചറിയാനുള്ള ഒരു സൂചനയും തങ്കകളില്‍ ഉള്‍പ്പെടുത്താറില്ല. ഏതു വര്‍ഷമാണ് വരച്ചതെന്നുപോലും വ്യക്തമല്ലാത്തവയാണ് പഴയ തങ്കകള്‍ എല്ലാം തന്നെ. സ്വന്തം പേര് ചിത്രത്തോടൊപ്പം ഉള്‍പ്പെടുത്തുന്നത് അഹംബോധത്തിന്റെ പ്രകടനമായിട്ടാണ് ടിബറ്റന്‍ ബുദ്ധിസ്റ്റ് ചിത്രകാരന്മാര്‍ കരുതുന്നത്. ബുദ്ധിസം അഹംഭാവത്തിന്റെ ഉന്മൂലനമാണല്ലോ ലക്ഷ്യംവെയ്ക്കുന്നത്. എങ്കിലും ഈ മനോഹര കലാസൃഷ്ടികള്‍ അവയിലെ വരകളുടേയും നിറങ്ങളുടേയും സൂക്ഷ്മമായ മേളനത്താല്‍ പേരറിയാത്ത ആ കലാകാരന്മാരെ അനുസ്മരിക്കാന്‍ ഓരോ ആസ്വാദകനേയും നിര്‍ബ്ബന്ധിച്ചുകൊണ്ടേയിരിക്കും.

താഷി
താഷി

മൊണാസ്റ്ററിയുടെ അകത്തെ കാഴ്ചകള്‍ കണ്ടുകഴിഞ്ഞപ്പോള്‍ താഷി എന്നെ ഒരു കപ്പ് ചായ കുടിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ രണ്ടാളും മുറ്റത്തിന്റെ വലതുവശത്തുള്ള കുമ്മായം പൂശിയ കെട്ടിടത്തിലേക്ക് പോയി. അവിടെ ഒരു ടെറസില്‍ പൂക്കള്‍ പൊഴിക്കുന്ന ചെറിമരങ്ങള്‍ക്കു താഴെ ഞാനും താഷിയും ഇരുന്നു. അവിടെനിന്ന് നോക്കുമ്പോഴും മരങ്ങള്‍ക്കിടയിലൂടെ ദൂരെ നുബ്ര നദി ഒഴുകുന്നതു കാണാം. അതിനു പുറകിലായി കോട്ടപോലെ ഉയര്‍ന്നുനില്‍ക്കുന്ന പര്‍വ്വതങ്ങളും. ടെറസിന്റെ ഒരു വശത്ത് ബുദ്ധഭിക്ഷുക്കളുടെ താമസയിടങ്ങളാണ്. പല നിലകളില്‍ നിറയെ മുറികളുള്ള ഒരു കെട്ടിടം. അതില്‍നിന്നും കിളിവാതിലിലൂടെ തലയിട്ടു പ്രായം ചെന്ന ഒരു ബുദ്ധസന്ന്യാസി ഞങ്ങളെ നോക്കി ലഡാക്കി ഭാഷയിലെന്തോ തമാശ പറഞ്ഞു. താഷി ചിരിച്ചെങ്കിലും എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ താഷിയോടു തന്റെ കഥ പറയാന്‍ പറഞ്ഞു. ആദ്യമൊക്കെ നിരസിച്ചെങ്കിലും ചായ കുടിക്കുന്നതിനിടയില്‍ താഷി സംസാരിച്ചു തുടങ്ങി. 

താഷിയുടെ അച്ഛന്‍ സ്റ്റാന്‍സിന്‍ വാങ്ദൂസ് ഇന്ത്യന്‍ ആര്‍മിയില്‍ പട്ടാളക്കാരനായിരുന്നു. അമ്മ സെറിങ് യാങ്‌സ്‌കെറ്റ്. സുമൂറിനടുത്തുള്ള ചംഷെന്‍ എന്ന ഗ്രാമത്തിലാണ് അവന്‍ ജനിച്ചത്. പക്ഷേ, ചെറുപ്പം മുഴുവനും കര്‍ണാടകയിലെ ഹൂബ്ലിയിലായിരുന്നു.  താഷിക്ക് മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. തിന്‍ലായ് നോര്‍ബു, സ്റ്റാന്‍സിന്‍ ലാര്‍ഗ്യാല്‍, ഉര്‍ഗ്യന്‍ സാംഫല്‍ എന്നിങ്ങനെയാണ് സഹോദരങ്ങളുടെ പേരുകള്‍. സേവാങ് ലാമോ എന്നാണ് ജ്യേഷ്ഠത്തിയുടെ പേര്. രണ്ട് അനിയന്മാര്‍ പഠിക്കുകയാണ്. ഒരാള്‍ താഷിയെപ്പോലെ ബുദ്ധമതം പഠിക്കുന്നു. വേറെ ഒരാള്‍ ഡല്‍ഹിയില്‍ ഗവേഷണം നടത്താനുള്ള ശ്രമത്തിലാണ്. ജ്യേഷ്ഠത്തി വിവാഹിതയാണ്. അവര്‍ ലേയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നേഴ്‌സായി ജോലിനോക്കുന്നു. 

താഷിക്ക് ഒന്‍പതു വയസ്സുള്ളപ്പോഴാണ് അവന്‍ ബുദ്ധമതം പഠിക്കാന്‍ തുടങ്ങിയത്. ബുദ്ധസന്ന്യാസികളെ കണ്ടിട്ട് തോന്നിയ ഇഷ്ടമാണ് അതിനു പിന്നില്‍. ടിബറ്റന്‍ ബുദ്ധിസത്തില്‍ നാല് വ്യത്യസ്ത പാരമ്പര്യങ്ങള്‍ ഉണ്ട്. അതില്‍പ്പെട്ട ഒന്നാണ് ഗെലുഗ്പാ. ഗെലുഗ്പാ പാരമ്പര്യത്തിലുള്ള പഠനത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഡിഗ്രിയാണ് ലാറം ഗയേഷേ. താഷി ഇപ്പോള്‍ ഇതിനാണ് പഠിക്കുന്നത്. 

'ബുദ്ധിസ്റ്റ് പഠനത്തിലെ പിഎച്ച്.ഡി എന്ന് വേണമെങ്കില്‍ പറയാം,' താഷി പറഞ്ഞു.

ചായയും കുടിച്ച് താഷിയുടെ കഥയും കേട്ട് ഞാന്‍ മൊണാസ്റ്ററിയില്‍നിന്നും തിരിച്ചിറങ്ങി. 

'എന്തായാലും ഇനി ബാംഗ്ലൂര്‍ വരുമ്പോള്‍ തീര്‍ച്ചയായും വിളിക്കണം. പറ്റിയാല്‍ കേരളത്തിലേക്ക് വരണം,' ഞാന്‍ പറഞ്ഞു. 

താഷി എന്റെ കൈകളില്‍ പിടിച്ചു കുലുക്കിയിട്ട് 'എന്തായാലും വിളിക്കാം സാര്‍' എന്ന് പറഞ്ഞു.

തിരിച്ചു നടക്കവേ വെയില്‍ മൂത്ത പാതയില്‍ കുറെ മനുഷ്യരെ ഞാന്‍ കണ്ടു. അവരെല്ലാവരും എന്നെ നോക്കി ചിരിച്ചു, ഞാന്‍ അവരെയും. തിരിയെ ഡോര്‍മിറ്ററിയില്‍ എത്തുമ്പോള്‍ ബാക്കിയുള്ളവര്‍ പോകാനൊരുങ്ങിയിരുന്നു. അധികം വൈകാതെ ഞങ്ങള്‍ വീണ്ടും യാത്ര ആരംഭിച്ചു.

നുബ്ര നദി
നുബ്ര നദി

ചൂടൊഴുകും ചാലുകള്‍

സുമൂറില്‍നിന്നും പ്രഭാതത്തില്‍ത്തന്നെ ഞങ്ങള്‍ പനാമിക്കിലേക്കു പുറപ്പെട്ടു. വെയിലുറച്ചിട്ടില്ല. എന്നിട്ടും നല്ല ചൂട്. സുമൂറിന്റെ ഇടവഴികളില്‍ നിറയെ കിളികള്‍. അവയുടെ സിംഫണിയിലൂടെ ഞങ്ങള്‍ വണ്ടി ഓടിച്ചു. പ്രധാന നിരത്തിലെത്തി വലത്തേക്കു തിരിഞ്ഞ് ഞങ്ങള്‍ പനാമിക്ക് ലക്ഷ്യമാക്കി സഞ്ചരിച്ചു തുടങ്ങി. ഗ്രാമവഴികളില്‍ തലതാഴ്ത്തി കുലുങ്ങിക്കുലുങ്ങി നടന്നുപോകുന്ന മനുഷ്യര്‍. വണ്ടി അടുത്തെത്തുമ്പോള്‍ അവര്‍ തലയുയര്‍ത്തി നോക്കുന്നു. എന്തൊരു പ്രകാശമാണ് ഈ മനുഷ്യരുടെ മുഖത്ത്! ആത്മാവിന്റെ ആഴങ്ങളില്‍ അവരനുഭവിക്കുന്ന സ്വസ്ഥത അത്രയ്ക്ക് വലുതാവും. മലകള്‍ വരിഞ്ഞുമുറുക്കുമ്പോഴും തങ്ങളുടെ ചെറിയ ചെറിയ സന്തോഷങ്ങളില്‍ സംതൃപ്തരായ മനുഷ്യര്‍. നഗരങ്ങളുടെ വിശാലതയില്‍ മറ്റെല്ലാ സൗകര്യങ്ങള്‍ക്കുമിടയില്‍ ജീവിക്കുമ്പോഴും നമുക്കൊക്കെ നഷ്ടമാകുന്നതും അതാണല്ലോ, സംതൃപ്തി. അത്രമേല്‍ അന്തര്‍മുഖരായ മനുഷ്യരെപ്പോലും ചിരിയുടെ തെളിവുകളില്‍ കൊണ്ടുനിര്‍ത്തുകയാണ് ഈ മനുഷ്യരും അവരുടെ സുന്ദരികളായ ഗ്രാമങ്ങളും.

സുമൂറും പനാമിക്കും അടുത്തടുത്ത ഗ്രാമങ്ങളാണ്. നയനാഭിരാമമായ കാഴ്ചകള്‍ക്കും ഉഷ്ണജല പ്രവാഹങ്ങള്‍ക്കും പ്രശസ്തമായ പനാമിക്കുവരെയായിരുന്നു അടുത്തകാലംവരെ യാത്രികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ പനാമിക്കിനപ്പുറം യാര്‍മോ ഗോമ്പയും കടന്നു വാര്‍സിവരെ പോകാം. ഇന്ത്യയും ചൈനയും തമ്മിലുള്ള സമീപകാല അസ്വാരസ്യങ്ങള്‍ ഈ യാത്രയെ ഇപ്പോള്‍ തടസ്സപ്പെടുത്തുമോ എന്നറിയില്ല. ചൈനയോട് ചേര്‍ന്നുള്ള മുര്‍ഗോ ആണ് ഈ ഭാഗത്തെ അവസാനത്തെ ഗ്രാമം. അവിടെ താപനില മൈനസ് അന്‍പതു വരെ താഴും. മുര്‍ഗോ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ 'നരകത്തിന്റെ കവാടം' എന്നാണ്. മുര്‍ഗോയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. അതിനുമപ്പുറം ചൈന കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളാണ്.

ഞങ്ങളുടെ യാത്രയില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതല്ല യാരബ് കാഴ്ച. പനാമിക് ഗ്രാമത്തിന്റെ വിജനതയിലൂടെ വണ്ടി ഓടിച്ചുപോവുമ്പോള്‍ റോഡിന്റെ ഇടതുവശത്തായി വിശാലമായ വെള്ളമണല്‍ പരപ്പിനതിരില്‍ ഒരു കൂറ്റന്‍ മലയും അതിന്റെ താഴെ ഒരു വാനും ഞങ്ങളുടെ കണ്ണിലുടക്കും വരെ അങ്ങനെ ഒരു തടാകം ഉള്ളതായിട്ടുപോലും ഞങ്ങള്‍ക്കറിവുണ്ടായിരുന്നില്ല. സൂക്ഷിച്ചുനോക്കിയപ്പോള്‍ മലമുകളില്‍നിന്നും ഉറുമ്പരിക്കുന്ന പോലെ മനുഷ്യര്‍ ഇറങ്ങിവരുന്നതു കണ്ടു. അതാണ് യാത്രയുടെ സുഖം. ഒട്ടും പ്രതീക്ഷിക്കാതെ നാം ചിലയിടങ്ങളില്‍ എത്തിപ്പെടുന്നു. അവിടെ ഒരു അത്ഭുതം നമ്മെ കാത്തിരിക്കുന്നു. ചിലപ്പോള്‍ നമ്മള്‍ നമ്മെത്തന്നെ കണ്ടെത്തുന്നു.

വണ്ടി നിര്‍ത്തി ഞങ്ങളും ആ മല ലക്ഷ്യമാക്കി നടന്നു. തിരിച്ചിറങ്ങുന്നവരോട് ചോദിച്ചപ്പോള്‍ ആ മലമുകളില്‍ ഒരു തടാകമുണ്ടെന്നു പറഞ്ഞു. എന്നാല്‍, പിന്നെ കണ്ടിട്ടു തന്നെ കാര്യം. കരിഞ്ഞു പോവുന്ന വെയിലാണ്. പത്ത് മിനിറ്റോളം മലകയറണം തടാകക്കരയില്‍ എത്താന്‍. എനിക്കാണെങ്കില്‍ ഹീമോഗ്ലോബിന്‍ കൗണ്ട് കുറഞ്ഞതിനാല്‍ രണ്ടു കുപ്പി രക്തം കയറ്റിയിട്ട് കുറച്ച് മാസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. തുടക്കത്തിലെ ആവേശം ഇടയ്‌ക്കെത്തുമ്പോള്‍ തീര്‍ന്നു പോകുമോ എന്ന് എനിക്ക് ഭയമുണ്ട്. എന്നാലും കയറുക തന്നെ.

വല്ലപ്പോഴും മാത്രം ആളുകള്‍ നടക്കുന്ന പാതയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും. ചരല്‍ക്കല്ലുകള്‍ ചിതറിക്കിടക്കുന്നു. അവയില്‍ ചവിട്ടി പലപ്പോഴും താഴേയ്ക്ക് ഊര്‍ന്നുപോകാന്‍ തുടങ്ങി. വശങ്ങളിലെ പാറകളില്‍ പിടിക്കാമെന്നു വെച്ചാല്‍ കൈ മുറിയും. അത്രയ്ക്ക് മൂര്‍ച്ചയാണ് അവയുടെ മുനകള്‍ക്ക്. കയറി മുകളിലെത്തിയപ്പോള്‍ അങ്ങ് താഴെ പളുങ്കുപോലത്തെ ജലം. അരികില്‍ ഒരു ചെറിയ അമ്പലം. ബുദ്ധിസ്റ്റ് പ്രയര്‍ ഫ്‌ലാഗുകള്‍ കാറ്റില്‍ പറക്കുന്നു. ജലോപരിതലത്തില്‍ അവിടവിടെ ചില പക്ഷികള്‍. ദലൈലാമ വിശുദ്ധ തടാകമായി പ്രഖ്യാപിച്ചതാണ് യാരബ് സോയെ. 

സൂക്ഷിച്ചു മലയിറങ്ങി താഴെ എത്തിയപ്പോള്‍ ഇളംകാറ്റില്‍ തടാകക്കരയിലെ സീബക്തോണ്‍ ചെടികള്‍ തലയാട്ടി. കാറ്റില്‍ മുടിയിഴകള്‍ പാറുന്നു. കരിയുന്ന വെയിലും തണുപ്പിന്റെ കൈകള്‍ കരുതുന്ന കാറ്റ്. ജലപ്പരപ്പില്‍ ചിറ്റോളങ്ങള്‍ ഇളകുന്നു. അരികില്‍ മുട്ടുകുത്തിയിരുന്ന് കുറേ കോരിക്കുടിച്ചു. വെറുതെ വീണ്ടും വീണ്ടും മുഖം കഴുകി. ഒന്നും മിണ്ടാതെ തടാകക്കരയില്‍ കുറേ നേരമിരുന്നു.

എന്തുകൊണ്ടാവാം മനുഷ്യര്‍ നദികള്‍ക്കും തടാകങ്ങള്‍ക്കുമൊക്കെ അരികിലെത്തുമ്പോള്‍ അത്രമേല്‍ തരളിതരാവുന്നത്? നദീതടങ്ങളില്‍ സംസ്‌കാരങ്ങളായി പെറ്റുപെരുകിയ പുരാതന സ്മൃതികള്‍ നൊടിനേരത്തേയ്ക്ക് ഒഴുകിയെത്തുന്നതുകൊണ്ടാവുമോ? അതോ പാതിയിലധികവും ജലത്തില്‍ തീര്‍ത്ത ഉടല്‍ അതിന്റെ ഉടപ്പിറപ്പിനെ ഉണ്മയായി കണ്ട ഉദ്വേഗത്താലാകുമോ? 

തിരിച്ചിറങ്ങുമ്പോള്‍ താഴെ മണല്‍പ്പരപ്പില്‍ കുറേ കുതിരകള്‍ മേയുന്നുണ്ടായിരുന്നു. അതിലൊരു ആണ്‍കുതിര അകലത്തായി മേയുന്ന മറ്റൊരു ആണ്‍കുതിരയെ വിരട്ടി ഓടിക്കാനായി കുതിച്ചുപാഞ്ഞു വന്നു. ഞങ്ങള്‍ വണ്ടിയുടെ അരികില്‍ എത്തിയിരുന്നു. പൊടി പറത്തിക്കൊണ്ട് അവന്‍ ഞങ്ങളെ കടന്നു മറുവശത്തേയ്ക്കു പോയി. അവനെ കണ്ടതും മറ്റേ ആണ്‍കുതിര വിരണ്ടോടി. രണ്ടാളും കുറേ നേരം ആ ഓട്ടം തുടര്‍ന്നു. ആണുങ്ങളുടെ ഈ വെകിളികള്‍ കണ്ടിട്ടും കാണാത്ത വണ്ണം പെണ്‍കുതിരകള്‍ തീറ്റ തുടര്‍ന്നു. തന്റെ എതിരാളിയെ ആ മണല്‍പ്പരപ്പിന്റെ അതിരോളമോടിച്ച് ഒടുവില്‍ കുത്തിവീഴ്ത്തിയിട്ടേ അവന്‍ പിന്തിരിഞ്ഞുള്ളൂ. പിന്നെയവന്‍ തിരിയെ തന്റെ പെണ്ണിന്റേയും കുട്ടികളുടേയും അരികിലെത്തി. അപ്പോള്‍ മാത്രം അവള്‍ ഒന്ന് തല ഉയര്‍ത്തി അവനെ നോക്കി, 'ആഹാ ഇങ്ങെത്തിയോ' എന്ന മട്ടില്‍.

ഹൂണ്ടറിലെ ഇരട്ട പൂഞ്ഞിയുള്ള ഒട്ടകം
ഹൂണ്ടറിലെ ഇരട്ട പൂഞ്ഞിയുള്ള ഒട്ടകം

ഞങ്ങള്‍ വണ്ടി എടുത്തു. ഇടയ്ക്കു വഴിയുടെ ഇടതുവശം ഒരു ചതുപ്പു കണ്ടു. അതില്‍ നിറയെ പക്ഷികളുണ്ടായിരുന്നു. അവിടെയും കുറേ നേരം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തിയിട്ട് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.

2011ലെ കണക്കെടുപ്പു പ്രകാരം 1478 പേരാണ് പനാമിക്കിലെ ആകെ ജനസംഖ്യ. പ്രശസ്തമായ പഷ്മിന ഷാളുകള്‍ ഉണ്ടാക്കാനുള്ള രോമം ഇവിടെ കാണുന്ന പഷ്മിന ആടുകളില്‍നിന്നാണ് ലഭിക്കുന്നത്. 250 വര്‍ഷം പഴക്കമുള്ള ബുദ്ധിസ്റ്റ് മൊണാസ്റ്ററിയായ 'എന്‍സ ഗോംഫ'യിലേക്കുള്ള നടപ്പാത ആരംഭിക്കുന്നതും ഇവിടെനിന്നാണ്. നാലുമണിക്കൂര്‍ കാല്‍നടയായി സഞ്ചരിച്ച് ഒടുവില്‍ നൂബ്ര നദി മുറിച്ചുകടന്ന് അവിടെ എത്തുന്നവരെ എതിരേല്‍ക്കുക നിരവധി അമൂല്യങ്ങളായ ബുദ്ധിസ്റ്റ് ചുവര്‍ച്ചിത്രങ്ങളായിരിക്കും. എന്‍സ മൊണാസ്റ്ററിയില്‍ ടച്ചോമ്പ ന്യമാ ഗുന്‍പാ എന്ന ബുദ്ധസന്ന്യാസിയുടെ കാല്‍പ്പാട് ഇപ്പോഴും കാണാം. ഇവിടുത്തുകാരുടെ വാമൊഴിക്കഥകളില്‍ പറയുന്നത് ഗുന്‍പാ സന്ന്യാസി ഇവിടെ ഒരു മൊണാസ്റ്ററി സ്ഥാപിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ടിബറ്റിലേക്കു പറന്നുപോകാന്‍ നേരം എന്‍സയില്‍ ഒരു കാല്‍പ്പാട് അവശേഷിപ്പിച്ചതാണെന്നാണ്. എന്തായാലും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പഠനങ്ങളില്‍ ഈ കാല്‍പ്പാട് ഏതെങ്കിലും ആയുധങ്ങള്‍ ഉപയോഗിച്ച് കൊത്തിയെടുത്തതായി തോന്നുന്നില്ല എന്നു കണ്ടെത്തിയിട്ടുണ്ട്.

പനാമിക്കില്‍നിന്നും ലഡാക്കിലെ മറ്റ് പ്രദേശങ്ങളിലെപ്പോലെ വെങ്കല യുഗത്തിലേയും ഇരുമ്പു യുഗത്തിലേയും നിരവധി ജനവാസകേന്ദ്രങ്ങളുടെ അവശേഷിപ്പുകളും ശിലയില്‍ വരഞ്ഞ ഗുഹാചിത്രങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. 10900 അടി ഉയരെയുള്ള പനാമിക്കിലെ ഉഷ്ണജല പ്രവാഹങ്ങള്‍ സള്‍ഫര്‍ പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന പ്രകൃതിദത്തമായ അരുവികളാണ്. ലഡാക്കിന്റെ ചാന്ദ്രസമാനമായ സ്ഥലരാശികളിലൂടെ അപകടകരമാംവിധം സഞ്ചരിച്ചെത്തുന്ന ഒരാളില്‍ ഈ പ്രവാഹങ്ങളിലെ കുളി ചെറുതൊന്നുമല്ല ഉന്മേഷം ഉണ്ടാക്കുന്നത്.

പനാമിക്കിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് മുന്നേ അവിടെയെത്തിയ ഒരു ഉത്തരേന്ത്യന്‍ കുടുംബം കുളികഴിഞ്ഞ് സ്‌നാനഘട്ടത്തില്‍നിന്നും പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പ്രായമായവരും എല്ലാം കൂടി ഒരു വലിയ സംഘം. ഞങ്ങള്‍ അവരോടു കുശലം പറഞ്ഞു. ഡല്‍ഹിയില്‍നിന്നും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി യാത്ര ആസൂത്രണം ചെയ്തു വരുന്നവരാണവര്‍. പക്ഷേ. അവരുടെ മൊത്തം ചെലവ് കേട്ടപ്പോള്‍ സംഗതി ലാഭകരമാണെന്നു തോന്നി. മാത്രമല്ല, കുട്ടികളും കുടുംബവുമൊക്കെയായി സഞ്ചരിക്കുന്നെങ്കില്‍ അതാണ് നല്ലതും. ലഡാക്കിലെ കാലാവസ്ഥയുടേയും ഭൂപ്രകൃതിയുടേയും അസ്ഥിരത പ്രായമായവരേയും കുട്ടികളേയും ചിലപ്പോള്‍ ദോഷകരമായി ബാധിച്ചേക്കും.

നിരത്തില്‍നിന്നും ചെറിയ ഒരു കയറ്റം കയറിവേണം സ്‌നാനഘട്ടത്തിലെത്താന്‍. ഒരു കോണ്‍ക്രീറ്റ് കെട്ടിടമാണ് മുന്നില്‍. അതിന്റെ ഇടതുവശത്തായി ഓഫീസ് പ്രവര്‍ത്തിക്കുന്നു. അവിടെനിന്ന് ടിക്കറ്റു വാങ്ങണം. അതിനരികിലായി ഒരു ടീ ഷോപ്പും. രണ്ടു ചേച്ചിമാരും ഒരു ചേട്ടനുമാണ് നടത്തിപ്പുകാര്‍. ടീ ഷോപ്പിന്റെ മുന്നിലെ മുറ്റത്ത് ഒരു ചെറിയ പന്തലിട്ടിരിക്കുന്നു. അതിനു പുറകിലായി ഒരു വേലി. അതിനും പിന്നിലാണ് സ്‌നാനഘട്ടങ്ങള്‍.

യാരെബ് സോയെ തടാകം
യാരെബ് സോയെ തടാകം

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സ്‌നാനഘട്ടത്തിലേക്ക് കയറി. മനോഹരമായി കെട്ടിയുണ്ടാക്കിയ മറപ്പുരകളാണ്. അകത്ത് സാമാന്യം വലിയൊരു കുളം. അരയൊപ്പമാഴം കാണും. കുളത്തിലേക്കിറങ്ങാന്‍ പടികള്‍. പടികള്‍ക്കടിയിലൂടെ പാറകള്‍ക്കിടയില്‍നിന്നും ഉഷ്ണജലം ചാലുകള്‍ കീറി ഒഴുക്കിക്കൊണ്ടു വരുന്നു. കുളത്തിലിറങ്ങാന്‍ മടിയുള്ളവര്‍ക്ക് വെള്ളം ബക്കറ്റില്‍ കോരി അരികിലുള്ള കുളിപ്പുരകളില്‍ പോയി കുളിക്കാവുന്നതാണ്. കുളി കഴിഞ്ഞു ഈറന്‍ മാറാനും ഇതേ കുളിപ്പുരകള്‍ തന്നെ ഉപയോഗിക്കാം. അതിനരുകില്‍ തണുത്ത വെള്ളം വരുന്ന പൈപ്പുകളുമുണ്ട്. ഞങ്ങള്‍ നേരെ കുളത്തിലേക്കിറങ്ങി. പൊള്ളുന്ന വെള്ളമാണ്. എന്നാലും കുറച്ചു കഴിയുമ്പോള്‍ ശരീരം ചൂടിനോട് പൊരുത്തപ്പെടും. ഹിമാലയത്തില്‍ പലയിടങ്ങളിലും ഇത്തരം ഉഷ്ണജലപ്രവാഹങ്ങളുണ്ട്. ബദ്രിനാഥില്‍ പോയാല്‍ അവിടെയും വലിയ പാറക്കുളങ്ങള്‍ കാണാം. ഞങ്ങള്‍ അര്‍ദ്ധനഗ്‌നരായി കുളത്തില്‍ മതിയാവോളം നേരം വെറുതെ കിടന്നു.

അങ്ങനെ കിടക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, പനാമിക്കും തുര്‍തുക്കും തമ്മില്‍ 145 കിലോമീറ്റര്‍ ദൂരമുണ്ടെന്ന കാര്യം മറന്നുപോകരുത്. ഞങ്ങള്‍ പക്ഷേ, അതു മറന്നു! എന്നിട്ടിപ്പോള്‍ ഇവിടെ ഈ പാലത്തിന്റെ നടുവില്‍ മരം കോച്ചുന്ന തണുപ്പില്‍ തനിച്ചു നില്‍ക്കുകയാണ്. പല തവണ മാറി മാറി ഞങ്ങള്‍ അലിയെ വിളിച്ചു. പക്ഷേ, അയാള്‍ ഫോണ്‍ എടുക്കുന്നേയില്ല!

ഖല്‍സാര്‍

മെഹ്ദി ഹസ്സന്റെ ഗസലുകള്‍പോലെ ഉള്ളില്‍ കടല്‍ ഒളിപ്പിച്ചവയാണ് ലഡാക്കിലെ രാത്രികള്‍. ഞങ്ങള്‍ എത്തിയതിന്റെ പിറ്റേന്ന് ലേയില്‍ പൂര്‍ണ്ണചന്ദ്രന്റെ തിരകളായിരുന്നു. നിലാവില്‍ മുക്കുവരുടെ ചെറുവഞ്ചികള്‍പോലെ അവയില്‍ മലനിരകള്‍ തുളുമ്പിനിന്നു. അവയ്ക്കിടയില്‍ തൊട്ടിലില്‍ കുഞ്ഞെന്നവണ്ണം ലെ പട്ടണം ഉറങ്ങിക്കിടന്നു. സമതലത്തിന്റെ ചൂരുമായി മലകയറിയ ഞങ്ങള്‍ തീരത്ത് മുനിഞ്ഞു കത്തുന്ന വഴിവിളക്കുകള്‍പോലെ പതറി. ഇപ്പോഴും അങ്ങനെ തന്നെ. ചുറ്റിനും കൊടുമുടികളുടെ കനപ്പ്. ഇരുട്ടില്‍ ശങ്കിച്ചുനില്‍ക്കുന്നവര്‍ ഞങ്ങള്‍.

പത്തുകോടി വര്‍ഷങ്ങള്‍ക്കു മുന്നേ മഡഗാസ്‌കറില്‍നിന്നും യാത്ര പറഞ്ഞിറങ്ങിയ ഇന്ത്യന്‍ ടെക്‌ടോണിക് ഫലകം യൂറേഷ്യന്‍ ഫലകവുമായി കൂട്ടിമുട്ടിയപ്പോള്‍ സമുദ്രാഴങ്ങളില്‍നിന്നും ഞെട്ടി ഉണര്‍ന്നവയാണ് നമുക്ക് ചുറ്റുമുള്ള ഈ ഗിരിശൃംഗങ്ങള്‍. അവയില്‍ ഒരുപക്ഷേ, തിമിംഗലങ്ങളുടെ മുള്ളുകള്‍ കണ്ടേക്കാം! നിശ്ശബ്ദം ചെവി വട്ടം പിടിച്ചാല്‍ ഒരു നീലത്തിമിംഗലത്തിന്റെ പ്രണയസംഗീതം നമ്മള്‍ കേട്ടേക്കാം. കാറ്റെന്നു വെറുതെ നിനക്കരുത്, അത് ഉയിര്‍കൊണ്ട് കടലെഴുതുന്ന കവിതയാണ്! 

അലി ഫോണ്‍ എടുക്കുന്നില്ലെങ്കില്‍ ഇനി എന്താണ് ചെയ്യുക? വരുന്ന വഴിക്ക് ഒന്നു രണ്ടു ലോഡ്ജുകള്‍ കണ്ടിരുന്നു. അവയില്‍ ഏതിലെങ്കിലും പോയി ഒഴിവുണ്ടോ എന്ന് തിരക്കാം. എന്നാലും അലി എന്തുകൊണ്ടാവാം ഫോണ്‍ എടുക്കാത്തത്? അശുഭമായി എന്തെങ്കിലും സംഭവിച്ചു കാണുമോ? മറ്റു ലോഡ്ജുകളില്‍ മുറി അന്വേഷിക്കാന്‍ എളുപ്പമാണ്. പക്ഷേ, കുറെ മണിക്കൂറുകള്‍ മുന്‍പുവരെ ഞങ്ങളെ വിളിച്ചന്വേഷിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യനെ വെറുതെ അങ്ങ് ഉപേക്ഷിക്കുന്നത് ശരിയല്ല. ഇത് താമസിക്കാന്‍ ഇടം കിട്ടുന്നതിന്റെ മാത്രം പ്രശ്‌നമല്ല. സൗഹൃദത്തിന്റെ കൂടിയാണ്. ഞങ്ങള്‍ കുറച്ചുകൂടി കാക്കാന്‍ തീരുമാനിച്ചു.

മലമടക്കുകളില്‍ തണുപ്പും ഇരുട്ടും ചേര്‍ന്ന് ഓര്‍മ്മകളുടെ ഹാര്‍മോണിയം തുറന്നപ്പോള്‍ ഞാന്‍ എന്റെ മൊബൈല്‍ഫോണ്‍ എടുത്ത് പാട്ടുവെച്ചു. 

'യെ രാതേന്‍, യെ മോസം, യെ നദി ക കിനാരാ'

കിഷോര്‍ കുമാറും ആശാ ഭോസ്ലെയും അവരുടെ പതിഞ്ഞ ശബ്ദത്തില്‍ ഞങ്ങള്‍ക്കു ചുറ്റും നിറഞ്ഞത് ഉപേക്ഷിക്കപ്പെട്ട ആ രാത്രിയുടെ ആകാംക്ഷയെ ചെറുതായി കുറച്ചു എന്നുവേണം പറയാന്‍. കത്തുന്ന വേനലില്‍ ഒരു മരത്തണലില്‍ വെച്ച് നിങ്ങളുടെ പിന്‍കഴുത്തില്‍ തൊടുന്ന തണുപ്പാണ് പ്രണയം. മറ്റാര്‍ക്കും ഇതിലും മനോഹരമായി പറയാനാവാത്തവണ്ണം മാര്‍ക്വേസ് ഈ മഴയെപ്പറ്റി എഴുതിയത് ഞാനോര്‍ത്തു. 'ഞാന്‍ നിന്നെ പ്രണയിക്കുന്നത് നീ ആരാണ് എന്നുള്ളതുകൊണ്ടല്ല, മറിച്ച് നിന്നോടൊപ്പം ആയിരിക്കുമ്പോള്‍ ഞാന്‍ ആരാകുന്നു എന്നതോര്‍ത്തിട്ടാണ്.' മനുഷ്യന്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നതും അത് രസകരമായ ഒരു പ്രവൃത്തി ആയതുകൊണ്ടല്ല. മറിച്ച് അത് അവരെ നിര്‍വ്വചിക്കുന്നതുകൊണ്ടാണ്. ചോരയുടെ യാത്ര ഏതോ മുനമ്പില്‍ അവസാനിക്കുന്നതാണല്ലോ മരണം!

പനാമിക്കില്‍നിന്നും തിരിച്ചുവരും വഴി ഖല്‍സാറിനും മുന്നേയുള്ള ടി ജംക്ഷനില്‍നിന്നും വീണ്ടും വലത്തോട്ടു തിരിഞ്ഞ് സില്‍ക്ക് പാതയിലൂടെ സഞ്ചരിച്ചു വേണം തുര്‍തുക്കില്‍ എത്താന്‍. ഈ കവലയില്‍ വെച്ചാണ് നൂബ്ര നദി ഷയോക്ക് നദിയില്‍ ചേരുന്നത്. ആ വിശാലതയുടെ മുന്നില്‍ ഞങ്ങള്‍ അറിയാതെ വണ്ടി നിര്‍ത്തിപ്പോയി. രണ്ടു മഹാനദികളുടെ സംഗമം! ഒരുമിക്കുന്നതിനും മുന്നേ കുറേ ദൂരം നൂബ്രയും ഷയോക്കും അടുത്തടുത്തായി ചേര്‍ന്നൊഴുകുന്നതു കണ്ടാല്‍ പരസ്പരം പരിചയപ്പെടാനുള്ള സമയമെടുക്കുന്നതുപോലെ തോന്നും. ഒടുവില്‍ എല്ലാ പരിചയക്കേടുകളും മാറി പരന്നങ്ങനെ ഒഴുകിനിറയും. കണ്ണെത്തും ദൂരത്തോളം ജലപ്പരപ്പ്. അതിനിടയില്‍ ചെറിയ തുരുത്തുകള്‍. അവയില്‍ കുറ്റിച്ചെടികളും ചെറിയ മരങ്ങളും. പിന്നെ വലിയ പാറകളില്‍ തട്ടി പലതായിപ്പിരിഞ്ഞു വീണ്ടും ഒന്നിച്ച് അങ്ങനെയങ്ങനെ നൂബ്രയെ ഉള്ളിലൊതുക്കിക്കൊണ്ട് ഷയോക്ക് പാകിസ്താനിലേക്ക് കുതിക്കുന്നു.

ലേയിലെ നൂബ്‌റ താലൂക്കില്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് ഖല്‍സാര്‍. 17700 അടി ഉയരത്തില്‍ ഖല്‍സാര്‍ വെറും ഇരുപത്തിരണ്ട് കുടുംബങ്ങളേയും പൊരുന്തിയിട്ടുകൊണ്ട് ചരിത്രപ്രസിദ്ധമായ പട്ടുപാതയുടെ കൈവഴികള്‍ക്കൊന്നിനരികില്‍ നിശ്ശബ്ദം ഉറങ്ങിയുണരുന്നു. ഇന്ത്യയെ ചൈനയിലെ യാര്‍ഖണ്ഡ്, കാഷ്ഗാര്‍, ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡ് എന്നീ നഗരങ്ങളുമായി ബന്ധിപ്പിച്ചിരുന്ന അതിപുരാതന പാതയാണിത്. ബുദ്ധിസം ഇന്ത്യയ്ക്ക് വെളിയിലേക്ക് സഞ്ചരിച്ച പാതകളില്‍ ഒന്ന്. ചീനാ വണിക്കുകള്‍ ഇന്ത്യയിലേക്കു കടന്നുവന്ന വഴികളില്‍ ഒന്ന്. കശ്മീരിലെ അതിപ്രശസ്തമായ പഷ്മിന കമ്പിളി ടിബറ്റില്‍നിന്നും ലേയില്‍ എത്തി അവിടെനിന്നും യൂറോപ്പിലേക്ക് സഞ്ചരിച്ച പാത. പേപ്പറും വെടിമരുന്നും ഉള്‍പ്പെടെ നിരവധി കണ്ടുപിടുത്തങ്ങള്‍ ചൈനയില്‍നിന്നും ഇന്ത്യയിലേക്ക് വന്നതും ഈ വഴികളിലൂടെയാണ്.

എത്രയോ യാത്രികരും അവരുടെ സാര്‍ത്ഥവാഹക സംഘങ്ങളും ഈ വഴികളിലൂടെ പോയിരിക്കും! ഐതിഹാസികമായ ആ യാത്രകള്‍ക്ക് എത്രയോ വട്ടം കാരക്കോറത്തിന്റെ ഹിമമുടികള്‍ സാക്ഷ്യം വഹിച്ചിരിക്കും! ആ വഴിയിലൂടെ വണ്ടി ഓടിക്കവേ മലനിരകളുടെ കനം തൂങ്ങുന്ന നിശ്ശബ്ദതയില്‍ കൊടുമുടികള്‍ക്കു താഴെ ചരിത്രത്തിന്റ ഓര്‍മ്മകള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതായി ഞങ്ങള്‍ക്കു തോന്നി. ഹരിതനീലിമയില്‍ മലനിരകള്‍ക്ക് ഇടയിലൂടെ ഒഴുകിയിരുന്ന ഷയോക്ക് നദി ചരിത്രത്താളുകള്‍ക്ക് ഇടയില്‍ വെച്ചിരിക്കുന്ന ബുക്ക് മാര്‍ക്ക് പോലെയും.

പാകിസ്താനിലെ നോര്‍ത്താനില്‍വെച്ച് സിന്ധുനദിയില്‍ ചേരുന്ന ഷയോക്കിന്റെ ഓരം പറ്റിയാണ് തുര്‍തുക്കിലേക്കുള്ള വഴി. ഈ വഴിയാണ് പണ്ട് യാത്രികര്‍ ബാള്‍ട്ടിസ്ഥാനിലെ സ്‌കര്‍ദുവിലേക്ക് സഞ്ചരിച്ചിരുന്നത്. ഏതുനേരവും മണ്ണിടിയാവുന്ന മലഞ്ചെരിവുകളും അപകടം പതിയിരിക്കുന്ന കൊടും വളവുകളും താണ്ടി തുര്‍തുക്കിനെ ലക്ഷ്യമാക്കി സഞ്ചരിച്ച ലഡാക്കിന്റെ വിജനതയില്‍ ഉടനീളം ഷയോക്ക് നദിയായിരുന്നു ഞങ്ങളുടെ കൂട്ട്. പലപ്പോഴും വഴിയുടെ വലതുവശം ചേര്‍ന്ന് അത് ഞങ്ങളോടൊപ്പം സഞ്ചരിച്ചു. ചിലപ്പോഴൊക്കെ അതിഭീകരങ്ങളായ ഗര്‍ത്തങ്ങളില്‍ പോയി ഒളിച്ചു. പണ്ടുകാലത്ത് ഷയോക്ക് 'മരണത്തിന്റെ നദി' എന്നാണറിയപ്പെട്ടിരുന്നത്. ശൈത്യകാലത്ത് സിയാച്ചിന്‍ മഞ്ഞുമലയില്‍നിന്നും നൂബ്ര അടര്‍ത്തിയെടുത്തു കൊണ്ടുവരുന്ന ഭീമാകാരങ്ങളായ മഞ്ഞുകട്ടകള്‍ അതിലൂടെ ഒഴുകിവരും. 

പ്രാണഹാരിയായ ഈ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കവേ ജീവനും സ്വത്തും സമ്പാദ്യവും നഷ്ടപ്പെട്ട മധ്യകാല യാത്രികരെക്കുറിച്ച് ഞാന്‍ ഓര്‍ത്തു. അവര്‍ക്ക് കാരക്കോറം മലനിരകള്‍ മറികടന്നു ലേയില്‍ എത്താന്‍ ഷയോക്കിന്റെ ബലിഷ്ഠതയോട് എതിരിടുകയല്ലാതെ വേറെ വഴികള്‍ ഉണ്ടായിരുന്നില്ല. ഇന്നും അതുതന്നെയാണ് അവസ്ഥ. അത്ര എളുപ്പത്തിലൊന്നും വഴങ്ങിത്തരാത്ത ഒരു വന്യമൃഗത്തെപ്പോലെ നദി മുരളുന്നു. കൊളോസിയത്തിന്റെ മണ്‍തറയില്‍ ദേഹമാസകലം ചോരപൊടിഞ്ഞിട്ടും തോല്‍വി സമ്മതിക്കാന്‍ മനസ്സില്ലാതെ നില്‍ക്കുന്ന യോദ്ധാവിനെപ്പോലെ മനുഷ്യന്‍ അതിന്റെ കരയില്‍ നില്‍ക്കുന്നു. നടന്നുനടന്നു ഭൂമിയെ വരുതിയിലാക്കിയ അവന്റെ കാലുകള്‍, അവ കൊടുമുടികളെ വളച്ചുകെട്ടി നദിയെ മറികടക്കുന്നു. മേഘങ്ങള്‍ അവന്റെ മേല്‍ പൊഴിയുന്നു. ദൂരങ്ങള്‍ വേഗതകൊണ്ട് കീഴടക്കിയ ഇന്നിന്റെ മനുഷ്യന്‍, അതില്‍പ്പെട്ട ഞങ്ങളും ചക്രങ്ങളാല്‍ നദിയോട് എതിരിടുമ്പോള്‍ ആകാശം തെളിഞ്ഞുതന്നെ പുലരുന്നു.  അന്നാകട്ടെ, അവര്‍ കാല്‍നടയായിട്ടാണ് ഇക്കണ്ട വഴികളെല്ലാം താണ്ടിയത്!

മെഴുകുതിരിപോലെ ഒരു മൊണാസ്റ്ററി

ഖല്‍സാറില്‍നിന്നും നൂബ്ര താഴ്‌വരയിലെ ഏറ്റവും പഴക്കമുള്ള ബുദ്ധവിഹാരം സ്ഥിതിചെയ്യുന്ന ഡിസ്‌കിറ്റില്‍ എത്താന്‍ വാഴ്‌വിന്റെ അര്‍ത്ഥം പരതി മൗനത്തിന്റെ അടരുകളിലേക്ക് കിനിഞ്ഞിറങ്ങുന്നതുപോലെ കുറച്ചുനേരം സഞ്ചരിക്കണം. ഡിസ്‌ക്കിറ്റില്‍ എത്തുമ്പോള്‍ ധ്യാനത്തിന്റെ നിമിഷങ്ങളില്‍ എപ്പോഴോ മലഞ്ചെരുവില്‍നിന്നും ഉരുകിയൊലിച്ച മെഴുകുതിരിപോലെ ഒരു മൊണാസ്റ്ററി. ഇടതുവശത്തായി മറ്റൊരു കുന്നിന്‍മുകളില്‍ മൈത്രേയ ബുദ്ധന്റെ സ്വര്‍ണ്ണം പൂശിയ കൂറ്റന്‍ പ്രതിമ.

പതിന്നാലാം നൂറ്റാണ്ടില്‍ ചാങ്‌സം റ്റ്‌സെറാബ് സാങ്‌പോ സ്ഥാപിച്ചതാണ് ഡിസ്‌കിറ്റ് മൊണാസ്റ്ററി. 'മഞ്ഞ തൊപ്പിക്കാര്‍' എന്നറിയപ്പെടുന്ന ടിബറ്റന്‍ ബുദ്ധവിഭാഗത്തിനാണ് ഇതിന്റെ നടത്തിപ്പു ചുമതല. മഞ്ഞുകാലത്ത് വിഹാരത്തിലെ ലാമമാര്‍ മുഖംമൂടികളണിഞ്ഞുകൊണ്ട് ചെയ്യുന്ന പ്രസിദ്ധമായ നൃത്തം കാണാന്‍ നൂബ്ര താഴ്‌വരയിലെ പല ഭാഗങ്ങളില്‍നിന്നും ആളുകള്‍ തടിച്ചു കൂടാറുണ്ട്. ദുഷ്ടശക്തികളുടെമേല്‍ വിശുദ്ധശക്തികള്‍ വിജയം നേടുന്നതിന്റെ പ്രതീകമായി നടത്തപ്പെടുന്ന ഒരു ഉത്സവമാണിത്. ടിബറ്റില്‍നിന്നും ചൈനീസ് അധിനിവേശം മൂലം ഇന്ത്യയിലേക്ക് കുടിയേറിയ പതിനാലാമത്തെ ദലൈലാമ മഞ്ഞത്തൊപ്പി വിഭാഗത്തില്‍പ്പെട്ട സന്ന്യാസിയാണ്. മൊണാസ്റ്ററിയുടെ പുറകിലായി കുന്നിന്റെ മുകളില്‍ ഒരു പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണാം. ലഡാക്കില്‍ കാണപ്പെടുന്ന പുരാതന കോട്ടയുടെ അവശിഷ്ടങ്ങളില്‍ ഇത്രയും വലിപ്പമുള്ളവ വിരളമാണ്.

ഡിസ്കിറ്റ് മൊണാസ്റ്ററി/ ചിത്രങ്ങള്‍: സോജന്‍ മൂന്നാര്‍
ഡിസ്കിറ്റ് മൊണാസ്റ്ററി/ ചിത്രങ്ങള്‍: സോജന്‍ മൂന്നാര്‍

ഡിസ്‌കിറ്റ് ബുദ്ധവിഹാരത്തിനുള്ളില്‍ തൊപ്പിയണിഞ്ഞ ബുദ്ധനെയാണ് നമുക്ക് കാണാന്‍ കഴിയുക. ഇതുകൂടാതെ ഭീകരരൂപികളായ പല അവതാരങ്ങളേയും വരച്ചുവെച്ചിട്ടുണ്ട്. പലപ്പോഴായി പുതുക്കിപ്പണിതിട്ടുള്ള ഈ വിഹാരം പ്രാചീനകാലത്തെ എടുപ്പുകളുടെ മുകളിലാണ് മിക്കപ്പോഴും പണിതീര്‍ത്തത്. അതുകൊണ്ടുതന്നെ ഈ പ്രദേശത്തിന്റെ ചരിത്രനിര്‍മ്മിതികള്‍ പൂര്‍ണ്ണമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് പഴയ കോട്ടയുടെ ചില ഭാഗങ്ങള്‍ നിലനിന്നിരുന്ന കുന്നിന്റെ മുകളിലാണ് ഇപ്പോള്‍ ബുദ്ധന്റെ സ്വര്‍ണ്ണ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഡിസ്‌കിറ്റ് മൊണാസ്റ്ററിയുടെ പിന്നിലെ കുന്നിന്‍മുകളില്‍ കാണുന്ന കാവല്‍മാടത്തിന്റെ അവശിഷ്ടം ഈ പ്രദേശങ്ങളിലെ ഇത്തരം നിര്‍മ്മിതികളുടെ അവശേഷിക്കുന്ന ഏറ്റവും നല്ല ദൃഷ്ടാന്തമാണ്.

'ലഡാക്കിന്റെ ഫലോദ്യാനം' എന്ന് അറിയപ്പെടുന്ന ഡിസ്‌കിറ്റ് ഗ്രാമം ടിബറ്റിനും ചൈനയ്ക്കും ഇടയിലുള്ള സാര്‍ത്ഥവാഹക സംഘങ്ങളുടെ യാത്രാപഥത്തില്‍ ഒരു പ്രധാനപ്പെട്ട താവളമായിരുന്നു. താരതമ്യേന താഴ്ന്ന പ്രദേശമായതുകൊണ്ട് മറ്റിടങ്ങളെക്കാള്‍ മിതമായ കാലാവസ്ഥയാണ് ഡിസ്‌കിറ്റിലേത്. ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ചയില്‍ ലേയിലേക്കുള്ള ഏക യാത്രാമാര്‍ഗ്ഗമായ കര്‍തുംഗ് ലാ ചുരം സഞ്ചാരയോഗ്യമല്ലാതെ ആവുന്നതുകൊണ്ട് അവിടെ നടക്കുന്ന സമാനമായ ഉത്സവത്തില്‍ പങ്കെടുക്കാന്‍ നൂബ്രവാസികള്‍ക്കു കഴിയില്ല. അതുകൊണ്ട് അവര്‍ ഡിസ്‌കിറ്റിലേക്കാണ് വരിക.

ഡിസ്‌കിറ്റില്‍ കണ്ടെത്തിയ ശവകുടീരങ്ങളുടെ അവശിഷ്ടങ്ങളില്‍ കല്ലുകള്‍ അടുക്കിയിരിക്കുന്ന രീതി വെങ്കലയുഗത്തിലും ഇരുമ്പുയുഗത്തിലും ടിബറ്റിലും മധ്യ ഇന്ത്യയിലുമൊക്കെയുണ്ടായിരുന്ന ജനവാസകേന്ദ്രങ്ങളിലേതുപോലെയാണെന്ന് അനുമാനിക്കപ്പെടുന്നു. ഇത് കൂടാതെ ഇവിടങ്ങളിലെ ശിലാചിത്രങ്ങളും ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്.

മലകയറി ഞങ്ങള്‍ ബുദ്ധപ്രതിമയുടെ ചുവട്ടിലെത്തി. നിരവധിയാളുകള്‍ അവിടെ കാഴ്ചക്കാരായി വന്നിട്ടുണ്ട്. ആ കൂറ്റന്‍പ്രതിമയുടെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ അധികമകലെയല്ലാതെ മൊണാസ്റ്ററി കാണാം. താഴെ വേറെ എന്തൊക്കെയോ കെട്ടിടങ്ങളും ഓഫീസുകളും ഒരു വലിയ ചത്വരവും. ലഡാക്കിലെ ഏറ്റവും വലിയ മൊണാസ്റ്ററിയും ഡിസ്‌കിറ്റിലേതാണ്. ഞങ്ങള്‍ പ്രതിമയുടെ ചുവട്ടില്‍നിന്നുമിറങ്ങി മൊണാസ്റ്ററി ലക്ഷ്യമാക്കി വണ്ടി ഓടിച്ചു. അന്ന് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വരുന്ന ദിവസമായിരുന്നു. നരേന്ദ്ര മോദി രണ്ടാമൂഴത്തിനായി കളത്തിലിറങ്ങിയ തെരഞ്ഞെടുപ്പാണ്. രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കുന്നുണ്ട്. പിണറായിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷം കേരളത്തില്‍ വന്‍ കുതിപ്പുണ്ടാക്കുമെന്നും കരുതപ്പെടുന്നു. വാര്‍ത്തകളറിയാന്‍ വഴി ഇന്റര്‍നെറ്റാണ്. മൊണാസ്റ്ററിയില്‍ എത്തി എവിടെയെങ്കിലും സ്വസ്ഥമായി കുറച്ചുനേരമിരുന്നു വാര്‍ത്തകള്‍ പിന്തുടരാം. 

ഞങ്ങള്‍ കുന്നുകയറി മുകളിലെത്തി. വണ്ടി പാര്‍ക്ക് ചെയ്തിട്ട് മൊണാസ്റ്ററിയിലേക്കുള്ള പടികള്‍ കയറിത്തുടങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏതാണ്ട് എല്ലായിടത്തും വന്നു കഴിഞ്ഞിരുന്നു. ഇന്ത്യ രണ്ടാമതും മോദി ഭരണത്തിലേക്ക് പോവുകയാണ്. കോണ്‍ഗ്രസ് പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണുപോയിരിക്കുന്നു. അവരുടെ നേതാവ് അമേഠി എന്ന കോണ്‍ഗ്രസ്സിന്റെ ചരിത്രപ്രസിദ്ധമായ സിറ്റിങ് സീറ്റില്‍ പരാജയപ്പെട്ടു. വയനാട്ടില്‍ മത്സരിച്ചതുകൊണ്ട് രാഹുലിന് ലോക്‌സഭ കാണാം. കേരളത്തില്‍ പിണറായിയുടെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളൊന്നും ജനങ്ങള്‍ പരിഗണിച്ചിട്ടേയില്ല. ആലപ്പുഴയില്‍ സി.പി.എം സ്വതന്ത്രന്‍ എ.എം. ആരിഫ് മാത്രമാണ് ജയിച്ചത്. ബാക്കി 19 സീറ്റിലും കോണ്‍ഗ്രസ് സഖ്യം ജയിച്ചിരിക്കുന്നു. 

കേരളത്തില്‍ ഒരു സീറ്റും കിട്ടിയില്ലെങ്കിലും കേന്ദ്രത്തിലെ അവരുടെ വിജയത്തില്‍ ബി.ജെ.പി. ക്യാമ്പ് അതീവ സന്തോഷത്തിലാണ്. 300നു മുകളില്‍ സീറ്റുകളില്‍ അവര്‍ വിജയിക്കുമെന്നുറപ്പാണ്. വാരണാസിയില്‍നിന്നും മോദി വന്‍ഭൂരിപക്ഷത്തോടെ ജയിച്ചിരിക്കുന്നു. ഹിമാലയത്തിലെ ഗുഹയില്‍ തപസ് അനുഷ്ഠിക്കാന്‍ പോയതിന്റെ ഫലമാണെന്ന് അനുയായികള്‍ പറയുന്നു. അമിത് ഷാ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ വിശ്വസ്തരെല്ലാവരും തന്നെ വിജയിച്ചിരിക്കുന്നു. ലഡാക്കിലെ ഏക ലോക്‌സഭാ മണ്ഡലത്തില്‍നിന്നും ബി.ജെ.പിയുടെ ജാമ്യാങ് റ്റ്‌സറിങ് നംഗ്യാല്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച വാര്‍ത്ത മൊണാസ്റ്ററിയിലെ സന്ന്യാസിമാര്‍ സന്തോഷത്തോടെ മൊബൈലില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ അവരോടൊപ്പം കുറച്ചുനേരമിരുന്ന് ബാക്കി റിസള്‍ട്ടുകള്‍കൂടി പരിശോധിച്ചു. അപ്പോഴും ഫലം മുഴുവനായി വന്നിട്ടില്ല. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷം ലഭിച്ചതിന്റെ ആഘോഷങ്ങള്‍ ബി.ജെ.പിയുടെ ഡല്‍ഹി ആസ്ഥാനത്തു തുടങ്ങിക്കഴിഞ്ഞു. 

കോണ്‍ഗ്രസ്സിന്റെ ഈ പതനം എല്ലാവരും പ്രതീക്ഷിച്ചതാണ്. നല്ലൊരു സഖ്യം രൂപീകരിക്കാന്‍ പോലുമാകാതെ അവര്‍ ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ് ജനങ്ങള്‍ കണ്ടത്. പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ത്തല്ലും സ്വരച്ചേര്‍ച്ചയില്ലായ്മയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പോരായ്മകളും എല്ലാം ചേര്‍ന്ന് അവരുടെ നില അമ്പേ പരുങ്ങലിലായിരുന്നു. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം ഞങ്ങളെ അത്ഭുതപ്പെടുത്തിയില്ല. ഡിസ്‌കിറ്റ് മൊണാസ്റ്ററിയുടെ ബാല്‍ക്കണികളിലൊന്നിലിരുന്ന് ഇന്ത്യയുടെ ഭാവി എന്താവും എന്നതിനെക്കുറിച്ച് ഞങ്ങള്‍ കുറെ ചര്‍ച്ച നടത്തി. ഒടുവില്‍ അവിടെനിന്നുമിറങ്ങി താഴെ വഴിയിലെത്തിയപ്പോള്‍ ഒരു കടയില്‍ കയറി എന്തൊക്കെയോ കഴിച്ചു.

മുന്നോട്ടു പോകാന്‍ ഇനിയും ദൂരമുണ്ട്. ചായക്കടയുടെ വരാന്തയില്‍ കുറച്ചുനേരം ഇളവേല്‍ക്കവേ ഞാന്‍ വീണ്ടും കുന്നിന്റെ മുകളിലേക്കു നോക്കി. വെള്ളയും ചുമപ്പും നിറങ്ങളില്‍ കുറെ തീപ്പെട്ടിക്കൂടുകള്‍ അടുക്കിവെച്ചിരിക്കുന്നതുപോലെ കുന്നിന്റെ പള്ളയില്‍ മൊണാസ്റ്ററി.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com