ഒന്നും പ്രതീക്ഷിക്കാതെ, കരുതാതെ, തീരുമാനിക്കാതെ ദൂരങ്ങള്‍ താണ്ടി ഹിമവാന്റെ മുടിയില്‍!

കഴുത്തില്‍ മുത്തുമാലയും കാതില്‍ തോടയും തലയില്‍ മകുടവും അണിഞ്ഞു ധ്യാനനിമഗ്‌നനായി നില്‍ക്കുകയാണ് ബുദ്ധന്‍
ഒന്നും പ്രതീക്ഷിക്കാതെ, കരുതാതെ, തീരുമാനിക്കാതെ ദൂരങ്ങള്‍ താണ്ടി ഹിമവാന്റെ മുടിയില്‍!

ടയ്ക്ക് ചില ഗ്രാമങ്ങളില്‍നിന്നും ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ബസ് നിറയെ ആളുകളുമായി യാത്ര തുടരുകയാണ്. കാര്‍ഗിലില്‍നിന്നും ഖുര്‍ബക്തങ് പീഠഭൂമിയും പക്ഷ്യൂം ഗ്രാമവും കഴിഞ്ഞു വഴി മുള്‍ബെക്കില്‍ എത്തി. മുള്‍ബെക്ക് എന്നാല്‍ 'വെള്ളിനിറത്തിലുള്ള കല്ല്' എന്നാണര്‍ത്ഥം. ഇവിടെ എട്ടാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന മൈത്രേയ ബുദ്ധന്റെ ഒരു വലിയ പ്രതിമയുണ്ട്. ലഡാക്കില്‍ ടിബറ്റന്‍ ബുദ്ധിസം പ്രചരിക്കുന്നതിനു മുന്നേ കുശാന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കശ്മീരില്‍നിന്നും ബുദ്ധമതസന്ന്യാസികള്‍ മതപ്രചാരണത്തിനായി ഇവിടങ്ങളില്‍ എത്തിയിരുന്നു. അക്കാലത്തു നിര്‍മ്മിക്കപ്പെട്ടവയാണ് മുള്‍ബെക്കിലേയും ദ്രാസ്സിലേയും സന്‍സ്‌കാറിലേയും ഗുഹാശില്പങ്ങള്‍ എന്ന് ജാനറ്റ് റിസ്വി രേഖപ്പെടുത്തുന്നുണ്ട്.

വഴിയരികില്‍ വലതുവശം ചേര്‍ന്ന് കാലപ്പഴക്കത്താല്‍ നിറം മങ്ങിയ ഒരു ഗോമ്പയുടെ തടിവാതില്‍ കടന്നു അകത്തേയ്ക്കു കയറുമ്പോള്‍ അവിടെയാണ് പടുകൂറ്റന്‍ പാറയില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന മുള്‍ബെക്കിലെ ചമ്പ ബുദ്ധന്റെ 30 അടി ഉയരമുള്ള പ്രതിമ. കഴുത്തില്‍ മുത്തുമാലയും കാതില്‍ തോടയും തലയില്‍ മകുടവും അണിഞ്ഞു ധ്യാനനിമഗ്‌നനായി നില്‍ക്കുകയാണ് ബുദ്ധന്‍. ഈ പ്രതിമയ്ക്ക് നാലു കൈകളുണ്ട്. കൈകളിലൊന്നില്‍ കുണ്ഡലിയും മറുകൈയില്‍ ജപമാലയും വേറൊരു കൈയില്‍ ഏതോ പൂക്കുലയും പിടിച്ചിരിക്കുന്നു. ഇനിയൊരു കൈ വെറുതെ താഴ്ത്തിയിട്ടിരിക്കുകയാണ്. വിരിഞ്ഞ മാറിടവും ഒടിഞ്ഞ വയറും ബലിഷ്ഠനായ ഒരു ബുദ്ധനെയാണ് സൂചിപ്പിക്കുന്നത്. ഇത് മൈത്രേയ ബുദ്ധനാണ്, ലോകത്തില്‍ ധര്‍മ്മം പൂര്‍ണ്ണമായി നശിച്ചുകഴിയുമ്പോള്‍ പിറവിയെടുക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ബുദ്ധനാണ് മൈത്രേയന്‍.

ഗോമ്പയുടെ ഭിത്തിയില്‍ ജീവന്‍ തുടിക്കുന്ന മനോഹരങ്ങളായ ചുവര്‍ചിത്രങ്ങള്‍ വിവിധങ്ങളായ നിറക്കൂട്ടുകളില്‍ വരഞ്ഞിട്ടുണ്ട്. മുന്നില്‍ പഴകിയ ഒരു പ്രാര്‍ത്ഥനാ വീലും കാണാം. 1975ല്‍ പണികഴിപ്പിച്ചതാണ് ഈ ചെറിയ ഗോമ്പ. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തില്‍ മുള്‍ബെക്കിലെ പ്രായമായ ഒരു ഗ്രാമവാസി ഈ പാറയുടെ മുകളില്‍ കയറി പഴയ പ്രാര്‍ത്ഥനാ പതാകകള്‍ മാറ്റി പുതിയവ കെട്ടും. യാതൊരു രക്ഷാസംവിധാനങ്ങളും ഇല്ലാതെയാണ് ഇയാള്‍ മലമുകളിലേക്ക് കയറുന്നതും ഇറങ്ങുന്നതും. വിശ്വാസത്തിന്റെ നൂലില്‍ പിടിച്ചുകൊണ്ട് അയാള്‍ അങ്ങനെ കയറിയിറങ്ങുന്നതു കാണാന്‍ പലയിടങ്ങളില്‍നിന്നും ആളുകള്‍ വന്നുചേരും.

ഒരുകാലത്ത് ലേയിലെ നംഗ്യാല്‍ രാജവംശത്തിന്റെ കോട്ട സ്ഥിതിചെയ്തിരുന്നത് മുള്‍ബെക്കില്‍ ആയിരുന്നു. ഇന്നും അതിന്റെ അവശിഷ്ടങ്ങള്‍ മലമുകളില്‍ കാണാം. മുള്‍ബെക്കിലൂടെ വഴികള്‍ നിര്‍മ്മിച്ചിട്ടു കുറച്ചു നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. അടുത്തകാലത്തു വരെ അയല്‍ഗ്രാമമായ ഹാനുവില്‍നിന്നും കാര്‍ഗിലില്‍നിന്നുമൊക്കെ ആളുകള്‍ ആപ്രിക്കോട്ടും വാല്‍നട്ടുമൊക്കെ ഗോതമ്പിനും ബാര്‍ലിക്കും പകരമായി ഇവിടങ്ങളില്‍ ബാര്‍ട്ടര്‍ വ്യവസ്ഥയില്‍ കച്ചവടം നടത്തിയിരുന്നു.

മുള്‍ബെക്കില്‍നിന്നും മുന്നോട്ടു പോകുമ്പോള്‍ വശങ്ങളില്‍ വലിയ മണ്‍തിട്ടകള്‍ കാണാം. ജലം ഒഴുകി രൂപപ്പെട്ടതുപോലുള്ള മണ്‍തിട്ടകള്‍. പക്ഷേ, അങ്ങ് താഴെ നദിയുടെ ഒരു ചെറിയ കൈവഴിയല്ലാതെ മറ്റൊന്നും കാണാനും ഇല്ല. ആ കൈവഴിയിലെ ജലം ഇത്രയും ഉയരത്തില്‍ മണ്‍തിട്ടകള്‍ ഒരു കാരണവശാലും നിര്‍മ്മിക്കില്ല. അങ്ങനെ നോക്കുമ്പോള്‍ ഈ മണ്‍തിട്ടകള്‍ പണ്ടുകാലത്ത് കാര്‍ഗില്‍ ഒരു വലിയ തടാകമായിരുന്നു എന്ന വാദത്തെ സാധൂകരിക്കുന്നുണ്ട്. 

മുൾബെക്കിലെ 30 അടി ഉയരമുള്ള ചമ്പബുദ്ധ പ്രതിമ/ ചിത്രങ്ങള്‍: സോജന്‍ മൂന്നാര്‍
മുൾബെക്കിലെ 30 അടി ഉയരമുള്ള ചമ്പബുദ്ധ പ്രതിമ/ ചിത്രങ്ങള്‍: സോജന്‍ മൂന്നാര്‍

ലഡാക്കിന്റെ ഭൂമിശാസ്ത്രം പലപ്പോഴും നിഗൂഢമാണ്. ഒരുപക്ഷേ, ഇവിടമെല്ലാം വലിയ തടാകം ആയിരുന്നിരിക്കണം. ഇന്ത്യന്‍ ഫലകം 500 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്നേ റ്റെത്തിസ് കടലിലൂടെ സഞ്ചരിച്ച് യൂറേഷ്യന്‍ ഫലകവുമായി കൂട്ടിയിടിച്ച് ഹിമാലയ നിരകള്‍ രൂപംകൊണ്ടനാള്‍ കടലില്‍നിന്നും ഉയര്‍ന്നുവന്ന ഇവിടമൊക്കെ ഉപ്പുവെള്ളം നിറഞ്ഞ തടാകങ്ങള്‍ ആയിരുന്നിരിക്കുമോ? കാലക്രമേണ ജലമൊഴുകിത്തീര്‍ന്ന് കര തെളിഞ്ഞുവന്നതാകുമോ? അന്നത്തെ അവശേഷിപ്പുകളാണോ ഇക്കാണുന്ന മണ്‍തിട്ടകള്‍? അറിയില്ല, അറിയാത്തതു നിരവധിയാണെന്നു നമ്മെ ഓര്‍മ്മിപ്പിക്കുകകൂടിയാണ് യാത്രകള്‍ ചെയ്യുന്നത്.

മുള്‍ബെക്കിന്റെ അതിരുകളിലൂടെ വഴി പിന്നെയും 12198 അടി ഉയരത്തിലേക്ക് പോവുകയാണ്. ദൂരെ നമിക് ലാ കാണാം. ആകാശത്തെ താങ്ങിനിര്‍ത്തിയിരിക്കുന്ന തൂണുകള്‍പോലെ തോന്നിക്കുന്ന മലനിരകള്‍. അങ്ങനെയാണ് നമിക് ചുരത്തിന് ആ പേര് വന്നതും. നമിക് എന്നാല്‍ 'ആകാശത്തിന്റെ തൂണ്' എന്നാണര്‍ത്ഥം. ചുരത്തിനു മുകളില്‍ ഒരു ചെറിയ അമ്പലം പോലെ എന്തോ ഒന്നുണ്ട്. അതിനു ചുറ്റും ബുദ്ധിസ്റ്റ് പ്രാര്‍ത്ഥനാ പതാകകള്‍ കാറ്റില്‍ ചിതറിക്കിടക്കുന്നത് ഞങ്ങള്‍ കണ്ടു. ചുരമിറങ്ങി ചെല്ലുന്നത് ബോധ് ഖാര്‍ബു എന്ന ഗ്രാമത്തിലേക്കാണ്. 

വാനം മുട്ടുന്ന കൊടുമുടികളുടെ പശ്ചാത്തലത്തില്‍ നദിക്കരയില്‍ പടര്‍ന്നുകിടക്കുന്ന ഒരു മനോഹര ഗ്രാമമാണ് ബോധ് ഖാര്‍ബു. 2011ലെ സെന്‍സസ് പ്രകാരം ആകെ 1074 ആളുകള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ബോധ് ഖാര്‍ബുവില്‍നിന്നും കഞ്ചി നദിയോടൊപ്പമാണ് യാത്ര. ഇത് ഈ യാത്രയിലെ ഏറ്റവും ഉയരം കൂടിയ മലമ്പാതയായ ഫാടൂ ലാ (13479 അടി) വരെ നീളും. ഈ പ്രദേശമാണ് ചരിത്രപ്രസിദ്ധമായ ഷഗ്കര്‍ചിക്തന്‍. 1600ല്‍ ബാള്‍ട്ടികളും ലഡാക്കിലെ രാജാവ് ജാമ്യാങ് നംഗ്യാലും ഏറ്റുമുട്ടിയത് ഷഗ്കര്‍ചിക്തനില്‍വെച്ചാണ്.  

ഒരു പ്രണയത്തിന്റെ മണമുണ്ട് ഷഗ്കര്‍ചിക്തനിലെ കാറ്റിന്. തടവറയില്‍ പൂവിട്ട പ്രണയത്തിന്റെ സുഗന്ധം. അതറിയാന്‍ ചരിത്രത്തിലൂടെ കുറേ ദൂരം നാം സഞ്ചരിക്കേണ്ടതുണ്ട്. ഭഗന്‍ (1470-1500) എന്ന രാജാവ് സ്ഥാപിച്ച ലഡാക്കിലെ ഏറ്റവും പ്രശസ്തമായ രാജവംശമാണ് നംഗ്യാല്‍ രാജവംശം. ഇദ്ദേഹം പിന്നീട് ലാചെന്‍ കുന്‍ങാ നംഗ്യാല്‍ എന്ന പേര് സ്വീകരിച്ചു. നംഗ്യാല്‍ എന്നാല്‍ 'വിജയികള്‍' എന്നാണര്‍ത്ഥം. ഈ രാജവംശം പത്തൊന്‍പതാം നൂറ്റാണ്ടു വരെ അധികാരത്തില്‍ തുടര്‍ന്നു. ഇതില്‍പ്പെട്ട സെന്‍ഗെ നംഗ്യാല്‍ ആണ് ലേയിലെ പ്രശസ്തമായ ലാചെന്‍ പല്‍കാര്‍ പാലസ് പണികഴിപ്പിച്ചത്. സെന്‍ഗെയുടെ ഭരണകാലം ലഡാക്കിന്റെ സുവര്‍ണ്ണകാലമായിരുന്നു. 

ലേ പാലസ്
ലേ പാലസ്

ഈ കാലഘട്ടത്തില്‍ ലഡാക്ക് സാമ്രാജ്യം കൈലാസത്തിലെ മാനസസരോവര്‍ വരെ നീണ്ടു കിടന്നിരുന്നു. ജെസ്യൂട്ട് പാതിരിമാരായ ഫ്രാന്‍സിസ്‌കോ ഡി അസ്വേഡോയും ജിയോവാന്നി ഡി ഒലിവെയ്‌റോയും ലഡാക്ക് സന്ദര്‍ശിക്കുന്നതും സെന്‍ഗെയുടെ ഭരണകാലത്താണ്. അദ്ദേഹത്തിന്റെ അച്ഛനായിരുന്നു ജാമ്യാങ് നംഗ്യാല്‍. ജാമ്യാങ് നംഗ്യാലിന്റെ ഭരണകാലത്താണ് ദിയേഗോ ഡി അല്‍മെയ്‌റ എന്ന പോര്‍ച്ചുഗീസ് വ്യാപാരി ലഡാക്കില്‍ വന്നത്. 

തന്റെ രാജ്യാതിര്‍ത്തികള്‍ വികസിപ്പിക്കാന്‍ ഏതൊരു രാജാവിനെപ്പോലെ ജാമ്യാങ്ങും ആഗ്രഹിച്ചിരുന്നു. ഷഗ്കര്‍ചിക്തനോട് ചേര്‍ന്നുകിടക്കുന്ന സമ്പന്ന ബാള്‍ട്ടി ഗ്രാമമായ സ്‌കര്‍ദു കീഴടക്കിയാല്‍ അത് തനിക്ക് വലിയൊരു നേട്ടമായിരിക്കുമെന്ന് ജാമ്യാങ്ങിനു തോന്നി. ഇത് പക്ഷേ, തന്റെയും ലഡാക്കിന്റേയും ചരിത്രത്തെത്തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരു ആഗ്രഹമാണെന്ന് അയാള്‍ പോലും കരുതിയിട്ടുണ്ടാവില്ല. അങ്ങനെയാണ് 1600ല്‍ ബാള്‍ട്ടിസ്ഥാന്‍ കീഴടക്കുന്നതിനായി ജാമ്യാങ് സ്‌കര്‍ദുവിലേയ്ക്ക് പടനയിക്കുന്നത്. 

പക്ഷേ, വെറുമൊരു ആഗ്രഹത്തിന്റെ പുറത്തുമാത്രം കീഴടക്കാന്‍ കഴിയുന്ന രാജാവായിരുന്നില്ല സ്‌കര്‍ദുവിലെ അലി മിര്‍. ആക്രമണ നീക്കമറിഞ്ഞ അലി തന്റെ സൈന്യത്തെ ഷഗ്കര്‍ചിക്തനിലെ മലമടക്കുകളില്‍ അണിനിരത്തിയിട്ട് ജാംഗ്യാങ്ങിന്റെ പട വരുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. പതിയിരുന്നു ആക്രമിക്കാനായിരുന്നു അലിയുടെ പദ്ധതി. ഇത് ജാമ്യാങ് പ്രതീക്ഷിച്ചതേയില്ല. തങ്ങള്‍ നടന്നുകയറുന്നത് ഒരു കെണിയിലേക്കാണെന്നു മനസ്സിലാക്കാതെ ജാമ്യാങ്ങും സൈന്യവും ഷഗ്കര്‍ചിക്തനില്‍ പ്രവേശിച്ചു. ഈ സമയം അലി മിറിന്റെ പടയാളികള്‍ അവരെ ഒന്നടങ്കം നാലുവശത്തുനിന്നും വളഞ്ഞാക്രമിച്ചു കീഴടക്കി. യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ജാമ്യാങ് നംഗ്യാലിനെ അലി സ്‌കര്‍ദുവിലേക്കു കൊണ്ടുപോയി. അവിടെയുള്ള തടവറയിലാണ് അദ്ദേഹത്തെ താമസിപ്പിച്ചത്. 

പരാജയത്തിന്റെ മനോവിഷമവുമായി ഇരുമ്പഴിക്കുള്ളില്‍ ഇരവുപകലുകള്‍ തള്ളിനീക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരിക്കണം ജാമ്യാങ് അവളെ കാണുന്നത്. അവള്‍ ജാമ്യാങ്ങിനേയും. അവള്‍ ഗ്യാല്‍ ഖാത്തൂണ്‍, അലി മിറിന്റെ സുന്ദരിയായ മകള്‍.  ജാമ്യാങ്ങിന്റെയുള്ളില്‍ പ്രണയത്തിന്റെ മണിവീലുകള്‍ താനേ തിരിഞ്ഞു. ഖാത്തൂണ്‍ തന്റെ നെഞ്ചില്‍ ചുകര്‍ തത്തകള്‍ പറക്കുന്നതറിഞ്ഞു. ശത്രുരാജ്യത്തിന്റെ രാജാവുമായി ഒരുവള്‍ പ്രണയത്തിലാകുന്നു. അതും യുദ്ധത്തടവുകാരനായി തന്റെ പിതാവ് പിടിച്ചുകൊണ്ടുവന്ന് ജയിലിലടച്ച ഒരുവനുമായി! പക്ഷേ, പ്രണയത്തോളം ധീരമായ മറ്റൊന്നുമില്ലല്ലോ! 

ലേയിലേക്കുള്ള പാത
ലേയിലേക്കുള്ള പാത

ആരുമറിയാതെ ഖാത്തൂണ്‍ ജാമ്യാങ്ങിനെ കണ്ടു, മിണ്ടി. പ്രണയത്തിന്റെ പട്ടുനൂലുകള്‍ അവര്‍ക്കിടയില്‍ കൊരുത്തുകെട്ടി. ഷേക്‌സ്പിയറിന്റെ ജൂലിയറ്റിനെപ്പോലെ ഒരുപക്ഷേ, അവള്‍ ജാമ്യങ്ങിനോട് 'പ്രിയനേ നീ നിന്റെ പേരുപേക്ഷിക്കുമോ, നിന്റെ പേരാണെന്റെ ശത്രു' എന്ന് പറഞ്ഞിട്ടുണ്ടാവാം. ജാമ്യാങ് തിരിച്ചു റോമിയോയെപ്പോലെ 'എന്റെ പേരെന്റെപേരെന്റെ പുണ്യാളാ, വെറുക്കുന്നു ഞാനത് നിന്റെ ശത്രുവാകയാല്‍' എന്നും പറഞ്ഞിരിക്കാം. പക്ഷേ, തടവറയുടെ കല്‍ക്കെട്ടുകള്‍ക്കു മറച്ചുപിടിക്കാനാവാത്തവണ്ണം കുതറി ആ പ്രണയവാര്‍ത്ത ഒടുവില്‍ അലിയുടെ കാതുകളിലും എത്തി. 

വാര്‍ത്തയറിഞ്ഞ അലിയുടെ പ്രതികരണം പക്ഷേ, ആരും കരുതിയതായിരുന്നില്ല. അദ്ദേഹം വിവാഹത്തിന് സമ്മതിച്ചു. രണ്ടു നിബന്ധനകള്‍ അലിക്കുണ്ടായിരുന്നു. ഒന്ന് ജാമ്യാങ് അലിയുടെ പരമാധികാരം അംഗീകരിക്കണം. രണ്ട് ജാമ്യാങ് തന്റെ ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിക്കണം. ഈ വ്യവസ്ഥകള്‍ ജാമ്യാങ് അംഗീകരിക്കുകയും അങ്ങനെ തടവില്‍നിന്നും മോചിതനാവുകയും ചെയ്തു. 

ജാമ്യാങ് നംഗ്യാലിനു ഗ്യാല്‍ ഖാത്തൂണില്‍ ഉണ്ടായ മകനാണ് 'ദി ലയണ്‍ കിംഗ്' എന്നറിയപ്പെടുന്ന സെന്‍ഗെ നംഗ്യാല്‍. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം സെങ്‌ഗെ നംഗ്യാലും ഷാജഹാന്റെ മുഗള്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയതും ഷഗ്കര്‍ചിക്തനിലെ ബോധ് ഖാര്‍ബുവില്‍ വെച്ചാണ്.

ജാമ്യാങ്ങിനെ പരാജയപ്പെടുത്തിയ അലി മിര്‍ വെറുമൊരു നാട്ടുരാജാവ് മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ മറ്റൊരു മകളെ വിവാഹം കഴിച്ചത് അക്ബര്‍ ചക്രവര്‍ത്തിയുടെ മകന്‍ ജഹാന്‍ഗിര്‍ ആയിരുന്നു. ലഡാക്കില്‍ ഇടയ്ക്ക് ഒരു തവണ ഒഴിച്ചാല്‍ എല്ലായ്‌പ്പോഴും മതസൗഹാര്‍ദ്ദവും സാമൂഹിക മൈത്രിയും നിലനിന്നിരുന്നു എന്ന് കാണാം. 1990 വരെ ലഡാക്കില്‍ കുട്ടികള്‍ക്ക് മുസ്‌ലിം പേരും ബുദ്ധിസ്റ്റ് പേരും ഒരുപോലെ നല്‍കിയിരുന്നു എന്ന് പര്‍വേസ് ദേവാന്‍ രേഖപ്പെടുത്തുന്നുണ്ട്. സെറിങ് മുഹമ്മദ് പോലുള്ള പേരുകള്‍ സര്‍വ്വസാധാരണമായിരുന്നത്രെ. ഈ കുട്ടികളുടെ മാതാപിതാക്കള്‍ മിശ്രവിവാഹിതരായിരുന്നു എന്നതിന്റെ തെളിവാണിത്. ഈ മതസൗഹാര്‍ദ്ദം ഒരുപക്ഷേ, തടവറയില്‍ പൂവിട്ട ജാമ്യാങ്ഖാത്തൂണ്‍ പ്രണയത്തിലാവണം തുടങ്ങുന്നത്.

നദിയോരത്തുനിന്നും വണ്ടി പതിയെ കയറ്റം കയറി തുടങ്ങുകയാണ്. ഞങ്ങള്‍ക്ക് പോകാനുള്ള ലെ നഗരം ഇനിയുമകലെ ഈ പര്‍വ്വതശിഖരങ്ങള്‍ക്കുമപ്പുറം എവിടെയോ ഉണ്ട്.

കയറ്റമാകും ഇറക്കങ്ങള്‍

ബസ് ഷഗ്കര്‍ചിക്തനിലൂടെ ദൂരം ഒരുപാട് താണ്ടിയിരിക്കുന്നു. വീണ്ടും മറ്റൊരു ചുരത്തിലേക്ക് ഞങ്ങള്‍ കയറുകയാണ്. സോജി ലാ, നമിക് ലാ, ഫാടു ലാ ഇവ മൂന്നുമാണ് ശ്രീനഗറില്‍നിന്നും ലേയിലേക്കുള്ള യാത്രയില്‍ നമുക്ക് മറികടക്കേണ്ട ചുരങ്ങള്‍. ഇതില്‍ 13479 അടി ഉയരമുള്ള ഫാടു ലാ ആണ് ഏറ്റവും വലുത്. കാര്‍ഗില്‍ മുതല്‍ ഫാടു ലാ വരെ നീണ്ടുപരന്നുകിടക്കുന്നതാണ് ഹിമാലയത്തിലെ സന്‍സ്‌കാര്‍ മലനിരകള്‍. കയറിയും ഇറങ്ങിയും വളഞ്ഞും പുളഞ്ഞും നീണ്ടും കുറുകിയും പൊടുന്നനെ കുത്ത് കയറ്റത്തിലേക്കോ കുത്തിറക്കത്തിലേക്കോ ഞെട്ടി ഉണര്‍ന്നും ചിലപ്പോഴൊക്കെ ദൃശ്യങ്ങളുടെ ആവര്‍ത്തനവിരസതകൊണ്ട് സഞ്ചാരിയെ മടുപ്പിച്ചും നദിയോരം പറ്റിയും നദിയില്‍നിന്നും മീറ്ററുകള്‍ മുകളിലൂടെയും അഗാധഗര്‍ത്തങ്ങളുടെ വിളുമ്പിലൂടെയും നിരങ്ങി നിരങ്ങി ബസ് ഫാടു ലായുടെ മുകളില്‍ എത്തി.
 
ഇവിടെനിന്ന് നോക്കിയാല്‍ മഞ്ഞുമൂടിയ ലഡാക് മലനിരകള്‍ കാണാം. ഇത്രനേരവും വരണ്ടുണങ്ങിയ മരുഭൂമിയിലൂടെ സഞ്ചരിച്ച് ഒടുവില്‍ മഞ്ഞിന്റെ തണുപ്പിലേക്ക് കണ്ണ് തുറക്കുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റാണ്. വണ്ടി നിര്‍ത്തി ബസില്‍ ഉണ്ടായിരുന്നവര്‍ കുറേപ്പേര്‍ വെളിയില്‍ ഇറങ്ങി. ഒരു ചെറിയ ഇടവേള. ഞങ്ങളും വെളിയിലിറങ്ങി നിന്നു. മുന്നില്‍ ചക്രവാളത്തോളം പരപ്പില്‍ വിജനത. കുളിര്‍കൊണ്ടുവരും കാറ്റില്‍ മുടിയിഴകള്‍ പാറുന്നു. നിശ്വാസത്തില്‍ ഈര്‍പ്പം കലര്‍ന്നിരിക്കുന്നു. ഞാന്‍ നസ്രത് ഫത്തേഹ് അലിഖാനെയോര്‍ത്തു. നാട്ടിലായിരിക്കെ പലപ്പോഴുമെന്നെ ഏകാന്തതയുടെ തീരങ്ങളില്‍നിന്നും തിരിച്ചു വിളിച്ചുകൊണ്ടുവന്നവരില്‍ ഒരാളാണ് ഉസ്താദ്. അകലങ്ങളില്‍ മലനിരകളില്‍ മഞ്ഞു പെയ്തിരിക്കുന്നതു കാണവേ ഞാന്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ ഖവാലിയിലൊന്നു മനസ്സില്‍ മൂളി.

'വോ ഹട്ടാ രഹെ ഹെ പര്‍ദാ സാരേബാം ചുപ്‌കേ ചുപ്‌കേ
മെന്‍ നസാര കര്‍ രഹാ ഹൂം സാരേ ശ്യാം ചുപ്‌കേ ചുപ്‌കേ!'
'ഉയരത്തില്‍ നിന്നവള്‍ പതിയെ നിക്കാബ് മാറ്റുന്നു,
സന്ധ്യയില്‍ നിന്നു ഞാനത് നിശ്ശബ്ദം നോക്കുന്നു!'

ബസ് വീണ്ടും മുടിപ്പിന്‍ വളവുകളിലൂടെ ഇറക്കമിറങ്ങിത്തുടങ്ങി. കുറേ ദൂരം ചെന്നപ്പോള്‍ വഴിയരികില്‍ ലാമയുരു മൊണാസ്റ്ററി കണ്ടു. ലഡാക്കിലെ വളരെ പ്രധാനപ്പെട്ട ബുദ്ധവിഹാരങ്ങളില്‍ ഒന്നാണ് ലാമയുരു. കാര്‍ഗില്‍ ഒരു തടാകമായിരുന്ന കാലത്ത് നരോപ്പ എന്ന ബുദ്ധഭിക്ഷു ആ തടാകം വറ്റിച്ചിട്ടാണ് ലാമയുരു മൊണാസ്റ്ററി ഉണ്ടാക്കിയതെന്നാണ് വിശ്വാസം. പക്ഷേ, എ.എച്ച്. ഫ്രാന്‍കി പറയുന്നത് ഇത് പണ്ട് ബോണ്‍ മതവിശ്വാസികളുടെ ആരാധനാലയം ആയിരുന്നുവെന്നാണ്. ലാമയുരു മൊണാസ്റ്ററിയും കടന്നുപോകെ ഖല്‍സി എത്തും വരെ വീണ്ടും കുത്തനെ ഇറക്കമാണ്. ഉയിര് കയ്യില്‍ പിടിച്ചു ഇരുന്നുപോകുന്ന വളവുകളും ഇറക്കവും. സിന്ധു നദിയുടെ തീരം വരെ 1200 അടിയോളം താഴേയ്ക്ക് ഇറങ്ങി ചെല്ലണം. ഈ ഇറക്കത്തെ 'ജിലേബി വളവ്' (Jalebi Bends) എന്നാണു വിളിക്കുന്നത്. ജിലേബിയുടെ ചുരുള്‍പോലെ വളഞ്ഞു വളഞ്ഞു താഴേയ്ക്ക് പോകുന്ന വളവായതിനാല്‍ ട്രക്ക് െ്രെഡവര്‍മാര്‍ നല്‍കിയ പേരാണിത്. ശരിക്കുള്ള പേര് 'ഹാംഗ്രു വളവ്' (Hangru Loops) എന്നാണ്. 

എത്ര മനോഹരമാണെന്നോ ഇവിടുത്തെ പാറകള്‍ കാണാന്‍! കാമുകിയുടെ കഴുത്തിലെ മുത്തുമാലപോലെ അവയങ്ങനെ പലനിറങ്ങളില്‍ തിളങ്ങിനില്‍ക്കുന്നു. ഇടയ്ക്കിടയ്ക്ക് സിന്ധു ഇടത്തും വലത്തുമായി പ്രത്യക്ഷപ്പെടും. അതെ, സിന്ധു നദി തന്നെ. സിന്ധു നദീതട സംസ്‌കാരത്തിന്റെ ഉറവിടം. ഇന്ത്യയ്ക്ക് ആ പേര് നല്‍കിയ ഇന്‍ഡസ് നദി. ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിട്ടുള്ള നദി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്നേ മനുഷ്യനോടൊപ്പം സഞ്ചരിച്ച നദി. അവന്റെ സംസ്‌കാരങ്ങളുടെ ഉയര്‍ച്ച താഴ്ചകളെ നിര്‍ന്നിമേഷയായി നോക്കിനിന്ന നദി. കൈലാസത്തിലെ മാനസസരോവറില്‍ ഉത്ഭവിച്ച് 3200 കിലോമീറ്റര്‍ ഒഴുകി പാകിസ്താനില്‍വെച്ച് അറബിക്കടലില്‍ ലയിക്കുന്ന നദി. സിന്ധുവിനെ അങ്ങനെ കാണുമ്പോള്‍ നമ്മള്‍ അറിയാതെ വിനയാന്വിതരായി പോകും. എല്ലാ നദികളും അവയുടെ ഇരുകരകളിലും നിക്ഷേപിക്കുന്ന എക്കല്‍ തടുത്തുകൂട്ടിയിട്ടാണല്ലോ നമ്മള്‍ മനുഷ്യര്‍ ചരിത്രങ്ങള്‍ എഴുതിയുണ്ടാക്കിയത്. 

പതിനൊന്നര ലക്ഷത്തിലധികം കിലോമീറ്ററുകള്‍ പരന്നുകിടക്കുന്ന വൃഷ്ടിപ്രദേശമാണ് സിന്ധുവിനുള്ളത്. പ്രതിവര്‍ഷം നൈല്‍ നദിയെക്കാള്‍ ഇരട്ടി വെള്ളമാണ് സിന്ധുവിലൂടെ കടലിലേക്ക് ഒഴുകുന്നത്. ചിലയിടങ്ങളില്‍ 17000 അടി താഴ്ചയിലൂടെ വരെ നദി ഒഴുകുന്നുണ്ട്. ഏറ്റവും വീതികൂടിയ ഇടങ്ങളില്‍ ഇരുകരകളും തമ്മില്‍ 19 കിലോമീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള സിന്ധുവിന് 7800 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുന്ന നദീതടവുമുണ്ട്. ആ നദിയുടെ തീരത്തേയ്ക്കാണ് ഞങ്ങള്‍ ഇറങ്ങിയിറങ്ങി ചെല്ലുന്നത്!
ഇതൊക്കെയാണെങ്കിലും അങ്ങേയറ്റം അപകടകരമായ ഇറക്കമാണ് ഹാംഗ്രു വളവ്. വണ്ടി വളരെ പതിയെയാണ് കുന്നിറങ്ങുന്നത്. വിജനതയുടെ വിശാലതയില്‍ കൊക്കകളുടെ വക്കിലൂടെ ഇങ്ങനെ അരിച്ചരിച്ചു നീങ്ങുമ്പോള്‍ ഭീതിയുടെ കള്ളിമുള്ളുകള്‍ എന്നെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു എങ്കിലും ലഡാക്ക് അതിലുമേറെ പ്രചോദിപ്പിച്ചുകൊണ്ടുമിരുന്നു. എന്തിനെന്നറിയാതെ ഞാന്‍ കൂടുതലായി ജീവിതത്തെ പ്രണയിച്ചു. നമ്മള്‍ ചെറുതാവുന്ന ഇടങ്ങളില്‍ ഒരിക്കലെങ്കിലും പോകേണ്ടതുണ്ട്. ഈ മലനിരകളാണ് അതിനേറ്റവും പറ്റിയയിടം. ചുറ്റിനും മാനം മുട്ടെ ഉയര്‍ന്നു നിന്നിട്ട് അവ നമ്മളോട് ചിരിക്കും. ആ ചിരിയില്‍ നമ്മുടെ അഹങ്കാരത്തിന്റെ മഞ്ഞുമലകള്‍ ഉരുകി ഒലിക്കും. 

ലേ സ്ക്വയർ
ലേ സ്ക്വയർ

വര്‍ഷം മുഴുവനും ആവര്‍ത്തനവിരസമായ ജീവിതത്തോട് മല്ലിട്ടു തളര്‍ന്ന് ചുറ്റിനും നില്‍ക്കുന്ന മനുഷ്യരുടെ വിഷലിപ്തമായ നോട്ടങ്ങളും ഇടപെടലുകളും കൊണ്ട് നമ്മളെ തന്നെ വെറുത്തു തുടങ്ങുന്ന നാളുകളില്‍ മലകളിലേക്കു പോവുക. തിരിച്ചിറങ്ങുമ്പോള്‍ നമ്മള്‍ എത്രമേല്‍ നമ്മളെ തന്നെ പ്രണയിക്കുന്നുണ്ട് എന്ന് മനസ്സിലാകും. ജീവിക്കാന്‍ മനുഷ്യന് അത്യാവശ്യം വേണ്ടത് ആത്മഹത്യ ചെയ്യാതിരിക്കാനുള്ള കരുത്താണ്. ആ കരുത്താണ് ഓരോ യാത്രയും നമുക്ക് നല്‍കുന്നത്. 'നിങ്ങളുടെ സ്‌നേഹവും കരുതലും പ്രപഞ്ചത്തിലുള്ള ആരോളവും തന്നെ നിങ്ങളും അര്‍ഹിക്കുന്നുണ്ട്' എന്ന് പറഞ്ഞത് ബുദ്ധനാണ്.

ഇറക്കമിറങ്ങിക്കഴിഞ്ഞപ്പോള്‍ ഖല്‍സിയില്‍ വീണ്ടും വണ്ടിനിര്‍ത്തി എല്ലാവരുമിറങ്ങി. ഉച്ചഭക്ഷണം കഴിക്കാനുള്ള ഇടവേളയാണ്. മറ്റു ലഡാക്കി ഗ്രാമങ്ങള്‍ പോലെ ഖല്‍സിയുമൊരു ചെറിയ ഗ്രാമമാണ്. ആപ്രിക്കോട്ട് കൃഷിക്ക് പേരുകേട്ട ഗ്രാമം കൂടിയാണ് ഖല്‍സി. ആ മരങ്ങളുടെ പച്ചപ്പ് എങ്ങും കാണാം. ഇവിടുത്തെ 'ചോര്‍ട്ടെനു'കള്‍ക്കരുകില്‍ ഞങ്ങള്‍ കുറച്ചു നേരമിരുന്നു. ലഡാക്കില്‍ എല്ലായിടത്തും കാണപ്പെടുന്ന സ്തൂപങ്ങളാണ് ചോര്‍ട്ടനുകള്‍. ഗ്രാമത്തില്‍ നീണ്ട മണിഭിത്തികളില്‍ പ്രാര്‍ത്ഥനാ വീലുകള്‍ കറങ്ങുന്നു. അവയില്‍ ശാന്തിയും സമാധാനവും പുലരാനുള്ള മന്ത്രങ്ങള്‍ കൊത്തിയിട്ടുണ്ട്. ടിബറ്റന്‍ പ്രാര്‍ത്ഥനാപതാകകള്‍ എങ്ങും പാറുന്നു. അവയില്‍നിന്നും 'ഓം മണി പദ്‌മെ ഹും' എന്ന പ്രാര്‍ത്ഥന കാറ്റില്‍ അവിടമാകെ പരക്കുന്നു. ബുദ്ധന്റെ എല്ലാ ഉപദേശങ്ങളുടേയും ആകെത്തുകയാണ് ഈ മന്ത്രമെന്നാണ് കരുതപ്പെടുന്നത്.

ഖല്‍സിയിലെത്തിയപ്പോള്‍ ഒരു ചെറിയ ശാരീരികാസ്വാസ്ഥ്യം തോന്നിയതിനാല്‍ ജിഷാദ് നോയമ്പ് മുറിക്കാന്‍ തീരുമാനിച്ചു. റയീസ് അപ്പോളും നോയമ്പ് വിട്ടിരുന്നില്ല. അങ്ങനെ ഞങ്ങള്‍ മൂന്നു പേരും വഴിയരികിലെ ഒരു കടയില്‍ കയറി ചോറും പയര്‍ പുഴുങ്ങിയതും കഴിച്ച് നിറയെ തണുത്ത വെള്ളവും കുടിച്ചു. അപ്പോഴേക്കും െ്രെഡവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തിരുന്നു. ഏകദേശം പാതിയിലധികം ദൂരം ഞങ്ങള്‍ പിന്നിട്ടിരിക്കുന്നു. ലേയിലേക്ക് ഇനിയും 95 കിലോമീറ്റര്‍ കൂടി ദൂരമുണ്ട്. അത് കഴിയുമ്പോള്‍ നഗരത്തിലെത്തും. അധികനേരം ഇവിടെ ഇളവേല്‍ക്കാന്‍ കഴിയില്ല. ഞങ്ങള്‍ വീണ്ടും ബസില്‍ കയറി.

പിന്നെയും നദിയോടൊപ്പം ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. ഖല്‍സി കഴിഞ്ഞാല്‍ പിന്നെ വരുന്നത് സാസ്‌പോള്‍ എന്ന ഗ്രാമമാണ്. ഇവിടെ ഒരു ഗുഹയും അതില്‍ പതിനഞ്ചാം നൂറ്റാണ്ടിലെ ചുമര്‍ചിത്രങ്ങളും ഉണ്ട്. അത് പക്ഷേ, മലയുടെ മുകളിലാണ്. ബസ് യാത്രയില്‍ അങ്ങോട്ട് പോവുക സാധ്യമല്ല. അതുകഴിഞ്ഞാല്‍ ബാസ്‌ഗോ ന്യേമോ എന്നീ ഇരട്ടഗ്രാമങ്ങള്‍ വരും. ബാസ്‌ഗോയില്‍ ഒരു കോട്ടയുണ്ട്. ഇത് 1680ല്‍ അഞ്ചാമത്തെ ദലൈലാമയുടെ നിര്‍ദ്ദേശപ്രകാരം ടിബറ്റന്‍മംഗോളിയന്‍ സംയുക്ത സൈന്യം ലഡാക് ആക്രമിച്ചപ്പോള്‍ കീഴടക്കിയിരുന്നു. 

ന്യേമോ കഴിഞ്ഞു കുറച്ചു ദൂരം കൂടി പോകുമ്പോള്‍ സിന്ധു നദിയുടെ പ്രധാന കൈവഴികളില്‍ ഒന്നായ സാന്‍സ്‌കാര്‍ നദി സിന്ധുവുമായി കൂടിച്ചേരുന്നതു കാണാം. സിന്ധുവും സാന്‍സ്‌കാര്‍ നദിയും ചേരുന്നിടത്തുതന്നെയാണ് പ്രശസ്തമായ മാഗ്‌നറ്റിക് ഹില്ലും. ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന മലനിരകള്‍ എന്നാണു പൊതുവെ ഇവിടം അറിയപ്പെടുന്നത്. കയറ്റത്തില്‍ വണ്ടി നിര്‍ത്തിയിട്ടാലും താഴേയ്ക്കുരുളുന്നതിനു പകരം മുകളിലോട്ടു തന്നെയുരുളും. ഇത് ഈ കുന്നിന്റെ കാന്തികശക്തിയാല്‍ സംഭവിക്കുന്നതാണെന്നു പൊതുവെ പറയുമെങ്കിലും സത്യം അതല്ല. ലോകത്തു പലയിടത്തും ഇങ്ങനെയുള്ള പ്രദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ ഭൂമിയുടെ പ്രത്യേക രീതിയിലുള്ള ചരിവും നീളവും കിടപ്പും യഥാര്‍ത്ഥത്തിലുള്ള ഇറക്കത്തെ കയറ്റമായി തോന്നിപ്പിക്കുന്ന 'ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍' ആണിത്.

ഇതിലെ പോകുമ്പോള്‍ 'കയറ്റമാകുന്ന ഇറക്കങ്ങള്‍' എന്നൊരു കുസൃതി വെറുതെ തോന്നുന്നു.

പറക്കും കുതിരകള്‍

മാഗ്‌നറ്റിക് ഹില്ലും കഴിഞ്ഞു ബസ് സ്പിതുക്ക് താഴ്‌വാരത്തിലൂടെ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് ലെ വിമാനത്താവളം. സ്പിതുക്കില്‍നിന്നും എട്ടു കിലോമീറ്റര്‍ ദൂരമേയുള്ളൂ ലേയിലേക്ക്. ഒരുപാടകലെയല്ലാതെ ലെ നഗരം തെളിഞ്ഞു കാണാം. ഒരു ദിവസം നീണ്ട യാത്രയുടെ അവസാനമാണ്. ചെല്ലേണ്ടയിടമെത്തുമ്പോള്‍ ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം എല്ലാവരിലുമുണ്ട്. ഇതുവരെയും ജപമാലകള്‍ എത്തിച്ചുകൊണ്ടിരുന്ന മുത്തശ്ശിമാര്‍ കണ്ണുകള്‍ മുറുകെയടച്ചു അപകടമേതുമില്ലാതെ ലക്ഷ്യത്തിലെത്തിയതിനു നന്ദി പറയുന്നു. അവരുടെ ചുളിവീണ കൈകളും മുഖവും ലഡാക്കിന്റെ വരണ്ട ഭൂമികയെന്നപോല്‍ ചെമ്പിച്ചിരിക്കുന്നു. അതിലൊരാളുടെ കണ്ണുകളില്‍നിന്നുമൊഴുകിയ നീര്‍ത്തുള്ളി കവിളിലെ മടക്കുകളില്‍ തട്ടിത്തിരിഞ്ഞും മറിഞ്ഞും താഴേയ്ക്ക് പൊഴിയുന്നു. 

ഞങ്ങള്‍ ലേയിലേക്ക് എത്തുകയാണ്. ഇങ്ങനെ ഒരു വരവ് ആര് പ്രതീക്ഷിച്ചു! ഒന്നും പ്രതീക്ഷിക്കാതെ ഒന്നും കരുതാതെ ഒന്നും തീരുമാനിക്കാതെ നാലുപേര്‍ ഇതാ ദൂരങ്ങള്‍ താണ്ടി ഹിമവാന്റെ മുടിയിലെത്തിയിരിക്കുന്നു. കാണുക മേഘങ്ങളേ, ഞങ്ങളെത്തിയിരിക്കുന്നു. താഴ്‌വാരത്തിലൂടെ ബസ് നീങ്ങിക്കൊണ്ടിരുന്നു. അങ്ങനെ പോകുമ്പോള്‍ എയര്‍ ഇന്ത്യയുടെ വിമാനം റണ്‍വേയിലേക്ക് ഊളിയിട്ടു ഇറങ്ങുന്നത് ഞങ്ങള്‍ കണ്ടു. ലഡാക്കിന്റെ വിമാനത്താവളത്തിനും രസകരമായ ഒരു കഥ പറയാനുണ്ട്. അത് സോനം നോര്‍ബുവിന്റെ കഥയാണ്. കൊടുമുടികള്‍ മറച്ചുപിടിച്ചിരുന്നൊരു ഭൂമിയെ പുറംലോകത്തേക്കു തുറന്നുവിട്ടതിന്റെ കഥ. ദൂരങ്ങളെ വേഗതകൊണ്ട് കീഴടക്കിയ കഥ. മനസ്സുകൊണ്ട് മലമടക്കുകള്‍ താണ്ടിയ കഥ.

സോനം നോര്‍ബു ലെയിലെ മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1909 മെയ് 27നാണ് അവന്‍ ജനിച്ചത്. അക്കാലത്ത് ലേയില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനായി ശ്രീനഗറിലെ തന്റെ സ്‌കൂളില്‍ എത്തിച്ചേരാന്‍ നോര്‍ബുവിന് പതിനാറു ദിവസങ്ങള്‍ വേണ്ടിയിരുന്നു. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും നോര്‍ബു പഠിച്ച് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിരുദം നേടി. ഉന്നതവിദ്യാഭ്യാസത്തിനായി അയാള്‍ തെരഞ്ഞെടുത്തത് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയായിരുന്നു. അവിടെനിന്നും നോര്‍ബു എന്‍ജിനീയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കി. അങ്ങനെ ലഡാക്കില്‍നിന്നും ആദ്യമായി കടല്‍കടന്ന് വിദേശത്തു പോയി പഠിച്ച വിദ്യാര്‍ത്ഥിയെന്ന നേട്ടം നോര്‍ബുവിന് സ്വന്തമായി. 1930കളില്‍ ആയിരുന്നു അത്. 

പഠനത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞിരുന്നു. കശ്മീരിനെച്ചൊല്ലിയുള്ള ഇന്ത്യപാക് യുദ്ധം നടക്കുന്ന സമയം. സോജി ലാ പാക് പട്ടാളത്തിന്റെ അധീനതയിലായിരിക്കുന്നു. ലഡാക് അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. രോഹ്താങ് ചുരം വഴി മാത്രമേ ലേയിലേക്ക് എത്തിപ്പെടാന്‍ കഴിയു. അതാവട്ടെ, കനത്ത മഞ്ഞുവീഴ്ച കാരണം അടച്ചിട്ടിരിക്കുകയുമാണ്. മഞ്ഞുരുകി തുടങ്ങിയാല്‍ ഉടന്‍ തന്നെ പാക് പട്ടാളം ലെ നഗരം കീഴടക്കും. ലെഫ്റ്റനന്റ് കേണല്‍ ഷേര്‍ ജങ് ഥാപ്പയുടെ നേതൃത്വത്തില്‍ ആകെ 33 പട്ടാളക്കാരാണ് ലെ സംരക്ഷിക്കാനുള്ളത്. സ്‌കര്‍ദു പാക് പട്ടാളത്തിന്റെ കയ്യിലായിക്കഴിഞ്ഞു. ലെ വീഴാന്‍ ഇനിയധികം സമയം വേണ്ടിവരില്ല. അതിനു മുന്നേ പട്ടാളക്കാരെ ലഡാക്കില്‍ എത്തിക്കണം. 

ശിലാശില്പം
ശിലാശില്പം

ഥാപ്പ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടു സൈനിക നേതൃത്വത്തിന് അറിയിപ്പ് നല്‍കി. അറിയിപ്പ് കിട്ടിയതും ലെഫ്റ്റനന്റ് കേണല്‍ പൃഥ്വി ചന്ദിന്റെ നേതൃത്വത്തില്‍ ഒരു സൈനിക ബറ്റാലിയന്‍ ലെ ലക്ഷ്യമാക്കി നീങ്ങി. ഇക്കൂട്ടത്തില്‍ ഒരു എന്‍ജിനീയറും ഉണ്ടായിരുന്നു. സോനം നോര്‍ബു എന്ന ലഡാക്കി എന്‍ജിനീയര്‍. നോര്‍ബുവിനെ ഏല്പിച്ചിരുന്ന ദൗത്യം ചെറുതായിരുന്നില്ല. ലെ നഗരത്തെ സംരക്ഷിക്കണമെങ്കില്‍ തടസ്സമേതുമില്ലാതെ സൈനികരും അവര്‍ക്കുള്ള ആയുധങ്ങളും അവിടെ എത്തണം. ഇതിന് ഒറ്റ വഴിയേ ഉള്ളൂ. നാളിതുവരെ ഒരു സൈക്കിള്‍ പോലും എത്തിപ്പെട്ടിട്ടില്ലാത്ത ലേയില്‍ വിമാനം ഇറങ്ങണം!

സോനം നോര്‍ബുവിനാണ് വിമാനത്താവളം ഉണ്ടാക്കാനുള്ള ചുമതല ലഭിച്ചത്. 1948 മാര്‍ച്ച് 8ന് ഇന്ത്യന്‍ പട്ടാളക്കാരോടൊപ്പം കാല്‍നടയായി നോര്‍ബു ലഡാക്കില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ വിമാനത്താവള നിര്‍മ്മാണത്തിനായി കശ്മീരിലെ ഹരി സിംഗിന്റെ സര്‍ക്കാര്‍ അനുവദിച്ച 13000 രൂപയും ഉണ്ടായിരുന്നു. കൃത്യം ഒരു മാസം കഴിയാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ ഏപ്രില്‍ 6നു 2103 മീറ്റര്‍ നീളമുള്ള റണ്‍വേ നോര്‍ബു പൂര്‍ത്തിയാക്കി. ഒരു യന്ത്രത്തിന്റേയും സഹായമില്ലാതെ പൂര്‍ണ്ണമായും മനുഷ്യാധ്വാനം മാത്രം ഉപയോഗിച്ചാണ് ഈ ജോലി അദ്ദേഹം പൂര്‍ത്തീകരിച്ചത്. 

റണ്‍വേ പൂര്‍ത്തിയായപ്പോള്‍ മൊത്തം ചെലവ് 10891 രൂപ. ബാക്കി വന്ന 2109 രൂപ നോര്‍ബു ട്രഷറിയില്‍ തിരിച്ചടച്ചു. പണി പൂര്‍ത്തിയായതിന്റെ പിറ്റേന്നു തന്നെ അയാള്‍ മേലധികാരികളെ വിവരം അറിയിച്ചുവെങ്കിലും പിന്നെയും ഒരു മാസം കഴിഞ്ഞാണ് ആദ്യ വിമാനം ലേയില്‍ ഇറങ്ങുന്നത്. നിഷ്‌കളങ്കരായ ലഡാക്കികള്‍ തങ്ങളുടെ ആകാശത്തെ കീറിമുറിച്ചുകൊണ്ടു ഹുങ്കാരശബ്ദത്തോടെ പറന്നിറങ്ങുന്ന വിമാനങ്ങള്‍ 'പറക്കും കുതിരകള്‍' ആണെന്നാണ് കരുതിയത്. അവര്‍ ഈ കുതിരകള്‍ക്കുള്ള പുല്ലുമായിട്ടാണത്രെ (ചൂന്‍പോ) അന്ന് സ്പിതുക്കില്‍ എത്തിയത്! 

നോര്‍ബു തന്നെയാണ് ശ്രീനഗര്‍ ലെ ഹൈവേയും പണികഴിപ്പിച്ചത്. ഈ റോഡ് നിര്‍മ്മിക്കുകവഴി കുട്ടിക്കാലത്ത് താന്‍ പതിനാറു ദിവസങ്ങള്‍കൊണ്ടു നടത്തിയ ശ്രീനഗര്‍ യാത്ര രണ്ടു ദിവസമാക്കി കുറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നോര്‍ബു പിന്നീട് കശ്മീര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. മംഗോളിയയിലേക്കുള്ള ആദ്യത്തെ അംബാസഡര്‍ ആയിട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ നിയമിച്ചതും സോനം നോര്‍ബുവിനെ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം ജമ്മു കശ്മീരിലെ ഷെയ്ക്ക് അബ്ദുള്ളയുടെ സര്‍ക്കാരില്‍ അദ്ദേഹം നിരവധി കാലം മന്ത്രി ആയി സേവനം അനുഷ്ഠിച്ചു. അന്ന് സര്‍ക്കാര്‍ ബജറ്റിലെ 70 ശതമാനം പണവും നോര്‍ബുവിന്റെ വകുപ്പിനായിരുന്നു അബ്ദുള്ള വകയിരുത്തിയിരുന്നത്. അത്രയ്ക്കു വിശ്വാസമായിരുന്നു അദ്ദേഹത്തിന് നോര്‍ബുവിനെ.

ബസ് ലേയില്‍ എത്തി കിതച്ചുനിന്നു. നേരം സന്ധ്യ ആയിരിക്കുന്നു. അസ്തമയസൂര്യന്റെ സ്വര്‍ണ്ണം മലകളിലൂടെ ഒഴുകി താഴ്‌വാരമാകെ പടര്‍ന്നിട്ടുണ്ട്. മനുഷ്യരും കെട്ടിടങ്ങളും വാഹനങ്ങളും ചുറ്റിനുമുള്ള പ്രകൃതിയും എല്ലാം തിളങ്ങുന്നു. തണുപ്പിറങ്ങി തുടങ്ങിയിട്ടുണ്ട്. അത് സന്ധ്യയുടെ പിന്നാമ്പുറം പറ്റി പതിയെപ്പതിയെ കടന്നുവരുന്നു. ഹിമാലയന്‍ കാക്കകള്‍ ചേക്കയിരിക്കാനായി ഒറ്റയ്ക്കും കൂട്ടമായും പറന്നകലുന്നു. മംഗോളിയന്‍ മുഖമുള്ള മനുഷ്യര്‍ക്കു നടുവില്‍ ഞങ്ങള്‍ നിന്നു. ബസ് സ്റ്റാന്‍ഡിന്റെ പിന്‍വശത്തായി ഒരു കുന്നിന്റെ മുകളില്‍നിന്നും താഴേയ്ക്ക് പൊഴിയുന്ന ലെ കൊട്ടാരം കാണാം. 

നാളെ ബുദ്ധപൂര്‍ണ്ണിമയാണ്. അതിനുള്ള ഒരുക്കങ്ങള്‍ എങ്ങും തകൃതിയായി നടക്കുന്നു. ചന്ദ്രന്‍ നാളെയെക്കുറിച്ചുള്ള ഉദ്വേഗം അടക്കാനാവാതെ ആകാശത്തു വിളറിത്തെളിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഇതൊന്നും കരുതിക്കൂട്ടി വന്നതേയല്ല. പക്ഷേ, ഏതോ ഭാഗ്യം പോലെ നാളത്തെ പൗര്‍ണ്ണമി ഞങ്ങള്‍ക്ക് വേണ്ടിക്കൂടിയാവും തെളിയുക. യാത്രകള്‍ അങ്ങനെയാണ്, പലപ്പോഴും നമ്മളറിയാതെ നമുക്കായി എന്തെങ്കിലും അവ കരുതുന്നുണ്ടാവും. ലഡാക്കില്‍ എന്താണ് കമ്മിയായിട്ടുള്ളത് എന്ന് ചോദിച്ചാല്‍ അത് പ്രാണവായു ആണ്. 12000 അടിക്കു മുകളില്‍ അതങ്ങനെ ആയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഞങ്ങള്‍ ആകാവുന്നത്രയും ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. പിന്നെ സ്വന്തം നിഴലുകളെ പിന്തുടര്‍ന്ന് ഒരു താമസസ്ഥലം അന്വേഷിച്ചു നടന്നു.

ബസ് സ്റ്റാന്റില്‍നിന്നും വെളിയിലിറങ്ങി ലെ മാര്‍ക്കറ്റിലൂടെ നടന്ന് ഒരു ഗലിയിലേക്കു ഞങ്ങള്‍ കയറി. അവിടെ ഒരു ലോഡ്ജിലാണ് ഞങ്ങള്‍ക്ക് മുറി കിട്ടിയത്. ലോഡ്ജിന്റെ മുറ്റത്ത് പിങ്ക് റോസാപ്പൂക്കളും മെറൂണ്‍ ഡാലിയകളും പൂത്തു നിന്നിരുന്നു. മുറ്റത്ത് നിറയെ അങ്ങാടിക്കുരുവികള്‍. അവ ഞങ്ങളെ കണ്ടപ്പോള്‍ പറന്നുയര്‍ന്ന് അടുത്തുള്ള ചെടികളുടെ ചില്ലകളില്‍ പോയിരുന്നു. ഞങ്ങളുടെ മുറി മൂന്നാമത്തെ നിലയിലാണ്. ചെറിയതെങ്കിലും വൃത്തിയുള്ള ഒരു മുറി. ജനാല തുറന്നാല്‍ മറ്റേതോ വ്യക്തിയുടെ പുരയിടത്തില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഒരു ആപ്രിക്കോട്ട് മരമാണ് മുന്നില്‍. അതില്‍ പലതരം പക്ഷികള്‍ ചിലയ്ക്കുന്നു. അവയുടെ കൂടുകളും അതില്‍ കണ്ടേക്കാം. നീല മണ്ണാത്തികള്‍ നിലത്തിറങ്ങി ഇരതേടുന്നുണ്ട്. ബാഗുകള്‍ അവിടെ വെച്ചിട്ടു ഞങ്ങള്‍ ലെ പട്ടണം ചുറ്റിക്കാണാനിറങ്ങി. 

തണുപ്പ് പുതച്ച പട്ടണം

ശ്രീനഗറില്‍ നിന്നും മൊത്തം നാനൂറ്റിപതിനെട്ട് കിലോമീറ്റര്‍ വിജനവും ഭീതിജനകവും അതേ സമയം നയനമനോഹരവുമായ മലമ്പാതകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതു നിമിഷവും നഷ്ടപ്പെട്ടു പോയേക്കാവുന്ന ഒരു സ്വപ്നം പോലെ കൊടുമുടികള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുകയാവും ഈ ബൗദ്ധനഗരം. പണ്ടുകാലത്ത് ഇന്ത്യയിലേയ്ക്കുള്ള വ്യാപാരമധ്യേ കച്ചവടക്കാര്‍ ഇടത്താവളമായി ഉപയോഗിച്ചിരുന്ന പട്ടണമാണ് ലേ. അക്കാലത്ത് കശ്മീരി പഷ്മിന കമ്പിളിയും സില്‍ക്കും നീലവും ബനാറസിലെ കൈത്തറി വസ്ത്രങ്ങളും ചരസും കഞ്ചാവും തേയിലയും ഉപ്പും സുഗന്ധവ്യഞ്ജനങ്ങളും എന്നുവേണ്ട സംസ്‌കാരങ്ങളും മതങ്ങളും വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഈ പട്ടണത്തിലെത്തിയിട്ടാണ് ടിബറ്റു വഴി ചൈനയിലേക്കും തിരിച്ചും സഞ്ചരിച്ചത്. സിന്ധുനദീതട സംസ്‌കാരത്തിന്റെ കാലത്തു മുതല്‍ തുടങ്ങിയതാണ് ഈ പ്രയാണങ്ങള്‍ എന്നറിയുമ്പോഴെ നാമെത്തിനില്‍ക്കുന്നത് മനുഷ്യകുലത്തിന് എത്രമേല്‍ പ്രധാനപ്പെട്ട ഒരിടത്താണ് എന്നു മനസ്സിലാവൂ. 

നാലുപുറവും മലനിരകളാല്‍ ചുറ്റപ്പെട്ട ലെ നഗരം ദീര്‍ഘവൃത്താകൃതിയിലുള്ള ഒരു കുഴിയന്‍ പിഞ്ഞാണം പോലെയാണ്. ലഡാക്കിലെ ഏറ്റവും വലിയ ജനവാസകേന്ദ്രം. ഒരു ലക്ഷത്തിലധികം ആളുകള്‍ ഇവിടെ താമസമുണ്ട്. രാത്രി കുളിരു പുതപ്പിച്ച ലെ ചത്വരത്തില്‍ ഞങ്ങള്‍ കുറച്ചുനേരമിരുന്നു. മിനുസമുള്ള തറയോടുകള്‍ പതിപ്പിച്ച ഒരു തെരുവ്. നടുവില്‍ വിളക്കുകാലുകള്‍. അവയുടെ താഴെ സഞ്ചാരികള്‍ക്കായി ഇരിപ്പിടങ്ങള്‍. ഇരുവശത്തും പലതരം കടകള്‍. അവിടെയെല്ലാം ആളുകളുടെ തിരക്ക്. ചത്വരത്തിന്റെ ഒരു അതിരില്‍ പതിനേഴാം നൂറ്റാണ്ടില്‍ സെന്‍ഗെ നംഗ്യാലിന്റെ മകന്‍ ഡെല്‍ഡന്‍ നംഗ്യാല്‍ പണി കഴിപ്പിച്ച ഒരു മുസ്ലിം പള്ളിയുണ്ട്. കൊട്ടാരത്തിന്റെ എടുപ്പുകള്‍ക്കു നേരെ താഴെയാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.

ഷാജഹാനും സെന്‍ഗെ നംഗ്യാലും തമ്മില്‍ 1639ല്‍ ബോധ് ഖാര്‍ബുവില്‍ വെച്ചു നടന്ന യുദ്ധത്തില്‍ സെന്‍ഗെ പരാജയപ്പെടുകയാണുണ്ടായത്. അന്ന് ഒപ്പിട്ട ഉടമ്പടി പ്രകാരം ലെ മുഗള്‍ സാമ്രാജ്യത്തിനു കപ്പം കൊടുക്കണമായിരുന്നു. ഈ ഉടമ്പടി പക്ഷേ, സെന്‍ഗേ പാലിച്ചില്ല. മാത്രവുമല്ല, കശ്മീരില്‍നിന്നുള്ള എല്ലാ വ്യാപാരികളേയും ലേയിലേക്ക് പ്രവേശിക്കുന്നതില്‍നിന്നും തടയുകയും ചെയ്തു. അക്കാലത്തു ലെ സന്ദര്‍ശിച്ച ഫ്രെഞ്ച് യാത്രികന്‍ ഫ്രാന്‍ഷ്വാ ബെര്‍ണിയര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പക്ഷേ, ഒരു മണ്ടന്‍ തീരുമാനമായിരുന്നു. പട്ടുപാതയിലെ പ്രധാന വ്യാപാരകേന്ദ്രമെന്ന നിലയില്‍ ലേയുടെ ഏറ്റവും വലിയ വരുമാനസ്രോതസ്സു തന്നെ വ്യാപാരികള്‍ ആയിരുന്നതുകൊണ്ടാണ് ഈ തീരുമാനത്തെ 'സാമ്പത്തിക ആത്മഹത്യ' എന്ന് പ്രൊഫസര്‍ ലൂസിയാനോ പീറ്റെച്ച് തന്റെ ദി കിങ്ഡം ഓഫ് ലഡാക് എന്ന കൃതിയില്‍ വിമര്‍ശിക്കുന്നത്. 

പിന്നീട് ദില്ലിയില്‍ ഔറംഗസേബ് അധികാരത്തില്‍ വന്നപ്പോള്‍ സെന്‍ഗെയുടെ മകന്‍ ഡെല്‍ഡന്‍ നംഗ്യാലായിരുന്നു ലേയിലെ ഭരണാധികാരി. ഔറംഗസേബ് 1663ല്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത ലെയേ ആക്രമിക്കാന്‍ ഔറംഗസേബ് മടിക്കില്ല എന്ന സ്ഥിതി വന്നപ്പോള്‍ ഇത് തടയുന്നതിനായി ഡെല്‍ഡന്‍ ലേയില്‍ ഒരു മോസ്‌ക്ക് പണികഴിപ്പിക്കാമെന്നും ഔറംഗസേബിന്റെ പേരില്‍ നാണയങ്ങള്‍ അടിച്ചിറക്കാമെന്നുമൊക്കെയുള്ള കുറെ വാഗ്ദാനങ്ങള്‍ നല്‍കുകയുണ്ടായി. ഇതും പക്ഷേ, പാലിക്കപ്പെട്ടില്ല. ഒടുവില്‍ മുഗളരുടെ വിശ്വസ്തനായിരുന്ന സ്‌കര്‍ദുവിലെ രാജാവ് ലെ ആക്രമിക്കുന്ന സാഹചര്യം വന്നപ്പോളാണ് 1666'67 കാലഘട്ടത്തില്‍ ഈ പള്ളി പണികഴിപ്പിക്കുന്നത്. 

പട്ടുപാതയിലെ പല കൈവഴികള്‍ ഒന്നിച്ച സ്ഥലമായിരുന്നു ലെ. ഹിമാചല്‍ പ്രദേശില്‍നിന്നും കുളു മണാലി വഴി റോത്താങ് ചുരം കടന്ന് സിന്ധുനദീതടത്തിലൂടെ വരുന്ന ഒരു കൈവഴി. അതുപോലെ ശ്രീനഗറില്‍നിന്നും സോജി ചുരം കയറി കാര്‍ഗിലില്‍ എത്തി അവിടെനിന്നും സിന്ധുനദീതടത്തിലൂടെ വരുന്ന മറ്റൊന്ന്. ബാള്‍ട്ടിസ്ഥാനില്‍നിന്നും ഷയോക്ക് താഴ്‌വര വഴി വരുന്ന ഇനിയൊന്ന്. പിന്നെ സ്‌കര്‍ദുവില്‍നിന്നും സിന്ധുനദീതടത്തിലേക്കു വരുന്ന വേറെ ഒന്ന്. ഇവയെ കൂടാതെ യാര്‍ഖണ്ഡില്‍നിന്നും ലാസയില്‍നിന്നും വരുന്ന വേറെ രണ്ടു പാതകള്‍. ഇവയുടെ എല്ലാം സംഗമസ്ഥാനം എന്ന നിലയില്‍ ലെ ചരിത്രത്തില്‍ വലിയ സ്ഥാനം നേടിയിട്ടുള്ള ഒരു പട്ടണമാണ്. 

മഞ്ഞുകാലമായാല്‍ ആളൊഴിഞ്ഞ വീഥികള്‍ നീണ്ട ഉറക്കത്തിലേക്കു വഴുതിവീഴും. പിന്നെ മാസങ്ങള്‍ കഴിഞ്ഞു പതിയെ ഉണര്‍ച്ചയിലേക്കു തെളിയും. ലേയില്‍ ആകെ 113 ഗ്രാമങ്ങളുണ്ട്. എവിടെയുമുള്ളതുപോലെ ലേയിലും ഒരു മലയാളി ഹോട്ടല്‍ ഉണ്ട്. ഇടുക്കി മൂന്നാര്‍ ബൈസണ്‍വാലി സ്വദേശിയായ സുധിയും ഭാര്യ കുഞ്ചിത്തണ്ണിക്കാരി ജോഷ്‌നയുമാണ് നടത്തിപ്പുകാര്‍. സഹായി വൈക്കംകാരന്‍ ജോസ്റ്റിനും. മൂന്നുപേരും ചെറുപ്പക്കാര്‍. നാട്ടില്‍നിന്നും തേങ്ങയുള്‍പ്പെടെ പല സാധനങ്ങളും വിമാനത്തില്‍ എത്തിച്ചിട്ടാണ് പാചകം. ഈ ഹോട്ടല്‍ കണ്ടെത്തിയപ്പോള്‍ ഞങ്ങള്‍ അവരോടൊപ്പം കുറെനേരം ചെലവഴിച്ചു.

ഇരുട്ട് വീണിരിക്കുന്നു. തണുപ്പ് മലയിറങ്ങി വന്നു നഗരത്തെ ആകെ മൂടിയിട്ടുണ്ട്. തിരക്കൊഴിഞ്ഞ നഗരവീഥികള്‍. അവയിലൂടെ ഇപ്പോഴും കുറെ മനുഷ്യര്‍ എങ്ങോട്ടൊക്കെയോ പോയിക്കൊണ്ടിരുന്നു. ചിലര്‍ ഞങ്ങളെപ്പോലെയുള്ള ഇന്ത്യന്‍ സഞ്ചാരികളാണ്. ചിലര്‍ നാട്ടുകാര്‍. ചിലര്‍ വിദേശികള്‍. മറ്റു ചിലര്‍ വ്യാപാര ആവശ്യത്തിനായി ഇവിടെ എത്തിയവര്‍. ഇനിയും ചിലര്‍ പട്ടാളക്കാര്‍. ഞങ്ങളെ കടന്നുപോകുന്നവരുടെ മുഖത്തുനിന്നും ഇന്ത്യയെ വായിച്ചെടുക്കാം. പല സംസ്ഥാനങ്ങളില്‍നിന്നും ലഡാക്ക് കാണാന്‍ ഇറങ്ങിയവര്‍. നേരം വൈകിയപ്പോള്‍ ഞങ്ങള്‍ ഉറങ്ങാന്‍ പോയി. വെളിയില്‍ താഴ്‌വാരമാകെ പൗര്‍ണ്ണമിയുടെ മസ്ലിന്‍ പുതച്ചുറങ്ങുമ്പോള്‍ ലെ കൊട്ടാരം ഒരു പളുങ്കുമണിപോലെ തിളങ്ങുകയായിരുന്നു. ലേയുടെ പ്രാധാന്യം അറിയണമെങ്കില്‍ ചരിത്രത്തിന്റെ കുറെ താളുകള്‍ കൂടി മറിക്കേണ്ടതുണ്ട്. ഇവിടെ ഇനിയും ഒരുപാട് കാണാനും അറിയാനുമുണ്ട്. അത് നാളെയാവാം എന്നു കരുതി ഞങ്ങള്‍ ഉറക്കത്തിന്റെ കുന്നിറങ്ങി.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com