വിമര്‍ശനത്തിലൂടെ അഗാധതയുടെ വാതിലുകള്‍ തുറന്നിടുവാന്‍ യത്‌നിച്ച അപ്പന്‍

By പ്രസന്നരാജന്‍  |   Published: 13th March 2023 04:44 PM  |  

Last Updated: 13th March 2023 04:44 PM  |   A+A-   |  

appan

 

ലഹപ്രിയനായ അപ്പന്റെ വിമര്‍ശനത്തിന്റെ രൗദ്രഭാവം ഈ പുസ്തകത്തില്‍ കാണാം.  താണ്ഡവമാടുന്ന  ഖണ്ഡനവിമര്‍ശനം പുസ്തകത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മുന്‍കാല വിമര്‍ശകരുമായി അപ്പന്‍ വിട്ടുവീഴ്ചകളില്ലാത്ത വിധത്തില്‍ കലഹിക്കുന്നു. സവിശേഷമായ സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളിലും ദാര്‍ശനിക കാഴ്ചപ്പാടിലും ഉറച്ചുനിന്നുകൊണ്ടുള്ള സൗന്ദര്യപരമായ കലഹങ്ങളാണ് അവ. വ്യക്തിവിദ്വേഷമല്ല അതിന്റെ പിന്നിലുള്ളത്. പഴകിയ അഭിരുചിയോടും അപ്രസക്തമായ കലാചിന്തയോടും വിട്ടുവീഴ്ചയില്ലാതെ വഴക്കുകൂടുന്ന വിമര്‍ശകനെ പല ലേഖനങ്ങളിലും കാണാം. സാഹിത്യവിമര്‍ശനത്തില്‍ ദാര്‍ശനിക കാഴ്ചപ്പാട് സ്വീകരിച്ച് കൃതികളുടെ ദര്‍ശനബോധവും സൗന്ദര്യമൂല്യങ്ങളും അന്വേഷിച്ച അപ്പന്‍ മലയാളത്തിലെ സാഹിത്യവിമര്‍ശനത്തില്‍  വലിയ ചിന്താവിപ്ലവം സൃഷ്ടിച്ച വിമര്‍ശകനാണ്. പ്രത്യക്ഷമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും ജനജീവിതത്തിന്റെ നേര്‍ചിത്രങ്ങളും അന്വേഷിച്ച വായനക്കാര്‍ക്കും സാമൂഹിക ശാസ്ത്രപരമായ വിമര്‍ശനരീതി പൊതുരീതിയായി സ്വീകരിച്ച വിമര്‍ശകര്‍ക്കും പുരോഗമന വീക്ഷണമുള്ള വിമര്‍ശകര്‍ക്കും ഒട്ടൊന്നുമല്ല അപ്പന്റെ വിമര്‍ശനം അലോസരം സൃഷ്ടിച്ചത്. പരമ്പരാഗതമായ സാഹിത്യരീതികളില്‍ ഉറച്ചുനിന്ന വിമര്‍ശകരേയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഈ രണ്ട് വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട വിമര്‍ശകരോടും നിരന്തരം പടവെട്ടിയാണ് അദ്ദേഹം മുന്നോട്ടു നീങ്ങിയത്. ആ കടന്നാക്രമണം ഈ ഗ്രന്ഥത്തിന്റെ പ്രധാന ഭാഗമാണ്. ആ കാലത്ത് സാഹിത്യവിമര്‍ശന ലോകത്ത് വലിയ സാന്നിദ്ധ്യമായിരുന്ന പ്രൊഫ. സുകുമാര്‍ അഴീക്കോട്, പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള എന്നിവര്‍ക്കു നേരെയാണ് അപ്പന്‍ വിമര്‍ശന ശരങ്ങളയച്ചത്. ആ ആക്രമണങ്ങള്‍ക്കു പിന്നില്‍ പല പ്രേരണകളുണ്ട്. മലയാള സാഹിത്യത്തില്‍ പിറവിയെടുത്ത പുതിയ സാഹിത്യകൃതികള്‍ക്കു നേരെ മുഖം തിരിക്കുകയും പഴകിയ ധാരണകളെ മുറുകെപിടിക്കുകയും ചെയ്ത യാഥാസ്ഥിതിക വിമര്‍ശകരോടുള്ള രോഷമാണ് ഒരു പ്രേരണ. വായനക്കാര്‍ പുതിയ കഥയേയും കവിതയേയുമൊക്കെ ഹൃദയത്തോട് ചേര്‍ത്തുവച്ചപ്പോള്‍ നിരൂപകര്‍ പുതുമകളെയൊക്കെ തള്ളിപ്പറഞ്ഞു. സാഹിത്യത്തിലെ പുതുമകളെ ഇതള്‍വിടര്‍ത്തിക്കാണിച്ച നവീന നിരൂപണത്തോട് കഴിഞ്ഞ തലമുറയിലെ നിരൂപകര്‍ കാണിച്ച അസഹിഷ്ണുതയാണ് മറ്റൊന്ന്.

കേസരി, മാരാര്‍, മുണ്ടശ്ശേരി എന്നിവര്‍ക്കു ശേഷം കടന്നുവന്ന ആ വിമര്‍ശകര്‍ക്കു സ്വന്തമായ കാഴ്ചപ്പാടും ലാവണ്യദര്‍ശനവും ഇല്ലായിരുന്നു എന്ന് അപ്പന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. സുകുമാര്‍ അഴീക്കോടിന്റേത് ജീര്‍ണ്ണിക്കുന്ന യാഥാസ്ഥിതിക വിമര്‍ശനമാണെന്നു ചൂണ്ടിക്കാണിച്ച് ആ ജീര്‍ണ്ണതകള്‍ക്കു നേരേ കലഹിക്കുകയാണ് അപ്പന്‍. 'ജീര്‍ണ്ണിക്കുന്ന യാഥാസ്ഥിതിക വിമര്‍ശനം', 'മലയാള വിമര്‍ശനത്തിലെ ചേരിതിരിവുകള്‍', 'ഗവേഷണം എന്ന ചീട്ടുകൊട്ടാരം' എന്നീ ലേഖനങ്ങളില്‍ ആ കലഹം കാണാം. പിന്നീട് പ്രസിദ്ധീകരിച്ച 'കലാപം വിവാദം വിലയിരുത്തല്‍' എന്ന കൃതിയിലെ 'എല്ലാം തുറന്നു പറയുന്നത് ഫലിതമാണ്', 'നിലനില്‍പ്പിന് വേണ്ടിയുള്ള വിലാപം' എന്നീ ലേഖനങ്ങളിലും അഴീക്കോടിനു നേരെ കലഹിക്കുന്നുണ്ട്. സാഹിത്യവിമര്‍ശനത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ട ജീവിതമാണ് അഴീക്കോടിന്റേതെന്നു പറഞ്ഞ് ആദരവോടെ തന്നെയാണ് വിമര്‍ശിക്കുന്നത്. വിമര്‍ശനത്തില്‍ വ്യക്തിവിദ്വേഷങ്ങളൊന്നുമില്ല. ആശയപരമായ ഭിന്നതകള്‍ രൂക്ഷമായി പ്രകാശിപ്പിക്കുന്നുവെന്നേയുള്ളൂ. വര്‍ത്തമാനകാലത്തെ സാഹിത്യം ഉള്‍ക്കൊള്ളുവാനാകാത്തവിധം പഴകിയ സൗന്ദര്യബോധമാണ് ഈ പ്രൊഫസറുടേതെന്ന് അപ്പന്‍ തുറന്നു പറയുന്നു. സാഹിത്യപഞ്ചാനനന്റെ ശൈലിയെ ഓര്‍മ്മയില്‍ കൊണ്ടുവരുന്ന പഴഞ്ചന്‍ ശൈലിയും കാഴ്ചപ്പാടുമാണ് അഴീക്കോടിന്റേതെന്ന് ഉദാഹരണം ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നു. മലയാള സാഹിത്യത്തിന്റെ ഗതി തിരിച്ചുവിട്ട കേസരിയോടല്ല, കേരളവര്‍മ്മയോടും സാഹിത്യപഞ്ചാനനനോടും അടുക്കുവാനാണ് അഴീക്കോട് തുനിഞ്ഞത്. തന്റെ കാലത്തെ മൗലിക പ്രതിഭയുള്ള എഴുത്തുകാരായ ടി. പത്മനാഭനേയും സി.ജെ. തോമസിനേയും മറ്റും കണ്ടെത്തുവാന്‍ ആവാത്തവിധം പ്രൊഫ. അഴീക്കോടിന്റെ സൗന്ദര്യബോധം ജീര്‍ണ്ണിച്ചു പഴകിയ പാരമ്പര്യവുമായി ഇഴുകിച്ചേര്‍ന്നു കിടക്കുന്നു എന്നാണ് അപ്പന്‍ പറയുന്നത്. നവവിമര്‍ശനത്തിനു നേരേ സുകുമാര്‍ നടത്തിയ ആക്ഷേപങ്ങള്‍ക്ക് ഉചിതമായ മറുപടി പറയുകയും ചെയ്തു.

ആധുനിക വിമര്‍ശകരെ നേരിടാന്‍ മാര്‍ക്‌സിസ്റ്റ് വിമര്‍ശകനായ പി. ഗോവിന്ദപ്പിള്ളയുടെ സഹായം ആവശ്യപ്പെട്ടുകൊണ്ട് കത്തിന്റെ രൂപത്തില്‍ ലേഖനമെഴുതിയ എസ്. ഗുപ്തന്‍ നായര്‍ക്കു നേരെയും അപ്പന്‍ രോഷം ചൊരിയുന്നുണ്ട്. അതുപോലെ ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന പി. ഗോവിന്ദപ്പിള്ളയ്ക്ക് അദ്ദേഹം സ്വീകരിക്കുന്ന വിമര്‍ശന സമ്പ്രദായത്തിന്റെ വികാസം ഉള്‍ക്കൊണ്ട് കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പുതിയ  നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം ശക്തിയായി ഉന്നയിക്കുന്നു. പഴകിയ സോഷ്യല്‍ റിയലിസത്തിന്റെ സൗന്ദര്യ ശിക്ഷണമാണ് ഇപ്പോഴും ഗോവിന്ദപ്പിള്ളയ്ക്ക് ഉള്ളൂ എന്നും എടുത്തുപറയുന്നു. സച്ചിദാനന്ദന്റേയും ബി. രാജീവന്റേയും നിരൂപണത്തിലെ നവമാര്‍ക്‌സിസ്റ്റ് സമീപനത്തെ സ്വാഗതം ചെയ്യുന്നുമുണ്ട് അപ്പന്‍. പ്രൊഫ. കെ.എം. തരകന്‍, ജി.എന്‍. പണിക്കര്‍ എന്നിവരും അപ്പന്റെ വിമര്‍ശനത്തിനു വിധേയമാകുന്നുണ്ട്.

ഒരു വിമര്‍ശകന്‍ എന്ന നിലയില്‍ എതിര്‍പ്പുകളും കഴിഞ്ഞ തലമുറയുമായുള്ള ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളും ശക്തമായി പ്രകടിപ്പിച്ചാല്‍ മാത്രം പോരാ, സാഹിത്യകൃതികളുമായി ആന്തരികമായ സംവാദങ്ങള്‍ കൂടി നടത്തേണ്ടതുണ്ട്. രണ്ടാമത്തേതാണ് ഏറ്റവും പ്രധാനം. ഈ വിമര്‍ശനകൃതിയിലും അതുണ്ട്. ഏറ്റവും ഒടുവില്‍ ചേര്‍ത്തിരിക്കുന്ന 'ആത്മവേദനകളുടെ പിതൃഭൂമിയില്‍' എന്ന മൂന്ന് ഭാഗങ്ങളായി തിരിച്ച ദീര്‍ഘമായ ലേഖനം അത്തരത്തിലുള്ളതാണ്. ജര്‍മന്‍ എഴുത്തുകാരനായ ഹെര്‍മന്‍ ഹെസ്സെയുടെ നോവലുകളെക്കുറിച്ചുള്ള വിശദമായ അന്വേഷണമാണ്. സാഹിത്യവിമര്‍ശനം കലാസൃഷ്ടിയായി മാറുന്നതിന്റെ ഉദാഹരണമായി ഈ പഠനത്തെ ചൂണ്ടിക്കാട്ടാം.  

സുകുമാർ അഴീക്കോട്

മലയാളത്തിലെ മുന്‍കാല വിമര്‍ശകരുടെ ചിന്തയുടെ ഗൃഹങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു ഭാഗമുണ്ട് പുസ്തകത്തില്‍. 'സന്ദര്‍ശനങ്ങള്‍' എന്ന് ആ ഭാഗത്തിനു ശീര്‍ഷകം കൊടുത്തിരിക്കുന്നു. സാഹിത്യപഞ്ചാനനന്‍, കേസരി, മാരാര്‍, മുണ്ടശ്ശേരി, സഞ്ജയന്‍, കുറ്റിപ്പുഴ, സി.ജെ., ഡോ. കെ. ഭാസ്‌കരന്‍ നായര്‍ എന്നീ വിമര്‍ശകരെ തന്റേതായ രീതിയില്‍ വിമര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഇവിടെ. ഈ ലേഖനങ്ങളെല്ലാം ചേര്‍ത്ത് ഒരു പ്രത്യേക പുസ്തകമായിത്തന്നെ പ്രസിദ്ധീകരിക്കുവാന്‍ ആലോചിച്ചതാണ്. പിന്നീട് വേണ്ടെന്നു വച്ചു. കുറച്ചു വാക്കുകളില്‍ വലിയ വിമര്‍ശകരെ അഗാധതയില്‍ വരച്ചുകാണിക്കുകയാണ് ഇവിടെ. മലയാള വിമര്‍ശനത്തില്‍ വലിയ ചുവടുവയ്പുകള്‍ നടത്തിയ വലിയ വിമര്‍ശകരെ അടുത്തറിയാന്‍ ശ്രമിക്കുന്നു. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞ് വായനക്കാരെ മുഷിപ്പിക്കുന്നില്ല. പറയാനുള്ള കാര്യങ്ങള്‍ സ്ഫുടമായും വ്യക്തമായും ഏറ്റവും കൃത്യമായ വാക്കുകളുപയോഗിച്ചും പറയുകയാണ് വിമര്‍ശകന്‍ ഇവിടെ. ഓരോ വിമര്‍ശകന്റേയും പ്രതിഭയുടെ മൗലികതയും ചിന്തയുടെ വഴികളും തന്റേതായ രീതിയില്‍ അപ്പന്‍ അവതരിപ്പിക്കുന്നു. പകല്‍ മുഴുവന്‍ കഴുകന്‍ കൊത്തി മുറിവേല്‍പ്പിച്ചിട്ടും രാത്രിയില്‍ വളരുന്ന പ്രൊമിത്യൂസിന്റെ കരളിനെ ഓര്‍മ്മിപ്പിക്കുന്ന കേസരിയുടെ ആത്മവീര്യം കേസരിയെക്കുറിച്ചെഴുതിയ ചെറുലേഖനത്തില്‍ എടുത്തു കാണിക്കുന്നു. കുറ്റിപ്പുഴയുടെ സ്വതന്ത്ര ചിന്തയും മാരാരുടെ ഹിംസാത്മക വ്യക്തിത്വവും സി.ജെ.യുടെ പ്രക്ഷോഭ വാസനയും അറിവിന്റെ മഹര്‍ഷിയാകാന്‍ ശ്രമിച്ച ഡോ. ഭാസ്‌കരന്‍ നായരുടെ സവിശേഷ വ്യക്തിത്വവും അപ്പന്‍ ഈ ലേഖനങ്ങളില്‍ വിശദമാക്കുന്നു. നമ്മുടെ സാഹിത്യവിമര്‍ശനത്തെ ഏറ്റവും സൂക്ഷ്മമായി വിലയിരുത്തുന്ന പഠനങ്ങളാണ് ഇവ ഓരോന്നും. സാധാരണ രീതിയില്‍ പറയുന്ന 'വസ്തുനിഷ്ഠ'മായ വിലയിരുത്തല്ല ഇത്. പൂര്‍വ്വികരായ വിമര്‍ശകരും താനും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം അന്വേഷിക്കുകയാണ് അദ്ദേഹം. ഫലത്തില്‍ അത് വിമര്‍ശനത്തിന്റെ വിമര്‍ശനമാകുന്നു.

'കലഹവും വിശ്വാസവും' എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തോടെ കെ.പി. അപ്പന്‍ മലയാളത്തില്‍ ആര്‍ക്കും അവഗണിക്കാനാകാത്ത വിമര്‍ശകനായി മാറി. ആ പുസ്തകം പുറത്തിറക്കിയത് 'ലിറ്റില്‍ പ്രിന്‍സ് പബ്ലിക്കേഷന്‍സ്' എന്ന പുതിയ പ്രസാധകരാണ്. പ്രസാധകര്‍ അപ്പനോട് ആവശ്യപ്പെട്ടതനുസരിച്ച് പുസ്തകം തയ്യാറാക്കുകയാണ് അപ്പന്‍ ചെയ്തത്. പൊതുധാരയിലുള്ള പ്രസാധകര്‍ക്ക് അപ്പോഴും അപ്പന്റെ പുസ്തകങ്ങളില്‍ താല്പര്യമില്ലായിരുന്നു എന്നര്‍ത്ഥം. പക്ഷേ, മലയാളത്തിലെ നല്ല സംവേദന ശക്തിയുള്ള വായനക്കാര്‍ ഈ പുസ്തകത്തെ വേഗത്തില്‍ സ്വീകരിച്ചു. അപ്പന്റെ കരുത്തുള്ള കാവ്യാത്മകമായ ശൈലിയും ദാര്‍ശനികമായ കാഴ്ചപ്പാടും സൗന്ദര്യമൂല്യങ്ങളിലുള്ള ദൃഢതയും വായനക്കാര്‍ സന്തോഷത്തോടെ സ്വാഗതം ചെയ്തു. സാഹിത്യലോകത്തെ പ്രമാണിമാരും പണ്ഡിത വിമര്‍ശകരും അപ്പനെ അവഗണിക്കുവാന്‍ കിണഞ്ഞുപരിശ്രമിക്കുകയും ചെയ്തു. അന്നത്തെ പുതിയ തലമുറയിലെ ശ്രദ്ധേയനായ ഒരു കഥാകൃത്ത് 'കലഹവും വിശ്വാസവും' എന്ന ഗ്രന്ഥത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉള്‍ക്കാഴ്ചയുള്ള ഒരു ലേഖനം എഴുതി. പുസ്തകനിരൂപണമല്ല, വിമര്‍ശനത്തിന്റെ മൗലികതയിലേക്കും നിരീക്ഷണങ്ങളുടെ അപൂര്‍വ്വതയിലേക്കും ശൈലിയുടെ സവിശേഷതകളിലേക്കും ആഴത്തില്‍ കടന്നുചെല്ലുന്ന പഠനമായിരുന്നു അത്. കെ.പി. നിര്‍മ്മല്‍ കുമാര്‍ എന്ന കഥാകാരനാണ് അത് എഴുതിയത്. 'പുതിയ എഴുത്തുകാരനും പുതിയ വിമര്‍ശകനും' എന്നായിരുന്നു ലേഖനത്തിന്റെ ശീര്‍ഷകം. അപ്പന്റെ ഒരു വാക്യമുദ്ധരിച്ചു ചേര്‍ത്തിട്ട് ഇപ്രകാരം തുടങ്ങുന്നു: 'ഈ സൃഷ്ടി പുതിയ വിമര്‍ശകന്റെ അറിവും ധിക്കാരവും നിറഞ്ഞ അടിസ്ഥാനപരമായ ചിന്തകളുടെ കടന്നല്‍ക്കൂട്ടങ്ങളാണ്. ഈ പുതിയ വിമര്‍ശകന്‍ സല്ലാപപ്രിയനല്ല. അപ്പന്റെ വിനയരാഹിത്യത്തിനുപോലും സര്‍ഗ്ഗസംഘര്‍ഷത്തിന്റെ രക്തച്ചുവപ്പുണ്ട്. കലഹവും വിശ്വാസവും ജീര്‍ണ്ണ പാരമ്പര്യങ്ങളുമായി കലഹിക്കുന്നു. സ്വന്തം വെളിപാടുകളില്‍ വിശ്വസിക്കുന്നു. ചിന്താശീലനായ ഓരോ വായനകാരനേയും ഈ പുസ്തകം ഗൗരവത്തോടെ സമീപിക്കുന്നു.'

നോവല്‍ വിമര്‍ശനത്തില്‍ വന്‍ ചുവടുവയ്പുകള്‍

കെ.പി. അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യരൂപം നോവലാണ്. ചെറുകഥ രണ്ടാമതേ വരുന്നുള്ളൂ. തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗം അദ്ദേഹം നോവല്‍ വായനയ്ക്കുവേണ്ടി മാറ്റിവച്ചു. അദ്ദേഹം ഗൗരവമേറിയ വായന തുടങ്ങിയ ആദ്യ നാളുകളില്‍ മലയാളത്തില്‍ പുതിയൊരു നോവല്‍ വസന്തം തന്നെ ഉണ്ടായി. 1966ല്‍ കാക്കനാടന്റെ  'സാക്ഷി' പുറത്തുവന്നതോടെയാണ് അത് ആരംഭിച്ചത്. എഴുപതുകളുടെ അന്ത്യം വരെ ആ വസന്തം നിലനിന്നു. ഭാഷയിലും ശൈലിയിലും മൗലികതയും മാന്ത്രികമെന്നു വിശേഷിപ്പിക്കാവുന്ന ആഖ്യാനവും നവീനമായ കാഴ്ചപ്പാടും നിറഞ്ഞ നോവലുകളുടെ ഉത്സവമാണന്നുണ്ടായത്. നല്ല വായനക്കാര്‍ക്ക് വായനയുടെ ആനന്ദവും ലഹരിയും പകര്‍ന്ന നോവലുകള്‍! അവ മലയാള നോവലില്‍ പുതിയൊരു പാരമ്പര്യം തന്നെ സൃഷ്ടിച്ചു. അപ്പനിലെ വായനക്കാരനേയും വിമര്‍ശകനേയും സര്‍ഗ്ഗാത്മകമായി ഉണര്‍ത്തിയ നോവലുകളായിരുന്നു അന്ന് പുറത്തിറങ്ങിയ ആധുനിക നോവലുകളെല്ലാം. ഓരോ നോവല്‍ പുറത്തിറങ്ങുമ്പോഴും അതിനെപ്പറ്റി വിശദമായി പഠിച്ച് എഴുതുവാന്‍ അപ്പന്‍ മുന്നോട്ടു വന്നു. 'ഖസാക്കി'നെക്കുറിച്ചും 'കാല'ത്തെക്കുറിച്ചും 'ആള്‍ക്കൂട്ട'ത്തെക്കുറിച്ചും ആഴ്ചപ്പതിപ്പുകളില്‍ ആദ്യം പുസ്തക നിരൂപണ പംക്തികളില്‍ അദ്ദേഹം എഴുതി. ആ എഴുത്ത് അദ്ദേഹത്തിന് ഒട്ടും തൃപ്തി കൊടുത്തില്ല. ലോക നോവല്‍ സാഹിത്യത്തിലെ ക്ലാസ്സിക്കുകളും ആധുനിക യൂറോപ്യന്‍ സാഹിത്യത്തിലെ മികച്ച നോവലുകളും ചെറുപ്പം മുതല്‍ വായിച്ചാസ്വദിച്ചയാളാണ് അപ്പന്‍. മലയാളത്തില്‍ അറുപതുകളുടെ ഒടുവില്‍ മുതല്‍ ഗംഭീരങ്ങളായ നോവലുകള്‍ ഉണ്ടായപ്പോള്‍ അതിനെപ്പറ്റി വിശദമായി എഴുതുവാന്‍ വലിയ താല്പര്യമുണ്ടായിരുന്നു. എന്നാല്‍, തിടുക്കം കാണിക്കാതെ അതിനുവേണ്ട നവീനമായ സൗന്ദര്യശാസ്ത്രപരമായ കരുക്കള്‍ രൂപപ്പെടുത്തുവാന്‍ തുനിയുകയാണ് ആദ്യം ചെയ്തത്. അതാണ് 'തിരസ്‌കാരം.' അതിനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞു. 'തിരസ്‌കാരം' എഴുതിക്കഴിഞ്ഞപ്പോള്‍ അടുത്ത പുസ്തകമായി അപ്പന്‍ ഭാവന ചെയ്തത് ആധുനിക മലയാള നോവലിന്റെ മാറുന്ന വശത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമായിരുന്നു. നേരത്തെ ചൂണ്ടിക്കാണിച്ചപോലെ ഇതോടൊപ്പം വര്‍ത്തമാനകാലത്തെ സാഹിത്യപ്രശ്‌നങ്ങളില്‍ നിരന്തരം സജീവമായി ഇടപെട്ടുകൊണ്ടുമിരുന്നു. തര്‍ക്കങ്ങളില്‍ ഇടപെടുമ്പോഴും ഖണ്ഡനവിമര്‍ശത്തിന്റെ വാള്‍ ഉയര്‍ത്തുമ്പോഴുമെല്ലാം അദ്ദേഹം പുതിയ ഘട്ടത്തിലെ നോവലുകളുടെ ആഴം അന്വേഷിക്കുകയായിരുന്നു. ആഴത്തില്‍ പോകുക എന്നത് അപ്പന്റെ ശീലമാണ്. ആല്‍പ്‌സും ഹിമാലയവും അടുത്തുനിന്നു കാണണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് ഒരു ഇന്റര്‍വ്യൂവില്‍ അപ്പന്‍ പറയുന്നുണ്ട്. ആധുനിക മലയാള നോവലിനേയും ഏറ്റവും അടുത്തുനിന്ന് ആഴത്തില്‍ കാണുകയാണ് 'മാറുന്ന മലയാള നോവല്‍' എന്ന പുസ്തകത്തില്‍ അദ്ദേഹം.                    
 

വികെഎൻ

വഴിമാറുന്ന നോവല്‍ വിമര്‍ശനം 

ഈ പുസ്തകം പൂര്‍ത്തിയാക്കുവാനെടുത്ത സമയം മറ്റൊരു പുസ്തകത്തിനുവേണ്ടിയും അപ്പന്‍ എടുത്തുകാണില്ല. ഒരു വിഷയത്തെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം അടുത്ത ദിവസം എഴുതി തുടങ്ങുകയില്ല. ആ വിഷയത്തെപ്പറ്റിയുള്ള തപസ്സ് ആരംഭിക്കും. ഒരു മഹര്‍ഷിയെപ്പോലെ ചിന്തയുടെ ആഴം വര്‍ദ്ധിപ്പിച്ചു തുടങ്ങും. ഒരു നിഷേധിയെപ്പോലെ നിലവിലുള്ള ധാരണകളൊക്കെ തിരിച്ചിടും. തന്റെ ചിന്തയെ തുറന്നുവിട്ട്  പുതിയ വഴികള്‍ അന്വേഷിച്ചു തുടങ്ങും. നോവലുകള്‍ ഓരോന്നും പല പ്രാവശ്യം വായിച്ച് അതിലേക്ക് ആഴ്ന്നിറങ്ങി അതില്‍ മറഞ്ഞുകിടക്കുന്ന സൂക്ഷ്മഭാവങ്ങളും ദാര്‍ശനിക വശങ്ങളും പുറത്തുകൊണ്ടുവരാനുള്ള കഠിന ശ്രമമാണ് പിന്നീട് വിമര്‍ശകന്‍ നടത്തുന്നത്. എം.ടി, ആനന്ദ്, ഒ.വി. വിജയന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, സേതു, വി.കെ.എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നീ നോവലിസ്റ്റുകളുടെ നോവലുകളാണ് സൂക്ഷ്മപരിശോധനയ്ക്കും വിശകലനത്തിനും മൂല്യനിര്‍ണ്ണയത്തിനും വിധേയമാക്കിയിട്ടുള്ളത്. ഈ പുസ്തകം നമ്മുടെ നോവല്‍ വിമര്‍ശനത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച പുസ്തകമാണ്. കേസരി, എം.പി. പോള്‍, ഡോ. കെ. ഭാസ്‌കരന്‍ നായര്‍, പി.കെ. ബാലകൃഷ്ണന്‍ എന്നീ നോവല്‍ വിമര്‍ശകരുടെ വിമര്‍ശനത്തിനുശേഷം നമ്മുടെ നോവല്‍ വിമര്‍ശനത്തില്‍ പുതിയൊരു അദ്ധ്യായം ഈ പുസ്തകത്തോടെ ആരംഭിക്കുന്നു. നോവലുകള്‍ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളാണ് അവതരിപ്പിക്കേണ്ടതെന്ന കേസരിയുടേയും പോളിന്റേയും വീക്ഷണം അപ്പന്‍ സ്വീകരിക്കുന്നില്ല. നോവല്‍ സമൂഹത്തിനു നേരേ ഉയര്‍ത്തിപ്പിടിച്ച കണ്ണാടിയാണ് എന്നും മറ്റുമുള്ള ഉറച്ച  ധാരണകളെ അദ്ദേഹം നിഷേധിക്കുന്നു. മനുഷ്യജീവിതത്തിലെ ഭൗതികമായ പ്രശ്‌നങ്ങളല്ല, അതിഭൗതികവും തത്ത്വചിന്താപരവുമായ പ്രശ്‌നങ്ങളാണ് നോവലില്‍ ചിത്രീകരിക്കേണ്ടതെന്ന നിലപാടാണ് അപ്പന്‍ സ്വീകരിച്ചത്. മനുഷ്യാസ്തിത്വത്തെ സംബന്ധിക്കുന്ന നിത്യമായ പ്രശ്‌നങ്ങളാണ് കലാകാരന്റെ വിഷയം എന്ന നിലപാടില്‍ ഉറച്ചുനിന്ന് രചിച്ച പുസ്തകമാണിത്. കാലം, മരണം, ജീവിതത്തിന്റെ ആത്യന്തികമായ അര്‍ത്ഥം എന്നിങ്ങനെയുള്ള ദാര്‍ശനിക പ്രശ്‌നങ്ങളിലാണ് ഗ്രന്ഥകാരന്‍ ഊന്നുന്നത്. ഈ കാഴ്ചപ്പാടില്‍ ഉറച്ചുനിന്നാണ് അദ്ദേഹം നോവല്‍ വായിക്കുന്നത്. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന തത്ത്വചിന്താപരമായ പ്രശ്‌നങ്ങള്‍ നോവലില്‍ ചിത്രീകരിക്കണമെന്ന് അപ്പനു മുന്‍പ് പറഞ്ഞ മലയാളത്തിലെ രണ്ട് വിമര്‍ശകര്‍ ഡോ. കെ. ഭാസ്‌കരന്‍ നായരും പി.കെ. ബാലകൃഷ്ണനുമാണ്. സി.വി. രാമന്‍പിള്ളയെക്കുറിച്ച് എഴുതിയപ്പോഴാണ് ഡോ. ഭാസ്‌കരന്‍ നായര്‍ അങ്ങനെ പറഞ്ഞത് ('ദൈവനീതിക്കു ദാക്ഷിണ്യമില്ല'). ദസ്തയേവ്‌സ്‌കിയെക്കുറിച്ച് എഴുതിയപ്പോള്‍ പി.കെ. ബാലകൃഷ്ണനും അത് പറഞ്ഞു ('നോവല്‍ സിദ്ധിയും സാധനയും'). അപ്പന്‍ അത് തന്റെ സഹജമായ മനോഭാവത്തില്‍നിന്നും അഭിരുചിയില്‍നിന്നും യൂറോപ്യന്‍ നോവലുകളില്‍നിന്നും മനസ്സിലാക്കിയ കാര്യമാണ്. പടിഞ്ഞാറന്‍ ആധുനിക നോവലുകളില്‍ ദൃശ്യമായ ദാര്‍ശനിക തലമാണ് അപ്പനെ ആകര്‍ഷിച്ചത്. വായനയുടെ ആദ്യഘട്ടത്തില്‍ അത്തരം നോവലുകളാണ് അദ്ദേഹം നിരന്തരം വായിച്ചത്. ആ സവിശേഷമായ കാഴ്ചപ്പാടില്‍നിന്നാണ്  ആധുനിക മലയാള നോവലിനെ പരിശോധിക്കുന്നത്.

അസ്തിത്വവാദം എന്ന ആധുനിക കാലത്തിന്റെ തത്ത്വചിന്തയില്‍നിന്നുമുള്ള ആശയങ്ങളും കല്പനകളും പദാവലികളുമാണ് ഈ പഠനങ്ങള്‍ക്കു ശക്തിയും സൗന്ദര്യവും ആഴവും പകര്‍ന്നു കൊടുക്കുന്നത്. ആ ചിന്താപദ്ധതിയെ ഒഴിവാക്കിക്കൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ  സാഹിത്യ കൃതികളെ വിലയിരുത്താനാവില്ല. അത്രമേല്‍ അഗാധമായി അത് എഴുത്തിന്റെ ബോധത്തെ സ്വാധീനിച്ചിട്ടുണ്ട്. പാസ്‌കലിന്റേയും കീര്‍ക്കിഗറിന്റേയും ഹൈഡഗറുടേയും നീത്‌ഷേയുടേയും സാര്‍ത്രിന്റേയും വാക്കുകളും ആശയങ്ങളും ധാരാളമായി ഉപയോഗിച്ചാണ് ആധുനിക കാലത്തിന്റെ ദാര്‍ശനികവും സൗന്ദര്യപരവുമായ  ലോകത്തെ വിലയിരുത്തുന്നത്.  ദസ്തയേവ്‌സ്‌കി, തോമസ് മന്‍, കാഫ്ക, കമ്യൂ തുടങ്ങിയ സര്‍ഗ്ഗാത്മക എഴുത്തുകാരുടെ വാക്കുകളും ബിംബകല്പനകളും ഈ കാലത്തിന്റെ കലയെ മനസ്സിലാക്കുവാന്‍ ധാരാളമായി ഈ വിമര്‍ശകന്‍ ഉപയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ഇന്ത്യയുടെ ദാര്‍ശനിക പാരമ്പര്യത്തില്‍നിന്നുമുള്ള പ്രകാശവും ആധുനിക കാലത്തെ സാഹിത്യകൃതികളിലെ അന്തര്‍ധാരകളെപ്പറ്റി പഠിച്ചപ്പോള്‍ അപ്പന്‍ സ്വീകരിക്കുന്നതായി കാണാം. ഭാരതീയ വേദാന്തചിന്തയിലെ ചില അറിവുകളും സങ്കല്പങ്ങളും ആധുനിക നോവലിലെ ദാര്‍ശനികതയുടെ ആഴം മനസ്സിലാക്കുവാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഭാഷയുടെ പരിമിതിയെക്കുറിച്ചും ഭാഷയും ദര്‍ശനവും തമ്മിലുള്ള കലഹത്തെക്കുറിച്ചും പറയുമ്പോള്‍ കേനോപനിഷത്തിലെ വിചാരരീതിയും ഭര്‍ത്തൃഹരിയുടെ സംജ്ഞകളും ഉപയോഗിക്കുന്നതു കാണാം. ശബ്ദത്തെ ഉടച്ച് അകത്തുകടന്ന് പരമാര്‍ത്ഥം ദര്‍ശിക്കുവാനും ആ അനുഭവത്തിന്റെ അറിവില്‍ പുതിയ ഭാഷ സൃഷ്ടിക്കുവാനും ഒ.വി. വിജയന്‍ ശ്രമിച്ചത് ഭര്‍ത്തൃഹരിയുടെ വാക്കുകള്‍ സ്വീകരിച്ചാണ് വിമര്‍ശകന്‍ വിശദീകരിക്കുന്നത്. വിജയന്റെ പ്രതിഭ ഭാരതീയ വേദാന്തികള്‍ പറഞ്ഞ തരത്തിലുള്ള ഒരു പരമപദത്തിനു സമീപമെത്തുന്നുവെന്ന് ഒരു ഭാഗത്ത് പറയുന്നുണ്ട്. ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നിങ്ങനെയുള്ള ത്രിപുടികള്‍ നശിച്ച് എല്ലാം ഒന്നായിത്തീരുന്ന അവസ്ഥയാണ് വേദാന്തികള്‍ പറയുന്ന പരമപദം. ഇത്തരമൊരവസ്ഥയില്‍ വിജയന്റെ പ്രതിഭ എത്തിച്ചേരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. തന്റെ സ്വകാര്യമായ ബോദ്ധ്യങ്ങളും കണ്ടെത്തലുകളും വിശദീകരിക്കുവാന്‍ ഏതു ഭാഗത്തുനിന്നും അറിവുകളും ആശയപ്രകാശന രീതികളും സ്വീകരിക്കാന്‍ അപ്പന്‍ തയ്യാറായി. തത്ത്വചിന്തയില്‍നിന്നും സൗന്ദര്യശാസ്ത്രത്തില്‍നിന്നും ചരിത്രത്തില്‍നിന്നും മനശ്ശാസ്ത്രത്തില്‍നിന്നും നരവംശ ശാസ്ത്രത്തില്‍ നിന്നുമെല്ലാം വെളിച്ചവും ഊര്‍ജ്ജവും സ്വാംശീകരിച്ചാണ് കലയുടെ രഹസ്യങ്ങള്‍ തേടുന്നത്.     
       
ഈ നോവല്‍ പഠനങ്ങളില്‍ ഒന്നൊഴിച്ച് മറ്റെല്ലാം 'കലാകൗമുദി' വാരികയില്‍ പ്രസിദ്ധീകരിച്ചവയാണ്. വാരികയില്‍ ഈ പഠനങ്ങള്‍ വന്നപ്പോള്‍ തന്നെ നല്ല വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു വായനക്കാരന്‍ എന്ന നിലയില്‍ എന്റെ വായനാനുഭവം എഴുതുവാന്‍ ആഗ്രഹിക്കുന്നു. പഠനവിഷയമാക്കിയ നോവലുകളെല്ലാം ഞാന്‍ പല തവണ വായിച്ചിട്ടുള്ളവയാണ്. പക്ഷേ, അപ്പന്റെ നോവല്‍ പഠനം വായിച്ചപ്പോള്‍ അവയെല്ലാം പെട്ടെന്ന് അപരിചിതമായി തോന്നി. എം.ടിയുടെ 'മഞ്ഞ്', എന്ന നോവലിനെക്കുറിച്ചുള്ള പഠനം, 'സമയതീരങ്ങളിലെ സംഗീതം' വായിച്ചു കഴിഞ്ഞപ്പോള്‍ 'മഞ്ഞ്' എന്ന നോവല്‍ മറ്റൊന്നായി മനസ്സില്‍ പിറന്നു എന്നുതന്നെ പറയാം. അത് നഷ്ടപ്രണയത്തിന്റെ, കാത്തിരിപ്പിന്റെ ഭാവാത്മക നോവലായിരുന്നു മുന്‍പ്. എന്നാല്‍, നിരൂപണത്തിലൂടെ അപ്പന്‍ ആ നോവലിന്റെ അര്‍ത്ഥതലങ്ങള്‍ വികസിപ്പിച്ചു. രാത്രിയില്‍ ആകാശം നോക്കിനില്‍ക്കുന്ന ഒരാള്‍ക്ക് നക്ഷത്രങ്ങളുടെ എണ്ണം പെരുകിവരുന്നതായി അനുഭവപ്പെടുമെന്ന ഒരു പടിഞ്ഞാറന്‍ ചിന്തകന്റെ വാക്കുകള്‍ ഉദ്ധരിച്ച ശേഷം അപ്പന്‍ പറയുന്നു, മഞ്ഞ് എന്ന നോവല്‍ ആവര്‍ത്തിച്ചു വായിച്ചപ്പോള്‍ അതുപോലെ ഒരുപാട് അര്‍ത്ഥതലങ്ങള്‍ വിടര്‍ന്നുവരുന്നതായി തനിക്ക് അനുഭവപ്പെട്ടു എന്ന്.  'മഞ്ഞി'ലെ വാക്കുകളും കല്പനകളും അതിലെ പദസംഗീതവും സൂക്ഷ്മമായി പരിശോധിച്ച് അത് ധ്വനിപ്പിച്ചു കേള്‍ക്കുന്ന അര്‍ത്ഥധ്വനികള്‍ വിശദീകരിക്കുന്നു. കാലത്തേയും മരണത്തേയും സംബന്ധിക്കുന്ന സൂചനകളിലൂടെ 'മഞ്ഞ്' ആര്‍ദ്രമായ വിഷാദത്തിന്റേയും വിരഹത്തിന്റേയും മഞ്ഞല്ല അത് 'പൊള്ളുന്ന' മഞ്ഞാണ് എന്നു നിരൂപണത്തിലൂടെ നാമറിയുന്നു. മഞ്ഞ് എന്ന നോവല്‍ പ്രമേയമാക്കി വിമര്‍ശകര്‍ രചിച്ച മറ്റൊരു കലാസൃഷ്ടിയായി 'സമയതീരങ്ങളിലെ സംഗീതം' മാറുന്നു. നിരൂപകനെ സ്തുതിക്കുകയാണെന്നു വിചാരിക്കരുത്. ആശയങ്ങളും കാവ്യാനുഭവങ്ങളും വിശദീകരിക്കുവാന്‍ വിമര്‍ശകന്‍ ഉപയോഗിക്കുന്ന വാക്കുകളും രൂപകങ്ങളും ബാഹ്യമായ അലങ്കാരങ്ങളായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നില്ല. തന്റെ  ഉള്ളിലെ വായനാനുഭൂതികള്‍ ആവിഷ്‌കരിക്കുവാന്‍ വേണ്ടിയാണ് സാഹിത്യ കലാകാരനെപ്പോലെ അതുപയോഗിച്ചത്. സാഹിത്യനിരൂപണത്തെപ്പറ്റി ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ 'എന്റെ കൃതി ഒരു അസംസ്‌കൃത വസ്തുവായി സ്വീകരിച്ച് വിമര്‍ശകര്‍ പുതിയ സൃഷ്ടി നടത്തുന്നതായി അനുഭവമുണ്ടായിട്ടുണ്ട്' എന്ന് എം.ടി. പറഞ്ഞത് ഓര്‍ക്കുന്നു. എം.ടി. ഇതു പറഞ്ഞപ്പോള്‍ അപ്പന്‍ എഴുതിയതും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരിക്കണം. പൊതുവേ പറഞ്ഞാല്‍ നോവലുകളെ ആസ്പദമാക്കി അപ്പന്‍ രചിച്ച സ്വന്തം രചനകളായി ഈ പുസ്തകത്തിലെ ലേഖനങ്ങളെ കാണാമെന്ന് തോന്നുന്നു. അദ്ദേഹം 'തിരസ്‌കാര'ത്തില്‍ അവതരിപ്പിച്ച വിമര്‍ശന സങ്കല്പങ്ങള്‍ ഈ വിമര്‍ശന പഠനങ്ങളില്‍ സാഫല്യമടയുന്നു.
                                 
 

ഒവി വിജയൻ

വിജയന്റെ ആനന്ദരഹിതമായ ചിരി

'ഖസാക്കിന്റെ ഇതിഹാസ'ത്തെക്കുറിച്ച് എഴുതിയ വിമര്‍ശന പഠനത്തിന്റെ ശീര്‍ഷകം  'നിരാനന്ദത്തിന്റെ ചിരി' എന്നാണ്. ഈ ലേഖനം വാരികയില്‍ കണ്ടപ്പോള്‍ പലര്‍ക്കും സംശയം തോന്നി. നിരാനന്ദം എന്നൊരു വാക്കുണ്ടോ? പലരും 'ശബ്ദതാരാവലി' നോക്കുകയും ചെയ്തു. അങ്ങനെയൊരു വാക്കില്ലെന്ന് ശഠിക്കുന്നവര്‍ ഇന്നുമുണ്ട്. 'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ മനുഷ്യജീവിതത്തിന്റെ നിരര്‍ത്ഥകതയറിഞ്ഞ് വിജയന്‍ ചിരിക്കുന്നുണ്ടെന്നും ആ ചിരി കാണാത്തവര്‍ക്ക് ആ നോവല്‍ ഒരു അടഞ്ഞ പുസ്തകമാണെന്നും അപ്പന്‍ ആ പഠനത്തില്‍ തീര്‍ത്തു പറയുന്നു. നിരാനന്ദത്തിന്റെ ചിരി എന്ന പ്രയോഗം ഒ.വി. വിജയന് വളരെ ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്. തന്റെ മനസ്സ് ആഴത്തിലറിഞ്ഞ വിമര്‍ശകനാണ് അപ്പനെന്ന് വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജയനുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ആഷാ മേനോന്‍.  'ഖസാക്കു' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നുകൊണ്ടിരുന്ന നാളുകളില്‍ തന്നെ വിജയനു കത്തെഴുതി ബന്ധം സ്ഥാപിച്ചു ആഷാമേനോന്‍. നിരാനന്ദത്തിന്റെ ചിരി എന്ന അപ്പന്റെ പ്രയോഗത്തെപ്പറ്റി ആഷാമേനോനോട് വിജയന്‍ പറഞ്ഞത് നോവലിനെ 'മനോഹരമായി നിര്‍വ്വചിച്ച' (Beautifully defined) പ്രയോഗമാണ് അതെന്നാണ്. ഇക്കാര്യം പി.കെ. ഹരികുമാറിനോടും പറഞ്ഞതായി ഹരികുമാറും രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ നോവലിനെപ്പറ്റി മാത്രമല്ല, തന്റെ അടിസ്ഥാന സ്വഭാവ വിശേഷത്തെക്കുറിച്ചും അപ്പന്‍ മനസ്സിലാക്കി എന്ന് വിജയന്‍ ഹരികുമാറിനോട് പറഞ്ഞു. 'നിരാനന്ദത്തിന്റെ ചിരി'യെപ്പറ്റി ദല്‍ഹി പ്രസ്സ് ക്ലബ്ലിന് മുന്‍പിലുള്ള പുല്‍പ്പരപ്പില്‍ വച്ചു നടത്തിയ ദീര്‍ഘമായ വര്‍ത്തമാനത്തിനിടയില്‍  ഇപ്രകാരം വിജയന്‍ ഹരികുമാറിനോട് പറഞ്ഞു:

'ഞാനൊരുപാട് ചിരിച്ചിട്ടുണ്ട്. പക്ഷേ, ആനന്ദം അനുഭവിച്ചിട്ടേ ഇല്ലെന്നു പറയാം. എന്തൊ അങ്ങനെയായിരുന്നു. എന്റെ അടിസ്ഥാന സ്വഭാവവിശേഷത്തെ എത്ര അത്ഭുതകരമായാണ് ആ നിരൂപകന്‍ നോക്കിക്കണ്ടത്. എനിക്കതിശയം തോന്നി.'

എല്ലാ എഴുത്തുകാരും അപ്പന്റെ നിരൂപണത്തെ സ്വാഗതം ചെയ്തു കാണില്ല. കാക്കനാടന്റെ നോവലുകളെപ്പറ്റി ദീര്‍ഘമായ പഠനമുണ്ട് ഈ പുസ്തകത്തില്‍. 'പലപ്പോഴും ശിഥില സമാധിയില്‍' എന്ന പേരില്‍. കാക്കനാടന്റെ സാഹിത്യജീവിതത്തെ അതിന്റെ തുടക്കം മുതല്‍ വളരെ താല്പര്യത്തോടെ വീക്ഷിച്ച വിമര്‍ശകനാണ് അപ്പന്‍. ആദ്യകാലത്ത് ഒരുപാട് തെറ്റിദ്ധരിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്ത എഴുത്തുകാരനാണ് കാക്കനാടന്‍. അക്കാലത്ത് 'കാക്കനാടനെ മനസ്സിലാക്കുക' എന്ന ശീര്‍ഷകത്തില്‍ എഴുതിയതിനെപ്പറ്റി മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്. ഈ ലേഖനത്തില്‍ കാക്കനാടനെ സമഗ്രമായി വിലയിരുത്തുന്നു. കാളിദാസനില്‍ നിന്നും ശിഥില സമാധി എന്ന പദം സ്വീകരിച്ച്, കാക്കനാടന്‍ സൃഷ്ടിയുടെ വേളയില്‍ പലപ്പോഴും ശിഥില സമാധിയിലാണെന്നു കണ്ടെത്തുന്ന ഉള്‍ക്കാഴ്ചയുള്ള പഠനമാണത്. കാക്കനാടന്റെ ഭാഷയിലെ പുരുഷ പ്രകൃതിയേയും പരുക്കന്‍ സംഗീതത്തേയും പ്രശംസിച്ചുകൊണ്ടുതന്നെ ആ പ്രതിഭയുടെ ദൗര്‍ബ്ബല്യങ്ങളിലേക്കു വിരല്‍ചൂണ്ടുന്ന ശക്തമായ വിമര്‍ശനമാണത്. കാക്കനാടന്റെ നോവലുകളെക്കുറിച്ചു വന്ന പഠനങ്ങളില്‍ ഏറ്റവും മികച്ചതാണ് ആ പഠനം. സാക്ഷി, വസൂരി, ഏഴാം മുദ്ര, അജ്ഞതയുടെ താഴ്‌വര എന്നീ നോവലുകളെ സൂക്ഷ്മമായും നിശിതമായും വിലയിരുത്തുന്ന ഈ വിമര്‍ശന പഠനത്തിന് മലയാള വിമര്‍ശന ചരിത്രത്തില്‍ തന്നെ സവിശേഷമായ സ്ഥാനമുണ്ട്. എന്നാല്‍, ഈ പഠനം കാക്കനാടന് ഇഷ്ടമായില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

അക്രമത്തിന്റേയും ലൈംഗികതയുടേയും ആവിഷ്‌കാരം കാക്കനാടന്റെ രചനകളില്‍ ഉണ്ടെന്നു പറഞ്ഞ് ആരംഭിക്കുന്ന പഠനം ആ വലിയ എഴുത്തുകാരന്റെ പ്രതിഭയെ അടുത്തറിയുന്നുണ്ട്. 'ഏഴാംമുദ്ര' എന്ന നോവല്‍ വിശദമായ വിശകലനത്തിനു വിധേയമാക്കുന്നു. ആപല്‍ക്കരമായ ശിഥിലസമാധിയില്‍നിന്നും ഉണര്‍ന്നു രചിച്ച രചനയാണിത്. ബൈബിളിലെ വെളിപാടു പുസ്തകവുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നു. യെരൂശലേമിന്റെ മേല്‍ വീഴാന്‍ പോകുന്ന ഭയങ്കരമായ വിനാശത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് വെളിപാട് പുസ്തകത്തില്‍. മനുഷ്യന്‍ അന്യോന്യം കൊല്ലുവാന്‍ തക്കവണ്ണം ഭൂമിയില്‍നിന്നും സമാധാനം എടുത്തുകളയാന്‍ അധികാരം ലഭിച്ചവര്‍ ചുവന്ന കുതിരപ്പുറത്തു പ്രത്യക്ഷപ്പെടുമെന്നും മറ്റുമുള്ള മുന്നറിയിപ്പുകളാണ് മുദ്രയടിക്കപ്പെട്ട പുസ്തകത്തിലെ  മുദ്രകള്‍ പൊട്ടിച്ചപ്പോള്‍ പുറത്തുവന്നത്. നമ്മുടെ സാമൂഹിക ജീവിതത്തില്‍ ഉണ്ടാകുവാന്‍ പോകുന്ന ധര്‍മ്മപ്രശ്‌നത്തെക്കുറിച്ചും അതിന്റെ ഭയങ്കരമായ വിനാശത്തെക്കുറിച്ചും മുന്നറിയിപ്പു നല്‍കുന്ന ഒരാധുനിക വെളിപാട് പുസ്തകമാണ് 'ഏഴാംമുദ്ര' എന്ന് കണ്ടെത്തുകയാണ് വിമര്‍ശകന്‍. നോവലിലെ ഭാഷയുടെ താളക്രമം എടുത്തുകാട്ടിയും അതിലുപയോഗിച്ചിരിക്കുന്ന പഴയനിയമത്തിലേയും പുതിയനിയമത്തിലേയും കല്പനകള്‍ വിവരിച്ചും ഇക്കാര്യങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. എന്നാല്‍, വിശ്വാസിയുടെ മട്ടിലല്ല എഴുതപ്പെട്ടിരിക്കുന്നത്. കൃതിയില്‍ ഉടനീളം ഐറണിയുണ്ട്, ഭാവവൈപരീത്യദര്‍ശനമുണ്ട്. കാക്കനാടന്റെ കലാപ്രതിഭയില്‍ ദൈവനിന്ദയുടെ നക്ഷത്രപ്രകാശം ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. മലയാള സാഹിത്യത്തില്‍ ആധുനികതയുടെ ശബ്ദം ശക്തമായി ഉയര്‍ത്തിയ, പാരമ്പര്യത്തിനു നേരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ട കാക്കനാടനിലെ കലാകാരനെ വിമര്‍ശകന്‍ അടുത്തറിയുന്നു ഇവിടെ.

ആനന്ദ്, എം. മുകുന്ദന്‍, സേതു, വി.കെ.എന്‍ എന്നിവരുടെ നോവലുകളും പഠനവിഷയമാക്കുന്നു. ഒരുപാട് വായിച്ചും ആലോചിച്ചും തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഇവയെല്ലാം എഴുതിയതെന്ന് വ്യക്തമാണ്. ഒരു കലാസൃഷ്ടി ഉള്‍ക്കൊള്ളാന്‍ എന്തു ത്യാഗവും ചെയ്യുവാന്‍ ഈ വിമര്‍ശകന്‍ തയ്യാറാണ്. ഇത്രമാത്രം 'ജോലി ചെയ്യുന്ന' നിരൂപകന്‍ ആധുനിക ഘട്ടത്തിലില്ല എന്ന് 'മാറുന്ന മലയാള നോവല്‍' എന്ന പുസ്തകം വിളിച്ചുപറയുന്നുണ്ട്. അഗാധതയുടെ വാതിലുകള്‍ തുറക്കുവാനാകും എന്ന് കസാന്‍ദ് സാക്കിസ് 'ബുദ്ധന്‍' എന്ന നാടകത്തില്‍ പറയുന്നുണ്ട്. അപ്പനും തന്റെ വിമര്‍ശനത്തിലൂടെ കലാസൃഷ്ടികളിലെ അഗാധതയുടെ വാതിലുകള്‍ തുറന്നിടുവാന്‍ യത്‌നിക്കുന്നു എന്ന് വി.കെ.എന്നിനെക്കുറിച്ചെഴുതിയ അഗാധപഠനം വെളിവാക്കുന്നു. വി.കെ.എന്നിനെക്കുറിച്ച് എഴുതിയ 'കോമാളിയുഗത്തിലെ പുരുഷഗോപുരങ്ങള്‍' എന്ന ദീര്‍ഘമായ നിരൂപണം മലയാള നിരൂപണം കണ്ട ഏറ്റവും മികച്ച നിരൂപണ പഠനങ്ങളില്‍ ഒന്നാണത്. നോക്കൂ, മലയാള ഭാഷ ദര്‍ശിച്ച ഏറ്റവും വലിയ കോമിക് ജീനിയസ്സിനെ നാം ഇവിടെ അപ്പന്‍ പരിചയപ്പെടുന്നു. വി.കെ.എന്‍ എന്ന വലിയ എഴുത്തുകാരനെ നിരൂപണത്തിലൂടെ കണ്ടെത്താന്‍ നമ്മുടെ പ്രമുഖ വിമര്‍ശകര്‍ക്ക് എന്നും മടിയായിരുന്നു. തിന്നുന്നതിനെക്കുറിച്ചും കുടിക്കുന്നതിനെക്കുറിച്ചും എഴുതുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ വി.കെ.എന്നിനെ മാറ്റി നിര്‍ത്തുകയാണ് പല വിമര്‍ശകരും ചെയ്തത്. എന്നാല്‍, വായനക്കാരില്‍ നല്ലൊരു വിഭാഗം വി.കെ.എന്‍ എന്ന എഴുത്തുകാരനെ 'ആഘോഷിച്ചു' എന്നുതന്നെ പറയാം. പക്ഷേ, അപ്പോഴും വിമര്‍ശകര്‍ മടിച്ചുനിന്നു. വി.കെ.എന്നിലെ കലാകാരന്റെ വീര്യവും ഭിന്നമായ സൗന്ദര്യമൂല്യങ്ങളും ഫലിതബോധത്തിന്റെ കിരാത ശക്തിയും അപ്പന്‍ കണ്ടറിയുകയും ഏറ്റവും ശക്തവും ഹൃദ്യവുമായ ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്തു.

'നോവലിന്റെ കലയില്‍ ഒരു വഴിമാറി നടപ്പ്' എന്ന എം. മുകുന്ദന്റെ നോവലിനെക്കുറിച്ചുള്ള പഠനം ആ എഴുത്തുകാരന്റെ സാഹിത്യജീവിതത്തെപ്പറ്റിയുള്ള നിശിതമായ വിലയിരുത്തലാണ്. മുകുന്ദന്റെ വഴിമാറി നടപ്പിനേയും അദ്ദേഹം നോവലില്‍ സൃഷ്ടിച്ച വന്‍ പുതുമകളേയും പുതിയ കാഴ്ചപ്പാടുകളേയും നന്നായി പ്രശംസിക്കുന്നുണ്ടെങ്കിലും ആ കലാകാരന്റെ കലയുടെ പരിമിതികളിലേക്ക് ശക്തിയായി വിരല്‍ചൂണ്ടുന്നുമുണ്ട്. അസ്തിത്വവാദത്തില്‍നിന്നും പ്രചോദനം സ്വീകരിച്ച് മുകുന്ദന്റെ കല മലയാള നോവലിനെ പുതിയ ചക്രവാളത്തേക്ക് നയിച്ചത് ഉചിതമായി ചൂണ്ടിക്കാണിക്കുന്നു. ചിത്രകലയുമായുള്ള നോവലിന്റെ ബന്ധം എടുത്തുകാണിക്കുന്നു. ആന്തരിക മൂകതയോടുള്ള ആഭിമുഖ്യം മൗനത്തിന്റെ കലയായ ചിത്രകലയിലേക്ക് മുകുന്ദനെ അടുപ്പിച്ചത് കാണിച്ചുതരുന്നു. പിക്കാസോ, ബ്രാക്ക്, പാള്‍ ഗോഗന്‍ തുടങ്ങിയ ചിത്രകാരന്മാരുടെ ചിത്രങ്ങളുമായി മുകുന്ദന്റെ കല തട്ടിച്ചുനോക്കുന്നു. ഒപ്പം തന്നെ എക്‌സിസ്റ്റന്‍ഷ്യലിസത്തിന്റെ സ്വാധീനത്തില്‍നിന്നും പുതിയൊരു കാഴ്ചപ്പാടിലേക്ക് പോകുവാന്‍ മുകുന്ദനു കഴിയാതെപോയതും ചൂണ്ടിക്കാണിക്കുന്നുണ്ട്. പില്‍ക്കാലത്ത് ജനപ്രീതി നേടിയ നോവലുകളോട് അബോധപരമായ ആഭിമുഖ്യം തോന്നുകയും അത് അദ്ദേഹത്തിന്റെ കലയുടെ കരുത്ത് ചോര്‍ത്തിക്കളയുകയും ചെയ്തുവെന്നും അപ്പന്‍ പറയുന്നുണ്ട്. എം. മുകുന്ദന് നേരെ കടുത്ത വിമര്‍ശനമാണ് അപ്പന്‍ ഇവിടെ ഉയര്‍ത്തുന്നത്. ഇത് കാണാതിരുന്നുകൂടാ. പിന്നീട് മുകുന്ദന്‍ വലിയ ജനപ്രീതി കിട്ടുന്ന നോവലുകളുടെ നിര്‍മ്മാണത്തില്‍ മുഴുകി വര്‍ദ്ധിച്ച ജനപ്രീതി നേടിയെടുക്കുകയും ചെയ്തു എന്ന രൂക്ഷമായ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. ഈ പുസ്തകത്തില്‍ ആധുനികരെ വെറുതെ പുകഴ്ത്തുകയല്ല, അവരെ നിശിതമായ നിരൂപണത്തിനും വിലയിരുത്തലിനും വിധേയമാക്കുകയാണ് കെ.പി. അപ്പന്‍. ഈ സത്യം നാം കാണാതിരിക്കരുത്.

ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായത്തിനും ഓരോ ചിന്താരീതിയും ആവിഷ്‌കരണ കൗശലവുമാണുള്ളത്. സേതുവിന്റെ 'പാണ്ഡവപുരം' എന്ന നോവലിനെ ഭിന്നമായ രീതിയില്‍ അപ്പന്‍ നേരിടുന്നു. ചരിത്രത്തിന്റേയും സാംസ്‌കാരിക നരവംശ ശാസ്ത്രത്തിന്റേയും വെളിച്ചത്തില്‍ 'പാണ്ഡവപുര'ത്തിലെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുവാനുള്ള തീവ്രശ്രമം നടത്തുകയാണ്. ജാരനെ കാത്തിരിക്കുന്ന ദേവി ആദിമ ലൈംഗിക സ്വാതന്ത്ര്യത്തില്‍നിന്നും ഏക ഭര്‍ത്തൃവ്രതത്തിലേക്കുള്ള വരവിനെതിരെ സ്ത്രീ ചേതന പ്രകടിപ്പിക്കുന്ന നിര്‍ബോധപൂര്‍വ്വമായ (Non conscious) പ്രതിഷേധ സ്വപ്നത്തിന്റ പ്രതീകമാണ് എന്ന് സമര്‍ത്ഥിക്കുകയാണ് വിമര്‍ശകന്‍. അതിനായി നരവംശ ശാസ്ത്രജ്ഞനായ ലെവി സ്‌ടോസ്സിന്റേയും മനശ്ശാസ്ത്രജ്ഞനായ യുങ്ങിന്റേയും നിഗമനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ അടിത്തട്ടില്‍ ഉറഞ്ഞുകിടക്കുന്ന മനുഷ്യാനുഭവങ്ങളുടെ അംശങ്ങള്‍ ഇന്നത്തെ മനുഷ്യന്റെ മനസ്സിന്റെ ഉള്ളിലും ഗൂഢമായി കിടക്കുന്നു എന്ന് വിമര്‍ശകന്‍ വ്യക്തമാക്കുന്നു. ബഹുഭര്‍ത്തൃത്വത്തെ സംബന്ധിക്കുന്ന ഭ്രാന്തന്‍ സ്വപ്നങ്ങളാല്‍ സ്ത്രീ പീഡിപ്പിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് ഇവിടെ.

കെപി അപ്പൻ

കുറ്റമറ്റ നിരൂപണമാണ് അപ്പന്റേതെന്ന് പറയാനാവില്ല. അങ്ങനെയുള്ള നിരൂപണം ലോകത്ത് ഒരിടത്തുമുണ്ടാവില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എല്ലാവരും കയ്യടിച്ചു സ്വീകരിക്കുമെന്നും പറയുവാനാകില്ല. അങ്ങനെ ഒരവസ്ഥ വന്നാല്‍ നമ്മുടെ ചിന്ത മരിച്ചു എന്നുതന്നെ അര്‍ത്ഥം. അഭിപ്രായങ്ങള്‍ തമ്മില്‍ നിലപാടുകള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോഴാണ് നമ്മുടെ ബുദ്ധി ഉണരുന്നതും വെളിച്ചം പ്രസരിക്കുന്നതും. അതിനുള്ള സാദ്ധ്യതകള്‍ ഈ പുസ്തകം തുറന്നിടുന്നുമുണ്ട്. ഈ പുസ്തകം എഴുതുന്നതിന്റെ പിന്നിലുള്ള ലഹരിയെക്കുറിച്ച് പിന്നീട് അദ്ദേഹം എഴുതിയിട്ടുണ്ട്. ആധുനിക ഘട്ടത്തിലെ നോവലുകളിലെ ദാര്‍ശനികമായ അര്‍ത്ഥബോധത്തെ വിശകലനം ചെയ്തുകൊണ്ട് നമ്മുടെ നോവല്‍ വിമര്‍ശനത്തില്‍ നിലനിന്നിരുന്ന അവിവേകത്തെ താക്കീതു ചെയ്യുകയായിരുന്നു താന്‍ എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

ആധുനിക നോവലിന് ധാരാളം വ്യത്യസ്ത തലങ്ങളുണ്ടായിരുന്നു. നിശ്ചയമായും അതിന് ദാര്‍ശനികമായ വശമുണ്ടായിരുന്നു. മനുഷ്യാസ്തിത്വത്തെ സംബന്ധിച്ച നിത്യമായ പ്രശ്‌നങ്ങളെ അത് ആഴത്തില്‍ സ്പര്‍ശിക്കുന്നുമുണ്ട്. എന്നാല്‍, ആധുനിക നോവലുകള്‍ക്ക് സാമൂഹികവും രാഷ്ട്രീയവുമായ തലമുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം കാണാതിരുന്നുകൂടാ. ആധുനിക നോവലുകളിലെ കഥാപാത്രങ്ങള്‍ അനുഭവിച്ച തീവ്രവ്യഥകളുടേയും ഒറ്റപ്പെടലുകളുടേയും ഏകാന്തതകളുടേയും പിന്നില്‍ അധികാരവും അതിന്റെ സ്ഥാപനങ്ങളും നടത്തുന്ന ഇടപെടലുകള്‍ കൂടിയുണ്ടെന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാം. നോവലുകളിലെ രാഷ്ട്രീയം വ്യക്തമാണ്. മുകുന്ദന്റെ 'ദല്‍ഹി'യിലും ആനന്ദിന്റെ 'ആള്‍ക്കൂട്ട'ത്തിലും എന്തിന് 'ഖസാക്കി'ല്‍ പോലും സൂക്ഷ്മ രാഷ്ട്രീയമുണ്ട്. ആ വശങ്ങളിലേക്ക് അപ്പന്റെ ചിന്ത കടന്നുചെല്ലുന്നില്ല. ഈ 'അഭാവം' പുസ്തകത്തിനുണ്ട്. ആനന്ദിന്റെ 'ആള്‍ക്കൂട്ട'ത്തെക്കുറിച്ചുള്ള വിമര്‍ശനം അതിനു തെളിവാണ്. 'ആള്‍ക്കൂട്ടം' മലയാള ഭാഷയില്‍ എഴുതപ്പെട്ട ഇന്ത്യന്‍ നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നോവലാണ്. പക്ഷേ, ആ നോവലിനേയും അതിഭൗതിക വീക്ഷണത്തിലാണ് അപ്പന്‍ വിലയിരുത്തിയത്. അസ്തിത്വവ്യഥയുടെ നിത്യാധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുല രേഖകളാണ് ആ നോവല്‍ എന്ന് വിശദീകരിക്കുന്നു. അറുപതുകളിലെ ഇന്ത്യന്‍ യുവത്വം നേരിട്ട വിശ്വാസത്തകര്‍ച്ചകളും രാഷ്ട്രീയ പ്രതിസന്ധികളും മതവും രാഷ്ട്രീയവും ഒത്തുചേര്‍ന്ന് സൃഷ്ടിച്ച ധാര്‍മ്മിക പ്രതിസന്ധികളും ആ നോവലിലെ സംവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആ വശത്തേക്ക് അപ്പന്റെ കണ്ണുകള്‍ അലസമായി മാത്രമേ എത്തിച്ചേരുന്നുള്ളൂ. 'ആള്‍ക്കൂട്ടം' ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളും സ്വാതന്ത്ര്യത്തെ സംബന്ധിച്ച മഹാ പ്രശ്‌നങ്ങളും കൂടി പരിഗണിച്ചിരുന്നുവെങ്കില്‍ എന്ന് വായനക്കാര്‍ പലപ്പോഴും ആഗ്രഹിച്ചുപോകും. എങ്കിലും നോവല്‍ പഠിതാക്കള്‍ക്ക് അവഗണിക്കുവാനാകാത്ത ഒരു വിമര്‍ശനമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

ഇതിലെ ഓരോ ലേഖനവും വിശദമായ ചര്‍ച്ചകള്‍ക്കും അപഗ്രഥനങ്ങള്‍ക്കും വിധേയമാക്കേണ്ടതാണ്. ഓരോ ലേഖനവും നല്ലതുപോലെ ആലോചിച്ചും സമയമെടുത്തും രചിക്കപ്പെട്ടവയാണ്. സവിശേഷമായ അഭിരുചിയുടേയും മനോഭാവത്തിന്റേയും ജീവിതത്തോടുള്ള കാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ കലാസൃഷ്ടികള്‍ നല്‍കിയ സൗന്ദര്യാനുഭൂതികള്‍ രൂപത്തികവോടെ അവതരിപ്പിക്കുന്ന ഈ ലേഖനങ്ങളില്‍ ചിലത് മറ്റൊരു കലാസൃഷ്ടിയായിത്തന്നെ മാറുന്നുണ്ട്. വിമര്‍ശനം സൃഷ്ടിയുടെ സമീപത്ത് എത്തിച്ചേരുന്നു എന്നര്‍ത്ഥം. പുസ്തകത്തിലെ അവസാന ലേഖനം 'ഭാവിയുടെ ഭാവിയില്‍' ഏറ്റവും ശ്രദ്ധേയമാണ്. പുസ്തകത്തില്‍ വിലയിരുത്തപ്പെട്ട കലാസൃഷ്ടികള്‍ക്കെല്ലാം 'കലയുടെ സമുദ്ര പൂര്‍ണ്ണത' ആരും കല്പിച്ചു കൊടുക്കേണ്ട എന്ന് വിലയിരുത്തുന്നു. തുടര്‍ന്ന് ഭാവിയുടെ ഭാവിയിലേക്ക് ഇവ എങ്ങനെ നീങ്ങിനില്‍ക്കുന്നു എന്ന് അന്വേഷിക്കുന്നു. ആധുനിക മനസ്സിനു പഴമയുമായുള്ള അബോധപരമായ ബന്ധം കണ്ടെത്തുന്നു. ഭാരതത്തിന്റ പ്രബലമായ സാഹിത്യസംസ്‌കാരത്തില്‍നിന്നും പലതും സ്വാംശീകരിച്ച് മലയാള ഭാവനയുടെ യഥാര്‍ത്ഥ പാരമ്പര്യം സൃഷ്ടിക്കുന്നതായും സൂചിപ്പിക്കുന്നു. 'ധര്‍മ്മപുരാണം', 'ആരോഹണം', 'പിതാമഹന്‍', 'അഭയാര്‍ത്ഥികള്‍' എന്നീ നോവലുകള്‍ ഭാവിയുടെ ഭാവിയില്‍ പുതിയ പാരമ്പര്യമായി തീര്‍ന്നേക്കാവുന്ന കൃതികളാണ് എന്ന പ്രവചനവും നടത്തുന്നു.
ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് ആകര്‍ഷകമായി പുറത്തിറക്കിയത് ആലപ്പുഴയിലെ ഗൗതമ ബുക്‌സ് എന്ന ചെറിയ പ്രസിദ്ധീകരണ ശാലയാണ്. 1988ലും പൊതുധാരയിലുള്ള വമ്പന്‍ പ്രസാധകര്‍ക്ക് അപ്പന്റെ വിമര്‍ശനകലയോട് താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, അന്നത്തെ വായനക്കാരില്‍ ചെറുതല്ലാത്ത വിഭാഗം അപ്പനില്‍ കരുത്തനായ വിമര്‍ശകനെ കണ്ടു കഴിഞ്ഞിരുന്നു. പുസ്തകവുമായി വമ്പന്‍ പ്രസിദ്ധീകരണ ശാലകളെ സമീപിക്കുവാന്‍ അപ്പന്‍ തയ്യാറായതുമില്ല. പിന്നീട് പല പ്രസാധകര്‍ ഈ പുസ്തകത്തിന്റെ പല പതിപ്പുകള്‍ പുറത്തിറക്കി. ഇന്ന് മലയാളത്തിലെ നോവല്‍ വിമര്‍ശനത്തിലെ ക്ലാസ്സിക് ആയി ഈ പുസ്തകം മാറി.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

വെള്ളക്കാറില്‍ വെള്ള വസ്ത്രങ്ങളുമുടുത്തുള്ള അപ്പന്റെ വരവും പോക്കും...

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ