കല, സാഹിത്യം; നിലവിലെ ധാരണകളെ പിളര്‍ക്കുന്ന അപ്പന്റെ വാദങ്ങള്‍

ഇന്ത്യാ പ്രസ്സില്‍ മനോഹരമായി അച്ചടിച്ച 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' എന്ന കെ.പി. അപ്പന്റെ കന്നി പുസ്തകം 1973 ഫെബ്രുവരിയില്‍ പുറത്തുവന്നു. അതോടെ മലയാള വിമര്‍ശന സാഹിത്യത്തില്‍ പുതിയ ഒരദ്ധ്യായം ആരംഭിച്ചു
കല, സാഹിത്യം; നിലവിലെ ധാരണകളെ പിളര്‍ക്കുന്ന അപ്പന്റെ വാദങ്ങള്‍

എം. ടിയുടെ ആവശ്യപ്രകാരം 1971ലെ റിപ്പബ്ലിക് പതിപ്പില്‍ എഴുതിയ ലേഖനമാണ് 'ക്ഷോഭിക്കുന്ന തലമുറ'. ഈ ലേഖനം പിന്നീട് പുസ്തകത്തില്‍ ചേര്‍ത്തപ്പോള്‍ 'പ്രതിഷേധിക്കുന്ന തലമുറ' എന്നു മാറ്റി. താമസിയാതെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 1971 നവംബര്‍ 28) എന്ന ഏറ്റവും പ്രധാനപ്പെട്ട ലേഖനമെഴുതി. ഈ രണ്ട് ലേഖനങ്ങള്‍ എഴുതിയതോടെ കെ.പി. അപ്പന്‍ മലയാളത്തിലെ സാഹിത്യവിമര്‍ശന ചരിത്രത്തിലേക്കു പ്രവേശിച്ചു എന്നുതന്നെ പറയാം. കാരണം മലയാളത്തില്‍ അതിനകം വേരുറച്ച ആധുനികതയെ സംബന്ധിച്ച അര്‍ത്ഥരഹസ്യങ്ങള്‍ ഈ ലേഖനങ്ങളില്‍ കണ്ടെത്തുന്നു. ആ പ്രവണതകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ദര്‍ശനവും ലാവണ്യബോധവും ഹൃദ്യമായി ആ ലേഖനങ്ങളില്‍ വിവരിച്ചിരിക്കുന്നു. കലയുടെ സാമൂഹിക വീക്ഷണത്തേയും കലാകാരനു സമൂഹത്തോട് പ്രതിബദ്ധത വേണമെന്ന ആശയത്തേയും പാടേ നിരാകരിക്കുന്നതായിരുന്നു അപ്പന്റെ വിചാരലോകം. വളരെ നാളത്തെ നിരന്തരമായ വായനയും അന്വേഷണവും നടത്തിയിരുന്നതുകൊണ്ടാണ് അത്രമാത്രം കൃത്യമായി വിവരിക്കുവാന്‍ കഴിഞ്ഞത്. നമ്മുടെ ഭാഷയില്‍ രൂപപ്പെട്ട ആധുനികതയ്ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊടുത്ത ആധുനിക യൂറോപ്യന്‍ സാഹിത്യത്തിന്റേയും തത്ത്വചിന്തയുടേയും വിശാലമായ ലോകം അപ്പന്‍ ഇതിനകം മനസ്സിലാക്കിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തത്ത്വശാസ്ത്രമായ അസ്തിത്വവാദം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. അതുകൊണ്ടാണ് കാക്കനാടന്റേയും ഒ.വി. വിജയന്റേയും എം. മുകുന്ദന്റേയും കലയുടെ പൊരുള്‍ തൊട്ടറിയുവാന്‍ അദ്ദേഹത്തിനു സാധിച്ചത്. എന്നാല്‍, ആ തത്ത്വചിന്തയെക്കുറിച്ച് കൂടുതലൊന്നും പറയാതെ ലോകസാഹിത്യത്തിലെ സര്‍ഗ്ഗാത്മക രചയിതാക്കളുടെ രചനകളിലൂടെയും വാക്കുകളിലൂടെയും ആശയങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ് വിമര്‍ശകന്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍ഗ്ഗാത്മക സാഹിത്യത്തിലെ വാക്കുകളും വാക്യങ്ങളും കല്പനകളും ഉദ്ധരിച്ച് കലയുടെ സ്വഭാവം കണ്ടെത്താന്‍ ശ്രമിച്ചിരിക്കുന്നു.  'പ്രതിഷേധിക്കുന്ന തലമുറ', 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' എന്നീ ലേഖനങ്ങള്‍ ആധുനിക സാഹിത്യത്തെ സംബന്ധിച്ച് നിലവിലുണ്ടായിരുന്ന ആശങ്കകളേയും സംശയങ്ങളേയും തുടച്ചുനീക്കി. ആ ലേഖനങ്ങളില്‍ മലയാളത്തില്‍ പിറവിയെടുത്ത ആധുനികതയെ നിര്‍വ്വചിക്കുകയാണ് അപ്പന്‍ ചെയ്തത്. ആ ലേഖനങ്ങള്‍ ആധുനികതയെ മനസ്സിലാക്കുവാന്‍ ഒരു തലമുറയെ പഠിപ്പിച്ചു. വായനക്കാരുടെ അകക്കണ്ണുകള്‍ തുറപ്പിച്ച ലേഖനങ്ങളാണ് അവ.

ഒവി വിജയൻ
ഒവി വിജയൻ

'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' എന്ന ലേഖനത്തില്‍ ആധുനികതയുടെ പിന്നിലെ തത്ത്വചിന്തയും സൗന്ദര്യവും വിശദീകരിക്കുന്നു. ഈ ലോകത്തെ ഒരു തടവുമുറിയായി കാണുന്ന 'അന്യ'(Outsider)നായ ആധുനിക മനുഷ്യന്റെ അവസ്ഥയാണ് ആധുനികരുടെ പ്രധാന പ്രശ്‌നമെന്ന് വിശദീകരിക്കുന്നു. 
ഈ ആശയം വിശദീകരിക്കുവാന്‍ ഹൈഡഗര്‍, ഷോപ്പനോവര്‍, സാര്‍ത്ര് തുടങ്ങി ഏതെങ്കിലും തത്ത്വചിന്തകനെ ഉദ്ധരിക്കുകയല്ല, സര്‍ഗ്ഗാത്മക എഴുത്തുകാരന്റെ വാക്കുകള്‍ ഉദ്ധരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇതു നാം ശ്രദ്ധിക്കേണ്ട വലിയ സംഗതിയാണ്. അപ്പന്‍  ഒരാശയം വിശദീകരിക്കുവാന്‍ തത്ത്വചിന്തകരെയല്ല, സര്‍ഗ്ഗാത്മക എഴുത്തുകാരെയാണ് ആശ്രയിക്കുന്നത്. എല്ലാക്കാലത്തും അദ്ദേഹം അങ്ങനെയായിരുന്നു. ഞാന്‍ ആരാണെന്ന ഐഡന്റിറ്റിയുടെ പ്രശ്‌നം വ്യക്തമാക്കുവാന്‍, അന്യന്റെ പ്രശ്‌നം അവതരിപ്പിക്കുവാന്‍ ആദ്യം ഉദ്ധരിക്കുന്നത് മലയാളത്തിലെ എഴുത്തുകാരനായ സക്കറിയയുടെ  'പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍' എന്ന കഥയിലെ പൊട്ടക്കിണറ്റില്‍ അകപ്പെട്ട തവള പറയുന്ന 'ഇതാണു ലോകം.. ഇതാണെന്റെ ലോകം..., വേറെ ലോകമില്ല' ഈ വാക്കുകളാണ്. ആധുനികതയുടെ പിന്നിലെ ദാര്‍ശനിക വ്യസനങ്ങള്‍ വ്യക്തമാക്കാന്‍ കീറ്റ്‌സ്, ഷേക്‌സ്പിയര്‍, ടോള്‍സ്‌റ്റോയി, ദസ്തയേവ്‌സ്‌കി, ജെയിംസ് ജോയിസ് എന്നിങ്ങനെയുള്ള സര്‍ഗ്ഗാത്മക എഴുത്തുകാരുടെ വാക്കുകളില്‍ നിറഞ്ഞിരിക്കുന്ന ദാര്‍ശനികമായ ആശയങ്ങളിലൂടെയാണ് ആധുനികതയെ സംബന്ധിച്ച വസ്തുതകള്‍ അവതരിപ്പിക്കുന്നത്. എഴുത്തുകാരനെ മനസ്സിലാക്കുവാന്‍ എഴുത്തുകാരന്‍ നേരിട്ടു നടത്തുന്ന പ്രസ്താവനകളേയോ പറയുന്ന വാക്കുകളേയോ അല്ല ആശ്രയിക്കുന്നത്. അബോധപരമായി ഉപയോഗിക്കുന്ന ഭാഷയും രൂപകങ്ങളും ബിംബകല്പനകളും ചിഹ്നങ്ങളും അപഗ്രഥിച്ചാണ് എഴുത്തുകാരന്റെ ദര്‍ശനത്തിലേക്കു പോയത്. ഇതു സാഹിത്യവിമര്‍ശനത്തിലെ പുതിയ വഴിയായിരുന്നു. 

എഴുത്തുകാരന്റെ വിഷയം സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങളല്ല, മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന തത്ത്വചിന്താപരമായ പ്രശ്‌നങ്ങളാണ് എന്ന കാര്യം അദ്ദേഹം വ്യക്തമാക്കി. സാമൂഹിക വീക്ഷണം എഴുത്തുകാരന് ആവശ്യമില്ല, സമൂഹത്തെ നന്നാക്കുവാന്‍ കലയിലൂടെ ശ്രമിക്കേണ്ടതില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞു. മനുഷ്യാസ്തിത്വത്തെ സംബന്ധിക്കുന്ന നിത്യമായ പ്രശ്‌നങ്ങളാണ് സാഹിത്യത്തിന്റെ വിഷയമായി വരേണ്ടതെന്ന് ലോകസാഹിത്യത്തിലെ മികച്ച കൃതികള്‍ ഉദാഹരിച്ചു വെളിപ്പെടുത്തി. എഴുത്തുകാരന്‍ ചരിത്രകാരനോ സാമൂഹിക ചിന്തകനോ അല്ല, അസ്തിത്വത്തിന്റെ അന്വേഷകന്‍ മാത്രമാണെന്നു പറഞ്ഞ മിലന്‍ കുന്ദേരയുടെ അഭിപ്രായം അപ്പനും സ്വീകാര്യമാണ്.  മനുഷ്യവംശത്തിന് ഒഴിച്ചുനിര്‍ത്തുവാനാവാത്തതാണ് പ്രക്ഷോഭ വാസനയെന്നു കരുതിയ ആധുനിക ചിന്തകനാണ് ആല്‍മേര്‍ കമ്യൂ. ഇന്നത്തെ കാലം മനുഷ്യാവസ്ഥയ്ക്ക് എതിരെയുള്ള തത്ത്വചിന്താപരമായ പ്രക്ഷോഭണ(Metaphysical revolt)മാണ്  ആവശ്യപ്പെടുന്നതെന്ന് കമ്യൂ കരുതിയതായി 'റിബലി'ന്റെ ആമുഖത്തില്‍ ഹെര്‍ബര്‍ട്ട് റീഡ് വ്യക്തമാക്കുന്നുണ്ട്. കമ്യൂവിന്റെ ഈ അഭിപ്രായത്തോട് അപ്പന്‍ യോജിക്കുന്നു. അപ്പനും സാഹിത്യത്തെ എഴുത്തുകാരുടെ ദാര്‍ശനിക കലാപമായി കാണുന്നു. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന ദാര്‍ശനിക പ്രശ്‌നങ്ങളാണ് എഴുത്തുകാരന്റെ പ്രശ്‌നങ്ങളെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി. അദ്ദേഹം  എഴുതി: 'ആധുനിക നോവലിന്റെ പ്രമേയം അന്യന്റെ പ്രശ്‌നങ്ങളാണ്. ആരാണ് അന്യന്‍? ഞാന്‍ ആരാണ്  എന്നു തീര്‍ച്ചയില്ലാത്തവന്‍ അന്യന്‍! അതുകൊണ്ട് ഞാന്‍ ആരാണ് ?  എന്ന ചോദ്യമാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ പ്രശ്‌നം. ഞാന്‍ ആരാണ് എന്ന ചോദ്യത്തിനു ബൂര്‍ഷ്വാ എന്നോ പെറ്റിബൂര്‍ഷ്വാ എന്നോ മര്‍ദ്ദിത വര്‍ഗ്ഗത്തില്‍പ്പെട്ടവനെന്നോ ഉത്തരം കണ്ടെത്തുന്നതിനുപരിയായി, ഈ പ്രപഞ്ചത്തില്‍ എന്റെ സ്ഥാനമെന്ത് എന്ന അന്വേഷണവുമായാണ് അയാള്‍ മുന്നോട്ടുപോകുന്നത്. ഈ ശ്രമത്തില്‍നിന്നും സ്വന്തം സൃഷ്ടിയിലൂടെ എഴുത്തുകാരന്‍ അവന്റെ സ്വത്വം(identtiy)തന്നെയാണ് അന്വേഷിക്കുന്നത്.'

ആധുനികതയുടെ സൗന്ദര്യശാസ്ത്രം ഈ രണ്ട് ലേഖനങ്ങളില്‍ ഹ്രസ്വരൂപത്തിലാണെങ്കിലും വ്യക്തമാക്കുന്നുണ്ട്. കാലം, മരണം, യുക്തിക്കു നിരക്കാത്ത മനുഷ്യാവസ്ഥ തുടങ്ങി ആധുനികര്‍ അവതരിപ്പിക്കുന്ന വിഷയങ്ങളെക്കുറിച്ചെല്ലാം ആഴത്തിലുള്ള സൂചനകള്‍ ലേഖനങ്ങളിലുണ്ട്. കാല്പനികതയില്‍നിന്നും ആധുനികത എങ്ങനെ വ്യത്യാസപ്പെട്ടു നില്‍ക്കുന്നുവെന്ന് പറയുന്നുണ്ട്. കാല്പനികരുടെ ദുഃഖം വികാരതലങ്ങളില്‍ ഒതുങ്ങിനിന്നു. അത് ദാര്‍ശനിക തലങ്ങളിലേക്ക് ഉയര്‍ന്നില്ല. ദസ്‌തേയ്‌വിസ്‌കിയുടെ കൃതികളിലാണ് ആധുനികത ആരംഭിക്കുന്നതെന്ന് എടുത്തു പറയുന്നു. അദ്ദേഹത്തിന്റെ 'അധോതലത്തില്‍ നിന്നുള്ള കുറിപ്പുകളി'ലാണ് ആധുനികതയുടെ തുടക്കമെന്ന് പറഞ്ഞ് അതിന്റെ വളര്‍ച്ചയുടെ പടവുകള്‍ വ്യക്തമാക്കുന്നു.

ഹൈഡ​ഗർ
ഹൈഡ​ഗർ

കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും നിലവിലുണ്ടായിരുന്ന ധാരണകളെ പിളര്‍ക്കുന്നതായിരുന്നു അപ്പന്റെ വാദങ്ങള്‍. സ്വാഭാവികമായും വലിയ എതിര്‍പ്പുകള്‍ വന്നു. ആ വലിയ എതിര്‍പ്പുകള്‍ക്കു മറുപടി പറഞ്ഞാണ് അപ്പന്‍ നീങ്ങിയത്. അന്ന് നിരവധി സാഹിത്യ ചര്‍ച്ചകളുണ്ടായി. എഴുപതുകളുടെ തുടക്കത്തില്‍ 'മലയാളനാട്' വാരികയില്‍ കാക്കനാടന്‍ കഥയെക്കുറിച്ച് എഴുതിയ ദീര്‍ഘമായ ലേഖനത്തെക്കുറിച്ച് വിശദമായ ഒരു ചര്‍ച്ച നടന്നു. അപ്പോഴേക്കും കാക്കനാടന്റേയും എം. മുകുന്ദന്റേയും പല നോവലുകള്‍ പുറത്തുവന്നു കഴിഞ്ഞിരുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ള, സേതു, സക്കറിയ, എം.പി. നാരായണപിള്ള, പി. പത്മരാജന്‍ തുടങ്ങി നിരവധി കഥാകാരന്മാര്‍ അതുല്യമായ ശക്തിയോടെ കഥാരംഗം പിടിച്ചടക്കിയിരുന്നു. അതുകൊണ്ടുതന്നെ 'മലയാളനാട്ടി'ലെ ചര്‍ച്ച പൊലിച്ചു. കെ.പി. ശങ്കരന്‍, കെ.പി. ശശിധരന്‍, എം. മുകുന്ദന്‍ തുടങ്ങി നിരവധിപ്പേര്‍ ആ ചര്‍ച്ചയില്‍ പങ്കെടുത്തു. മലയാളിയുടെ ആസ്വാദനരീതിയേയും സംവേദനത്തേയും വഴിതിരിച്ചുവിട്ട ചര്‍ച്ചയായിരുന്നു അത്. ആ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അപ്പന്‍ എഴുതിയ ലേഖനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 'സ്വാന്ത സുഖായ' എന്നായിരുന്നു അതിന്റെ ശീര്‍ഷകം. എഴുത്തുകാരന്‍ സമൂഹത്തിനുവേണ്ടിയല്ല സ്വന്തം സുഖത്തിനുവേണ്ടിയാണ് എഴുതുന്നതെന്ന് വാദിക്കുന്ന അപ്പന്‍ ആധുനിക കഥാകാരന്മാര്‍ മനുഷ്യന്റെ അസ്തിത്വ വ്യഥയെക്കുറിച്ചാണ് എഴുതുന്നതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അപ്പന്റെ ഈ വാദം അന്ന് പൊതുവേ അംഗീകരിക്കപ്പെട്ടു. മുകുന്ദന്‍ സംവാദത്തില്‍ പങ്കെടുത്ത് എഴുതിയ ലേഖനത്തില്‍ അപ്പന്‍ പറഞ്ഞത് ശരിയാണ് എന്ന് പിന്താങ്ങുകയും ചെയ്തു. അക്കൊല്ലം ജനയുഗം ഓണം വിശേഷാല്‍ പതിപ്പിലും ഇത്തരമൊരു ചര്‍ച്ചയുണ്ടായിരുന്നു. അതിലും അപ്പന്‍ പങ്കെടുത്ത് എഴുതി. ഇങ്ങനെ എഴുപതുകളുടെ തുടക്കത്തോടെ അപ്പന്‍ സാഹിത്യത്തില്‍ നിരന്തരം ഇടപെട്ടു തുടങ്ങി. ആധുനികതയുടേയും ആധുനിക വിമര്‍ശനത്തിന്റേയും പ്രമുഖ വക്താവായി മാറിക്കഴിഞ്ഞു.
                          
 

ഇടപ്പള്ളി
ഇടപ്പള്ളി

ഇടപ്പള്ളിക്കു പുനര്‍ജന്മം   
                    
ഇടപ്പള്ളി എന്ന കവിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആത്മഹത്യയുടെ അര്‍ത്ഥത്തെക്കുറിച്ചും ഒരു ലേഖനമെഴുതി 'മരണത്തിന്റെ സൗന്ദര്യം' (1970) എന്ന ശീര്‍ഷകത്തില്‍. കൊല്ലത്ത് വരുന്നതിനു മുന്‍പ് രചിച്ച ലേഖനമാണത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന് അത് അയച്ചുകൊടുത്തു. അതിനു മുന്‍പ് മാതൃഭൂമിയില്‍ ദീര്‍ഘമായ പുസ്തക നിരൂപണങ്ങള്‍ എഴുതിയിരുന്നു. ലേഖനം കിട്ടിയപ്പോള്‍ തന്നെ അപ്പന് എം.ടി ദീര്‍ഘമായ കത്തെഴുതി. ആദ്യലേഖനമായി ആഴ്ചപ്പതിപ്പില്‍ ചേര്‍ക്കുകയും ചെയ്തു. മലയാളത്തിലെ വായനക്കാരെ ഞെട്ടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത വിമര്‍ശനമായിരുന്നു അത്. അത് സൃഷ്ടിച്ച ആശയപരമായ ചലനങ്ങള്‍ പല ദശകങ്ങള്‍ നീണ്ടുനിന്നു. റൊമാന്റിക് കവിയെ ആധുനിക കാഴ്ചപാടില്‍ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന നിരൂപണമായിരുന്നു അത്. അതുവരെ ഇവിടത്തെ വിമര്‍ശകരും എഴുത്തുകാരും ദുഃഖത്തിന്റെ ദുര്‍ബ്ബലനായ കവിയെന്ന് പറഞ്ഞ് അവഗണിച്ച ഇടപ്പള്ളിക്ക് 
ആ ലേഖനത്തോടെ മലയാള സാഹിത്യ ത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായി. ചങ്ങമ്പുഴക്കവിതയുടെ മാസ്മരിക പ്രഭയില്‍ വീണുപോയ മലയാള വിമര്‍ശകര്‍ എന്ന മലയാളത്തിലെ ഏറ്റവും വലിയ റൊമാന്റിക് കവികളില്‍ ഒരാളായ ഇടപ്പള്ളിയെ അവഗണിക്കുകയായിരുന്നു. അപ്പന്റെ ലേഖനം ഇടപ്പള്ളിക്കു പുനര്‍ജന്മം നല്‍കി. ഇടപ്പള്ളിയെ മലയാള സാഹിത്യത്തിലെ ആദ്യത്തെ കാല്പനികവാദിയായ അന്യന്‍ (Romantic Outsider)  എന്നു വിശേഷിപ്പിച്ചു. ഇടപ്പള്ളിക്കു മരണത്തോട് സ്വാഭാവികമായ ആഭിമുഖ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം മരണത്തെ കവിതകളിലൂടെ പൂജിച്ചുവെന്നും അദ്ദേഹത്തിന്റെ കവിതകളിലെ ആശയങ്ങളും വാക്കുകളും ബിംബങ്ങളും രൂപകങ്ങളും അപഗ്രഥിച്ചു തെളിയിക്കുന്ന ലേഖനമായിരുന്നു അത്. കോളിന്‍ വില്‍സന്റേയും മരിയോ പ്രാസിന്റേയും ആശയങ്ങള്‍ സ്വാംശീകരിച്ചു നടത്തിയ വ്യത്യസ്തമായ പഠനമായിരുന്നു അത്. പ്രണയ നൈരാശ്യമില്ലായിരുന്നെങ്കില്‍പ്പോലും അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നു എന്നും പരോക്ഷമായി വിമര്‍ശകന്‍ സൂചിപ്പിക്കുന്നുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിരവധിപ്പേര്‍ വിയോജിപ്പുകളുമായി പ്രത്യക്ഷപ്പെട്ടു. തകഴി, എം. കൃഷ്ണന്‍ നായര്‍, എം.കെ. മേനോന്‍, ജി. മധുസൂദനന്‍ തുടങ്ങി നിരവധിപ്പേര്‍ വ്യത്യസ്താഭിപ്രായങ്ങളുമായി പല ഘട്ടങ്ങളില്‍ രംഗത്തുവന്നു. ഒടുവില്‍ 'ഇടപ്പള്ളിക്കവിത' എന്ന പേരില്‍ ആ ലേഖനങ്ങളെല്ലാം സമാഹരിച്ച് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ലേഖനത്തോട് ആദ്യം പ്രതികരിച്ചത് 'സാഹിത്യവാരഫല'ത്തില്‍ എം. കൃഷ്ണന്‍ നായരാണ്. അപ്പനെ പരിഹസിക്കുന്നതായിരുന്നു അത്. പിന്നീട് നിരവധിപ്പേര്‍ അപ്പനോട് വിയോജിച്ച് എഴുതി. അതിനെല്ലാം മറുപടി പറഞ്ഞും ഇടപ്പള്ളി കവിതയെ വീണ്ടും പരിശോധിച്ചും 'പ്രിയദര്‍ശിനിയായ മരണം' എന്നൊരു ലേഖനം പിന്നീട് എഴുതി. ഇടപ്പള്ളിയെക്കുറിച്ച് ഒരു പുസ്തകം എഴുതുമെന്ന് അപ്പന്‍ മുന്‍പ് പല കൂട്ടുകാരോടും പറഞ്ഞിരുന്നു. അങ്ങനെ ഒരാഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.  മലയാളത്തിലെ വിമര്‍ശനകല അതിന്റെ ശക്തി സൗന്ദര്യം ചൊരിഞ്ഞ അപൂര്‍വ്വ സന്ദര്‍ഭമായി, 'മരണത്തിന്റെ സൗന്ദര്യം' എന്ന ലേഖനത്തെ കാണാമെന്നു തോന്നുന്നു.

ഷോപ്പനോവർ
ഷോപ്പനോവർ

ഒരുകാലത്തും അപ്പന്‍ 'അത്യന്താധുനിക' സാഹിത്യത്തില്‍ മാത്രം അഭിരമിക്കുന്ന വിമര്‍ശകന്‍ ആയിരുന്നില്ല. കുമാരനാശാന്റേയും സി.വി. രാമന്‍ പിള്ളയുടേയും കൃതികള്‍ എക്കാലവും അപ്പന് പ്രിയമായിരുന്നു; ലഹരി പോലുമായിരുന്നുവെന്നു പറയാം. ആശാന്‍ കവിതകളെക്കുറിച്ച് വളരെയൊന്നും അദ്ദേഹം എഴുതിയില്ല. എന്നാല്‍, ആശാന്‍ കവിതയെക്കുറിച്ച് മറ്റുള്ള നിരൂപകര്‍ എഴുതിയത് സശ്രദ്ധം വായിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് തായാട്ട് ശങ്കരന്‍ എഴുതിയ 'ദുരവസ്ഥ  ഒരു പഠനം', പ്രൊഫ. കെ.എം. ഡാനിയേല്‍ എഴുതിയ 'നവ ചക്രവാളം നളിനിയിലും മറ്റും' എന്നീ നിരൂപണ കൃതികളെ നിശിതമായി വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. അപ്പന്റെ വിമര്‍ശനത്തിന്റെ ക്ഷോഭിക്കുന്ന മുഖം ഇവിടെ കാണാം. കെ.എം. ഡാനിയേലിന്റെ കൃതിയെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും അതിലെ ചില നിരീക്ഷണങ്ങളെ പ്രശംസിക്കുന്നുണ്ട്. നളിനിയിലെ കാവ്യസൗന്ദര്യത്തെ വേണ്ടതുപോലെ വിമര്‍ശകന്‍ കാണുന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നു. കവിതയുടെ ആത്മാവിനോട് നീതിപുലര്‍ത്താതെ ബാഹ്യമായ കാര്യങ്ങള്‍ പറഞ്ഞുനീങ്ങുന്ന നിരൂപണത്തിനു നേരേ അമര്‍ഷവും ക്ഷോഭവും പ്രകടിപ്പിക്കുകയാണ് ഇവിടെ. കൃതിയോട് നീതിയും സത്യസന്ധതയും പ്രകടിപ്പിക്കാത്ത നിരൂപണത്തിനു നേരെ എന്നും പ്രതിഷേധം ചൊരിഞ്ഞിട്ടുണ്ട് അപ്പന്‍. 

'സുവിശേഷ'ത്തിലെ ലേഖനങ്ങള്‍ ഒരു പുസ്തകം ലക്ഷ്യമാക്കി രചിച്ചവയല്ല. മലയാളസാഹിത്യത്തില്‍ വന്നുകൊണ്ടിരുന്ന മാറ്റങ്ങളെക്കുറിച്ച് ചിലത് എഴുതുകയായിരുന്നു അപ്പന്‍. തന്റെ അന്വേഷണത്തിന്റേയും ചിന്തയുടേയും വായനയുടേയും ഫലമായി രൂപപ്പെട്ടവയാണ് ആ ലേഖനങ്ങള്‍. എന്നാല്‍, അദ്ദേഹത്തിന്റെ പ്രിയ മിത്രവും സഹപ്രവര്‍ത്തകനും സന്തതസഹചാരിയുമായിരുന്ന കല്ലട രാമചന്ദ്രനാണ് ഇങ്ങനെ ഒരു പുസ്തകത്തിന്റെ സാധ്യത അപ്പനോട് പറഞ്ഞത്. അപ്പന്‍ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ കല്ലടയുടെ നിര്‍ബ്ബന്ധത്തിനു പിന്നീട് വഴങ്ങി. ആധുനികതയെ സംബന്ധിച്ചും ആധുനിക നിരൂപണത്തെ സംബന്ധിച്ചും പ്രതിപാദിക്കുന്ന ഒന്‍പതു ലേഖനങ്ങള്‍ തെരഞ്ഞെടുത്ത് 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' എന്ന പേരില്‍ പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചു. പുതിയൊരു ഭാവുകത്വം മലയാള സാഹിത്യത്തില്‍ പിറന്നിരിക്കുന്നുവെന്ന് വിളിച്ചു പറയുന്ന പുസ്തകമാണത്. കല്ലട രാമചന്ദ്രനാണ് ലേഖനങ്ങള്‍ ആഴ്ചപ്പതിപ്പുകളില്‍നിന്നും തപ്പിയെടുത്ത് കോട്ടയത്ത് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഓഫീസില്‍ എത്തിച്ചത്. വിതരണ വ്യവസ്ഥയില്‍ പുസ്തകം സ്വീകരിച്ചു. ഇന്ത്യാ പ്രസ്സില്‍ മനോഹരമായി അച്ചടിച്ച 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' എന്ന കെ.പി. അപ്പന്റെ കന്നി പുസ്തകം 1973 ഫെബ്രുവരിയില്‍ പുറത്തുവന്നു. അതോടെ മലയാള വിമര്‍ശന സാഹിത്യത്തില്‍ പുതിയ ഒരദ്ധ്യായം ആരംഭിച്ചു. ഇപ്പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ലെന്നു വിമര്‍ശന ചരിത്രം വെളിവാക്കുന്നുണ്ട്.

നരേന്ദ്ര പ്രസാദ്
നരേന്ദ്ര പ്രസാദ്

പുത്തന്‍ തലമുറ ആ പുസ്തകത്തെ സ്വാഗതം ചെയ്തു. അപ്പനോടൊപ്പം എഴുതിത്തുടങ്ങിയ നിരൂപകന്‍ നരേന്ദ്രപ്രസാദ് 'മലയാളനാട്' വാരികയില്‍ 'ചിന്തയുടെ പുത്തന്‍ കാറ്റ്' എന്ന ശീര്‍ഷകത്തില്‍ ആ പുസ്തകത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്ന നിരൂപണ പഠനം എഴുതി. നമ്മുടെ ചിന്താമണ്ഡലത്തിലെ പേപിടിച്ച വൃദ്ധന്മാര്‍ക്കെതിരെ ഉഗ്രമായുര്‍ന്ന ഒരു താക്കീതും മലയാള നിരൂപണ ശാഖയുടെ ഒരു മികച്ച സമ്പാദ്യവുമാണ് ഈ കൃതിയെന്ന് നരേന്ദ്രപ്രസാദ് വിലയിരുത്തി. അന്നത്തെ മികച്ച വായനക്കാരുടേയും അഭിപ്രായമായിരുന്നു അത്. എന്നാല്‍, എല്ലാവരും ആ പുസ്തകത്തെ കയ്യടിച്ച് സ്വീകരിച്ചില്ല. പല കേന്ദ്രങ്ങളില്‍നിന്നും ശക്തമായ എതിര്‍പ്പുകളും ഉയര്‍ന്നു. ആ എതിര്‍പ്പുകളാണ് അപ്പനെ കരുത്തനാക്കിയത്. ഭിന്നമായ ഒരു നിലപാട് സ്വീകരിച്ചുകൊണ്ട് വി.സി. ശ്രീജന്‍ അന്ന് ദീര്‍ഘമായ ഒരു ലേഖനമെഴുതി. ശ്രീജന്‍ അന്ന് വിദ്യാര്‍ത്ഥിയാണ്. രാഷ്ട്രീയത്തിലെ ഇടതു തീവ്രവാദവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും വലിയ വായനക്കാരനുമായിരുന്നു.  അദ്ദേഹം 'ദേശാഭിമാനി' വാരികയില്‍ നാല് ലക്കങ്ങളിലായി 'ക്ഷോഭിക്കുന്നവരുടെ സുവിശേഷ'ത്തോട് കഠിനമായി വിയോജിച്ചും നിശിതമായി വിമര്‍ശിച്ചും എഴുതി ('സുവിശേഷ ചിന്തകള്‍'). ശ്രീജന്‍ അക്കാലത്തെ തന്റെ ചില രാഷ്ട്രീയ സാഹിത്യ സുഹൃത്തുക്കളുമായി ആലോചിച്ച് എഴുതിയ വിമര്‍ശനമായിരുന്നു അത്. പി. ഗോവിന്ദപ്പിള്ള വേറെ പേരുവച്ച് എഴുതിയ നിരൂപണമാണ് അതെന്നാണ് ആദ്യം അപ്പന്‍ കരുതിയത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അപ്പന്റെ അതിഭൗതിക കലാപത്തോട് യോജിക്കുവാനാകില്ലല്ലോ. സത്തയെക്കാള്‍ പ്രധാനം അസ്തിത്വമാണെന്നു കരുതുന്ന അസ്തിത്വവാദം പഴയ ആശയവാദത്തിന്റെ പുതിയ പതിപ്പ് ആണെന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ആക്രമണമായിന്നു അത്. മനുഷ്യാസ്തിത്വത്തിന്റെ സത്ത സാമൂഹിക ജീവിതം മാത്രമാണെന്ന നിലപാടില്‍ ഉറച്ചുനിന്നാണ് ശ്രീജന്‍ വാദിക്കുന്നത്. കാഫ്കയുടേയും കമ്യൂവിന്റേയും കൃതികളിലെ ഏകാന്തതയും അന്യവല്‍ക്കരണവും യൂറോപ്പിലെ അന്നത്തെ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടില്‍ വിലയിരുത്തണമെന്നാണ് ശ്രീജന്‍ അഭിപ്രായപ്പെട്ടത്. മാര്‍ക്‌സിസ്റ്റ് സാഹിത്യ വീക്ഷണം പുലര്‍ത്തുന്നവരുടെ 'ആധുനികതാവാദ' വിമര്‍ശനമായിരുന്നു അത്. എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേര്‍ എഴുതി. പുസ്തകം വിറ്റുപോകുകയും ചെയ്തു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com