വായിച്ചും ആലോചിച്ചും അന്വേഷണത്തിന്റെ അശാന്ത വഴികളിലൂടെ സഞ്ചരിച്ച അപ്പന്‍ 

കെ.പി. അപ്പന്‍ ഒറ്റയ്ക്കു നിന്നു. സ്വന്തം അഭിപ്രായങ്ങള്‍ ഭീതി കൂടാതെ തുറന്നുപറഞ്ഞു. എപ്പോഴും വായനയില്‍ മുഴുകി
വായിച്ചും ആലോചിച്ചും അന്വേഷണത്തിന്റെ അശാന്ത വഴികളിലൂടെ സഞ്ചരിച്ച അപ്പന്‍ 

വിജയന്റേയും മുകുന്ദന്റേയും മറ്റും കൃതികള്‍ പുറത്തുവരുന്നതിനു മുന്‍പു തന്നെ കാഫ്കയുടേയും കമ്യുവിന്റേയും സാര്‍ത്രിന്റേയും നോവലുകളും കഥകളും നാടകങ്ങളും വായിച്ചു മനസ്സിലാക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്ത അപ്പനെ സംബന്ധിച്ചിടത്തോളം മലയാളത്തിലെ പുത്തന്‍ പ്രവണതകളെ ഉള്‍ക്കൊള്ളുവാന്‍ എളുപ്പമായിരുന്നു. കാരണം, നമ്മുടെ ആധുനികരായ എഴുത്തുകാര്‍ യൂറോപ്യന്‍ മോഡേണിസത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരായിരുന്നു. യൂറോപ്യന്‍ മോഡേണിസത്തിന്റെ സ്വാധീനം അന്ന് അറുപതുകളില്‍ ലോക ഭാഷകളിലെല്ലാമുണ്ടായിരുന്നു. അസ്തിത്വവാദമെന്ന ഇരുപതാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രവും നമ്മുടെ എഴുത്തുകാരുടെ രചനകളുടെ പിന്നിലെ ശക്തികേന്ദ്രമായി നിലകൊണ്ടു. സത്യത്തില്‍ കെ.പി. അപ്പനെപ്പോലെയുള്ള ആധുനിക മനസ്സുള്ള വായനക്കാര്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന സാഹിത്യസങ്കല്പം അന്ന് മലയാളത്തില്‍ സംഭവിക്കുകയാണുണ്ടായത്. കാക്കനാടന്റെ 'സാക്ഷി'യിലെ നാരായണന്‍കുട്ടിയുടെ പ്രകോപനപരമായ ചിന്തകളും 'ദല്‍ഹി'യിലെ അരവിന്ദന്റെ ദാര്‍ശനികമായ അസ്വസ്ഥതകളും 'കാല'ത്തിലെ സേതുവിന്റെ ജീവിത വ്യസനങ്ങളും 'ഖസാക്കി'ലെ രവിയുടെ തത്ത്വചിന്താപരമായ ദുഃഖങ്ങളും വേഗത്തില്‍ ഉള്‍ക്കൊള്ളുവാന്‍ അപ്പനു കഴിഞ്ഞിരിക്കണം. കാരണം, ആ കൃതികളുടെ ആന്തരിക ഘടനകളില്‍ നിറഞ്ഞുനിന്ന അതിഭൗതിക വ്യസനങ്ങളും നിരര്‍ത്ഥകതാബോധവും അപ്പന്റെ മനസ്സില്‍ത്തന്നെ എവിടെയോ മറഞ്ഞുകിടന്നിരുന്നു. താന്‍ വളരെ നാള്‍ തേടിയ സാഹിത്യം തന്റെ കാലില്‍ ചുറ്റുന്നതായി അപ്പന് അന്ന് തോന്നിയിരിക്കണം.

ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തെക്കുറിച്ച് കൗമുദി ആഴ്ചപ്പതിലും എം.ടിയുടെ 'കാല'ത്തെക്കുറിച്ച് 'ജനയുഗം' വാരികയിലും ആനന്ദിന്റെ 'ആള്‍ക്കൂട്ട'ത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലും കാക്കനാടന്റെ കൃതികളെക്കുറിച്ച് 'മലയാള നാട്' ഓണം വിശേഷാല്‍ പതിപ്പിലും കെ.പി. അപ്പന്‍ എഴുതി. 'ഖസാക്കിന്റെ ഇതിഹാസം' മാതൃഭൂമിയില്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ കേരളത്തിലുടനീളം നല്ല വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിലെ ഭാഷയും കല്പനകളും കാഴ്ചപ്പാടും വായനക്കാരിലെ ഒരു ചെറിയ വിഭാഗത്തിന്റെ ആദരവ് ആദ്യം തന്നെ ലഭിച്ചിരുന്നു. എന്നാല്‍, നാനാഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നുവരികയും ചെയ്തു.  'ഖസാക്ക്' പതുക്കെ പതുക്കെയാണ് അതിന്റെ യഥാര്‍ത്ഥ സ്ഥാനം നേടിയെടുത്തത്. 1969 ഒടുവില്‍ കൗമുദി ആഴ്ചപ്പതിപ്പില്‍ അപ്പനെഴുതിയ 'ഖസാക്ക്' നിരൂപണത്തിന്റെ ശീര്‍ഷകം 'പ്രതിഭയുടെ ഉന്മാദ സ്പര്‍ശമേറ്റ നോവല്‍' എന്നായിരുന്നു. ഇ.എം. ഫോസ്റ്റര്‍ നോവലിനെക്കുറിച്ച് എഴുതിയ 'നോവലിന്റെ വശങ്ങള്‍' (Aspects of Novel) എന്ന പുസ്തകത്തിലെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ടാണ് നിരൂപണം ആരംഭിച്ചത്. എഴുത്തുകാരന് അനുഭവങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ കലാപരമായ നിസ്സംഗത (Artistical detachment) ഉണ്ടായിരിക്കണമെന്ന ഫോസ്റ്ററുടെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുന്ന ആ നിരൂപണം ഖസാക്കിന്റെ മൗലിക സ്വഭാവങ്ങളിലേക്കു വിരല്‍ചൂണ്ടുന്നുണ്ട്. വിജയന്റെ ഖസാക്കിനെക്കുറിച്ച് വന്ന ആദ്യ നിരൂപണമാണ് അതെന്നു തോന്നുന്നു. പിന്നീട് അപ്പന്റെ വിമര്‍ശനത്തില്‍ ഖസാക്കും വിജയനും നിറഞ്ഞുനിന്നു. ആ നോവലിനെ അപ്പന്‍ നിരന്തരം പരാമര്‍ശിച്ചു. 'ഖസാക്കി'ലെ ഭാഷയുടേയും ബിംബങ്ങളുടേയും മൗലികതയെപ്പറ്റിയും അതിലെ കാലദര്‍ശനത്തെപ്പറ്റിയും അദ്ദേഹം പിന്നീട് എഴുതിക്കൊണ്ടിരുന്നു. ഈ വിമര്‍ശകന്റെ വിചാരജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ മലയാള എഴുത്തുകാരില്‍ ഒരാളാണ് ഒ.വി. വിജയന്‍. 

'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവല്‍ അന്നത്തെ യുവതലമുറയുടെ അസ്ഥിയേയും മാംസത്തേയും ആഴത്തില്‍ സ്പര്‍ശിച്ചു. പഴയ തലമുറയിലെ ഒരു വിഭാഗം വായനക്കാരേയും അത് ആകര്‍ഷിച്ചു. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ബിംബകല്പനകള്‍, പുതിയ വാക്കുകള്‍, പുതിയ പദ ബന്ധങ്ങള്‍, പുതിയൊരു കാഴ്ചപ്പാട്, മനുഷ്യജീവിതത്തിന്റെ ഇതുവരെ കാണാത്ത അപരിചിത വശങ്ങള്‍, കാവ്യാത്മകതയും ദാര്‍ശനികതയും നിറഞ്ഞ ആഖ്യാനം  ഇതെല്ലാം ഒട്ടൊന്നുമല്ല അന്നത്തെ യുവതലമുറയെ ലഹരിപിടിപ്പിച്ചത്. അന്നത്തെ ചില വായനക്കാര്‍ക്ക് 'ഖസാക്കി'ലെ ഖണ്ഡികകള്‍ പലതും കാണാപ്പാഠമായിരുന്നു. പലരും സ്വകാര്യ കത്തെഴുതുമ്പോള്‍ 'ഖസാക്കി'ലെ കഥാപാത്രങ്ങളുടെ വാക്കുകള്‍ ഉദ്ധരിക്കും. നായകനായ രവിയുടെ ആത്മവ്യഥകളുമായി താദാത്മ്യം പ്രാപിച്ച തലമുറയായിരുന്നു അന്നുണ്ടായിരുന്നത്. എന്നാല്‍, എതിര്‍പ്പുകളും അതുപോലെ ശക്തമായിരുന്നു. 'ഖസാക്കി'നെ തള്ളിക്കളയുവാന്‍ കപട സദാചാരവാദികളും മൂല്യസംരക്ഷകരും അന്നത്തെ പുരോഗമനവാദികളും മത്സരിച്ചുതന്നെ ശ്രമിച്ചു. ആധുനിക സാഹിത്യവിമര്‍ശനമാണ് ആ നോവലിന്റെ പുതുമയും മഹത്വവും വെളിപ്പെടുത്തി ചരിത്രത്തില്‍ അതിനുള്ള സ്ഥാനം വ്യക്തമാക്കിയത്. അതിന്റെ തുടക്കം അപ്പന്‍ 1969ല്‍ 'കൗമുദി' ആഴ്ചപ്പതിപ്പില്‍ എഴുതിയ നിരൂപണത്തിലാണ്. എഴുപതുകളില്‍ ആ നോവല്‍ സംവേദനശക്തിയുള്ള വായനക്കാര്‍ ഏറ്റെടുക്കുക തന്നെ ചെയ്തു.

ഒവി വിജയൻ
ഒവി വിജയൻ

എം.ടിയുടെ 'കാലം' എന്ന നോവല്‍ പുറത്തുവന്നത് 1969 മാര്‍ച്ചിലാണ്. ആ വര്‍ഷം ഒക്ടോബറിലാണ് അപ്പന്‍ ജനയുഗം വാരികയില്‍ 'കാല'ത്തെക്കുറിച്ച് എഴുതിയത്. പുസ്തക നിരൂപണ പംക്തിയിലാണ് വന്നതെങ്കിലും, ദീര്‍ഘമായ വിമര്‍ശന പഠനമായിരുന്നു അത്.  'കാലത്തിന്റെ കല' എന്ന ശീര്‍ഷകത്തില്‍ രണ്ടരപേജ് ദൈര്‍ഘ്യമുള്ള ഈ പഠനം 'കാല'ത്തിന്റെ മാത്രമല്ല, 'കാല'ത്തോടൊപ്പം പുറത്തുവന്ന ആധുനിക കൃതികള്‍ക്കെല്ലാം ഉള്ള ആമുഖമാണ്.   'ഇന്നത്തെ' സാഹിത്യത്തിന്റെ സവിശേഷതകള്‍ വിവരിക്കുന്നതോടൊപ്പം കഴിഞ്ഞകാല സാഹിത്യത്തില്‍നിന്നുമുള്ള അതിന്റെ മൗലികമായ മാറ്റങ്ങളും വിശദമാക്കുന്നുണ്ട്. തകഴി, ദേവ് തലമുറയില്‍നിന്നും വ്യത്യസ്തമായ വീക്ഷണവും സൗന്ദര്യബോധവും പ്രകടിപ്പിക്കുന്ന കൃതികള്‍ ഉണ്ടാകുന്നതായും സൂചിപ്പിക്കുന്നു. പഴയ തലമുറ അക്കാലത്ത്, അറുപതുകളില്‍, വായനക്കാരെ മടുപ്പിച്ചു തുടങ്ങിയിരുന്നു. കേശവദേവ് ഒടുവില്‍ എഴുതിയ രചനകള്‍ വായനക്കാരില്‍ വെറുപ്പ് സൃഷ്ടിക്കുക പോലും ചെയ്തു. കേശവദേവിന്റേയും മറ്റും സാഹിത്യകല ജീര്‍ണ്ണിച്ചു കഴിഞ്ഞിരുന്നു. എങ്കിലും അവര്‍ പുതിയ തലമുറയെ വെല്ലുവിളിച്ച് സാഹിത്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ആ സാഹിത്യകലയോടുള്ള വലിയൊരു പ്രക്ഷോഭമായാണ് ആധുനികത കടന്നുവന്നത്. ഈ ചരിത്രത്തിലേക്ക് സൂചന നല്‍കുന്നുണ്ട് അപ്പന്റെ നിരൂപണം. 'കാല'വും മറ്റ് ആധുനിക നോവലുകളും പുറത്തുവന്നതോടെ മലയാള സാഹിത്യത്തില്‍ വലിയൊരു ഭാവുകത്വ മാറ്റം സംഭവിക്കുന്നതായി വിമര്‍ശകന്‍ തിരിച്ചറിയുന്നുണ്ട്. 1969 മുതല്‍ പ്രബലമായ ആധുനിക നോവലുകളുടെ അടിസ്ഥാന സ്വഭാവങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്യുന്നു. സാമൂഹിക പ്രശ്‌നങ്ങളെക്കാള്‍ ജീവിതത്തെ സംബന്ധിക്കുന്ന തത്ത്വചിന്താപരമായ പ്രശ്‌നങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നതെന്നു ചൂണ്ടിക്കാട്ടി. ഇന്നത്തെ എഴുത്തുകാര്‍ മനുഷ്യാസ്തിത്വത്തെ സംബന്ധിക്കുന്ന നിത്യമായ പ്രശ്‌നങ്ങളെ ചൊല്ലി ദിവ്യമായ അസ്വസ്ഥതയനുഭവിക്കുന്നവരാണ്. നോവല്‍ വായിക്കുമ്പോള്‍ പൂര്‍ണ്ണമായ തൃപ്തി നല്‍കുന്ന നോവല്‍ എഴുതുന്നത് പുതിയ തലമുറയില്‍പ്പെട്ടവരാണെന്നു ചൂണ്ടിക്കാണിക്കുന്നു. പഴയ തലമുറയോടുള്ള അസംതൃപ്തി നിരൂപണത്തില്‍ ഉണ്ട്. മാത്രമല്ല, പുതിയ നോവലുകളെ 'ചിലര്‍' കണ്ടില്ലെന്നു നടിക്കുന്നതായി പറയുമ്പോള്‍ അന്നത്തെ പ്രമുഖ വിമര്‍ശകരെയാണ് വിമര്‍ശിക്കുന്നത്. അപ്പന്‍ എഴുതുന്നു:

'മാലോകരെ നന്നാക്കുവാന്‍ വേണ്ടിയുള്ള ശ്രമദാനമായി കലാസൃഷ്ടിയെ കാണാതെ സ്വന്തം തൃപ്തിക്കുവേണ്ടി കലാസൃഷ്ടി നടത്തുന്ന പുതിയ എഴുത്തുകാരുടെ നോവല്‍ പ്രദര്‍ശിപ്പിക്കുന്ന രൂപശില്പത്തിന്റെ ശ്രീലസൗന്ദര്യവും ദര്‍ശനത്തിന്റെ അപൂര്‍വ്വതയും ഒരു നോവല്‍ പ്രേമിയുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചെടുക്കും എന്നാണ് എന്റെ വിശ്വാസം. എം.ടിയുടെ 'കാലം' അത്തരമൊരു കലാസൃഷ്ടിയാണ്. ഒരു ആധുനിക ചെറുപ്പക്കാരനെ പിടികൂടിയിരിക്കുന്ന വ്യര്‍ത്ഥതാബോധവും ആധുനിക ജീവിതത്തിലെ മാറുന്ന മനുഷ്യബന്ധങ്ങളും പി.കെ. സേതുമാധവന്‍ എന്ന ഏകാന്തജീവിയുടെ കഥയിലൂടെ പ്രകാശിപ്പിച്ചു കാട്ടുന്നു. വീട് തടവുമുറിയായി കാണുന്ന ഒരാധുനിക ചെറുപ്പക്കാരന്റെ ഹൃദയത്തിനു നേരെ പിടിച്ച കണ്ണാടിയാണ് ഈ നോവല്‍.'

നായകനായ സേതുവിന്റെ ജീവിതത്തെ തത്ത്വചിന്താപരമായ പ്രക്ഷോഭണമായി വിലയിരുത്തുന്നുണ്ട്. സ്വന്തം പാര്‍പ്പിടം അയാള്‍ക്ക് തടവുമുറിയായി തോന്നുന്നു. മലയാള നോവല്‍ സാമൂഹിക പ്രശ്‌നങ്ങളില്‍നിന്നും ദാര്‍ശനികമായ പ്രശ്‌നങ്ങളിലേക്കു നീങ്ങുന്നത് 'കാല'ത്തില്‍ കാണാമെന്നു പറയുന്ന അപ്പന്‍ ആ നോവലിലെ കാലസങ്കല്പത്തെക്കുറിച്ചും ചെറുതായി പ്രതിപാദിക്കുന്നുണ്ട്. ആദ്യന്തവിഹീനമായ കാലത്തിന്റെ ചലനങ്ങള്‍ നോവലിലുണ്ട്. കാലത്തിന്റെ അദൃശ്യമായ ഒരു നാഴികമണി നോവലില്‍ ഉണ്ട്. നോവല്‍ വായിക്കുമ്പോള്‍ ആ അദൃശ്യ നാഴികമണിയുടെ ടിക് ടിക് ശബ്ദങ്ങള്‍ നല്ല വായനക്കാരുടെ കാതില്‍ മുഴങ്ങുന്നതായും പറയുന്നുണ്ട്. ജീവിതരഹസ്യങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന ഈ നോവല്‍ ഒന്നില്‍ കൂടുതല്‍ തവണ വായിക്കാം എന്നു പറഞ്ഞാണ് നിരൂപണം അവസാനിക്കുന്നത്. എം.ടിയുടെ സാഹിത്യ ലോകം മുന്‍പ് മുതല്‍ തന്നെ നിരീക്ഷിച്ച വായനക്കാരനാണ് അപ്പന്‍. അതുകൊണ്ടുതന്നെ എം.ടിയെ അടുത്തറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

1970ലെ, 'മലയാളനാട്' ഓണപ്പതിപ്പിലാണ് 'കാക്കനാടനെ മനസ്സിലാക്കുക' എന്ന ലേഖനമെഴുതിയത്. അക്കാലത്ത് കാക്കനാടന്‍ എല്ലാ ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ നേരിടുകയായിരുന്നു. ആധുനികതയുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് കാക്കനാടനാണ്. 'സാക്ഷി' എന്ന നോവല്‍ പുറത്തുവന്നപ്പോള്‍ തന്നെ പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ കമ്യൂവിന്റെ 'ഔട്ട് സൈഡറി'ന്റെ അനുകരണമാണെന്നു പറഞ്ഞ് 'ജനയുഗം' വാരികയില്‍ രൂക്ഷമായ വിമര്‍ശനമെഴുതി. മനുഷ്യബന്ധങ്ങളുടെ ആപല്‍ക്കരമായ പരിണാമങ്ങളും ആധുനിക ജീവിതം നല്‍കുന്ന വ്യസനങ്ങളും പരുക്കന്‍ ഭാഷയിലും ശൈലിയിലും അവതരിപ്പിച്ച കാക്കനാടന്റെ നോവലുകള്‍ അന്നത്തെ യാഥാസ്ഥിതിക സമൂഹത്തെ പ്രകോപിച്ചിരുന്നു. അശ്ലീലമെന്നു പറഞ്ഞ് 'ജനയുഗം' വാരികയില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കാക്കനാടന്റെ 'വസൂരി' എന്ന നോവല്‍ ഇടയ്ക്കുവച്ച് നിര്‍ത്തുക പോലും ഉണ്ടായി. ദുര്‍ഗ്രഹമെന്നു പറഞ്ഞ് കഥകള്‍ക്കു നേരെയും കല്ലേറുണ്ടായി. കാക്കനാടന്‍ എന്ന വലിയ കലാകാരനെ മനസ്സിലാക്കുവാന്‍ അന്നത്തെ നിരവധി വായനക്കാര്‍ക്കും വിമര്‍ശകര്‍ക്കും കഴിയാതെ പോയി. ഈ അവസരത്തിലാണ് 'ഈ കലാകാരനെ മനസ്സിലാക്കൂ എന്നു പറഞ്ഞ് അപ്പന്‍ രംഗത്ത് വന്നത്. കാക്കനാടനെ എനിക്കു പരിചയമില്ല. ഭാവിയില്‍ പരിചയപ്പെടാന്‍ ആഗ്രഹവുമില്ല. എന്നാല്‍, കലാകാരനായ കാക്കനാടന്റെ കലയുടെ സ്വഭാവവിശേഷങ്ങള്‍ അറിയാം' എന്നു പറഞ്ഞാരംഭിക്കുന്ന നിരൂപണം കാക്കനാടന്റെ സാഹിത്യകലയുടെ രഹസ്യങ്ങള്‍ ഭംഗിയായി വെളിപ്പെടുത്തുന്നു. മലയാളിയുടെ സദാചാര രീതികളുമായി പൊരുത്തപ്പെടുത്താത്ത അംശങ്ങള്‍ അന്നത്തെ സാഹിത്യകലയിലുണ്ടായിരുന്നു. ലൈംഗികതയുടെ കരുത്തും സൗന്ദര്യവും വെളിപ്പെടുത്തുവാന്‍ ആദ്യകാലം മുതല്‍ ഈ വിമര്‍ശകന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ആ കാലത്ത് പുറത്തുവന്നുകൊണ്ടിരുന്ന എല്ലാ പുതിയ നോവലുകളേയും അദ്ദേഹം സ്വാഗതം ചെയ്തില്ല. തന്റെ അഭിരുചിക്കും സൗന്ദര്യമൂല്യങ്ങള്‍ക്കും വിരുദ്ധമായ രചനകളെ തള്ളിപ്പറയുന്ന ശീലം ആദ്യം മുതല്‍ തന്നെ അപ്പനിലുണ്ടായിരുന്നു. ഈ വിട്ടുവീഴ്ചയില്ലായ്മ അദ്ദേഹത്തിന്റെ നിരൂപണകലയുടെ പ്രധാന സ്വഭാവമാണ്. വിലാസിനി എന്ന നോവലിസ്റ്റിന്റെ കലയോട് അദ്ദേഹം സ്വീകരിച്ച സമീപനത്തിന്റെ പിന്നിലും ഇതു കാണാം. വിലാസിനിയുടെ 'ഊഞ്ഞാല്‍' എന്ന നോവലിനെ വിമര്‍ശിച്ചുകൊണ്ട് ഇക്കാലത്ത് അദ്ദേഹം 1970 ജൂലൈ 19ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'വളരുന്ന സാഹിത്യം' എന്ന പുസ്തകാഭിപ്രായ പംക്തിയില്‍ അപ്പന്‍ ആദ്യമെഴുതിയത് വിലാസിനിയുടെ ഈ പുസ്തകത്തെ പറ്റിയാണ്. 'വിചാരധാരയും ബോധധാരയും' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച നിരൂപണമാണ് മാതൃഭൂമി ആഴ്ചപ്പതില്‍ വന്ന അപ്പന്റെ ആദ്യത്തെ നിരൂപണം. നോവലില്‍ ബോധധാരയല്ല, വിചാരധാരയാണുള്ളതെന്ന് അപ്പന്‍ ചൂണ്ടിക്കാട്ടി. ബോധധാരാ നോവലുകളുടെ സ്വഭാവം എടുത്തുപറയുകയും ചെയ്തു. നോവലിസ്റ്റിനു വേണ്ട ജീവിതദര്‍ശനത്തിന്റെ ഏകാന്തദീപ്തി വിലാസിനിക്കില്ല. ഒരിക്കല്‍പ്പോലും ജീവിതത്തിന്റെ ആഴങ്ങളിലേക്ക് നോവല്‍ നമ്മെ കൊണ്ടുപോകുന്നില്ല. അപ്പന്റെ വിമര്‍ശനത്തിനുള്ള ദീര്‍ഘമായ മറുപടി നോവലിന്റെ അടുത്ത പതിപ്പില്‍ നോവലിസ്റ്റ് കൊടുക്കുകയും ചെയ്തു. വൈകാരികാനുഭവങ്ങള്‍ ചിത്രീകരിക്കുന്ന നോവലിനെക്കാള്‍ ദാര്‍ശനിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന രചനകളാണ് അപ്പന്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ടാണ് 'ഊഞ്ഞാല്‍' എന്ന നോവല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടാതെ പോയത്.

എംടി
എംടി

ആനന്ദിന്റെ 'ആള്‍ക്കൂട്ടം' എന്ന നോവല്‍ പുറത്തുവന്നപ്പോള്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടായത്. ആനന്ദിന്റെ പുറത്തുവന്ന ആദ്യ രചനയാണിത്. അതുവരെ ആ എഴുത്തുകാരന്റെ പേര് മലയാളം കേട്ടിട്ടില്ല. ഒരു കഥ പോലും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നില്ല. അന്‍പതുകളിലേയും അറുപതുകളിലേയും ഇന്ത്യയാണ് ഈ 'ഇന്ത്യന്‍ നോവലി'ലെ വിഷയം. വ്യത്യസ്ത പാരമ്പര്യം അന്വേഷിക്കുന്ന നോവല്‍ വായനക്കാരെ ആദ്യം കുഴക്കി. ഇത് നോവലോ എന്ന് പലരും സംശയിച്ചു. ആ നോവല്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അപ്പന്‍ എഴുതി. 'വളരുന്ന സാഹിത്യം' എന്ന പംക്തിയിലാണ് എഴുതിയത്. 1970 നവംബര്‍ 22ന് പുറത്തിറങ്ങിയ ലക്കത്തിലാണ് അത്. 'കാലം സ്ഥലം മനുഷ്യന്‍' എന്ന ശീര്‍ഷകത്തില്‍ വേറെ രണ്ട് പുസ്തകങ്ങളെ കൂടി ചേര്‍ത്തുള്ള നിരൂപണമായിരുന്നു അത്. ആ നോവലിന്റെ പ്രാധാന്യം എടുത്തുപറയുന്ന ഒന്നായിരുന്നു അത്. അസ്തിത്വത്തിന്റെ വേദനകള്‍ അനുഭവിക്കുന്ന കഥാപാത്രങ്ങളാണ് നോവലിലുള്ളത് എന്ന് പറഞ്ഞു. 'ആള്‍ക്കൂട്ടം' ഇങ്ങനെ പരിചയപ്പെടുത്തുന്നു:

'ആധുനിക വ്യവസായ യുഗം മനുഷ്യനെ കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഈ നോവലിസ്റ്റ് വിശ്വസിക്കുന്നു. അവസാനിക്കാത്ത ഉല്‍ക്കണ്ഠകൊണ്ട് ജീവിതം നിറഞ്ഞിരിക്കുന്നു. ഇതിനോട് കൂട്ടത്തോടെയല്ല മനുഷ്യന്‍ പോരാടുന്നത്. സത്യത്തില്‍ വലിയ നഖങ്ങളും പല്ലുകളുമുള്ള ഒരു ജന്തുവില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞെലിയെപ്പോലെയാണ് മനുഷ്യന്‍. ജീവിതത്തെ സംബന്ധിക്കുന്ന ഈ വിഷാദ ദര്‍ശനം കല, സാഹിത്യം, രാഷ്ട്രീയം, തത്ത്വചിന്ത എന്നിവയെക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യുമ്പോഴും 'ആള്‍ക്കൂട്ട'ത്തിന്റെ സ്രഷ്ടാവിനെ ഗ്രസിച്ചിരുന്നിരിക്കണം. അതുകൊണ്ടാണ് നോവലിന്റെ അന്തരീക്ഷത്തിലാകെ പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മഴക്കാറ് പോലെ ദുഃഖം ഘനീഭവിച്ചു നില്‍ക്കുന്നത്. ...ജീവിതം നിഷ്ഫലമാണെന്നറിഞ്ഞുകൊണ്ടുതന്നെ അതിനെ സ്‌നേഹിച്ചുപോകുന്ന മനുഷ്യന്റെ നിസ്സഹായതയുടേയും പുതിയ തലമുറയുടെ അസ്വസ്ഥവിവശമായ ചേതനയുടേയും ശബ്ദമാണ് ഈ നോവലിനു തത്ത്വചിന്താപരമായ അന്തരീക്ഷം നല്‍കുന്നത്.'

'ആള്‍ക്കൂട്ടം' പുറത്തിറങ്ങിയപ്പോള്‍ തന്നെ നാനാഭാഗത്തുനിന്നും എതിര്‍പ്പുകളും അപശബ്ദങ്ങളും ഉയര്‍ന്നുകൊണ്ടിരുന്നു. ഉമിക്കരി ചവയ്ക്കുന്ന വിരസതയാണ് ആ നോവല്‍ നല്‍കിയതെന്ന് പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു. യാഥാസ്ഥിതിക കേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു. ആ അവസരത്തില്‍ നിരൂപണത്തിന്റെ നിഷ്പക്ഷവേദിയില്‍നിന്നുകൊണ്ട്  'ആള്‍ക്കൂട്ട'ത്തെ ഉയര്‍ത്തിക്കാണിക്കുകയാണ്  അപ്പന്‍ ചെയ്തത്. അപ്പന്‍ എഴുതിയ പുസ്തകനിരൂപണങ്ങളെല്ലാം വെറും പുസ്തകാഭിപ്രായം മാത്രമായിരുന്നില്ല. മറിച്ച് യഥാര്‍ത്ഥ സാഹിത്യനിരൂപണത്തിന്റെ സ്വഭാവങ്ങള്‍ പുലര്‍ത്തിയ ലഘു പഠനങ്ങളായിരുന്നു. 

ആധുനിക നോവലിനു വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നെങ്കിലും ഒരു കൂട്ടം എഴുത്തുകാരും വായനക്കാരും അതിനെ സ്വാഗതം ചെയ്തു. ആധുനികര്‍ക്കു തൊട്ടുപിറകെ വന്ന കഥാകാരനായ കെ.പി. നിര്‍മ്മല്‍ കുമാര്‍ 1969ല്‍ പുറത്തിറങ്ങിയ എം.ടിയുടെ 'കാലം'; എം. മുകുന്ദന്റെ 'ദല്‍ഹി'; ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്നീ നോവലുകളെ സൂക്ഷ്മമായി പഠിക്കുവാനും വിലയിരുത്തുവാനും നടത്തിയ ശ്രമം എടുത്തുപറയേണ്ടതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'വളരുന്ന സാഹിത്യം' എന്ന പംക്തിയില്‍ 'നോവലിന്റെ മുഖങ്ങള്‍' (1970 സെപ്റ്റംബര്‍) എന്ന ശീര്‍ഷകത്തില്‍ ദീര്‍ഘമായ പഠനം തന്നെ നടത്തി. ഒരു കലാകാരന്റെ സത്യസന്ധമായ വായനാനുഭവമായിരുന്നു അത്. ആ മൂന്ന് നോവലുകള്‍ മലയാളിയുടെ ഭാവുകത്വത്തെ എങ്ങനെയെല്ലാം തിരുത്തിയെന്ന് ചില വിയോജിപ്പുകളോടെ  കാവ്യാത്മകമായി നിര്‍മ്മല്‍ കുമാര്‍ വെളിപ്പെടുത്തുന്നു. ഇതുപോലെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്.
1964ല്‍ സാഹിത്യവിമര്‍ശനരംഗത്ത് എഴുതിത്തുടങ്ങിയ അപ്പന്‍ 1970ല്‍ നല്ല വായനക്കാര്‍ ശ്രദ്ധിക്കുന്ന മലയാളത്തിലെ മികച്ച ഒരു നിരൂപകനായി മാറിക്കഴിഞ്ഞു. മലയാളത്തിലെ എല്ലാ പ്രമുഖ വാരികകളില്‍നിന്നും ലേഖനങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങി. എന്നാല്‍, എഴുതിയ ലേഖനങ്ങള്‍ ഉടന്‍ പുസ്തകമായി പ്രസിദ്ധീകരിക്കുവാന്‍ അദ്ദേഹം തിടുക്കം കാട്ടിയില്ല. മുകളില്‍ പറഞ്ഞ ലേഖനങ്ങളൊന്നും ഒരു പുസ്തകത്തിലും ചേര്‍ത്തില്ല. പ്രശസ്തിക്കുവേണ്ടി ആരുടേയും മുന്‍പില്‍ പോയില്ല. പത്രമോഫീസുകള്‍ സന്ദര്‍ശിച്ചില്ല. ഏതെങ്കിലും സംഘടനയില്‍ ചേര്‍ന്നില്ല. എല്ലാ സാഹിത്യസംഘടനകളില്‍നിന്നും അക്കാദമികളില്‍നിന്നും മാറി സഞ്ചരിച്ചു. അന്ന് നിരവധി സാഹിത്യസംഘടനകള്‍, വിവിധ തരം ഗ്രൂപ്പുകള്‍, സാഹിത്യസാംസ്‌കാരിക സംഘടനകള്‍ ഒക്കെ കേരളമാകെ നിലവിലുണ്ടായിരുന്നു. അപ്പന്‍ ഒന്നിനോടും താല്പര്യം കാണിച്ചില്ല. 'എം. ഗോവിന്ദന്റെ പവിത്രസംഘ'ത്തോടു പോലും ചേര്‍ന്നുനിന്നില്ല. ഗോവിന്ദന്റെ നിലപാടുകളോട് അപ്പന് യോജിപ്പുണ്ടായിരുന്നു. സാഹിത്യം, രാഷ്ട്രീയം എന്നിവയെപ്പറ്റി ഗോവിന്ദന്‍ പറഞ്ഞ പല കാര്യങ്ങളും അപ്പനു സ്വീകാര്യമായിരുന്നു. അപ്പന്‍ ഇപ്രകാരം എഴുതി:

എം കൃഷ്ണൻ നായർ
എം കൃഷ്ണൻ നായർ

'...ഗോവിന്ദന്‍ ചില കത്തുകള്‍ എനിക്കയച്ചിരുന്നു. സ്‌നേഹവും ബുദ്ധിസാമര്‍ത്ഥ്യവും തായ്‌മൊഴിയുടെ ഇളക്കങ്ങളും നിറഞ്ഞ ആ കത്തുകള്‍ ഞാന്‍ ആഹ്ലാദത്തോടെ സ്വീകരിച്ചിരുന്നു. എന്നാല്‍, ഗോവിന്ദന്റെ പവിത്രസംഘവുമായി ഞാന്‍ ബന്ധപ്പെട്ടില്ല.'

കെ.പി. അപ്പന്‍ ഒറ്റയ്ക്കു നിന്നു. സ്വന്തം അഭിപ്രായങ്ങള്‍ ഭീതി കൂടാതെ തുറന്നുപറഞ്ഞു. എപ്പോഴും വായനയില്‍ മുഴുകി. വീണ്ടും വായിച്ചും ആലോചിച്ചും പുനരാലോചന നടത്തിയും അന്വേഷണത്തിന്റെ അശാന്തമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് പിന്നീട് ചെയ്തത്. ഇങ്ങനെ ഒറ്റയ്ക്ക് നടന്ന എഴുത്തുകാര്‍ മലയാളത്തില്‍ എത്ര പേരുണ്ട്?
                                                         
സ്വകാര്യങ്ങള്‍, സുഹൃത്തുക്കള്‍, സായാഹ്നയാത്രകള്‍

ചേര്‍ത്തല എസ്.എന്‍. കോളേജില്‍ ജോലി ചെയ്യുമ്പോള്‍ മഴക്കാലത്ത് കോളേജിനടുത്തുള്ള വാടകവീട്ടിലും അതുകഴിഞ്ഞ് സ്വന്തം വീട്ടിലുമാണ് താമസം. ശാന്തമായ ജീവിതമായിരുന്നു അപ്പന്റേത്. കോളേജില്‍ പോയി പഠിപ്പിക്കുക വീട്ടില്‍ വന്നു വായിക്കുക. ഇതല്ലാതെ വേറൊരു ലോകമില്ല. സംഘടനാ പ്രവര്‍ത്തനമോ യാത്രകളോ ഒന്നുമില്ല. വീട്ടില്‍ വായന തന്നെ. വീട്ടില്‍ അച്ഛനും അമ്മയും ഇളയ സഹോദരനും സഹോദരിയും ഉണ്ട്. മൂത്ത സഹോദരി വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലാണ്. അച്ഛന്‍ അക്കാലത്ത് ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്. അപ്പന്‍ തന്നെ പറഞ്ഞിട്ടുള്ളതുപോലെ അച്ഛന് മദ്യപാനവും പുകവലിയും വളരെ കൂടിയ കാലമാണത്. സ്വാഭാവികമായും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിക്കാണണം. അപ്പന്‍ ഒരു അഭിമുഖത്തില്‍  അച്ഛനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞു:

'...അവസാനം നിരന്തരമായ പുകവലിയും മദ്യപാനവും അച്ഛനെ പെട്ടെന്നു ശാരീരികമായ യാതനകളില്‍ എത്തിച്ചു. പെട്ടെന്നായിരുന്നു എല്ലാം. എല്ലാറ്റിനേയും കീഴടക്കുന്ന മരണത്തിന്റേയും കരച്ചിലിന്റേയും അപ്രത്യക്ഷമാകലിന്റേയും അന്തരീക്ഷം. ഇല്ല... ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല...'

അദ്ദേഹത്തിന്റെ മുറിഞ്ഞുപോയ വാക്കുകള്‍ അദ്ദേഹം സ്വകാര്യജീവിതത്തില്‍ അക്കാലത്ത് അനുഭവിച്ച ഒരുപാട് പ്രയാസങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. വീട്ടില്‍ സാമ്പത്തികം ഉള്‍പ്പെടെ പല പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നു. അച്ഛന്റെ ബിസിനസ്സ് പല പ്രശ്‌നങ്ങളും നേരിട്ടിരിക്കും. 'ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല...' എന്ന വാക്കുകളില്‍ അതെല്ലാം ഉണ്ട്. അച്ഛന്റെ ബിസിനസ്സ് തകര്‍ന്നിരുന്നു. ഇളയ സഹോദരി അവിവാഹിതയായി വീട്ടിലുണ്ട്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ അപ്പന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകതന്നെ ചെയ്തു. ഇളയ സഹോദരിയെ വിവാഹം കഴിപ്പിച്ച് വിടാന്‍ വേണ്ടതെല്ലാം ചെയ്തു. പ്രായോഗിക ജീവിതത്തില്‍ അപ്പന്‍ ഏറെ പിന്നിലായിരുന്നുവെങ്കിലും അപ്പന്‍ മൂത്ത മകന്‍ എന്ന നിലയില്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്തു. ഇരുചെവിയറിയാതെ എല്ലാം ഭംഗിയായി നിര്‍വ്വഹിച്ചു. കടമ നിര്‍വ്വഹിച്ച ശേഷം അപ്പന്‍ വായനയിലേക്കും ഏകാന്തതയിലേക്കും മടങ്ങിപ്പോയി. അച്ഛനമ്മമാരോടും സഹോദരങ്ങളോടും സ്‌നേഹവും വാത്സല്യവുമാണെങ്കിലും ഒന്നും പുറത്തു കാണിക്കാറില്ല. വീട്ടിലും വലിയ വര്‍ത്തമാനം ആരോടുമില്ല. എപ്പോഴും മൗനം മാത്രം.

അപ്പന്‍ വളരെ അന്തര്‍മുഖനാണ്. മനസ്സ് ആരുടെ മുന്‍പിലും തുറന്നിടുകയില്ല. ശ്രീകുമാരന്‍ തമ്പി തന്റെ ആത്മകഥയില്‍ സുഹൃത്തും സഹപാഠിയുമായ അപ്പനെ ഓര്‍ത്തപ്പോഴെല്ലാം ഇക്കാര്യം പറയുന്നുണ്ട്. ചേര്‍ത്തല എസ്.എന്‍. കോളേജില്‍ ജോലി ലഭിച്ച് വായനയുടേയും എഴുത്തിന്റേയും ലോകത്ത് മുഴുകി കഴിയുമ്പോള്‍ കൂട്ടുകാരായി കുറച്ചുപേരുണ്ടായിരുന്നു. അപ്പന് എന്നും വളരെ കുറച്ചു പേര്‍ മാത്രമേ കൂട്ടുകാരായി ഉണ്ടാകൂ. അവരുമായി നല്ല സൗഹൃദവുമായിരിക്കും. കളിയും കളിയാക്കലും ചിരിയുമൊക്കെ ഉണ്ടാകും. സ്‌നേഹബന്ധത്തില്‍ ആത്മാര്‍ത്ഥതയൊക്കെയുണ്ടാകും. പക്ഷേ, ബന്ധത്തിനു കൃത്യമായ അതിരുകളുണ്ടാകും. ആ അതിര്‍ത്തികള്‍ ലംഘിക്കപ്പെടാതെ കിടക്കുകയും ചെയ്യും. ഒരു സ്ഥലം വിട്ടാല്‍ അവിടെയുള്ള കൂട്ടുകാരേയും വിടുകയാണ് പതിവ്. ബോധപൂര്‍വ്വമൊന്നുമല്ല. അതാണ് അപ്പന്റെ രീതി. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൂട്ടുകാരുമായി ചര്‍ച്ച ചെയ്യാറില്ല. സാഹിത്യവുമായി ബന്ധമുള്ളവരുമായി സാഹിത്യത്തെ സംബന്ധിക്കുന്ന കാര്യം സംസാരിക്കുന്നത് ഇഷ്ടമാണ്. സാഹിത്യവുമായി ബന്ധമില്ലാത്തവരും കൂട്ടുകാരുമുണ്ട്. അവരോട് അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ സംസാരിക്കും. എന്നാല്‍, ആര്‍ക്കും അങ്ങനെ പെട്ടെന്ന് അദ്ദേഹത്തിന്റെ കൂട്ടുകാരായി മാറാന്‍ കഴിയില്ല. തനിക്കു താല്പര്യം തോന്നാത്തവരെ അടുപ്പിക്കുന്ന രീതി ഇല്ല. തുറന്നുപറഞ്ഞാല്‍ അപ്പനുമായി സൗഹൃദം സ്ഥാപിക്കുവാന്‍ ചില 'മിനിമം' യോഗ്യതകള്‍ വേണം. അക്കാര്യത്തില്‍ അല്പം കാര്‍ക്കശ്യം അപ്പനുണ്ട്. ഇഷ്ടപ്പെട്ടുവെങ്കില്‍ കൂടെ കൂട്ടും. പിന്നെ എന്തും പറയാം.

യുവാവായ അപ്പന്‍ സുന്ദരനായിരുന്നു. കാലം കഴിയുന്തോറും ആ സൗന്ദര്യം വര്‍ദ്ധിക്കുകയായിരുന്നു. സാമാന്യം വെളുത്ത് നീണ്ടുമെലിഞ്ഞ രൂപം. ആറടിക്ക് അടുത്ത് പൊക്കമുണ്ട്. വിടര്‍ന്ന കണ്ണുകള്‍. എപ്പാഴും വെള്ളമുണ്ടും ഷര്‍ട്ടുമാണ് വേഷം. മുഖത്ത് കനത്ത മീശയുണ്ട്. അത് ചെത്തിമിനുക്കി സുന്ദരമാക്കുന്നതില്‍ ശ്രദ്ധയുണ്ട്. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ കറിച്ചട്ടിപോലെയുള്ള കണ്ണുകള്‍. ഗൗരവമേറിയ പ്രകാശപൂര്‍ണ്ണമായ മുഖം. മധുരമായ പുഞ്ചിരി. ധ്യാനത്തില്‍നിന്നും ഉണര്‍ന്ന ഭാവമാണ് മുഖത്ത്. മാന്ത്രികമായ ഒരംശം ആ രൂപത്തിനുണ്ട്. ശ്രദ്ധിച്ചാണ് ഓരോ ചലനവും നോട്ടവും ഭാവവുമെല്ലാം. നല്ല ഉയരവും നല്ല രൂപവും ഉള്ളതുകൊണ്ട് അപ്പന്‍ നടന്നുപോകുമ്പോള്‍ ആരും ഒന്ന് ശ്രദ്ധിച്ചുപോകും. മെല്ലെയാണ് സംസാരിക്കുന്നത്. ഓരോ വാക്കും 'നോക്കും' അര്‍ത്ഥവത്തായിരിക്കും. വെറുതെ ഒരു വാക്കോ നോട്ടമോയില്ല. പരിചയപ്പെടുന്ന ആരും ഇതെല്ലാം ശരിയാണെന്നു സമ്മതിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com