സാഹചര്യങ്ങള്‍ ചാര്‍ത്തിയ പ്രതികാരമൂര്‍ത്തിയുടെ കിരീടം

രണ്ടു പ്രതിമകള്‍ തകര്‍ക്കപ്പെട്ടപ്പോഴും പ്രതിഷേധിക്കാന്‍ തിരുവനന്തപുരത്ത് ആരുമുണ്ടായില്ല
സാഹചര്യങ്ങള്‍ ചാര്‍ത്തിയ പ്രതികാരമൂര്‍ത്തിയുടെ കിരീടം

പ്രതിമകളുടെ നഗരമായി അറിയപ്പെടുന്ന തിരുവനന്തപുരത്ത് രണ്ടു പ്രതിമകള്‍ മാത്രമാണ് തകര്‍ക്കപ്പെട്ടിട്ടുള്ളത്. സര്‍ സി.പി. രാമസ്വാമി അയ്യരുടേയും അമ്മ മഹാറാണിയായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന സേതു പാര്‍വ്വതിബായിയുടേയും (1896-1783). തമ്പാനൂരിലെ സി.പി. സത്രത്തിനു മുന്‍പില്‍ ഉണ്ടായിരുന്ന ദിവാന്റെ അര്‍ദ്ധകായ പ്രതിമ വികൃതമാക്കിയത്, അദ്ദേഹത്തെ വധിക്കാന്‍ നിയോഗിക്കപ്പെട്ട കെ.സി.എസ്. മണി ആയിരുന്നു. ഒബ്സര്‍വേറ്ററി കുന്നിന്‍ചരിവിലുള്ള സേതു പാര്‍വ്വതിബായിയുടെ മനോഹരമായ മാര്‍ബിള്‍ പ്രതിമ തകര്‍ത്തത് (1969), നക്‌സലൈറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തിരുന്ന ഫിലിപ്പ് എം. പ്രസാദിന്റെ അനുയായികളും. രണ്ടു പ്രതിമകള്‍ തകര്‍ക്കപ്പെട്ടപ്പോഴും പ്രതിഷേധിക്കാന്‍ തിരുവനന്തപുരത്ത് ആരുമുണ്ടായില്ല. രണ്ടു പ്രതിമകളും അതു സ്ഥിതിചെയ്തിരുന്ന സ്ഥാനങ്ങളില്‍ പുനഃസ്ഥാപിക്കപ്പെട്ടില്ല. സീറോ മലങ്കരസഭ പട്ടത്ത് രാജഭരണകാലത്ത് തുടങ്ങിയ ഹൈസ്‌കൂളിന്റെ പേര്, വൈകാതെ സെന്റ് മേരീസ് ഹൈസ്‌കൂളായി. ഇത്രയധികം വെറുക്കപ്പെട്ടവര്‍ ആയിരുന്നോ ഇരുവരും? ആകണമല്ലോ.

ഇരുവരും ഇത്രയധികം വെറുക്കപ്പെടാന്‍ എന്തായിരുന്നു കാരണം? ഉത്തരവാദ പ്രക്ഷോഭണത്തോടുള്ള സി.പി. രാമസ്വാമി അയ്യരുടെ നിര്‍ദ്ദയ നടപടികള്‍ പൊറുക്കാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല. പുന്നപ്ര-വയലാറില്‍ നടത്തിയ ബലപ്രയോഗങ്ങള്‍ മറക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കും സാധിച്ചില്ല. തിരുവിതാംകൂറിന്റെ വ്യവസായവല്‍ക്കരണത്തിനും ഉന്നത വിദ്യാഭ്യാസപുരോഗതിക്കും സി.പി. രാമസ്വാമി അയ്യര്‍ നടത്തിയ നിസ്തുല സംഭാവനകളെപ്പറ്റി ഓര്‍ക്കുന്നവരും ഒരു ന്യൂനപക്ഷം മാത്രമായിരുന്നു.

സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിന്റെ മാര്‍ഗ്ഗദര്‍ശകന്‍ ആയിരുന്നപ്പോഴാണ്, പിന്നാക്കാവസ്ഥ അനുഭവിച്ചുകൊണ്ടിരുന്ന ഒരു കാര്‍ഷിക നാട്ടുരാജ്യത്തില്‍നിന്ന് തിരുവിതാംകൂര്‍ ഒരു ആധുനിക വ്യവസായ സംസ്ഥാനമായി ഉയര്‍ന്നത്. (എ.രഘു. സര്‍ സി.പി. 1999)

സാത്വികനും സൗമ്യനും പുരോഗമനേച്ഛുവുമായി അറിയപ്പെട്ടിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയെ മാതൃപദവി ഉപയോഗിച്ച് സ്വന്തമാക്കിവച്ച ഒരു അധികാര ബാഹ്യ ശക്തിയായാണ് തിരുവിതാംകൂര്‍കാര്‍ മൂലംതിരുനാള്‍ സേതു പാര്‍വ്വതിബായിയെ എന്നും കണ്ടിരുന്നത്. റീജെന്റെന്ന നിലയില്‍ തിരുവിതാംകൂര്‍ ഭരിക്കാന്‍ അവസരം ലഭിച്ച അര്‍ദ്ധ സഹോദരിയായ സേതു ലക്ഷ്മീബായിയോടു തുടക്കം മുതല്‍ അവര്‍ കാണിച്ച ബദ്ധശത്രുതയും കുതന്ത്രങ്ങളും ടേണ്‍ ഓഫ് ദി ടൈഡ്, ഐവറിത്രോണ്‍ എന്നീ പുസ്തകങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദിവാന്‍ ചമന്‍ലാലിന്റെ മഹാറാണീസ് എന്ന പുസ്തകത്തിലും സേതു പാര്‍വ്വതിബായി അവജ്ഞാപാത്രമാണ്. ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയുടെ (18851924) സന്താനങ്ങളോടും അവര്‍ കലഹിച്ചു.

1901 ജൂണ്‍ 30-നായിരുന്നു, ഒരു വയസ്സ് മാത്രം വ്യത്യാസമുണ്ടായിരുന്ന ദത്തുവഴി തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ രണ്ടു റാണിമാരുടേയും അരിയിട്ടുവാഴ്ച, (കിരീടധാരണത്തിനു സമാനമായ ചടങ്ങ്) ആറ്റിങ്ങലിലെ തിരുവാറാട്ടുകാവില്‍ വെച്ചു നടന്നത്. ഭരണാധികാരിയായിരുന്ന മൂലംതിരുനാള്‍ രാമവര്‍മ്മയുടെ സന്താനങ്ങളോടും അവര്‍ നിസ്സഹകരിച്ചു. മാവേലിക്കര ഉത്സവമഠം കൊട്ടാരത്തില്‍നിന്നു രണ്ടു രാജകുമാരിമാരെ ദത്തെടുക്കണമെന്നുള്ള നിര്‍ദ്ദേശം ആറ്റിങ്ങല്‍ റാണി എന്ന പദവി വഹിച്ചിരുന്ന ലക്ഷ്മീബായി തമ്പുരാട്ടിയില്‍ (കേരളവര്‍മ്മ വലിയകോയിതമ്പുരാന്റെ ഭാര്യ) നിന്നു രാജ്യം ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയ്ക്കു (1885-1924) ലഭിക്കുന്നത് 1899-ലാണ്. തനിക്കു മക്കളില്ലെന്നതും തന്റെ അനിയത്തിയുടെ മൂന്നു ആണ്‍മക്കളില്‍ ഒരാള്‍ അന്തരിച്ചതും ദത്തിന്റെ അനിവാര്യതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ആറ്റിങ്ങല്‍ റാണിയെ പ്രേരിപ്പിച്ചിരിക്കാം. കിരീടാവകാശികളായി രണ്ടു പേരുള്ളപ്പോള്‍, എന്തിനാണീ ദത്തെന്നായിരുന്നു അനന്തരാവകാശികളില്‍ ഒരാളായ ചതയം തിരുനാള്‍ രാമവര്‍മ്മ പരുഷമായി പ്രതികരിച്ചത്.

റാണി ലക്ഷ്മിബായി ദത്തെടുത്ത കുട്ടികൾക്കൊപ്പം. താഴെ ഇടതു വശത്ത് ഇരിക്കുന്നത് സേതു പാർവ്വതിബായി, വലതു വശത്ത് സേതു ലക്ഷ്മിബായി (ചിത്രത്തിന് കടപ്പാട്- മനു എസ് പിള്ള)
റാണി ലക്ഷ്മിബായി ദത്തെടുത്ത കുട്ടികൾക്കൊപ്പം. താഴെ ഇടതു വശത്ത് ഇരിക്കുന്നത് സേതു പാർവ്വതിബായി, വലതു വശത്ത് സേതു ലക്ഷ്മിബായി (ചിത്രത്തിന് കടപ്പാട്- മനു എസ് പിള്ള)

അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ തിരുവിതാംകൂര്‍ എന്ന രാജകീയ പ്രവിശ്യ, ബ്രിട്ടീഷ് പ്രോവിന്‍സിന്റെ ഭാഗമായിത്തീരാനുള്ള സാധ്യതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചായിരുന്നു ദത്തനുകൂലികള്‍ ചതയം തിരുനാളിന്റെ വായടപ്പിച്ചത്. എവിടെനിന്നു വേണം ദത്തുകള്‍ എന്ന കാര്യത്തിലും ആറ്റിങ്ങല്‍ റാണിക്കു സംശയമുണ്ടായിരുന്നില്ല. തന്റെ മാതൃകുടുംബമായ മാവേലിക്കര ഉത്സവമഠത്തില്‍നിന്നുതന്നെ വേണം ദത്തുകള്‍ എന്നു ലക്ഷ്മീബായി തമ്പുരാട്ടി ശഠിച്ചു. തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം മുതല്‍ കോല സ്വരൂപത്തില്‍നിന്നു മാത്രം മതി ദത്തുകളെന്നു തീരുമാനിക്കപ്പെട്ടിരുന്നു. മറ്റാരുടേയും ഉപദേശങ്ങള്‍ക്കു വിലകല്പിക്കാത്ത ഉമയമ്മറാണിയായിരുന്നു വിഫലമായ ചില പരീക്ഷണങ്ങള്‍ക്കുശേഷം കോലത്തുസ്വരൂപത്തില്‍നിന്നുള്ള ദത്തുകള്‍ക്ക് 17-ാം നൂറ്റാണ്ടില്‍ തുടക്കമിട്ടത്. 14-ാം നൂറ്റാണ്ടില്‍ കോലസ്വരൂപത്തില്‍നിന്ന് ആദ്യമായി ദത്തു നടത്തിയതെന്നു കരുതുന്നവര്‍ ഇതംഗീകരിക്കില്ല. ദേശിങ്ങനാട്, പേരകം, ഇളയിടം തുടങ്ങിയ വേണാടു ശാഖകളില്‍നിന്നുള്ള ദത്തുകളെക്കുറിച്ചുമാത്രമാണ് മതിലകം രേഖകള്‍ പക്ഷേ പറയുന്നത്.

കീഴ്വഴക്കങ്ങള്‍ക്കു വിരുദ്ധമായി മാവേലിക്കര രാജകുടുംബത്തില്‍നിന്നു ദത്തുകള്‍ ഉണ്ടാകുന്നത് ദുര്‍ബ്ബലനായ ബാലരാമവര്‍മ്മയുടെ (1798-1810) കാലം മുതലാണ്. കന്യകയായ പെണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാവു എന്നായിരുന്നു അപ്പോഴും നിയമം. മാവേലിക്കര ആറാട്ടുകടവ് കോയിക്കല്‍ കേരളവര്‍മ്മയെ അന്നത്തെ രാജമാതാവ് പതിവു തെറ്റിച്ച് യുവരാജാവായി സ്വീകരിക്കുകയുണ്ടായി. കോലത്തുനാട്ടില്‍നിന്നു വന്നവരായിരുന്നു മാവേലിക്കരയിലും പരിസരങ്ങളിലുമായി താമസിച്ചിരുന്ന ക്ഷത്രിയ കുടുംബങ്ങള്‍. ചെങ്ങ, മണ്ണൂര്‍മഠം, എണ്ണയ്ക്കാട്, പ്രായിക്കര, കാര്‍ത്തികപ്പള്ളി എന്നീ പേരുകളില്‍ അറിഞ്ഞിരുന്നു ഈ ശാഖകള്‍. ഇവരില്‍ ചെങ്ങക്കോവിലകത്തിനു പ്രാധാന്യം ലഭിക്കുന്നത് അവരുടെ ഉപജാപങ്ങള്‍ മൂലമാണെന്നു മറ്റുള്ളവര്‍ പരാതിപ്പെട്ടിരുന്നു.

ബ്രിട്ടീഷ് തന്ത്രങ്ങളെ മറികടക്കുന്നതിന് ദത്തെടുപ്പ്

രാജാരവിവര്‍മ്മയുടെ രണ്ടു പേരക്കുട്ടികളെയാണ് ആറ്റിങ്ങല്‍ റാണി ലക്ഷ്മീബായിയുടെ പ്രതിനിധി (കരുമാരത്ത് നമ്പൂതിരി) ഒരു നറുക്കെടുപ്പിലൂടെ ദത്തെടുത്തത് (1900 ഓഗസ്റ്റ് 31-ന്). ലക്ഷ്മീബായിയുടെ സഹോദരിയായ മഹാപ്രഭയുടെ മകളായ സേതു ലക്ഷ്മീബായിയെ ദത്തെടുക്കുന്നതിനോടു വിയോജിപ്പില്ലെങ്കിലും മറ്റൊരു മകളായ കൊച്ചുകുഞ്ഞി എന്ന ഭാഗീരഥിയുടെ മകള്‍ പാര്‍വ്വതിയെ, നിറം കുറവാണെന്നതിനാല്‍ ദത്തെടുക്കുന്നതില്‍ കൊട്ടാരം ഉപദേശകര്‍ക്കു വിയോജിപ്പുണ്ടായിരുന്നു. രണ്ടു കുട്ടികളേയും ഒരേസമയം ദത്തെടുക്കണമെന്നതില്‍ ലക്ഷ്മി തമ്പുരാട്ടിക്കു നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. ദത്തുകള്‍ എണ്ണയ്ക്കാടുനിന്നോ പ്രായിക്കര നിന്നോ ആയിക്കൂടേ എന്നു ചോദിച്ചത്, കൊട്ടാരം മാനേജര്‍ ശങ്കരന്‍തമ്പി ആയിരുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ എന്നാല്‍, ശങ്കരന്‍തമ്പിയെ തന്റെ വാസസ്ഥലത്തേയ്ക്കു വരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു. കല്‍ക്കട്ടയിലെ വൈസ്രോയിയേയും മദിരാശി ഗവര്‍ണ്ണറേയും ദത്തിന്റെ അനിവാര്യത ബോദ്ധ്യപ്പെടുത്താന്‍ രാജാരവിവര്‍മ്മയുടെ പേരക്കുട്ടികള്‍ തന്നെ വേണമെന്നായിരുന്നു കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ വിശദീകരിച്ചത്. ഇളയതമ്പുരാക്കന്മാരില്‍ രണ്ടാമനായ അശ്വതിതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കും ഈ തീരുമാനം സ്വീകാര്യമായിരുന്നു. പതിനഞ്ചോളം നാട്ടുരാജാക്കന്മാരുടെ അധികാരം വെട്ടിക്കുറക്കുകയോ സ്ഥാനഭ്രംശം വരുത്തുകയോ ചെയ്തിരുന്ന ലോഡ് കഴ്സണിന്റെ തീരുമാനങ്ങളെ ആശങ്കയോടെയാണ് അശ്വതിതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും കണ്ടിരുന്നത്. തിരുവിതാംകൂറില്‍ അന്നു റസിഡന്റായിരുന്ന ജി.ടി. മക്കന്‍സിയും രാജാരവിവര്‍മ്മയെ വളരെയേറെ ബഹുമാനിച്ചിരുന്നുവെന്ന് അശ്വതിതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അറിയാമായിരുന്നു. (2) മരുമക്കത്തായ കൂട്ടുകുടുംബത്തിലേയ്ക്ക് ദത്തെടുക്കുമ്പോള്‍ പാലിക്കേണ്ട നിയമപ്രശ്‌നങ്ങളെക്കുറിച്ചു മുന്‍ന്യായാധിപന്‍ കൂടിയായ ദിവാന്‍ കൃഷ്ണസ്വാമിറാവു തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ഇളമുറക്കാരെ ഉപദേശിച്ചതും ഉത്സവമഠത്തില്‍നിന്നുള്ള ദത്തുകള്‍ക്കു പിന്‍ബലം നല്‍കി.
ആഘോഷത്തോടെയാണ് ദത്തെടുക്കല്‍ ചടങ്ങുകള്‍ നടന്നതെങ്കിലും ചതയംതിരുനാള്‍ രാമവര്‍മ്മയുടെ ശാപവാക്കുകള്‍ അന്തരീക്ഷത്തെ ശങ്കാകുലമാക്കി. രവിവര്‍മ്മയുടെ പേരക്കുട്ടികളാണെങ്കിലും രണ്ടമ്മമാരുടെ മക്കളായിരുന്നു ഈ കുട്ടികള്‍. കുടുംബസമാധാനം ഇവരാല്‍ തകര്‍ക്കപ്പെടാന്‍ ഇടയുണ്ടെന്നായിരുന്നു ചതയംതിരുനാളിന്റെ ആശങ്ക.

റാണി സേതു പാർവതി ബായി മകൾ കാർത്തിക തിരുന്നാളും മകൻ ചിത്തിരതിരുന്നാളിനുമൊപ്പം (ചിത്രത്തിന് കടപ്പാട്- ഹിസ്റ്ററി ലിബറേറ്റഡ്; ദ ശ്രീ ചിത്ര സാ​ഗ എന്ന അശ്വതിതിരുന്നാൾ തമ്പുരാട്ടിയുടെ പുസ്തകത്തിന്)
റാണി സേതു പാർവതി ബായി മകൾ കാർത്തിക തിരുന്നാളും മകൻ ചിത്തിരതിരുന്നാളിനുമൊപ്പം (ചിത്രത്തിന് കടപ്പാട്- ഹിസ്റ്ററി ലിബറേറ്റഡ്; ദ ശ്രീ ചിത്ര സാ​ഗ എന്ന അശ്വതിതിരുന്നാൾ തമ്പുരാട്ടിയുടെ പുസ്തകത്തിന്)

ദത്തെടുപ്പുകഴിഞ്ഞ് രണ്ടു മാസം പിന്നിട്ടപ്പോള്‍, 1900 ഒക്ടോബര്‍ 10-ന് രാജകുടുംബത്തിന്റെ ശുഭപ്രതീക്ഷ ആയിരുന്ന അശ്വതിതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു. ബിരുദം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ രാജകുമാരന്‍ മാത്രമായിരുന്നില്ല അശ്വതിതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. രാജാരവിവര്‍മ്മയ്ക്കും സി. രാജരാജവര്‍മ്മയ്ക്കുമൊപ്പം വിപുലമായ ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്തിയ ഉല്‍ക്കര്‍ഷേച്ഛുവായിരുന്നു അദ്ദേഹം.  ഇളയരാജാവായ ചതയംതിരുനാള്‍ രാമവര്‍മ്മയും (1906 ജൂണ്‍-6) എട്ടുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി അന്തരിച്ചു. അടുത്തടുത്തു നടന്ന ഈ മരണങ്ങള്‍ക്കു പിന്നില്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ കറുത്ത കരങ്ങളുണ്ടെന്ന് തിരുവനന്തപുരത്ത് അക്കാലത്ത് കഥകള്‍ പ്രചരിച്ചിരുന്നു.

രാമേശ്വരത്തുപോയി സേതുസ്‌നാനം നടത്തി മടങ്ങിവന്ന കൊച്ചുതമ്പുരാട്ടിമാര്‍ സേതു ലക്ഷ്മീബായി, സേതു പാര്‍വതീബായി എന്നീ പേരുകളിലാണ് അറിഞ്ഞിരുന്നത്. മികച്ച വിദ്യാഭ്യാസമാണ് കൊച്ചുതമ്പുരാട്ടിമാര്‍ക്ക് മഹാരാജാവ് നല്‍കിയത്. ഇരുവരേയും പ്രത്യേകം പ്രത്യേകം കൊട്ടാരങ്ങളില്‍ അവരുടെ അമ്മമാര്‍ക്കൊപ്പം കഴിയാനും അനുവാദം ഉണ്ടായി. അവരെ പഠിപ്പിക്കാന്‍ വിദഗ്ദ്ധരായ അദ്ധ്യാപകരെ നിയോഗിച്ചു. സംസ്‌കൃതവും ഇംഗ്ലീഷും മലയാളവും സംഗീതവും പഠിപ്പിക്കാന്‍ പ്രത്യേകം പ്രത്യേകം അദ്ധ്യാപകര്‍ ഉണ്ടായിരുന്നു. പിയാനോയും ബാഡ്മിന്റണും പരിശീലിപ്പിക്കാന്‍ വിദഗ്ദ്ധരേയും നിയോഗിച്ചിരുന്നു. കൊച്ചുതമ്പുരാട്ടിമാര്‍ക്കു പുറമേ ശ്രീമൂലംതിരുനാളിന്റെ മകള്‍ തങ്കവും പതിവായി അവള്‍ക്കൊപ്പം ഉണ്ടായിരുന്നു. ആയില്യംതിരുനാള്‍ രാമവര്‍മ്മയുടെ (1860-1880) കാലത്ത് ചീഫ് സെക്രട്ടറിയായിരുന്നു ഫ്രാങ്ക് എഡേര്‍ഡ് വാട്‌സിന്റെ മകള്‍, ഡൊറോത്തി വാട്സ് ആയിരുന്നു മുഖ്യാദ്ധ്യാപിക. ഇതിനെല്ലാം പുറമെ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ നിതാന്ത ശ്രദ്ധയും ഇരുവര്‍ക്കും ലഭിച്ചിരുന്നു.

''പഠനകാര്യങ്ങളില്‍ സീനിയര്‍ റാണി മികച്ച വിദ്യാര്‍ത്ഥിനി എന്നു പേരെടുത്തപ്പോള്‍ പഠനേതര വിഷയങ്ങളില്‍ സേതു പാര്‍വതിബായി ആയിരുന്നു മിടുക്കി. ജൂനിയര്‍ റാണിയെ അടക്കിയിരുത്താന്‍ ബുദ്ധിമുട്ടായിരുന്നു. 1916-ല്‍ ഗര്‍ഭകാലത്തുപോലും അവര്‍ പതിവുള്ള ഗോള്‍ഫ് കളിയില്‍നിന്നു പിന്മാറാന്‍ കൂട്ടാക്കിയില്ല എന്ന് സീനിയര്‍ റാണി എഴുതിയിട്ടുണ്ട്'' (മനു എസ്. പിള്ള, ദന്തസിംഹാസനം, 2017).

കൊച്ചുതമ്പുരാട്ടിമാര്‍ക്ക് അനുയോജ്യരായ വരന്മാരെ കണ്ടെത്താനുള്ള ചുമതലയും കേരളവര്‍മ്മ വലിയകോയിത്തമ്പുരാനായിരുന്നു. സീനിയര്‍ പ്രിന്‍സിസ്സിനു തന്റെ ജന്മഗൃഹമായ അനന്തപുരം കൊട്ടാരത്തിലെ രംഗത്തേയും ജൂനിയര്‍ പ്രിന്‍സിസ്സിനു കിളിമാനൂരില്‍നിന്നുള്ള ഒരു ബിരുദധാരിയേയും കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ കണ്ടെത്തി. അനുയോജ്യരായ വരന്മാരുടെ ഒരു പട്ടിക തയ്യാറാക്കിയശേഷം അവരില്‍നിന്നു തങ്ങള്‍ക്കിഷ്ടപ്പെട്ട വരനെ തിരഞ്ഞെടുക്കാന്‍ രാജകുമാരിമാരോടു നിര്‍ദ്ദേശിക്കുകയായിരുന്നു അന്നത്തെ നടപടി. ഭാവിവരന്മാര്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ചെറുഭാഗിനേയനോ അടുത്ത ബന്ധുവോ ആയിരുന്നു. ആഘോഷപൂര്‍വ്വമായിരുന്നു പള്ളിക്കെട്ടുകള്‍ (1906).

സുമുഖനും സാത്വികനും വിദ്യാസമ്പന്നനുമായ കിളിമാനൂര്‍ രവിവര്‍മ്മ കൊച്ചുകോയിത്തമ്പുരാന്‍ തനിക്ക് അനുയോജ്യനായ ഭര്‍ത്താവായിരുന്നില്ലെന്ന് ജൂനിയര്‍ റാണി വൈകാതെ തിരിച്ചറിഞ്ഞു (1926). വേഷത്തില്‍ മാത്രമല്ല, മനോഭാവത്തിലും പാശ്ചാത്യാശയങ്ങളുടെ ആരാധികയായിരുന്ന സേതു പാര്‍വ്വതി, യാഥാസ്ഥിതികനും സംസ്‌കൃതപണ്ഡിതനുമായിരുന്ന രവിവര്‍മ്മയുമായി ഒരിക്കലും പൊരുത്തപ്പെട്ടില്ല, നിറവില്ലാത്തതും ശ്വാസംമുട്ടിക്കുന്നതുമായ ആ ദാമ്പത്യജീവിതം. ഇംഗ്ലീഷ് ചിട്ടവട്ടങ്ങളുടെ ആരാധകനായിരുന്ന അനന്തപുരത്തെ രാമവര്‍മ്മയ്ക്കു വിധേയയായിട്ടായിരുന്നു എന്നാല്‍, സീനിയര്‍ റാണിയുടെ കുടുംബജീവിതം. ജൂനിയര്‍ റാണിക്കാണ് പുരുഷസന്താനത്തെ ലഭിക്കാനുള്ള ഭാഗ്യം ഉണ്ടായത് (1912, നവംബര്‍ 7). ശ്രീമൂലംതിരുനാളിന്റെ മരണത്തെത്തുടര്‍ന്നു (1924) സേതു ലക്ഷ്മിബായി റീജന്റായി ഭരണം ഏറ്റെടുത്തു. റീജന്‍സി ഭരണത്തിന്റെ നാളുകളില്‍ കിടപ്പറ ദിവാന്‍ എന്നുപോലും അനന്തപുരം രാമവര്‍മ്മ പരിഹസിക്കപ്പെട്ടിരുന്നു. (4) ഭരണത്തിന്റെ നാളുകളില്‍, സേതു പാര്‍വതിബായിക്ക് അര്‍ഹിക്കുന്ന പരിഗണന സേതു ലക്ഷ്മീബായി നല്‍കിയിരുന്നു. ഭാവിഭരണാധികാരിക്ക് കവടിയാറില്‍ ഒരു കൊട്ടാരം നിര്‍മ്മിക്കാന്‍ സീനിയര്‍ റാണി ഉത്തരവിട്ടു (1927).

സേതു ലക്ഷ്മിബായി (ഫോട്ടോ കടപ്പാട്- മനു എസ് പിള്ളയുടെ ദന്ത സിംഹാസനം എന്ന പുസ്തകത്തിൽ നിന്ന്)
സേതു ലക്ഷ്മിബായി (ഫോട്ടോ കടപ്പാട്- മനു എസ് പിള്ളയുടെ ദന്ത സിംഹാസനം എന്ന പുസ്തകത്തിൽ നിന്ന്)

ആദ്യ സന്താനം ഒരു അബോര്‍ഷനിലൂടെ നഷ്ടപ്പെട്ടതും രണ്ടാമത്തേയും മൂന്നാമത്തേയും സന്താനങ്ങള്‍ പെണ്‍കുട്ടികളായതും അക്കാലത്ത് ജൂനിയര്‍ റാണിയുടെ അമ്മയുടെ നേതൃത്വത്തില്‍ വെള്ളയമ്പലം കൊട്ടാരത്തില്‍ വച്ചു നടന്ന ആഭിചാരപ്രയോഗത്തെ തുടര്‍ന്നാണെന്ന് രാമവര്‍മ്മ വലിയകോയിത്തമ്പുരാനും സേതു ലക്ഷ്മീബായിയും വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിതരായതോടെ ബന്ധങ്ങള്‍ ശിഥിലമായി. ഭാര്യയുടെ ക്ഷയരോഗത്തിനും വലിയകോയിത്തമ്പുരാന്‍ പഴിച്ചത് ആഭിചാരത്തെ ആയിരുന്നു.

''റീജന്‍സി ഭരണം എത്രയും പെട്ടെന്നവസാനിപ്പിച്ച് പുത്രന് രാജ്യഭരണം ഏറ്റെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു ജൂനിയര്‍ മഹാറാണിയുടെ ലക്ഷ്യം. തന്റെ ഇംഗിതത്തിനു ബ്രിട്ടീഷ് ഗവണ്‍മെന്റ് വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ലക്ഷ്യപ്രാപ്തിക്കായി അവര്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു. അതിലൊന്നായിരുന്നു ദുര്‍മന്ത്രവാദം. ബ്രിട്ടീഷ് റെസിഡന്റ് സി.ജി. ക്രോസ്‌ത്വെവയിറ്റ് വൈസ്രോയിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന സി.സി. വാട്സിന് 1929 ഫെബ്രുവരി 22-ന് അയച്ച കത്തില്‍ (ഡല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്സിലുള്ളത്) മഹാറാണിയുടേയും അവരുടെ മൂന്നു സഹോദരന്മാരുടേയും നേതൃത്വത്തില്‍, ജന്തുബലി ഉള്‍പ്പെടെയുള്ള പല ആഭിചാരകര്‍മ്മങ്ങളും കൊട്ടാരത്തില്‍വച്ച് ദിവസങ്ങളോളം നടത്തിയിരുന്നതായി പറയുന്നു (എ. ശ്രീധരമേനോന്‍, സര്‍ സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, 2003).

ആഭിചാരപൂജ എന്ന മനശ്ശാസ്ത്രം

സേതു ലക്ഷ്മീബായി റാണിയായി വാഴുമെങ്കിലും ഇളയറാണിയായിരിക്കും രാജമാതാവ് എന്ന് റസിഡന്‍സിയില്‍ അക്കാലത്ത് ഉദ്യോഗമുണ്ടായിരുന്ന അയ്യാഗുരു നടത്തിയ പ്രവചനവും രണ്ടു രാജകുമാരിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മറക്കാന്‍ കഴിഞ്ഞിരുന്നില്ല.

മനഃശാസ്ത്ര യുദ്ധതന്ത്രമെന്ന നിലയില്‍ ആഭിചാര പൂജകള്‍ തിരുവിതാംകൂര്‍ രാഷ്ട്രീയത്തിനു അന്യമായിരുന്നില്ല. കായംകുളത്തെ പതിനെട്ടാം നൂറ്റാണ്ടില്‍ പരാജയപ്പെടുത്താന്‍ എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞ നാളുകളിലാണ് രാമയ്യന്‍ദളവ കായംകുളത്തുനിന്നു മേരുശ്രീചക്രവും വേട്ടക്കൊരുമകന്‍ വിഗ്രഹവും സ്ഫടികലിംഗവും അവിടെനിന്നു കടത്തിക്കൊണ്ടുവന്നത്. ടിപ്പുസുല്‍ത്താന്റെ നേതൃത്വത്തില്‍ ഇരച്ചുവരുന്ന മൈസൂര്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ആലുവായിലെ ദേശമെന്ന സ്ഥലത്ത് കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന യാഗവും പ്രശസ്തമാണ്. ആറ്റിങ്ങലിലെ കുടമണ്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു പിള്ളമാരില്‍ ഒരാളായ കുടമണ്‍പിള്ള മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എതിരെ ആഭിചാരക്രിയ നടത്തിയത്.

ജൂനിയര്‍ പ്രിന്‍സസ്സിനുവേണ്ടി അവരുടെ അമ്മ കൊച്ചുകുഞ്ഞി എന്ന ഭാഗീരഥിയുടെ നേതൃത്വത്തില്‍ നടന്ന ആഭിചാരപൂജയെക്കുറിച്ച് ബ്രിട്ടീഷ് റസിഡന്‍സി അറിയുകയും അവരോട് മാവേലിക്കരയിലേയ്ക്ക് ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെടുകയും ഉണ്ടായി. പൂജയ്ക്കു നേതൃത്വം കൊടുക്കാന്‍ ഒരു തമിഴ്ബ്രാഹ്മണനും മറാഠാ ബ്രാഹ്മണനും ഉണ്ടായിരുന്നതായി തിരുവനന്തപുരത്തുകാര്‍ വിശ്വസിക്കുന്നു. ആഭിചാരപൂജയെപ്പറ്റി പരാതിപറയുക മാത്രമല്ല, രാമവര്‍മ്മകോയിത്തമ്പുരാന്‍ ചെയ്തത്. ആറ്റിങ്ങലിലെ ആവണിപുരം ക്ഷേത്രത്തില്‍ സന്താനഗോപാലമൂര്‍ത്തിയെ ഉപപ്രതിഷ്ഠകളിലൊന്നായി സ്ഥാപിച്ചതും ആഭിചാരങ്ങളെ നിഷ്‌ക്രിയമാക്കാന്‍ വേണ്ടിയായിരുന്നു. ഹൈറേഞ്ചിലെ കുട്ടിക്കാനത്തെ വിശ്രമവസതിയില്‍ താമസിക്കുമ്പോഴാണ് മുസ്ലിം ഫക്കീറായ പീര്‍മുഹമ്മദിന്റെ ഖബറിനെപ്പറ്റി വലിയകോയിത്തമ്പുരാന്‍ അറിഞ്ഞത്. റാണിയും ഭര്‍ത്താവും അവിടെപ്പോയി രഹസ്യമായി പ്രാര്‍ത്ഥന നടത്തുക മാത്രമല്ല, കുട്ടിക്കാനം പീര്‍മേടായി പേരുമാറ്റാനും ദിവാനോട് ഉത്തരവിടുകയും ചെയ്തു. പ്രതിക്രിയകള്‍ ശത്രുസംഹാര പൂജകള്‍ക്കപ്പുറം പോകരുതെന്ന നിഷ്‌കര്‍ഷ സേതു ലക്ഷ്മീബായിക്കും ഭര്‍ത്താവിനും എന്നാല്‍ എപ്പോഴും ഉണ്ടായിരുന്നു.

അശാന്തവും ദാരിദ്ര്യസമാനമായ കുടുംബപശ്ചാത്തലവും താരതമ്യപ്പെടുത്തുമ്പോള്‍ സൗന്ദര്യക്കുറവുള്ളവള്‍, നിറമില്ലാത്തവള്‍ എന്നെല്ലാമുള്ള പരിഹാസങ്ങളും അനുയോജ്യ ഭര്‍ത്താവല്ല തനിക്കു ലഭിച്ചത് എന്ന ഇച്ഛാഭംഗവും നിരാശയും സേതു പാര്‍വ്വതിബായിയെ ഒരു പ്രതികാരമൂര്‍ത്തിയാക്കി. രക്ഷപ്പെടാനായി സ്വീകരിച്ച പുസ്തകവായനയ്ക്കുപോലും അവരെ വിവേകിയാക്കാനായില്ല. സൂക്ഷ്മബുദ്ധി, വിവിധ വിഷയങ്ങളില്‍ താല്പര്യമുള്ളവള്‍, ഊര്‍ജ്ജസ്വല, ചടുലത, അതിരുകളില്ലാത്ത ആഗ്രഹങ്ങള്‍ വച്ചുപുലര്‍ത്തുന്നവള്‍, ആളുകളോട് ഇടപഴകാനിഷ്ടപ്പെടുന്നവള്‍, യാത്രകളില്‍ താല്പര്യമുള്ളവള്‍ എന്നെല്ലാമായിരുന്നു 1921-'47 കാലത്ത് തിരുവനന്തപുരത്തു കോളേജദ്ധ്യാപികയായിരുന്ന മിസ് ലൂയിസ് ഓവര്‍കെര്‍ക്ക്, അമ്മ മഹാറാണിയെ വിശേഷിപ്പിച്ചത്. മകനെ മുന്നില്‍നിര്‍ത്തി ഭരണം നടത്താന്‍ ശ്രമിക്കുന്ന അവരുടെ നീക്കങ്ങളെപ്പറ്റി രേഖപ്പെടുത്താനും ഓവര്‍കെര്‍ക്ക് വിട്ടുപോയില്ല.

സേതു ലക്ഷ്മിബായി. ബാല്യകാല ചിത്രം (ചിത്രത്തിന് കടപ്പാട്- മനു എസ് പിള്ള)
സേതു ലക്ഷ്മിബായി. ബാല്യകാല ചിത്രം (ചിത്രത്തിന് കടപ്പാട്- മനു എസ് പിള്ള)

തിരുവിതാംകൂറിനെപ്പറ്റി പുറത്തുള്ളവര്‍ പ്രകടിപ്പിക്കുന്ന ചെറിയ ഒരു വിമര്‍ശനംപോലും ജൂനിയര്‍ റാണി വച്ചുപൊറുപ്പിക്കുമായിരുന്നില്ലെന്നു വിദേശികള്‍ പലതവണ എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ രാജവംശം എന്ന പൊങ്ങച്ചം അവര്‍ തനിക്കു സ്വാധീനിക്കാന്‍ കഴിയുന്നവരെക്കൊണ്ട് എഴുതിക്കുമായിരുന്നു. തിരുവിതാംകൂറിനെക്കാള്‍ ഒട്ടും കുറയാത്തതാണ് കൊച്ചിയുടെ പാരമ്പര്യമെന്ന് അറിയാത്തവരായിരുന്നില്ല ടി.കെ. വേലുപ്പിള്ളയും ആര്‍. വാസുദേവ പൊതുവാളും. കലാരംഗത്തും സാംസ്‌കാരികരംഗത്തും തിരുവിതാംകൂറിനുണ്ടായിരുന്ന നേട്ടങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ വ്യഗ്രത കാണിച്ചിരുന്നതും രാജമാതാവായിരുന്നു. തങ്ങള്‍ക്കു ലഭിക്കുന്ന അലവന്‍സ് കുറഞ്ഞുപോയി എന്നവര്‍ ബ്രിട്ടീഷ് മേലധികാരികളോട് റിജന്‍സി ഭരണകാലത്ത് പരാതിപ്പെട്ടിരുന്നു. ഭാവിഭരണാധികാരിയുടെ അമ്മയ്ക്കു ലഭിക്കേണ്ട സ്ഥാനമാനങ്ങളിലും അവര്‍ അതീവ ശ്രദ്ധാലുവായിരുന്നു.

കൊച്ചുകോയിത്തമ്പുരാന്റെ ദുരവസ്ഥ

മാനസികമായി പൊരുത്തമില്ലാത്ത ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതിനു പകരം അദ്ദേഹത്തെ മനോരോഗിയാക്കി ചിത്രീകരിച്ചത് ഈ പ്രതികാരമൂര്‍ത്തിയായിരുന്നു. അനഭിലഷണീയമായ പെരുമാറ്റങ്ങള്‍ കൊച്ചുകോയിത്തമ്പുരാനില്‍നിന്ന് ഊട്ടിയില്‍ വച്ച് ഉണ്ടായപ്പോള്‍ (1926) അത് മുത്തശ്ശിയെ ചൊടിപ്പിച്ചുവെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുസ്തകത്തില്‍ എഴുതി. ഹസ്തദാനം നടത്താന്‍ കൈനീട്ടിയ കുഛ്ബിഹാര്‍ റാണിയെ ഗൗനിക്കാത്തതായിരുന്നു ആ സംഭവം. എന്നാല്‍, അക്കാര്യം എടുത്തുപറയാത്തതിനാല്‍ സ്വന്തം മുത്തച്ഛനെ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മീബായി പരിഹാസ്യനാക്കി. രവിവര്‍മ്മ കോയിത്തമ്പുരാന്റെ പിന്നത്തെ താമസം കോട്ടയ്ക്കകത്തുള്ള വടക്കേ കൊട്ടാരത്തിലായിരുന്നു. മാസത്തിലൊരിക്കല്‍ മക്കളെ കാണാം. സന്ദര്‍ശനങ്ങള്‍ നീണ്ടുപോകരുതെന്നു അമ്മമഹാറാണി മക്കളോടു നിര്‍ദ്ദേശിച്ചിരുന്നു. എന്റെ മകനാണ് രാജ്യം ഭരിക്കുന്നതെന്നു വടക്കേ കൊട്ടാരത്തിനടുത്തു കൂടി പോയിരുന്ന സനാതനമിഷന്‍ വിദ്യാര്‍ത്ഥിനികളോടു വിളിച്ചുപറയുന്ന നിസ്സഹായനായ കൊച്ചുകോയി തമ്പുരാനെ ഡോ. എം.എസ്. ഗോമതി അമ്മാള്‍ അനുസ്മരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ മൂടിവച്ചെഴുതാന്‍ ആഗ്രഹിച്ച ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അച്ഛനമ്മമാരുടെ അകല്‍ച്ചയെപ്പറ്റി ഇങ്ങനെ എഴുതി:

''1930-'31 കാലയളവില്‍ അച്ഛന് ഒരസുഖം ഉണ്ടായി. അതേത്തുടര്‍ന്ന് മൂക്കിലും തൊണ്ടയിലും ശസ്ത്രക്രിയകള്‍ ആവശ്യമായി വന്നു. ആരോഗ്യക്കുറവ് അനുഭവപ്പെട്ടു. അച്ഛന്റെ തുടര്‍ന്നുള്ള ജീവിതം ഒരു സന്ന്യാസിയുടേതുപോലെയായി. സന്ന്യാസതുല്യമായ ജീവിതം വരിച്ചതോടെ സ്വാഭാവികമായും കുടുംബാംഗങ്ങളുമൊന്നിച്ച് ചെലവഴിക്കുന്നതിനുള്ള സമയവും സന്ദര്‍ഭവും കുറഞ്ഞുവന്നു'' (ടി.എ.ന്‍ ഗോപിനാഥന്‍ നായര്‍, അവസാനത്തെ നാടുവാഴിയുടെ അമ്മ, 1992).

സേതു ലക്ഷ്മീബായി, സെതല്‍മണ്ട് പാലസ് ഉപേക്ഷിക്കാന്‍ പിന്നീട് സാഹചര്യം സൃഷ്ടിക്കുന്നതിലും ഉടമസ്ഥത നഷ്ടപ്പെടുത്തിയതിലും സേതു പാര്‍വ്വതിബായിയെ സംശയിക്കുന്നവരുണ്ട്. ജൂനിയര്‍ റാണിയും കുട്ടികളും സുന്ദരവിലാസത്തില്‍നിന്നു കവടിയാര്‍ കൊട്ടാരത്തിലേയ്ക്ക് തൊള്ളായിരത്തി മുപ്പതുകളില്‍ താമസം മാറ്റിയിരുന്നു. ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണാവകാശം ഇല്ലാതാക്കാനും റീജന്‍സിഭരണം നീട്ടിക്കൊണ്ടു പോകാനും രാമവര്‍മ്മ കോയിത്തമ്പുരാന്‍ തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍, അവ നേരിടാനായി ജൂനിയര്‍ റാണി കൊണ്ടുവന്നതാണ് സി.പി. രാമസ്വാമി അയ്യരെ. അഭിഭാഷകനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്കു വൈസ്രോയിയായിരുന്ന വില്ലിംഗ്ടണ്‍ പ്രഭുവിന്റെ ഭാര്യയുമായുണ്ടായിരുന്ന നിര്‍വ്വചനാതീതമായ സൗഹൃദം തങ്ങള്‍ക്കനുകൂലമാക്കാന്‍ ജൂനിയര്‍ പ്രിന്‍സസ്സ് ആഗ്രഹിച്ചു. സി.പി. രാമസ്വാമി അയ്യരായിരുന്നു, സിംലയില്‍ താമസിച്ചിരുന്ന വൈസ്രോയിയുമായുള്ള ചിത്തിരതിരുനാളിന്റെ നിര്‍ണ്ണായകമായ ആഭിമുഖ്യത്തിന്റെ സൂത്രധാരന്‍.

ബുദ്ധിസ്ഥിരതയില്ലാത്ത ആളാണ്, തന്റെ ഭര്‍ത്താവെന്ന സേതു പാര്‍വ്വതിബായിയുടെ ആരോപണമാണ് എതിര്‍പക്ഷം ചിത്തിരതിരുനാളിന് 16-ാം വയസ്സില്‍ ഭരണം കിട്ടാതിരിക്കാന്‍ ഉപയോഗപ്പെടുത്തിയത്. സി.പി. രാമസ്വാമി അയ്യരുടെ ശിക്ഷണത്തില്‍ പലതവണ റിഹേഴ്സലുകള്‍ നടത്തിയ ശേഷമായിരുന്നു വൈസ്രോയിയുടെ വേനല്‍ക്കാല വസതി സ്ഥിതിചെയ്തിരുന്ന സിംലയിലേയ്ക്ക് ചിത്തിരതിരുനാള്‍ പോയത്. വൈസ്രോയിയുമായുള്ള അഭിമുഖത്തില്‍ ചിത്തിരതിരുനാള്‍ പരാജയപ്പെട്ടില്ല. 1931 നവംബറില്‍ റീജന്‍സി ഭരണം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നു. ഈ ദൗത്യത്തിനു ലഭിച്ച പ്രത്യുപകാരമായിരുന്നു സി.പിക്ക് തിരുവിതാംകൂറില്‍ പിന്നീട് ലഭിച്ച അത്യുന്നത പദവികള്‍. തന്റേയും രാജ്യത്തിന്റേയും ഉത്തമ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനായ സുഹൃത്ത് എന്നായിരുന്നു സ്ഥാനാരോഹണ ചടങ്ങില്‍ സി.പിയെ ചിത്തിരതിരുനാള്‍ മഹാരാജാവ് വിശേഷിപ്പിച്ചത്.

മഹാറാണി സേതു പാർവ്വതിബായിയും മകൻ ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമയും (ചിത്രത്തിന് കടപ്പാട്- ഹിസ്റ്ററി ലിബറേറ്റഡ്; ദ ശ്രീ ചിത്ര സാ​ഗ എന്ന അശ്വതിതിരുന്നാൾ തമ്പുരാട്ടിയുടെ പുസ്തകത്തിന്)
മഹാറാണി സേതു പാർവ്വതിബായിയും മകൻ ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമയും (ചിത്രത്തിന് കടപ്പാട്- ഹിസ്റ്ററി ലിബറേറ്റഡ്; ദ ശ്രീ ചിത്ര സാ​ഗ എന്ന അശ്വതിതിരുന്നാൾ തമ്പുരാട്ടിയുടെ പുസ്തകത്തിന്)

സേതു പാര്‍വ്വതിബായിക്ക് ഒരു പുത്രിയും (കാര്‍ത്തികതിരുനാള്‍ ലക്ഷ്മീബായി) ഒരു പുത്രനും (ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ) കൂടി ഉണ്ടായിരുന്നു. കൂടാതെ നാലു സഹോദരന്മാരും മൂന്നു സഹോദരിമാരും. സഹോദരന്മാരില്‍ മൂത്ത എം. രാമവര്‍മ്മയുടെ മകളാണ് സിനിമാനടി അംബിക. അഹങ്കാരിയും ഔദാര്യമില്ലാത്തവളുമായാണ് സേതു പാര്‍വ്വതിബായിയെ തിരുവനന്തപുരത്തുകാര്‍ കണ്ടിരുന്നത്. വശീകരണകൗശലത്തോളം എത്തുന്ന സ്വാധീനമാണ് മകനോടു സേതു പാര്‍വ്വതിബായിക്കുള്ളതെന്ന് റസിഡന്റായിരുന്ന എച്ച്.ജെ. ടോഡ് എഴുതിയത്. ദിവാനോടു മാത്രമല്ല, അമ്മയോടും കൂടിയാലോചിച്ചു മാത്രമേ ചിത്തിരതിരുനാള്‍ ഭരണപരമായ തീരുമാനങ്ങള്‍ എടുത്തിരുന്നുള്ളൂ. ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്ററില്‍ രാജാവിന്റെ മാത്രമല്ല, രാജമാതാവിന്റേയും ദിവാന്റേയും ചിത്രങ്ങള്‍ പ്രാധാന്യത്തോടെ ഇടംപിടിച്ചിരുന്നു. പുന്നപ്ര-വയലാര്‍ സമരങ്ങള്‍ അക്രമാസക്തമാകാനും വെടിവയ്പില്‍ കലാശിക്കാനും കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെന്നപോലെ തിരുവിതാംകൂറിലെ ദിവാന്‍ - അമ്മ മഹാറാണി അച്ചുതണ്ടിനും ആഗ്രഹമുണ്ടായിരുന്നു. നടക്കാന്‍ ഇടയില്ലാത്ത ഒരു മോഹമാണ് സ്വതന്ത്ര തിരുവിതാംകൂര്‍ വാദമെന്ന് സി.പി. രാമസ്വാമി അയ്യര്‍ക്കു നന്നായി അറിയാമായിരുന്നുവെങ്കിലും ജൂനിയര്‍ റാണിയുടെ താല്പര്യങ്ങള്‍ക്കു വഴങ്ങുകയായിരുന്നു ദിവാന്‍. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരബദ്ധത്തിലേയ്ക്ക് അദ്ദേഹം അങ്ങനെ എത്തപ്പെട്ടു. 1945 ഫ്രെബുവരി തിരുവനന്തപുരം സന്ദര്‍ശിച്ച വൈസ്രോയി വേവല്‍ പ്രഭുവിന്റെ നിരീക്ഷണവും ശ്രദ്ധേയമാണ്. ''മാതാവായ ജൂനിയര്‍ മഹാറാണിയും ശക്തനായ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരും തിരുവിതാംകൂര്‍ മഹാരാജാവിനെ നിഷ്പ്രഭനാക്കുന്നു. മഹാരാജാവ് അത്രയ്‌ക്കൊരു വിഡ്ഢിയൊന്നുമല്ല. പക്ഷേ, രണ്ട് പ്രബല വ്യക്തികളുടെ ഇടയില്‍നിന്നുകൊണ്ട് അദ്ദേഹത്തിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ല.''

''ജൂനിയര്‍ മഹാറാണിയുടെ ആശയങ്ങളേയും അഭിലാഷങ്ങളേയും ന്യായീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ബദ്ധപ്പാടിലാണദ്ദേഹം. (സര്‍ സി.പി.) ആ സ്ത്രീയാണ് എല്ലാ നീക്കങ്ങളുടേയും പിന്നിലുള്ള ദുഷ്ടകഥാപാത്രം എന്നത് ഒരു രഹസ്യമല്ല. അഹങ്കാരിയും ദയാശൂന്യയും മുന്‍കോപിയും ആത്മപ്രശംസയില്‍ അഭിരമിക്കുന്നവരും ഏകാകിയും പ്രതികാരദാഹിയുമാണവര്‍'' (എ. ശ്രീധരമേനോന്‍, സര്‍ സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, 2003).

അക്കാലത്തെ ഏറ്റവും സുമുഖനായ അവിവാഹിതരില്‍ ഒരാളായാണ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ, കേരളത്തിലും പുറത്തും അറിഞ്ഞിരുന്നത്. താന്‍ വിവാഹം കഴിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമാകില്ലെന്ന് അറിയുന്നതുകൊണ്ടാണ് ചിത്തിരതിരുനാള്‍ വിവാഹത്തില്‍നിന്നു പിന്തിരിഞ്ഞത്. വൈസ്രോയിയുടെ മിലിട്ടറി സെക്രട്ടറിയായിരുന്ന സര്‍ ഫ്രാന്‍സിസ് വൈലി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചശേഷം 1941 ആഗസ്റ്റില്‍ എഴുതിയ ഒരു കത്തില്‍ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയെക്കുറിച്ച് ഇങ്ങനെ എഴുതി:

''അമ്മയുടെ പുടവത്തുമ്പില്‍ പിടിച്ചുനടക്കുന്ന ഈ പയ്യനെ കല്യാണം കഴിപ്പിച്ചു പ്രത്യേകം കുടുംബമായി താമസിക്കാന്‍ പ്രേരിപ്പിക്കണം. ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും അവസരം നല്‍കണം. അല്ലാത്തപക്ഷം മഹാനായ സര്‍ സി.പി. സ്ഥാനമൊഴിഞ്ഞു പോകുമ്പോള്‍ തിരുവിതാംകൂറിലുണ്ടാക്കുന്ന ശൂന്യത ബ്രിട്ടീഷ് പ്രതിനിധിക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്ന് തീര്‍ച്ചയാണ്'' (എ. ശ്രീധരമേനോന്‍, സര്‍ സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍.)

താന്‍ ജ്യേഷ്ഠനെപ്പോലെ അല്ലെന്നും യഥാസമയം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും രണ്ടാമനായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അമ്മയേയും സഹോദരനേയും പ്രായപൂര്‍ത്തിയായപ്പോള്‍ അറിയിച്ചു. അതോടെ അനുയോജ്യയായ ഒരു വധുവിനെ കണ്ടെത്താനുള്ള ചുമതല മേജര്‍ ജനറല്‍ പരമേശ്വരന്‍പിള്ളയെ, സേതു പാര്‍വ്വതിബായി ഏല്പിച്ചു. മേജര്‍ ജനറല്‍ കണ്ടെത്തിയ വധുവായിരുന്നു കേണല്‍ പണ്ടാലയുടെ ദത്തുപുത്രിയായ രാധാദേവി. സേതു പാര്‍വ്വതിബായിയുടെ ഇളയ സഹോദരിയായ ഭവാനിത്തമ്പുരാട്ടിയുടെ ഭര്‍ത്താവായ പൂഞ്ഞാര്‍ രാമവര്‍മ്മയാണ്, സ്വസഹോദരനായ കേണല്‍ ഗോദവര്‍മ്മയെ കാര്‍ത്തികതിരുനാള്‍ ലക്ഷ്മീബായിക്കു വരനായി നിര്‍ദ്ദേശിച്ചത്. (1934) മദ്രാസ് മെഡിക്കല്‍ കോളേജില്‍ അന്നു വിദ്യാര്‍ത്ഥിയായിരുന്നു ഗോദവര്‍മ്മരാജാ. ഈ രാജകീയ വിവാഹത്തിനുവേണ്ടി ഗോദവര്‍മ്മരാജാ വൈദ്യശാസ്ത്രപഠനം ഉപേക്ഷിച്ചു. സി.പി. രാമസ്വാമി അയ്യര്‍ക്കു സേതു പാര്‍വ്വതിബായിയോടുണ്ടായിരുന്ന അനഭിലഷണീയ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നവരായിരുന്നു കവടിയാര്‍ കൊട്ടാരത്തില്‍ താമസിച്ചിരുന്ന ഇളയരാജാവായ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും ഗോദവര്‍മ്മരാജയും. കൊട്ടാരത്തിലെ ഈ വടംവലി, കാര്‍ത്തികതിരുനാള്‍ ലക്ഷ്മീബായിയുടെ സ്വകാര്യജീവിതത്തിലും കാളിമ പരത്തി. ഇളയരാജാവ് ഉത്രാടം തിരുനാള്‍ വിവാഹാനന്തരം, പട്ടം തുളസീഹില്‍ പാലസിലേയ്ക്കു താമസം മാറ്റി. സ്പോര്‍ട്സ് രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാനെന്ന കാരണം പറഞ്ഞ് കേണല്‍ ഗോദവര്‍മ്മ നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. സഹോദരിയായ കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയുടെ ശുശ്രൂഷയ്ക്ക് എത്തിയ ഒരു സ്ത്രീയുടെ മകളുടെ പിതൃത്വം ചിത്തിരതിരുനാളിനു പിന്നീട് ഏറ്റെടുക്കേണ്ടതായും വന്നു.

ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ
ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ

ക്വയിലോണ്‍ നാഷണല്‍ ബാങ്കിന്റെ ലിക്വിഡേഷനിലും മലയാള മനോരമയുടെ നിരോധനത്തിലും സി.പി. രാമസ്വാമി അയ്യര്‍ക്കു സേതു പാര്‍വ്വതിബായി ഉറച്ച പിന്തുണ നല്‍കിയിരുന്നു. മാവേലിക്കരയിലെ തന്റെ പൂര്‍വ്വികനെ ഒരു നിയമയുദ്ധത്തിലൂടെ അപമാനിച്ച സുവിശേഷകനായ പിറ്റ് സായിപ്പിന്റെ അനുയായികളോട് മറക്കാനോ പൊറുക്കാനോ സേതു പാര്‍വ്വതീബായിക്കു കഴിഞ്ഞിരുന്നില്ല. സ്വകാര്യ സംഭാഷണങ്ങളില്‍ വടുകര്‍ എന്നാണ് സുറിയാനികളെ സേതു പാര്‍വ്വതിബായി പലപ്പോഴും പരിഹസിച്ചിരുന്നത്.

സമ്പൂര്‍ണ്ണവിധേയത്വമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില്‍നിന്ന് എന്നും അവര്‍ പ്രതീക്ഷിച്ചിരുന്നത്. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ എഴുതിയ സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ളയുടെ ചരിത്രകാര്യങ്ങളിലെ നിഷ്പക്ഷത അവരെ അലോസരപ്പെടുത്തി. സ്റ്റേറ്റ് മാന്വലിലെ ചരിത്രനിരീക്ഷണങ്ങള്‍, ഗ്രന്ഥകാരന്റേതു മാത്രമാണെന്ന് ഒരു സ്ലിപ്പ് കൂടി പിന്നീട് ചേര്‍ത്താണ് ഗ്രന്ഥം പിന്നീട് വിതരണം ചെയ്തത്. തനിക്കു അസ്വീകാര്യമായ ഏതാനും മതിലകംരേഖകള്‍ പുരാവസ്തുവകുപ്പിന്റെ അദ്ധ്യക്ഷനായ ആര്‍.വി. പൊതുവാളിന്റെ സഹായത്തോടെ സേതു പാര്‍വ്വതിബായി രഹസ്യമായി നശിപ്പിച്ചതിനും തെളിവുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തെക്കുറിച്ച് ആര്‍.വി. പൊതുവാള്‍ എഴുതിയ 'ദി ട്രാവന്‍കൂര്‍ ഡയനാസ്റ്റി' എന്ന പുസ്തകം പ്രസിദ്ധീകരിക്കേണ്ടെന്നു ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയോട് ആവശ്യപ്പെട്ടതും സേതു പാര്‍വ്വതിബായിയാണ്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തെപ്പറ്റി വി. നരസിംഹം തമ്പി പ്രസിദ്ധീകരിച്ച വലിയ കൊട്ടാരത്തിലെ നടപടിക്രമങ്ങളെപ്പറ്റിയുള്ള പുസ്തകവും വിതരണം ചെയ്യാതിരിക്കാന്‍ അവര്‍ കഴിയുന്നത്ര ശ്രദ്ധിച്ചു.

സ്വാതിതിരുനാള്‍ കൃതികളുടെ പ്രചാരണത്തിനുവേണ്ടിയും കേരളനടനത്തിന്റെ പ്രശസ്തിക്കുവേണ്ടിയും സേതു പാര്‍വ്വതിബായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നാല്‍ അഭിനന്ദനീയമായിരുന്നു. ആള്‍ ഇന്ത്യാ വിമണ്‍സ് കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങളിലും (1934-1935) അവര്‍ സജീവമായിരുന്നു. രവിവര്‍മ്മ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി തിരുവനന്തപുരത്ത് ഒരു ചിത്രാലയം സ്ഥാപിക്കുന്നതിനും അവര്‍ മുന്‍കൈ എടുത്തു. ബഹുമാനത്തോടെയാണ് അന്നത്തെ ആര്‍ട്ട് അഡൈ്വസര്‍ ജയിംസ് കസിന്‍സ് അമ്മ മഹാറാണിയെ ആത്മകഥയില്‍ അനുസ്മരിക്കുന്നത്. എല്ലാ ദിവസവും ആറുമണിക്കൂര്‍ അവര്‍ വീണ വായിച്ചിരുന്നതായി സഹോദരീപുത്രനായ ഡോ. ആര്‍.പി. രാജ അവകാശപ്പെടുന്നു. അതിശയോക്തി മാറ്റി നിറുത്തിയാലും വീണവായനയിലുള്ള അവരുടെ യഥാര്‍ത്ഥ താല്പപ്പര്യത്തെ കുറച്ചു കാണേണ്ടതില്ല.

ഭരണാധികാരം മകനു നഷ്ടപ്പെടുന്നതിനെക്കുറിച്ച് സേതു പാര്‍വ്വതിബായിക്ക് ഒരു നിമിഷംപോലും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് അവരുടെ ഒരു അടുത്ത ബന്ധു പേര്‍ വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഈ ലേഖകനെ അറിയിച്ചത്. വിമര്‍ശകരെ അവര്‍ ശത്രുക്കളായാണ് കണ്ടത്. ശ്രീമൂലം പ്രജാസഭയിലെ ഭരണകൂട വിമര്‍ശനങ്ങള്‍ക്ക് ഒരു പ്രാധാന്യവും അവര്‍ കല്പിച്ചില്ല. സ്വതന്ത്ര തിരുവിതാംകൂര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏതറ്റംവരെയും പോകാമെന്ന ബുദ്ധിശൂന്യ തീരുമാനത്തിന്റെ മുഖ്യശില്പി സേതു പാര്‍വ്വതിബായി ആയിരുന്നു. ആര്‍തര്‍ സിംസണ്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ വംശജന്റെ നേതൃത്വത്തിലുള്ള അഞ്ചു രൂപാ പൊലീസിനെ കയറൂരിവിട്ട ദിവാന്റെ നടപടികള്‍ക്കും അവര്‍ ഉറച്ച പിന്തുണ നല്‍കി. ഒരു ബാഹ്യ ഭരണാധികാരിയായിട്ടായിരുന്നു അമ്മ മഹാറാണി പ്രവര്‍ത്തിച്ചിരുന്നത്. അവര്‍ സര്‍ സി.പി. രാമസ്വാമി അയ്യരില്‍ ചെലുത്തിയ അവിഹിത സ്വാധീനത്തെക്കുറിച്ച് അക്കാലത്ത് തിരുവനന്തപുരത്തുണ്ടായിരുന്നവര്‍ക്കെല്ലാം അറിയാമായിരുന്നു. കൊട്ടാരം ഉദ്യോഗസ്ഥനായ എ. നല്ലപെരുമാള്‍പിള്ള, ജി. പരമേശ്വരന്‍പിള്ള, മേജര്‍ ജനറല്‍ പരമേശ്വരന്‍പിള്ള, ജയിംസ് കസിന്‍സ്, ആര്‍തര്‍ സിംസണ്‍, റിച്ചാര്‍ഡ് ഫെയിസി ഹണ്‍ടര്‍ ക്രൗതര്‍ തുടങ്ങി ഒരു സ്തുതി പാഠകസംഘം അവര്‍ക്കു ചുറ്റും എപ്പോഴും ഉണ്ടായിരുന്നു. പാകിസ്താന്‍ ഭരണകൂടവുമായും ഹൈദരാബാദുമായും രഹസ്യചര്‍ച്ചകള്‍ക്ക് തിരുവിതാംകൂര്‍ സന്നദ്ധമാകുന്നത് ഒരുപക്ഷേ, ഈ സ്തുതിപാഠകസംഘത്തിന്റെ ബുദ്ധിശൂന്യമായ ഉപദേശപ്രകാരമാകാം.

സർ സിപി രാമസ്വാമി അയ്യർ
സർ സിപി രാമസ്വാമി അയ്യർ

സ്വാതന്ത്ര്യാനന്തര നാളുകളിലും തനിക്കുള്ള സ്വതസിദ്ധമായിരുന്ന അഹന്ത, അവര്‍ ഉപേക്ഷിച്ചില്ല. അതിവിനയത്തിന്റെ അംഗവസ്ത്രങ്ങള്‍ അണിഞ്ഞിരുന്ന മകന്റെ പ്രകടനങ്ങളോട് അവര്‍ക്കു വിയോജിപ്പുണ്ടായിരുന്നു. വീണ ബാലചന്ദ്രറെ പിണക്കി പറഞ്ഞയച്ചതും പ്രശസ്ത സംഗീതജ്ഞനായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ ഒരു ആശ്രിതനായി കണ്ടതും പലരാല്‍ പലതവണ എഴുതപ്പെട്ടതാണ്. സി. കേശവനേയും ടി.എം. വര്‍ഗീസിനേയും അപകടകാരികളായ നേതാക്കന്മാരായാണ് അവര്‍ കണ്ടത്. മകന്റെ പിറന്നാളാഘോഷങ്ങള്‍ക്കു പതിവായി നാടകം എഴുതാറുണ്ടായിരുന്ന ടി.എന്‍. ഗോപിനാഥന്‍നായരെ ഒരു സമ്പൂര്‍ണ്ണ വിധേയനായി മാത്രമേ അവര്‍ കണ്ടിരുന്നുള്ളൂ. കുടുംബ ഡോക്ടറായിരുന്ന മേരി പുന്നന്‍ ലൂക്കോസിനോട്: ''എന്നോട് ഇങ്ങനെ ആരും സംസാരിക്കാറില്ല'' എന്നു പ്രസവവേളയില്‍ ഒന്നു ചരിഞ്ഞു കിടക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പറഞ്ഞതും പ്രസിദ്ധമാണ്. ചിത്തിരതിരുനാള്‍ തന്റെ ബോയ്ഫ്രണ്ടാണെന്ന് മേരി പുന്നന്‍ ലൂക്കോസിന്റെ മകള്‍ ഡോ. ഗ്രേസി ഒരു കുടുംബസദസ്സില്‍ ഒരിക്കല്‍ പറഞ്ഞത് അവരെ പ്രകോപിപ്പിച്ചു. ഗ്രേസിക്ക് പിന്നീട് ഒരപകടമരണം സംഭവിച്ചപ്പോള്‍ അമ്മ മഹാറാണിയാണ് അതിനു പിന്നിലെന്ന് തെറ്റിദ്ധരിച്ചവരുണ്ട്.

പാരമ്പര്യാചാരങ്ങളുടെ ഒരു തടവുകാരിയാകാന്‍ സേതു പാര്‍വ്വതിബായി ഇഷ്ടപ്പെട്ടിരുന്നില്ല. വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ രണ്ടു സഹോദരിമാരെ അവര്‍ നിര്‍ദ്ദയം കവടിയാര്‍ കൊട്ടാരത്തില്‍നിന്നു പുറത്താക്കി; സ്വന്തം കാര്യത്തില്‍ അളവുകോല്‍ വ്യത്യസ്തമായിരുന്നെങ്കിലും. ഒരിക്കലും അവര്‍ ഒരു കപടനാട്യക്കാരിയായിരുന്നില്ല. സാഹചര്യങ്ങള്‍ ചാര്‍ത്തിയ പ്രതികാരമൂര്‍ത്തിയുടെ കിരീടം താഴെവയ്ക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിയുമായിരുന്നില്ല. 

കേണൽ ​ഗോദവർമ രാജ
കേണൽ ​ഗോദവർമ രാജ

അമ്മ മഹാറാണിയുടെ ഷഷ്ടിപൂര്‍ത്തിയും (1956) ശതാഭിഷേകവും (1980) രാജകുടുംബാംഗങ്ങള്‍ ആഘോഷിച്ചെങ്കിലും അതെല്ലാം നിറംമങ്ങിയ ചടങ്ങുകള്‍ മാത്രമായിരുന്നു. ജനങ്ങള്‍ സേതു പാര്‍വ്വതിബായിയെ ഇപ്പോഴും ഓര്‍ക്കുന്നത് രാജകുടുംബത്തിലെ ഒരു അവജ്ഞാപാത്രമായാണ്. സേതു പാര്‍വ്വതിബായിയുടെ സ്മാരകമായി തിരുവനന്തപുരത്ത് കരമനയില്‍ ഒരു എന്‍.എസ്.എസ്. വനിതാ കോളേജ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ പഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ തങ്ങളുടെ കോളേജിന്റെ പേരിലുള്ള, കാലംതെറ്റി ജീവിച്ച ഈ ഫെമിനിസ്റ്റിനെ മാതൃകയാക്കാന്‍ ആഗ്രഹിക്കാറില്ലെങ്കിലും. ഒബ്സര്‍വേറ്ററി ബംഗ്ലാവിന്റെ പടിഞ്ഞാറേ താഴ്വരയില്‍ ഇപ്പോഴുള്ളത്, നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ ഒരു അനാകര്‍ഷക പ്രതിമയാണ്. സേതു പാര്‍വ്വതിബായിയുടെ മനോഹരമായ മാര്‍ബിള്‍ പ്രതിമ നിന്നിരുന്ന കല്‍മണ്ഡപം തൊട്ടടുത്ത് ഭൂതകാലഭാരങ്ങള്‍ പേറി അനാഥമായി കാണാം. ശിരസ്സു നഷ്ടപ്പെട്ട റാണിയുടെ വെണ്ണക്കല്ല് പ്രതിമയ്ക്ക്, പുതിയ ശിരസ്സു വച്ചുപിടിപ്പിച്ച ശേഷം കോട്ടക്കകത്തെ കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ മകന്‍ പുനഃസ്ഥാപിച്ചു. കാലമെന്ന കാളസര്‍പ്പത്തെ ഓര്‍മ്മിച്ചുകൊണ്ട്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com