സേട്ടു സാഹിബ് എന്ന ഇതിഹാസ ജീവിതം
By കെ.ടി. ജലീല്‍ | Published: 01st September 2022 03:03 PM |
Last Updated: 01st September 2022 03:03 PM | A+A A- |

'ചന്ദ്രിക' പത്രത്തിന്റെ മലപ്പുറം ജില്ലാ ചീഫായിരുന്ന സി.പി. സൈതലവിയെ കാണാന്‍ ഇടയ്ക്കിടെ പോകും. ലീഗ് നേതാക്കളുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മുഹമ്മദലി ശിഹാബ് തങ്ങളുടെ അടുപ്പക്കാരന്‍ എന്ന ഖ്യാതിയാണ് ഞങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ പ്രശസ്തനാക്കിയത്. തലമുതിര്‍ന്ന പല നേതാക്കളോടും ഒരിഞ്ചിന് കുറയാതെ സി.പി. കട്ടക്ക് നിന്നത് സംസ്ഥാന അദ്ധ്യക്ഷനുമായുള്ള സ്നേഹബന്ധത്തിന്റെ ആഴം കൊണ്ടാണ്. എം.എസ്.എഫ് ജില്ലാ ഭാരവാഹിയായ കോളേജിലെ എന്റെ സുഹൃത്ത് കരീമും മുനീറുമാണ് മലപ്പുറത്ത് കുന്നുമ്മലുള്ള ചന്ദ്രിക ഓഫീസില്‍ എന്നെ കൊണ്ടുപോയി പരിചയപ്പെടുത്തിയത്. പിന്നെ ഞാന്‍ അവിടുത്തെ സ്ഥിര അതിഥിയായി. ലീഗിന്റെ പഠന ക്യാമ്പുകള്‍ക്ക് സൈതലവി പോകുമ്പോള്‍ എന്നെയും കൂടെക്കൊണ്ടുപോയി. ജില്ലയിലെ പല ലീഗ് നേതാക്കളേയും പരിചയപ്പെട്ടത് അദ്ദേഹം മുഖേനയാണ്. ലീഗ് ചരിത്രം നന്നായി സൈതലവിക്ക് അറിയാം. ആരെയും കൂസാത്ത അദ്ദേഹത്തിന്റെ പ്രകൃതം മലപ്പുറവുമായി എന്നെ കൂടുതല്‍ അടുപ്പിച്ചു. പക്ഷേ, ആ ബന്ധം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ കണ്ടില്ല. അന്ന് മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റാണ് സൈതലവി. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന പല പരിപാടികളില്‍നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മാറ്റിനിര്‍ത്തപ്പെട്ടു. അതിനെ വെല്ലാന്‍ മലപ്പുറം ജില്ലയില്‍ സ്റ്റേറ്റ് കമ്മിറ്റി ചില പരിപാടികള്‍ നേരിട്ടു നടത്തി. താന്‍ കൈപിടിച്ച് ലീഗിലേക്ക് കൊണ്ടുവന്ന ഒരാള്‍ തന്റെ മുകളില്‍ പറക്കുന്നതിലുള്ള മന:പ്രയാസമാകാം അത്തരം നിലപാടുകളെടുക്കാന്‍ സി.പിയെ പ്രേരിപ്പിച്ചത്. മെമ്പര്‍ഷിപ്പില്ലാത്ത ലീഗുകാരനായാണ് ഒരിടവേളയ്ക്ക് ശേഷം പാര്‍ട്ടിയിലേക്ക് പുന:പ്രവേശിച്ച ആദ്യനാളുകളില്‍ കഴിഞ്ഞത്. എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി.വി. ഇബ്രാഹിം താല്പര്യമെടുത്ത് എന്നെ ജില്ലാകമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കലാവേദിയുടെ കണ്‍വീനറാക്കി. ലീഗിലെ എന്റെ പ്രഥമ സ്ഥാനാരോഹണം.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലി കോളേജ് ക്യാമ്പസില്‍ എത്തി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയത് ഓര്‍ക്കുന്നു. യോഗം കഴിഞ്ഞ് എന്നെ പ്രത്യേകം അദ്ദേഹം വിളിപ്പിച്ചു. എം.എസ്.എഫിലേക്ക് വന്നതില്‍ അഭിനന്ദിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധിയായി നോമിനേഷന്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മുന്‍ വര്‍ഷം നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിച്ച അബ്ദുല്‍ഹഖ് ആത്മാര്‍ത്ഥമായി എം.എസ്.എഫിലേക്കുള്ള എന്റെ രംഗപ്രവേശത്തെ പിന്തുണച്ചു. പുല്ലാണി കരീമും സി.വി. അബ്ദുറഹിമാനും എം.എസ്.എഫ് യോഗങ്ങളില്‍ എന്നെ മത്സരിച്ച് പങ്കെടുപ്പിച്ചു. ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപകന്‍ പുത്തൂര്‍ മുസ്തഫ സാര്‍ പാനൂരിലെ ലീഗ് യോഗങ്ങളില്‍ ക്ഷണിച്ചു കൊണ്ടുപോയി പ്രസംഗിപ്പിച്ചു. അദ്ദേഹം പിന്നീട് കല്ലിക്കണ്ടി കോളേജിലേക്ക് സ്ഥലം മാറിപ്പോയി. തലശ്ശേരിയിലും പരിസരത്തും 1989 കാലത്ത് നടന്ന പൊതുയോഗങ്ങളില്‍ ഞാനൊരു സ്ഥിരപ്രസംഗകനായിരുന്നു. ലീഗ് രാഷ്ട്രീയത്തിലെ എക്കാലത്തേയും മുടിചൂടാമന്നനായ സി.കെ.പി ചെറിയ മമ്മുക്കേയി സാഹിബ് മുന്‍കയ്യെടുത്താണ് ആ യോഗങ്ങളെല്ലാം സംഘടിപ്പിച്ചത്. തിരൂരങ്ങാടി കോളേജ് മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ സി.എച്ച്. ഇബ്രാഹിം ഹാജിയാണ് അദ്ദേഹത്തിന്റെ കാറില്‍ എന്നെ തലശ്ശേരിയിലേക്ക് കൊണ്ടുപോയത്. മുതിര്‍ന്ന ഒരുപാട് ലീഗ് നേതാക്കളെ പരിചയപ്പെട്ടത് വിവിധ ലീഗ് യോഗങ്ങളില്‍ പങ്കെടുത്ത കാലത്താണ്. ആ ബന്ധം പല നേതാക്കളുടേയും വിയോഗം വരെ തുടര്‍ന്നു. ജീവിച്ചിരിക്കുന്ന നേതാക്കളുമായുള്ള അടുപ്പം ഇന്നും തുടരുന്നു.
1920 മെയ് 10-നാണ് സി.കെ.പി ചെറിയ മമ്മുക്കേയി സാഹിബ് ജനിച്ചത്. 1994 ജൂണ്‍ 10-ന് മരിക്കുന്നതു വരെയുള്ള സംഭവബഹുലമായ അദ്ദേഹത്തിന്റെ ജീവിതം മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ സുവര്‍ണ്ണ ചരിത്രമാണ്. സമ്പന്നമായ കേയി കുടുംബത്തില്‍നിന്നും ചെറുപ്പത്തില്‍ ലീഗ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിര്‍ണ്ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയിലെ കിംഗ് മേക്കറായത് ചരിത്രം. സാധാരണ മനുഷ്യരുടെ സുഹൃത്തും സേവകനുമായ ഈ കുറിയ വലിയ മനുഷ്യന്‍ മറ്റുള്ളവരെ ജീവിപ്പിക്കാനാണ് തന്റെ ആയുഷ്‌കാലം ചെലവിട്ടത്.
അധികാര രാഷ്ട്രീയത്തോട് എന്നും അദ്ദേഹം അകലം പാലിച്ചു. സമൂഹത്തിന് ഉപകാരപ്രദമായ സഞ്ചാരവഴികള്‍ രൂപകല്പന ചെയ്ത കേയി സാഹിബ് സഞ്ചരിച്ച വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പാര്‍ട്ടി നേതൃപദവി അലങ്കാരമായല്ല ഭാരിച്ച ഉത്തരവാദിത്തമായാണ് അദ്ദേഹം കണ്ടത്. സംഘടനയിലൂടെ നേടിയെടുത്ത സ്ഥാനമാനങ്ങള്‍ പാര്‍ട്ടിയുടേയും ജനങ്ങളുടേയും താല്പര്യങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കേയി സാഹിബ് ചെയ്തില്ല. ഇക്കാരണത്താലാണ് സി.എച്ച്. മുഹമ്മദ് കോയാ സാഹിബ് ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കലഹിച്ചത്. മത്സരിക്കാനുള്ള നിര്‍ദ്ദേശങ്ങളും മന്ത്രിസ്ഥാന വാഗ്ദാനങ്ങളും അദ്ദേഹം നിരസിച്ചു. അതുകൊണ്ടുതന്നെയാണ് അധികാരം കയ്യാളിയവരെക്കാള്‍ വടക്കേ മലബാറിലെ ജനങ്ങള്‍ സുല്‍ത്താനായി കേയി സാഹിബിനെ കണ്ടത്.
ബാഫഖി തങ്ങള്‍, ഉപ്പി സാഹിബ്, പോക്കര്‍ സാഹിബ്, ഇസ്മായില്‍ സാഹിബ്, സീതി സാഹിബ് തുടങ്ങിയ ത്യാഗിവര്യന്‍മാരുമായി വല്ലാത്തൊരു ആത്മബന്ധമായിരുന്നു അദ്ദേഹത്തിന്.

സേട്ടുസാഹിബിന്റെ നിര്‍ണായക നിലപാടുകള്‍
എന്നെപ്പോലുള്ള രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവങ്ങളുടെ നിലവറയാണ് കേയി സാഹിബ് തുറന്നുതന്നത്. ലീഗ് പിളര്‍ന്ന ഘട്ടത്തില്‍ എം.കെ. ഹാജിയുടേയും സെയ്തുമ്മര്‍ തങ്ങളുടേയും പക്ഷത്താണ് കേയി സാഹിബ് നിന്നത്. സി.എച്ചും കേയി സാഹിബും തമ്മിലുള്ള വ്യക്തിപരമായ അകല്‍ച്ചയും ലീഗ് പിളര്‍പ്പിന് ആക്കം കൂട്ടിയതായാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ആസ്ഥാന ചരിത്രകാരന്മാരുടെ പ്രബലാഭിപ്രായം. തന്റെ സമ്പത്തും ശേഷിയും ലീഗിനായി വിറ്റുതീര്‍ത്ത കേയി സാഹിബ്, തന്റെ പിന്‍തലമുറക്കായി നാമമാത്ര സ്വത്ത് മാത്രമാണ് ബാക്കിവെച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട അഖിലേന്ത്യാ മുസ്ലിംലീഗിന്റെ നേതാക്കളേയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. അക്കൂട്ടത്തില്‍ കേയി സാഹിബും ഉണ്ടായിരുന്നു. ജയിലില്‍ തന്നോടൊപ്പമുണ്ടായിരുന്ന കേയി സാഹിബിനെ കുറിച്ചും സെയ്തുമ്മര്‍ തങ്ങളെക്കുറിച്ചും എ.വി. അബ്ദുറഹിമാനാജിയെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ വലിയ മതിപ്പാണ് പ്രകടിപ്പിക്കാറ്. മാപ്പെഴുതിക്കൊടുത്ത് പുറത്തുപോകാനുള്ള സാദ്ധ്യത ഉണ്ടായിരുന്നിട്ടും അവരാരും ആ വഴി തെരഞ്ഞെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ പഴയ ലീഗുകാരനെന്ന നിലയില്‍ എനിക്കഭിമാനമാണ് തോന്നിയത്.
പുത്തന്‍ തലമുറക്കാരെ പിശുക്കില്ലാതെ കേയി സാഹിബ് പ്രോത്സാഹിപ്പിച്ചു. ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ തലശ്ശേരിയില്‍ ചെല്ലുമ്പോള്‍ പേനയോ ഷര്‍ട്ടിന്റെ തുണിയോ മധുരപലഹാരങ്ങളോ അദ്ദേഹം സമ്മാനമായി നല്‍കും. വേണ്ടെന്നു പറഞ്ഞാല്‍ സ്നേഹത്തോടെ കോപിക്കും. ബാബരി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് സേട്ടു സാഹിബിന്റെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ ലീഗ് വിട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗുണ്ടാക്കിയപ്പോള്‍ കേയി സാഹിബ് ആ പക്ഷത്താണ് നിന്നത്. നാഷണല്‍ ലീഗിന്റെ പ്രഥമ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് കേയി സാഹിബാണ്. അദ്ദേഹത്തിന്റെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മുതിര്‍ന്ന നേതാക്കളോട് 90-കളില്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം കാണിച്ച അവഗണന കേയി സാഹിബിന്റെ മാറിച്ചിന്തയ്ക്ക് പ്രേരണയായി. ബീരാന്‍ സാഹിബ്, പി.എം. അബൂബക്കര്‍, സക്കറിയ സേട്ട് മുതലായവര്‍ മാറ്റിനിര്‍ത്തല്‍ പരിധിവിട്ടപ്പോള്‍ ലീഗിനോട് സലാം പറയേണ്ടി വന്നവരാണ്. കുറച്ചൊരു അവധാനത ലീഗ് നേതൃത്വം കാണിച്ചിരുന്നെങ്കില്‍ കേയി സാഹിബ് ഉള്‍പ്പെടെ പ്രമുഖരാരും ലീഗ് വിടുമായിരുന്നില്ല.

തിരൂരിലും വളാഞ്ചേരിയിലും പല സ്ഥലങ്ങളില്‍നിന്നും ലീഗിന്റേയും പോഷക സംഘടനകളുടേയും പ്രാദേശിക നേതാക്കള്‍ എന്നെ തേടിയെത്തി. സമ്മേളനങ്ങളിലേക്കും പഠന ക്യാമ്പുകളിലേക്കും പ്രസംഗിക്കാന്‍ ക്ഷണിക്കാനാണ് അവര്‍ വന്നത്. ഒരിക്കല്‍ എന്റെ പിതാവിന്റെ അടുത്തുചെന്ന് ജലീലിന്റെ ഉപ്പയല്ലേ എന്ന് ചോദിച്ചു. അല്ല, അവനെന്റെ മകനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗൃഹനാഥന്റെ പദവിയില്‍നിന്ന് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഉപ്പ ഇറങ്ങിനിന്നത് ഓര്‍ക്കുന്നില്ല. കുടുംബത്തില്‍ തീരുമാനമെടുക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും അദ്ദേഹം ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. ഉപ്പാക്ക് 86 വയസ്സായി. ഭക്ഷണം കഴിക്കുമ്പോള്‍ ഇരിക്കുക എന്നല്ലാതെ അദ്ദേഹത്തിന്റെ മുന്നില്‍ വീട്ടിലോ ഷോപ്പിലോ ഞാന്‍ ഇതുവരെ ഇരുന്നിട്ടില്ല. മന്ത്രിയായിരിക്കെ വീട്ടില്‍ ചെല്ലുമ്പോള്‍ ഉപ്പ പൂമുഖത്തുണ്ടെങ്കില്‍ 'സലാം' പറഞ്ഞ് ഞാന്‍ നേരെ ഉമ്മ ഇരിക്കുന്ന അടുക്കളയുടെ തൊട്ടടുത്ത റൂമിലേക്കാണ് പോവുക. ഗണ്‍മാനേയും ഡ്രൈവറേയും അദ്ദേഹം ഉമ്മറത്ത് കയറ്റിയിരുത്തും. ഞാന്‍ വീട്ടില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ വളാഞ്ചേരി അങ്ങാടിയിലേക്ക് ഉപ്പ പോകുന്നുണ്ടെങ്കില്‍ നിര്‍ബ്ബന്ധിച്ചാല്‍ കാറില്‍ കയറും. മുന്‍ സീറ്റിലാണ് സാധാരണ ഞാനിരിക്കാറ്. ഉപ്പ കയറുന്നുണ്ടെങ്കില്‍ ഞാന്‍ പതുക്കെ പിന്‍സീറ്റിലേക്ക് വലിയും. മന്ത്രിക്കാറോ എം.എല്‍.എ കാറോ ഏതായാലും താന്‍ മുന്നിലാണ് ഇരിക്കേണ്ടത് എന്ന മുഖഭാവത്തോടെയാണ് അദ്ദേഹം കയറുക. ആ അവകാശം അംഗീകരിച്ചു കൊടുക്കാന്‍ ഒരിക്കലും ഞാന്‍ മടിച്ചിട്ടില്ല. എന്റെ മൂന്ന് കുട്ടികള്‍ക്കും പേരിട്ടത് ഉപ്പയാണ്. ഭാര്യ പ്രസവിച്ചതറിഞ്ഞ് താമസിയാതെ എത്തുന്ന അദ്ദേഹം തോന്നുന്ന ഒരു പേര് കുട്ടിയെ വിളിക്കും. പിന്നെ അതാണ് പേര്. അങ്ങനെയാണ് അസ്മാ ബീവിയെന്നും മുഹമ്മദ് ഫാറൂക്കെന്നും സുമയ്യ ബീഗമെന്നും മക്കള്‍ക്ക് പേരുകള്‍ വന്നത്.
തിരൂരിലെ വല്ലിമ്മാനെ മാത്രമേ ഉപ്പ ഗൗനിച്ചിരുന്നുള്ളു. ഇത്താത്ത എന്നാണ് അദ്ദേഹം വല്ലിമ്മാനെ വിളിച്ചത്. ഉപ്പ എടുത്ത തീരുമാനത്തില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാനും പുനര്‍വിചിന്തനം നടത്തിക്കാനുമുള്ള വീറ്റോ പവര്‍ വളരെ സൂക്ഷിച്ചേ വല്ലിമ്മ ഉപയോഗിക്കുമായിരുന്നുള്ളൂ. ശാക്തിക രാഷ്ട്രങ്ങളുടെ തലവന്മാര്‍ തങ്ങളുടെ കയ്യിലുള്ള വീറ്റോ അധികാരം ഐക്യരാഷ്ട്രസഭയില്‍ പ്രയോഗിക്കാന്‍ കാണിക്കുന്ന സൂക്ഷ്മതയോളം വരും വല്ലിമ്മാന്റെ ഇടപെടലിലെ ജാഗ്രത. ഉപ്പാന്റെ ഉമ്മാനെ മാത്രമേ അദ്ദേഹം പേടിച്ചിരുന്നുള്ളൂ എന്ന് അമ്മായിമാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇടഞ്ഞ കൊമ്പന്‍ ഒന്നാം പാപ്പാന്റെ മുന്നില്‍ മെരുങ്ങുന്നതു പോലെയാണ് ദേഷ്യം പിടിച്ച് കലിതുള്ളുന്ന ഉപ്പ പലപ്പോഴും ഒതുങ്ങിയത്. ചെറുപ്പം മുതല്‍ കുടുംബം പോറ്റാന്‍ അദ്ദേഹം അധ്വാനം തുടങ്ങിയിരുന്നു. കഷ്ടപ്പാടും പട്ടിണിയും ജീവിത പ്രയാസങ്ങളുമാകണം ഉപ്പാനെ ലളിതജീവിതം നയിക്കുന്നവനും പരുക്കനുമാക്കിയത്. പറയുന്നതെന്തോ അത് പ്രാവര്‍ത്തികമാക്കിയ ഉപ്പയുടെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സന്ദേശം. പതിനാറാം വയസ്സില്‍ മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാന്‍ പോയപ്പോള്‍ വില്‍ക്കാന്‍ വെച്ച മത്സ്യങ്ങളുടെ മുകളിലൂടെ പുഴു അരിക്കുന്നത് കണ്ടു. അതിനുശേഷം മത്സ്യവും മാംസവും കഴിക്കുന്നത് എന്നന്നേക്കുമായി ഉപ്പ നിര്‍ത്തി. പിന്നെ ശുദ്ധ സസ്യഭുക്കായി.

ഞാന്‍ എം.എ വിദ്യാര്‍ത്ഥിയായ സമയം. ഓഫീസ് സൂപ്രണ്ട് കോയാമാക്ക കുറിപ്പ് കൊടുത്തയച്ച് ക്ലാസ്സില്‍നിന്ന് എന്നെ വിളിപ്പിച്ചു. കാര്യമറിയാനുള്ള ജിജ്ഞാസയോടെ ഓടിക്കിതച്ചെത്തി. ''കുഞ്ഞാതു ഹാജി അടിയന്തരമായി ബന്ധപ്പെടാന്‍ പറഞ്ഞു.'' ഇതു പറഞ്ഞ് കോയാമാക്ക ഫോണ്‍ എടുത്ത് കറക്കി എന്റെ കയ്യില്‍ തന്നു. എന്തിനാണ് വിളിച്ചതെന്നറിയാത്തതിനാല്‍ ഉള്ളില്‍ അല്പം ഭയമുണ്ടായിരുന്നു. ഞാനാണെന്നറിഞ്ഞ ഹാജി പരുത്ത ശബ്ദത്തില്‍ പറഞ്ഞു: ''വാഴക്കാട്ട് ഇന്ന് സേട്ടു സാഹിബ് വരുന്നുണ്ട്. പരിഭാഷയ്ക്ക് ആരുമില്ല. നിങ്ങളൊന്ന് പോകണം. കാക്ക (ജ്യേഷ്ഠന്‍ സി.എച്ച്. ഇബ്രാഹിം ഹാജി) വണ്ടിയുമായി വരും. കൂടെ പോയാല്‍ മതി.'' അദ്ദേഹം ഫോണ്‍ വെച്ചു. ഞാനാകെ പകച്ചുനിന്നു. എന്റെ ഭയപ്പാട് കണ്ട് കോയാമാക്ക വിവരം ചോദിച്ചു. ''സേട്ടു സാഹിബിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യണമെന്നാ കുഞ്ഞാതു ഹാജി പറഞ്ഞത്. എനിക്ക് പേടിയാണ്. ജീവിതത്തില്‍ ഇതുവരെ ആരുടേയും ഇംഗ്ലിഷ് പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടില്ല.'' എന്റെ ആശങ്ക പങ്കുവെച്ചു. ഇതു കേട്ട കോയാമാക്ക ധൈര്യം തന്നു: ''പെറ്റ് വീഴുമ്പോ ഇതാരെങ്കിലും പരിശീലിച്ചിട്ടാ വരുന്നത്. ഇങ്ങിനെയൊക്കെത്തന്നെയാണ് പഠിക്ക്യാ.'' ഞാനൊന്നും മിണ്ടിയില്ല. മനസ്സ് നിറയെ ഒരുതരം ആധിയായിരുന്നു. വിവരം രഹസ്യമാക്കിവെച്ചു. സഹപാഠികള്‍ അറിഞ്ഞാല്‍ പരിപാടിക്കു വന്ന് പരിഭാഷയിലെ തെറ്റുകള്‍ മനസ്സിലാക്കുമോ എന്നതായിരുന്നു എന്റെ ഭയം. പറഞ്ഞതുപോലെ വൈകുന്നേരം അഞ്ചുമണിക്ക് ഇബ്രാഹിം ഹാജി കാറുമായി വന്നു. ഞാന്‍ കൂടെപ്പോയി. അദ്ദേഹം പലതും സംസാരിച്ചു. എല്ലാം മൂളിക്കേട്ടു. അധികമൊന്നും പ്രതികരിച്ചില്ല. എന്റെ മനസ്സ് മുഴുവന്‍ സേട്ടു സാഹിബിന്റെ പ്രസംഗ പരിഭാഷയില്‍ അലഞ്ഞുനടന്നു.
സേട്ടു സാഹിബിന്റെ ഇംഗ്ലീഷ് പ്രസംഗം സാധാരണക്കാരായ ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശകരമാക്കിയത് അബ്ദുസമദ് സമദാനിയുടെ മനോഹരമായ പരിഭാഷയാണ്. ആ സ്ഥാനത്തേക്കാണ് ഒരു വിദ്യാര്‍ത്ഥി പയ്യന്‍ ചെല്ലുന്നത്. വാഴക്കാട്ട് എത്തിയതറിഞ്ഞില്ല. എന്റെ മുഖത്ത് പരിഭ്രാന്തി വര്‍ദ്ധിച്ചു. ഇതു കണ്ടിട്ടാവണം ഇബ്രാഹിം ഹാജി പറഞ്ഞു: ''പേടിക്കണ്ട. നിനക്ക് മനസ്സിലായത് നീ പറഞ്ഞാല്‍ മതി. ഞാന്‍ സേട്ടു സാഹിബിനോട് പറയാം, നിര്‍ത്തി നിര്‍ത്തി പ്രസംഗിക്കാന്‍.'' അത് കേട്ടപ്പോഴാണ് ശരിയാംവണ്ണം ശ്വാസം വീണത്. തൊട്ടടുത്ത പള്ളിയില്‍നിന്ന് മഗ്രിബ് നമസ്‌കരിച്ച് ഞങ്ങള്‍ നേരെ സ്റ്റേജിലേക്ക് ചെന്നു. മുന്‍നിരയില്‍ത്തന്നെ സംഘാടകര്‍ സീറ്റ് തന്നു. സമ്മേളനത്തിന് നല്ല ആള്‍ക്കൂട്ടമായിരുന്നു. സേട്ടു സാഹിബിനെ കാണാനും കേള്‍ക്കാനും മലബാറില്‍ നല്ല ജനം തടിച്ചുകൂടും. ഉദ്ദേശ്യം എട്ടുമണിക്ക് സേട്ടു സാഹിബ് എത്തി. ആരവങ്ങളോടെ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് മുദ്രാവാക്യം മുഴക്കി ആനയിച്ചു. ചെകിടടിപ്പിക്കുന്ന കയ്യടികള്‍ക്കിടയില്‍ അദ്ദേഹം ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. പിന്നെ പതുക്കെ കസേരയിലിരുന്നു. ആദ്യമായാണ് സേട്ടു സാഹിബിനെ ഇത്ര അടുത്ത് കാണുന്നത്. ഇബ്രാഹിം ഹാജി ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തുചെന്ന് ചെവിയില്‍ എന്തോ മന്ത്രിച്ചു. എന്നിട്ടെന്നെ കൈമാടി വിളിച്ചു. വിറച്ച് വിറച്ച് ഞാന്‍ അവരുടെ അരികിലെത്തി. 'Mr Jaleel, you are myt ranslator today' എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് കൈ തന്നു. പേടി മാറാത്ത മുഖത്തോടെ ഇരുകൈകളും കൊണ്ട് അദ്ദേഹത്തിന്റെ കരം ഗ്രഹിച്ചു. എന്തോ മനസ്സിനൊരു സമാധാനം കിട്ടിയപോലെ. മിനുട്ടുകള്‍ക്കുള്ളില്‍ സേട്ടു സാഹിബ് പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടു. കൂടെ പരിഭാഷകനായി ഞാനും. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവുമെല്ലാം അദ്ദേഹം ഗംഭീരമായി പ്രസംഗിച്ചു. എനിക്കാവുംവിധം പരിഭാഷപ്പെടുത്തി. ജനം കയ്യടിച്ച് 'കുട്ടിപരിഭാഷകനെ' പ്രോത്സാഹിപ്പിച്ചു. പ്രസംഗവും പരിഭാഷയും ഏതാണ്ട് ഒന്നര മണിക്കൂര്‍ നീണ്ടു. പ്രസംഗാവസാനം സേട്ടു സാഹിബ് എന്നെ അഭിനന്ദിച്ചു. അന്ന് തുടങ്ങിയതാണ് സേട്ടു സാഹിബുമായുള്ള ബന്ധം. അദ്ദേഹത്തിന്റെ വിയോഗം വരെ അത് തുടര്‍ന്നു. പല വേദികളിലും ഞാനദ്ദേഹത്തിന്റെ പരിഭാഷകനായി. ഒരുപാട് ഒരുമിച്ച് യാത്ര ചെയ്തു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ദിവസങ്ങള്‍ താമസിച്ചു. മുസ്ലിംലീഗ് വിട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉണ്ടാക്കിയപ്പോള്‍ കൂടെ പോകാത്തതില്‍ അദ്ദേഹത്തിനു പ്രയാസം തോന്നിക്കാണും. സമദാനിയേയും എന്നെയുമൊക്കെ അദ്ദേഹം പ്രതീക്ഷിച്ചിരിക്കണം. സേട്ടു സാഹിബിനോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല കൊരമ്പയില്‍ അഹമ്മദാജിയോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടുകൂടിയാണ് അത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നത്. മുസ്ലിം ലീഗിന്റെ സ്ഥിര വിമര്‍ശകരായിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് അദ്ദേഹമെന്ന വിമര്‍ശനം പലര്‍ക്കുമെന്നപോലെ എനിക്കുമുണ്ടായിരുന്നു. അവര്‍ പറയുന്നത് കേട്ട് പോയാല്‍ അദ്ദേഹം കുഴിയില്‍ വീഴും എന്ന് മനസ്സ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും അവരുടെ പ്രസിദ്ധീകരണങ്ങളും ഒരു ഘട്ടം വരെ പ്രോത്സാഹിപ്പിക്കും. അതുകഴിഞ്ഞാല്‍ വഴിയിലുപേക്ഷിക്കും. പൂര്‍ണ്ണമായും ജമാഅത്തിന് കീഴൊതുങ്ങി നിന്നാലെ മറിച്ചൊരു നിലപാട് പ്രതീക്ഷിക്കാനാകൂ. സേട്ടു സാഹിബിന് അവരുടെയെന്നല്ല ആരുടേയും വളയത്തില്‍ നില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ മുസ്ലിങ്ങളിലെ എല്ലാ അവാന്തര വിഭാഗങ്ങളും അംഗീകരിച്ചത്. സുന്നികളും മുജാഹിദുകാരും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും ജമാഅത്തെ ഇസ്ലാമിയും തബ്ലീഗ് ജമാഅത്തും അഹ് ലേ ഹദീസും ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദും എല്ലാം.

സേട്ടു സാഹിബിനെ അടുത്തറിയാന്‍ എനിക്ക് നിരവധി അവസരങ്ങള്‍ കിട്ടി. ''ഒരാളെ അറിയാന്‍ അയാളുടെ കൂടെ യാത്ര ചെയ്ത് നോക്കാനാണ്'' പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞത്. ആ നിലയില്‍ മനസ്സിലാക്കിയ സേട്ടു സാഹിബിനെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. നിസ്വാര്‍ത്ഥനും നിഷ്‌കളങ്കനുമായ നേതാവായിരുന്നു അദ്ദേഹം. സഹോദര മതസ്ഥരോട് മാന്യമായി പെരുമാറി. അവരെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി സമീപിച്ചാല്‍ പെട്ടെന്ന് നിവര്‍ത്തിക്കാന്‍ ശ്രമിച്ചു. ഉത്തരേന്ത്യന്‍ രാഷ്ട്രീയവും അവിടുത്തെ മുസ്ലിങ്ങളുടെ പതിതാവസ്ഥയും കണ്ടാകണം പൊതുവെ ഒരു കോണ്‍ഗ്രസ് വിരുദ്ധ മനസ്സായിരുന്നു സേട്ടു സാഹിബിന്.
കോണ്‍ഗ്രസ് ഭരണം നിലനിന്നിരുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ കൊടുമ്പിരികൊണ്ടപ്പോഴൊക്കെ അദ്ദേഹം അവിടങ്ങളില്‍ ഓടിയെത്തി. ഭഗത്പൂരിലും ജംഷഡ്പൂരിലും മൊറാദാബാദിലും ഭീവണ്ടിയിലും താനെയിലും വര്‍ഗ്ഗീയക്കോമരങ്ങള്‍ തിമിര്‍ത്താടിയപ്പോള്‍ ഇരകളുടെ കണ്ണീരൊപ്പാന്‍ സമാശ്വാസത്തിന്റെ കൈലേസുമായി ചെന്നു. ജീവഹാനിയും കഷ്ടനഷ്ടങ്ങളും സംഭവിച്ച ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ശബ്ദം അധികാര കേന്ദ്രങ്ങളില്‍ മാറ്റൊലി കൊള്ളിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ന്യൂനപക്ഷ വേട്ടകളെ സംബന്ധിച്ച് സംസാരിക്കവെ പൊട്ടിത്തെറിച്ചു. അവരെ രൂക്ഷമായി വിമര്‍ശിച്ചു. കലാപങ്ങള്‍ക്ക് ഇരയായവരുടെ വേദനകള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും സേട്ടു സാഹിബ് പ്രകമ്പനം കൊള്ളിച്ചു. 'ഡെക്കാന്‍ ഹെറാള്‍ഡി'ല്‍ പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണിനെ ചൊല്ലി ബാംഗ്ലൂരില്‍ കലാപമുണ്ടായപ്പോള്‍ അവിടെയും കുതിച്ചെത്തി. പൊലീസ് വെടിവെയ്പില്‍ പരിക്കേറ്റവരെ സമാശ്വസിപ്പിച്ചു.
യു.പിയില്‍ അര്‍ദ്ധസൈനിക വിഭാഗമായ പി.എ.സി (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി) മുസ്ലിം ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി നദിക്കരയില്‍ വരിക്കു നിര്‍ത്തി വെടിവെച്ച് നദിയിലൊഴുക്കിയ പൈശാചികത മനസ്സാക്ഷിയെ നടുക്കിയ സംഭവമാണ്. അവിടെയും അദ്ദേഹം കുതിച്ചെത്തി. സോഷ്യല്‍ മീഡിയകള്‍ ഇല്ലാത്ത കാലത്ത് ഉത്തരേന്ത്യന്‍ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ബീഭത്സമുഖം കേരളക്കര അറിഞ്ഞത് സേട്ടു സാഹിബിന്റെ ഹൃദയം പൊട്ടിയുള്ള പ്രസംഗങ്ങളിലൂടെയാണ്. കേരളത്തില്‍ മുസ്ലിംലീഗ് കോണ്‍ഗ്രസ് മുന്നണിയില്‍ ആയിരുന്നതിനാല്‍ സേട്ടു സാഹിബ് ഇവിടെ വന്ന് കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നതില്‍ സംസ്ഥാന ലീഗ് നേതാക്കള്‍ക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. പരമാവധി അദ്ദേഹത്തിന്റെ വേദികള്‍ കുറക്കാന്‍ ശ്രമിച്ചു. പക്ഷേ, ജനങ്ങള്‍ സേട്ടു സാഹിബിനെ കൈവിട്ടില്ല. അവര്‍ അദ്ദേഹത്തെ എല്ലാ സ്ഥലത്തേക്കും ക്ഷണിച്ചു. പള്ളി ഉദ്ഘാടനങ്ങള്‍ക്കുപോലും. കാഞ്ഞങ്ങാട് അത്തരമൊരു പരിപാടിയില്‍ പരിഭാഷകനായി പോയത് ഓര്‍മ്മയിലുണ്ട്. ആളുകള്‍ സേട്ടു സാഹിബിനെ സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ചു.

ശിലാന്യാസവും ലീഗ് പിളര്‍പ്പും
തര്‍ക്കഭൂമിയില്‍ ശിലാന്യാസം നടത്താന്‍ രാജീവ് ഗാന്ധി അനുമതി നല്‍കിയത് അദ്ദേഹത്തെ അങ്ങേയറ്റം വേദനിപ്പിച്ചു. കോണ്‍ഗ്രസ് ചെയ്ത കൊടുംചതിക്കെതിരെ സേട്ടു സാഹിബ് ആഞ്ഞടിച്ചു. സാധാരണ ലീഗ് പ്രവര്‍ത്തകരും മുസ്ലിം സമുദായവും അതേറ്റെടുത്തു. നാനാഭാഗങ്ങളില്‍നിന്നും സമ്മര്‍ദ്ദം ഏറിവന്നപ്പോള്‍ സേട്ടു സാഹിബിന്റെ ശക്തമായ ആവശ്യത്തിനു വഴങ്ങി ലീഗ് കോണ്‍ഗ്രസ് മുന്നണി വിട്ടു. ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗ് രഹസ്യമായി അദ്ദേഹത്തെ പിന്തുണച്ചു. ഞാനുള്‍പ്പെടെ വലിയൊരു ശതമാനം ആളുകള്‍ മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ പക്ഷത്തായിരുന്നു. മുന്നണി വിട്ട ലീഗിനെ കൂടെക്കൂട്ടാന്‍ ഇടതുപക്ഷം ഒരുക്കമല്ലായിരുന്നു. ലീഗ് കുറച്ചുകാലം ഒറ്റയ്ക്ക് നില്‍ക്കട്ടേ എന്നാണ് ഇടതുപക്ഷ മുന്നണി പറഞ്ഞത്. ആത്മാര്‍ത്ഥത തെളിയിക്കാനുള്ള ഒരു ചെറിയ കാലാവധി. സംസ്ഥാനത്തെ ലീഗ് നേതാക്കള്‍ക്ക് പക്ഷേ, ഒട്ടും കാത്തുനില്‍ക്കാന്‍ സമയമില്ലായിരുന്നു. അധികാരം വിട്ടൊഴിയാനുള്ള വൈമനസ്യം വേറെയും. ഒറ്റപ്പെടുത്തി ലീഗിനെ ഇല്ലാതാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നു എന്ന ന്യായം മുസ്ലിം സമുദായത്തിനിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ലീഗ് വിജയിച്ചു. ശിലാന്യാസ വിഷയത്തില്‍ ഒരൊത്തുതീര്‍പ്പിന് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ അഹമ്മദ് സാഹിബും കുഞ്ഞാലിക്കുട്ടിയും രംഗത്തിറക്കി. ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഒരിക്കലും നടക്കാത്ത ഒരുറപ്പും വാങ്ങിച്ചു. പ്രശ്നം രമ്യതയിലെത്തിയതായി സംസ്ഥാന ലീഗ് ഘടകം പ്രഖ്യാപിച്ചു. വീണ്ടും യു.ഡി.എഫ് മുന്നണിയിലേക്ക് മുസ്ലിംലീഗ് തിരികെപ്പോയി. മുന്നണി വിട്ട കാരണങ്ങള്‍ വിശദീകരിക്കാന്‍ യൂത്ത് ലീഗ് തുടങ്ങിയ ജാഥ പകുതിക്കു വെച്ച് അവസാനിപ്പിച്ചു. സാധാരണ ലീഗ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം അടിയറവെയ്ക്കപ്പെട്ട ശപിക്കപ്പെട്ട ദിനരാത്രങ്ങള്‍. ചൂടും പുകയും പൊട്ടലും ചീറ്റലും അധിക ദിവസം നീണ്ടുനിന്നില്ല. പൊതുജനങ്ങളുടെ ഓര്‍മ്മയ്ക്ക് ആയുസ്സ് കുറവാണല്ലോ? തട്ടിക്കൂട്ടി പഴുപ്പിച്ചപോലെ ഒരു രസമില്ലായ്മ ലീഗ് പ്രവര്‍ത്തകരില്‍ പുകഞ്ഞുനിന്നു. അതാണ് പില്‍ക്കാലത്ത് ലീഗ് വിടാനും ഐ.എന്‍.എല്‍ രൂപീകരിക്കാനുമുള്ള തീരുമാനത്തിലേക്ക് സേട്ടു സാഹിബിനെ നയിച്ചത്.
1992 ഡിസംബര്‍ 6. സ്വതന്ത്ര ഇന്ത്യയിലെ കറുത്ത ദിനം. ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങളില്‍ അന്ന് കാവിക്കൊടി പാറി. നിമിഷങ്ങള്‍ക്കുള്ളില്‍ 800 വര്‍ഷം പഴക്കമുള്ള മസ്ജിദ് നിലംപൊത്തി. ലോകം ഞെട്ടി. ഇന്ത്യ വിറങ്ങലിച്ചു നിന്നു. പിന്നെ കലാപങ്ങളുടെ നാളുകളാണ് വന്നണഞ്ഞത്. ന്യൂനപക്ഷ വിരുദ്ധ വേട്ട ലീഗ് രാഷ്ട്രീയത്തിലും സേട്ടു സാഹിബിന്റെ ജീവിതത്തിലും വഴിത്തിരിവുകളായി. കേരളത്തിലെ ഭരണ-സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് ലീഗ് പാര്‍ട്ടിയെ കൂടെ നിര്‍ത്തുന്നതില്‍ സംസ്ഥാന നേതൃത്വം വിജയിച്ചു. ലീഗ് നേതാവ് എന്ന പുറംതോട് പൊട്ടിച്ച് സേട്ടു സാഹിബ് ഇന്ത്യയിലെ മുഴുവന്‍ മുസ്ലിം ജനസാമാന്യത്തിന്റേയും അമരക്കാരനായി. സേട്ടു സാഹിബിന്റെ പോക്ക് ലീഗിനെ ദുര്‍ബ്ബലമാക്കുമെന്ന് കേരള സംസ്ഥാന കമ്മിറ്റി വിലയിരുത്തി. അദ്ദേഹത്തിന്റെ തീവ്രനിലപാടുകള്‍ കേരളത്തിന്റെ പൊതു അന്തരീക്ഷത്തിനു യോജിച്ചതല്ലെന്ന ചിന്ത ലീഗ് പ്രവര്‍ത്തകരിലും പൊതുസമൂഹത്തിലും ബലപ്പെടുത്താന്‍ പ്രചരണ പരിപാടികള്‍ക്കു രൂപം നല്‍കി. അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് സേട്ടു സാഹിബിനെ നീക്കാന്‍ സമര്‍ത്ഥമായി കരുക്കള്‍ നീക്കി. മുസ്ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി ഡല്‍ഹിയില്‍ ചേര്‍ന്നു. ആസൂത്രിതവും ബുദ്ധിപരവുമായ നീക്കത്തിലൂടെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സേട്ടു സാഹിബിനെ നീക്കി. പകരം ജി.എം. ബനാത്ത് വാലയെ ദേശീയ അദ്ധ്യക്ഷനാക്കി.
പതിറ്റാണ്ടുകള്‍ തന്റെ സഹപ്രവര്‍ത്തകനായ ബനാത്ത് വാല ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് സേട്ടു സാഹിബ് നിനച്ചിരിക്കില്ല. സുലൈമാന്‍ സേട്ടിനെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനാക്കി. ഇതില്‍ ക്ഷുഭിതരായ അഖിലേന്ത്യാ കമ്മിറ്റിയിലെ സേട്ട് അനുകൂലികള്‍ ഇറങ്ങിപ്പോരാന്‍ അദ്ദേഹത്തെ നിര്‍ബ്ബന്ധിച്ചു. അപമാനിതനായ സേട്ടു സാഹിബ് മനമില്ലാ മനസ്സോടെ കൂടെ നിന്നവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി. ദുഃഖം ഖനീഭവിച്ച ഹൃദയത്തോടെ അദ്ദേഹം മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ പടിയിറങ്ങി. ലീഗ് ചരിത്രത്തിന്റെ വര്‍ണ്ണാഭമായ ഒരു യുഗം അവിടെ അവസാനിച്ചു.
സേട്ടു സാഹിബ് തന്റെ അനുയായികളെ ചേര്‍ത്ത് ഇന്ത്യന്‍ നാഷണല്‍ ലീഗെന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തോട് വിയോജിച്ചു നിന്നിരുന്ന ചെറിയ മമ്മുക്കേയി സാഹിബും പി.എം. അബൂബക്കറും യു.എ. ബീരാന്‍ സാഹിബും സക്കറിയാ സേട്ടും ഉള്‍പ്പെടെ പല പ്രമുഖരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. അണികളിലും നല്ലൊരു ശതമാനം മനസ്സുകൊണ്ട് കൂടെ നിന്നു. കേരളത്തില്‍ മുന്നണി രാഷ്ട്രീയം വേരോടിയ സാഹചര്യത്തില്‍ ഒറ്റയ്ക്ക് ഒരു പാര്‍ട്ടിക്കും നില്‍ക്കാനാവില്ലല്ലോ. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി സി.പി.ഐ.എം കേന്ദ്ര നേതാക്കളെ പലവട്ടം കണ്ട് സേട്ടു സാഹിബ് ചര്‍ച്ച നടത്തി. കേരളത്തിലെ ഇടതു നേതാക്കളേയും നിരന്തരം സമീപിച്ചു. എല്ലാവരും ഐ.എന്‍.എല്ലിനെ മുന്നണിയിലെടുക്കാന്‍ പ്രത്യക്ഷത്തില്‍ താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍, അഭിപ്രായ ഐക്യത്തിലെത്താന്‍ മുന്നണിക്കായില്ല. ഐ.എന്‍.എല്ലിന്റെ മുന്നണി പ്രവേശം വൈകിയപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ട് നല്ലൊരു ശതമാനം ആളുകളും നേതാക്കളും പതുക്കെ പിന്‍വാങ്ങി. വാര്‍ധക്യത്തിലെത്തിയ നേഷണല്‍ ലീഗ് നേതൃനിരയില്‍ പുതുതലമുറ പ്രതീക്ഷയര്‍പ്പിച്ചുമില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള യാത്രയില്‍ സേട്ടു സാഹിബ് ഒറ്റപ്പെട്ടു. ഐ.എന്‍.എല്ലിനെ അതിന്റെ രൂപീകരണത്തിനു തൊട്ടുപിറകെ ഇടതുമുന്നണിയുടെ ഭാഗമാക്കിയിരുന്നെങ്കില്‍ മുസ്ലിംലീഗ് നെടുകെ പിളര്‍ന്നേനെ. മതാഭിമുഖ്യമുള്ള മുസ്ലിങ്ങളിലെ മോശമല്ലാത്ത ഒരു വിഭാഗത്തെ ഇടതു അനുകൂലികളാക്കാനും സാധിച്ചേനെ. പക്ഷേ, ഒന്നും നടന്നില്ല. നീണ്ട നാലര പതിറ്റാണ്ട് ദേശീയ രാഷ്ട്രീയത്തിലും ലീഗ് രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന സേട്ടു സാഹിബ് ബീജാവാപം നല്‍കിയ പാര്‍ട്ടി മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ പിന്നെയും സമയമെടുത്തു. ആറ്റുനോറ്റു കിട്ടിയ മുന്നണി പ്രവേശം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഇടതു പ്ലാറ്റ്ഫോമായി പ്രയോജപ്പെടുത്താന്‍ അവര്‍ക്കായോ എന്ന് സംശയം. ഒന്നായി നില്‍ക്കേണ്ട സാഹചര്യത്തില്‍ രണ്ടു കഷണമാകാന്‍ തീരുമാനിച്ചത് പണ്ടേ ദുര്‍ബ്ബല പിന്നെ ഗര്‍ഭിണി എന്നു പറഞ്ഞപോലെയായി. പിണങ്ങിപ്പിരിഞ്ഞു പോയവര്‍ ഒന്നിച്ചുനിന്ന് മുസ്ലിംലീഗ് കൂടുകൂട്ടിയ ഹൃദയങ്ങളിലേക്ക് സേട്ടു സാഹിബിന്റെ ആദര്‍ശങ്ങളും ഓര്‍മ്മകളും വഹിച്ച് ഇരച്ചുകയറാന്‍ ഇനിയും സമയം വൈകാതെ നോക്കണം. സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല. സമുദ്രത്തോട് ചേരുന്ന കുഞ്ഞോളങ്ങളുടെ ശക്തി നദിയിലൂടെ ഒഴുകുന്ന വെള്ളത്തുള്ളികള്‍ക്ക് ഉണ്ടാവില്ലല്ലോ?

സാഹിബ്
മൈസൂരില്‍നിന്ന് ബംഗ്ലൂരുവില്‍ സ്ഥിരതാമസമാക്കിയ ഒരു സമ്പന്ന വ്യാപാരകുടുംബത്തിലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ജനിച്ചത്. പിതാവ് മുഹമ്മദ് സുലൈമാന്‍ വിവാഹം കഴിച്ചത് തലശ്ശേരി സ്വദേശിനിയായ സൈനബ് ബായിയെ. 1937-ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കവേ പിതാവ് മുഹമ്മദ് സുലൈമാന്‍ മരണപ്പെട്ടു. അതോടെ തുടര്‍പഠനം ബംഗ്ലൂരിലെ സെന്റ് ജോസഫ് ഹൈസ്‌കൂളിലേക്ക് മാറ്റേണ്ടിവന്നു. സെന്റ് ജോസഫ് കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദം നേടി. സര്‍ക്കാര്‍ ജോലിക്കാര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തലാക്കിയപ്പോള്‍ അദ്ധ്യാപക ജോലി ഇബ്രാഹിം സുലൈമാന്‍ സേട്ട് രാജിവച്ചു. 1949 ആഗസ്റ്റ് 7-ന് മട്ടാഞ്ചേരിക്കാരിയായ ബീഗം യാസ്മിനെ അദ്ദേഹം സഹധര്‍മ്മിണിയാക്കി. മൈസൂര്‍ സിറ്റി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ആയാണ് രാഷ്ട്രീയ രംഗത്ത് സേട്ട് സാഹിബിന്റെ രംഗപ്രവേശം. 1952-ല്‍ എറണാകുളം ടൗണ്‍ മുസ്ലിംലീഗ് പ്രസിഡന്റായി. 1956-ല്‍ കേരള സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ ട്രഷററായി. 1961 മുതല്‍ 1973 വരെ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി.
1973-ല്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ മരണപ്പെട്ടപ്പോള്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെടാന്‍ സേട്ടു സാഹിബല്ലാതെ മറ്റൊരു പേര് ഉണ്ടായിരുന്നില്ല.
ഇസ്മായില്‍ സാഹിബിനു ശേഷം ദേശീയ തലത്തില്‍ മുസ്ലിം ലീഗിനെ നയിക്കാന്‍ പ്രാപ്തനായ ഭാഷാനൈപുണ്യമുള്ള ഒരാള്‍ വേണമെന്ന ക്രാന്തദര്‍ശിയായ കെ.എം. സീതി സാഹിബിന്റെ കണ്ടെത്തലാണ് സേട്ട് സാഹിബ് എന്ന പ്രതിഭാധനന്‍. 1994 ഫെബ്രുവരി ആറാം തീയതി പ്രസ്തുത പദവിയില്‍നിന്ന് പുറത്താക്കുന്നത് വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
സേട്ടു സാഹിബിന്റെ പാര്‍ലമെന്ററി പ്രവത്തനം സുദീര്‍ഘമാണ്. 1960 ഏപ്രില്‍ 3 മുതല്‍ 1966 ഏപ്രില്‍ 2 വരെ അദ്ദേഹം രാജ്യസഭാംഗമായി. കേരളത്തില്‍നിന്നുള്ള മുസ്ലിം ലീഗിന്റെ ആദ്യ രാജ്യസഭാംഗം. 1967-ലെ നാലാം ലോകസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് 81,873 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തി. 1971-ലെ അഞ്ചാം ലോകസഭ തെരഞ്ഞെടുപ്പിലും കോഴിക്കോട് നിന്ന് 72,076 വോട്ടിന് ജയിച്ച് രണ്ടാമതും പാര്‍ലമെന്റിലെത്തി. 1977-ലെ ആറാം ലോകസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്നാണ് മത്സരിച്ചത്. 97,201 വോട്ടിന് വിജയക്കൊടി പാറിച്ച് മൂന്നാമതും എം.പിയായി. 1980-ലെ ഏഴാം ലോകസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍നിന്ന് 34,581 വോട്ടിന് ജയിച്ച് നാലാം തവണയും പാര്‍ലമെന്റ് അംഗമായി. 1984-ലെ എട്ടാം ലോകസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നുതന്നെ 71,175 വോട്ടിനു വിജയിച്ച സേട്ടു സാഹിബ് അഞ്ചാം തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 1989-ലെ ഒന്‍പതാം ലോകസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ 70,282 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച അദ്ദേഹം ആറാം തവണയും ലോകസഭയിലെത്തി. 1991-ലെ പത്താം ലോകസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍നിന്നാണ് മത്സരിച്ചത്. 95,706 വോട്ടിനു ജയിച്ച് ഏഴാം തവണ തുടര്‍ച്ചയായി പാര്‍ലമെന്റില്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരസിംഹ റാവു വരെയുള്ള പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ സേട്ടു സാഹിബ് ദേശീയ തലത്തില്‍ മുസ്ലിം ലീഗിന്റെ മുഖമായാണ് അറിയപ്പെട്ടത്. സേട്ടില്ലാത്ത കാലം ലീഗിന്റെ മുഖം അത്ര തിളങ്ങിയില്ലെന്നത് ചരിത്രം. മുസ്ലിം ന്യൂനപക്ഷങ്ങളുടേയും രാജ്യത്തിന്റേയും താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപാധിയായാണ് അദ്ദേഹം സംഘടനാപ്രവര്‍ത്തനത്തെ കണ്ടത്. ജനങ്ങള്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിനെ സ്നേഹത്തോടെ സമുദായത്തിന്റെ തോഴന്‍ എന്ന അര്‍ത്ഥത്തില്‍ 'മഹബൂബെ മില്ലത്ത്' എന്ന് വിളിച്ചു.

ഇന്ദിരയെ തിരുത്തിച്ച ഇടപെടലുകള്‍
അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ക്കെതിരെ സേട്ടുസാഹിബ് കോണ്‍ഗ്രസ്സിനും ഇന്ദിരാഗാന്ധിക്കുമെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തി. ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ജഗ്മോഹനേയും സഞ്ജയ് ഗാന്ധിയേയും വെല്ലുവിളിച്ചാണ് ഡല്‍ഹിയിലെ സമ്മേളനം നടന്നത്. സേട്ടു സാഹിബ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിനെതിരെ പട നയിക്കുമ്പോള്‍ കേരളത്തില്‍ മുസ്ലിംലീഗ് കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് വിരുദ്ധ തീപ്പൊരി പ്രസംഗം ഉത്തരേന്ത്യയെ പിടിച്ചുകുലുക്കി. അറസ്റ്റ് വരെ എത്തി കാര്യങ്ങള്‍. എങ്കില്‍ ആവട്ടെ എന്ന മട്ടില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടുവും നിന്നു. നിര്‍ബ്ബന്ധ വന്ധ്യംകരണത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങളില്‍ നിരവധി മുസ്ലിം സഹോദരങ്ങള്‍ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അതില്‍ ലീഗ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെട്ടിരുന്നു. അവരുടെ മോചനത്തിനായി സേട്ടു സാഹിബ് അരയും തലയും മുറുക്കി ഗോദയിലിറങ്ങി. ഇതിനായി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ബറുവയെ ഫോണില്‍ ബന്ധപ്പെട്ടു. നേരില്‍ കാണാന്‍ താല്പര്യം അറിയിച്ചു. ബറുവ സമ്മതം നല്‍കി. നിശ്ചയിച്ച പ്രകാരം സേട്ട് സാഹിബ് ബറുവയുടെ വീട്ടിലെത്തി. തന്റെ ആഗമനോദ്ദേശ്യം പറഞ്ഞു. മുസ്ലിങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് ശരിയല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ''എന്നെയും അറസ്റ്റ് ചെയ്തോളൂ. എന്തിന് എന്നെ മാത്രം പുറത്തു നിര്‍ത്തണം.'' സേട്ടു സാഹിബ് വികാരാധീനനായി. അദ്ദേഹത്തിന്റെ മട്ടും ഭാവവും കണ്ട കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആഭ്യന്തര സഹമന്ത്രി ഓം മേത്തയുടെ ഓഫീസിലേക്ക് സുലൈമാന്‍ സേട്ടിനെയും കൂട്ടി പുറപ്പെട്ടു. ബറുവയോട് പറഞ്ഞ കാര്യങ്ങള്‍ സേട്ടു സാഹിബ് ഓം മേത്തയുടെ മുന്നില്‍ ആവര്‍ത്തിച്ചു. അങ്ങനെ അവര്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണാന്‍ തീരുമാനിച്ചു. ഒരു മണിക്കൂറിനകം മൂവരും പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. സേട്ടു സാഹിബ് ഒട്ടും കൂസാതെ ഇന്ദിരയുടെ മുഖത്തുനോക്കി കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ക്ഷോഭം കണ്ട പ്രധാനമന്ത്രി സേട്ടു സാഹിബിനെ തണുപ്പിക്കാന്‍ ശ്രമിച്ചു. രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞ് തിരിച്ചയച്ചു. അപ്പോഴേക്ക് തീര്‍പ്പുണ്ടാക്കാമെന്ന ഉറപ്പും കൊടുത്തു. തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ. ധവാന്‍ സേട്ടു സാഹിബിനെ വിളിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചു. അങ്ങനെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരുപാട് പേര്‍ സേട്ടു സാഹിബിന്റെ ഇടപെടലിനെത്തുടര്‍ന്ന് ജയില്‍ മോചിതരായി.
സേട്ടു സാഹിബ് മുസ്ലിംലീഗിന്റെ ഫുള്‍ടൈം നേതാവും എം.പിയുമായിരുന്നു. ബനാത്ത് വാലയും അങ്ങനെ തന്നെ. എന്നാല്‍, ഇപ്പോഴത്തെ ലീഗ് നേതാക്കളും എം.പിമാരും പാര്‍ട് ടൈം ജനപ്രതിനിധികളാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ജഹാംഗീര്‍പൂര്‍ ഉള്‍പ്പെടെയുള്ള പല സ്ഥലങ്ങളിലും അവര്‍ വൈകിയാണ് എത്തിയത്. പൂരം കഴിഞ്ഞുള്ള വെടിക്കെട്ട് പോലെ. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ മാത്രം അവിടെനിന്നാല്‍ മതി എന്നാണ് ലീഗിലെ പാര്‍ട്ട്ടൈംകാരുടെ വിചാരം. തക്കം കിട്ടിയാല്‍ കുറ്റിയും പറിച്ച് കേരളത്തിലേക്കോ ഗള്‍ഫിലേക്കോ പറക്കും. എന്നാല്‍, സേട്ടു സാഹിബ് അങ്ങനെയായിരുന്നില്ല. അദ്ദേഹമൊരു ഫുള്‍ടൈം ലീഡറും എം.പിയുമായിരുന്നു. അതുകൊണ്ടാണ് തക്ക സമയങ്ങളില്‍ പ്രശ്നസ്ഥലങ്ങളില്‍ എത്താന്‍ കഴിഞ്ഞത്. പാര്‍ട്ട്‌ടൈംകാരെ മാറ്റി ഫുള്‍ടൈമര്‍മാരെ ലീഗ് നിയോഗിച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ ലീഗിന് പച്ച തൊടാന്‍ കഴിയില്ല.

ആരെയും ആകര്‍ഷിക്കാനുള്ള സംസാര ചാതുരിയും ഒരാളേയും കൂസാത്ത പ്രകൃതവും ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ ജനങ്ങളുടെ പ്രിയങ്കരനാക്കി. മക്കയിലെ വിശുദ്ധ കഅബാലയത്തിന്റെ അങ്കണത്തില്‍വെച്ച് വിശ്വാസികളെ അഭിസംബോധന ചെയ്യാനുള്ള ഭാഗ്യം ഒരുപക്ഷേ, ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ അദ്ദേഹത്തിനു മാത്രമേ ലഭിച്ചിട്ടുണ്ടാകൂ. എല്ലാ മുസ്ലിം രാജ്യങ്ങളിലെ എംബസികളും സേട്ടു സാഹിബിനെയാണ് സുഹൃദ് സന്ദേശങ്ങള്‍ കൈമാറാന്‍ ബന്ധപ്പെട്ടത്. ലോക ഇസ്ലാമിക പണ്ഡിതസഭയുടെ സമ്മേളനങ്ങളിലേക്കും അദ്ദേഹം ക്ഷണിക്കപ്പെട്ടു. അമേരിക്കയും ലണ്ടനും യൂറോപ്പും അദ്ദേഹം സന്ദര്‍ശിച്ചു. ഏതാണ്ടെല്ലാ മുസ്ലിം രാജ്യങ്ങളിലും നീണ്ട പാര്‍ലമെന്ററി ജീവിതത്തിനിടയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായും അല്ലാതേയും സേട്ടു സാഹിബ് പോയി.
മരിക്കുന്നതുവരെ തിരൂരങ്ങാടി യതീംഖാനയുടെ പ്രസിഡന്റായി അദ്ദേഹം തുടര്‍ന്നു. ലീഗ് പിളര്‍ത്തി ഐ.എന്‍.എല്‍ രൂപീകരിച്ചപ്പോള്‍ ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് സേട്ടുവിനെ മാറ്റാന്‍ ചിലര്‍ കരുക്കള്‍ നീക്കി. കമ്മിറ്റി സെക്രട്ടറി കുഞ്ഞാതു ഹാജി അതിനെ ശക്തമായി എതിര്‍ത്തു. ലീഗിലെ പിളര്‍പ്പ് ഒരു കാരണവശാലും യതീംഖാന നടത്തിപ്പിനെ ബാധിക്കരുതെന്ന നിര്‍ബ്ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഹാജിയുടെ മനസ്സറിഞ്ഞതോടെ അഞ്ചാംപത്തികള്‍ പിന്‍മാറി. കണ്ണീരൊഴുക്കിയും ശബ്ദമിടറിയുമുള്ള സേട്ടു സാഹിബിന്റെ പ്രഭാഷണങ്ങള്‍ കേട്ടു നില്‍ക്കുന്നവരേയും കണ്ണീരണിയിച്ചു. എന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഏതാണ്ട് അരകിലോമീറ്റര്‍ നടന്നാണ് അദ്ദേഹം വന്നത്. അന്ന് ഞങ്ങളുടെ തറവാട്ടിലേക്ക് റോഡില്ല. കഷ്ടി മൂന്നടി നടവഴിയേ ഉണ്ടായിരുന്നുള്ളൂ. കാറ്റും കോളും ഇടിയും മിന്നലും പേമാരിയും ചൂടും വെയിലും വസന്തവും ശിശിരവും മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ ആടിയും ഉലഞ്ഞും യാത്ര ചെയ്ത ആ കര്‍മ്മയോഗി 2005 ഏപ്രില്‍ 27-ന് ബുധനാഴ്ച ബാംഗ്ലൂരില്‍വെച്ച് ലോകത്തോട് വിടചൊല്ലി. അവസാനമായി ഒരു നോക്കു കാണാന്‍ കടുത്ത പനിക്കിടയിലും ഏറെ പ്രയാസപ്പെട്ടാണ് ഞാന്‍ പോയത്. പാര്‍ലമെന്റിനകത്തും പുറത്തും സിംഹഗര്‍ജ്ജനമായി മുഴങ്ങിനിന്ന ഊര്‍ജ്ജസ്വലതയുടെ പ്രതീകം ചലനമറ്റ് കിടക്കുന്നത് കണ്ടപ്പോള്‍ ശരീരമാസകലം വിറച്ചു. ആ മുഖകാന്തി എന്റെ കണ്ണുകളെ സജലങ്ങളാക്കി. കൂടി നിന്നവരുടെ മുഖത്തെല്ലാം വിഷാദം തളം കെട്ടിയത് ഞാന്‍ ശ്രദ്ധിച്ചു. തിരികെപ്പോരുമ്പോള്‍ കാതില്‍ സേട്ടു സാഹിബിന്റെ പ്രസംഗം പ്രകമ്പനം കൊണ്ടു. അത് പരിഭാഷപ്പെടുത്താനാകാതെ കാറിന്റെ പിന്‍സീറ്റില്‍ തലചായ്ച്ച് കണ്ണ് തുറന്ന് ഞാന്‍ കിടന്നു.
(തുടരും)
ഈ ലേഖനം കൂടി വായിക്കൂ
കൈരളിക്കു നഷ്ടപ്പെട്ട ചരിത്രപുസ്തകം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ