വെള്ളക്കാറില്‍ വെള്ള വസ്ത്രങ്ങളുമുടുത്തുള്ള അപ്പന്റെ വരവും പോക്കും...

ഭാര്യ ഓമന ടീച്ചര്‍ക്ക് കടുത്ത ഈശ്വരഭക്തിയുണ്ട്. ഇഷ്ടദേവാലയങ്ങളുടെ പതിവ് സന്ദര്‍ശനങ്ങള്‍ ടീച്ചര്‍ മുടക്കാറില്ല. എല്ലാ അമ്പലങ്ങളിലും കൂട്ടുപോകാന്‍ അപ്പനുമുണ്ടാകും. പക്ഷേ, അപ്പന്‍ അമ്പലത്തിന്റെ ഉള്ളില്‍
വെള്ളക്കാറില്‍ വെള്ള വസ്ത്രങ്ങളുമുടുത്തുള്ള അപ്പന്റെ വരവും പോക്കും...

ഗ്ലാഡ് വില്ല' എന്ന വാടകവീട്ടില്‍ ഏഴു വര്‍ഷത്തോളം അപ്പനും കുടുംബവും താമസിച്ചു. സംതൃപ്ത ജീവിതമായിരുന്നു അത്. ഒരു പുത്രന്‍ കൂടി ജനിച്ചു. രണ്ട് ആണ്‍കുട്ടികള്‍. രജിത്തും ശ്രീജിത്തും. അമ്മയും ഒപ്പമുണ്ടായിരുന്നു. രണ്ടാമത്തെ മകനെ സ്‌കൂളില്‍ വിടാന്‍ സമയമായപ്പോള്‍ അമ്മ തിരിച്ച് ആലപ്പുഴയിലേക്കു മടങ്ങിപ്പോയി. അമ്മ തന്നോടൊപ്പം താമസിക്കുവാന്‍ അപ്പന്‍ ആഗ്രഹിച്ചു. പിന്നീട് മരണം വരെ അമ്മ ആലപ്പുഴയിലെ കുടുംബ വീട്ടിലായിരുന്നു. കൊല്ലത്ത് അപ്പന്‍ താമസിച്ചിരുന്ന വാടകവീടിനു സമീപത്ത് സ്ഥലം വാങ്ങി വീടുവച്ചു. 1978 മുതല്‍ ആ പുതിയ വീട്ടില്‍ താമസമായി. 'അശ്വതി' എന്നാണ് വീടിന്റെ പേര്. റോഡിനോട് ചേര്‍ന്നായിരുന്നു വീട്. പിന്നീട് അപ്പനെ അന്വേഷിച്ചു വരുന്നവര്‍ നാഷണല്‍ ഹൈവേയിലെ എസ്.എന്‍. കോളേജ് ജംഗ്ഷനിലിറങ്ങി പത്തു മിനിറ്റ് നടന്ന് 'അശ്വതി'യില്‍ എത്തിത്തുടങ്ങി. പുതിയ വീട്ടില്‍ താമസമായി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അപ്പന്‍ കാര്‍ വാങ്ങി. വെള്ളനിറത്തിലുള്ള ഫിയറ്റ് കാര്‍  പ്രീമിയര്‍ പത്മിനി. ഡ്രൈവിംഗ് പഠിച്ചു. പിന്നെ അതിലായി കോളേജിലേക്കുള്ള യാത്ര, ഭാര്യയുമൊന്നിച്ച്. കാര്‍ ദിവസവും തുടച്ചുമിനുക്കും. അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. പതുക്കെ മാത്രമേ കാറോടിക്കുകയുള്ളൂ. വെള്ളക്കാറില്‍ വെള്ള വസ്ത്രങ്ങളുമുടുത്തുള്ള അപ്പന്റെ വരവും പോക്കും കോളേജിലെ കുട്ടികളും അദ്ധ്യാപകരും ശ്രദ്ധിക്കുമായിരുന്നു.

ശാന്തസുന്ദരമായിരുന്നു അപ്പന്റ കുടുംബ ജീവിതം. ഭാര്യ ഓമന ടീച്ചര്‍ കെമിസ്ട്രിയാണ് കുട്ടികളെ പഠിപ്പിച്ചത്. ഭര്‍ത്താവിന്റെ സാഹിത്യവുമായി ടീച്ചര്‍ക്ക് ഒരു ബന്ധവുമില്ല. ഭര്‍ത്താവിന്റെ ലേഖനങ്ങളോ പുസ്തകങ്ങളോ ടീച്ചര്‍ വായിച്ചിരിക്കുവാന്‍ സാദ്ധ്യതയില്ല. പക്ഷേ, ഭര്‍ത്താവിന്റേയും മക്കളുടേയും എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും വീട്ടിലെ മറ്റു കാര്യങ്ങളുമെല്ലാം ടീച്ചറിന്റെ ചുമതലയിലായിരുന്നു. വീട്ടില്‍ വരുന്ന അതിഥികളെ സ്‌നേഹത്തോടെ സ്വീകരിക്കുവാനും അവര്‍ക്കു ചായ കൊടുക്കുവാനും എപ്പോഴും ശ്രദ്ധിച്ചു. വാസ്തവത്തില്‍ അതൊരു ജോലി തന്നെയായിരുന്നു. ചിലപ്പോള്‍ പ്രൊഫ. ജി. കുമാരപിള്ള, എം.കെ. സാനു എന്നിവരെപ്പോലെ അപ്പനു ഗുരുസ്ഥാനീയരായവര്‍ വീട്ടില്‍ താമസിക്കുകയും ചെയ്യും. അവര്‍ക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഒരുക്കുന്നതും ടീച്ചറാണ്. അപ്പന്‍ എപ്പോഴും സ്വതന്ത്രനായിരിക്കും. താന്‍ ഒരു ലോഡ്ജില്‍ താമസിക്കുന്നതുപോലെ സ്വതന്ത്രനായാണ് വീട്ടില്‍ താമസിക്കുന്നതെന്ന് അപ്പന്‍ തമാശ പറയുമായിരുന്നു. എന്നാല്‍, ഭാര്യയോടും മക്കളോടും  സ്‌നേഹവാത്സല്യത്തിന് ഒരു കുറവുമില്ലായിരുന്നു. വായനയുടേയും എഴുത്തിന്റേയും ലോകത്തിലായിരുന്നു അദ്ദേഹം എപ്പോഴും. ഭാര്യയും മക്കളുമൊത്ത് ഇടയ്ക്ക് പുറത്തുപോകും. വെള്ളനിറത്തിലുള്ള മനോഹരമായ  'പ്രീമിയര്‍ പത്മിനി' കാറിലാകും യാത്ര. ഈ കാറ് ഒരുപാട് വര്‍ഷക്കാലം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കാര്‍ എപ്പോഴും വൃത്തിയാക്കും. പൊടി തുടച്ച് മിനുക്കിയാവും യാത്ര. വെള്ളനിറത്തിലുള്ള കാര്‍ മെല്ലെ മെല്ലെ അപ്പന്‍ ഓടിച്ചു പോകുന്നതിനെപ്പറ്റി പലരും പറഞ്ഞിട്ടുണ്ട്. ആഷാമേനോന്‍ അപ്പന്റെ കാറോടിക്കുന്നതിലെ ചന്തത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അപ്പന്റെ സ്വകാര്യജീവിതം ശാന്തമായതുകൊണ്ട് എഴുതുവാനും വായിക്കുവാനും സാധിച്ചു. ആ ദാമ്പത്യം മറ്റുള്ളവരില്‍ അസൂയയുളവാക്കുന്നതായിരുന്നു. അദ്ദേഹം ഒരിക്കല്‍ എഴുതി: '...എന്റെ ബുദ്ധിപരമായ ജീവിതം വീട്ടില്‍ ഭദ്രമാണ്. അങ്ങേയറ്റം ശാന്തമായൊരു അന്തരീക്ഷം ഓമനയും (എന്റെ ഭാര്യ) മക്കളും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.'

അപ്പനും ഭാര്യയും തമ്മില്‍ ഒന്‍പതു വയസ്സ് പ്രായവ്യത്യാസമുണ്ട്. കുട്ടിക്കാലം മുതല്‍ അറിയാം. അപ്പന്റെ ചിട്ടകളുമായി ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുവാന്‍ ഭാര്യയ്ക്കു കഴിഞ്ഞു. അതാണ് ആ ദാമ്പത്യത്തിന്റെ വിജയരഹസ്യമെന്നു തോന്നുന്നു. ഭാര്യ, അപ്പന്റെ മരണശേഷം ആരുമറിയാത്ത അപ്പനെപ്പറ്റി അപ്പന്റെ വിദ്യാര്‍ത്ഥിയും പത്രപ്രവര്‍ത്തകനുമായ കെ. രാജന്‍ബാബുവിനോട് പറഞ്ഞിട്ടുണ്ട്. 'അശ്വതിയിലെ ആരുമറിയാത്ത വീട്ടുകാരന്‍' എന്ന ലേഖനത്തില്‍ രാജന്‍ബാബു അത് വിശദീകരിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ നിഷ്ഠകള്‍ തന്നെ വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ അത്ഭുതപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞു:

'തന്റെ നിഷ്ഠകള്‍ക്കായുള്ള കലഹങ്ങള്‍ അദ്ദേഹം വീട്ടിലും കാട്ടി. ആദ്യകാലത്തൊക്കെ എനിക്കു വിഷമം വന്നിട്ടുണ്ട്. ഞാനും വിട്ടുകൊടുത്തില്ല. ഒടുവില്‍ അദ്ദേഹം തന്നെ ജയിക്കും. അപ്പോഴുള്ള എന്റെ പിണക്കം തീര്‍ക്കുന്നത് അദ്ദേഹത്തിന്റെ 'ഓമനേ ഒരു ഗ്ലാസ് വെള്ളം' എന്ന വിളിയാണ്. എന്റെ ഏതു പിണക്കവും ആ വിളിയില്‍, ഒരു ഗ്ലാസ് വെള്ളത്തില്‍ അലിഞ്ഞു പോകുമായിരുന്നു.'

വീട്ടിലെ വായനാമുറിയില്‍ ഭാര്യയ്ക്കുപോലും പ്രവേശനം ഇല്ല. കുടിക്കാന്‍ വെള്ളം കൊണ്ടു ചെന്നാലും വാതുക്കല്‍ വച്ച് മടങ്ങണം. സാര്‍ പുറത്തു പോകുമ്പോള്‍ ഭാര്യ മുറിയില്‍ കയറും. എഴുതിക്കൊണ്ടിരുന്നതൊക്കെ വായിക്കും. പക്ഷേ, വായിച്ചതൊന്നും ടീച്ചര്‍ക്കു മനസ്സിലായില്ല എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. വായിച്ചതിനു ശേഷം പേപ്പറും പേനയും കണ്ണടയുമൊക്കെ യഥാസ്ഥാനത്തു വച്ച് മടങ്ങും. അപ്പന്‍ ഭക്ഷണകാര്യത്തില്‍ വലിയ അഭിപ്രായങ്ങളൊന്നും പറയാറില്ല. മിതമായി മാത്രമേ കഴിക്കൂ. ഭക്ഷണം കഴിക്കുമ്പോഴേ ഭാര്യയ്ക്ക് ഭര്‍ത്താവിനേയും മക്കള്‍ക്ക് അച്ഛനേയും അടുത്തു കിട്ടുകയുള്ളൂ. നാട്ടുവിശേഷങ്ങളും വീട്ടുകാര്യങ്ങളും ഇതിനിടയില്‍ ചര്‍ച്ചയാകും. എപ്പോഴും വീട്ടിലുണ്ടെങ്കിലും വീട്ടുകാര്‍ക്ക് അദ്ദേഹത്തെ അടുത്തു കിട്ടുന്നത് ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമാണ്. ഗൃഹഭരണവും വീട്ടുകാര്യവും പൂര്‍ണ്ണമായും തന്റെ ചുമതലയിലാണെന്നു പരിഭവങ്ങളൊന്നുമില്ലാതെ ടീച്ചര്‍ പറയും. മൂത്ത മകന്‍ രജിത് അപ്പന്റെ തനിസ്വരൂപം. ഇളയ മകന്‍ കുട്ടിക്കാലം മുതല്‍ മഹാകുസൃതി. ഇളയ മകനോട് അപ്പന്‍ കൂടുതല്‍ വാത്സല്യം കാട്ടിയെന്ന് ഭാര്യ കരുതുന്നു. അവസാന കാലത്ത് ഇളയവന്‍ അപ്പന്റെ അസിസ്റ്റന്റായിരുന്നു. അപ്പന്റെ പണമിടപാടുകള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അവനായിരുന്നു.

ഭാര്യ ഓമന ടീച്ചര്‍ക്ക് കടുത്ത ഈശ്വരഭക്തിയുണ്ട്. ഇഷ്ടദേവാലയങ്ങളുടെ പതിവ് സന്ദര്‍ശനങ്ങള്‍ ടീച്ചര്‍ മുടക്കാറില്ല. എല്ലാ അമ്പലങ്ങളിലും കൂട്ടുപോകാന്‍ അപ്പനുമുണ്ടാകും. പക്ഷേ, അപ്പന്‍ അമ്പലത്തിന്റെ ഉള്ളില്‍ പ്രവേശിക്കില്ല. അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ, ദൈവാസ്തിത്വത്തില്‍ വിശ്വസിച്ചിരുന്നു. ഇടയ്ക്ക് ശിവഗിരിയില്‍ പോകും. ഗുരുവിന്റെ മുന്‍പില്‍ കൈകൂപ്പി നില്‍ക്കും. അത് കണ്ട് ഭാര്യ അത്ഭുതപ്പെട്ടുപോയി.
                  
 

കെപി അപ്പൻ
കെപി അപ്പൻ

സിനിമാഗാനങ്ങള്‍ പാടുന്ന അപ്പന്‍    
      
മൂത്ത മകന്‍ വീട്ടിലെ അച്ഛനെക്കുറിച്ച് അച്ഛന്റെ മരണശേഷം ഒരു ലേഖനം എഴുതിയിട്ടുണ്ട്. 'അച്ഛനെക്കുറിച്ചു മാത്രം' എന്ന ശീര്‍ഷകത്തില്‍. എഴുത്തിലെ ക്ഷോഭം വീട്ടിലില്ല എന്ന് മകന്‍. പുസ്തകം വായിച്ചിരിക്കുന്ന അച്ഛന് ഒരു യോഗിയുടെ മൃദുലതയുണ്ട്. ഞങ്ങള്‍ രണ്ട് മക്കളോടും വലിയ വാത്സല്യമായിരുന്നു. വീടിന്റെ മുകളിലെ ടെറസ്സില്‍ പോയി നിന്ന് രാത്രിയെ കാണുന്ന അച്ഛന്‍. പാട്ടുകള്‍ പാടുന്ന അച്ഛന്‍. 'ഹര്‍ഷബാഷ്പം തൂകി വര്‍ഷ പഞ്ചമി' എന്ന പാട്ട് പാടി ഉറക്കുന്ന അച്ഛന്‍. 'കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല്' എന്ന പാട്ടു കേള്‍ക്കുമ്പോള്‍ അച്ഛന്‍ ചിരിക്കും. എന്തിനാണ് ചിരിക്കുന്നതെന്ന് അച്ഛനോട് മകന്‍ ചോദിച്ചു. പാട്ടിലെ 'മൃദംഗതാളം' കേട്ടാണ് ചിരിക്കുന്നത് എന്നു പറഞ്ഞു. ഏതെങ്കിലും എഴുതിക്കഴിഞ്ഞാല്‍ വായനാമുറിയിലിരുന്ന് സന്തോഷസൂചകമായി പാടും. ഇത്തരം പാട്ടുകളെക്കുറിച്ച് ഓമന ടീച്ചറും പറഞ്ഞിട്ടുണ്ട്. സ്വന്തം വായനാമുറിക്കു പുറത്തുവച്ച് പാട്ട് പാടുകയില്ല. വായനാമുറിയുടെ സ്വകാര്യതയില്‍ വച്ച് മാത്രമേ പാടുകയുള്ളു. പാട്ടു പാടുന്ന അച്ഛന്റെ മുഖം മകന്‍ നേരിട്ട് കണ്ടിട്ടില്ല!

അപ്പന്‍ സാര്‍ പാട്ടു പാടുന്നത് അതും സിനിമാപ്പാട്ടുകള്‍ പാടുന്നത് പലര്‍ക്കും അത്ഭുതമായിരുന്നു! എന്നാല്‍, സായാഹ്നസവാരിക്കു പോകുമ്പോള്‍ അടുത്ത് മറ്റാരുമില്ലെങ്കില്‍ സാര്‍ പാടുമെന്ന് കല്ലട രാമചന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞു. യേശുദാസിന്റേയും ജയചന്ദ്രന്റേയും പ്രസിദ്ധമായ പാട്ടുകളെല്ലാം പാടും. അപ്പന്റെ സ്ഥിരം വേഷം മുണ്ടും ഷര്‍ട്ടുമാണ്. മുണ്ട് ഒരിക്കലും മടക്കിക്കുത്തില്ല. എപ്പോഴും താഴെ വരെ നീണ്ടുകിടക്കും. കൊല്ലം ബീച്ചില്‍ പോയി മടങ്ങുമ്പോള്‍ ഇരുട്ട് വന്നുതുടങ്ങുമ്പോള്‍ സാര്‍ മെല്ലെ മുണ്ട് മടക്കിക്കുത്തും. അപ്പന്‍ ഒരിക്കല്‍ കാക്കനാടനെ വിമര്‍ശിച്ച് എഴുതിയപ്പോള്‍ കാക്കനാടന് പതിവില്ലാതെ ദേഷ്യം വന്നു. സാധാരണ കാക്കനാടന്‍ തന്റെ മുഖത്തു നോക്കി രൂക്ഷമായി വിമര്‍ശിച്ചാലും കാര്യമാക്കാത്തയാളാണ്. വിമര്‍ശിക്കുന്നവരെ ശത്രുവാക്കുന്ന എഴുത്തുകാരുടെ ശീലം അദ്ദേഹത്തിന് ഒട്ടുമില്ല. എന്നിട്ടും അപ്പന്റെ വിമര്‍ശനം വന്നപ്പോള്‍ ശുണ്ഠി പിടിച്ച കാക്കനാടന്‍ ഇങ്ങനെ പറഞ്ഞത്രേ! 'കെ.പി. അപ്പനോട് പോയി മുണ്ടു മടക്കിക്കുത്തി നടക്കാന്‍ പറ'! അപ്പന്‍ ഇക്കാര്യമറിഞ്ഞപ്പോള്‍  നാടന്‍ രീതിയില്‍ തന്നെ  ഇപ്രകാരം പറഞ്ഞു: 'പാം പറ. പോയി പണി നോക്കാന്‍!'

അപ്പോള്‍ രണ്ടു പേരും അങ്ങനെ പറഞ്ഞെന്നേയുള്ളൂ. കാക്കനാടന് അപ്പനെ ഇഷ്ടമായിരുന്നു. വലിയ കലാകാരനായ കാക്കനാടനെ എന്നും അപ്പന്‍ ആദരിച്ചു. വലിയ ആത്മബന്ധമില്ലായിരുന്നുവെങ്കിലും അവര്‍ നല്ല ചങ്ങാതിമാരായിരുന്നു. പരസ്പരം ആദരവുമായിരുന്നു.

ഏറ്റവും അടുത്ത കൂട്ടുകാരുടേയും മുന്‍ വിദ്യാര്‍ത്ഥികളുടേയും വീടുകളില്‍ വിശേഷമെന്തെങ്കിലുമുണ്ടെങ്കില്‍ അപ്പന്‍ എത്തിയിരിക്കും. പൊതുവേ എല്ലാവരും പറയുന്നത് കെ.പി. അപ്പന്‍ എങ്ങോട്ടും പോകില്ല, വീടിനു പുറത്തിറങ്ങില്ല എന്നാണ്. എന്നാല്‍, അങ്ങനെയല്ല. എന്റെ വിവാഹത്തിന് അപ്പന്‍ സാറും കുടുംബവും വന്നതും സമ്മാനങ്ങള്‍ തന്നതും ഓര്‍ക്കുന്നു. അതുപോലെ ഞാനൊരു വീട് വച്ചപ്പോള്‍ വന്നത് ഓര്‍മ്മയുണ്ട്. അമ്മ മരിച്ചപ്പോഴും അനിയന്‍ വാഹനാപകടത്തില്‍ മരിച്ചപ്പോഴും ആശ്വസിപ്പിക്കാന്‍ സാര്‍ എത്തി. ഇതുപോലെ എല്ലാ കൂട്ടുകാരുടേയും അടുപ്പമുള്ള എല്ലാവരുടേയും വീടുകള്‍ സാര്‍ സന്ദര്‍ശിക്കുന്നുണ്ട്. കെ.പി. അപ്പന്‍ 'ദന്തഗോപുരവാസി'യാണെന്ന ധാരണ നിലവിലുള്ളതുകൊണ്ടാണ് ഈ കാര്യങ്ങള്‍ പറയുന്നത്. മാത്രമല്ല, അടുപ്പമുള്ള ആളുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവരറിയാതെ തന്നെ അവ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. സാമ്പത്തിക സഹായവും ചെയ്തിരുന്നു. പക്ഷേ, അത് പുറത്താരും അറിയരുതെന്ന നിര്‍ബ്ബന്ധവുമുണ്ടായിരുന്നു.
                                                 
 

ഇഎംഎസ്
ഇഎംഎസ്

ഇ.എം.എസ്സിന്റെ പ്രസംഗം ആസ്വദിക്കുന്നു

ആള്‍ക്കൂട്ടത്തില്‍ അപ്പന്‍ കഴിവതും പോകില്ല. തനിക്ക് ആള്‍ക്കൂട്ടത്തെ പേടിയാണെന്നു പറഞ്ഞ് ചിരിക്കും. കോളേജദ്ധ്യാപക സമരങ്ങളില്‍ പങ്കെടുക്കുമെങ്കിലും ജാഥയിലും മറ്റു സമരപരിപാടികളിലും പങ്കെടുക്കുകയില്ല.  അദ്ദേഹം ആള്‍ക്കൂട്ടത്തെ തന്നില്‍നിന്നും അകറ്റി.  ഒറ്റയ്ക്ക് നടക്കുന്നത് ഇഷ്ടമാണ്. ഒറ്റയ്ക്ക് നടക്കുന്നവര്‍ ധൈര്യശാലികളാണ് എന്ന് ക്ലാസ്സില്‍ പറയാറുണ്ട്. സിംഹം ഒറ്റയ്ക്കാണു നടക്കുന്നതെന്നും പറയും. ഏതായാലും അപ്പന് ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേരുന്നത് ഇഷ്ടമല്ല. കൊല്ലത്ത് വന്ന ആദ്യ വര്‍ഷങ്ങളില്‍ പ്രസംഗിക്കുവാന്‍ പോകുമായിരുന്നുവെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വാര്‍ഷികങ്ങളിലും വായനശാലാ വാര്‍ഷികങ്ങളിലും പങ്കെടുത്തു സംസാരിക്കുമായിരുന്നു. പ്രസംഗം പത്ത് മിനിറ്റില്‍ കൂടുതല്‍ ഉണ്ടാവില്ല. നല്ല തമാശ മട്ടില്‍ തുടങ്ങി ഗൗരവമേറിയ ആശയങ്ങളിലേക്കു പോകും. ശ്രോതാക്കളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ആശയങ്ങളുണ്ടാകും. എങ്കിലും അപ്പന്‍ മികച്ച പ്രസംഗകനായിരുന്നില്ല. പിന്നീട് പ്രസംഗം നിര്‍ത്തി. പ്രസംഗം അധാര്‍മ്മികമാണെന്നു തോന്നിയതുകൊണ്ടാണ്. പ്രസംഗിക്കുവാന്‍ പോയാല്‍ ഒരുപാട് സമയം നഷ്ടപ്പെടും. വായിക്കുവാനും ചിന്തിക്കുവാനുമുള്ള സമയം നഷ്ടപ്പെടുമെന്ന ചിന്തയാകണം പ്രസംഗത്തില്‍ നിന്നും വിട്ടുനിന്നതെന്നു തോന്നുന്നു. മനസ്സില്‍ രൂപപ്പെട്ട ഒരാശയം ആവേശത്തോടെ പ്രസംഗവേദിയില്‍ അവതരിപ്പിച്ചാല്‍ സദസ്സിന് ഇഷ്ടപ്പെടും. പക്ഷേ, അത് പിന്നീട് എഴുതി വയ്ക്കുവാനുള്ള താല്പര്യം നഷ്ടപ്പെട്ടുപോകും. എന്താണ് പ്രസംഗിക്കുവാന്‍ പോകാത്തത് എന്ന് ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു:

'...ഒരുകാലത്ത് പ്രസംഗിക്കുമ്പോള്‍ ഞാന്‍ ഒരു 'ത്രില്‍' അനുഭവിച്ചിരുന്നു. എഴുത്തുകാരന് അത്തരം പരസ്യജീവിതം പറ്റിയതല്ലെന്ന് ഇപ്പോള്‍ തോന്നുന്നു. പ്രസംഗത്തിന് അതിന്റേതായ നേട്ടങ്ങളുണ്ട്. പൊതു പ്രസംഗം സന്മാര്‍ഗ്ഗവിരുദ്ധമായ നടപടിയാണ്. ഒരു സമാധിസ്ഥമായ പ്രതിഭയ്ക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും അത് നശിപ്പിക്കും. കാലക്രമേണ പ്രസംഗ പരിപാടികള്‍ എഴുത്തുകാരന്റെ സമചിത്തതയേയും തകര്‍ക്കും.'

എന്നാല്‍, പിന്നീടും നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പോകുമായിരുന്നു. ഇ.എം.എസ്, സുകുമാര്‍ അഴീക്കോട്, എം.എന്‍. വിജയന്‍ എന്നിവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നു. കാര്യമൊന്നുമില്ലാതെ പ്രസംഗവേദിയില്‍ ബഹളമുണ്ടാക്കുന്നവരില്‍നിന്നും അപ്പന്‍ ഓടിയൊളിച്ചു. കെ.പി. അപ്പന്‍ രസിച്ച് ആസ്വദിച്ചു കേള്‍ക്കുന്ന പ്രസംഗം ഇ.എം.എസ്സിന്റേതായിരുന്നു. കൊല്ലത്ത് ചിന്നക്കടയിലെ പ്രൈവറ്റ് ബസ് സ്റ്റാന്റ് മൈതാനത്തുവച്ച് ഇ.എം.എസ് എഴുപതുകളിലും എണ്‍പതുകളിലും നടത്തിയ മിക്കവാറും എല്ലാ പ്രസംഗങ്ങളും അദ്ദേഹം കേട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍നിന്നും ഒഴിഞ്ഞ് അല്പം മാറിനിന്നാണ് കേള്‍ക്കുന്നത്. കൂടെ കല്ലടയുമുണ്ടാകും. അന്ന് കൊല്ലത്തെ രാഷ്ട്രീയ സമ്മേളനങ്ങളെല്ലാം ചിന്നക്കടയിലെ ക്ലോക്ക്ടവറിനടുത്തുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റ് മൈതാനത്താണ് നടക്കാറുള്ളത്. വൈകുന്നേരമാകുമ്പോള്‍ ബസുകള്‍ വഴി തിരിഞ്ഞുപോകും. മൈതാനം ജനം കൈയടക്കും. റോഡും പരിസരവും  ജനങ്ങളെക്കൊണ്ട് നിറയും. അപ്പന്‍ കല്ലടയുമൊത്ത് അല്പം മാറി സ്റ്റേജ് കാണുംവിധം മാറിനിന്ന് പ്രസംഗം കേള്‍ക്കും. പ്രസംഗകരുടെ അംഗവിക്ഷേപങ്ങള്‍ ഉള്‍പ്പെടെ എല്ലാം ശ്രദ്ധിച്ചു നില്‍ക്കും. ഇ.എം.എസ്സിന്റെ മുനകൂര്‍ത്ത ഫലിതങ്ങളും സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണങ്ങളും എതിരാളികള്‍ക്കു നേരെ അയക്കുന്ന ക്രൂരമായ ഒളിയമ്പുകളും  അപ്പന്‍ ആസ്വദിക്കും. പിന്നീട് വീട്ടിലെ സ്വകാര്യ സദസ്സില്‍ ഇ.എം.എസ്സിന്റെ പ്രസംഗത്തെപ്പറ്റി പറഞ്ഞു ചിരിക്കും. ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. അന്ന് സി.പി.ഐ ഇടതുമുന്നണിയിലല്ല. മറ്റേ മുന്നണിയിലാണ്. ഇ.എം.എസ് സി.പി.ഐയെ കളിയാക്കുകയും വിമര്‍ശിക്കുകയും പതിവാണ്. ഒരിക്കല്‍ ഇ.എം.എസ് വിമര്‍ശിച്ചത് ഇപ്രകാരമാണ്: ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ സി.പി.ഐ പറഞ്ഞു: ഞങ്ങള്‍ പിന്താങ്ങുന്നു. പിന്നീട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചു. അപ്പോഴും സി.പി.ഐ പറഞ്ഞു: ഞങ്ങള്‍ പിന്താങ്ങുന്നു! ഇങ്ങനെയുള്ള ക്രൂരതയും വിചാരലഹരിയും നിറഞ്ഞ ഫലിതങ്ങള്‍ പറഞ്ഞ് അപ്പന്‍ ചിരിക്കും. അഴീക്കോടിന്റെ സാഹിത്യവിമര്‍ശനത്തോട് എതിര്‍പ്പ് ഉണ്ടായിരുന്നുവെങ്കിലും പ്രസംഗങ്ങള്‍ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ സാമൂഹിക വിമര്‍ശനവും കൂര്‍ത്ത ഫലിതവും താല്പര്യത്തോടെ കേള്‍ക്കുമായിരുന്നു. എം.എന്‍. വിജയന്റെ ഒന്നോ രണ്ടോ പ്രസംഗങ്ങളേ അപ്പന്‍ കേട്ടിട്ടുള്ളൂ. 'മാന്ത്രികവിദ്യ കുടികൊള്ളുന്ന ഒരു നാവ്' എം.എന്‍. വിജയനുണ്ടെന്ന് അപ്പന്‍ പറഞ്ഞു. വിജയന്‍ മാഷിന്റെ പ്രസംഗത്തില്‍ ഒരുപാട് ആശയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അവയൊന്നിച്ച് ഒരു വീക്ഷണകേന്ദ്രത്തിലേക്ക് പോകാതെ ചിതറിപ്പോകുന്നതായും അപ്പന്‍ പറഞ്ഞു.

കൊല്ലത്ത് സ്ഥിരതാമസമാക്കിയതിനുശേഷം ആലപ്പുഴയിലേക്കുള്ള യാത്ര കുറഞ്ഞു. സ്വന്തം നാടിനെക്കുറിച്ച് എഴുതുവാന്‍ 'ഭാഷാപോഷിണി' ആവശ്യപ്പെട്ടപ്പോള്‍ 'എന്റെ നാടും നാടില്ലായ്മയും' എന്ന ഒരു ലേഖനം എഴുതിയിട്ടുണ്ട്. അദ്ദേഹം ഇപ്രകാരം എഴുതി: 'ആലപ്പുഴയാണ് എന്റെ നാട്. എന്നാല്‍ സദാ നാടെന്ന ചിന്ത എനിക്കില്ല. നഷ്ടപ്പെട്ട സ്ഥലത്തെക്കുറിച്ചുള്ള വികാരതീവ്രമായ സ്മരണയായി ആലപ്പുഴ എന്റെ മനസ്സില്‍ കടന്നുവരാറില്ല.'

ഇങ്ങനെ എഴുതിയിട്ടുണ്ടെങ്കിലും അമ്മയെ കാണാന്‍ അപ്പന്‍ കുടുംബവുമായി ഇടക്കിടയ്ക്ക് സ്വന്തം കാറില്‍ സ്വയമോടിച്ച് പോകുമായിരുന്നു. ആ യാത്ര അദ്ദേഹം വളരെ ഇഷ്ടപ്പെട്ടിരുന്നു. അമ്മയുടെ മരണം അദ്ദേഹത്തില്‍ വലിയ ആഘാതമുണ്ടാക്കി. എന്നാല്‍, അമ്മയുടെ മരണത്തെപ്പറ്റി കൊല്ലത്തെ കൂട്ടുകാരോടൊ സഹപ്രവര്‍ത്തകരോടൊ പറയാതെ അദ്ദേഹം ആലപ്പുഴയിലേക്കു പോയി. അടുത്ത ദിവസം വിവരമറിഞ്ഞ സഹപ്രവര്‍ത്തകര്‍ കല്ലട രാമചന്ദ്രന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ എത്തിയപ്പോഴേക്കും അപ്പന്‍ മടങ്ങിയിരുന്നു. പുറത്തു കാണിച്ചില്ലെങ്കിലും അമ്മയുടെ മരണം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. 'ഞാന്‍  അനാഥനായി' എന്നുമാത്രം രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹത്തെ സന്ദര്‍ശിച്ച പ്രൊഫ. കെ. ജയരാജനോട് പറഞ്ഞു. സ്വകാര്യ ദുഃഖങ്ങള്‍ കൂട്ടുകാരോട് പങ്കിടുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ലായിരുന്നു.

തന്റെ വിദ്യാര്‍ത്ഥികളോട് അദ്ദേഹം കാണിച്ച സ്‌നേഹവും കരുതലും വളരെ വലുതാണ്. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ കാലം കഴിഞ്ഞുപോയാലും ആ ബന്ധം അദ്ദേഹം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചു. സ്വകാര്യജീവിതത്തിന്റെ ഭാഗമായിത്തന്നെ വിദ്യാര്‍ത്ഥികളെ അദ്ദേഹം കരുതി. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തന്റെ വിദ്യാര്‍ത്ഥികളുടെ ഓരോ കാര്യത്തിലും അദ്ദേഹം അവര്‍ അറിയാതെ  ഇടപെടും. വിളിച്ചിരുത്തി ഉപദേശിച്ചു നന്നാക്കാന്‍ അദ്ദേഹം തയ്യാറാവുകയില്ല. ചില വാക്കുകള്‍, ചില നിര്‍ദ്ദേശങ്ങള്‍, ചില അഭിപ്രായങ്ങള്‍  ഇതൊക്കെ ശിഷ്യനെ ലക്ഷ്യമാക്കി പറയുകയാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥിയുടെ ഉള്ളിലെ സര്‍ഗ്ഗശക്തി തിരിച്ചറിഞ്ഞ അദ്ധ്യാപകന്‍ ബോധപൂര്‍വ്വം ചെയ്യുന്ന കാര്യങ്ങളാണ് ഇവ. ഏതെങ്കിലും വലിയ പ്രതിസന്ധി നേരിടുന്നവരെ മനഃശാസ്ത്രപരമായി സമീപിച്ചു വഴികള്‍ കാണിച്ചുകൊടുക്കാന്‍ നല്ല അദ്ധ്യാപകര്‍ക്ക് കഴിയാറുണ്ട്. കുറച്ചു വാക്കുകള്‍കൊണ്ട് മുറിവുണക്കാന്‍ ഈ അദ്ധ്യാപകനും വലിയ വിദഗ്ദ്ധനായിരുന്നു. ഇതൊക്കെ കെ.പി. അപ്പന്റെ ശിഷ്യന്മാര്‍ക്കു വ്യക്തമായി അറിയാവുന്ന കാര്യങ്ങളാണ്. ഒരു കാര്യം മാത്രം ഇവിടെ പറയുവാന്‍ ആഗ്രഹിക്കുന്നു. എം.എയുടെ അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ഞാന്‍ യാത്ര ചോദിക്കുവാന്‍ അപ്പന്‍ സാറിന്റെ സമീപത്തേക്കു പോയി. പരീക്ഷ കഴിഞ്ഞപ്പോള്‍ വലിയൊരു ഭാരം ഇറക്കിവച്ചതുപോലെ എനിക്കു തോന്നി. ഇനി പരീക്ഷ പാസ്സാവാന്‍ വേണ്ടിയല്ലാതെ വായിക്കണം. സ്വതന്ത്രമായ വായന. ലക്ഷ്യങ്ങളൊന്നും ഇല്ലാത്ത വായന. ഞാന്‍ ഗേറ്റ് കടന്ന് മുറിയിലെത്തി. ഞാന്‍ നില്‍ക്കുകയാണ്. സാര്‍ ഇരിക്കുന്നതിനു മുന്‍പ് ഒറ്റ ചോദ്യം: 'പ്രസന്നരാജന് സി.വിയെക്കുറിച്ച് ഒരു പുസ്തകമെഴുതാമോ?'

സത്യത്തില്‍ ഞാന്‍ അന്തംവിട്ടു. സി.വി. രാമന്‍പിള്ളയെക്കുറിച്ച് ഒരു പുസ്തകം! ഞാന്‍? സി.വിയുടെ നോവല്‍ സാര്‍ പഠിപ്പിച്ചതാണ്. സി.വിയെക്കുറിച്ച് എത്രയോ ആഴത്തില്‍ സാര്‍ ക്ലാസ്സില്‍ സംസാരിച്ചിരുന്നു എന്നു ഞാനോര്‍ത്തു. ആരും പറഞ്ഞിട്ടില്ലാത്ത ആര്‍ക്കും ആലോചിക്കുവാന്‍ പോലും ആകാത്ത  പുതു പുതു ആശയങ്ങള്‍! ശരിതന്നെ.  പക്ഷേ, എനിക്ക് എന്റേതായ ആശയങ്ങള്‍ സ്വരൂപിച്ച് എഴുതുവാന്‍ ധൈര്യം വന്നില്ല. കാരണം സി.വി. കടുകട്ടിയാണ്. ഒരുപാട് സമയമെടുക്കും. ഒരു പുസ്തകമെഴുതുവാനുള്ള 'വേദനകളു'മായി കഴിഞ്ഞാല്‍ സ്വതന്ത്രമായ വായനയുടെ രസം ആസ്വദിക്കുവാനാകില്ല. പെട്ടെന്നു ഞാന്‍ പറഞ്ഞു: 

'...സാറെ... എനിക്കു ഇപ്പോള്‍ പറ്റുമെന്ന്...'

പിന്നെ സാര്‍  സ്വന്തം ചൂരല്‍ക്കസേരയില്‍ ഇരുന്നു. ഞാനും ഇരുന്നു. സാര്‍ പതുക്കെ പറഞ്ഞു:'എങ്കില്‍ പിന്നെ ആശാന്റെ 'ലീല'യെക്കുറിച്ച് എഴുതൂ.' സാര്‍ എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെയായിരുന്നു സംസാരം. ഞാന്‍ സമ്മതിച്ചെങ്കിലും ഒരു രൂപവും ഉണ്ടായിരുന്നില്ല എനിക്ക്.

പിന്നീട് രണ്ടു വര്‍ഷങ്ങളെടുത്ത് ആശാന്റെ 'ലീല'യെക്കുറിച്ച് ഒരു പഠനം എഴുതുവാന്‍ എനിക്കു കഴിഞ്ഞു. 'ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോള്‍' (1979) എന്ന പുസ്തകം എഴുതുകതന്നെ ചെയ്തു! ഇന്ന് ചിന്തിക്കുമ്പോര്‍ അത്ഭുതമാണ്. ഇന്നും ആശാന്റെ കവിതയെക്കുറിച്ച് എഴുതാന്‍ പേടിയാണ്. ആ അദ്ധ്യാപകന്‍ പകര്‍ന്നുതന്ന ഊര്‍ജ്ജവും പ്രചോദനവുമാണ് ആ ചെറുപ്രായത്തില്‍ അങ്ങനെയൊരു പുസ്തകം എഴുതുവാന്‍ കഴിഞ്ഞത്.

തകഴി
തകഴി

വിട്ടുവീഴ്ചയില്ലാത്ത കലഹങ്ങള്‍, വിശ്വാസങ്ങള്‍ 

'തിരസ്‌കാരം' പ്രസിദ്ധീകരിച്ചു കഴിഞ്ഞതോടെ കെ.പി. അപ്പന്‍ ആധുനിക നോവലുകളെപ്പറ്റി എഴുതുന്നതോടൊപ്പം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് സാഹിത്യം നേരിടുന്ന പ്രശ്‌നങ്ങളിലും വിമര്‍ശനം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിലും ശക്തമായി ഇടപെടാനും തുടങ്ങി. അപ്പന്റെ വിമര്‍ശനകല നിരവധി വെല്ലുവിളികളും എതിര്‍പ്പുകളും നേരിട്ട് കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു. ആ വിമര്‍ശനം മൂന്ന് തലങ്ങളിലൂടെയാണ് നീങ്ങിയത്. മലയാള സാഹിത്യത്തില്‍ ശക്തിപ്രാപിച്ചുകഴിഞ്ഞ ആധുനിക സാഹിത്യത്തെ താന്‍ അവതരിപ്പിച്ച ലാവണ്യമൂല്യങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്താന്‍ അദ്ദേഹം ശ്രമിച്ചു. അതാണ് ഒന്നാമത്തേത്. ആധുനിക സാഹിത്യത്തിനും നിരൂപണത്തിനും എതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി പറയുകയും ആശയരംഗത്തെ 'ശത്രു'ക്കളെ ആക്രമിക്കുകയും ചെയ്ത് തന്റെ വാദഗതികള്‍ ഉറപ്പിക്കുക എന്നതാണ് രണ്ടാമത്തേത്. മലയാള നിരൂപണത്തില്‍ പ്രകാശഗോപുരങ്ങളായി നിലയുറപ്പിച്ച മുന്‍ വിമര്‍ശകരെ വിലയിരുത്തിയും അവരുടെ നിലപാടുകള്‍ പുന:പരിശോധിച്ചും വിമര്‍ശനത്തിന്റെ വിമര്‍ശനത്തെ ശക്തമാക്കുക എന്നതാണ് മൂന്നാമത്തേത്.  ആവശ്യമായ ആലോചനകളും മുന്നൊരുക്കങ്ങളും നടത്തിയാണ് ഓരോ ആശയയുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തത്. തനിക്ക് എതിരെ ഒരഭിപ്രായമുയര്‍ന്നാല്‍ സമയമെടുത്തേ അതിനു  മറുപടി പറയുകയുള്ളൂ. എടുത്തു ചാടി അഭിപ്രായം പ്രകടിപ്പിക്കുക അപ്പന്റെ രീതിയല്ലായിരുന്നു.

1984ല്‍ പുറത്തുവന്ന 'കലഹവും വിശ്വാസവും' എന്ന പുസ്തകത്തില്‍ കെ.പി. അപ്പന്‍ നടത്തിയ കലയേയും സാഹിത്യത്തേയും കുറിച്ചുള്ള അന്വേഷണങ്ങളും ആശയപരമായ കലാപങ്ങളും തീവ്രയുദ്ധങ്ങളും വിമര്‍ശനത്തിന്റെ വിമര്‍ശനവും കാണാം. എന്നാല്‍, അതുമാത്രമല്ല പുസ്തകത്തിലുള്ളത്.  തന്റെ ദാര്‍ശനിക നിലപാടുകളും ലാവണ്യസങ്കല്പങ്ങളും വിശദീകരിക്കുക കൂടി ചെയ്യുന്നുണ്ട്. ആധുനികതയുടെ സൗന്ദര്യശാസ്ത്രം ഈ ഗ്രന്ഥത്തിലും ചര്‍ച്ച ചെയ്യുന്നുണ്ട്. 'കലഹവും വിശ്വാസ'വുമാണ് അപ്പന്റെ ഏറ്റവും മികച്ച കൃതിയെന്നു വിചാരിക്കുന്ന നിരവധിപ്പേരുണ്ട്. പ്രസിദ്ധ വിമര്‍ശകരായ വി. രാജകൃഷ്ണനും ആഷാമേനോനും അതില്‍പ്പെടുന്നു. പലപ്പോഴായി എഴുതിയ ലേഖനങ്ങളാണെങ്കിലും ഒരു പ്രമേയത്തെ ആസ്പദമാക്കി വിവിധ കോണുകളില്‍ നിന്നുകൊണ്ട് രചിച്ചവയാണ് അവയെന്നു വായനക്കാര്‍ക്ക് തോന്നും. കലയേയും സാഹിത്യത്തേയും സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ഈ പുസ്തകത്തിലെ ലേഖനങ്ങളിലും വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയ പ്രശ്‌നങ്ങളല്ല, മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന ദാര്‍ശനിക പ്രശ്‌നങ്ങളാണ് സാഹിത്യത്തിന്റെ വിഷയമെന്ന് 'രാഷ്ട്രീയ ദുര്‍ഗ്ഗങ്ങളില്‍നിന്ന് അകലെ' എന്ന ആദ്യ ലേഖനത്തില്‍ ഉറപ്പിച്ചു പറയുന്നു അപ്പന്‍. ഈ ആശയം നിരവധി ലേഖനങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എഴുത്തുകാരന്റെ സാമൂഹിക വീക്ഷണത്തെക്കുറിച്ച് കഴിഞ്ഞ തലമുറയിലെ ചിന്തകര്‍ പറഞ്ഞുറപ്പിച്ച ആശയത്തെ ഇളക്കിമാറ്റാനാകും ഈ ആവര്‍ത്തനം. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ കേട്ടു തഴമ്പിച്ച ഈ ആശയത്തെ ഈ പുസ്തകത്തിലും നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
                         
 

എംഎൻ വിജയൻ
എംഎൻ വിജയൻ

ദാര്‍ശനിക വിചാരങ്ങള്‍ ദൃഢവിശ്വാസങ്ങള്‍ 
                               
അപ്പനെ മറ്റു വിമര്‍ശകരില്‍നിന്നും വ്യത്യസ്തനാക്കുന്ന ഘടകങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റെ വിമര്‍ശനത്തില്‍ കാണുന്ന ദാര്‍ശനിക സമീപനമാണ്. യുക്തിയുടെ ഭാഷയുപേക്ഷിച്ച് ഭാവനയുടേയും വെളിപാടിന്റേയും ഭാഷയെ ഓര്‍മ്മയില്‍ കൊണ്ടുവരുന്ന ഒരുതരം ഭാഷയാണ് അപ്പന്‍ ഉപയോഗിക്കുന്നത്. മഹര്‍ഷിസഹജമായ ഒരുതരം നിസ്സംഗതയോടെ  മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ അര്‍ത്ഥത്തെപ്പറ്റിയും അദ്ദേഹം എഴുതുന്നുണ്ട് . 'ചില സവിശേഷ സത്യങ്ങള്‍' എന്ന ലേഖനം അതിനു തെളിവാണ്. അത്യന്തം ഹൃദ്യമായ ദാര്‍ശനിക കവിത പോലെ ഈ ലേഖനം വായിക്കാം. മനുഷ്യജീവിതത്തെപ്പറ്റിയുള്ള തത്ത്വചിന്താപരമായ യാഥാര്‍ത്ഥ്യങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. തന്റെ ചിന്തയെ ആഴത്തില്‍ സ്വാധീനിച്ച ദാര്‍ശനികരുടെ വിചാരങ്ങളിലൂടെ മനുഷ്യജീവിതത്തെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകള്‍ ഇവിടെ അവതരിപ്പിക്കുകയാണ് അപ്പന്‍. അപ്പന്റെ സാഹിത്യചിന്തയുടെ അന്തര്‍ധാരയായി പ്രവഹിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തെ സംബന്ധിക്കുന്ന ദാര്‍ശനിക വിചാരങ്ങളും സന്ദേഹങ്ങളും ഈ ചെറുലേഖനത്തില്‍ നിറഞ്ഞിരിക്കുന്നു. ഈ ലേഖനം നന്നായി പഠിക്കാത്ത ഒരാള്‍ കെ.പി. അപ്പനെ അറിയുന്നില്ല എന്നര്‍ത്ഥം. ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രഹസ്യങ്ങള്‍ കണ്ടെത്താനായി മനുഷ്യമനസ്സ് നടത്തിയ സാഹസിക യാത്രകളാണ് കവിതയും പുരാണങ്ങളും തത്ത്വചിന്തയും ശാസ്ത്രവും സൃഷ്ടിച്ചതെന്ന് പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. ഗൗതമ ബുദ്ധന്‍, ഫ്രെഞ്ച് ഗണിത ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ പാസ്‌കല്‍, ഡെന്മാര്‍ക്കിലെ മഹര്‍ഷിയായ കീര്‍ക്കെഗോര്‍, ജര്‍മന്‍ മുനിയായ നീത്‌ഷേ, ദസ്തയേവ്‌സ്‌കി, കാഫ്ക എന്നിവരുടെ ദാര്‍ശനിക വിചാരങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും അറിയുന്ന വിമര്‍ശകനെ ഇവിടെ കാണാം. മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് ആധുനിക ചിന്തയ്ക്ക് ഇണങ്ങുന്ന രീതിയില്‍ ചിന്തിച്ച അസ്വസ്ഥനായ ശാസ്ത്രജ്ഞനായിരുന്നു പാസ്‌കല്‍ എന്ന് ആദ്യം പറയുന്നു. അപ്പന്റെ വിചാരജീവിതത്തെ ഏറ്റവും സ്വാധീനിച്ച ചിന്തകനാണ് പാസ്‌കല്‍. പ്രപഞ്ചഘടനയെക്കുറിച്ച് ആലോചിച്ച് ആധികൊണ്ട പാസ്‌കലിന്റെ വാക്കുകള്‍ ഉദ്ധരിച്ചു ചേര്‍ത്ത് അപ്പന്‍  ഇപ്രകാരം എഴുതുന്നു:

'...ആരാണ് എന്നെ ഇങ്ങോട്ട് വലിച്ചെറിഞ്ഞത്? ആരുടെ നിയോഗപ്രകാരമാണ് ഈ പ്രത്യേക സ്ഥലവും കാലവും എനിക്കുവേണ്ടി നീക്കിവച്ചത്?' പില്‍ക്കാലത്ത് മനുഷ്യാവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും ഈ നരകക്കുഴിയില്‍നിന്ന് മനുഷ്യനെ രക്ഷിക്കുവാന്‍ ആരുമില്ലെന്നു വിലപിക്കുകയും ചെയ്തവര്‍, രക്ഷയ്ക്കുവേണ്ടി മരണനിദ്രയെ സ്വാഗതം ചെയ്തവര്‍, ജീവിതമെന്ന ചോദ്യത്തിന് ആത്മഹത്യ മറുപടിയാണെന്നു പറഞ്ഞവര്‍  എന്നിങ്ങനെ എല്ലാവരും തന്നെ അടിസ്ഥാനപരമായ ഈ പ്രശ്‌നങ്ങളാണ് വിവിധ രീതികളില്‍ ഉന്നയിച്ചത്. 

അതിനുശേഷം കീര്‍ക്കെഗോറിന്റെ വാക്കുകള്‍ ഉദ്ധരിച്ചു ചേര്‍ക്കുന്നു: 'ഞാന്‍ ആരാണ്? മനുഷ്യാസ്തിത്വത്തിന്റെ അര്‍ത്ഥമെന്താണ്?' ഈ ചോദ്യങ്ങള്‍ ഡെന്‍മാര്‍ക്കിലെ മഹര്‍ഷിയെ പരവശനാക്കിയിരുന്നു. ഈ ദാര്‍ശനികരില്‍ നിന്നെല്ലാം ആശയപരാഗങ്ങള്‍ സ്വീകരിച്ചാണ് അപ്പന്‍ സാഹിത്യവിമര്‍ശനകലയില്‍ മുന്നോട്ടുപോകുന്നത്. ജീവിതാവസ്ഥയെക്കുറിച്ചുള്ള ഈ ഭീതിദ ചിന്തകളുടേയും സംശയങ്ങളുടേയും വിത്തുകള്‍ അപ്പന്റെ മനസ്സിന്റെ അടിത്തട്ടിലുണ്ടായിരുന്നതുകൊണ്ടാണ് അവയെല്ലാം പിന്നീട് അദ്ദേഹത്തിന്റെ ചിന്തയെ അഗാധമായി സ്വാധീനിച്ചത്.  മനുഷ്യാസ്തിത്വത്തെക്കുറിച്ചോര്‍ത്തു വലിയ വ്യസനങ്ങളില്‍ വീണ ഈ ചിന്തകരുടെ വേദനകളും ആധികളുമാണ് ആധുനിക എഴുത്തുകാരുടെ ബോധതലത്തെ നിരന്തരം വേട്ടയാടിയത്. സംഭവങ്ങളില്‍ അന്തര്‍ഭവിച്ചിരിക്കുന്ന കാരണമില്ലായ്മ, ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന യുക്തിയില്ലായ്മ ഇതൊക്കെയാണ് ദാര്‍ശനികരിലെന്നപോലെ ആധുനിക എഴുത്തുകാരിലും കാണുന്ന അടിസ്ഥാന സ്വഭാവങ്ങള്‍. ഈ കാഴ്ചപ്പാടില്‍നിന്നുകൊണ്ടാണ് മലയാള സാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാനത്തിലെ കൃതികള്‍ വിലയിരുത്തിയത്. ഈ ചെറുലേഖനത്തില്‍ ജീവിതത്തെപ്പറ്റിയുള്ള അപ്പന്റെ ദാര്‍ശനിക വ്യാകുലതകളും സംശയങ്ങളും നിറഞ്ഞുനില്‍ക്കുന്നു.

സ്പാനിഷ് ചിന്തകനായ ഒര്‍ട്ടീഗാ ഗാസറ്റിന്റെ 'കലയുടെ അപമാനവീകരണം' എന്ന കലാവിമര്‍ശന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച  'ആധുനികതയുടെ സൗന്ദര്യശാസ്ത്രം' എന്ന ലേഖനം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കാരണം മലയാളത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെ സൗന്ദര്യചിന്തയ്ക്കും ബാധകമായ ഒരുപാട് സൗന്ദര്യവിചാരങ്ങള്‍ അതിലുണ്ട്. ആധുനിക കല കാല്പനിക കലയെപ്പോലെ എല്ലാവരേയും അഭിസംബോധന ചെയ്യുന്നില്ല എന്നും അത് ന്യൂനപക്ഷത്തെ മാത്രം വശീകരിക്കുന്നു എന്നും ഒര്‍ട്ടീഗ പറയുന്നു. നോവലിസ്റ്റ് യാഥാര്‍ത്ഥ്യത്തിന് അപ്പുറമുള്ള ലോകമാണ് അവതരിപ്പിക്കുന്നതെന്നും നോവല്‍ എന്ന കലാരൂപം ദിവ്യമായ സ്വപ്നാടനത്തിന്റെ ലോകമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതെല്ലാം മലയാളത്തിലെ ആധുനികതാപ്രസ്ഥാനത്തെ അടുത്തറിയുവാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. മലയാളത്തിലെ ആധുനിക ചെറുകഥയുടെ പിന്നിലെ ദാര്‍ശനിക പ്രശ്‌നങ്ങളും സൗന്ദര്യ മൂല്യങ്ങളും വിശദമായി മറ്റൊരു ലേഖനത്തില്‍ അന്വേഷിക്കുന്നു. 'ആധുനിക നോവലും വാക്കുകളുടെ കലയും' എന്ന ലേഖനത്തില്‍ ആധുനിക നോവലുകളിലെ വാക്കുകളെക്കുറിച്ചും ബിംബഘടനയെക്കുറിച്ചും പദസംവിധാനകലയെക്കുറിച്ചും ഉള്‍ക്കാഴ്ചയോടെ എഴുതുന്നു. 'ബിംബകല്പന  നിര്‍വ്വചനത്തിന്റെ പ്രശ്‌നം' എന്ന ലേഖനത്തില്‍ കാവ്യബിംബങ്ങളെ നിര്‍വ്വചിക്കുവാനും വിലയിരുത്തുവാനും ശ്രമിക്കുകയാണ്. കാവ്യബിംബങ്ങളെപ്പറ്റിയുള്ള അന്വേഷണം പുതിയ അറിവിന്റേയും അനുഭവത്തിന്റേയും തലത്തില്‍ വായനക്കാരെ എത്തിക്കുന്നു. ബിംബകല്പനകളെപ്പറ്റി മലയാളത്തില്‍ എഴുതപ്പെട്ട മികച്ച പഠനങ്ങളില്‍ ഒന്നാണിത്.

ഏറ്റവും പുതിയ എഴുത്തുകാരേയും ശ്രദ്ധിക്കുന്ന വിമര്‍ശകനാണ് കെ.പി. അപ്പന്‍. എന്നും അദ്ദേഹം അങ്ങനെയായിരുന്നു. കേസരി ബാലകൃഷ്ണപിള്ളയും അങ്ങനെ ചെയ്ത വിമര്‍ശകനാണ്. ഏറ്റവും പുതിയ കഥാകാരന്മാരുടെ കഥകളെക്കുറിച്ച് ഒരു പുസ്തകമെഴുതണമെന്ന് അവസാന കാലത്ത് ആഗ്രഹിച്ചിരുന്നു. അതു നടന്നില്ല. ഈ പുസ്തകത്തില്‍ എണ്‍പതുകളുടെ തുടക്കത്തില്‍ കഥകളെഴുതി തുടങ്ങിയവരെപ്പറ്റി എഴുതിയിട്ടുണ്ട്. ആധുനികതയ്ക്കുശേഷം വന്ന കഥാകാരന്മാരെപ്പറ്റിയാണത്. ചെറുതെങ്കിലും സൂക്ഷ്മമായ നിരീക്ഷണങ്ങള്‍. അന്നത്തെ കഥയുടെ യഥാര്‍ത്ഥ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. എം.ടി. കഥയില്‍നിന്നും പൂര്‍ണ്ണമായി പിന്‍വാങ്ങിക്കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിക്കുന്നു. ടി. പത്മനാഭന്റെ കഥകളില്‍ അപചയത്തിന്റെ നിഴല്‍ ഉണ്ടെന്നും അപ്പന്‍ വ്യക്തമായി എടുത്തുകാണിക്കുന്നുണ്ട്. അപ്പന്‍ ഇപ്രകാരം എഴുതി:

'...അപചയത്തിന്റെ നിഴല്‍ പത്മനാഭന്റെ കഥയിലും വ്യക്തമായി കാണാം. പത്മനാഭനില്‍ ഒരു ശൈലീവികാസം സംഭവിച്ചിട്ടില്ല എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ പരാധീനത. അദ്ദേഹത്തിന്റെ നേട്ടങ്ങളോടുള്ള നമ്മുടെ ആദരവ് ഈ യാഥാര്‍ത്ഥ്യം കാണാന്‍ കഴിയാത്തവിധം നമ്മെ സ്വാധീനിച്ചുകളഞ്ഞു. പത്മനാഭന്റെ ഇപ്പോഴത്തെ കഥകള്‍ അപഗ്രഥിച്ചു പഠിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഷയ്ക്കു സംഭവിച്ചിരിക്കുന്ന സ്തംഭനം വ്യക്തമായി കാണാന്‍ കഴിയും. ഒരു എഴുത്തുകാരന്റെ കല മറ്റൊരു ഘട്ടത്തിലേക്ക് പരിണമിക്കാതിരിക്കുമ്പോഴാണ് ഭാഷ സ്തംഭിച്ചു പോകുന്നത്.' ശരിയായ നിരീക്ഷണമാണത്. പത്മനാഭന്റെ ഭാഷയ്ക്കും കാഴ്ചപ്പാടിനും കാലാന്തരത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് അപ്പന്‍ ഉചിതമായി സൂചിപ്പിക്കുന്നു. 

എന്നാല്‍, എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള നോവലിലുണ്ടായ വരള്‍ച്ചയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ തകഴിയുടെ 'കയര്‍' എന്ന നോവലിനെ വിമര്‍ശിച്ചത് ശരിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കെ.പി. അപ്പന്‍ ആധുനികതയെ ശക്തമായി പിന്താങ്ങിയ അവസരത്തില്‍ തകഴിയേയും ദേവിനേയും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. പിന്നീട് തകഴിയെ സാഹിത്യജീവിതത്തെ അനുഭാവത്തോടെ വിലയിരുത്തിയിട്ടുമുണ്ട്. എന്തായാലും 'കയറി'നെ തള്ളിക്കളഞ്ഞുകൊണ്ട് 'കലഹവും വിശ്വാസവും' എന്ന പുസ്തകത്തില്‍ നടത്തിയ നിശിതവിമര്‍ശനം നാളത്തെ വായനക്കാര്‍ സ്വീകരിക്കുമെന്നു തോന്നുന്നില്ല. 'അമ്പലപ്പുഴ താലൂക്ക് കച്ചേരിയിലെ ചില പ്രാമാണിക രേഖകളുടെ പുനരാവിഷ്‌ക്കാരം മാത്രമാണ്' ആ നോവല്‍ എന്ന നിരീക്ഷണത്തിനു സത്യവുമായി യാതൊരു ബന്ധവുമില്ല. പല തലമുറകളുടെ ജീവിതങ്ങളിലൂടെ കേരളീയ ജീവിതത്തിന്റെ അവസ്ഥ അന്വേഷിക്കുന്ന തകഴി മനഷ്യന്‍ എന്നും നേരിടുന്ന രാഷ്ട്രീയവും ദാര്‍ശനികവുമായ യാഥാര്‍ത്ഥ്യങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ആ നോവലില്‍ ചെയ്തത്. ആ നോവല്‍ മലയാള സാഹിത്യത്തില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഒരു കൊമ്പനാണ്. ആ നോവലിനോട് നീതിപുലര്‍ത്തുവാന്‍ അപ്പന്‍ എന്ന വിമര്‍ശകനു കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com