'മലനിരകളെ കാണുക, ഇതാ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ചുംബിക്കുന്നു'

കൊട്ടാരത്തിനും മുകളിലായി ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. അതാണ് ആദ്യത്തെ കൊട്ടാരം. റ്റാഷി നംഗ്യാലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്
'മലനിരകളെ കാണുക, ഇതാ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ചുംബിക്കുന്നു'

പിറ്‌റേന്ന് രാവിലെ ഞങ്ങള്‍ ലേയിലെ കൊട്ടാരം കാണാന്‍ പോയി. പതിനോഴം നൂറ്റാണ്ടില്‍ ദലൈ ലാമയുടെ പൊട്ടാല പാലസിന്റെ മാതൃകയില്‍ സെന്‍ഗെ നംഗ്യാല്‍ പണികഴിപ്പിച്ച ലേ പാലസ് നഗരത്തിനു തൊട്ടുപുറകിലായി കുന്നിന്‍മുകളിലാണ്. അവിടേയ്ക്ക് വണ്ടിയില്‍ കയറിപ്പോവാന്‍ പറ്റുന്ന റോഡുണ്ട്. പക്ഷേ, നടന്നു കേറുന്നതാണ് നല്ലത്. നൂറ്റാണ്ടുകളായി മനുഷ്യര്‍ നടന്നുപോയിരുന്ന വഴിയിലൂടെ ഒരിക്കലെങ്കിലും നമ്മള്‍ നടക്കണമല്ലോ. നാശോന്മുഖമായിരുന്ന കൊട്ടാരം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇപ്പോള്‍ നവീകരിച്ചിട്ടുണ്ട്. രത്‌നങ്ങളും മറ്റു വിലപിടിപ്പുള്ള കല്ലുകളും പൊടിച്ചുണ്ടാക്കിയ നിറങ്ങളാല്‍ വരയ്ക്കപ്പെട്ട തങ്കകള്‍ ഇന്നും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഒന്‍പത് നിലകളാണ് കൊട്ടാരത്തിന്. 

കൊട്ടാരത്തിനും മുകളിലായി ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. അതാണ് ആദ്യത്തെ കൊട്ടാരം. റ്റാഷി നംഗ്യാലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. അതിനും മുകളിലായി ഒരു മൊണാസ്റ്ററിയുണ്ട്. അവിടമാണ് ഏറ്റവും ഉയര്‍ന്ന വാന്റേജ് പോയിന്റ്. കയറിയെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. അവിടെ നിന്നാല്‍ ലേ നഗരത്തിന്റെ 360 ഡിഗ്രി പനോരമ കിട്ടും. നല്ല കാറ്റാണ്, അതിനാല്‍ വളരെ സൂക്ഷിച്ചേ അവിടെ നില്‍ക്കാവൂ. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഞെട്ടറ്റ ഒരു ബുദ്ധിസ്റ്റു പ്രാര്‍ത്ഥനാപതാക പോലെ സമതലത്തിലേക്ക് നാം പറന്നിറങ്ങിയേക്കാം. ഞങ്ങള്‍ എത്തുമ്പോള്‍ താഴെ നഗരചത്വരത്തില്‍നിന്നും ബുദ്ധപൂര്‍ണ്ണിമയുടെ ആരവങ്ങള്‍ ഇടയ്ക്കിടയ്ക്ക് കാറ്റിനൊപ്പം കയറിവരുന്നുണ്ടായിരുന്നു. അതും കേട്ട് ഞാനും സോജനും കുറേ നേരം അവിടെ ഇരുന്നു.

ലെ പട്ടണം ചരിത്രത്തില്‍ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. താഴ്ന്ന പ്രദേശം എന്നര്‍ത്ഥം വരുന്ന 'ഖ-ചുംപ' എന്നും ചുവന്ന രാജ്യം എന്ന് അര്‍ത്ഥം വരുന്ന 'മര്യൂള്‍' എന്നുമൊക്കെ അതിനു പേരുണ്ടായിരുന്നു. ഫാഹിയാന്‍ ഈ നഗരത്തെ 'കിയ-ഛ' എന്നും ഹുയാന്‍ സാങ് 'മാ-ലോ-ഫോ' എന്നും വിളിച്ചു. സിന്ധുനദീതടത്തിലെ ഷാമില്‍ താമസിച്ചിരുന്ന ബ്രോക്പാസ് ആണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാര്‍ എന്നാണു കരുതുന്നത്. കുളുവില്‍നിന്നും വന്ന മോണ്‍ വംശജരും ഇവിടെ താമസം ഉറപ്പിച്ചിരുന്നതായി കരുതപ്പെടുന്നു. അവര്‍ ഷയോക്ക് താഴ്‌വരയില്‍ വരെ പാര്‍പ്പുറപ്പിച്ചിരുന്നു. ലഡാക്കിലെ ആദ്യ ജനത ഇന്തോആര്യന്‍ വംശത്തില്‍പ്പെട്ട ഡാര്‍ഡുകളാണ്. മധ്യ ഇന്ത്യയില്‍നിന്നും ബുദ്ധിസം ടിബറ്റിലേക്കു സഞ്ചരിച്ചതും ലേയിലൂടെയാണ്. പതിനാറാം നൂറ്റാണ്ടില്‍ ഇസ്‌ലാം മതവും ഇവിടെയെത്തി. ജര്‍മന്‍ മൊറോവിയന്‍ മിഷനറിമാരും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്ത് ക്രിസ്തുമത പ്രചാരണത്തിന് ഇവിടെയെത്തിയിരുന്നു.
 
ലെ കൊട്ടാരം പണികഴിപ്പിച്ച സെന്‍ഗെയിലേക്ക് എത്തുന്നതിനും നാളുകള്‍ക്കു മുന്നേ ലഡാക്കില്‍ മനുഷ്യവാസമുണ്ട്. ആ ചരിത്രം അറിയുക അത്ര എളുപ്പമല്ലെങ്കിലും അപ്രായോഗികമല്ല. ലഡാക്കിന്റെ ചരിത്രം ഔദ്യോഗികമായി അന്വേഷിച്ചു തുടങ്ങിയത് എമില്‍ എന്നും ഹെര്‍മന്‍ എന്നും പേരായ രണ്ടു ജര്‍മന്‍ ഗവേഷകരാണ്. അവരോടൊപ്പം മൊറോവിയന്‍ മിഷന്റെ ഭാഗമായി ഇവിടങ്ങള്‍ സന്ദര്‍ശിച്ച കാള്‍ മാര്‍ക്‌സും എ.എച്ച്. ഫ്രാങ്കിയും തങ്ങളുടേതായ അന്വേക്ഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്. ഫ്രാങ്കി ഹിസ്റ്ററി ഓഫ് വെസ്‌റ്റേണ്‍ ടിബറ്റ് (1907), ആന്റിക്വിറ്റീസ് ഓഫ് ഇന്ത്യന്‍ ടിബറ്റ് (1926) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍, കെസാര്‍ സാഗ പോലുള്ള വാമൊഴി വീരഗാഥകളെ കൂടുതലായി ആശ്രയിക്കുന്നുവെന്നതുകൊണ്ട് പലപ്പോഴും അദ്ദേഹത്തിന്റെ നിഗമനങ്ങളെ പിന്നീട് വന്ന പല ചരിത്രകാരന്മാരും എഴുത്തുകാരും സംശയിക്കുന്നുണ്ട്. 1977ല്‍ പ്രൊഫസ്സര്‍ ലൂസിയാനോ പീറ്റെച്ച് പ്രസിദ്ധീകരിച്ച ദി കിംഗ്ഡം ഓഫ് ലഡാക്ക് ഇ 950-1842 എന്ന പുസ്തകമാണ് ജാനറ്റ് റിസ്വിയെപ്പോലുള്ളവര്‍ കൂടുതല്‍ ആധികാരികമായി പരിഗണിക്കുന്നത്.

ലഡാക്ക് എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസ്സിലേക്ക് ഓടിവരുന്നത് ബുദ്ധമത വിശ്വാസികള്‍ മാത്രമുള്ള ഒരു നാടാണ്. എന്നാല്‍, പലതരം ഭാഷകളും സംസ്‌കാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഒരു ഭൂപ്രദേശമാണിവിടം. ഉദാഹരണത്തിന് ചങ്ദങ് പീഠഭൂമിയിലെ ചാങ്പാകള്‍ സംസാരിക്കുന്ന ഭാഷയ്ക്ക് സാമ്യം കാര്‍ഗിലിലെ പുരീഗ്പാകളുടെ ഭാഷയോടെയാണ്. എന്നാലും രണ്ടും തമ്മില്‍ വലിയ വ്യത്യാസങ്ങളും ഉണ്ട്. ഈ ഭാഷയല്ല സാന്‍സ്‌കാറിലെ ആളുകള്‍ ഉപയോഗിക്കുന്നത്. ലഡാക്കിലെ ഭാഷകള്‍ക്ക് പൊതുവായി ടിബറ്റന്‍ ഭാഷയോടാണ് സാമ്യം. ഇതിനോടൊപ്പം പേര്‍ഷ്യന്‍, ഉര്‍ദു തുടങ്ങിയ ഭാഷകളിലെ വാക്കുകളും പട്ടുപാതയിലൂടെ ലഡാക്കി ഭാഷയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 2011ലെ സെന്‍സസ് പ്രകാരം 37 ശതമാനം ബുദ്ധമതാനുയായികളും 12 ശതമാനം ഹിന്ദുക്കളും 0.83 ശതമാനം സിഖുമതവിശ്വാസികളും 0.46 ശതമാനം ക്രിസ്ത്യാനികളും ലഡാക്കിലുണ്ട്. കാര്‍ഗിലും ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യകളും കൂടി ഉള്‍പ്പെടുത്തുമ്പോള്‍ 46 ശതമാനം മുസ്‌ലിങ്ങളാണ്. പക്ഷേ, ലെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബുദ്ധിസ്റ്റുകള്‍ക്കാണ് ഭൂരിപക്ഷം.

ലേ പാലസ്/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍
ലേ പാലസ്/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍

കശ്മീരിന്റെ തെക്കു കിഴക്കു ഹിമാലയ മലനിരകളില്‍ തുടങ്ങി കാരക്കോറം വരെ നീണ്ടു കിടക്കുന്ന വിശാലമായ ഒരു ഭൂപ്രദേശമാണ് ലഡാക്ക്. ചൈന കൈവശം വെച്ചിരിക്കുന്ന അക്‌സൈ ചിന്‍ ഒഴിവാക്കിയാല്‍ പോലും കേരളത്തോളം തന്നെ വലുപ്പമുണ്ട് ലഡാക്കിന്. ഇവിടെ ഏതാണ്ട് 2700 അടി മുതല്‍ 4500 അടിവരെ ഉയരത്തില്‍ മനുഷ്യവാസമുണ്ട്. കാലാവസ്ഥയുടെ കാര്യത്തില്‍ പോലും ലഡാക്കിലെ താഴ്‌വരകള്‍ വ്യത്യസ്തമാണ്. ദ്രാസ്, സുരു, സന്‍സ്‌കാര്‍ താഴ്‌വരകള്‍ വര്‍ഷത്തില്‍ പാതിസമയവും കനത്ത മഞ്ഞുവീഴ്ചകൊണ്ട് അടഞ്ഞുകിടക്കുമ്പോള്‍ നൂബ്ര താഴ്‌വരയിലും റുപ്ഷു പോലുള്ള പീഠഭൂമികളിലും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഇതുകൊണ്ടുതന്നെ ഇവിടങ്ങളിലെ സസ്യജാലങ്ങളും വ്യത്യസ്തമാണ്. നൂബ്രയില്‍ കാണുന്ന സീബക്തോണ്‍ മുള്‍ച്ചെടി മറ്റൊരിടത്തും നമുക്ക് കാണാന്‍ കഴിയില്ല. സുരു താഴ്‌വരയിലേതുപോലെ പച്ചപ്പ് മറ്റൊരു താഴ്‌വരയിലുമില്ലതാനും. ലഡാക്കിലെ അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ തോത് തുലോം കുറവായതിനാല്‍ സൂര്യകിരണങ്ങള്‍ക്കു ശക്തി വളരെ കൂടുതലാണ്. പലപ്പോഴും തണുപ്പുകാലത്ത് പകല്‍സമയം സൂര്യന്‍ നന്നായി തെളിഞ്ഞു നില്‍ക്കും. ഈ സമയം മരത്തണലില്‍ ഇരിക്കുന്ന ഒരാളുടെ കാലുകള്‍ വെയിലത്താണെങ്കില്‍ അയാള്‍ക്ക് ഒരേസമയം സൂര്യാഘാതവും ഫ്രോസ്റ്റ്‌ബൈറ്റും ഒരുപോലെയേല്‍ക്കും എന്ന് പറയാറുണ്ട്. അത്രയ്ക്ക് അസാധാരണമാണ് ഇവിടുത്തെ കാലാവസ്ഥ പോലും. 

ലേയില്‍ വിത നടക്കുന്ന സമയത്ത് ഖല്‍സിയില്‍ ധാന്യങ്ങള്‍ പാതി മൂപ്പെത്തിയിരിക്കും. സിന്ധു നദീതടത്തില്‍ കൃഷിയിടങ്ങള്‍ വിളഞ്ഞു സ്വര്‍ണ്ണനിറത്തില്‍ പരിലസിക്കുമ്പോള്‍ ലേയില്‍ അവ അപ്പോഴും പച്ചനിറത്തില്‍ വിളഞ്ഞു വരുന്നതേ ഉണ്ടാവുകയുള്ളൂ. ഇതേ സമയം സൊ മോരിരി തടാകക്കരയിലെ കൃഷിയിടങ്ങളില്‍ ധാന്യങ്ങള്‍ ഒരിക്കലെങ്കിലും വിളയുമെന്നതിന് ഒരു ഉറപ്പുമില്ല. മിക്കവാറും അവ പച്ചയ്ക്ക് മുറിച്ചെടുത്ത് കാലിത്തീറ്റയായി ഉപയോഗിക്കുകയാണ് പതിവ്. ലഡാക്കിന്റെ വന്യജീവി സമ്പത്തും വളരെ വലുതാണ്. ലോകത്തില്‍ ഹിമാലയത്തില്‍ മാത്രം കാണാന്‍ കഴിയുന്ന പല ജീവികളും ലഡാക്കിലുണ്ട്. സ്‌നോ ലെപ്പേഡ് അതില്‍ ഒന്നുമാത്രം.

1, 2 നൂറ്റാണ്ടുകളില്‍ എപ്പോഴോ ഇന്ത്യയില്‍നിന്നും ബുദ്ധമതം ചുരം കയറി ലഡാക്കില്‍ എത്തുന്നതിനു മുന്നേ ഇവിടുത്തുകാര്‍ ബോണ്‍ മതവിശ്വാസികളായിരുന്നു. ഐബെക്‌സ് എന്ന കാട്ടാടായിരുന്നു അവരുടെ മതചിഹ്നം. ലഡാക്കികള്‍ ഇന്തോഇറാനിയന്‍ വംശത്തില്‍ പെട്ടവരും അതോടൊപ്പം മംഗളോയിഡ് വംശത്തിന്റെ പ്രത്യേകതകള്‍ ഉള്ളവരുമാണ്. മധ്യ ലഡാക്കിലും കിഴക്കന്‍ ലഡാക്കിലും താമസമുറപ്പിച്ച ഡാര്‍ഡുകളെ ടിബറ്റന്‍ വംശജരും പടിഞ്ഞാറന്‍ ലഡാക്കില്‍ പാര്‍പ്പുറപ്പിച്ച ഡാര്‍ഡുകളെ ഇസ്‌ലാം രാജാക്കന്മാരും കീഴടക്കുകയാണുണ്ടായത്. ടിബറ്റന്‍ വംശജര്‍ 89 നൂറ്റാണ്ടുകളിലാണ് ആദ്യമായി ലഡാക്കില്‍ എത്തുന്നത്. 10ാം നൂറ്റാണ്ടില്‍ ആദ്യത്തെ രാജവംശം അവര്‍ സ്ഥാപിച്ചു. ഇതോടെയാണ് ലഡാക്കിന്റെ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നത്. ഇതിനു മുന്നേ ചിതറിക്കിടന്ന വെറും ജനസഞ്ചയങ്ങള്‍ മാത്രമായിരുന്നു ലഡാക്കികള്‍. 

ഏഴാം നൂറ്റാണ്ടില്‍ ടിബറ്റന്‍ രാജാവായിരുന്ന സ്‌റോണ്‍റ്റ്‌സാന്‍ഗംപോ ബുദ്ധമതം സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ പിന്‍ഗാമി ലാങ്ദര്‍മാ ബുദ്ധമതം ഉപേക്ഷിക്കുകയും ബോണ്‍ മതവിശ്വാസങ്ങള്‍ തിരിച്ചുകൊണ്ടുവരുകയും ചെയ്തു. ഇതില്‍ കോപാകുലനായ ഒരു ബുദ്ധസന്ന്യാസി ഗംപോയെ വധിച്ചു. അങ്ങനെ ടിബറ്റില്‍ അരാജകത്വം ഉടലെടുത്തു. ഈ കൊലപാതകത്തിനു ശേഷം ഗംപോയുടെ പിന്‍ഗാമി ന്യിമഗോണ്‍ ടിബറ്റില്‍നിന്നും കിഴക്കു ദിക്കിലേക്ക് സഞ്ചരിച്ച് ഇന്നത്തെ ലഡാക്കില്‍ താമസമുറപ്പിച്ചു. അങ്ങനെയാണ് ഇവിടെ ആദ്യ ടിബറ്റന്‍ രാജവംശം സ്ഥാപിതമാകുന്നത്. 

ന്യിമഗോണ്‍ തന്റെ മൂത്ത മകനായ പല്‍ഗ്യിഗോണിന് ലഡാക്കിന്റെ ഭരണം ഏല്പിച്ചു കൊടുത്തു. ഇക്കാലത്ത് ലഡാക്ക് ഭരിച്ചുകൊണ്ടിരുന്നത് കെസാര്‍ എന്ന വീരപുരുഷന്‍ ആയിരുന്നു എന്നാണ് ഐതിഹ്യം. കെസാറിന്റെ വീരശൂര പരാക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥയാണ് കെസാര്‍ സാഗ.

ടിബറ്റില്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയില്‍ ആയിരുന്നതുകൊണ്ട് ന്യിമഗോണ്‍ രാജവംശത്തിലെ രാജാക്കന്മാര്‍ കശ്മീരിലെ ബുദ്ധസന്ന്യാസിമാരിലാണ് ആത്മീയ ഉപദേശങ്ങള്‍ക്കുവേണ്ടി അഭയം കണ്ടെത്തിയത്. പല്‍ഗ്യിഗോണിനു ശേഷം അധികാരത്തില്‍ വന്ന യേഷ്എസ്ഓഡ് വിക്രമശിലയിലെ പ്രസിദ്ധനായ ബുദ്ധസന്ന്യാസി അറ്റിഷ ദീപാങ്കര ശ്രീജ്ഞാനനെ തന്റെ രാജ്യത്തിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം ലഡാക് സന്ദര്‍ശിച്ചത് യേഷിന്റെ മകന്‍ ചാങ്ചുബ്ഓഡിന്റെ കാലത്ത് പതിനൊന്നാം നൂറ്റാണ്ടിലാണ്. 

ലേ ടൗൺ മലമുകളിൽ നിന്നുള്ള കാഴ്ച
ലേ ടൗൺ മലമുകളിൽ നിന്നുള്ള കാഴ്ച

അറ്റിഷ മഹായാന വജ്രയാന ബുദ്ധമതം ഇവിടങ്ങളില്‍ പ്രചരിപ്പിച്ചു. ഇദ്ദേഹം സുമാത്രയും സന്ദര്‍ശിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. പിന്നീട് ചോളരാജാവായ രാജേന്ദ്ര ചോളന്‍ സുമാത്ര കീഴടക്കിയപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. ബുദ്ധിസത്തിലെ കദം സ്‌കൂളിന്റെ മൊണാസ്റ്ററികള്‍ ലഡാക്കിലും പടിഞ്ഞാറന്‍ ടിബറ്റിലും സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇവരാണ് പിന്നീട് ഗെലുഗ്പാ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയ 'മഞ്ഞ തൊപ്പിക്കാര്‍.' ഈ കാലഘട്ടത്തിലേതായി ഇന്നും ലഡാക്കില്‍ അവശേഷിക്കുന്നത് അല്‍ചി മൊണാസ്റ്ററി മാത്രമാണ്.

പിന്നെയും രണ്ടു നൂറ്റാണ്ടുകളോളം കഴിഞ്ഞ് 13ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ബുദ്ധമതം ശോഷിച്ചു തുടങ്ങിയപ്പോള്‍ മാത്രമാണ് ലഡാക് ആത്മീയ കാര്യങ്ങള്‍ക്കായി ടിബറ്റിനെ ആശ്രയിച്ചു തുടങ്ങിയത്. ഇത് ലാചെന്‍ന്‍ഗോരൂബിന്റെ കാലത്താണ്. യുവാക്കളായ ബുദ്ധസന്ന്യാസിമാരെ ടിബറ്റില്‍ വിട്ടു വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്ന രീതി അങ്ങനെയാണ് നിലവില്‍ വന്നത്. ഇത് പിന്നീട് ചൈന ടിബറ്റ് കീഴടക്കുന്നതുവരെ നീണ്ടുനിന്നു. അതിനു ശേഷമാണ് കര്‍ണാടകം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് യുവാക്കള്‍ മതപഠനത്തിനായി പോയി തുടങ്ങിയത്. 1215ല്‍ കൈലാസത്തിനടുത്ത് ഒരു ബുദ്ധവിഹാരം സ്ഥാപിച്ചതും ലാചെന്‍ന്‍ ഗോരൂബിന്റെ കാലത്താണ്. 

ഇതേ ലാചെന്‍ന്‍ഗോരൂബിന്റെ മകന്‍ (ഒരുപക്ഷേ, കൊച്ചുമകനോ മകന്റെ മകന്റെ മകനോ ആവാം) റിഞ്ചന്‍ ആണ് കശ്മീരില്‍ ആദ്യമായി ഇസ്ലാം മതം സ്വീകരിച്ച രാജാവ്. പക്ഷേ, പീറ്റെച്ച് ഇക്കാര്യം അംഗീകരിക്കുന്നില്ല. കാലഗണന അനുസരിച്ച് ഇത് സാധ്യമല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. എന്തായാലും ഇത്തരം ചില കാര്യങ്ങളല്ലാതെ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള ലഡാക്കിന്റെ ചരിത്രം ഇന്നും അജ്ഞാതമാണ്. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ ചരിത്രരേഖകള്‍ ലഭ്യമാണുതാനും. അതുകൊണ്ട് ചരിത്രകാരന്മാര്‍ ലഡാക്കിന്റെ ചരിത്രത്തെ പതിനഞ്ചാം നൂറ്റാണ്ടിനു മുന്‍പും ശേഷവും എന്ന് രണ്ടു ഘട്ടങ്ങളായി തരം തിരിച്ചാണ് പരിഗണിക്കുന്നത്.

ലഡാക്കിനു മേല്‍ ആദ്യമായി ഇസ്‌ലാമിക അധിനിവേശം ഉണ്ടാകുന്നത് 1420കളില്‍ ട്രാഗ്‌സ്ബംഡേ രാജാവിന്റെ ഭരണകാലത്ത് കശ്മീരിലെ പ്രമുഖനായ സൈനുല്‍ ആബിദിന്‍ രാജാവിന്റെ നേതൃത്വത്തിലാണ്. സൈനുല്‍ ആബിദിന്‍ പടിഞ്ഞാറന്‍ ലഡാക്കില്‍ ഗൂജ് (ടിബറ്റ്) വരെ എത്തി. ഇതിനുശേഷം രണ്ടു നൂറ്റാണ്ടോളം ഏകദേശം 1600 വരെ ലഡാക്കിലേക്ക് കശ്മീര്‍, മധ്യ ഏഷ്യ, ബാള്‍ട്ടിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും നിരന്തരം ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ഈ സമയത്താണ് പുരീഗ് (കാര്‍ഗിലും ചുറ്റുമുള്ള പ്രദേശങ്ങളും) ഇസ്‌ലാം മതം സ്വീകരിക്കുന്നത്. എന്നാലും മധ്യ ലഡാക്കിലെ ജനങ്ങള്‍ ബുദ്ധമതത്തില്‍ തന്നെ തുടര്‍ന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം ടിബറ്റില്‍നിന്നും അക്കാലംകൊണ്ട് അവിടെ സ്വാധീനമുറപ്പിച്ചു കഴിഞ്ഞ 'മഞ്ഞ തൊപ്പിക്കാര്‍' ലഡാക്കിലേക്കു വരികയും അവരുടെ നേതൃത്വത്തില്‍ വിഹാരങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. സ്പിതുക്കിലെ ബുദ്ധവിഹാരം ഇക്കാലത്തു നിര്‍മ്മിച്ചതാണ്. 

ഇതോടെ ടിബറ്റുമായുള്ള ലഡാക്കിന്റെ ബന്ധം കൂടുതല്‍ ദൃഢമായി. ഈ സമയത്ത് ലഡാക്ക് ഒരേ രാജവംശത്തിലെ തന്നെ ജ്യേഷ്ഠാനുജന്മാര്‍ ഭരിച്ചിരുന്ന രണ്ടു പ്രവിശ്യകളായിരുന്നു. ലെയും ഷെയും കേന്ദ്രീകരിച്ചുള്ള ഒരു പ്രവിശ്യയും ബാസ്‌ഗോയും (ഇന്നത്തെ ഹുണ്ടര്‍ മേഖല) റ്റിങ്‌മോസ്ഗാങ്ങും ഉള്‍പ്പെടുന്ന മറ്റൊന്നും. കൂടുതല്‍ അധികാരങ്ങള്‍ ഒന്നാമത്തെ പ്രവിശ്യയ്ക്കായിരുന്നുവെങ്കിലും ബാസ്‌ഗോയിലെ രാജാവിന്റെ കൊച്ചുമകന്‍ ഭഗന്‍ എന്ന രാജാവാണ് പിന്നീട് ചരിത്രത്തിന്റെ ഗതി മാറ്റിയത്. അദ്ദേഹം ലേയിലേയും ഷെയിലേയും രാജാവിനെ അധികാരഭ്രഷ്ടനാക്കുകയും ലഡാക്കിനെ പുനരേകീകരിക്കുന്ന ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. ഭഗന്‍ ആണ് ലഡാക്കിലെ അവസാനത്തേതും അതിപ്രസിദ്ധവുമായ നംഗ്യാല്‍ രാജവംശം സ്ഥാപിച്ചത്. ഇദ്ദേഹം പിന്നീട് ലചെന്‍കുങ്ഗ നംഗ്യാല്‍ എന്ന പേര് സ്വീകരിച്ച കാര്യം നാം നേരത്തെ കണ്ടതാണ്.

ഭഗന്റെ മകനായ റ്റാഷി നംഗ്യാല്‍ (ഇക്കാര്യത്തിലും ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. റ്റാഷി ഭഗന്റെ മകന്‍ ആവുകയെന്നത് കാലഗണനാക്രമം അനുസരിച്ച് സാധ്യമല്ല എന്നു വാദിക്കുന്നവരുണ്ട്. എന്തായാലും ഭഗനു ശേഷം അധികാരത്തില്‍ വന്നത് റ്റാഷി ആണെന്ന് മാത്രമേ നമുക്കറിയൂ) പണികഴിപ്പിച്ച പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളുടെ അരികിലായിട്ടാണ് ഞങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്നത്. കാറ്റിന്റെ ഗതി മാറുന്നത് അനുസരിച്ച് താഴ്‌വാരത്തിലെ ശബ്ദങ്ങള്‍ വന്നുംപോയുമിരിക്കുന്നു. കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന താഴ്‌വരയുടെ വിദൂരദൃശ്യം. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ വാഹനങ്ങള്‍ അരിച്ചരിച്ചു നീങ്ങുന്നു. ആരൊക്കെയോ ലെ കണ്ടു മടങ്ങുകയാണ്. മറ്റു ചിലര്‍ ഇങ്ങോട്ടേയ്ക്കു വരുന്നുണ്ട്. 

പണ്ടുകാലത്ത് ഒട്ടകങ്ങളും കഴുതകളും യാക്കുകളും ചുമടുകളുമായി നിരനിരയായി പട്ടണത്തിലേക്ക് വരുന്നത് റ്റാഷി ഈ കൊട്ടാരത്തിന്റെ കിളിവാതിലുകളിലൂടെ നോക്കിയിരുന്നിരിക്കാം. അവയോടൊപ്പം കച്ചവടക്കാര്‍ മാത്രമല്ല, ബുദ്ധസന്ന്യാസിമാരും കലാകാരന്മാരും നര്‍ത്തകരും സംഗീതജ്ഞരും സാഹിത്യകാരന്മാരും യാത്രികരുമുണ്ടായിരുന്നു. അവരൊക്കെ ലഡാക്കിന്റെ ചരിത്രത്തേയും കലയേയും ആത്മീയതയേയും ആഴത്തില്‍ തൊട്ടു. കാറ്റില്‍ പ്രാര്‍ത്ഥനകള്‍ മുഴങ്ങി. ചുമരുകളില്‍ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ വരയപ്പെട്ടു. ചിന്തയിലും എഴുത്തിലും പുതുമ വിരിഞ്ഞു. 

കാർദുങ്
കാർദുങ്

റ്റാഷി നംഗ്യാലിന്റെ ഛായാചിത്രം ലെ കൊട്ടാരത്തിലെ പ്രാര്‍ത്ഥനാമുറിയില്‍ ഇന്നും കാണാം. സ്വന്തം ഛായാചിത്രം വരയപ്പെട്ട ആദ്യത്തെ ലഡാക്കി രാജാവ് ഇദ്ദേഹമാണ്. മലമുകളില്‍ കോട്ടയുടെ പൊട്ടിപ്പൊളിഞ്ഞ കാവല്‍മാടത്തിനരികിലിരുന്ന് ലഡാക്കിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ ഞങ്ങളെ തേടി ഒരു പൂമ്പാറ്റ അവിടെയെത്തി. ഒരു പെയിന്റഡ് ലേഡി ബട്ടര്‍ഫ്‌ലൈ. നിശ്ശബ്ദരായിരുന്ന ഞങ്ങള്‍ക്കു ചുറ്റും പറന്നിട്ട് അത് ഒരു പാറയില്‍ പോയിരുന്നു. ഞാന്‍ സോജനെ നോക്കി. സോജന്‍ എന്നെയും. 

'ഡേ അനങ്ങണ്ട, ഇത് ബുദ്ധനാണ്!' ഞാന്‍ പറഞ്ഞു.

റ്റാഷി ആരംഭിച്ച കൊട്ടാരം പണി പൂര്‍ത്തിയാക്കിയത് സെന്‍ഗെ നംഗ്യാല്‍ ആണ്. റ്റാഷിക്ക് മക്കള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ അനന്തരവന്‍ റ്റ്‌സ്വെവാങ് നംഗ്യാല്‍ അധികാരം ഏറ്റെടുത്തു. ഇദ്ദേഹമാണ് പുതിയ കൊട്ടാരത്തിന്റെ പണി ആരംഭിച്ചത്. ബാസ്‌ഗോയിലെ മൈത്രേയ ക്ഷേത്രം നിര്‍മ്മിച്ചതും ഇദ്ദേഹം തന്നെ. റ്റ്‌സ്വെവാങിനു ശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ ജാമ്യാങ് നംഗ്യാല്‍ അധികാരത്തില്‍ വന്നു. ഇദ്ദേഹമാണ് ബാള്‍ട്ടിസ്ഥാനിലെ രാജാവ് അലി മിറിന്റെ മകള്‍ ഗ്യാല്‍ ഖാതൂണിനെ വിവാഹം കഴിച്ചത്. ജാമ്യാങ്ങിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ സെന്‍ഗെ അധികാരത്തിലെത്തിയപ്പോഴാണ് കൊട്ടാരത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. അതുകൊണ്ടുതന്നെ ഇന്ന് കാണുന്ന ഒന്‍പതു നിലകളുള്ള കൊട്ടാരം സെന്‍ഗെയുടെ പേരിലാണ് അറിയപ്പെടുന്നത്.

ഖചുംപയിലെ കൊട്ടാരവും കണ്ടിട്ട് ഞങ്ങള്‍ നഗരചത്വരത്തിലെത്തിയപ്പോള്‍ അതിനടുത്തുള്ള മൈതാനത്ത് ബുദ്ധപൂര്‍ണ്ണിമയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. വഴിയില്‍ ഘോഷയാത്രയില്‍ നിറയെ സന്ന്യാസിമാരും കുട്ടികളും മുതിര്‍ന്നവരും. അതില്‍ കുറെ കുട്ടികള്‍ ബുദ്ധന്റേയും മറ്റും വേഷം കെട്ടിയിട്ടുണ്ട്. കുട്ടികള്‍ എല്ലായിടവും ഒരുപോലെയാണ്. അവര്‍ക്ക് നമ്മളെ നോക്കി ചിരിക്കാനും പരിചയം നടിക്കാനും പ്രത്യേകിച്ച് ഒരു കാരണവും വേണ്ട. കണ്ണുകളില്‍ കൊടുമുടികള്‍ കുടികൊള്ളുന്ന ലഡാക്കിലെ കുട്ടികളെ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് ആ ഘോഷയാത്രയുടെ കൂടെ ഞങ്ങളും നടന്നു.

നൂബ്ര

ലേയില്‍നിന്നും ഞങ്ങള്‍ നേരെ പോയത് സുമൂറിലേക്കാണ്. കാരക്കോറം മലനിരകളിലെ പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്ന നൂബ്ര താഴ്‌വരയില്‍ സിയാച്ചിന്‍ മേഖലയിലുള്ള മറ്റൊരു മനോഹര ഗ്രാമമാണ് സുമൂര്‍. മലനിരകള്‍ക്കും നദീതീരത്തിനുമിടയില്‍ സ്വയം വിരിച്ചിട്ടിരിക്കുന്ന ഒരു പച്ച ഷാള്‍. അതിലെ ചിത്രത്തുന്നല്‍ പോലെ ഇടയ്ക്കിടയ്ക്ക് മണിചക്രങ്ങള്‍ എന്ന് ലഡാക്കികള്‍ വിളിക്കുന്ന ബുദ്ധിസ്റ്റ് പ്രാര്‍ത്ഥനാ വീലുകള്‍. കാറ്റില്‍ പാറുന്ന നിരവധി ബുദ്ധിസ്റ്റ് പ്രാര്‍ത്ഥനാ കൊടികള്‍. 

നൂബ്ര നദി സിയാച്ചിനില്‍നിന്ന് ഉത്ഭവിച്ച് 70 കിലോമീറ്ററോളം തെക്കു ദിശയിലേക്കൊഴുകി ഷയോക്ക് നദിയില്‍ ചേരും. രണ്ടു നദികളും കൂടി വീണ്ടും പടിഞ്ഞാറു ദിശയിലേക്കൊഴുകി ഒടുവില്‍ ബാള്‍ട്ടിസ്ഥാനില്‍വെച്ച് സിന്ധുവില്‍ ലയിക്കുകയാണ് ചെയ്യുന്നത്. ഷയോക്ക് നദിയുടെ പ്രയാണം കൗതുകകരമാണ്. കാരക്കോറം മലനിരകളിലെ ചിപ്ചാപ് അരുവിയായി തുടങ്ങി പടിഞ്ഞാറോട്ടൊഴുകി റിമോ മഞ്ഞുപാളിയില്‍നിന്നുള്‍പ്പെടെ മൂന്നോളം പ്രധാനപ്പെട്ട മഞ്ഞു പാളികളില്‍നിന്നും ജലം സ്വീകരിച്ച് ശക്തിരൂപിണിയായി നേരെ തിരിഞ്ഞ് തെക്കോട്ടു കുലംകുത്തിയൊഴുകി പാംഗോങ് മലനിരകളുടെ അടിവാരത്തില്‍ എത്തുമ്പോള്‍ വീണ്ടും കുത്തനെ വടക്കുപടിഞ്ഞാറു ദിശയിലേക്കു തിരിഞ്ഞ് സിന്ധുവിനെ ലക്ഷ്യമാക്കി ഒഴുകുകയാണ് ഷയോക്ക് ചെയ്യുന്നത്. ഇതിനിടയില്‍ സുമൂറിലേക്കുള്ള വഴി തുടങ്ങുമിടത്തില്‍വെച്ച് നൂബ്ര നദിയുമായി ചേരും. നൂബ്ര നദിക്കും കാരക്കോറം മലനിരകള്‍ക്കുമിടയില്‍ കിടക്കുന്ന പ്രദേശമാണ് നൂബ്ര താഴ്‌വാരം.

ലഡാക്കില്‍നിന്നും നൂബ്ര താഴ്‌വരയില്‍ എത്തണമെങ്കില്‍ കാര്‍ദുങ് ചുരം കയറിയിറങ്ങണം. ഇത് അത്ര നിസ്സാരമായ ഒരു യാത്രയല്ല. 11483 അടിയില്‍നിന്നും 17582 അടിയിലേക്കുള്ള കയറ്റമാണ്. ലഡാക്കില്‍ പൊതുവെ ഓക്‌സിജന്റെ അളവ് കുറവാണെങ്കില്‍ അതിനേക്കാളും കുറവാണ് കാര്‍ദുങ് ലായുടെ മുകളില്‍. ഒരു സമയം വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറാബിള്‍ റോഡ് ആയിട്ടാണ് കാര്‍ദുങ് ലായെ പരിഗണിച്ചിരുന്നത്. വര്‍ഷം മുഴുവനും മഞ്ഞു മൂടിക്കിടക്കുന്ന കൊടുമുടിയാണ് കാര്‍ദുങ് എങ്കിലും ചുരം മിക്കപ്പോഴും സഞ്ചാരയോഗ്യമായിരിക്കും. അതുകൊണ്ടുതന്നെ ടിബറ്റില്‍നിന്നും യാര്‍ഖണ്ഡില്‍നിന്നും ചൈനയില്‍ നിന്നുമൊക്കെയുള്ള സഞ്ചാരികളുടെ പ്രധാന പാതയായിരുന്നു ഇത്.

ഞങ്ങള്‍ ലേയില്‍നിന്നും ബൈക്കുകള്‍ വാടകയ്ക്ക് എടുത്തിട്ടാണ് ഇനിയുള്ള യാത്രകള്‍ എല്ലാം പോകുന്നത്. നഗരത്തില്‍നിന്നും രണ്ടു കന്നാസുകള്‍ നിറയെ പെട്രോളും അത്യാവശ്യം വേണ്ട തീറ്റ സാമാനങ്ങളും വെള്ളവും ഒക്കെ വാങ്ങി വെയില്‍ ഉദിച്ചപ്പോള്‍ ഞങ്ങള്‍ യാത്ര തുടങ്ങി. ലേയില്‍നിന്നും ലഡാക്ക് കറങ്ങാനുള്ള സര്‍ക്കാര്‍ പാസ്സ് വാങ്ങിയാലേ പലയിടങ്ങളിലും നമ്മളെ സഞ്ചരിക്കാന്‍ അനുവദിക്കൂ. അത് ഞങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ വാങ്ങിയിരുന്നു. ലഡാക്കിന്റെ ക്രൂര സൂര്യനോട്ടം മറികടക്കാന്‍ കൂളിംഗ് ഗ്ലാസ്സും കൈപ്പത്തി വരെ മൂടിക്കിടക്കുന്ന ജാക്കറ്റും തണുപ്പിനെ ചെറുക്കാനുള്ള ബൂട്ടുകളും ഒക്കെയായി ഞങ്ങള്‍ മല കയറിത്തുടങ്ങി. വഴി വളഞ്ഞുപുളഞ്ഞു മുകളിലേക്ക് പോയിക്കൊണ്ടിരുന്നു. ലെ പുറകില്‍ മറഞ്ഞുതുടങ്ങി. എങ്ങും മലകള്‍, മലകള്‍ മാത്രം. അതിനിടയില്‍ക്കൂടി ഞങ്ങള്‍ നാലുപേര്‍ കുന്നുകയറുന്നു. സഞ്ചാരികള്‍ വന്നു തുടങ്ങുന്നതേയുള്ളൂ. ലേയില്‍നിന്നും 40 കിലോമീറ്റര്‍ ദൂരമുണ്ട് കാര്‍ദുങ് ലായിലേക്ക്.

മലകയറി ചുരത്തിന്റെ മുകളില്‍ എത്തുമ്പോള്‍ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. ചാറ്റല്‍ മഴയും. അധികനേരം അവിടെ നില്‍ക്കാന്‍ കഴിയില്ല. പ്രാണവായുവിന്റെ കുറവ് ശ്വാസോച്ഛ്വാസം ആയാസത്തിലാക്കുന്നുണ്ട്. ഞങ്ങള്‍ അവിടെത്തന്നെയുള്ള പട്ടാളക്കാരുടെ കാന്റീനില്‍നിന്നും ചായ വാങ്ങി കുടിച്ചിട്ട് പതിയെ ഇറക്കം ഇറങ്ങിത്തുടങ്ങി. കയറിവരുന്നതുപോലെ തന്നെ ആയാസമാണ് ഇറങ്ങുമ്പോഴും. വഴിയാകെ തകര്‍ന്നുകിടക്കുന്നു. ബൈക്കിന്റെ ടയര്‍ മഞ്ഞില്‍ പുതഞ്ഞുപോകുമ്പോള്‍ വളരെ കഷ്ടപ്പെട്ടിട്ടാണ് അതു നേരെയാക്കുന്നത്. വലിയ വണ്ടികള്‍ ഓടി രൂപപ്പെട്ട ചാലുകളിലൂടെ മഞ്ഞിനെ ഒഴിഞ്ഞു ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. ചുരമിറങ്ങി ഖല്‍സാറിലെത്തി അവിടെനിന്നും തെരിത്ത് ഗ്രാമവും പിന്നിട്ടു വേണം സുമൂറിലെത്താന്‍. ആകെ 117 കിലോമീറ്റര്‍ ദൂരം.

ചുരമിറങ്ങി ഖല്‍സാറിലേക്കെത്തുമ്പോള്‍ ഷയോക്കിന്റെ കിലോമീറ്ററുകള്‍ വീതിയുള്ള മണല്‍പ്പരപ്പു കാണാം. ദൂരമേറെ താണ്ടി നദി ഒഴുക്കിക്കൊണ്ടുവരുന്ന പഞ്ചാരമണല്‍ കറുപ്പും വെളുപ്പും ഇളംമഞ്ഞയും നിറങ്ങളില്‍ പ്രകാശരശ്മികളേറ്റു തിളങ്ങുന്നു. ഗ്രാമത്തില്‍ നിറയെ മരങ്ങള്‍. അവയുടെ തലപ്പുകളില്‍ സൂര്യന്‍ ചിതറുന്നു. മേഘങ്ങള്‍ നിഴലും വെളിച്ചവുംകൊണ്ട് പകിടകളിക്കുന്നു. സഞ്ചാരികള്‍ക്ക് തമ്പടിക്കാന്‍ സൗകര്യമൊരുക്കി കൊടുക്കുന്ന ടൂറിസ്റ്റു ഗൈഡുമാര്‍. വഴിയിലൂടെ അലസം നീങ്ങുന്ന കോവര്‍ക്കഴുതകള്‍. കടത്തിണ്ണകളില്‍ വെറുതെ ഇരിക്കുന്ന മനുഷ്യര്‍. ഖല്‍സാറില്‍നിന്നും തിരിത്തിലേക്ക് പോവും വഴി ഷയോക്കിനെ മറികടക്കണം. പിന്നെ നദിയോരത്തുകൂടി ഏറെ നേരം സഞ്ചരിച്ച് ഒടുവില്‍ നൂബ്ര ഷയോക്കില്‍ ചേരുന്നിടത്തുവെച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞു വേണം സുമൂറിലേക്കു പോകാന്‍.

നൂബ്ര
നൂബ്ര

ഞങ്ങള്‍ സുമൂറിലെത്തിയപ്പോള്‍ നേരമേറെ വൈകിയിരുന്നു. അതുകൊണ്ട് മുറി തരപ്പെടുത്താന്‍ അല്പം ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവില്‍ ഗ്രാമത്തിനതിരിലെ നംഗ്യാല്‍ ഗസ്റ്റ് ഹൗസില്‍ ഞങ്ങള്‍ക്ക് ഒരു വലിയ ഡോര്‍മിറ്ററി കിട്ടി. ഡോര്‍മിറ്ററിയാണെങ്കിലും അന്ന് അവിടെ ഞങ്ങള്‍ നാലുപേര്‍ മാത്രമാണ് താമസക്കാരായി ഉണ്ടായിരുന്നത്. ക്യാമറയും ബാഗും ഒക്കെ ഒരു മൂലയ്ക്ക് തള്ളിയിട്ട് ഞങ്ങള്‍ കട്ടിലിലേക്ക് മറിഞ്ഞു. ഒരു പകല്‍ മുഴുവനും വണ്ടി ഓടിച്ചതിന്റെ ക്ഷീണം മാറ്റേണ്ടതുണ്ടായിരുന്നു.

രാത്രി ആയപ്പോള്‍ ഗസ്റ്റ് ഹൗസിന്റെ നടത്തിപ്പുകാരന്‍ പ്രകാശ് ശര്‍മ്മ നല്ല ചോറും തൈരും ഉരുളക്കിഴങ്ങു കറിയും ഓംലറ്റും ഉണ്ടാക്കി തന്നു. അതും കഴിച്ചു ഞങ്ങള്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു. വസന്തകാലത്തു നിറയെ പൂക്കള്‍ വിരിയുന്ന ഇടമാണിത്. ഞങ്ങള്‍ എത്തിയത് വേനല്‍ക്കാലത്ത് ആണെങ്കിലും പലയിടങ്ങളിലും പൂക്കള്‍ വിരിഞ്ഞുനിന്നിരുന്നു. വസന്തത്തില്‍ ഈ താഴ്‌വര അണിഞ്ഞൊരുങ്ങുന്നത് എങ്ങനെ എന്ന് മനസ്സിലാക്കാന്‍ അവയുടെ നിറഭേദങ്ങള്‍ തന്നെ അധികമായിരുന്നു.

ക്ഷീണം കൊണ്ടാവാം കിടന്നപാടേ ഉറങ്ങിപ്പോയി. ഉറക്കത്തിലെപ്പോഴോ ഞാന്‍ ഏതോ ഒരു വഴിയില്‍ ക്യാമറയും തൂക്കി ഇരിപ്പാണ്. ചുറ്റിനും പാറുന്ന പക്ഷികളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ക്യാമറ ലെന്‍സിന്റെ ഒരു കോണില്‍ ഒരു അനക്കം. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ അത് ഒരു മനുഷ്യനാണ്. ഏകദേശം അറുപതിനു മുകളില്‍ പ്രായം. മെലിഞ്ഞതെങ്കിലും ബലിഷ്ഠമായ ശരീരം. കുത്തിത്തുളയ്ക്കുന്ന കണ്ണുകള്‍. കയ്യില്‍ ഒരു കോടാലി. അയാള്‍ എന്നെ നോക്കി ചിരിച്ചു. 

'ജൂലെ' 

എനിക്കറിയാവുന്ന ലഡാക്കി ഭാഷയില്‍ ഞാന്‍ അയാളെ അഭിസംബോധന ചെയ്തു. അപ്പോള്‍ അയാള്‍ വീണ്ടും ചിരിച്ചു. എന്നിട്ട് കോടാലി താഴെ ഒരു കുത്തുകല്ലില്‍ ചാരിവെച്ചു.

'ആപ്കാ നാം ക്യാ ഹേ?' 

എനിക്കയാളോട് സംസാരിക്കേണ്ടതുണ്ടായിരുന്നു. അയാള്‍ എന്തോ പേര് പറഞ്ഞു. എനിക്കത് മനസ്സിലായില്ല.

'എന്ത് ചെയ്യുന്നു?'

'ഇത് തന്നെ,' അയാള്‍ കോടാലി ചൂണ്ടിക്കാണിച്ചു.

'വിറകിനാണോ അതോ?'

'എല്ലാത്തിനും  വിറകിനും വീട് ഉണ്ടാക്കാനും കൃഷിയിടം വൃത്തിയാക്കാനും എല്ലാത്തിനും.'

'നിങ്ങള്‍ ഏതൊക്കെ മരങ്ങളാണ് മുറിക്കുന്നത്?'

'എന്തൊരു ചോദ്യമാണിത്!'

'അതല്ല, ഇവിടെ ആപ്പിളും വാല്‍നട്ടും ആപ്രിക്കോട്ടും മാത്രമേ ഞാന്‍ കാണുന്നുള്ളൂ. അവ ലഡാക്കിന്റെ ജീവനാഡികള്‍ അല്ലെ? അവയാണോ നിങ്ങള്‍ മുറിച്ചുകളയുന്നത്?'

'കാട്ടില്‍ വേറെയും മരങ്ങളുണ്ട്. വില്ലോ നല്ല ഉറപ്പുള്ള മരമാണ്. നീ പോപ്ലാര്‍ മരങ്ങള്‍ കണ്ടില്ലേ?'

'കണ്ടിരുന്നു. അതിരിക്കട്ടെ താങ്കള്‍ക്ക് എത്ര വയസ്സുണ്ട്?'

'നിന്നെക്കാള്‍ ഇളയതാണ്!' ഞങ്ങള്‍ രണ്ടാളും ചിരിച്ചു. 

'എങ്കില്‍ ശരി യുവാവേ, താങ്കള്‍ക്ക് എത്ര വയസ്സ് പ്രായമുണ്ട്?'

'എനിക്ക് വയസ്സ് എഴുപത്തിരണ്ട്. നിനക്കൊരു മുപ്പത് മുപ്പത്തിനാല്, ശരിയല്ലേ?'

'ഇത്തിരി കൂടെ കൂടും എന്നാലും മുപ്പതുകളില്‍ ആണ്.'

'എവിടെനിന്നും വരുന്നു?'

'അങ്ങ് തെക്കുനിന്നും, കേരളം.'

'അത് കൊള്ളാമല്ലോ. എത്ര നാളായി ഇവിടെ വന്നിട്ട്?'

'ഒരു രാത്രി. ഇന്നലെ വന്നതേയുള്ളൂ.'

'എങ്ങോട്ടാണ് യാത്ര? പനാമിക്ക്?'

'അതെ. അവിടുന്ന് മടങ്ങി വന്നിട്ട് തുര്‍തൂക്കില്‍ പോകണം. പിന്നെ പാംഗോങ്ങിലേക്കും സൊ മോരിരിയിലേക്കും.'

'വലിയ യാത്രയാണല്ലോ?'

'അതെ.'

'ഇപ്പോള്‍ എവിടെ പോകുന്നു?'

'പ്രത്യേകിച്ചൊരിടത്തേക്കുമല്ല. വെറുതെ നടക്കാമെന്നു കരുതി.'

'പക്ഷികളെ കാണാന്‍ ഇറങ്ങിയതാണല്ലേ?'

'അങ്ങനെയും പറയാം.'

'മുകളിലൊരു ഗോമ്പയുണ്ട്. അവിടെ ചെന്നാല്‍ നിറയെ പക്ഷികളെ കാണാം. പക്ഷേ, ഇപ്പോള്‍ മൊണാസ്റ്ററി തുറന്നിട്ടുണ്ടാവില്ല.'

'അത് കുഴപ്പമില്ല.'

'എങ്കില്‍ ഈ ഇടവഴിയിലൂടെ പൊക്കോളൂ. വേഗം മുകളില്‍ എത്താം.'

അയാള്‍ എനിക്കു പ്രധാന നിരത്തില്‍നിന്നും മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി ഇടത്തേയ്ക്ക് പോകുന്ന ഒരു മണ്‍വഴി കാട്ടിത്തന്നു. 

'നിങ്ങള്‍ എവിടെയാണ് താമസിക്കുന്നത്?'

'അങ്ങ് താഴെ, പനാമിക്കിലേക്കുള്ള വഴിക്ക് എതിര്‍വശം.'

'വീട്ടില്‍ ആരൊക്കെയുണ്ട്?'

'ഞാനും എന്റെ ഭാര്യയും.'

'ആഹാ കൊള്ളാമല്ലോ. ദീദി എന്തായാലും എന്റെ ഭാര്യയെക്കാള്‍ ചെറുപ്പം ആയിരിക്കും!' ഞാന്‍ സോനാ മാംഗ്യാലിനെ ഒന്നു കൊട്ടി. അത് അയാള്‍ക്ക് മനസ്സിലായി. ഞങ്ങള്‍ രണ്ടാളും ചിരിച്ചു.

'അപ്പോള്‍ നീ വിവാഹിതനാണ്.'

'അതെ, ഒരു കുട്ടിയുമുണ്ട്. അവള്‍ക്ക് നാല് വയസ്സായി.'

'എനിക്ക് മൂന്നു മക്കളുണ്ട്. എല്ലാവരുടേയും കല്യാണം കഴിഞ്ഞു. മക്കളും മരുമക്കളുമൊക്കെ ഇവിടെ തന്നെയാണ് താമസിക്കുന്നത്.'

'അവരൊക്കെ എന്ത് ചെയ്യുന്നു?'

'എല്ലാവരും ഓരോരോ ജോലികള്‍ ചെയ്യുന്നു. നിനക്കെന്താണ് ജോലി?'

ഞാന്‍ ഒന്നാലോചിച്ചു. എന്താണ് എനിക്കു ജോലി? ഉണ്ടായിരുന്ന ഒരു താല്‍ക്കാലിക ജോലിയും പോയിട്ട് താങ്ങാനാവാത്ത നിരാശാബോധവും പേറി കടം വാങ്ങി യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. ഇയാളോട് ഞാന്‍ എന്ത് പറയണം? 

'ഇതൊക്കെ തന്നെ ജോലി.' ഞാന്‍ പറഞ്ഞു.

'അത് കൊള്ളാം. പോകാവുന്ന ഇടങ്ങളിലെല്ലാം പോകൂ.'

അത്രയും പറഞ്ഞിട്ട് അയാള്‍ പോകാനാഞ്ഞു.

'എന്നാല്‍ ശരി. പിന്നീട് എപ്പോഴെങ്കിലും കാണാം.'

'ശരി. കണ്ടതില്‍ സന്തോഷം. വീട്ടില്‍ ഉള്ള എല്ലാവരോടും എന്റെ അന്വേഷണം പറയൂ.'

'നിന്റെ മകളോടും ഭാര്യയോടും എന്റെ അന്വേഷണവും പറയൂ.'

അയാള്‍ എന്നോട് 'ജൂലെ' പറഞ്ഞു നടന്നുപോയി. വളവു വളഞ്ഞു അയാള്‍ പോയി കഴിഞ്ഞപ്പോഴാണ് ഞാന്‍ അത് ഓര്‍ത്തത്. വര്‍ത്തമാനത്തിനിടയില്‍ ഞാന്‍ അയാളുടെ ഒരു ഫോട്ടോ എടുക്കാന്‍ മറന്നു! 'ചാച്ചാ' എന്നു വിളിച്ചുകൊണ്ട് ഞാന്‍ ഓടി വഴിയുടെ വളവിലെത്തി. 

പക്ഷേ, ആ വളവില്‍ അയാള്‍ ഉണ്ടായിരുന്നില്ല!

സോനം മാം​ഗ്യാൽ
സോനം മാം​ഗ്യാൽ

സോനം മാംഗ്യാല്‍

ഞാന്‍ ഉറക്കത്തില്‍നിന്നും ഞെട്ടി ഉണര്‍ന്നു. പുറത്ത് ഗസ്റ്റ് ഹൗസിന്റെ മുന്നിലെ തോട്ടത്തില്‍നിന്നും പക്ഷികളുടെ കലപില കേള്‍ക്കാം. ഡോര്‍മിറ്ററിയുടെ നടത്തിപ്പുകാര്‍ നല്ലവണ്ണം പരിപാലിക്കുന്ന ഒരു പൂന്തോട്ടമായിരുന്നു അത്. മുറ്റത്തു പലയിടങ്ങളിലായി ആപ്പിള്‍ മരങ്ങളും ആപ്രിക്കോട്ട് മരങ്ങളും. അവയില്‍ ചിലതില്‍ പൂക്കളുമുണ്ടായിരുന്നു. പൂന്തോട്ടത്തിന്റെ അതിരില്‍ ഉരുളന്‍ കല്ലുകള്‍ നിരയായി അടുക്കിയ കയ്യാലയും അതിനോട് ചേര്‍ന്ന് വില്ലോ മരങ്ങളും. കൂട്ടുകാര്‍ എഴുന്നേല്‍ക്കുന്നതിനു മുന്നേ ഗ്രാമത്തില്‍ പക്ഷികളെ തിരഞ്ഞൊരു പ്രഭാത നടത്തം ആകാമെന്നു കരുതി ഞാന്‍ വെളിയിലേക്കിറങ്ങി. മുന്നില്‍ കാണുന്ന വയലില്‍നിന്നും പലതരം കൂജനങ്ങള്‍ കേള്‍ക്കാം. ചിലത് കാത് തുളയ്ക്കുന്ന ചൂളംവിളിയാണ്. മറ്റു ചിലത് കരിയിലപ്പെടയുടേതുപോലെയുള്ള ചിലപ്പ്. വേറെ ചിലത് ഇടയ്ക്കു മാത്രം പൊട്ടിവീഴുന്ന മണിയൊച്ച. പുറത്ത് നല്ല തണുപ്പായിരുന്നു. എന്നാലും ഞാന്‍ ക്യാമറയും എടുത്തു വയലിലേക്ക് ഇറങ്ങി. 

അവിടെ ഒരു സ്ത്രീ നിലത്ത് കുന്തിച്ചിരുന്നു നട്ടതിന്റെ മണ്ണിളക്കി കൊടുക്കുന്നു. അതോ എന്തോ നടുകയാണോ? ഞാന്‍ അവരെ നോക്കി ഒന്ന് ചിരിച്ചു. അവര്‍ തിരിച്ചും. അവര്‍ക്കു പിന്നില്‍ മുള്‍പ്പടര്‍പ്പില്‍ ഒരു പക്ഷി ഇരിപ്പുണ്ടായിരുന്നു. അവര്‍ തെറ്റിദ്ധരിക്കുമോ എന്ന ഭയത്തോടെ ഞാന്‍ ക്യാമറ എടുത്തു. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ ആ പക്ഷിയുടെ പേരു പറഞ്ഞു. അവര്‍ പറയുന്നത് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എനിക്ക് പക്ഷികളോടുള്ള ഭ്രമം മനസ്സിലാക്കിയിട്ടാവണം അവര്‍ മലയുടെ മുകളില്‍ ഒരു ബുദ്ധവിഹാരമുണ്ടെന്നും അവിടെ പോയാല്‍ എനിക്ക് കുറെ പക്ഷികളെ കാണാമെന്നും പറഞ്ഞു. അങ്ങോട്ടേയ്ക്ക് മലകയറി പോകുന്ന ഒരു വഴിയേ ഉള്ളൂ. അതുകൊണ്ട് വഴിതെറ്റും എന്ന പേടി വേണ്ട. 

അവര്‍ പറഞ്ഞതില്‍ പാതിയും ഞാന്‍ ഊഹിച്ചെടുത്തതാണ്. ഭാഷയേക്കാള്‍ പ്രധാനം മനസ്സാണ്. അത് തുറക്കാന്‍ നമ്മള്‍ തയ്യാറാണെങ്കില്‍ അപരന് നമ്മളെ മനസ്സിലായിരിക്കും. പണ്ട് ബംഗാളിലെ ശാന്തിനികേതനില്‍വെച്ച് ഒരു പകല്‍ മുഴുവനും ഞാനൊരു ബംഗാളി പയ്യനോട് സംസാരിച്ചിരുന്നു. അവന്‍ ബംഗാളിയിലും ഞാന്‍ മലയാളത്തിലും. ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലായി എന്നു മാത്രമല്ല ദിവസങ്ങള്‍ക്കു ശേഷം തിരിച്ചു പോരാന്‍ നേരം വഴിയില്‍ വെച്ച് അവന്‍ എന്നെ കണ്ട് ഓടിവന്നു വീണ്ടും കുറെ നേരം സംസാരിക്കുകയും ചെയ്തു. 

ഞാന്‍ അവരോടു യാത്ര പറഞ്ഞിട്ട് മൊണാസ്റ്ററി ലക്ഷ്യമാക്കി നടന്നു.

വഴിയുടെ ഇരുപുറത്തും മരങ്ങള്‍. അവയില്‍ നിറയെ പക്ഷികള്‍. അക്കൂട്ടത്തില്‍ ചെമ്പുവാലന്‍ പാറ്റപിടിയന്‍ പക്ഷികള്‍ കൂട് ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. പെണ്‍പക്ഷികള്‍ കൂടിനുള്ള നാരും ചുള്ളികളും ശേഖരിച്ച് അടുത്തുള്ള കയ്യാലപ്പൊത്തുകളിലേയ്ക്ക് പോകുന്നു. അവരില്‍നിന്നും എന്റെ ശ്രദ്ധ തിരിക്കാനായി ആണ്‍പക്ഷികള്‍ ചില്ലകള്‍തോറും ചാടിക്കളിക്കുകയും താണു പറക്കുകയും ചെയ്യുന്നു. അവയെ ക്യാമറയില്‍ പകര്‍ത്തുന്നതിനായി ഞാന്‍ കാത്തിരുന്നു. ഇതിനിടയില്‍ യൂറേഷ്യന്‍ മാഗ്‌പൈകള്‍ ചെറുകൂട്ടങ്ങളായി വന്നു മരങ്ങളിലും നിലത്തും ഇരുന്നു. അവയുടെ കൂടി ഫോട്ടോ എടുക്കാമെന്ന് കരുതി ഞാന്‍ ക്യാമറ സൂം ചെയ്തപ്പോള്‍ ഫ്രെയിമിന്റെ അരികില്‍ എന്തോ ഒന്ന് അനങ്ങുന്നു. ഞാന്‍ നോക്കിയപ്പോള്‍ അതൊരു മനുഷ്യനാണ്. അറുപതിനു മുകളില്‍ പ്രായമുണ്ട്. മെലിഞ്ഞതെങ്കിലും ഉറച്ച ശരീരം. കയ്യില്‍ ഒരു കോടാലി.

പെട്ടെന്ന് ഞാന്‍ രാവിലെ കണ്ട സ്വപ്നമോര്‍ത്തു. ഇങ്ങനെ ഒരാള്‍ അല്ലായിരുന്നോ ആ സ്വപ്നത്തിലും? അതെ! എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ അയാളെ മിഴിച്ചുനോക്കി. അപ്പോള്‍ ഞാനുമായി വര്‍ഷങ്ങളുടെ പരിചയമുള്ളതുപോലെ അദ്ദേഹമെന്നെ നോക്കി ചിരിച്ചു. എന്തോ അയാളും ഞാനും തമ്മില്‍ ഒരു പൂര്‍വ്വജന്മ ബന്ധം ഉള്ളതായി എനിക്കു തോന്നി. അര്‍ത്ഥമറിയാത്ത ഏതോ സങ്കടം എന്നില്‍ പരക്കുന്നുണ്ടോ? കണ്ണുകളില്‍ ചെറുതായി ഈര്‍പ്പം പൊടിയുന്ന പോലെ! എനിക്കെന്താണ് സംഭവിക്കുന്നത്? ഇയാള്‍ എന്നെ എന്റെ തന്നെ ഏതെങ്കിലും ബന്ധങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ടോ? ഇല്ല, അയാള്‍ക്ക് ആരുടേയും ഛായ ഇല്ല. പിന്നെ ഇതെന്താണ്?

അപ്പോഴേയ്ക്കും അയാള്‍ നടന്ന് നടന്ന് എന്റെയരികില്‍ എത്തിയിരുന്നു. ഞാന്‍ അയാളോട് 'ജൂലെ' പറഞ്ഞു, അയാള്‍ തിരിച്ചും. എനിക്ക് എന്തൊക്കെയോ അയാളോട് ചോദിക്കണമെന്നുണ്ട്. പക്ഷേ, ഒന്നും പറ്റുന്നില്ല. ഒടുവില്‍ കഷ്ടപ്പെട്ട് ഞാന്‍ അയാളോട് പേര് എന്താണ് എന്ന് ഹിന്ദിയില്‍ ചോദിച്ചു.

'സോനം മാംഗ്യാല്‍.' അയാള്‍ മറുപടി പറഞ്ഞു.

ഇനി എന്താണ് ചോദിക്കുക? എനിക്കറിയില്ല. നിങ്ങളാണോ ഇന്നലെ എന്റെ സ്വപ്നത്തില്‍ വന്നത് എന്ന് ചോദിച്ചാലോ? പക്ഷേ, അയാള്‍ക്ക് ഹിന്ദി അറിയാമെന്നു തോന്നുന്നില്ല. എനിക്കാണെങ്കില്‍ ലഡാക്കി ഭാഷയില്‍ അറിയാവുന്ന ഏക വാക്ക് 'ജൂലെ' ആണ്. അത് നേരത്തെ പറഞ്ഞുകഴിഞ്ഞു. എന്നാലും ഒരു ശ്രമം ആകാം എന്ന് കരുതി ഞാന്‍ അയാളോട് 'ആപ് ക്യാ കാം കര്‍ത്തെ ഹേ?' എന്ന് ചോദിച്ചു.
 
ഞാന്‍ പറഞ്ഞത് മനസ്സിലാകാഞ്ഞിട്ടാണോ അതോ മറുപടി പറയണ്ട എന്ന് കരുതിയിട്ടാണോ എന്നറിയില്ല, അയാള്‍ എന്നെ നോക്കി വീണ്ടും ചിരിച്ചു. ഇനി ഭാഷകൊണ്ട് കാര്യമില്ല. മൗനം കൊണ്ട് മൗനത്തെ മറികടക്കുക. ഞാന്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാള്‍ ലഡാക്കി ഭാഷയില്‍ എന്തൊക്കെയോ എന്നോട് പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും അയാള്‍ ഉദ്ദേശിക്കുന്നത് എന്റെ ക്യാമറയെ ആണെന്നെനിക്കു തോന്നി. സ്വപ്നത്തിലേതുപോലെ അയാളെ നഷ്ടപ്പെടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ അയാളുടെ ഒരു ഫോട്ടോ എടുത്തു. 

ചിരികൊണ്ട് അയാള്‍ അന്നേരവും പൂത്തു. ഞങ്ങള്‍ക്ക് ചുറ്റുമുണ്ടായിരുന്ന മരങ്ങളിലെ പൂക്കളേക്കാള്‍ മനോഹരമായ ചിരി. അത്രയും മനോഹരവും നിഷ്‌കളങ്കവുമായ ഒരു ചിരി. വീണ്ടും അയാള്‍ എന്നോട് എന്തോ പറഞ്ഞു. എനിക്ക് മനസ്സിലാകുന്നില്ല എന്ന് കണ്ടപ്പോള്‍ എന്റെ കയ്യില്‍ പിടിച്ചു അയാള്‍ മുന്നോട്ടു നടന്നു. വഴിയില്‍ ഒരു വളവില്‍ എത്തിയപ്പോള്‍ മുകളിലേക്ക് പോകാന്‍ ഒരു കുറുക്കുവഴി! ഇതുപോലെ ഒരു വഴിയിലൂടെ അല്ലെ ഇന്നലെ സ്വപ്നത്തില്‍ ഞാന്‍ നടന്നത്! സോനാ മാംഗ്യാല്‍ ഈ വഴി കാണിച്ചു തരാനാണ് എന്നെ കൈ പിടിച്ചു നടത്തിയത്. 

'ഗോമ്പ, ഗോമ്പ', അയാള്‍ കുറുക്കുവഴിയിലേക്കു കൈ ചൂണ്ടി പറഞ്ഞു. 

എനിക്ക് കാര്യം മനസ്സിലായി. എന്താണ് ഞാന്‍ മറുപടി പറയേണ്ടത്? നന്ദി ഉണ്ടെന്നോ? 'ജൂലെ' എന്നോ? ഊരോ പേരോ അറിയാത്ത ഒരു മനുഷ്യനെ വെറും നിമിഷങ്ങളുടെ പരിചയത്തിന്റെ പേരില്‍ തന്റെ നാട്ടിലെ ഒരു എളുപ്പവഴി കാണിച്ചുകൊടുക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത് എന്താവാം? എന്റെ യാത്രാലക്ഷ്യം മലമുകളിലെ ബുദ്ധവിഹാരമാണെന്ന് ഒരുപക്ഷേ, അയാള്‍ക്ക് മനസ്സിലായി കാണണം. എന്നാലും എന്തിനാണ് ചെറുതെങ്കിലും ഇത്രയും ദൂരം പിന്നോട്ടു നടന്ന് അയാള്‍ എനിക്കീ കുറുക്കുവഴി കാണിച്ചുതരുന്നത്? അയാള്‍ക്ക് അതുകൊണ്ട് എന്ത് കിട്ടാന്‍? ഞാന്‍ ഇങ്ങനെ ഒരു സ്‌നേഹം അര്‍ഹിക്കുന്നുണ്ടോ? അയാളുടെ ചുളിവ് വീണ കൈകളില്‍ മുഖം താഴ്ത്തി ഞാനൊരു മുത്തം കൊടുത്തു. എന്റെ കയ്യില്‍ അതേയുണ്ടായിരുന്നുള്ളൂ. മലനിരകളെ കാണുക. ഇതാ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ചുംബിക്കുന്നു. ഇത്രത്തോളം വലുതല്ല നിങ്ങള്‍ പോലും! വര്‍ഷങ്ങള്‍ക്കു ശേഷം ഇതെഴുതുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് അന്ന് സോനം മാംഗ്യാലിനെ കണ്ടപ്പോള്‍ എന്തിനാണെന്റെ കണ്ണുകള്‍ നിറഞ്ഞതെന്നാണ്. എന്തിനാണ് സങ്കടത്തിന്റെ ഒരു ഉരുള്‍ എന്റെയുള്ളില്‍ ഉറവപൊട്ടിയത്? അയാളും ഞാനും തമ്മില്‍ പണ്ടെങ്ങോ പിരിഞ്ഞു പോയവരാണോ? ചിലയിടങ്ങള്‍ മനുഷ്യരെ പൂര്‍വ്വജന്മ പരിചയങ്ങളുടെ മുനമ്പുകളില്‍ കൊണ്ടുപോയി നിര്‍ത്തുമോ?

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com