അവിസ്മരണീയമായ ദിനങ്ങള്‍, സൗഹൃദങ്ങള്‍

പത്തുമണിയോടെത്തന്നെ വേദി ഉണര്‍ന്നു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഒന്നൊന്നായി നടന്നു. അബ്ബാസ് സാറും ഹമീദും ആഷിഖും സ്റ്റേജിലെ കാര്യങ്ങള്‍ ചിട്ടയോടെ നിയന്ത്രിച്ചു
അവിസ്മരണീയമായ ദിനങ്ങള്‍, സൗഹൃദങ്ങള്‍

യൂണിയന്‍ ഉദ്ഘാടനത്തിനു മൂന്ന് ദിവസം മുന്‍പേ പന്തലിന്റേയും സ്റ്റേജിന്റേയും പണികള്‍ ആരംഭിച്ചു. ഉറക്കമില്ലാത്ത നാളുകളാണ് വന്നണഞ്ഞത്. ഓരോ പീരിയഡ് കഴിയുമ്പോഴും ക്ലാസ്സില്‍നിന്ന് ഇറങ്ങി പണി നടക്കുന്ന സ്ഥലത്ത് ചെന്ന് നോക്കും. മാറി മാറി യൂണിയന്‍ ഭാരവാഹികള്‍ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചു. അതിനിടയില്‍ അദ്ധ്യാപകരില്‍ നിന്നുള്ള പിരിവും വിജയകരമായി പൂര്‍ത്തിയാക്കി. ചുരുക്കം ചിലരൊഴിച്ച് ബാക്കി എല്ലാവരും നല്ല രീതിയില്‍ സഹകരിച്ചു. ഇതിനെല്ലാം പുറമെ രണ്ട് ദിവസങ്ങളിലെ ചടങ്ങിലും അദ്ധ്യക്ഷത വഹിക്കേണ്ടത് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനാണ്. കേള്‍വിക്കാര്‍ ഒന്നായതുകൊണ്ട് ഒരു വാക്ക് പോലും ആവര്‍ത്തനം വരാതെ നോക്കണം. പ്രഗല്‍ഭര്‍ അണിനിരക്കുന്ന വേദിയാണ്. ഒരക്ഷരം പോലും തെറ്റരുത്. ഉച്ചാരണം, ആശയം, ഒഴുക്ക് ഇതെല്ലാം ശ്രദ്ധിക്കണം. ബഹളങ്ങള്‍ക്കിടയിലും പ്രസംഗത്തിനായുള്ള തയ്യാറെടുപ്പ് ആരുമറിയാതെ നടത്തി. ക്ഷണിച്ച അതിഥികളെ ലാന്റ് ഫോണില്‍ വിളിച്ച് ദിവസം ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു. പലരോടും സ്വന്തം വണ്ടി വിളിച്ച് വരാനാണ് പറഞ്ഞത്. വാടക ഇവിടന്ന് കൊടുക്കാമെന്ന ഉറപ്പും കൊടുത്തു. ഉദ്ഘാടനത്തലേന്ന് അവസാന മിനുക്കുപണികള്‍ക്കിടയില്‍ എക്സിക്യൂട്ടീവ് കൂടി. അന്തിമ വിശകലനം നടത്തി. ഏറ്റെടുത്ത ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ടെന്നും എല്ലാവരും സമയത്തെത്തുമെന്നും മീറ്റിംഗില്‍ ഞാന്‍ ഉറപ്പ് കൊടുത്തു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ക്ഷണിക്കാന്‍ പോയത് ഫൈന്‍ ആര്‍ട്സ് സെക്രട്ടറി സിറാജാണ്. അദ്ദേഹത്തെ കൊണ്ടുവരേണ്ട ചുമതല സിറാജിനെത്തന്നെ ഏല്പിച്ചു. 

എംകെ മുനീർ
എംകെ മുനീർ

ഡോ. എം.കെ. മുനീറിനെ ക്ഷണിക്കാന്‍ അദ്ദേഹത്തിന്റെ നടക്കാവിലെ വീട്ടിലാണ് പോയത്. ലീഗിലെ എക്കാലത്തേയും ജനപ്രിയ നേതാവ് സി.എച്ച്. മുഹമ്മദ് കോയാ സാഹിബിന്റെ മകന്‍ എന്ന ലേബലില്‍ ലീഗ് നേതൃനിരയില്‍ സ്വാധീനമുറപ്പിച്ച യുവനേതാവെന്ന പട്ടം അദ്ദേഹത്തെ സാധാരണ ലീഗ് പ്രവര്‍ത്തകരുടെ ആവേശമാക്കി. രാവിലെ എഴുന്നേറ്റ് തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് ആറര വണ്ടിക്കാണ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ഞാന്‍ താമസിച്ച വല്ലിമ്മാന്റെ വീട് റെയില്‍വെ സ്റ്റേഷന്റെ വിളിപ്പാടകലെയാണ്. എട്ട് മണിക്ക് എത്തിയില്ലെങ്കില്‍ മുനീറിനെ കണ്ടില്ലെങ്കിലോ എന്ന് ഭയന്നാണ് നേരത്തെ തന്നെ വെറും വയറ്റില്‍ ഒരു കാലിച്ചായയും കുടിച്ച് പുറപ്പെട്ടത്. ബ്രേക്ക്ഫാസ്റ്റ് അദ്ദേഹത്തെ കണ്ടശേഷമാകാമെന്ന് നിശ്ചയിച്ചു. കോഴിക്കോട്ട് ട്രെയിനിറങ്ങിയ ഉടനെ ഓട്ടോ പിടിച്ച് നേരെ നടക്കാവിലെ സി.എച്ചിന്റെ വീടായ ക്രസന്റിലേക്ക് തിരിച്ചു. ഞാനെത്തുമ്പോള്‍ നാലോ അഞ്ചോ പേര്‍ അവിടെയുണ്ടായിരുന്നു. ഏതാണ്ട് അരമണിക്കൂര്‍ പൂമുഖത്ത് നിരത്തിയിട്ട കസേരയില്‍ ഇരുന്നു. ഞാന്‍ വന്ന വിവരം ഓഫീസ് സെക്രട്ടറി മുനീര്‍ സാഹിബിനെ അറിയിച്ചിരുന്നു. അദ്ദേഹം ചിരിച്ച് ഓഫീസ് റൂമിലെത്തി. എന്നെ പ്രത്യേകം പരിഗണിച്ചിരുത്തി. നേരത്തെ വന്ന ആളുകളെ കേട്ടു. പ്രശ്നങ്ങള്‍ പരിഹരിച്ച് പറഞ്ഞയച്ചു. എന്റെ കയ്യും പിടിച്ച് നേരെ ഡൈനിംഗ് ടേബിളിലേക്ക് നടന്നു.  മുനീറിന്റെ ഉമ്മ പ്രസന്നമാര്‍ന്ന മുഖത്തോടെ അവിടെ നില്‍പ്പുണ്ട്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ അവരെ കാണുന്നത്. മുനീര്‍ സാഹിബ് ഉമ്മക്ക് എന്നെ പരിചയപ്പെടുത്തി. പ്രസംഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് പ്രതികരിച്ചു. സ്നേഹത്തോടെ തീന്‍മേശയില്‍ വെള്ളപ്പവും കറിയും ചായയും കൊണ്ടുവന്നു വെച്ചു. കഴിക്കാന്‍ സല്‍ക്കരിച്ചു. മുനീര്‍ സാഹിബും ഞാനും ഭക്ഷണം കഴിച്ചുതുടങ്ങി. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. രണ്ട് വെള്ളപ്പം തിന്നുകഴിഞ്ഞു. ഒന്നുകൂടി വേണമെന്നുണ്ട്. എടുത്താല്‍ മോശമാകുമോ എന്നൊരു തോന്നല്‍. മുനീര്‍ സാഹിബ് ഒന്നുകൂടി എടുക്കാന്‍ നിര്‍ബ്ബന്ധിക്കുന്നുമുണ്ട്. മൂന്നാമത്തെ വെള്ളപ്പവും എടുത്ത് ഞാന്‍ എന്റെ പ്ലേറ്റിലിട്ട് കറി ഒഴിച്ചു. മുനീര്‍ ഗൗരവം വിടാതെ ചോദിച്ചു: വളരെ നേരത്തെ വീട്ടില്‍നിന്ന് പുറപ്പെട്ടു അല്ലേ? മറുപടി ഞാന്‍ ചിരിയില്‍ ഒതുക്കി. പിന്നീട് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം യൂത്ത് ലീഗിന്റെ ഒരു പരിപാടിയില്‍ ഞങ്ങള്‍ പങ്കെടുത്തു. പരിപാടി കഴിഞ്ഞ് തൊട്ടടുത്ത വീട്ടില്‍ ഒരുക്കിയ ഭക്ഷണത്തിന് ഒരുമിച്ചാണ് പോയത്. മുനീര്‍ സി.എച്ചിനെപ്പോലെത്തന്നെ നല്ല ആഹാരപ്രിയനാണ്. മൂന്നാം തവണയും ബിരിയാണി തന്റെ പ്ലേറ്റിലേക്കിട്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ''വീട്ടില്‍നിന്ന് വളരെ നേരത്തെ പുറപ്പെട്ടു അല്ലേ?'' ഇതുകേട്ട അദ്ദേഹം പൊട്ടിച്ചിരിച്ചു. ''അതു മറന്നിട്ടില്ല അല്ലേ?'' മുനീര്‍ ചിരിയടക്കാതെ പറഞ്ഞു. സമീപകാലത്ത് നിയമസഭയ്ക്കകത്ത് വെച്ച് പഴയകാലം ഓര്‍ത്തെടുത്തപ്പോള്‍ 'നേരത്തെ പുറപ്പെട്ട കാര്യം' പറഞ്ഞ് ചിരിച്ചതോര്‍ക്കുന്നു.

നവാസ് പൂനൂർ
നവാസ് പൂനൂർ

നവാസ് പൂനൂരിനെ 'ചന്ദ്രിക' പത്രമാപ്പീസില്‍ പോയാണ് കണ്ടത്. ലീഗുകാര്‍ക്കിടയില്‍ ആവശ്യത്തിലധികം എഴുത്തും വായനയുമുള്ള ആളാണ് നവാസ്. സാഹിത്യഭംഗി സ്ഫുരിക്കുന്ന ഭാഷയില്‍ അത്യാവശ്യം ഭേദപ്പെട്ട് സംസാരിക്കും. അദ്ദേഹത്തോട് കോഴിക്കോട്ടു നിന്ന് ഒരു കാറ് വിളിച്ച് വഴിയില്‍ പ്രൊഫസര്‍ ജലീല്‍ സാറിന്റെ വീട്ടിലെത്തി അദ്ദേഹത്തേയും കൂട്ടി വരാനാണ് ഏല്പിച്ചത്. പറഞ്ഞ വാക്ക് അദ്ദേഹം കൃത്യമായി പാലിച്ചു. ഖമറുന്നിസ അന്‍വര്‍ താമസിച്ചിരുന്നത് തിരൂരിലാണ്. ആ ദേശക്കാരന്‍ കൂടിയായ എഡിറ്റര്‍ ഹമീദിനെ അവരെ കൂട്ടി വരാന്‍ ചുമതലപ്പെടുത്തി. 

കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയും പ്രഭാഷകയുമാണ് ഖമറുന്നിസ. മുസ്ലിം ലീഗിലെ അറിയപ്പെടുന്ന ഏകവനിത. ലീഗ് വനിതാ വിംഗിന്റെ അദ്ധ്യക്ഷ. കരുളായി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറുമായി പേരെടുത്ത അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, യൂണിവേഴ്സിറ്റി വാഹനത്തില്‍ സമയത്ത് എത്താമെന്ന് ഉറപ്പ് നല്‍കി. ഉദ്ഘാടന ദിവസം രാവിലെ പതിനൊന്ന് മണിയോടെ ആ സെഷനിലേക്ക് ക്ഷണിച്ച എല്ലാവരും എത്തി. വന്ന ഓരോരുത്തരേയും പ്രിന്‍സിപ്പലിന്റെ റൂമിലേക്കാനയിച്ചു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഓരോരുത്തരും എത്തി. അവസാനം എത്തിയത് ഡോ. എം.കെ. മുനീറാണ്. 

പത്തുമണിയോടെത്തന്നെ വേദി ഉണര്‍ന്നു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഒന്നൊന്നായി നടന്നു. അബ്ബാസ് സാറും ഹമീദും ആഷിഖും സ്റ്റേജിലെ കാര്യങ്ങള്‍ ചിട്ടയോടെ നിയന്ത്രിച്ചു. അതിഥികളെ സ്വീകരിക്കാന്‍ ഞാനും കരീമും റഷീദും ഹഖും പോര്‍ട്ടിക്കോയില്‍ നിലയുറപ്പിച്ചു. സഹായത്തിന് വഹാബ് സാറും കൂടെത്തന്നെ നിന്നു. പന്തലും സ്റ്റേജും സൗണ്ട്സും പ്രതീക്ഷിച്ചതിലധികം നന്നായിരുന്നു. സദസ്സ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാല്‍ നിറഞ്ഞ് കവിഞ്ഞു. അതിഥികള്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍നിന്ന് ചായ സല്‍ക്കാരം കഴിഞ്ഞ് സ്റ്റേജിലേക്ക് പുറപ്പെട്ടു. പ്രൊഫസര്‍ അഹമ്മദ് കുട്ടി സാഹിബ് മുന്നില്‍ നടന്നു. തൊട്ടുപിന്നില്‍ പ്രൊഫസര്‍ ജലീല്‍ സാഹിബ്. ഡോ. മുനീറും നവാസ് പൂനൂരും ഖമറുന്നിസ അന്‍വറും അബ്ദുല്ലക്കുട്ടി മാസ്റ്ററും തൊട്ടു പിന്നില്‍. അവരുടെ കൂടെ ഞാനും അടിവെച്ചു നീങ്ങി. ഓഫീസില്‍നിന്ന് ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ തന്നെ സ്റ്റേജിലെ കലാപരിപാടികള്‍ തല്‍ക്കാലം നിര്‍ത്തിയിരുന്നു. ഉദ്ഘാടനത്തിനായി വേദി സജ്ജമായി. ദാമോദരന്‍ സാര്‍ വടിവൊത്ത ഇംഗ്ലീഷിലും മലയാളത്തിലും ആകര്‍ഷണീയമായി അനൗണ്‍സ് ചെയ്തുകൊണ്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍വെട്ടത്ത് ഞങ്ങള്‍ എത്തിയപ്പോള്‍ എല്ലാ കണ്ണുകളും അതിഥികളിലേക്ക് തിരിഞ്ഞു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെപ്പോലെ അക്ഷോഭ്യനായി പ്രിന്‍സിപ്പല്‍ അഹമ്മദ് കുട്ടി സാഹിബ് അതിഥികളെ നയിച്ച് വേദിയിലേക്ക് കയറുമ്പോള്‍ സദസ്സ് ആര്‍ത്തുവിളിച്ചും കയ്യടിച്ചും വിശിഷ്ടാതിഥികളെ വരവേറ്റു. ചടങ്ങുകള്‍ തുടങ്ങി. സദസ്സ് പ്രകടിപ്പിച്ച അച്ചടക്കവും കുലീനതയും അസൂയാവഹമായിരുന്നു. ആറ്റുനോറ്റ് തയ്യാറാക്കിയ അദ്ധ്യക്ഷ പ്രസംഗം ഘനഗംഭീരമായി കാച്ചി. കുട്ടികള്‍ ആവേശത്തോടെയാണ്  ചെയര്‍മാന്റെ അദ്ധ്യക്ഷ ഭാഷണത്തെ എതിരേറ്റത്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ പശ്ചാത്തലം രൂപപ്പെടേണ്ടതിന്റെ അനിവാര്യതയിലൂന്നിയാണ് പ്രൊഫസര്‍ കെ.എ. ജലീല്‍ സംസാരിച്ചത്. അര്‍ത്ഥഗര്‍ഭവും പ്രൗഢവുമായ പ്രഭാഷണം. ആശംസാ പ്രസംഗകരും അവരുടെ പ്രസംഗങ്ങള്‍ കൊഴുപ്പിച്ചു. 

ആര്‍ട്ടിസ്റ്റ് നമ്പൂതിരി
ആര്‍ട്ടിസ്റ്റ് നമ്പൂതിരി

ഉച്ചയ്ക്ക് ശേഷം ഫൈന്‍ ആര്‍ട്സ് ഡേ ഉദ്ഘാടനം ചെയ്തത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ്. സ്റ്റേജില്‍ പ്രത്യേകം സജ്ജീകരിച്ച ക്യാന്‍വാസില്‍ വരച്ചാണ് വേറിട്ട ഫൈന്‍ ആര്‍ട്സ് ഡേയുടെ തുടക്കം  പ്രഖ്യാപിച്ചത്. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സംസാരമാണ് അദ്ദേഹം നടത്തിയത്. 

നമ്പൂതിരിയുടെ ശാന്തമായി ഒഴുകിയ നദി പോലെയുള്ള പ്രസംഗ ശേഷം കുട്ടികളുടെ കലാവിരുന്നില്‍ സൗദാബാദ് പ്രകമ്പനം കൊണ്ടു. ഒന്നാം ദിനം എല്ലാ അര്‍ത്ഥത്തിലും വന്‍ വിജയമായി. ഞങ്ങളെല്ലാം ആഹ്ലാദത്തേരിലേറിയാണ് മടങ്ങിയത്. തൊട്ടടുത്ത ദിവസം നടക്കേണ്ട സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കേണ്ടവരെ ക്ഷണിക്കാന്‍ പോകാന്‍ ഓരോരുത്തര്‍ക്ക് ചുമതല വീതിച്ചു നല്‍കി. വൈകിയാണ് കോളേജില്‍നിന്ന് പിരിഞ്ഞത്.

എഴുത്തിലും പറച്ചിലിലും എം.ടിയുടെ ഉഗ്രപ്രതാപത്തിന്റെ സമീപത്ത് നിര്‍ത്താന്‍ യോഗ്യനാണ് എണ്ണപ്പാടത്തിന്റെ ഉടമ എന്‍.പി. മുഹമ്മദ്. അദ്ദേഹത്തെ ക്ഷണിക്കാനും അന്നേദിവസം കൂട്ടാനും പോയതിന്റെ ഓര്‍മ്മകള്‍ക്ക് ഇന്നും പതിനേഴാണ്. ചരിത്രവും സാഹിത്യവും എന്‍.പിക്ക് ഒരുപോലെ വഴങ്ങും. ദേശീയ മുസ്ലിങ്ങളുടെ ഗണത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. തിരൂരങ്ങാടിയും ആലിമുസ്ല്യാരും വാരിയംകുന്നനും മമ്പുറം തങ്ങളുമെല്ലാം ഞങ്ങളുടെ സംസാരത്തില്‍ കടന്നുവന്നു. വിദ്യാര്‍ത്ഥിയായ എന്നോട് അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. കഴിയുംവിധം ഞാന്‍ പ്രതികരിച്ചു. എന്റെ നിരീക്ഷണങ്ങളോട് യോജിച്ചും വിയോജിച്ചും സംഭാഷണം മുന്നോട്ടുനീങ്ങി. എന്‍.പിയുടെ കഥകളും നോവലുകളും ഓരോ കാലത്തിന്റേയും അടയാളപ്പെടുത്തല്‍ കൂടിയാണ്. ജീവിതത്തെ കണ്ണാടിയാക്കി കഥ പറഞ്ഞവരാണ് ബഷീറും എം.ടിയും എന്‍.പിയുമെല്ലാം. ഒറ്റക്കാര്യത്തിലേ എനിക്ക് അദ്ദേഹത്തോട് വിയോജിപ്പ് തോന്നിയുള്ളൂ. കോളേജ് യൂണിയന്‍ ഉദ്ഘാടന ദിവസം ഞാനും സിറാജും കൂടിയാണ് എന്‍.പി. മുഹമ്മദിനേയും കെ.എ. കൊടുങ്ങല്ലൂരിനേയും കൂട്ടാന്‍ ചെന്നത്. ഒരു കാറില്‍ ഇരുവരേയും കൊണ്ടുവരാമെന്നും വിചാരിച്ചു. രണ്ട് കാറ് വിളിച്ചാല്‍ രണ്ടിനും വാടക കൊടുക്കേണ്ടിവരുമല്ലോ? എന്‍.പിയെ വീട്ടില്‍ നിന്നെടുത്ത് വഴിമദ്ധ്യേയുള്ള കെ.എ. കൊടുങ്ങല്ലൂരിന്റെ താമസസ്ഥലത്തുനിന്ന് അദ്ദേഹത്തേയും കയറ്റിപ്പോരാനാണ് ലക്ഷ്യമിട്ടത്. ഇക്കാര്യം എന്‍.പിയോട് മടിച്ചുമടിച്ചാണ് ഞാന്‍ പറഞ്ഞത്. കേട്ടമാത്രയില്‍ തന്നെ അദ്ദേഹം അതിലുള്ള നീരസം മറയില്ലാതെ വെളിപ്പെടുത്തി. ഉപയോഗിച്ച വാക്കുകള്‍ എനിക്കോര്‍മ്മയുണ്ടെങ്കിലും ഇരുവരോടുമുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് ഇവിടെ പറയുന്നില്ല. കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയ ഉടനെതന്നെ സിറാജിനെ മറ്റൊരു കാറ് വിളിച്ച് കെ.എ. കൊടുങ്ങല്ലൂരിനെ കൂട്ടാന്‍ പറഞ്ഞുവിട്ടു.

എൻപി മുഹമ്മ​ദ്
എൻപി മുഹമ്മ​ദ്

കാറില്‍ പിന്നിലെ സീറ്റിലാണ് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടപ്പോള്‍ അദ്ദേഹമിരുന്നത്. യാത്രയില്‍ അധികമൊന്നും എന്‍.പി. സംസാരിച്ചില്ല. ചുറ്റുവട്ടങ്ങളിലേക്ക് കണ്ണോടിച്ച് ഗഹനമായ ആലോചനയില്‍ മുഴുകി. രണ്ടു പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഓട്ടം ഒഴിവാക്കാന്‍ കാറ് കോഴിക്കോട്ട് നിന്നാണ് വിളിച്ചത്. ഞങ്ങളുടെ തൊട്ടു പിന്നില്‍ തന്നെ കെ.എ. കൊടുങ്ങല്ലൂരിനേയും കൊണ്ട് സിറാജും മറ്റൊരു കാറില്‍ തിരൂരങ്ങാടിയെ ലക്ഷ്യമാക്കി കുതിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന മൗലിക ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും സാഹിത്യകാരനുമാണ് കെ.എ. കൊടുങ്ങല്ലൂര്‍. 

ദേശീയ അവാര്‍ഡ് നേടിയ അച്ചന്‍കുഞ്ഞിന്റെ രൂപഭാവമാണ് കെ.എ. കൊടുങ്ങല്ലൂരിന്. സാഹിത്യത്തിലെ അച്ചന്‍കുഞ്ഞെന്ന് തമാശയായി ചിലരെങ്കിലും അദ്ദേഹത്തെ വിളിച്ചു. കഷ്ടപ്പാടുകളുടെ തോഴന്‍ എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടത്. 

കെഎ കൊടുങ്ങല്ലൂർ
കെഎ കൊടുങ്ങല്ലൂർ

ഇടതുപക്ഷധാരയെ പ്രതിനിധീകരിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറും കവിയും എഴുത്തുകാരനും മികച്ച പ്രഭാഷകനുമായ ചേമ്പില്‍ വിവേകാനന്ദനെയാണ് പങ്കെടുപ്പിച്ചത്. അദ്ദേഹവുമായി എനിക്ക് നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ പോകുമ്പോഴൊക്കെ എവിടെയെങ്കിലും വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടും. ഞാന്‍ എം.എസ്.എഫുകാരനാണെന്ന പേരില്‍ ഒരിക്കല്‍ പോലും ചേമ്പില്‍ വിവേകാനന്ദന്‍ മുഖം തരാതെ നടന്നത് മനസ്സിലില്ല. സൗമ്യമായ പെരുമാറ്റം കൊണ്ടും വശ്യമായ പ്രസംഗചാതുരി കൊണ്ടും അദ്ദേഹം എന്റെ ഓര്‍മ്മയുടെ നോട്ടുബുക്കില്‍ ഇടം നേടി. യൂണിവേഴ്സിറ്റിയില്‍നിന്ന് വിരമിച്ച ശേഷം ബാര്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നേടി അദ്ദേഹം കോഴിക്കോട്ട് പ്രാക്ടീസ് ചെയ്യുന്നുവെന്നാണ് അറിഞ്ഞത്. കൃത്യസമയത്തു തന്നെ അദ്ദേഹം എത്തിയത് ആശ്വാസമായി. 

ചേമ്പിൽ വിവേകാനന്ദൻ
ചേമ്പിൽ വിവേകാനന്ദൻ

എം.സി. വടകര പരപ്പനങ്ങാടി വരെ ട്രെയിനില്‍ വന്നു. അവിടന്ന് ബസിലും. ലീഗ് രാഷ്ട്രീയത്തിന്റെ മര്‍മ്മവും ധര്‍മ്മവും ചരിത്രവും നല്ല വശമുള്ളയാളാണ് എം.സി. വടകര. 'ലീഗ് വിശ്വവിജ്ഞാന കോശം' എന്നാണ് അണികള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടത്. എം.സി.  ലീഗ് രാഷ്ട്രീയത്തെ തന്റെ ചിന്തകള്‍കൊണ്ടും പേനകൊണ്ടും പൊലിപ്പിച്ച് നിര്‍ത്തി. ലീഗിലെ വായനാശീലമുള്ളവര്‍ ലീഗിന്റെ ആസ്ഥാന ചരിത്രകാരന്‍ എന്നാണ് അദ്ദേഹത്തെ ആദരവോടെ വിളിച്ചത്. ഞങ്ങള്‍ എത്തുന്നതിന് മുന്‍പേ അദ്ദേഹം പ്രിന്‍സിപ്പലിന്റെ റൂമില്‍ ഉപവിഷ്ഠനായിരുന്നു. എന്‍.പി. മുഹമ്മദിനേയും കൊണ്ടുള്ള കാര്‍ ക്യാമ്പസില്‍ കടന്നപ്പോള്‍ സ്റ്റേജില്‍ കലാപരിപാടികള്‍ പൊടിപൊടിക്കുകയാണ്. സൂചി കുത്താന്‍ ഇടമില്ലാത്ത വിധം നിറഞ്ഞ സദസ്സ്. കണ്ടപ്പോള്‍ തന്നെ മനസ്സ് കുളിര്‍ത്തു. എന്‍.പിയേയും കൊണ്ട് മുകളിലത്തെ പ്രിന്‍സിപ്പലിന്റെ റൂമിലെത്തി. എം.സി. വടകരയും ചേമ്പില്‍ വിവേകാനന്ദനും നേരത്തെ എത്തിയിരുന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്ക് കെ.എ. കൊടുങ്ങല്ലൂരും വന്നണഞ്ഞു. ക്ഷണിച്ചവരെല്ലാവരും വന്നതില്‍ പ്രിന്‍സിപ്പല്‍ അഹമ്മദ്കുട്ടി സാഹിബ് സന്തോഷം പ്രകടിപ്പിച്ചു. ചായ കഴിച്ച് നേരെ വേദിയിലേക്ക്. തലേദിവസത്തെ തനിയാവര്‍ത്തനം. 

എംസി വടകര
എംസി വടകര

അദ്ധ്യക്ഷന്‍ ഞാനായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലെ ഒരു വരിപോലും ആവര്‍ത്തിക്കാതെ ശ്രദ്ധിച്ചു. സാംസ്‌കാരിക സമ്മേളനം ഗംഭീരമായി. മലയാള സാഹിത്യത്തിലെ രണ്ട് പ്രാമാണികര്‍ വേദിയെ ആശയഗാംഭീര്യംകൊണ്ടും വാക്കുകളുടെ പേമാരികൊണ്ടും സമ്പന്നമാക്കി. ഓരോ പ്രഭാഷണവും ഒന്നിനൊന്ന് മെച്ചം. മൂന്നു മണിക്കൂര്‍ പോയതറിഞ്ഞില്ല. നന്ദിപ്രകടനം കഴിയുന്നതുവരെ ഒരു കുട്ടിപോലും സദസ്സില്‍ നിന്നെഴുന്നേറ്റ് പോയില്ല. ഒരപശബ്ദം എവിടന്നും ഉയര്‍ന്നു കേട്ടില്ല. അതിഥികളെല്ലാം മറയില്ലാതെ സംതൃപ്തി രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ഗാനമേളയും തിമിര്‍ത്തു. ആഹ്ലാദം അലതല്ലിയ മനസ്സോടെ അതിഥികളെയെല്ലാം യാത്രയാക്കി. യൂണിയന്‍ ഭാരവാഹികള്‍ വൈകുന്നേരം ഒത്തുകൂടിയപ്പോള്‍ എല്ലാവരുടേയും മുഖത്ത് സന്തോഷം കളിയാടി. യൂണിയന്‍ ഭാരവാഹികള്‍ക്കെല്ലാം ഓരോ ചടങ്ങില്‍ സ്വാഗതവും നന്ദിയും ആശംസയും നല്‍കി അവസരം കൊടുത്ത തന്ത്രം വിജയം കണ്ടു. ഒരു ടീമായി എല്ലാവരും നിന്നു. എല്ലാവരും തൃപ്തര്‍. പ്രിന്‍സിപ്പലാകട്ടെ, അതിലേറെ തൃപ്തന്‍.

ഇഴപിരിക്കാനാകാത്ത അടുപ്പങ്ങള്‍

അടുത്ത ഒരാഴ്ച ക്യാമ്പസില്‍ യൂണിയന്‍ ഉദ്ഘാടനത്തിന്റേയും സാംസ്‌കാരിക സമ്മേളനത്തിന്റേയും ഗാനമേളയുടേയും പ്രകീര്‍ത്തനങ്ങളാണ് മുഴങ്ങിനിന്നത്. കാണുന്നവര്‍ക്കൊക്കെ പറയാനുണ്ടായിരുന്നത് പരിപാടിയുടെ ഗംഭീര്യത്തെക്കുറിച്ചു മാത്രം. അദ്ധ്യാപകരും പ്രോഗ്രാമിന്റെ മികവിനെപ്പറ്റി വാചാലരായി. ഒരതിഥിയേയും കൂകിവിളിക്കാതെ ക്യാമ്പസില്‍നിന്ന് യാത്രയയക്കാനായതില്‍ പെരുത്ത് സന്തോഷം തോന്നി. അടിപിടിയും ചേരിതിരിഞ്ഞ മുദ്രാവാക്യം വിളിയും ഒന്നുമുണ്ടാകാതെ ചടങ്ങുകള്‍ അവസാനിച്ചതില്‍ ദൈവത്തോട് നന്ദി പറഞ്ഞു. ആളും ആരവവും ഒഴിഞ്ഞ പൂരപ്പറമ്പു പോലെയായി മനസ്സും ക്യാമ്പസ്സും. ക്ലാസ്സ് കട്ട് ചെയ്യുന്ന പതിവിനു വിരാമമായി. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങി. 55 ശതമാനം മാര്‍ക്ക് എ.എക്ക് കിട്ടിയില്ലെങ്കില്‍ യു.ജി.സി നെറ്റ് പരീക്ഷ എഴുതാനാവില്ല. കോളേജ് യൂണിയന്‍ ഉദ്ഘാടനം കഴിഞ്ഞപ്പോഴേക്ക് സൗദാബാദുമായുള്ള ആത്മബന്ധം മുറിച്ചു മാറ്റാനാകാത്തവിധം സുദൃഢമായി. എങ്ങനെയെങ്കിലും പി.എസ്.എം.ഒയില്‍ അദ്ധ്യാപകനായി വരണം എന്ന് മനസ്സ് മന്ത്രിച്ചു. അക്കാദമിക് വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന ബോദ്ധ്യം മത്സരബുദ്ധിയോടെ പഠിക്കാന്‍ പ്രേരണയായി. ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കതീതമായ ഗുരുശിഷ്യ ബന്ധം എനിക്കും മറ്റു അദ്ധ്യാപകര്‍ക്കുമിടയില്‍ വളര്‍ന്നു. മാത്തമാറ്റിക്സിലെ പ്രൊഫ. കുഞ്ഞയമു സാര്‍, പ്രൊഫ. സുലൈഖ ടീച്ചര്‍, ഹാറൂണ്‍ സാര്‍, ദാവൂദ് സാര്‍, രാജേന്ദ്രന്‍ സാര്‍, കെമിസ്ട്രിയിലെ പ്രൊഫസര്‍ ഇ.എം. സാര്‍, സി.പി സാര്‍, മുഹമ്മദ്കുട്ടി സാര്‍, ഡോ. സുബൈര്‍, ഡോ. അനീഷ്, ഫിസിക്സിലെ പ്രൊഫ. എ.കെ. സാര്‍, സുരേഷ് സാര്‍, സുവോളജിയിലെ ബഷീര്‍ സാര്‍, ബോട്ടണിയിലെ ഹംസ സാര്‍, കൊമേഴ്സിലെ പ്രൊഫസര്‍ ഖാദര്‍ സാര്‍, മമ്മദ് സാര്‍, സ്റ്റാറ്റിസ്റ്റിക്സിലെ അഹമ്മദ് കുട്ടി സാര്‍, സിദ്ദീഖ് സാര്‍, ഇംഗ്ലീഷിലെ എ. മുഹമ്മദ് സാര്‍ അങ്ങനെ ഏതാണ്ടെല്ലാവരുമായും ഏറെ അടുത്തു. ഓഫീസിലെ പ്യൂണ്‍ മുതല്‍ സൂപ്രണ്ട് വരെയുള്ളവര്‍ എനിക്ക് സുപരിചിതരായി. വിദ്യാര്‍ത്ഥി രാഷ്ട്രീയംകൊണ്ട് ക്യാമ്പസില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്പത്ത് ഇഴപിരിക്കാനാകാത്ത അടുപ്പങ്ങളാണ്.

ദാമോദരൻ എൻ
ദാമോദരൻ എൻ

കോളേജിനു പുറത്തും പല പ്രമുഖരുമായും ബൗദ്ധിക സംവാദങ്ങളില്‍ ഏര്‍പ്പെട്ടു. ആ ഗണത്തില്‍ പ്രമുഖന്‍ മനുഷ്യന്‍ ദാമോദരന്‍ എന്നറിയപ്പെടുന്ന എന്‍. ദാമോദരനാണ്. കമ്യൂണിസവും സോഷ്യലിസവും ജനാധിപത്യവും ഫാസിസവും ടൊട്ടാലിറ്റേറിയനിസവും എന്താണെന്ന് സംക്ഷിപ്തമായി മനസ്സിലാക്കിയത് എന്‍. ദാമോദരനില്‍നിന്നാണ്. സംശയനിവാരണത്തിനുള്ള അത്താണിയായിരുന്നു ഞങ്ങള്‍ക്ക് അദ്ദേഹം. വളാഞ്ചേരിയിലെ ചങ്ങമ്പള്ളി ആര്യവൈദ്യശാല, ആശയവിനിമയ കേന്ദ്രമായി വര്‍ത്തിച്ചു. വൈദ്യശാലയില്‍ എത്തുന്ന അദ്ദേഹത്തെ നല്ല ഇരിപ്പിടം നല്‍കി സ്ഥാപന ഉടമസ്ഥരില്‍ ഒരാള്‍ കൂടിയായ ജബ്ബാര്‍ ഗുരുക്കള്‍ ബഹുമാനിച്ചു. ചങ്ങമ്പള്ളിയിലെ മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ എന്റെ ദാര്‍ശനിക വൃത്തത്തെ വിപുലപ്പെടുത്തി. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പരിണാമ വഴിയില്‍ ഇസ്ലാം ചെലുത്തിയ സ്വാധീനം സമഗ്രമായി അറിഞ്ഞത് അദ്ദേഹത്തിന്റെ നാവിന്‍തുമ്പിലൂടെയാണ്. കലയും സാഹിത്യവും നാസ്തികതയും പരിസ്ഥിതിയുമെല്ലാം സംസാരത്തില്‍ അതിഥികളായെത്തി. ചില ചോദ്യങ്ങളോട് ഭാഗികമായേ അദ്ദേഹം പ്രതികരിച്ചുള്ളൂ. പരിശോധിച്ച് വിശദമായി നാളെ പറയാമെന്ന് പറഞ്ഞ് നിര്‍ത്തും. എപ്പോഴും മനുഷ്യന്‍ ദാമോദരന്‍ ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തി. അദ്ദേഹത്തിന്റെ മകന്‍ മാനവേന്ദ്രനാഥ് നല്ല എഴുത്തുകാരനും തികഞ്ഞ ജനാധിപത്യവാദിയുമാണ്. വളാഞ്ചേരിയില്‍ എന്‍. ദാമോദരനോളം മഹാനായ ഒരാള്‍ വേറെ ജനിക്കുകയും ജീവിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് സംശയം.

ഖിലാഫത്ത് പ്രസ്ഥാനം മഹാത്മജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വര്‍ഷത്തില്‍, 1919-ലാണ് അദ്ദേഹം ജനിച്ചത്. മലബാര്‍ കലാപവും അനന്തര കാലഘട്ടവും ദാമോദരന്റെ ചിന്താപരിസരത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചത് യാഥാര്‍ത്ഥ്യം. 1933-ല്‍ തന്റെ പതിന്നാലാമത്തെ വയസ്സില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ അദ്ദേഹം കോഴിക്കോട്ടേക്ക് പോയി. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം ഉപേക്ഷിച്ചുള്ള പുറപ്പാട്. ഒരു പുതിയ ധൈഷണിക പാത ആ യാത്രയിലൂടെ ദാമോദരന്‍ വെട്ടിത്തുറന്നു. തന്റെ രാഷ്ട്രീയ സാംസ്‌കാരിക തലത്തെ പുതിയ വഴി ജാജ്ജ്വല്ല്യമാക്കി.

പ്രായമാകാത്തതിന്റെ പേരില്‍ ദേശീയ സമരപരിപാടികളില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട അദ്ദേഹം തുടര്‍ പഠനം വേണ്ടെന്നുവെച്ചു. ഗാന്ധിജി, ഡോ. രാജേന്ദ്രപ്രസാദ്, രാജഗോപാലാചാരി തുടങ്ങിയവരുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായ എന്‍. ദാമോദരന്‍ 1936-ല്‍ സ്വന്തം നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ച് അതിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി. 1939-ല്‍ ജോലി തേടി മദ്രാസിലെത്തിയ ദാമോദരന്‍ കണ്ണിമാറ  ലൈബ്രറിയില്‍വെച്ച് എം. ഗോവിന്ദനെ കണ്ടുമുട്ടി. എം. ഗോവിന്ദനുമായുണ്ടായ തര്‍ക്കങ്ങളും സംഭാഷണങ്ങളുമാണ്  കോണ്‍ഗ്രസ്സായിരുന്ന ദാമോദരന്റെ ചിന്താസരണിയുടെ ഗതി മാറ്റിയത്. അങ്ങനെ ഗാന്ധിമാര്‍ഗ്ഗത്തില്‍നിന്നും അദ്ദേഹം കുതറി സഞ്ചരിച്ചു. എം.എന്‍.  റോയിയുടെ റാഡിക്കല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലും നവമാനവിക ആശയങ്ങളിലും അദ്ദേഹം എത്തിപ്പെട്ടതിന്റെ നാള്‍വഴികള്‍ ഉദ്വേഗമുണര്‍ത്തുന്നതാണ്. 

ആഴവും പരപ്പുമുള്ള  വായനയിലൂടെ ദാമോദരന്‍ ഗാന്ധിസവും മാര്‍ക്സിസവും ലെനിനിസവും ഉള്‍ക്കാമ്പറിഞ്ഞ് പഠിച്ചു. മരണംവരെ ഒരു മതത്തോടും പ്രത്യേക ആഭിമുഖ്യമില്ലാതെ കറകളഞ്ഞ മതേതരവാദിയായി. സ്വാതന്ത്ര്യാനന്തര കാലശേഷം കക്ഷി രാഷ്ട്രീയം ജനനന്മയ്ക്കു ഉപയുക്തമാവില്ലെന്ന് കണ്ട കുറേ ചെറുപ്പക്കാര്‍ സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത് സത്യം. അങ്ങനെയാണ് പൊന്നാനി കേന്ദ്ര കലാസമിതിയുടെ സമാരംഭം. എന്‍. ദാമോദരന്‍ അതിന്റെ പ്രഥമ സെക്രട്ടറിയായി. വി.ടി., ഇടശ്ശേരി, അക്കിത്തം, എം. ഗോവിന്ദന്‍, ഉറൂബ്, കടവനാട് തുടങ്ങിയവര്‍ അതിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. കലാസമിതിയുടെ ഭാഗമായി രൂപംകൊണ്ട വെസ്റ്റ് കോസ്റ്റ് പബ്ലിക്കേഷന്റെ പത്രാധിപര്‍ ദാമോദരനായിരുന്നു. 1957-ല്‍ എം.  ഗോവിന്ദന്‍, എ.എന്‍. നമ്പ്യാര്‍, ജി. കുമാരപിള്ള, അയ്യപ്പപ്പണിക്കര്‍ തുടങ്ങിയവരുടെ സാരഥ്യത്തില്‍ ആരംഭിച്ച 'ഗോപുരം' മാസികയുടെ പത്രാധിപ സ്ഥാനവും അദ്ദേഹത്തിന്റെ ചുമലില്‍ വന്നുചേര്‍ന്നു. കേരളത്തിലെ പ്രബുദ്ധരായ എഴുത്തുകാരുടെ കൂട്ടത്തില്‍ എന്‍. ദാമോദരന്റെ സ്ഥാനം മുന്‍പന്തിയിലാണ്. എം.എന്‍. റോയിയുടെ  ജീവചരിത്ര ഗ്രന്ഥമായ ''എം.എന്‍. റോയ്  സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി'' എന്ന രചനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വളാഞ്ചേരിയിലേക്ക് അതിനു മുന്‍പോ ശേഷമോ ഇത്ര മഹോന്നതമായ സാഹിത്യ പുരസ്‌കാരം ആരെയും തേടിയെത്തിയിട്ടില്ല. ഫാദര്‍ വടക്കന്‍ അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്, എ.എ. മലയാളി അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന്റെ വിവിധ ഗ്രന്ഥങ്ങളെ അന്വേഷിച്ചെത്തി. 

സങ്കടം ഉണര്‍ത്തുന്ന ജീവിതങ്ങള്‍

മറ്റുള്ളവരുടെ മേല്‍ അധികാരം ചുമത്താതെ മനുഷ്യന് ജീവിക്കാന്‍ സാധിക്കണമെന്ന റോയിസ്റ്റ് ഹ്യൂമനിസത്തിന്റെ അടിസ്ഥാന പ്രമേയത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും അതനുസരിച്ച് സാത്വിക ജീവിതം നയിക്കുകയും ചെയ്തു എന്‍. ദാമോദരന്‍. തന്റെ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാതെയാണ് കാലത്തോടൊപ്പമുള്ള യാത്ര മതിയാക്കി അദ്ദേഹം പ്രപഞ്ചത്തോടലിഞ്ഞു ചേര്‍ന്നത്.

ഞങ്ങളുടെ കുടുംബത്തില്‍ നന്നായി വായിച്ചിരുന്ന ആളാണ് സൈത് മൂതാപ്പാന്റെ മകന്‍ മുഹമ്മദല്യാക്ക. അദ്ദേഹം വളാഞ്ചേരി കുറ്റിപ്പുറം റോഡില്‍ വിദ്യാര്‍ത്ഥിമിത്രം ബുക്സ്റ്റാള്‍ നടത്തിയിരുന്നു. നാനാജാതി മതസ്ഥരുടെ വളാഞ്ചേരിയിലെ ഒരു സംഗമ സ്ഥലമായിരുന്നു ആ ബുക്സ്റ്റാള്‍. കുട്ടികള്‍ക്ക് എളുപ്പത്തില്‍ പാഠഭാഗങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുംവിധം തയ്യാറാക്കിയ വിദ്യാര്‍ത്ഥിമിത്രം ഗൈഡുകളും മറ്റു പുസ്തകങ്ങളും അവിടെ ലഭിക്കും. പലരും വന്ന് പണം കൊടുക്കാതെ വായിക്കുന്ന കേന്ദ്രമാണത്. ബുക്സ്റ്റാളില്‍ വന്നിരുന്ന് വായിക്കുന്ന ആരെയും മുഹമ്മദല്യാക്ക ചീത്ത പറയുന്നത് കേട്ടിട്ടില്ല. ശശിയേട്ടനെ (വി.ആര്‍. ശശിധരന്‍) ഞാന്‍ കണ്ടതും പരിചയപ്പെട്ടതും അവിടെ വെച്ചാണ്. ഗ്രാമീണ ബാങ്കിലായിരുന്നു അദ്ദേഹത്തിനു ജോലി.  അരിസ്റ്റോട്ടിലും പ്ലേറ്റോയും മോണ്ടസ്‌ക്യുവും സോക്രട്ടീസും ഷേക്സ്പിയറുമെല്ലാം അദ്ദേഹത്തിന് വെള്ളം പോലെ അറിയാം. സങ്കീര്‍ണ്ണ ഭാഷയാണ് ശശിയേട്ടന്‍ സാധാരണ ഉപയോഗിക്കാറ്. പറയുന്നത് മനസ്സിലാകണമെങ്കില്‍ പലയാവര്‍ത്തി ആലോചിക്കണം. അദ്ദേഹം വായിക്കാത്ത  പുസ്തകങ്ങള്‍ കുറവാകും. അമിതമായ വായനയും ചിന്തയും അദ്ദേഹത്തിന്റെ ബുദ്ധിയുടെ താളം തെറ്റിച്ചു. ഗ്രാമീണ ബാങ്കില്‍നിന്ന് ആദ്യം ലീവെടുത്തു. പിന്നെ ജോലി തന്നെ ഉപേക്ഷിച്ചു. വളാഞ്ചേരി ടൗണില്‍ ആകാശത്തിലൂടെ പറക്കുന്ന പറവകളേയും രാത്രികാലങ്ങളില്‍ കത്തിത്തിളങ്ങുന്ന നക്ഷത്രങ്ങളേയും എണ്ണി അലസമായി ഓടിയും നടന്നും കാലം തള്ളിനീക്കുകയാണ് ആ പ്രതിഭ. പഠിക്കുമ്പോള്‍ മിടുക്കരായിരുന്നു ശശിധരനും ജ്യേഷ്ഠന്‍ സുധാകരനും. ഇംഗ്ലീഷ്, മലയാളം പ്രസംഗമത്സരങ്ങളില്‍ വളാഞ്ചേരി ഹൈസ്‌കൂളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഇവര്‍ക്കാണത്രെ ലഭിക്കുക. ഇംഗ്ലീഷ് സാഹിത്യത്തില്‍ അപാരമായ ജ്ഞാനമായിരുന്നു സുധാകരന്. അടിയന്തരാവസ്ഥക്കാലത്ത് ഇരുവരും വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പതാകവാഹകരായി പ്രവര്‍ത്തിച്ചു. ജെ.പിയുടെ മൂവ്മെന്റില്‍ ഭാഗഭാക്കായി. രണ്ടാളുമായും എനിക്ക് നല്ല അടുപ്പമായിരുന്നു. അറിയാത്ത പല കാര്യങ്ങളും വിദ്യാര്‍ത്ഥിയായിരിക്കെ അവരോടാണ് ചോദിച്ച് മനസ്സിലാക്കിയത്. ട്രഷറിയില്‍ ജോലി കിട്ടിയ സുധാകരന്‍ പിന്നീട് ഗവ. സ്‌കൂളിലെ കണക്ക് ടീച്ചറായി. ഹൈസ്‌കൂള്‍ പ്രധാന അദ്ധ്യാപകനായാണ് സര്‍വ്വീസില്‍നിന്ന് വിരമിച്ചത്. കാന്‍സര്‍ ബാധിച്ച് മരിച്ചു. വൈക്കത്തൂര്‍ എ.യു.പി സ്‌കൂളിലെ അദ്ധ്യാപകന്‍ രാവുണ്ണി മാഷ്ടെയും അതേ സ്‌കൂളിലെ അദ്ധ്യാപിക മാധവി ടീച്ചറുടേയും മക്കളാണ് ശശിധരനും സുധാകരനും. ഇരുവരും മിടുമിടുക്കര്‍. ഇംഗ്ലീഷും കണക്കുമായിരുന്നു ഇഷ്ടവിഷയങ്ങള്‍. സുധാകരന്‍ നാട്ടിലെ ദരിദ്രപശ്ചാത്തലത്തില്‍ ജീവിക്കുന്ന സുന്ദരിയായ ഒരു മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ച സംഭവം പ്രസിദ്ധമാണ്. തന്റെ കാമുകിയെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തിയ പ്രസ്താവന നാട്ടില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. ആ പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിക്കും എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം പറഞ്ഞു: ''ആ ചെളിക്കുണ്ടില്‍നിന്ന് ആ താമരപ്പൂ ഞാന്‍ പറിച്ചെടുക്കും.'' ആ പൂ പക്ഷേ, മാറ്റാരോ പറിച്ചുകൊണ്ടുപോയി. എന്നാലും സുധാകരന്റെ വാക്കുകള്‍ വളാഞ്ചേരിയുടെ പ്രണയഭൂമികയില്‍ ഇപ്പോഴും അശരീരിയായി മുഴങ്ങാറുണ്ടത്രെ.

ചെറുപ്പത്തില്‍ ഞാന്‍ പറഞ്ഞുകേട്ട ഉദാരമതികളില്‍ ഒരാളുടെ പേരാണ് വല്ല്യാവുട്ട്യാക്ക അഥവാ പാറമ്മല്‍ കുഞ്ഞിമുഹമ്മദ് മൗലവി. ഉപ്പയുടെ ജ്യേഷ്ഠന്മാരില്‍ ഒരാളായ ചെത്ത്മ്മലെ മൂതാപ്പാന്റെ വീടിനടുത്താണ് അദ്ദേഹം താമസിച്ചിരുന്നത്. മലപ്പുറത്തെ നാട്ടിന്‍പുറങ്ങളില്‍ റോഡിനു പറയുന്ന നാടന്‍ പേരാണ് ചെത്ത്. അതുകൊണ്ടാണ് ടി.കെ. ഹംസ പൊതുമരാമത്ത് മന്ത്രിയായപ്പോള്‍ രസികനായ സീതിഹാജി 'ചെത്ത് മന്ത്രി' എന്ന് വിളിച്ച് കളിയാക്കിയത്. റോഡിന്റെ സമീപത്ത് താമസിക്കുന്നതിനാലാണ് ചെത്ത്മ്മലെ മൂതാപ്പ എന്നും ചെത്ത്മ്മലെ മൂതമ്മ എന്നും അവര്‍ അറിയപ്പെട്ടത്. പ്രയാസവും ബുദ്ധിമുട്ടുംകൊണ്ട് ദുരിതപൂര്‍ണ്ണമായ ജീവിതമാണ് മൂതാപ്പയും കുടുംബവും നയിച്ചത്. പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ മരണം ആ കുടുംബത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞു. പ്രാരാബ്ധങ്ങള്‍ പിടിപ്പത് ഉണ്ടായിരുന്നതിനാല്‍ ഉപ്പാക്ക് വലുതായൊന്നും അവരെ സഹായിക്കാന്‍ കഴിഞ്ഞില്ല. എന്നാലും കഴിവിന്റെ പരമാവധി ചെയ്യാനാവുന്നതൊക്കെ ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് ആദ്യ ഭാര്യയുടെ മരണശേഷം വിവാഹം കഴിച്ച എളേമയുമായി ഉപ്പാക്ക് അകന്ന ബന്ധവും ഉണ്ട്. മൂതാപ്പയുടെ അകാല വേര്‍പാടോടെ രണ്ട് പെണ്‍മക്കളും കണ്ണുകാണാത്ത ഒരാണ്‍കുട്ടിയും അടങ്ങുന്ന കുടുംബം തീര്‍ത്തും അനാഥമായി. ആ കുടുംബത്തിന് വലിയ തണലായി നിന്നത് കുഞ്ഞുമുഹമ്മദ് മൗലവിയാണ്. ചെറുപ്പത്തില്‍ വിദേശത്ത് പഠിക്കാന്‍ പോയ മൗലവി അവിടെത്തന്നെ ജോലി നേടി. ഒരുപാട് വര്‍ഷം കുടുംബസമേതം വിദേശത്ത് ജീവിച്ചു. അവര്‍ നാട്ടില്‍ വരുമ്പോള്‍ വിദേശ തുണിത്തരങ്ങളും പണവുമെല്ലാം മൂത്തമ്മാക്കും മക്കള്‍ക്കും നല്‍കി. തന്റെ മക്കളെപ്പോലെ അയല്‍പക്കത്തെ അനാഥക്കുട്ടികളെ അദ്ദേഹം ശ്രദ്ധിച്ചു. അവര്‍ നാടുകാണാന്‍ ദീര്‍ഘയാത്ര പോകുമ്പോള്‍ ചെത്ത്മ്മലെ മൂത്തമ്മാന്റെ കുട്ടികളെയും കൂടെക്കൂട്ടി. വീട്ടില്‍ വന്ന് മൂത്തമ്മ അതെല്ലാം ഉമ്മാനോട് പങ്കുവെയ്ക്കുന്നത് ഞാന്‍ അവ്യക്തമായി കേട്ടിട്ടുണ്ട്. വളര്‍ന്നപ്പോള്‍ നേരിലും കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടു. പാവപ്പെട്ടവരെ സഹായിക്കുന്ന രണ്ടോ മൂന്നോ പേരേ ഞങ്ങളുടെ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നുള്ളൂ. ആദ്യകാലത്ത് കടല്‍ കടന്ന് ദുബായിയിലെത്തിയ പി.കെ. മയമദാക്കയാണ്. അദ്ദേഹം പലരേയും അക്കരെക്കടക്കാന്‍ സഹായിച്ചു. പി.കെ.  വാര്‍ധക്യത്തെത്തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഒരുപാട് കഷ്ടപ്പെട്ടതും പറഞ്ഞു കേട്ടിട്ടുണ്ട്. മകന് ദുബായിയില്‍വെച്ച് ഒരപകടം പറ്റി. കഷ്ടിച്ചാണ് മരണത്തില്‍നിന്നു  രക്ഷപ്പെട്ടത്. നാട്ടില്‍ കൊണ്ടുവന്ന് പി.കെ. മയമദാക്ക മകനെ ലക്ഷങ്ങള്‍ ചെലവാക്കി ചികിത്സിച്ചു. പണത്തിന്റെ ഊക്ക്‌കൊണ്ട് മകന്‍ മാനു ഏന്തിവലിഞ്ഞാണെങ്കിലും നടക്കാന്‍ പരുവത്തിലായി. പ്രതാപിയായിരുന്ന മയമദാക്ക പാപ്പരാവുകയും ചെയ്തു. വിധി വല്ലാത്ത ക്രൂരതയാണ് അദ്ദേഹത്തോട് കാണിച്ചതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

കുഞ്ഞിമുഹമ്മദ് മൗലവി
കുഞ്ഞിമുഹമ്മദ് മൗലവി

സഹജീവികളോട് അനുകമ്പയും സ്നേഹവുമുള്ളവരുടെ കൂട്ടത്തിലെ പ്രധാനിയാണ് പാറമ്മല്‍ കുഞ്ഞിമുഹമ്മദ് മൗലവി. അദ്ദേഹം മികച്ച പണ്ഡിതനും നല്ലൊരു മനുഷ്യനുമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സൗദിഅറേബ്യയിലെ മദീന യൂണിവേഴ്സിറ്റിയില്‍നിന്നാണ് മൗലവി ഉന്നത വിദ്യാഭ്യാസം നേടിയത്. സ്‌റ്റൈപ്പന്റോടെയായിരുന്നു പഠനം. 

പത്താം വയസ്സ് മുതല്‍ പത്രമാസികകളില്‍ എഴുതാറുണ്ടായിരുന്ന അദ്ദേഹം മദീന യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി ആയിരിക്കെത്തന്നെ മലയാളത്തിലെ മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കുറിപ്പുകളും എഴുതി. 

വൈക്കത്തൂര്‍ എ.യു.പി സ്‌കൂളില്‍ അറബി അദ്ധ്യാപകാനായി ജോലിചെയ്ത മൗലവി സൗദി മര്‍ക്കസു ദഅവയില്‍ മതവകുപ്പിനു കീഴില്‍ 26 വര്‍ഷം ജോലി ചെയ്തു. അദ്ധ്യാപകനായും റേഡിയോ പ്രഭാഷകനായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ജുമുഅ പ്രഭാഷണങ്ങളും സ്റ്റഡി ക്ലാസ്സുകളും സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്പെട്ടു. 

അടിയന്തരാവസ്ഥ കാലത്ത് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജയില്‍ വാസം അനുഷ്ഠിച്ച മൗലവി നല്ല അയല്‍പക്ക ബന്ധവും മതസൗഹൃദവും കാത്തുസൂക്ഷിച്ചു. തീര്‍ത്തും വേറിട്ട ഒരു ജമാഅത്തെ പ്രവര്‍ത്തകനെയാണ് എനിക്ക് അദ്ദേഹത്തില്‍ കാണാനായത്. ഓണം, വിഷു ആഘോഷവേളകളില്‍ സഹോദര സമുദായാംഗങ്ങള്‍ക്ക് സമ്മാനവും സാമ്പത്തിക സഹായവും നല്‍കുന്ന പതിവ് മരണം വരെ മൗലവി തുടര്‍ന്നു. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്വന്തം മക്കള്‍ക്ക് സ്‌കൂള്‍ യൂണിഫോം തുണി അയക്കുമ്പോള്‍ അയല്‍പക്കങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്കും യൂണിഫോം തുണികളും പഠനോപകരണങ്ങളും കുഞ്ഞിമുഹമ്മദ് മൗലവി പാര്‍സല്‍ അയച്ചു. സ്‌കൂളുകളില്‍നിന്ന് ടൂറുകള്‍ പോവുമ്പോള്‍ സ്വന്തം മക്കളോടൊപ്പം സമീപസ്ഥരായ നിര്‍ധന കുട്ടികളേയും പണം അടച്ച് അദ്ദേഹം യാത്രയില്‍ പങ്കാളികളാക്കി. അക്കാലത്ത് വിദ്യാര്‍ത്ഥികളിലെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്താനും മദ്രസ പഠനം ആകര്‍ഷകമാക്കാനും പര്യാപ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്ത മൗലവി ഉറുദു ഭാഷയിലും പ്രാവിണ്യം നേടി. സ്വന്തം ഇഷ്പ്രെകാരം വളാഞ്ചേരിക്കടുത്ത മൂച്ചിക്കലില്‍ ഉറുദു കോഴ്സ് അദ്ദേഹം ആരംഭിച്ചു. ഇതില്‍ ചേര്‍ന്ന പലരും പില്‍ക്കാലത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉറുദു അദ്ധ്യാപകാരായി ജോലിയില്‍ പ്രവേശിച്ചു. ജീവിതത്തിന്റെ വലിയൊരു ഭാഗം യു.എ.ഇയിലാണ് മൗലവി കഴിച്ചു കൂട്ടിയത്. യു.എ.ഇയിലെ ഉമ്മുല്‍ഖുവൈന്‍ റേഡിയോയുടെ മതകാര്യ തലവനായി പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് റേഡിയോ ഗള്‍ഫില്‍ പ്രക്ഷേപണം ആരംഭിച്ച കാലത്ത്  അദ്ദേഹം അവതരിപ്പിച്ച 'മൊഴിമുത്തുകള്‍' എന്ന പരിപാടി ഏറെ ജനപ്രീതി നേടി. ഒരു എഴുത്തുകാരന്‍ കൂടിയായ മൗലവി 'വിശുദ്ധിയുടെ വഴി' അടക്കം മൂന്ന് പുസ്തകങ്ങള്‍ രചിച്ചു. സല്‍ഗുണങ്ങള്‍ കൊണ്ടാവും സമൂഹത്തില്‍ സര്‍വ്വാംഗീകാരം നേടിയ വ്യക്തിയായി മൗലവി മാറി.

ഡോ. പി സഈദ് മരക്കാർ
ഡോ. പി സഈദ് മരക്കാർ

വളാഞ്ചേരിയുടെ മത സാംസ്‌കാരിക ചരിത്രത്തില്‍ മായാത്ത മുഖമാണ് ഡോ. പി. സഈദ് മരക്കാരിന്റേത്. ഉപ്പയുടെ സുഹൃത്ത് എന്ന നിലയിലാണ് അദ്ദേഹവുമായി ഞാന്‍ അടുത്തത്. രണ്ടാം ക്ലാസ്സിലെ എന്റെ സഹപാഠി അനീസിന്റെ പിതാവും കുഞ്ഞുമുഹമ്മദ് മൗലവിയുടെ അനുജ സഹോദരനുമാണ് സഈദ് മരക്കാര്‍. മതവിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം ആരിലും അസൂയ ജനിപ്പിക്കും. സഈദ് മരക്കാരുമായി കുറച്ചുസമയം സംസാരിച്ചാല്‍ മതകാര്യങ്ങളിലുള്ള സംശയങ്ങളെല്ലാം ദൂരീകരിക്കപ്പെടും.
 
അറിവ് തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര കേരളത്തില്‍നിന്നാണ് തുടങ്ങിയത്. സൗദ്യഅറേബ്യയിലെ മദീനാ സര്‍വ്വകലാശാലയും കടന്ന് അതവസാനിച്ചത് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍നിന്ന് എജുക്കേഷണല്‍ പിഎച്ച്.ഡി നേടിയതോടെയാണ്. കൊറിയയിലെ മിയാന്‍ജി യൂണിവേഴ്സിറ്റിയില്‍നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും സഈദ് മരക്കാര്‍ കരസ്ഥമാക്കി.

സൗദിഅറേബ്യയിലെ ദാറുല്‍ ഇഫ്തയുടെ പ്രതിനിധിയായി തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഏറെ പങ്കും അദ്ദേഹം ചെലവിട്ടത് വിദേശ രാഷ്ട്രങ്ങളിലാണ്. 35 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ അദ്ദേഹം എണ്ണമറ്റ പദവികള്‍ വഹിച്ചു. 

പശ്ചിമാഫ്രിക്കയിലെ സിയാറിലിയോണിലെ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍, സൈബീരിയയിലെ വെയ്ടൗണ്‍ അറബിക്കോളേജ് പ്രിന്‍സിപ്പല്‍, വെസ്റ്റാഫ്രിക്കന്‍ ഹജ്ജ് കമ്മിറ്റി അഡ്വൈസര്‍, ഘാനയിലെ മുസ്ലിം സ്റ്റുഡന്റ്സ് ആന്റ് യൂത്ത് ഓര്‍ഗനൈസര്‍, സൗത്ത് കൊറിയയിലെ സിയോളിലെ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍, കൊറിയയിലെ മിയോന്‍ജി യൂണിവേഴ്സിറ്റി അറബിക് പ്രൊഫസര്‍, കൊറിയന്‍ ഇസ്ലാമിക് ഹെറാള്‍ഡ് എഡിറ്റര്‍, ഹോങ്കോംഗ് ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍, ഹോങ്കോംഗ് മുസ്ലിം കമ്യൂണിറ്റി ന്യൂസ് എഡിറ്റര്‍, സൗത്ത് ചൈന മക്കാവേയിലെ വിദ്യാഭ്യാസകാര്യ ഉപദേശകന്‍ അങ്ങനെ ഒരു മലയാളിക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നതിനപ്പുറം സഈദ് മരക്കാര്‍ സ്വന്തമാക്കി. അമേരിക്കയും ആസ്ത്രേലിയയും യൂറോപ്പും അദ്ദേഹത്തിന്റെ സഞ്ചാരപഥങ്ങളില്‍ ഉള്‍പ്പെട്ടു. അനവധി അന്താരാഷ്ട്ര വേദികളില്‍ പ്രഭാഷകനായി സഈദ് മരക്കാര്‍ പങ്കെടുത്തു. ഇറാനിലും ലിബിയയിലും മലേഷ്യയിലും വിവിധ ഇസ്ലാമിക സമ്മേളനങ്ങളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചു. ഇന്ത്യാനയിലും സിഡ്നിയിലും സൗത്ത് ചൈനയിലെ മക്കാവോയിലും ലോക ഇസ്ലാമിക സമൂഹത്തെ ആസ്പദമാക്കിയ ചര്‍ച്ചകളില്‍ സജീവസാന്നിദ്ധ്യമായി.

ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലേയും ഇന്ത്യന്‍ പ്രവാസി സമൂഹങ്ങളില്‍ ഈ വളാഞ്ചേരിക്കാരന്റെ പാദമുദ്രകള്‍ കാണാനാകും. മുന്‍ മലേഷ്യന്‍ പ്രസിഡന്റ് മഹാതീര്‍ മുഹമ്മദ്, ലോകപ്രശസ്ത പണ്ഡിതന്മാരായ അഹ്മദ് ദീദാത്ത്, യൂസുഫുല്‍ ഖറദാവി, ശൈഖ് അലി തന്‍ത്വാവി, ശൈഖ് ഇബ്നുബാസ്, സുല്‍ത്താന്‍ മുഹമ്മദ് അല്‍ഖാസിം എന്നിവരുമായെല്ലാം സഈദ് മരയ്ക്കാറിനുണ്ടായിരുന്ന ബന്ധങ്ങള്‍ സുവിദിതമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയറിന് ഡോ. സഈദ് മരയ്ക്കാറാണ് സ്വന്തം അസ്തിത്വം ഉണ്ടാക്കിയത്. യൂണിവേഴ്സിറ്റിയിലെ ലാംഗ്വേജ് ബ്ലോക്കിലെ ഒരു മുറിയില്‍നിന്ന് സ്വന്തം ആസ്ഥാനത്തേക്ക് ഇസ്ലാമിക് ചെയര്‍ വളര്‍ന്നു പന്തലിച്ചത് സഈദ് മരക്കാറിന്റെ നേതൃത്വത്തിലാണ്. ഇസ്ലാമിക് ചെയര്‍, ചെയര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചായി മാറിയതും ഇതേ കാലയളവിലാണ്. കൃത്യമായ കര്‍മ്മപദ്ധതികള്‍ക്ക് അദ്ദേഹം രൂപം നല്‍കി. കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള ഇസ്ലാമിക് ചെയറിന്റെ പരിപാടികള്‍ തുടങ്ങിവെച്ചു. പ്രമുഖരെ പങ്കെടുപ്പിച്ചുള്ള വിഷയാധിഷ്ഠിത സെമിനാറുകള്‍ ആരംഭിച്ചു. ഡോ. കെ. ശിവരാജിന്റെ 'അംബേദ്കര്‍ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി', പ്രൊഫ. ടി. അബ്ദുല്ലയുടെ 'പലിശയും ദാനധര്‍മ്മവും', പ്രൊഫ. എന്‍.വി.പി. ഉണിത്തിരിയുടെ 'ഏകദൈവ വിശ്വാസം ഖുര്‍ആനിലും ഉപനിഷത്തുകളിലും' എന്നീ കൃതികള്‍ ഇസ്ലാമിക് ചെയര്‍ പ്രസിദ്ധീകരിച്ചത് ഡോ. സഈദ് മരക്കാറിന്റെ ഉത്സാഹത്തിലാണ്.

കേരളത്തിലെ മുസ്ലിം പൈതൃക സംരക്ഷണത്തിനായി പഴയകാല മാസികകളും പ്രസിദ്ധീകരണങ്ങളും ശേഖരിക്കുന്ന പരിപാടികള്‍ തുടങ്ങിവച്ചെങ്കിലും ആ ഉദ്യമം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് സഈദ് മരക്കാറിന്റെ ചെയര്‍മാന്‍ കാലാവധി അവസാനിച്ചു. അതോടെ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് നിലച്ചു. ഹിന്ദി, ഉര്‍ദു, അറബി, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തു. കൊറിയനും മലായയുമടക്കം പത്തോളം വിദേശ ഭാഷകളുടെ ഫങ്ഷണല്‍ ഉപയോഗവും വശമാക്കി. കൊറിയന്‍ ഭാഷയില്‍ സഈദ് മരക്കാര്‍ രചിച്ച 'മുസ്ലിം പ്രാര്‍ത്ഥനകള്‍' എന്ന കൃതി പ്രസിദ്ധമാണ്.

കേരള യൂണിവേഴ്സിറ്റിയില്‍ അറബി വിഭാഗത്തില്‍ വിസിറ്റിംഗ് പ്രൊഫസറായിരിക്കെയാണ് അദ്ദേഹം മരണമടയുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയര്‍ വിസിറ്റിംഗ് പ്രൊഫസര്‍, കേരള സെന്റര്‍ ഫോര്‍ ഖുര്‍ആനിക് റിസര്‍ച്ചിന്റെ ചെയര്‍മാന്‍, കേരള ഖുര്‍ആന്‍ ശാസ്ത്ര സെമിനാര്‍ ഡയറക്ടര്‍, പൂങ്കാവനം ഇസ്ലാമിക്-അറബി വിഭാഗം തലവന്‍, പൂങ്കാവനം ഇസ്ലാമിക് എന്‍സൈക്ലോപീഡിയ കോ എഡിറ്റര്‍, ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍, കേരള അറബിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍, വഖ്ഫ് പ്രോപ്പര്‍ട്ടീസ് പ്രൊട്ടക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളും സഈദ് മരക്കാര്‍ കയ്യാളി. അദ്ദേഹത്തിന്റെ ഭാര്യ നൂര്‍ജാത്തയുമായും മക്കളായ അനീസ്, ജലീസ്, ഫര്‍ഹാന, റൈഹാന എന്നിവരുമായും കുട്ടിക്കാലത്ത് നല്ല ബന്ധമാണ് എനിക്കുണ്ടായിരുന്നത്. ജലീസിന്റെ അകാലത്തിലെ വിയോഗം അദ്ദേഹത്തെ തളര്‍ത്തി. ചിലപ്പോള്‍ അദ്ദേഹം ചെറിയ കുട്ടികളെപ്പോലെ വാശിപിടിച്ചു. പെട്ടെന്ന് അടുക്കുകയും നിസ്സാര കാര്യങ്ങള്‍ക്ക് അകലുകയും ചെയ്യുന്ന പ്രകൃതമായിരുന്നു സഈദ് മരക്കാറിന്റേത്. ആളുകളെ സാമ്പത്തികമായി സഹായിക്കാന്‍ അദ്ദേഹം ഒട്ടും പിശുക്കു കാണിച്ചില്ല. അവസാന കാലത്ത് ചില മാനസികപ്രയാസങ്ങള്‍ നേരിടേണ്ടണ്ടിവന്നതൊഴിച്ചാല്‍ സഫലമായ ജീവിതം അടയാളപ്പെടുത്തിയാണ് ഡോ. പി. സഈദ് മരക്കാര്‍ കണ്ണടച്ചത്.

തുടരും

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com