ഞങ്ങള്‍ക്കു കിട്ടിയ പാഠപുസ്തകമാണ് കെ.പി. അപ്പന്‍

ഗദ്യസാഹിത്യത്തിലെ പുത്തന്‍സൗന്ദര്യത്തിന്റെ പൊരുളും മൂല്യവും ലാവണ്യവും അതിന്റെ പിന്നിലെ തത്ത്വചിന്തയും വിശദമായി കണ്ടെത്തിയത് കെ.പി. അപ്പനാണ്
ഞങ്ങള്‍ക്കു കിട്ടിയ പാഠപുസ്തകമാണ് കെ.പി. അപ്പന്‍

ദ്ദേഹം അന്ന് ഞങ്ങളെ പഠിപ്പിച്ചത് 'പുതുമുദ്രകള്‍' എന്ന കവിതാസമാഹാരവും സി.വി. രാമന്‍പിള്ളയുടെ ഒരു കൃതിയുമാണ്. പിന്നീട് എം.എയ്ക്കു ചേര്‍ന്നപ്പോള്‍ പാശ്ചാത്യ സാഹിത്യനിരൂപണവും കുമാരനാശാന്റെ കാവ്യങ്ങളും സി.വിയുടെ നോവലുകളും പഠിപ്പിച്ചു. ആ ക്ലാസ്സുകള്‍ ഇന്നും മറന്നിട്ടില്ല. പാഠപുസ്തകങ്ങള്‍ നന്നായി പഠിപ്പിക്കും. അതിനപ്പുറമുള്ള സാഹിത്യത്തേയും വിമര്‍ശനത്തേയും സ്വാതന്ത്ര്യത്തേയും സംബന്ധിച്ച കാര്യങ്ങളും പറയും. ദിയോജനിസിന്റേയും സോക്രട്ടീസിന്റേയും സിസറോവിന്റേയും വാക്കുകളും ആശയങ്ങളും ക്ലാസ്സുകളില്‍ മുഴങ്ങും. 'പുതുമുദ്രകള്‍' (1966) മലയാളത്തിലെ ആധുനിക കവിതകളുടെ ആദ്യ സമാഹാരമാണ്. സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, കക്കാട്, അയ്യപ്പപ്പണിക്കര്‍, ചെറിയാന്‍ കെ. ചെറിയാന്‍, ആറ്റൂര്‍ രവിവര്‍മ്മ, എം.എന്‍. പാലൂര്‍ എന്നിങ്ങനെയുള്ള അന്നത്തെ ആധുനിക കവികളുടെ കവിതകളുടെ സമാഹാരമാണ് അത്. പുതുമുദ്രകള്‍ പഠിപ്പിച്ചപ്പോള്‍ ആ കവിതകളെക്കുറിച്ചു  മാത്രമല്ല, മലയാളത്തിലേയും ലോക സാഹിത്യത്തിലേയും ആധുനികതയുടെ സ്വഭാവങ്ങള്‍ മുഴുവന്‍ പറഞ്ഞതോര്‍ക്കുന്നു. ടി.എസ്. എലിയട്ടും എസ്രാപൗണ്ടും യേറ്റ്‌സും ഓഡനുമെല്ലാം വന്ന് ക്ലാസ്സില്‍ നിറയുന്നതായി തോന്നി. മൈക്കലാഞ്ചലോയും റാഫേലും വാന്‍ഗോയും പിക്കാസോയും സാല്‍വദോര്‍ ദാലിയും ക്ലാസ്സില്‍ ചിലപ്പോള്‍ തല ഉയര്‍ത്തി. കഫ്കയും സാര്‍ത്രും കമ്യൂവും സന്ദര്‍ശകരായി ക്ലാസ്സിലെത്തി. കുമാരനാശാനും ചങ്ങമ്പുഴയും കേസരിയും ഒ.വി. വിജയനും കാക്കനാടനും മുകുന്ദനും മേതില്‍ രാധാകൃഷ്ണനും കെ.പി നിര്‍മ്മല്‍ കുമാറുമെല്ലാം അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം പ്രകടിപ്പിച്ചു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇങ്ങനെ അറിവിന്റെ അനുഭൂതികളുടേയും അതുവരെ പരിചയമില്ലാതിരുന്ന വലിയൊരു ലോകം മെല്ലെ ഉയരുന്ന വാക്കുകളില്‍ നിറഞ്ഞുനിന്നത് ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്. ആ വാക്കുകള്‍ ഞങ്ങളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. പുതിയൊരു ലോകത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. ഒരു വിദ്യാര്‍ത്ഥിക്കു കിട്ടാവുന്ന ഏറ്റവും വലിയ പാഠപുസ്തകം ഒരു നല്ല അദ്ധ്യാപകനാണ് എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്കു കിട്ടിയ പാഠപുസ്തകമാണ് കെ.പി. അപ്പന്‍.

ഒരാശയത്തെ യാന്ത്രികമായി അവതരിപ്പിക്കുകയല്ല അദ്ദേഹം ചെയ്തത്. ആശയത്തെ വൈകാരികാനുഭൂതികളാക്കി മാറ്റി ഞങ്ങളിലേക്ക് പകരുകയായിരുന്നു. അത് സവിശേഷമായ സാംസ്‌കാരികാനുഭവമായി വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ലയിക്കും. ഇതാണ് അപ്പന്‍ സാറിന്റെ ക്ലാസ്സില്‍ സംഭവിച്ച രാസപരിണാമം എന്നു തോന്നുന്നു. അദ്ദേഹം ഒരിക്കല്‍ കേസരി ബാലകൃഷ്ണപിള്ളയെപ്പറ്റി ക്ലാസ്സില്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. കേസരിയെ എനിക്കറിയാം. കേസരിയുടെ പുസ്തകങ്ങള്‍ കോളേജ് ലൈബ്രറിയില്‍നിന്നു എടുത്ത് വായിച്ചിട്ടുണ്ട്. അദ്ദേഹമെഴുതിയ നീണ്ട അവതാരികകള്‍ ശ്രദ്ധിച്ചുതന്നെ വായിച്ചു മനസ്സിലാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. കേസരിയെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞതും മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ, ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളില്‍ കേസരി ബാലകൃഷ്ണപിള്ള മലയാള സാഹിത്യത്തില്‍ പ്രബുദ്ധതയുടെ വന്‍ചലനങ്ങള്‍ സൃഷ്ടിച്ചതും  പുത്തന്‍ കലാസങ്കല്പങ്ങളും സാഹിത്യസങ്കല്പങ്ങളും അവതരിപ്പിച്ചതും കേരളത്തിന്റെ രാഷ്ട്രീയ  സാംസ്‌കാരിക ചരിത്രത്തെ വഴിതിരിച്ചുവിട്ടതും  കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍  കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചതും വൈകാരികമായ ഒരനുഭവമായി, അനുഭൂതിയായി ക്ലാസ്സില്‍ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ എന്റെ മനസ്സില്‍ കേസരിയുടെ മറ്റൊരു ചിത്രം ആഴത്തില്‍ പതിഞ്ഞു. വാക്കുകള്‍കൊണ്ട് അപ്പന്‍ സാര്‍ നടത്തിയ ഇന്ദ്രജാലമാണ് ആശയത്തെ, അറിവിനെ വികാരാനുഭൂതികളായി മാറ്റിയത്. ഇത്തരം മാജിക്കുകള്‍ ആ ക്ലാസ്സുകളെ വലിയ അനുഭവമാക്കി മാറ്റിയെന്നു പറയാം.

എഴുപതുകളുടെ ആദ്യവര്‍ഷങ്ങളാണ്. ആധുനികതാ പ്രസ്ഥാനം അന്ന് മലയാള സാഹിത്യത്തില്‍ കത്തിനില്‍ക്കുകയാണ്. ആധുനിക നോവലുകളും ചെറുകഥകളും കവിതകളും ധാരാളമായി വന്നുകൊണ്ടിരുന്ന കാലമാണ്. 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ലും 'മലയാളനാട്' വാരികയിലും ആധുനിക കഥകളും കവിതകളും പുതിയ വസന്തം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അപ്പന്‍ സാര്‍ അതിനെക്കുറിച്ചൊക്കെ മലയാളത്തിലെ പ്രധാന ആഴ്ചപ്പതിപ്പുകളില്‍ എഴുതുകയും ചെയ്യുന്നു. മലയാള സാഹിത്യം ഏറ്റവും കൂടുതല്‍ സര്‍ഗ്ഗാത്മകമായ ഘട്ടമാണ് എഴുപതുകള്‍ എന്ന് ചരിത്രം വ്യക്തമാക്കുന്ന കാര്യമാണ്. സ്വാഭാവികമായും അപ്പന്‍ സാറിന്റെ ക്ലാസ്സുകളില്‍ അതെല്ലാം ചര്‍ച്ചാവിഷയമാകും. എല്ലാ ക്ലാസ്സിലും സമകാലിക സാഹിത്യ ചര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. 

എസ്എൻ കോളജ്
എസ്എൻ കോളജ്

മലയാള വിഭാഗം അന്ന് മികച്ച അദ്ധ്യാപകരെക്കൊണ്ട് നിറഞ്ഞിരുന്നു. പ്രൊഫ. കെ.  ചന്ദ്രശേഖരന്‍, ടി.കെ. ബാഹുലേയന്‍, എന്‍.ആര്‍. ഗോപിനാഥപിള്ള, കിളിമാനൂര്‍ വിശ്വംഭരന്‍, എന്‍. കുട്ടന്‍, കെ. ഹരിദാസ്, ജി. സോമനാഥന്‍, കല്ലട രാമചന്ദ്രന്‍ എന്നിങ്ങനെയുള്ള അദ്ധ്യാപകരായിരുന്നു അന്നുണ്ടായിരുന്നത്. ഇതില്‍ സാഹിത്യനിരൂപണമെഴുതിയ കല്ലട രാമചന്ദ്രന്‍ അപ്പന്‍ സാറിന്റെ ആത്മമിത്രമായിത്തീര്‍ന്നു. നിര്‍വ്വചിക്കുവാനാവാത്ത ഒരാത്മബന്ധം അവര്‍ തമ്മിലുണ്ടായിരുന്നു. കല്ലട തന്റെ ജീവിതത്തിന്റെ ഒടുവില്‍ വരെ, അപ്പന്‍സാറിന്റെ നിഴല്‍ പോലെ പിന്തുടര്‍ന്നു. ഇംഗ്ലീഷ് വിഭാഗത്തിലെ അദ്ധ്യാപകരുമായും അപ്പന്‍സാര്‍ വേഗത്തില്‍ അടുത്തു. പ്രൊഫ. എസ്.എ. വാസുദേവന്‍, എന്‍. രവീന്ദ്രനാഥന്‍, ഡോ. എം. സത്യബാബു, എസ്. ശ്രീനിവാസന്‍, കെ. ജയരാജന്‍ എന്നിവര്‍ അപ്പന്‍ സാറിന്റെ പ്രിയ മിത്രങ്ങളായി മാറി. പ്രൊഫ. എസ്.എ. വാസുദേവന്റെ ഇംഗ്ലീഷ് സംഭാഷണം അപ്പന് ഇഷ്ടമായിരുന്നു. അത് കേള്‍ക്കുവാന്‍ അദ്ദേഹം ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോകുമായിരുന്നു. അക്കാലത്ത് അമേരിക്കയില്‍നിന്നും തിരിച്ചെത്തിയ ഡോ. സത്യബാബുവുമായി വലിയ സൗഹൃദമായി. നല്ലൊരു വായനക്കാരനും എഴുത്തുകാരനുമായിരുന്നു സത്യബാബു. അമേരിക്കയില്‍നിന്നും വരുമ്പോള്‍ അപ്പന് സമ്മാനമായി പുതിയ പുസ്തകങ്ങള്‍ കൊടുക്കും. ഡോ. സത്യബാബുവിനെക്കുറിച്ച് അപ്പന്‍ പറയുന്നത്: 'മനസ്സ് മാന്‍കുട്ടിയെപ്പോലെ വികൃതി, വാക്ക് തേന്‍പോലെ മധുരം.' സാമുവേല്‍ ബക്കറ്റിനു നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ 'ജീവിതമെന്ന ദു:സ്വപ്നം' എന്ന പേരില്‍ ബക്കറ്റിനെക്കുറിച്ച് ഒരു ലേഖനം അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. ആധുനിക സാഹിത്യവുമായി നല്ല പരിചയമുള്ള ഈ അദ്ധ്യാപകരുമായി ആശയസംവാദങ്ങള്‍ നടത്തുക പതിവായിരുന്നു. രണ്ട് വിഭാഗങ്ങളിലേയും അദ്ധ്യാപകരില്‍ ചിലരുമായി  കോളേജിനു സമീപത്തുള്ള 'നീലാ ഹോട്ടലി'ല്‍ ഒന്നിച്ചുകൂടി ചങ്ങാത്തം ആഘോഷിച്ചു അപ്പന്‍. പ്രിയപ്പെട്ട കൂട്ടുകാരുമൊത്ത് അപൂര്‍വ്വം ചിലപ്പോള്‍ മദ്യപിക്കാറുമുണ്ട്. മിതമായി മാത്രം. ഡോ. സത്യബാബു അമേരിക്കയില്‍നിന്നും വന്നാല്‍ മദ്യത്തിന്റെ അളവ് വര്‍ദ്ധിക്കും. എന്നാല്‍, ആ ശീലം അദ്ദേഹം പിന്നീട് തുടര്‍ന്നില്ല. കൊല്ലത്തെ  'നീലാ ഹോട്ടല്‍' അന്ന് വളരെ പ്രശസ്തമാണ്. 'മലയാളനാട്' പത്രാധിപര്‍ എസ്.കെ. നായരാണ് അതിന്റെ ഉടമസ്ഥന്‍. 'മലയാളനാട്' വാരിക അന്ന് കേരളത്തിലെ മുഴുവന്‍ വായനക്കാരേയും കീഴടക്കി കഴിഞ്ഞിരുന്നു. എസ്.കെ. നായര്‍ അക്കാലത്ത് 'ചെമ്പരത്തി', 'ചായം' എന്നിങ്ങനെയുള്ള സിനിമകള്‍ എടുത്ത കാലമാണ്. അതുകൊണ്ട് 'നീലാ ഹോട്ടല്‍' സിനിമാ പ്രവര്‍ത്തകരേയും സാഹിത്യകാരന്മാരേയുംകൊണ്ട് എപ്പോഴും സജീവമായിരിക്കും അവിടെ. കൂട്ടുകാരുമൊത്ത് അപ്പന്‍  ഭക്ഷണം കഴിക്കാന്‍ ഇടയ്ക്ക് അവിടെ പോകും. അപ്പന്‍ കൊല്ലത്ത് സ്ഥിരതാമസമാക്കിയപ്പോള്‍ കല്ലട രാമചന്ദ്രന്‍, ശ്രീനിവാസന്‍, ജയരാജന്‍ എന്നിവര്‍ അപ്പന്‍ സാറുമായി നിരന്തരം ആശയസംവാദങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍, വളരെ കൂടുതല്‍ കൂട്ടുകാര്‍ അപ്പന് ഉണ്ടായിരുന്നില്ല.

കെ.പി. അപ്പന്‍ എന്ന വിമര്‍ശകന്റെ കൊല്ലത്തെ സാന്നിദ്ധ്യം നഗരവും അടുത്തുള്ള ഗ്രാമങ്ങളും വേഗത്തില്‍ മനസ്സിലാക്കി. കോളജിനു പുറത്ത് ചുരുക്കം ചില സ്‌നേഹിതന്മാരുണ്ടായിരുന്നു. ആര്‍.എസ്.പിയുടെ നേതാവും എക്‌സല്‍സിയര്‍ ട്യൂട്ടോറിയല്‍ സ്ഥാപകനുമായ ടി.എം. വിശ്വംഭരന്‍, എന്‍ജിനീയറായ അശോകന്‍, ദേവദാസ് എന്നിങ്ങനെ ചിലരുമായി സൗഹാര്‍ദ്ദത്തിലായി. സാഹിത്യത്തോടുള്ള താല്പര്യമാണ് ഈ സൗഹൃദത്തിന്റെ പിന്നിലുള്ളത്. സ്‌നേഹം തനി സ്വര്‍ണ്ണമായി തനിക്കു കിട്ടിയത് കൊല്ലത്തുനിന്നാണ് എന്നും അപ്പന്‍ പറഞ്ഞു. വാസ്തവത്തില്‍ അദ്ദേഹം സ്‌നേഹം മറ്റുള്ളവര്‍ക്ക് വാരിക്കോരി കൊടുത്തപ്പോള്‍ പതിന്മടങ്ങ് തിരിച്ചുകിട്ടുകയാണുണ്ടായത്. കൊല്ലം ബീച്ച് അപ്പന് ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു. എല്ലാ വൈകുന്നേരവും അദ്ദേഹം സ്‌നേഹിതരുമൊത്ത് ബീച്ചില്‍ പോകും. താമസസ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ കടല്‍പ്പുറത്തേക്ക്. കടലിന്റെ അഗാധ നീലിമയും നീലാകാശവും ഉയര്‍ന്നു വരുന്ന തിരകളും തണുത്ത കാറ്റും ആസ്വദിക്കുന്ന ഒരു കലാകാരന്‍ അപ്പനിലുണ്ടായിരുന്നു. അപ്പന്റെ കൂടെയുള്ള വൈകുന്നേര യാത്രകള്‍ കൂട്ടുകാര്‍ വളരെയധികം ഇഷ്ടപ്പെട്ടു. കടല്‍ കാണുമ്പോള്‍ അപ്പന്റെ മനസ്സു നിറയും. ഹൃദയം തുറന്നുകാണിക്കുകയും ചെയ്യും. കല്ലട രാമചന്ദ്രനും ജയരാജനുമൊക്കെ അത് ഹരമായിരുന്നു. അപ്പനുമൊത്തുള്ള സായാഹ്നയാത്രകളെക്കുറിച്ച് കൂട്ടുകാരനും ഇംഗ്ലീഷ് അദ്ധ്യാപകനുമായ ഡോ. എസ്. ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതി: 'മനോഹരമായ കൊല്ലം ബീച്ചിലേക്കു എത്രയോ തവണ ഞാന്‍ കെ.പി. അപ്പനുമായി നടക്കാന്‍ പോയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ ഓര്‍മ്മകളില്‍ ചിലതാണ് ഉന്മേഷകരമായ ആ സായാഹ്നയാത്രകള്‍. നടക്കുമ്പോഴും കടല്‍പ്പുറത്തിരുന്ന് വര്‍ണ്ണപ്പൊലിമയുള്ള അസ്തമന സൂര്യനെ നോക്കിയിരിക്കുമ്പോഴും വ്യക്തിപരവും സാഹിത്യസംബന്ധിയായ പല കാര്യങ്ങളെക്കുറിച്ചും അപ്പന്‍ സംസാരിക്കാറുണ്ടായിരുന്നു. ...അപ്പനുമായി കുറച്ചുനേരം സംസാരിക്കുമ്പോള്‍ത്തന്നെ അത്യന്തം ജാഗ്രതയുള്ള മനസ്സും കോളറിഡ് ജിനെയോ സാര്‍ത്രിനേയോപ്പോലെ ബൗദ്ധിക വ്യാപ്തിയുമുള്ള ഒരു അസാധാരണ പ്രതിഭയുടെ സാന്നിദ്ധ്യവും നമ്മള്‍ അനുഭവിച്ചു തുടങ്ങുന്നു. കടല്‍ക്കരയില്‍ എത്തിയാല്‍ ആദ്യം കടലിന്റെ അഗാധസൗന്ദര്യം നിശ്ശബ്ദമായി ആസ്വദിച്ചിരിക്കും. കടല്‍ത്തിരകള്‍ ഉയര്‍ന്നുവരുന്നതും തീരത്ത് തകര്‍ന്നു വീഴുന്നതും വലിയ താല്പര്യത്തോടെ നോക്കും. പിന്നീട് മനുഷ്യജീവിതത്തിന്റെ മഹാപ്രതീകമായ കടലിനെക്കുറിച്ച് പറയും. ഇരമ്പുന്ന തിരകളുടെ ഭിന്നഭാവങ്ങളെപ്പറ്റി സംസാരിച്ചുതുടങ്ങും. സാര്‍ത്രിന്റെ നോവലുകളെപ്പറ്റിയും 'കരമസോവ് സഹോദരന്മാരെ'പ്പറ്റിയും ഇഷ്ടപ്പെട്ട മറ്റു കൃതികളെപ്പറ്റിയും ഇരമ്പുന്ന സ്വരത്തില്‍ പറഞ്ഞുതുടങ്ങും. കടല്‍ നല്‍കിയ പുത്തന്‍ ഉണര്‍വ്വില്‍ ജീവിതത്തിലെ സ്വകാര്യതകളെപ്പറ്റിയും സൂചിപ്പിക്കും. 

കെ.പി. അപ്പനുമായി സംസാരിക്കുമ്പോള്‍ ലഭിക്കുന്ന ആത്മീയമായ ഉണര്‍വ്വിനെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ സംഭാഷണങ്ങളിലെ വാക്കുകളും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു. 'കൊല്ലത്ത് അപ്പന്‍ സാറുണ്ടെങ്കില്‍ പിന്നെ പേടിക്കാനൊന്നുമില്ല' എന്ന് ഒരിക്കല്‍ അപ്പന്റെ ശിഷ്യനും പത്രപ്രവര്‍ത്തകനുമായ ഒരാരാധകന്‍ തമാശരൂപത്തില്‍  പറഞ്ഞതില്‍ വാസ്തവത്തിന്റെ തീനാളമുണ്ട്; ഒരു വാക്കും അദ്ദേഹം വെറുതെ പറയില്ല; ആ സാന്നിദ്ധ്യത്തിനുതന്നെ മാന്ത്രികമായ ശക്തിവിശേഷമുണ്ട്.
                     
 

കേശവദേവ്
കേശവദേവ്

പ്രസംഗവേദികളില്‍ മെല്ലെ ഉയര്‍ന്ന വാക്കുകള്‍ 
                
അന്ന് അപ്പന് സമ്മേളനങ്ങളില്‍ പ്രസംഗിക്കുവാന്‍ പോകുന്ന ശീലമുണ്ട്. വായനശാലാ വാര്‍ഷികങ്ങളിലും സ്‌കൂള്‍ വാര്‍ഷികങ്ങളിലും കോളേജ്  ഹോസ്റ്റല്‍ വാര്‍ഷികങ്ങളിലും പ്രസംഗിച്ചിട്ടുണ്ട്. അപ്പന്‍ സാറിന്റെ പ്രസംഗം എവിടെയെങ്കിലുമുണ്ടെന്ന് അറിഞ്ഞാല്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അവിടെ എത്തും. ഏതു പ്രസംഗത്തിലും എന്നും ഓര്‍മ്മിച്ചിരിക്കുവാനുള്ള എന്തെങ്കിലും ഉണ്ടായിരിക്കും. സാധാരണ പ്രസംഗംപോലെ അര്‍ത്ഥമില്ലാത്ത വാചകമടിയല്ല അത്. കാര്യമാത്രപ്രസക്തമായിരിക്കും. പ്രസംഗവേദിയില്‍ കത്തിജ്ജ്വലിക്കുകയില്ല. മെല്ലെ ഉയരുന്ന പതിഞ്ഞ വാക്കുകളില്‍ സമകാലിക ജീവിതത്തേയും കലയേയും സാഹിത്യത്തേയും സംബന്ധിച്ച ആശയങ്ങള്‍  ഉണ്ടാകും. ശ്രോതാക്കളുടെ മനസ്സിനേയും ബുദ്ധിയേയും സ്പര്‍ശിച്ച് നീങ്ങുകയാവും അപ്പന്റെ വാക്കുകള്‍. കേള്‍ക്കുന്നവരെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടിയോ സദസ്സിനെ ഇളക്കുവാന്‍ വേണ്ടിയോ ഒരു വാക്കും പറയില്ല. വിലകുറഞ്ഞ കയ്യടികള്‍ക്കുവേണ്ടി വാക്കുകളുടെ അഭിമാനത്തെ മുറിവേല്പിക്കാറില്ല അപ്പന്‍. ചെറുപ്പക്കാര്‍ സംഘടിപ്പിച്ച ഒരു വായനശാലാ വാര്‍ഷികത്തില്‍ പറഞ്ഞത് 'നിറമുള്ള കൊടികളുടെ പിറകേ പോകുന്ന ഒരു തലമുറയ്ക്ക് ഇവിടെ വിപ്ലവമുണ്ടാക്കുവാന്‍ ആകില്ല' എന്നാണ്. രാഷ്ട്രീയ കക്ഷികളുടെ ആത്മാര്‍ത്ഥതയെ സംശയിക്കുന്ന മനസ്സായിരുന്നു എന്നും അപ്പന്റേത്. ആധുനികതയുടെ ആ കാലത്ത് ചില പ്രസംഗവേദികളില്‍ പഴയ തലമുറയുമായി ഏറ്റുമുട്ടാനും അപ്പന്‍ തയ്യാറായി. കേശവദേവും തകഴിയുമൊക്കെ അന്ന് ആധുനികതയ്ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ച കാലമാണത്. ദേവാണ് ആധുനികര്‍ക്കു നേരേ ആഞ്ഞടിച്ചത്. ആയിടെ കൊല്ലത്ത് കുണ്ടറയില്‍ വച്ച് നടന്ന ഒരു സാംസ്‌കാരിക സമ്മേളനത്തില്‍ അപ്പന്‍ കേശവദേവുമായി ചെറിയ തോതില്‍ ഏറ്റുമുട്ടി. തലമുറകള്‍ തമ്മിലുള്ള അനിവാര്യമായ ആശയസംഘര്‍ഷമായിരുന്നു അത്. എഴുത്തുകാരന് സമൂഹത്തോട് കടപ്പാടൊന്നും ഇല്ല എന്നാണ് അന്ന് അപ്പന്‍ ഉള്‍പ്പെടെയുള്ള ആധുനികര്‍ വാദിച്ചത്. ഇതിനെതിരെയാണ് ദേവും തകഴിയും മറ്റും പൊട്ടിത്തെറിച്ചത്. പിന്നീട് 1973ലെ ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സാഹിത്യസമ്മേളനത്തിലും അപ്പന്‍ കേശവദേവുമായി കൊമ്പുകോര്‍ത്തു. അന്നൊക്കെ ശിവഗിരിയിലെ സാഹിത്യസമ്മേളനം വലിയ സംഭവമായിരുന്നു. അപ്പന്റെ അന്നത്തെ പ്രസംഗം കേള്‍ക്കുകയും പിന്നീട് അപ്പന്റെ സാഹിത്യനിലപാടുകളുടെ ആസ്വാദകനും ആരാധകനുമായി മാറുകയു ചെയ്ത നാവായിക്കുളം സ്വദേശി എം. മഹേശന്‍ ആ പ്രസംഗം ഏകദേശം അഞ്ച് പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇപ്പോഴുമോര്‍ക്കുന്നുണ്ട്. ആ പ്രസംഗം കേള്‍ക്കുന്നതിനു മുന്‍പ് മഹേശന് അദ്ദേഹത്തെ വലിയ പരിചയമില്ലായിരുന്നു. എം. മഹേശന്‍ പറഞ്ഞത്: 'അന്നത്തെ സാഹിത്യസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ കൈനിക്കര കുമാരപിള്ള. ഉദ്ഘാടകന്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍. പ്രസംഗകര്‍ പി. കേശവദേവ്, കെ.പി. അപ്പന്‍, പി. പത്മരാജന്‍. സ്വാഗത പ്രസംഗകന്‍ അപ്പനെ 'അത്യന്താധുനിക' സാഹിത്യത്തിന്റെ വക്താവായി പരിചയപ്പെടുത്തി. ദേവ് അപ്പനു ശേഷം പ്രസംഗിക്കാമെന്നു പറഞ്ഞു. അപ്പന് മറുപടി പറയാന്‍ വേണ്ടിയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. പ്രസംഗിക്കുവാന്‍ ക്ഷണിച്ചപ്പോള്‍ അപ്പന്‍ സഞ്ചരിക്കുന്ന, നേര്‍രേഖപോലെ മൈക്കിനു സമീപമെത്തി. പതിഞ്ഞ സ്വരത്തിലുള്ള പ്രസംഗമാണ്. അംഗവിക്ഷേപങ്ങളില്ല. അട്ടഹാസങ്ങളില്ല. ആശയങ്ങള്‍ വളരെ ക്രമീകരിച്ച് അവതരിപ്പിച്ചു. അത് ശ്രുതിബദ്ധവും സ്വരബദ്ധവുമായ ഒരു രൗദ്രസംഗീതം പോലെ അനുഭവപ്പെട്ടു. സാഹിത്യകാരന് സമൂഹത്തോട് കടമയുണ്ടെന്ന് വിശ്വസിക്കുന്ന ഒരു പഴയ തലമുറ നമ്മുടെ സാഹിത്യരംഗത്തുണ്ട്, അപ്പന്‍ തുടങ്ങി. പ്രസംഗം സോദ്ദേശ്യ സാഹിത്യത്തിനെതിരെയുള്ള പ്രചണ്ഡമായ ഒരാക്രമണം തന്നെയായിരുന്നു. കലയിലെ പ്രചരണാംശത്തെ ശക്തിയായി എതിര്‍ത്തു. ഏറ്റവും അവസാനത്തെ ഉദ്ദേശവാദിയേയും കൊന്നാല്‍ മാത്രമേ സാഹിത്യം നന്നാകുകയുള്ളൂ. കേശവദേവിന്റേയും മറ്റും കൃതികള്‍ വായിച്ചതിലൂടെ തനിക്കുണ്ടായ സമയനഷ്ടം താന്‍ വീണ്ടെടുത്തത് ഒ.വി. വിജയന്റേയും മറ്റും കഥകള്‍ വായിച്ചാണ് എന്ന് തുറന്നടിച്ചു.  കേശവദേവിന്റെ ഊഴം വന്നപ്പോള്‍ അദ്ദേഹം തിരിച്ചടിച്ചു. ഇവിടെ ആരെയൊക്കെയോ എന്നെ കൊല്ലണമെന്നോ തിന്നണമെന്നോ പറഞ്ഞുകേട്ടു. ഇവന്‍ എവിടെന്ന് വന്നടാ എന്ന് അപ്പനെ നോക്കിക്കൊണ്ട് ആക്രോശിച്ചു. സദസ്സ് ദേവിന്റെ പ്രസംഗം കേട്ട് കയ്യടിച്ചു. 'ദേവ് പ്രസംഗം കഴിഞ്ഞു വന്ന് അപ്പനെ കെട്ടിപ്പിടിച്ചു ചോദിച്ചു, എങ്ങനെയുണ്ട് നമ്മുടെ യുദ്ധം?' ദേവിന്റെ കൈകളുടെ വാത്സല്യത്തെപ്പറ്റി അപ്പനും എഴുതിയിട്ടുണ്ട്. ശിവഗിരിയിലെ ദേവുമായുള്ള ഏറ്റുമുട്ടലിനെപ്പറ്റി അദ്ദേഹം ഇപ്രകാരം എഴുതി: 'എന്നെ കൊന്നു കൊലവിളിക്കുന്ന പ്രസംഗമായിരുന്നു അത്. സദസ്സിനെ അവഗണിച്ചുകൊണ്ട് തിരിഞ്ഞുനോക്കി എന്നോട് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്. ഉപരിതല സ്പര്‍ശിയായ സ്വഭാവംകൊണ്ട് അതിനു മുന്‍പുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്ന വാദങ്ങള്‍ തന്നെയാണ് ആവേശത്തോടെ അദ്ദേഹം അവിടെയും അവതരിപ്പിച്ചത്. സാഹിത്യത്തെക്കുറിച്ചുള്ള ദേവിന്റെ വാദങ്ങള്‍ ഒരിക്കലും ആഴങ്ങളിലേക്ക് പോയില്ല. കുമാരനാശാനെപ്പോലെയുള്ള ഒരു ജീനിയസ്സിനെ അടുത്തറിഞ്ഞിരുന്ന ശിവഗിരിയിലെ പ്രകൃതി എങ്ങനെയായിരിക്കും ദേവിന്റെ വാദങ്ങള്‍ സ്വീകരിക്കുക എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. പ്രസംഗത്തിനു ശേഷം വേറെ ദേവിനെയാണ് ഞാന്‍ കണ്ടത്. 'നമ്മുടെ യുദ്ധം എങ്ങനെ?...' എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. എത്ര വാത്സല്യമുള്ള കൈകളായിരുന്നു ദേവിന്റേത്!'

കൊല്ലത്ത് വന്ന് ആറു മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹം നടന്നു. മുപ്പത്തി അഞ്ചാം വയസ്സില്‍. ആലോചിച്ചു തീരുമാനിച്ചു നടന്ന വിവാഹമാണ്. പ്രണയ വിവാഹമായിരുന്നില്ല. എസ്.എന്‍. വനിതാകോളേജില്‍ കെമിസ്ട്രി വിഭാഗത്തിലെ അദ്ധ്യാപികയായിരുന്നു വധു. കായംകുളം സ്വദേശി എ. ഓമനയാണ് വധു. അപ്പന്റെ ആലപ്പുഴയിലെ വീടിനു സമീപത്ത് ഓമനയ്ക്കു ബന്ധുവീടുണ്ട്. അവധിക്കാലത്ത് ഓമന ആലപ്പുഴയിലെ ബന്ധുവീട്ടില്‍ വരും. അതുകൊണ്ട് കുട്ടിക്കാലം മുതല്‍ പരസ്പരം അറിയാം. കുട്ടിക്കാലത്തെ അപ്പനേയും ഓമനയ്ക്ക് ഓര്‍മ്മയുണ്ട്. മാത്രമല്ല, അപ്പന്റെ ഇളയ സഹോദരിയുടെ സഹപാഠിയാണ് വധു. 1971 നവംബര്‍ മാസം 28ന് അപ്പനും ഓമനയും ബന്ധുക്കളുടേയും കുറച്ച് സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ വിവാഹിതരായി. അത്യന്തം ലളിതമായ ചടങ്ങായിരുന്നു അത്. വിവാഹം കഴിഞ്ഞ് അപ്പന്റെ ആലപ്പുഴയിലെ കുടുംബവീട്ടിലേക്കു പോയി. അടുത്ത വര്‍ഷം കൊല്ലത്ത് എസ്.എന്‍. കോളേജിനു സമീപത്ത് മുണ്ടക്കല്‍ എന്ന സ്ഥലത്ത് 'ഗ്ലാഡ് വില്ല' എന്ന വാടകവീട്ടില്‍ താമസം ആരംഭിച്ചു. കെ.പി. അപ്പന്റെ സാഹിത്യജീവിതവും ചിന്താജീവിതവും വ്യക്തിജീവിതവും അതോടെ പുതിയ ഘട്ടത്തിലേക്കു കടന്നു.     

കൊല്ലത്തെ ജീവിതം അപ്പനെ മറ്റൊരു മനുഷ്യനാക്കി എന്നുപോലും പറയാം. വായനയും എഴുത്തും ജീവിതവുമെല്ലാം പൂര്‍ണ്ണമായും മാറി. അവയെയെല്ലാം എപ്പോഴും ശുദ്ധീകരണത്തിനും നവീകരണത്തിനും വിധേയമാക്കിക്കൊണ്ടിരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എഴുത്തുകാരന്‍ എന്ന നിലയില്‍ കൂടുതല്‍ അറിയപ്പെട്ടു തുടങ്ങി. ശുദ്ധവും അഗാധവുമായ സ്‌നേഹം കൊണ്ടു മൂടിയ കൂട്ടുകാരും സ്‌നേഹവും ആദരവുംകൊണ്ടു പൂജിച്ച വിദ്യാര്‍ത്ഥികളും പവിത്രമായ ആദരവോടെ വരവേറ്റ സഹൃദയരായ വായനക്കാരും അപ്പനെ മറ്റൊരു മനുഷ്യനാക്കി മാറ്റി എന്നു തീര്‍ത്തു പറയാം. കൊല്ലത്തെത്തുമ്പോള്‍ ആ മുഖത്ത് ഇത്രയും തിളക്കമില്ലായിരുന്നു. ഒരു തരം അസ്വസ്ഥതയും ഒന്നും പിടിക്കാത്ത മട്ടും അസംതൃപ്തിയുടെ കാളിമയും ആ വ്യക്തിത്വത്തില്‍ എവിടെയോ മറഞ്ഞുകിടന്നിരുന്നു. കൊല്ലത്ത് എത്തി പുതുജീവിതത്തിലേക്ക് കടന്നപ്പോള്‍ ആ രൂപം കൂടുതല്‍ സുന്ദരമാകുകയാണുണ്ടായത്. വര്‍ഷങ്ങള്‍ കഴിയുന്തോറും അപ്പന്റെ യൗവ്വനകാന്തി കൂടിക്കൂടി വന്നു! ഇത് എല്ലാവരിലും വിസ്മയം സൃഷ്ടിച്ച കാര്യമാണ്.

തകഴി
തകഴി

ക്ഷോഭിക്കുന്നവരുടെ സുവിശേഷങ്ങള്‍ പറഞ്ഞുതുടങ്ങുന്നു

'വായനയെ സാധാരണ ആഗ്രഹങ്ങള്‍ക്കെതിരെയുള്ള ധര്‍മ്മനിഷ്ഠയായി വളര്‍ത്തിയെടുത്തത് ഇവിടെ (കൊല്ലം) വച്ചാണ്. വായന സ്വയം പീഡനത്തിന്റെ ഹര്‍ഷോന്മാദമായിരുന്നു എനിക്ക്. പുസ്തകങ്ങളില്‍നിന്നുള്ള പിന്തിരിയല്‍ ദൈവത്തില്‍നിന്നുള്ള പിന്തിരിയലായി എനിക്കു തോന്നി.'   
                         
കെ.പി. അപ്പന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: കൊല്ലത്ത് താമസം തുടങ്ങിയപ്പോള്‍ വായനയോടൊപ്പം എഴുത്തും  കൂടുതല്‍ ശക്തമായി. മുന്‍പ് എഴുതിയതെല്ലാം മറന്ന് വര്‍ത്തമാനകാല സാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന വലിയ സൗന്ദര്യപരമായ കൊടുങ്കാറ്റുകളെ ഏറ്റവും അടുത്തുനിന്നു കാണുവാനുള്ള ശ്രമമാരംഭിച്ചു. കൊല്ലത്ത് വന്നതിനു ശേഷമാണ് തന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനകള്‍ പലതും അദ്ദേഹം രചിച്ചത്. മുന്‍പ് അറുപതുകളില്‍ എഴുതിയതെല്ലാം അദ്ദേഹം മറന്നു. അറുപതുകളില്‍ 'കൗമുദി'യിലും 'ജനയുഗ'ത്തിലും  എഴുതിയ ലേഖനങ്ങള്‍ ചേര്‍ത്തുവച്ചാല്‍ രണ്ട് പുസ്തകങ്ങളെങ്കിലും പുറത്തിറക്കാം. അതാണ് അന്നത്തെ (ഇന്നത്തേയും) പൊതുരീതി. അന്നതിനു തുനിഞ്ഞില്ല. പിന്നീട് ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞ് അവയില്‍ ചിലത് പുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ആ കാലത്തെ എഴുത്തിനെ   പില്‍ക്കാലത്ത് എഴുതുവാന്‍ വേണ്ടിയുള്ള മുന്നൊരുക്കമായി മാത്രമേ അദ്ദേഹം കണ്ടുള്ളൂ.

1970 മുതല്‍ കൂടുതല്‍ ഗൗരവമേറിയ എഴുത്താരംഭിച്ചു. കെ.പി. അപ്പന്‍ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷങ്ങള്‍', അപ്പന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ ഏതു ചെകിടനും കേള്‍ക്കും വിധം ഉറക്കെ വിളിച്ചുപറഞ്ഞു തുടങ്ങുകയാണ് പിന്നീട്. അറുപതുകളുടെ അവസാനം മുതല്‍ മലയാള സാഹിത്യത്തെ ഭിന്നവും അപരിചിതവുമായ വഴികളിലേക്കു നയിച്ച ആധുനിക എഴുത്തുകാരെക്കുറിച്ചുള്ള ദാര്‍ശനിക സൗന്ദര്യാത്മക സുവിശേഷങ്ങള്‍ സുവ്യക്തമായും ശക്തമായും പറഞ്ഞുതുടങ്ങി. പുതിയ സംവേദനത്തിനും പുതിയ സാഹിത്യാഭിരുചിക്കും വേണ്ടിയുള്ള ലാവണ്യ പ്രക്ഷോഭണമായിരുന്നു അത്. ഏഴെട്ട് വര്‍ഷക്കാലത്തെ നിരന്തര വായനയും അന്വേഷണവും അതിന്റെ ഫലം കൊയ്തു തുടങ്ങുന്നതാണ് പിന്നീട് കാണുന്നത്. ആത്മപരിശോധനകള്‍ നടത്തി തന്റെ ചിന്തയെ ബലപ്പെടുത്തുവാനും  വിലയിരുത്തലുകളെ പുന:പരിശോധിക്കുവാനും അന്വേഷണത്തിന്റെ കഠിനപാതകളിലൂടെ നടക്കുവാനും അദ്ദേഹം ശ്രമിച്ചു. കാഫ്കയെപ്പറ്റിയും കമ്യുവിനെപ്പറ്റിയും എഴുപതുകളുടെ തുടക്കത്തില്‍ വീണ്ടും വിലയിരുത്തി എഴുതി. ഈ എഴുത്തുകാരുടെ ഓരോ കൃതിയെക്കുറിച്ചും മുന്‍പ് എഴുതിയിട്ടുണ്ട്. ഈ വലിയ എഴുത്തുകാരുടെ കാഴ്ചപാടുകളേയും ദര്‍ശനത്തേയും കുറിച്ച് പടിഞ്ഞാറന്‍ നാട്ടിലെ വിമര്‍ശകരും ചിന്തകരും സാഹിത്യചരിത്രകാരന്മാരും എഴുതിയത് പരിശോധിച്ചും അവരുടെ ജീവചരിത്രം പഠിച്ചും വീണ്ടും എഴുതി. കാഫ്കയെ വീണ്ടും വിലയിരുത്തി 'കാഫ്ക  മുഖംമൂടിയില്ലാതെ' എന്ന ദീര്‍ഘമായ ലേഖനം 'മലയാളനാട്ടി'ല്‍ എഴുതി. ആല്‍ബേര്‍ കമ്യുവിന്റെ  കൃതികളെ ആസ്പദമാക്കി പല ലേഖനങ്ങളെഴുതിയ അപ്പന്‍ 1970ല്‍ കമ്യുവിനെ ആവര്‍ത്തിച്ച് പഠിച്ച് ഒരു ലേഖനം കൂടി എഴുതി. 'കമ്യു വ്യക്തിയും ദാര്‍ശനികനും' എന്ന ശീര്‍ഷകത്തിലാണ് എഴുതിയത്. ജനയുഗം വാരികയില്‍ ആദ്യ ലേഖനമായി വലിയ പ്രാധാന്യത്തോടെ അത് പത്രാധിപര്‍ കാമ്പിശ്ശേരി പ്രസിദ്ധീകരിച്ചു. മുന്‍പ് പറഞ്ഞിട്ടുള്ളതുപോലെ അക്കാലത്ത് കമ്യുവും സാര്‍ത്രും കാഫ്കയും ലോകസാഹിത്യമാകെ നിറഞ്ഞുനില്‍ക്കുകയാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം യൂറോപ്പിലും ലോകത്ത് മറ്റു പല സ്ഥലങ്ങളിലുമുണ്ടായ വിശ്വാസത്തകര്‍ച്ചയുടേയും  നൈരാശ്യത്തിന്റേയും തീവ്ര വ്യസനത്തിന്റേയും ആഴം അന്വേഷിക്കുന്ന തത്ത്വചിന്തയായിരുന്നു സാര്‍ത്രും കമ്യുവും അവരുടെ രചനകളില്‍ ചിത്രീകരിച്ചത്. മലയാളത്തിലും ആ ചിന്തകരുടെ കൃതികളും ആശയങ്ങളും സജീവ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞിരുന്നു. കാക്കനാടന്റെ നോവലുകളില്‍ കമ്യുവിന്റെ സ്വാധീനമുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി. കമ്യുവിനെക്കുറിച്ച് പലരും എഴുതിയിരുന്നു. കമ്യുവിന്റെ ദര്‍ശനം സ്ഫടികസ്പുടമായി അവതരിപ്പിച്ച അപ്പന്റെ 'ജനയുഗ'ത്തില്‍ വന്ന ആ ലേഖനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അടുത്ത ആഴ്ചയില്‍ ദേശാഭിമാനി വാരിക അതിനെപ്പറ്റി മുഖക്കുറിപ്പില്‍ എഴുതി. ആ ആഴ്ചയില്‍ത്തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്നും എം.ടി. വാസുദേവന്‍ നായരുടെ കത്തു വന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുവാനുള്ള ക്ഷണമായിരുന്നു അത്. പിന്നീട് എം.ടി, അപ്പന് ആ ആഴ്ചപ്പതിപ്പില്‍ നിരന്തരം എഴുതുവാന്‍ അവസരമൊരുക്കി. വിമര്‍ശകന്‍ എന്ന നിലയിലുള്ള കെ.പി. അപ്പന്റെ വളര്‍ച്ചയില്‍ എം.ടി എന്ന പത്രാധിപര്‍ക്കു വലിയ പങ്കുണ്ട്.

പിന്നീടുള്ള നാളുകള്‍ അപ്പന് ക്ഷോഭിക്കുന്നവരുടെ സുവിശേഷങ്ങള്‍ വിളിച്ചുപറയുന്ന നാളുകളായിരുന്നു. ലോകത്തെങ്ങും പ്രതിഷേധിക്കുന്ന, കലാപം കൂട്ടുന്ന, പാരമ്പര്യത്തെ സര്‍ഗ്ഗപരമായി ധ്വംസിക്കുന്ന എഴുത്തുകാരുണ്ടായിരുന്നു. അവരെക്കുറിച്ചാണ് അപ്പന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍  എഴുതിയത്. മുകളില്‍ പറഞ്ഞ കലാപകാരികളല്ലാതെ വേറെയും എഴുത്തുകാരുണ്ടായിരുന്നു. അവര്‍ കലയിലും സാഹിത്യത്തിലും സൃഷ്ടിച്ച വലിയ പ്രക്ഷോഭണങ്ങളെപ്പറ്റി ദീര്‍ഘമായി എഴുതി. നാടകത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച യോനെസ്‌കോയെപ്പറ്റി 'മാതൃഭൂമി'യില്‍ എഴുതി, 'യോനെസ്‌കോ  അര്‍ത്ഥവത്തായ അര്‍ത്ഥശൂന്യത' എന്ന ശീര്‍ഷകത്തില്‍. അംഗീകൃതമായ എല്ലാ മാനദണ്ഡങ്ങളും ഉപേക്ഷിച്ച് അസംബന്ധത്തിന്റെ അര്‍ത്ഥവത്തായ മാറ്റൊലികളിലൂടെ അസ്തിത്വത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച പ്രക്ഷോഭകാരിയായ യോനെസ്‌കോയെ അവതരിപ്പിച്ചു അപ്പന്‍. അതുപോലെ ധാര്‍മ്മിക മൂല്യങ്ങളേയും സദാചാര മൂല്യങ്ങളേയും വെല്ലുവിളിച്ച ഷെനെയുടെ ജീവിതവും സാഹിത്യകലയും അന്വേഷിക്കുകയാണ്  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ 'ഷെനേ ജയിലറയില്‍നിന്ന് ഒരവധൂതന്‍' എന്ന ലേഖനത്തില്‍. ലോക സാഹിത്യത്തില്‍ കലാപങ്ങളും വിവാദങ്ങളും സൃഷ്ടിച്ച ആധുനികരായ എഴുത്തുകാരെ സംബന്ധിക്കുന്ന സുവിശേഷങ്ങള്‍ പറയുന്നതോടൊപ്പം മലയാള സാഹിത്യത്തില്‍ മാറ്റത്തിന്റെ വലിയ കൊടുങ്കാറ്റുകള്‍ അഴിച്ചു വിട്ടവരെ അടുത്തറിയുവാനും ശ്രമിച്ചുതുടങ്ങി കെ.പി. അപ്പന്‍.

ലോക സാഹിത്യത്തില്‍ പുതിയ ലാവണ്യതരംഗങ്ങള്‍ സൃഷ്ടിച്ച ആധുനിക സാഹിത്യകലയും ആധുനികമായ ആശയങ്ങളും ഭാവനയുടെ മാന്ത്രികമായ ലോകങ്ങളും ഭിന്നമായ ആഖ്യാന രീതികളും അറുപതുകളുടെ ഒടുവില്‍ മലയാള സാഹിത്യത്തെ സ്വാധീനിക്കുകയും ഇവിടെയും ആധുനികവും പാരമ്പര്യവിരുദ്ധവുമായ കൃതികള്‍ ധാരാളം ഉണ്ടാവുകയും ചെയ്തു.  പുതിയൊരു ഭാവുകത്വം ഇവിടെ ശക്തിപ്പെട്ടപ്പോള്‍, സാഹിത്യത്തില്‍ ശക്തവും നവീനവുമായ സാഹിത്യകൃതികള്‍ തുടരെ തുടരെ പ്രത്യക്ഷപ്പെട്ടപ്പോള്‍ മലയാളത്തിലെ സാഹിത്യവിമര്‍ശനത്തില്‍ നിലയുറപ്പിച്ചിരുന്ന വിമര്‍ശകര്‍ അതൊന്നും കണ്ടില്ല.  അവര്‍ പുലര്‍ത്തിയ ക്രൂരവും കുറ്റകരവുമായ മൗനം അപ്പനെ ക്ഷുഭിതനാക്കി. ഈ കാര്യം മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ആ വിമര്‍ശകരുടെ സൗന്ദര്യാഭിരുചിയുമായും സാഹിത്യ വീക്ഷണവുമായും ജീവിതസങ്കല്പവുമായും ഒട്ടും പൊരുത്തപ്പെട്ടു പോകുന്നതായിരുന്നില്ല അന്നുണ്ടായ കൃതികള്‍. അന്നത്തെ വിമര്‍ശകരുടെ കാലഹരണപ്പെട്ട സൗന്ദര്യസങ്കല്പങ്ങള്‍ക്കു നേരെ ആഞ്ഞടിച്ചുകൊണ്ടാണ് അപ്പന്‍ ആധുനികതയുടെ പിന്നിലെ ദര്‍ശനവും ലാവണ്യസങ്കല്പങ്ങളും വിശദീകരിച്ചത്. പ്രൊഫ. മുണ്ടശ്ശേരി, എം. കൃഷ്ണന്‍ നായര്‍ എന്നിങ്ങനെയുള്ള അന്നത്തെ പ്രമുഖ വിമര്‍ശകരേയും തകഴി, കേശവദേവ് തുടങ്ങിയ എഴുത്തുകാരേയും നിശിതമായി വിമര്‍ശിച്ചും താക്കീത് നല്‍കിയുമാണ് അന്ന് അദ്ദേഹം ക്ഷോഭിക്കുന്നവരുടെ സുവിശേഷങ്ങള്‍ വിളിച്ചുപറഞ്ഞു തുടങ്ങിയത്. ദേവിന്റേയും തകഴിയുടേയും മറ്റും കൃതികളെ വിലയിരുത്തിയ പദങ്ങളിലൂടെ പുതിയ എഴുത്തുകാരെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ പരാജയപ്പെടും. ആ ഭീമമായ പരാജയത്തിന്റെ ശബ്ദങ്ങളാണ് മുണ്ടശ്ശേരിയില്‍നിന്നും എം. കൃഷ്ണന്‍നായരില്‍നിന്നും വരുന്നതെന്നും അപ്പന്‍   'സുവിശേഷങ്ങളി'ല്‍ ചൂണ്ടിക്കാട്ടി. അന്ന് ഗദ്യസാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന നവീന പ്രവണതകളെ സ്പര്‍ശിക്കുവാന്‍ പോലും അന്നത്തെ പ്രധാനപ്പെട്ട വിമര്‍ശകര്‍ തയ്യാറായില്ല. നവീന കവിതയെക്കുറിച്ച് ശ്രദ്ധേയങ്ങളായ ചില പഠനങ്ങള്‍ അന്നുണ്ടായി. എന്നാല്‍, അറുപതുകളുടെ തുടക്കം മുതല്‍ ചെറുകഥയിലും പിന്നീട് നോവലിലും ശക്തി പ്രാപിച്ച പുതിയ പ്രവണതകളെക്കുറിച്ചും അതിന്റെ പിന്നിലെ കാഴ്ചപ്പാടുകളേയും സൗന്ദര്യമൂല്യങ്ങളേയും കുറിച്ചും ഗൗരവമേറിയ അന്വേഷണങ്ങള്‍ നടന്നില്ല. ആധുനിക മനസ്സുള്ള ചെറിയൊരു വിഭാഗം വിമര്‍ശകര്‍ കഥയിലും നോവലിലുമുണ്ടായ പുതിയ ദര്‍ശനവും സൗന്ദര്യമൂല്യവും ഉള്‍ക്കൊണ്ടിരുന്നു. പടിഞ്ഞാറന്‍ നാടുകളിലെ കൃതികളുമായി ആത്മബന്ധമുണ്ടായിരുന്ന അവര്‍ പുതിയ സാഹിത്യത്തെ സ്വാഗതം ചെയ്തു. ആദ്യകാലത്തെ സച്ചിദാനന്ദന്‍ ഫിക്ഷനിലുണ്ടായ ചലനങ്ങളെക്കുറിച്ച് ചിലത് എഴുതിയിട്ടുണ്ട്. മറ്റു ചിലരും ചെറുതായി എഴുതിയിട്ടുള്ളതായി കാണാം. എന്നാല്‍, ഗദ്യസാഹിത്യത്തിലെ പുത്തന്‍സൗന്ദര്യത്തിന്റെ പൊരുളും മൂല്യവും  ലാവണ്യവും അതിന്റെ പിന്നിലെ തത്ത്വചിന്തയും വിശദമായി കണ്ടെത്തിയത് കെ.പി. അപ്പനാണ്. 'അസ്തിത്വവാദം' എന്ന ഇരുപതാം നൂറ്റാണ്ടിന്റെ തത്ത്വചിന്തയില്‍നിന്നും വെളിച്ചം സ്വീകരിച്ച് ആധുനിക മനുഷ്യന്റെ നിലനില്പിനെക്കുറിച്ചുള്ള പ്രശ്‌നങ്ങളാണ് ആധുനിക എഴുത്തുകാര്‍ അന്വേഷിക്കുന്നതെന്ന ചിന്തയാണ് തന്റെ ലേഖനങ്ങളിലൂടെ അപ്പന്‍ അവതരിപ്പിച്ചത്. അപ്പന്റെ വിമര്‍ശനത്തിന്റെ കാതല്‍ ഈ ആശയമാണ്. അപ്പന്റെ സാഹിത്യവിമര്‍ശനത്തിലൂടെ മലയാള വിമര്‍ശനത്തിനു ദാര്‍ശനികതയുടെ സൗന്ദര്യ ശക്തി കൈവരിക്കുവാന്‍ സാധിച്ചു എന്നു പറയാം.
                                      
 

കാഫ്ക
കാഫ്ക

പുതിയ തലമുറയെ ചുംബിക്കുന്നു

മലയാള വിമര്‍ശനത്തിന്റെ അന്നത്തെ ദുരവസ്ഥയെക്കുറിച്ചും ഇനി മലയാള വിമര്‍ശനം നീങ്ങേണ്ട വഴികളെക്കുറിച്ചും സവിശേഷമായ ഉള്‍ക്കാഴ്ചയോടെ രണ്ട് ലേഖനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'പുതിയ വിമര്‍ശനം  അതിന്റെ ഉല്പത്തിയും വെല്ലുവിളികളും' ('മലയാളനാട്' ഓണം 1971), 'പുതിയ വിമര്‍ശനം  പ്രശ്‌നങ്ങളും സാദ്ധ്യതകളും' ('മലയാളനാട്' ഓണം 1972) എന്നീ ലേഖനങ്ങളില്‍ പുതിയ വിമര്‍ശനം എന്താണെന്നും അത് എങ്ങനെ നീങ്ങണമെന്നും അപ്പന്‍ വിശദീകരിച്ചു. ആധുനിക വിമര്‍ശനത്തിന്റെ പ്രകടനപത്രികയായി ആ ലേഖനങ്ങളെ കാണാം. അതില്‍ പറഞ്ഞ കാര്യങ്ങളാണ് പിന്നീട് അദ്ദേഹം നിരവധി ലേഖനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കിയത്. വിമര്‍ശനത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിച്ചാണ് അദ്ദേഹം തുടങ്ങിയത്. 'പകല്‍ വെളിച്ചത്തില്‍ വിളക്കുമായി മനുഷ്യനെ അന്വേഷിച്ചു നടന്ന ദിയോജനിസ്സിനെപ്പോലെ പുസ്തകങ്ങളുടെ അമ്പരപ്പിക്കുന്ന തിരക്കില്‍ ഒരു പുസ്തകം അന്വേഷിച്ചു നടക്കുന്നവനാകണം വിമര്‍ശകന്‍' എന്ന് ആദ്യമേ പറയുന്നു. അത്രമാത്രം അന്വേഷണവാസനയും മൂല്യബോധവും വിമര്‍ശകന്‍ പ്രകടിപ്പിക്കണം. പുതിയ കാലത്തെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന കൃതികള്‍ പരിശോധിക്കാന്‍ പുതിയ സൗന്ദര്യബോധവും പുതിയ സാഹിത്യസംസ്‌കാരവും വിമര്‍ശകന്‍ നേടിയെടുക്കണം. മുന്‍കാല സാഹിത്യത്തെ പുതിയ കാഴ്ചപ്പാടുകള്‍കൊണ്ടു വിലയിരുത്തണം. ഈ ലേഖനങ്ങള്‍ അദ്ദേഹം പിന്നീട് പല ദശകങ്ങളില്‍ എഴുതിയ വിമര്‍ശന പഠനങ്ങള്‍ക്കുള്ള ആമുഖക്കുറിപ്പുകളായിരുന്നു.

ആധുനിക തലമുറയുടെ രചനകള്‍ അന്നത്തെ വിമര്‍ശകര്‍ കാര്യമായെടുത്തില്ലെന്നു മാത്രമല്ല, അപരിചിതവും അപരാജിതവുമായ ശക്തിസൗന്ദര്യങ്ങളോടെ വന്ന ആ രചനകളെ ക്രൂരമായി ആക്രമിക്കുവാനും അവര്‍ തയ്യാറായി. അന്നത്തെ പുതിയ പ്രവണതകളെ നേരത്തെ സൂചിപ്പിച്ചതു പോലെ മുണ്ടശ്ശേരിയും സുകുമാര്‍ അഴീക്കോടും പ്രൊഫ. എം. കൃഷ്ണന്‍നായരും എതിര്‍ത്തു. സാഹിത്യത്തിലെ ഇടതുപക്ഷ ചിന്തകര്‍ പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും പുതിയ പ്രവണതകള്‍ക്കു നേരെ യുദ്ധം പ്രഖ്യാപിച്ചു. അന്നത്തെ ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ എത്രയെത്ര വേദികളിലാണ് വിജയനും കാക്കനാടനും മുകുന്ദനും മറ്റും അതിക്രൂരമായി വേട്ടയാടപ്പെട്ടത്! സദാചാര മൂല്യങ്ങള്‍ക്കു വിരുദ്ധമാണ്, യുവാക്കള്‍ക്ക് ലഹരിവസ്തുക്കളോടുള്ള ദാഹം വര്‍ദ്ധിപ്പിക്കുന്നു, പാരമ്പര്യത്തിനു വിരുദ്ധമാണ്, പടിഞ്ഞാറന്‍ സാഹിത്യത്തിന്റെ അനുകരണമാണ് എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ നാനാഭാഗത്തുനിന്നും ഉയര്‍ന്നുവന്നപ്പോള്‍ കെ.പി. അപ്പന്‍ 'ഖസാക്കി'നേയും 'ദല്‍ഹി'യേയും 'ഉഷ്ണമേഖല'യേയും നെഞ്ചോട് ചേര്‍ത്തുവച്ച് അവയ്ക്ക് ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും എഴുതി. എം. ഗോവിന്ദന്റേയും സി.ജെ. തോമസിന്റേയും മറ്റും ചിന്താധാരകള്‍ പിന്തുടര്‍ന്ന സ്വതന്ത്രമായ ചിന്താശക്തിയുള്ള ഒരു ന്യൂനപക്ഷമാണ് ആധുനികതയെ സ്വാഗതം ചെയ്തത്. അപ്പന്‍ എഴുപതുകളുടെ തുടക്കം മുതല്‍ പുതിയ സാഹിത്യത്തെ ഉള്‍ക്കൊള്ളുകയും സ്വാഗതം ചെയ്യുകയും ചെയ്തു. 

ആധുനികര്‍ കടുത്ത ആക്ഷേപങ്ങളും എതിര്‍പ്പുകളും നേരിട്ട അക്കാലത്ത് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: 'ഞാന്‍ പുതിയ തലമുറയെ ചുംബിക്കുന്നു.' പുതിയ എഴുത്തുകാര്‍ ഉപദേശം ചോദിച്ചു വന്നാല്‍ എന്തു പറയും എന്ന് 'മലയാളനാട്' വാരികയുടെ പ്രതിനിധി ചോദിച്ചപ്പോള്‍ ഉത്തരം ഇങ്ങനെയായിരുന്നു: 'ഞാനവരെ ശൂന്യതയിലേക്ക് പറഞ്ഞുവിടും.'

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com