കാവ്യപരമായ യുക്തിയും സൗന്ദര്യശാസ്ത്രം നല്‍കിയ ഉള്‍ക്കാഴ്ചകളും 

കെ.പി. അപ്പന്‍ ചില അഭിമുഖങ്ങളില്‍ തന്റെ ചില വിമര്‍ശനങ്ങള്‍ അത് അര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ല എന്നു സൂചിപ്പിച്ചിട്ടുണ്ട്
കാവ്യപരമായ യുക്തിയും സൗന്ദര്യശാസ്ത്രം നല്‍കിയ ഉള്‍ക്കാഴ്ചകളും 

സാഹിത്യത്തിലെ  കാലത്തെക്കുറിച്ചുള്ള 'സമയ പ്രവാഹവും സാഹിത്യകലയും' എന്ന പുസ്തകം ഏകദേശം രണ്ട് വര്‍ഷങ്ങള്‍കൊണ്ടാണ് എഴുതി പൂര്‍ത്തിയാക്കിയതെന്നു തോന്നുന്നു. ആ സമയത്ത് വേറെ ലേഖനങ്ങള്‍ കൂടുതല്‍ എഴുതിയില്ല. ഈ ലേഖനങ്ങളെല്ലാം 'മാതൃഭൂമി', 'കലാകൗമുദി', 'ഭാഷാപോഷിണി' എന്നീ പ്രധാന പ്രസിദ്ധീകരണങ്ങളില്‍ വന്നവയാണ്. വാസ്തവത്തില്‍ കാലം എന്ന മഹാപ്രമേയം അപ്പന്റെ മനസ്സില്‍ കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു. ആദ്യന്തവിഹീനമായ കാലത്തെക്കുറിച്ച് ആദ്യകാലം മുതല്‍ എഴുതിയിരുന്നു. കാലപ്രവാഹത്തെ കണ്ട് വിസ്മയിക്കുകയും പേടിക്കുകയും അകാരണമായി ആഹ്ലാദിക്കുകയും ചെയ്യുന്ന മനസ്സ് അപ്പന് എന്നുമുണ്ടായിരുന്നു. ഒരു കലാസൃഷ്ടി വായിക്കുമ്പോള്‍ അതില്‍ കാലത്തെക്കുറിച്ച് എന്തു പറയുന്നുവെന്ന് അദ്ദേഹം കൃത്യമായി അന്വേഷിക്കും. കാലത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കില്‍, കാലദര്‍ശനം കൃതികളില്‍ അവതരിപ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് ആ കൃതികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഡിഗ്രിക്കു പഠിക്കുമ്പോള്‍ അയ്യപ്പപ്പണിക്കരുടെ 'മൃത്യുപൂജ' എന്ന കവിതയില്‍ കാലത്തെക്കുറിച്ചു സൂചനയുണ്ടായിരുന്നു. മൃത്യുവിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയ അപ്പന്‍ സാര്‍ പിന്നീട് കാലത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞു. ദാര്‍ശനികമായ സമീപനത്തോടെ അനന്തമായ കാലത്തെപ്പറ്റി ആവേശപൂര്‍വ്വം സംസാരിച്ചത് ഓര്‍ക്കുന്നുണ്ട്. എല്ലാം പറഞ്ഞ് നിര്‍ത്തിയപ്പോള്‍ പിറകിലെ ബെഞ്ചില്‍നിന്നും ഒരു കുസൃതി ചോദ്യം ഉയര്‍ന്നു:

'സര്‍, കാലമൊരു കാളവണ്ടിക്കാരന്‍ എന്ന് വയലാര്‍...'     
      
ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പുതന്നെ ക്ലാസ്സില്‍ കൂട്ടച്ചിരിയും ബഹളവും. സാര്‍, ചോദ്യകര്‍ത്താവിനെ ഒട്ടും നോവിക്കാതെ മെല്ലെ ചിരിച്ചു പറഞ്ഞു:

'ഞാനും പാട്ട് കേട്ടിട്ടുണ്ട്. വയലാറിന്റെ കാലത്തെക്കുറിച്ചുള്ള നല്ല ഇമേജാണത്. മെല്ലെ പോകുന്ന കാലത്തിന്റെ ചലനങ്ങള്‍ ആ പാട്ട് പിടിച്ചെടുക്കുന്നുണ്ട്.'

കാലത്തെക്കുറിച്ചുള്ള പുസ്തകത്തില്‍ വേദകാലഘട്ടം മുതല്‍ ആധുനിക കാലം വരെയുള്ള ചിന്തകരുടേയും കലാകാരന്മാരുടേയും കാലത്തെപ്പറ്റിയുള്ള ചിന്തകളുടെ സാരാംശം ഗ്രന്ഥകാരന്‍ ആദ്യം അവതരിപ്പിച്ചു. ആരാണ് കാലചക്രത്തെ ആദ്യം ചലിപ്പിച്ചുവിട്ടതെന്ന ചോദ്യം ആദിമ കാലം മുതല്‍ മനുഷ്യന്‍ ചോദിച്ചിട്ടുണ്ട്. പ്രാചീന ഭാരതീയ മനസ്സ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചു. വേദകാലത്തെ കവികള്‍ അവരുടെ ഉന്നതവും ഉദാത്തവുമായ ഭാവനയിലൂടെ കാലത്തെപ്പറ്റിയുള്ള ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 'കാലം എന്ന ഒരു ചക്രമുള്ള തേരിനെ ഏഴു കുതിരകള്‍ വലിക്കുന്നു', 'കാലം ആയിരം കണ്ണുകളുള്ള കുതിരയാണ്' എന്നിങ്ങനെയുള്ള കല്പനകളുടെ അര്‍ത്ഥവും അതില്‍ നിറഞ്ഞ ഭാവനയുടെ അപൂര്‍വ്വതയും വിവരിച്ചു തുടങ്ങുന്നു. കാലത്തിന്റെ സംഹാരസ്വഭാവത്തെപ്പറ്റി പ്രാചീന ഗ്രന്ഥങ്ങള്‍ പറയുന്നത് എടുത്തുകാണിക്കുന്നു. കാലം സംഹാരരുദ്രനാണ്. മനഷ്യന്റെ സുഖഭാവനകളെ എലി നൂലിനെയെന്നപോലെ ഛേദിച്ചു കളയുന്നത് കാലമാണ്. പിന്നീട് ഗ്രന്ഥകാരന്‍ കാലത്തെക്കുറിച്ചുള്ള ആധുനിക തത്ത്വചിന്തകളുടെ നിരീക്ഷണങ്ങളിലേക്കു വരുന്നു. മലയാള സാഹിത്യത്തിലെ കാലദര്‍ശനത്തെ അപഗ്രഥിക്കുകയാണ് പിന്നീടുള്ള അദ്ധ്യായങ്ങളില്‍. എഴുത്തച്ഛന്റെ കവിതകളിലെ ആദ്ധ്യാത്മിക ഭാവനയില്‍ കാലം പ്രത്യക്ഷപ്പെടുന്നത് കാണിച്ചുതരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ യുദ്ധക്കലികൊണ്ട കാലദര്‍ശനം വെളിവാക്കുന്നു. ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പള്ളി, പി. കുഞ്ഞിരാമന്‍ നായര്‍, ആര്‍. രാമചന്ദ്രന്‍, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍, ചെറിയാന്‍ കെ. ചെറിയാന്‍, ഒ.എന്‍.വി, സച്ചിദാനന്ദന്‍ തുടങ്ങിയ കവികളുടെ കവിതകളിലെ വ്യത്യസ്ത സ്വഭാവങ്ങള്‍ പുലര്‍ത്തുന്ന കാലസങ്കല്പങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്.

പി കുഞ്ഞിരാമൻ നായർ
പി കുഞ്ഞിരാമൻ നായർ

കെ.പി. അപ്പന്‍ കവിതയെക്കുറിച്ച് കുറച്ചേ എഴുതിയിട്ടുള്ളൂ. ഇടപ്പള്ളിയെക്കുറിച്ച് ആദ്യം എഴുതിയെങ്കിലും പിന്നീട് ഫിക്ഷന്റെ ലോകത്തേക്കാണ് അദ്ദേഹം ധീരമായ കാല്‍വയ്പുകള്‍ നടത്തിയത്. കുഞ്ഞിരാമന്‍ നായരെക്കുറിച്ചും അയ്യപ്പപ്പണിക്കരെക്കുറിച്ചും ചെറുലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കാലത്തെപ്പറ്റി ആഴത്തില്‍ ചിന്തിച്ചപ്പോഴാണ് മലയാള കവിതയുടെ വിശാല ലോകത്തേക്കു കടന്നത്. അപൂര്‍വ്വങ്ങളായ നിരീക്ഷണങ്ങള്‍കൊണ്ട് തിളങ്ങുന്നതാണ് ഈ പഠനം. ജി. ശങ്കരക്കുറുപ്പിന്റെ കാലബോധത്തെപ്പറ്റി എഴുതുമ്പോള്‍ വാക്കുകള്‍ മൗലികതയും പുതുമയും കൊണ്ട് ജ്വലിക്കുന്നു. കാലം എന്ന ഭീകരമനോഹര വിഷയം ജി.യില്‍ സൃഷ്ടിച്ച ആത്മീയമായ അസ്വസ്ഥതകള്‍ വിമര്‍ശകന്‍ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ഇടപ്പള്ളിയുടേയും പി. കുഞ്ഞിരാമന്‍ നായരുടേയും കാലദര്‍ശനത്തെപ്പറ്റി പറയുമ്പോഴും വാക്കുകള്‍ ജ്വലിക്കുന്നു. ആര്‍. രാമചന്ദ്രന്റെ കവിതകളില്‍ ശ്യാമ ദുഃഖം പോലെ ശ്യാമവര്‍ണ്ണമായ കാലമാണ് എന്നും കാലം ഈ കവിക്ക് ദുഃഖിതനായ ദൈവത്തിന്റെ രോദനമാണ് എന്നും പറയുന്നുണ്ട്. ആറ്റൂര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, വിനയചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എ. അയ്യപ്പന്‍ എന്നിവരുടെ കാലസങ്കല്പങ്ങളുടെ അഗാധതലങ്ങളിലേക്കും വിമര്‍ശകന്‍ എത്തുന്നുണ്ട്. തുടര്‍ന്ന് സി.വി. രാമന്‍പിള്ള മുതലുള്ള നോവലിസ്റ്റുകളുടെ നോവലുകളില്‍ പ്രതിഫലിക്കുന്ന കാലദര്‍ശനം കണ്ടെത്തുകയാണ് വിമര്‍ശകന്‍.   

മലയാള വിമര്‍ശനത്തെ സംബന്ധിച്ചിടത്തോളം ഈ പുസ്തകം അപൂര്‍വ്വമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞ പുസ്തകമാണ്. മനുഷ്യജീവിതത്തെ ദാര്‍ശനികമായി സമീപിക്കുന്ന വിമര്‍ശകനു മാത്രമേ ഇങ്ങനെ ഒരു പുസ്തകമെഴുതാനാകൂ. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍, ജീവിതയാഥാര്‍ത്ഥ്യങ്ങള്‍, ജീവിതഗന്ധം തുടങ്ങിയവയെ ആസ്പദമാക്കി നോവലുകളേയും കവിതകളേയും വിലയിരുത്തുന്ന രീതിയാണ് പൊതുവേ നമുക്ക് ഉള്ളത്. ഏതെങ്കിലും സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്ന രീതിയുമുണ്ട്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ദാര്‍ശനികമായ സമീപനത്തോടെ അതിഭൗതികമായ കാഴ്ചപ്പാടോടെ കലയെ സമീപിക്കുന്ന രീതിയാണ് ഇവിടെ കെ.പി. അപ്പന്‍ സ്വീകരിച്ചിരിക്കുന്നത്. കാലം എന്ന മഹാപ്രശ്‌നം ഉയര്‍ത്തുന്ന സങ്കീര്‍ണ്ണതകളും വലിയ ആകുലതകളുമാണ് ഇവിടെ അന്വേഷിക്കുന്നത്.  ഇത്തരമൊരു പുസ്തകം മലയാള വിമര്‍ശനത്തില്‍ വന്നിട്ടില്ല എന്നതാണ് സത്യം. ഇന്നത്തെ വായനക്കാരെക്കാള്‍ നാളത്തെ വായനക്കാര്‍ ഈ പുസ്തകത്തെ സ്വാഗതം ചെയ്യുമെന്നു കരുതാം.   
     
സൃഷ്ടിയെക്കാള്‍ ഉയര്‍ന്നുപോകുന്ന നിരൂപണം 

തന്റെ ചില പുസ്തകങ്ങള്‍ വായനക്കാര്‍ വേണ്ടതുപോലെ ശ്രദ്ധിച്ചില്ല എന്ന് എഴുത്തുകാര്‍ക്ക് ചില അവസരങ്ങളില്‍ തോന്നാറുണ്ട്. സാഹിത്യകലാകാരന്മാരാണ് സാധാരണ അങ്ങനെ പറയുന്നത്. കെ.പി. അപ്പന്‍ ചില അഭിമുഖങ്ങളില്‍ തന്റെ ചില വിമര്‍ശനങ്ങള്‍ അത് അര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ല എന്നു സൂചിപ്പിച്ചിട്ടുണ്ട്. അതിലൊരു പുസ്തകമാണ് 'കഥ ആഖ്യാനവും അനുഭവ സത്തയും.' അപ്പന്‍ അങ്ങനെ കരുതിയതില്‍ തെറ്റില്ല. കാരണം, ഈ വിമര്‍ശനഗ്രന്ഥം മലയാള വിമര്‍ശനം ഇന്നുവരെ എത്തിയ ഔന്നത്യത്തോടൊപ്പം നില്‍ക്കുന്ന ഒന്നാണ്. വളരെ വര്‍ഷങ്ങളായി നിരൂപണമെഴുതിയ വ്യക്തിയാണ് ഈ നിരൂപകന്‍. അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും കാലമാറ്റം അനുസരിച്ച് മാറിയിട്ടുണ്ട്. ഭാഷയില്‍ ആധിപത്യം നേടിയ അദ്ദേഹം വിമര്‍ശനത്തിന്റെ സ്വഭാവമനുസരിച്ച് ഭാഷയും മാറ്റാറുണ്ട്. മൂര്‍ച്ചയുള്ള വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ഭാഷയ്ക്കും രൗദ്രഭംഗി വരും. ആര്‍ദ്രമായ ഭാവങ്ങളെപ്പറ്റി പറയുമ്പോള്‍ ഭാഷയും പൂവിതള്‍പോലെ മൃദുലമാകും. കാലാന്തരത്തില്‍ അപ്പന്റെ ഭാഷാശൈലിക്കു മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആദ്യകാലത്തെ ഭാഷയ്ക്ക് പരുഷമായ പുരുഷപ്രകൃതിയും ഒരുതരം ആക്രമണത്തിന്റെ രൗദ്രഭംഗിയുമാണുണ്ടായിരുന്നത്. പിന്നീട് അത് രാജകീയമായ ഒരുതരം ആഭിജാത്യമുള്ള പ്രൗഢി നേടിയെടുത്തു. 'മാറുന്ന മലയാള നോവലി'ല്‍ അത്തരം ഭാഷയാണുള്ളത്. ഒടുവിലായപ്പോള്‍ അത് മുനിയുടെ സംയമനവും വെളിപാടിന്റെ ഗഹനതയുള്ള ഭാഷയായിത്തീര്‍ന്നു. കഥകളെക്കുറിച്ച് എഴുതിയപ്പോള്‍ ഭാഷ സംയമനത്തിന്റേയും ശാന്തിയുടേയും അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. മലയാളത്തിലെ ആധുനിക ഘട്ടത്തിലെ ഇരുപത്തിയഞ്ച് കഥാകാരന്മാരുടെ ഓരോ കഥയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കഥകളുടെ അടിസ്ഥാന സ്വഭാവങ്ങള്‍ പ്രതിപാദിക്കുന്ന ആമുഖമുണ്ട് ചെറിയൊരു ഉപസംഹാരവുമുണ്ട്. കഥകളെപ്പറ്റി പറയുമ്പോള്‍ തത്ത്വങ്ങളെപ്പറ്റിയോ സൗന്ദര്യശാസ്ത്രമൂല്യങ്ങളെപ്പറ്റിയോ കൂടുതല്‍ ഉപന്യസിക്കാതെ കഥ നല്‍കിയ സൗന്ദര്യാനുഭൂതികള്‍ കാവ്യാത്മകമായി അവതരിപ്പിക്കുന്നു. സാഹിത്യ പാഠങ്ങളില്‍നിന്നും ലഭിച്ച അനുഭൂതികളും ആസ്വാദനത്തിന്റെ ലഹരിയും ഒട്ടും ചോര്‍ന്നുപോകാതെ തനിക്കു ലഭിച്ച അഭിരുചിയുടേയും ലാവണ്യബോധത്തിന്റേയും വെളിച്ചത്തില്‍ സൂക്ഷ്മമായി ചിത്രീകരിക്കുകയാണ് വിമര്‍ശകന്‍. കലാസൃഷ്ടി തന്നിലുണര്‍ത്തിയ ഭാവങ്ങളെക്കുറിച്ചു പറയുമ്പോള്‍ തന്റെ തന്നെ ആത്മാംശത്തെപ്പറ്റിയാണ് ഒരര്‍ത്ഥത്തില്‍ വിമര്‍ശകന്‍ ഇവിടെ പറയുന്നത്. എന്നാല്‍, ഇത് ഇംപ്രഷണലിസ്റ്റ് നിരൂപണമല്ല. കാവ്യപരമായ യുക്തിയും സൗന്ദര്യശാസ്ത്രം നല്‍കിയ ഉള്‍ക്കാഴ്ചകളും സമര്‍ത്ഥമായി ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. നിരൂപണം ഇവിടെ ഗൂഢാര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കുന്ന ഭാവഗാനംപോലെ അനുഭവപ്പെടുന്നു. സാഹിത്യവിമര്‍ശനത്തിന്റെ ഉന്നതമായ മാതൃകകള്‍ എന്നുതന്നെ ഈ പുസ്തകത്തിലെ പഠനങ്ങളെ ഞാന്‍ വിശേഷിപ്പിക്കുന്നു.

ജി ശങ്കരക്കുറുപ്പ്
ജി ശങ്കരക്കുറുപ്പ്

എം.ടിയുടെ 'ബന്ധനം', മാധവിക്കുട്ടിയുടെ 'ചതുരംഗം', ഒ.വി. വിജയന്റെ 'അരിമ്പാറ', വി.കെ.എന്നിന്റെ 'ലഞ്ച്', കോവിലന്റെ 'ശംഖ്' എന്നിങ്ങനെയുള്ള മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പ്രമുഖ കഥകളാണ് വിമര്‍ശനത്തിനു വിധേയമായിട്ടുള്ളത്. നാം മുന്‍പു വായിച്ച കഥ വിമര്‍ശനത്തിലൂടെ വേറൊന്നായി മാറുന്നുണ്ട്. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള കാല്പനിക ധ്യാനമാണ് എം.ടിയുടെ കഥകളെന്നു പറഞ്ഞ് 'ബന്ധന'ത്തിന്റെ അര്‍ത്ഥവിവക്ഷകള്‍ കാവ്യാത്മകമായി വിവരിക്കുന്നുണ്ട്. അതുപോലെ ഒ.വി. വിജയന്റെ 'അരിമ്പാറ'യുടെ രാഷ്ട്രീയവും ദാര്‍ശനികമായ വശങ്ങള്‍ ശക്തിയായി അവതരിപ്പിക്കുന്നു. അപ്പന്റെ പതിവുരീതികള്‍ ഉപേക്ഷിച്ച് വ്യത്യസ്ത നിരൂപണ രീതികള്‍ സ്വീകരിക്കുന്നതും ഈ പുസ്തകത്തില്‍ കാണാം. ഒരു കൃതി ആവശ്യപ്പെടുന്ന നിരൂപണരീതി സ്വീകരിക്കാമെന്ന് അപ്പന്‍ വിചാരിക്കുന്നതുപോലെ തോന്നുന്നു. പട്ടത്തുവിള കരുണാകരന്‍, സി.വി. ശ്രീരാമന്‍, എം. സുകുമാരന്‍ എന്നിങ്ങനെ ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസങ്ങള്‍ സൗന്ദര്യാത്മകമായി ചിത്രീകരിക്കുന്ന കഥകള്‍ വിലയിരുത്തുമ്പോള്‍ അപ്പന്‍ വിപ്ലവപക്ഷത്തുനിന്ന് സഹാനുഭൂതിയോടെ വിലയിരുത്തുന്നതു കാണാം. ഇക്കാര്യം വി.സി. ശ്രീജന്‍ അപ്പനെക്കുറിച്ചെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ കഥാകാരന്മാരെ അവരുടെ കലയുടെ സ്വഭാവമനുസരിച്ചുള്ള ഇടതുപക്ഷ വായനാരീതിയാണ് ഇവിടെ അപ്പന്‍ സ്വീകരിച്ചിട്ടുള്ളത്.

ഇന്ത്യന്‍ സൗന്ദര്യശാസ്ത്ര പദ്ധതിയിലെ രസസിദ്ധാന്തത്തെ ആധുനിക കഥയുടെ പിന്നിലെ ദാര്‍ശനികവും രാഷ്ട്രീയവുമായ വശങ്ങള്‍ വെളിപ്പെടുത്തുവാനുള്ള ശ്രമവും നടത്തുന്നുണ്ട്. തീര്‍ത്തും പുതുമയുള്ള വിമര്‍ശനരീതിയാണ് അപ്പന്‍ ഇവിടെ സ്വീകരിക്കുന്നത്. ആധുനിക ഘട്ടത്തില്‍ മറ്റൊരു വിമര്‍ശകനും സ്വീകരിക്കാത്ത സമീപനമാണ് അപ്പന്‍ സ്വീകരിച്ചിരിക്കുന്നത്. ഒ.വി. വിജയന്റെ 'അരിമ്പാറ', വി.പി. ശിവകുമാറിന്റെ 'പന്ത്രണ്ടാം മണിക്കൂര്‍' എന്നീ കഥകള്‍ വിലയിരുത്തുമ്പോഴാണ് രസവിചാരത്തിലെ ആശയങ്ങളും സാങ്കേതിക സംജ്ഞകളും ഉപയോഗിക്കുന്നത്. 'അരിമ്പാറ'യെ ബീഭത്സരസത്തിന്റെ സന്ന്യാസ സാക്ഷ്യമായി വിലയിരുത്തുകയാണ് വിമര്‍ശകന്‍. രസസിദ്ധാന്തത്തില്‍നിന്നും ആലംബന വിഭാവം, സ്ഥായിഭാവം എന്നിങ്ങനെയുള്ള ആശയങ്ങള്‍ സ്വീകരിച്ച് കഥയുടെ ആത്മവത്ത വെളിപ്പെടുത്തുന്നു. കഥയിലെ സ്ഥായീഭാവം ജുഗുപ്‌സയാണെന്നും അതിന്റെ പ്രഹര്‍ഷണമാണ് ബീഭത്സരസമെന്നും ചൂണ്ടിക്കാണിച്ച് കഥയുടെ ആന്തരികത പ്രകാശിപ്പിക്കുന്നു. എന്നാല്‍, പുതിയ രീതിയിലാണ് ആവിഷ്‌കരണം നടത്തിയിരിക്കുന്നത്. ബീഭത്സഭാവം സാത്വികഭാഷയില്‍ അവതരിപ്പിക്കുന്നു. ജുഗുപ്‌സയെ ആദ്ധ്യാത്മക സ്വരവുമായി ബന്ധപ്പെടുത്തുന്നു. അങ്ങനെ രചനയെ ബീഭത്സരസത്തിന്റെ സന്ന്യാസ സാക്ഷ്യമാക്കി മാറ്റുന്നു.  രസദര്‍ശനങ്ങളുടെ ലോകത്തില്‍ 'അരിമ്പാറ' വിപ്ലവരചനയായി മാറുന്നു എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. വി.പി. ശിവകുമാറിന്റെ 'പന്ത്രണ്ടാം മണിക്കൂര്‍' എന്ന കഥയില്‍ ഭയാനക രസം അപ്പന്‍ കണ്ടെത്തുന്നു! കഥയിലെ സ്ഥായീഭാവം ഭയവും രസം ഭയാനകവുമാണ്. ഇവിടെ അപ്പന്‍ ഭാരതീയ ചിന്താപദ്ധതികള്‍ ആധുനിക സാഹിത്യകൃതികളിലെ ഭാവലോകം കണ്ടെത്തുവാന്‍ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുകയാണ്. നിശ്ചയമായും ആധുനിക വിമര്‍ശനത്തില്‍ ഇതൊരു പുതിയ വഴിയാണ്. ഈ രീതിയെ മുന്നോട്ടു കൊണ്ടുപോകുവാന്‍ നാളത്തെ വായനക്കാരും വിമര്‍ശകരും തയ്യാറാകും എന്നുതന്നെ പ്രതീക്ഷിക്കാം.

ചിലപ്പോള്‍ കലാസൃഷ്ടികള്‍ക്കും മേലെ വിമര്‍ശനം എത്തുന്നു എന്നു തോന്നിയ സന്ദര്‍ഭങ്ങളും ഈ പുസ്തകം തന്നു. എന്നു പറഞ്ഞാല്‍ വിമര്‍ശനവിധേയമായ കൃതിയെക്കാളും വലിയ കലാസൃഷ്ടിയായി വിമര്‍ശനം മാറുന്നു എന്നര്‍ത്ഥം. ഇതില്‍ അതിശയോക്തി ഒട്ടുമില്ല. സത്യപ്രസ്താവം മാത്രം. അതിനു ഉദാഹരണമാണ് ടി. പത്മനാഭന്റെ 'ഗൗരി' എന്ന കഥയെക്കുറിച്ച് കെ.പി. അപ്പന്‍ ഈ പുസ്തകത്തിലെഴുതിയ 'പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ' എന്ന വിമര്‍ശന പഠനം. പത്മനാഭന്റെ ആ കഥ എല്ലാ വായനക്കാരേയും അഗാധമായി സ്പര്‍ശിക്കുന്ന ഒന്നാണെന്നു തോന്നുന്നില്ല. പതിഞ്ഞ മട്ടില്‍ നീങ്ങുന്ന ഒരു സാധാരണ കഥയാണിത്. പത്മനാഭന്‍ തന്റേതായ സ്ഥിരം രീതിയില്‍ പറയുകയാണ്. സത്യത്തില്‍ പത്മനാഭനു സാഹിത്യജീവിതത്തില്‍ ശൈലീവികാസം വന്നിട്ടില്ലെന്ന അപ്പന്റെ മുന്‍ അഭിപ്രായത്തെ സാധൂകരിക്കുന്ന കഥയാണ് 'ഗൗരി'യും. എന്നാല്‍, ആ കഥയെ ആസ്പദമാക്കി അപ്പന്‍ കഥയെ വെല്ലുന്ന കലാസൃഷ്ടിക്കു രൂപംകൊടുക്കുകയാണ് നിരൂപണത്തില്‍. പ്രണയത്തിന്റെ മാധുര്യവും മരണത്തിന്റെ സാന്നിദ്ധ്യവും ഒന്നിച്ചുകലര്‍ത്തി നമ്മെ പ്രലോഭിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു നിരൂപകന്‍. ജയദേവ കവിയുടെ 'ഗീതാഗോവിന്ദ'ത്തിലെ വാക്കുകളും ആശയചിഹ്നങ്ങളും സമര്‍ത്ഥമായി ഉപയോഗിച്ചു പ്രണയത്തേയും മരണത്തേയും ബന്ധിപ്പിച്ച് അത്ഭുതകരമായ ഒരു സൃഷ്ടി തന്നെ നടത്തിയിരിക്കുന്നു! ഇവിടെ നിരൂപണം സൃഷ്ടിയെക്കാള്‍ ഉയര്‍ന്നുപോകുന്നു. നിരൂപണത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ് ഇത്.

കടമനിട്ട
കടമനിട്ട

അപ്പന്റെ സുവിശേഷങ്ങള്‍

കെ.പി. അപ്പന്‍ എന്ന എഴുത്തുകാരനെ, സാഹിത്യചിന്തകനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സാഹിത്യ സാംസ്‌കാരിക  ശക്തി ഏതായിരിക്കും? ടോള്‍സ്റ്റോയിയുടേയും ദസ്തയേവ്‌സ്‌കിയുടേയും നോവലുകളും സാഹിത്യത്തിലെ മോഡേണിസവും  അസ്തിത്വവാദം ഉള്‍പ്പെടെയുള്ള പാശ്ചാത്യ തത്ത്വചിന്തയും ബൈബിളുമെല്ലാം അദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇവയില്‍ അദ്ദേഹത്തിന്റെ ജീവിതത്തേയും ദര്‍ശനത്തേയും ധിഷണയേയും ഭാഷാശൈലിയേയും കാഴ്ചപ്പാടിനേയും ഏറ്റവും  ആഴത്തില്‍ സ്വാധീനിച്ചത് ബൈബിളാണ്. അത് അദ്ദേഹത്തിന്റെ സ്വകാര്യമായ അഭിരുചിയുമായും ജീവിത വീക്ഷണവുമായും സംവേദനവുമായും ഏറ്റവും കൂടുതല്‍ ഇണങ്ങിപ്പോകുന്നു. അപ്പന്റെ സാഹിത്യാവബോധത്തെ ഏറ്റവും ആഴത്തില്‍ സ്വാധീനിച്ചത് ഇന്ത്യന്‍ സാഹിത്യത്തെക്കാള്‍ പടിഞ്ഞാറന്‍ നാടുകളിലെ സാഹിത്യമാണ്. അത് അദ്ദേഹത്തിന്റെ ജന്മവാസനയുടേയും അഭിരുചിയുടേയും പ്രത്യേകതകൊണ്ടാണ്. കാളിദാസന്റേയും ഭാസന്റേയും മറ്റ് ഇന്ത്യന്‍ എഴുത്തുകാരുടെയും കൃതികളെക്കാള്‍ അദ്ദേഹത്തിന്റെ സംവേദനത്തെ ഉഴുതുമറിച്ചത്  ഗ്രീക്ക് ട്രാജഡികളും ഷേക്‌സ്പിയറുടെ ട്രാജഡികളുമാകണം. ഇന്ത്യന്‍ തത്ത്വചിന്തയെക്കാള്‍ അദ്ദേഹത്തിന്റെ മനസ്സിനേയും ധിഷണയേയും മഥിച്ചത് പടിഞ്ഞാറന്‍ തത്ത്വചിന്തയാണ്. ഇന്ത്യന്‍ പുരാവൃത്തങ്ങളെക്കാള്‍ അദ്ദേഹത്തിന്റെ ബോധാബോധങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചത് പടിഞ്ഞാറന്‍ പുരാണങ്ങളും ക്രൈസ്തവ പുരാവൃത്തങ്ങളുമാണ്. അപ്പന്റെ മനോഭാവത്തിനും വീക്ഷണത്തിനും 'വിദേശച്ചുവ'യുണ്ടെന്ന് വേണമെങ്കില്‍ പറയാം. പുരാണങ്ങളും സാഹിത്യവും തത്ത്വചിന്തയുമെല്ലാം അതുണ്ടായ കാലത്തിന്റേയോ ദേശത്തിന്റേയോ മാത്രമല്ലല്ലോ. അതെല്ലാം മാനവരാശിയുടെ പൈതൃക സ്വത്താണ്. അഭിരുചിയുടെ ഭേദമനുസരിച്ച് ഓരോ ആളും ഓരോന്ന് സ്വീകരിക്കുന്നു എന്നുമാത്രം. എന്തായാലും ബൈബിളിന്റെ ദര്‍ശനവും കാവ്യസംസ്‌കാരവും അദ്ദേഹത്തിന്റെ രക്തത്തില്‍ കലര്‍ന്നിരുന്നു. അദ്ദേഹം ഇപ്രകാരമെഴുതി:

'ബൈബിള്‍ ഞാന്‍ എത്ര തവണ വായിച്ചിട്ടുണ്ടെന്ന് എനിക്കുതന്നെ അറിഞ്ഞുകൂടാ. ഇതുവരെയുള്ള കാലം മുഴുവന്‍ ഞാന്‍ ബൈബിളിന്റെ സാക്ഷിയും വായനക്കാരനുമാണ്. ആ സത്യകൂടാരത്തിന്റെ ശുശ്രൂഷകനാകാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. പ്രപഞ്ചത്തിന്റേയും ചരിത്രത്തിന്റേയും മനുഷ്യഭാഗധേയത്തിന്റേയും പ്രശ്‌നങ്ങളെ ഉപമകളാക്കി പ്രസ്താവിക്കുന്ന ബൈബിള്‍ എന്റെ ബുദ്ധിപരമായ ജീവിതത്തെ രൂപപ്പെടുത്തിയ പ്രധാന ശക്തിയാണ്. ഇടയ്ക്കിടയ്ക്ക് ബൈബിളിലെ ചില ഭാഗങ്ങള്‍ ഞാന്‍ മറിച്ചുനോക്കുന്നു. എന്റെ ധൈഷണിക ജീവിതത്തെ സംബന്ധിച്ചിടത്തോളം ഇത് ഉന്മേഷത്തിന്റെ വീണ്ടെടുപ്പാണ്.'

ബൈബിളും താനും തമ്മിലുള്ള ബന്ധം ഇതില്‍ കൂടുതല്‍ വ്യക്തമായി പറയുവാനാവില്ല. ബൈബിളിനെ ആസ്പദമാക്കി 'ബൈബിള്‍ വെളിച്ചത്തിന്റെ കവചം' എന്ന പുസ്തകം 1994ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ആ പുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ ധാരാളം വന്നു. വലിയ വിസ്മയമാണ് ഈ ഗ്രന്ഥം വായനക്കാരില്‍ സൃഷ്ടിച്ചത്. ധാരാളം ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ അപ്പന്റെ ചങ്ങാതിമാരായി. ക്രിസ്ത്യന്‍ ലോകം ഈ പുസ്തകം വാങ്ങി വായിച്ചു. സാഹിത്യലോകം പുസ്തകത്തെ സ്വാഗതം ചെയ്തു. ഹിന്ദുവായി ജനിച്ച ഒരാള്‍ വേദപുസ്തകത്തെക്കുറിച്ച് മികച്ചൊരു പുസ്തകം എഴുതിയെന്നത് വലിയ അത്ഭുതമാണ് ഉളവാക്കിയത്. കപടമായ മതേതരത്വം പ്രദര്‍ശിപ്പിക്കുവാന്‍വേണ്ടി രചിച്ച ഗ്രന്ഥമല്ല എന്നു വായനക്കാര്‍ വേഗം മനസ്സിലാക്കി. വാസ്തവത്തില്‍ കെ.പി. അപ്പന്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ താന്‍ ബൈബിളിനെപ്പറ്റി ഒരു പുസ്തകമെഴുതുമെന്ന് അടുപ്പമുള്ളവരോട് പറഞ്ഞിട്ടുണ്ട്. വളരെ വളരെ വര്‍ഷക്കാലം ഉള്ളില്‍ ധ്യാനിച്ചുകൊണ്ടു നടന്ന ആശയങ്ങള്‍ കാവ്യാത്മകമായി കുതിച്ചൊഴുകിയത് പെട്ടെന്നാണ്. ഏകാന്ത ധ്യാനത്തില്‍നിന്നും പുറത്തുവന്നതാണ് അതിലെ ഓരോ വാക്കും. മഹര്‍ഷിസഹജമായ നിസ്സംഗതയും ധ്യാനാത്മകതയും നൈര്‍മ്മല്യവും അപ്പനുണ്ടായിരുന്നതുകൊണ്ടാണ് ഇത്തരമൊരു പുസ്തകമെഴുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ഈ പുസ്തകത്തിന്റെ തുടര്‍ച്ച എന്നപോലെ ക്രിസ്തുവിന്റെ അമ്മ മേരിയെപ്പറ്റി  2006ല്‍ 'മധുരം നിന്റെ ജീവിതം' എന്ന ശീര്‍ഷകത്തില്‍ ജീവിതത്തിന്റെ ഒടുവില്‍ മറ്റൊരു പുസ്തകം കൂടി അപ്പന്‍ രചിച്ചു.

അയ്യപ്പപ്പണിക്കർ
അയ്യപ്പപ്പണിക്കർ

ബൈബിളിനെ ആസ്പദമാക്കി താന്‍ രചിച്ച ഗ്രന്ഥങ്ങള്‍ക്ക് സംഘടിത മതവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും അപ്പന്‍ ക്രൈസ്തവ സഭകളുടെ അധാര്‍മ്മികതയും പൗരോഹിത്യത്തിന്റെ അധികാരാസക്തിയും കാണുന്നില്ലെന്നു ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. തന്റെ നിലപാട്  ഒരു ഇന്റര്‍വ്യൂവില്‍ അക്കാര്യം വെളിപ്പെടുത്തി:

'...ഞാന്‍ ബൈബിളിനേയും ക്രിസ്തുവിനേയുമാണ് ആരാധിക്കുന്നത്. ദസ്തയേവ്‌സ്‌കിയും ടോള്‍സ്റ്റോയിയുമൊക്കെ അങ്ങനെയായിരുന്നു. അവര്‍ സംഘടിത മതത്തെ തള്ളി പറഞ്ഞുകൊണ്ട് ക്രിസ്തുവിനെ ആരാധിച്ചവരാണ്. ക്രിസ്തുവില്ലാത്ത ഒരവസ്ഥ പ്രയാസമാണ്. ദസ്തയേവ്‌സ്‌കി പറഞ്ഞില്ലേ, ജീസസില്ലായിരുന്നുവെങ്കില്‍ ഈ ലോകം വലിയൊരു ചിത്തഭ്രമമായിത്തീരുമായിരുന്നുവെന്ന്. ഈ ആശയവും അവ്യക്തമായി എന്റെ മനസ്സില്‍ പണ്ടു തന്നെ ഉണ്ടായിരുന്നു.'

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ക്രിസ്തുമസ് ദിനത്തില്‍ നാട്ടിലെ പള്ളിയില്‍ പുരോഹിതനായിരുന്ന ഗില്‍ബര്‍ട്ട് അച്ചന്‍ ഒരു ബൈബിള്‍ സ്‌നേഹസമ്മാനമായി അപ്പന് കൊടുത്തു. ചെറുപ്പം മുതല്‍ വലിയ വായനാശീലമുണ്ടായിരുന്ന അപ്പന്‍ അത് വായിച്ചു. ആദ്യമൊന്നും അതിന്റെ വാതില്‍ തുറന്നുകിട്ടിയിരുന്നില്ല. ഗില്‍ബര്‍ട്ട് അച്ചനുമായുള്ള സംഭാഷണം ബൈബിളിലുള്ള താല്പര്യം വര്‍ദ്ധിപ്പിച്ചു. അച്ചന്‍ കുട്ടിക്കാലത്ത് കുട്ടിയായ അപ്പന്റെ ഗുരുവും കൂട്ടുകാരനുമായി. ബൈബിളിലെ കാര്യങ്ങള്‍ രണ്ടുപേരും നിരന്തരം സംസാരിച്ചു. ക്രിസ്തു ജനിച്ച നാടിനേയും പ്രവര്‍ത്തിച്ച സ്ഥലങ്ങളേയുംപറ്റി ആ പുരോഹിതന്‍ അപ്പനോട് വിശദീകരിച്ചു. മാത്രമല്ല, ബൈബിളില്‍ മറഞ്ഞിരിക്കുന്ന ദാര്‍ശനിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും അര്‍ത്ഥസൂചനകളെക്കുറിച്ചും പറഞ്ഞു. ഇതെല്ലാം വേദപുസ്തകത്തിലെ ചിഹ്നങ്ങളും രൂപകങ്ങളും ഉപമകളും കടങ്കഥകളും ഐതിഹ്യങ്ങളും വിശ്വാസങ്ങളും വ്യക്തമായി മനസ്സിലാക്കുവാന്‍ അപ്പന് കരുത്തു നല്‍കി. ബൈബിള്‍ മതഗ്രന്ഥം മാത്രമല്ല, ചരിത്രഗ്രന്ഥവും ദാര്‍ശനിക ഗ്രന്ഥവും സാഹിത്യഗ്രന്ഥവും കൂടിയാണെന്ന് അപ്പന്‍ മനസ്സിലാക്കി. ബൈബിളിലെ കവിതയും തത്ത്വചിന്തയും കലര്‍ന്ന വാക്യങ്ങള്‍ അദ്ദേഹം എപ്പോഴും പാടി നടന്നിരിക്കണം. അതിലെ ഭാഷയും സംഗീതവും വാങ്മയ ചിത്രങ്ങളും മനസ്സിലെപ്പോഴും കൊണ്ടുനടന്നിരിക്കണം. അതില്‍ ഏകാന്തമായി ധ്യാനിച്ചിരുന്നിരിക്കണം. അതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും ധാരാളമായി വായിച്ചിരിക്കണം. അങ്ങനെയെല്ലാം ചെയ്തതുകൊണ്ടാണ് അഗാധമായ ദാര്‍ശനികത നിലനിര്‍ത്തി അത്യന്തം കാവ്യാത്മകമായി ബൈബിളിനെ സംബന്ധിക്കുന്ന പുസ്തകങ്ങള്‍ എഴുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ഈ പുസ്തകങ്ങള്‍ മലയാളത്തിലെ വായനക്കാരെ വല്ലാതെ ആകര്‍ഷിച്ചു. വിദേശത്തുള്ള വായനക്കാരേയും വശീകരിച്ചിരിക്കണം. 'ബൈബിള്‍ വെളിച്ചത്തിന്റെ കവചം' എന്ന പുസ്തകം നസ്രേത്ത് മാനുവല്‍ ഫ്രെഞ്ചിലേക്ക് മൊഴിമാറ്റം നടത്തി. കൊല്ലത്തെ ബിഷപ്പ് ജറോം നഗറിലെ സെന്റിനറി ഹാളില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ അന്നത്തെ വൈസ് ചാന്‍സലര്‍ കെവിനാണ് ഫ്രെഞ്ച് പരിഭാഷ പ്രകാശനം ചെയ്തത്. നസ്രേത്ത് മാനുവലിന്റെ സുഹൃത്ത് ഈ പുസ്തകം ഇറ്റാലിയന്‍ ഭാഷയിലേക്കും വിവര്‍ത്തനം ചെയ്തു.
                                         
 

ആറ്റൂർ രവിവർമ
ആറ്റൂർ രവിവർമ

നീതിക്കുവേണ്ടി ദാഹിക്കുന്ന ക്രിസ്തു

കെ.പി. അപ്പന്‍ വിളിച്ചുപറഞ്ഞ സുവിശേഷങ്ങളാണ് 'ബൈബിള്‍ വെളിച്ചത്തിന്റെ കവചം',  'മധുരം നിന്റെ ജീവിതം' എന്നിവ. ഈ സുവിശേഷങ്ങളില്‍നിന്നും ക്രിസ്തുവിന്റേയും മറിയയുടേയും വിശുദ്ധജീവിതം ധ്വനിപ്പിക്കുന്ന ആശയങ്ങളുടെ താളവും സംഗീതവും ഉയരുന്നു. ബൈബിളിലെ വാക്കുകളും ചിഹ്നങ്ങളും സദൃശവാക്യങ്ങളും കാവ്യഭാവനയും ഉപയോഗിച്ചാണ് ത്യാഗവും കാരുണ്യവും സ്‌നേഹവും നിറഞ്ഞ ആ ജീവിതങ്ങള്‍ പ്രസരിപ്പിച്ച മഹത്തായ ആശയങ്ങളുടെ സംഗീതം സൃഷ്ടിച്ചത്. ബൈബിളിനെ ഒരു സാഹിത്യഗ്രന്ഥമായിത്തന്നെ അപ്പന്‍ കാണുന്നു. ചരിത്രവും നിയമവ്യവസ്ഥകളും പുരാവൃത്തങ്ങളും കവിതയും തത്ത്വചിന്തയുമെല്ലാം നിറഞ്ഞ ഒരു സാഹിത്യകൃതിയാണ് ബൈബിള്‍. മനുഷ്യവംശത്തെ സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും പാഠങ്ങള്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ ജീവിതത്തിന്റെ പൊരുളും അദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥവ്യാപ്തിയും അപ്പന്‍ ഭംഗിയായി എടുത്തുപറയുന്നു. മനുഷ്യവംശത്തിനുവേണ്ടി മകനെ ബലിയായി നല്‍കിയ അമ്മയുടെ മഹത്വത്തെ വേദപുസ്തകത്തിലെ ഭാഷയും അര്‍ത്ഥസങ്കല്പങ്ങളും ഉപയോഗിച്ച് ഉദ്‌ഘോഷിക്കുന്നു. മതപരമായ അര്‍ത്ഥത്തിനും ആശയ സങ്കല്പത്തിനും അപ്പുറത്തേക്കു പോകുവാന്‍ അപ്പന്റെ സുവിശേഷങ്ങള്‍ക്കു കഴിയുന്നുണ്ട്. അപ്പന്റെ സുവിശേഷങ്ങള്‍  മതാത്മകമായ ആശയത്തെ പൂര്‍ണ്ണമായി നിരാകരിക്കാതെ തന്നെ, ചരിത്രത്തേയും വര്‍ത്തമാനത്തേയും രാഷ്ട്രീയത്തേയും സംബന്ധിക്കുന്ന അര്‍ത്ഥതലങ്ങള്‍ വെളിപ്പെടുത്തുന്നു. ആത്മീയവും രാഷ്ട്രീയവുമായ യാഥാര്‍ത്ഥ്യങ്ങളുടെ പിന്നിലെ ദാര്‍ശനികതയും വൈരുദ്ധ്യങ്ങളും അപ്പന്റെ സുവിശേങ്ങള്‍ കണ്ടെത്തുന്നു.

ക്രിസ്തു നീതിക്കുവേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്തു. ക്രിസ്തു മനുഷ്യരുടെ ദൈവവും ദൈവത്തിന്റെ മനുഷ്യനുമാണ്. സത്യം നിന്നെ സ്വതന്ത്രനാക്കും എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ അപ്പനെ വല്ലാതെ വശീകരിച്ചിരിക്കണം. മതത്തിന്റെ നിഷ്ഠൂര നിയമങ്ങളില്‍ അകപ്പെട്ട മനുഷ്യനെ മോചിപ്പിക്കുകയാണ് ക്രിസ്തു ചെയ്തത്. പുരോഹിതന്മാര്‍ക്കും മതപണ്ഡിതര്‍ക്കും എതിരായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഷേധം ഗലീലക്കടലിലെ കൊടുങ്കാറ്റ് പോലെ ഉയര്‍ന്നു എന്നാണ് അപ്പന്റെ സുവിശേഷം പറയുന്നത്. കാപട്യക്കാരായ വേദജ്ഞര്‍ ഒരുവനെ മതപരിവര്‍ത്തനം ചെയ്യിച്ചപ്പോള്‍ ക്രിസ്തു അതിനെതിരെ ചിന്തയുടെ തീക്കാറ്റ് സൃഷ്ടിച്ചത് ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഘടിത മതവുമായി ബന്ധപ്പെട്ട ക്രൈസ്തവികത സ്വയം നവീകരിച്ച് രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു എന്നും തന്റെ 'സുവിശേഷങ്ങ'ളില്‍ അപ്പന്‍ അഭിപ്രായപ്പെടുന്നു. മനുഷ്യപുത്രന്‍ ഇനിയും വരുകയാണെങ്കില്‍ മതരഹിത ക്രൈസ്തവികതയെ ഭാവന ചെയ്യുമെന്നും അപ്പന്‍ പറയുന്നു. ഇവിടെയെല്ലാം ക്രിസ്തുവിനെ പുതിയൊരു ആദ്ധ്യാത്മിക രാഷ്ട്രീയത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുകയാണ്. ക്രിസ്തുവിന്റെ വചനങ്ങളിലും പ്രവൃത്തികളിലും അടങ്ങിയിരിക്കുന്ന തത്ത്വചിന്താപരവും രാഷ്ട്രീയവുമായ മാനങ്ങള്‍ കാവ്യാത്മകമായി വികസിപ്പിച്ച് വെളിപ്പെടുത്തുകയാണ് അപ്പന്‍. 'തന്റെ നാടിന്റെ രാഷ്ട്രീയവും മതവുമായിരുന്നു അവന്റെ ചിന്തയില്‍' എന്ന് ഖലീല്‍ ജിബ്രാന്‍ 'മനുഷ്യപുത്രനായ യേശു' എന്ന കൃതിയില്‍ പറയുന്നുണ്ട്. മേഘഗര്‍ജ്ജനത്തിന്റെ സ്വരത്തില്‍ സംസാരിക്കുന്ന ഒരു ക്രിസ്തുവുണ്ട്. അങ്ങനെയുള്ള ക്രിസ്തുവിനേയും അപ്പന്‍ കാണുന്നുണ്ട്.

മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ വേണ്ടി മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ പീഡനങ്ങളിലും ക്രിസ്തുവിന്റെ സന്ദേശം അന്തര്‍ഭവിച്ചിരിക്കുന്നതായി അപ്പന്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്തുവില്‍ കാരുണ്യവാന്‍ മാത്രമല്ല, പ്രക്ഷോഭകാരിയും ഉണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്. ദേവാലയത്തെ ശുദ്ധീകരിക്കുമ്പോള്‍  ക്രിസ്തുവില്‍ പ്രക്ഷോഭവാസന ശക്തമാകുന്നു. ക്രിസ്തുവില്‍ ഉറങ്ങി കിടന്നിരുന്ന സിംഹമുണരുന്നു. അപ്പന്‍ ഇപ്രകാരം എഴുതുന്നു:

'...തന്റെ പ്രമാണങ്ങളെ ന്യായപ്രമാണങ്ങളോട് കൂട്ടിച്ചേര്‍ത്ത് വിപുലീകരിക്കുവാന്‍ വന്നവന്റെ ദിവ്യമായ പ്രക്ഷോഭണ വാസനയാണ് ഇസ്രയേലിന്റെ ആശ്വാസമായിരുന്ന ക്രിസ്തുവിന്റെ ദേവാലയ ശുദ്ധീകരണത്തില്‍ കാണുന്നത്. പൊന്‍വാണിഭക്കാരുടെ മേശകള്‍ അദ്ദേഹം തകര്‍ത്തു. പ്രാവുകളെ വില്‍ക്കുന്നവരുടെ പീഠങ്ങള്‍ മറിച്ചിട്ടു. വില്‍ക്കുന്നവരേയും കൊള്ളുന്നവരേയും ദേവാലയത്തില്‍നിന്നും പുറത്താക്കി. അവിടെ, ശാന്തനായ ക്രിസ്തു തര്‍ശീശ് കപ്പലുകളെ തച്ചുടക്കുന്ന കിഴക്കന്‍ കാറ്റായി മാറി. പാപത്തോട് പോരാടുന്നതില്‍ പ്രാണത്യാഗത്തോളം എതിര്‍ത്തുനിന്നവന്റെ ധീരതയായിരുന്നു അത്. ക്രിസ്തുവിന്റെ അനന്തമായ കാരുണ്യത്തില്‍ നിന്നാണ് ഈ ധീരത ജനിച്ചത്.'

ഈ ദേവാലയ ശുദ്ധീകരണം നാം ചരിത്രത്തില്‍ കാണുന്നുവെന്ന് തുടര്‍ന്ന് അദ്ദേഹം വിവരിക്കുന്നു. നമ്മുടെ സാമൂഹിക ജീവിതം ധാര്‍മ്മികമായി തകരുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുന്നവരില്‍ ക്രിസ്തുവിന്റെ ധീരതയുടെ പരാഗം വീണുകിടക്കുന്നു. എല്ലാ വിപ്ലവകാരിയിലും സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും വന്‍കടലായ ക്രിസ്തുവുണ്ട്. ക്രിസ്തുവിനെതിരെ ചിന്തിക്കുന്നവരും ക്രിസ്തുവില്‍നിന്നും അകലുന്നില്ല എന്നാണ് അപ്പന്‍ കണ്ടെത്തുന്ന പ്രധാന കാര്യം. ക്രിസ്തുവിന്റെ ചിന്താഗതികളെ എതിര്‍ത്ത തത്ത്വചിന്തകനാണ് നീറ്റ്‌ഷേ. നീറ്റ്‌ഷേ അപ്പന്റെ പ്രിയപ്പെട്ട തത്ത്വചിന്തകരില്‍ ഒരാളുമാണ്. എന്നാല്‍, ക്രിസ്തുവിനെ എതിര്‍ത്തുകൊണ്ട് ഒരു പുസ്തക('The Antichrist')മെഴുതിയ നീറ്റ്‌ഷേയിലും ക്രിസ്തുവുണ്ട് എന്നാണ് അപ്പന്‍ ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്തുവിന്റെ ആശയങ്ങള്‍ എല്ലാക്കാലത്തേയും എഴുത്തുകാരേയും തത്ത്വചിന്തകരേയും സ്വാധീനിച്ചു. ദസ്തയേവ്‌സ്‌കിയും കസാന്‍ദ്‌സാക്കിസും ക്രിസ്തുവിന്റെ വചനങ്ങളും ആശയങ്ങളും കൃതികളുടെ ഘടനയില്‍ കൊണ്ടുവന്ന് വികസിപ്പിക്കുന്നതു കാണാം. കസാന്‍ദ്‌സാക്കിസ്   ക്രിസ്തുവില്‍ ജീവിച്ചുകൊണ്ടാണ് 'സെന്റ് ഫ്രാന്‍സിസ്' ('Saint Francis') എന്ന നോവല്‍ രചിച്ചത്. ദസ്തയേവ്‌സ്‌കിയുടെ എല്ലാ രചനകളിലും ബൈബിളില്‍നിന്നുള്ള അര്‍ത്ഥ സങ്കല്പങ്ങളും ഭാവനയുടെ ലോകവും നിറഞ്ഞുനില്‍ക്കുന്നു. ദസ്തയേവ്‌സ്‌കി തടവുശിക്ഷ അനുഭവിക്കുവാന്‍ സൈബീരിയയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഒരു പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ബൈബിളായിരുന്നു. സൈബീരിയയില്‍ വച്ച് എത്രയോ പ്രാവശ്യം അദ്ദേഹം ബൈബിള്‍ വായിച്ചിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബൈബിളിന്റെ കാവ്യസംസ്‌കാരം അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു എന്നര്‍ത്ഥം. ക്രിസ്തു സദൃശമായ സ്‌നേഹം ഭൂമിയില്‍ അസാദ്ധ്യമായ ദിവ്യാത്ഭുതമാണെന്ന് ദസ്തയേവ്‌സ്‌കിയുടെ ഒരു കഥാപാത്രം പറയുന്നുണ്ട്. ബൈബിളില്‍നിന്നുള്ള കല്പനകളും ഉപമകളും ആശയങ്ങളും ആ എഴുത്തുകാരന്റെ രചനകളില്‍ വന്നു നിറയുന്നു. സ്‌നേഹത്തെ സന്തോഷമുള്ള അധരങ്ങളാല്‍ സ്തുതിക്കുവാന്‍ നമ്മെ പഠിപ്പിച്ചത് ക്രിസ്തുവായിരുന്നു. സ്‌നേഹബലിക്കു സമര്‍പ്പിക്കപ്പെട്ട ആ ജീവിതം സ്‌നേഹത്തിന്റെ ഏറ്റവും വലിയ ചിഹ്നമായിരുന്നു. ഹെമിങ്‌വേയുടെ 'കടലും കിഴവനും' എന്ന നോവലിലെ പായ്മരവും തോളിലേറ്റി കടലിലേക്കുള്ള സാന്തായാഗോയുടെ യാത്ര കുരിശും താങ്ങി കാല്‍വരിയിലേക്കു നടക്കുന്ന ക്രിസ്തുവിന്റെ യാത്രയെ ഓര്‍മ്മിപ്പിക്കുന്നതായി അപ്പന്‍ എഴുതിയിട്ടുണ്ട്.

ഡി വിനയചന്ദ്രൻ
ഡി വിനയചന്ദ്രൻ

ഭാരതീയ മനസ്സിലും ബൈബിളിലെ വെളിച്ചം എത്തിയിട്ടുണ്ട് എന്ന് അപ്പന്‍ പറയുന്നു. അദ്വൈതത്തിന്റെ സംസ്‌കാരം ക്രിസ്തുവിന്റെ ആശയത്തിലുണ്ടായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചില അവസരങ്ങളില്‍ ഞാനും എന്റെ പിതാവും ഒന്നുതന്നെ എന്നു പറഞ്ഞു കൊണ്ട് ദ്വൈതഭാവത്തെ ക്രിസ്തു ഇല്ലാതാക്കി. ഡോ. രാധാകൃഷ്ണനിലും ക്രിസ്തുവിന്റെ സന്ദേശമെത്തി എന്നും അപ്പന്‍ പറയുന്നുണ്ട്.

സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും പ്രതീകമായ ക്രിസ്തുവിന്റെ അമ്മയെ സ്തുതിക്കുന്ന കവിതയാണ് കെ.പി. അപ്പന്റെ  'മധുരം നിന്റെ ജീവിതം.' അപ്പന്‍ ഗദ്യത്തിലെഴുതിയ കാവ്യമാണത്. അപ്പന്റെ മറ്റൊരു സുവിശേഷമാണത്. മധുരം എന്ന വാക്ക് വിശുദ്ധ മറിയയുടെ ജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അപ്പന്‍ പറയുന്നു:

'...കന്യാമറിയത്തിന്റെ നിസ്തുലതയാണ് ആ ജീവിതത്തെ മധുരിക്കുന്നതാക്കിത്തീര്‍ക്കുന്നത്. മറിയം തീരുമാനങ്ങളില്‍ ധീരയായിരുന്നു. ദീര്‍ഘദൃഷ്ടിയുള്ളവളായിരുന്നു. സന്മാര്‍ഗ്ഗ നിരതയായിരുന്നു. കാരുണ്യമുള്ളവള്‍ ആയിരുന്നു. ഒരു അമ്മയുടെ മകള്‍ ഏതു അമ്മയുടേയും മകളെക്കാളും ചരിത്രത്തില്‍ വലിയവളായിത്തീര്‍ന്നു. നിത്യമഹത്വത്തിലേക്ക് വിളിക്കപ്പെട്ടവളായിരുന്നു. അതിനാല്‍ മറിയത്തിന്റെ ജീവിതത്തിന് മാധുര്യമുണ്ട്. ഭാവി, സ്വയം അറിഞ്ഞതിന്റെ മധുരമായിരുന്നു അത്. ഇനി മുതല്‍ എല്ലാ തലമുറയും എന്നെ അനുഗൃഹീത എന്നു വിളിക്കും എന്നു സ്വയം പറഞ്ഞപ്പോള്‍ തന്റെ ജീവിതത്തിന്റെ മാധുര്യത്തെ മറിയം വിചാരങ്ങളില്‍ രുചിച്ചു നോക്കുകയായിരുന്നു.'

ദൈവത്തെ പ്രസവിച്ച ആ അമ്മ നേരിട്ട കൊടിയ വേദനകളുടേയും പീഡനങ്ങളുടേയും സൂക്ഷ്മ ചരിത്രമാണ് ഇവിടെ ഇതള്‍ വിടരുന്നത്. ബൈബിളിലെ ഉപമകളില്‍നിന്നും രൂപകങ്ങളില്‍നിന്നും പ്രകാശം ചൊരിയുന്ന വാക്കുകളില്‍നിന്നും അര്‍ത്ഥം സംഭരിച്ചാണ് വിശുദ്ധ മറിയയുടെ ചിത്രവും ഹൃദയചലനങ്ങളും വരച്ചിടുന്നത്. മകനെ മനുഷ്യരാശിക്കുവേണ്ടി ബലി നല്‍കേണ്ടിവന്ന ഒരമ്മയുടെ സഹനത്തിന്റേയും ത്യാഗത്തിന്റേയും അനുഭവങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ദുഃഖത്തെ മധുരമാക്കിയ ജീവിതമായിരുന്നു മറിയയുടേത്. ചരിത്രത്തിലെ ഏറ്റവും വലിയ സഹനബലിയായിരുന്നു മറിയയുടേത്. 'നിന്റെ ഹൃദയത്തിലൂടെയും ഒരു വാള്‍ തുളച്ചുകയറും' എന്ന് ജറുശലേം ദേവാലയത്തില്‍നിന്നും സൂചന ലഭിച്ചിരുന്നു. പിന്നീട് ഹൃദയത്തിലൂടെ വാള്‍ തുളച്ചുപോകുന്നത് മറിയ അനുഭവിച്ചു. ചരിത്രത്തിലെ വലിയൊരു സഹനബലിയുടെ അനുഭവങ്ങള്‍ കൃത്യമായ വാക്കുകളിലൂടെ വിവരിക്കുന്നുണ്ട്. വാള്‍ എന്ന വാക്ക് പ്രത്യേക അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. കഠിനമായ വേദനയുടെ പ്രതീകമാണത്. പിന്നീട് മറിയയുടെ ജീവിതം കഠിനവേദനയായി മാറുന്നു.
 
ക്രിസ്തു ഭാവിയില്‍ അനുഭവിക്കുവാന്‍ പോകുന്ന വേദനയും അതിലൂടെ സൂചിപ്പിക്കുന്നു. മറിയയുടെ സ്‌നേഹം ക്രിസ്തുവില്‍നിന്നും മനുഷ്യരാശിയിലേക്ക് വ്യാപിക്കുകയാണ് പിന്നീട്. മനുഷ്യത്വത്തില്‍ മറഞ്ഞിരിക്കുന്ന ദൈവികതയെ പുറത്തുകൊണ്ടുവന്നത് കന്യാമറിയമാണ്. ഏറ്റവും തിളങ്ങുന്ന വാക്കുകള്‍കൊണ്ട് അപ്പന്‍ മറിയയെ വാഴ്ത്തുന്നു. ക്രിസ്തുവിന്റെ അമ്മയെ സ്തുതിക്കുന്നതിലൂടെ ലോകത്തുള്ള എല്ലാ അമ്മമാരേയും സ്തുതിക്കുന്ന ത്യാഗസങ്കീര്‍ത്തനമായി മാറുന്നു ആ പുസ്തകം. രക്തസാക്ഷിയുടെ അമ്മയാകാനുള്ള ഏതു സ്ത്രീയുടേയും അബോധപരമായ ആഗ്രഹത്തിന്റെ വിശുദ്ധ ചിഹ്നമായും കന്യാമറിയത്തെ അപ്പന്‍ കരുതുന്നുണ്ട്. അപ്പോള്‍ രാഷ്ട്രീയമായ അര്‍ത്ഥം ധ്വനിക്കുന്നു. അപ്പന്റെ ഈ പുസ്തകങ്ങള്‍ക്ക് സമാനമായ പുസ്തകങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ മലയാളത്തിലില്ല. 

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com