'ക്ലാസ്സ്മുറികളില്‍ നില്‍ക്കുമ്പോള്‍ അപരിചിതനായ ഒരു ഉന്നതനെ തിരിച്ചറിയുന്നു എന്നതാണ് അദ്ധ്യാപനത്തിന്റെ ത്രില്‍'

എണ്‍പതുകള്‍ അവസാനിക്കുമ്പോള്‍ കെ.പി. അപ്പനെ മലയാളത്തിലെ പ്രമുഖനായ വിമര്‍ശകനായി സാഹിത്യലോകം അംഗീകരിച്ചു കഴിഞ്ഞു
'ക്ലാസ്സ്മുറികളില്‍ നില്‍ക്കുമ്പോള്‍ അപരിചിതനായ ഒരു ഉന്നതനെ തിരിച്ചറിയുന്നു എന്നതാണ് അദ്ധ്യാപനത്തിന്റെ ത്രില്‍'

വനവന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്ന് കെ.പി. അപ്പന്‍ എഴുതിയിട്ടുണ്ട്. അപ്പന്‍ മരിക്കുവോളം തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിയാണ്. ഒരിക്കല്‍പോലും തന്റെ വിശ്വാസങ്ങളേയും മൂല്യങ്ങളേയും തകിടം മറിച്ചു പോകുവാന്‍ അദ്ദേഹം തുനിഞ്ഞില്ല. ജീവിതത്തിലും അദ്ധ്യാപനത്തിലും എഴുത്തിലും താന്‍ പുലര്‍ത്തിയിരുന്ന മനോഭാവങ്ങളും മാനദണ്ഡങ്ങളും ഉറച്ച ധാരണകളും ഉപേക്ഷിക്കാന്‍ ഒരിക്കലും അദ്ദേഹം ശ്രമിച്ചില്ല. കൊല്ലത്തു വന്ന് നാലഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം പ്രസംഗം നിര്‍ത്തി. ആലോചിച്ചു തീരുമാനിച്ചതാണ് അത്. പൊതുപരിപാടികളിലും പങ്കെടുത്തില്ല. കോളേജില്‍ പഠിപ്പിക്കുക യൂണിവേഴ്‌സിറ്റി പരീക്ഷാപേപ്പര്‍ നോക്കുക എന്നതല്ലാതെ മറ്റ് ജോലികള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല. അദ്ധ്യാപനത്തെ അപ്പനെപ്പോലെ ഇത്രയും ഗൗരവമായെടുത്തവര്‍ വേറെയും ഉണ്ടാകും. പക്ഷേ, എണ്ണത്തില്‍ തീരെ കുറവായിരിക്കും. വ്യക്തി എന്ന നിലയില്‍ ചില ആദര്‍ശങ്ങളേയും മൂല്യങ്ങളേയും മുറുകെപിടിച്ചുകൊണ്ട് ജീവിക്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചു. എഴുത്തുകാരനായും അദ്ധ്യാപകനായും  പ്രസിദ്ധനായപ്പോള്‍ സ്വാഭാവികമായും ലഭിക്കുമായിരുന്ന സ്ഥാനമാനങ്ങളും പദവികളും അംഗീകാരങ്ങളും അദ്ദേഹം വേണ്ടെന്നു വച്ചു. എണ്‍പതുകളില്‍ എം.ജി. യൂണിവേഴ്‌സിറ്റിയിലെ സിന്‍ഡിക്കേറ്റിലേക്ക് അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അത് നിരസിക്കാന്‍ ഒട്ടും സമയമെടുത്തില്ല. ഇതൊന്നും തന്നെ സംബന്ധിക്കുന്നതല്ലെന്ന് അദ്ദേഹം കരുതി. തന്റെ സ്ഥാനം അവിടെയല്ല എന്നദ്ദേഹം കരുതി. എന്നാല്‍, അതൊരു മഹാസംഭവമായി പുറത്തുപറയുവാന്‍ മടിക്കുകയും ചെയ്തു.

വലിയ സാഹിത്യവിമര്‍ശകനാണ് കെ.പി. അപ്പന്‍. അതുപോലെതന്നെ അതേ അളവില്‍ വലിയ അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. അദ്ദേഹം അദ്ധ്യാപനത്തിന്റെ മഹത്വം തിരിച്ചറിയുകയും അത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പൊതു ചടങ്ങുകളില്‍ ഒട്ടും പങ്കെടുക്കാതിരുന്ന അദ്ദേഹം കൊല്ലത്ത് നീരാവില്‍ എന്ന സ്ഥലത്തെ നവോദയം ലൈബ്രറിയില്‍ കുഞ്ഞുങ്ങളെ അക്ഷരം എഴുതിക്കുന്ന ചടങ്ങില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ പങ്കെടുക്കുമായിരുന്നു. കുഞ്ഞുങ്ങളുടെ മൃദുവിരല്‍കൊണ്ട് ഹരിശ്രീ കുറിക്കുന്നത് ഏറ്റവും പവിത്രമായ ഒന്നായി അദ്ദേഹം വിശ്വസിച്ചു. കുട്ടികളെ പഠിപ്പിക്കുന്നതും ഏറ്റവും പവിത്രമായ ധര്‍മ്മമായി കരുതി. ജീവിതത്തിന്റെ നല്ല ഭാഗം അദ്ദേഹം ക്ലാസ്സുമുറികളിലാണ് ചെലവഴിച്ചത്. 'അദ്ധ്യാപനത്തിന് താങ്കള്‍ സ്വന്തം ജീവിതത്തില്‍ കല്പിക്കുന്ന സ്ഥാനം എന്താണ്?' എന്ന് പ്രൊഫ. സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ അപ്പനോടു ചോദിച്ചു. അപ്പന്‍ ഇപ്രകാരം മറുപടി പറഞ്ഞു:

'പര്‍വ്വത ശിരസ്സുകള്‍ ആവശ്യപ്പെടുന്ന കര്‍മ്മമാണ് അദ്ധ്യാപനം. ആദിശേഷന്റെ അവതാരമായ പതഞ്ജലിയുടെ വിഗ്രഹം മനസ്സില്‍ വരുന്നു. ആയിരം നാവുകള്‍കൊണ്ട് അനന്തന്‍ സംസാരിക്കുന്നു. വസിഷ്ഠനെ ഓര്‍മ്മിക്കുന്നു. സോക്രട്ടീസിന്റ ചോദ്യങ്ങള്‍ കാതില്‍ മുഴങ്ങുന്നു. പ്ലേറ്റോയുടേയും അരിസ്റ്റോട്ടിലിന്റേയും മഹത്തായ പാരമ്പര്യം മനസ്സില്‍ വരുന്നു. സിസറോ സെനറ്റില്‍ പ്രസംഗിക്കുന്നു. സിസറോ കൈ ഉയര്‍ത്തുമ്പോള്‍ ആ പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നവരുടെ മുഴുവന്‍ വിധിയും അദ്ദേഹത്തിന്റെ വിരലുകളില്‍ തൂങ്ങിക്കിടക്കുകയാണെന്ന് അവര്‍ക്കു തോന്നുമായിരുന്നു. ഈ വിധം ശൃംഗലാരൂപത്തിലുള്ള ചിത്രങ്ങളാണ് അദ്ധ്യാപനത്തെക്കുറിച്ചു പറയുമ്പോള്‍ വിദൂരതയില്‍നിന്നും എന്റെ ബോധത്തിലേക്ക് കടന്നുവരുന്നത്. അദ്ധ്യാപനത്തിനു ഞാന്‍ നല്‍കുന്ന സ്ഥാനം ഇങ്ങനെയൊക്കെ വിശദീകരിക്കുവാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഞാന്‍ ആരുമല്ലെന്ന് എനിക്കറിയാം. എന്നാല്‍, ക്ലാസ്സ്മുറികളില്‍ നില്‍ക്കുമ്പോള്‍ അപരിചിതനായ ഒരു ഉന്നതനെ ഞാന്‍ തിരിച്ചറിയുന്നു. ഇതാണ് എനിക്ക് അദ്ധ്യാപനത്തിന്റെ ത്രില്‍. സാര്‍ത്രിന്റെ ചിന്തകളെ രക്തത്തിന്റെ നിധിയായി കൊണ്ടുനടന്ന കാലത്തും അദ്ദേഹം നിരീക്ഷിച്ചതുപോലെ മനുഷ്യന്‍ ഉപയോഗശൂന്യമായ ഒരു വികാരമാണെന്ന് എനിക്കു തോന്നിയിട്ടില്ല. ഇതിന്റെ പിന്നിലെ പ്രധാന പ്രേരണ അദ്ധ്യാപനത്തിന്റെ സൗമ്യതാപൂര്‍ണ്ണമായ രാജപ്രൗഢിയാണ്.'
                           
 

ജോൺ എബ്രഹാം
ജോൺ എബ്രഹാം

അദ്ധ്യാപകനായ അപ്പന്‍

കൊല്ലം എസ്.എന്‍. കോളേജില്‍ ഇരുപത്തിയൊന്നു വര്‍ഷം അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. മികച്ച അദ്ധ്യാപകന്‍ എന്ന നിലയില്‍ കോളേജിനകത്തും പുറത്തും പ്രശസ്തി നേടുകയും ചെയ്തു. എല്ലാ കാലത്തും അദ്ദേഹത്തിന്റെ ജനറല്‍ ക്ലാസ്സുകള്‍ 'ഹൗസ്ഫുള്‍' ആയിരുന്നു. 'എനിക്ക് ക്ലാസ്സുമുറികള്‍ ജീവിതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ആഴത്തില്‍ സംസാരിക്കുവാനുള്ള ഇടമായിരുന്നു' എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. സ്ഥിരമായി ഒരു അദ്ധ്യാപന രീതിയായിരുന്നില്ല അപ്പന്റേത്. ഒരൊറ്റ ക്ലാസ്സില്‍പോലും വേണ്ടത്ര തയ്യാറെടുപ്പില്ലാതെ അദ്ദേഹം പോയിട്ടില്ല. സി.വി. രാമന്‍ പിള്ളയുടെ നോവല്‍ പഠിപ്പിക്കേണ്ടതുണ്ടെങ്കില്‍ തലേദിവസം അത് നന്നായി വായിച്ചിട്ടേ ക്ലാസ്സില്‍ പോകുകയുള്ളൂ. തയ്യാറെടുപ്പ് ഇല്ലാതെ പോയാലും എന്തെങ്കിലുമൊക്കെ പറയുവാന്‍ കഴിയും. പക്ഷേ, അപ്പന്‍ സാറിന് അതുപോരാ. ഈ രീതി കോളജില്‍നിന്നു പിരിയുന്നതു വരെ തുടര്‍ന്നു. മലയാള സാഹിത്യത്തിലും ലോക സാഹിത്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന സൂക്ഷ്മമായ ചലനങ്ങളും മാറ്റങ്ങളും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കും. ഒരെഴുത്തുകാരന്  നൊബേല്‍ സമ്മാനം ലഭിച്ചാല്‍ ആ എഴുത്തുകാരനെക്കുറിച്ച് ജനറല്‍ ക്ലാസ്സില്‍ സംസാരിക്കും. ഇതറിയാവുന്ന മറ്റു ക്ലാസ്സിലെ സാഹിത്യതല്പരരായ വിദ്യാര്‍ത്ഥികളും ആ അവസരത്തില്‍ സാറിന്റെ ക്ലാസ്സിലുണ്ടാകും. 1980ല്‍ സോയിങ്കയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചു. ആ എഴുത്തുകാരന്റെ 'ദ് ലയണ്‍ ആന്‍ഡ് ജൂവല്‍', 'എ ഡാന്‍സ് ഓഫ് ദ ഫോറസ്റ്റ്‌സ്' എന്നീ നോവലുകളെപ്പറ്റി ക്ലാസ്സില്‍ പറഞ്ഞു. ക്ലാസ്സ് നിറഞ്ഞുകവിഞ്ഞു കഴിഞ്ഞിരുന്നു. കുട്ടികള്‍ പുറത്ത്  ഒീൗലെ എൗഹഹ എന്ന ബോര്‍ഡ് വച്ചിരുന്നു. വില്യം ഗോള്‍ഡിങ്ങിന് നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ 'ഈച്ചയുടെ തമ്പുരാന്‍' എന്ന നോവലിനെപ്പറ്റിയാണ് സംസാരിച്ചത്. ക്ലാസ്സ് കുട്ടികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. ആ ക്ലാസ്സിലെ മുന്‍നിരയില്‍ അന്നത്തെ കോളേജ് പ്രിന്‍സിപ്പലും ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ക്ലാസ്സുകളുടെ മേന്മകളെപ്പറ്റി നിരവധി ശിഷ്യന്മാര്‍ ആരാധനയോടെ എഴുതിയിട്ടുണ്ട്. ക്ലാസ്സ്മുറിയില്‍ ആരോ വയലിന്‍ വായിക്കുന്നതുപോലെയാണ് അപ്പന്‍ സാര്‍ പഠിപ്പിക്കുന്നത്. പാഠഭാഗങ്ങള്‍ സംഗീതത്തിന്റെ ഇലകള്‍പോലെ ഓരോ വിദ്യാര്‍ത്ഥിയുടേയും മനസ്സില്‍ ചിതറിവീഴുകയായിരുന്നു എന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. ഇടതുപക്ഷത്തുനിന്ന് സാഹിത്യവിമര്‍ശനം നടത്തുന്ന എസ്.എസ്. ശ്രീകുമാര്‍ അപ്പന്‍ ക്ലാസ്സുകളുടെ അനുഭവത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അപ്പന്റെ സാഹിത്യവീക്ഷണത്തോട് പൂര്‍ണ്ണമായി വിയോജിക്കുന്നയാളാണ് ശ്രീകുമാര്‍. 'ഓരോരുത്തനേയും അവനവന്റെ വഴിക്കു വളരാന്‍ വിടുകയാണ് ഒരു ഗുരു നല്‍കാവുന്ന ഏറ്റവും വലിയ വിദ്യ' എന്നും അത് കെ.പി. അപ്പന്‍ തന്നോട് നിര്‍വ്വഹിച്ചുവെന്നും അദ്ദേഹം എഴുതി. ക്ലാസ്സ് അനുഭവം ഇന്നും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞ് ഇങ്ങനെ വിശദീകരിച്ചു:

'...ഒരു സന്ധ്യാനേരത്ത്, അപാരസാഗരത്തിലൂടെ ഒഴുകിനീങ്ങുന്ന കപ്പലിന്റെ ഡെക്കില്‍ സുവര്‍ണ്ണമായ അങ്കി ധരിച്ച്, വെണ്‍താടി രോമങ്ങളില്‍ കയ്യുഴിഞ്ഞുകൊണ്ട് ടാഗോര്‍ 'ഗീതാഞ്ജലി'യിലെ കവിതകള്‍ ചൊല്ലുന്നത് ഡബ്ല്യു.ബി. യേറ്റ്‌സിന്റെ ഒരു സുഹൃത്ത് കാണുന്നതായി വിവരിക്കുന്ന അദ്ദേഹത്തിന്റെ ഒരു ക്ലാസ്സ് ഞാന്‍ ഇന്നുമോര്‍ക്കുന്നു. ആ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഒരു കലാകാരന്റെ തുലികപോലെ അദ്ദേഹത്തിന്റെ മുഴങ്ങുന്ന വാക്കുകള്‍ വ്യാപരിക്കുന്നത് ഞാന്‍ വിസ്മിതനായി അറിഞ്ഞു.' 

ഇത്തരം അനുഭവങ്ങള്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരുന്നു. പത്രപ്രവര്‍ത്തകനായിരുന്ന പി. സുജാതന്‍ ഷേക്‌സ്പിയര്‍ നാടകങ്ങളുടെ സംഘര്‍ഷം നിറഞ്ഞ രംഗങ്ങളിലേക്കും സൗന്ദര്യ മുഹൂര്‍ത്തങ്ങളിലേക്കും അപ്പന്‍ സാര്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയത് വിവരിച്ചിട്ടുണ്ട്. 'ആന്റണി ആന്‍ഡ് ക്ലിയോപാട്ര', 'ജൂലിയസ് സീസര്‍' എന്നീ നാടകങ്ങളിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ക്ലാസ്സില്‍ വാക്കുകളിലൂടെ അവതരിപ്പിച്ചത് അദ്ദേഹം ഓര്‍ക്കുന്നുണ്ട്. റോമാ നഗരത്തിനു മുകളില്‍ വാല്‍നക്ഷത്രം ഉദിച്ചുനില്‍ക്കുന്നതും ജലധാരക്കുഴലുകളിലൂടെ രക്തം പ്രവഹിക്കുന്നതും നഗരവീഥികളില്‍ പെണ്‍സിംഹങ്ങള്‍ അലറിവിളിച്ചു നടക്കുന്നതും സീസറുടെ ഭാര്യ ദുഃസ്വപ്നങ്ങള്‍ കണ്ടതുമെല്ലാം വൈകാരിക ഭാഷയില്‍ അപ്പന്‍ സാര്‍ അവതരിപ്പിച്ചത് ഒരിക്കലും ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോയിട്ടില്ല എന്നു പറയുന്നുണ്ട്.

എസ്.എന്‍. കോളേജില്‍ വിദ്യാര്‍ത്ഥിയും പിന്നീട് അവിടെയും യൂണിവേഴ്‌സിറ്റികളിലുമൊക്കെ അദ്ധ്യാപകനുമായിരുന്ന ഡോ. ജി. പത്മറാവു അപ്പന്‍ ക്ലാസ്സുകളുടെ മാന്ത്രികസൗന്ദര്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. പത്മറാവു ഇപ്രകാരം എഴുതി:

'...ഒരു മാന്ത്രികന്റെ മുന്നിലായിരുന്നുവോ ഞങ്ങള്‍ ഇരുന്നത്? ആ മനുഷ്യന്റെ വിരല്‍ത്തുമ്പുകളില്‍ മാസ്മരിക തേജസ്സ് ഉണ്ടായിരുന്നിരിക്കണം. അദ്ദേഹത്തിന്റെ കണ്ണുകള്‍ ചലിക്കുമ്പോള്‍, കൈ അനങ്ങുമ്പോള്‍, ശബ്ദവിന്യാസങ്ങള്‍ നിമ്‌നോന്നതകളില്‍ വ്യാപരിക്കുമ്പോഴൊക്കെ അതോടൊപ്പം നീങ്ങാതിരിക്കുവാന്‍ ഞങ്ങള്‍ക്കായില്ല. കൊല്ലം ശ്രീനാരായണ കോളേജിലെ കലാപകലുഷിതമായ അന്തരീക്ഷത്തില്‍ ഉച്ചനേരത്ത് ഇങ്ങനേയും ഒരു ക്ലാസ്സനുഭവം.'

അദ്ധ്യാപകനുമായുള്ള വിദ്യാര്‍ത്ഥിയുടെ ബന്ധം ക്ലാസ്സ്മുറികള്‍ വിട്ടാലും തുടരുന്നതാണ്. വിദ്യാര്‍ത്ഥിയുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നല്ല അദ്ധ്യാപകരുടെ ഇടപെടലുകളുണ്ടാകും. അത്തരമൊരു അദ്ധ്യാപകനായിരുന്നു കെ.പി. അപ്പന്‍. 'ജീവിതത്തിന്റെ ചില നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഇനിയെന്തെന്നറിയാതെ വല്ലാതെ മനസ്സുഴറിയപ്പോഴൊക്കെ, ഒരു പിതാവിന്റെ സ്‌നേഹസാന്നിദ്ധ്യമായി, തണലായി, അഭയമായി അപ്പന്‍ സാറുണ്ടായിരുന്നു' എന്ന് അപ്പന്റെ വിദ്യാര്‍ത്ഥിനിയും പിന്നീട് കോളേജ് അദ്ധ്യാപികയുമായിരുന്ന എ.ജി. ഒലീന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ ധാരാളം പേര്‍ക്ക് ഉണ്ടായിട്ടുണ്ട്.

വായനയുടെ കാര്യത്തില്‍ 'അപ്റ്റുഡെറ്റ്' (up-to-date) ആകാന്‍ അപ്പന്‍ എപ്പോഴും ശ്രമിച്ചു. പുതിയ പുസ്തകം പുറത്ത് ഇറങ്ങുമ്പോള്‍ തന്നെ അത് അപ്പന്‍ സ്വന്തമാക്കും. വിദേശ പുസ്തകങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുമായി മുന്‍പേ ബന്ധമുണ്ട്. യൂറോപ്യന്‍ നോവലുകളും വിമര്‍ശന ഗ്രന്ഥങ്ങളും തത്ത്വചിന്താഗ്രന്ഥങ്ങളുമാണ് വായിക്കുന്നത്. 
വിദേശഗ്രന്ഥങ്ങള്‍ കിട്ടാന്‍ പ്രയാസമുള്ള മുന്‍കാലങ്ങളിലും പുതിയവ വാങ്ങാന്‍ അദ്ദേഹം വഴികള്‍ കണ്ടിരുന്നു. പലപ്പോഴും മുന്‍കൂറായി തന്നെ പണമയച്ചു കൊടുക്കും. ഒരിക്കല്‍ ശമ്പളകുടിശ്ശികയായി വലിയ ഒരു സംഖ്യ ലഭിച്ചപ്പോള്‍ അത് മുഴുവന്‍ അന്നത്തെ മദ്രാസിലെ പുസ്തകക്കടയുടമസ്ഥന്റെ പേരില്‍ അയച്ചുകൊടുത്തതായി പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു. ഒരു വിദേശിയായിരുന്നു ഉടമ. ഛഃളീൃറ ഡിശ്‌ലൃേെശ്യ ജൃല ൈഎന്ന സ്ഥാപനമായിരുന്നു അത്. വിദേശത്ത് ഒരു പുസ്തകമിറങ്ങിയാല്‍ അത് കേരളത്തില്‍നിന്നും ആദ്യം വാങ്ങുന്നവരില്‍ ഒരാള്‍ കെ.പി. അപ്പനായിരുന്നു. താന്‍ വില കൊടുത്തു വാങ്ങുന്ന പുസ്തകം ആരു ചോദിച്ചാലും ഉടന്‍ എടുത്തുകൊടുക്കുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. എന്നാല്‍, ആവശ്യം ബോദ്ധ്യപ്പെട്ടാല്‍ കര്‍ശനവ്യവസ്ഥയോടെ പുസ്തകം കൊടുക്കും. തിരിച്ചു വാങ്ങുകയും ചെയ്യും.

പ്രശസ്ത സിനിമാ സംവിധായകനായ ജോണ്‍ എബ്രഹാം അപ്പന്റെ പേരില്‍ കോളേജില്‍നിന്നും പുസ്തകമെടുത്തു കൊണ്ടുപോയ കഥ അപ്പന്‍ എഴുതിയിട്ടുണ്ട്. ജോണ്‍ എബ്രഹാം എസ്.എന്‍. കോളേജില്‍ ആദ്യം വന്നപ്പോള്‍ അപ്പനെ പരിചയപ്പെട്ട ശേഷം കല്ലട രാമചന്ദ്രനുമായി മടങ്ങി. ജോണുമായി അടുക്കുന്നതിനെതിരെ തന്റെ ഉള്ളില്‍നിന്നും ചില താക്കീതുകള്‍ വരുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ജോണ്‍ എബ്രഹാം രണ്ടാമതു വന്നപ്പോള്‍ അപ്പനെ കണ്ട ശേഷം കോളേജിലെ ജനറല്‍ ലൈബ്രറിയില്‍ കയറി. ധാരാളം പുസ്തകങ്ങള്‍! ജോണ്‍ നല്ല വായനക്കാരനും എഴുത്തുകാരനും കൂടിയാണല്ലോ. അമേരിക്കന്‍ കഥകളുടെ സമാഹാരം കണ്ടു. അത് ജോണിനു വായിക്കുവാന്‍ വേണം. ഒരാഴ്ച കഴിഞ്ഞ് മടക്കി കൊടുക്കാം എന്ന പറഞ്ഞ് ലൈബ്രറേറിയനോട് പുസ്തകം ആവശ്യപ്പെട്ടു. കണിശക്കാരനായ ലൈബ്രറേറിയന്‍ സമ്മതിച്ചില്ല. കിട്ടിയേ അടങ്ങൂവെന്ന് ജോണ്‍. ജോണ്‍ സത്യാഗ്രഹം ഇരിക്കുന്നതുപോലെ അവിടെയിരുന്നു. ഒടുവില്‍ ലൈബ്രറേറിയന്‍ വിവരം അപ്പനെ അറിയിച്ചു. അപ്പന്‍ വന്ന് തന്റെ പേരില്‍ പുസ്തമെടുത്ത് ജോണിനു കൊടുത്തു. അത് ആ പുസ്തകത്തിന്റ അന്ത്യയാത്രയാണെന്ന് തനിക്കറിയാമായിരുന്നുവെന്ന് അപ്പന്‍ എഴുതിയിട്ടുണ്ട്.

ഒരര്‍ത്ഥത്തില്‍ കെ.പി. അപ്പന്‍ സാഹിത്യ വിമര്‍ശകന്റെ ജീവിതം മാത്രം ജീവിച്ചു തീര്‍ത്തയാളാണ്. ശരിയാണ്, അദ്ദേഹം മഹാനായ അദ്ധ്യാപകനായിരുന്നു. അപ്പോഴും അദ്ദേഹം വിമര്‍ശകനാണ്. വായന, എഴുത്ത് അതിനെക്കുറിച്ചുള്ള ആലോചനകള്‍  ഇത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ക്ലാസ്സെടുക്കുമ്പോഴും നടന്നുപോകുമ്പോഴും കൂട്ടുകാരുമായി സായാഹ്ന സവാരികള്‍ക്കു പോകുമ്പോഴുമെല്ലാം അദ്ദേഹം പുസ്തകങ്ങളെപ്പറ്റി, കഥാപാത്രങ്ങളെപ്പറ്റി എഴുത്തുകാരുടെ വീക്ഷണത്തെപ്പറ്റി ചിന്തിക്കുന്നു, സംസാരിക്കുന്നു. കുടുംബത്തില്‍ വേറൊരു ജീവിതമുണ്ട്. അപ്പോഴും ഉള്ളു മുഴുവന്‍ സാഹിത്യമായിരിക്കുമെന്ന് തോന്നുന്നു. ക്ലാസ്സിക്കുകള്‍ ആവര്‍ത്തിച്ചു വായിക്കുക അദ്ദേഹത്തിന്റെ ശീലമായിരുന്നു.  അതുപോലെ ലോകസാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വേഗത്തില്‍ പിടിച്ചെടുക്കുവാനുള്ള കഠിനശ്രമവും നടത്താറുണ്ട്. 
                   
സാഹിത്യവിമര്‍ശനമല്ലാതെ മറ്റൊരു ലോകം അദ്ദേഹത്തിന് ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീട്ടില്‍നിന്നും പുറത്തിറങ്ങുന്നത് കോളേജില്‍ പോകാനും വൈകിട്ടുള്ള നടത്തത്തിനും മാത്രമാണ്. വലിയ യാത്രകള്‍ നടത്താറില്ല. കുടുംബസംബന്ധമായ ഏതോ കാര്യത്തിന് ഒരിക്കല്‍ ആന്ധ്രയില്‍ പോകേണ്ടിവന്നു. പിന്നീട് സംസാരിച്ചപ്പോള്‍ ആന്ധ്രയുടെ ഗന്ധത്തെപ്പറ്റിയാണ് പറഞ്ഞത്. യാത്രയില്ലേ എന്ന് അപ്പനോട് പലരും ചോദിക്കാറുണ്ട്. എന്റെ യാത്രകള്‍ ആന്തരിക യാത്രകളാണ് എന്നാവും അപ്പന്റെ ഉത്തരം. അദ്ദേഹത്തിന്റെ സാഹിത്യ സുഹൃത്തുക്കള്‍ പലരും ധാരാളം യാത്ര ചെയ്യുന്നവരാണ്. ആഷാമേനോനും വി. രാജകൃഷ്ണനും യാത്രയുടെ ലഹരി ആസ്വദിക്കുന്നവരാണ്. അതുപോലെ നിരവധിപ്പേര്‍. എന്നാല്‍, അപ്പന്‍ തന്റെ പഠനമുറിയില്‍ ഏകാകിയായിരുന്ന് വായനയിലൂടെ യാത്ര ചെയ്യുകയായിരുന്നു. സ്വന്തം നാടായ ആലപ്പുഴയിലും ഗൃഹാതുരമായ മനസ്സുമായി പോകാറില്ല. ജീവിതത്തിന്റെ ആദ്യ പകുതി ആലപ്പുഴയിലും രണ്ടാമത്തെ പകുതി കൊല്ലത്തുമായിരുന്നു. കൊല്ലത്ത് താമസിച്ച മൂന്നര പതിറ്റാണ്ടുകാലം വായനാമുറിയിലാണ് അദ്ദേഹം ജീവിച്ചത്. ഏറ്റവും ഒടുവില്‍ അദ്ദേഹം തന്റെ പേനയെക്കുറിച്ചും പഠനമുറിയെക്കുറിച്ചും എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതി: 'എന്റെ പഠനമുറിക്ക് ഒരു ഭംഗിയുമില്ല. അത് എപ്പോഴും അലങ്കോലപ്പെട്ടു കിടക്കുന്നു. ക്രമംതെറ്റി കിടക്കുന്ന പുസ്തകശേഖരം എനിക്ക് ഒരു പ്രയാസവും ഉണ്ടാക്കാറില്ല.' ക്രമംതെറ്റി കിടക്കുന്ന പുസ്തകങ്ങളിലും അവയില്‍നിന്നും 'പ്രവഹിക്കുന്ന' അടിതെറ്റിക്കുന്ന ചിന്തകളിലുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
          
 

ഒവി വിജയൻ
ഒവി വിജയൻ

അപ്പനെ തേടിവന്ന ഒരവാര്‍ഡ്   
                          
'എന്റെ ജീവിതത്തില്‍ നാടകങ്ങളില്ല' എന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തിളക്കമുള്ള ആ സാഹിത്യജീവിതത്തിന്റെ പേരില്‍ അദ്ദേഹത്തിന് പലതും നേടാമായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ എന്തു സ്ഥാനത്തിനും അദ്ദേഹം അര്‍ഹനായിരുന്നു. കേരളത്തിലെ ഏത് അവാര്‍ഡിനും അദ്ദേഹം യോഗ്യനായിരുന്നു. നമ്മുടെ ചെറുതും വലുതുമായ സാഹിത്യകാരന്മാര്‍ അവാര്‍ഡുകള്‍ക്കുവേണ്ടി ദാഹിക്കുന്നതു കാണുമ്പോള്‍ അപ്പന്‍ ചിരിക്കും. പലരും പ്രശസ്തരാണ്; അവാര്‍ഡുകള്‍ ധാരാളം കിട്ടിയിട്ടുണ്ട്. എങ്കിലും വീണ്ടും കൊണ്ടുവാ  കൊണ്ടുവാ എന്നു പറഞ്ഞ് നില്‍ക്കുന്നത് കാണുമ്പോള്‍ അപ്പന് അവരോട് പരിഹാസം. ഫലിതവും പരിഹാസവും ചൊരിഞ്ഞുകൊണ്ട് അപ്പന്‍ അവാര്‍ഡുകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. കെ.പി. അപ്പന് അവാര്‍ഡ് നല്‍കാന്‍ പലരും തീരുമാനിച്ചിട്ടുമുണ്ട്. അപ്പനോട് സ്‌നേഹവും ബഹുമാനവും ഉള്ള ഒരു സംഘം എണ്‍പതുകളില്‍ അപ്പന് അവാര്‍ഡ് കൊടുക്കുവാന്‍ തീരുമാനിച്ചു. ഭാരവാഹിയില്‍ ഒരാള്‍ എം.എയ്ക്ക് കൂടെ പഠിച്ചിരുന്ന ഡോ. ജോര്‍ജ്ജ് ഇരുമ്പയമായിരുന്നു. അപ്പന്റെ എഴുത്തിന്റെ മികവ് കണ്ടിട്ടാണ് അവാര്‍ഡ് കൊടുക്കാന്‍ തീരുമാനിച്ചത്. സുകുമാര്‍ അഴീക്കോട് പ്രസിഡന്റും ജോര്‍ജ്ജ് ഇരുമ്പയം സെക്രട്ടറിയുമായി 1974ല്‍ തുടങ്ങി പ്രവര്‍ത്തിച്ചു വരുന്ന കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ പത്താം വര്‍ഷികത്തിന് കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ വന്ന മികച്ച ഗ്രന്ഥത്തിനാണ് 1984ല്‍ അവാര്‍ഡ് കൊടുക്കാന്‍ ആ സംഘടന തീരുമാനിച്ചത്. 'കരുത്തേറിയ പാരമ്പര്യബോധത്തിലൂന്നി നിന്നുകൊണ്ട് തന്നെ ആധുനികതയുടെ മുഖ്യപ്രവണതകളുമായി പരിചയപ്പെട്ട് മലയാളത്തില്‍ അവയുടെ സരണികള്‍ കണ്ടറിഞ്ഞ് വിലയിരുത്തുന്ന യുവ നിരൂപകനാണ് കെ.പി. അപ്പന്‍' എന്ന് വിലയിരുത്തിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.  ഇരുമ്പയം ആദ്യം വിവരം അറിയിച്ചുകൊണ്ട് കത്തയച്ചു. മറുപടിയില്ല. വീണ്ടും അയച്ചു. മറുപടിയില്ല. അപ്പന്‍ മാന്യനാണ്, നന്നായി പെരുമാറുന്നയാളാണ് എന്നൊക്കെ ഡോ. ജോര്‍ജ്ജിനറിയാം. എന്തുപറ്റി എന്നറിയുവാന്‍ അദ്ദേഹം നേരെ കൊല്ലത്തേക്ക് തിരിച്ചു. അപ്പന്റെ വീട്ടിലെത്തി. നേരത്തെ വിവരം അറിയിക്കാതെയാണ് എത്തിയത്. പഴയ സുഹൃത്തും സഹപാഠിയുമായ ജോര്‍ജ്ജിനെ കണ്ട് അപ്പന്‍ അത്ഭുതപ്പെട്ട് ചിരിച്ചു. സുഹൃത്തിനോട് തമാശ മട്ടില്‍ അപ്പന്‍ ചോദിച്ചു:

'പിടിച്ചുകൊണ്ടുപോയി അവാര്‍ഡ് ഏല്പിക്കുവാനാണോ ഭാവം?'

കൂട്ടുകാരന്‍ വീട്ടില്‍ വന്നത് അപ്പനിഷ്ടമായി. എറണാകളം മഹാരാജാസ് ദിനങ്ങള്‍ വീണ്ടും ഓര്‍ത്തു. കൂടെ പഠിച്ചിരുന്നവരെപ്പറ്റി പറഞ്ഞു. അവാര്‍ഡ് സ്വീകരിക്കുവാനാകില്ല. അവാര്‍ഡിന്റെ കാര്യത്തില്‍ തീരുമാനത്തിനു മാറ്റമില്ല എന്ന് തുറന്നു പറയുകയും ചെയ്തു. അപ്പന്‍ തന്റെ ഭാഗം വിശദീകരിച്ച് അവാര്‍ഡ് നല്‍കാമെന്നു പറഞ്ഞ സംഘടനയ്ക്ക് കത്ത് അയക്കാമെന്നു പറഞ്ഞു. ആ സംഭവം ഡോ. ജോര്‍ജ്ജ് ഫലിതം കലര്‍ത്തി ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്നു:

'കത്തയച്ചു കൊള്ളാം എന്ന് സമ്മതിച്ച് എന്നെ കാറില്‍ കയറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് (അവാര്‍ഡ് സഹിതം) ഒഴിവാക്കി!'

അപ്പനെ അറിയിക്കുന്നതിനു മുന്‍പു തന്നെ കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ അവാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. പത്രങ്ങളില്‍ വാര്‍ത്തയും വന്നു. അപ്പന്‍ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ നിശ്ശബ്ദത പാലിച്ചു.

സാഹിത്യ അക്കാദമിയുടെ കാര്യത്തിലും അപ്പന് പ്രത്യേകിച്ച് താല്പര്യങ്ങളൊന്നുമില്ലായിരുന്നു. അക്കാദമിയെപ്പറ്റി അറിയാന്‍ തനിക്കു സമയമില്ല എന്നാണ് പലപ്പോഴും ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറയാറുള്ളത്.
                  
 

ഡിഎച് ലോറൻസ്
ഡിഎച് ലോറൻസ്

'കെ.പി. അപ്പന്‍ സ്‌കൂള്‍'      
      
എണ്‍പതുകള്‍ അവസാനിക്കുമ്പോള്‍ കെ.പി. അപ്പന്‍ മലയാളത്തിലെ പ്രമുഖനായ വിമര്‍ശകനായി സാഹിത്യലോകം അംഗീകരിച്ചു കഴിഞ്ഞു. അപ്പോഴേക്കും ആധുനികതയുടെ ശക്തി മലയാള സാഹിത്യത്തില്‍ കുറയുകയും വേറെ വഴികളും ചിന്താരീതികളും രൂപം പ്രാപിക്കുകയും ചെയ്തിരുന്നു. ആധുനിക വിമര്‍ശനം മലയാളിയുടെ സാഹിത്യാഭിരുചിയേയും സൗന്ദര്യബോധത്തേയും ചരിത്രപരമായി വഴിതിരിച്ചു വിടുകതന്നെ ചെയ്തു. അപ്പന്റെ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം', 'തിരസ്‌കാരം', 'കലഹവും വിശ്വാസവും', 'മാറുന്ന മലയാള നോവല്‍', എന്നീ പുസ്തകങ്ങള്‍ 
ആ കാലയളവില്‍ പുറത്തുവന്നിരുന്നു. മാത്രമല്ല, നരേന്ദ്ര പ്രസാദും വി. രാജകൃഷ്ണനും ആഷാമേനോനും നിരവധി നിരൂപണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. മലയാളിയുടെ സൗന്ദര്യാഭിരുചിയെ മുന്നോട്ടു നയിക്കുവാന്‍ ഈ വിമര്‍ശകര്‍ക്കു കഴിഞ്ഞു. മലയാള സാഹിത്യവിമര്‍ശനത്തില്‍ ഈ വിമര്‍ശകര്‍ക്കും അവരുടെ പുസ്തകങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്ന് വായനക്കാരും മാധ്യമങ്ങളും മനസ്സിലാക്കി. വലിയ എതിര്‍പ്പുകള്‍ 'നവീന വിമര്‍ശനം' എന്ന് അറിയപ്പെട്ട ഈ ചിന്താപ്രസ്ഥാനത്തിനു നേരിടേണ്ടിവന്നു. എണ്‍പതുകളുടെ ഒടുവില്‍ ഈ വിമര്‍ശകര്‍ ഉള്‍പ്പെടുന്ന വിഭാഗത്തെ 'കെ.പി. അപ്പന്‍ സ്‌കൂള്‍' എന്നും ചിലര്‍ വിശേഷിപ്പിച്ചു തുടങ്ങി. ആര്‍ക്കും കണ്ടില്ലെന്നു നടിക്കുവാന്‍ ആകാത്തവിധത്തില്‍ ആധുനികത വിമര്‍ശനം ശക്തമായി എന്നര്‍ത്ഥം. എന്നാല്‍ ഈ 'സ്‌കൂളു'മായി വലിയ ബന്ധമില്ലാത്ത ആധുനിക വിമര്‍ശകരും അന്നുണ്ടായിരുന്നു. എം. തോമസ് മാത്യു, കെ.എസ്. നാരായണപിള്ള തുടങ്ങിയവര്‍ അന്ന് കരുത്തരായി നിലകൊണ്ടിരുന്നു. പഴയ തലമുറയില്‍ എം.കെ. സാനു ആധുനിക സാഹിത്യത്തെ പൊതുവേ അംഗീകരിച്ച നിരൂപകനാണ്. മാര്‍ക്‌സിയന്‍ നിലപാട് സ്വീകരിച്ച് മലയാളത്തിലെ ആധുനികതാവാദ(Modernism)ത്തെ സമീപിച്ച സച്ചിദാനന്ദന്‍, ബി. രാജീവന്‍ എന്നിവരും അന്ന് വിമര്‍ശനത്തിനു വ്യത്യസ്ത മുഖം നല്‍കിയവരാണ്.

അപ്പന്‍ ഉള്‍പ്പെടെയുള്ള വിമര്‍ശനത്തെ നവീന നിരൂപണം എന്നു വിളിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇംഗ്ലീഷ് നിരൂപണത്തില്‍ പിറവിയെടുത്ത ന്യൂ ക്രിട്ടിസിസം (New Criticism) എന്ന പുതിയ നിരൂപണപദ്ധതിയെ ഓര്‍ത്തുകൊണ്ടാണ്. ഐ.എ. റിച്ചഡ്‌സ്, ടി.എസ്. എലിയട്ട്, വില്യം എംപ്‌സന്‍ തുടങ്ങിയവര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുത്തുകാരനെ പരിഗണിക്കാതെ പാഠ(Text)ത്തെ മാത്രം ആസ്പദമാക്കിയും എഴുത്തുകാര്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന വാക്കുകളും ബിംബങ്ങളും പ്രതീകങ്ങളും പരിശോധിച്ചും  രചനയെ വിലയിരുത്തുന്ന നിരൂപണത്തെയാണ് അവിടെ 'ന്യൂ ക്രിട്ടിസിസം' എന്നു വിശേഷിപ്പിച്ചത്. ഗാഢവായന(ഇഹീലെ ൃലമറശിഴ)യായിരുന്നു നവീന നിരൂപണത്തിന്റെ രീതി. കാലത്തേയും ഗ്രന്ഥകര്‍ത്താവിനേയും പരിഗണിക്കാതെ കൃതി മാത്രം സൂക്ഷ്മമായി വായിച്ച് വിലയിരുത്തുന്ന രീതിയാണ് ഇംഗ്ലീഷ് നിരൂപണത്തിലെ നവീന വിമര്‍ശകര്‍ സ്വീകരിച്ചത്. അപ്പനും മറ്റും ആ നിരൂപണ സമ്പ്രദായത്തില്‍നിന്നും പലതും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഗ്രന്ഥകാരനെ പൂര്‍ണ്ണമായും ഒഴിവാക്കി പാഠ (Text)ത്തെ മാത്രം ആശ്രയിച്ച് നിരൂപണം നടത്തുന്ന ഇംഗ്ലീഷിലെ നവനിരൂപണത്തോട് അപ്പന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അപ്പന്റേയും മറ്റും നിരൂപണത്തെ ആഴത്തില്‍ സ്വാധീനിച്ചത് യൂറോപ്പിലെ സാഹിത്യചിന്തയും തത്ത്വചിന്തയുമാണ്.

കെ.പി. അപ്പന്‍ 1992 മാര്‍ച്ച് മാസത്തില്‍ സര്‍വ്വീസില്‍നിന്നും പിരിഞ്ഞു. വിടവാങ്ങലുമായി ബന്ധപ്പെട്ട് യാത്രയയപ്പോ മറ്റു പരിപാടികളോ ഉണ്ടായിരുന്നില്ല. ഇതൊന്നും വേണ്ടെന്ന് അപ്പന്‍ തീര്‍ത്തുപറഞ്ഞിരുന്നു. പത്രങ്ങളില്‍ കെ.പി. അപ്പന്‍ പടിയിറങ്ങുന്നുവെന്ന വാര്‍ത്ത വന്നു. സര്‍വ്വീസില്‍നിന്നും പിരിയുന്ന ദിവസം അതായത് 1992 മാര്‍ച്ച് 31ന് സാധാരണ ദിവസം പോലെ രാവിലെ വന്ന് രജിസ്റ്ററില്‍ ഒപ്പിടുകയും ക്ലാസ്സെടുക്കുകയും ചെയ്തിട്ട് വൈകുന്നേരം നാല് മണിക്ക് പതിവു സ്വന്തം കാറില്‍ വീട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. കോളേജ് ഓഫീസില്‍ പിന്നീട് പല കാര്യങ്ങള്‍ക്കായി പോയെങ്കിലും ജോലി ചെയ്ത മലയാളം ഡിപ്പാര്‍ട്ട്‌മെന്റില്‍ പിന്നീട് അദ്ദേഹം ഒരിക്കല്‍പോലും കയറിയിട്ടില്ല.

മാധവിക്കുട്ടി
മാധവിക്കുട്ടി

ആധുനികതയില്‍നിന്നും മുന്നോട്ട്

കെ.പി. അപ്പന്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചത് മനസ്സുകൊണ്ട് അംഗീകരിക്കാന്‍ ചില സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞില്ല. റിട്ടയര്‍ ചെയ്യേണ്ട പ്രായത്തെക്കുറിച്ച് ഓര്‍ത്തു പലരും ഖേദിച്ചു. അപ്പനെ ചെറുപ്പക്കാരനായിത്തന്നെ കാണുവാനായിരുന്നു അവരില്‍ പലര്‍ക്കും ഇഷ്ടം. അദ്ദേഹം സര്‍വ്വീസില്‍നിന്നും പിരിഞ്ഞപ്പോള്‍ പല ഭാഗത്തുനിന്നും പല ഓഫറുകളും വന്നു. മലയാളത്തിലെ വലിയൊരു പത്രം നടത്തുന്ന പ്രശസ്തമായ സാഹിത്യ മാസികയുടെ എഡിറ്ററാകുവാനുള്ള ക്ഷണമായിരുന്നു ഒന്ന്. അദ്ദേഹം ഇക്കാര്യം സ്വകാര്യമായി പലരോടും സൂചിപ്പിച്ചിട്ടുണ്ട്. കൊല്ലത്തെ ഒരു വാരികയുടെ ചുമതല വഹിക്കുവാനുള്ള ക്ഷണവും ലഭിച്ചു. അതെല്ലാം വേണ്ടെന്നു വയ്ക്കുവാന്‍ അദ്ദേഹം ഒട്ടും സമയമെടുത്തില്ല. മുഴുവന്‍ സമയവും വായനയ്ക്കും എഴുത്തിനും ചെലവാക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍, അദ്ധ്യാപനത്തില്‍നിന്നും മാറിനില്‍ക്കുവാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. വീടിന് അടുത്ത് ഒരു സാംസ്‌കാരിക സമിതി നടത്തിയ സ്ഥാപനത്തില്‍ ആഴ്ചയില്‍ ഏതാനും ദിവസങ്ങളില്‍ എം.എ മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുവാന്‍ പോയി. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്നായിരുന്നു ആ സ്ഥാപനത്തിന്റെ പേര്. പേര് പിന്നീട് മാറ്റി. അവിടെയും അദ്ദേഹത്തിനു നല്ല അദ്ധ്യാപന ജീവിതം കിട്ടി. ആ സ്ഥാപനത്തില്‍ കുറച്ചു കാലം എന്‍.വി. കൃഷ്ണവാര്യരും അപ്പന്റെ അദ്ധ്യാപകന്‍ കൂടിയായ എം.കെ. സാനുവും സഹപ്രവര്‍ത്തകരായി ഉണ്ടായിരുന്നു. എസ്.എന്‍. കോളേജില്‍നിന്നും വിരമിച്ച അദ്ധ്യാപകരായിരുന്നു ഭൂരിപക്ഷവും. തിളക്കമുള്ള കാലമായിരുന്നു അതും. സര്‍വ്വീസില്‍നിന്ന് പിരിഞ്ഞതിനു ശേഷമാണ് കൂടുതല്‍ പുസ്തകങ്ങളെഴുതിയത്. സാഹിത്യത്തിലും സാഹിത്യവിമര്‍ശനത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വന്‍ മാറ്റങ്ങളും നവീന ചലനങ്ങളും വേഗത്തില്‍ പിടിച്ചെടുത്ത് തന്റെ ചിന്തയുടെ മുന കൂര്‍പ്പിക്കുവാനും സ്വയം മാറാനും അദ്ദേഹം യത്‌നിച്ചുകൊണ്ടിരുന്നു.

അപ്പന്‍ സര്‍വ്വീസില്‍നിന്നും റിട്ടയര്‍ ചെയ്ത അവസരത്തില്‍ രണ്ട് പുസ്തകങ്ങള്‍ ഡി.സി. ബുക്‌സ് പുറത്തിറക്കി. 'വരകളും വര്‍ണ്ണങ്ങളും' (1992 ഏപ്രില്‍), 'മലയാള ഭാവന മൂല്യങ്ങളും സംഘര്‍ഷങ്ങളും' (1992 ജൂണ്‍) എന്നിവയാണ് ആ പുസ്തകങ്ങള്‍. പ്രധാനപ്പെട്ട ഒരു പ്രസാധകന്‍ അപ്പന്റെ പുസ്തകമിറക്കിയത് അദ്ദേഹം സര്‍വ്വീസില്‍നിന്നും വിരമിച്ചതിനു ശേഷമാണ്. ആ വര്‍ഷം തന്നെ ഗൗതമ ബുക്‌സ് 'കലാപം വിവാദം വിലയിരുത്തല്‍' (1992 ഏപ്രില്‍) പ്രസിദ്ധീകരിച്ചു.  ഈ പുസ്തകങ്ങളിലെ ലേഖനങ്ങളില്‍ മിക്കതും എണ്‍പതുകളിലോ അതിനു മുന്‍പോ രചിച്ചവയാണ്. പ്രധാന പുസ്തകങ്ങള്‍ എഴുതുന്ന കൂട്ടത്തില്‍ ആഴ്ചപ്പതിപ്പുകള്‍ക്കും വിശേഷാല്‍ പതിപ്പുകള്‍ക്കും വേണ്ടി ലേഖനങ്ങള്‍ എഴുതാറുണ്ട്. ആധുനികതയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചാവും എഴുതുന്നത്. അത്തരം ലേഖനങ്ങളുടെ സമാഹാരമാണ് റിട്ടയര്‍ ചെയ്ത അവസരത്തില്‍ പ്രസിദ്ധീകരിച്ചത്.
                                     
 

കാക്കനാടൻ
കാക്കനാടൻ

ആധുനികതയിലെ രതിഭാവനയുടെ രൗദ്രസൗന്ദര്യം

ആധുനികതാവാദത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലേക്കും ഈ ചെറുലേഖനങ്ങളിലും അദ്ദേഹം കടന്നുചെന്നിട്ടുണ്ട്. ആധുനികത ജ്വലിച്ചുനിന്ന അവസരത്തിലും അതിലെ ലൈംഗികതയുടെ 'അതിപ്രസര'ത്തെപ്പറ്റി കടുത്ത ആരോപണങ്ങളും ആക്ഷേപങ്ങളും  ഉയര്‍ന്നുവന്നിട്ടുണ്ട്. തൊട്ടാല്‍ പൊള്ളുന്ന ഈ വിഷയത്തെ അപ്പന്‍ ശക്തമായി നേരിട്ടു. മലയാളിയുടെ കപടമായ സദാചാരത്തെ കണക്കിനു കളിയാക്കിയും കുറ്റപ്പെടുത്തിയുമാണ് ലൈംഗികതയെ സംബന്ധിച്ച തന്റെ സൗന്ദര്യപരമായ കാഴ്ചപ്പാടുകള്‍ വിവരിച്ചത്. ഒ.വി. വിജയന്റേയും മാധവിക്കുട്ടിയുടേയും കാക്കനാടന്റേയും മറ്റും രചനകളിലെ ലൈംഗിക പരാമര്‍ശങ്ങളുടെ പിന്നിലുള്ള സൗന്ദര്യശാസ്ത്രപരമായ വസ്തുതകള്‍ അപ്പന്‍ ഉചിതമായി വിദശീകരിച്ചു. 'മൂല്യസംരക്ഷകര്‍ക്ക് കുറെ അപ്രിയ സത്യങ്ങള്‍', 'എട്ടുകാലിയിലെ രതിരഹസ്യം' എന്നീ ലേഖനങ്ങളില്‍ അക്കാര്യങ്ങള്‍ പറയുന്നു. ഒ.വി. വിജയന്റെ 'അശാന്തി' എന്ന സമാഹാരത്തിന് എഴുതിയ അവതാരികയിലും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. വിജയന്റേയും കാക്കനാടന്റേയും മാധവിക്കുട്ടിയുടേയും രചനകളിലെ ലൈംഗിക വിവരണങ്ങള്‍ കേട്ട് മലയാളികള്‍ സംഭ്രമിച്ചത് അവരുടെ അടിമസദാചാരം കൊണ്ടാണ് എന്ന് അപ്പന്‍ ആദ്യമേ പറയുന്നു. പിന്നീട് മനുഷ്യജീവിതത്തില്‍ സെക്‌സിനുള്ള പ്രാധാന്യം എടുത്തുകാണിക്കുന്നു. സെക്‌സ് വൃത്തികെട്ട ഒരു രഹസ്യമല്ല. അത് ജീവിതത്തിനു ശക്തിയും സൗന്ദര്യവും കൊടുക്കുന്നു. ഡി.എച്ച്. ലോറന്‍സിന്റേയും സൂസന്‍ സൊന്റാഗിന്റേയും മറ്റും അഭിപ്രായങ്ങള്‍ ഉദ്ധരിച്ച് തന്റെ വാദത്തെ അദ്ദേഹം ബലപ്പെടുത്തുന്നു. മനുഷ്യനെ ആഴത്തിലറിയുവാന്‍  അവനിലെ രതിരഹസ്യങ്ങള്‍ കൂടി അറിയണം. ആധുനികരായ എഴുത്തുകാര്‍ സെക്‌സിനെ ആദരപൂര്‍വ്വം സമീപിച്ച് അതിന്റെ ഊര്‍ജ്ജവും സൗന്ദര്യവും വെളിപ്പെടുത്തുകയാണ്. ഇങ്ങനെ വാദിച്ച് സാഹിത്യത്തില്‍ രതിവാസനയ്ക്കുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നു. ആധുനികതയുടെ കാലത്ത് മാത്രമല്ല, എക്കാലത്തും ലൈംഗികത മികച്ച സാഹിത്യകൃതികളിലെ പ്രമേയമായിരുന്നുവെന്ന് കാളിദാസന്റെ 'കുമാരസംഭവ'ത്തിലെ എട്ടാം സര്‍ഗ്ഗം എടുത്തുകാണിച്ച് വിശദമാക്കുന്നു.

'എട്ടുകാലിയിലെ രതിരഹസ്യം' എന്ന ലേഖനം വിജയന്റെ കറുത്ത രതിഭാവനയുടെ രൗദ്രമുഖം വെളിവാക്കുന്ന ഒന്നാണ്. യുക്തിക്കപ്പുറമുള്ള തലങ്ങളില്‍നിന്നും സംസാരിക്കുന്ന ജ്ഞാനിയായ ഭ്രാന്തനാണ് എഴുത്തുകാരന്‍ എന്ന് കണ്ടെത്തുന്ന വിമര്‍ശകന്‍ ആ സ്വഭാവമുള്ള എഴുത്തുകാരനെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സദാചാരത്തെ സംബന്ധിച്ച് പാരമ്പര്യം അനുശാസിക്കുന്ന എല്ലാ ധാരണകളേയും ധിക്കരിച്ചുപോകുന്ന കഥയാണ് വിജയന്റെ 'എട്ടുകാലി.' ഹിംസാ പ്രവണതയുള്ള ലൈംഗിക സ്വാതന്ത്ര്യത്തെ സ്വപ്നം കാണുകയാണ് വിജയന്‍. എല്ലാവരുടേയും ഉപബോധത്തിലുള്ള സദാചാരവിരുദ്ധവും വികൃതവുമായ ലൈംഗിക വികാരങ്ങള്‍ കഥയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ധര്‍മ്മവിരുദ്ധമായ കാമം കലാവിരുദ്ധമായ ഒരു പ്രശ്‌നമല്ല എന്നു വിമര്‍ശകന്‍ വാദിക്കുന്നുണ്ട്. സാഹിത്യകൃതികളില്‍ ജീവിതത്തിന്റെ ബാഹ്യവും ഭൗതികവുമായ അവസ്ഥകള്‍ മാത്രം ചിത്രീകരിച്ചാല്‍ പോരാ, മനസ്സിന്റെ അകത്തളങ്ങളിലെ അപരിചിതവും ആപല്‍ക്കരവുമായ കറുത്ത ഭാവങ്ങള്‍കൂടി ചിത്രീകരിക്കണമെന്ന് ഈ വിമര്‍ശകന്‍ വാദിക്കുന്നു. ലൈംഗികതയെ അതിന്റെ എല്ലാ തീവ്രതകളോടും അവതരിപ്പിക്കുന്ന കൃതി വായനക്കാരനു മാനസികമായ ആരോഗ്യം നല്‍കുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. സദാചാരവിരുദ്ധവും ധര്‍മ്മ വിരുദ്ധവുമായ കാമത്തെ കലയില്‍ ചിത്രീകരിക്കുന്നതിനെ ന്യായീകരിക്കുവാനും അതില്‍ സൗന്ദര്യശാസ്ത്രപരമായ അര്‍ത്ഥം കണ്ടെത്തുവാനും മലയാളത്തിലെ ഒരു വിമര്‍ശകനും ഒരിക്കലും തയ്യാറായിട്ടില്ല. അതെല്ലാം കലയിലെ വിപത്തായിട്ടാണ് കരുതപ്പെടുന്നത്. അത്തരം ഉറച്ചുപോയ ധാരണകളെ ഇളക്കിമാറ്റുകയാണ് കെ.പി. അപ്പന്‍ ഇവിടെ ചെയ്യുന്നത്.

പാരമ്പര്യ ധാരണകളെ ധിക്കരിച്ചു വരുന്ന കലാസൃഷ്ടികളെ സ്വാഗതം ചെയ്യുവാന്‍ പൊതുവേ വിമര്‍ശകര്‍ക്കു മടിയാണ്. വലിയ അദ്ധ്വാനവും ശ്രദ്ധയോടെയുള്ള സൂക്ഷ്മവായനകളും ആവശ്യമാണ് വിരുദ്ധസൗന്ദര്യവുമായി വരുന്ന കൃതികളെ വിലയിരുത്തുവാന്‍. കെ.പി. നിര്‍മ്മല്‍ കുമാറിന്റേയും മേതില്‍ രാധാകൃഷ്ണന്റേയും രചനകള്‍ പാരമ്പര്യത്തെ ധ്വംസിച്ചു വരുന്നവയാണ്. ആ എഴുത്തുകാരുടെ കലാസൃഷ്ടികളെ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുകയാണ്  'അപാരമ്പര്യത്തിന്റെ ഊര്‍ജ്ജ പ്രവാഹം' എന്ന ലേഖനത്തില്‍. വായനക്കാര്‍ക്ക് പരിചിതമായ സൗന്ദര്യധാരണകളുമായി വരുന്ന രചനകളെ പരിചയപ്പെടുത്താന്‍ വിമര്‍ശകന്റെ ആവശ്യമില്ല. മേല്‍പ്പറഞ്ഞ രചയിതാക്കളുടെ കാര്യത്തില്‍ വ്യാഖ്യാനവും വിലയിരുത്തലും ആവശ്യമായിരുന്നു. ആ വിമര്‍ശന ധര്‍മ്മമാണ് അപ്പന്‍ നിറവേറ്റുന്നത്. ഓരോ കഥയും ഓരോ സമ്പ്രദായത്തിനു പ്രാരംഭമിടുകയും അവിടെവച്ചു തന്നെ അതിനെ ഒഴിവാക്കുകയും ചെയ്യുകയാണ് ഈ എഴുത്തുകാര്‍ എന്ന് അപ്പന്‍ പറയുന്നു. അവരുടെ കഥകള്‍ എല്ലാവിധ വ്യവസ്ഥാപിത മാതൃകകളേയും നിരാകരിക്കുന്നു. ഇവര്‍ കലയിലുടെ അപാരമ്പര്യത്തിന്റെ സര്‍ഗ്ഗാത്മകമായ അരാജകത്വം സൃഷ്ടിക്കുന്നു. നിര്‍മ്മല്‍ കുമാറിന്റെ 'ഗൗതല ജറ', 'ബിര്‍ഷേബ', മേതില്‍ രാധാകൃഷ്ണന്റെ 'എങ്ങനെയൊരു പഴുതാരയെ കൊല്ലാം', 'ശ്വാനദിനങ്ങളുടെ ചരിത്രരേഖ', 'ഹിച്ച്‌കോക്കിന്റെ ഇടപെടല്‍' എന്നീ കഥകള്‍ സൃഷ്ടിച്ച പാരമ്പര്യവിരുദ്ധമായ അരാജക സൗന്ദര്യം എടുത്തു കാണിക്കുന്നു. നിര്‍മ്മല്‍ കുമാറിനും മേതില്‍ രാധാകൃഷ്ണനും ധാരാളം വായനക്കാരെ നേടിയെടുക്കുവാന്‍ ഈ നിരൂപണം സഹായിച്ചു. മലയാളത്തിലെ വായനക്കാരുടെ സൗന്ദര്യ വിചാരത്തെ വലിയ തോതില്‍ വിപുലപ്പെടുത്തിയ ചെറുലേഖനമായിരുന്നു അത്. രൂപത്തില്‍ ചെറുതെങ്കിലും ആശയങ്ങളുടെ കാര്യത്തില്‍ വളരെ വലിയ ലേഖനമാണ് അത്.

അപ്പന്റെ ചിന്തകള്‍ മിക്കപ്പോഴും നിലവിലിരിക്കുന്ന ആശയങ്ങളേയും ലാവണ്യ സങ്കല്പങ്ങളേയും തകിടംമറിച്ചുകൊണ്ട്  നീങ്ങുന്നതു കാണാം. നിലവിലുള്ള ആശയം ആവര്‍ത്തിക്കുന്നത് അപ്പന്റെ രീതിയല്ല. 'മലയാള ഭാവനയെക്കുറിച്ചുള്ള എന്റെ പ്രത്യാശ' എന്ന ലേഖനത്തില്‍ നമ്മുടെ ചിന്തയെ തകിടംമറിക്കുന്ന  ചിന്തയുണ്ട്. കൂടുതല്‍ വായനക്കാര്‍ ശ്രദ്ധിക്കാത്ത ലേഖനമാണിത്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെക്കാള്‍ മികച്ച കൃതി ഉണ്ണായി വാര്യരുടെ നളചരിതമാണെന്ന് ആ ലേഖനത്തില്‍ അപ്പന്‍ അഭിപ്രായപ്പെടുന്നു. വായനക്കാരെ നടുക്കുന്ന ഒരാശയമാണത്. കാളിദാസനെപ്പറ്റി അങ്ങനെ പറയാമോ എന്നായിരിക്കും സാധാരണ വായനക്കാരന്‍ ചിന്തിക്കുന്നത്. നാം നമ്മുടെ അപകര്‍ഷതാബോധംകൊണ്ട് ശാകുന്തളത്തിനു മുന്‍പില്‍ മുട്ടുകുത്തി നില്‍ക്കുകയാണ് എന്ന് അപ്പന്‍ പറയുന്നു. വികാരജീവികളുടെ ഉപരിപ്ലവമായ വൈകാരിക ദൗര്‍ബ്ബല്യങ്ങള്‍ ധാരാളമായി ശാകുന്തളത്തിലുണ്ടെന്ന് അപ്പന്‍ അഭിപ്രായപ്പെടുന്നു. സ്ത്രീ  പുരുഷ ബന്ധത്തിന്റെ ആഴം കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത് നളചരിതത്തിലാണ്. സോഫോക്ലീസിന്റേയും ഷേക്‌സ്പിയറിന്റേയും നാടകങ്ങളില്‍ കാണുന്നപോലെ ഇരുണ്ട ശക്തികളും മനുഷ്യന്റെ ഇച്ഛാശക്തികളും തമ്മിലുള്ള രൂക്ഷമായ പോരാട്ടം നളചരിതത്തിലുണ്ട്. തിന്മയെക്കുറിച്ചുള്ള പ്രഹേളികാസ്വഭാവമുള്ള ഉള്‍ക്കാഴ്ച കൂടിയായപ്പോള്‍ ഉണ്ണായി വാര്യരുടെ കൃതി ഒരു ഇരുണ്ട മാജിക്കായിത്തീര്‍ന്നുവെന്നും അപ്പന്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് കാളിദാസന്റ ശാകുന്തളത്തെക്കാള്‍ വളരെ ഉയരത്തിലാണ് ഉണ്ണായിവാര്യരുടെ നളചരിതത്തിന്റെ സ്ഥാനം. വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്പന്‍ പ്രകടിപ്പിച്ച ഈ അഭിപ്രായം മലയാള വിമര്‍ശനം വേണ്ടതുപോലെ ചര്‍ച്ച ചെയ്തിട്ടില്ല. തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട വിടര്‍ത്തി വിശദീകരിക്കേണ്ട ഒരഭിപ്രായമാണിത്. ഇതെല്ലാം വായിക്കുമ്പോള്‍ കെ.പി. അപ്പന്‍ തന്നെ ഉണ്ണായിവാര്യരുടെ നളചരിതത്തെപ്പറ്റി ദീര്‍ഘമായ ഒരു പഠനമെഴുതിയിരുന്നെങ്കില്‍ എന്ന് നല്ല വായനക്കാര്‍ ആഗ്രഹിച്ചുപോകും.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com