മലയാളത്തേയും തമിഴിനേയും സ്‌നേഹിച്ച ആഷര്‍ 

By ഡോ. പോള്‍ മണലില്‍   |   Published: 05th February 2023 08:39 PM  |  

Last Updated: 05th February 2023 08:39 PM  |   A+A-   |  

aher

 

ഹാകവി കുമാരനാശാന്‍ 1924ല്‍ അന്‍പതാം വയസ്സില്‍ പല്ലന ബോട്ടപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത അന്നത്തെ പത്രങ്ങള്‍ വഴി കേരളം അറിഞ്ഞത് ഒരാഴ്ച കഴിഞ്ഞായിരുന്നു! അതിനു കാരണമുണ്ട്. ദിവസംതോറും പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ അന്ന് ഉണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ മറ്റോ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. എന്നാല്‍, ദിനപത്രങ്ങളും ഇന്റര്‍നെറ്റും മൊബൈലും മറ്റു സോഷ്യല്‍മീഡിയായും ഉള്ള 2022 ഡിസംബര്‍ 26ന് ആര്‍.ഇ. ആഷര്‍  തൊണ്ണൂറ്റിയൊന്‍പതാം വയസ്സില്‍ അന്തരിച്ച വാര്‍ത്ത മലയാളികള്‍ മാത്രമല്ല, ഇന്ത്യാക്കാരും അറിഞ്ഞത് 2023 ജനുവരി 11നായിരുന്നു. അതൊരു കൗതുകമായി അവശേഷിക്കുന്നു!

ആരാണീ ആര്‍.ഇ. ആഷര്‍ എന്ന് ഭാഷയേയും സാഹിത്യത്തേയും സ്‌നേഹിക്കുന്ന ആരും ചോദിക്കുകയില്ല. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം ഷെയറിലെ ഗ്രിങ്‌ലെഓണ്‍ദിഹില്ലില്‍ 1926ല്‍ ജനിച്ച റൊണാള്‍ഡ് ഇ. ആഷര്‍ പഠിച്ചത് ലോകഭാഷകളായിരുന്നെങ്കിലും അദ്ദേഹം ഏറെ സ്‌നേഹിച്ചത് മലയാളത്തേയും തമിഴിനേയുമായിരുന്നു. തകഴി ശിവശങ്കരപ്പിള്ളയുടെ 'തോട്ടിയുടെ മകന്‍' 1975ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടാണ് അദ്ദേഹം മലയാളത്തെ ആഴത്തില്‍ അറിഞ്ഞു തുടങ്ങിയത്. തുടര്‍ന്ന് വൈക്കം മുഹമ്മദ് ബഷീറിലെത്തി. ആഷര്‍ പിന്നെ മലയാളഭാഷയുടെ ഭാഗമായി മാറി. 

ആഷറിന്റെ കേരളബന്ധം ആരംഭിക്കുന്നത് പണ്ട് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍വച്ചാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണ്ണതയിലേക്കു വരുന്ന കാലം. അന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയ വി.കെ. കൃഷ്ണമേനോന്‍ ഒരു തകര്‍പ്പന്‍ പ്രസംഗം നടത്തി. കൃഷ്ണമേനോന്‍ മലയാളഭാഷ സംസാരിക്കുന്ന കേരളക്കാരനാണെന്ന് ആഷര്‍ മനസ്സിലാക്കി. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ ഭാഷാശാസ്ത്രത്തിലുള്ള താരതമ്യപഠനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം അന്ന്. വി.കെ. കൃഷ്ണമേനോന്റെ പ്രസംഗം കേട്ടപ്പോള്‍ ആഷര്‍ മലയാളഭാഷ പഠിക്കാന്‍ തീരുമാനിച്ചു. 

ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇതിനകം ആഷര്‍ തമിഴ്ഭാഷ പഠിച്ചിരുന്നു. തമിഴ് പഠിച്ചതിനെത്തുടര്‍ന്ന് ദ്രാവിഡഭാഷകള്‍ പഠിക്കാന്‍ ഇഷ്ടം തോന്നി. തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സിന്റെ ഭാഗമായി മലയാളം പ്രത്യേകമായി പഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇപ്രകാരം തമിഴിലൂടെയാണ് ആഷര്‍ മലയാളത്തിലെത്തിയത്. തമിഴ് പഠിച്ചെങ്കിലും അതിന്റെ സംസാരഭാഷാപ്രയോഗം നേരിട്ട് പഠിക്കാന്‍ 1955ല്‍ അദ്ദേഹം തമിഴ്‌നാട്ടിലെത്തി. ദ്രാവിഡഭാഷകളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ മാത്രമല്ല, മലയാളത്തിലേക്കു കൂടുതല്‍ ശ്രദ്ധ തിരിക്കാനും ഈ സന്ദര്‍ശനം ഇടയാക്കി. അന്ന് കേരളം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനുമുന്‍പ് മലയാളത്തിലെ രണ്ടു കൃതികളെപ്പറ്റി താന്‍ കേട്ടിട്ടുണ്ടെന്ന് ആഷര്‍ എന്നോടു പറഞ്ഞിട്ടുണ്ട്. അന്‍പതുകളില്‍ യുനെസ്‌കോയുടെ പാരീസിലുള്ള ആസ്ഥാനത്തു ലോകത്തിലെ ഭാഷാവിദഗ്ദ്ധരുടെ ആലോചനായോഗം നടത്തിയിരുന്നു. ഏഷ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യ സ്വഭാവമുള്ള കൃതികള്‍ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു ആ യോഗം. പരിഭാഷപ്പെടുത്താവുന്നവയായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന ഭാരതീയ കൃതികളില്‍ രണ്ടു മലയാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു  ചന്തുമേനോന്റെ 'ഇന്ദുലേഖ', ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്നിവ. 

ബഷീർ

ബഷീറിനും തകഴിക്കും കത്തയച്ച ആഷര്‍

മലയാളം പഠിക്കാനുള്ള ഉദ്യമം എങ്ങനെയാണ് വിജയത്തിലെത്തിയതെന്ന് ഞാനൊരിക്കല്‍ ആഷറിനോടു ചോദിച്ചു. ലണ്ടനില്‍ വച്ച് മലയാളം ഒറ്റയ്ക്കു പഠിക്കാനൊരു ശ്രമം ആഷര്‍ നടത്തുകയുണ്ടായി. ഭാഷ പഠിക്കാനുള്ള പുസ്തകങ്ങള്‍ കിട്ടാനില്ലാതിരുന്നതിനാല്‍ ആ ശ്രമം പൂര്‍ണ്ണമായും സഫലമായില്ല. ബഷീറിന്റെ ചില നോവലുകള്‍ വായിച്ചാല്‍ പഠനം എളുപ്പമാകുമെന്നു കരുതി ആ വഴിയും ശ്രമിച്ചു നോക്കി. വര്‍ത്തമാനം പറയുന്നമാതിരിയാണ് ബഷീര്‍ എഴുതിയിട്ടുള്ളതെങ്കിലും ഭാഷാപഠനം നീണ്ടു. അതിനിടെ ബഷീറിന്റെ ചില നോവലുകള്‍ തമിഴില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതെല്ലാം സ്വതന്ത്ര വിവര്‍ത്തനങ്ങളായിരുന്നതിനാല്‍ അതും മലയാളം പഠിക്കാന്‍ ഉപകരിച്ചില്ല. അങ്ങനെയിരിക്കെ 1963ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് ആഷറിനു ഒരു വര്‍ഷത്തെ അധ്യയന അവധി അനുവദിച്ചു. അതിന്റെ ഭാഗമായി നാലുമാസം തമിഴ്‌നാട്ടിലും ആറുമാസം കേരളത്തിലും ചെലവഴിച്ച് തമിഴിന്റേയും മലയാളത്തിന്റേയും വായ്‌മൊഴി രൂപങ്ങളെപ്പറ്റി പഠനം നടത്തി. 

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ മലയാളം പ്രൊഫസര്‍ ആയിരുന്ന കെ.എം. പ്രഭാകരവാരിയരാണ് ആഷറെ കേരളത്തിലേക്ക് അയച്ച് മലയാളം പഠിപ്പിച്ചത്. അതിന് എറണാകുളത്തു രണ്ടുപേരെ ചട്ടംകെട്ടി  എന്‍. ഉണ്ണിക്കൃഷ്ണന്‍ നായര്‍, സി.കെ നളിനബാബു  എന്നിവര്‍ ആ ദൗത്യം നന്നായി നിര്‍വ്വഹിച്ചു. എറണാകുളത്ത് ജി. ശങ്കരക്കുറുപ്പിന്റെ വസതിക്കു സമീപമായിരുന്നു ആഷര്‍ താമസിച്ചത്. മലയാളം പറയാന്‍ മാത്രമല്ല, എഴുതാനും പഠിച്ചതോടെ മലയാളത്തിലെ എഴുത്തുകാരെ നേരില്‍ കാണാന്‍ ആഷര്‍ ആഗ്രഹിച്ചു. അങ്ങനെ ആദ്യം കണ്ടതും പരിചയപ്പെട്ടതും ജി. ശങ്കരക്കുറുപ്പിനെ ആയിരുന്നു. ഭാഷ പഠിക്കാന്‍ വന്ന ആഷറിനു ഭാഷാശാസ്ത്രത്തില്‍ മാത്രമല്ല, മലയാള നോവലിലും കഥയിലും അഭിനിവേശമുണ്ടായി. തകഴിയുടെ 'ചെമ്മീന്‍' ഇംഗ്ലീഷ് പരിഭാഷ ആഷര്‍ നേരത്തെ വായിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, മലയാളം പഠിച്ച ഒരാള്‍ക്ക് ആദ്യം വായിക്കാന്‍ പറ്റുന്ന നോവല്‍ ബഷീറിന്റെ 'പാത്തുമ്മയുടെ ആട്' ആണെന്ന് മലയാളഭാഷ പഠിപ്പിച്ച ഉണ്ണിക്കൃഷ്ണന്‍ നായരും നളിനബാബുവും നിര്‍ദ്ദേശിച്ചു. 

എന്തായാലും മലയാള നോവല്‍ ലോകത്തേക്കു പ്രവേശിക്കാന്‍ കഴിയുമെങ്കില്‍ അതു ബഷീറിലൂടെയോ തകഴിയിലൂടെയോ ആയിരിക്കണമെന്ന് ആഷര്‍ നിശ്ചയിച്ചിരുന്നു. അതിനാല്‍ ബഷീറിനേയും തകഴിയേയും കാണാന്‍ തീരുമാനിച്ചു. സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അവര്‍ക്ക് കത്തയച്ചു. കത്തു കിട്ടിയ ഉടന്‍ തകഴി എറണാകുളത്ത് ആഷര്‍ താമസിച്ച അജന്ത ഹോട്ടലില്‍ എത്തി. തുടര്‍ന്ന് പല തവണ തകഴിയെ വീട്ടില്‍ ചെന്നു കണ്ടു. തകഴിയുടെ വീട്ടില്‍ ആദ്യം പോയത് ജോസഫ് മുണ്ടശ്ശേരിയുടെ കൂടെയായിരുന്നു. തകഴിയുടെ വീട്ടില്‍ മൂന്ന് ദിവസം താമസിക്കുക മാത്രമല്ല, തകഴിയുടെ നോവല്‍ പശ്ചാത്തലം അടങ്ങുന്ന കുട്ടനാട് ചുറ്റിക്കറങ്ങുകയും ചെയ്തു. ആഷറെ കാണാന്‍ പല എഴുത്തുകാരും തകഴിയുടെ വീട്ടില്‍ വന്നു. ആദ്യമായും അവസാനമായും കള്ളിന്റെ രുചി അറിഞ്ഞതും തകഴിയുടെ വീട്ടില്‍വച്ചായിരുന്നുവെന്ന് ആഷര്‍ എന്നോടു പറഞ്ഞിട്ടുണ്ട്. 

ജി ശങ്കരക്കുറുപ്പ്

ആദ്യത്തെ വരവില്‍ പക്ഷേ, ബഷീറിനെ കാണാന്‍ കഴിഞ്ഞില്ല. ബഷീറിന്റെ വിലാസത്തില്‍ അയച്ച കത്ത് ബേപ്പൂരില്‍ എത്തിയപ്പോഴേക്കും ആഷര്‍ ഇംഗ്ലണ്ടിലേക്കു മടങ്ങിയിരുന്നു. 'അങ്ങയുടെ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചു. സുപ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിനെ കാണാന്‍ എനിക്കു അതിയായ ആഗ്രഹമുണ്ട്' എന്നായിരുന്നു ആഷര്‍ എഴുതിയത്. എറണാകുളത്തെ ഹോട്ടലിന്റെ കെയ്‌റോഫില്‍ ബഷീറിന്റെ മറുപടി വന്നപ്പോഴേക്കും മാസങ്ങള്‍ കഴിഞ്ഞെങ്കിലും ആ കത്ത് കറങ്ങിത്തിരിഞ്ഞ് ആഷര്‍ പക്കലെത്തി. അപ്പോഴേക്കും ആഷര്‍ എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയില്‍ പ്രോവൈസ് ചാന്‍സലറായിരുന്നു. പിന്നെ ഒരറ്റത്ത് ബേപ്പൂരും മറ്റേയറ്റത്ത് എഡിന്‍ബറോയും തമ്മില്‍ എഴുത്തുകുത്തിന്റെ പ്രവാഹമായി. ബഷീറിന്റെ ചില നോവലുകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്താനുള്ള ആഗ്രഹം ആഷര്‍ അറിയിക്കുകയും ചെയ്തു. 

ആഷര്‍ വീണ്ടും കേരളത്തില്‍ വന്നത് ബഷീറിനെ കാണാനായിരുന്നു  1966ല്‍. ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ ഏതു പുസ്തകത്തിന്റേയും പരിഭാഷ പ്രസിദ്ധപ്പെടുത്താനുള്ള അനുവാദം ബഷീര്‍ നല്‍കി. 'ബാല്യകാലസഖി'യും 'പാത്തുമ്മയുടെ ആടും' ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു'വും ഒരു പുറംചട്ടക്കുള്ളില്‍ പ്രസിദ്ധപ്പെടുത്താനാണ് തന്റെ ആഗ്രഹമെന്ന് ആഷര്‍ അറിയിക്കുകയും വിവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതില്‍ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നോവലിന്റെ പരിഭാഷ നടത്താന്‍ ആഷര്‍ അതീവ ക്ലേശമനുഭവിച്ചു! അതിനിടയില്‍ (1967) അമേരിക്കയിലെ ഇല്ലിനോയിഡ് സര്‍വ്വകലാശാലയില്‍ മലയാളം പഠിപ്പിക്കാന്‍ ആഷറിന് അവസരം ലഭിച്ചപ്പോള്‍  തന്റെ പരിഭാഷ വിഷയത്തില്‍ നേരിട്ട തടസ്സങ്ങള്‍ പരിഹരിക്കാന്‍ അവിടെ ഉണ്ടായിരുന്ന അച്ചാമ്മ കോയില്‍പ്പറമ്പില്‍ എന്ന എഴുത്തുകാരിയുടെ സഹായം ലഭിച്ചു. ആഷറെ കുഴക്കിയിരുന്ന പരിഭാഷാപ്രശ്‌നങ്ങളില്‍ പലതിനും പരിഹാരം കണ്ടെത്താന്‍ സഹായിച്ചത് അച്ചാമ്മയായിരുന്നു. 

നോവല്‍ പരിഭാഷകളുമായി ആഷര്‍ വീണ്ടും ബഷീറിനെ കാണാനെത്തി  1968ല്‍. തന്റെ പരിഭാഷയില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍, ഇസ്‌ലാം മതത്തെപ്പറ്റിയും പേരുകളെപ്പറ്റിയും മറ്റും എന്തെങ്കിലും പിശകുണ്ടെങ്കില്‍ തിരുത്തണമെന്ന ആഗ്രഹത്തോടെയായിരുന്നു ഇക്കുറി വന്നത്. കുഞ്ഞുപാത്തുമ്മയുടെ മാനസികനിലയ്ക്കുള്ള കാരണം വ്യക്തമാക്കുന്ന തരത്തില്‍ 'കുയ്യാന' എങ്ങനെ പരിഭാഷപ്പെടുത്തുമെന്ന ചിന്ത ആഷറിനുണ്ടായിരുന്നു. ബേപ്പൂര്‍ സന്ദര്‍ശിച്ച വേളയില്‍ വീടിന്റെ ഭിത്തിയുടെ ചുവട്ടിലെ പൂഴിയില്‍ ബഷീര്‍ ഒരു കുഴിയാനയെ കാണിച്ചുകൊടുത്തു. ഇക്കാലത്തിനിടയില്‍ ബഷീറിന്റെ മനസ്സും ഭാഷയും ആഷര്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. കുഴിയാനയുടെ ഇംഗ്ലീഷ് പദം 'ആന്റ് ലയണ്‍'  Ant Elephant lion എന്നാണെങ്കിലും കുഴിയാനയെ കണ്ടപ്പോള്‍ ആഷര്‍ ബഷീറിനു വഴങ്ങി 'എലഫന്റ് ആന്റ്' (elephant ant)  എന്നു വിവര്‍ത്തനം ചെയ്തു. അതുപോലെ 'ആനമക്കാര്‍' എന്ന പ്രയോഗം ഇംഗ്ലീഷില്‍ അതേപടി നിലനിര്‍ത്തി. ഇപ്രകാരം ബഷീറിന്റെ ആനമക്കാര്‍, കുപ്പായം എന്നിങ്ങനെ ഒട്ടേറെ മലയാളം പദങ്ങള്‍ ആഷര്‍ ഇംഗ്ലീഷ് ഭാഷയില്‍ എത്തിച്ചു. 

തകഴി

നമ്മുടെ ബഷീറിനെ വിശ്വസാഹിത്യത്തില്‍ അവതരിപ്പിക്കുകയും നൊബേല്‍ സമ്മാനത്തിന് അദ്ദേഹത്തെ ശുപാര്‍ശ നടത്തുകയും ചെയ്ത ആഷര്‍, പക്ഷേ, ആദ്യം വിവര്‍ത്തനം ചെയ്ത നോവല്‍ തകഴിയുടെ 'തോട്ടിയുടെ മകന്‍' ആണെങ്കിലും അതിനു മുന്‍പ് 1969ല്‍ മുട്ടത്തുവര്‍ക്കിയുടെ ഒരു ചെറുകഥ 'ഈവിള്‍ സ്പിരിറ്റ്' (evil spirit) എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, 1980ല്‍ എഡിന്‍ബറോ യൂണിവേഴ്‌സിറ്റി പ്രസ്സ് ബഷീറിന്റെ മൂന്നു നോവലുകള്‍ 'Me Grandad Ad An Elephant' എന്ന പേരില്‍ ഒറ്റപ്പുസ്തകമായി പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്ന് ആഷറിനെ മലയാളികള്‍ തിരിച്ചറിഞ്ഞു. 1983ല്‍ കേരള സാഹിത്യ അക്കാദമി ആഷറിനെ ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു. ആഷറിന്റെ ഭാര്യ ജീനും മക്കളായ ഡേവിഡും മൈക്കലും ബഷീറിനെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ബേപ്പൂരിലെ വൈലാലില്‍ വീട് അവര്‍ക്ക് അയല്‍പക്കം പോലെയായിരുന്നെന്ന് ആഷര്‍ എന്നോടു പറഞ്ഞിട്ടുണ്ട്. ഓരോ തവണയും ആഷര്‍ കേരളത്തില്‍നിന്നു മടങ്ങിയെത്തുമ്പോള്‍ ബഷീറിന്റേയും ഫാബിയുടേയും ഷാഹിനയുടേയും അനീസിന്റേയും ചിത്രങ്ങള്‍ ജീനിനെ കാണിച്ചിരുന്നു. 

ആഷറിന്റെ നോവല്‍ നിരീക്ഷണങ്ങളും പഠനങ്ങളും ബഷീറില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതല്ലെന്ന് അദ്ദേഹത്തിന്റെ മറ്റു വിലയിരുത്തലുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മലയാളത്തിന്റേയും മലയാളത്തിലെ എഴുത്തുകാരുടേയും കീര്‍ത്തി ലോകമെമ്പാടും എത്തിക്കാനാണ് ആഷര്‍ എന്നും ശ്രമിച്ചിട്ടുള്ളത്. മലയാളത്തില്‍ അദ്ദേഹത്തിന്റെ ആദ്യപഠനം അച്ചടിച്ചുവന്നത് 1964ല്‍ 'മംഗളോദയ'ത്തിലായിരുന്നു  അതിന്റെ ശീര്‍ഷകം 'ഇംഗ്ലീഷോ ഹിന്ദിയോ?' എന്നായിരുന്നു. മലയാളഭാഷയേയും സാഹിത്യത്തേയുംപറ്റി പ്രതിപാദിക്കുന്ന പ്രബന്ധങ്ങള്‍ ഉള്‍പ്പെടുന്ന 'മലയാളഭാഷാ സാഹിത്യപഠനങ്ങള്‍' എന്ന ആദ്യ മലയാളപുസ്തകം 1989ല്‍ പുറത്തുവന്നു. ബഷീര്‍ കൃതികളെപ്പറ്റി പത്തു പഠനങ്ങള്‍ അടങ്ങിയ 'ബഷീര്‍ മലയാളത്തിന്റെ സര്‍ഗ്ഗവിസ്മയം' എന്ന പുസ്തകം 1999ല്‍ പ്രസിദ്ധീകരിച്ചു. ബഷീറിനെ സ്‌നേഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ അതിന് അവതാരിക എഴുതാന്‍ അദ്ദേഹം എനിക്ക് അവസരം തന്നത് മറക്കാന്‍ കഴിയാത്ത അനുഭവമാണ്. വിശ്വപണ്ഡിതനായ ആഷറിന്റെ പുസ്തകത്തിന് അവതാരിക എഴുതാനുള്ള യോഗ്യതയല്ല, 'ബഷീര്‍ സ്‌കൂളി'നോടുള്ള പാരസ്പര്യമായിരുന്നു അദ്ദേഹം എന്നില്‍ ദര്‍ശിച്ചതെന്നു തോന്നിപ്പോകുന്നു. ബഷീറിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ 1995 ജൂലൈ അഞ്ചിനും ബഷീറിന്റെ ജന്മശതാബ്ദിയാഘോഷത്തില്‍ പങ്കെടുക്കാന്‍ 2008 ജനുവരിയിലും ആഷര്‍ എഡിന്‍ബറോയില്‍നിന്നു പറന്നെത്തിയതും ആ പാരസ്പര്യത്തിലായിരുന്നു. 2008ല്‍ വന്നതിനുശേഷം ഒരിക്കല്‍ക്കൂടി കേരളത്തില്‍ വരണമെന്നുള്ള ആഗ്രഹം അദ്ദേഹം പങ്കിട്ടിരുന്നു. 

ദ്രാവിഡഭാഷകളോടുള്ള പ്രിയം

മലയാളത്തെപ്പറ്റി ഇംഗ്ലീഷില്‍ എഴുതിയ ഗ്രന്ഥമാണ് ആഷറിന്റെ അവസാനത്തെ കൃതികളില്‍ ഒന്ന് ആ പുസ്തകത്തിന്റെ ശീര്‍ഷകം 'Malayalam' എന്നാണ്. 1967ല്‍ 'എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക'യില്‍ മലയാളസാഹിത്യത്തെപ്പറ്റിയുള്ള അദ്ധ്യായം എഴുതിയത് ആഷറായിരുന്നു. ഹോളണ്ടില്‍ പുറത്തിറക്കിയ ഭാഷാപഠനപരമ്പരയിലും (1968) പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയ The Penguin Companion to Literature-ലും (1969) മലയാളത്തെപ്പറ്റി എഴുതിയതും ആഷര്‍ തന്നെ. പെന്‍ഗ്വിന്റെ പുസ്തകത്തില്‍ എഴുത്തച്ഛന്‍, ഒ. ചന്തുമേനോന്‍, വള്ളത്തോള്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍, തകഴി എന്നിവരെപ്പറ്റി ലഘുപഠനങ്ങളും എഴുതി. ലണ്ടനില്‍ പ്രസിദ്ധപ്പെടുത്തിയ The Novel in India: its birth and development (1970) എന്ന ഗ്രന്ഥത്തില്‍ ഒ. ചന്തുമേനോന്‍, തകഴി, ബഷീര്‍ എന്നിവരുടെ കൃതികളെപ്പറ്റി വിശദമായ പഠനങ്ങള്‍ അദ്ദേഹം എഴുതുകയുണ്ടായി. Studies in the language and culture of South Asia (1973) എന്ന ഗ്രന്ഥത്തില്‍ ബഷീറിനെപ്പറ്റിയും Cassell's Encyclopedia of world literature-ല്‍ (1973) മലയാളത്തെപ്പറ്റിയും Dictionary of oriental literature-ല്‍ എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, ചന്തുമേനോന്‍, കേശവദേവ്, ചങ്ങമ്പുഴ, കുമാരനാശാന്‍, ഉറൂബ്, വള്ളത്തോള്‍, ഉള്ളൂര്‍, എം.ടി. വാസുദേവന്‍ നായര്‍, സി.വി. രാമന്‍പിള്ള, ജി. എന്നിവരെപ്പറ്റിയും പഠനങ്ങള്‍ എഴുതി. 

ആഷറിന്റെ ഭാഷാസപര്യ ഫ്രെഞ്ചിലും ഇംഗ്ലീഷിലും മാത്രമല്ല, ലോകത്തിലെ പ്രധാനപ്പെട്ട ഒരു ഡസനിലേറെ ഭാഷകളിലായി വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും ദ്രാവിഡഭാഷകള്‍ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു. എഡിന്‍ബറൊ യൂണിവേഴ്‌സിറ്റി ആഷറിന് ഡിലിറ്റ് നല്‍കിയത് ദ്രാവിഡഭാഷാപഠനത്തെ പുരസ്‌കരിച്ചായിരുന്നു. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ തമിഴ് വിസിറ്റിംഗ് പ്രൊഫസറായും മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ തമിഴ്, മലയാളം വിസിറ്റിങ് പ്രൊഫസറായും തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റിയില്‍ സുബ്രഹ്മണ്യഭാരതി ഫെല്ലോ ആയും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ബഷീര്‍ ചെയര്‍ മേധാവിയായും ആഷര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ് ഭാഷയെപ്പറ്റി കേംബ്രിജ് യൂണിവേഴ്‌സിറ്റി പ്രസ്സ് പുറത്തിറക്കിയ A Tamil Prose Reader Selections from Contemporary Tamil Prose (1971), മദ്രാസ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ Some Landmarks in the History of Tamil Prose (1973), ആംസ്റ്റര്‍ഡാമില്‍ പുറത്തിറക്കിയ Tamil (1982) എന്നീ ഗ്രന്ഥങ്ങള്‍ ആഷറുടെ പേരിലുണ്ട്. വിശ്വസാഹിത്യം, വിശ്വഭാഷകള്‍, ഭാഷാശാസ്ത്രം എന്നിവ സംബന്ധിച്ച് ആഷര്‍ എഴുതിയിട്ടുള്ള പുസ്തകങ്ങളുടേയും പഠനങ്ങളുടേയും കണക്കുകള്‍ അദ്ദേഹത്തിനുപോലും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരോ ഭാഷയ്ക്കുവേണ്ടിയും സമയവും ദിവസവും നീക്കിവച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. 

എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയായിരുന്നു ആഷറിന്റെ മുഖ്യ കര്‍മ്മവേദി. 1965ല്‍ ലിംഗ്വിസ്റ്റിക്‌സ് അദ്ധ്യാപകനായി അവിടെ പ്രവര്‍ത്തനം തുടങ്ങിയ ആഷര്‍ അവിടെ വകുപ്പ്‌മേധാവിയും ഡീനും എമിരിറ്റസ് പ്രൊഫസറുമായി തൊണ്ണൂറ്റിയാറാം വയസ്സുവരെ പ്രവര്‍ത്തിച്ചു! ബഷീറിനെപ്പറ്റി എഴുതിയ ഇംഗ്ലീഷ് പഠനങ്ങള്‍ പുസ്തകരൂപത്തിലാക്കാനുള്ള ഉദ്യമത്തിലായിരുന്നു ഒടുവില്‍ ആഷര്‍. പഠനങ്ങളെല്ലാം തയ്യാറാക്കി എന്നെ ഏല്പിച്ചെങ്കിലും അതു പുസ്തകമായി അച്ചടിക്കുന്നതിനു മുന്‍പ് അദ്ദേഹം കടന്നുപോയി. ബഷീര്‍ പഠനങ്ങളും അനുഭവങ്ങളും ചേര്‍ത്ത് ഞാനെഴുതിയ 'ബഷീര്‍ അനുഭവങ്ങള്‍' എന്ന എന്റെ പുസ്തകത്തിനു അവതാരിക എഴുതിയതും കോട്ടയത്ത് എന്റെ വീട്ടില്‍ വന്നു ബിരിയാണി കഴിച്ചപ്പോള്‍ അതിലെ മസാലക്കൂട്ട് രുചിച്ച് എരിവു സഹിക്കാന്‍ വയ്യാതെ ആഷര്‍ കരഞ്ഞതും ഇമെയിലില്‍ ദീര്‍ഘമായ കത്തെഴുതി കത്തെഴുത്തു സാഹിത്യത്തെ സമ്പന്നമാക്കിയതും ഒക്കെ പറയാന്‍ തുടങ്ങിയാല്‍ തീരില്ല. ബഷീറിന്റെ വീട്ടില്‍വച്ച് ഞങ്ങള്‍ സുകുമാര്‍ അഴീക്കോടും എം.എന്‍. കാരശ്ശേരിയും ഒന്നിച്ച് ബിരിയാണി കഴിച്ചിട്ടുണ്ട്. എരിവു സഹിക്കാന്‍ കഴിയാതെ അന്നും ആഷര്‍ കരഞ്ഞു. അതേപ്പറ്റി ബഷീര്‍ എഴുതിയത് 'എരിവിന്റെ കരച്ചില്‍' എന്നായിരുന്നു. ഇപ്പോള്‍ ആഷര്‍ മരിച്ചു. ബഷീര്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും കരയുമായിരുന്നു കണ്ണീരൊഴുക്കുന്ന കരച്ചില്‍.

ഈ ലേഖനം കൂടി വായിക്കൂ 

സാഹചര്യങ്ങള്‍ ചാര്‍ത്തിയ പ്രതികാരമൂര്‍ത്തിയുടെ കിരീടം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ