അപ്പനെ ആകര്‍ഷിച്ചത് മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന നിത്യമായ ദാര്‍ശനിക പ്രശ്‌നങ്ങള്‍

പുതിയത് ഉള്‍ക്കൊള്ളാനും വിലയിരുത്താനും കഴിയുക എന്നത് വിമര്‍ശകര്‍ നേരിടുന്ന വെല്ലുവിളിയാണ്. ഉത്തരാധുനികത ഉയര്‍ത്തിയ തത്ത്വചിന്താപരവും സൗന്ദര്യശാസ്ത്രപരവുമായ വെല്ലുവിളികള്‍ അപ്പന്‍ സ്വീകരിച്ചു
അപ്പനെ ആകര്‍ഷിച്ചത് മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന നിത്യമായ ദാര്‍ശനിക പ്രശ്‌നങ്ങള്‍

സാഹിത്യം ഒരിക്കലും നിശ്ചലമല്ല. അതെപ്പോഴും തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു, നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത് പൂര്‍ണ്ണത പ്രാപിക്കുവാന്‍ ചിറകടിച്ചു നീങ്ങുകയാണ്, എപ്പോഴും. സാഹിത്യലോകത്തുണ്ടാകുന്ന ചലനങ്ങളും രൂപം പ്രാപിക്കുന്ന വഴികളും നിലപാടുകള്‍ പുനഃപരിശോധിക്കുവാന്‍ സാഹിത്യവിമര്‍ശകനേയും നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കും. എഴുത്തുകാരന്‍ സര്‍ഗ്ഗാത്മകമായി പുനര്‍ജന്മം നേടുന്നതുപോലെ വിമര്‍ശകനും വിചാരജീവിതത്തില്‍ പുനര്‍ജന്മം നേടുകതന്നെ വേണം. ഇല്ലെങ്കില്‍ വിമര്‍ശകന്‍ സ്വന്തം കാലത്തുനിന്നും പുറന്തള്ളപ്പെടും. കെ.പി. അപ്പന്‍ തന്റെ നിലപാടുകള്‍ വീണ്ടുവിചാരങ്ങള്‍ക്കു വിധേയമാക്കാറുണ്ട്. എണ്‍പതുകളുടെ പകുതിയോടെ മലയാളത്തില്‍ ആധുനികതയുടെ ശക്തി കുറയുകയും സാഹിത്യം ആന്തരികമായ വലിയ മാറ്റങ്ങള്‍ക്കു വിധേയമാവുകയും ഉത്തരാധുനികമായ സൗന്ദര്യ സങ്കല്പങ്ങള്‍/സ്വഭാവങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുകയും ചെയ്തപ്പോള്‍ അപ്പനും മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും വിലയിരുത്താനും ആരംഭിച്ചു. വേറൊരു കെ.പി. അപ്പനാകാനുള്ള ശ്രമമാരംഭിക്കയും ചെയ്തു. എണ്‍പതുകളുടെ അവസാനത്തില്‍ എഴുതിയ ലേഖനങ്ങളില്‍ അതു കാണാം. 

തന്റെ നിലപാടുകളേയും ലാവണ്യബോധത്തേയും രൂപപ്പെടുത്തിയ സാഹിത്യത്തില്‍നിന്നും ഭിന്നമായ സാഹിത്യവും അദ്ദേഹം ഈ ഘട്ടത്തില്‍ വായിച്ചു പഠിച്ചു. കാഫ്ക, കമ്യൂ, സാര്‍ത്ര് തുടങ്ങിയ യൂറോപ്യന്‍ ആധുനിക എഴുത്തുകാരുടെ കൃതികളാണ് ഏകദേശം നാല്‍പ്പതു വയസ്സ് വരെ അദ്ദേഹം വായിച്ചത്. കെ.പി. അപ്പന്റെ സൗന്ദര്യബോധത്തേയും സാഹിത്യാഭിരുചിയേയും വീക്ഷണത്തേയും അഗാധമായി സ്വാധീനിച്ചതും അസ്തിത്വദര്‍ശനത്തിലധിഷ്ഠിതമായ ആ കൃതികളാണ്. പിന്നീട് ലോകസാഹിത്യത്തെ ചലനാത്മകമാക്കിയ ലാറ്റിനമേരിക്കന്‍ ആഫ്രിക്കന്‍ സാഹിത്യത്തേയും വ്യത്യസ്തമായ സാഹിത്യസംസ്‌കാരത്തേയും ഉള്‍ക്കൊള്ളുവാന്‍ അപ്പന്‍ തീവ്രമായി ശ്രമിക്കുന്നുണ്ട്. ആ സാഹിത്യം അപ്പന്‍ ചെറുപ്പകാലത്ത് വായിച്ച യൂറോപ്യന്‍ ആധുനികതയില്‍നിന്നും പാടെ ഭിന്നമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി കഴിഞ്ഞ് ശക്തിപ്രാപിച്ച ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ നോവലുകളും വ്യത്യസ്തമായ സാഹിത്യസംസ്‌കാരവും അദ്ദേഹം സ്വാംശീകരിച്ചു. യൂറോപ്യന്‍ ആധുനികതയുടെ പ്രസക്തി നഷ്ടപ്പെടുകയും ലാറ്റിനമേരിക്കന്‍ നോവലുകളും  ആഫ്രിക്കന്‍ ഭാഷകളിലെ എഴുത്തുകാരുടെ കൃതികളും വ്യത്യസ്ത സ്വഭാവങ്ങള്‍ പ്രകടിപ്പിച്ച മിലന്‍ കുന്ദേരയുടേയും ബെന്‍ ഓക്രിയുടേയും കൃതികളും ലോകത്ത് എവിടെയും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ആ കൃതികള്‍ പ്രകടിപ്പിച്ച രാഷ്ട്രീയവീക്ഷണം ഉള്‍ക്കൊള്ളുവാന്‍ അദ്ദേഹം യത്‌നിച്ചു. എന്നാല്‍, ആ സാഹിത്യത്തില്‍ പ്രതിഫലിച്ച ചരിത്രത്തിന്റെ പ്രശ്‌നങ്ങളും അധികാരത്തേയും രാഷ്ട്രീയത്തേയും സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളും വേണ്ടത്ര ഗൗരവത്തോടെ അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞുവോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന നിത്യമായ ദാര്‍ശനിക പ്രശ്‌നങ്ങളാണ് അപ്പനെ എന്നും കൂടുതല്‍ ആകര്‍ഷിച്ചത്. 

അതുപോലെ സാഹിത്യചിന്തയുടേയും ഭാഷാശാസ്ത്രത്തിന്റേയും തത്ത്വചിന്തയുടേയും രംഗത്തുണ്ടായ വലിയ മാറ്റങ്ങളും അദ്ദേഹം പിടിച്ചെടുത്തിരുന്നു. ഘടനാവാദ(Structuralism)വും അപനിര്‍മ്മാണ(Deconstruction)വും കൊണ്ടുവന്ന പുതിയ ആശയങ്ങളും ചിന്താരീതികളും ഉള്‍ക്കൊള്ളുവാനും അദ്ദേഹം തയ്യാറായി. എണ്‍പതുകളുടെ തുടക്കത്തില്‍ എഴുതിയ 'വിമര്‍ശന കലയിലെ ഉത്തമപുരുഷ ഏകവചനത്തിന്റെ പ്രസക്തി' എന്ന ലേഖനത്തില്‍ ഘടനാവാദത്തെക്കുറിച്ചും 'ഭാഷാവിപ്ലവം വിമര്‍ശനകലയിലും' എന്ന ലേഖനത്തില്‍ അപനിര്‍മ്മാണത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ഫെമിനിസവും പോസ്റ്റ് കൊളോണിയലിസവും പോസ്റ്റ് മോഡേണിസവുമെല്ലാം അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. ഈ ചിന്താ പ്രസ്ഥാനങ്ങളെ യാന്ത്രികമായി പിന്തുടരാതെ അവയിലെല്ലാം സ്വീകരിക്കാവുന്ന അംശങ്ങളെ സ്വീകരിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നതായി കാണാം. ലയത്തോര്‍, ജാക്വസ് ലക്കാന്‍, മിഷേല്‍ ഫൂക്കോ, ഴാക്ക് ദറിദ എന്നിങ്ങനെയുള്ള പ്രസിദ്ധ ചിന്തകരുടെ ആശയങ്ങളെക്കുറിച്ച് പല ലേഖനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ അക്കാദമിക് പണ്ഡിതരുടെ പരിമിതികളെപ്പറ്റി പ്രതിപാദിച്ചപ്പോള്‍ പടിഞ്ഞാറന്‍ സര്‍വ്വകലാശാലകളിലെ പുതിയ സാഹിത്യ സമീപനങ്ങളും ചിന്താരീതികളും എടുത്തുകാണിക്കുന്നുണ്ട്. അപ്പന്‍ ഇപ്രകാരമെഴുതി:

കാഫ്ക
കാഫ്ക

'...തത്ത്വചിന്തകരും ഭാഷാശാസ്ത്രജ്ഞന്മാരും പില്‍ക്കാല ഘടനാവാദികളും വിഘടന വാദത്തിന്റെ വ്യാഖ്യാതാക്കളും വായനയെക്കുറിച്ചും രചനയെക്കുറിച്ചും   നിഗൂഢതത്ത്വപ്രകാശന ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. വായനയുടെ മനശ്ശാസ്ത്രവും രചനയുടെ മനശ്ശാസ്ത്രവും ചര്‍ച്ച ചെയ്യപ്പെടുന്നു. വായനയുടെ രാഷ്ട്രീയവും രചനയുടെ രാഷ്ട്രീയവും വിശകലനം ചെയ്യപ്പെടുന്നു. ചിന്തയുടേയും ഭാവനയുടേയും രൂപവല്‍ക്കരണത്തില്‍ ഭാഷയ്ക്കുള്ള പങ്കിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നു. ഫ്രോയിഡിയന്‍ മനശ്ശാസ്ത്രത്തേയും സെമിയോട്ടിക്‌സിനേയും രസകരമാംവിധം കലര്‍ത്തിക്കൊണ്ട് ജാക്വസ് ലകാനെപ്പോലുള്ളവര്‍ അത്ഭുതകരമായ നിഗമനങ്ങളില്‍ എത്തുന്നു.' ('മൃതനായ ക്ഷത്രിയന്റെ കൈയിലെ ധനുസ്സ്').

എന്നാല്‍, പടിഞ്ഞാറുനിന്നുള്ള എല്ലാ കാഴ്ചപ്പാടുകളും വായനാരീതികളും അതേപടി സ്വീകരിക്കുവാന്‍ അപ്പന്‍ തയ്യാറായില്ല. എല്ലാ ചിന്തകരേയും ഇരുകൈകളും നീട്ടി സ്വീകരിച്ചതുമില്ല. തന്റെ ചിന്തയുമായും സാഹിത്യാഭിരുചിയുമായും പൊരുത്തമുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുക  മാത്രം ചെയ്തു. തന്റെ സ്വകാര്യ വ്യക്തിത്വവുമായി പൊരുത്തപ്പെടാത്തവയെ നിരാകരിക്കുവാനും അദ്ദേഹം തയ്യാറായി. അദ്ദേഹം 'സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നില്ല' എന്നര്‍ത്ഥം. ദറിദയെക്കുറിച്ചും 'അപനിര്‍മ്മാണ'ത്തെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ മലയാളത്തില്‍ നടന്നിട്ടുണ്ട്. അപ്പന്‍ ദറിദയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് പറഞ്ഞത്. ദറിദ ഉശളളലൃമിരല എന്ന പുതിയ പദം സൃഷ്ടിച്ചു വെളിപ്പെടുത്തിയ കാര്യങ്ങളോട് അദ്ദേഹത്തിനു വലിയ പ്രതിപത്തി തോന്നിയില്ല. അദ്ദേഹം എഴുതി:

'...ദറിദയുടെ 'ഡിഫറന്‍സ്' എന്ന സംജ്ഞ തന്നെ എടുക്കുക.  വ്യത്യാസം ധ്വനിപ്പിക്കുന്നതും നീട്ടിവയ്ക്കപ്പെട്ടതുമായ അര്‍ത്ഥപ്രതീതിയെക്കുറിച്ച് (Differance) ദറിദ പറയുന്നു. വ്യംഗ്യാര്‍ത്ഥം വിരാമരഹിതമാണ്, ശബ്ദാര്‍ത്ഥത്തിന്റെ ശക്തിമൂലം പിന്നെയും പിന്നെയും തോന്നുന്ന ഭാവം, വ്യംഗ്യാര്‍ത്ഥം പരന്നുപരന്നുപോകുന്ന പ്രകാശമാണ്  എന്നിങ്ങനെ ഒരുപാട് നല്ല കാര്യങ്ങള്‍ ഭാരതീയ സൗന്ദര്യശാസ്ത്രം നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതൊരു പ്രബല സംസ്‌കാരമായി എന്റെ ചിന്തയില്‍ ജീവിക്കുന്നതിനാല്‍ ദറിദ കുതിച്ചു ചാടുന്നു എന്ന് എനിക്കു തോന്നിയിട്ടില്ല.'

ഇന്ത്യന്‍ സൗന്ദര്യവിചാരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട ഒരാളുടെ ശബ്ദം ഈ വാക്കുകളില്‍ നിന്നും ഉയരുന്നു. ദറിദയുടെ ചിന്തയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുതന്നെ അതിന്റെ പരിമിതികള്‍ എടുത്തു കാണിക്കുവാന്‍ വിമര്‍ശകനു കഴിഞ്ഞിരിക്കുന്നു.

കമ്യു
കമ്യു

റോളാങ് ബാര്‍ത്ത് ഘടനാവാദത്തില്‍നിന്നും പ്രചോദനം സ്വീകരിച്ച് എഴുതിയ പ്രസിദ്ധമായ ഒരു ലേഖനമുണ്ട്  'ഗ്രന്ഥകര്‍ത്താവിന്റെ മരണം' (Death of the author'). ഗ്രന്ഥകര്‍ത്താവിനെ കൃതിയില്‍ 'പുറത്താക്കുന്ന' ആശയമാണ് ബാര്‍ത്ത് അവതരിപ്പിച്ചത്. 'എഴുത്തുകാരന്റെ മരണത്തിന്റെ വിലയില്‍ നിന്നേ വായനക്കാരന്റെ ജനനമുണ്ടാകൂ' എന്നാണ് ബാര്‍ത്ത് സമര്‍ത്ഥിക്കുന്നത്. പെട്ടെന്ന് അംഗീകാരം കിട്ടിയ ഒരു വാദമായിരുന്നു അത്. എന്നാല്‍,  റൊളാങ് ബാര്‍ത്തിന്റെ അഭിപ്രായത്തോടും വിയോജിപ്പ് പ്രകടിപ്പിച്ച് അപ്പന്‍ ഒരു ലേഖനം ('ഗ്രന്ഥകര്‍ത്താവിന്റെ മരണത്തെക്കുറിച്ച് ചില ഖണ്ഡികകള്‍' 1987) എഴുതിയിട്ടുണ്ട്. കലാസൃഷ്ടി പുറത്തുള്ള ലോകത്തെ എന്നപോലെ ഗ്രന്ഥകാരനേയും ഉള്‍ക്കൊള്ളുന്നുവെന്നും അതില്‍ ഗ്രന്ഥകാരന്റെ വ്യക്തിപരമായ അനുഭവവും ഉണ്ടെന്നും അതുകൊണ്ട് ഗ്രന്ഥകാരനെ തള്ളിക്കളയുവാന്‍ സാദ്ധ്യമല്ലെന്ന് അപ്പന്‍ വാദിക്കുന്നു.  എഴുത്തുകാരന്റെ മരണത്തെക്കുറിച്ചുള്ള  ബാര്‍ത്തിന്റെ അഭിപ്രായത്തോട് മിഷേല്‍ ഫൂക്കോയും 'എന്താണ് ഗ്രന്ഥകര്‍ത്താവ്'  ('What is an author') എന്ന ലേഖനത്തില്‍ ചില വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു പാഠ(Text)ത്തില്‍ ഗ്രന്ഥകര്‍ത്താവിനെ സൂചിപ്പിക്കുന്ന ധാരാളം ചിഹ്നങ്ങള്‍ കാണുമെന്ന് ഫൂക്കോ ചൂണ്ടിക്കാണിക്കുന്നു. അജ്ഞാത കര്‍ത്തൃത്വം വായനക്കാര്‍ സഹിക്കുകയില്ലെന്നും അതിന്റെ ഫലമായി കര്‍ത്തൃധര്‍മ്മം വായനക്കാരുടെ സാഹിത്യവീക്ഷണത്തെ കാര്യമായി സ്വാധീനിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. ഫൂക്കോ പ്രകടിപ്പിച്ച അഭിപ്രായത്തിനടുത്തു നില്‍ക്കുന്നു അപ്പന്റെ അഭിപ്രായം. മാര്‍ക്‌സിസ്റ്റ് നിരൂപകനായ ബി. രാജീവന്‍ അപ്പന്റെ ലേഖനത്തിലെ ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് 'അപ്പന്റെ അനീതികള്‍' എന്ന പേരില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. പടിഞ്ഞാറ്‌നിന്നു വരുന്ന ഏതു ആശയവും കയ്യടിച്ചു സ്വീകരിക്കുന്ന വിമര്‍ശകനല്ല അപ്പന്‍.

ഒരാളിന്റെ അഭിരുചിയേയും സൗന്ദര്യബോധത്തേയും നിശ്ചയിക്കുന്നത് നാല്‍പ്പത് വയസ്സിനു മുന്‍പ് വായിച്ച കൃതികളായിരിക്കും. പിന്നീടും മാറ്റമുണ്ടാകാം. എന്നാല്‍, അടിസ്ഥാനപരമായ നിലപാടുകള്‍ മുന്‍പ് സ്വീകരിച്ചതുതന്നെയാകും. അപ്പന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നതെന്ന് തോന്നുന്നു. 'തിരസ്‌കാരം' എന്ന സൗന്ദര്യശാസ്ത്ര ഗ്രന്ഥത്തില്‍നിന്നും മുന്നോട്ടു പോകുന്നുണ്ട് ചിലപ്പോള്‍. എന്നാല്‍, അടിസ്ഥാനപരമായ മാറ്റം സംഭവിക്കുന്നതുമില്ല. സാഹിത്യത്തില്‍ മനുഷ്യാവസ്ഥയുടെ നിത്യമായ ദാര്‍ശനിക പ്രശ്‌നങ്ങളാണ് ചിത്രീകരിക്കേണ്ടതെന്ന വാദത്തെ മറികടന്നുപോകുവാന്‍ അദ്ദേഹം തുനിയുമെങ്കിലും പെട്ടെന്നു തന്നെ മടങ്ങിപ്പോകുന്നതും കാണാം. സാഹിത്യത്തിലെ രാഷ്ട്രീയത്തെപ്പറ്റിയും അബോധ രാഷ്ട്രീയത്തെപ്പറ്റിയൊക്കെ പിന്നീട് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ മുന്നോട്ടുപോകുവാന്‍ അപ്പനു കഴിഞ്ഞിട്ടില്ല. എന്തായാലും ഏതു ഘട്ടത്തിലും അന്വേഷണത്തിന്റെ പാതയിലായിരുന്നു അദ്ദേഹം എന്ന കാര്യത്തില്‍ സംശയമില്ല.

സംഭ്രമിപ്പിക്കുന്ന യന്ത്ര സരസ്വതി 

സാഹിത്യത്തിലും സമൂഹത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അപ്പന്റെ സൂക്ഷ്മമായ കണ്ണുകള്‍ പിടിച്ചെടുക്കുന്നത് 'യന്ത്ര സരസ്വതി നമ്മെ സംഭ്രമിപ്പിക്കുമോ?' 'ഘടികാരവും വാഗ്ദത്ത ഭൂമിയും' എന്നീ ലേഖനങ്ങളില്‍ കാണാം. 1991ലെ മലയാള മനോരമയുടെ വാര്‍ഷികപ്പതിപ്പിലാണ് ആദ്യത്തെ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്. രണ്ടാമത്തേത് 1991ലെ മാതൃഭൂമി ഓണപ്പതിപ്പിലും. 1992ല്‍ എഴുതിയ 'എഴുത്തുകാരന്റെ ആത്മീയത ഒരു തര്‍ക്കഭൂമി' (മനോരമ വാര്‍ഷികപ്പതിപ്പ്) എന്ന ലേഖനത്തില്‍ മതത്തിനും രാഷ്ട്രീയത്തിനും സംഭവിച്ചു കൊണ്ടിരിക്കുന്ന അത്യന്തം വിപല്‍ക്കരമായ മാറ്റങ്ങള്‍ എടുത്തുകാണിക്കുന്നു. 1993ല്‍ എഴുതിയ 'ദീര്‍ഘദര്‍ശനങ്ങളുടെ നിറഭേദങ്ങള്‍' (മനോരമ വാര്‍ഷിക പതിപ്പ്) എന്ന ലേഖനത്തില്‍ അടുത്ത നൂറ്റാണ്ടില്‍ സാഹിത്യത്തില്‍ ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍ പ്രവചിക്കാന്‍ ശ്രമിക്കുന്നു. ഇവിടെയെല്ലാം ആധുനികതാ വാദത്തില്‍നിന്നും ഭിന്നമായി അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹിത്യത്തെ അറിയുവാന്‍ യത്‌നിക്കുകയാണ്. 'യന്ത്ര സരസ്വതി' ഇങ്ങനെയാണ് ആരംഭിക്കുന്നത്:

'പുതിയൊരു സാഹിത്യഭാവനയേയും സെന്‍സിബിലിറ്റിയേയും പ്രതീക്ഷിക്കാന്‍ കാലമായി. നമ്മുടെ സൗന്ദര്യബോധം ഒരു പരിവര്‍ത്തന ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മറഞ്ഞിരിക്കുന്ന ആഴങ്ങളില്‍ ഒരു വിഷമഘട്ടത്തെ മലയാള സാഹിത്യഭാവന തരണം ചെയ്യുകയായിരുന്നു. ഇന്നത്തെ സംവേദനത്തിന്റെ പ്രവാഹപാതയെ പുതിയ സാഹിത്യഭാവന ഉഴുതുമറിക്കും.'

സാർത്ര്
സാർത്ര്

സാഹിത്യത്തില്‍ പുതിയൊരു തരംഗം വരുന്നു എന്നുള്ള വിമര്‍ശകന്റെ അറിയിപ്പ് ഈ വാക്കുകളിലുണ്ട്. വരാന്‍ പോകുന്ന കംപ്യൂട്ടര്‍ യുഗം സാഹിത്യത്തില്‍ പുതിയ വസന്തം സൃഷ്ടിക്കുമെന്ന സ്വപ്നവും അവിടെ കാണാം. 1991ലാണ് ഇക്കാര്യം പറഞ്ഞതെന്ന് ഓര്‍ക്കുക. ഓരോ കാലഘട്ടവും അതിന്റേതായ സത്യവും സൗന്ദര്യവും സൃഷ്ടിക്കുമെന്നും പറയുന്നുണ്ട്. യന്ത്ര സരസ്വതി നമ്മുടെ സാഹിത്യത്തില്‍ സൃഷ്ടിച്ചു തുടങ്ങിയ മാറ്റം മലയാള ചെറുകഥയിലും നോവലിലും എങ്ങനെ പ്രതിഫലിക്കുന്നു എന്ന് ഉദാഹരണങ്ങള്‍ ധാരാളമായി ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നുണ്ട്. യന്ത്രയുഗത്തിന്റെ കല്പനകളും ഭാഷാചിഹ്നങ്ങളും കൂടുതല്‍ കടന്നുവരുമെന്ന് അറിയിക്കുകയും ചെയ്യുന്നു. 'ഉച്ച ആധുനികത' ('High Modernism')യില്‍നിന്നും മലയാള സാഹിത്യം അകന്നുപോകന്നുവെന്ന സൂചന 'ഘടികാരവും വാഗ്ദത്ത ഭൂമിയും' എന്ന ലേഖനത്തില്‍ നല്‍കുന്നുണ്ട്. ആധുനികതയുടെ റിബല്‍ സങ്കല്പത്തെ അലക്ഷ്യമാക്കുന്ന അംശം പുതിയ എഴുത്തുകാരിലുണ്ട് എന്നു പറയുന്നു. ഒരു പ്രൊമിത്യൂസ്‌വിരുദ്ധ മനോഭാവം പുതിയ എഴുത്തുകാരുടെ രചനകളുടെ അബോധത്തിലുണ്ട് എന്ന് വ്യക്തമാക്കുന്നു. ഇങ്ങനെ സാഹിത്യത്തിലെ മാറ്റങ്ങള്‍ അതീവ താല്പര്യത്തോടെ നോക്കിക്കാണുവാന്‍ കെ.പി. അപ്പന്‍ എന്നും ശ്രമിച്ചിട്ടുള്ളതായി കാണാം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സാഹിത്യം എങ്ങനെ ആയിരിക്കും എന്ന ആലോചനയാണ് 'ദീര്‍ഘദര്‍ശനങ്ങളുടെ നിറഭേദങ്ങള്‍' എന്ന ലേഖനത്തില്‍. വരാന്‍ പോകുന്ന നൂറ്റാണ്ടിലെ കഥയുടെ പ്രമേയം മാനവികത തന്നെയായിരിക്കുമെന്ന് സൂചിപ്പിച്ച് അതിന്റെ സ്വഭാവങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് നിരീക്ഷിക്കുന്നു. സാങ്കേതിക വിജ്ഞാനവും സാങ്കേതിക വിദഗ്ദ്ധരുടെ ഭരണവും (Technocracy) ഒത്തുചേര്‍ന്ന് മനുഷ്യന്റെ സാംസ്‌കാരിക മൂല്യങ്ങളെ അവഗണിച്ചു തള്ളുമ്പോള്‍ മനുഷ്യന്‍ വെറും യന്ത്രമായിത്തീരുമോ എന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. സ്‌നേഹം വറ്റിപോകുന്ന ഒരവസ്ഥയുണ്ടാകുമോ? മനുഷ്യര്‍ തമ്മിലുള്ള ഐക്യത്തിന്റെ ദൃഢീകരണമാണ് സമൂഹവല്‍ക്കരണം. ഇതു പേടിപ്പിക്കുംവിധം നഷ്ടപ്പെടുകയാണ്. സംസാരിക്കാത്ത ഒരു ഭൂരിപക്ഷം ഉണ്ടാകുകയാണ്. അവരുടെ മൗനംകൊണ്ട് വരാന്‍ പോകുന്ന നൂറ്റാണ്ട് പൊട്ടിത്തെറിക്കുമോ? ഇതെല്ലാം അടുത്ത നൂറ്റാണ്ടിന്റ പ്രശ്‌നങ്ങളാണ് എന്ന് പ്രവചിക്കുന്നു ഈ വിമര്‍ശകന്‍. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ശരിയായി മാറുന്നു എന്ന സൂചന ഇപ്പോള്‍ നമുക്കനുഭവപ്പെടുന്നു.

1989ലാണ് ആനന്ദിന്റെ 'മരുഭൂമികള്‍ ഉണ്ടാകുന്നത്' എന്ന നോവല്‍ പുറത്തുവന്നത്. നമ്മുടെ നോവല്‍ സാഹിത്യത്തില്‍ സംഭവിച്ച നിശ്ശബ്ദമായ സ്‌ഫോടനം ആയിരുന്നു ആ നോവല്‍. ആ നോവല്‍ വന്നതോടെ മലയാള നോവലിന്റെ രൂപവും ഭാവവും അടിമുടി മാറിത്തുടങ്ങുന്നു. വരാന്‍ പോകുന്ന വലിയ മാറ്റങ്ങളുടെ സൂചനകള്‍ ആ നോവല്‍ തന്നു. ആ നോവലിന്റെ പ്രാധാന്യം അപ്പന്‍ വേഗം മനസ്സിലാക്കി. അത് ഭാവിയുടെ ഭാവിക്കു പാരമ്പര്യമായിത്തീരുമെന്നും കെ.പി. അപ്പന്‍ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. 'ചരിത്രം വന്നു വിളിച്ചപ്പോള്‍' എന്ന ലേഖനത്തില്‍ അക്കാര്യം പറയുന്നുണ്ട്. നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചരിത്രബോധം ആനന്ദിന്റെ നോവല്‍ വീണ്ടെടുക്കുന്നതായി അദ്ദേഹം പറയുന്നു. നമ്മുടെ കാലഘട്ടത്തിലെ യാതനകളിലേക്ക് ആനന്ദ് കടക്കുന്നു. മനുഷ്യനുമേല്‍ പെരുകിവീഴുന്ന ഭരണകൂടത്തിന്റെ ആധിപത്യം ചരിത്ര വിഹ്വലതയായി ആനന്ദ് അവതരിപ്പിക്കുന്നു. അധികാരത്തിന്റെ നിഷ്ഠൂരതയെക്കുറിച്ച് വ്യക്തമാക്കിയ അപ്പന്‍ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ചിന്തകനായ ഫൂക്കോ അധികാരത്തെക്കുറിച്ച് കണ്ടെത്തിയ നിഗമനങ്ങള്‍ ഉചിതമായി ഉപയോഗിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അധികാരത്തിന്റെ നിഷ്ഠൂരത മനുഷ്യനെ ചിത്തഭ്രമത്തില്‍ എത്തിക്കുന്നു എന്ന് പറഞ്ഞിട്ട് വിമര്‍ശകന്‍  ഭ്രാന്തിന്റെ സ്വഭാവങ്ങളിലേക്കു പോകുകയാണ്. ഭ്രാന്തിന്റെ രൂപപരമായ സൗന്ദര്യവിഭ്രാന്തിയിലേക്ക് കടക്കുകയാണ് വിമര്‍ശകന്‍. എം.പി. നാരായണ പിള്ളയുടെ നോവലിലെ ഭ്രാന്തിലേക്കും, എന്‍. പ്രഭാകരന്‍, സേതു എന്നിവരുടെ കഥകളിലെ ഭ്രാന്തിലേക്കും എന്തിന് വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പെരുന്ന തോമസ് എഴുതിയ 'ഭ്രാന്ത് മോഷണം' എന്ന 'രസകരമായ കലാസൃഷ്ടി'യിലേക്കുപോലും പോകുന്നുണ്ട് വിമര്‍ശകന്‍. ആനന്ദിന്റെ നോവലിലെ ഭരണകൂടത്തിന്റെ കൊടും ക്രൂരതയ്ക്ക് വിധേയനാകുന്ന വ്യക്തിയേയും സമൂഹത്തേയും മറന്ന് ഭ്രാന്തിന്റെ വിഹ്വല സൗന്ദര്യത്തിലേക്കു പോകുന്ന വിമര്‍ശകന്‍ മനുഷ്യ യാഥാര്‍ത്ഥ്യത്തിന്റെ കാഠിന്യം മറക്കുകയാണ്. ഭരണകൂടം വ്യക്തിയുടെ സ്വാതന്ത്ര്യം എടുത്തു മാറ്റുകയും വ്യക്തിയെ ചങ്ങലക്കിടുകയും ചെയ്യുന്ന അവസ്ഥ ആധുനികാനന്തര കാലത്ത് എവിടെയുമുണ്ട്. ആ ദുരന്തത്തിലേക്കാണ് ആനന്ദ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, വിമര്‍ശകന്‍ ആ കഠിന യാഥാര്‍ത്ഥ്യത്തില്‍നിന്നും വഴുതി ഭ്രാന്തിന്റെ സൗന്ദര്യത്തില്‍ അഭിരമിക്കുന്നു! ഭ്രാന്തിന്റെ അത്യന്തം വേദനാജനകവും ഭീതിജനകവുമായ അവസ്ഥയില്‍നിന്നും അതിന്റെ സൗന്ദര്യ വിഭ്രാന്തിയിലേക്കു പോകുന്നു!

വിശാലമായ രാഷ്ട്രീയ സാഹിത്യവിമര്‍ശനത്തിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും  അതിനു മുതിരുന്നില്ല ഈ വിമര്‍ശകന്‍. അദ്ദേഹം സാഹിത്യകലയില്‍ സംഭവിച്ച മാറ്റം അറിയുന്നുണ്ട്. അതിലെ തീക്ഷ്ണമായ രാഷ്ട്രീയത്തെ സ്പര്‍ശിക്കുന്നുമുണ്ട്. പക്ഷേ, അതിനെ തന്റെ കാഴ്ചപ്പാടില്‍ കലര്‍ത്തി മറ്റൊരു സൗന്ദര്യബോധത്തിന്റെ തീരത്തേക്കു പോകാന്‍ മടിക്കുന്നു. ഇന്നത്തെ കലയിലെ മാറ്റം അദ്ദേഹം അറിയുന്നുണ്ടെങ്കിലും മനസ്സില്‍ വേരുറച്ചുപോയ ആധുനിക സാഹിത്യചിന്തയിലെ അതിഭൗതിക ദര്‍ശനങ്ങള്‍ അദ്ദേഹത്തെ ഇന്നത്തെ ജീവിതത്തെ വേട്ടയാടുന്ന കഠിനജീവിത യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും പിടിച്ചുമാറ്റുന്നതുപോലെ തോന്നുന്നു. ആധുനികതാവാദത്തിനുശേഷമുള്ള സാഹിത്യത്തിലെ വലിയ മാറ്റങ്ങളെ വിലയിരുത്തുവാന്‍ പാകത്തിലുള്ള, ശരിയായ ഒരു രാഷ്ട്രീയ ദര്‍ശനം അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിയാതെ പോയി. അദ്ദേഹത്തോടൊപ്പം വിമര്‍ശനം നടത്തിയ വിമര്‍ശകര്‍ക്ക് ഇങ്ങനെയൊരു മാറ്റത്തിലേക്ക് പോകുന്നതിനെപ്പറ്റി ചിന്തിക്കുവാന്‍പോലുമായില്ല എന്നത് ഇതിന്റെ മറുവശമാണ്. അവര്‍ ആധുനികതയുടെ സൗന്ദര്യശാസ്ത്രത്തില്‍നിന്നും പുറത്തുവരാന്‍ മടിച്ചു.

റോളാങ് ബാർത്ത്
റോളാങ് ബാർത്ത്

ആധുനികതയില്‍നിന്നും  ഉത്തരാധുനികതയിലേക്ക്

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ലോകം ആകെ മാറുകയായിരുന്നു. ടെലിവിഷനും കംപ്യൂട്ടറും ഇന്റര്‍നെറ്റും മറ്റു നിരവധി സാങ്കേതിക വിദ്യകളും ലോകത്തെയാകെ മാറ്റിമറിച്ചു. നമുക്കു പരിചിതമായിരുന്ന ലോകം മറ്റൊരു പുതിയ ലോകമായിത്തീര്‍ന്നു. സമൂഹവും ജീവിതവും സാഹിത്യവും കലയും മനുഷ്യന്റ അഭിരുചികളുമെല്ലാം പുതിയ ലോകത്തേക്ക് ദ്രുതഗതിയില്‍ നീങ്ങി. ആധുനികതാവാദത്തെ സംബന്ധിച്ച അടിസ്ഥാന ധാരണകളെല്ലാം ചോദ്യം ചെയ്യപ്പെട്ടു. വായനയുടേയും ചിന്തയുടേയും ലോകത്ത് ജീവിച്ച അപ്പന്‍ ഇതെല്ലാം വേഗത്തില്‍ തിരിച്ചറിഞ്ഞു. തന്റെ സാഹിത്യ സമീപനത്തേയും ചിന്തയേയും പുന:പരിശോധിക്കുവാനും നവീകരിക്കുവാനും അദ്ദേഹം തയ്യാറായി. മാറുന്ന കാലത്തിന്റെ സ്വഭാവമനുസരിച്ച് തന്റെ കാഴ്ചപ്പാടിനേയും ചിന്തയേയും രാകിയെടുക്കുവാന്‍ അപ്പന്‍ ആവുംവിധം ശ്രമിച്ചു. അക്കാലയളവില്‍ അതായത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ആ ശ്രമം തെളിഞ്ഞു കാണാം. നാല് വ്യത്യസ്ത പ്രമേയങ്ങളെ ആസ്പദമാക്കി നാല് പുസ്തകങ്ങള്‍ കൂടി അദ്ദേഹം പ്രസിദ്ധീകരിച്ചു. ആദ്യം 'ബൈബിള്‍ വെളിച്ചത്തിന്റെ കവചം' 1994ല്‍ പുറത്തുവന്നു. 'സമയപ്രവാഹവും സാഹിത്യകലയും' (1996), 'ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും' (1997), 'കഥ ആഖ്യാനവും അനുഭവസത്തയും' (1999) പിന്നീട് പ്രസിദ്ധീകരിച്ചു. ഈ പുസ്തകങ്ങളൊന്നും പെട്ടെന്ന് എഴുതിത്തീര്‍ത്തവയല്ല. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇതില്‍ ചില പുസ്തകങ്ങളുടെ ആശയബീജങ്ങള്‍ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. വളരെ നാളത്തെ വായനയും ധ്യാനവും അവയ്ക്ക് പിന്നിലുണ്ട്.

തൊണ്ണൂറുകളെത്തിയപ്പോഴേക്കും മലയാള സാഹിത്യത്തില്‍ സാഹിത്യത്തേയും വിമര്‍ശനത്തേയും സംബന്ധിക്കുന്ന പുത്തന്‍ ധാരണകളും കാഴ്ചപ്പാടുകളും ശക്തിപ്പെട്ടു കഴിഞ്ഞിരുന്നു. വാസ്തവത്തില്‍ എണ്‍പതുകളുടെ മദ്ധ്യത്തോടെ മലയാളത്തില്‍ പ്രമേയത്തിലും ഭാഷയിലും ആവിഷ്‌കാരത്തിലും വലിയൊരു മാറ്റത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിരുന്നു. കാല്‍നൂറ്റാണ്ടുകാലം മലയാള സാഹിത്യത്തിലെ പ്രബലശക്തിയായി നിലകൊണ്ട മോഡേണിസം അപ്പോഴേക്കും ദുര്‍ബ്ബലമായി തുടങ്ങിയിരുന്നു. മോഡേണിസവും മാറ്റത്തിനു വിധേയമായി. ആധുനികതയുടെ കാലം കഴിഞ്ഞെന്നും ഇനി 'ആധുനികോത്തരതയുടെ കാലമാണെന്നും ആധുനികര്‍ തന്നെ വിളിച്ചുപറഞ്ഞു തുടങ്ങി. അയ്യപ്പപ്പണിക്കരാണ് 1979ല്‍ ആദ്യമങ്ങനെ പറഞ്ഞത്. പിന്നീട് എം. മുകുന്ദന്‍ ആധുനികത മരിച്ചു എന്ന് പ്രഖ്യാപിച്ചു. ആധുനികോത്തര സാഹിത്യം, ആധുനികാനന്തര സാഹിത്യം, ഉത്തരാധുനിക സാഹിത്യം എന്നിങ്ങനെ പല പദങ്ങളില്‍ ആ കാലത്തെ സാഹിത്യത്തിലെ മാറ്റങ്ങളേയും പുതിയ പ്രവണതകളേയും വിശേഷിപ്പിക്കുവാന്‍ നിരവധി വിമര്‍ശകന്മാര്‍ മുന്നോട്ടു വന്നു. അപ്പോഴേക്കും സര്‍ഗ്ഗാത്മക സാഹിത്യം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. പ്രമേയത്തിലും ശൈലിയിലും ആവിഷ്‌കാരത്തിലും ഭിന്നമായ ലാവണ്യദര്‍ശനം കാഴ്ചവയ്ക്കുന്ന നിരവധി സര്‍ഗ്ഗാത്മക കൃതികളുമുണ്ടായി. പുതിയൊരു തലമുറതന്നെ സാഹിത്യത്തില്‍ ശക്തിപ്പെട്ടു കഴിഞ്ഞിരുന്നു. ആധുനികരുടെ തലമുറയ്ക്കുശേഷം വന്ന പുതിയ എഴുത്തുകാര്‍ക്ക് മനുഷ്യാസ്തിത്വത്തെ സംബന്ധിക്കുന്ന നിത്യമായ പ്രശ്‌നങ്ങളില്‍ താല്പര്യമില്ലായിരുന്നു. ആധുനികതയുടെ സ്വാധീനവലയത്തില്‍പ്പെടാതെ സ്വന്തം മാര്‍ഗ്ഗങ്ങള്‍ രചനയില്‍ അന്വേഷിക്കുന്ന പുതിയ തലമുറ കവിതയുടേയും ചെറുകഥയുടേയും നോവലിന്റേയും രംഗം കീഴടക്കാന്‍ ശ്രമമാരംഭിച്ചു. ദാര്‍ശനിക പ്രശ്‌നങ്ങള്‍ക്കു പകരം സാമൂഹികവും രാഷ്ട്രീയവുമായ ആകുലതകളും വ്യക്തിയേയും ഭരണകൂടത്തേയും സംബന്ധിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും സാഹിത്യത്തിന്റെ പ്രധാന പ്രമേയങ്ങളായി മാറി. ഭരണകൂടവും രാഷ്ട്രീയ സ്ഥാപനങ്ങളും വ്യക്തികളുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നതും അവരുടെ സ്വാതന്ത്ര്യത്തെ ധ്വംസിക്കുന്നതും സാഹിത്യകൃതികളില്‍ എഴുത്തുകാര്‍ അവതരിപ്പിച്ചു തുടങ്ങി. അധികാരം (Power) സാഹിത്യത്തിലെ പ്രധാന പ്രമേയമായി തീര്‍ന്നു. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും മറ്റുമുള്ള രാഷ്ട്രീയ നോവലുകള്‍ ഇവിടെ വലിയ ചര്‍ച്ചാവിഷയമായി മാറി. തത്ത്വചിന്തയിലും വിമര്‍ശനകലയിലും ഭാഷാശാസ്ത്രത്തിലും ഉണ്ടായ പുതിയ പുതിയ ആശയങ്ങളും ചിന്താരീതികളും മലയാളത്തിലും കൂടുതലായി കടന്നുവന്നു തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ തൊണ്ണൂറുകള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ  എഴുപതുകളില്‍ മലയാള സാഹിത്യത്തില്‍ ശക്തമായി മാറിയ ആധുനികതാവാദത്തില്‍ അധിഷ്ഠിതമായ സാഹിത്യവും വിമര്‍ശനവും പതുക്കെ അപ്രസക്തമായി തുടങ്ങിയിരുന്നു. കമ്യൂ, കാഫ്ക, സാര്‍ത്ര്, സാമുവേല്‍ ബക്കറ്റ്, അയനസ്‌കോ തുടങ്ങിയവര്‍ക്കു പകരം ഗാര്‍സിയ ഗബ്രിയേല്‍ മാര്‍ക്വിസ്, മരിയോ വര്‍ഗാസ് യോസാ, ജൂലിയോ കോര്‍ത്തസാര്‍, ഇറ്റാലോ കാല്‍വിനോ, കാര്‍ലോസ് ഫ്യൂവന്റ്റിസ്, മിലന്‍ കുന്ദേര തുടങ്ങിയവരുടെ കൃതികളിലെ രാഷ്ട്രീയവും അധികാരത്തിന്റെ പ്രശ്‌നങ്ങളും ഇവിടുത്തെ സാഹിത്യചിന്തയുടെ ചൈതന്യമായി മാറി. ഫൂക്കോയുടേയും ലക്കാന്റേയും ലിയോത്താദിന്റേയും ബോദിയാറുടേയും മറ്റും ചിന്തകള്‍ നമ്മുടെ സാംസ്‌കാരിക ജീവിതത്തിലും ചിന്തയിലും കോളിളക്കങ്ങള്‍ സൃഷ്ടിക്കുവാന്‍ തുടങ്ങി.  സൊസ്യൂറിന്റെ ഘടനാവാദവും ദറിദയുടെ അപനിര്‍മ്മാണവും ഫെമിനിസവും പോസ്റ്റ് കൊളോണിയലിസവും പോസ്റ്റ് മോഡേണിസവും മലയാളികളുടെ ധൈഷണിക ജീവിതത്തെ അഗാധമായി സ്പര്‍ശിച്ചു തുടങ്ങി. നമ്മുടെ സാഹിത്യവും ചിന്താജീവിതവും തൊണ്ണൂറുകള്‍ എത്തുമ്പോള്‍ ആകെ മാറിക്കഴിഞ്ഞു. യുവ ചിന്തകരുടെ വലിയ നിരതന്നെ ഇവിടെ ഉണ്ടായി.

ദെറിദ
ദെറിദ

1993 ജനുവരിയില്‍  കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കാമ്പസില്‍ മലയാള വിദ്യാര്‍ത്ഥി സംഘം മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യസമീപന ശില്പശാല സംഘടിപ്പിച്ചു. സാഹിത്യത്തിലുണ്ടായ മാറ്റങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കുന്ന ശില്പശാലയായിരുന്നു അത്. സാഹിത്യത്തിലും തത്ത്വചിന്തയിലും സാമൂഹിക മണ്ഡലങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളെ സ്പര്‍ശിച്ചറിയുവാന്‍ ശ്രമിക്കുന്ന നിരവധി പ്രബന്ധങ്ങള്‍ അവിടെ അവതരിപ്പിച്ചു. ആശയപരമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. അവിടെ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ 1996ല്‍ 'ആധുനികാനന്തര സാഹിത്യ സമീപനങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചതോടെ മലയാളിയുടെ ചിന്താജീവിതത്തിലും മലയാള സാഹിത്യവിമര്‍ശനത്തിലും പുതിയൊരദ്ധ്യായം ആരംഭിക്കുകയാണ്. ആ പുസ്തകം എഡിറ്റ് ചെയ്ത സി.ജെ. ജോര്‍ജ്ജ് 'ആധുനികാനന്തര വിമര്‍ശനത്തിന് ഒരു ആമുഖം' എന്ന പേരില്‍ എഴുതിയ ആമുഖപഠനത്തില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന പുതിയ ചലനങ്ങളും ആസ്വാദനരീതികളും എടുത്തുകാണിക്കുന്നുണ്ട്. പുതിയ ചിന്താധാരകളെ പരിചയപ്പെടുത്തുന്ന നിരവധി പഠനങ്ങള്‍ ആ പുസ്തകത്തിലുണ്ട്. ബി. രാജീവന്‍ (പോസ്റ്റ് മോഡേണിസം), ടി.കെ. രാമചന്ദ്രന്‍ (ഘടനാവാദം), വി.സി. ശ്രീജന്‍, (ഡീകണ്‍സ്ട്രക്ഷന്‍), സി. രാജേന്ദ്രന്‍ (ദറിദയുടെ ഭാഷാദര്‍ശനം), പി.പി. രവീന്ദ്രന്‍ (മിഖയേല്‍ ബക്തിന്റെ സാഹിത്യ ചിന്ത), പി. പവിത്രന്‍ (ഘടനാവാദാനന്തര മന:ശാസ്ത്രം), പി.കെ. പോക്കര്‍ (നവമാര്‍ക്‌സിസ്റ്റ് ചിന്ത), എന്‍.കെ. രവീന്ദ്രന്‍ (ഫെമിനിസം), ബി. ഉണ്ണിക്കൃഷ്ണന്‍ (ഫൂക്കോയുടെ സിദ്ധാന്തങ്ങള്‍) എന്നിവരുടെ ലേഖനങ്ങള്‍ നമ്മുടെ സാഹിത്യചിന്തയിലേക്ക് പുതിയ വെളിച്ചം കടത്തിവിടുന്നവയാണ്. പിന്നീടു വന്ന വിമര്‍ശകര്‍ക്കും ചിന്തകര്‍ക്കും ഈ ചിന്താലോകത്തെ അവഗണിക്കുവാന്‍ കഴിയുമായിരുന്നില്ല. കാരണം ലോകവിമര്‍ശനത്തില്‍ അവയുടെ സ്ഥാനം വളരെ വലുതാണ്. ബി. രാജീവന്റെ 'ജനനിബിഡമായ ദന്തഗോപുരം' (1991), വി.സി. ശ്രീജന്റെ 'ചിന്തയിലെ രൂപകങ്ങള്‍' (1991), 'കഥയും പ്രത്യയശാസ്ത്രവും' (1993), 'ആധുനികോത്തരം വികലനവും വിമര്‍ശനവും' (1999) പി.കെ. പോക്കറുടെ 'ആധുനികോത്തരതയുടെ കേരളീയ പരിസരം' (1996), പി.പി. രവീന്ദ്രന്റെ 'ഇടപെടലുകള്‍ സാഹിത്യം സിദ്ധാന്തം രാഷ്ട്രീയം' (1997), 'ആധുനികാനന്തരം വിചാരം വായന' (1999), വി.സി. ഹാരീസിന്റെ 'എഴുത്തും വായനയും' (1999), സി.ബി. സുധാകരന്റെ 'ഉത്തരാധുനികത' (1999) തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായി. എന്‍. ശശിധരന്റെ 'കഥ കാലം പോലെ' (1992), ബാലചന്ദ്രന്‍ വടക്കേടത്തിന്റെ 'പ്രത്യവിമര്‍ശം' (2000) എന്നീ പുസ്തകങ്ങളും പുറത്തുവന്നു. ആധുനികതയുടെ സൗന്ദര്യശാസ്ത്രത്തോട് വിയോജിക്കുകയും പുതിയൊരു ലാവണ്യദര്‍ശനം അന്വേഷിക്കുകയും ചെയ്യുകയാണ് ഈ വിമര്‍ശകരെല്ലാം. കെ.പി. അപ്പന്‍ ഉള്‍പ്പെടെയുള്ള ആധുനികത വിമര്‍ശകര്‍ അവതരിപ്പിച്ച സാഹിത്യസങ്കല്പത്തോട് കഠിനമായി കലഹിച്ചുകൊണ്ട് 1980ല്‍ തന്നെ ഒരു വിമര്‍ശനഗ്രന്ഥം പുറത്തുവന്നിരുന്നു. അത് എസ്. സുധീഷ് എഴുതിയ 'ഏകലവ്യന്റെ കൈവിരല്‍' എന്ന പുസ്തകമാണ്.

ഉത്തരാധുനികത ഉയര്‍ത്തിയ വെല്ലുവിളികള്‍

ഉത്തരാധുനികത ഉയര്‍ത്തിയ വെല്ലുവിളികള്‍ കെ.പി. അപ്പന്‍ ഏറ്റെടുത്തു. സാഹിത്യത്തിലും ചിന്താരീതിയിലും ഉണ്ടായ ഈ വലിയ മാറ്റങ്ങള്‍ നിരീക്ഷിക്കുവാനും ഉള്‍ക്കൊള്ളുവാനും അതിനനുസരിച്ച് തന്റെ ദര്‍ശനത്തേയും ജീവിതബോധത്തേയും നവീകരിക്കുവാനും പുനഃപരിശോധിക്കുവാനും വികസിപ്പിക്കുവാനും കെ.പി. അപ്പന്‍ ഈ അവസരത്തില്‍ തയ്യാറായി. ചെറിയ കാര്യമല്ല അത്. മലയാള സാഹിത്യവിമര്‍ശനത്തില്‍ വലിയൊരു സ്ഥാനം അദ്ദേഹത്തിന് ആ കാലയളവില്‍ ലഭിച്ചിരുന്നു. സാഹിത്യത്തില്‍ തനിക്കു കിട്ടിയ അംഗീകാരത്തിലും പ്രശസ്തിയിലും തൃപ്തനായി അലസനായിരിക്കാതെ വീണ്ടും വായിക്കുകയും ആലോചിക്കുകയും ചിന്തയുടെ പ്രയാസങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതിന്റെ ഫലമായി പുറത്തുവന്ന പുസ്തകമാണ്  'ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും' എന്ന ചെറുപുസ്തകം. ലോകമാകെ ചര്‍ച്ച ചെയ്യുന്ന 'പോസ്റ്റ് മോഡേണിസ'ത്തെ സംബന്ധിച്ച് കിട്ടാവുന്ന സിദ്ധാന്തങ്ങളും അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വിലയിരുത്തലുകളും സൂക്ഷ്മമായി പരിശോധിച്ച് തന്റേതായ നിഗമനങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ വിമര്‍ശകന്‍. എന്നാല്‍, നവീന വിമര്‍ശനരംഗത്ത് അപ്പനോടൊപ്പം നിലയുറപ്പിച്ച മറ്റു വിമര്‍ശകര്‍ ഇങ്ങനെ മുന്നോട്ടു വന്നില്ല എന്നോര്‍ക്കണം. ആധുനികതാവാദം എന്ന ചിന്താപ്രസ്ഥാനത്തില്‍നിന്ന് മുന്നോട്ടുപോകുവാന്‍ അവര്‍ തയ്യാറായില്ല. വി. രാജകൃഷ്ണനും ആഷാമേനോനും ഈ ചിന്താപ്രസ്ഥാനത്തെ വേണ്ടതുപോലെ പരിഗണിച്ചില്ല. എന്നാല്‍, സച്ചിദാനന്ദനും ബി. രാജീവനും പുതിയകാലത്തെ ചിന്താപ്രസ്ഥാനങ്ങളെ അഭിമുഖീകരിച്ചു പുതിയ നിരീക്ഷണങ്ങള്‍ നടത്തി. ഉത്തരാധുനികതയെ സംബന്ധിക്കുന്ന നവ മാര്‍ക്‌സിയന്‍ കാഴ്ചപ്പാടുകള്‍ അവര്‍ അവതരിപ്പിച്ചു.
കെ.പി. അപ്പന്‍ ഉത്തരാധുനികതയെ സംബന്ധിച്ച ഈ പുസ്തകം രചിക്കുന്നതിന് വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ 'യന്ത്ര സരസ്വതി നമ്മെ സംഭ്രമിപ്പിക്കുമോ?' (1991) എന്ന ലേഖനം എഴുതിയിരുന്നു. ഉത്തരാധുനികതയുടെ വരവ് വിളിച്ചറിയിച്ച ലേഖനമായിരുന്നു അത്. ഉത്തരാധുനികത എന്ന പദം ഉപയോഗിച്ചില്ല എന്നുമാത്രം. യന്ത്രത്തിന്റെ ഭൂതം അല്ലെങ്കില്‍ സാങ്കേതികതയുടെ ജ്യോ തിസ്സ് നമ്മെ പിടിച്ചടക്കുവാന്‍ പോകുന്നു എന്ന മുന്നറിയിപ്പായിരുന്നു അത്. നമ്മുടെ സാഹിത്യത്തില്‍ സംഭവിക്കുവാന്‍ പോകുന്ന സൂക്ഷ്മവും അഗാധവുമായ മാറ്റങ്ങള്‍ അദ്ദേഹം ആ ലേഖനത്തില്‍ വെളിപ്പെടുത്തി. ഉത്തരാധുനികതയെപ്പറ്റിയുള്ള പുതിയ പുസ്തകത്തില്‍ തന്റെ കാഴ്ചപ്പാടില്‍ ഈ മാറ്റത്തെ വീണ്ടും നോക്കിക്കാണുകയാണ്. സാഹിത്യത്തില്‍ വലിയൊരു മാറ്റമുണ്ടാകുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആധുനികതയുടെ കാഴ്ചപ്പാടുകളും അതിന്റെ ദാര്‍ശനിക വൈകാരികതയും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന് ഈ പുസ്തകത്തില്‍ വ്യക്തമായി പറയുന്നു. ആധുനികത ഐഡന്റിറ്റിയെ അന്വേഷിക്കുകയായിരുന്നുവെന്നും ഉത്തരാധുനികത ഐഡന്റിറ്റിയെ റദ്ദാക്കുകയുമാണ് ചെയ്യുന്നതെന്നും നിരീക്ഷിക്കുന്നുണ്ട്. ഉത്തരാധുനികതയെ സംബന്ധിക്കുന്ന അപ്പന്റെ കാഴ്ചപ്പാടുകള്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. ഉത്തരാധുനിക ചിന്തയാരംഭിക്കുന്നത് നീത്‌ഷേയില്‍നിന്നും ഹൈഡഗറില്‍നിന്നുമാണ് എന്നാണ് അപ്പന്‍ പറയുന്നത്. ബോദ്രിയാര്‍, ഫെഡറിക് ജയിംസണ്‍, ലയത്തോര്‍, ഇഹാബ് ഹസ്സന്‍, ഇര്‍വിംഗ് ഹോവ് തുടങ്ങിയ പോസ്റ്റ് മോഡേണ്‍ ചിന്തകരുടെ അന്വേഷണങ്ങള്‍ വിശകലനം ചെയ്ത് സ്വന്തം നിഗമനങ്ങള്‍ അവതരിപ്പിക്കുകയാണ് കെ.പി. അപ്പന്‍. സിമ്യൂലേക് റെം (Simulacrum), പാസ്റ്റീഷ് (Pastiche), പാരഡി, കളിമട്ട് (playfulness) തുടങ്ങിയ സാങ്കേതിക സംജ്ഞകളിലൂടെ ഉത്തരാധുനികതയുടെ അര്‍ത്ഥമാനങ്ങള്‍ വിവരിക്കുന്നു. പറയുന്ന കാര്യങ്ങള്‍ സര്‍ഗ്ഗാത്മക കൃതികളില്‍നിന്നും തെളിവുകള്‍ എടുത്തുകാണിച്ച് വായനക്കാരെ ബോദ്ധ്യപ്പെടുത്തുവാന്‍ അപ്പന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തത്ത്വങ്ങള്‍ വെറുതെ പറഞ്ഞുപോകാതെ സാഹിത്യകൃതികളില്‍നിന്നും തെളിവുകളും ഉദാഹരണങ്ങളും എടുത്തുകാട്ടിയാണ് നിരൂപണം നീങ്ങുന്നത്. ചരിത്രത്തിന്റെ അഭാവം (ahistorical) ഉത്തരാധുനികതയിലുണ്ട് എന്ന വാദത്തെ നേരിടാന്‍ റുഷ്ദിയുടെ 'അര്‍ദ്ധരാത്രിയുടെ സന്താനങ്ങള്‍' എന്ന നോവലില്‍നിന്നും തെളിവുകള്‍ എടുത്തുചേര്‍ക്കുന്നതു കാണാം. റുഷ്ദിയുടെ സാഹിത്യകലയുടെ സൂക്ഷ്മസ്വഭാവത്തിലേക്ക് വിമര്‍ശകന്റെ ചിന്ത എത്തുന്നുണ്ട്. ആനന്ദ് ചരിത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ ആവിഷ്‌കരിക്കുന്നതും വിശദീകരിക്കുന്നുണ്ട്. ചരിത്രം ഉത്തരാധുനികതയുടെ മൗലിക സ്വഭാവമാണ് എന്നു വ്യക്തമാക്കുന്നു.

മിലൻ കുന്ദേര
മിലൻ കുന്ദേര

എന്നാല്‍, ആ പ്രസ്ഥാനത്തിന്റെ എല്ലാ സവിശേഷതകളിലേക്കും അപ്പന്റെ ചിന്തകള്‍ ഓടിയെത്തുന്നു എന്നു പറയാനാവില്ല. ആ പ്രസ്ഥാനത്തിന്റെ പിന്നിലുള്ള രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ അദ്ദേഹം വേണ്ടതുപോലെ കണ്ടില്ല എന്ന് ഒരാള്‍ക്ക് ആരോപിക്കാം. അതില്‍ വാസ്തവവുമുണ്ട്. എങ്കില്‍ത്തന്നെയും മലയാളത്തില്‍ ആധുനികാനന്തരം പ്രത്യക്ഷപ്പെട്ട, ആധുനികതയുടെ സൗന്ദര്യധാരണകളില്‍നിന്നും വിട്ടുനില്‍ക്കുന്ന നിരവധി കലാസൃഷ്ടികളെ മനസ്സിലാക്കാനും വിലയിരുത്തുവാനും ഒരു പരിധിവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. 

തന്നോടൊപ്പം എഴുതിത്തുടങ്ങിയ നിരൂപകര്‍ക്ക് ഇത്തരത്തിലുള്ള വലിയൊരു മാറ്റത്തിനു വിധേയരാകുവാന്‍ കഴിഞ്ഞില്ല എന്നോര്‍ക്കുമ്പോള്‍ അപ്പന്റേത് വലിയ നേട്ടം തന്നെയാണ്. പുതിയത് ഉള്‍ക്കൊള്ളാനും വിലയിരുത്താനും കഴിയുക എന്നത് വിമര്‍ശകര്‍ നേരിടുന്ന വെല്ലുവിളിയാണ്. ഉത്തരാധുനികത ഉയര്‍ത്തിയ തത്ത്വചിന്താപരവും സൗന്ദര്യശാസ്ത്രപരവുമായ വെല്ലുവിളികള്‍ അപ്പന്‍ സ്വീകരിച്ചു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com