ജോഷിമഠിലെ ഭൂപ്രദേശം ആകമാനം അനിയന്ത്രിത വേഗത്തില്‍ ഇടിഞ്ഞുതാഴ്ന്നുകൊണ്ടിരിക്കുന്നു

ജോഷിമഠ് പട്ടണം സ്ഥിതിചെയ്യുന്നത് ഭൗമാന്തരഭാഗത്തുനിന്നും ഉറവെടുത്തിട്ടുള്ള പ്രധാന പാറയുടെ മുകളിലല്ല, മറിച്ചു ദുര്‍ബ്ബലമായ കല്ലും മണ്ണും നിറഞ്ഞ പാളിയുടെ പുറത്താണ്
ജോഷിമഠിലെ ഭൂപ്രദേശം ആകമാനം അനിയന്ത്രിത വേഗത്തില്‍ ഇടിഞ്ഞുതാഴ്ന്നുകൊണ്ടിരിക്കുന്നു

ജോഷിമഠ് പട്ടണം സ്ഥിതിചെയ്യുന്നത് ഭൗമാന്തരഭാഗത്തുനിന്നും ഉറവെടുത്തിട്ടുള്ള പ്രധാന പാറയുടെ മുകളിലല്ല, മറിച്ചു ദുര്‍ബ്ബലമായ കല്ലും മണ്ണും നിറഞ്ഞ പാളിയുടെ പുറത്താണ്, അതിനാല്‍ ഈ പ്രദേശം ഒരു വികസിത പട്ടണത്തിന് അനുയോജ്യമല്ല.'' 

''നഗരത്തിലുണ്ടായേക്കാവുന്ന കനത്ത ഗതാഗതം, അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സ്ഫോടനങ്ങള്‍ തുടങ്ങിയവ മൂലം ഭൂതലത്തില്‍ അനുഭവപ്പെട്ടേക്കാവുന്ന പ്രകമ്പനങ്ങള്‍, ശരിയായ രീതിയിലല്ലാത്ത ഡ്രെയിനേജ് സിസ്റ്റം, വന നശീകരണം എന്നീ മനുഷ്യനിയന്ത്രിത പ്രക്രിയകള്‍ ജോഷിമഠ് പോലുള്ള പ്രകൃതിലോല പ്രദേശത്തെ സന്തുലിതാവസ്ഥ തകിടം മറിക്കുകയും വലിയ തോതിലുള്ള മണ്ണിടിച്ചില്‍പോലുള്ള പ്രതിഭാസങ്ങള്‍ക്കു വഴിതെളിയിക്കുകയും ചെയ്‌തേക്കാം.'' 

മേല്‍ പ്രതിപാദിച്ച രണ്ടു കാര്യങ്ങളും ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അന്നത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, ഗഡ്വാള്‍ ജില്ലയുടെ കലക്ടര്‍ ആയിരുന്ന എം.സി. മിശ്രയുടെ നേതൃത്വത്തില്‍ നിയമിച്ച 18 അംഗ കമ്മിറ്റി 1976-ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ മര്‍മ്മ പ്രധാന വരികളാണ്. എന്നാല്‍, പുതുവര്‍ഷം 2023 പുലര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ നാമേവരേയും നടുക്കിക്കൊണ്ട് ജോഷിമഠില്‍നിന്നും ഇപ്പോളും തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ് മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തിയും അതിനെ തീര്‍ത്തും അവഗണിച്ചതുമൂലമുള്ള പാഠമാണ് ഈ മണ്ണിടിച്ചില്‍ ദുരന്തമെന്നും നാമോരോരുത്തരും മനസ്സിലാക്കേണ്ടതും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നതും.

ജോഷിമഠിലെ പുതുവര്‍ഷം 

2023 ജനുവരി ഒന്ന് പുതുവര്‍ഷ പുലര്‍ച്ചയെ, ഈ ലോകമൊട്ടുക്ക് കരഘോഷങ്ങളോടെ സ്വാഗതം ചെയ്‌തെങ്കിലും ജനുവരി രണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനമായ, ഉത്തരഖണ്ഡിലെ ഹിമാലയന്‍ പര്‍വ്വതനിരയിലെ ചെറുപട്ടണങ്ങളില്‍ ഒന്നായ, ജോഷിമഠിലെ തദ്ദേശവാസികള്‍ ഞെട്ടിയുണര്‍ന്നത് കാതടപ്പിക്കുന്ന ശബ്ദത്തോടെ അവരവരുടെ വീടുകള്‍ പൊട്ടിക്കീറുന്ന കാഴ്ച കണ്ടാണ്. പിന്നീട് നാമേവരും മാധ്യമങ്ങളിലൂടെ കണ്ടതും കേട്ടതും ഹിമാലയന്‍ സാനുക്കളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയുമായ ജോഷിമഠിലെ ഭൂപ്രദേശം ആകമാനം അനിയന്ത്രിത വേഗത്തില്‍ ഇടിഞ്ഞുതാഴ്ന്നുകൊണ്ടിരിക്കുന്നുവെന്നുള്ള ഭീതിജനകവും ഭയാനകവുമായ വാര്‍ത്തകളാണ്. അന്നു തുടങ്ങി ഇന്നു വരെ, തദ്ദേശവാസികളില്‍ ഏതാണ്ട് ഭൂരിഭാഗം പേരും ജനിച്ച വീടുകള്‍ ഉപേക്ഷിച്ചു; കുഞ്ഞുങ്ങളേയും കൂട്ടി ഉറ്റവരും ഉറ്റവരും ഉടയവരോടുമൊപ്പം അഭയാര്‍ത്ഥികളായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക സംവിധാനങ്ങളില്‍ കൊടും ശൈത്യത്തില്‍ അന്തിയുറങ്ങേണ്ടുന്ന ദാരുണമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

റോഡുകളും കൃഷിയിടങ്ങളും കളിസ്ഥലങ്ങളും ഇടിഞ്ഞുതാണ് തകര്‍ന്നിരിക്കുന്നു. വീടുകളും സ്‌കൂളുകളും ആശുപത്രികളും ഹോട്ടലുകളും വിണ്ടുകീറി ഉപയോഗശൂന്യമായിരിക്കുന്നു. അങ്ങനെ കൃഷിയും ഹോട്ടല്‍ വ്യവസായവും തീര്‍ത്ഥാടന-വിനോദ സഞ്ചാരങ്ങളും പ്രധാന വരുമാന മാര്‍ഗ്ഗങ്ങളായ ജോഷിമഠ് ജനതയുടെ മുന്‍പോട്ടുള്ള ജീവിതം അനശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജോഷിമഠിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി വിവിധയിനം പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും പട്ടണത്തിലെ വിവിധ പ്രദേശങ്ങള്‍ ഇടിഞ്ഞിടിഞ്ഞു താഴ്ന്നുകൊണ്ടിരിക്കുന്ന അവസ്ഥയില്‍, ജോഷിമഠ് പൂര്‍വ്വസ്ഥിതിയില്‍ ആകാന്‍ ഇനി എത്രനാള്‍ ആകുമെന്നുള്ളത് കാത്തിരുന്നു കാണേണ്ടുന്ന വസ്തുത തന്നെയാണ്. 

ഇടിഞ്ഞുതാഴാനുള്ള കാരണങ്ങള്‍ 

ജോഷിമഠ് മണ്ണിടിച്ചിലിനു പ്രധാനമായും മാധ്യമങ്ങളിലൂടെയും അല്ലാതേയും നാമേവരും അറിഞ്ഞുകൊണ്ടിരിക്കുന്നത്, 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട്, ജോഷിമഠ് സ്ഥിതിചെയ്യുന്ന ചമോലി ജില്ലയില്‍ നടന്നുവരുന്ന അശാസ്ത്രീയവും അനിയന്ത്രിതവുമായ മനുഷ്യനിര്‍മ്മിത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണെന്നുള്ള വാര്‍ത്തകളാണ്. അതിലേക്കു വിരല്‍ചൂണ്ടാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ മറ്റൊരു ഉദാഹരണമാണ് 2021 ഫെബ്രുവരി ഏഴിലെ ചമോലി ജില്ലയിലെ റൈനി വില്ലേജില്‍ പുരോഗമിച്ചു കൊണ്ടിരുന്ന എന്‍.ടി.പി.സിയുടെ തപോവന്‍ - ഋഷിഗംഗ ജലവൈദ്യുത നിലയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 170-ല്‍ കൂടുതല്‍ തൊഴിലാളികളെ കാണാമറയത്താക്കിക്കൊണ്ടു പൊട്ടിപ്പുറപ്പെട്ട ഹിമാനി സ്ഫോടനവും അനുബന്ധ പ്രളയദുരന്തവും. എന്നിരുന്നാലും എന്തുകൊണ്ടായിരിക്കാം ജോഷിമഠിനെ ഈ ഭൗമ പ്രതിഭാസം ഇത്രയും അപകടകരമായ തരത്തിലേക്കു കൊണ്ട് എത്തിച്ചേരാന്‍ ഭൗമശാസ്ത്രപരമായുള്ള മറ്റുള്ള കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും വിശദമായിതന്നെ ചര്‍ച്ച ചെയ്യുക എന്നുള്ളതാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

ഭൗമശാസ്ത്ര കാരണങ്ങള്‍ 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രങ്ങള്‍ നോക്കിയാല്‍ പ്രധാനമായും രണ്ടു മേഖലകളിലാണ് ഇവ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളതെന്നു മനസ്സിലാക്കാന്‍ സാധിക്കും. ചിത്രത്തില്‍ കാണുന്നതുപോലെ അവ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത് ഒന്ന് പശ്ചിമഘട്ട മലനിരകളിലും രണ്ട് ഹിമാലയന്‍ പര്‍വ്വതനിരകളിലും ആണെന്നുള്ളതാണ് വസ്തുത. ഇതില്‍ പശ്ചിമഘട്ട മലനിരകളില്‍ മണ്ണിടിച്ചിലിനുള്ള പ്രധാന കാരണം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും അനുബന്ധ അതിതീവ്ര മഴയും മലനിരകളുടെ ചെരിവും മണ്ണിന്റെ ഘടനയും ആണെങ്കില്‍, ഹിമാലയന്‍ പ്രദേശങ്ങളിലെ മണ്ണിടിച്ചിലുകള്‍ക്ക് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ ഭൂകമ്പങ്ങളും തുടര്‍ ഭൂചലനങ്ങളും മര്‍മ്മപ്രധാന പങ്കു വഹിക്കുന്നുണ്ട്.

എന്തുകൊണ്ടായിരിക്കാം, ഹിമാലയന്‍ പ്രദേശങ്ങളില്‍ മാത്രം ഭൂകമ്പങ്ങള്‍ കേന്ദ്രീകരിക്കാനുള്ള കാരണം? ഭൂകമ്പവും ജോഷിമഠിലെ മണ്ണിടിച്ചില്‍ പ്രതിഭാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ? അതോ മനുഷ്യനിയന്ത്രിത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലം മാത്രമാണോ മണ്ണിടിച്ചിലിനു കാരണം? ഈ ചോദ്യങ്ങളെല്ലാം ഒന്നിച്ചു കോര്‍ത്തിണക്കിയാല്‍ മാത്രമേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മണ്ണിടിച്ചില്‍ പ്രതിഭാസത്തിനു ശാസ്ത്രീയവും പൂര്‍ണ്ണമായതുമായൊരു ഉത്തരം നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് വാസ്തവം.

ഭൗമശാസ്ത്രപരമായി, ഭൂമിയുടെ പുറംപാളിയായ ലിതോസ്പിയര്‍ (lithosphere) എട്ട് പ്രധാനപ്പെട്ടതും 15 ചെറുതുമായ ഭൂവല്‍ക്ക പാളികളാല്‍ അഥവാ ഫലകങ്ങളാല്‍ (tectonic-plates) രൂപപ്പെട്ടിട്ടുള്ളതാണ്. ഇത്തരം പ്രധാന ഫലകങ്ങളില്‍ ഒന്നായ ഇന്ത്യന്‍ ഫലകം അഥവാ ഇന്ത്യന്‍ ഭൂവല്‍ക്ക പാളി (Indian plate), വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു; എതിര്‍ ദിശയിലുള്ള യുറേഷ്യന്‍ ഫലകവുമായി കൂട്ടിയിടിച്ചുകൊണ്ടിരിക്കുകയും അല്ലെങ്കില്‍ സംഘര്‍ഷണം (collision) സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ കൂട്ടിയിടി പ്രതിഭാസം ഏതാണ്ട് 50 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ആരംഭിച്ച് ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. തന്മൂലം ഇന്ത്യന്‍ ഫലകം യൂറേഷ്യന്‍ ഫലകത്തിനടിയിലേക്ക് ഇടിച്ചിറങ്ങുകയും (under-thrusting) എതിര്‍ദിശയിലുള്ള യൂറേഷ്യന്‍ ഫലകം ഇന്ത്യന്‍ ഫലകത്തിനു മുകളിലേയ്ക്കായി ഇടിച്ചുകയറുകയും (over-thrusting) ഹിമാലയന്‍ പര്‍വ്വതനിരയും ടിബറ്റന്‍ പീഠഭൂമിയും രൂപമെടുക്കുകയും ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം കൂട്ടിയിടിയുടെ ഫലമായി ഹിമാലയന്‍ പര്‍വ്വത പ്രദേശങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാകുകയും അധികമായി രൂപപ്പെടുന്ന സമ്മര്‍ദ്ദം ഭൂകമ്പ പ്രകമ്പനങ്ങള്‍ രൂപേണ ഇടയ്ക്കിടെ മുക്തമാക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം ഭൂകമ്പ പ്രകമ്പനങ്ങള്‍ ഭൂകമ്പ ഭ്രംശ പ്രദേശത്തിന്റെ മര്‍മ്മപ്രധാന മേഖലകളില്‍ സ്ഥിതിചെയ്യുന്ന ജോഷിമഠ് പോലുള്ള നഗരങ്ങളില്‍ തെല്ലൊന്നുമല്ല മണ്ണിടിച്ചില്‍പോലുള്ള ഭവിഷ്യത്തുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, നിലവില്‍, പശ്ചിമഘട്ട പര്‍വ്വതമേഖലയില്‍ ഫലകങ്ങള്‍ തമ്മിലുള്ള സംഘര്‍ഷണത്തിനു സാധ്യത ഇല്ലാത്തതു കാരണം ഭൂകമ്പങ്ങള്‍ മൂലമുള്ള മണ്ണിടിച്ചില്‍ തീര്‍ത്തും ഇല്ലെന്നു തന്നെയുള്ളതാണ് വസ്തുത. നിലവില്‍ ഇന്ത്യന്‍ ഫലകം വടക്കു കിഴക്ക് ദിശയിലേക്കു പ്രതിവര്‍ഷം ഏതാണ്ട് 45 മില്ലിമീറ്റര്‍ (45 mm/yr) മുതല്‍ 50 മില്ലിമീറ്റര്‍ (50 mm/year) വരെ എന്ന നിരക്കില്‍ ചലിച്ചുകൊണ്ടിരിക്കുകയും തന്മൂലം ഹിമാലയം പ്രതിവര്‍ഷം ഒരു സെന്റിമീറ്ററില്‍ കൂടുതല്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നു ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റെലൈറ്റ് സിസ്റ്റം (Global Navigation Satellite System) ഉപയോഗിച്ചുള്ള കൃത്യതയാര്‍ന്ന ഉപഗ്രഹപഠനങ്ങള്‍ (Satellite Geodsey) തെളിയിക്കുന്നു.

പ്രേരക ഘടകങ്ങള്‍

ഭൂചലനങ്ങള്‍ക്കു പുറമെ ഹിമാലയന്‍, പശ്ചിമഘട്ട പര്‍വ്വത മേഖലകളില്‍ കാലവര്‍ഷത്തില്‍ താരതമ്യേന ലഭിക്കുന്ന കനത്ത മഴയും കുത്തനേയുള്ള ചെരിവുകളും (steep slope), കനത്ത മഴയിലൂടെ ഉദ്ഭവിക്കുന്ന ജലസ്രോതസ് മണ്‍പാളിയില്‍ (soil-cover) ചെലുത്തുന്ന സുഷിര-ജല സമ്മര്‍ദ്ദവും (pore-water pressure), തന്മൂലം ജല-പൂരിതമാക്കപ്പെടുന്ന മേല്‍മണ്‍പാളി, അതിനു തൊട്ടു താഴെയുള്ള താരതമ്യേന ഘനീഭവിച്ച മണ്‍പാളികളുമായോ (Regolith, Saprolite) അല്ലെങ്കില്‍ അവയ്ക്കും താഴെയുള്ള അടിസ്ഥാന പാറയുടെ (Bed-rock) പ്രതലവുമായോയുള്ള ബന്ധം വിച്ഛേദിപ്പിക്കുന്നതിനു പ്രേരകങ്ങളായി തീരുകയും അനന്തരഫലമായി മണ്ണിടിച്ചിലുകള്‍ സംഭവിക്കുകയും ചെയ്യപ്പെടാവുന്നതാണ്. കൂടാതെ ചില പ്രദേശങ്ങളില്‍, മണ്‍പാളികളില്‍ അളവില്‍ കൂടുതലായി കണ്ടുവരാറുള്ള കളിമണ്ണിന്റെ അംശം (Clay/Kaolinite) ജലത്തിനെ കൂടുതലായി വലിച്ചെടുക്കുകയും തന്മൂലം കുഴമ്പു പരുവത്തിലായി തീരുന്ന മണ്ണും ചെളിയും കൂടി ഒരു സ്‌നിഗ്ദ്ധപദാര്‍ത്ഥമായി (lubricant) വര്‍ത്തിക്കുകയും അതിതീവ്ര മഴയോ ഭൂചലനമോ ഉണ്ടാകുന്ന സമയങ്ങളില്‍, മേല്‍മണ്‍പാളികള്‍ അടിസ്ഥാന പാറയുടെ മുകളില്‍കൂടി തെന്നി നീങ്ങാന്‍ കാരണം ആയിത്തീരുകയും ചെരിവ് കൂടിയ അസ്ഥിര (instable) പ്രദേശങ്ങളില്‍ ഇതുമൂലം മണ്ണിടിച്ചിലിനു ആക്കം കൂട്ടുകയും ചെയ്യുന്നു. അതേസമയം, മലയോരങ്ങളിലെ ഭൂരിഭാഗം ചെരിഞ്ഞ പ്രദേശങ്ങളിലും എന്തുകൊണ്ട് അനുഭവപ്പെടുന്നില്ല എന്ന കൗതുകകരമായ ചോദ്യവും ഉയര്‍ന്നേക്കാം. ഇതിനു കാരണങ്ങള്‍ പൊതുവെ പലതാണ്. കാലവര്‍ഷങ്ങളില്‍ ചില മലയോര പ്രദേശങ്ങള്‍ മാത്രമായി കേന്ദ്രീകരിച്ചു ലഭിക്കുന്ന അമിത മഴയോടനുബന്ധിച്ചുള്ള ഭൂമിയുടെ ഉപരിതലങ്ങളിലെ മണ്ണൊലിപ്പ് (surface-erosion), ഭൂഗര്‍ഭങ്ങളില്‍ (sub-surface) സംഭവിക്കുന്ന, കുഴലീകൃത മണ്ണൊലിപ്പ് (soil-piping), മണ്ണിന്റെ രാസ-ഭൗതിക ഘടനയില്‍ വരുന്ന മാറ്റങ്ങള്‍, നീര്‍ച്ചാലുകള്‍ (water channels/palaeo-stream channels) പെട്ടെന്നു പ്രവര്‍ത്തനക്ഷമമാകല്‍ എന്നിവ കൂടാതെ മനുഷ്യന്റെ അനിയന്ത്രിത കടന്നുകയറ്റങ്ങളും അശാസ്ത്രീയമായ ഭൂവിനിയോഗ രീതികളും കൂടിച്ചേര്‍ന്ന് ഇത്തരം മേഖലകളില്‍ മണ്ണിടിച്ചിലുകള്‍ക്കു സമാന്തര പ്രേരകഘടകങ്ങളായി തീരുന്നു.

മനുഷ്യ പ്രചോദിത കാരണങ്ങള്‍ 

മേല്‍ പറഞ്ഞിട്ടുള്ളതുപോലെ, ഭൗമശാസ്ത്ര കാരണങ്ങളും മറ്റു പ്രാപഞ്ചിക പ്രേരക ഘടകങ്ങളും ജോഷിമഠ് പോലുള്ള ഒരു പരിസ്ഥിതി ലോലപ്രദേശത്തെ അസന്തുലിതാവസ്ഥയ്ക്ക് കാരണം ആയേക്കാവുന്നതാണെങ്കിലും ഇത്തരം മേഖലകളിലെ സന്തുലിതാവസ്ഥ പെട്ടെന്നു തകിടം മറിക്കാന്‍ വികസനത്തിലൂന്നിയ അനിയന്ത്രിതമായതും അശാസ്ത്രീയമായതുമായ മനുഷ്യനിര്‍മ്മിത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നല്ലൊരു പങ്കുവഹിക്കുന്നതായി കാണാം. 

മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് 1976-ല്‍ പുറത്തുവന്നപ്പോള്‍ വന്നപ്പോള്‍, ജോഷിമഠില്‍ 200 മുതല്‍ 300 വരെ വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ജോഷിമഠ് ഇപ്പോള്‍ ബദരീനാഥിലേക്കും ഹേമകുണ്ഡ് സാഹിബിലേക്കും ഉള്ള തീര്‍ത്ഥാടനങ്ങളുടെ പ്രവേശന കവാടമായതിനാല്‍ എണ്ണമറ്റ വിനോദ സഞ്ചാരികളുടേയും ഭക്തരുടേയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഹോംസ്റ്റേകളും ഹോട്ടലുകളുമൊക്കെയായി ഏതാണ്ട് 4,000-ത്തിലധികം കെട്ടിടങ്ങളുണ്ട്. ഇതുകൂടാതെ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തിനു ചുറ്റും നിരവധി ജലവൈദ്യുത പദ്ധതികളും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഏതാണ്ട് 126 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ 'ചാര്‍ധാം റെയില്‍വേ' പദ്ധതിയുടേയും അതുപോലെ ഏകദേശം 290 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ 'ചാര്‍ധാം ഹൈവേ' റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഉത്തര്‍ഘണ്ഡിലെ മറ്റു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഋഷികേശ്, കര്‍ണ്ണപ്രയാഗ്, ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളിലേയ്ക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുന്നതിനുമായി അനവധി തുരങ്കങ്ങള്‍ നിര്‍മ്മിക്കുകയും നിലവിലുള്ള റോഡുകള്‍ വീതി കൂട്ടുകയും ചെയ്യപ്പെടുന്നു. തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയാണ് മറ്റൊരു പ്രധാന ആശങ്ക, അതിന്റെ തുരങ്കം ''ജോഷിമഠിന് താഴെയുള്ള ഭൂമിശാസ്ത്രപരമായി ദുര്‍ബ്ബലമായ പ്രദേശത്തിലൂടെ'' കടന്നുപോകുന്നു എന്നുള്ളതാണ് വസ്തുത.

ഇതുകൂടാതെ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തിനു ചുറ്റും നിരവധി ജലവൈദ്യുത പദ്ധതികളും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. 'ചാര്‍ധാം ഹൈവേ' റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഉത്തര്‍ഘണ്ഡിലെ മറ്റു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളിലേയ്ക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി നിലവിലുള്ള റോഡുകള്‍ വീതി കൂട്ടുകയും തുരങ്കങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യപ്പെടുന്നു. തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയാണ് മറ്റൊരു പ്രധാന ആശങ്ക, അതിന്റെ തുരങ്കം ''ജോഷിമഠിനു താഴെയുള്ള ഭൂമിശാസ്ത്രപരമായി ദുര്‍ബ്ബലമായ പ്രദേശത്തിലൂടെ'' കടന്നുപോകുന്നു. തുരങ്കങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍, തുരംഗങ്ങളില്‍നിന്നും പാറകള്‍ നീക്കം ചെയ്യുമ്പോളുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം, തുരംഗങ്ങളില്‍ കൂടി വന്‍തോതില്‍ ഉണ്ടാകുന്ന ഭൂഗര്‍ഭ ജലത്തിന്റെ നഷ്ടവും തന്മൂലം ഉണ്ടാകുന്ന ജലസ്രോതസ്സുകളുള്‍പ്പെടെ അപ്രക്ത്യക്ഷമാകലും ഇത്തരം മനുഷ്യനിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം കൂടി ഒത്തുചേര്‍ന്നു വളരെ ചുരുങ്ങിയ കാലയളവില്‍ ജോഷിമഠിലെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തിയിട്ടുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല.

പരിഹാര മാര്‍ഗ്ഗങ്ങള്‍ 

തീര്‍ത്തും ആശങ്കയുടെ മുള്‍മുനയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ജോഷിമഠ് നിവാസികള്‍ക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധയിനം പുനരധിവാസ പദ്ധതികള്‍ ആലോചിക്കുകയും നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഉപഗ്രഹ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുറത്തുവിട്ട പ്രാഥമിക പഠനറിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് ഇപ്പോളും ജോഷിമഠ് പട്ടണത്തിന്റെ വിവിധ ഭാഗങ്ങള്‍ താഴ്ന്നുകൊണ്ടിരിക്കുന്നതായാണ്. ഇതു വീണ്ടും തദ്ദേശവാസികളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആയതിനാല്‍ മേല്‍ പ്രതിപാദിച്ചിട്ടുള്ളതുപോലുള്ള മനുഷ്യപ്രചോദിത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്നു നിര്‍ത്തിവയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടാതെ കൂടുതല്‍ സാങ്കേതികതയിലൂന്നിയ വിവിധതരം ഭൂഗര്‍ഭ (Geology), ഭൂഭൗതിക (Geophysics), ഉപഗ്രഹ (Satellite Geodsey) പഠനങ്ങള്‍ നടത്തി, സുരക്ഷതയിലും സുസ്ഥിരതയിലും ശാസ്ത്ര-സാങ്കേതികതയിലും ഊന്നിയ പുനരധിവാസ പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്രയും പെട്ടെന്ന് ജോഷിമഠിലെ ജനങ്ങള്‍ക്കായി നടപ്പിലാക്കേണ്ടതാണ്. കൂടാതെ ഇനി മുന്‍പോട്ടുള്ള ഏതൊരു വികസനവും ജോഷിമഠിന്റെ മാത്രമല്ല, ഹിമാലയവും പശ്ചിമഘട്ടവും പോലുള്ള ഉയരവും ചെരിവും കൂടിയതുമായ ഏതൊരു പ്രകൃതി ലോല പ്രദേശത്തിന്റേയും പാരിസ്ഥിതികതയെ കണക്കിലെടുത്തുകൊണ്ടുള്ളവ തന്നെ ആയിരിക്കണം എന്നുള്ളതാണ് സത്യം.

(ലേഖകന്‍ കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലാ മറൈന്‍ ആന്‍ഡ് ജിയോ ഫിസിക്‌സ്  വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറാണ്‌)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com