തന്റെ സ്വകാര്യചിന്തയുടെ സ്വാതന്ത്ര്യം വിമര്‍ശനത്തില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച അപ്പന്‍

By പ്രസന്നരാജന്‍  |   Published: 26th February 2023 04:56 PM  |  

Last Updated: 26th February 2023 04:56 PM  |   A+A-   |  

appan

 

ഴുത്തിനും വായനയ്ക്കുംവേണ്ടി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം സാഹിത്യത്തിലെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരുന്നു. ഞങ്ങളെ പഠിപ്പിച്ചു കൊണ്ടിരുന്ന എഴുപതുകളുടെ തുടക്കത്തില്‍ അദ്ദേഹം തന്റേതായ സൗന്ദര്യശാസ്ത്രം അവതരിപ്പിക്കുവാന്‍വേണ്ടിയുള്ള കഠിനശ്രമത്തിലായിരുന്നു. 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' അന്നത്തെ ചെറുപ്പക്കാരായ വായനക്കാരെ വളരെയധികം ആകര്‍ഷിച്ചു. പില്‍ക്കാലത്ത് നിരവധി വായനക്കാര്‍ ആ വായനാനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാഹിത്യനിരൂപണത്തിനു വായനക്കാരുടെ ഇടയില്‍ ഇത്രയും വ്യാപകമായ അംഗീകാരവും ആരാധനയും ലഭിക്കുക പതിവുള്ളതല്ല. അപ്പന് മുമ്പോ പിമ്പോ അങ്ങനെയൊരനുഭവം ഉള്ളതായി അറിവില്ല. സര്‍ഗ്ഗാത്മകത ഓളം വെട്ടുന്ന ഭാഷയും ശൈലിയും പുതുമയുടെ വീഞ്ഞ് നുരഞ്ഞുപൊന്തുന്ന ആശയങ്ങളും അവിടെ ഉള്ളതു കൊണ്ടാകാം ചിന്തിക്കുന്ന ഒരു തലമുറയുടെ ആദരവും സ്‌നേഹവും അപ്പന്‍ പിടിച്ചു പറ്റിയതെന്നു തോന്നുന്നു. വിജയന്റേയും കാക്കനാടന്റേയും മുകുന്ദന്റേയും മറ്റും കൃതികള്‍ വായിക്കാന്‍ ആ പുസ്തകം വായനക്കാര്‍ക്കു പുതിയ കണ്ണടകള്‍ നല്‍കി. പല വായനക്കാരും അപ്പന്റെ 'സുവിശേഷങ്ങള്‍' പാടി നടന്നു. 'ക്ഷോഭിക്കുന്നവരുടെ സുവിശേഷങ്ങള്‍' പല പ്രാവശ്യം വായിച്ച നിരവധി വായനക്കാരുണ്ട്. പലര്‍ക്കും അപ്പന്റെ വരികള്‍ കാണാപ്പാഠമായിരുന്നു. വായനക്കാര്‍ അപ്പന്റെ അടുത്ത പുസ്തകം പ്രതീക്ഷിക്കുകയുമാണ്. എഴുത്തുകാരാണെങ്കില്‍ തങ്ങള്‍ എഴുതിയതിനെക്കുറിച്ച് അപ്പന്‍ എന്തു പറയുന്നുവെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. എം. മുകുന്ദന്‍ ഇപ്രകാരമെഴുതി: '...എഴുത്തിന്റെ ആദ്യനാളുകളില്‍ എന്റെ രചനകളെ അദ്ദേഹം എങ്ങനെ വിലയിരുത്തുന്നുവെന്ന് അറിയാന്‍ ഹൃദയമിടിപ്പുകളോടെയാണ് ഞാന്‍ കാത്തിരുന്നത്. കാരണം കെ.പി. അപ്പന്‍ എന്റെ രചനകളെ തിരസ്‌കരിച്ചാല്‍ എനിക്ക് നിലനില്‍പ്പില്ലെന്ന് എനിക്കു നന്നായി അറിയാമായിരുന്നു. ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത് 
ഐ.എ. റിച്ചാര്‍ഡ്‌സിനെപ്പോലുള്ള വിമര്‍ശകരുടെ വീക്ഷണത്തില്‍ നിന്നല്ല സ്വന്തം ഭാഷയിലെ നവ എഴുത്തുകാരുടെ സര്‍ഗ്ഗാത്മകതയില്‍നിന്നാണ് തന്റെ സൗന്ദര്യസങ്കല്പങ്ങള്‍ താന്‍ രൂപപ്പെടുത്തിയെടുക്കുന്നതെന്നാണ്. ആ നവ എഴുത്തുകാരില്‍ ഒരാള്‍ ഞാനാണെന്ന അറിവ് എന്നെ കോരിത്തരിപ്പിച്ചിരുന്നു.'

ആദ്യകാലത്തുതന്നെ പുതിയ എഴുത്തുകാര്‍ കെ.പി. അപ്പനെ എങ്ങനെയാണ് കണ്ടതെന്ന് ഈ വാക്കുകള്‍ തെളിയിക്കുന്നു. എന്നാല്‍, അപ്പന്‍ വേഗത്തില്‍ എഴുതി കയ്യടികള്‍ വാങ്ങാന്‍ തിടുക്കം കാണിച്ചില്ല. മഹര്‍ഷിതുല്യമായ ഒരു സംയമനം അപ്പന് തുടക്കം മുതലുണ്ടായിരുന്നു. എന്തും ആലോചിച്ചു പറയുക, എന്തും സമയമെടുത്ത് പറയുക  ഈ ശീലം ആദ്യമേയുണ്ട്. ആദ്യ പുസ്തകമെന്ന നിലയില്‍ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' വലിയ വിജയമായിരുന്നു. അപ്പന്‍ ഉടന്‍ തന്നെ ഒ.വി. വിജയന്റേയും ആനന്ദിന്റേയും മുകുന്ദന്റേയും കാക്കനാടന്റേയും സാഹിത്യത്തെക്കുറിച്ചു ദീര്‍ഘവും വിശദവുമായ പഠനങ്ങള്‍ എഴുതുമെന്ന് വായനക്കാര്‍ കരുതി. എന്നാല്‍, അപ്പന്‍ അന്നത്തെ പ്രമുഖ എഴുത്തുകാര്‍ ഉള്‍പ്പെടുന്ന ആധുനികതയെ വിലയിരുത്തുവാന്‍ വേണ്ട സൗന്ദര്യശാസ്ത്രം അവതരിപ്പിക്കുവാന്‍ തയ്യാറെടുപ്പ് നടത്താനാണ് തുനിഞ്ഞത്. വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ അപ്പന്‍ സാറിനെ സ്വകാര്യമായി കാണുമ്പോള്‍ എന്താണ് എഴുതുന്നതെന്നു ചോദിക്കുമായിരുന്നു. അപ്പോഴൊക്കെ സ്വന്തമായ ഒരു 'ഈസ്തീറ്റ്ക്‌സ്' (Aesthetics) അവതരിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു പറയും. 

അഞ്ചുവര്‍ഷമെടുത്ത് എഴുതിയ 'തിരസ്‌കാരം'

വീണ്ടു വായിച്ചും ആലോചിച്ചും കൂടുതല്‍ അന്വേഷിച്ചും തന്റേതായ ഒരു സാഹിത്യദര്‍ശനം അവതരിപ്പിക്കുവാന്‍ ദീര്‍ഘക്ഷമയോടെ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. 1973 മുതല്‍ ആ ശ്രമമാരംഭിച്ചു. എഴുത്തുകാരന്റെ സ്വാതന്ത്ര്യം, നിലപാടുകള്‍, കലയുടെ ലക്ഷ്യം, കലയിലെ സൗന്ദര്യം, വിമര്‍ശനത്തിന്റെ പ്രസക്തി, വിമര്‍ശകന്റെ വ്യക്തിത്വം, സാഹിത്യ കൃതികളിലെ ഭാഷ, എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ചു ആഴത്തില്‍ ചിന്തിക്കുകയും ചെറുതായി എഴുതിത്തുടങ്ങുകയും ചെയ്തു. നിലവിലിരുന്ന സാഹിത്യചിന്തകള്‍ അദ്ദേഹത്തില്‍ അസംതൃപ്തി മാത്രമാണ് സൃഷ്ടിച്ചത്. ഒരു വിമര്‍ശകനു കലാകാരനെപ്പോലെതന്നെ സ്വന്തമായ ദര്‍ശനവും ലാവണ്യസങ്കല്പങ്ങളും വേണം. തന്റെ ഉള്ളിലെ വാസനയ്ക്കും അഭിരുചിക്കും യോജിച്ച ഒരു ലാവണ്യ തത്ത്വചിന്ത അവതരിപ്പിക്കുവാനാണ് അദ്ദേഹം യത്‌നിച്ചു തുടങ്ങിയത്. കിഴക്കും പടിഞ്ഞാറുമുള്ള സാഹിത്യസിദ്ധാന്തങ്ങള്‍ വീണ്ടും വീണ്ടും പരിശോധിച്ചും സര്‍ഗ്ഗാത്മക കൃതികളിലൂടെ ആവര്‍ത്തിച്ച് സഞ്ചരിച്ചും സൗന്ദര്യ ശാസ്ത്രത്തിന്റെ അടിസ്ഥാനം കണ്ടെത്താന്‍ തീവ്രപരിശ്രമങ്ങള്‍ നടത്തി. ഓരോ വര്‍ഷവും ഒന്നോ രണ്ടോ ലേഖനങ്ങള്‍ വീതമെഴുതി 1978 ജൂലൈ മാസത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞു. ആ പുസ്തകമാണ് അപ്പന്റെ ഏറ്റവും ചെറിയ പുസ്തകം: 'തിരസ്‌കാരം'. നാല്‍പ്പത്തിരണ്ട് പേജുള്ള ഈ പുസ്തകമെഴുതാന്‍ അഞ്ചു വര്‍ഷമെടുത്തു (1973- 1978). 

ഈ വര്‍ഷങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട വേറെയും കനപ്പെട്ട പലതും എഴുതിയിട്ടുണ്ട്. 1976ല്‍ ജോണ്‍ സാമുവേല്‍ സമാഹരിച്ച 'പതിനൊന്ന് കഥകള്‍' (ഡി.സി. ബുക്‌സ്) എന്ന പുസ്തകത്തിന് എഴുതിയ ദീര്‍ഘമായ അവതാരികയാണ് അതിലൊന്ന്. മാധവിക്കുട്ടി മുതല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളവരെയുള്ള പതിനൊന്ന് കഥാകൃത്തുക്കളുടെ/കഥാകാരികളുടെ കഥകളും അവരുടെ കഥകളെക്കുറിച്ചുള്ള പഠനവുമാണ് പുസ്തകത്തിലുള്ളത്. സുദീര്‍ഘമായ പ്രബന്ധത്തിന്റെ ആദ്യഭാഗത്ത് ആധുനിക ചെറുകഥയുടെ സൗന്ദര്യപരവും ദാര്‍ശനികവുമായ വശങ്ങള്‍ ഏറ്റവും സൂക്ഷ്മമായും വിശദമായും വിവരിക്കുന്നു. പിന്നീട് ഓരോ കഥാകാരന്റേയും ഭാഷയും ആഖ്യാനവും വീക്ഷണവും വെളിപ്പെടുത്തുന്നു. പഠനവിധേയമായ ഓരോ കഥാകാരനേയും കുറിച്ചുള്ള ഓരോ ലഘു പഠനമാണത്. മാധവിക്കുട്ടി ('കൃഷ്ണ കാമുകിയുടെ അഭികാമചേതന'), ഒ.വി. വിജയന്‍ ('മലയാള കഥയുടെ ഡിസൈനില്‍ ഒരു ഇന്ത്യന്‍ ഐഡന്റിറ്റി'), കാക്കനാടന്‍ ('ക്ഷീണിക്കാത്ത പ്രതിഭയുടെ അന്വേഷണം'), എം. മുകുന്ദന്‍ ('സുതാര്യമായ ശൈലിയില്‍ അസ്തിത്വത്തിന്റെ രഹസ്യങ്ങള്‍'), സക്കറിയ ('ആഭിചാരത്തിന്റെ നിഗൂഢ പ്രലോഭനം') എം.പി. നാരായണപിള്ള ('മകുടിയിലൂടെ കടന്നുവരുന്ന സ്വരശില്പം') വി.കെ.എന്‍ ('അഭിവ്യഞ്ജന കലയുടെ പുതിയ മാര്‍ഗ്ഗം') പുനത്തില്‍ കുഞ്ഞബ്ദുള്ള ('ശൈലിയുടെ പുരുഷപ്രകൃതി') സേതു ('ദുഃസ്വപ്നത്തില്‍ നിന്നും കുരുതിയില്‍ അവസാനിക്കുന്ന അനുഷ്ഠാനത്തിലേക്ക്'), പത്മരാജന്‍ ('മൃത്യുന്മുഖമായ ദര്‍ശനം') എന്നീ കഥാകാരന്മാരുടെ കഥകളെക്കുറിച്ചുള്ള പഠനങ്ങള്‍ ഏറ്റവും ശ്രദ്ധേയമാണ്. ലഘുപഠനങ്ങള്‍ക്കു കൊടുത്തിരിക്കുന്ന ശീര്‍ഷകങ്ങള്‍ കഥാകാരന്മാരുടെ കലയുടെ പൊരുള്‍ വെളിപ്പെടുത്തുന്നവയാണ്. പുസ്തകത്തില്‍ ചേര്‍ത്ത കഥയെക്കുറിച്ചു മാത്രമല്ല, ഓരോ കഥാകാരന്മാരുടേയും കഥാസാഹിത്യത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന വിലയിരുത്തലുകളാണ് ഇവിടെ നടത്തിയിട്ടുള്ളത്. ഈ കഥാകാരന്മാരുടെ കഥാജീവിതത്തെ സമഗ്രമായി പ്രതിപാദിക്കുന്ന, ഏറ്റവും സൂക്ഷ്മവും അഗാധവുമായ നിരീക്ഷണങ്ങളും വിലയിരുത്തലുകളുമാണ് നാല്‍പ്പത്തി അഞ്ച് പേജോളം ദീര്‍ഘമായ പഠനത്തിലുള്ളത്. ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍  'തിരസ്‌കാര'ത്തെക്കാള്‍ വലുതാണ് ഈ പഠനം. ആധുനിക ചെറുകഥയെ സംബന്ധിക്കുന്ന ഒരാധികാരിക പുസ്തകമായിത്തന്നെ ഈ പഠനത്തെ കാണണം. മാറിയ മലയാള ചെറുകഥയുടെ സൗന്ദര്യപരവും ദാര്‍ശനികവുമായ എല്ലാ സവിശേഷതകളും ഈ പഠനം പ്രകടിപ്പിക്കുന്നു. അതുകൊണ്ട് ആധുനിക ചെറുകഥയെ സംബന്ധിക്കുന്ന ഒരാധികാരിക പുസ്തകമായിത്തന്നെ ആ ദീര്‍ഘപഠനത്തിനു നിലനില്‍പ്പുണ്ട്.

എം മുകുന്ദൻ

'തിരസ്‌കാരം' എന്ന സൗന്ദര്യശാസ്ത്ര ഗ്രന്ഥം രൂപത്തില്‍ ചെറുതെങ്കിലും അതില്‍ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങള്‍ക്ക് വലിപ്പവും അഗാധതയുമുണ്ട്. പുതിയ ഘട്ടത്തില്‍ മലയാളത്തിലെ സാഹിത്യകലയ്ക്ക് സംഭവിച്ച വലിയ മാറ്റങ്ങളേയും പുതിയൊരു ലാവണ്യ ദര്‍ശനത്തിന്റെ പ്രാധാന്യത്തേയും കാലഹരണപ്പെട്ട സൗന്ദര്യമൂല്യങ്ങളെ തിരസ്‌കരിക്കേണ്ട ആവശ്യത്തേയും എടുത്തുകാണിക്കുന്ന ഗ്രന്ഥമാണത്. സിദ്ധാന്തങ്ങളേയോ സാഹിത്യ വിമര്‍ശനത്തിലെ തത്ത്വചിന്തയെയോ ആശ്രയിക്കാതെ സാഹിത്യകലാകാരന്മാരുടെ കൃതികളിലെ ആശയങ്ങളും അവരുടെ വാക്കുകളും ബിംബകല്പനകളും വീക്ഷണങ്ങളും ഉപയോഗിച്ച് തന്റെ സൗന്ദര്യവിചാരങ്ങള്‍ക്കു രൂപം കൊടുക്കുകയാണ് ഇവിടെയും അപ്പന്‍. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സിദ്ധാന്തങ്ങള്‍ കലയില്‍ അടിച്ചേല്പിക്കുന്ന വിമര്‍ശനത്തിലെ പൊതുസമ്പ്രദായത്തില്‍നിന്നും വഴിമാറി സഞ്ചരിക്കുകയാണ് അപ്പന്‍ ഇവിടെ.  ഹെര്‍മന്‍ ഹെസ്സ്, ദസ്‌തേയ്‌വ്‌സ്‌കി, ബാര്‍ബ്യൂസ്സി, സുഗതകുമാരി, വൈലോപ്പിള്ളി, ജെയിംസ് ജോയ്‌സ്, മാധവിക്കുട്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, വെര്‍ജീനിയാ വൂള്‍ഫ്, ഒ.വി. വിജയന്‍, ആനന്ദ് തുടങ്ങിയ സാഹിത്യ കലാകാരന്മാരുടെ സര്‍ഗ്ഗാത്മക കൃതികളിലെ ആശയങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ചാണ് തന്റെ സൗന്ദര്യവിചാരങ്ങള്‍ക്കു രൂപംകൊടുത്തത്. സ്വകാര്യ വിചാരങ്ങളുടെ പ്രകാശനമാണ് വിമര്‍ശനമെന്ന് അപ്പന്‍ വ്യക്തമാക്കുന്നു. ജെയിംസ് ജോയിസിന്റെ  'ചെറുപ്പക്കാരന്‍ എന്ന നിലയില്‍ കലാകാരന്റെ ചിത്രീകരണം' ('Potrrait of the Artist as a young man') എന്ന നോവലിലെ നായകനായ സ്റ്റീഫന്‍ ഡെഡാലസ്സിനെപ്പോലെയാവണം വിമര്‍ശകന്‍ എന്ന് അപ്പന്‍ വാദിക്കുന്നു. പാരമ്പര്യത്തെ അതിനിശിതമായി ചോദ്യം ചെയ്യുകയും സ്വകാര്യ അഭിരുചിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തയാളാണ് സ്റ്റീഫന്‍ ഡെഡാലസ്സ്. വിമര്‍ശകനും അങ്ങനെയാകണം. തന്റെ സ്വകാര്യചിന്തയുടെ സ്വാതന്ത്ര്യം അതിന്റെ സമഗ്രതയില്‍ വിമര്‍ശനത്തില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ് അപ്പന്‍ ചെയ്തത്. ഇത് അദ്ദേഹം വിവരിക്കുന്നുണ്ട്. ജോയിസിന്റ ആ നോവല്‍ ആധുനിക വിമര്‍ശകന്റെ വേദപുസ്തകമായി തീരേണ്ടതാണ് എന്നും അപ്പന്‍ അഭിപ്രായപ്പെടുന്നു.  കലാകാരന്മാരുടെ രചനകളിലെ ആശയങ്ങളേയും കലാകരന്മാര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളേയും അടിസ്ഥാനമാക്കി പുതിയൊരു ചിന്താപദ്ധതിക്ക് അപ്പന്‍ രൂപം കൊടുത്തു. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ തത്ത്വചിന്തകളില്‍നിന്നുള്ള വെളിപാടുകള്‍ അപ്പന്റെ ചിന്തകളില്‍ പ്രകാശം പരത്തുന്നുണ്ട്. എങ്കിലും ഏതെങ്കിലും പ്രത്യയശാസ്ത്രത്തേയോ ചിന്താപദ്ധതിയേയോ അദ്ദേഹം യാന്ത്രികമായി പിന്തുടരുന്നില്ല.  വ്യക്തിപരമായ അഭിരുചിയിലും സൗന്ദര്യമൂല്യത്തിലും ഊന്നിനിന്നുകൊണ്ടാണ് ആ സൗന്ദര്യശാസ്ത്ര ചിന്തകള്‍ അവതരിപ്പിച്ചത്. മലയാള സാഹിത്യത്തില്‍ പ്രബല ശക്തിയായി മാറിയ ആധുനികതയെ മനസ്സിലാക്കുവാനും വ്യാഖ്യാനിക്കുവാനും ആ ചിന്താപദ്ധതിക്കു കഴിഞ്ഞു. 

പുതിയ ചില കാഴ്ചപ്പാടുകള്‍

സാഹിത്യവിമര്‍ശനത്തെ സംബന്ധിക്കുന്ന ചില പുതിയ കാഴ്ചപ്പാടുകള്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുണ്ട്. വിമര്‍ശകന് സ്വതന്ത്രവും മൗലികവുമായ സാഹിത്യാഭിരുചിയും മനോഭാവവും വേണമെന്നും ആ അഭിരുചിക്കും വീക്ഷണത്തിനുമാണ് വിമര്‍ശനത്തില്‍ പ്രാധാന്യം കൊടുക്കേണ്ടതെന്നും വിശദീകരിക്കുന്നു. വിമര്‍ശനം സൗന്ദര്യബോധത്തിന്റെ സത്യഭാഷണമാണ്. സ്വന്തം സൗന്ദര്യബോധത്തിനും അഭിരുചിക്കും നിരക്കാത്ത കൃതികളെ തിരസ്‌കരിക്കുവാനുള്ള കരുത്ത് വിമര്‍ശകന്‍ പ്രകടിപ്പിക്കുകയും വേണം. അഭിരുചി മാത്രമല്ല, വിമര്‍ശകന്റ 'ഇഡിയോസിങ് ക്രസി' (Idisoyncrsay)ക്കുപോലും വിമര്‍ശനത്തില്‍ തികഞ്ഞ സ്ഥാനം നല്‍കണം. വിമര്‍ശകന്റെ വ്യക്തിത്വത്തിന്റെ വിലക്ഷണവാസനയ്ക്കുപോലും വിമര്‍ശനത്തില്‍ പ്രാധാന്യമുണ്ട് എന്നര്‍ത്ഥം. സ്വകാര്യവിചാരങ്ങളുടെ ആവിഷ്‌കരണമാണ് വിമര്‍ശനമെന്ന ചിന്തയ്ക്ക് മലയാള വിമര്‍ശനത്തിലെ സവിശേഷമായ പാരമ്പര്യത്തില്‍  വേരുകളുണ്ട്.  സാഹിത്യനിരൂപണത്തെ സംബന്ധിച്ച് കുട്ടിക്കൃഷ്ണമാരാര്‍ അവതരിപ്പിച്ച സങ്കല്പവുമായി ഈ ചിന്തകള്‍ക്ക് ബന്ധമുണ്ട്.

'...കവിയാല്‍ ഉല്‍ബോധിതങ്ങളായ  അനുകൂലമായോ പ്രതികൂലമായോ ഉണര്‍ത്തി വിട്ട  സഹൃദയന്റെ സ്വന്തം അഭിപ്രായാഭിരു ചികളുടെ ആവിഷ്‌കരണമത്രേ നിരൂപണം' ('നിഷ്പക്ഷ നിരൂപണം') എന്ന മാരാരുടെ വാക്കുകള്‍ ഓര്‍ക്കുക. അടിസ്ഥാനപരമായി വിമര്‍ശനം ഏകാന്ത വ്യക്തിസ്വരൂപത്തിന്റെ മുദ്ര പതിഞ്ഞ സാഹിത്യരൂപമാണെന്ന് അപ്പന്‍ വാദിക്കുന്നു. വിമര്‍ശകനു ഹിംസാത്മക വ്യക്തിത്വം വേണമെന്നും ആ ഹിംസാത്മക വ്യക്തിത്വത്തിന്റെ പ്രകാശനമായിരിക്കണം സാഹിത്യവിമര്‍ശനമെന്നും അപ്പന്‍ ചൂണ്ടിക്കാണിക്കുന്നു. ചിട്ടകള്‍ക്കും വ്യവസ്ഥകള്‍ക്കും ഉള്ളില്‍നിന്നുകൊണ്ട് അനുഷ്ഠിക്കേണ്ട കര്‍മ്മമല്ല അത് എന്ന് അപ്പന്‍ സ്ഥാപിക്കുന്നു. വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ നീങ്ങുന്ന അക്കാദമിക് പണ്ഡിതന്‍ സ്വന്തം വിമര്‍ശനകലയില്‍ അഭിരുചിക്കോ മനോഭാവത്തിനോ വിമര്‍ശനത്തില്‍ പ്രാധാന്യം കൊടുക്കുന്നില്ല. പാണ്ഡിത്യമല്ല, അഭിരുചിയാണ് പ്രധാനം. കഴിഞ്ഞ തലമുറയിലെ പണ്ഡിതരായ വിമര്‍ശകര്‍ ഇപ്പോഴും പാണ്ഡിത്യത്തിന്റെ വിജയഗാഥകള്‍ പാടി നടക്കുന്നു. കൃതിയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നില്ല. പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റേയും മറ്റും വിമര്‍ശനത്തെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതുകൊണ്ട് അക്കാദമിക് പാണ്ഡിത്യത്തിനെതിരെ വിമര്‍ശനത്തില്‍ കലാപം ആരംഭിക്കേണ്ടിയിരിക്കുന്നു എന്നു വ്യക്തമാക്കുന്നു.

ജെയിംസ് ജോയ്സ്

സാഹിത്യം സമൂഹത്തിനു നേരെ ഉയര്‍ത്തിപ്പിടിച്ച കണ്ണാടിയാണ്, യഥാതഥമായ രീതിയിലാണ് എഴുതേണ്ടത് എന്നിങ്ങനെയുള്ള ഉറച്ചുപോയ ധാരണകള്‍ തിരസ്‌കരിക്കണമെന്ന് ഈ ഗ്രന്ഥം വാദിക്കുന്നു. കലാകാരന്‍ എന്ന നിലയില്‍, സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ല മനുഷ്യന്റെ അസ്തിത്വത്തെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളാണ് എഴുത്തുകാരന്‍ രചനയിലൂടെ ആവിഷ്‌കരിക്കേണ്ടത്. ജീവിക്കുന്ന പൗരന്‍ എന്ന നിലയില്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും എഴുത്തുകാരനും നേരിടുന്നു. അത് എഴുത്തുകാരന്റേയും പ്രശ്‌നങ്ങള്‍ തന്നെയാണ്. പക്ഷേ, കലയിലൂടെ അതു പരിഹരിക്കാനാവില്ല. രചനയുടെ വേളയില്‍ എഴുത്തുകാരന്‍ സ്വതന്ത്രനായിരിക്കണം. എഴുത്തുകാരന് സാമൂഹിക ദര്‍ശനമല്ല വേണ്ടത്, സ്വകാര്യ ദര്‍ശനമാണ്. കലാസൃഷ്ടി വായനക്കാരുടെ അനുഭൂതികളെ സമ്പന്നമാക്കുകയും സൗന്ദര്യബോധത്തെ വികസിപ്പിക്കുകയും ചെയ്യുന്നു എന്നതില്‍ കവിഞ്ഞ് അതൊരിക്കലും ജീവിതത്തെ നേരിട്ടു സ്വാധീനിക്കാറില്ല. വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിത ഉദാഹരണമായി എടുത്തു കാണിക്കുന്നു. കുഞ്ഞു മരിച്ചപ്പോള്‍ പൂങ്കുല നുള്ളിയതിന്റെ പേരില്‍ കുഞ്ഞിനെ ശാസിച്ചതോര്‍മ്മിച്ചു തേങ്ങിയ അമ്മയുടെ വേദനയാണ് അതിലെ വിഷയം. അമ്മമാര്‍ 'മാമ്പഴം' വായിച്ചു കഴിഞ്ഞും പൂങ്കുല നുള്ളിയ കുട്ടികളെ തല്ലിയിട്ടുണ്ടെന്നതാണ് സത്യം. ഇതാണ് അപ്പന്റെ വാദം. അദ്ദേഹം പറയുന്നു:

'...എന്നാല്‍, ആ കാവ്യം വായിച്ച് അസ്വസ്ഥരായവര്‍ പിന്നീട് കുഞ്ഞുങ്ങളെ തല്ലാതിരുന്നിട്ടില്ല. പൂങ്കുല നുള്ളിയ കുട്ടികള്‍ പിന്നീടും തല്ല് വാങ്ങിയിട്ടുണ്ടെന്നുള്ളതാണ് നേര്. ഏതെങ്കിലും കുട്ടികള്‍ തല്ലു വാങ്ങാതെ രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അത് 'മാമ്പഴ'ത്തിന്റെ സ്വാധീനം കൊണ്ടാണെന്നു വാദിക്കുവാന്‍ ആരും തന്നെ തുനിയുകയില്ലെന്നാണ് എന്റെ വിശ്വാസം.'

കല സായുധ വിപ്ലവത്തിലേക്ക് നയിക്കുന്നില്ല!

കല വായനക്കാരില്‍ നേരിട്ട് ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നു വ്യക്തമാക്കുവാനാണ് 'മാമ്പഴ'ത്തിന്റെ കാര്യം കൊണ്ടുവന്നത്. രസകരമായ ഈ വാദത്തെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. അമ്മമാര്‍ കുട്ടികളെ തല്ലുന്നതിനെതിരെ എഴുതിയ കവിതയല്ല അതെന്ന് പലരും ചൂണ്ടിക്കാണിച്ചു. അങ്ങനെ വരുമ്പോള്‍ മാത്രമേ അപ്പന്റെ വാദത്തിനു പ്രസക്തിയുള്ളൂ എന്ന് അവര്‍ പറഞ്ഞു. കലയ്ക്ക് ലക്ഷ്യബോധം വേണമെന്ന ആശയത്തെ തിരസ്‌കരിക്കണം എന്നാണ് അപ്പന്റെ വാദം. കല വായനക്കാരന്റെ അനുഭൂതികളെ സമ്പന്നമാക്കുകയേ ചെയ്യുന്നുള്ളൂ; അത് നേരിട്ട് ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നാണ് അപ്പന്‍ പറയുന്നത്. കല ആരെയും ഉടനടി സായുധ വിപ്ലവത്തിലേക്ക് നയിക്കുന്നില്ല എന്നതു ശരിതന്നെ. എന്നാല്‍, അത് മനുഷ്യനെപ്പറ്റിയും  ജീവിതത്തെപ്പറ്റിയും ഈ ലോകത്തെപ്പറ്റിയും പുതിയൊരവബോധം, അത്യന്തം സൂക്ഷ്മമായ അറിവ്, വെളിപാടുപോലെ നവമായ സത്യബോധം പകര്‍ന്നുകൊടുക്കുന്നില്ലേ? തീര്‍ച്ചയായും പകര്‍ന്നുകൊടുക്കുന്നുണ്ട്. ഒന്നും പകര്‍ന്നുകൊടുക്കുന്നില്ലെങ്കില്‍ കല ദാരുണമായ പാഴ്‌വേലയാണെന്നു പറയേണ്ടിവരില്ലേ? കല വായനക്കാരില്‍ സൃഷ്ടിക്കുന്ന ആന്തരികമായ സൂക്ഷ്മചലനങ്ങളെക്കുറിച്ചുള്ള അപ്പന്റെ വാദങ്ങള്‍ വീണ്ടു ചര്‍ച്ച ചെയ്യേണ്ടതാണ്. 

ഇന്നത്തെ കലയുടെ സ്വഭാവമനുസരിച്ച്  ലാവണ്യനിയമങ്ങളെ പുനര്‍നിര്‍വ്വചനത്തിനു വിധേയമാക്കണം എന്ന് അപ്പന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് സാഹിത്യത്തില്‍ റിയലിസത്തിനു പ്രസക്തിയില്ല. 'കോമഡിയും ദുരന്തഭാവവും രസകരമാംവിധം കലര്‍ന്ന് സൃഷ്ടി വേദനിപ്പിക്കുന്നതും ഫലിതം നിറഞ്ഞതുമായ ഗംഭീര രൂപകമായി മാറുന്നു.' അതുകൊണ്ട് ലാവണ്യനിയമങ്ങള്‍ മാറണം. ഇങ്ങനെയാണ് ഇതുവരെയുള്ള മലയാള സാഹിത്യവിമര്‍ശനത്തിലെ ആശയധാരകളെ തിരസ്‌കരിക്കുവാന്‍ വിമര്‍ശകന്‍ ആവശ്യപ്പെടുന്നത്.

സാഹിത്യത്തേയും സാഹിത്യവിമര്‍ശന കലയേയും സംബന്ധിക്കുന്ന പുതിയ കാഴ്ചപ്പാട് 'തിരസ്‌കാരം' അവതരിപ്പിക്കുന്നു. സാഹിത്യസൃഷ്ടി പ്രധാനമായും ഭാഷയുടെ റിഥത്തിലൂടെ ആവിഷ്‌കരിക്കുന്ന ദര്‍ശനം തന്നെയാണ്. സാഹിത്യകലയില്‍ വാക്കുകള്‍ക്കും ബിംബങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും രൂപകങ്ങള്‍ക്കും പദവിന്യാസക്രമങ്ങള്‍ക്കും സ്വരസവിശേഷതയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നും അവയെല്ലാം അപഗ്രഥിച്ചാണ് എഴുത്തുകാരന്റെ ദര്‍ശനത്തിലേക്കു നീങ്ങേണ്ടതെന്നും വിശദീകരിക്കുന്നു. എഴുത്തുകാരന്‍ നേരിട്ടു പറയുന്ന കാര്യങ്ങളെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് അയാള്‍ അബോധപൂര്‍വ്വം ഉപയോഗിക്കുന്ന വാക്കുകളും കല്പനകളുമാണ്. അതാണ് എഴുത്തുകാരന്റെ മനസ്സിലേക്കും സൃഷ്ടിയുടെ ഉള്ളിലേക്കുമുള്ള സത്യത്തിന്റെ വഴികള്‍ തുറന്നിടുന്നതെന്നു വ്യക്തമാക്കുന്നു. അതുകൊണ്ടാണ് 'ഭാഷയില്‍ ശ്രദ്ധിക്കുക, എല്ലായ്‌പോഴും ഭാഷയില്‍ ശ്രദ്ധിക്കുക, വീണ്ടും വീണ്ടും ഭാഷയില്‍ ശ്രദ്ധിക്കുക എന്നതാണ് വിമര്‍ശകന്റെ ലക്ഷ്യമെന്ന് തിരസ്‌കാരം' വിളിച്ചു പറയുന്നത്.

വൈലോപ്പിള്ളി

ഈ പുസ്തകം രൂപത്തില്‍ ചെറുതാണ്. എന്നാല്‍, സ്‌ഫോടകമായ ആശയങ്ങളും വാദമുഖങ്ങളുമാണ് അതില്‍ നിറഞ്ഞിട്ടുള്ളത്. അരനൂറ്റാണ്ടിലധികം കാലമായി സാഹിത്യത്തില്‍ ഭരണം നടത്തിയിരുന്ന ആശയങ്ങളേയും ചിന്താഗതികളേയുമാണ് അപ്പന്‍ ചോദ്യം ചെയ്തിരിക്കുന്നത്. സാമൂഹ്യശാസ്ത്രപരമായ വിമര്‍ശനരീതി സ്വീകരിച്ചവരേയും  മാര്‍ക്‌സിയന്‍ കാഴ്ചപ്പാട് സ്വീകരിച്ച വിമര്‍ശകരേയും യാഥാസ്ഥിതികമായ കാഴ്ചപ്പാട് സ്വീകരിച്ച വിമര്‍ശകരേയും ഈ ചെറുപുസ്തകം അലോസരപ്പെടുത്തി. കുപിതമായ വാക്കുകളുമായി അവരില്‍ പലരും അപ്പന്റെ മുന്‍പില്‍ ചാടിവീണു. പ്രശസ്ത വിമര്‍ശകനും ഉജ്ജ്വല പ്രഭാഷകനുമായ പ്രൊഫ. സുകുമാര്‍ അഴീക്കോട് പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും ഈ ചെറുപുസ്തകത്തിലെ ആശയങ്ങളെ നേരിട്ടു. നമ്മുടെ ഗദ്യസാഹിത്യത്തിലുണ്ടായ നിശ്ചലതയും ജീര്‍ണ്ണതയും തിരിച്ചറിയുവാനും പിന്നീടുണ്ടായ ചലനങ്ങളെ മനസ്സിലാക്കുവാനും പ്രൊഫ. അഴീക്കോടിനെപ്പോലെയുള്ള വിമര്‍ശകര്‍ക്കു കഴിഞ്ഞില്ല എന്ന് ആരുടേയും പേരുകള്‍ പറയാതെതന്നെ പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

അക്കാലത്ത് കൊല്ലത്ത് ശ്രീനാരായണ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ച കൂട്ടത്തില്‍ സുകുമാര്‍ അഴീക്കോട് കെ.പി. അപ്പനേയും 'തിരസ്‌കാര'ത്തേയും രൂക്ഷമായിത്തന്നെ വിമര്‍ശിച്ചു. സദസ്സിനെ ചൂണ്ടി, ഈ സദസ്സില്‍ എവിടെയെങ്കിലും 'തിരസ്‌കാര'ത്തിന്റെ രചയിതാവ് ഉണ്ടെങ്കില്‍ ഇത് കേള്‍ക്കണം എന്നു പറഞ്ഞ് നല്ല ഫലിതബോധത്തോടെയായിരുന്നു വിമര്‍ശനം. സദസ്സിന്റെ ഏറ്റവും പിറകില്‍ കല്ലട രാമചന്ദ്രനോടൊപ്പം കെ.പി. അപ്പനുമുണ്ടായിരുന്നു. രണ്ട് പേരും പ്രൊഫസറുടെ തമാശകള്‍ കേട്ട് ചിരിച്ചു മടങ്ങി. പിന്നീട് പല സ്ഥലത്തും ഇതുപോലെ പ്രസംഗിച്ചതായി അറിഞ്ഞു. ചില ലേഖനങ്ങളില്‍ പരാമര്‍ശിക്കുകയും ചെയ്തു. പ്രൊഫ. അഴീക്കോടും മറ്റും ഉന്നയിച്ച എതിര്‍പ്പുകള്‍ക്ക് അപ്പന്‍ ഉടന്‍ മറുപടി പറഞ്ഞില്ല. വീണ്ടും ആലോചിച്ചും അന്വേഷിച്ചും മറുപടി പറഞ്ഞു. പിന്നീട് അപ്പന്‍ ഈ വിമര്‍ശനങ്ങള്‍ക്കും അഴീക്കോടിന്റെ വിമര്‍ശനരീതികള്‍ക്കും അദ്ദേഹത്തിന്റെ ഭാഷയ്ക്കും നേരെ വിമര്‍ശനത്തിന്റെ മൂര്‍ച്ചയുള്ള വാളുയര്‍ത്തി.

ഈ പുസ്തകം സാവധാനത്തിലാണ് സാധാരണ വായനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗഹനമായ കാര്യങ്ങള്‍ പിരിമുറുക്കമുള്ള ഭാഷയിലും ശൈലിയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ സൂക്ഷ്മമായ വായന ആവശ്യപ്പെടുന്ന ഗ്രന്ഥമാണിത്. ആശയങ്ങള്‍ വിടര്‍ത്തി പരത്തി പറയാതെ ഘനസാന്ദ്രതയോടെ പറഞ്ഞിരിക്കുകയാണ്. ഒരുപാട് വിശദീകരണം ആവശ്യപ്പെടുന്നതും സാധാരണ വായനക്കാര്‍ക്ക് തീര്‍ത്തും അപരിചിതവുമായ ആശയങ്ങള്‍ പോലും ഗൂഢമായി അര്‍ത്ഥം ധ്വനിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കുന്നത്. സാവധാനത്തിലാണ് ഈ ചെറുപുസ്തകത്തിലെ ആശയങ്ങളുടെ പൊരുള്‍ സാധാരണ വായനക്കാരിലെത്തിയത്. സമാന ചിന്താഗതിക്കാരായ പുതിയ വിമര്‍ശകരും കലയില്‍ മാറ്റം വേണമെന്ന് അഭിലഷിക്കുന്ന നല്ല വായനക്കാരും ഈ പുസ്തകത്തെ സ്വാഗതം ചെയ്തു. വി. രാജകൃഷ്ണന്‍ പുസ്തകമിറങ്ങിയ ഘട്ടത്തില്‍ത്തന്നെ 'കലാകൗമുദി' വാരികയില്‍ എഴുതിയ 'ക്ഷോഭത്തിന്റെ അപരാഹ്ന ശോഭ' എന്ന ലേഖനത്തില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം ഉചിതമായി ചൂണ്ടിക്കാട്ടി. മാരാരില്‍നിന്നു തുടങ്ങി സി.ജെയില്‍ വളര്‍ച്ച നേടിയ വേദനിന്ദകരായ സ്വതന്ത്ര ധിഷണാശാലികളുടെ  പാരമ്പര്യത്തിലെ ഒരു കണ്ണിയായി 'തിരസ്‌കാര'ത്തിന്റെ രചയിതാവിനെ അദ്ദേഹം വിലയിരുത്തുന്നു.

'തിരസ്‌കാര'ത്തിനു വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് മാര്‍ക്‌സിയന്‍ സാഹിത്യവിമര്‍ശകരില്‍നിന്നാണ്. അന്നത്തെ പുരോഗമന സാഹിത്യസംഘത്തിന്റെ ഭാഗത്തു നിന്നും രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു. പി. ഗോവിന്ദപ്പിള്ള അദ്ദേഹത്തിന്റെ എഴുത്തിലും പ്രസംഗത്തിലും അന്നത്തെ ആധുനിക സാഹിത്യത്തേയും അതിനെ പിന്താങ്ങുന്ന ആധുനിക നിരൂപകരേയും നിരന്തരമായിത്തന്നെ ആക്രമിച്ചു. 'ആധുനികത എന്നു പറയുന്ന വൈകൃതം കലയുടെ കാന്‍സര്‍' ആണ് എന്നാണ് ഗോവിന്ദപ്പിള്ള പിന്നീട് വിശദീകരിച്ചത്. ചെറുതും വലുതുമായ നിരവധി മാര്‍ക്‌സിസ്റ്റ് വിമര്‍ശകര്‍ 'തിരസ്‌കാര'ത്തെ അതിരൂക്ഷമായി വിമര്‍ശിച്ചു. ആ ചെറുപുസ്തകം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. താത്ത്വികമായി ആ ഗ്രന്ഥത്തെ സമീപിച്ചത് അന്നത്തെ മാര്‍ക്‌സിയന്‍ നിരൂപകനായ ബി. രാജീവന്‍ ആണ്. 'സ്വാതന്ത്ര്യത്തിന്റെ സമഗ്രത' എന്ന ലേഖനത്തില്‍ ആ സമീപനം കാണാം. അപ്പന്റേത് പഴയ ആത്മീയവാദത്തിന്റെ പുതിയ രൂപമാണ് എന്ന് രാജീവന്‍ തുറന്നെഴുതി. അസ്തിത്വവാദമടക്കമുള്ള ആത്മീയവാദങ്ങളുടെ മിഥ്യാ സ്വാതന്ത്ര്യവലയത്തില്‍ ഇനിയും എഴുത്തുകാരനു കഴിഞ്ഞുകൂടാന്‍ നിവൃത്തിയില്ലാതായിരിക്കുന്നുവെന്ന് വ്യക്തമാക്കി 'തിരസ്‌കാര'ത്തില്‍ അപ്പന്‍ ഉയര്‍ത്തിയ ആശയങ്ങളെ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ നിരാകരിക്കുവാന്‍ രാജീവന്‍ കഠിന ശ്രമം തന്നെ നടത്തി.

കുട്ടികൃഷ്ണമാരാര്

തിരസ്‌കാരം ഉണ്ടാക്കിയ ചലനങ്ങള്‍

നിശ്ചലമായിരുന്ന മലയാള വിമര്‍ശനത്തെ ഉണര്‍ത്തുവാന്‍, വ്യത്യസ്ത ആശയങ്ങളുടെ സംഘര്‍ഷ ഭൂമിയാക്കുവാന്‍ 'തിരസ്‌കാര'ത്തിനു കഴിഞ്ഞു എന്ന കാര്യം വ്യക്തമാണ്. കലയുടേയും സാഹിത്യത്തിന്റേയും അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കുവാന്‍ അത് വായനക്കാര്‍ക്കു പ്രേരണ നല്‍കി. ആ കാലയളവില്‍ മലയാള വിമര്‍ശനത്തില്‍ ആധുനികതയെ സംബന്ധിക്കുന്ന സൗന്ദര്യവിചാരങ്ങള്‍ ശക്തിപ്പെട്ടിരുന്നു. അപ്പനെ കൂടാതെ, വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിച്ച നിരവധി വിമര്‍ശകര്‍ അന്ന് രംഗത്തു വന്നു. നരേന്ദ്രപ്രസാദ്, വി. രാജകൃഷ്ണന്‍, ആഷാമേനോന്‍ എന്നിവര്‍ മലയാള സാഹിത്യത്തില്‍ രൂപംകൊണ്ട പുതിയ പ്രവണതകളെ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു. നരേന്ദ്ര പ്രസാദിന്റെ 'ഭാവുകത്വം മാറുന്നു' (1975), 'നിഷേധികളെ മനസ്സിലാക്കുക', ആഷാമേനോന്റെ 'പുതിയ പുരുഷാര്‍ത്ഥങ്ങള്‍' (1979) വി. രാജകൃഷ്ണന്റെ 'രോഗത്തിന്റെ പൂക്കള്‍' (1979) എന്നീ വിമര്‍ശന പുസ്തകങ്ങള്‍ പുറത്തുവന്നതോടെ ആധുനിക വിമര്‍ശനം ശക്തിപ്പെട്ടു. എം. തോമസ് മാത്യുവിന്റെ 'ദന്തഗോപുരത്തിലേക്കു വീണ്ടും' (1978) എന്ന പുസ്തകവും പുറത്തുവന്നു. ഈ വിമര്‍ശകരെല്ലാം ഒറ്റവഴിയിലൂടെ സഞ്ചരിച്ചവരല്ല. സമാനതകളുണ്ടെങ്കിലും ഓരോ വിമര്‍ശകനും ഓരോ വഴിയാണ് സ്വീകരിച്ചത്. അസ്തിത്വവാദത്തിന്റെ പദാവലികള്‍ ഉപയോഗിച്ചാണ് ആഷാ മേനോന്‍ 'ഖസാക്കിനെ' വിലയിരുത്തിയത്. 'ഉണ്മയുടേയും ശൂന്യതയുടേയും ഇടയില്‍ വെറും ഹ്രസ്വമായ സ്വപ്നാടനം മാത്രമാണോ ജീവിതം?' എന്ന ചോദ്യം ചോദിച്ച് ജീവിതത്തിന്റെ അര്‍ത്ഥം തിരയുകയാണ് വിജയന്‍ എന്നു വെളിപ്പെടുത്തുകയാണ് ആഷാമേനോന്‍. അന്യവല്‍ക്കരണം (Alienation), അവിശ്വാസം (Bad faith), ഉണ്മയില്ലായ്മ (Inauthentictiy) എന്നിങ്ങനെയുള്ള അസ്തിത്വവാദ ചിന്തയിലെ ആശയങ്ങളുപയോഗിച്ച് ആധുനിക നോവലുകള്‍ പഠനവിധേയമാക്കുകയാണ് വി. രാജകൃഷ്ണന്‍. വ്യത്യസ്തമായ മറ്റൊരു മാര്‍ഗ്ഗമാണ് എം. തോമസ് മാത്യു സ്വീകരിക്കുന്നത്. എഴുപതുകളുടെ അവസാനം എത്തിയപ്പോള്‍ ഈ പുതിയ നിരൂപണ സമ്പ്രദായം മലയാളത്തില്‍ ശക്തമായി.

മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തില്‍നിന്നും അസ്തിത്വവാദത്തില്‍നിന്നും പലതും സ്വാംശീകരിച്ച് സ്വന്തമായ വഴി തേടാനാണ് നരേന്ദ്രപ്രസാദ് ശ്രമിച്ചത്. സാര്‍ത്രിന്റെ ജീവിത ചിന്തയുപയോഗിച്ച് മലയാളത്തിലെ ആധുനികതയ്ക്ക് ഇടതുപക്ഷ വീക്ഷണമുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. സാര്‍ത്രിന്റെ മാത്രമല്ല, എണസ്റ്റ് ഫിഷറുടേയും ക്രിസ്റ്റഫര്‍ കാല്‍ഡ്വലിന്റേയും ട്രോട്‌സ്‌കിയുടേയും കലാചിന്തയില്‍നിന്നും പലതും സ്വാംശീകരിച്ച് കലയുടെ ധര്‍മ്മം എന്തെന്ന് വിലയിരുത്തുന്നു. ആധുനികതയെ ഇടതുപക്ഷം എതിര്‍ത്തപ്പോള്‍ ആധുനികതയ്ക്ക് ഇടതുപക്ഷ സ്വഭാവമുണ്ടെന്ന് ആദ്യകാലത്തുതന്നെ നരേന്ദ്രപ്രസാദ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, അന്നത്തെ ഒരു മാര്‍ക്‌സിസ്റ്റ് വിമര്‍ശകനും ആധുനികതയെ വിടര്‍ന്ന കണ്ണുകള്‍കൊണ്ടു കാണുവാന്‍ തയ്യാറായില്ല. 'യഥാര്‍ത്ഥത്തില്‍ മോഡേണിസത്തിന്റെ ഭാവുകത്വ കലാപം നവീന ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നിട്ടും കേരളത്തില്‍ നവീന ഇടതുപക്ഷവും അത് കൃത്യമായി തിരിച്ചറിഞ്ഞില്ലെന്ന്' ഖേദത്തിന്റേയും കുറ്റബോധത്തിന്റേയും സ്വരത്തില്‍ പില്‍ക്കാലത്ത് ബി. രാജീവന്‍ എഴുതിയിട്ടുണ്ട്. വാസ്തവത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നടന്ന ലോക മഹായുദ്ധങ്ങള്‍ സൃഷ്ടിച്ച വലിയ വിശ്വാസത്തകര്‍ച്ചയും തീവ്ര നൈരാശ്യവും ശൂന്യതാബോധവും ആധുനികതാ പ്രസ്ഥാനത്തിന്റെ പിന്നിലുണ്ടായിരുന്നു. മാര്‍ക്‌സിയന്‍ വിമര്‍ശനത്തിന്റെ പദാവലികള്‍ ഉപയോഗിച്ചുതന്നെ വിലയിരുത്തപ്പെടേണ്ട പലതും ആ പ്രസ്ഥാനം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ആദ്യകാലത്ത് നരേന്ദ്രപ്രസാദ് അല്ലാതെ ആരും ആ വഴിക്കു ചിന്തിച്ചില്ല.
എന്നാല്‍, വിമര്‍ശനത്തിലെ ഈ വലിയ മാറ്റങ്ങളെ മലയാളവിമര്‍ശനത്തിന്റെ വളര്‍ച്ചയായി അംഗീകരിക്കുവാന്‍ പഴയ തലമുറയില്‍പ്പെട്ട നിരൂപകര്‍ തയ്യാറായില്ല. എസ്. ഗുപ്തന്‍ നായര്‍, എം. കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ എഴുത്തിലൂടെയും സുകുമാര്‍ അഴീക്കോട്, പി. ഗോവിന്ദപ്പിള്ള തുടങ്ങിയവര്‍ പ്രസംഗങ്ങളിലൂടെയും കെ.പി. അപ്പന്‍ ഉള്‍പ്പെടെയുള്ള ആധുനിക വിമര്‍ശകരെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു.

കെ.പി. അപ്പന്‍ 'തിരസ്‌കാര'ത്തില്‍ അവതരിപ്പിച്ച സാഹിത്യദര്‍ശനത്തിനു പടിഞ്ഞാറന്‍ നാടുകളിലെ സാഹിത്യദര്‍ശനവുമായും സൗന്ദര്യമൂല്യങ്ങളുമായും ആഴത്തിലുള്ള ബന്ധമുണ്ട്. ശരി തന്നെ. എന്നാല്‍ മലയാള വിമര്‍ശനത്തിലെ സവിശേഷമായ ചിന്താധാരയുമായും അതിനു ബന്ധമുണ്ട് എന്ന കാര്യം നിഷേധിക്കുവാനാകില്ല. മലയാള വിമര്‍ശന പാരമ്പര്യത്തില്‍ അതിനു വേരുകളുണ്ട്. ഒരര്‍ത്ഥത്തില്‍ മലയാള വിമര്‍ശനത്തിലെ സവിശേഷമായ ചിന്താപാരമ്പര്യത്തെ പുതിയകാലത്തിനു ഇണങ്ങുംവിധം പുതുക്കുകയും പരിഷ്‌കരിക്കുകയും കൂടുതല്‍ മുന്നോട്ട് നയിക്കുകയും ചെയ്യുകയാണ് അപ്പന്‍ ചെയ്തത്. കുട്ടിക്കൃഷ്ണമാരാര്‍, ഡോ. കെ. ഭാസ്‌കരന്‍ നായര്‍, പി.കെ. ബാലകൃഷ്ണന്‍, സി.ജെ. തോമസ്, എം. ഗോവിന്ദന്‍, എം.വി. ദേവന്‍ എന്നിവര്‍ ഉയര്‍ത്തി പിടിച്ച സാഹിത്യസങ്കല്പങ്ങളേയും കാഴ്ചപ്പാടുകളേയും ചിന്താരീതികളേയും സൗന്ദര്യമൂല്യങ്ങളേയും ആധുനിക ഘട്ടത്തിനു യോജിക്കുംവിധം സാഹസികമായി മുന്നോട്ട് നയിക്കയാണ് അപ്പന്‍ ചെയ്തത്. കലയുടേയും കലാകാരന്റേയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അപ്പന്റെ കാഴ്ചപ്പാടുകള്‍ക്ക് പിന്നില്‍ ഈ വിമര്‍ശകരുടെ ചിന്തകളുമായി ബന്ധമുണ്ട്. എം. ഗോവിന്ദന്റെ ചിന്താലോകത്തു നിന്നും പലതും അപ്പന്‍ സ്വാംശീകരിച്ചിട്ടുണ്ട്. എം. ഗോവിന്ദനുമായി അപ്പന് ആദ്യകാലത്ത് കത്തിടപാടുകളും ഉണ്ടായിരുന്നു. നമ്മുടെ ധൈഷണിക ജീവിതത്തെ രൂപപ്പെടുത്തുവാന്‍ ഗോവിന്ദന്റേയും 'പവിത്ര സംഘ'ത്തിന്റേയും ചിന്തകള്‍ ഉണ്ടെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. കല സംവിധാനഭംഗിയാണ് എന്നും പ്രത്യക്ഷ യാഥാര്‍ത്ഥ്യങ്ങള്‍ക്കു പിന്നിലെ പരോക്ഷ യാഥാര്‍ത്ഥ്യങ്ങളാണ്  വൈകാരികം, വൈചാരികം, ആദ്ധ്യാത്മികം എന്നിങ്ങനെയുള്ള  കലയുടെ പ്രതിപാദ്യവിഷയം എന്നും ഉള്ള മാരാരുടെ ലാവണ്യചിന്തകളില്‍നിന്നും അപ്പന്‍ പലതും സ്വാംശീകരിച്ചിട്ടുണ്ടെന്നു വ്യക്തമാണ്. ഭൗതികമായ യാഥാര്‍ത്ഥ്യങ്ങളല്ല മനുഷ്യജീവിതത്തെ സംബന്ധിച്ച അതിഭൗതികവും ദാര്‍ശനികവുമായ വലിയ യാഥാര്‍ത്ഥ്യങ്ങളാണ് കലയുടെ വിഷയമാകേണ്ടതെന്ന ഡോ. കെ. ഭാസ്‌കരന്‍ നായരുടേയും പി.കെ. ബാലകൃഷ്ണന്റേയും കാഴ്ചപ്പാടുകളും അപ്പനെ സ്വാധീനിച്ചിട്ടുണ്ട്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന അഭിപ്രായത്തില്‍ സി.ജെയുടെ ചിന്തകളില്‍നിന്നും പലതും ഉള്‍ക്കൊണ്ടിട്ടുണ്ട്. സമകാലികമായ വിമര്‍ശന ദൗര്‍ബ്ബല്യങ്ങളെ തള്ളിക്കളയുമ്പോഴും നമ്മുടെ വിമര്‍ശനപാരമ്പര്യത്തില്‍നിന്നും ഊര്‍ജ്ജവും പ്രകാശവും ഉചിതമായി സംഭരിക്കുന്നുണ്ട് ഈ വിമര്‍ശകന്‍. അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത് മലയാളത്തിന്റെ മണ്ണിലാണ്. ആധുനിക വിമര്‍ശനം വിദേശത്തുനിന്നും വളര്‍ച്ചയ്ക്കായി പലതും സ്വാംശീകരിച്ചിട്ടുണ്ട്. പക്ഷേ, പുറത്തുനിന്നും ഇറക്കുമതി ചെയ്യപ്പെട്ട ചരക്കല്ല അത്.

പി ​ഗോവിന്ദപ്പിള്ള

1981ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് മലയാള നിരൂപണത്തിന്റെ സമകാലിക മുഖത്തെക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിച്ചു. കഴിഞ്ഞ തലമുറയിലെ പ്രമുഖ വിമര്‍ശകനായ എസ്. ഗുപ്തന്‍ നായര്‍ ആയിരുന്നു ചര്‍ച്ചാലേഖനം അവതരിപ്പിച്ചത്. 'ആശയപരതയില്‍നിന്ന് ആശയകാലുഷ്യത്തിലേക്കോ?' എന്നായിരുന്നു ആ ലേഖനത്തിന്റെ ശീര്‍ഷകം. മലയാള നിരൂപണത്തിലെ വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തിയ കാഴ്ചപ്പാടുകള്‍ തമ്മിലുള്ള അനിവാര്യമായ ആശയസംഘര്‍ഷം ആ ചര്‍ച്ചയിലുണ്ടായി. ആധുനിക വിമര്‍ശനത്തെ സൗമ്യസ്വരത്തില്‍ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ലേഖനമായിരുന്നു ഗുപ്തന്‍ നായരുടേത്. നവീന നിരൂപകര്‍ കവിയുടെ വാക്കുകള്‍ക്ക് ഇല്ലാത്ത അര്‍ത്ഥവും അര്‍ത്ഥാന്തരങ്ങളും കണ്ട് സാഹിത്യവിമര്‍ശനത്തെ ഉണക്കശാസ്ത്രമാക്കി അധ:പതിപ്പിക്കുന്നു എന്നും അവര്‍ ആശയ കാലുഷ്യത്തിലേക്കു നീങ്ങുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ആധുനിക വിമര്‍ശകര്‍ ഇതിനെല്ലാം മറുപടി പറയുന്നുണ്ട്.  അന്നത്തെ പ്രമുഖ വിമര്‍ശകരെല്ലാം പങ്കെടുത്ത ആ ചര്‍ച്ചയോടെ ആര്‍ക്കും അവഗണിക്കുവാനാകാത്തതായി മാറി ആധുനിക വിമര്‍ശനം. കെ.പി. അപ്പന്‍ എന്ന നിരൂപകനും അതോടെ മലയാള വിമര്‍ശനത്തിലെ പ്രമുഖ വ്യക്തിത്വമായി മാറിക്കഴിഞ്ഞു. അതൊന്നും അപ്പന്‍ കാര്യമാക്കിയില്ല. നിരൂപണത്തിലുള്ള തന്റെ സ്ഥാനത്തെക്കുറിച്ചോ തനിക്കു കിട്ടേണ്ട അംഗീകാരത്തെക്കുറിച്ചോ അവാര്‍ഡുകളെക്കുറിച്ചോ ആലോചിച്ച് സമയം കളഞ്ഞില്ല. പാഠപുസ്തകങ്ങളില്‍ തന്റെ പുസ്തകം വരേണ്ടതിനെക്കുറിച്ചു ചിന്തിച്ചില്ല. തന്റേതായ സൗന്ദര്യവിചാരങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ മലയാളത്തിലെ ആധുനിക നോവലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകം സ്വപ്നം കാണാന്‍ തുടങ്ങി അദ്ദേഹം. എഴുത്തിന്റെ കഠിന വ്യസനങ്ങളും കഷ്ടപ്പാടുകളും ഏറ്റെടുക്കുന്നതിലായിരുന്നു അദ്ദേഹത്തിന് എന്നും താല്പര്യം.

(തുടരും)

ഈ ലേഖനം‌ കൂടി വായിക്കൂ 

ഗ്ലാഡ് വില്ലയിലെ 'അപ്പന്‍ സദസ്സ്' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ