ജീവിതത്തോടുള്ള അസാധാരണത്വമാണ് എം. സുധാകരന്റെ കഥകളുടെ മേന്മ

എം. സുധാകരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹം എഴുതിയ കഥകള്‍ വായനക്കാരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുന്നു
ജീവിതത്തോടുള്ള അസാധാരണത്വമാണ് എം. സുധാകരന്റെ കഥകളുടെ മേന്മ

ണ്‍പതുകളില്‍ കോഴിക്കോട്ടെ മിഠായിത്തെരുവിലുള്ള മലയാളത്തില്‍ പതിവായി ഒത്തുകൂടിയിരുന്ന ചങ്ങാതിക്കൂട്ടത്തിലാണ് ഞാന്‍ എം. സുധാകരനെ പരിചയപ്പെടുന്നത്. മണ്‍മറഞ്ഞുപോയ എന്റെ പ്രിയ കൂട്ടുകാരന്‍ അക്ബര്‍ കക്കട്ടിലിന്റെ ഒപ്പം എം. സുധാകരനെ ഞാന്‍ കാണുമ്പോള്‍ അദ്ദേഹം 'മലയാള'ത്തിന്റെ ആദ്യ പുസ്തക പരമ്പരയിലെ 'ബെനഡിക്ട് സ്വസ്ഥമായുറങ്ങുന്നു' എന്ന കഥാസമാഹാരത്തിന്റെ കര്‍ത്താവായിരുന്നു. എം. സുധാകരനെ മാത്രമല്ല, എണ്‍പതുകളില്‍ ആധുനികതയ്ക്കു കുടപിടിച്ച ചെറുപ്പക്കാരായ ടി.വി. കൊച്ചുബാവ, സി.വി. ബാലകൃഷ്ണന്‍, കെ.പി. രാമനുണ്ണി, യു.കെ. കുമാരന്‍, വി.ആര്‍. സുധീഷ്, രഘുനാഥ് പലേരി, എന്‍.പി. ഹാഫിസ് മുഹമ്മദ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പി.കെ. പാറക്കടവ് തുടങ്ങിയ ഒട്ടേറെപ്പേരെയും ഞാന്‍ ആയിടയ്ക്കാണ് കണ്ടുമുട്ടിയത്. ഇവരില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്നു കടത്തനാടന്‍ അടവുകള്‍ ഒന്നും ഇല്ലാതെ എഴുത്തിന്റെ വഴിയിലേക്കു കടന്നുവന്ന എം. സുധാകരന്‍, പി.കെ. ബ്രദേഴ്‌സിന്റെ മേല്‍തട്ടിലായിരുന്നു അവരുടെ തന്നെ പുതിയ പ്രസിദ്ധീകരണ പ്രസ്ഥാനമായ മലയാളം പബ്ലിക്കേഷന്‍സ്. എഴുത്തുകാരുടെ പുസ്തകം കണ്ടെത്തുന്നത് അക്ബര്‍ കക്കട്ടിലും പുസ്തകത്തിനു കവര്‍ചിത്രം വരയ്ക്കുന്നത് എന്‍.പി. ഹാഫിസ് മുഹമ്മദുമായിരുന്നു. വടകര എന്‍.ബി.എസ്സില്‍ ഉണ്ടായിരുന്ന ആര്‍.വി. കുമാരന്‍ അവരുടെ സഹായിയായി ഉണ്ടായിരുന്നു. പി.കെ. ബ്രദേഴ്‌സില്‍ പുസ്തകകച്ചവടം നടക്കുമ്പോള്‍ മേല്‍തട്ടിലെ 'മലയാള'ത്തില്‍ കഥയിലെ 'യുവാക്കന്മാര്‍' മിക്കപ്പോഴും ഒത്തുകൂടി. അവരില്‍ ഒരാളായിരുന്നു എം. സുധാകരന്‍. അധികം വര്‍ത്തമാനങ്ങളില്ല. കപടവാക്കുകളില്ല. മൗനത്തിലിരുന്ന ശ്രോതാവായിരുന്നു സുധാകരന്‍.

മൗലികതയുടെ ജ്വാലകള്‍ പ്രസരിപ്പിച്ച സുധാകരന്‍ ആധുനികാനന്തര ആധുനികതയുമായി തന്റെ സ്വന്തം മാളത്തില്‍ ഒളിച്ചിരുന്ന് എഴുതാനാണ് ഏറെ ഇഷ്ടപ്പെട്ടിരുന്നത്. 'പ്രതിഭാസംഗമ'ത്തിലൂടെ രംഗത്തുവന്ന എം. സുധാകരന്റെ പതിന്നാലു കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യ കഥാസമാഹാരം 'ബെനഡിക്ട് സ്വസ്ഥമായുറങ്ങുന്നു' 1989 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. ഈ പുസ്തകത്തിലെ കഥകള്‍ സുധാകരന്റെ വേദനകളുടെ കഥകളാണെന്നും അക്ബര്‍ കക്കട്ടില്‍ പറഞ്ഞതോര്‍ക്കുന്നു.

ജീവിതത്തെ ആഴത്തില്‍ വിലയിരുത്താനാണ് എം. സുധാകരന്‍ തന്റെ കഥകളിലൂടെ ഉദ്യമിച്ചത്. 1959ല്‍ വടകരയ്ക്കു സമീപം കീഴല്‍ എന്ന സ്ഥലത്തു ജനിച്ച സുധാകരന്‍ മടപ്പള്ളി ഗവണ്‍മെന്റ കോളേജില്‍ ബിരുദപഠനം നടത്തിയ ശേഷം മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. 1986 മുതല്‍ ഒരു സര്‍ക്കാര്‍ ഗുമസ്തനായി ജോലിയില്‍ ഏര്‍പ്പെട്ട അദ്ദേഹം ആരവങ്ങള്‍ ഉയരുന്ന ഒരു വേദികളിലും കയറിയിരുന്നിട്ടില്ല. അവാര്‍ഡിനോ അംഗീകാരത്തിനോ സ്വന്തം ആത്മാഭിമാനം കൈവെടിഞ്ഞതുമില്ല. അദ്ദേഹത്തിന്റെ നിഷേധ മൗനം ജീവിതത്തിന്റെ ഒരു മൗലിക സ്വഭാവമായിരുന്നു.

എണ്‍പതുകളില്‍ മാതൃഭൂമി, മലയാളനാട്, കലാകൗമുദി, ദേശാഭിമാനി, കഥ എന്നീ പ്രസിദ്ധീകരണങ്ങളില്‍ പതിവായി എഴുതിയിരുന്ന സുധാകരന്‍ എറെ കാലത്തെ മൗനത്തിനുശേഷം പ്യൂപ്പ, പുനരാഖ്യാനങ്ങള്‍, അവിരാമം എന്നീ നോവലുകളുമായി അടുത്തകാലത്ത് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. എഴുത്തിലേക്കു മടങ്ങിയെത്തിയ വേളയിലാണ് ഈ കഥാകാരന്‍ സ്വസ്ഥമായി ഉറങ്ങാന്‍ സ്വന്തം വഴി കണ്ടെത്തിയത്. എം. സുധാകരന്‍ നിത്യസുഷുപ്തിയില്‍ പ്രവേശിച്ചല്ലോ എന്നു നമ്മള്‍ ഇത്തരുണത്തില്‍ ഒരു ആകസ്മിക പ്രസ്താവന നടത്തുമ്പോഴും ഈ കഥാകൃത്ത് വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നത് അയ്യയ്യോ, ഇതു നിങ്ങള്‍തന്നെയാണല്ലോ എന്നായിരിക്കും. അങ്ങനെ അദ്ദേഹത്തിന്റെ നിത്യ ഉറക്കവും വായനക്കാരന്റെ ഉറക്കം കെടുത്തുന്നുവെന്നാണ് എനിക്കു തോന്നുന്നത്.

അക്ബര്‍ കക്കട്ടിലിന്റെ പക്കല്‍ 'മൈക്ക്' ഉള്ളപ്പോഴെല്ലാം സദസ്സില്‍ നിശ്ശബ്ദമായിരിക്കുന്ന എം. സുധാകരന്‍ എഴുത്തിന്റെ വഴിയില്‍ വ്യത്യസ്തനായിരുന്നെന്നു എനിക്കു തോന്നി. കോഴിക്കോട്ട് മിഠായിത്തെരുവിലുള്ള പി.കെ. ബ്രദേഴ്‌സ് എന്ന പഴയ പ്രസാധകരുടെ അകത്തളങ്ങളിലേക്ക് കടന്നുവരാത്ത 'യുവസാഹിത്യ'കാരന്മാര്‍ അന്നില്ലായിരുന്നു. അകാലത്തില്‍ നമ്മെ വിട്ടുപോയ രാഷ്ട്രീയ പ്രവര്‍ത്തകനും സാഹിത്യാസ്വാദകനുമായ സി.എച്ച്. ഹരിദാസിന്റെ 'ഐഡിയാ'യില്‍ പുറത്തിറങ്ങിയ 'പ്രതിഭാസംഗമം' എന്ന ചെറുകഥാ സമാഹാരം 1985ല്‍ പുറത്തിറക്കിയത് പി.കെ. ബ്രദേഴ്‌സ് ആയിരുന്നു. യുവകഥാകൃത്തുക്കളെ കണ്ടെത്തി അവരുടെ കഥകള്‍ അക്ബര്‍ വാങ്ങിക്കൊടുത്തെങ്കിലും പുസ്തകം വെളിച്ചം കാണും മുന്‍പ് സി.എച്ച്. ഹരിദാസ് അന്തരിച്ചു. ഇന്നത്തെ പ്രമുഖരായ പല ആധുനികാനന്തര കഥാകൃത്തുക്കളുടെ ശക്തമായ രംഗപ്രവേശനമായിരുന്നു 'പ്രതിഭാസംഗമം.' അതിലെ ഒരെഴുത്തുകാരനായിരുന്നു എം. സുധാകരന്‍.

ആധുനിക മനുഷ്യന്റെ ചിത്രങ്ങളാണ് എം. സുധാകരന്‍ തന്റെ കഥകളിലൂടെ പറയാന്‍ ശ്രമിച്ചത്. ജീവിതത്തോടുള്ള അസാധാരണത്വമാണ് ഈ എഴുത്തുകാരന്റെ കഥകളുടെ മേന്മ. ജീവിതത്തിന്റെ ആകസ്മികതയില്‍ അസാധാരണത്വം കണ്ടെത്തുന്ന സുധാകരന്‍ ഓരോ മനുഷ്യന്റേയും നിസ്സംഗതയിലെ ഉണ്‍മയെ കണ്ടെത്താനാണ് ശ്രമിച്ചിട്ടുള്ളത്. ആദ്യ സമാഹാരത്തിലെ കഥകളിലെല്ലാം മനുഷ്യകാമനകളുടെ വൈരുദ്ധ്യങ്ങളും വൈരൂപ്യങ്ങളും നിറഞ്ഞുനിന്നിരുന്നു. ഓരോ മുറിയും ഓരോ മനസ്സാണെന്നു ധ്യാനിച്ചുകൊണ്ട് തൊട്ടടുത്ത മുറിയിലെ അയല്‍ക്കാരെക്കുറിച്ച് എഴുതിയ 'ബെന!ഡിക്ട് സ്വസ്ഥമായുറങ്ങുന്നു' എന്ന കഥയിലെ മാത്രമല്ല, 'ഇടനാഴികള്‍', 'നിശ്ചല ചിത്രങ്ങള്‍', 'ദുരന്തകഥകളില്‍ എലിപ്പെട്ടിയുടെ സാധ്യതകള്‍', 'മുറി', 'ചില മരണാനന്തര പ്രശ്‌നങ്ങള്‍', 'സ്ത്രീപര്‍വ്വം', 'ഒഴിവു ദിവസങ്ങള്‍', 'ഇടവേളയില്‍ അല്പനേരം' തുടങ്ങിയ കഥകളിലെല്ലാം മനുഷ്യചേതനയുടെ സ്പന്ദിക്കുന്ന അനുഭവങ്ങളാണ് എം. സുധാകരന്‍ കോറിയിട്ടിട്ടുള്ളത്. എം. സുധാകരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹം എഴുതിയ കഥകള്‍ വായനക്കാരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുന്നു. കാമം, പ്രണയം, മരണം, ദുരിതം എന്നിങ്ങനെ ഏതു വിഷയം കൈകാര്യം ചെയ്താലും സുധാകരന്റെ കഥകള്‍ വായനക്കാരുടെ ഉറക്കം കെടുത്തുന്നു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com