ആ പ്രേമ ബന്ധത്തെക്കുറിച്ച് അപ്പന്‍ ഒന്നും എഴുതിയിട്ടില്ല, ഒരു സൂചനയും തന്നിട്ടുമില്ല, ആരോടും പങ്കുവച്ചിട്ടുമുണ്ടാവില്ല...

ചെറുപ്പമായിരുന്ന കാലത്ത് അപ്പന്‍ ആരെയെങ്കിലും പ്രേമിച്ചിരുന്നുവോ? ഇത്രയും സുമുഖനും ശാന്തനും മിതഭാഷിയും എഴുത്തുകാരനുമായ ഒരാള്‍ യുവത്വത്തില്‍ പ്രേമിക്കപ്പെടാതെ പോകുമോ?തീര്‍ച്ചയായും ഇല്ല
ആ പ്രേമ ബന്ധത്തെക്കുറിച്ച് അപ്പന്‍ ഒന്നും എഴുതിയിട്ടില്ല, ഒരു സൂചനയും തന്നിട്ടുമില്ല, ആരോടും പങ്കുവച്ചിട്ടുമുണ്ടാവില്ല...

ചെറുപ്പമായിരുന്ന കാലത്ത് അപ്പന്‍ ആരെയെങ്കിലും പ്രേമിച്ചിരുന്നുവോ? ഇത്രയും സുമുഖനും ശാന്തനും മിതഭാഷിയും എഴുത്തുകാരനുമായ ഒരാള്‍ യുവത്വത്തില്‍ പ്രേമിക്കപ്പെടാതെ പോകുമോ?തീര്‍ച്ചയായും ഇല്ല. പക്ഷേ, അതിനെക്കുറിച്ച് സൂചനകളൊന്നും അപ്പന്‍ തന്നിട്ടില്ല. മനസ്സിന്റെ അകത്തളങ്ങള്‍ തുറന്നിടുന്ന ആളല്ലല്ലോ അപ്പന്‍. എങ്കിലും ചില കൂട്ടുകാര്‍ അങ്ങനെ ബലമായി സംശയിക്കുന്നണ്ട്, വിശ്വസിക്കുന്നുണ്ട്. ചേര്‍ത്തല എസ്.എന്‍. കോളേജില്‍ പഠിപ്പിക്കുമ്പോള്‍ ആലപ്പുഴ എസ്.ഡി. കോളേജില്‍ ജോലി ചെയ്തിരുന്ന ചില അദ്ധ്യാപകര്‍ അപ്പന്റെ ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നു. ആലപ്പുഴയിലെ വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ ഈ കൂട്ടുകാരും അപ്പനോടൊപ്പം ഉണ്ടാകും. അമ്പലപ്പുഴ ഗോപകുമാര്‍, എസ്. ഗോപിനാഥന്‍ നായര്‍, ഹരിഹര മണി എന്നിവരായിരുന്നു ആ കൂട്ടുകാര്‍. എസ്.ഡി. കോളേജില്‍ പിന്നീട് അദ്ധ്യാപകനായി മാറിയ ജി. ബാലചന്ദ്രനുമായും അപ്പന് സൗഹൃദമുണ്ടായിരുന്നു. ഇതില്‍ കവിയായ ഗോപകുമാര്‍ എസ്.ഡി. കോളേജില്‍ അപ്പന് ജൂനിയറായി പഠിച്ചിരുന്നയാളാണ്. കവിയും പ്രഭാഷകനുമാണ് ഗോപകുമാര്‍. ഗോപകുമാറിന്റെ ഒരു കവിതാസമാഹാരത്തിന് അപ്പന്‍ അവതാരികയും എഴുതിയിട്ടുണ്ട്. ഗോപിനാഥന്‍ നായരും ഹരിഹര മണിയും ഗോപകുമാറും  മിക്ക ദിവസവും അപ്പനോടൊപ്പം നടന്ന് ഇന്ത്യന്‍ കോഫി ഹൗസില്‍ സമ്മേളിച്ച് ഭക്ഷണം കഴിക്കാറുണ്ട്. നല്ല സുഹൃത്തും സ്‌നേഹസമ്പന്നനും നര്‍മ്മബോധമുള്ളവനുമായ അപ്പനെ അവര്‍ ഇന്നും ഓര്‍ക്കുന്നു. അന്ന് അപ്പന്റെ ഉള്ളില്‍ നഷ്ടപ്പെട്ടുപോയ ഒരു പ്രണയബന്ധത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട് എന്ന് ഗോപിനാഥന്‍ നായരും അമ്പലപ്പുഴ ഗോപകുമാറും പറഞ്ഞു. അങ്ങനെ തോന്നിയിട്ടുണ്ട് എന്നു തീര്‍ത്തുപറഞ്ഞു. പക്ഷേ, അക്കാര്യമൊന്നും അപ്പനോട് സംസാരിക്കുവാന്‍ പറ്റില്ല. ഇക്കാലത്ത് അപ്പന്‍ പൊതുവേ ഉല്ലാസവാനാണെങ്കിലും നീറിപ്പിടിക്കുന്ന പ്രണയദുഃഖം മനസ്സില്‍ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടുവെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു. 

അപ്പന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്തിരുന്ന വെള്ള സാരിയും വെള്ള ബ്ലൗസും ധരിച്ച അതിസുന്ദരിയായ ഒരു യുവതിയായിരുന്നു അതെന്നു ചില കൂട്ടുകാര്‍ വിശ്വസിക്കുന്നു. അപ്പന്റേയും വേഷം വെള്ളയും വെള്ളയുമാണല്ലോ. ശാലീനമായ സൗന്ദര്യത്തിന്റെ പ്രതിരൂപമായിരുന്നു ആരേയും പെട്ടെന്നാകര്‍ഷിക്കുന്ന ആ യുവതി. 'മെയ്ക്കപ്പ്' ഒട്ടുമുണ്ടായിരുന്നില്ല. വെള്ള വസ്ത്രത്തിലും അനാഡംബരതയിലും ആ ശാലീനത നിറഞ്ഞുതുളുമ്പിയിരുന്നു. ചുണ്ടില്‍ എപ്പോഴും മന്ദസ്മിതത്തിന്റെ നിലാവ് പരന്നിരിക്കും. നന്നായി പാടും. കോളേജ് ഡേയ്ക്ക് അക്കാലത്ത് പ്രചാരത്തിലിരുന്ന ഹിന്ദി പാട്ടുകള്‍ മനോഹരമായി പാടിയിട്ടുമുണ്ട്. ആരെയും ആകര്‍ഷിക്കുന്ന രൂപം. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും ആ ശാലീനചാരുത നോക്കി നില്‍ക്കുമായിരുന്നു എന്ന് ആ സൗന്ദര്യം ആസ്വദിച്ച സ്ത്രീ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പന്‍ ലജ്ജാലുവാണ്. മനസ്സില്‍ മൗനമായി അങ്കുരിച്ച ശുദ്ധമായ അനുരാഗം അപ്പനറിയാതെ തന്നെ ശക്തിപ്പെടുകയായിരുന്നു. അപ്പനെപ്പോലെ യുവത്വത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ഒരു ചെറുപ്പക്കാരന് ആ ആകര്‍ഷകമായ രൂപവും മധുരമായ ഭാവവും കാണാതിരിക്കുവാനാകില്ലായിരുന്നു. അവര്‍ തമ്മിലുള്ള അടുപ്പം സ്ഥാപനത്തില്‍ പലരും അറിഞ്ഞു. സ്ത്രീയുടെ വീട്ടിലും ആ വാര്‍ത്തയെത്തി. വ്യത്യസ്ത ജാതിയിലുള്ള ആ സ്ത്രീയുടെ മാതാപിതാക്കള്‍ക്ക് ആ ബന്ധത്തില്‍ താല്പര്യമില്ലായിരുന്നു. ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഒടുവില്‍ ആ യുവതി അവിടത്തെ ജോലി ഉപേക്ഷിച്ചു പോയെന്നും ചിലര്‍ കരുതുന്നു. ഒരുപക്ഷേ, ഉറച്ച ഒരു നിലപാട് എടുക്കുവാന്‍ അപ്പനു കഴിയാതെ പോയതുമാകാം. ഭൗതികമായ സാഹചര്യങ്ങള്‍ ഇല്ലായിരുന്നിരിക്കാം. എന്തുകൊണ്ടോ സാഫല്യമടയാതെപോയ ആ പ്രേമബന്ധത്തെക്കുറിച്ച് അപ്പന്‍ ഒന്നും എഴുതിയിട്ടില്ല. ഒരു സൂചനയും തന്നിട്ടുമില്ല. ആരോടും പങ്കുവച്ചിട്ടുമുണ്ടാവില്ല.

വൈകുന്നേരം എല്ലാ ദിവസവും നടക്കാനിറങ്ങുന്ന ശീലം അപ്പന് എന്നുമുണ്ടായിരുന്നു. എന്നാല്‍, വീട്ടിനടുത്തുള്ള അയല്‍വാസികളായ ആരും കൂടെ ഉണ്ടാവില്ല. ഒറ്റയ്ക്കാണ് നടന്നുനീങ്ങുന്നത്. ടൗണില്‍ ചെന്നാകും കൂട്ടുകാരെ കാണുന്നത്. അപ്പനുമായി നല്ല പ്രായവ്യത്യാസമുള്ള അയല്‍വാസിയും മുന്‍ നക്‌സലൈറ്റുമായ ഭാസുരേന്ദ്ര ബാബു അപ്പന്റെ അക്കാലത്തെ വൈകുന്നേരങ്ങളിലുള്ള നടത്തയെപ്പറ്റി ഇപ്രകാരം എഴുതുന്നു:

'...ആലപ്പുഴയില്‍ അദ്ദേഹം ജീവിച്ചിരുന്ന 1960കളില്‍ ആശ്രമത്ത് ത്രിവേണി ജംഗ്ഷന്‍ വഴി തോണ്ടന്‍ കുളങ്ങര ക്ഷേത്രത്തിനു മുന്നിലൂടെ മുല്ലക്കല്‍ വരെ അപ്പന്‍ സാര്‍ ഒരു സായാഹ്നസഞ്ചാരം നടത്തുമായിരുന്നു. ഞങ്ങള്‍ക്ക് സ്ഥിരം പരിചിതമായ ഈ സഞ്ചാരത്തില്‍ ഒരൊറ്റത്തവണ പോലും അപ്പന്‍ സാറിനൊപ്പം മറ്റൊരാള്‍ സഞ്ചരിക്കുന്നത് കണ്ടില്ല. മുല്ലയ്ക്കലുള്ള കോഫീ ഹൗസില്‍ കുറേ സമയം ചെലവഴിച്ച് സന്ധ്യയോടെ അപ്പന്‍ സാര്‍ തിരിച്ചുനടക്കുമായിരുന്നു. ശ്രദ്ധിച്ചാല്‍ മാത്രം കാണാവുന്ന മൗനത്തിലൂടെയായിരുന്നു ഈ സ്ഥിര സഞ്ചാരം.'

നാട്ടില്‍ അധികം കൂട്ടുകാരില്ലായിരുന്നു. എന്നാല്‍ കലയിലും സാഹിത്യത്തിലും സംഗീതത്തിലുമൊക്കെ താല്പര്യമുള്ളവരുമായി അടുപ്പം പുലര്‍ത്തിയിരുന്നു. അതിലൊരാളാണ് മധു, ആലപ്പുഴ. മധുവിന്റെ വീട് അപ്പന്റെ വീടിന്റെ സമീപത്താണ്. പ്രായത്തില്‍ മധു, അപ്പനെക്കാള്‍ വളരെ ചെറുപ്പം. മധു കവിതയും ഗാനങ്ങളും എഴുതും. ആദ്ധ്യാത്മിക കാര്യങ്ങളില്‍ സാമാന്യം അറിവുണ്ട്. മധു പിന്നീട് നിരവധി സിനിമകള്‍ക്ക് പാട്ട് എഴുതുകയും ചെയ്തു. മധുവിനെ അപ്പന് ഇഷ്ടമായിരുന്നു. മധുവുമായി സിനിമാപ്പാട്ടുകളെപ്പറ്റി സംസാരിച്ചിട്ടുണ്ട്. അപ്പന്‍ ഒരാളുമായി സംസാരിക്കുമ്പോള്‍ ആ ആളിന്റെ വാസനയും അഭിരുചിയും മനസ്സിലാക്കിയാവും സംസാരിക്കുക. വയലാറിന്റേയും ഭാസ്‌കരന്റേയും സിനിമാപ്പാട്ടുകളെക്കുറിച്ചും ദേവരാജന്റെ സംഗീതത്തെക്കുറിച്ചും മധുവുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പാട്ടിലും സംഗീതത്തിലും അപ്പന് അതീവ താല്പര്യമുണ്ടായിരുന്നു. കുട്ടിക്കാലത്ത് കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് പ്രാര്‍ത്ഥനാ ഗീതങ്ങള്‍ പാടുമ്പോള്‍ അപ്പനും ചേരും. കുടുംബാംഗങ്ങള്‍ ഒന്നിച്ചു പാടുമ്പോള്‍ അപ്പന്‍ ഗഞ്ചിറ വായിക്കും. ഗഞ്ചിറയുടെ താളം അപ്പന് ഇഷ്ടമായിരുന്നു. പാട്ടിന്റെ താളവും സംഗീതവും എന്നും അപ്പന് ലഹരിയായിരുന്നു.
   
 

വയലാർ രാമവർമ്മ
വയലാർ രാമവർമ്മ

വയലാറും തകഴിയും ടി.വി. തോമസുമൊത്ത് പ്രസംഗവേദികളില്‍ 
                                  
അപ്പന്‍ നാട്ടില്‍ ഏകാന്തജീവിയായിരുന്നു. എന്നാല്‍, അന്ന് ചില അവസരങ്ങളില്‍ പൊതുവേദികളില്‍ പ്രസംഗിക്കാറുണ്ട്. അക്കാലത്ത് കോളേജ് അദ്ധ്യാപകനും യുവ നിരൂപകനുമായാല്‍ പ്രസംഗിക്കാതെ തരമില്ല. അദ്ദേഹം വായനാശാല വാര്‍ഷികങ്ങളിലും സ്‌കൂള്‍കോളേജ് ദിനാഘോഷങ്ങളിലും പങ്കെടുത്തു സംസാരിച്ചു. അന്ന് ആലപ്പുഴയില്‍ അപ്പനോടൊപ്പം സ്ഥിരമായി വായനശാല വാര്‍ഷികങ്ങളില്‍ സഹപ്രസംഗകനായി പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയാണ്. വയലാറുമായി അപ്പന്‍ നിരവധി പ്രാവശ്യം നിരവധി മീറ്റിങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. അവര്‍ തമ്മില്‍ സൗഹൃദവുമുണ്ടായിരുന്നു. സാഹിത്യത്തിലെ ഭാവുകത്വത്തിന്റെ കാര്യത്തിലും ജീവിതവീക്ഷണത്തിന്റെ കാര്യത്തിലും അവര്‍ രണ്ട് തട്ടുകളിലായിരുന്നു. വയലാറിന്റെ പാട്ടുകള്‍ ഇഷ്ടമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതകളോട് ഇഷ്ടക്കുറവ് ഉണ്ടായിരുന്നു. വയലാര്‍ക്കവിതകളിലെ അതിവാചാലതയും ഉപരിപ്ലവമായ വിപ്ലവബോധവും ദുര്‍ബ്ബലമായ കാല്പനികതയും അപ്പന്റെ രുചിക്ക് ഇണങ്ങുന്നതായിരുന്നില്ല. എങ്കിലും അവര്‍ അടുപ്പമായിരുന്നു. ഗാഢബന്ധങ്ങളൊന്നുമില്ല. അപ്പന്റെ പില്‍ക്കാല സംഭാഷണങ്ങളില്‍ വയലാര്‍ കടന്നുവരില്ലായിരുന്നു. തേവര കോളേജില്‍ വയലാറുമൊത്ത് പ്രസംഗിക്കാന്‍ പോയതിനെക്കുറിച്ച് അപ്പന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. യോഗം ഉദ്ഘാടനം ചെയ്ത വയലാര്‍ പ്രസംഗത്തില്‍ ഷേക്‌സ്പിയര്‍, യേറ്റ്‌സ്, എസ്‌റാ പൗണ്ട്, ജോയിസ് എന്നിങ്ങനെയുള്ള പേരുകള്‍ വീശിയെറിഞ്ഞു. അപ്പന്‍ പ്രസംഗം ഇങ്ങനെ തുടങ്ങി:  'നമ്മുടെ കവികള്‍ പ്രസംഗിക്കുമ്പോള്‍ പല പാശ്ചാത്യരുടേയും പേരുകള്‍ പറയും. പക്ഷേ, ഇതില്‍ ആണെത്ര, പെണ്ണെത്ര എന്ന് അവര്‍ക്കു നിശ്ചയം കാണില്ല.' തിരിച്ച് കാറില്‍ വരുമ്പോള്‍ വയലാര്‍ പുറത്തേക്കും നോക്കി പ്രകൃതിഭംഗി ആസ്വദിച്ചുവെന്ന് അപ്പന്‍ നര്‍മ്മബോധത്തോടെ ഓര്‍ക്കുന്നുണ്ട്.
 
വയലാറും അപ്പനും വായനശാലയുടെ വാര്‍ഷികത്തില്‍ സംസാരിച്ചത് ഭാസുരേന്ദ്ര ബാബു കേട്ടിട്ടുണ്ട്. രണ്ട് പ്രസംഗത്തേയും താരതമ്യപ്പെടുത്തി അദ്ദേഹം ഇങ്ങനെ എഴുതി: '...വയലാര്‍ രാമവര്‍മ്മയുടെ അനര്‍ഗള വാഗ്‌വിലാസത്തിനു ശേഷം ചുരുക്കെഴുത്തിന്റെ അനന്യ പാടവത്തോടെ അപ്പന്‍ സാറിന്റെ ഹ്രസ്വ സംസാരം ഒരു ശരറാന്തല്‍ വെളിച്ചം ഞങ്ങളുടെ ജീവിതത്തിനു നല്‍കിയിരുന്നു.' പ്രസംഗത്തില്‍ ചുരുക്കം വാക്കുകളില്‍ വലിയ ആശയലോകം സൃഷ്ടിക്കുവാന്‍ അപ്പനു കഴിഞ്ഞിരുന്നു. 'മൗനത്തിന്റെ തീവ്രവാദി'യായ അപ്പന്റെ വേദിയില്‍ മുഴങ്ങിയ വാക്കുകള്‍ ചെറുപ്പക്കാര്‍ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ഭാസുരേന്ദ്ര ബാബുവിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

തകഴിയുമൊത്തും സാഹിത്യസമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ചേര്‍ത്തല എസ്.എന്‍. കോളേജില്‍ വച്ചായിരുന്നു ഒന്ന്. 'ജീവിതം സുന്ദരമാണ് പക്ഷേ' എന്ന നോവല്‍ മോശം കൃതിയാണെന്ന് അപ്പന്‍ എഴുതിയ കാലമായിരുന്നു അത്. പ്രസംഗം കഴിഞ്ഞ് തകഴി ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. 'കൗമുദി' ആഴ്ചപ്പതിപ്പില്‍ 'ഏണിപ്പടികള്‍' എന്ന നോവലിനെപ്പറ്റി നല്ലത് പറഞ്ഞപ്പോള്‍ തകഴിക്കു സന്തോഷമായി. അപ്പനെ കണ്ടപ്പോള്‍ മുഖം തെളിഞ്ഞു. സന്തോഷത്തോടെ തകഴി പറഞ്ഞു: 'നന്നായിരുന്നു.' നിരൂപകനെ അഭിനന്ദിക്കുകയും ചെയ്തു. മാത്രമല്ല, വിചിത്രമായ ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എം. കൃഷ്ണന്‍ നായര്‍ക്ക് എതിരെ എന്തെങ്കിലും എഴുതണമെന്നാണ് അപ്പനോട് തകഴി ആവശ്യപ്പെട്ടത്. 'ചെമ്മീനില്‍ കറുത്തമ്മയെ മുട്ടോളം മുണ്ടുടുപ്പിച്ച് കടല്‍ത്തീരത്തിലൂടെ നടത്തിച്ചത് ശരിയായില്ല' എന്നു പറഞ്ഞ് കൃഷ്ണന്‍ നായര്‍ തകഴിയെ വിമര്‍ശിച്ച കാലമായിരുന്നു. അപ്പന് തകഴിയുടെ വാക്കുകള്‍ ഇഷ്ടപ്പെട്ടില്ല. 'അത് നിങ്ങള്‍ തമ്മില്‍ തീര്‍ക്കുന്നതാണ് നല്ലതെന്ന്' അപ്പന്‍ മറുപടി പറഞ്ഞു. തകഴി  എന്തുകൊണ്ട് എം. കൃഷ്ണന്‍ നായര്‍ക്കു മറുപടി പറയുന്നില്ല എന്ന് അപ്പന്‍ തിരിച്ചു  ചോദിക്കുകയും ചെയ്തു. 'അങ്ങനെ അയാള്‍ വലിയ ആളാകേണ്ട' എന്നാണ് തകഴി ഉത്തരം പറഞ്ഞത്! തകഴി എന്തെങ്കിലും പറഞ്ഞാല്‍ അത് വാര്‍ത്തയാകും. അതിന്റെ ഗുണം കൃഷ്ണന്‍ നായര്‍ക്കു കിട്ടേണ്ട! ഇതാണ് തകഴിയുടെ നിലപാട്. വര്‍ഷങ്ങള്‍ക്കു ശേഷം കൊല്ലത്ത് നീലാ ഹോട്ടലില്‍വച്ചും അപ്പന്‍ തകഴിയെ കണ്ടു. കുറച്ച് കൂട്ടുകാരുമായി ഊണ് കഴിക്കുകയായിരുന്നു അപ്പന്‍. അപ്പോള്‍ അവിടേക്ക് തകഴിയും മലയാളനാട് പത്രാധിപര്‍ എസ്.കെ. നായരുമെത്തി. ആരോ തീപ്പെട്ടി ഉരച്ചപ്പോള്‍ ഒരു തീപ്പൊരി അപ്പന്റെ വിരലില്‍ വീണു. ചെറിയൊരു ഉല്‍ക്കണ്ഠയായി ചുറ്റും. ആരോ തേനെടുക്കുവാന്‍ പോയി. തകഴിക്കു ഒരു കുലുക്കവുമുണ്ടായില്ല. എല്ലാം ശാന്തമായപ്പോള്‍ തകഴി പറഞ്ഞു: 'ഖണ്ഡനവിമര്‍ശനമെഴുതുന്ന വിരലാണത്.'

ആ കാലത്ത് സാംസ്‌കാരിക സമ്മേളനങ്ങളില്‍ പ്രസംഗകനായി പങ്കെടുത്ത അപ്പന്‍ തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുമായിരുന്നു. സ്വന്തമായ രീതിയിലായിരുന്നു പ്രസംഗം. ആലപ്പുഴയില്‍ അന്ന് കമ്യൂണിസ്റ്റ് നേതാവായ ടി.വി. തോമസ് ഉണ്ട്. ടി.വി. തോമസ് എന്ന സാഹസികനായ രാഷ്ട്രീയ നേതാവ് ആലപ്പുഴക്കാരുടെ വികാരമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള വീരകഥകള്‍ ആലപ്പുഴയില്‍ എവിടെയും കേള്‍ക്കാം. അദ്ദേഹവും ആലപ്പുഴയിലെ സാംസ്‌കാരിക സദസ്സുകളില്‍ പ്രസംഗിക്കാറുണ്ട്. കെ.പി. അപ്പനുമൊത്തും പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗവേദികളില്‍വച്ച് അവര്‍ പരിചയപ്പെടുകയും ചെയ്തു. അപ്പന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് അടിസ്ഥാനപരമായി വിയോജിപ്പുണ്ടെങ്കിലും ത്യാഗത്തിന്റേയും ആത്മാര്‍ത്ഥതയുടേയും പ്രതീകങ്ങളായ കമ്യൂണിസ്റ്റ് നേതാക്കന്മാരോട് എന്നും ബഹുമാനവും ആദരവുമായിരുന്നു. എന്നാല്‍, അവരുമായി അടുത്തിടപെടുവാന്‍ താല്പര്യമില്ലായിരുന്നു. പ്രസംഗ വേദികളില്‍ വച്ച് പരിചയപ്പെട്ട ടി.വി. തോമസിനെ അപ്പന്‍ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ രൂപവും വ്യക്തിത്വവും ആത്മാര്‍ത്ഥതയും തുറന്നുപറച്ചിലുകളും അപ്പനെ ആകര്‍ഷിച്ചു. അപ്പന്‍ കൂടി പങ്കെടുത്ത ഒരു സമ്മേളനത്തില്‍ ടി.വി. കാളിദാസനെ താഴ്ത്തിക്കെട്ടി, ബൈറണ്‍ എന്ന കവിയെ ഉയര്‍ത്തിപ്പിടിച്ചു. ഇങ്ങനെയൊക്കെ ഭിന്നാഭിപ്രായങ്ങള്‍ ടി.വി. വെട്ടിത്തുറന്ന് പറയും. അത് അപ്പനിഷ്ടമാണ്. 'ഞങ്ങള്‍ ഭരിച്ചാല്‍ ഭരുമോ എന്ന് നോക്കട്ടെ' എന്ന് ഒരിക്കല്‍ ടി.വി. നിയമസഭയില്‍ പറഞ്ഞു. അതുപോലെ ബൈബിളില്‍നിന്നും സോളമനെ ഉദ്ധരിച്ചു സംസാരിച്ചു. 'ഭരിച്ചാല്‍ ഭരുമോ' എന്നത് സി.വി. രാമന്‍ പിള്ളയുടെ പ്രയോഗമാണ്. സി.വിയുടെ കൃതികളും ബൈബിളും വായിച്ചിട്ടുണ്ടോ എന്ന് ഒരിക്കല്‍ കെ.പി. അപ്പന്‍ ടി.വിയോട് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ഇതൊക്കെ ജയിലില്‍ കിടക്കുമ്പോള്‍ വിവരമുള്ളവര്‍ പറഞ്ഞത് കേട്ട് പഠിച്ചതാണെന്നും അതൊക്കെ തക്കസമയത്ത് തന്റെ നാവില്‍ വരുമെന്നുമുള്ള ടി.വിയുടെ മറുപടി അപ്പന്‍ ശരിക്കും ആസ്വദിച്ചു. മാത്രമല്ല, ടി.വി. തോമസിനെ അപ്പന്‍ സാര്‍ത്രിന്റെ '്രൈകം പാഷണല്‍' (Crime passionnel) എന്ന നാടകത്തിലെ നായകനായ ഹൊയ് ദേറുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. കമ്യൂണിസ്റ്റ് നേതാവാണ് ഹൊയ് ദേര്‍. പാര്‍ട്ടിയെ തന്റെ വഴിക്കു കൊണ്ടുപോകുവാന്‍ കഴിഞ്ഞ കരുത്തനായ ബുദ്ധിമാനായിരുന്നു ആ നായകന്‍. ടി.വിയുടെ വ്യക്തിത്വത്തില്‍ ഹൊയ് ദേറിനെ കണ്ടെത്തുകയാണ് സാഹിത്യവിമര്‍ശകനായ കെ.പി. അപ്പന്‍.

രണ്ട് സ്‌നേഹിതരുമൊത്ത് ടി.വി. തോമസിനെ കണ്ട അനുഭവങ്ങള്‍ അപ്പന്‍ വിവരിച്ചിട്ടുണ്ട്. ഒരു അത്താഴവിരുന്നായിരുന്നു അത്. ടി.വി. അന്ന് മന്ത്രിയാണ്. ഇ.എം.എസ്സിന്റെ രണ്ടാമത്തെ മന്ത്രിസഭയില്‍ ടി.വി. തോമസ് അംഗമായിരുന്ന കാലമാണ്. വിശ്രമത്തിന് ആലപ്പുഴയില്‍ വന്നതാണ്. ഓമനപ്പിള്ള, വെങ്കിടി എന്നീ കൂട്ടുകാരോടൊപ്പം ടി.വിയെ കാണുകയാണ്. അപ്പന്‍ എഴുതുന്നു: '...ധനുമാസ രാത്രി. മഞ്ഞിന്റെ മൃദുലമായ തൂവല്‍ ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു. നല്ല രസമുള്ള സംഭാഷണമായിരുന്നു ടി.വിയുടേത്. ഈ ലോകത്തെ പ്രത്യയശാസ്ത്രപരമായി നോക്കിക്കാണാന്‍ അദ്ദേഹം താല്പര്യം കാണിച്ചില്ല. കമ്യൂണിസത്തെക്കുറിച്ച് എന്തോ സംശയം ഒരാള്‍ ചോദിച്ചപ്പോള്‍ അതൊക്കെ സി. ഉണ്ണിരാജയും കെ. ദാമോദരനും പറഞ്ഞുതരുമെന്ന് അദ്ദേഹം തമാശ പറഞ്ഞു. സിദ്ധാന്തങ്ങള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍, മനുഷ്യനെ അവഗണിക്കുവാന്‍ എനിക്കു കഴിയുകയില്ല. അത്രത്തോളം വിലപ്പെട്ടതാണ് അവരുടെ ജീവിതം  എന്നിങ്ങനെ ടി.വി. പറഞ്ഞത് ഞാനോര്‍ക്കുന്നു.' ഈ വാക്കുകളില്‍ അപ്പന്റെ മനസ്സ് തെളിഞ്ഞു കിടപ്പുണ്ട്. അദ്ദേഹം കമ്യൂണിസ്റ്റല്ല. പക്ഷേ, മനുഷ്യനുവേണ്ടി പൊരുതുന്ന മനുഷ്യരോട് ആദരവാണ്.

രാഷ്ട്രീയ ബുദ്ധനും അപ്പനും
                                   
അക്കാലത്ത് ആലപ്പുഴയില്‍ ജീവിച്ചവര്‍ക്ക് ഒരിക്കലും മറക്കുവാന്‍ കഴിയാത്ത മറ്റൊരു കമ്യൂണിസ്റ്റ് നേതാവ് അന്ന് അവിടെയുണ്ടായിരുന്നു. അത് ആര്‍. സുഗതനാണ്. ആദര്‍ശത്തിന്റെ ആള്‍രൂപം. ലാളിത്യത്തിന്റെ പ്രതീകം. മനുഷ്യസ്‌നേഹി. വിപ്ലവത്തിന്റെ തീ മനസ്സില്‍ സൂക്ഷിക്കുന്നവന്‍. എത്ര വിശേഷണങ്ങള്‍ പറഞ്ഞാലും ആ വ്യക്തിത്വത്തിന്റെ പൂര്‍ണ്ണത പ്രകാശിപ്പിക്കുവാനാകില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അപ്പന്‍ ധാരാളം കേട്ടിട്ടുണ്ട്. ഒരു യഥാര്‍ത്ഥ ജനാധിപത്യവാദിയുടെ ഇടമുറിയാത്ത സ്വരം അതിലുണ്ടായിരുന്നു എന്ന് അപ്പന്‍ എഴുതി. എല്ലാത്തിനേയും ചോദ്യം ചെയ്യുക എന്ന കമ്യൂണിസ്റ്റുകാരന്റെ ശീലം സുഗതനുണ്ടായിരുന്നു. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് ചന്ദനത്തോപ്പില്‍ വെടിവെയ്പ് നടന്നപ്പോള്‍ സുഗതന്‍ സാര്‍ അതിനെതിരെ ശബ്ദിച്ചു. പിന്നീട് മൗനം പാലിച്ചു. പാര്‍ട്ടിയില്‍നിന്നും താക്കീത് കിട്ടിക്കാണുമെന്ന് അപ്പന്‍ ഊഹിക്കുന്നു. 'രാഷ്ട്രീയ ബുദ്ധന്‍' എന്നാണ് സഖാവ് സുഗതനെ അപ്പന്‍ വിശേഷിപ്പിക്കുന്നത്. സഖാവുമായി അപ്പന് വലിയ ബന്ധമില്ലായിരുന്നു. അപ്പന്റെ വീട്ടില്‍ സുഗതന്‍ സാര്‍ വരുമായിരുന്നു. പക്ഷേ, അപ്പന്‍ അകത്തിരിക്കും. മുന്‍പില്‍ പ്രത്യക്ഷപ്പെടുകയില്ല.

സഖാവ് സുഗതനെ ഇഷ്ടമായിരുന്നെങ്കിലും അദ്ദേഹം എഴുതിയ കവിതകള്‍ അപ്പന്‍ ഇഷ്ടപ്പെട്ടില്ല. ചൈനീസ് ആക്രമണകാലത്ത് 'പാഞ്ചജന്യം' എന്ന പേരില്‍ കൊല്ലത്തുനിന്നും ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ സഖാവിന്റെ കവിതയുമുണ്ടായിരുന്നു. യുദ്ധവിരുദ്ധ കവിതകളുടെ ഒരു സ്വഭാവവും ആ സമാഹാരത്തിലെ കവിതകള്‍ക്ക് ഉണ്ടായിരുന്നില്ല. 'കൗമുദി' വാരികയില്‍ എഴുതിയ നിരൂപണത്തില്‍ ആ കാര്യം പറഞ്ഞ് അപ്പന്‍ വിമര്‍ശനമുന്നയിച്ചു. സുഗതന്‍ സഖാവിനേയും വിട്ടില്ല. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം വച്ച് സഖാവ് അപ്പനെ കണ്ടു. സഖാവ് അപ്പനോട് പറഞ്ഞു:

'ലേഖനം വായിച്ചു. നല്ല പരിഹാസം. എന്നാല്‍, ആ സായിപ്പിനെ കൊണ്ടുവരണ്ട കാര്യമില്ലായിരുന്നു.'

അപ്പനു കിട്ടിയ ഒരു ഖണ്ഡനവിമര്‍ശനമായിരുന്നു അത്. ഡബ്ല്യു.ബി. യേറ്റ്‌സിന്റെ 'ഈസ്റ്റര്‍ 1916' എന്ന രാഷ്ട്രീയ കവിതയെപ്പറ്റി വിമര്‍ശനത്തില്‍ പറഞ്ഞതിനെയാണ് സുഗതന്‍ സാര്‍ വിമര്‍ശിച്ചത്.

അക്കാലത്ത് അപ്പന്‍ പരിചയപ്പെട്ട ഒരു പ്രശസ്ത സാഹിത്യകാരനാണ് പ്രൊഫ. ജി. കുമാരപിള്ള. ഒരു വേനല്‍ക്കാല വൈകുന്നേരത്ത് ആലപ്പുഴയിലെ മുല്ലയ്ക്കല്‍ റോഡിലൂടെ നടന്നു വരുമ്പോഴാണ് അപ്പന്‍ കുമാരപിള്ള സാറിനെ കണ്ടത്. കുമാരപിള്ളയുടെ എഴുത്തും കവിതയുമൊക്കെ അപ്പനിഷ്ടമാണ്. ആ വ്യക്തിത്വം അദ്ദേഹത്തെ ആകര്‍ഷിച്ചു. ആദ്യം ചെറിയ പരിചയപ്പെടല്‍. പിന്നെ കാണുമ്പോള്‍ ചിരി മാത്രം. താമസിയാതെ അടുപ്പമായി. പിന്നീട് അപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'അടുപ്പമെന്നു പറഞ്ഞാല്‍ വലിയ അടുപ്പം.' സാഹിത്യത്തെക്കുറിച്ചും സാഹിത്യകാരന്മാരെക്കുറിച്ചും സംസാരമായി. അടുപ്പമുള്ളവരുമായി ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് അപ്പന് ഇഷ്ടമാണ്. മിക്ക എഴുത്തുകാരേയും കുമാരപിള്ള സാറിന് അറിയാം. എല്ലാവരുമായും അടുപ്പമാണ്. സുകുമാര്‍ അഴീക്കോട്, എസ്. ഗുപ്തന്‍ നായര്‍, എം. കൃഷ്ണന്‍ നായര്‍, ഒ.എന്‍.വി, അയ്യപ്പപ്പണിക്കര്‍, എന്‍. ഗോപാലപിള്ള, ഡോ. കെ. ഭാസ്‌കരന്‍ നായര്‍ തുടങ്ങിയവരെക്കുറിച്ച് അവര്‍ സംസാരിച്ചു. കുമാരപിള്ള സാര്‍ സംസാരിക്കും, അപ്പന്‍ കേട്ടിരിക്കും. എഴുത്തുകാരുടെ ബുദ്ധിപരമായ തലങ്ങളും അവരുടെ പൊങ്ങച്ചങ്ങളും കാപട്യങ്ങളുമെല്ലാം സംസാരത്തില്‍ വരും. പരദൂഷണത്തിന്റെ തലങ്ങളിലേക്കും ഈ സംസാരം നീങ്ങാറുണ്ട്. എഴുത്തുകാരോടുള്ള സ്‌നേഹം കൊണ്ടാകാം ഇത്തരം സംഭാഷണങ്ങള്‍ അപ്പന് ഹരമായിരുന്നു. ഓരോ എഴുത്തുകാരേയും അവരെക്കുറിച്ച് എഴുതിയിട്ടില്ലെങ്കില്‍ പോലും അവരെ ഏറ്റവും സൂക്ഷ്മമായി അപ്പന്‍ മനസ്സിലാക്കിയിരുന്നു.

അന്നൊക്കെ അപ്പന്‍ സാഹിത്യസമ്മേളനങ്ങളില്‍ പങ്കെടുക്കുമായിരുന്നു. ആലപ്പുഴയിലെ തുറവൂര്‍ എന്ന സ്ഥലത്തു നടന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. എല്ലാ വര്‍ഷവും തുറവൂരില്‍ സാഹിത്യസമ്മേളനം നടക്കാറുണ്ട്. ഒരു പുസ്തകപ്രസാധക സംഘമാണ് അത് സംഘടിപ്പിച്ചിരുന്നത്. അക്കൊല്ലം സാഹിത്യനിരൂപണമായിരുന്നു വിഷയം. സമകാലിക നിരൂപണത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുവാന്‍ അപ്പനെയാണ് ക്ഷണിച്ചത്. സുകുമാര്‍ അഴീക്കോട് അദ്ധ്യക്ഷനും ജോസഫ് മുണ്ടശ്ശേരി ഉദ്ഘാടകനും. മുണ്ടശ്ശേരി വന്നില്ല. അപ്പന്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഒരു തെറ്റ് കടന്നുകൂടി. ടി.എന്‍. ജയചന്ദ്രനെതിരായി അപ്പന്‍ ശരിയല്ലാത്ത ആരോപണം ഉന്നയിച്ചു. ടി.എന്‍. ജയദേവന്‍ എന്ന കഥാകാരന്‍ ജയചന്ദ്രന്റെ സ്വന്തം സഹോദരനായതുകൊണ്ട് ആ കഥാകാരന്റെ കഥകളെ ടി.എന്‍. ജയചന്ദ്രന്‍ എഴുതിയ വിമര്‍ശന ലേഖനത്തില്‍ പ്രശംസിച്ചു എന്നായിരുന്നു ആ തെറ്റായ ആരോപണം. കൂടപ്പിറപ്പിനോടുള്ള സ്‌നേഹമാണ് വിമര്‍ശനത്തിന്റെ പിന്നില്‍ എന്നായിരുന്നു അപ്പന്റെ ആരോപണം. എന്നാല്‍, ഇനിഷ്യല്‍ ഒന്നായിരുന്നെങ്കിലും അവര്‍ സഹോദരന്മാരായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയചന്ദ്രന്‍ 'ജനയുഗം' വാരികയില്‍ അപ്പനെ ആക്രമിച്ചു. തെറ്റുപറ്റിയതില്‍ ഖേദിച്ചും ജയചന്ദ്രനോട് ക്ഷമ ചോദിച്ചും അപ്പന്‍ ജനയുഗത്തില്‍ മറുപടി എഴുതുകയും ചെയ്തു. ആ സാഹിത്യസമ്മേളനത്തില്‍ വേറൊരു സംഭവമുണ്ടായതായി പറയപ്പെടുന്നു. ആ സമ്മേളനത്തില്‍വച്ച് സുകുമാര്‍ അഴീക്കോടുമായി അപ്പന്‍ ചെറുതായി ഉരസി. അപ്പന്‍ അന്ന് മലയാള വിമര്‍ശനത്തില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചുതുടങ്ങുന്നതേയുള്ളൂ. അഴീക്കോട് അതിപ്രശസ്തനും. അഴീക്കോട് രൂക്ഷമായ മറുപടി കൊടുത്തു എന്നും ചിലര്‍ പറയുന്നുണ്ട്. പില്‍ക്കാലത്ത് അപ്പന്‍ സുകുമാര്‍ അഴീക്കോടിനു നേരെ വലിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിന്റെ പിന്നില്‍ ഈ ഉരസല്‍ കൂടിയുണ്ട് എന്നു കരുതുന്നവരും ഉണ്ട്.

സുകുമാർ അഴീക്കോട്
സുകുമാർ അഴീക്കോട്

അപ്പന്‍ കൊല്ലത്തിന്റെ ദത്തുപുത്രന്‍

1971 ജൂണ്‍ മാസം ആദ്യം കെ.പി. അപ്പനെ കോളേജ് മാനേജ്‌മെന്റ് ചേര്‍ത്തല എസ്.എന്‍ കോളേജില്‍നിന്നും കൊല്ലം എസ്.എന്‍. കോളേജിലേക്കു സ്ഥലം മാറ്റി നിയമിച്ചു. ജൂണ്‍ മാസത്തിന്റെ  തുടക്കത്തില്‍ തന്നെ അദ്ദേഹം കൊല്ലത്തു വന്ന് ജോലിയില്‍ പ്രവേശിച്ചു. അതൊരു വലിയ പറിച്ചുനടലായിരുന്നു. അപ്പന്‍ പോലും അങ്ങനെ സംഭവിക്കുമെന്ന് കരുതിക്കാണില്ല. ആദ്യമൊക്കെ ആലപ്പുഴയിലേക്ക് മടങ്ങിപ്പോകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍, അങ്ങനെ സംഭവിച്ചില്ല. അപ്പന്റെ സ്വകാര്യജീവിതത്തിലും സാഹിത്യജീവിതത്തിലും സുപ്രധാനമായ മറ്റൊരദ്ധ്യായം അതോടെ ആരംഭിക്കുകയാണ്. അപ്പോള്‍ അപ്പന്റെ പ്രായം മുപ്പത്തിഅഞ്ച് വയസ്സ് പൂര്‍ത്തിയാകാന്‍ മൂന്നു മാസത്തിന്റെ കുറവ്. സാഹിത്യവിമര്‍ശകന്‍ എന്ന നിലയില്‍ പിന്നീട് വളരെ വേഗത്തില്‍ കുതിച്ചുയര്‍ന്നു തുടങ്ങുകയാണ്. അദ്ദേഹത്തിന്റെ വായനയും എഴുത്തും പുതിയൊരു വിതാനത്തിലേക്കു നീങ്ങി. മലയാളത്തിലെ വമ്പന്‍ പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം എഴുതുകയും പ്രധാനപ്പെട്ട എല്ലാ സാഹിത്യ ചര്‍ച്ചകളിലും പങ്കെടുക്കുകയും ചെയ്തു.  കേരളത്തിലെ ഏറ്റവും നല്ല വായനക്കാര്‍ ഇഷ്ടപ്പെടുന്ന, ചിന്തിക്കുന്ന എല്ലാവര്‍ക്കും പ്രിയങ്കരനായ പ്രമുഖ എഴുത്തുകാരനായി മാറിത്തുടങ്ങുകയാണ് പിന്നീട്. കൊല്ലത്ത് വന്ന് ആറു മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം വിവാഹിതനുമായി.

'ആലപ്പുഴയെക്കാള്‍ എന്നെ സ്‌നേഹത്തിന്റെ നിയമങ്ങള്‍കൊണ്ടു വരിഞ്ഞുകെട്ടിയത് കൊല്ലമാണ്' എന്ന് അപ്പന്‍ എഴുതിയിട്ടുണ്ട്. ആദ്യം കൊല്ലം എസ്.എന്‍. കോളേജിലെ ബഹളങ്ങളും കലക്കങ്ങളും കണ്ട് അലോസരം തോന്നിയെങ്കിലും പതുക്കെ എസ്.എന്‍. കോളേജിന്റേയും കൊല്ലത്തിന്റേയും ഭാഗമായി അദ്ദേഹം മാറി. വിസ്താരമേറിയ ഒരു മൈതാനത്തിന്റെ മദ്ധ്യത്തില്‍ ഭൂമിക്കു മുകളിലെ ദുര്‍ഗംപോലെ നിന്ന കൊല്ലം എസ്.എന്‍. കോളേജ് അദ്ദേഹത്തെ സ്‌നേഹംകൊണ്ട് വരിഞ്ഞുമുറുക്കുക തന്നെ ചെയ്തു. ആ കോളേജ് കോളേജല്ല വലിയൊരു ആശയമാണ് എന്ന് അദ്ദേഹത്തിനു തോന്നി. ബുദ്ധിശാലികളേയും പ്രക്ഷോഭകാരികളേയും കലാകാരന്മാരേയും വലയിലാക്കുന്ന ഒരു കൂറ്റന്‍ മീന്‍പിടുത്തക്കാരനായിരുന്നു ആ സ്ഥാപനം. ആദര്‍ശങ്ങളുടേയും മുദ്രാവാക്യങ്ങളുടേയും കവിതയുടേയും ചൈതന്യംകൊണ്ട് അത് എപ്പോഴും ചലനാത്മകമായിരുന്നു. അപ്പന്‍ ഇപ്രകാരമെഴുതി:

'ശ്രീനാരായണ കോളേജ് എനിക്കൊരു സ്ഥാപനമല്ല. വലിയൊരു മനസ്സാണ്. അത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയമാണ്. അത് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരേ സമയം പ്രക്ഷുബ്ധമായ സമുദ്രവും അനുകൂലവുമായ കാറ്റുമാണ്.'

ഇങ്ങനെയൊക്കെ അപ്പന്‍ കോളേജിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അപ്പന് അവിടെ വായനയോടും എഴുത്തിനോടും താല്പര്യമുള്ള ധാരാളം നല്ല സുഹൃത്തുക്കളെ കിട്ടി. ആരാധനയോടെ വീക്ഷിക്കുന്ന സാഹിത്യതല്പരരായ, ചിന്താശേഷിയുള്ള മിടുക്കന്മാരായ വിദ്യാര്‍ത്ഥികളെ ലഭിച്ചു. കൊല്ലം നഗരം ഈ സാഹിത്യവിമര്‍ശകനെ കാത്തിരിക്കുകയായിരുന്നു എന്നു തോന്നുംവിധം അപ്പനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. കൊല്ലത്തെ വൃശ്ചികപ്പുലരികളും ബീച്ചിലെ വൈകുന്നേരങ്ങളും അപ്പന്‍ ഇഷ്ടപ്പെട്ടു. തുലാമാസത്തിലെ കനത്തുവിങ്ങിയ സന്ധ്യപോലും താനിഷ്ടപ്പെട്ടുവെന്ന് അപ്പന്‍ മനസ്സ് തുറന്നു പറഞ്ഞിട്ടുണ്ട്. കൊല്ലം കണ്ട അപ്പന്‍ ഇല്ലത്തെ മറക്കാതെ തന്നെ കൊല്ലത്തെ സ്വീകരിച്ചു. കൊല്ലം സാവധാനത്തില്‍ കെ.പി. അപ്പനെ ദത്തെടുത്തു.

എസ്.എന്‍. കോളേജില്‍ ജോലിയില്‍ പ്രവേശിച്ച അപ്പന്‍ കൊല്ലം ചിന്നക്കടയില്‍ അന്നുണ്ടായിരുന്ന കാസിനോ ലോഡ്ജില്‍ ആദ്യം താമസിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വൈ.എം.സി.എയിലെ അതിഥിമുറിയിലേക്കു താമസം മാറ്റി. ഏകദേശം ഒരു വര്‍ഷത്തോളം അവിടെ താമസിച്ചു. അവിടെനിന്നും പതിനഞ്ച് മിനിറ്റ് നടന്നാല്‍ കോളേജില്‍ എത്താം. കോളേജില്‍ അദ്ദേഹം വേഗം പ്രശസ്തനായി. എഴുപതുകളില്‍ എസ്.എന്‍. കോളേജില്‍ നിത്യവും സംഘര്‍ഷങ്ങളും സമരങ്ങളുമാണ്. ആ കോളേജ് എന്നും അങ്ങനെയായിരുന്നു. വിദ്യാര്‍ത്ഥി സമരങ്ങളും പൊലീസിനെ കല്ലെറിയലും പൊലീസ് ക്യാമ്പസ്സില്‍ കയറി ലാത്തിച്ചാര്‍ജ്ജ് നടത്തലും പതിവാണ്. അപ്പന്‍ വന്ന ആ വര്‍ഷവും പൊലീസ് കാമ്പസിനകത്ത് കയറി വലിയ ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു. പക്ഷേ, കോളേജിന് എന്നും ബുദ്ധിപരമായ ഒരു തലമുണ്ടായിരുന്നു. ലോകത്ത് എവിടെയും നടക്കുന്ന സംഭവങ്ങളുടെ പ്രതികരണം ഈ കാമ്പസ്സില്‍ ഉണ്ടാകുമായിരുന്നു. ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാകാറുണ്ട്. അന്ന് കോളേജില്‍ ഡിബേറ്റുകള്‍ ധാരാളം നടക്കും. കോളേജിലെ വിദ്യാര്‍ത്ഥിയൂണിയന്റെ ആഭിമുഖ്യത്തിലും അസ്സോസിയേഷനുകളുടെ ആഭിമുഖ്യത്തിലും. പുറത്തുനിന്നും ഓരോ വിഷയത്തിലും പ്രഗത്ഭരായ വ്യക്തികളെ വിളിച്ചുവരുത്തി പ്രസംഗിപ്പിക്കും; ഡിബേറ്റുകളില്‍ പങ്കെടുപ്പിക്കും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന സംവാദങ്ങളും ഉണ്ടാകും. സദസ്സുകള്‍ എപ്പോഴും ശാന്തമായിരിക്കില്ല. കുറച്ച് കൂവലുകളും ബഹളങ്ങളും അന്തരീക്ഷത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കും. എങ്കിലും അവയ്‌ക്കെല്ലാം അടിയൊഴുക്കായി അറിവിന്റെ ഒരു ധാര നീങ്ങിക്കൊണ്ടിരിക്കും.  വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടും ഒരിക്കലും മോശമാകാറില്ല. കോളേജിന്റെ ഈ സ്വഭാവം തിരിച്ചറിഞ്ഞ അപ്പന്‍ കോളേജിനെ ഇഷ്ടപ്പെട്ടു തുടങ്ങി. വേഗത്തില്‍ കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനാകാന്‍ കഴിഞ്ഞു. അദ്ധ്യാപനത്തിനു പുതിയ മാനങ്ങള്‍ കൊടുക്കുവാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. കൊല്ലത്തു വന്നപ്പോള്‍ തന്റെ അദ്ധ്യാപനരീതികള്‍ അദ്ദേഹം പുതുക്കിപ്പണിഞ്ഞിരിക്കണം. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു:

'ഒന്നിനും കൊള്ളാത്തവര്‍ക്കു പറ്റിയ പണിയാണ് അദ്ധ്യാപനമെന്ന് ബര്‍ണാഡ് ഷാ പറഞ്ഞിട്ടുണ്ട്. നന്ദികെട്ട ഒരു ജോലിയെന്ന് കാന്റും. പക്ഷേ, എന്റെ അനുഭവം മറിച്ചാണ്. എനിക്കിത് മഹത്തായ ജോലിയാണ്.'

അന്ന് എസ്.എന്‍. കോളേജില്‍ സെക്കന്‍ഡ് ലാംഗ്വേജ് മലയാളം ക്ലാസ്സുകള്‍ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ക്ലാസ്സില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പട തന്നെയുണ്ടാകും. പല വിഷയങ്ങള്‍ പഠിക്കുന്നവര്‍ ലാംഗ്വേജ് ക്ലാസ്സില്‍ ഒന്നിച്ചുവരും. അന്ന് പരീക്ഷ എഴുതാന്‍ ഹാജര്‍ നിര്‍ബ്ബന്ധവുമായിരുന്നു. അതുകൊണ്ട് കുട്ടികളുടെ എണ്ണം വളരെ കൂടും. രസിക്കുവാനും തമാശകള്‍ പറയാനുമാണ് ഒരു വിഭാഗം വരുന്നത്. ക്ലാസ്സുകളില്‍ ബഹളങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍ അപ്പന്റെ ക്ലാസ്സില്‍ അത്ഭുതം സംഭവിച്ചു! വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് തല ഉയര്‍ത്തിപ്പിടിച്ച് അതീവ ശാന്തനായി  നിശ്ശബ്ദനായി അപ്പന്‍ ക്ലാസ്സിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ശാന്തരായി. അപ്പന്റെ മെല്ലെ ഉയരുന്ന വാക്കുകള്‍ അതീവ താല്പര്യത്തോടെ ശ്രദ്ധിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു അപരിചിതമായ ആശയങ്ങള്‍ അവരില്‍ അലിഞ്ഞുചേര്‍ന്നു. അപൂര്‍വ്വമായി വരുന്ന ബുദ്ധിയെ സ്പര്‍ശിക്കുന്ന ഫലിതങ്ങള്‍ അവര്‍ നന്നായി ആസ്വദിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മാന്ത്രികമായ ശക്തിവിശേഷത്തിനു വിധേയമാകുന്നുവെന്ന് ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞിട്ടുണ്ട്. അറിവിന്റേയും വ്യത്യസ്ത ആശയങ്ങളുടേയും കാറ്റ്‌വീശുന്ന അപ്പന്റെ ക്ലാസ്സുകള്‍ കുട്ടികള്‍ക്കു ലഹരിയായി മാറി. ലോക സാഹിത്യത്തില്‍നിന്നും മനുഷ്യചരിത്രത്തില്‍നിന്നും ജ്ഞാനത്തിന്റെ തേന്‍കണങ്ങളുമായി വരുന്ന ആ ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു ഹരമായി മാറിയതില്‍ അത്ഭുതമില്ല. സെക്കന്‍ഡ് ലാംഗ്വേജ് ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി. മറ്റു ക്ലാസ്സുകളില്‍നിന്നും ചിലപ്പോഴൊക്കെ മറ്റു കോളേജുകളില്‍നിന്നും കുട്ടികള്‍ വന്ന് ഇരുന്നുതുടങ്ങി. പ്രശസ്ത നടന്‍ മുരളി താന്‍ ശാസ്താംകോട്ട കോളേജില്‍ പഠിക്കുമ്പോള്‍ കൊല്ലത്ത് വന്ന് കെ.പി. അപ്പന്‍ സാറിന്റെ ക്ലാസ്സില്‍ ഇരുന്നിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ട്.

അപ്പന്‍ കൊല്ലം എസ്.എന്‍. കോളേജിലെത്തുമ്പോള്‍ ഞാന്‍ അവിടെ മൂന്നാം വര്‍ഷം (മലയാളം) ബി.എയ്ക്ക് പഠിക്കുകയാണ്. സാഹിത്യത്തെ വളരെ ഗൗരവപൂര്‍വ്വം കരുതുന്ന എന്നെപ്പോലുള്ളവര്‍ക്ക് അപ്പന്റെ വരവ് ആഘോഷമായിരുന്നു. അദ്ദേഹമെഴുതിയ ലേഖനങ്ങള്‍ പലതും വായിച്ച് ആവേശഭരിതരായിരുന്നു ഞങ്ങള്‍. ആദ്യ ആഴ്ചയില്‍ തന്നെ വൈ.എം.സി.എയില്‍ പോയി സാറിനെ പരിചയപ്പെട്ടു. കൂടെ ഒപ്പം പഠിച്ചിരുന്ന കവി ചാത്തന്നൂര്‍ മോഹനുമുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് ഞങ്ങളെ സാര്‍ സ്വീകരിച്ചത്. ആധുനിക സാഹിത്യകൃതികള്‍ ഓരോന്നായി ആഴ്ചപ്പതിപ്പുകളില്‍ വന്നുകൊണ്ടിരുന്ന കാലമാണ്. ആധുനികതയുടെ വസന്തകാലം! ഒ.വി. വിജയനും മുകുന്ദനും കാക്കനാടനുമെല്ലാം സംസാരത്തില്‍ വന്നു. ഞങ്ങളുടെ സംശയങ്ങള്‍ക്കു സൗമ്യമായി മറുപടി പറഞ്ഞുതന്നുകൊണ്ടിരുന്നു. ആ സന്ദര്‍ശനം ഞങ്ങളുടെ ജീവിതത്തിന്റെ വഴിതിരിച്ചു വിട്ട ഒന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞങ്ങളെ അഗാധമായി സ്പര്‍ശിച്ചു. സംവേദനത്തെ മാറ്റിപ്പണിഞ്ഞു. അദ്ദേഹത്തിന്റെ ക്ലാസ്സിലിരിക്കുന്നത് വലിയ അനുഭവമായിരുന്നു. ശരിക്കും ഒരു ഗുരുവിന്റെ സാന്നിദ്ധ്യം ഞങ്ങള്‍ അനുഭവിച്ചു. എന്നാല്‍, ഞങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കി വഴികള്‍ പറഞ്ഞുതരികയല്ല ചെയ്തതെന്നു തോന്നുന്നു. അദ്ദേഹം വിദ്യാര്‍ത്ഥികളെ നയിക്കുകയല്ല, വിദ്യാര്‍ത്ഥികളെ അവരുടെ വഴികളിലേക്കു പറഞ്ഞുവിടുകയാണ് ചെയ്തത്. നല്ല അദ്ധ്യാപകര്‍ സ്വീകരിക്കുന്ന രീതിയാണത്.

(തുടരും)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com