രഞ്ജിത്തിനോട് ഫാസില്‍ പറയുന്നത് പൃഥ്വിയുടെ മുഖം 'വില്ലനു പറ്റിയതാണെന്നാണ്' 

ഇരുപതാം വയസ്സില്‍ പൃഥ്വി എന്ന യുവാവ് 'നന്ദന'ത്തിലൂടെ കടന്നുവരുമ്പോള്‍ അത് സുകുമാരന്‍ അവശേഷിപ്പിച്ചുപോയ അനുകരിക്കാനാകാത്ത ഭാവുകത്വത്തിന്റെ പൈതൃകത്തുടര്‍ച്ചയാകുമെന്ന് ആരും കരുതിയിരുന്നില്ല
രഞ്ജിത്തിനോട് ഫാസില്‍ പറയുന്നത് പൃഥ്വിയുടെ മുഖം 'വില്ലനു പറ്റിയതാണെന്നാണ്' 

എം.ടിയുടെ നിര്‍മ്മാല്യത്തില്‍ അഭിനയിക്കുമ്പോള്‍ സുകുമാരന് പ്രായം ഇരുപത്തിയഞ്ചാണ്. അഭിനയത്തിന്റെ ബാലപാഠങ്ങളോ പരിശീലനമോ ഇല്ലാത്ത പുതുമുഖം. എന്നിട്ടും സിനിമയിലെ നിഷേധിയായ 'അപ്പു' എന്ന കഥാപാത്രത്തെ തന്നിലൊതുക്കാന്‍ സുകുമാരന് കഴിഞ്ഞു. മുന്നൊരുക്കങ്ങളില്ലാത്ത ആ പരകായപ്രവേശം അസാധാരണമായിരുന്നു എന്നതിനപ്പുറം, അത് സാക്ഷ്യപ്പെടുത്തിയത് പില്‍ക്കാല വര്‍ഷങ്ങളിലേക്ക് നീണ്ട, ഒരു നടന്റെ ആത്മവിശ്വാസത്തിന്റേയും നട്ടെല്ലുറപ്പിന്റേയും ചരിത്രമാണ്. മലയാള സിനിമയില്‍ സുകുമാരന്‍ എന്ന നടനും വ്യക്തിയും ഇന്നും അടയാളപ്പെടുന്നത് ഉറച്ച നിലപാടിന്റെ തെളിമയുള്ള വക്താവായിത്തന്നെയാണ്. പിന്നെ കടന്നുപോയ 24 വര്‍ഷങ്ങളില്‍ പരുക്കന്‍ ഭാവഭേദങ്ങളോടെ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന, കൃത്രിമത്വമില്ലാതെ തിരശ്ശീലയില്‍ നടിക്കുന്ന, മുന്‍കോപിയും ക്ഷിപ്രപ്രസാദിയുമായ സുകുമാരനെ മലയാളി കണ്ടു. നാട്യങ്ങളില്ലാത്ത ആ സത്യസന്ധതയ്ക്കാണ് അവര്‍ അന്ന് കയ്യടിച്ചത്.

2002-ല്‍ തന്റെ ഇരുപതാം വയസ്സില്‍ പൃഥ്വി എന്ന യുവാവ് 'നന്ദന'ത്തിലൂടെ കടന്നുവരുമ്പോള്‍ അത് സുകുമാരന്‍ അവശേഷിപ്പിച്ചുപോയ അനുകരിക്കാനാകാത്ത ഭാവുകത്വത്തിന്റെ പൈതൃകത്തുടര്‍ച്ചയാകുമെന്ന് ആരും കരുതിയിരുന്നില്ല. ഭക്തിയും ഫാന്റസിയും ഇടകലര്‍ന്ന ആ ചിത്രത്തില്‍ നിഷ്‌കളങ്കനും സ്‌നേഹശീലനുമായ 'മനു' എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അനായാസം പൊലിപ്പിച്ചു. രഞ്ജിത് എന്ന സംവിധായകന്റെ ആത്മവിശ്വാസം ഒന്നുമാത്രമായിരുന്നു പൃഥ്വിയുടെ സിനിമാപ്രവേശനം. പ്രകടനപരതകളില്ലാത്ത അഭിനയത്തികവോടെ നവ്യനായരും ഒപ്പം ചേര്‍ന്നതോടെ 'നന്ദന'മെന്ന സിനിമ ആ വര്‍ഷത്തെ വന്‍ വിജയമായി. പാട്ടും ഡയലോഗുകളുമായി വര്‍ഷങ്ങള്‍ക്കിപ്പുറവും നന്ദനം പുനരവതരിപ്പിക്കപ്പെടുമ്പോള്‍ പൃഥ്വിരാജിന്റെ 'മനു' അധികമില്ലെന്നതാണ് വാസ്തവം. ബാലാമണിക്കാണ് അന്നും ഇന്നും ആരാധകരേറെ. എന്നിരിക്കിലും പൃഥ്വിരാജ് എന്ന നടന്റെ 'നിശ്ശബ്ദമായ സാന്നിധ്യം' നന്ദനത്തിന്റെ പാകപ്പെടലിന് അനിവാര്യമായിരുന്നു. 'മനു'വില്‍ കൂടുതലോ കുറവോ ആയിരുന്നില്ല പൃഥ്വി. കൊട്ടിഘോഷിക്കാന്‍ തക്കതായ ഒന്നുമില്ലെങ്കില്‍ക്കൂടിയും അയാള്‍ക്ക് പകരം മറ്റ് ആരുവന്നാലും 'നന്ദനം' ഒരര്‍ത്ഥത്തിലും പൂര്‍ണ്ണമാകില്ലായിരുന്നു.

'നന്ദന'ത്തിലേക്കുള്ള പൃഥ്വിയുടെ വരവിന് മറ്റൊരു കഥ കൂടിയുണ്ട്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയിലേക്ക് തെരഞ്ഞടുക്കുമ്പോള്‍ മോഹന്‍ലാലില്‍ ഒരു വില്ലന്റെ 'വികലചിരിയും വിടത്വവും' കണ്ടെടുത്ത ഫാസില്‍ എന്ന അസാമാന്യ പ്രതിഭ, അതേ പ്രതിനായക പരിവേഷം തന്നെ പൃഥ്വിയിലും കണ്ടു. രഞ്ജിത്തിനോട് ഫാസില്‍ പറയുന്നത് പൃഥ്വിയുടെ മുഖം ''വില്ലനു പറ്റിയതാണെന്നാണ്.'' നായകനും കാമുകനും അഹങ്കാരിയും അന്തര്‍മുഖനും താന്തോന്നിയും കലഹിക്കുന്നവനുമൊക്കെയായി പൃഥ്വി വേഷപ്രച്ഛന്നനായത് നിഗൂഢമായ അതേ വില്ലത്തരവും 'ചിരിയുടെ ജ്യാമിതി'യും കൊണ്ടാണ്.
അതേ വര്‍ഷം തന്നെ മറ്റ് രണ്ടു ചിത്രങ്ങളും പൃഥ്വിയുടേതായി തിയേറ്ററുകളില്ലെത്തി. രാജസേനന്റെ 'നക്ഷത്രക്കണ്ണുള്ള രാജകുമാരനും അവനുണ്ടൊരു രാജകുമാരിയും' എ.കെ. സാജന്‍ സംവിധാനം ചെയ്ത 'സ്റ്റോപ്പ് വയലന്‍സും'. ഈ ചിത്രങ്ങള്‍ക്ക് അന്ന് തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കാനായില്ലെങ്കിലും 'സ്റ്റോപ്പ് വയലന്‍സ്' എന്ന സിനിമയിലൂടെ മാസ് പടങ്ങളുടെ 'സാത്താനാ'യുള്ള  പൃഥ്വിയുടെ തുടക്കമായിരുന്നു അത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ  ചിത്രത്തില്‍ പരുക്കനും ക്രൂരനുമായ കഥാപാത്രത്തിനുള്ളില്‍ ഇത്തിരി സ്‌നേഹത്തിന്റെ ഊഷ്മളത സൂക്ഷിക്കുന്ന 'സാത്താനായി' അവതരിക്കാന്‍ പൃഥ്വി എന്ന തുടക്കക്കാരന് കഴിഞ്ഞു.

അരികുവല്‍ക്കരിക്കപ്പെട്ട കഥാപാത്രങ്ങള്‍

എഴുത്തുകാരനാകാന്‍ അതിതീവ്രമായി ആഗ്രഹിക്കുന്ന കാല്പനികന്റെ വ്യഥകളേയും ദൈനംദിന ചിന്തകളേയും അസ്തിത്വ പ്രതിസന്ധികളേയും തന്നിലേക്ക് സ്വാംശീകരിക്കുമ്പോള്‍ താന്‍ വെറും ഇരുപത്തിരണ്ടുകാരനാണെന്ന ചിന്ത പൃഥ്വി എന്ന നടനെ അലട്ടിയിരുന്നോ എന്നറിയില്ല. എന്നാല്‍, 'നീല്‍' എന്ന കഥാപാത്രത്തിന്റെ ജീവിതവഴികളിലെ എല്ലാ തകര്‍ച്ചയും അനായാസേന തന്റെ ശരീരത്തിലേക്ക് പൃഥ്വി ആവാഹിച്ചു. ശ്യാമപ്രസാദിന്റെ 'അകലെ' എന്ന സിനിമ പൃഥ്വിരാജിനു സമ്മാനിച്ചത് ദ്വിമുഖങ്ങളുള്ള ഒരു മനുഷ്യന്റെ അന്തര്‍സംഘര്‍ഷങ്ങളാണ്. സാമ്പത്തികമായ അസന്തുലിതാവസ്ഥ കീറിപ്പറിക്കുന്ന ഒരു സാധാരണക്കാരനായും ശാരീരിക വെല്ലുവിളിയുള്ള സഹോദരിയോട് സദാ കനിവുകാണിക്കുന്ന ജ്യേഷ്ഠനായും ജീവിതത്തിന്റ മഞ്ഞുപെയ്ത്തില്‍ വിറങ്ങലിച്ചുവീണ വിഷാദവാനായുമെല്ലാം പൃഥി പ്രേക്ഷകരെ ഞെട്ടിച്ചു.

ശ്യാമപ്രസാദിന്റെ തന്നെ 'ഇവിടെ' എന്ന ചിത്രത്തില്‍ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനെയാണ് പൃഥ്വി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ 'അരക്ഷിതനായ ഒരു കഥാപാത്രം.' പൊതുനായക സങ്കല്പങ്ങളിലെ കുറ്റമറ്റ വ്യക്തിത്വവും നന്മസംഹിതകളും തന്റെ ഒരു കഥാപാത്രത്തിന്റേയും തെരഞ്ഞടുപ്പുയോഗ്യതയായി പൃഥ്വി പരിഗണിച്ചിരുന്നില്ലെന്നത് തുടക്കം മുതലേ കാണാം. അതുകൊണ്ടുതന്നെ, തെറ്റുകള്‍ ചെയ്യുന്ന, തെറ്റുകള്‍ തിരുത്തുന്ന, വിഷമഘട്ടങ്ങളില്‍ കരയുന്ന അതിസാധാരണ മനുഷ്യരുടെ പരിവേഷമുണ്ട് പൃഥ്വിരാജിന്റെ മിക്ക കഥാപാത്രങ്ങള്‍ക്കും.

വാണിജ്യസിനിമയോടുള്ള പ്രതിപത്തിയോളം തന്നെ വലുതാണ് കലാമൂല്യമുള്ള ചിത്രങ്ങളോടുള്ള പൃഥ്വിയുടെ അടുപ്പം. മികച്ച സംവിധായകരായ ജയരാജ് (ദൈവനാമത്തില്‍), ഡോ. ബിജു (വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം) എന്നിവരോടൊപ്പം കരിയറില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് പൃഥ്വി സഹകരിച്ചത്. ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ ചെറിയ പ്രതിഫലം മാത്രമാണ് അദ്ദേഹം കൈപ്പറ്റിയത്. താരജാഡകള്‍ക്കിടം കൊടുക്കാതെ പൃഥ്വിരാജ് ക്യാമറയും ചുമന്ന് സെറ്റിലെത്തിയ കാര്യം സംവിധായകന്‍ ബിജു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

യുവനടനും 'വലിയ' സംവിധായകരും

അനുഭവസമ്പത്തുള്ള സിനിമാ സംവിധായകര്‍ക്കൊപ്പം വളരെ കുറഞ്ഞ പ്രായത്തില്‍ തന്നെ അഭിനയിക്കാനായതാണ് പൃഥ്വിരാജിന്റെ നടനത്തിലുള്ള അറിവും അഹങ്കാരവും. ജോഷി, കമല്‍, ഭദ്രന്‍, ലോഹിതദാസ്, ഷാജി കൈലാസ് തുടങ്ങി വാണിജ്യസിനിമയുടെ തലതൊട്ടപ്പന്‍മാരായ സംവിധായകരെല്ലാം പൃഥ്വിയെ വച്ച് സിനിമ ചെയ്യാന്‍ നിര്‍ബ്ബന്ധിതരായി. ജോഷിയുടെ 'റോബിന്‍ഹുഡി'ലെ അഴകുള്ള കള്ളനും കമലിന്റെ 'സ്വപ്നക്കൂടി'ലെ ശൃംഗാരപ്രിയനായ കാഞ്ഞിരപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞും 'സെല്ലുലോയ്ഡി'ലെ ജെ.സി. ഡാനിയേലും പ്രേക്ഷകരിലേക്ക് അനുഭവിപ്പിച്ച മനുഷ്യാവസ്ഥകള്‍ അസാധാരണമാണ്.

മുതിര്‍ന്ന സംവിധായകരുടെ ശാസനയിലും കഥാപാത്രത്തിന്റെ സൂക്ഷ്മനിര്‍ദ്ദേശങ്ങളിലും പൃഥ്വിരാജ് ഏതറ്റംവരേയും മെരുങ്ങുന്ന അതീവ ഫ്‌ലക്സിബിളായ നടനാണ്. ഭദ്രന്‍ സംവിധാനം ചെയ്ത 'വെള്ളിത്തിര' പ്രണയത്തിന്റേയും വിരഹത്തിന്റേയും തീവ്രഭാവങ്ങള്‍ വരച്ചിട്ട ചിത്രമായിരുന്നു. ഇതിവൃത്തത്തില്‍ അസാധാരണമായൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രത്തില്‍ 'സ്‌റ്റൈല്‍ രാജ്' എന്ന പാത്രസൃഷ്ടിക്ക് ചൊടിയും ഊര്‍ജ്ജവും പ്രദാനം ചെയ്തത് പൃഥ്വി എന്ന നടന്റെ വിലോപമില്ലാത്ത നടനഗുണമാണ്. ലോഹിതദാസിനൊപ്പം ഒറ്റസിനിമയില്‍ മാത്രമാണ് പൃഥ്വി അഭിനയിച്ചത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ ഒറ്റയ്ക്ക് ചുമക്കുന്ന പരുക്കനായ  ഡ്രൈവര്‍ വേഷം ഭംഗിയായി അവതരിപ്പിക്കാന്‍ പൃഥ്വിക്കു കഴിഞ്ഞു. ഒരു നടനെന്ന നിലയില്‍ തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിയാണ് ലോഹിതദാസ് എന്ന് പൃഥ്വി തന്നെ പറഞ്ഞിട്ടുണ്ട്.

മലയാളി പ്രേക്ഷകരുടെ വൈകാരികത കൃത്യമായി മനസ്സിലാക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഇരുവരും ഒന്നിച്ച ആദ്യചിത്രം 'സിംഹാസനം' ദുരന്തമായി. എന്നാല്‍, രണ്ടാം ചിത്രം 'കടുവ' തിയേറ്ററുകളെ ഇളക്കിമറിച്ചു.  ജനപ്രിയ നായകപരിവേഷമെന്ന അംഗീകാരത്തിനു കാണികളുടെ വിസിലടികളുടേയും ആഹ്ലാദാരവങ്ങളുടേയും കണക്കെടുപ്പ് അനിവാര്യമാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് പൃഥ്വിയുടെ പ്രകടനം.

പ്രേക്ഷകരും പൃഥ്വിയും തമ്മില്‍

മൂന്നാറിന്റെ തണുപ്പിലെ ഇരുണ്ട ആശുപത്രിയും അതിസംഘര്‍ഷഭരിതമായ ജീവിതാവസ്ഥകളുമായി പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു ശ്രേണിയിലേക്കു കൊണ്ടുപോയ ലാല്‍ജോസിന്റെ 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രം അത്യലസനും ഉത്തരവാദിത്വരഹിതനുമായ ഡോക്ടര്‍ രവി തരകന്റെ ജീവിതകഥ പറയുന്നു. ആതുരശുശ്രൂഷകന്‍ എന്ന തലത്തിലേക്കുള്ള, ഒരു മടിയനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിണാമം അതിമനോഹരമായാണ് പൃഥ്വി നിര്‍വ്വഹിക്കുന്നത്. പ്രതാപ് പോത്തന്‍ അവതരിപ്പിച്ച ഡോക്ടര്‍ സാമുവലിനു മുകളില്‍ പലപ്പോഴും പൃഥ്വി തന്റെ പ്രകടനംകൊണ്ട് മികച്ചുനിന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ പൃഥിക്ക് രണ്ടാം തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും ലാല്‍ ജോസിനു മികച്ച സംവിധായകനുള്ള ആദ്യപുരസ്‌കാരവും ലഭിക്കുകയുണ്ടായി.

ഒരേസമയം രണ്ടറ്റങ്ങളില്‍ കഥാപാത്രങ്ങളെ കൊണ്ടെത്തിച്ച് മികച്ചതാക്കാന്‍ പൃഥിക്കു കഴിയുന്നുണ്ടെന്നതിനു മികച്ച ഉദാഹരണമായിരുന്നു 'ക്ലാസ്മേറ്റ്‌സ്' എന്ന ചിത്രം. രണ്ടായിരത്തിന്റെ തുടക്കത്തില്‍ പുറത്തുവന്ന ഈ ചിത്രം ക്യാംപസുകളുടെ ഭാവുകത്വത്തെ വാണിജ്യതലത്തില്‍ വിലയ്‌ക്കെടുത്തു. 'ക്ലാസ്മേറ്റ്‌സി'ന്റെ അനുരണനം, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ റീ യൂണിയനുകളായി കോളേജുകളില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ചിത്രത്തിന്റെ വിജയത്തിനു പല കാരണങ്ങള്‍ നിരത്താമെങ്കിലും 'സുകു' എന്ന വിദ്യാര്‍ത്ഥി നേതാവായും 'സുകുമാരന്‍' എന്ന രത്‌നവ്യാപാരിയായും വ്യത്യസ്തമായ ധ്രുവങ്ങളില്‍ വിരാജിക്കുന്ന രണ്ടു മനുഷ്യരെ പൃഥ്വിരാജ് അവിസ്മരണീയമാക്കുന്നുണ്ട്. ഒരുപോലെ പ്രണയവും വീറും നിരാശയും പ്രത്യാശയും കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ പൃഥ്വിരാജിനു കഴിയുന്നുമുണ്ട്.

പൃഥ്വിയുടെ സിനിമാവരവിനു നിമിത്തമായ രഞ്ജിത്ത് എന്ന സംവിധായകന്‍ ലളിതവും റിയലിസ്റ്റിക്കുമായ കഥാപാത്രങ്ങളാണ് പൃഥ്വിരാജിനു നല്‍കിയിട്ടുള്ളത്. 'തിരക്കഥ' മലയാള സിനിമ ചിരകാലം ഓര്‍മ്മിക്കുന്ന ഒരു പ്രണയകഥ വരച്ചിടുമ്പോള്‍ ആ കഥയുടെ നരേറ്ററായി പൃഥ്വി സ്വയം  അവതരിപ്പിക്കുന്നു. 'ഇന്ത്യന്‍ റുപ്പി'  ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളരെ റാഷണല്‍ ആയ ഇടപാടുകള്‍ക്കിടയിലെ മനുഷ്യത്വരാഹിത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ പക്വതയുള്ള സാന്നിധ്യമായി പൃഥ്വിയും ചിത്രത്തില്‍ ചുവടുറപ്പിച്ചു.

ജീവിച്ചിരിക്കുന്നവളുടെ പ്രണയം, അതും നഷ്ടപ്രണയത്തിന്റെ ഭാരം പേറുന്ന പ്രണയജീവിതം ചലച്ചിത്രമായി ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്തപ്പോള്‍, വിപ്ലവവും ധൈര്യവും കണ്ണില്‍ പ്രതിഫലിപ്പിച്ച മൊയ്തീനായി പൃഥ്വിരാജിനെയല്ലാതെ മറ്റാരേയും കണ്ടെടുക്കാനായില്ല. പല കാരണങ്ങളാല്‍ നീണ്ടുപോയ പ്രോജക്ട് പൃഥ്വിരാജ് തന്നെ നേരിട്ടിടപെട്ട് ഒരു കരയ്ക്കടുപ്പിക്കുകയായിരുന്നെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു സിനിമ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇത്തരം ബോധപൂര്‍വ്വമായ മുന്‍കയ്യെടുക്കലുകള്‍ കൊണ്ടാണെന്ന് പൂര്‍ണ്ണബോധ്യമുള്ള നടന്‍ കൂടിയാണ് പൃഥ്വിരാജ്.

താരജാഡകളില്ലാത്ത തുറന്നുപറച്ചില്‍

''കല ആസ്വദിക്കുന്ന പ്രേക്ഷകന് രാഷ്ട്രീയമില്ല, അതുകൊണ്ടു കലാകാരന്‍ സ്വതന്ത്രനായിരിക്കണമെന്ന'' പക്ഷത്തല്ല പൃഥി നിലയുറപ്പിക്കുന്നത്. സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറയാന്‍ ഒട്ടും മടികാണിക്കാറുമില്ല. താന്‍ താനായിത്തന്നെ തുടരുമെന്നും തനിക്ക് പറയാനുള്ളതെല്ലാം മടികൂടാതെ പറയുമെന്നുമുള്ള തീരുമാനമെടുക്കുക അത്ര എളുപ്പമല്ല; എന്നാല്‍ അതിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് പൃഥ്വി പറയുന്നു. കത്വവയില്‍ പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടപ്പോഴും കൊച്ചിയില്‍ സഹപ്രവര്‍ത്തക ലൈംഗികമായി പീഡിപ്പിക്കപ്പെട്ടപ്പോഴും സെക്രട്ടേറിയറ്റ് പടിക്കല്‍ ശ്രീജിത്ത് സമരം നടത്തിയപ്പോഴും അങ്ങനെ നിരവധി സമയത്ത് ശക്തമായ നിലപാടുകള്‍ എടുത്തിട്ടുള്ള ആളാണ് പൃഥ്വിരാജ്. പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അദ്ദേഹം പാത്രമായിട്ടുണ്ട്.

സിനിമാ മേഖലയിലെ നടീനടന്മാര്‍ ചേരിതിരിഞ്ഞ് 'സേഫ്-സോണ്‍ കളി'കളില്‍ വിരാജിക്കുന്ന സമയത്ത് പൃഥ്വിരാജ് എന്ന പുരുഷന്‍ - നായകന്‍ താന്‍ ഇതുവരെ ചെയ്ത 'ആണത്വമഹത്വവല്‍ക്കരണ'  കഥാപാത്രങ്ങള്‍ക്കു മാപ്പുപറയുകയും ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ''പക്വതയില്ലാത്ത പ്രായത്തിലാണ് താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ഭാഗമായത്. അന്നു പറഞ്ഞ പല വാക്കുകളും സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അതെനിക്കു നേടിത്തന്ന ഓരോ കയ്യടിക്കും ഇപ്പോള്‍ തലകുനിക്കുന്നു'' എന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍. 'കടുവ' സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഉണ്ടായപ്പോഴും അതില്‍ ക്ഷമാപണം നടത്താന്‍ പൃഥ്വി തയ്യാറായി. അതൊരു തെറ്റാണെന്നും അതംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നും പറയാന്‍ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായില്ല. ജനപ്രിയത കുറയുന്നു എന്ന വിഷമഘട്ടത്തില്‍നിന്ന് താരമൂല്യമുള്ള സര്‍വ്വസമ്മതനായ മാസ് നടനായി പൃഥ്വി ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടെങ്കില്‍, അത് തിരിച്ചറിവും നിരന്തരമായ അര്‍പ്പണബോധവും അവനവനിലുള്ള ആത്മവിശ്വാസവും സിനിമയോടുള്ള അഭിനിവേശവും കൊണ്ടുമാത്രമാണ്.

റാസ്‌കല്‍ മോസസും സോളമനും മറ്റു പൊലീസുകാരും

'മുംബൈ പൊലീസ്' എന്ന ചിത്രത്തിലെ നായകവേഷം പലരാല്‍ തിരസ്‌കരിക്കപ്പെട്ടതാണ്. അവിടേക്കാണ് സ്വവര്‍ഗ്ഗരതിയില്‍ ഉന്മത്തനാകുന്ന 'റാസ്‌കല്‍ മോസസ്' എന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് കടന്നുവരുന്നത്. സ്ത്രീകളില്‍ പ്രലോഭിതനാകാത്ത, സഹജീവികളോട് തുലോം കനിവില്ലാത്ത ഒരു കാട്ടുപ്രകൃതക്കാരനാണ് എസ്.പി. മോസസ്. നീളുന്ന അന്വേഷണപരമ്പരകള്‍ക്കിടയില്‍ വാഹനാപകടത്തില്‍ ഓര്‍മ്മശക്തി അര്‍ദ്ധാവസ്ഥയിലാകുന്ന റാസ്‌കല്‍ മോസസ്, ആയാസപ്പെട്ട് ഓര്‍ത്തെടുക്കുന്ന തെരുവുകളും പ്രിയപ്പെട്ട മനുഷ്യരും താമസസ്ഥലങ്ങളും അനവധിയാണ്. മറവി ബാധിച്ച ഒരു മനുഷ്യന്റെ നിസ്സഹായത, ഒരുപക്ഷേ, നിര്‍മ്മമത അതിന്റെയെല്ലാ ഭംഗിയോടെയും ആവിഷ്‌കരിക്കാന്‍ പൃഥ്വിരാജിനു കഴിഞ്ഞു. മറന്നുവച്ച തന്നെത്തന്നെ കണ്ടെടുക്കാനായി സൂക്ഷ്മമായി സ്വയം തിരയുന്ന റാസ്‌കല്‍ മോസസിനെ കവച്ചുവച്ച് മലയാള സിനിമാചരിത്രത്തിനു പോകാനാവില്ല.

'മെമ്മറീസ്' എന്ന ചിത്രവും വര്‍ഗ്ഗം, സത്യം എന്നീ ചിത്രങ്ങളും പൃഥ്വിയുടെ മറക്കാനാവാത്ത പൊലീസ് വേഷങ്ങളുടേതാണ്. നഷ്ടങ്ങളുടെ കണക്കെടുപ്പ് മദ്യപാനത്തിലൂടെ നിവര്‍ത്തിച്ച് സ്വയം നശിക്കുന്ന മെമ്മറീസിലെ  സാം അലക്‌സിന്റെ ശരീരഭാഷ സ്‌തോഭസംക്ഷിപ്തവും അലോസരപ്പെടുത്തുന്നതുമാണ്. ബോക്സോഫീസ് കണക്കെടുപ്പില്‍ വലിയ വിജയമായ സിനിമയാണത്. 'പാമ്പ് ജോയ്' എന്ന മുഴുക്കുടിയനായി പൃഥ്വി തകര്‍ത്താടിയ ചിത്രമായിരുന്നു 'പാവാട.' മുഴുനീളെ അഴകൊഴമ്പന്‍ സംഭാഷണങ്ങളുതിര്‍ക്കുന്ന, ജീവിതം പതയുന്ന ലഹരിയാണെന്നു കരുതുന്ന ഒരുവന്‍. തമാശയുടെ അകമ്പടിയോടെയല്ലാതെ പൃഥ്വിയെ ഈ ചിത്രത്തിന്റെ ആദ്യപകുതിയില്‍ കണ്ടുതീര്‍ക്കാനാവില്ല. അത്യന്തം അനായാസമായാണ് അഭിനയമെന്നു തോന്നിപ്പിക്കുംവിധം, അദ്ദേഹം ആ വേഷം മികച്ചതാക്കിയിട്ടുണ്ട്.  അപ്രതീക്ഷിത ക്ലൈമാക്‌സിലേക്ക് സിനിമ നീങ്ങുമ്പോള്‍ കൈയൊതുക്കത്തിന്റെ വഴക്കംകൊണ്ട് വൈകാരികതയ്ക്ക് മിതത്വം വരുത്താന്‍ പൃഥ്വിക്കു കഴിഞ്ഞു.

പ്രണയവും പൃഥ്വിയും

'ചോക്ലേറ്റ്' പൃഥ്വിയുടെ കലാമൂല്യത്തിലുപരി കോമഡിയും നാടീകയതയും ഇടകലര്‍ന്നുള്ള മേക്കിങ്ങിലൂടെ പുറത്തുവന്ന ചലച്ചിത്രമാണ്. സേതുവും സച്ചിയും ചേര്‍ന്നെഴുതിയപ്പോള്‍ തിരക്കഥാകൃത്തുക്കളുടെ ഇഴയടുപ്പമുള്ള എഴുത്തിന്റെ ചടുലത 'ചോക്ലേറ്റി'നുണ്ടായി. ആയിരക്കണക്കിനു സുന്ദരിമാര്‍ക്കിടയില്‍ പ്രണയവും തല്ലുകൊള്ളിത്തരവുമായി തിമിര്‍ക്കാന്‍ പൃഥ്വിരാജിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നു തോന്നിപ്പിക്കുംവിധമുള്ള അഭിനയപാടവം ചിത്രത്തിനു വലിയ രീതിയില്‍ ഗുണം ചെയ്തു.
'അനാര്‍ക്കലി' എന്ന സച്ചി ചിത്രം പൃഥ്വിയുടെ അഭിനയത്തിലെ ദ്വന്ദ്വപ്രകൃത മികവിനുള്ള മറ്റൊരുദാഹരണമാണ്. ''തമാശയ്ക്കു തുടങ്ങി ജീവിതം മുഴുവനെരിച്ചുകളയുന്ന പ്രണയം''  പേറി ജീവിക്കുന്ന ശന്തനു എന്ന നേവി ഉദ്യോഗസ്ഥന്‍, സച്ചിയുടെ ക്രാഫ്റ്റില്‍ പിറന്ന അനശ്വരമായ കഥാപാത്രമാണെന്നു പറയാതെ വയ്യ. യൗവ്വനത്തിന്റെ തുടക്കം തൊട്ടിങ്ങോട്ടുള്ള പത്തിരുപത് വര്‍ഷങ്ങളിലെ ശരീരഭാഷ സൂക്ഷ്മതയോടെ പകര്‍ത്തിവയ്ക്കുന്നതിലും പ്രണയത്തിന്റെ തപിക്കുന്ന ഉന്മാദം ഡയലോഗ് ഡെലിവറിയില്‍ പതിപ്പിക്കുന്നതിലും പൃഥ്വി പ്രകടമാക്കിയ ആത്മാര്‍ത്ഥത 'അനാര്‍ക്കലി'യെ ഇന്നും സജീവമായ പ്രണയകാവ്യമാക്കുന്നു. അതുകൂടാതെ ശന്തനുവും- സക്കറിയയുമായുള്ള സൗഹൃദം തിരശ്ശീലയിലുളവാക്കിയ ഓളവും രസികത്വവും  ആഴവുമാണ് 'അയ്യപ്പനും കോശി'യും എന്ന ചിത്രത്തിലൂടെ സച്ചി പുനരവതരിപ്പിച്ചത്. ബിജു മേനോന്‍ - പൃഥ്വിരാജ്  എന്ന നടന്മാരുടെ നാട്യവിജയം അവരുടെ സൗഹൃദത്തിന്റെ നേര്‍പ്പകര്‍പ്പാണെന്ന് പൃഥ്വി അഭിപ്രായപ്പെടുന്നു.

അവനവനിലേക്ക് ചൂണ്ടുന്ന സിനിമകള്‍

'മുസ്ലിം വിരുദ്ധത' എന്ന വിവാദതന്തു ചലച്ചിത്രവിഷയമാണെന്നു തോന്നിപ്പിക്കും വിധമാണ് 'ജനഗണമന' എന്ന സിനിമയുടെ രൂപരേഖ. എന്നാല്‍. ഈ സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം ദലിത് രാഷ്ട്രീയമാണ്. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തെപ്പോലും സിനിമ എന്ന വ്യവസായ മേഖല മികച്ച ഒരുല്പന്നമാക്കി എങ്ങനെ രൂപപരിണാമത്തിനു വിധേയമാക്കുന്നുവെന്ന് 'ജനഗണമന'യുടെ വിജയം ചിന്തിപ്പിക്കുന്നു.

രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റിയും ധര്‍മ്മവിലോപങ്ങളെപ്പറ്റിയും പടുമരണങ്ങളെപ്പറ്റിയും നേര്‍ക്കുനേരെ നിന്നു ചോദിക്കേണ്ടുന്ന ഉത്തരവാദിത്വം കലാകാരനുണ്ടാവുകയെന്നത് കലയോളം തന്നെ പ്രസക്തമാണ്. ഭയവും സങ്കോചവും ഭാവിയിലെ പുരസ്‌കാരങ്ങളും അവസരങ്ങളും പൃഥ്വിയെ ഒരര്‍ത്ഥത്തിലും പിന്നോട്ടു ചലിപ്പിച്ചിട്ടില്ല. അതിനൊരു കാരണം സ്വന്തമായുള്ള നിര്‍മ്മാണക്കമ്പനിയും പ്രൊഡക്ഷന്‍ ഹൗസുമാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു പ്രിവിലേജ് ആണെന്ന് ആ അര്‍ത്ഥത്തില്‍ സമ്മതിക്കേണ്ടിവരും. സ്വയം ഭവിപ്പിക്കാന്‍, മറ്റുള്ളവരില്‍ തന്നെത്തന്നെ അനുഭവിപ്പിക്കാന്‍, മറ്റൊരു സ്രോതസ്സിനേയും ആശ്രയിക്കേണ്ട എന്ന 'സുരക്ഷിത സ്ഥാന'ത്തിരുന്ന് കല ആവിഷ്‌കരിക്കുമ്പോള്‍ ലഭ്യമാകുന്ന സ്വാതന്ത്ര്യം മറ്റൊരു തലത്തിലുള്ളതാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനി അത്തരത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. പൃഥ്വിയുടെ  പത്രപ്രവര്‍ത്തകയായ ഭാര്യയുടെ നിര്‍മ്മാണത്തില്‍ പുറത്തുവന്ന അഞ്ച് സിനിമകള്‍ വന്‍വിജയമായി.

മോഹന്‍ലാലിന്റെ 'താളവും' പൃഥ്വിയുടെ സംവിധാനവും

സഹസംവിധായകനായുള്ള അനുഭവം സംവിധാനത്തികവിന് അനിവാര്യമാണെന്നു കരുതുന്നവരാണ് ഏറെയും. എന്നാല്‍ പൃഥ്വി ആ കൂട്ടത്തിലായിരുന്നില്ല. അഭിനയത്തില്‍ 'നന്ദന'ത്തില്‍ കാഴ്ചവച്ച അതേ മിതത്വം 'ലൂസിഫര്‍' എന്ന തന്റെ ആദ്യസംവിധാന സംരംഭത്തിലും പൃഥി ആവര്‍ത്തിച്ചു. ഒരു തുടക്കക്കാരന്റെ വിഹ്വലതകളൊന്നുമില്ലാതെ അദ്ദേഹം ഉണ്ടാക്കിയ ആ ചിത്രത്തില്‍ കമ്പോളച്ചേരുവകള്‍ ആവോളം ഉണ്ടായിരുന്നു. നവാഗത സംവിധായകനിലൂടെ സിനിമാ ചരിത്രത്തിലാദ്യമായി 200 കോടി ക്ലബ്ബില്‍ എത്തിയ ഏക മലയാള ചിത്രമായി ലൂസിഫര്‍.

പ്രേക്ഷകര്‍ക്ക് ഒട്ടും പുതുമയുളള കഥയായിരുന്നില്ല ലൂസിഫറിന്റേത്. ഇതിനെക്കാള്‍ മലയാളികളെ കോരിത്തരിപ്പിച്ച രാഷ്ട്രീയകഥകള്‍ അഭ്രപാളികളില്‍ മുന്‍പേ വന്നിട്ടുമുണ്ട്. എന്നാല്‍, ഒരു ശരാശരിക്കഥയെ മേക്കിങ്ങിലൂടെ മാസ് സിനിമയാക്കാന്‍ പൃഥ്വിയിലെ തുടക്കക്കാരനായ സംവിധായകനു കഴിഞ്ഞു. സിനിമയുടെ കാസ്റ്റിങ്ങിനുപോലും ഉണ്ടായി സമാന സ്ട്രാറ്റജി. വളരെ നിസ്സാരമെന്നു കരുതുന്ന കാര്യങ്ങളില്‍പോലും സംവിധായകന്‍ അത്രമേല്‍ സൂക്ഷ്മത പുലര്‍ത്തി. മോഹന്‍ലാല്‍ എന്ന 'മഹാനടനെ'ക്കാള്‍ അയാളിലെ താരമൂല്യത്തെയാണ് സംവിധായകനായ പൃഥ്വി ഉപയോഗപ്പെടുത്തിയത്. മലയാളിയുടെ പ്രിയങ്കരനായ മോഹന്‍ലാലിന്റെ 'താളം'  പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതായിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രം. 'നരസിംഹ'ത്തിനുശേഷം മോഹന്‍ലാലില്‍ ഇതിലും വലിയൊരു മാസ് ഉണ്ടായിട്ടില്ലെന്നായിരുന്നു ആരാധക സാക്ഷ്യം. എന്നാല്‍, നേരത്തെയുള്ള 'ലാല്‍  മാസ്' പടങ്ങളിലെ ശക്തിപ്രകടനങ്ങളോ തീപാറും സംഭാഷണങ്ങളോ വികാരവിസ്ഫോടനങ്ങളോ ഒന്നുമില്ലാതെയാണ് തൂവെള്ള വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നതെന്നാണ് കൗതുകകരം. പതിയെ കത്തിപ്പിടിച്ച് ആളിക്കത്തുന്ന തരം മേക്കിങ്ങ് ആണ് ലൂസിഫറിന്റെ വിജയം. കൂടാതെ തന്റെ ഗുരുവായ ഫാസിലിനെ 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയ്ക്കു ശേഷം അഭിനയത്തിലേക്ക് പൃഥ്വി തിരിച്ചെത്തിക്കുകയും ചെയ്തു.
പൃഥ്വിയുടെ രണ്ടാമത്തെ സംവിധാനശ്രമം 'ബ്രോ ഡാഡി' എന്ന ചിത്രത്തിലായിരുന്നു. ചിത്രം അവലംബിച്ച,  കഥ കാമ്പും കാതലുമില്ലാത്തതായിരുന്നെങ്കിലും 'വിന്റേജ് മോഹന്‍ലാല്‍' എന്ന ഇമേജ് റിക്രിയേഷന്‍ അവിടെയും സഹായകമായി. മോഹന്‍ലാല്‍ ആരാധകരുടെ പള്‍സ് കൃത്യമായി ഗണിച്ചെടുക്കാനാകും എന്നതാണ് പൃഥ്വിയുടെ മറ്റൊരു പ്രത്യേകത. മോഹന്‍ലാലിന്റെ നടത്തം തൊട്ട് ചില നേരങ്ങളിലുള്ള തലയാട്ടല്‍ വരെ പശ്ചാത്തലത്തിനനുയോജ്യമായ മിശ്രണത്തോടെയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സിനിമയെന്നത് ഒരു വ്യവസായം മാത്രമാണെന്ന് അംഗീകരിക്കുകയാണെങ്കില്‍ വിനോദം വില്‍ക്കുന്ന 'വണിക്കാണ്' പൃഥ്വിരാജെന്നു നിസ്സംശയം പറയാം.

മലയാള സിനിമയില്‍ പൃഥ്വിരാജ് എന്ന നടന്‍ അടയാളപ്പെടുത്തുന്ന കലയും സംസ്‌കാരവും എന്താണെന്നു കൃത്യമായി വിലയിരുത്താന്‍ ഇനി വരുന്ന വര്‍ഷങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പാന്‍ - ഇന്ത്യന്‍ തലത്തിലേക്കുള്ള സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് പൃഥ്വി കാരണമായിക്കൊണ്ടിരിക്കുന്നുണ്ട്. വ്യക്തിപരതയ്ക്കപ്പുറം, സിനിമ എന്ന സാമൂഹ്യ മാധ്യമത്തോടുള്ള ഈ നടന്റെ കറയറ്റ ആത്മാര്‍ത്ഥതയും അഭിനിവേശവും വരുംകാലങ്ങളിലെ സജീവ സിനിമാപരീക്ഷണങ്ങളിലേക്ക് ചൂണ്ടുപലകയാകുന്നു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com