ഗ്ലാഡ് വില്ലയിലെ 'അപ്പന്‍ സദസ്സ്' 

പ്രശസ്തനായ ഒരു സര്‍ഗ്ഗാത്മകയെഴുത്തുകാരനു കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ ആദരവും ആരാധനയും പ്രശസ്തിയും എഴുപതുകളുടെ തുടക്കത്തില്‍ത്തന്നെ യുവാവായ അപ്പനു ലഭിച്ചിരുന്നു
ഗ്ലാഡ് വില്ലയിലെ 'അപ്പന്‍ സദസ്സ്' 

മുണ്ടയ്ക്കലുള്ള 'ഗ്ലാഡ് വില്ല'യില്‍ താമസം തുടങ്ങിയ അപ്പന്‍ തന്റെ ജീവിതത്തിലെ പ്രധാന ഘട്ടത്തിലേക്കു പ്രവേശിക്കുകയായിരുന്നു. ഭാര്യയും ആദ്യത്തെ മകനുമുണ്ട്. മകന്‍ തീരെ കുഞ്ഞാണ്. മൂന്നോ നാലോ മാസം പ്രായം കാണും. ആലപ്പുഴനിന്നും അമ്മയും കൊല്ലത്തെ ആ വീട്ടില്‍ താമസമായി. മൂത്ത മകന്റ കുഞ്ഞുമോനേയും മകനേയും സംരക്ഷിക്കാനാണ് അമ്മ വന്നത്. അപ്പന്റെ സ്വഭാവം അമ്മയ്ക്ക് നല്ലതുപോലെ അറിയാം. കുടുംബകാര്യങ്ങളില്‍ അപ്പന് തീരെ ശ്രദ്ധയുണ്ടാവില്ല. എപ്പോഴും വായനയുടെ ലോകത്താവും. അപ്പനും ഭാര്യ ഓമനയും ജോലിക്കു പോകുമ്പോള്‍ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. അപ്പന്‍ എസ്.എന്‍. കോളേജിലും ഭാര്യ തൊട്ടടുത്ത് തന്നെയുള്ള എസ്.എന്‍. വിമണ്‍സ് കോളേജിലുമാണ്. പത്തുപതിനഞ്ച് മിനിറ്റ് നടന്നാല്‍ കോളേജിലെത്താം.

കൊല്ലം നഗരം കുട്ടിക്കാലം മുതല്‍ അപ്പന് ഇഷ്ടമായിരുന്നു. അപ്പന്റെ കുട്ടിക്കാലത്ത് ആലപ്പുഴ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. അന്നത്തെ ആലപ്പുഴയെക്കാള്‍ വലിയ പട്ടണമാണ് കൊല്ലം. അതുകൊണ്ട് കൊല്ലത്ത് പോകാന്‍ കുട്ടിയായിരിക്കുമ്പോള്‍ ഇഷ്ടപ്പെട്ടു. പിന്നീട് കൊല്ലത്തു പോയി. ചെറിയ പ്രായത്തില്‍ കൊല്ലത്ത് പോയതിനെക്കുറിച്ച് അപ്പന്‍ ഒരു ചെറുലേഖനം 'കൗമുദി ലീഗി'ല്‍ എഴുതിയിട്ടുണ്ട്. കൊല്ലത്ത് കണ്ട കാഴ്ചകള്‍! കൊല്ലത്ത് താമസമുറപ്പിച്ച ആദ്യ നാളുകളില്‍ അദ്ദേഹം കൊല്ലത്തെ അറിയാന്‍, കൊല്ലത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാന്‍ ധാരാളം സഞ്ചരിച്ചു. സന്തതസഹചാരിയായ കല്ലട രാമചന്ദ്രനുമൊപ്പമായിരിക്കും ആ യാത്രകള്‍! ദൂരെ സ്ഥലങ്ങളിലല്ല, നഗരത്തിന്റെ ചുറ്റുമുള്ള ചെറിയ ചെറിയ ഗ്രാമങ്ങളില്‍ ഉദ്ദേശ്യങ്ങളൊന്നുമില്ലാത്ത ചെറുയാത്രകള്‍. ടൗണ്‍ ബസുകളിലായിരുന്നു യാത്ര. ഇടയ്ക്കുവച്ചു കോളേജിലെ കുട്ടികളെ കണ്ടാല്‍ സംസാരിക്കും. അടുപ്പമുള്ള കുട്ടികളെ കൂടെ കൂട്ടും. കൊല്ലത്തിന്റെ പഴമയും ചരിത്രവും രാഷ്ട്രീയ ചരിത്രവും മനസ്സിലാക്കി. കൊല്ലത്ത് മുന്‍പ് തിളങ്ങിനിന്ന രാഷ്ട്രീയ നേതാക്കളായ സി. കേശവന്‍, ടി.എം. വര്‍ഗീസ്, എന്‍. ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവരെപ്പറ്റി ചോദിച്ചു മനസ്സിലാക്കി. ഇവരെ സംബന്ധിക്കുന്ന രസകരങ്ങളായ തമാശകള്‍ അദ്ദേഹം പറയുമായിരുന്നു. കൊല്ലത്തിന്റെ സാഹിത്യസാംസ്‌കാരിക ചരിത്രവും അദ്ദേഹം ഉള്‍ക്കൊണ്ടു. അഴകത്ത് പത്മനാഭക്കുറുപ്പ്, സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി, പുളിമാന പരമേശ്വരന്‍ പിള്ള, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, കെ. സുരേന്ദ്രന്‍, ഒ.എന്‍.വി, തിരുനല്ലൂര്‍  തുടങ്ങിയവരുടെ സാഹിത്യവും പാരമ്പര്യവും അതിന്റെ എല്ലാ അര്‍ത്ഥവ്യാപ്തിയോടെയും ഉള്‍ക്കൊണ്ടു. കൊല്ലത്തുണ്ടായിരുന്ന ആധുനികതയുടെ പ്രമുഖ വക്താവായ കാക്കനാടനുമായും ബന്ധപ്പെട്ടു. പക്ഷേ, കാക്കനാടനുമായി ആത്മബന്ധമുണ്ടായിരുന്നില്ല. കൊല്ലത്തെ സമകാലിക രാഷ്ട്രീയ നേതൃത്വവുമായും സാമുദായിക നേതൃത്വവുമായും ഒരു ബന്ധവുമില്ലായിരുന്നു. അവര്‍ക്ക് മുഖം കൊടുക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. എന്നാല്‍, നാട്ടില്‍ നടക്കുന്ന ഓരോ അസംബന്ധ രാഷ്ട്രീയ നാടകവും സാമുദായിക തിന്മകളും  അദ്ദേഹം സൂക്ഷ്മമായി അറിഞ്ഞു. ദൂരെ നിര്‍ത്തേണ്ടതിനെ ദൂരെ നിര്‍ത്തുകതന്നെ ചെയ്തു.

എഴുപതുകളുടെ തുടക്കമാണ്. സാഹിത്യത്തില്‍ ആധുനികതാ പ്രസ്ഥാനം ശക്തിപ്രാപിച്ചു കഴിഞ്ഞിരുന്നു. സാഹിത്യ  സാംസ്‌കാരിക വേദികളില്‍ മാത്രമല്ല, വായനശാല വാര്‍ഷികങ്ങളിലും കോളേജ് വാര്‍ഷികങ്ങളിലുമെല്ലാം 'ആധുനികത' ചര്‍ച്ചാവിഷയമായി. അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വിവാദങ്ങളുണ്ടായി. മുപ്പതുകളിലേയും നാല്‍പ്പതുകളിലേയും നവോത്ഥാന കാലഘട്ടത്തെ മാറ്റി നിര്‍ത്തിയാല്‍, ആധുനികതയുടെ ഘട്ടത്തെപ്പോലെ സാഹിത്യപ്രശ്‌നങ്ങള്‍ സാംസ്‌കാരിക വേദികളിലും പൊതുവേദികളിലും ചര്‍ച്ചാവിഷയമാകുന്ന മറ്റൊരു ഘട്ടം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ വേറെയില്ലെന്നു പറയാം. ഇന്നത്തെ കംപ്യൂട്ടര്‍ കാലത്തെപ്പോലെ വിജ്ഞാനത്തിനും സൗന്ദര്യാസ്വാദനത്തിനും കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ അന്നില്ലായിരുന്നു. പത്രമാസികകളായിരുന്നു അനുവാചകര്‍ക്ക് അറിവിന്റേയും സൗന്ദര്യാനുഭവത്തിന്റേയും അനുഭൂതികള്‍ നല്‍കിയത്. അതുകൊണ്ട് പത്രമാസികകളില്‍ കത്തിപ്പടര്‍ന്ന ആധുനികതയുടെ ജ്വാലകള്‍ സാഹിത്യത്തിലും സാംസ്‌കാരിക ജീവിതത്തിലും വലിയ കൊടുങ്കാറ്റുകള്‍ അഴിച്ചു വിടുകതന്നെ ചെയ്തു. കൊല്ലത്തുനിന്നും അന്ന് കേരളത്തിലെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. 'മലയാളനാട്', 'ജനയുഗം', 'കുങ്കുമം' തുടങ്ങിയ പ്രശസ്ത നിരവധി ആഴ്ചപ്പതിപ്പുകള്‍ കൊല്ലത്തുനിന്നാണ് ഇറങ്ങിയിരുന്നത്. ആ വാരികകളുടെയെല്ലാം നല്ല കാലവുമായിരുന്നു അന്ന്. കെ.പി. അപ്പന്‍ കൊല്ലത്ത് താമസമായതോടെ വാരികകളുടെ പ്രവര്‍ത്തകരും പത്രാധിപന്മാരും 'ക്ഷോഭിക്കുന്നവരുടെ സുവിശേഷ'കാരനെ കാണാനെത്തി. 'മലയാളനാട്ടി'ല്‍നിന്നും വി.ബി.സി. നായര്‍ അപ്പനെ കാണുവാനും ലേഖനങ്ങള്‍ വാങ്ങാനും എത്തിയിരുന്നു. വി.ബി.സിക്ക് അപ്പനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സാഹിത്യകാരന്മാരുടെ വിശേഷങ്ങള്‍ അപ്പനുമായി സംസാരിക്കും. ജനയുഗത്തിന്റെ പത്രാധിപര്‍ കാമ്പിശ്ശേരിയുമായി അടുത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. ജനയുഗം ഓണം വിശേഷാല്‍ പതിപ്പിനുവേണ്ടി കാമ്പിശ്ശേരി ലേഖനങ്ങള്‍ ആവശ്യപ്പെടും. കൃത്യമായി അപ്പന്‍ കൊടുക്കുകയും ചെയ്യും.

സി കേശവൻ
സി കേശവൻ

കൊല്ലം നഗരത്തിലും പുറത്തുമുള്ള സാഹിത്യതല്പരരായ വായനക്കാരും എഴുത്തുകാരും അപ്പനെ കാണുവാനും പരിചയപ്പെടാനും വന്നുകൊണ്ടിരുന്നു. ടി.കെ.എം. ആട്‌സ് കോളേജില്‍നിന്നും എം.എം. ബഷീറും ഫാത്തിമ കോളേജില്‍നിന്നും അര്‍ബന്‍, ജോയിക്കുട്ടി പാലത്തുംഗല്‍ എന്നിവര്‍ വരുമായിരുന്നു. ചിലര്‍ കോളേജില്‍ വരും. ചിലര്‍ വൈകുന്നേരം വീട്ടില്‍ വരും. കൊല്ലത്തിനു പുറത്തുള്ളവരും സാഹിത്യത്തിലെ പുതിയ 'സുവിശേഷകനെ' അന്വേഷിച്ചു വന്നുകൊണ്ടിരുന്നു. അപ്പന്‍ ആധുനികതയെ സംബന്ധിക്കുന്ന സുവിശേഷങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. അപ്പന്റെ കരുത്തുള്ള വ്യത്യസ്തമായ ഭാഷയും കാവ്യാത്മകമായ ശൈലിയും വാക്യങ്ങളില്‍ നീന്തിത്തുടിക്കുന്ന ബിംബകല്പനകളും മൗലികമായ ആശയങ്ങളും  നിറഞ്ഞ ലേഖനങ്ങള്‍ സാഹിത്യത്തില്‍ അഭിരുചിയുള്ള വായനക്കാര്‍ക്ക് ഹരമായിത്തീര്‍ന്നു. അപ്പന്‍ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ആരാധനാപാത്രമായി മാറി. സര്‍ഗ്ഗാത്മകമായ രചന വായിക്കുന്നതു പോലെ അപ്പന്റെ രചനകള്‍ വായനക്കാര്‍ സ്വീകരിച്ചു തുടങ്ങി. അക്കാലങ്ങളില്‍ ഓണപ്പതിപ്പ് കിട്ടിയാല്‍ ആദ്യം വായിക്കുന്നത് കവിതയോ ചെറുകഥയോ അല്ല അപ്പന്റെ ലേഖനമാണ് എന്ന അവസ്ഥ വന്നു. പില്‍ക്കാലത്ത് എം. മുകുന്ദന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഒരു സര്‍ഗ്ഗാത്മക കൃതി വായിച്ചാല്‍ കിട്ടുന്ന സുഖമാണ് അപ്പന്റെ വിമര്‍ശന ലേഖനം വായിക്കുമ്പോള്‍ കിട്ടുന്നതെന്ന് കാക്കനാടന്‍ ഒരിക്കല്‍ എഴുതി. മലയാളത്തില്‍ ഇത് പുതിയ അനുഭവമായിരുന്നു. പ്രശസ്തനായ ഒരു സര്‍ഗ്ഗാത്മകയെഴുത്തുകാരനു കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ ആദരവും ആരാധനയും പ്രശസ്തിയും എഴുപതുകളുടെ തുടക്കത്തില്‍ത്തന്നെ യുവാവായ അപ്പനു ലഭിച്ചിരുന്നു. അങ്ങനെ മുണ്ടയ്ക്കലെ 'ഗ്ലാഡ് വില്ല' വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരെ കൊണ്ടുനിറഞ്ഞു. അവിടെ വൈകുന്നേരം 'അപ്പന്‍ സദസ്സ്' രൂപപെട്ടുവെന്നുതന്നെ പറയാം. പിന്നീട് മലയാള വിമര്‍ശനത്തില്‍ 'കെ.പി. അപ്പന്‍ സ്‌കൂള്‍' തന്നെ ഉണ്ടായി.

അപ്പന്‍ തന്നെ കാണാന്‍ വരുന്നവരെ സ്‌നേഹത്തോടെ സ്വീകരിച്ചു. അവര്‍ക്കു ചായ നല്‍കി. ആദ്യകാലത്ത് അമ്മയുണ്ടായിരുന്നപ്പോള്‍ അമ്മയാണ് അതിഥികള്‍ക്കു ചായ കൊടുക്കുന്നത്. വലിയ സ്‌നേഹവാത്സല്യത്തോടെയാണ് അമ്മ അപ്പന്റെ വിദ്യാര്‍ത്ഥികള്‍ക്കും ഉറ്റ കൂട്ടുകാര്‍ക്കും ചായ കൊടുത്തത്. പിന്നീട് ആ ചുമതല ഭാര്യ ഏറ്റെടുത്തു. എഴുത്തില്‍ ക്ഷോഭവും ധിക്കാരവും തിരസ്‌കാരവും പൊളിച്ചടുക്കലുമൊക്കെ ഉണ്ടെങ്കിലും സ്വകാര്യജീവിതത്തില്‍ ശാന്തനാണ് അപ്പന്‍. വീട്ടില്‍ വരുന്നവരെ ആദരിച്ചുകൊണ്ടുള്ള പെരുമാറ്റമാണ്. അപ്പന്റെ ലേഖനങ്ങള്‍ വായിച്ച് ക്ഷുഭിതനും ധിക്കാരിയും അഹങ്കാരിയും താടിയും മുടിയും നീട്ടി വളര്‍ത്തിയ 'കലാപകാരി'യുമായ ഒരാളിന്റെ രൂപം പ്രതീക്ഷിച്ചു ചെന്നിട്ട് മുനിയെപ്പോലെ ശാന്തനായ അപ്പനെ കണ്ട് അത്ഭുതപ്പെട്ടവരും ധാരാളമുണ്ട്. അപ്പന്റെ രൂപം ആകര്‍ഷകമാണ്. പെരുമാറ്റം അത്യാകര്‍ഷകവും ! വരുന്നയാളെ അപ്പന്‍ സൂക്ഷ്മമായി നിരീക്ഷിക്കും. സാഹിത്യത്തില്‍ വാസനയുണ്ട്, താല്പര്യമുണ്ട്, മറ്റു കുഴപ്പങ്ങളൊന്നുമില്ല എന്നു കണ്ടാല്‍ സ്വാഗതം. വരുന്നയാള്‍ 'കത്തി'യാണ്, ബോറനാണ് എന്നു തോന്നിയാല്‍ അയാളറിയാതെ തന്നെ അയാളെ ഒഴിവാക്കും.

എഴുപതുകളുടെ തുടക്കം

എഴുപതുകളുടെ തുടക്കത്തില്‍ എസ്.എന്‍. കോളേജില്‍ പഠിച്ച ഞാനും സുഹൃത്തുക്കളും അപ്പന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. ചാത്തന്നൂര്‍ മോഹന്‍, സോളമന്‍, അന്ന് ഫാത്തിമ കോളേജില്‍ പഠിച്ചിരുന്ന പിന്നീട് ചിത്രകാരനായ അജയകുമാര്‍, എസ്. സുധീഷ്, ഷാഹുദ്ദീന്‍ എന്നിങ്ങനെയുള്ള കൂട്ടുകാരും പലപ്പോഴും കൂടെയുണ്ടാകും. സാഹിത്യമാണ് ചര്‍ച്ച. ചിത്രകലയും സംഗീതവും സിനിമയും രാഷ്ട്രീയവുമെല്ലാം സംസാരത്തില്‍ വരും. അന്ന് സാഹിത്യത്തിലെ പ്രധാന വിഷയമായിരുന്ന മോഡേണിസമാണ് സംസാരത്തില്‍ കൂടുതല്‍ കടന്നുവന്നത്. ഞങ്ങളെ സമനിലയില്‍ പരിഗണിച്ചാണ് സാര്‍ സംസാരിക്കുന്നത്. 'മാതൃഭൂമി'യിലും 'മലയാളനാടി'ലും വന്നു കൊണ്ടിരുന്ന കാക്കനാടന്റേയും മുകുന്ദന്റേയും സക്കറിയയുടേയും മറ്റും വ്യത്യസ്ത സൗന്ദര്യമൂല്യങ്ങള്‍ പ്രകാശിപ്പിക്കുന്ന രചനകളെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചാല്‍ ചില സൂചനകളിലൂടെ ഉത്തരം പറയും. ഞങ്ങള്‍ പറയുന്ന അഭിപ്രായങ്ങളും കേള്‍ക്കും. അന്ന് അജയകുമാര്‍ മുകുന്ദന്റെ ആരാധകനാണ്. എം. മുകുന്ദന്റെ 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു' എന്ന നോവല്‍ 'മലയാളനാട്' വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വരികയായിരുന്നു. അജയന്റ വാക്കുകള്‍ സാര്‍ താല്പര്യത്തോടെ കേട്ടു. മാര്‍ക്‌സിസ്റ്റ് വീക്ഷണമുള്ള സോളമന്‍ സാറിന്റെ നിലപാടുകളോട് ചെറുതായി വിയോജിച്ചപ്പോഴും സാര്‍ ശാന്തമായി കേട്ടു. ആധുനികരില്‍നിന്നും വ്യത്യസ്തമായി എഴുതുന്ന എം. സുകുമാരന്റെ കഥകളെക്കുറിച്ച് സാര്‍ എന്തുകൊണ്ട് എഴുതുന്നില്ല അല്ലെങ്കില്‍ ലേഖനങ്ങളില്‍ പരാമര്‍ശിക്കുന്നില്ല എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സാര്‍ അന്ന് പറഞ്ഞത് 'അത് തന്റെ വിഷയമല്ല' എന്നാണ്. ആ നിലപാടിനോട് എനിക്കു യോജിപ്പില്ലായിരുന്നു. സുധീഷ് ആദ്യകാലം മുതല്‍ അപ്പന്റെ സാഹിത്യ വീക്ഷണത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചയാളാണ്. എതിര്‍പ്പ് നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്തു. സംവാദങ്ങള്‍ തര്‍ക്കങ്ങളിലേക്ക് പോയില്ല. ആശയവിനിമയങ്ങളാണ് നടന്നത്. ഓരോരുത്തരുടേയും താല്പര്യമനുസരിച്ചാവും സാര്‍ സംസാരിക്കുന്നത്. ചില പുസ്തകങ്ങള്‍ വായിക്കുവാന്‍ നിര്‍ദ്ദേശിക്കും. ഇങ്ങനെയുള്ള ചെറുസംവാദങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി. ഞങ്ങളുടെ അഭിരുചിയേയും സംവേദനത്തേയും തിരുത്തുവാനും നവീകരിക്കുവാനും സാര്‍ ശ്രമിക്കുകയായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കഴിവിനും താല്പര്യങ്ങള്‍ക്കും അനുസരിച്ച് അവരെ നയിക്കുക എന്ന നയമാണ് സാര്‍ സ്വീകരിച്ചത്. തന്റെ അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്പിക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല.

ഞങ്ങള്‍ പഠിച്ചു പുറത്തുപോയി കഴിഞ്ഞപ്പോള്‍ അടുത്ത സംഘം വന്നു. പഠിച്ചു കഴിഞ്ഞവരും അപ്പന്‍ സാറിനെ കാണാന്‍ വരാറുണ്ട്. മോഡേണിസത്തെ സംബന്ധിച്ച് കെ.പി. അപ്പനെഴുതിയ ലേഖനങ്ങള്‍ കേരളത്തില്‍ ഉടനീളമുള്ള നല്ല വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. വലിയ എതിര്‍പ്പുകളും ഉയര്‍ന്നുവന്നു. പലരും അപ്പന് കത്തെഴുതി. ഇന്നത്തെ പ്രമുഖ വിമര്‍ശകന്‍ വി. രാജകൃഷ്ണന്‍ അന്ന് കത്തെഴുതിയ വ്യക്തിയാണ്. രാജകൃഷ്ണന്‍ അമേരിക്കയില്‍ ഗവേഷണത്തിനു പോയപ്പോള്‍ അവിടെനിന്നും അപ്പന് കത്തയക്കുമായിരുന്നു. അന്ന് അദ്ദേഹം എഴുതിത്തുടങ്ങിയിരുന്നില്ല. അപ്പന്റെ ശൈലിയേയും ചിന്തയേയും അഭിനന്ദിച്ചുകൊണ്ടുള്ള കത്തുകളായിരുന്നു അവ. പിന്നീട് അവര്‍ തമ്മിലുള്ള ബന്ധം ദൃഢമായി. ഇങ്ങനെ നിരവധി പേരുണ്ട്. അപ്പന്റെ ചിന്തയുമായി യോജിച്ചു പോകുന്നവരും യോജിച്ചു പോകാത്തവരും അദ്ദേഹത്തെ നേരില്‍ കണ്ട് സംവദിക്കുവാന്‍ വരുമായിരുന്നു. അങ്ങനെ വൈകുന്നേരങ്ങളില്‍ അപ്പന്റെ വീട് ആശയസംവാദങ്ങളുടെ ആലയമായി മാറി. അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെട്ടു. പെരുമാറ്റത്തിലെ ആഭിജാത്യവും മാന്യതയും മാത്രം കൊണ്ടായിരുന്നില്ല അത്. മലയാളത്തിലെ മറ്റ് എഴുത്തുകാര്‍ക്കില്ലാത്ത പലതും അദ്ദേഹത്തിനുണ്ടായിരുന്നു. സാഹിത്യത്തിലെ സംഘങ്ങളില്‍ ചേര്‍ന്ന് സ്വാര്‍ത്ഥ ലക്ഷ്യത്തോടെ നീങ്ങാനോ മറ്റ് എഴുത്തകാരെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുവാനോ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. നല്ല വൃത്തിയുള്ള മനുഷ്യന്‍ എന്ന ഖ്യാതി വേഗം നേടി. കെ.പി. അപ്പനുമായുള്ള സൗഹൃദത്തിനുതന്നെ വിലയുണ്ടായി.

എൻ ശ്രീകണ്ഠൻ നായർ
എൻ ശ്രീകണ്ഠൻ നായർ

അപ്പന്‍ കൊല്ലത്ത് താമസമാരംഭിച്ച നാളുകളില്‍ കൊല്ലത്ത് വലിയ എഴുത്തുകാരായി കാക്കനാടനും വൈക്കം ചന്ദ്രശേഖരന്‍ നായരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുനല്ലൂര്‍ കരുണാകരനൊക്കെ പിന്നീടാണ് കൊല്ലത്ത് സ്ഥിരതാമസമാക്കിയത്. അന്ന് കൊല്ലം പബ്ലിക്ക് ലൈബ്രറി സ്ഥാപിതമായിട്ടില്ല. സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഒന്നുമില്ല. ആകെയുള്ളത് കൊല്ലത്ത് ചിന്നക്കടയിലെ എന്‍.ബി.എസ്സിന്റെ ഒരു ശാഖയാണ്. അന്നത് കൊല്ലത്തെ ഒരു ചെറിയ സാംസ്‌കാരിക സ്ഥാപനമായിരുന്നു. വൈകുന്നേരം സാഹിത്യതല്പരരും നല്ല വായനക്കാരും അവിടെ എത്തും. അന്ന് എന്‍.ബി.എസ്സിലൂടെയാണ് മലയാളത്തിലെ പുതിയ പുസ്തകങ്ങളെല്ലാം പുറത്തുവന്നുകൊണ്ടിരുന്നത്. മറ്റു ബുക്ക്സ്റ്റാളിലെ പുസ്തകങ്ങളും എന്‍.ബി.എസ്സില്‍ കിട്ടും. അതുകൊണ്ട് പുതിയ പുസ്തകങ്ങള്‍ കാണാനും വാങ്ങുവാനും ധാരാളം പേര്‍ അവിടെ എത്തും. വേറെ ഒരു ബുക്ക്സ്റ്റാള്‍ കൂടിയുണ്ട്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വില്‍ക്കുന്ന ബുക്ക്സ്റ്റാളാണ് അത്. അതും കൊല്ലത്തിന്റെ ഹൃദയഭാഗത്ത് ചിന്നക്കടയില്‍ തന്നെ. അപ്പന്‍ തന്റെ സായാഹ്ന യാത്രയ്ക്കിടയില്‍ ഈ രണ്ട് സ്ഥാപനങ്ങളിലും ഇടയ്ക്ക് കയറാറുണ്ട്. ഇംഗ്ലീഷ് പുസ്തകക്കടയില്‍ അലസവായനയ്ക്കുള്ള പുസ്തകങ്ങള്‍ മാത്രമല്ല, പ്രശസ്തമായ ക്ലാസ്സിക് കൃതികളും ആധുനിക നോവലുകളും മികച്ച വിമര്‍ശന ഗ്രന്ഥങ്ങളും അവിടെനിന്നു ലഭിക്കുമായിരുന്നു. എന്‍.ബി.എസ്സില്‍ എത്തുമ്പോള്‍ അവിടെ കൊല്ലത്തെ ധാരാളം എഴുത്തുകാരുണ്ടാകും. പി. ഭാസ്‌കരനുണ്ണി, നൂറനാട് ഹനീഫ്, പി. മീരാക്കുട്ടി, ചവറ കെ.എസ്. പിള്ള തുടങ്ങിയ എഴുത്തുകാരുമായി പരിചയപ്പെട്ടു. എഴുത്തുകാരല്ലാത്ത നല്ല വായനക്കാരേയും പരിചയപ്പെട്ടു. തന്റെ സാഹിത്യാഭിരുചിയുമായും വീക്ഷണവുമായും ബന്ധമില്ലാത്തവരോടും വിപരീതാഭിപ്രായമുള്ളവരോടും ഹൃദ്യമായി ഇടപെടാന്‍ അപ്പന് എന്നും കഴിഞ്ഞിരുന്നു. സാഹിത്യത്തില്‍ അന്ന് തീക്ഷ്ണങ്ങളായ വാദപ്രതിവാദങ്ങളുടെ കാലമാണ്. അപ്പനെ നിശിതമായി എതിര്‍ത്തവര്‍ അന്ന് കൊല്ലത്ത് ധാരാളമായുണ്ടായിരുന്നു. തന്നെ എതിര്‍ത്തവരെ കാണുമ്പോള്‍ അദ്ദേഹം മുഖം തിരിച്ചില്ല. വ്യക്തികളെന്ന നിലയില്‍ അദ്ദേഹത്തിന് അവരെ ഇഷ്ടവുമായിരുന്നു. വ്യക്തികളെയല്ല, ആശയങ്ങളെയാണ് താന്‍ എതിര്‍ക്കുന്നതെന്ന് അദ്ദേഹം അന്ന് എഴുതുകയും ചെയ്തു. അതുകൊണ്ടുതന്നെ കൊല്ലത്തെ സാഹിത്യാസ്വാദകരുടെ സ്‌നേഹവും ആദരവും വേഗത്തില്‍ പിടിച്ചുപറ്റാന്‍ അപ്പനു സാധിച്ചു.

എന്നാല്‍ ആശയലോകത്തില്‍ അദ്ദേഹത്തിനു ശത്രുക്കളുണ്ടായി. സര്‍ഗ്ഗാത്മക എഴുത്തുകാരില്‍ ഒരു വിഭാഗം, തങ്ങളുടെ കൃതികള്‍ അപ്പന്‍ പരിഗണിക്കാത്തതിന്റെ പേരില്‍ അപ്പനോട് നീരസമുണ്ടായിരുന്നു. അത് പലപ്പോഴും ശത്രുതയിലേക്കു നീങ്ങി. ഒരു പ്രമുഖ നോവലിസ്റ്റ് കള്ളപ്പേരില്‍ അപ്പനെ ആക്ഷേപിച്ചുകൊണ്ട് ഒരു ചെറുമാസികയില്‍ ലേഖനമെഴുതി. വിമര്‍ശന രംഗത്ത് വര്‍ഷങ്ങളായി നിലയുറപ്പിച്ചിരുന്ന യാഥാസ്ഥിതികരായ വിമര്‍ശകര്‍ അപ്പനെ അവഗണിക്കുന്നതില്‍ തൃപ്തി കണ്ടെത്തി. അതുപോലെ സാഹിത്യത്തില്‍ രൂപപ്പെട്ട ആധുനിക സംവേദനങ്ങളെ അതിരൂക്ഷമായി എതിര്‍ത്ത ഇടതുപക്ഷ വിമര്‍ശകര്‍ തുടക്കം മുതല്‍ തന്നെ അപ്പന് എതിരെ നിലയുറപ്പിച്ചു. അന്നത്തെ ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെ യോഗങ്ങളില്‍ അപ്പനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സാഹിത്യത്തിന് സാമൂഹിക വശം ആവശ്യമില്ല, എഴുത്തുകാരന് സാമൂഹിക പ്രതിബദ്ധത ആവശ്യമില്ല എന്നിങ്ങനെയുള്ള അപ്പന്റെ അഭിപ്രായങ്ങള്‍ ഇടതുപക്ഷ വേദികളില്‍ ആക്രമിക്കപ്പെട്ടതില്‍ അത്ഭുതമില്ല. ഒ.വി. വിജയനും കാക്കനാടനും മുകുന്ദനുമെല്ലാം അന്ന് ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ വേദികളില്‍ കഠിനമായി വിമര്‍ശിക്കപ്പെടുന്നുണ്ടായിരുന്നു. നിരന്തരവും കഠിനവുമായ എതിര്‍പ്പുകളിലൂടെയാണ് ആധുനികത ഇവിടെ വളര്‍ന്നത്. അപ്പന്‍ വളര്‍ന്നതും അങ്ങനെതന്നെയാണ്. എന്നാല്‍, എസ്.എന്‍. കോളേജിലെ പ്രബുദ്ധരായ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ അപ്പനോടൊപ്പം നിന്നു. വിയോജിച്ചു കൊണ്ടാകാം. അന്ന് ഇന്നത്തെ പ്രമുഖ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് എം.എ. ബേബി എസ്.എന്‍. കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ബേബി പഠിക്കുന്ന കാലം മുതല്‍ അപ്പന്‍ സാറുമായി അടുപ്പമാണ്. ആദരവും സ്‌നേഹവുമാണ്. രാഷ്ട്രീയമായ ഭിന്നാഭിപ്രായങ്ങള്‍ വ്യക്തിപരമായ ബന്ധത്തെ ഒട്ടും ബാധിച്ചില്ല. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ ബേബി അപ്പന്‍ സാറിന്റെ സമീപത്തെത്തുമായിരുന്നു. ഗുരുനാഥന്റെ വാക്കുകള്‍ ആശ്വാസമായി മാറുകയും ചെയ്യുമായിരുന്നു. ഇങ്ങനെ നിരവധിപ്പേരുണ്ട്. സ്വകാര്യജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളോ പ്രതിസന്ധികളോ ഉണ്ടെങ്കില്‍ അതിനു പരിഹാരം തേടി പലരും ഗുരു സന്നിധിയില്‍ എത്താറുണ്ട്. മാന്ത്രികവിദ്യകളൊന്നും അപ്പന്‍ സാറിനു വശമില്ലെങ്കിലും ആശ്വാസ വാക്കുകള്‍ ഉണ്ടാകും. ശാന്തിനിറഞ്ഞ കണ്ണുകളും സ്‌നേഹം തുളുമ്പുന്ന മുഖവും സൗമ്യവും പവിത്രവുമായ വാക്കുകളും അവര്‍ക്ക് സാന്ത്വനം പകര്‍ന്നുകൊടുക്കും. ഉച്ചരിക്കുന്ന പദങ്ങള്‍ മുറിവുകള്‍ ഉണക്കുവാന്‍ ഉതകുന്നതാണ്. അക്കാദമിക് വര്‍ഷം തീരുമ്പോള്‍ അവസാനിക്കുന്നതല്ല യഥാര്‍ത്ഥ ഗുരുനാഥനുമായുള്ള ബന്ധം. അത് ജീവിതാവസാനം വരെ തുടരുന്നു. 

ജീവിതത്തില്‍ ധാരാളം തമാശ പറയുകയും തമാശ ആസ്വദിക്കുകയും ചെയ്യുന്നയാളായിരുന്നു അപ്പന്‍. ഗൗരവത്തിന്റെ മുഖംമൂടികള്‍ അഴിച്ചുകളഞ്ഞ് കളിതമാശകള്‍ പറയുവാന്‍ ധാരാളം സമയം ചെലവാക്കി അദ്ദേഹം. വായനയുടെ കഠിന ക്ലേശങ്ങളില്‍നിന്നും മനസ്സിന്റെ ആയാസമകറ്റാന്‍ ചിലപ്പോള്‍ തിയേറ്ററില്‍ പോയി അടിപ്പടങ്ങള്‍ കാണുന്ന ശീലവുമുണ്ടായിരുന്നു. കൂട്ടുകാരോടൊപ്പം വൈകുന്നേരം കൊല്ലം ബീച്ചിലേക്കു പോകും. പ്രിയപ്പെട്ട കൂട്ടുകാരെ കളിയാക്കുന്ന ശീലവുമുണ്ടായിരുന്നു. ഇതിനു പ്രധാനമായും ഇരയാകുന്നത് അടുത്ത സുഹൃത്ത് ആയ കല്ലട രാമചന്ദ്രനാകും. കല്ലടയും സാഹിത്യനിരൂപണങ്ങള്‍ എഴുതാറുണ്ട്. മികച്ച ചില വിമര്‍ശന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരന്തരം പ്രസംഗത്തിനു പോകാറുണ്ട്. പ്രസംഗത്തില്‍ കല്ലട യൂറോപ്യന്‍ എഴുത്തുകാരുടെ കൃതികളെക്കുറിച്ചു പറയും. ഒരവസരത്തില്‍ കല്ലട ആല്‍ബേര്‍ കമ്യൂവിന്റെ ഒരു കഥയെക്കുറിച്ച് മാത്രം ധാരാളം പ്രസംഗങ്ങളില്‍ പറയുന്നത് അപ്പനറിഞ്ഞു. എല്ലാ പ്രസംഗത്തിലും കമ്യൂവിന്റെ കഥ പറയും. അദ്ദേഹം കല്ലടയെ അടുത്തിരുത്തി മെല്ലെ പറഞ്ഞു: 'കല്ലടേ ഈ പണി ഇനി നിര്‍ത്തണം. കഥാപ്രസംഗകന്‍ സാംബശിവന്‍ പോലും ഒരു കഥ ഒരു വര്‍ഷം മാത്രമേ പറയൂ.'

ഒരിക്കല്‍ എസ്.എന്‍. കോളേജില്‍ യു.ജി.സിയില്‍നിന്നും അദ്ധ്യാപകരുടെ മികവ് അറിയുവാന്‍ ഒരു സംഘം എത്തി. അദ്ധ്യാപകരില്‍ എത്ര പേര്‍ റിസര്‍ച്ച് ചെയ്യുന്നുവെന്ന് ചോദിച്ചു. അതിനുള്ള അപ്പന്റെ മറുപടി: 'ഇവിടെ ഞാനും മിസ്റ്റര്‍ മാധവനും മാത്രമേ റിസര്‍ച്ച് ചെയ്യാതിരിക്കുന്നുള്ളൂ.' മാധവന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്യൂണ്‍ ആയിരുന്നു!

പി ഭാസ്കരനുണ്ണി
പി ഭാസ്കരനുണ്ണി

ഒരിക്കല്‍ പ്രശസ്ത എഴുത്തുകാരന്‍ കോവിലന്‍ അപ്പന്റെ വീട്ടില്‍ വന്നു. സംസാരിച്ച് സംസാരിച്ച് വിഷയം മരണവും സ്വര്‍ഗ്ഗവും നരകവുമൊക്കെയായി. 

അപ്പന്‍ പറഞ്ഞു: 'എനിക്കു നരകത്തില്‍ പോകുന്നതാണിഷ്ടം.' 

കോവിലന്‍ ഞെട്ടി. ചോദിച്ചു: 'അതെന്താ?' 

അപ്പന്റെ മറുപടി: 'വീണ്ടും കോവിലനേയും മറ്റു എഴുത്തുകാരേയും കാണേണ്ടേ?'

കോവിലന്‍ പൊട്ടിച്ചിരിച്ചു.

ടി. പത്മനാഭന്‍ വെജിറ്റേറിയന്‍  ഊണ് കഴിക്കുന്ന രീതിയെപ്പറ്റി അപ്പന്‍:  

'അതൊരു വനമഹോത്സവമാണ്.'

ഒരിക്കല്‍ കൊല്ലത്ത് പബ്ലിക് ലൈബ്രറിയില്‍ പുരോഗമന സാഹിത്യസംഘത്തിന്റെ ഒരു നേതാവ് അപ്പനെ വിമര്‍ശിച്ചു സംസാരിച്ചു. അപ്പന്‍ സാധാരണക്കാരുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ബൂര്‍ഷ്വാ ആണെന്ന് ശക്തിയായി വാദിച്ചു. തന്റെ വാദം സ്ഥാപിക്കുവാന്‍ വേണ്ടി അപ്പന്‍ ഇടുന്ന ചെരുപ്പ് സാധാരണക്കാര്‍ ഇടുന്നതൊന്നുമല്ല വളരെ വളരെ വില കൂടിയതാണന്ന് ആക്ഷേപിച്ചു. ഇതുകേട്ട പത്ര പ്രവര്‍ത്തകന്‍ അപ്പനെ വിളിച്ചു പ്രതികരണം ചോദിച്ചു. അപ്പന്‍ ഉടന്‍ മറുപടി പറഞ്ഞു:

'ഞാന്‍ പ്രസംഗിക്കുവാന്‍ പോകുന്ന ആളല്ല. ചെരുപ്പ് എനിക്ക് കാശ് കൊടുത്തു വാങ്ങിയേ മാര്‍ഗ്ഗമുള്ളൂ.'

കോവിലൻ
കോവിലൻ

അപ്പന്റെ സൗന്ദര്യം എല്ലാവരും ശ്രദ്ധിക്കുന്ന കാര്യമാണ്. കാലം കഴിയുന്തോറും അത് കുറയുകയല്ല കൂടുകയായിരുന്നു. ഇത് മനസ്സിലാക്കി ഒരു പത്രപ്രവര്‍ത്തകന്‍ ഒരിക്കല്‍ ചോദിച്ചു: 'ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്?' അപ്പന്‍ പെട്ടെന്നുതന്നെ പറഞ്ഞു: 'ആരോടും പകയില്ലാതെ കിടന്നുറങ്ങുന്നതുകൊണ്ടാണ്.' ഇത്തരം തമാശകള്‍ ധാരാളമുണ്ട്. ഒരു ശിഷ്യന്‍ അപ്പന്റെ ഫലിതങ്ങള്‍ ശേഖരിച്ച് പുസ്തകമാക്കി. മനുഷ്യജീവിതത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും അത്യന്തം ഗൗരവത്തോടെ എഴുതുകയും ചെയ്ത അപ്പനില്‍ നിലയ്ക്കാത്ത ഫലിതബോധവുമുണ്ടായിരുന്നു. ഈ ഫലിതബോധം ഏറ്റവും സ്‌നേഹമുള്ള കൂട്ടുകാരുടെ നേരെയും തിരിയാറുണ്ട്. അപ്പന്റെ ക്രൂരമായ ഫലിതത്തിന് ഇരയായവരില്‍ പ്രധാനി അടുത്ത കൂട്ടുകാരനായ കല്ലട തന്നെ. കല്ലട രാമചന്ദ്രനോട് അപ്പന് വലിയ സ്‌നേഹമാണ്. അവര്‍ തമ്മിലുള്ള സൗഹാര്‍ദ്ദം ഉറച്ചതുമാണ്. എങ്കിലും ചിലപ്പോള്‍ അപ്പന്‍ പ്രിയ കൂട്ടുകാരനെ ക്രൂരമായി കളിയാക്കും. ഒരിക്കല്‍ കല്ലട കൊല്ലത്തെ പ്രശസ്തമായ ഒരു വാരികയില്‍ സാഹിത്യത്തിലെ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഒരു ലേഖന പരമ്പര എഴുതി. മനോഹരമായ ഭാഷാശൈലിയില്‍ രചിക്കപ്പെട്ട ആ പരമ്പര വായനക്കാര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അപ്പന് വെറുതെ ഒരു കുസൃതി തോന്നി. ഈ പരമ്പരയെ വിമര്‍ശിച്ചും കളിയാക്കിയും കല്ലടയുടെ തന്നെ ഒരു കൂട്ടുകാരനെക്കൊണ്ട് ആ വാരികയില്‍ ഒരു കത്തെഴുതിച്ചു. വേറെ പേരിലാണ് കത്തെഴുതിയത്. കത്തു പ്രസിദ്ധീകരിച്ചു വരുമ്പോഴുള്ള കല്ലടയുടെ സങ്കടവും വെപ്രാളവും നിറഞ്ഞ ഭാവങ്ങള്‍ കാണുവാന്‍ വേണ്ടിയായിരുന്നു ആ കടുംകൈ ചെയ്യിച്ചത്. അത് വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ കല്ലട ആകെ ക്ഷുഭിതനായി അപ്പനടുത്തെത്തി. അപ്പന്‍ ചിരിച്ചുകൊണ്ട് പ്രിയ കൂട്ടുകാരനെ ആശ്വസിപ്പിച്ചു:

'കല്ലടേ... ഇതൊന്നും കാര്യമാക്കരുത്. നമ്മള്‍ എഴുതുമ്പോള്‍ ഇങ്ങനെയുള്ള പ്രതികരണങ്ങളും വരണം. നമ്മളെ ആളുകള്‍ എപ്പോഴും ശ്രദ്ധിച്ചാല്‍ മതി. ഇതൊന്നും കാര്യമാക്കണ്ടെന്നേ...'

അപ്പന്റെ ഈ വാക്കുകള്‍ കേട്ടപ്പോഴേക്കും കല്ലടയ്ക്കു സമാധാനമായി. കല്ലട രാമചന്ദ്രന്‍ ഭേദപ്പെട്ട വിധത്തില്‍ സാഹിത്യനിരൂപണം എഴുതിയ നിരൂപകനായിരുന്നു. നിരവധി നിരൂപണ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അപ്പനോട് പുലര്‍ത്തിയ കൂറും സ്‌നേഹവും ആദരവും അപാരമായിരുന്നു; അത്ഭുതകരമായിരുന്നു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com