'നമുക്കുവേണ്ട ഒരു ലോകം സ്വയം നിര്‍മ്മിച്ചെടുക്കുകയാണിതില്‍, ഞാനത് സ്വയം ഉണ്ടാക്കിയെടുത്തതാണ്' 

ഇന്ത്യയിലെ ദളിത്-അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ പുതിയ മുഖമാണ് ഡോ. സൂരജ് യെങ്ഡേ
'നമുക്കുവേണ്ട ഒരു ലോകം സ്വയം നിര്‍മ്മിച്ചെടുക്കുകയാണിതില്‍, ഞാനത് സ്വയം ഉണ്ടാക്കിയെടുത്തതാണ്' 

ന്ത്യയിലെ ദളിത്-അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ പുതിയ മുഖമാണ് ഡോ. സൂരജ് യെങ്ഡേ. മണ്ഡല്‍ അനന്തര കാലത്ത് ശക്തിപ്പെട്ട അംബേദ്കറൈറ്റ് ചിന്താധാര പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ആഗോളതലത്തിലും ദേശീയതലത്തിലും പ്രഭാഷണങ്ങളും ഇടപെടലുകളുമായി സജീവമാണ് അദ്ദേഹം. 'കാസ്റ്റ് മാറ്റേഴ്സ്' എന്ന സൂരജിന്റെ പുസ്തകം പുതിയ കാലത്തെ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ജാതിയെ പ്രശ്‌നവല്‍ക്കരിക്കുന്നത്. 

ദക്ഷിണാഫ്രിക്കയിലെ പിഎച്ച്.ഡി പഠനത്തിനുശേഷം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ കെന്നഡി സ്‌കൂളിലായിരുന്നു പോസ്റ്റ് ഡോക്ടറല്‍ ഫെലോ പഠനം. യു.എസില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദളിത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു. ഫാഷന്‍-ലൈഫ്സ്‌റ്റൈല്‍ മാസികയായ 'ജെന്റില്‍മാന്‍സ് ക്വാര്‍ട്ടര്‍ലി' അടുത്തിടെ, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള യുവാക്കളുടെ കൂട്ടത്തില്‍ സൂരജിനെ തിരഞ്ഞെടുത്തിരുന്നു. ഫാഷന്‍-സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റുകൊണ്ടും സൂരജ് വ്യത്യസ്തനാണ്. സ്റ്റൈലിഷ് കൂള്‍ ലുക്ക് തന്റെ പൊതുജീവിതത്തിന്റെ നിലപാടുകളുടെ ഭാഗം തന്നെയാണെന്ന് അദ്ദേഹം പറയുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞയാഴ്ച അദ്ദേഹം കോഴിക്കോട്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ 'കാസ്റ്റ് മാറ്റേഴ്സ്' എന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും സാഹിത്യ അക്കാദമി അവാര്‍ഡ് നേടുകയും ചെയ്തിട്ടുണ്ട്. ആനന്ദ് ടെല്‍ടുംബ്ഡെയുമായി ചേര്‍ന്ന് എഡിറ്റു ചെയ്ത ദി റാഡിക്കല്‍ ഇന്‍ അംബേദ്കര്‍ ആണ് അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം. 'കാസ്റ്റ് മാറ്റേഴ്സ്' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളെക്കുറിച്ചും ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തെക്കുറിച്ചും സൂരജ് യെങ്ഡേ സംസാരിക്കുന്നു:
---

അംബേദ്കറൈറ്റ് രാഷ്ട്രീയം ആഗോളതലത്തില്‍ തന്നെ മുന്‍പത്തേക്കാള്‍ ഊര്‍ജ്ജസ്വലമായിട്ടുണ്ട്. താങ്കളെപ്പോലുള്ള യുവ അംബേദ്കറൈറ്റുകള്‍ക്ക് ഇന്ത്യയ്ക്കകത്തും പുറത്തും കൂടുതല്‍ സ്വീകാര്യത കൈവരുന്നു. എന്നാല്‍, അതേസമയം തന്നെ ജാതിമനോഭാവവും യാഥാസ്ഥിതികത്വവും സമകാലിക ഇന്ത്യന്‍ സമൂഹത്തില്‍ കൂടിവരുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ അംബേദ്കറൈറ്റ്-ദളിത് രാഷ്ട്രീയത്തിന്റെ പ്രാധാന്യവും പ്രസക്തിയും എന്താണ്? 

എന്റെ സ്വീകാര്യതയെക്കുറിച്ച് പറഞ്ഞാല്‍ അതിനു കുറച്ചു കാലമെടുത്തു. പെട്ടെന്നുണ്ടായതല്ല. അതിനുവേണ്ടി കുറച്ചു പണിയെടുക്കേണ്ടിവന്നിട്ടുണ്ട്. എല്ലാറ്റിലേയും പോലെ നമുക്കുവേണ്ട ഒരു ലോകം സ്വയം നിര്‍മ്മിച്ചെടുക്കുകയാണിതില്‍. ഞാനത് സ്വയം ഉണ്ടാക്കിയെടുത്തതാണ്. എന്റെ സമുദായത്തെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും അതിനെ മനസ്സിലാക്കുന്ന രീതിയെക്കുറിച്ചുമെല്ലാം ഞാന്‍ മറ്റുള്ളവരോട് വ്യാപകമായി, ആഗോളതലത്തിലും ആശയവിനിമയം നടത്തിയിട്ടുണ്ട്. 

അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, ഒരുപാടു ബുദ്ധിമുട്ടുകള്‍ അതില്‍ വന്നുചേരും. കാരണം, ജാതിയെക്കുറിച്ചു പറയുമ്പോള്‍ അവര്‍ കരുതുന്നത് അതു ഭൂതകാലത്തിലുള്ള കാര്യമാണെന്നാണ്. പഴയതെന്ന് അവര്‍ കരുതുന്ന ജാതിയെന്ന പ്രശ്‌നത്തെ സമകാലികമായി തിരിച്ചറിയുന്ന തരത്തില്‍ ആളുകള്‍ക്കു മനസ്സിലാക്കിക്കൊടുക്കാനായി ഭാഷ കണ്ടെത്തുക എന്നത് ശ്രമകരമാണ്. അതിന്റെ വിഷമങ്ങള്‍ നേരിട്ടിട്ടുണ്ട്. നിങ്ങള്‍ പറഞ്ഞത് ശരിയാണ്, അതു സ്വീകരിക്കപ്പെട്ടു തുടങ്ങി. എങ്കിലും അഞ്ചോ ആറോ വര്‍ഷമായി ഞാന്‍ അതിനായി പരിശ്രമിച്ചിട്ടുണ്ട്. 

അംബേദ്കറൈറ്റ്-ദളിത് രാഷ്ട്രീയത്തിന് ഇന്നു പുതിയൊരു സ്വീകാര്യത കൈവന്നിട്ടുണ്ട്. കേരളം പോലൊരു സ്ഥലത്ത് എത്തിയപ്പോള്‍ തന്നെ കുറെ ഹാര്‍ഡ്കോര്‍ അംബേദ്കറൈറ്റുകളുമായി പരിചയപ്പെട്ടു. അംബേദ്കറൈറ്റുകള്‍ എന്നല്ലാതെ മറ്റൊരു വിശേഷണവും അവര്‍ക്കില്ല. നമുക്ക് അംബേദ്കറിന്റെ രാഷ്ട്രീയമാണ് വേണ്ടതെന്നു പറയുന്നവര്‍ മാര്‍ക്‌സിസ്റ്റ് മൂല്യബോധത്തില്‍ സംസാരിക്കേണ്ടതില്ല; അംബേദ്കറൈറ്റ് മൂല്യങ്ങളില്‍ നിന്നുതന്നെയാണ് സംസാരിക്കേണ്ടത് എന്നാണ് അവര്‍ പറഞ്ഞത്. 

മഹാരാഷ്ട്രയില്‍ ഇങ്ങനെയൊരു പ്രതികരണം സ്വാഭാവികമാണ്. അവിടെ അംബേദ്കറിനോടുള്ള ഒരു സ്‌നേഹം പ്രകടമാണ്. അംബേദ്കറിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പരിധിവരെ വ്യക്തമായ ധാരണയുണ്ട്. ഒരു പരിധിവരെ. കേരളത്തില്‍ ഞാന്‍ കരുതിയത്, എല്ലാം കൂടി കലര്‍ന്ന രാഷ്ട്രീയമായിരിക്കുമെന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു സന്തോഷകരമായ കാര്യമാണ്. 

അംബേദ്കറൈറ്റ്-ദളിത് രാഷ്ട്രീയം വളരുകയും പടരുകയും ചെയ്യുന്നുണ്ട്. അതിന് ഊര്‍ജ്ജം പകരുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്. ആ കരുത്താര്‍ജ്ജിക്കല്‍ ഞാനും കണ്ടുകൊണ്ടിരിക്കുകയാണ്. ആളുകള്‍ നിര്‍ഭയത്വത്തോടെ ആ രാഷ്ട്രീയം സംസാരിക്കുന്നു, ആത്മവിശ്വാസത്തോടെ, ചുറ്റുപാടും നോക്കാതെ, എന്തുസംഭവിക്കുമെന്ന് വേവലാതിപ്പെടാതെ ഈ രാഷ്ട്രീയം സംസാരിക്കുന്നു. ഇതു പുതുമയുള്ള കാര്യമാണ്. തലമുറയുടെ വരവ് എന്നൊക്കെ പറയാം. അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ കൂടുതല്‍ പടര്‍ച്ചയ്ക്ക് ഒരു കാരണം പുതുതലമുറയാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ തലമുറയില്‍ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം കുറവായിരുന്നു. നിങ്ങള്‍ അഭിമുഖത്തിനായി എന്നെ തിരഞ്ഞെടുക്കുമ്പോള്‍, ഒരു ദളിത് വ്യക്തിത്വത്തിനു ലഭിക്കുന്ന അംഗീകാരമാണത്. 

വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന വളര്‍ച്ചയ്ക്കനുസരിച്ച്, രണ്ടാംതലമുറയോ മുന്നാംതലമുറയോ നാലാംതലമുറയോ അഞ്ചോ ആറോ ഒക്കെ ഈ രാഷ്ട്രീയം കൂടുതല്‍ ആളുകളിലെത്തിക്കുകയും കരുത്തുകൈവരുകയും ചെയ്യും. ഓരോ തലമുറയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അടുത്ത തലമുറയ്ക്ക് കൂടുതല്‍ പ്രയോജനപ്രദമാകും. ഞങ്ങളുടേത് കുറേക്കൂടി ശക്തിയാര്‍ജ്ജിച്ച തലമുറയാണ്. നേരത്തെയുണ്ടായിരുന്ന അംബേദ്കറൈറ്റുകളുടെ തലമുറ ജനാധിപത്യം, അവകാശം, സ്വാതന്ത്ര്യം എന്നീ ആശയങ്ങള്‍ മുറുകെപിടിച്ചവരാണ്. പിന്നീട് തൊണ്ണൂറുകളോടെ മണ്ഡല്‍ കാലത്തിനു ശേഷം ഉണ്ടായ തലമുറ, ഉദാരവല്‍ക്കരണകാലത്തെ തലമുറ, സംവാദങ്ങളുടെ വിമര്‍ശനസ്വഭാവത്തെ കൂടുതല്‍ വികസ്വരമാക്കി. ഞാന്‍ പ്രവര്‍ത്തിക്കുന്ന ഈ തലമുറ, ഞാന്‍ കണ്ടുകൊണ്ടിരിക്കുന്ന തലമുറ പ്രത്യേകിച്ച് ഇപ്പോള്‍ 15 വയസ്സിനു മുകളിലുള്ള, 2000-നും 2010-നും ശേഷമൊക്കെ ജനിച്ചവര്‍, അവരില്‍ അംബേദ്കറൈറ്റ് ആശയങ്ങളുടെ പ്രതിഫലനവും സ്വീകാര്യതയുമൊക്കെ കൂടുതലാണ്. പുതിയ അംബേദ്കറൈറ്റ് രാഷ്ട്രീയത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത ആരും അനുവദിച്ചുകൊടുത്തതല്ല, അതു സൃഷ്ടിച്ചെടുത്തതാണ്. സ്വയം രൂപപ്പെടുത്തിയെടുത്തതാണ്. അവര്‍ക്കു ദൃശ്യത ലഭിക്കുന്നുണ്ട്. വ്യക്തത കൈവന്നിട്ടുണ്ട്. ശ്രദ്ധ കിട്ടുന്നുണ്ട്. അവരതിനെ പ്രയോജനപ്പെടുത്തുന്നുമുണ്ട്. 

ബിആർ അംബേദ്കർ
ബിആർ അംബേദ്കർ

അടുത്തകാലത്തുണ്ടായ ഒരു മാറ്റം ജാതിയെക്കുറിച്ച് തീവ്രമായ അനുഭവങ്ങളുള്ള സൂരജിനെപ്പോലെയുള്ളവര്‍ അസമത്വങ്ങളെക്കുറിച്ചും അനീതിയെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ രംഗത്തുവരികയും അവയെക്കുറിച്ച് ഉള്‍ക്കാഴ്ചകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ്. ഇന്ത്യയിലെ ജാതിപഠനങ്ങളുടേയും വിമര്‍ശത്തിന്റേയും ഇപ്പോഴത്തെ അവസ്ഥ എന്താണ്? 

അതു വളരെ പ്രധാനപ്പെട്ട മേഖലയാണ്. നേരത്തെ തന്നെ നമ്മുടെ പ്രാദേശിക ഭാഷകളില്‍, ജാതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇവ പരസ്പരം ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഭാഷയുടെ മറ ഒരു പ്രശ്‌നം തന്നെയായിരുന്നു. ബിഹാറിലോ ഉത്തര്‍പ്രദേശിലോ നടക്കുന്ന ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. ആന്ധ്രയിലോ തമിഴ്നാട്ടിലോ നടക്കുന്നത് എനിക്കു മനസ്സിലാക്കാന്‍ പറ്റുന്നില്ല. നോര്‍ത്ത് ഈസ്റ്റിലേക്കു പോകുകയാണെങ്കില്‍ അതു വേറെയാണ്. പൊതുവായ ഒരു സംഭവം രൂപപ്പെടുത്തിയെടുക്കുക എന്നതു വെല്ലുവിളിയായിരുന്നു.
പക്ഷേ, അതിനോട് നമ്മള്‍ ക്രിയാത്മകമായി പ്രതികരിക്കുന്നുണ്ട്. അതിന് അംബേദ്കര്‍ കണ്ടെത്തിയ പരിഹാരമുണ്ട്. ഇംഗ്ലീഷ് ഭാഷ. ഇംഗ്ലീഷില്‍ എഴുതിയാല്‍ എല്ലാവരിലേക്കും എത്തിക്കാനാകും. ദളിത് കമ്യൂണിറ്റിയുടെ ഭാഷ ഇംഗ്ലീഷ് ആകണം. നിങ്ങള്‍ക്കു മാതൃഭാഷയുണ്ടാകാം. പക്ഷേ, പ്രൊഫഷണല്‍ ആയ ആശയവിനിമയത്തിനു പ്രൊഫഷണല്‍ ആയ ഭാഷ വേണം. പ്രാവീണ്യത്തോടെയുള്ള കാര്യക്ഷമത -എ പ്രൊഫിഷ്യന്റ് എഫിഷ്യന്‍സി. 

ഇംഗ്ലീഷില്‍ സംസാരിക്കുകയും സ്വായത്തമാക്കുകയും വേണം. ദളിതരുടെ വ്യവഹാര ഭാഷയില്‍ ഇംഗ്ലീഷുണ്ടാകണം. അതൊരു ലക്ഷ്യമായി മാറ്റിയില്ലെങ്കില്‍ ദളിത് സമുദായങ്ങള്‍ക്കു പുരോഗതി കൈവരിക്കാനാകില്ല. വേറൊരു വഴിയുണ്ടാവില്ല. ലഭ്യമായ അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താനാകാതെ ജാതിവ്യവസ്ഥയുടെ നരകപ്രദേശത്തുതന്നെ കഴിയേണ്ടിവരും. ഇംഗ്ലീഷില്‍ എന്തെങ്കിലും വായിച്ചാല്‍ അതു പ്രാദേശിക ഭാഷകളില്‍ വരികയും വേണം. ജാതി അടിമത്തത്തെക്കുറിച്ച് സനല്‍ മോഹന്‍ എഴുതിയിട്ടുണ്ട്. അതു വായിച്ചുകഴിഞ്ഞപ്പോല്‍ വിനില്‍ പോളിനോട് അത് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തുകൂടേ എന്നു ഞാന്‍ ചോദിച്ചിരുന്നു. അവര്‍ക്ക് എന്നെ അറിയുന്നത് ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയതുകൊണ്ടാണ്. എനിക്ക് മറാഠിയിലുള്ളതു വായിക്കാന്‍ പറ്റും. പക്ഷേ, അവര്‍ക്കു പറ്റില്ലല്ലോ. മാതൃഭാഷയ്ക്ക് പ്രാധാന്യമില്ലെന്ന് അതിനര്‍ത്ഥമില്ല. മാതൃഭാഷയുണ്ടെങ്കില്‍ ഒരു പിതൃഭാഷയും ഉണ്ടാക്കാം. അത് ഇംഗ്ലീഷ് ആയിരിക്കണം. രണ്ടിലും പ്രാവീണ്യം ഉണ്ടാകണം. ഒന്ന് വലുതും മറ്റേത് ചെറുതും ആകേണ്ടതില്ല. പിന്നെയത് പല ഭാഷകളാകണം.

അടുത്തകാലത്തുയര്‍ന്നുവന്ന ജാതിവിമര്‍ശ പഠനങ്ങള്‍ സവര്‍ണ്ണ ചിന്താധാരയ്ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ഏറെക്കാലം സവര്‍ണ്ണ വിഭാഗങ്ങളായിരുന്നു ജാതിയെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തിയിരുന്നത്. അവരാണ് എഴുതുകയും ചര്‍ച്ച ചെയ്യുകയും സിദ്ധാന്ത രൂപീകരണം നടത്തുകയും ചെയ്തിരുന്നത്. ഇപ്പോള്‍ അങ്ങനെയങ്ങ് എഴുതിപ്പോകാമെന്ന സ്ഥിതിയില്ല. ഇതിനെ വിമര്‍ശവിധേയമാക്കുന്ന ഒരു ദളിത് മണ്ഡലം ഉണ്ടെന്ന് അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു. അവരുടെ എഴുത്തുകള്‍ക്ക് ഉടനടി വിമര്‍ശനം ഉണ്ടാകുന്നു. വളരെ ചലനാത്മകവും സംവാദാത്മകമായ ഇടപെടലുകള്‍ നടക്കുകയും ചെയ്യുന്ന മേഖലയാണ് ഇന്ന് ജാതിപഠനവും വിമര്‍ശവും.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ശശി തരൂരിനൊപ്പം സൂരജ് യെങ്ഡേ
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ശശി തരൂരിനൊപ്പം സൂരജ് യെങ്ഡേ

ദളിത് സിനിമയെക്കുറിച്ച് താങ്കള്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ദളിത് ഫിലിം ഫെസ്റ്റിവെലും സംഘടിപ്പിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ടു നടക്കുന്ന ഇടപെടല്‍ എങ്ങനെയാണ് ജാതി അസമത്വങ്ങളെ നേരിടുന്നതിനു സഹായകരമാവുന്നത്? 

ജനപ്രിയ മാധ്യമങ്ങള്‍ പലപ്പോഴും ഉപഭോഗത്തിന്റെ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സിനിമ കാണുകയല്ല ഉപഭോക്താക്കളാവുകയാണ് പലപ്പോഴും. ഒരു സിനിമയിലെ നായിക പ്രത്യേക സാരി ഉടുത്താല്‍, അല്ലെങ്കില്‍ മുടിയില്‍ പൂ ചൂടിയാല്‍ ആളുകളും അത് അനുകരിക്കാന്‍ ശ്രമിക്കും. അതില്‍ത്തന്നെ ബഹുജന്‍ എന്ന വിഭാഗത്തെയായിരിക്കും സിനിമാ ഉപഭോഗം കൂടുതല്‍ സ്വാധീനിക്കുന്നത്. അതേസമയം ആളുകള്‍ക്കു സമയം ചെലവഴിക്കാനുള്ള ഇടവും വിശ്രമിക്കാനുള്ള ഇടവും കൂടിയാണ് സിനിമാ തിയേറ്ററുകള്‍. വിശാലമായ അര്‍ത്ഥത്തില്‍ സാമൂഹ്യമായ കൂടിച്ചേരലിനുള്ള ഇടമാണ് സിനിമകള്‍. ചിലര്‍ സിനിമ കാണുന്നത് നമ്മുടെ പണ്ടു കാലത്തെ ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള ശ്രമം എന്ന നിലയിലാണ്. നമ്മുടെ ജീവിതവുമായി വളരെ അടുപ്പമുള്ള മാധ്യമമാണ് സിനിമ. അതിനൊരു റൊമാന്റിക്കായ തലവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദളിതുകള്‍ സിനിമയില്‍ എങ്ങനെയാണ് ബന്ധപ്പെട്ടു കിടക്കുന്നത് എന്ന ആലോചനയുണ്ടാകുന്നത്. അവരുടെ സാന്നിധ്യവും അഭാവവും എല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദളിത് സിനിമ എന്ന ഒരു ആമുഖം എഴുതിയത്. ദളിത് സിനിമയ്ക്ക് നമ്മുടെ പുരോഗമന മൂല്യങ്ങളെ ഉള്‍ക്കൊള്ളാനാകണം. നിലനില്‍പ്പിനേയും പ്രതിരോധത്തേയും ചിത്രീകരിക്കാനാകണം. ചില ഡയലോഗുകളിലൂടെയൊക്കെ അത്തരം ഉത്തരവാദിത്വങ്ങള്‍ സിനിമയില്‍ നിറവേറ്റാനാകും. സിനിമ ശരിക്കും സമൂഹത്തിന്റെ പ്രതിഫലനമാണെന്നു പറയാം. പക്ഷേ, ആ പ്രതിഫലനം മര്‍ദ്ദകനായ ആളുടെ നോട്ടത്തിലൂടെയുള്ള പ്രതിഫലനമാണ്. നമുക്ക് അതു മാറ്റിയെടുക്കാനാകണം.

സിനിമയിലെ ദളിതുകളുടെ സാന്നിധ്യത്തേയും പ്രതിനിധാനത്തേയും അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദളിത് ഫിലിം ഫെസ്റ്റിവെല്‍ തുടങ്ങിയത്. അമേരിക്കയിലെ കൊളംബിയ ന്യൂ സ്‌കൂളിലാണ് അത് നടത്തിയത്. ഒരുപാട് ദളിത് ആര്‍ട്ടിസ്റ്റുകള്‍, നടന്മാര്‍, സംവിധായകര്‍ ഒക്കെ നമുക്കുണ്ട്. അവരെയൊക്കെ സെലിബ്രേറ്റ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അടുത്ത തവണ ഇത് ബഹറിനില്‍ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി കുറച്ചുപേര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ദളിത് മിഡില്‍ ക്ലാസിനെക്കുറിച്ചു താങ്കളുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഈ മധ്യവര്‍ഗ്ഗത്തിന് ഇന്ത്യന്‍ സമൂഹത്തില്‍ എത്രത്തോളം സ്വാധീനമുണ്ട്? 

ദളിത് മിഡില്‍ ക്ലാസ്സ് എന്നു പറയുന്നത് സംവരണത്തിന്റെ ഫലമായി ഉണ്ടായതാണ്. അതുകൊണ്ട് ദളിതുകള്‍ക്ക് ദേശീയതലത്തില്‍ ഒരുണര്‍വ്വുണ്ടായി. ഞാനത് എന്റെ പുസ്തകത്തിലും എഴുതിയിട്ടുണ്ട്. നഗരത്തില്‍ ജീവിക്കുന്ന ജോലിയുള്ള ഒരാളാണെങ്കില്‍ നിങ്ങളും ഒരു മിഡില്‍ ക്ലാസ്സ് ആണ്. അത് ഒരുതരത്തിലുള്ള സാമൂഹ്യപദവിയാണ്. ദളിത് മധ്യവര്‍ഗ്ഗത്തിന് ദളിത് സമുദായങ്ങളില്‍ നല്ല സ്വാധീനമുണ്ട്. അവര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിലും സ്വാധീനം ചെലുത്താനാകുന്നുണ്ട്. 

ആ മധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവം പറയുകയാണെങ്കില്‍ അവര്‍ക്കു ജോലിയുണ്ടാകും, വീടുണ്ടാകും. പല ജാതികള്‍ ചേര്‍ന്നു ജീവിക്കുന്ന ഇടങ്ങളില്‍ ജീവിക്കാനാകും. അവരാണ് സമുദായത്തിന്റെ വക്താക്കളായി മാറുന്നത്. അവര്‍ക്കു കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. പക്ഷേ, ചിലപ്പോള്‍ ഈ വിഭാഗങ്ങള്‍ കുറച്ചു നിരാശപ്പെടുത്തുന്നുണ്ട്. പൂര്‍ണ്ണമായും എന്നു പറയാനാവില്ല. ചിലപ്പോള്‍ മര്‍ദ്ദക വിഭാഗങ്ങളുടെ ജീവിതരീതിയെ അനുകരിക്കുകയാണ് ചെയ്യുന്നത്. സ്വന്തമായി ജീവിതബോധത്തെ മുന്നോട്ടുവെക്കുന്നില്ല. കാന്‍ഷിറാം ഇതിനൊരു അപവാദമായിരുന്നു. അദ്ദേഹം ദളിത് മധ്യവര്‍ഗ്ഗവിഭാഗത്തിലെ, എല്ലാവരേയും പട്ടികജാതി വിഭാഗങ്ങളേയും പിന്നാക്ക സമുദായക്കാരേയും ഒരുമിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. നിങ്ങള്‍ക്കു ജോലിയുണ്ടോ? ഓക്കെ. നല്ല കാര്യം. കുറച്ചു പണവും സമയവും ഇതിനായി നീക്കിവെക്കൂ. മൂന്നു ടി ആണ് അദ്ദേഹം ആവശ്യപ്പെട്ടത്. ടൈം, ടാലന്റ്, ട്രഷര്‍. നിങ്ങള്‍ക്കു സമയമാണ് തരാന്‍ കഴിയുന്നതെങ്കില്‍ അത്. നിങ്ങളുടെ കഴിവാണ് ഉപയോഗപ്പെടുത്താനാകുന്നതെങ്കില്‍ അങ്ങനെ. ഞാനൊരു ജേണലിസ്റ്റാണ്, എനിക്ക് അതിനുവേണ്ടി എഴുതാനാകും. അല്ലെങ്കില്‍ എനിക്കു പണമുണ്ട്. ഒരു 200 രൂപ തരാനാകും. അങ്ങനെയാണ് ആ മുന്നേറ്റം തുടങ്ങിയത്. പക്ഷേ, അതിനിടയില്‍ എങ്ങനെയോ രാഷ്ട്രീയ സ്വീകാര്യത ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായി. അതൊരു വൈരുദ്ധ്യമായി മാറി. പ്രശ്‌നങ്ങള്‍ പെട്ടെന്നു പരിഹരിക്കാനല്ല നമ്മള്‍ ആഗ്രഹിക്കുന്നത് എന്നുവന്നു. 

സനൽ മോഹൻ
സനൽ മോഹൻ

പ്രശ്‌നത്തെ സംബോധന ചെയ്യാനാണ് ഞാനിപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മധ്യവര്‍ഗ്ഗ വിഭാഗങ്ങളെ ഒരുമിച്ചുകൊണ്ടുവരാനുള്ള ആശയപരമായ അടിത്തറ രൂപപ്പെടുത്തിയെടുക്കാനും അതിനുള്ള ഇടമുണ്ടാക്കാനുമുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. മധ്യവര്‍ഗ്ഗം വികസിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ്. ഞങ്ങളുടെ കുട്ടികള്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നുണ്ട്. ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, മികച്ച ജേണലിസം സ്‌കൂളുകള്‍ എല്ലായിടത്തും അവരെത്തുന്നുണ്ട്. അവരെ സാമൂഹ്യമാറ്റത്തിലും രാഷ്ട്രീയ മാറ്റത്തിനുള്ള വിഭാഗമായി മാറ്റിയെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി ചില മീറ്റിങ്ങുകളൊക്കെ നടത്തുന്നുണ്ട്. ഡല്‍ഹിയില്‍ അതിനായി ഒരു യോഗം നടത്തിയിരുന്നു. ഈ ലക്ഷ്യത്തിനുവേണ്ടി ഇന്ത്യയിലെമ്പാടും പ്രവര്‍ത്തിക്കാനായി ആളുകളെ ഉള്‍പ്പെടുത്തി ഒരു സംഘടന രൂപീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ സാമൂഹ്യമാറ്റത്തിനായി ഒരുമിപ്പിച്ചുകൊണ്ടുവരണം. എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതാവസരം സാധ്യമാകുന്ന രീതിയില്‍ അതു വികസിപ്പിക്കണം. 

നാരായണഗുരുവിന്റേയും അയ്യന്‍കാളിയുടേയും സ്ഥലം എന്ന നിലയിലും ഇടതുപക്ഷത്തിനു സ്വാധീനമുള്ള സ്ഥലം എന്ന നിലയിലും കേരളത്തിലെ അംബേദ്കര്‍- ദളിത് രാഷ്ട്രീയത്തെക്കുറിച്ചു താങ്കളുടെ നിരീക്ഷണം എന്താണ്? 

കഴിഞ്ഞ ദിവസം ശശി തരൂരുമായുള്ള സംസാരത്തിനിടെ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇടതുപക്ഷത്തിന് ദളിത് നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇത് കോണ്‍ഗ്രസ്സിന്റെ കാര്യത്തിലും ശരിയാണ്. ഇടതുപക്ഷത്തിന് ദളിത് മുഖമുള്ള നേതാവുണ്ടോ, എനിക്കറിയില്ല. ചിലരുണ്ടെങ്കില്‍ തന്നെ അത് കേരളത്തില്‍ത്തന്നെ ഒതുങ്ങിനില്‍ക്കുകയാണ്. അതൊരു ഖേദകരമായ വസ്തുതയാണ്. എനിക്കു തോന്നുന്നത് ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നുള്ളവര്‍ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതലായി സ്വീകാര്യത നേടാന്‍ ശ്രമിക്കണം. പ്രത്യേകിച്ചും ദളിത്-ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവര്‍. അവര്‍ അവരുടെ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കരുത്. അത് അംബേദകറൈറ്റ് രാഷ്ട്രീയമല്ല. അംബേദകറൈറ്റ് രാഷ്ട്രീയം ദേശീയ രാഷ്ട്രീയമാണ്. ഭരണഘടനയുടെ രാഷ്ട്രീയമാണ്. അതു രാജ്യത്തിന്റെ രാഷ്ട്രീയമാണ്. കേരളത്തിന്റെ മാത്രം രാഷ്ട്രീയമല്ല. വളരെ സ്വാധീനമുള്ള, സമര്‍ത്ഥമായി കാര്യങ്ങള്‍ മനസ്സിലാക്കുന്ന ദളിത് ചിന്തകരുണ്ട്. എണ്‍പതുകള്‍ മുതല്‍ കേരളത്തിലെ ദളിത് രാഷ്ട്രീയ രംഗത്തുള്ളയാളാണ് സണ്ണി കപിക്കാട്. ദളിത് രാഷ്ട്രീയത്തെ സംബന്ധിച്ച് അദ്ദേഹത്തിനുള്ള ആശയപരമായ വ്യക്തത എന്നെ അമ്പരപ്പിച്ചു. എനിക്ക് അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ചു കൂടുതല്‍ അറിയാനാകണം. അദ്ദേഹത്തെപ്പോലുള്ളവരെ ഇന്ത്യയൊട്ടാകെ സെലിബ്രേറ്റ് ചെയ്യാന്‍ നമുക്കു പറ്റണം. 

വിനിൽ പോൾ
വിനിൽ പോൾ

ഉത്തരേന്ത്യയില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി പ്രചാരണത്തിനു പോകുമ്പോള്‍, ഉദാഹരണത്തിന് പഞ്ചാബിലേക്ക് പോകുമ്പോള്‍ അവരുടെ പോസ്റ്ററുകളില്‍ ശ്രീനാരായണഗുരുവിന്റേയും പെരിയാറിന്റേയും ഫോട്ടോ ഉണ്ട്. ഇന്ത്യയിലെ വേറെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിങ്ങളിത് കണ്ടിട്ടുണ്ടോ? ദക്ഷിണേന്ത്യയിലെ ജനകീയരായ നേതാക്കളുടെ ചിത്രങ്ങള്‍ ഉത്തരേന്ത്യയില്‍ പ്രചാരണത്തിന് ഉപയോഗിക്കുന്ന വേറെ ഏതു പാര്‍ട്ടിയുണ്ട്? കേരളത്തില്‍ ബി.എസ്.പിപോലുള്ള ബദല്‍ പാര്‍ട്ടികള്‍ ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. പ്രത്യേകിച്ചും എസ്.സി, എസ്.ടി, ഒ.ബി.സി, മുസ്ലിം വിഭാഗങ്ങള്‍ക്കായി. അവരുടെ ഭാവി ഇത്തരം ഇടങ്ങളിലാണ് കണ്ടെത്തുക. മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഇതു ചെയ്യാനാകില്ല. നിങ്ങളുടെ ജനകീയ നേതാക്കളുടെ ചിത്രങ്ങള്‍ മറ്റൊരു സംസ്ഥാനത്ത് ഒരു പാര്‍ട്ടി പ്രയോജനപ്പെടുത്തുന്നുണ്ടെങ്കില്‍ അവര്‍ എത്രയധികം സ്വാധീനമുള്ള വ്യക്തികളാണ്. ഇതിലധികം എന്താണ് വേണ്ടത്. മായാവതി നടത്തിയ ഒരു പ്രസംഗത്തിന്റെ പോസ്റ്ററില്‍ ശ്രീനാരായണഗുരുവിന്റെ ചിത്രം കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചിട്ടുണ്ട്. പെരിയാറുമുണ്ടായിരുന്നു. അംബേദ്കര്‍ എപ്പോഴുമുണ്ടായിരുന്നു. പഞ്ചാബില്‍ നാരായണഗുരുവിന്റേയും പെരിയാറിന്റേയും ചിത്രം വെക്കേണ്ട ആവശ്യമുണ്ടോ? അതിന് കേരളവുമായോ തമിഴ്നാടുമായോ എന്തു ബന്ധമാണ്? പക്ഷേ, അതാണ് ബഹുജന്‍ സമുദായങ്ങളുടെ രാഷ്ട്രീയം. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് നാരായണഗുരുവിന്റെ ചിത്രമുണ്ടാകില്ല. ഉണ്ടെങ്കില്‍ തന്നെ കോഴിക്കോട്ടോ തിരുവനന്തപുരത്തോ മാത്രമുള്ള പരിപാടിയിലായിരിക്കും. അതുപോലെ പെരിയാറിന്റെ ചിത്രം ചിലപ്പോള്‍ ചെന്നൈയിലെ ചില സ്ഥലത്തോ മധുരയിലോ മാത്രം ഉണ്ടാകും. എനിക്ക് നാരായണഗുരുവിനേയും പെരിയാറിനേയുമൊക്കെ ചെറുപ്പത്തിലേ അറിയാം. എന്റെ അച്ഛന്‍ ബഹുജന്‍ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. ഈ പേരുകളൊന്നും എനിക്കു പുതിയതല്ല. അവരൊക്കെ ഞങ്ങളുടെ ഹീറോകളായിരുന്നു. 

ഇടതുപക്ഷത്തില്‍ അടുത്തിടെയായി ചില മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതൊരു റാഡിക്കല്‍ മാറ്റമായി മാറണം. അവര്‍ക്കതു ചെയ്യാന്‍ പറ്റും. കാരണം ഇടതുപക്ഷത്തിന് ഒരു വിപ്ലവകരമായ ആശയാടിത്തറയുണ്ട്. ഇത് കോണ്‍ഗ്രസ്സോ മറ്റു പാര്‍ട്ടികളേയോപോലെ തല്‍സ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്ന പ്രസ്ഥാനമല്ല. പക്ഷേ, അവരിലിപ്പോഴും യാഥാസ്ഥിതികത്വമുണ്ട്. അതു സ്വാഭാവികമാണ്. അതിലെ പല നേതാക്കാളും മേല്‍ജാതികളില്‍ നിന്നുള്ളവരാണ്. ബ്രാഹ്മണരോ ഭൂവുടമസ്ഥതയുള്ളവരോ ആയ സമുദായങ്ങളില്‍നിന്നുള്ളവരാണ്. 

പക്ഷേ, പൊതുവായി ജാതി അസമത്വങ്ങളെ അവര്‍ അംഗീകരിച്ചുവെന്ന് തോന്നുന്നുണ്ട്. ദളിത് വിമോചനം സാധ്യമാകുന്ന തരത്തില്‍ നയപരമായ മാറ്റങ്ങള്‍ കൊണ്ടുവരണം. കേരളത്തില്‍നിന്ന് ദളിത് സമുദായങ്ങളില്‍നിന്നു ചുരുങ്ങിയത് 200 പേരെയെങ്കിലും വിദേശ പഠനത്തിന് അയക്കാന്‍ പറ്റണം. മികച്ച സ്ഥാപനങ്ങളിലേക്ക് പിഎച്ച്.ഡിക്കും ബിരുദാനന്തര ബിരുദപഠനത്തിനു മൊക്കെയായിട്ട്. കേരളത്തിനു വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട്. മിഡില്‍ ഈസ്റ്റിലും ദക്ഷിണേഷ്യയിലും നോര്‍ത്ത് അമേരിക്കയിലുമൊക്കെയുള്ള മലയാളി വിഭാഗങ്ങളെ കണ്ടെത്തി ഒരു കൂട്ടായ്മ സാധ്യമാക്കണം. അവരെ ശാക്തീകരിക്കാനും ഒരുമിപ്പിക്കാനുള്ള പദ്ധതിയുണ്ടാകണം. ദേശീയതലത്തില്‍ ഇടപെടാനാകുന്ന രാഷ്ട്രീയ നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരണം. അതു ചിലപ്പോള്‍ ഇടതുപക്ഷത്തിന് ബഹുജന്‍ സമുദായങ്ങളില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ സഹായിച്ചേക്കും. ഉത്തരേന്ത്യന്‍ രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. അവിടെ ഇടതുപക്ഷമില്ല. അവിടവിടെയായി ചിലയിടങ്ങളില്‍ ഉണ്ടായേക്കാം. അവിടെ ജാതി അടിസ്ഥാനത്തിലാണ് രാഷ്ട്രീയം. ബിമാറു സംസ്ഥാനങ്ങളിലായാലും കൗ ബെല്‍റ്റിലായാലും ജാതി തന്നെയാണ് രാഷ്ട്രീയം തീരുമാനിക്കുന്നത്. 

കാൻഷിറാം
കാൻഷിറാം

ഇടതുപക്ഷത്തിലെ യുവനേതൃത്വം ഈ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുകയും ദളിത് വിഭാഗങ്ങളെ അവരുടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയും വേണം. ഞങ്ങളുടെ റീച്ച് ഔട്ട് പ്രോഗ്രാമുകള്‍ അങ്ങനെയാണ്. ദളിത് യുവാക്കളെ കണ്ടെത്തി രാഷ്ട്രീയത്തിലേക്കു കൊണ്ടുവരിക. ശാക്തീകരിക്കുക. അത് ഇടതുപക്ഷത്തിനു സ്വീകരിക്കാവുന്ന മാതൃകയാണത്. ബി.ജെ.പിയും ആര്‍.എസ്.എസ്സുമൊക്കെ ഇതു ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. 

ജാതിവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പങ്കെന്താണ്? 

ഇടതുപക്ഷത്തിനു ചരിത്രപരമായിത്തന്നെ അങ്ങനെയൊന്നില്ല. അവരെപ്പോഴും രാഷ്ട്രീയത്തെ നോക്കിക്കണ്ടിരുന്നത് റഷ്യന്‍ അല്ലെങ്കില്‍ ചൈന മാതൃകയിലാണ്. അവര്‍ക്ക് ഇന്ത്യയെ നോക്കിക്കാണാന്‍ ഇന്ത്യന്‍ മാതൃക ഉണ്ടായിരുന്നില്ല, മാര്‍ക്‌സ് തന്നെ ജാതിയെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും. ഫ്യൂഡലിസത്തെക്കുറിച്ചോ ഉടമസ്ഥതയെക്കുറിച്ചോ തൊഴിലാളികളെക്കുറിച്ചോ ഒക്കെ സംസാരിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം എളുപ്പമാണ്. ഒരു പരിധിവരെ അതുകൊണ്ട് സമൂഹത്തെ മനസ്സിലാക്കാനും പറ്റും. പക്ഷേ, വ്യക്തമായി മനസ്സിലാക്കാന്‍ പറ്റില്ല. ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കുന്നതില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിനു കാര്യമായ സ്വാധീനം ചെലുത്താന്‍ പറ്റിയിട്ടില്ല. വര്‍ഗ്ഗത്തെ അവര്‍ വാണിജ്യവും വിപണിയുമായും ഒക്കെ ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കിയത്. 

മറ്റു കാര്യങ്ങള്‍ അവരുടെ പരിഗണനയില്‍ വന്നില്ല. ആളുകള്‍ ക്ഷേത്രങ്ങളില്‍ പോകുന്നു, പ്രാര്‍ത്ഥിക്കുന്നു, പൂക്കള്‍ അര്‍പ്പിക്കുന്നു. അതൊന്നും ഇല്ലാതാക്കാന്‍ നമുക്കു പറ്റിയിട്ടില്ല. പക്ഷേ, ഇതില്‍ തന്നെയാണ് ജാതിയും നിലനില്‍ക്കുന്നത്. അതു മനസ്സിലാക്കാതെ ജാതിയെ മനസ്സിലാക്കാനാവില്ല.

ദളിത് സമുദായത്തിലുള്ളവര്‍ ഭരണതലത്തിലും പാര്‍ട്ടിതലത്തിലും പ്രധാന പദവികളില്‍ നിയമിക്കപ്പെടുന്നുണ്ട്. ഇത് ദളിത് സമൂഹത്തിനു ഗുണകരമാവുന്നുണ്ടോ? 

യെസ്, തീര്‍ച്ചയായും. അതിന് സിംബോളിക് ആയ തലത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുണ്ട്. പക്ഷേ, അതുമാത്രം പോര. ടോക്കണിസ്റ്റിക് എന്നു പറയാവുന്ന നടപടികള്‍ക്കു ബലം പകരുന്ന രീതിയില്‍ കൂടുതല്‍ അധികാരം ജനങ്ങള്‍ക്കു കിട്ടണം. ഉന്നത പദവികളില്‍ ദളിത് വിഭാഗങ്ങളില്‍ വരുന്നത് പ്രാഥമികമായ നടപടി മാത്രമാണ്. കൂടുതല്‍ അധികാരം വേണം. കൂടുതല്‍ പ്രവര്‍ത്തനത്തിലുള്ള ഇടമാണ് അത്. വൈവിധ്യങ്ങളെ പ്രതിനിധീകരിക്കാനാവുന്ന ഇടവുമാണ്. പ്രതിനിധാനം വളരെ പ്രധാനമായ കാര്യം തന്നെയാണ്. അതു പ്രാഥമികമായ കാര്യമാണ്. ആത്യന്തികമായ കാര്യമല്ല. ഇതു ചെയ്തിട്ടുണ്ട് എന്നു പറഞ്ഞ് അവസാനിപ്പിക്കരുത്. ഇടതുപക്ഷത്തിനൊക്കെ ഇക്കാര്യത്തില്‍ കുറെ കാര്യങ്ങള്‍ ചെയ്യാനാകും. പക്ഷേ, അവര്‍ അത്രയൊന്നും ചെയ്തിട്ടില്ല. അവര്‍ക്ക് ദളിത് ജനപ്രതിനിധിയെ രാജ്യസഭയിലേക്കയക്കാം. ദളിത് വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടുതല്‍ പാര്‍ലമെന്ററി രംഗത്ത് ഇടം ലഭിക്കണം. കോണ്‍ഗ്രസ്സിന്റെ വലിയ നേതാക്കളില്‍ കേരളത്തില്‍നിന്നുള്ളവരുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി സമിതികളിലൊക്കെ ദളിതുകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സ് അതു ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ടോക്കണിസ്റ്റിക് ആയിരിക്കാം. പക്ഷേ, അവര്‍ ആദ്യപടി എന്ന നിലയില്‍ അതു ചെയ്യുന്നുണ്ട്. അതേസമയം, വ്യക്തിഗതമായ നേട്ടങ്ങള്‍ സമുദായത്തിന്റെ നേട്ടങ്ങളാണെന്നു പറയാനാകില്ല. നയപരമായി മാറ്റങ്ങളുണ്ടാകണം. സമുദായങ്ങളെ പരഗണിച്ചുകൊണ്ടുള്ള നയപരമായ മാറ്റങ്ങള്‍. സൂരജ് യെങ്ഡേയുടെ വ്യക്തിഗത നേട്ടങ്ങള്‍കൊണ്ട് കാര്യമില്ല. എനിക്കു നയപരമായ കാര്യങ്ങളില്‍ മാറ്റം കൊണ്ടുവരാനുള്ള അധികാരം ലഭിച്ചാല്‍ അതു പ്രധാനമാണ്. 

ഫോട്ടോ: ഇ ​ഗോകുൽ/ എക്സ്പ്രസ്
ഫോട്ടോ: ഇ ​ഗോകുൽ/ എക്സ്പ്രസ്

പൊതുവേദികളില്‍ വരുമ്പോള്‍ വേഷത്തിന്റെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടുണ്ട്? 

വേഷംപോലെയുള്ള കാര്യങ്ങളില്‍ ഞാന്‍ ചെറുപ്പം മുതല്‍ തന്നെ താല്പര്യമുള്ളയാളായിരുന്നു. എപ്പോഴും ഒരു സ്റ്റൈല്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറുണ്ട്. വേഷത്തെക്കുറിച്ചും ഡിസൈനിനെക്കുറിച്ചുമൊക്കെ ആലോചിക്കാറുണ്ട്. നമ്മുടെ സാമുദായിക സ്വത്വത്തെ പ്രകാശിപ്പിക്കുന്നതില്‍ സ്റ്റൈലിങ് ഒരു പവര്‍ഫുള്‍ ടൂള്‍ ആണ്. ഇറ്റ്സ് എ സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റ്. സംവാദങ്ങളെ, സംസാരങ്ങളെ എളുപ്പമാക്കാനും ഇടങ്ങളെ രൂപപ്പെടുത്താനുമുള്ള വഴികൂടിയാണ്. അസുഖകരമായ സംഭാഷണങ്ങളെ സുഖകരമാക്കി മാറ്റാന്‍ സ്‌റ്റൈലിങ് സഹായിക്കും. നമ്മള്‍ സ്‌റ്റൈലിഷ് ആണ്, സ്മാര്‍ട്ട് ആണ്, നന്നായി സംസാരിക്കുന്നു എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍, അതുവഴി നമുക്ക് സ്വീകാര്യത കിട്ടും. അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഇടങ്ങള്‍ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടും. 

ആളുകള്‍ക്കു ചിലപ്പോള്‍ സ്റ്റൈലിനോടൊക്കെ വിയോജിപ്പുണ്ടാകാം. ചിലപ്പോള്‍ മോശം കമന്റ് ഒക്കെ പറഞ്ഞേക്കാം. അതൊന്നും നമ്മളെ പിന്തിരിപ്പിക്കുയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്. അതെന്റെ പ്രവര്‍ത്തനശൈലിയുടെ ഭാഗം കൂടിയാണ്. For, that it looks cool. If you looks cool the perosn you are looking at alos feel cool and that makes them happy. ഒരുതരത്തില്‍ ലോകത്തെ ഹാപ്പി ആക്കാനുള്ള ശ്രമമാണത്. എന്റെ വേഷം കൊണ്ടും സ്‌റ്റൈല്‍ കൊണ്ടും ഞാന്‍ ലോകത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു. 

ദളിത് ശരീരം ശുദ്ധിയുള്ള ശരീരമായല്ല ആളുകള്‍ കരുതുന്നത്. It is sinned. അതിനു മൂല്യവും പ്രാധാന്യവുമില്ല. ആ ശരീരം സാമൂഹ്യപദവിയോ ബഹുമാനമോ കയ്യാളുന്നില്ല. അങ്ങനെയുള്ള ദളിത് ശരീരത്തെ മുന്നിലേക്കു കൊണ്ടുവരണം. നമ്മുടെ സംവാദങ്ങളുടെ ഭാഗമാക്കി മാറ്റണം. സ്റ്റൈലിഷായി പോകുമ്പോള്‍ നമ്മളെ ആളുകള്‍ ശ്രദ്ധിക്കും. നമുക്കു ചുറ്റും ഒരു ആള്‍ക്കൂട്ടത്തെ ഉണ്ടാക്കാന്‍ കഴിയും. നമ്മള്‍ മെ്യൈ ആയാല്‍, വളരെ ലൈവും സ്റ്റൈലിഷും ആയാല്‍ ആളുകള്‍ക്കു നമ്മളെ അവഗണിക്കാനാവില്ല. Because you stand there aweosme. ആളുകള്‍ തൊടാന്‍ കൊതിക്കുന്ന ശരീരമായി ദളിത് ശരീരം മാറണം. അണ്‍ടച്ചബിള്‍ ആയ ശരീരത്തെ ടച്ചബിള്‍ ആക്കുന്ന പ്രവര്‍ത്തനം ആണത്. 

ജെന്റില്‍മാന്‍സ് ക്വാര്‍ട്ടര്‍ലി എന്ന ഫാഷന്‍ ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ മാസിക സൂരജ് യെങ്ഡേയെ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള യുവാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു? 

അതേ. ഫാഷന്‍ എന്നത് നിങ്ങളുടെ കാരക്റ്റര്‍ ആണ്. അതോടൊപ്പം തന്നെ സ്വത്വത്തെ കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തലും അതിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കംഫര്‍ട്ടബിള്‍ സ്‌റ്റൈലില്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. അണ്‍കംഫര്‍ട്ടബിള്‍ ആയ ഡ്രസ്സ് ഞാന്‍ ഇടാറില്ല. വേഷം ആയാലും ലുക്ക് ആയാലും കംഫര്‍ട്ടബിള്‍ ആയിരിക്കണം. ഗ്രോണ്‍ ഫ്രം സ്ട്രോങ് റൂട്ട്സ്- ഇപ്പോള്‍ ഇട്ടിരിക്കുന്ന ഈ ഡ്രസ്സ് ഒരു ബ്ലാക് അമേരിക്കന്‍ ഡിസൈനര്‍ ചെയ്തതാണ്. അതൊരു സ്റ്റേറ്റ്മെന്റ് ആണ്. ബിസിനസ് ക്ലാസ്സിലൊക്കെ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും അംബേദ്കര്‍ ടീഷര്‍ട്ടോ ഫുലെ ടീഷര്‍ട്ടോ ആണ് ധരിക്കുക. I wear my icons. Thats the fashion, thats my style, and I will keep doing it. 

താങ്കളുടെ വിദ്യാഭ്യാസവും അതിലേക്കുള്ള യാത്രയും എങ്ങനെയായിരുന്നു? 

വിദ്യാഭ്യാസം അത്ര എളുപ്പമുള്ളതൊന്നുമായിരുന്നില്ല. ഞാന്‍ ഒരു ചേരിയില്‍നിന്നാണ് വരുന്നത്. എന്റെ അച്ഛന്‍ ഒരു സ്വകാര്യബാങ്കിലെ പ്യൂണ്‍ ആയിരുന്നു. 3000 രൂപയായിരുന്നു ശമ്പളം. അഞ്ചുപേരുള്ള കുടുംബത്തിന് ആ കാശുകൊണ്ട് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ശമ്പളം കിട്ടുമ്പോള്‍ തന്നെ അതിനെ ഭൂരിഭാഗവും വായ്പ തിരിച്ചടവായി കൊടുത്തിട്ടുണ്ടാകും. അമ്മ ഏഴാംക്ലാസ്സുവരെയാണ് പഠിച്ചത്. അച്ഛന്‍ ഒന്‍പതാംക്ലാസ്സുവരെയും. എന്റെ കുടുംബത്തില്‍ ആദ്യമായി പത്താംക്ലാസ് പാസ്സായത് ഞാനാണ്. അന്ന് എന്റെ അമ്മാവന്‍ എല്ലാവര്‍ക്കും മധുരം ഒക്കെ കൊടുത്തത് എനിക്ക് ഓര്‍മ്മയുണ്ട്. പന്ത്രണ്ടാം ക്ലാസില്‍ 48 ശതമാനം മാര്‍ക്കു മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അച്ഛന് എന്നെയൊരു വക്കീല്‍ ആക്കണമെന്നുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ നന്ദേഡിലെ കോളേജില്‍ ലോ പഠിച്ചു. എല്‍.എല്‍.എമ്മിന് ലണ്ടനിലേക്ക് പോയി. എന്‍വയോണ്‍മെന്റല്‍ ലോ ആയിരുന്നു എനിക്ക് താല്പര്യം. പക്ഷേ, അതു കിട്ടിയില്ല. അതുകൊണ്ട് ഹ്യൂമന്‍ റൈറ്റ്സിനു ചേര്‍ന്നു. അതിനുശേഷം പിഎച്ച്.ഡിക്ക് ആഫ്രിക്കയിലേക്ക് പോയി. പിന്നീട് ഹാര്‍വാര്‍ഡില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച്. ഇപ്പോള്‍ ഓക്‌സഫഡില്‍ രണ്ടാമത്തെ പിഎച്ച്.ഡി ചെയ്യുന്നു. ഹാര്‍വാര്‍ഡില്‍ ഈ പ്രായത്തില്‍ത്തന്നെ ഞാനൊരു സീനിയര്‍ ഫെലോ ആയി. മൂന്നു പുസ്തകങ്ങള്‍ വന്നു. എല്ലായിടത്തും ജാതി എന്നെ പിന്തുടര്‍ന്നിട്ടുണ്ട്. ജാതി അനുഭവങ്ങള്‍ എപ്പോഴും പ്രകടമായിത്തന്നെ ഉണ്ടായിരുന്നു. എന്റെ ഗ്രാമത്തില്‍ ഇപ്പോഴും കാര്യങ്ങള്‍ മാറിയിട്ടില്ല. പുതിയ കുട്ടികള്‍ക്ക് എന്നിലൂടെ ഒരു മാതൃക കിട്ടുന്നുണ്ട്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com