എഴുത്ത് എന്ന നിര്‍മ്മിതിയിലൂടെ രേഖപ്പെടുത്തുന്ന അനുഭവങ്ങള്‍

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഫ്രെഞ്ച് എഴുത്തുകാരി ആനി എര്‍നോയുടെ എഴുത്തും ജീവിതവും
എഴുത്ത് എന്ന നിര്‍മ്മിതിയിലൂടെ രേഖപ്പെടുത്തുന്ന അനുഭവങ്ങള്‍

സ്വന്തം കഥ പറയുവാനുള്ള അഭിവാഞ്ഛയും അതുളവാക്കുന്ന ഉല്‍ക്കണ്ഠയും ഇഴചേര്‍ന്ന് സന്ദിഗ്ദ്ധമാകുന്ന ആഖ്യാനലോകമാണ് ഇക്കൊല്ലത്തെ നൊബേല്‍ പുരസ്‌കാര ജേതാവായ ഫ്രെഞ്ച് എഴുത്തുകാരി ആനി എര്‍നോയുടെ (Annie Ernaux) കൃതികളുടെ സവിശേഷത. ഓര്‍മ്മയുടെ അനിയതമായ വികലതകള്‍ കൂടിയാകുമ്പോള്‍ ആ കഥാലോകം ചോദ്യം ചെയ്യപ്പെടാവുന്ന യാഥാര്‍ത്ഥ്യത്തിന്റെ ആത്മകഥാപരമായ നിര്‍മ്മിതികൂടിയാവുന്നു. എര്‍നോയുടെ കൃതികളിലെ കഥ പറയുന്ന 'ഞാന്‍' എഴുത്തുകാരിയുടെ പ്രതിനിധിയാണെങ്കിലും ഈ രണ്ടു സ്വത്വങ്ങളും ഒരിക്കലും ഏകരൂപമാര്‍ജ്ജിക്കുന്നില്ല; ആഖ്യാനം ചെയ്യപ്പെടുന്ന യാഥാര്‍ത്ഥ്യവും അതിന്റെ പാഠനിര്‍മ്മിതിയും തമ്മിലുള്ള വ്യതിയാനങ്ങള്‍ അവയില്‍ പ്രകടമാകുന്നുമുണ്ട്. ഭാഷയിലൂടെ രൂപാന്തരപ്പെടുന്ന ഓര്‍മ്മയുടെ അടരുകളില്‍ പ്രാന്തവല്‍ക്കരിക്കപ്പെടുന്ന വ്യക്തിയുടെ ആകുലതകള്‍ എര്‍നോയുടെ ആത്മാവിഷ്‌കാരങ്ങളില്‍ തെളിയുന്നുണ്ട്. അവയില്‍ എഴുത്തിന്റേയും ഭാഷയുടേയും പരിമിതികളും വെളിപ്പെടുന്നു.

1940ല്‍ നാസി ജര്‍മനിയുടെ ഫ്രെഞ്ച് അധിനിവേശത്തിനു തൊട്ടു പിന്നാലെ നോര്‍മണ്ടിയിലെ ഒരു തൊഴിലാളിവര്‍ഗ്ഗ കുടുംബത്തിലാണ് ആനി എര്‍നോ ജനിച്ചത്. ഫാക്ടറി തൊഴിലാളിയായിരുന്ന അമ്മയും കൃഷിയിടത്തില്‍ ജോലി നോക്കിയിരുന്ന പിതാവും പില്‍ക്കാലത്ത് ഒരു ചെറിയ കോഫി ഷോപ്പും പലചരക്കു കടയും തുടങ്ങി സാമൂഹിക ശ്രേണിയില്‍ ഉയരുവാന്‍ ശ്രമിച്ചു. റുവോ (Rouen), ബോര്‍ദോ (Bordeaux) യൂണിവേഴ്‌സിറ്റികളിലെ സാഹിത്യപഠനശേഷം എര്‍നോ National Cetnre for Distance Education-ല്‍ ജോലി നോക്കി. എളിയ തുടക്കത്തില്‍നിന്നും സമൂഹത്തിന്റെ ഉന്നത തലങ്ങളിലേക്കുള്ള ഈ എഴുത്തുകാരിയുടെ ഉയര്‍ച്ചയുടെ പടവുകളിലെ ഭയാശങ്കകളും ഒറ്റപ്പെടലും അവരുടെ പല കൃതികളിലും പ്രതിഫലിച്ചു കാണാം. 'ഫ്രെഞ്ച് സമൂഹത്തിനുള്ളിലെ കുടിയേറ്റക്കാരി' എന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചത്. എര്‍നോ  ഇരുപതിലേറെ  കൃതികള്‍ രചിച്ചിട്ടുണ്ട്. എഴുപതുകളില്‍ എഴുതിത്തുടങ്ങിയ അവരുടെ ആദ്യകൃതി Cleaned out (ഇംഗ്ലീഷ് പരിഭാഷ, 1990) എന്ന നോവലാണ്. A Man's Place (1992), A Frozen Woman (1996), Exteriors (1996), Shame (1998), I Remain in Darkness (1999), Happening (2001), A Woman's Story (2003), Simple Passion (2003), The Possession (2008), Things Seen (2010), The Years (2017), A Girl's Story (2020), Do What They Say Or Else (2022), Getting Lost (2022) എന്നീ പ്രശസ്ത രചനകളുടെ പരിഭാഷകള്‍ ഇംഗ്ലീഷിലും മറ്റനേകം ഭാഷകളിലും ലഭ്യമാണ്.

തന്റെ 11ാം വയസ്സില്‍ മാതാപിതാക്കള്‍ക്കിടയിലുണ്ടായ വന്യമായ അക്രമാസക്തി വെളിപ്പെടുത്തുന്ന ഒരു സംഭവമാണ് 'Shame' എന്ന കൃതിയിലെ പ്രതിപാദ്യ വിഷയം. സ്വന്തം ബാല്യകൗമാരങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ ഇതിനു മുന്‍പെഴുതിയ പല രചനകളിലും കടന്നു വരുന്നുണ്ടെങ്കിലും അവയിലൊന്നും ഈ സംഭവത്തെക്കുറിച്ചുള്ള  സൂചനകളേതുമില്ല. ഭീതിയും അപമാനവും നിഴലിക്കുന്ന ആ സംഭവത്തിന്റെ മുന്‍കാല കൃതികളിലെ അസാന്നിദ്ധ്യം, അതിന്റെ ആഖ്യാനത്തെ സംബന്ധിക്കുന്ന ഉള്‍ഭയത്തിന്റേയും ആകുലതയുടേയും സൂചനയാകുന്നു. ഭീതിദമായ ആ ഓര്‍മ്മയില്‍നിന്നും രക്ഷനേടുവാനുള്ള ശ്രമങ്ങളുടെ ആത്യന്തികമായ അസാദ്ധ്യതയുടെ  തെളിവുതന്നെയാണ് ഈ കൃതി. ഈ ആഖ്യാനത്തിന്റെ പുനര്‍വായന അത് എങ്ങനെയോ ഒരു വ്യാജനിര്‍മ്മിതിയാണെന്ന തോന്നല്‍ എഴുത്തുകാരിയില്‍ ഉളവാക്കുന്നുണ്ട്. അപമാനകരമായ ഈ സംഭവം ആഖ്യാനത്തിനു വഴങ്ങുമോ എന്ന സംശയവും അത് യഥാതഥമായി അവതരിപ്പിക്കാനാവുമോ എന്ന ആകുലതയും ഒരേ സമയം പ്രകടമാകുന്നു. 'ജൂണ്‍ മാസത്തിലെ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് എന്റെ പിതാവ് അമ്മയെ കൊല്ലാനൊരുമ്പെട്ടു.' എന്ന തുറന്നു പറച്ചിലോടെയാണ് Shame ആരംഭിക്കുന്നത്. ഉച്ചഭക്ഷണ സമയത്തും തുടര്‍ന്നുമുണ്ടായ വാക്‌പോരിനൊടുവില്‍ ആനിയുടെ പിതാവ് അമ്മയെ നിലവറയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നു. അരണ്ടവെളിച്ചത്തില്‍ കൊലക്കത്തിയുടെ ഭീഷണരൂപവും നിലവിളിയും നിറഞ്ഞ ഏതാനും നിമിഷങ്ങള്‍ക്കുശേഷം വീണ്ടുമവര്‍ ദൈനംദിന ചര്യകളുടെ സര്‍വ്വസാധാരണത്വത്തിലേക്ക് മടങ്ങുന്നു. പക്ഷേ, ജൂണ്‍ 15, 1952 എന്ന തീയതി എര്‍നോയുടെ ബാല്യകാല സ്മരണയില്‍ ഒരിക്കലും മായാത്തവിധം അടയാളപ്പെടുന്നു.

ഒരേ സംഭവത്തിന്റെ ആവര്‍ത്തിക്കുന്ന വ്യാഖ്യാനങ്ങള്‍

ഈ സംഭവത്തെക്കുറിച്ച് എഴുതുകയെന്നത് അസാധ്യമായിരുന്നുവെന്ന് അവര്‍ തുടര്‍ന്നു പറയുന്നു: 'സംഭവിച്ചതിനെക്കുറിച്ച് ഇതാദ്യമായാണ് ഞാന്‍ എഴുതുന്നത്; ഇതുവരെ എന്റെ ഡയറിയില്‍പ്പോലും അതെഴുതിവെക്കുക അസാധ്യമായിരുന്നു.' അതിന്റെ ആഖ്യാനം വിലക്കപ്പെട്ടതാണെന്നും അത് എഴുതുകയെന്നാല്‍ ഇനിയൊരിക്കലും എഴുതാനാവില്ലെന്ന ശിക്ഷ സ്വയം വരുത്തിവെക്കുന്ന കിടിലംകൊള്ളിക്കുന്ന ഒരു അനുഭവമായി മാറുമെന്നും അവര്‍ക്കു തോന്നുന്നു. പക്ഷേ, എഴുതിക്കഴിഞ്ഞപ്പോള്‍ അത് വെറുമൊരു സാധാരണ സംഭവമായി മാറുന്നു. എഴുത്തിലൂടെ, ഏതു നാടകീയമായ സംഭവവും സര്‍വ്വസാധാരണത്വം കൈവരിക്കുമായിരിക്കും. എഴുതാന്‍ തുടങ്ങിയപ്പോള്‍ ഈ സംഭവത്തിന്റെ വിശദാംശങ്ങളെല്ലാം ഓര്‍മ്മിച്ചെടുക്കാനാവുമെന്നു കരുതിയെങ്കിലും അവയാകെ അവ്യക്തതയുടെ ഒരു ആവരണത്തിലാഴ്ന്നുപോയി. പിന്നീട്, വര്‍ഷങ്ങളോളം ആ ദുരനുഭവം ആവര്‍ത്തിക്കുമെന്ന ആശങ്ക പൊടുന്നനെ ഉളവാക്കുന്ന നിശബ്ദതയില്‍ ആനി ദുരന്തത്തിന്റെ ദുസൂചനകള്‍ കാണുന്നു. അനുനിമിഷം, സ്‌കൂളില്‍നിന്ന് ഒരുനാള്‍ മടങ്ങിയെത്തുമ്പോള്‍, ഒരിക്കല്‍ ഒഴിവായ ആ ദുരന്തം യാഥാര്‍ത്ഥ്യമാകുമെന്ന് അവള്‍ ഭയന്നു. 'യാതൊരു കുറ്റവും ചെയ്യാത്ത നിങ്ങളുടെ പിതാവിനുമേല്‍ കൊലപാതകക്കുറ്റം ആരോപിച്ചാല്‍ എന്തു ചെയ്യും?' എന്ന ഒരു ഡിറ്റക്ടീവ് നോവലിലെ ചോദ്യം അവളുടെ നട്ടെല്ലിലൂടെ മരവിപ്പിന്റെ ഒരു മിന്നലായി മാറുന്നു.

ഒരു അഭിമുഖത്തില്‍, തന്റെ കൃതികളില്‍ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങള്‍, ഓര്‍മ്മയുടെ വീഴ്ചകള്‍ ഒഴിവാക്കിയാല്‍, എല്ലാ സൂക്ഷ്മാംശങ്ങളിലും സത്യമാണെന്ന് എര്‍നോ പറയുന്നുണ്ട്. പക്ഷേ, ഒരേ സംഭവത്തിന്റെ ആവര്‍ത്തിക്കുന്ന ആഖ്യാനങ്ങള്‍ അവരുടെ പല രചനകളിലും കാണാം. 1963ല്‍ 23കാരിയായ ആനി താന്‍ ഗര്‍ഭിണിയാണെന്നു തിരിച്ചറിയുന്നു. പ്ലേഗു ബാധപോലെ ഉയരുന്ന അപമാനഭാരവും തന്റെ കുടുംബം തന്നെ സാമൂഹികമായി ഒരു പരാജയമാണെന്ന മുദ്രപതിയുവാന്‍ കാരണമാകുമെന്ന ചിന്ത ഗര്‍ഭഛിദ്രത്തിലേക്കുള്ള വഴിതുറക്കുന്നു. ആദ്യ കൃതിയായ Cleand Outലും പിന്നെ 2001 ല്‍ പ്രസിദ്ധീകരിച്ച Happening-ലും ഇതുതന്നെയാണ് വിഷയീഭവിക്കുന്നത്. അതുപോലെ Simple Passion, Getting Lost എന്നീ കൃതികളില്‍ പാരീസിലെ സോവിയറ്റ് എംബസിയിലെ വിവാഹിതനായ ഒരു റഷ്യന്‍ ഉദ്യോഗസ്ഥനുമായുള്ള എര്‍നോയുടെ രതിയും നാശകാരിയായ തീവ്രാഭിനിവേശവും ആവര്‍ത്തിക്കുന്നു. ഒരു ആഖ്യാനത്തില്‍ പൂര്‍ത്തീകരിക്കുവാനാവാത്ത അനുഭവങ്ങളുടെ ഈ ആവര്‍ത്തനം മനസ്സിന്റെ ആഴത്തില്‍ അവ കൈവരിക്കുന്ന നിരന്തരമായ  രൂപാന്തരവും വ്യതിരിക്തമായ പരിപ്രേക്ഷ്യങ്ങളും സൂചിപ്പിക്കുന്നു. ഒരു തറേറ്റഡ് സിനിമയിലെ രതിദൃശ്യങ്ങളുടെ ക്ലോസപ്പ് ഷോട്ടുകള്‍ വിവരിച്ചുകൊണ്ടു തുടങ്ങുന്ന ടശാുഹല ജമശൈീിന്റെ ആഖ്യാനം അവയുടെ ദൃശ്യാവിഷ്‌കാരം തികച്ചും സ്വകാര്യമായതിനെ ഒരു ഹസ്തദാനം പോലെ സാധാരണമാക്കുന്നുവെന്നു പറയുന്നു. എഴുത്തും രതിയുളവാക്കുന്ന ഉല്‍ക്കണ്ഠയും മന്ദതയും ആവാഹിച്ച് സദാചാരത്തിന്റെ വിലയിരുത്തലുകളില്‍നിന്നും മോചനം നേടണമെന്ന് അവര്‍ പറയുന്നു.

ആനി എർനോ
ആനി എർനോ

A Man's Place എര്‍നോയുടെ പിതാവിന്റെ ജീവിതവും സാമൂഹിക ശ്രേണിയിലൂടെ തന്റെ ഉയര്‍ച്ചമൂലം അദ്ദേഹത്തില്‍നിന്നുമുണ്ടായ അകല്‍ച്ചയും പ്രതിപാദിക്കുന്നു. പിതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കുമൊപ്പം പരസ്പരം അവമതിപ്പു ചൊരിയുന്ന മാതാപിതാക്കളുടെ കലഹങ്ങളും നിത്യജീവിതത്തിലെ അനുഭവങ്ങളും ഈ കൃതിയില്‍ ഇടകലരുന്നു. പിതാവിനെ തനിക്ക് ഒരിക്കലും മനസ്സിലാക്കാനായിട്ടില്ലെന്ന് എര്‍നോ പറയുന്നുണ്ട്. ജാലകത്തിലൂടെ അവള്‍ അയാളെ നോക്കിനില്‍ക്കുമ്പോള്‍ ഏതോ ഒരു അപരിചിതത്വം ഒഴിവാക്കാനാവുന്നില്ല. സ്വന്തം ആശയങ്ങള്‍ അടിച്ചേല്പിക്കുന്ന ഭാര്യയോടുള്ള ശത്രുത ഹീനമായ പദങ്ങളായി പുറത്തുവരുന്നു. നോവലിന്റെ ആഖ്യാനത്തില്‍ ചിലയിടങ്ങളില്‍ പിതാവിന്റെ ഗൂഢമായ ലൈംഗിക തൃഷ്ണകളെക്കുറിച്ചുള്ള സൂചനകളുണ്ട്. ഉച്ചമയക്കത്തിനുശേഷം അശ്ലീല പുസ്തകങ്ങള്‍ അയാള്‍ ഒളിച്ചുവെക്കുന്നതും കയ്യോടെ പിടികൂടപ്പെടുമ്പോള്‍ ഉയരുന്ന പൊള്ളയായ ചിരിയും എര്‍നോ ഓര്‍മ്മിക്കുന്നു. അയാളുടെ അമര്‍ത്തിവെച്ച ലൈംഗികതയാണോ വാക്കുകളിലടക്കം അക്രമാസക്തിയായി ഉയിരെടുക്കുന്നത്? താന്‍ ഏറെക്കാലമായി ഉള്ളിലൊരുക്കിയ ഓര്‍മ്മകളാണ് ഇവിടെ ആഖ്യാനം ചെയ്യപ്പെടുന്നതെന്ന് എര്‍നോ പറയുന്നുണ്ട്. ഒരുപക്ഷേ, ഈ ആഖ്യാനത്തിലൂം മറ്റു കൃതികളിലെന്നപോലെ, വിട്ടുപോകുന്ന അംശങ്ങള്‍ (മനപ്പൂര്‍വ്വം ഒഴിവാക്കുന്നതുമാവാം) ഉണ്ടാവാം. അവ എന്നെങ്കിലും നിയന്ത്രിതമായ ഓര്‍മ്മയുടെ പരിധികളെ ലംഘിച്ച് ഇനിയുമൊരു ആഖ്യാനത്തിലൂടെ വെളിപ്പെട്ടുവെന്നും വരാം.

തിരഞ്ഞെടുത്ത ചില വസ്തുതകളും വിശദാംശങ്ങളും ഉപയോഗിച്ച് പിതാവിന്റെ, ജീവിതം വാക്കുകളിലൂടെ പുനഃസൃഷ്ടിക്കാനുള്ള ശ്രമം, ആ വ്യക്തിത്വത്തില്‍നിന്നും തന്നെ ക്രമേണ അകറ്റുകയാണെന്ന് എര്‍നോ തിരിച്ചറിയുന്നുണ്ട്. പക്ഷേ, അദ്ദേഹത്തെക്കുറിച്ചുള്ള വ്യക്തിപരമായ സ്മരണകളില്‍ മാത്രം അഭിരമിക്കുമ്പോള്‍ ആ വ്യക്തിത്വത്തിനു സമൂഹവുമായുള്ള ബന്ധം വിസ്മൃതിയിലാഴുകയും ചെയ്യുന്നു. ഈ പ്രതിസന്ധിയെ നേരിടുമ്പോഴൊക്കെ വ്യക്തിനിഷ്ഠമായ വീക്ഷണത്തില്‍നിന്നും തന്നെ അടര്‍ത്തിമാറ്റേണ്ടതുണ്ടെന്ന് ഈ എഴുത്തുകാരി തിരിച്ചറിയുന്നു. ഭാവനയും സ്മരണയും ഇഴചേരുമ്പോള്‍ നിറം കലരുന്ന യാഥാര്‍ത്ഥ്യം ഒഴിവാക്കാനായി, ആഖ്യാനത്തില്‍ ഓരോ സംഭവത്തിനും പിന്നിലുള്ള സാമൂഹിക ഘടകങ്ങളെ വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, ബാല്യകാലത്ത് കടന്നുപോയ തെരുവുകളെക്കുറിച്ചുള്ള പില്‍ക്കാല വിവരണത്തില്‍ അവ സൂചിപ്പിക്കുന്ന സാമൂഹിക ശ്രേണികളെക്കുറിച്ചുള്ള ചിന്തകളിലേക്കുള്ള വഴി തുറക്കുന്നു.

A Woman's Storyയില്‍ എര്‍നോ തന്റെ അമ്മയുടെ ജീവിതവും അല്‍ഷിമേഴ്‌സ് രോഗബാധിതയായ അവരുടെ അവസാന നാളുകളും ചിത്രീകരിക്കുന്നു. അമ്മയെക്കുറിച്ച് എഴുതുവാനുള്ള പ്രചോദനമെന്തെന്നും ഈ നോവലില്‍ പറയുന്നുണ്ട്: 'ഒരുകാലത്ത് ശക്തയും തേജസ്വിയുമായിരുന്ന അമ്മ എന്ന സ്ത്രീയെ സ്മൃതിനാശത്തിലൂടെ ഉന്മാദിയായിത്തീര്‍ന്ന സ്ത്രീയുമായി എഴുത്തിലൂടെ ഒന്നിപ്പിക്കാതെ എനിക്കു ജീവിക്കുവാനായില്ല.' അമ്മയുടെ വ്യത്യസ്ത സ്വത്വങ്ങളെ എഴുത്തിലൂടെ സംയോജിപ്പിക്കുവാനുള്ള തന്റെ ശ്രമം വിജയിച്ചുവെന്ന് ഒടുവില്‍ അവര്‍ പറയുന്നുണ്ടെങ്കിലും ശകലിതമായ ആഖ്യാനവും വരികള്‍ക്കിടയിലെ അസ്വാഭാവികമായ ശൂന്യസ്ഥലങ്ങളും ഈ അവകാശവാദത്തെ അസ്ഥിരപ്പെടുത്തുന്നു. രേഖീയമല്ലാത്ത ഇത്തരം ഓര്‍മ്മകളുടെ ആഖ്യാനം Simple Passion-ല്‍ പറയുന്നതുപോലെ ആഖ്യാനത്തിനു വിഷയമായ യാഥാര്‍ത്ഥ്യത്തിന്റെ സൂചകങ്ങളുടെ ഒരു പട്ടിക മാത്രമാവാം. ഇത്തരമൊരു ആഖ്യാനത്തിന്റെ/ ഭാഷാപ്രയോഗത്തിന്റെ പരിമിതികളാവാം വീണ്ടുമൊരു കൃതിയില്‍ (I Remain in Darkness) അമ്മയുടെ ജീവിതം വിഷയമാകുന്നതിനു കാരണം. സ്മരണയില്‍ തെളിയുന്ന അമ്മയെക്കുറിച്ചുള്ള അവരുടെ രേഖാചിത്രം വരയ്ക്കുവാനുള്ള ശ്രമത്തിന്റെ അപൂര്‍ണ്ണതയാലാവാം, ആഖ്യാനം പലപ്പോഴും സ്വന്തം സ്വത്വത്തിന്റെ വിവിധമുഖങ്ങളിലേക്ക്അല്ലലില്ലാത്ത ശൈശവം, അപമാനഭീതിയിലാണ്ട കൗമാരകാലം, സംഘര്‍ഷഭരിതമായ കലാലയജീവിതം, ഭാര്യയും അമ്മയുമായുള്ള അവസ്ഥാന്തരങ്ങള്‍, ലോകശ്രദ്ധ നേടിയ എഴുത്തുകാരിവഴുതിപ്പോകുന്നു. ഇത് എര്‍നോയുടെ പിതാവിനെക്കുറിച്ചുള്ള കൃതിയിലും ദൃശ്യമാണ്. അവിടെ താന്‍ പഠിച്ച കാത്തലിക് സ്‌കൂളിന്റെ ശ്വാസംമുട്ടിക്കുന്ന വാസ്തു ശൈലിയെക്കുറിച്ചും സഹപാഠികളാല്‍ ചുഴലുമ്പോഴും സുഹൃത്തുക്കളുടെ അഭാവമുളവാക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ചും സൂചനകളുണ്ട്. അമ്മയുടെ മരണത്തോടെ താന്‍ ഉരുവെടുത്ത ലോകത്തിലേക്കുള്ള അവസാനത്തെ കണ്ണിയും അറ്റുപോയെന്ന് എര്‍നോ പറയുന്നു. അമ്മയുടെ ജീവിതം പാഠവല്‍ക്കരിക്കാനുള്ള ശ്രമം താന്‍ പൊരുതി നേടിയ ബൗദ്ധിക ലോകത്തിലേക്ക് അവരെക്കൂടി ഉയര്‍ത്തുവാനുള്ള ഒരു മകളുടെ യത്‌നം കൂടിയാവാം.

തികച്ചും സ്വകാര്യവും ഒരിക്കലും വെളിപ്പെടുത്തരുതെന്ന് ആഗ്രഹിച്ചതുമായ അനിയതമായ രതിതൃഷ്ണയും മേല്പറഞ്ഞതുപോലെ, Simple Passion-ല്‍ തുറന്നെഴുതപ്പെടുന്നു.

ഈ ആഖ്യാനത്തില്‍ അതിന്റെ പൂര്‍ത്തീകരണത്തേയും പ്രസിദ്ധീകരണത്തേയും സംബന്ധിച്ച് മെറ്റഫിക്ഷണലായ ചിന്തകളും ഉള്‍പ്പെടുന്നു: 'എഴുത്തു തുടരുക എന്നാല്‍ ഇതു മറ്റുള്ളവര്‍ക്കു വായിക്കുവാന്‍ കൊടുക്കുന്നതിന്റെ വൈകാരികമായ ആഘാതം വൈകിക്കുന്നതിനുള്ള മാര്‍ഗ്ഗം കൂടിയാണ്. എഴുതുവാനുള്ള ആസക്തിയില്‍ ഞാന്‍ ഈ പ്രവൃത്തിയുടെ ആത്യന്തികമായ ഫലത്തെക്കുറിച്ച് ചിന്തിച്ചില്ല. ആ ആസക്തി സഫലീകരിച്ച ശേഷം എഴുതിത്തീര്‍ന്ന പേജുകളിലേക്ക് ഉറ്റുനോക്കവേ, ഈ വികാരാവേശം അനുഭവവേദ്യമായിരുന്നപ്പോഴും അതിനെക്കുറിച്ച് എഴുതിയപ്പോഴും ഉണ്ടായിട്ടില്ലാത്ത, അപമാനഭാരത്തിനു സദൃശമായ ഏതോ വികാരത്തിനു ഞാന്‍ അടിപ്പെട്ടു പോകുന്നു.' അനുഭവിക്കുന്ന വ്യക്തിത്വവും വായിക്കുന്ന വ്യക്തിത്വവും തമ്മിലുള്ള ഈ അന്തരത്തെക്കുറിച്ച് Exteriors എന്ന കൃതിയില്‍ എര്‍നോ ഇങ്ങനെ പറയുന്നു: 'ഞാന്‍' വായനക്കാരെ അലോസരപ്പെടുത്തുന്നുണ്ട്.' കൃതിയില്‍ എഴുതിവെയ്ക്കപ്പെടുന്ന 'ഞാന്‍' വായിക്കുന്ന എഴുത്തുകാരിയില്‍ അസഹ്യത ഉളവാക്കുന്നുണ്ടോ? Shame-ല്‍ എഴുതിയശേഷം അതിനെക്കുറിച്ചു സംസാരിക്കുക അസാദ്ധ്യമാക്കുന്ന തരത്തിലുള്ള അതു വായിച്ചവരുടെ നോട്ടം അസഹ്യമാക്കുന്ന തരത്തിലുള്ള ഒരു പുസ്തകം എഴുതുകയെന്നത് തന്റെ ചിരകാല അഭിലാഷമായിരുന്നുവെന്ന് എര്‍നോ പറയുന്നുണ്ട്.

സമൂഹചരിത്രമാകുന്ന വ്യക്തിചരിത്രം

വ്യക്തിനിഷ്ഠമായ ചരിത്രത്തെ സമൂഹത്തിന്റെ ചരിത്രവുമായി ഇഴചേര്‍ക്കുവാനുള്ള ശ്രമങ്ങളാണ് എര്‍നോയുടെ രചനകള്‍. അതിനാല്‍ത്തന്നെ അവ ആത്മാംശമുള്ള ജീവചരിത്രങ്ങളോ വംശജീവ ചരിത്രങ്ങളോ (Ethono biography) ആയിത്തീരുന്നു. സ്വന്തം അനുഭവാഖ്യാനങ്ങള്‍ സ്വകാര്യമായ ഓര്‍മ്മകളുടെ പുനരാഖ്യാനങ്ങള്‍ മാത്രമല്ല, തന്റെ ജീവിതത്തിനു രൂപമേകിയ സാമൂഹികവും രാഷ്ട്രീയവും ചരിത്രപരവുമായ സവിശേഷതകളുടെ സ്മൃതിചിത്രങ്ങളായി മാറുന്നു. സ്വകാര്യവും രാഷ്ട്രീയപരവുമായ, വ്യക്തിപരവും സാമൂഹികവുമായ ജീവിതാനുഭവങ്ങളുടെ വിഭജിക്കാനാവാത്ത ആഖ്യാനങ്ങള്‍ കൂടിയാണവ. തന്റെ അമ്മയെ അന്യാദൃശമായ ഒരു വ്യക്തിത്വമായും ചരിത്രപരമായ സാഹചര്യങ്ങളുടെ ഇരയും ഉല്പന്നവുമായും എര്‍നോ വീക്ഷിക്കുന്നുണ്ട്. അതിനാല്‍ എഴുത്തുകാരിയുടെ പിതാവിനേയും അമ്മയേയും കുറിച്ചുള്ള വിവരണങ്ങള്‍ സങ്കീര്‍ണ്ണതയാര്‍ജ്ജിച്ച് സമൂഹത്തിലെ അധികാരഘടനകളുടെ ചിത്രങ്ങളായി മാറുന്നു. വ്യക്തിപരമായ അനുഭവങ്ങളുടെ ഇടുങ്ങിയ പരിസരം ബാല്യത്തില്‍ വിശാലലോകത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ധാരണ ഇല്ലാതാക്കുന്നതിനെക്കുറിച്ചും എര്‍നോ ടവമാലല്‍ പറയുന്നുണ്ട്. 1952ല്‍ ഭീതിദമായ സ്വകാര്യാനുഭവം ലോകചരിത്രത്തിലെ പ്രാധാന്യമേറിയ സംഭവങ്ങളെ (ഇന്‍ഡോചൈനയിലെ യുദ്ധവും കൊറിയന്‍ യുദ്ധവുമടക്കം) ഓര്‍മ്മയില്‍ അപ്രസക്തമാക്കുന്നു. താനന്ന് ജീവിച്ചിരുന്നില്ല എന്ന തോന്നലാണ് ഇത് പില്‍ക്കാലത്ത് അവരില്‍ ഉളവാക്കുന്നത്. ഈ സംഭവങ്ങളെക്കുറിച്ച് വായിച്ചു നേടിയ അറിവുകള്‍ ഓര്‍മ്മയിലൂടെ വ്യക്തിപരമാക്കുക അതിനാല്‍ അസാദ്ധ്യമാകുന്നു.

തന്റെ കൃതികള്‍ യാഥാര്‍ത്ഥ്യത്തിലേക്കുള്ള അന്വേഷണങ്ങളാണെന്നു പറയുന്ന ഈ എഴുത്തുകാരി പക്ഷേ, തന്റെ ഗ്രന്ഥങ്ങള്‍ മാത്രം ചേര്‍ന്നാല്‍ താന്‍ അന്വേഷിക്കുന്ന യാഥാര്‍ത്ഥ്യമാവില്ലെന്നും അതു വാക്കുകള്‍ക്ക് അതീതമായി നിലനില്‍ക്കുന്നതാണെന്നും അഭിപ്രായപ്പെടുന്നു. പോള്‍ ഓസ്റ്ററുടെ (Paul Auster) The Invention of Solitude-ല്‍ നിന്നുമെടുത്ത 'ഭാഷ സത്യമല്ല. അത് ലോകത്തെ നമ്മുടെ നിലനില്‍പ്പിനുള്ള മാര്‍ഗ്ഗമാണ്' എന്ന Shame-ലെ ആമുഖവാക്യം ഇതിന് അടിവരയിടുന്നു. ഒപ്പം അത് യാഥാര്‍ത്ഥ്യത്തെ വാക്കുകളിലൂടെ ആവിഷ്‌കരിക്കുവാനുള്ള എഴുത്തുകാരുടെ കഴിവിനു വായനക്കാര്‍ അമിത പ്രാധാന്യം കൊടുക്കേണ്ടെന്ന സൂചനകൂടിയാകുന്നു.

ആനി എർനോ
ആനി എർനോ

ആത്മകഥാപരമായ എഴുത്തില്‍ സത്യവും യാഥാര്‍ത്ഥ്യവും വിരുദ്ധധ്രുവങ്ങളിലാവുക അപൂര്‍വ്വമല്ല. ആഖ്യാതാവിന്റെ സത്യനിര്‍മ്മിതി യാഥാര്‍ത്ഥ്യത്തിന്റെ ഭാവനവല്‍ക്കരണമാവാം എഴുത്ത് എന്ന പ്രക്രിയയുടെ പരിമിതികള്‍ ഉളവാക്കുന്ന വികലതകളുമാവാം ഈ അന്തരത്തിനു നിദാനം. അല്ലെങ്കില്‍ത്തന്നെ കടന്നുപോകുന്ന നിമിഷങ്ങള്‍ ജീവിതമാണെന്ന തോന്നല്‍, ഓര്‍മ്മയിലും എഴുത്തിലുമല്ലാതെ അനുഭവപ്പെടാറുണ്ടോ? അതിനാല്‍, എഴുത്ത് എന്ന നിര്‍മ്മിതിയിലൂടെ രേഖപ്പെടുത്തുന്ന അനുഭവങ്ങള്‍ ജീവിതം തന്നെയെന്ന തോന്നല്‍ സൃഷ്ടിക്കുന്ന ആകുലതകള്‍ ആനി എര്‍നോയുടെ കല്പിത ലോകത്തിനു കൂടുതല്‍ ഭ്രമാത്മകതയേകുന്നുണ്ട്. എര്‍നോയുടെ കൃതികള്‍ ആത്മരതിയുടെ വെളിപാടുകളല്ല; സ്വകാര്യമായ അനുഭവങ്ങളില്‍ അധിഷ്ഠിതമായ സാമൂഹിക നീതിരാഹിത്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മ വിമര്‍ശനങ്ങളാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com