'ഞാന്‍ ബലിയാടാവുകയായിരുന്നു, നര്‍മ്മദ വിഷയം അവര്‍ക്കു വോട്ട് കിട്ടാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നു'

വ്യക്തിപരമായി ഞാന്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കൊപ്പമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഘടന തന്നെ വ്യത്യസ്തമായ ഒന്നാണ്. എന്നെപ്പോലെ ഒരാള്‍ക്കു യോജിക്കുന്ന ഒന്നല്ല അത്
'ഞാന്‍ ബലിയാടാവുകയായിരുന്നു, നര്‍മ്മദ വിഷയം അവര്‍ക്കു വോട്ട് കിട്ടാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നു'

ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന്റെ കളമൊരുങ്ങിക്കഴിഞ്ഞു. അടുത്തിടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഏറ്റവും പ്രധാന പ്രസ്താവന അമിത്ഷായുടേതായിരുന്നു. താങ്കളെ പിന്‍വാതിലിലൂടെ ഗുജറാത്ത് ഭരണത്തിലെത്തിക്കാനുള്ള ശ്രമം സമ്മതിച്ചു തരില്ല എന്നായിരുന്നു പ്രസ്താവന. ഒരുകാലത്ത് ആം ആദ്മി പാര്‍ട്ടിയോട് വലിയ അടുപ്പം കാണിച്ചിരുന്ന താങ്കള്‍ ഇപ്പോള്‍ പ്രത്യക്ഷത്തില്‍ അത്തരമൊരു സമീപനം കാണിക്കുന്നതായി തോന്നുന്നുമില്ല? 

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എനിക്ക് താല്പര്യമേയില്ല. ആക്ടിവിസ്റ്റുകളായ മുതിര്‍ന്ന ചില സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി നല്ല ഉദ്ദേശ്യത്തോടെ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഈ രാഷ്ട്രീയ സംവിധാനത്തിലേയ്ക്ക് വന്നിരുന്നു എന്നത് സത്യമാണ്. പിന്നീട് അതൊരു അബദ്ധമായിരുവെന്നു ബോദ്ധ്യപ്പെട്ടു. മാത്രവുമല്ല, ആം ആദ്മി പാര്‍ട്ടിയിലെന്നല്ല ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഞാന്‍ അംഗമായിട്ടുമില്ല. നര്‍മ്മദ വിഷയം യഥാര്‍ത്ഥത്തില്‍ അവര്‍ക്കു വോട്ട് കിട്ടാനുള്ള ഒരു മാര്‍ഗ്ഗം മാത്രമായിരുന്നു. ഞാന്‍ ബലിയാടാവുകയായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുപാട് അവകാശവാദങ്ങള്‍ ഉന്നയിക്കുകയും പലവിധ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുമെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നത് ഒരുതരം ഒത്തുത്തീര്‍പ്പ് രീതിയാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ചില നല്ല കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. എന്നാല്‍, കൂടുതല്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സിസ്റ്റത്തെ വീണ്ടെടുക്കാന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനാവില്ല. ഞങ്ങളുടേത് ജനകീയ പ്രസ്ഥാനവും ജനപക്ഷ രാഷ്ട്രീയവുമാണ്. അതുകൊണ്ടുതന്നെ ധാരാളം രാഷ്ട്രീയ പ്രവര്‍ത്തകര്‍ തന്നെ അതില്‍ വന്നു ചേരുന്നുമുണ്ട്. വ്യക്തിപരമായി ഞാന്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കൊപ്പമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഘടന തന്നെ വ്യത്യസ്തമായ ഒന്നാണ്. എന്നെപ്പോലെ ഒരാള്‍ക്കു യോജിക്കുന്ന ഒന്നല്ല അത്. ഒരുപക്ഷേ, പല മേഖലകളില്‍നിന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നവര്‍ക്കു പല മാറ്റങ്ങളും കൊണ്ടുവരാന്‍ കഴിഞ്ഞേക്കാം. പലരും അതില്‍ വിജയിച്ചെന്നുമിരിക്കും. ജനകീയ സമരങ്ങളില്‍നിന്നും പ്രത്യക്ഷ രാഷ്ട്രീയത്തിലേക്കു വരുന്നവര്‍ പലരും ആശങ്കയിലുമായിരിക്കും. പല കാര്യങ്ങളിലും രാഷ്ട്രീയക്കാര്‍ക്ക് ഒരുപേക്ഷ, നിലപാടുകള്‍ ഉണ്ടാവണമെന്നില്ല. അതുകൊണ്ടുതന്നെ അവരുമായി പലതും നമുക്കു പങ്കുവയ്ക്കാനും കഴിയാറില്ല. അതുകൊണ്ട് കുറച്ചുപേര്‍ അങ്ങനെ മാറി ചിന്തിച്ച് രാഷ്ട്രീയത്തില്‍ ചേരുന്നുവെങ്കില്‍ അതു ഞങ്ങളുടെ പ്രശ്‌നമേയല്ല. ഞങ്ങള്‍ ജനകീയ സമരങ്ങളില്‍ വിശ്വസിച്ച് അതില്‍ തുടരുക തന്നെ ചെയ്യും.

ഗുജറാത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ് എന്നിരിക്കെ താങ്കള്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് എന്തായിരിക്കും എന്നറിയാന്‍ താല്പര്യമുണ്ട്. മാത്രമല്ല, ജനാധിപത്യ സംവിധാനത്തില്‍ കക്ഷിരാഷ്ട്രീയപ്പാര്‍ട്ടികള്‍ അധികാരരൂപത്തിന്റെ പ്രയോജകര്‍ എന്ന നിലയില്‍ മറ്റെല്ലാ ഇന്‍സ്റ്റിറ്റിയൂഷനുകളേയും റദ്ദു ചെയ്തുകൊണ്ട് ആധിപത്യം ഉറപ്പിക്കുന്ന ഒരു കാലമാണിത്. രാഷ്ട്രീയ വ്യതിരിക്തമായ ജനപക്ഷ ജനകീയ പ്രസ്ഥാനങ്ങള്‍ക്കു മുന്‍കാലങ്ങളിലുള്ളതു പോലുള്ള പ്രസക്തിയും പ്രഭാവവും ഇന്നുണ്ട് എന്നു ചിന്തിക്കാനാവുമോ?

ഞങ്ങള്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാത്രമല്ല, പൗരന്മാരെന്ന നിലയില്‍ അവരുടെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെക്കുറിച്ചുള്ള തീരുമാനം എടുക്കുന്നതിന് അവരെ തയ്യാറെടുപ്പിക്കുന്നതിനു കൂടിയാണ്. കാരണം, പൗരാവകാശം മുഴുവന്‍ ഹനിക്കപ്പെടുകയും ജനാധിപത്യവും ജനാധിപത്യ സ്തംഭങ്ങളെന്നു വിളിക്കപ്പെടുന്നവയുമായി ബന്ധപ്പെട്ട സര്‍വ്വ പ്രക്രിയകളും കയ്യേറ്റം ചെയ്യപ്പെടുകയും ചെയ്യുകയാണിവിടെ. ഈ നാട്ടില്‍ എന്തു നടക്കുന്നുവെന്നു നാട്ടിലെ ജനങ്ങളെ അറിയിക്കുകയാണ് ഞങ്ങള്‍. മഹാമാരിയുടെ കാലത്തുപോലും പൊതുവിഭവങ്ങള്‍ വില്‍ക്കുകയും ജീവിതമാര്‍ഗ്ഗങ്ങള്‍ മുഴുവന്‍ ഇല്ലായ്മ ചെയ്യുംവിധം ചൂഷണം നടത്തുകയും രാജ്യത്ത് ഭീതിദമായ അസമത്വം ഉണ്ടാവുകയും ചെയ്തിരുന്നു. ഐക്യഘടനയെ ഇല്ലാതാക്കി വിഭജിക്കുന്ന ജാതിയതയും സാമുദായിക സ്പര്‍ദ്ധയും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആക്രമിക്കപ്പെടുന്ന ദളിത് ആദിവാസി ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ്. അതുപോലെതന്നെ ഒരു മാറ്റത്തിന്റെ രാഷ്ട്രീയത്തിനുതകുന്ന രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനൊപ്പമാണ്. നഫ്രത്ത് ചോടോ സംവിധാന്‍ ബച്ചാവോ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഒരു വലിയ പ്രചരണം തുടങ്ങുകയാണ് ഞങ്ങള്‍. കേവലം ഒറ്റപ്പെട്ട ഒരു ഭാരതയാത്ര ആയിരിക്കുകയില്ല അത്. ഇന്ത്യയിലെ എല്ലാ ജില്ലകളിലും അത് സംഘടിപ്പിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ത്തന്നെ രണ്ട് യാത്രകളുണ്ടാവും. 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളവയായിരിക്കും ഓരോ യാത്രകളും. രാജ്യത്തെ 75-ാം സ്വാതന്ത്ര്യാഘോഷത്തില്‍ നിന്നാണ് അത്തരമൊരു ആശയം ലഭിച്ചത്. കര്‍ഷകസമരംപോലെ രാജ്യത്തെ ജനങ്ങളുടെ സമരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇതു സഹായിക്കും. ജനുവരിയില്‍ നടത്തുന്ന ജാഥ ജനുവരി 30 രക്തസാക്ഷി ദിനത്തിന് ഡല്‍ഹിയില്‍ എത്തും. അതിന്റെ ഭാഗമായി രാജ്യവും ഭരണഘടനയും മനുഷ്യത്വവും സംരക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കുകയും ജനസഭകള്‍ കൂടുകയും ചെയ്യും.

താങ്കള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നുള്ള ധാരണ ഇപ്പോഴും രാഷ്ട്രീയാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത് താങ്കള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ അംഗമായിരുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് എ.എ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഉന്നത നേതാക്കളെ സംബന്ധിച്ചു വലിയ തോതിലുള്ള അഴിമതി ആരോപണങ്ങളും ഇ.ഡി അന്വേഷണങ്ങളുമൊക്കെ ഗൗരവസ്വഭാവത്തില്‍ പുറത്തു വരുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
 
അത് ഒരു പാര്‍ട്ടിയുടെ മാത്രം കാര്യമല്ല. അതില്‍ പ്രത്യേകിച്ച് എന്തെങ്കിലും പറയാനും ഞാന്‍ താല്പര്യപ്പെടുന്നില്ല.

പഞ്ചാബില്‍ ഉയര്‍ന്നു വന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ എ.എ.പി എന്ന പ്രസ്ഥാനത്തോടുള്ള പ്രതികാരമാണ് എന്നാണോ താങ്കള്‍ കരുതുന്നത്. സബര്‍മതി ആശ്രമവുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള താങ്കള്‍ക്ക് എതിരായ ആരോപണങ്ങളും താങ്കളുടെ എ.എ.പി ബന്ധത്തിന്റെ പ്രതികാരമാണെന്നാണോ കരുതേണ്ടത് ? 

എ.എ.പിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നല്ലതുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നു. സൗജന്യ വൈദ്യുതി സ്ലാബുകള്‍ക്കും ആശുപത്രികള്‍ക്കുമുള്ള സൗജന്യ ജലവിതരണം തുടങ്ങിയ ചില ശക്തമായ തീരുമാനങ്ങള്‍ അതേ കരുത്തോടെ തന്നെ അവര്‍ ഡല്‍ഹിയില്‍ നടപ്പാക്കി. അത്തരം പ്രവര്‍ത്തനങ്ങളുടെ ഫലം സമൂഹത്തിന്റെ അടിത്തട്ടില്‍ വരെ എത്തി എന്നതിന്റെ പ്രതിഫലനമാണ് രണ്ടാംതവണയും അവരെ അധികാരത്തിലെത്തിച്ചതും ഡല്‍ഹിക്കു പുറത്തേയ്ക്ക് അവര്‍ക്കു വളരാനായതും. നിങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോ ജനകീയ പ്രക്ഷോഭങ്ങളിലോ ഏതില്‍ നില്‍ക്കുന്നവരായാലും നിങ്ങള്‍ക്കെതിരായ അഴിമതി ആരോപണങ്ങളും അപകീര്‍ത്തി പ്രസ്താവനകളും എല്ലാ ഭാഗത്തുനിന്നും പ്രതീക്ഷിക്കാവുന്നതാണ്. അതിന്റെയൊക്കെ യഥാര്‍ത്ഥ വസ്തുത കണ്ടെത്തുക പ്രയാസകരമാണ്. ഇപ്പോള്‍ ഡല്‍ഹി ലൈഫ്റ്റനന്റ് ഗവര്‍ണറെ മുന്‍നിര്‍ത്തിയാണ് വമ്പന്‍ അഴിമതികള്‍ അവര്‍ പ്രചരിപ്പിക്കുന്നത്. അതേതുമാവട്ടെ, സബര്‍മതി ആശ്രമവുമായി ബന്ധപ്പെട്ട് എനിക്കെതിരായി നടത്തിയ ഗുരുതരമായ ആക്രമണങ്ങള്‍ക്ക് എതിരെ ഞാന്‍ തന്നെ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട ആളുമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അവയൊക്കെ എങ്ങനെ പരിഗണിക്കപ്പെടുമെന്നോ തെളിയിക്കപ്പെടുമെന്നോ എനിക്കറിയില്ല.

ഇതുവരെ പിന്നിട്ട രണ്ട് തെക്കന്‍ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അത്ഭുതപൂര്‍ണ്ണമായ ജനസാന്നിദ്ധ്യം ദൃശ്യമാണ്. ഇതില്‍നിന്നും നമുക്കു വായിച്ചെടുക്കാനാവുന്ന രാഷ്ട്രീയ സൂചനയെന്താണ്? നേരത്തെ താങ്കള്‍ ചെറിയ തോതില്‍ വിര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു? 

ഭാരത് ജോഡാ യാത്ര ഏറെ സ്വീകരിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തര ഭാരതത്തിലും വലിയ പങ്കുവഹിച്ച കോണ്‍ഗ്രസ്സ് എന്ന സെക്യുലര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു നിര്‍ണ്ണായകമായ നീക്കമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസ്സ് പതാകയോ ചിഹ്നമോ വഹിക്കാതെ തന്നെ പിന്തുണയ്ക്കുകയാണ്. ഒരു യാത്ര നടത്താനുള്ള അവകാശം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിനുള്ളതുപോലെ അതിനു പിന്തുണ നല്‍കുന്നതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധമില്ലാത്ത ഒരു യാത്ര എല്ലാ ജില്ലകളിലും നടത്തുതിനു ഞങ്ങളും എത്രയോ നാളുകള്‍ക്കു മുന്‍പേ തീരുമാനിച്ചതാണ്. നഫ്രത്ത് ചോഡോ, ഭാരത് ജോഡോ എന്നത് യഥാര്‍ത്ഥത്തില്‍ ആഗസ്റ്റ് ഒന്‍പതിനു ഞങ്ങള്‍ പ്രഖ്യാപിച്ച മുദ്രാവാക്യമായിരുന്നു. പിന്നീട് അവരത് എടുക്കുകയായിരുന്നു. എന്നാലും ഞങ്ങളിതിനെ സ്വാഗതം ചെയ്യുന്നു. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഭാരത് ജോഡോ എന്നത്. അതുകൊണ്ട് തന്നെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ ഒരു സാഹചര്യവും ഭരണഘടനാവകാശവും പൗരാവകാശവുമായി ബന്ധപ്പെട്ട് വിഷയങ്ങളും ഈ യാത്രയിലൂടെ ചര്‍ച്ച ചെയ്യപ്പെടും. രാഹുല്‍ ഗാന്ധി, ജയറാം രമേഷ്, ദിഗ് വിജയ സിംഗ് തുടങ്ങിയവരുമായി സംസാരിച്ചവര്‍ അവരവരുടെ സ്വന്തം കാഴ്ചപ്പാടുകളും വിശദീകരിക്കുകയുണ്ടായി. അതൊക്കെയും നേതാക്കള്‍ ശാന്തമായിരുന്നു കേട്ടുവെന്നത് വളരെ പ്രധാനമാണ്. കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ എന്റെ സഹപ്രവര്‍ത്തകരില്‍നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഒക്കെയും സ്വാഗതാര്‍ഹമാണ്. ഒരു നേതാവ് പാര്‍ട്ടിയുടേത് മാത്രമായ മണ്ഡലം വിട്ട് പുറത്തു വരികയും ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന പ്രവൃത്തി പാര്‍ട്ടിക്കാരല്ലാത്തവര്‍പോലും ഇഷ്ടപ്പെടുന്ന കാര്യമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അവര്‍ക്കു ജനങ്ങളുടെ കാഴ്ചപ്പാട്, അവരുടെ മുന്‍ഗണനകള്‍, അവരുടെ പ്രശ്‌നങ്ങള്‍, അവരുടെ സമരങ്ങള്‍ ഒക്കെയും മനസ്സിലാക്കാനാവുകയുള്ളൂ.

അരവിന്ദ് കെജരിവാൾ
അരവിന്ദ് കെജരിവാൾ

ബി.ജെ.പിയുടെ രാഷ്ട്രീയ ഏകശിലാരൂപത്തിലുള്ള അതിവളര്‍ച്ചയിലൂടെ ഒരുപാട് ചെറിയ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച മുരടിക്കുകയോ അവയുടെ സാധ്യതകളൊക്കെയും ഇല്ലാതാക്കപ്പെടുകയോ ചെയ്തിട്ടുള്ളതായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും നാനാത്വത്തിന്റെ സൗന്ദര്യം തന്നെ ഇല്ലാതാക്കപ്പെടുന്ന ഈ സവിശേഷ സന്ദര്‍ഭത്തെ എങ്ങനെ വിലയിരുത്തുന്നു? 

ഒരു ഫെഡറല്‍ സിസ്റ്റത്തിന്റെ നിലനില്‍പ്പിനുതന്നെ കാരണമായതും നിര്‍ണ്ണയിക്കപ്പെട്ടതുമായ ഇടംപോലും നിലവിലെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല എന്നതു വളരെ വ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ പലതരത്തിലുള്ള പരാധീനതകളും അനുഭവിക്കുന്ന ആദിവാസികളും സ്ത്രീകളുമുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെയാണ് ആക്രമിക്കുന്നത്. സത്യത്തില്‍ അതിന്റെ കാരണം രാജ്യത്തെ സംബന്ധിച്ച അവരുടെ ഏകപക്ഷീയമായ കാഴ്ചപ്പാടുകളാണ്. ഭരണഘടനാപരമായ മാനവികതയല്ല, മറിച്ച് മതപരമായ മൗലിക ചിന്തകളെ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. മാറ്റം ആഗ്രഹിക്കുകയും മാറ്റത്തിനായി സമരം നടത്തുന്ന കര്‍ഷകര്‍ക്കൊപ്പം അണിനിരക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുമിക്കേണ്ടത് ഇന്നത്തെ ആവശ്യമാണ്. ഒരു കോമണ്‍ മിനിമം പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കുന്ന ശക്തമായ രാഷ്ട്രീയ സഖ്യത്തിലൂടെ മാത്രമേ അതു സാധ്യമാകുകയുള്ളൂ. 2020-'21 കാലഘട്ടത്തില്‍ ഞങ്ങള്‍ കോമണ്‍ മിനിമം പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങള്‍ അന്നത്തെ ബി.ജെ.പി ഇതര സംഘടനകള്‍ക്കു നല്‍കിയിരുന്നതുമാണ്. എന്നാല്‍, അവരുടെ വാശിയും വൈരാഗ്യവും മൂലം അതു നടന്നില്ല. ഇലക്ഷന്‍ എന്നത് ഒരു മത്സരം മാത്രമായി മാറിയതിനാല്‍ അവരുടെ വോട്ട് ബാങ്കുകള്‍ക്ക് വിധേയപ്പെടും വിധമുള്ള വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവേണ്ടിവന്നു. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ക്കു മാറിനില്‍ക്കേണ്ടി വരുന്നതും. സമത്വം, സെക്യുലറിസം, സോഷ്യലിസം, സാമൂഹ്യ കാഴ്ചപ്പാടുകള്‍, ജനാധിപത്യ അവകാശങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ ഞങ്ങള്‍ക്കു സന്ധിചെയ്യാനാവില്ല. മറ്റൊരു പ്രധാന കാര്യം ഇതൊക്കെയും രാഷ്ട്രീയ പ്രസ്ഥാനത്തെയല്ല, മറിച്ച് പൗരസമൂഹത്തെയാണ് നേരിട്ടു ബാധിക്കുന്നത്. ആഗോളതാപനം സര്‍വ്വരേയും ഇതിനോടകം തന്നെ ബാധിച്ചുകഴിഞ്ഞു. നിങ്ങള്‍ക്കൊരു എയര്‍കൂളര്‍ വളരെയെളുപ്പത്തില്‍ വാങ്ങാനായേക്കാം. പക്ഷേ, ഇവിടുത്തെ സാധാരണക്കാരന് അടിസ്ഥാന സൗകര്യങ്ങള്‍പോലും വാങ്ങാന്‍ കാശില്ല. നമ്മുടെ നാടിന്റൈ സാമ്പത്തിക സ്ഥിതി എന്താണെന്നും പ്രകൃതിവിഭവങ്ങളുടേയും തൊഴിലില്ലായ്മയുടേയും കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നും നമ്മുടെ ജനങ്ങള്‍ അറിയേണ്ടതാണ്. അതുകൊണ്ടുതന്നെ ഞാന്‍ കരുതുന്നത് വോട്ടെടുപ്പിലൂടെയും സമരത്തിലൂടേയും ബോധവല്‍ക്കരണത്തിലൂടേയും മാത്രമേ വലിയ മാറ്റങ്ങള്‍ വരുത്താനാവൂ എന്നാണ്.

രാഷ്ട്രീയക്കാരുടെ വ്യക്തമായ എതിര്‍പ്പുകള്‍ താങ്കളുടെ പ്രവര്‍ത്തനങ്ങളോട് ഉള്ളപ്പോള്‍ തന്നെ പ്രത്യക്ഷ രാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കുന്ന സമൂഹവും താങ്കളേയും താങ്കളുടെ സമരത്തേയും എതിര്‍ക്കുന്നതായി തോന്നുന്നുണ്ടോ? ആര്‍ക്കുവേണ്ടിയാണോ താങ്കള്‍ സമരം നടത്തുന്നത് അവരുടെ പോലും പിന്തുണയാര്‍ജ്ജിക്കാന്‍ താങ്കള്‍ക്കു കഴിയാതെ വരുന്നുണ്ടോ? കഴിഞ്ഞ ദിവസങ്ങളില്‍ അത്തരം ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നല്ലോ? 

ഒറിസ്സയിലെ ഡിന്‍ഗിയയില്‍നിന്നു കുറച്ചു ദിവസം മുന്‍പ് വളരെ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വാര്‍ത്തയാണത്. ഈ സംഭവം നടന്ന ദിവസത്തിനു തൊട്ട് മുന്‍പ് രണ്ട് ജില്ലകളില്‍ ഞങ്ങള്‍ക്കൊപ്പം ആയിരക്കണക്കിന് ആദിവാസികള്‍ അണിചേരുകയായിരുന്നു. എന്നാല്‍, ഡിന്‍ഗിയയില്‍ കുറച്ചാളുകള്‍ ഞങ്ങളെ തടഞ്ഞു. നേരത്തെ ജനങ്ങളുടെ പ്രതിഷേധം കാരണം പോസ്‌കോ കമ്പനിക്ക് പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്ന സ്ഥലമായിരുന്നു അത്. നിങ്ങളെ കേള്‍ക്കാനും ജിന്‍ഡാല്‍ സ്റ്റീല്‍ കമ്പനിയെപ്പറ്റി സംസാരിക്കാനുമാണ് ഞങ്ങള്‍ വന്നത് എന്ന് അവരോട് ഞങ്ങള്‍ പറഞ്ഞു. എന്നെ കാണുകയോ സംസാരിക്കുകയോ ചെയ്യുന്നവരില്‍നിന്ന് 1000 രൂപ പിഴ ഈടാക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. നേരത്തെ ഞങ്ങളെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തിരുന്ന സ്ത്രീകള്‍ മുഴുവന്‍ അന്ന് അടച്ചിട്ട വീടുകളിലിരുന്നു പാതിതുറന്ന ജനാലകളിലുടെ കൈകള്‍ വീശുക മാത്രമാണ് ചെയ്തത്. കമ്പനിവക പണം കൈപ്പറ്റിയ പത്തോളം പേരാണ് ഞങ്ങളെ എതിര്‍ത്ത് രംഗത്തു വന്നത്. നിങ്ങള്‍ക്കു പ്രശ്‌നമൊന്നുമില്ലെങ്കില്‍ ഞങ്ങള്‍ ഇടപെടുന്നില്ല എന്ന് ഞങ്ങള്‍ അവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, അവരുടെ പിന്നില്‍നിന്നു ചിലര്‍ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നിരുന്ന ബഹുഭൂരിപക്ഷം പുരുഷന്മാരും കുറേ സ്ത്രീകളും അവരുടെ വെറ്റിലത്തോട്ടങ്ങളും ജീവിതമാര്‍ഗ്ഗവും വീടുകളും സംരക്ഷിക്കുന്നതിനുവേണ്ടി സമരം നടത്തി കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരായിരുന്നു. അവര്‍ ഞങ്ങളെ എതിര്‍ത്ത് ഒന്നും പറഞ്ഞില്ല. എന്നാല്‍, മാധ്യമങ്ങള്‍ റിപ്പാര്‍ട്ട് ചെയ്തത് അവരുടെ ഗ്രാമങ്ങളില്‍ കയറുന്നതില്‍നിന്നു ഗ്രാമവാസികള്‍ ഞങ്ങളെ തടഞ്ഞു എന്നായിരുന്നു. അന്നേ ദിവസം തന്നെ അവരുടെ നേതാക്കളെ ഞങ്ങള്‍ ജയിലില്‍ ചെന്നു കണ്ടിരുന്നു. ഞങ്ങള്‍ അവിടം വിട്ടപോന്ന ശേഷം ഗീത എന്ന ഒരു സ്ത്രീയെ അറസ്റ്റുചെയ്തിരുന്നു. അനേകം പേരെ പിന്നീടും അറസ്റ്റുചെയ്തു. എന്നുവെച്ചാല്‍ പ്രതിഷേധമുണ്ടായാല്‍ അവിടെ ഭയപ്പെടുത്തലും ഗൂഢാലോചനയും ഉറപ്പാണ്. അതില്‍ പുതുമയൊന്നുമില്ല. നരേന്ദ്ര മോദി ടി.വി എന്നറിയപ്പെടുന്ന നമോ ടി.വി അര്‍ബന്‍ നക്‌സലുകളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു ഡോക്യുമെന്ററി കാണിച്ചിരുന്നു. ഡിന്‍ഗിയ സംഭവം അതിലും ആവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ പുതിയ രാഷ്ട്രീയ തന്ത്രമാണിത്. കോര്‍പ്പറേറ്റുകള്‍ ഇത്തരം തന്ത്രങ്ങള്‍ എല്ലായ്പോഴും പയറ്റാറുണ്ട്. അതു ജനങ്ങളുടെ പിന്തുണയാര്‍ജ്ജിക്കാനല്ല, മറിച്ച് അവരുടെ വിഭവങ്ങള്‍ മുഴുവന്‍ കവര്‍ന്നെടുക്കാനാണ്. എന്നാല്‍, രാജ്യത്ത് എവിടെയും നടക്കുന്ന സമരങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ നര്‍മ്മദ സമരത്തിന്റേയോ മറ്റേതെങ്കിലും സമര സഖ്യത്തിന്റേയോ പിന്തുണ ആവശ്യപ്പെടുന്നുണ്ട്.

പരിസ്ഥിതി പ്രവർത്തകർക്കൊപ്പം കോഴിക്കോട് ആവിക്കലിൽ
പരിസ്ഥിതി പ്രവർത്തകർക്കൊപ്പം കോഴിക്കോട് ആവിക്കലിൽ

മൂന്നര പതിറ്റാണ്ടോളമാകുന്നു താങ്കള്‍ സമരരംഗത്തേയ്ക്ക് സജീവമായിട്ട്. ആദ്യകാലങ്ങളില്‍നിന്നു വ്യത്യസ്തമായ പരിസ്ഥിതിയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍, ചൂഷണത്തിന്റെ മാര്‍ഗ്ഗങ്ങള്‍, സ്വാഭാവികമെന്നോണം പരിസ്ഥിതിവിരുദ്ധ നിലപാടുകള്‍ക്കു ലഭിക്കുന്ന സ്വീകാര്യത, സമ്പൂര്‍ണ്ണമായും സാങ്കേതികവല്‍ക്കരിക്കപ്പെട്ട ലോകം എന്നിങ്ങനെ കാലവും ലോകവും അടിമുടി മാറ്റങ്ങള്‍ക്കു വിധേയമായി കഴിഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ പരിസ്ഥിതി സമരരൂപങ്ങള്‍ക്കും അതിനോടുള്ള ഭരണകൂടത്തിന്റെ സമീപനങ്ങള്‍ക്കും എന്തെങ്കിലും പരിവര്‍ത്തനം സംഭവിച്ചെന്നു കരുതാനാകുമോ? 

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്ന് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ അസംബ്ലികളിലോ പാര്‍ലമെന്റിലോ ഉള്ള അംഗങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇടം ജനാധിപത്യപരമായി നല്‍കുന്നുണ്ട് എന്നു പറയാനാവില്ല. നിലവിലെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടുതന്നെ ജീവിതത്തിലുടനീളം സമ്പൂര്‍ണ്ണമായും അഹിംസാ വിശ്വാസികളായവരെ അര്‍ബന്‍ നക്‌സലെന്നും മാവോയിസ്റ്റെന്നും വിളിച്ച് കല്‍തുറുങ്കുകളിലടയ്ക്കുകയാണ്. അവരുടെ ചെയ്തികള്‍ സഹിക്കാനാവാതെ അവരെ വികസന വിരുദ്ധരെന്നും പ്രകൃതിവിരുദ്ധരെന്നും ഭീകരവാദികളെന്നും വിളിച്ച് അധിക്ഷേപിക്കുകയാണ് ഇന്ന്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലം വരെ ഒരു സംഭാഷണത്തിനുള്ള ഇടമെങ്കിലും അവശേഷിച്ചിരുന്നു. ഇന്ന് അതും നഷ്ടമായിരിക്കുന്നു. രക്തസാക്ഷിത്വത്തില്‍ കുറഞ്ഞ ഒന്നിനും നാമിനി തയ്യാറെടുക്കേണ്ടതില്ല. കാരണം സ്വാതന്ത്ര്യാനന്തരം രൂപം കൊടുത്ത ഭരണഘടനയേയോ ജനാധിപത്യ പ്രക്രിയകളേയോ അവര്‍ പിന്തുടരുന്നതേയില്ല. ഏതുവിധേനയും തെരഞ്ഞെടുപ്പില്‍ വിജയിക്കുക, അധികാരത്തില്‍ വരിക. സുതാര്യമല്ലാത്ത ഇ.വി.എം മെഷീന്റെ സഹായത്തോടെയുള്ള ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ സൗജന്യങ്ങളും പറ്റി അധികാരത്തിലേറിയവരില്‍നിന്ന് ഇതിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഒരിടത്ത് വോട്ടര്‍മാരുടെ തിരിച്ചറിവ് പ്രധാനമാവുമ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത് ഒരു വെല്ലുവിളിതന്നെയാണ്. കെട്ടിച്ചമച്ച കേസുകളെ നേരിടാനും ജയിലില്‍ പോകുന്നതിനുള്ള ധൈര്യവുമാണ് നമുക്കാവശ്യം. രാജ്യത്തെ മുതിര്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ ഇന്ന് ജയിലിലാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയും ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്നുമുള്ള പ്രൊഫസര്‍ ഹനി ബാബുവുമൊക്കെ നമുക്കു മുന്നിലുണ്ട്. ഫാദര്‍ സ്റ്റാന്‍ സ്വാമി ഇന്ന് ഈ ലോകത്ത് ഇല്ല. കലാപകാലത്ത് ഗുജറാത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നു പുസ്തകത്തിലൂടെ വെളിപ്പെടുത്തിയതിനാണ് 75-കാരനായ ആര്‍.ബി. ശ്രീകുമാറിനെ ജയിലിലടച്ചത്. ഇന്ത്യയിലെത്തന്നെ സീനിയര്‍ അഡ്വക്കേറ്റിന്റെ പാത പിന്തുടര്‍ന്നു നടത്തിയ ഗുജറാത്ത് കലാപം സംബന്ധിച്ച ഇടപെടലുകള്‍ക്കാണ് ടീസ്റ്റ സെതല്‍വാദിനു ജയിലില്‍ പോകേണ്ടിവന്നത്. അവര്‍ക്കെല്ലാമെതിരെ നേരിട്ടുള്ള ഭയപ്പെടുത്തലാണെങ്കില്‍ ഞങ്ങളെപ്പോലുള്ളവര്‍ക്കുമേല്‍ നിരന്തര അന്വേഷണങ്ങള്‍ നടത്തി ഞങ്ങള്‍ കെട്ടിപ്പടുത്ത വിശ്വാസ്യതയെ 2004 മുതല്‍ ചോദ്യം ചെയ്യുകയാണ്. അവര്‍ ആവശ്യപ്പെട്ട മുഴുവന്‍ കണക്കുവിവരങ്ങളും നല്‍കിയിട്ടും അവരിപ്പോഴും കള്ളക്കഥകള്‍ മെനയുകയാണ്. ഞങ്ങളുടെ ജീവന്‍ശാല പദ്ധതി നിയമപരമായി നിലനില്‍ക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ജീവന്‍ശാല പദ്ധതിയുടെ എത്രയെങ്കിലും ഫോട്ടോഗ്രാഫുകള്‍ തെളിവുകളായി ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. എത്ര അധിക്ഷേപിച്ചാലും ഞങ്ങള്‍ തുടരുകതന്നെ ചെയ്യും. വഴങ്ങുന്ന പ്രശ്‌നമേയില്ല. എന്തുവന്നാലും നേരിടുകതന്നെ ചെയ്യും.

ഇക്കാലയളവില്‍ മാറിമാറി വന്ന ഭരണകൂടങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ച സമരമുറകള്‍ മാറേണ്ടതായി തോന്നിയിട്ടുണ്ടോ? 

ഇത്തരം സമരങ്ങള്‍ തീര്‍ച്ചയായും അഹിംസാപരമായിരിക്കണം. കാരണം കോര്‍പ്പറേറ്റുകളും ഭരണകൂടവും ഇത്തരം സമരങ്ങള്‍ക്കെതിരെ കൈകോര്‍ക്കുന്നുണ്ട്. സമ്പത്തും മസില്‍ പവറും ഒരുമിക്കുകയാണിവിടെ. അതിനെതിരെ ഒരു കല്ലെങ്കിലും എടുത്തെറിയുകയാണെങ്കില്‍ നമുക്കൊരിക്കലും വിജയിക്കാനാവില്ല. അഹിംസാ സമരമുറയ്ക്ക് അത്രയേറെ പ്രാധാന്യമുണ്ട്. സമൂഹത്തിന്റെ സമാധാനവും മനുഷ്യത്വവും ബലികഴിച്ചുകൊണ്ടുള്ള ഒരു വിജയമല്ല ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കി ഒരു ശക്തിയായി ഞങ്ങള്‍ക്കൊരിക്കലും മാറാനാവില്ല. മറ്റൊരു കാര്യം. പല ജനകീയ സംഘടനകളുമായി ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാറുണ്ട് എന്നത് മാത്രമല്ല. രാഷ്ട്രീയ കക്ഷികളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ചില കാര്യങ്ങളില്‍ അവരുമായി സഹകരിച്ച് മുന്നോട്ട് പോകുന്നതിനു ഞങ്ങള്‍ വിമുഖത കാട്ടാറില്ല. പലപ്പോഴും ഞങ്ങളുടെ എല്ലാ കാഴ്ചപ്പാടുകളേയും അവരും അവരുടെ എല്ലാ കാഴ്ചപ്പാടുകളേയും ഞങ്ങളും പൂര്‍ണ്ണമായി അംഗീകരിക്കുന്നുവെന്നു വരില്ല. അപ്പോഴും ഒരു പരസ്പര ബന്ധത്തിന്റെ സാഹചര്യമുണ്ടെങ്കില്‍ അതു ഞങ്ങള്‍ നടത്താറുണ്ട്. വെള്ളം കടക്കാത്ത അറകളായി നമുക്കു കഴിയാനാവില്ല. കൂട്ടായ നേതൃത്വമാണ് നമുക്കു വേണ്ടത്. നേതൃപാടവവും ജനാധിപത്യ പ്രക്രിയയുമാണ് ഏതൊരു ജനകീയ പ്രസ്ഥാനത്തിലേയും ഏറ്റവും പ്രധാന വെല്ലുവിളിയെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നിരന്തരം ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാര്യമാണിത്. കാരണം അവര്‍പോലും പല സമയത്തും സ്വയം അറിയാതെ പാടിപ്പുകഴ്ത്തി പോകുന്നുണ്ട്. ബാനറുകളില്‍ എന്റെ ഫോട്ടോകള്‍ കാണുമ്പോള്‍ എനിക്കു നാണക്കേട് തോന്നാറുണ്ട്. നര്‍മ്മദയില്‍ ഒരിക്കലും ഇത്തരം പാടിപ്പുകഴ്ത്തലുകള്‍ സംഭവിക്കാറില്ല. എന്റേയോ അല്ലെങ്കില്‍ മറ്റേതെങ്കിലുമോ ആക്ടിവിസ്റ്റിനോടൊപ്പം ചേര്‍ത്തു വച്ചുകൊണ്ട് ഞങ്ങള്‍ മുദ്രാവാക്യം മുഴക്കാറില്ല. മൂന്നാത്തെ ഏറ്റവും പ്രധാന കാര്യം എല്ലാറ്റിലും ഞങ്ങള്‍ക്ക് ബദലുകള്‍ ഉണ്ട് എന്നതാണ്. ജീവന്‍ശാല എന്ന ഒരു വിദ്യാഭ്യാസ ബദല്‍ ഞങ്ങള്‍ക്കുണ്ട്. ആദിവാസി അദ്ധ്യാപകര്‍ ഞങ്ങളുടെ ആക്ടിവിസ്റ്റുകള്‍ എന്നിവരിലൂടെ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്കു ജീവന്‍ശാല അറിവ് നല്‍കുന്നു. ഏതാണ്ട് ആറായിരത്തിലധികം കുട്ടികള്‍ സ്‌കൂള്‍ വഴി പുറത്തിറങ്ങിയിട്ടുണ്ട്. നിലവിലെ പാഠ്യ സമ്പ്രദായങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തവും അതുവഴി ഒരിക്കലും അവര്‍ക്കു കിട്ടാത്തതുമായ അദ്ധ്യയന സമ്പ്രദായമാണ് ഇതുവഴി അവര്‍ക്കു നല്‍കുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ സ്‌കൂള്‍ വഴിയോ മുന്തിയ പ്രൈവറ്റ് സ്‌കൂള്‍ വഴിയോ കിട്ടാത്ത ഓണത്. അതുകൂടാതെ ആരോഗ്യം, വാട്ടര്‍ മാനേജ്‌മെന്റ്, ഇന്‍ഹൗസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങി പല മേഖലകളിലും ഞങ്ങള്‍ക്കു ബദലുണ്ട്. നിലവിലെ അപര്യാപ്തതകളും നീതിരാഹിത്യങ്ങളും അതിജീവിക്കുക എന്നതാണ് ഈ ബദലുകളുടെ ലക്ഷ്യം.

പണാധികാരവും രാഷ്ട്രീയാധികാരവും കൊണ്ടുമാത്രം മുന്നോട്ട് പോകുന്ന നിലവിലെ വികസന മാതൃകകളെ ചോദ്യം ചെയ്യുന്നതിനും അതിന്റെ കുറവുകള്‍ വിലയിരുത്തും വിധം രാജ്യത്തെ പരമാവധി പൗരന്മാരിലേയ്ക്ക് എത്തിക്കുക എന്നതുകൂടിയാണ് ഇത്തരം ബദലുകളുടെ പരിശീലനത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നതും. ഇതിന്റെ ലക്ഷ്യവും മാര്‍ഗ്ഗവുമൊക്കെയും ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതാണ്. ഒരുപാട് ദൂരം പോകാനുമുണ്ട് ഇനി. ഉദാഹരണത്തിന് കര്‍ഷകരുടെ കാര്യമെടുക്കുക. ഒരു വലിയ പ്രക്ഷോഭത്തിലുടെ പ്രധാനമന്ത്രിക്കു മൂന്ന് ബില്ലുകളും പിന്‍വലിക്കേണ്ടിവന്നുവെങ്കിലും ആ പ്രശ്‌നം പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞില്ല. കാരണം, ഭൂമിയുടെ സങ്കീര്‍ണ്ണമായ വിവരങ്ങളടങ്ങിയ ലാന്റ് റിക്കോര്‍ഡ് കീപ്പിംഗിനുവേണ്ടി മൈക്രോ സോഫ്റ്റ് കമ്പനിയുടെ രൂപത്തില്‍ ബില്‍ഗേറ്റ് ഫൗണ്ടേഷന്‍ രംഗത്ത് വന്നുകഴിഞ്ഞു. ആഫ്രിക്കയിലെ കൃഷിയും കൃഷിഭൂമിയും പലവിധത്തില്‍ ഇല്ലാതാക്കിയവരാണിവര്‍. വാള്‍മാര്‍ട്ട്, ബില്‍ഗേറ്റ്, കൊക്കോകോള എന്നിവരൊക്കെ ക്ഷണിക്കപ്പെടുകയാണ്. ഭരണാധികാരികളുടെ അനുഗ്രഹാശിസ്സുകളോടെ കടന്നുവരികയും കടന്നു വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി കമ്പനികളെ തൂത്തെറിയുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. ഇതു ജീവിതത്തെക്കുറിച്ചുള്ള വീക്ഷണമാണ്. ജീവിതംകൊണ്ട് എഴുതുന്ന പാരിസ്ഥിതിക ബോധ്യമാണ്. അന്താരാഷ്ട്ര സമ്മേളനങ്ങളിലുള്‍പ്പെടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇത്തരം സംഗതികള്‍ ഇനിയും താഴേ തട്ടിലേയ്ക്ക് എത്തിച്ചേരേണ്ടതുണ്ട്. നിലവിലെ നഷ്ടങ്ങള്‍ എത്രതന്നെയായിരുന്നാലും ഇനിയും അതിന്റെ അളവ് കൂടാതിരിക്കുന്നതിനായി കരിയറിസത്തിലേയ്ക്കും കണ്‍സ്യൂമറിസത്തിലേയ്ക്കും മാത്രം കണ്ണ് നട്ടിരിക്കുന്ന കുട്ടികളേയും കൗമാരക്കാരേയും വിദ്യാഭ്യാസം ചെയ്യിക്കേണ്ടതുണ്ട്. മനുഷ്യനോടും പ്രകൃതിയോടുമായിരിക്കണം അവരുടെ ബാധ്യത. പലതിലും നമുക്കു വലിയ തോതിലുള്ള കുറവ് അനുഭവപ്പെടുന്നുണ്ട്. നമുക്കു സമ്പൂര്‍ണ്ണമായും പട്ടിണി മരണങ്ങളും രോഗമരണങ്ങളും തുടച്ചു നീക്കാനാവാത്തതില്‍ എനിക്കു ലജ്ജയും ഒരു പരിധിവരെ സങ്കടവും ഉണ്ട്.

മേധ (പഴയ ചിത്രം)
മേധ (പഴയ ചിത്രം)

ബാനറുകളില്‍ ഫോട്ടോ കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നു പറഞ്ഞല്ലോ. പക്ഷേ, ജനകീയ സമരങ്ങളെ നേരായ ദിശയില്‍ കൊണ്ടുപോകാനും നയിക്കാനും നേതാക്കള്‍ വേണ്ടേ. ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാതെ വിജയിക്കാന്‍ സാധിക്കുമോ. അതോ കര്‍ഷകസമരം പോലുള്ള മാസ് മൂവ്‌മെന്റുകളിലാണ് ഇനി ഭാവി എന്നാണോ? 

നേതൃത്വപരമായ പങ്ക് വ്യത്യസ്തമായ രീതിയില്‍ പ്രയോഗിക്കുന്നവര്‍ ധാരാളമുണ്ട്. ചിലര്‍ കൂട്ടായ നിലയില്‍ ആ ശേഷി പ്രയോഗിക്കുന്നു. വ്യക്തികള്‍ക്ക് എല്ലാ നായകസ്ഥാനങ്ങളും ഒരുപോലെ വഹിക്കാന്‍ കഴിയണമെന്നില്ല. നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുടെ മഹത്വവല്‍ക്കരണം സത്യത്തില്‍ മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുക തന്നെ ചെയ്യും. അതു കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആക്കം കുറയ്ക്കും. വളരെ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണത്. പ്ലാച്ചിമടയില്‍ കൊക്കോകോളയ്ക്ക് എതിരായ സമരം വിളയോടി വേണുഗോപാലാണ് നയിക്കുന്നത് എന്നു നിങ്ങള്‍ പറയുമ്പോള്‍ അതിലെ മറ്റു പ്രവര്‍ത്തകരേയും അതിലെ സ്വാധീനത്തേയും നിങ്ങള്‍ കാണാതെ പോകരുത്. എല്ലാവരേയും ഒരേ പ്രാധാന്യത്തോടെ കൊണ്ടുപോവുക എന്നത് പ്രധാനമാണ്.

പ്രത്യയശാസ്ത്രപരമായി ഇരുധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടികളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നതെങ്കിലും പാരിസ്ഥിതിക-മനുഷ്യാവകാശ വിഷയങ്ങളില്‍ പലപ്പോഴും ഈ ഭരണകൂടങ്ങളുടേയും നിലപാടുകള്‍ സമാനമാകാറുണ്ട് എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്? 

ഒരു രാഷ്ട്രീയപ്പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴും അധികാരത്തിനു പുറത്തു നില്‍ക്കുമ്പോഴും രണ്ടു തരത്തില്‍ പെരുമാറുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം കൂടുതല്‍ പ്രത്യയശാസ്ത്രരഹിതമായിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നു ഞാന്‍ കരുതുന്നു. മുന്നണി ബന്ധങ്ങള്‍പോലും പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല. അതുകൊണ്ടുതന്നെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും നമ്മള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷ സ്വരമാവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പ്രതിപക്ഷമാവട്ടെ, പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇ.ഡി, സി.ബി.ഐ, യു.എ.പി.എ തുടങ്ങിയവയൊക്കെയാണ് ഭരണകൂടത്തിന്റെ ആയുധങ്ങള്‍. അവരാകട്ടെ, വിവരാവകാശ നിയമപരിധിയില്‍ പെടാത്തതും ഒട്ടും സുതാര്യമല്ലാത്തതുമായ ഇലക്ട്രല്‍ ബോണ്ട് സംവിധാനം പോലെയുള്ളവയിലൂടെ ഭീമമായ ഫണ്ട് ആണ് സ്വന്തമാക്കിയിട്ടുള്ളത്. എന്നിട്ടും അവര്‍ ജനകീയ പ്രസ്ഥാനങ്ങളെ ഉന്നം വയ്ക്കുന്നു. വിദേശ ഫണ്ടിനെക്കുറിച്ചാണ് അവരുടെ ചോദ്യം മുഴുവന്‍. നാളിതുവരെ ഞങ്ങള്‍ വിദേശ ഫണ്ട് കൈപ്പറ്റിയിട്ടില്ല; എന്നിട്ടും അവര്‍ ഞങ്ങളെ വെല്ലുവിളിക്കുകയാണ്. എന്നാല്‍, ഫോറിന്‍ ഫണ്ടിന്റെ പേരില്‍ എന്‍.ജി.ഒകളെ വേട്ടയാടുന്നവര്‍ക്കെങ്ങനെയാണ് സ്വന്തം വിദേശ ഫണ്ടിനെ ന്യായീകരിക്കാനാവുക. ഇത്തരം ചോദ്യങ്ങളെല്ലാം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ഇതേ സാഹചര്യത്തിലൂടെയാണ് മറ്റു പല രാജ്യങ്ങളും കടന്നുപോയിട്ടുള്ളതും. നാസി ജര്‍മനിയിലായാലും മതസ്പര്‍ദ്ധയില്‍ പുകയുന്ന ലെബനനിലായാലും സാമ്പത്തികാധപതനത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കയിലായാലും അവിടെയെല്ലാം ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ നമുക്കും ഇതു സംഭവിച്ചേക്കാം. പൊതുസമൂഹം ഉണരുകയും അതൊരു വലിയ മുന്നേറ്റമായി മാറുകയും ചെയ്യുകയാണെങ്കില്‍ അതു നമ്മുടെ സ്വതന്ത്ര്യസമരംപോലെ മറ്റൊരു മൂവ്‌മെന്റ് ആയി മാറിയേക്കാം. അങ്ങനെയാണെങ്കില്‍ പലവിധ ചെറുപോരാട്ടങ്ങള്‍ ഒത്തുചേര്‍ന്ന് അതൊരു ദീര്‍ഘകാല യുദ്ധമായും മാറിയേക്കാം. ഒടുവിലത് നിലവിലുള്ള സര്‍വ്വതിനേയും പുതുക്കി പണിയുന്ന വിജയകരമായ പരിസമാപ്തിയിലുമെത്തിയേക്കാം. ഇനി അതുമാത്രമാണൊരു പോംവഴി.

വിഎസിനൊപ്പം
വിഎസിനൊപ്പം

കെ-റെയില്‍ വിരുദ്ധ സമരവും മറ്റു സമരങ്ങളും കേരളത്തെ പിടിച്ചുകുലുക്കിയ ഒരു കാലമാണിത്. രാഷ്ട്രീയ-പാരിസ്ഥിതിക ധാര്‍മ്മികതയുടെ വെളിച്ചത്തിലാണോ അതോ വികസനത്തിന്റെ പരിശ്രമങ്ങളുടെ അടിത്തറയിന്മേലാണോ ഈ സമരങ്ങളെ വിലയിരുത്തേണ്ടത്. ഈ പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്നവരെ വികസനവിരുദ്ധരെന്നും തീവ്രവാദികളെന്നും ഭരിക്കുന്നവര്‍ തന്നെ വിശേഷിപ്പിക്കുന്നുണ്ട്? 

കെ-റെയില്‍, ആവിക്കല്‍പോലുള്ള സമരങ്ങളില്‍ ധാരാളം സി.പി.എം പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സമരങ്ങളുടെ പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ തന്നെ കുറ്റം പറയുന്നതിനു പകരം മുന്‍പ് വി.എസ്. അച്യുതാനന്ദന് മനുഷ്യനോടും പ്രകൃതിയോടും ഉള്ളതുപോലുള്ള ഒരു പ്രസാദാത്മക സമീപനം ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഇല്ല, എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം. കര്‍ഷക സമരം, ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍ വനഗോത്രവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങള്‍ തുടങ്ങിയവയിലൊക്കെയും ഞങ്ങളോടൊപ്പം ചേര്‍ന്നുനിന്നു പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ള ഇടതുപക്ഷത്തിന്റെ പോളിറ്റ്ബ്യൂറോ മെമ്പര്‍മാരില്‍നിന്ന് ഒരു അനുകൂല സമീപനം ഇപ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് ഒരു സംഭാഷണത്തിനും സംവാദത്തിനുമുള്ള സാധ്യത തള്ളിക്കളയരുത് എന്നു ഭരണകക്ഷിയിലെ മനുഷ്യത്വമുള്ള ഓരോ അംഗത്തിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. അസംബ്ലികളിലോ പാര്‍ലമെന്റിലോ നാളിതുവരെ കാര്യക്ഷമമായ ഒരു സംവാദം അരങ്ങേറിയിട്ടില്ലാത്തതു കൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. ഏതായാലും സമരം ഇനിയും തുടരേണ്ടതുണ്ട്.

പരിസ്ഥിതി, മനുഷ്യാവകാശ വിഷയങ്ങളില്‍ ഇടതുഭരണകൂടം പ്രത്യയശാസ്ത്രവിരുദ്ധമായ സമീപനം പുലര്‍ത്തുന്നുവെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് പരാജയ രാഷ്ട്രീയമാണ് കയ്യാളുന്നത് എന്നും താങ്കള്‍ പറഞ്ഞു. ഭരണകൂട ഭീകരതയുടെ മുഖത്തോടെ കേന്ദ്രസര്‍ക്കാരും നില്‍ക്കുന്നു. മലയാളികള്‍ പരിസ്ഥിതി-പൗരധര്‍മ്മ വിഷയങ്ങളില്‍ ആരെയാണ് വിശ്വസിക്കേണ്ടത്. നന്ദിഗ്രാമും കംപ്യൂട്ടര്‍ വന്ന കാലത്ത് എടുത്ത നിലപാടുകളും മറ്റും ഇന്ന് ഇടതുപക്ഷത്തിനു വിട്ടു മാറാത്ത പേടിസ്വപ്നമായി മാറിയിട്ടുണ്ടോ? 

ഓരോ പാര്‍ട്ടിക്കും അവരവരുടെ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കും. രാഹുല്‍ ഗാന്ധി ഞങ്ങളുമായി നടത്തിയ ഒരു കൂടിക്കാഴ്ചയുടെ ഒടുവില്‍ പറഞ്ഞത് താങ്കള്‍ പറഞ്ഞത് എനിക്കു ബോധ്യം വന്നു. എന്നാല്‍, പാര്‍ട്ടി അണികളെ അക്കാര്യം ബോധിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്, എന്നിരുന്നാലും താങ്കളുടെ പല വാദങ്ങളോടും ഞാന്‍ യോജിക്കുന്നുവെന്നുമാണ്. അതായത് ഏതു പാര്‍ട്ടിക്കുള്ളിലുമുള്ള ജനാധിപത്യമൂല്യങ്ങളുടെ സാന്നിദ്ധ്യം തന്നെയാണ് ആ പാര്‍ട്ടി അന്തിമമായി പ്രതിഫലിപ്പിക്കുന്ന നിലപാട്. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യ പ്രക്രിയയ്ക്കുവേണ്ടിയാണ് നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നെനിക്കു തോന്നുന്നു. രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗത്തുനിന്നു നോക്കിയാലും അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. നന്ദിഗ്രാം സമരത്തിനുശേഷം ഞങ്ങള്‍ നേടിയെടുത്ത ലാന്റ് അക്വിസേഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍ നിയമപോരാട്ടത്തിന് ഇടതുപാര്‍ട്ടികള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്നും ആ നിയമം പല സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടില്ല. നിയമപരമായും സാമൂഹ്യമായും ഞങ്ങള്‍ അതിനുള്ള പോരാട്ടത്തിലാണ്. ആ വിഷയത്തില്‍ ഇതേ പാര്‍ട്ടി കേരളത്തില്‍ എടുത്തിട്ടുള്ള നിലപാടുകളില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് അവര്‍ തന്നെ അധികാരത്തിലില്ലാത്ത മറ്റു സ്റ്റേറ്റുകളില്‍ എടുത്തിട്ടുള്ള നിലപാടുകള്‍. കര്‍ഷകസമരത്തില്‍ വന്‍ ജനപങ്കാളിത്തം സംഭാവന ചെയ്തതും ഒട്ടേറെ വിഷയങ്ങളില്‍ യുക്തിപൂര്‍വ്വം നിലപാടെടുത്തതും സാധാരണ ജനങ്ങള്‍ക്കുവേണ്ടിയുള്ള നിരവധി നിലപാടുകള്‍ ഞങ്ങളുമായി പങ്കുവച്ചതുമായ ഇടതുപാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗങ്ങളോട് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നുള്ള ആത്മാര്‍ത്ഥതയോടെ ഞങ്ങള്‍ അപേക്ഷിക്കുകയാണ്. ദയവായി ഞങ്ങളുടെ നിലപാടുകള്‍ക്ക് അനുഭാവപൂര്‍ണ്ണമായി പിന്തുണ നല്‍കണമെന്ന്. നല്ലൊരു നാളെയാണ് ഞങ്ങളുടെ പ്രതീക്ഷ. അങ്ങനെയല്ലാത്തപക്ഷം ഒരു പാര്‍ട്ടിക്കും പ്രതീക്ഷിക്കാനാവാത്തവിധം കേരളത്തിന്റെ സാഹചര്യം അടിമുടി മാറിയേക്കാം.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com