സീതി സാഹിബ് എന്ന വന്മരം

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേന്ന് രാത്രി 12 മണിക്കായിരുന്നു കരിപ്പൂരിലേക്കുള്ള ഫ്‌ലൈറ്റ്. പുലര്‍ച്ചെ 4 മണിക്ക് വിമാനം കോഴിക്കോട്ട് നിലത്തിറങ്ങി
സീതി സാഹിബ് എന്ന വന്മരം

ബുദാബി എയര്‍പോര്‍ട്ടില്‍ എന്നെ യാത്രയാക്കാന്‍ കാസര്‍ഗോഡ് കെ.എം.സി.സി ഭാരവാഹികള്‍ സജീവമായി ഉണ്ടായിരുന്നു. രണ്ടാഴ്ചത്തെ പരിചയമേ ഉള്ളൂവെങ്കിലും മനസ്സ് കൊണ്ട് അവരുമായി വല്ലാതെ അടുത്തിരുന്നു. എ.പി. ഉമ്മറിനെ നിസ്വാര്‍ത്ഥനായ ഒരു കെ.എം.സി.സിക്കാരനായാണ് തോന്നിയത്. കാസര്‍കോഡ് ജില്ലാ മുസ്ലിംലീഗിന്റെ പ്രസിഡന്റ് എ.പി. അബ്ദുല്ല സാഹിബിന്റെ അനുജസഹോദരനാണ് ഉമ്മര്‍. സേട്ടു സാഹിബ് നാഷണല്‍ ലീഗുണ്ടാക്കിയപ്പോള്‍ അബ്ദുല്ല സാഹിബ് ലീഗില്‍നിന്ന് രാജിവെച്ച് ഐ.എന്‍.എല്ലില്‍ ചേര്‍ന്നു. അതിന്റെ സംസ്ഥാന ഭാരവാഹിയുമായി. എ.പി. ഉമ്മര്‍ ജ്യേഷ്ഠന്റെ നിലപാടിനോട് ശക്തമായി വിയോജിച്ചു. ശിഹാബ് തങ്ങളുടെ പിന്നില്‍ ഉറച്ചുനിന്നു. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം അബ്ദുള്ള സാഹിബ് ലീഗില്‍ തിരിച്ചെത്തിയതോടെയാണ് ഇരുവരും പഴയപോലെയായത്. ശിഹാബ് തങ്ങളുടെ ഇഷ്ടക്കാരുടെ പട്ടികയില്‍ എ.പി. ഉമ്മര്‍ ഉള്‍പ്പെട്ടിരുന്നു. കെ.എം.സി.സിയിലെ വലിയ സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത സാധാരണക്കാരായ നേതാക്കളെ ശിഹാബ് തങ്ങള്‍ പ്രത്യേകം പരിഗണിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് എ.പി. ഉമ്മറിനോട് തങ്ങള്‍ സ്വീകരിച്ച സമീപനം. അത്തരക്കാരോട് ശിഹാബ് തങ്ങള്‍ നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. ഗള്‍ഫ് ജീവിതത്തിന്റെ അസ്തമയ കാലത്താണ് എ.പി. ഉമ്മറിന് ഒരു വീട് സ്വന്തമായി ഉണ്ടാകുന്നത്. അസുഖാവസ്ഥയിലും ശിഹാബ് തങ്ങള്‍ വീടിരക്കലിനു വന്നതായി ഈയടുത്ത് ഉമ്മര്‍ സാഹിബ് പറഞ്ഞതോര്‍ക്കുന്നു. തല്‍ക്കാലത്തേക്കെങ്കിലും വേര്‍പാടിന്റെ വിരഹം പേറി സംഘാടകരോട് യാത്രപറഞ്ഞ് കൈ കൊടുത്ത് പിരിഞ്ഞു. എമിഗ്രേഷന്‍ കൗണ്ടര്‍ വരെ അവരേല്പിച്ച രണ്ടു പേര്‍ എന്നെ അനുഗമിച്ചു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേന്ന് രാത്രി 12 മണിക്കായിരുന്നു കരിപ്പൂരിലേക്കുള്ള ഫ്‌ലൈറ്റ്. പുലര്‍ച്ചെ 4 മണിക്ക് വിമാനം കോഴിക്കോട്ട് നിലത്തിറങ്ങി. എന്നെക്കൂട്ടാന്‍ വളാഞ്ചേരിയില്‍നിന്ന് കാറ് വന്നിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഒരാള്‍ ഗള്‍ഫില്‍ പോയി വരുന്നത് ആദ്യമാണ്. രാവിലെ ആറുമണിയോടെ വീട്ടിലെത്തി. ഞാന്‍ വരുന്നതും പ്രതീക്ഷിച്ച് എല്ലാവരും പ്രഭാത നമസ്‌കാരമൊക്കെ കഴിഞ്ഞ് കാത്തുനില്‍പ്പാണ്. വന്ന ഉടനെതന്നെ ചായ കഴിച്ചു. പിന്നെ എല്ലാവരുടേയും ആവശ്യപ്രകാരം പെട്ടി തുറന്നു. ഉപ്പ അടുത്ത് നിന്നിരുന്നതുകൊണ്ട് ആരും ആക്രാന്തം കാണിച്ചില്ല. വീട്ടിലേക്കുള്ള തുണിത്തരങ്ങളും മറ്റവശ്യ സാധനങ്ങളും  അമ്മാവന്‍ അലിക്കാക്ക വാങ്ങിത്തന്നിരുന്നു. പെന്നുകളും ജ്യോമട്രി ബോക്സുകളും ഓരോരുത്തര്‍ക്കും കൊടുത്തു. ഞാനൊരു സാധനവും സംഘാടകരോട് ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും ഒരു ബാഗ് സ്നേഹസമ്മാനങ്ങള്‍  അവര്‍ നിര്‍ബന്ധിച്ച് തന്നു. എല്ലാം കൂടി വീടൊരു ഉത്സവലഹരിയിലാറാടി. ഞാന്‍ വേഗം കുളിച്ച് ഷര്‍ട്ടും മുണ്ടും മാറ്റി കോളേജിലേക്ക് പുറപ്പെട്ടു. ഞാനെത്തുന്ന വിവരമറിഞ്ഞ് എം.എസ്.എഫ് കുട്ടികളൊക്കെ ഗേറ്റില്‍ തന്നെ കാത്തുനിന്നിരുന്നു. 

സീതി സാഹിബ്
സീതി സാഹിബ്

പുതിയ തിളങ്ങുന്ന ഷര്‍ട്ടും പുത്തന്‍ മുണ്ടും ധരിച്ചാണ് പോയത്. ദുബായ് ചെരുപ്പും ഇട്ടതോര്‍ക്കുന്നു. അറേബ്യന്‍ അത്തറും പൂശിയിരുന്നു. ആകെ മൊത്തം ഒരു ദുബായ് ലുക്ക്. അടുപ്പക്കാര്‍ക്ക് കൊടുക്കാന്‍ കുറച്ച് മിഠായി കരുതി. ബസില്‍ നിന്നിറങ്ങേണ്ട താമസം എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഓടിയെത്തി. മുദ്രാവാക്യം വിളിച്ച് ക്യാമ്പസിലേക്ക്  ആനയിച്ചു. എല്ലാവരുടേയും കണ്ണുകള്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു. കണ്ടവര്‍ക്കൊക്കെ കൈ കൊടുത്തു. മുഖം നിറച്ച് ചിരിച്ചു. വോട്ടെടുപ്പ് ഒന്‍പത് മണിക്ക് തുടങ്ങി. കുട്ടികളൊക്കെ ഓരോ ക്ലാസ്സ് റൂമിലും സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങി. കൂട്ടുകാരുമൊത്ത് കാന്റീനില്‍നിന്ന് ചായ കുടിച്ച് പോളിംഗ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. പ്രചരണസമയത്ത് ഇല്ലാതിരുന്നതിനാല്‍ ഒന്ന് മുഖം കാട്ടാമെന്ന് കരുതി. നിറചിരിയോടെ വരാന്തയിലൂടെ നടന്നു. അപ്പോഴും കുട്ടികളോട് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വോട്ട് ചോദിക്കാനുള്ള ചമ്മല്‍ മാറിയിരുന്നില്ല. അദ്ധ്യാപകര്‍ ഗള്‍ഫ് യാത്രാ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. വോട്ട് ചെയ്തിറങ്ങിയ കുട്ടികള്‍ ചെലവ് വേണമെന്ന് പറഞ്ഞു. ചിരിച്ചും കളിച്ചും തമാശകള്‍ പങ്കുവെച്ചും നേരം ഉച്ചയാക്കി. പന്ത്രണ്ട് മണിയോടെ പോളിംഗ് അവസാനിച്ചു. വോട്ട് ചെയ്തിറങ്ങിയ കുട്ടികളില്‍ ഭൂരിഭാഗവും സ്ഥലം വിട്ടു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തല്പരരായവര്‍ ക്യാമ്പസില്‍ തന്നെ കൂട്ടംകൂടി നിന്നു. രണ്ട് വര്‍ഷം മുന്‍പ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്നെ തോല്‍പ്പിച്ച അബ്ദുല്‍ഹഖാണ് എം.എസ്.എഫ് പാനലിലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍. രണ്ടാമത്തെ യു.യു.സിയായി മത്സരിച്ചത് എന്റെ ക്ലാസ്സ്‌മേറ്റു കൂടിയായ സി.എച്ച്. റഷീദാണ്. പുല്ലാണി കരീം ജനറല്‍ സെക്രട്ടറിയായും എഡിറ്ററായി തിരൂരില്‍ നിന്നുള്ള ഹമീദും ജനറല്‍ ക്യാപ്റ്റനായി കെ.ടി. ആഷിക്കും ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി ഹംസക്കുട്ടിയുമാണ് ജനവിധി തേടിയത്. വൈസ് ചെയര്‍മാന്‍ ജോയിന്റ് സെക്രട്ടറി പദവികളിലേക്ക് മത്സരിച്ചത് നസീമയും ഫൗസിയയുമാണ്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. ഞാന്‍ പോളിംഗ് ഏജന്റായി പോകാതെ പുറത്താണ് നിന്നത്. അസോസിയേഷനുകളുടേയും ക്ലാസ്സ് പ്രതിനിധികളുടേയും റിസല്‍ട്ടുകള്‍ വന്നുതുടങ്ങി. മഹാഭൂരിഭാഗവും സബ്സീറ്റുകള്‍ എം.എസ്.എഫ് ജയിച്ചതായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്ന് വിവരം വന്നു. ക്യാമ്പസ് ആഹ്ലാദ നൃത്തം ചെയ്യാന്‍ തുടങ്ങി. എം.എസ്.എഫ് പതാകകള്‍ തലങ്ങും വിലങ്ങും പാറി. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടാറുള്ള ഭീമാകാരന്‍ പതാകയും വഹിച്ച് കോളേജ് ക്യാമ്പസിലെ ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടില്‍നിന്ന് ഒരു വിദ്യാര്‍ത്ഥി പ്രയാസപ്പെട്ട് ഓടിവരുന്നത് കണ്ടു. സി.എച്ച്. മഹ്മൂദാക്കയാണ് ആ പതാക എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ക്യാമ്പസില്‍ ആരുമറിയാതെ എത്തിക്കുക. ഇതെല്ലാം ചെയ്ത് ഒന്നുമറിയാത്തപോലെ അദ്ദേഹം മാറിനില്‍ക്കും. ലീഗ് രാഷ്ട്രീയത്തോട് ഇത്രമാത്രം അലിഞ്ഞ് ചേര്‍ന്നുനില്‍ക്കുന്ന മറ്റൊരാള്‍ തിരൂരങ്ങാടിയില്‍ ഉണ്ടോ എന്ന് സംശയം. മുദ്രാവാക്യങ്ങള്‍കൊണ്ട് സൗദാബാദ് പ്രകമ്പനം കൊണ്ടു. 

അധികം വൈകാതെ ജനറല്‍ സീറ്റുകളുടെ ഫലവും പുറത്തുവരാന്‍ തുടങ്ങി. ഒന്നൊഴികെ എല്ലാ ജനറല്‍ സീറ്റുകളിലും എം.എസ്.എഫ് ഒറ്റക്ക് ജയിച്ചു. ഞങ്ങളുടെ പാനലില്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി മത്സരിച്ച ഹംസക്കുട്ടി മാത്രം തോറ്റു. അഞ്ഞൂറ്റി അന്‍പത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചെയര്‍മാനായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലം കാണാതെ ലോകസഭയിലേക്ക് പഴയ മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് മുസ്ലിംലീഗിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ഇസ്മായില്‍ സാഹിബ് മത്സരിച്ച് ജയിച്ചപോലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാതെ കോളേജ് യൂണിയന്‍ ഇലക്ഷനില്‍ ജയിച്ച ചരിത്രം അങ്ങനെ എനിക്കു കിട്ടി. ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി ജയിച്ചത് സ്വതന്ത്രനായി മത്സരിച്ച സിറാജാണ്. സിമിയും എസ്.ഐ.ഒയുമൊക്കെ അദ്ദേഹത്തെ പിന്തുണച്ചു. സിറാജ്, ക്യാമ്പസില്‍ പേരെടുത്ത വിദ്യാര്‍ത്ഥിയാണ്. സൗമ്യമായ പെരുമാറ്റം കൊണ്ടും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം കൊണ്ടും ശ്രദ്ധിക്കപ്പെടാനായതാണ് സിറാജിന്റെ വിജയത്തിന് വഴിവെച്ചത്. ഗംഭീര വിജയത്തിനിടയിലും ഹംസക്കുട്ടിയുടെ തോല്‍വി എം.എസ്.എഫ് ചേരിയില്‍ മ്ലാനതയുണ്ടാക്കി.

വിജയികളെ ആനയിച്ച് എം.എസ്.എഫിന്റെ പടുകൂറ്റന്‍ പ്രകടനം ക്യാമ്പസില്‍നിന്ന് പുറത്ത് കടന്ന സമയം. പ്രകടനത്തിനു നേരെ എന്തോ പൊതിഞ്ഞ ചെറിയ കവറുമായി  സി.എച്ച്. മഹ്മൂദാക്ക ധൃതിയില്‍ പ്രകടനത്തിന്റെ മുന്‍നിരയെ ലക്ഷ്യമാക്കി നടന്നുവരുന്നത് കണ്ടു. അദ്ദേഹം അടുത്തെത്തിയപ്പോള്‍ പ്രകടനം പതുക്കെ നിന്നു. മഹ്മൂദാക്ക തന്റെ കയ്യിലെ കവറില്‍നിന്ന്  സി.എച്ചിന്റെ തൊപ്പിയോട് സാമ്യതയുള്ള തൂവെള്ള രോമത്തൊപ്പി പുറത്തെടുത്ത് എന്റെ തലയില്‍ അണിയിച്ച്  ഗാഢമായി ആലിംഗനം ചെയ്തു. പ്രകടനം കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോള്‍ കോളേജിനു മുന്നില്‍ ഹോട്ടല്‍ നടത്തിയിരുന്ന മൊയ്ത്യാന്‍ക്ക ഒരു വലിയ ആപ്പിള്‍ ലോക്കറ്റാക്കി ഉണ്ടാക്കിയ വലിയൊരു പൂമാലയുമായി വന്ന് എന്റെ കഴുത്തില്‍ അണിയിച്ചു. പൂമാലയും തൊപ്പിയുമിട്ട് പ്രകടനത്തിന്റെ മുന്‍നിരയില്‍ ഞാന്‍  പുതിയാപ്ലയെപ്പോലെ നടന്നു. അവരൊക്കെ ലീഗിലേക്ക് ഞാന്‍ വരണമെന്ന് അത്യധികം അഗ്രഹിച്ചിരുന്നു. പൂമാലയിലുള്ള ചുവന്ന ആപ്പിള്‍, ജാഥയില്‍ കൂടെയുണ്ടായിരുന്ന യു.യു.സിയായി ജയിച്ച സി.എച്ച്. റഷീദ് കടിച്ചു തിന്നത് കൂട്ടച്ചിരിക്കിടയാക്കി. തിരൂരങ്ങാടി ടൗണില്‍ ചെന്ന് തിരികെ കോളേജ് ഗേറ്റിലേക്കു തന്നെ മടങ്ങി. അവിടെവെച്ച് ജാഥ പിരിച്ചുവിട്ടു. അപ്പോഴേക്ക് സമയം ഇരുട്ടാന്‍ തുടങ്ങിയിരുന്നു. ഏതാണ്ടെല്ലാവരും പോയിക്കഴിഞ്ഞെന്ന് മനസ്സിലായപ്പോള്‍ വളാഞ്ചേരിയിലേക്കുള്ള ബസില്‍ ഞാനും ഓടിക്കയറി. 

സിഎച്ച് മഹ്മൂദ്
സിഎച്ച് മഹ്മൂദ്

ക്യാമ്പിലെ വിജയലഹരി

അബുദാബിയില്‍നിന്ന് വരുന്നതറിഞ്ഞ് വല്ലിമ്മ തിരൂരില്‍നിന്ന് വളാഞ്ചേരി വീട്ടില്‍ തലേദിവസം തന്നെ എത്തിയിരുന്നു. രാത്രി എട്ടുമണിയോടെ വീട്ടിലെത്തി. അപ്പോഴും അവിടുത്തെ സന്തോഷാരവങ്ങള്‍ നിലച്ചിരുന്നില്ല. ഞാന്‍ ചെയര്‍മാനായി ജയിച്ച കാര്യവും കൂടിയായപ്പോള്‍ പെരുന്നാള്‍ മാസപ്പിറവി കണ്ട പ്രതീതിയായി. പിറ്റേ ദിവസം രാവിലെത്തന്നെ കോളേജില്‍ എത്താന്‍ നേരത്തെ എഴുന്നേറ്റ് ഒരുങ്ങി പുറപ്പെട്ടു. എട്ടുമണിക്ക് മുന്‍പ് കോളേജിലെത്തി. വിജയാഹ്ലാദത്തിന് നേതൃത്വം നല്‍കേണ്ടവരൊക്കെ ക്യാമ്പസില്‍ എത്തിയിരുന്നു. ബാന്‍ഡ് സെറ്റുകാരും മേളക്കാരും 8.15 ഓടെ വന്നു. 8.25 ന് കൊട്ടും പാട്ടും തുടങ്ങി. ക്യാമ്പസ് ആവേശലഹരിയില്‍ അലിഞ്ഞു. പ്രിന്‍സിപ്പല്‍ അഹമ്മദ് കുട്ടി സാഹിബ് പ്യൂണിനെ പറഞ്ഞയച്ച് എന്നെ വിളിപ്പിച്ചു. ചെയര്‍മാനായി ജയിച്ച ശേഷം ഞാന്‍ ആദ്യമായാണ് പ്രിന്‍സിപ്പലിനെ കാണുന്നത്. പൊതുവെ ഗൗരവക്കാരനായ അദ്ദേഹം ചെറു പുഞ്ചിരിയോടെയാണ് അന്ന് സംസാരിച്ചത്. വിജയാഹ്ലാദ പ്രകടനം സമാധാനപരമാകണമെന്നും വരാന്തയില്‍ പ്രകടനം നില്‍ക്കാതെ കടന്നുപോകണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യാമെന്ന് സമ്മതിച്ച് ഞാന്‍ കോളേജിനു മുന്നിലെ പോര്‍ച്ചിലെത്തി. പുല്ലാണി കരീമുമായും ഹഖുമായും പ്രിന്‍സിപ്പല്‍ പറഞ്ഞ കാര്യം ചര്‍ച്ച ചെയ്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 'വിക്ടറി ഡേ' ആഘോഷിക്കാന്‍ തൊട്ടടുത്ത ദിവസം അനുവദിക്കും. അതോടെ തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ ജാഥകളും പ്രകടനങ്ങളും അവസാനിക്കും. പിന്നെ മിഠായി ക്ലാസ്സുകളില്‍ കയറിക്കൊടുക്കാന്‍ തൊട്ടടുത്ത ദിവസം ആവശ്യമെങ്കില്‍ സമ്മതം നല്‍കും. തുടര്‍ന്ന് കലാലയം പഴയപടിയാകും. 

നാട്ടില്‍നിന്ന് പി.എസ്.എം.ഒയില്‍ എന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേരാണ് മുഹമ്മദലിയും സുനിലും. മുഹമ്മദലി നല്ലൊരു കര്‍ഷകനാണ്. പുലര്‍ച്ചെ അഞ്ചു മണിക്ക് ദിവസവും അവന്‍ എഴുന്നേല്‍ക്കും. പാടത്ത് പോയി വെള്ളം കെട്ടുകയും തുറന്നിടുകയും ചെയ്യും. നെല്ലിന് പുറമെ പച്ചക്കറികളും അവന്‍ കൃഷി ചെയ്തു. നല്ല അദ്ധ്വാനിയാണ് മുഹമ്മദലി. പരമ്പരാഗതമായി അത്യാവശ്യം നിലമുള്‍പ്പെടെയുള്ള സ്വത്തിനുടമയുമാണ്. ഡിഗ്രി കഴിഞ്ഞ് അവന്‍ പട്ടാളത്തില്‍ ചേര്‍ന്നു. കൃഷിയോടുള്ള അഭിനിവേശവും ഗള്‍ഫിലേക്ക് പോകാനുള്ള മോഹവും പട്ടാള സേവനം അഞ്ചു വര്‍ഷത്തില്‍ പരിമിതപ്പെടുത്തി മടങ്ങാന്‍ ഹേതുവായി. മിതീന്‍കുട്ടി മൂതാപ്പാന്റെ മകളെ വിവാഹം കഴിച്ച മുഹമ്മദലി അതോടെ എന്റെ ബന്ധുവുമായി. ഞാനാണ് ആ വിവാഹത്തില്‍ ദല്ലാളായത്. മൂതാപ്പ മുഹമ്മദലിയെ ഗള്‍ഫിലേക്ക് കൊണ്ടുപോയി. അവിടെ ജോലിയും തരപ്പെടുത്തിക്കൊടുത്തു. പ്രകൃത്യാ കര്‍ഷകനായ അവന് മണല്‍നാട്ടിലെ ചുറ്റുപാടുകള്‍ അത്ര ഇഷ്ടപ്പെട്ടില്ല. നല്ല ശമ്പളം കിട്ടിയിരുന്നെങ്കിലും നാട്ടിലെ കാര്‍ഷികവൃത്തിയോളം സംതൃപ്തി അവിടെയും കിട്ടാതെ വന്നപ്പോള്‍ ഗള്‍ഫിനോട് സലാം പറഞ്ഞു. അതില്‍ മൂത്താപ്പ തൃപ്തനല്ലായിരുന്നു. അമ്മോശനും മരുമകനുമിടയില്‍ ശീതസമരം രൂപപ്പെട്ടു. ഞാനിടപെട്ട് പരമാവധി മഞ്ഞുരുക്കാന്‍ പ്രയത്‌നിച്ചു. മുഹമ്മദലിയെപ്പോലെ മുഹമ്മദലിയേ ഉണ്ടായിരുന്നുള്ളൂ. അവനെപ്പോലെ കൃഷിയെ പ്രണയിച്ച സമകാലികരെ ഞാന്‍ വേറെ കണ്ടിട്ടില്ല. ദുബായിയില്‍നിന്ന് തിരിച്ചുവന്ന് വീണ്ടും ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള കാര്‍ഷിക രംഗത്ത് ചുവടുറപ്പിച്ചു. മറ്റു പലയിടങ്ങളിലും ജോലി ചെയ്തപ്പോഴും കൃഷിയില്‍നിന്ന് അദ്ദേഹം മാറി നിന്നില്ല. ഇപ്പോള്‍ ഏക്കര്‍ കണക്കിന് പാടങ്ങളാണ് പാട്ടത്തിനെടുത്ത് മുഹമ്മദലി കൃഷി ചെയ്യുന്നത്. സുനില്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു. അവനിപ്പോള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്നു. മന്ത്രിയായിരിക്കെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിപാടിക്ക് പോകുമ്പോള്‍ മന്ത്രി-ഉദ്യോഗസ്ഥ ലെവലില്‍നിന്ന് മാറി ഞങ്ങള്‍ പഴയ കൂട്ടുകാരാകാറാണ് പതിവ്. സുനിലിന്റെ സഹപ്രവര്‍ത്തകര്‍ക്ക് അതൊരു അതിശയമാണ്.

കൂട്ടുകാരില്‍ വിസ്മൃതമാകാത്ത മുഖമാണ് തൃപ്രങ്ങോട്ടെ നാസറിന്റേത്. മറ്റുള്ളവരില്‍നിന്ന് പൈസ കടം വാങ്ങുന്ന കാര്യത്തില്‍ വലിയ ജാള്യത കണ്ടയാളാണ് ഞാന്‍. രണ്ടോ മൂന്നോ ആളുകളെ മാത്രമേ പണത്തിന് ആശ്രയിച്ചുള്ളൂ. അവരാകട്ടെ, എന്റെ അടുത്ത ബന്ധുക്കളുമാണ്. ഉമ്മാന്റെ അമ്മായിയുടെ മകനാണ് നാസര്‍. സല്‍സ്വഭാവി. നിഷ്‌കപടന്‍. എന്റെ കയ്യില്‍ മിച്ചം വരുന്ന അഞ്ഞൂറോ ആയിരമോ രൂപ സൂക്ഷിക്കാന്‍ ഏല്പിക്കാറ് നാസറിനെയാണ്. ചിലപ്പോള്‍ വല്ലതും ഇങ്ങോട്ട് വാങ്ങുകയും ചെയ്യും. എന്നെക്കാള്‍ മൂന്നോ നാലോ വയസ്സ് കൂടുതല്‍. പക്ഷേ എനിക്ക് സുഹൃത്തും ജ്യേഷ്ഠസഹോദരനുമായിരുന്നു അദ്ദേഹം. സത്യസന്ധതയും വിശ്വാസ്യതയും മുഖമുദ്രയാക്കിയ നാസര്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ഒരത്താണിയാണ്. പയ്യനങ്ങാടിയില്‍ ഉമ്മയുടെ അമ്മാവന്‍ ഖാദര്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഫൈസല്‍ ഏജന്‍സിസ് എന്ന സ്ഥാപനം നടത്തിയിരുന്നത് നാസറാണ്. തിരൂരിലെ താമസകാലത്ത് എന്റെ ഇടത്താവളമായിരുന്നു ഫൈസല്‍ ഏജന്‍സിസ്. വിവാഹത്തിനു മുന്‍പും ശേഷവും നാസര്‍ താമസിച്ചത് അദ്ദേഹത്തിന്റെ ഉമ്മയുടെ അനുജത്തിയുടെ വീട്ടിലാണ്. സ്വന്തം വീട്ടില്‍ ഭാര്യാസമേതം അധികകാലം ജീവിക്കാന്‍ പലര്‍ക്കും കഴിയാറില്ല. സ്വന്തം വീടുവെച്ചോ വാടകക്കോ മാറിത്താമസിക്കലാണ് നാട്ടുനടപ്പ്. നാസറിന്റെ സ്വഭാവ മഹിമകൊണ്ടാണ് സ്വന്തം വീടില്ലാതിരുന്നിട്ട് കൂടി ഉമ്മയുടെ സഹോദരിയുടെ വീട്ടില്‍ ജീവിക്കാന്‍ സാധിച്ചത്. ചിലരുടെ ജീവിതത്തില്‍ വിധി ക്രൂരമായി ഇടപെടും. അത്തരമൊരു സംഭവം വിഷാദരോഗമായാണ് നാസറിനെ തേടിയെത്തിയത്. അതവന്റെ ദിനചര്യകളെ താളം തെറ്റിച്ചു. സൗമ്യനായ നാസര്‍ ആളുകളോട് കയര്‍ത്ത് സംസാരിച്ചു തുടങ്ങി. ഒരു ദിവസം ഖാദര്‍ ഹാജിയോടും ദേഷ്യപ്പെട്ടു. ചികിത്സയ്ക്കായി കുറച്ച് ദിവസം അവന് വീട്ടില്‍ തന്നെ കഴിയേണ്ടിവന്നു. ഒറ്റപ്പെടലിന്റെ വ്യഥ കൂടുതല്‍ കാലുഷ്യങ്ങള്‍ക്ക് വഴിവെച്ചു. മരുന്നിന്റെ ഉയര്‍ന്ന ഡോസ് അദ്ദേഹത്തിന്റെ ചൈതന്യവും വശ്യതയും ചോര്‍ത്തിക്കളഞ്ഞു. പഴയ ചുറുചുറുക്കെല്ലാം വാര്‍ന്നുപോയി. നാസറിന്റെ ജീവിതാവസ്ഥ ഞങ്ങളെയെല്ലാം വേദനിപ്പിച്ചു. ഒരു ദിവസം ഞങ്ങളെയെല്ലാം തീരാദുഃഖത്തിലാഴ്ത്തി നാസര്‍ ഒരു കുപ്പി വിഷത്തില്‍ ജീവിതം ഒടുക്കി. പറക്കമുറ്റാത്ത രണ്ട് മക്കളും ഭാര്യയും തനിച്ചായി. നാസറിന്റെ വിയോഗം കഷ്ടപ്പാടുകളുടെ വാതില്‍ കുടുംബത്തിനു മുന്നില്‍ തുറന്നിട്ടു. മക്കളെ തിരൂരങ്ങാടി യത്തീംഖാനയില്‍ ചേര്‍ത്തു. ഭാര്യ സൈനക്ക് പിതാവ് അവരുടെ നാട്ടില്‍ താനാളൂരില്‍ ഒരു ചെറിയ വീടുണ്ടാക്കി അങ്ങോട്ട് കൊണ്ടുപോയി. മക്കള്‍ നന്നായി പഠിച്ചു. ഡിപ്ലോമ പൂര്‍ത്തിയാക്കി അവര്‍ ജോലി നേടി. സൈനയും മക്കളും നാസറില്ലാത്ത ഹൃദയനൊമ്പരം പേറി വലിയ അല്ലലുകളില്ലാതെ മുന്നോട്ടുപോകുന്നു.

സിഎച്ച് റഷീദ്
സിഎച്ച് റഷീദ്

1989-'90 വര്‍ഷത്തെ കോളേജ് യൂണിയന്‍ ഉദ്ഘാടനം ഗംഭീരമാക്കാന്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടങ്ങി. ആദ്യപടി സ്റ്റാഫ് അഡ്വൈസറെ തെരഞ്ഞെടുക്കുക എന്ന കടമ്പയാണ്. എല്ലാംകൊണ്ടും അതിന് യോഗ്യന്‍ അബ്ബാസ് സാറാണ്. ഒരുപാട് വര്‍ഷമായി അദ്ദേഹമാണ് ആ സ്ഥാനം അലങ്കരിക്കുന്നത്. ഇടയ്ക്കിടെ അബ്ബാസ് സാറിനെ ഒന്ന് മാറ്റിനോക്കും. പക്ഷേ, കൂടുതല്‍ കരുത്തനായി അദ്ദേഹം വീണ്ടും തിരിച്ചുവരും. കാരണം സാറിനെപ്പോലെ കുട്ടികളെ സംഘടിപ്പിച്ച് സി സോണ്‍ ഇന്റര്‍സോണ്‍ കലോത്സവങ്ങള്‍ക്ക് സജ്ജരാക്കാനും  സമ്മാനങ്ങള്‍ നേടിയെടുക്കാനും അബ്ബാസ് സാറിനോളം പ്രാപ്തി മറ്റൊരാള്‍ക്കും ഇല്ലെന്നതാണ് സത്യം. രാഷ്ട്രീയമായി അദ്ദേഹം ഇടതുപക്ഷക്കാരനാണ്. നാട്ടില്‍ സി.പി.ഐക്കാരനായാണ് സാര്‍ അറിയപ്പെട്ടിരുന്നത്. വിദ്യാര്‍ത്ഥി യൂണിയന്‍ എം.എസ്.എഫിന്റെ കയ്യിലായതിനാല്‍ ചില ലീഗനുകൂല അദ്ധ്യാപകര്‍ അബ്ബാസ് സാറിനെതിരെ അണിയറ നീക്കങ്ങള്‍ നടത്തും. ചില സന്ദര്‍ഭങ്ങളില്‍ അത് വിജയിക്കും. പക്ഷേ, ആ വര്‍ഷം കഴിയുമ്പോഴേക്ക് കാര്യങ്ങള്‍ താളം തെറ്റും. വീണ്ടും അദ്ദേഹത്തെ തിരിച്ചു വിളിക്കും. കൊമേഴ്സിലെ കരീം സാറും എക്കണോമിക്സിലെ കെ.എം.ഡി സാറും സുവോളജിയിലെ ബഷീര്‍ സാറും കൊമേഴ്സിലെ തന്നെ കോവൂര്‍ക്കാരന്‍ ഡോ. ബഷീറും ഇംഗ്ലീഷിലെ ജോണ്‍ സാറും വഹാബ് സാറും കട്ടക്ക് നിന്നാല്‍ പി.എസ്.എം.ഒ ഓവറോള്‍ കിരീടം ചൂടും. 

ഞങ്ങളുടെ യൂണിയന്‍ അബ്ബാസ് സാറിനെ സ്റ്റാഫ് അഡ്വൈസറായും വഹാബ് സാറിനെ സ്റ്റാഫ് എഡിറ്ററായും തെരഞ്ഞെടുത്തു. ആദ്യത്തെ വിദ്യാര്‍ത്ഥിയൂണിയന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. കോളേജില്‍ സാധാരണ വിദ്യാര്‍ത്ഥി യൂണിയന്റെ ഉദ്ഘാടനവും ആര്‍ട്സ് ഡേയും ഒരു ദിവസവും കോളേജ് ദിനാഘോഷം മറ്റൊരു ദിവസവുമാണ് നടത്താറ്. അതോടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപ്തിയാകും. സെമിനാറുകളോ സിമ്പോസിയങ്ങളോ പതിവില്ല. പണത്തിന്റെ അപര്യാപ്തതയായിരുന്നു പ്രശ്നം. കുട്ടികളില്‍നിന്ന് അഡ്മിഷന്‍ സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഫീസുകളല്ലാതെ ഒരു രൂപ പോലും അധികം വാങ്ങാന്‍ മാനേജ്മെന്റ് സമ്മതിക്കില്ല. പ്രിന്‍സിപ്പല്‍ അഹമ്മദ് കുട്ടി സാഹിബ് അക്കാര്യത്തില്‍ കണിശക്കാരനുമാണ്. കോളേജ് യൂണിയന്‍ ഉദ്ഘാടനവും ആര്‍ട്സ് ഡേയും ഒരു സിമ്പോസിയത്തോടെ രണ്ടു ദിവസം നടത്തണമെന്ന് എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. രണ്ട് ദിവസത്തേക്കുള്ള പരിപാടികള്‍ തീരുമാനിക്കാനും ആളുകളെ ക്ഷണിക്കാനും എന്നെ യോഗം ചുമതലപ്പെടുത്തി. വിവരം പ്രിന്‍സിപ്പലിനെ ധരിപ്പിക്കാന്‍ കരീമും ഹഖും ഞാനും കൂടിയാണ് പോയത്. ക്ഷമയോടെ എല്ലാം കേട്ട അദ്ദേഹം പരിപാടികള്‍ നടത്താന്‍ പണം എങ്ങനെയുണ്ടാക്കും എന്ന മറുചോദ്യം ഉന്നയിച്ചു. അത് ഞങ്ങളുണ്ടാക്കുമെന്ന്  ഞാന്‍ ധൈര്യത്തോടെ പറഞ്ഞു. മറ്റൊരു കാര്യവും കൂടി കൂട്ടിച്ചേര്‍ത്തു: ''സാറിന്റെ റിട്ടയര്‍മെന്റ് വര്‍ഷവും കൂടിയാണല്ലോ. അതുകൊണ്ടുകൂടിയാണ് പ്രോഗ്രാമുകള്‍ കേമമാക്കാന്‍ യൂണിയന്‍ തിരുമാനിച്ചത്.'' 

ആ മയക്കുവെടി ഏറ്റതായാണ് പ്രിന്‍സിപ്പലിന്റെ പിന്നീടുള്ള പെരുമാറ്റത്തില്‍ മനസ്സിലായത്. രണ്ട് ദിവസം എന്നത് അംഗീകരിച്ച സന്തോഷത്തില്‍ ഞങ്ങള്‍ പുറത്തുകടന്നു. പണം ഒരു പ്രശ്നമാകില്ലേ എന്ന് കരീമാണ് ആദ്യം ചോദിച്ചത്. ഹഖും അത് പങ്കുവെച്ചു. ഒരു കൂസലുമില്ലാതെ ഞാന്‍ പറഞ്ഞു: ''അദ്ധ്യാപകരില്‍നിന്നും കുട്ടികളില്‍നിന്നും പിരിവെടുക്കാം.'' ഇതുകേട്ട ഇരുവരും എന്താ പറയുന്നത് എന്ന മട്ടില്‍ എന്നെ തുറിച്ചു നോക്കി. ഞാനവരെ സമാധാനിപ്പിച്ചു. കഴിയുന്ന കുട്ടികള്‍ മാത്രം തന്നാല്‍ മതിയെന്ന് പ്രത്യേകം പറയാമെന്ന് സൂചിപ്പിച്ചു. പ്രിന്‍സിപ്പല്‍ സമ്മതിക്കുമോ എന്നായി അവര്‍. അത് നമുക്ക് എങ്ങനെയെങ്കിലും ശരിയാക്കാമെന്ന് ഞാന്‍. എങ്ങനെ എന്ന ഭാവത്തില്‍ അവരും. കോളേജില്‍നിന്ന് തിരികെ പോരുമ്പോള്‍ മനസ്സുനിറയെ കോളേജ് യൂണിയന്‍ പരിപാടികളില്‍ എന്തൊക്കെ പ്രോഗ്രാമുകള്‍ വേണം, ആരെയൊക്കെ ക്ഷണിക്കണം എന്നെല്ലാമുള്ള ചിന്തയായിരുന്നു. കൂട്ടിയും കിഴിച്ചും കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന്റേയും ആര്‍ട്സ് ഡേയുടേയും പ്രോഗ്രാം ഒരുവിധം തയ്യാറാക്കി. കേരള ഗവര്‍ണര്‍ സ്വരൂപ് സിംഗിനെ ക്ഷണിക്കാമെന്നാണ് ആരംഭത്തില്‍ വിചാരിച്ചത്. പ്രിന്‍സിപ്പല്‍ സമ്മതം മൂളി. രാജ്ഭവനുമായി പലതവണ ബന്ധപ്പെട്ടു. ഗവര്‍ണര്‍ക്ക് പക്ഷേ, ആ മാസം ഒഴിവുണ്ടായിരുന്നില്ല. വിവരം പ്രിന്‍സിപ്പലിനെ ധരിപ്പിച്ചു. ഉടന്‍ വന്നു പ്രതികരണം; ''രാജ്ഭവനിലെ ഒരു പ്യൂണിനെയെങ്കിലും കിട്ടില്ലേ? അല്പം നര്‍മ്മം കലര്‍ത്തി അദ്ദേഹം ചോദിച്ചു. നല്ല മൂഡാണെന്ന് കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികളില്‍നിന്നുള്ള പിരിവിന്റെ കാര്യം പതുക്കെ സൂചിപ്പിച്ചു. ഒറ്റക്കായിരുന്നതിനാല്‍ വഴക്ക് പറഞ്ഞാലും പ്രശ്നമില്ലെന്ന ചിന്ത ധൈര്യം പകര്‍ന്നു. ഞാന്‍ ദയനീയ സ്വരത്തില്‍ അനുമതിക്കായി യാചിച്ചു. സാര്‍ സമ്മതിച്ചില്ലെങ്കില്‍ എല്ലാ പദ്ധതിയും പൊളിയും. രണ്ട് ദിവസം തുടര്‍ച്ചയായി വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനമെന്ന സ്വപ്നം പൊലിയും. കൂട്ടുകാരുടെ മുന്നില്‍ വഷളാകും. ആദ്യം എതിര്‍ത്ത പ്രിന്‍സിപ്പല്‍ എന്റെ നിരന്തരമായ അഭ്യര്‍ത്ഥനയ്ക്ക് അവസാനം വഴങ്ങി. അന്ന് ശരിക്കും ഞങ്ങള്‍ക്ക് ഉത്സവമായിരുന്നു. വിദ്യാര്‍ത്ഥികളില്‍നിന്ന് ധനശേഖരണത്തിന് അനുമതി ലഭിച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തി. മുന്‍വര്‍ഷങ്ങളില്‍ പലരും ശ്രമം നടത്തിയിരുന്നെങ്കിലും പ്രിന്‍സിപ്പല്‍ അണുമണിത്തൂക്കം വഴങ്ങിയിരുന്നില്ല. അഹമ്മദ്കുട്ടി സാഹിബിന്റെ റിട്ടയര്‍മെന്റ് വര്‍ഷമെന്ന പ്രത്യേകത പ്രോഗ്രാമുകള്‍ ഗംഭീരമാക്കാന്‍ ഞങ്ങള്‍ക്കും പ്രചോദനമായി.

ക്ഷണിക്കേണ്ട അതിഥികളെക്കുകുറിച്ച് അദ്ധ്യാപകരുമായി സംസാരിച്ചു. കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എ. ജലീല്‍ സാറിനെ കിട്ടുമോ എന്നറിയാന്‍ ഫാറൂഖ് കോളേജ് ക്യാമ്പസിനടുത്തുള്ള വീട്ടിലെത്തി. ഒരു സാധാരണ പഴയ വീട്. ബെല്ലടിച്ചു. പൂമുഖ വാതില്‍ തുറന്നത് ജലീല്‍ സാര്‍ തന്നെയാണ്. ഫാറൂഖ് കോളേജിന്റെ പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ 22 വര്‍ഷവും  പിന്നീട് 1979-ല്‍ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ വൈസ്ചാന്‍സലര്‍ എന്ന നിലയ്ക്കും സ്തുത്യര്‍ഹ സേവനമാണ് അദ്ദേഹം ചെയ്തത്. ഫാറൂഖ് കോളേജിലെ പ്രഥമ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ സയ്യിദ് മുഹ്യദ്ദീന്‍ ഷായുടെ പിന്തുടര്‍ച്ചക്കാരനായാണ് 1957 മെയ് 5-ന് അദ്ദേഹം ചുമതലയേറ്റത്. കോളേജിന്റെ പ്രധാന കെട്ടിടങ്ങളും ഹോസ്റ്റലുകളും പൂന്തോട്ടവും വിഖ്യാതമായ ഗേറ്റും മാത്രമല്ല, മിക്ക കോഴ്സുകളും നിലവില്‍ വന്നത് ജലീല്‍ സാഹിബ് കോളേജിന്റെ അമരത്തിരുന്ന കാലത്താണ്.

സി.എച്ച് മുഹമ്മദ് കോയാ സാഹിബ് നിര്‍ബ്ബന്ധിച്ചാണ് 1979-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറാക്കി അദ്ദേഹത്തെ നിയമിച്ചത്. പ്രൊ ചാന്‍സലര്‍ എന്ന നിലയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് തന്റെ പ്രത്യേക അധികാരമുപയോഗിച്ച് പി.വി.സിയെ നിയമിച്ചു. വി.സിയോട് അന്വേഷിക്കാതെ മന്ത്രി നേരിട്ട് നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് ജലീല്‍ സാഹിബ് വി.സി പദവി രാജിവെച്ചു. മുസ്ലിംലീഗ് വി.സിയാക്കിയത് കൊണ്ട് ലീഗ് പറയുന്നത് കേള്‍ക്കണമെന്ന മട്ടില്‍ ലീഗ് നേതാവ് പി. സീതിഹാജി എം.എല്‍.എ പരസ്യ പ്രസ്താവന നടത്തിയതായും പറയപ്പെടുന്നു. യൂണിവേഴ്സിറ്റിയിലെ ജീവനക്കാരെ വിശ്വാസത്തിലെടുത്തില്ലെങ്കില്‍ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? അത് പക്ഷേ, ലീഗ് താല്പര്യത്തിന് എതിരുമായിരുന്നു.  ആത്മാഭിമാനം പണയം വെക്കാന്‍ തയ്യാറില്ലാതിരുന്ന ജലീല്‍ സാഹിബ് വൈസ് ചാന്‍സലര്‍ സ്ഥാനം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്നത് അക്കാലത്ത് വലിയ കോളിളക്കമുണ്ടാക്കി. ആരുടെയെങ്കിലും കയ്യിലെ കളിപ്പാവയാകാന്‍ തയ്യാറില്ലാതിരുന്ന അദ്ദേഹത്തിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല. സി.എച്ചിന് പറ്റിയ കയ്യബദ്ധത്തിന് കൊടുക്കേണ്ടിവന്ന വിലയാണ് ജലീല്‍ സാഹിബിന്റെ രാജി. 1979 ആഗസ്റ്റ് 31-ല്‍ വിസിയായ അദ്ദേഹം 83 ഫെബ്രുവരിയിലാണ് പദവി രാജിവെച്ചത്. പാലൊളി മുഹമ്മദ് കുട്ടിയുടെ കാലത്ത് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി നിയമിതനായ അദ്ദേഹം ഏറ്റവും മികച്ച അദ്ധ്യക്ഷനെന്ന് തന്റെ പേര് എഴുതിവെച്ചാണ് കാലാവധി പൂര്‍ത്തിയാക്കിയത്.

എന്നെ അകത്തേക്ക് കയറ്റി ഇരുത്തി ജലീല്‍ സാഹിബ് ആഗമനോദ്ദേശ്യം ആരാഞ്ഞു. ഭവ്യതയോടെ ഞാന്‍ സംഗതികള്‍ പറഞ്ഞു. ജാടയൊന്നും കാണിക്കാതെ പെട്ടെന്നുതന്നെ അദ്ദേഹം സമ്മതം മൂളി. 

യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍

എം.എസ്.എഫ് വിദ്യാര്‍ത്ഥി യൂണിയന്‍ ആയിരുന്നിട്ടും ജലീല്‍ സാഹിബിനെ ഉദ്ഘാടകനായി ക്ഷണിക്കാന്‍ ഞങ്ങള്‍ക്ക് ഒരു മടിയും ഉണ്ടായില്ല. പൂര്‍വ്വികര്‍ക്കു പറ്റിയ പിശക് തിരുത്താനുള്ള അവസരമായാണ് പുതുതലമുറയില്‍പ്പെട്ട ഞങ്ങള്‍ പ്രസ്തുത ക്ഷണത്തെ കണ്ടത്. ഫൈന്‍ ആര്‍ട്സ് ഡേ ഉദ്ഘാടനം ചെയ്യാന്‍ വരയുടെ കുലപതിയായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെയാണ് ക്ഷണിച്ചത്. ഡോ. എം.കെ മുനീര്‍ എം.എല്‍.എയും ചന്ദ്രിക വീക്കിലിയുടെ എഡിറ്റര്‍ നവാസ് പൂനൂരും സാമൂഹ്യപ്രവര്‍ത്തക ഖമറുന്നിസ അന്‍വറും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ടി.കെ. അബ്ദുല്ലക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ ആശംസാ പ്രസംഗകരായും ക്ഷണിക്കപ്പെട്ടു. രണ്ടാം ദിവസം രാവിലെ 10 മണിക്ക് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കാനാണ് പരിപാടിയിട്ടത്. പങ്കെടുക്കേണ്ടവരെ ഞാന്‍ തന്നെയാണ് കണ്ടെത്തിയത്. എല്ലാവരേയും നേരിട്ടുപോയി ക്ഷണിച്ചതും ഞാന്‍ തന്നെ. മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാര്‍ എന്‍.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂര്‍, എം.സി. വടകര, ചേമ്പില്‍ വിവേകാനന്ദന്‍ എന്നിവരെയാണ് വിളിച്ചത്. ആദ്യ ദിവസം ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം ഓര്‍ക്കസ്ട്രയുമാണ് തീരുമാനിച്ചത്. സി സോണ്‍, ഇന്റര്‍സോണ്‍ മത്സരങ്ങളും ഇതിനിടയില്‍ നടത്തേണ്ടതുണ്ടായിരുന്നു. എല്ലാം ഭംഗിയായി ചിട്ടയോടെ നടന്നു. 

ഉദ്ഘാടന ദിവസം അടുക്കുന്തോറും നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. പണം കീറാമുട്ടിയായി വഴി മുടക്കുമോ എന്ന തോന്നല്‍ ഞങ്ങളെ ആശങ്കാകുലരാക്കി. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ക്ലാസ്സില്‍ കയറിയുള്ള പൊതു പിരിവിന് പ്ലാനിട്ടു. പിരിവ് നടത്തുന്നതിന്റെ തലേ ദിവസം നാളെ പിരിവിന് വരുമെന്നും കഴിയുന്ന സഹായങ്ങള്‍ കൊണ്ടുവരണമെന്നും കുട്ടികളോട് പറയാന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ ഓരോ ക്ലാസ്സും കയറിയിറങ്ങി.

പറഞ്ഞതു പ്രകാരം തൊട്ടടുത്ത ദിവസം ജനറല്‍ സെക്രട്ടറി കരീമും യു.യു.സി ഹഖും ഞാനും ബക്കറ്റുമായി ക്ലാസ്സുകളില്‍ പോയി. അമ്പരപ്പിക്കുന്ന പ്രതികരണമാണ് കുട്ടികളില്‍ നിന്നുണ്ടായത്. ഒരു രൂപ മുതല്‍ നൂറ് രൂപ വരെ ഓരോരുത്തരും നല്‍കി. ബക്കറ്റുകള്‍ നിറഞ്ഞു. മോണിംഗ് ഷിഫ്റ്റില്‍ മാത്രം അഞ്ചു ബക്കറ്റുകളാണ് നിറഞ്ഞത്. പൈസ പിരിച്ച് ഭദ്രമായി കരീമിനെ ഏല്പിച്ചു. ഒരു അണപോലും ചായക്കോ മറ്റു ചെലവുകള്‍ക്കോ എടുക്കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചു. കരീമും വിശ്വസ്തരായ അഞ്ചാറുപേരും എല്ലാം സൂക്ഷ്മമായി എണ്ണി തിട്ടപ്പെടുത്തി ആയിരത്തിന്റെ കെട്ടുകളാക്കി വെച്ചു. കുട്ടികളുടെ സഹകരണം കേട്ട് പ്രിന്‍സിപ്പലും അത്ഭുതം കൂറി. കുട്ടികളെ നിര്‍ബ്ബന്ധിക്കുന്നുണ്ടോ എന്നറിയാന്‍ കളക്ഷന്‍ നടത്തുന്ന ചില ക്ലാസ്സുകളില്‍ അദ്ദേഹം അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. സത്യമാണ് ഞങ്ങള്‍ പറയുന്നതെന്ന് അഹമ്മദ് കുട്ടി സാഹിബിന് ബോദ്ധ്യമായി. കണക്കുകളെല്ലാം കൃത്യമായി സൂക്ഷിച്ചു. അതിഥികളെ ക്ഷണിക്കാന്‍ ബസിലാണ് പോയത്. യാത്രാ ടിക്കറ്റ് കളയാതെ കീശയില്‍ വെച്ചു. ടി.എക്ക് ക്ലെയിം ചെയ്യുമ്പോള്‍ ബസ് ടിക്കറ്റും ഹാജരാക്കി. ചെറിയ തുക മാത്രമേ ആ ഇനത്തില്‍ ആയുള്ളൂ. യാത്രാ ചെലവ് കണ്ട പ്രിന്‍സിപ്പല്‍ നല്ലൊരു ചിരി സമ്മാനിച്ചു. അതിലെല്ലാമുണ്ടായിരുന്നു.

യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാവും പകലും എന്നപോലെ കോളേജ് ക്യാമ്പസിലാണ് കഴിച്ചുകൂട്ടിയത്. പലപ്പോഴും ക്ലാസ്സുകള്‍ കട്ട് ചെയ്യേണ്ടിവന്നു. സുഹൃത്തുക്കളായ ആസിഫിന്റേയും പങ്കജവല്ലിയുടേയും കയ്യില്‍ കാര്‍ബണ്‍ പേപ്പറും A4 ഷീറ്റും ഏല്പിച്ചു. അവര്‍ എനിക്ക് നോട്സിന്റെ കാര്‍ബണ്‍ കോപ്പികള്‍ എഴുതി തയ്യാറാക്കി നല്‍കി. നോട്സുകള്‍ ശരിക്ക് വായിച്ചു. ഓരോ ദിവസവും എടുക്കുന്ന പാഠഭാഗങ്ങള്‍ അതത് ദിവസം തന്നെ തലക്കകത്താക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പന്തല്‍ പണിക്കാരും ലൈറ്റ് ആന്റ് സൗണ്ടുകാരും സ്ഥലം സന്ദര്‍ശിക്കാന്‍ വരുന്ന ദിവസം കരീമും ഹഖും ഞാനും വൈകുന്നേരം കോളേജ് വിട്ട ശേഷം കാത്തുനിന്നു. അവര്‍ കൃത്യസമയത്ത് എത്തി. ആവശ്യങ്ങള്‍ വിശദമായി സംസാരിച്ചു. രണ്ടായിരം കുട്ടികള്‍ക്ക് ഇരിക്കാനുള്ള ഷാമിയാന പന്തല്‍ സജ്ജമാക്കാനാണ് ധാരണയായത്. സൗണ്ട് കിടുങ്ങണം എന്ന് സലാം സൗണ്ട്സ് ഉടമയെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അപ്പോഴേക്ക് ക്യാമ്പസില്‍ ഇരുട്ട് പരന്നു. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുള്ള സമയമായി. അവരെ പിരിച്ചയച്ച് ഞങ്ങള്‍ പള്ളിയിലേക്ക് നടന്നു. കോളേജിനോട് തൊട്ടുരുമ്മിയാണ് സീതിസാഹിബ് മെമ്മോറിയല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അതിനു മുന്നിലൂടെ വേണം നടന്ന് പള്ളിയിലെത്താന്‍. സീതി സാഹിബിന്റെ പേര് ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എഴുതിയത് ചൂണ്ടി കരീം പറഞ്ഞു: ''ഈ മനുഷ്യനെക്കൊണ്ടാണ് എം.എസ്.എഫ് ഉണ്ടായതും നമ്മളൊക്കെ അതിന്റെ തലപ്പത്ത് വന്നതും വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളായതുമെല്ലാം.''
 
ആ അഭിപ്രായ പ്രകടനം ഞങ്ങള്‍ക്കും സീതി സാഹിബിനുമിടയില്‍ ആത്മബന്ധത്തിന്റെ ഒരു നൂല്‍പ്പാലം പണിതു. കേരളീയ മുസ്ലിം പരിഷ്‌കര്‍ത്താക്കളുടെ പട്ടികയിലാണ് സീതി സാഹിബിന്റെ ഇടം. ധൈഷണികനായ അദ്ദേഹം  കണ്ണഞ്ചിപ്പിക്കുന്ന സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് പതിതരായ ഒരു ജനതയുടെ ദുഃഖങ്ങളേറ്റുവാങ്ങാന്‍ ആലിമുസ്ല്യാരുടെ  മണ്ണിലെത്തിയത്  രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത ത്യാഗമാണ്. വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞ് അധികനാള്‍ ആകുന്നതിനു മുന്‍പേ മഹാത്മാഗാന്ധിയുടെ പ്രസംഗ പരിഭാഷകനായും സ്വാതന്ത്ര്യസമര നേതാവായും കൊച്ചി രാജാവിനും ദിവാനും ജനങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായും അദ്ദേഹം മാറിയത് ആശ്ചര്യജനകമാണ്.  ഇരുപത്തിരണ്ടാം വയസ്സില്‍ രാജ്യഭരണകാര്യാലയത്തിലേക്ക് കൊച്ചി ദിവാന്റെ ക്ഷണം കിട്ടിയ സീതി സാഹിബ് നാടെങ്ങും അറിയപ്പെട്ട  വാഗ്മിയായും എ.ഐ.സി.സി മെമ്പറായും നാട്ടില്‍ കീര്‍ത്തി നേടി.  

മഹാത്മജി, മോത്തിലാല്‍ നെഹ്‌റു, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ മുഹമ്മദലി, സുഭാഷ് ചന്ദ്രബോസ്, ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. കിച്‌ലു, അബുല്‍കലാം ആസാദ് തുടങ്ങി മഹാരഥന്മാര്‍ നിരന്നുനിന്ന സമ്മേളനത്തില്‍ പങ്കെടുത്ത കേരള പ്രതിനിധിയാകാനുള്ള സൗഭാഗ്യം സീതി സാഹിബിനു ലഭിച്ചു. അതും മുപ്പതാം വയസ്സില്‍.

സീതിസാഹിബ് നട്ടുവളര്‍ത്തിയ വൃക്ഷം

1960-ല്‍ കുറ്റിപ്പുറത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരള നിയമസഭയുടെ സ്പീക്കറായി. സ്പീക്കര്‍ പദവിയിലിരിക്കെ 1961 ഏപ്രില്‍ 17-ന് തന്റെ 62-ാം വയസ്സില്‍ സീതി സാഹിബ് ലോകത്തോട് വിട പറഞ്ഞു. പുരോഹിതനും രാഷ്ട്രീയ നേതാവുമായിരുന്ന ഫാദര്‍ ജോസഫ് വടക്കന്‍ അദ്ദേഹത്തെ ഓര്‍ത്തത് ഇങ്ങനെ: ''ആഴം കൂടുംതോറും ഓളം കുറഞ്ഞുവരുന്ന കടലായിരുന്നു സീതി സാഹിബ്. സ്പീക്കര്‍ സീതി സാഹിബിനെക്കുറിച്ച് ന്യൂഡല്‍ഹിയിലും ബോംബെയിലുമുണ്ടായിരുന്ന അഭിപ്രായം ചില ഉന്നത വ്യക്തികളിലൂടെ കേട്ടിട്ടുണ്ട്. പ്രശസ്തനായൊരു കോണ്‍ഗ്രസ് നേതാവ് ഒരിക്കല്‍ എന്നോട് പറഞ്ഞത്: കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ അസോസിയേറ്റഡ് മെമ്പര്‍മാരാകാന്‍ ലീഗ് എം.എല്‍.എമാര്‍ക്ക് അനുവാദം നല്‍കിയിരുന്നെങ്കില്‍ സീതി സാഹിബായിരിക്കും കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി'' എന്നാണ്.

രാജ്യത്തറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും തിരുകൊച്ചി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോന്‍ താന്‍ അടുത്തറിഞ്ഞ സീതി സാഹിബിനെക്കുറിച്ച് മനസ്സ് തുറന്നെഴുതി:

''ജനാബ് സീതി സാഹിബിന്റെ മരണം മൂലം  അഭിപ്രായസ്ഥൈര്യവും കറകളഞ്ഞ വ്യക്തിത്വവുമുള്ള മഹാനെയാണ് കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തെപ്പറ്റി സ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അനിതരസാധാരണമായ വാഗ്മിത്വമാണ് വലിയ യോഗ്യത എന്നതുകൊണ്ട് മാത്രമല്ല ഞാനിതു പറയുന്നത്. സീതി സാഹിബിനെ ഞാനാദ്യമായി കണ്ടത് നിര്‍ഗളം പ്രവഹിക്കുന്ന വാചോധാരയോടുകൂടി ഒരു പ്രസംഗം ചെയ്യുമ്പോഴാണ്. അന്നു ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയും സീതി സാഹിബ് സര്‍വ്വകലാശാലാ ബിരുദം നേടിയ അഭിഭാഷകനുമാണ്. എറണാകുളം മഹാരാജാസ് കോളേജിലെ വലിയ ഹാളില്‍, ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ നാനാവശങ്ങളെപ്പറ്റി പ്രഗത്ഭമായി പ്രസംഗിച്ചുകൊണ്ട് നില്‍ക്കുന്ന സീതി സാഹിബിന്റെ രൂപം മനസ്സില്‍നിന്ന് ഒരിക്കലും മായാത്ത ചിത്രമാണ്. പ്രസംഗകലയില്‍, മലയാളത്തിലെ പ്രസംഗകരില്‍ അത്യുന്നതമായ ഒരു സ്ഥാനം പരേതന്‍ അലങ്കരിച്ചിരുന്നു. കര്‍ണാനന്ദകരമായ ശബ്ദമാധുര്യം, സാഹിത്യഭംഗിയുള്ളതും കുറ്റമറ്റതുമായ ഭാഷാ ശൈലി, അര്‍ഥശങ്കക്കിടം നല്‍കാത്ത പ്രസാദഗുണം, ആശയ പൗഷ്‌കല്യം, സര്‍വ്വോപരി പുളകോദ്ഗമകാരിയായ വചഃപ്രസരം ഇതെല്ലാമായിരുന്നു അദ്ദേഹത്തെ അത്രയ്ക്ക് ഉന്നതനായ ഒരു വാഗ്മിയാക്കി ഉയര്‍ത്തിയത്.

സീതി സാഹിബ് കോണ്‍ഗ്രസ് രംഗത്തുനിന്നു മാറിയത് ആ സംഘടനയ്ക്ക് എത്രമാത്രം നഷ്ടമായോ, അത്രതന്നെ ലീഗിന് അത് ഒരു ശക്തിയുമായി. കേരള സ്റ്റേറ്റ് മുസ്ലിംലീഗിന്റെ മസ്തിഷ്‌കമാണ് സീതി സാഹിബെന്ന് ഉറപ്പിച്ചു പറയാനാകും.

ലീഗിന്റെ നേതാവെന്ന നിലയില്‍ അദ്ദേഹത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം ഒരു സന്ദര്‍ഭത്തിലും വെടിഞ്ഞിട്ടില്ലാത്ത പ്രതിപക്ഷ ബഹുമാനമാണ്. ശാന്തതയും ശാലീനതയും തികഞ്ഞ ഒരു മഹാനില്‍ ഔന്നത്യമോ പരനിന്ദാ സ്വഭാവമോ ഉണ്ടാവുകയില്ലല്ലോ.

''കേരള നിയമസഭയുടെ സ്പീക്കറെന്ന നിലയില്‍ അദ്ദേഹം പൂര്‍ണ്ണ വിജയം നേടി. ആരേയും മുഷിപ്പിക്കാതെ, ദൃഢതയോടുകൂടി, സഭാനടപടികള്‍ നിയന്ത്രിക്കുന്നതിലാണ് ഒരു സഭാധ്യക്ഷന്റെ വൈഭവം. ക്ഷമ, വിവേകം, തന്റേടം മുതലായ അസുലഭഗുണങ്ങള്‍ ഉള്ളവര്‍ക്കേ ഇതു സാധിക്കൂ. വജ്രംപോലെ കഠിനമായും പുഷ്പം പോലെ മൃദുവായും പെരുമാറുവാന്‍ സാധിക്കുന്നവരായിരിക്കണം നിയമസഭാ അദ്ധ്യക്ഷന്മാര്‍. സീതി സാഹിബിന് ഇതു സാധിച്ചിട്ടുണ്ട്. സ്പീക്കറായി ജോലിയിലിരിക്കുമ്പോള്‍ അന്തരിച്ചതിനാല്‍ മാത്രമല്ല, അത്യധികം വൈഭവത്തോടുകൂടി വിഷമംപിടിച്ച ആ ജോലി നിര്‍വ്വഹിച്ചതുകൊണ്ടും 'സ്പീക്കര്‍ സീതി സാഹിബ്' എന്ന് കേരളം എന്നും അദ്ദേഹത്തെ സ്മരിക്കും'' (സീതി സാഹിബ് സ്മാരക ഗ്രന്ഥം).
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്ലിംലീഗ് പുനരുജ്ജീവിപ്പിച്ചവരില്‍ പ്രമുഖനാണ് സീതി സാഹിബ്. അച്ചടക്കമുള്ള ഒരു വിദ്യാര്‍ത്ഥിസംഘം ലീഗിനു വേണമെന്ന അദ്ദേഹത്തിന്റെ സുചിന്തിത തീരുമാനമാണ് എം.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പിറവിക്കു കാരണമായത്. കരീം പറഞ്ഞതിലെ അര്‍ത്ഥതലം ഉള്‍ക്കൊണ്ടാണ് മഗ്രിബ് നമസ്‌കാരത്തിനു ഞങ്ങള്‍ പള്ളിയിലേക്ക് കയറിയത്.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com