കശ്മീര്‍ ദേശീയതയുടെ ബഹുലമായ അടിയൊഴുക്കുകള്‍ ജീവിതത്തില്‍ തൊട്ടറിഞ്ഞ ഒരാള്‍

കശ്മീര്‍ ജനതയുടെ ജീവിതം എന്നപോലെ അവിടുത്തെ പ്രകൃതിയും ചരിത്രവും കലയും സാഹിത്യവും എല്ലാം രാഷ്ട്രീയ കാരണങ്ങളാല്‍ നിശബ്ദമാക്കപ്പെട്ടു
കശ്മീര്‍ ദേശീയതയുടെ ബഹുലമായ അടിയൊഴുക്കുകള്‍ ജീവിതത്തില്‍ തൊട്ടറിഞ്ഞ ഒരാള്‍

രു മഹാസംസ്‌കാരത്തിന്റെയും ഉദാത്തമായ സൗഹൃദങ്ങളുടേയും പൈതൃകമായ കശ്മീര്‍ രാഷ്ട്രീയ പ്രശ്‌നങ്ങളാല്‍ കത്തുന്ന നാടാണ്. ജ്ഞാനപീഠ ജേതാവായ റഹ്മന്‍ റാഹിയുടെ നാട്. സൂഫികളാലും മിസ്റ്റിക്കുകളാലും മനുഷ്യമഹത്വത്തിന്റെ ഗാഥകള്‍ വിളയിച്ച ഈ താഴ്‌വരയ്ക്ക് തീപിടിച്ചിട്ട് അരനൂറ്റാണ്ടിലേറെയായി. സ്‌നേഹവും സൗന്ദര്യവും ഒരേ ചരടില്‍ കോര്‍ത്തെടുത്ത പോലുള്ള മണ്ണും മനസ്സും.

സത്യത്തില്‍ ഈ നാടിന്റെ  മനുഷ്യ  പ്രകൃതി സ്‌നേഹത്തിന്റെ കാവ്യഭാഷ നഷ്ടപ്പെടുത്തിയത് ആരൊക്കെക്കൂടിയാണ്? തെറ്റായ സ്വാര്‍ത്ഥങ്ങളുടെ അതിര്‍ത്തിരേഖകള്‍ മെനഞ്ഞെടുത്ത തത്ത്വസംഹിതകള്‍  ഒരു ജനതയുടെ പൊറുതിയില്ലാതാക്കിയിട്ട് അരനൂറ്റാണ്ടിലധികമായി. കശ്മീരികളെപ്പോലെ രാഷ്ട്രീയ ദുരിതമനുഭവിക്കുന്ന ജനത ഭൂമിയിലധികമില്ല. ഇന്ത്യാ  പാക് വിഭജനത്തിന്റെ കൊടിയ അനീതികള്‍ക്ക് ഇന്നും ഇരയായിക്കൊണ്ടിരിക്കുന്ന ജനതയും സംസ്‌കാരവുമാണ്  ജമ്മുകശ്മീര്‍. അഗാധ സ്‌നേഹത്തിന്റെ രാഷ്ട്രീയവും കാവ്യമീമാംസകളും വിളഞ്ഞ മണ്ണ്. കശ്മീരിയും സംസ്‌കൃതവും പ്രാകൃതവും പാലിയും ഉറുദുവും നിരവധി പ്രാദേശിക ഭാഷാ ഭേദങ്ങളും. എന്നുവേണ്ട ഭാഷാസംസ്‌കൃതികളുടെ ഇണക്കുകണ്ണിയായ ദേശം. നിത്യേന ദുരന്തവാര്‍ത്തകളില്‍ നിറയുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടുകളും മാത്രമായിത്തീരുന്ന ഒരു ജനതയ്ക്ക് നാടും സമൂഹവും ഉണ്ട് എന്നുപോലും വിശ്വസിക്കാന്‍ വയ്യാത്ത രീതിയില്‍ കശ്മീരികള്‍ ഇന്ത്യയുടേയും പാകിസ്താന്റേയും ഹൃദയത്തില്‍നിന്ന്  മെല്ലെമെല്ലെ പുറത്താക്കപ്പെട്ടിരിക്കുന്നു.

ഭൂപടങ്ങള്‍ക്ക് ഹൃദയതാളം നഷ്ടമാകുമ്പോഴാണ്  പട്ടാളക്കാരുടെ ഫ്‌ലാഗ് മാര്‍ച്ച് തുടങ്ങുക, എന്നാരോ പറഞ്ഞത് ഓര്‍മ്മവരുന്നു.

കശ്മീരിന്റെ പ്രശസ്ത കവി റഹ്മാന്‍ റാഹി എന്ന കവി വിടപറയുമ്പോഴും രാഷ്ട്രീയവും താഴ്വരയിലെ കവിതയും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതം തന്നെ.

ഋഷിവര്യരും സൂഫികളും ഒന്നിച്ചു നിര്‍മ്മിച്ച ഒരു സംസ്‌കാരം എത്ര പൊടുന്നനെയാണ് പട്ടാളക്കാരുടെ ബൂട്ടുകള്‍ക്കും തോക്കിന്‍ കുഴലുകള്‍ക്കും മുമ്പില്‍ വന്ധ്യമായിത്തീര്‍ന്നത്? ജവഹര്‍ലാല്‍ നെഹ്‌റു, 'സൗകര്യപൂര്‍വ്വം വിസ്മരിച്ചു' എന്ന് പല രാഷ്ട്രീയ നിരീക്ഷകരും അടിവരയിട്ട ഹിതപരിശോധന എന്ന ആശയം മഹാമനസ്‌കതയുടെ സൗന്ദര്യഭൂമിയെ ഇത്രമേല്‍ നരകമാക്കിത്തീര്‍ക്കുമെന്ന് ആരെങ്കിലും വിചാരിച്ചുവോ?

'2007ലെ ജ്ഞാനപീഠപുരസ്‌കാരം കശ്മീരിക്കവിയായ റഹ്മാന്‍ റാഹിക്ക്' എന്നവാര്‍ത്ത കശ്മീരില്‍നിന്നും നിത്യേന വന്നുകൊണ്ടിരുന്ന കനത്ത പട്ടാളബൂട്ടിട്ട വാര്‍ത്തകളില്‍നിന്ന് മാറിനിന്ന ഒന്നായിരുന്നു എന്ന് ഇന്നും ഓര്‍മ്മിക്കുന്നു. അതിര്‍ത്തി രാഷ്ട്രീയ ദുരന്തരന്മാര്‍ക്ക് ഒരു വേള ആ വാര്‍ത്ത അന്നേ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുകാലം താഴ്വരയില്‍നിന്ന് കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു വാര്‍ത്ത ഒരുപക്ഷേ, ചില മനുഷ്യരെയെങ്കിലും നാടിന്റെ പൈ(മാ)തൃകത്തെക്കുറിച്ചുള്ള ഓര്‍മ്മകളിലേയ്ക്കു കൊണ്ടുപോയിട്ടുണ്ടാവും. എന്നാല്‍, ഒരു വ്യാഴവട്ടത്തിനുശേഷം റഹ്മാന്‍ റാഹി എന്ന കവിയുടെ മരണവേളയിലും പുതിയതൊന്നും സംഭവിക്കാത്തപോലെ കശ്മീര്‍ നിലകൊള്ളുന്നു.

സംസ്‌കൃത മീമാംസയുടെ ഉള്ളടരുകള്‍ ആവിര്‍ഭവിച്ച കശ്മീരിന്റെ മണ്ണ് മഹാകാവ്യ സംസ്‌കാരങ്ങളുടേയും കൂടിയായിരുന്നു. കശ്മീര്‍ ജനതയുടെ ജീവിതം എന്നപോലെ അവിടുത്തെ പ്രകൃതിയും ചരിത്രവും കലയും സാഹിത്യവും എല്ലാം രാഷ്ട്രീയ കാരണങ്ങളാല്‍ നിശബ്ദമാക്കപ്പെട്ടു. ഈ നിശബ്ദതയോടുള്ള പോരാട്ടമാണ് റഹ്മാന്‍ റാഹിയുടെ എഴുത്തിന്റെ ജീവവായു എന്നുകൂടി കരുതേണ്ടിയിരിക്കുന്നു.

14ാം നൂറ്റാണ്ടോടെ സജീവമാകുന്ന കാവ്യപാരമ്പര്യത്തില്‍ സൂഫികളുടേയും മിസ്റ്റിക്കുകളുടെയും പണ്ഡിറ്റുകളുടേയും ദര്‍വിഷുകളുടേയും പങ്കാളിത്തം ഒരു ബഹുല സംസ്‌കൃതിയെ ഭാരതത്തിനു സംഭാവന ചെയ്തു. അവിടെ എഴുതപ്പെട്ട കൃതികളുടെ പരിഭാഷ ആംഗലത്തിലേയ്ക്കും മറ്റു ഭാഷകളിലേയ്ക്കും വേണ്ടത്ര വരാതിരിക്കാന്‍ അവിടുത്തെ രാഷ്ട്രീയ കാര്യങ്ങള്‍ ഒരു കാരണമായിരിക്കാം. എന്നാല്‍, ഒരു വന്‍ സംസ്‌കാരത്തെ നമ്മില്‍നിന്നും അവ പലവുരു മറച്ചുവെക്കുകയാണ് ചെയ്തത്. കേവലം അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാനിലേക്ക് മാത്രം അവ ചുരുങ്ങി.

14ാം ശതകത്തില്‍ ജീവിച്ച ലാല്‍ദത് എന്ന ലല്ലേശ്വരിയിലൂടെയാണ് കശ്മീരി കവിതയുടെ വളര്‍ച്ച തുടങ്ങുന്നത് എന്നാണ് സാഹിത്യചരിത്രകാരരുടെ അഭിപ്രായം. അതേസമയം 12ാം നൂറ്റാണ്ടില്‍ തന്നെ ഷിതികാന്തിന്റെ മഹായാനപ്രകാശം പോലുള്ള പണ്ഡിതോചിത കൃതികള്‍ ഉണ്ടാവുന്നുണ്ട്.

പ്രകൃതിപ്രതിഭാസവും കാല്പനികതയും ഒത്തുചേര്‍ന്ന ഒരുതരം ക്ലാസ്സിക് പരുവമായിരുന്നു ലല്ലേശ്വരിയുടെ കവിതകള്‍ക്ക്. സൂഫിസത്തിന്റെ അന്തര്‍ധാരയും ആ കവിതകള്‍ക്കുണ്ട്. മിര്‍ സയ്ദ് അലി എന്ന സൂഫിയുടെ ശിഷ്യത്വം ഇവര്‍ക്കുണ്ടായിരുന്നു. കവിതയെ വ്യക്തിയുടേയും സമൂഹത്തിന്റേയും നവീകരണ ആയുധമായി കണ്ടയാളാണ് ദത്തിന്റെ സമകാലികനായിരുന്ന നൂറുദ്ധീന്‍ എന്ന കവി. ഹബ്ബാ ഖാത്തൂന്‍, ആര്‍ണിമല്‍ തുടങ്ങിയ പെണ്‍കവികളുടെ ഒരു മഹാതുടര്‍ച്ച പിന്നെ കശ്മീരദേശത്ത് ഉണ്ടാവുന്നുണ്ട്.

പ്രാദേശിക സംസ്‌കാരവും നാടോടി  ജീവിതവൃത്തിയുടെ ബഹുലതയും കശ്മീരി കവിതയെ അഗാധമായ പ്രകൃതി  മിസ്റ്റിക് ആശയങ്ങളില്‍ കൂടുതല്‍ വേരുള്ളതാക്കി.

18ാം ശതകത്തില്‍, മുഹമ്മദ് ഗാമിയെപ്പോലുള്ള കവികള്‍ കാല്പനികതയുടെ പുതിയ വസന്തം കൊണ്ട് കശ്മീര്‍ കാവ്യപാരമ്പര്യത്തെ ആര്‍ജ്ജവമുറ്റതാക്കി.

അറബി  പേര്‍ഷ്യന്‍ കാല്പനിക കഥകളും നായിക നായകരുമുള്‍പ്പെടെ കശ്മീരി ഭാഷയില്‍ നവ്യമായ കാവ്യാഖ്യാനങ്ങളില്‍ സ്ഥലം പിടിച്ചു.

ലൈലയും ഷിറിന്‍  ഖുസ്രുവും യൂസഫ്  സുലൈഖ കഥകളും അവയില്‍ ചിലതാണ്.

ഗുലാം അഹ്മദ് മഹ്ജറിനേയും അബ്ദുല്‍ അഹമ്മദ് ആസാദിനേയും ആധുനിക കശ്മീരി കവിതയുടെ ഉപജ്ഞാതാക്കളായി കരുതുന്നു. പേര്‍ഷ്യന്‍, ഉറുദു, കശ്മീരി കവിതകളിലൊക്കെ ഇവരുടെ കവിത പുഷ്‌കലമായി. ഉറുദുവിന്റെ ഹൃദയഭൂമി എന്ന നിലയ്ക്ക് നാമറിഞ്ഞതും നമ്മെയറിയിച്ചതും ഉപഭൂഖണ്ഡത്തിന്റെ ഉത്തരേന്ത്യന്‍ മേഖലയെയാണ്. കശ്മീരി ദേശഭാഷകളുടെ സമ്മിശ്രമായ സാംസ്‌കാരിക പൈതൃകം ഉറുദുവിന്റെ മൗലികമായ വര്‍ണ്ണങ്ങളോടൊപ്പം പാറിപ്പറക്കുന്നത് അന്യഭാഷക്കാരായ നമുക്ക് അധികം അനുഭവിച്ചറിയാന്‍ പറ്റിയിട്ടില്ല.

നൂറ്റാണ്ടുകളായി കശ്മീരിദേശം പുലര്‍ത്തിപ്പോന്ന മതേതര പാരമ്പര്യം എന്നും കശ്മീര്‍ കാവ്യലോകം കാത്തുസൂക്ഷിച്ചു.

മഹ്ജര്‍ തന്റെ ഒരു കവിതയില്‍ ഇങ്ങനെ പറയുന്നു:

'ആരാണ് നിങ്ങളുടെ ദേശത്തിന്റെ മിത്രം?
ആരാണ് ശത്രു?
നിങ്ങള്‍തന്നെ അതാലോചിച്ചുറപ്പിക്കുക
എല്ലാ കാശ്മീരികളുടേയും വംശവും
തായ്ത്തടിയും ഒന്നുതന്നെ
നമുക്കൊരിക്കല്‍ക്കൂടി പാലും പഞ്ചാരയും ലയിപ്പിക്കാം.
ഹിന്ദുക്കള്‍ ചുക്കാന്‍ പിടിക്കട്ടെ
മുസ്ലിങ്ങള്‍ തുഴയും.
നമുക്കങ്ങനെ നമ്മുടെ രാജ്യത്തിന്റെ വഞ്ചി കരയ്ക്കടുപ്പിക്കാം.'

ജാതി  മതങ്ങളുടെ അടിയൊഴുക്ക് കശ്മീര്‍ ജനത പിന്നിട്ട പ്രകൃതിപരവും തൊഴില്‍പരവുമായ ജീവിതത്തിന്റെ പ്രത്യേക ഭൂമികയില്‍ സല്ലയിച്ചു ഒന്നിക്കുന്ന അനുഭവമായിരുന്നു, ആധുനികോത്തരകാലം വരെയുള്ള കശ്മീര്‍ ദേശകവിതയുടെ വിശേഷം.

റാഹിയുടെ കവിതയിലും ഇതേ പിന്തുടര്‍ച്ചയുടെ സ്വരവും സ്വരഭംഗവുമുണ്ട്. പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ഫോറത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു കവി. കശ്മീര്‍ ദേശീയ കവിതയുടെ അധുനാതനവും വിപ്ലകരവുമായ മാറ്റത്തില്‍, പുരോഗമന ചിന്തക്കാരനും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവനും എന്ന നിലയില്‍ തന്റെ എഴുത്തിലൂടെ വലിയ മാറ്റമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആഗാഷാഹിദ്, ഫാറൂഖ് നാസ്‌കി, ഷകീല്‍ ഷാന്‍... തുടങ്ങിയ നിരവധി കവികളെക്കൂടി റാഹിയോടൊപ്പം ഇക്കാര്യത്തില്‍ നമുക്ക് ഓര്‍മ്മിക്കേണ്ടതുണ്ട്.

കശ്മീര്‍ സര്‍വ്വകലാശാലയില്‍നിന്നും ഭാഷയുടെ വകുപ്പധ്യക്ഷനായിട്ടാണ് റാഹി വിരമിക്കുന്നത്. കശ്മീര്‍ വിമര്‍ശന സാഹിത്യത്തിന് പുതിയ ദിശ നിര്‍ണ്ണയിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. കാഹ്വത്ത (ഉരകല്ല്) എന്ന നിരൂപണപുസ്തകം അതിനു കാണപ്പെട്ട തെളിവാണ്. 2007 ല്‍, ജ്ഞാനപീഠം കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരിന്നു:

'ഈ പുരസ്‌കാരം/അംഗീകാരം എനിക്കല്ല, കശ്മീരി ഭാഷക്കാണ്.'

കശ്മീര്‍ ദേശീയതയുടെ ബഹുലമായ അടിയൊഴുക്കുകള്‍ ജീവിതത്തില്‍ തൊട്ടറിഞ്ഞ ഒരാള്‍ എന്ന നിലയ്ക്ക്, ജനതയോടും അവിടുത്തെ സംസ്‌കാരത്തോടും പുലര്‍ത്തുന്ന ഏതു രാഷ്ട്രീയത്തേയും അദ്ദേഹം ആശങ്കയോടെ നോക്കിക്കണ്ടു. അതുകൊണ്ടുതന്നെ വിപരീത രാഷ്ട്രീയ ഭാവനകൊണ്ടും ഏറെ പ്രിയപ്പെട്ടതാണ്, അദ്ദേഹത്തിന്റെ കവിതയും എഴുത്തും.

'നാളെതന്‍ വാക്കുകള്‍ക്കര്‍ത്ഥമെന്തെന്നു നിശ്ചയിക്കട്ടെ, നാളെതന്‍ നിരൂപകര്‍' എന്ന ഭാവിയിലധിഷ്ഠിതമായ (Futuristic) ഒരു ദര്‍ശനമായിരുന്നു എഴുത്തിലും ചിന്തയിലും റാഹി എന്ന കവി പുലര്‍ത്തിപ്പോന്നത് എന്ന കാര്യവും ആലോചനാമൃതമത്രേ!.

റഹ്മാന്‍ റാഹി/ കവിത 
Hymn to a Language/

ഭാഷയ്‌ക്കൊരു സങ്കീര്‍ത്തനം

നാം പരസ്പരം കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍
ഞാന്‍ അത്ഭുതപ്പെടുമായിരുന്നു.
അതിഗഹനമായ അര്‍ത്ഥത്തോടെ
എന്റെ ആഹ്ലാദ  സന്താപങ്ങള്‍
നിന്നോട് പങ്കുവച്ചില്ലെങ്കിലും.
ഈ മണ്‍പ്രതിമയോട് നിന്റെ ഭാഷയില്‍
അതിന്റെ മുറിവുകളില്‍ത്തട്ടി
അനുഗ്രഹങ്ങളൊന്നുമേ മൊഴിഞ്ഞില്ലെങ്കിലും!
എന്റെയിടനെഞ്ചില്‍ കനം വന്നുമൂടി
എന്റെ കണ്ണീര്‍വറ്റി
എന്റെയോര്‍മ്മകള്‍ ചിതറി
മഴവില്‍നിറങ്ങള്‍ ഒടിഞ്ഞുതൂങ്ങി
പ്രാവുകളുടെ കുറുകല്‍ നിര്‍ത്തി
ഝലം നദി മുരളുകയും തേങ്ങുകയും ചെയ്തു.
നാണിച്ചുനിന്ന പര്‍വ്വതനിരകള്‍
വണങ്ങാന്‍ മറന്നുനിന്നു
പായലുകള്‍ ആരുടേയും കാഴ്ചകളെ മറച്ചില്ല.

ഓഹ്, കശ്മീരിമൊഴികളേ
ഞാനിതാ പ്രതിജ്ഞചെയ്തു,
നീതാനെന്റെ ജാഗ്രത
എന്റെ ദര്‍ശനം
കാഴ്ചകളുടെ അപതലദര്‍പ്പണം
ബോധത്തിനുള്ളിലെ വയലിന്‍ കൊടുങ്കാറ്റ്!
നാം ആജന്മചങ്ങാതിമാര്‍
സൂര്യനും സൂര്യകാന്തിയുംപോലെ.
ജനിച്ചിട്ടത്
നിന്റെ തൊട്ടിലിലേയ്ക്ക്
കേട്ടത് നിന്‍ സുരുചിരതാളം
നീ പഠിപ്പിച്ച സ്വര  വ്യഞ്ജനമല്ലാതെ
ഏനൊന്നും ഗ്രഹിച്ചില്ല,
നിന്‍ മുലനുകര്‍ന്നു ഞാനറിഞ്ഞു താരാട്ടുകള്‍
എന്‍ തൊട്ടിലാട്ടത്തില്‍ നീ പാടിയുറക്കിയത്.
സില്‍ക്കുടുപ്പിച്ച പുലരികള്‍കൊണ്ടു
നീയെന്നെ പുതപ്പിച്ചു.
യക്ഷിക്കഥകള്‍ കൊണ്ട്
നീയെന്‍ വിശ്വാസങ്ങളെപ്പൊതിഞ്ഞു
ഊതച്ചക്രങ്ങളുള്ള തേരിലിരുത്തി
നീയെന്നെയൂറ്റം കൊള്ളിച്ചു.
ഒരു കോട്ടണ്‍കട്ടിലില്‍ ഞാന്‍ പറുദീസചുറ്റി,
നിന്റെ മണ്‍മിഴാവില്‍ തീര്‍ത്തവാദ്യങ്ങളില്‍
എന്റെ കണ്ണീരരുവികള്‍ ആനന്ദനൃത്തം ചവിട്ടി.
നിന്റെ മലമ്പാതകളില്‍
എന്റെ ചേവടികള്‍ കഴുകി നീ 
അതുകണ്ട്
മറഞ്ഞുനിന്നൊളിതൂകിയ
പൂര്‍ണ്ണചന്ദ്രന്‍ തിരശീലനീക്കി.
ജമന്തിയിലകള്‍ നോക്കിനടന്ന
ഇടയപെണ്‍കിടാങ്ങളുടെ
ഗീതങ്ങള്‍കൊണ്ട് നീയെന്നെയനുഗ്രഹിച്ചു,
മഞ്ഞുകണങ്ങള്‍ ചുംബിച്ച
മേച്ചില്‍പുറങ്ങളിലൂടെ നീയെന്നെപ്പറത്തി.
ചിലപ്പോള്‍ നിന്നില്‍ ഞാന്‍
താറാവുകളുടെ നീണ്ടകഴുത്ത് കൊതിച്ചു,
ചിലപ്പോള്‍ കാട്ടുമൈനകളുടെ
ദ്രുതചുംബനങ്ങള്‍,
ചിലപ്പോള്‍ ഗ്രാമീണമായ 
ആശ്രമവിശുദ്ധികൊണ്ട് നീയെന്നെ തടവിലാക്കി
ചിലപ്പോള്‍, മുഴക്കമാര്‍ന്ന
നിന്റെ ഗീര്‍വാണനഗരപ്രസംഗങ്ങള്‍.
വസന്തജലംകൊണ്ട്
നീയെന്‍ ഹൃദയം വെളുവെളുക്കെക്കഴുകി,
നിലാച്ചോട്ടില്‍ നിന്റെ പ്രണയം പാഞ്ഞെത്തി,
നിനക്കുവേണ്ടി മൗനം നീപാടി.
ഞങ്ങളുടെ ഹൃദയനാഡികള്‍ മിടിച്ചു:
ഒരമ്മയ്ക്കും മകനുമിടയിലെ
ഹൃദ്‌രഹസ്യം പോലെ.
ചിലപ്പോള്‍ ജീവിതത്തിന്‍മരുഭൂവില്‍
അനിവാര്യതയുടെ കാറ്റും കോളുമിളകി. 
നിഷ്‌കളങ്കമായി ചിരിതൂകി 
ഒരുപക്ഷി കൂട്ടില്‍നിന്നും പറന്നു,
പൊന്തിയ ആഗ്രഹങ്ങളെപ്പൊതിയാന്‍
അത് പടിഞ്ഞാട്ട് പറക്കവേ
ഞങ്ങളുടെ ഹൃദയം വിറകൊണ്ടു.
മെല്ലെമെല്ലെ, ഒരു പച്ചപ്പനന്തത്തയെ
ഒരു പ്രാപ്പിടിയന്‍ പിന്തുടര്‍ന്നു
തൂവലുകള്‍ ഹതഭാഗ്യമായി പൊടിയിലേക്ക് മറഞ്ഞു,
മീതെ കഴുകന്റെ ചോരച്ചുണ്ട് കണ്ട്
തെല്ലൊന്നുമല്ല, അന്തംവിട്ടു നിന്നു,
രണ്ടുമെയ്യെങ്കിലും അമ്മയും മകനുമല്ലേ, ഞങ്ങള്‍.
പിന്നെ നാം തമ്മില്‍ കണ്ടിട്ടേയില്ല?
ഭീതിപിടയുന്ന ഹൃദയംപേറി ഞാനെന്തുചെയ്‌വാന്‍,
നിശ്ചയമില്ലാത്ത ചിന്തകള്‍പാടി
ഞാനെവിടെപ്പോകാന്‍?

ചിലപ്പോള്‍ ജീവിതത്തിന്റെ പൂന്തോട്ടത്തില്‍ വസന്തത്തിന്റെ ഭൂതകാലോത്സവം തുടങ്ങുന്നു  ഏഴ് നിറങ്ങളിലുള്ള ചെറു കളിവള്ളങ്ങള്‍ അവയുടെ മടിയില്‍, പ്രണയിക്കുന്ന പ്രാക്കളെ മയപ്പെടുത്തുന്നത് ഭ്രാന്തമായ വസന്തത്തിന്റെ പൂന്തോട്ടം (ആകാശത്തിന്റെ നീലസമുദ്രത്തില്‍ ചുറുചുറുക്കുള്ള  ചെറുമേഘം ഉയരങ്ങളുടെ ഹൃദയത്തിമിര്‍പ്പില്‍). കല്‍ക്കരിക്കണ്ണുള്ള ദേവദാരു തണല്‍ നല്‍കുന്നു; ഉണങ്ങിയ ചുണ്ടുകളില്‍ ദാഹത്തിന്‍ ഉച്ചപൂക്കുന്നു; പാനപാത്രം മാണിക്യക്കുമിളകളാല്‍ നിറഞ്ഞുനില്‍ക്കുന്നു, 
വന്‍തേനീച്ചകള്‍ താമരപ്പൂവിനെ നുകരുന്നു,
കളിപ്പങ്ക കറങ്ങി  ചെറുതരംഗത്തെ ഇളക്കിവിടുന്നു.
ഹക് ചി ചി ചി, ചക് ചെന്‍ ചെന്‍
ഓ അപ്‌സരസ്സേ! ഈ വേളയില്‍
ഈയാഹ്ലാദകനെ നീ ശ്വാസമടക്കിപ്പിടിക്കാന്‍ 
തുണച്ചില്ലെങ്കില്‍,
എന്റെ ചിന്ത സംഗീതമുതിര്‍ക്കില്ല,
എന്റെ വന്യഹൃദയം ചിന്തുകള്‍ പാടില്ല,  
ഇനിയൊരിക്കലും.

ചിലപ്പോള്‍, ഭൂമിയില്‍ 
മനുഷ്യന്‍ സ്വന്തം അസ്തിത്വത്തെ മുക്കിക്കൊല്ലുന്നു;
ഈ സന്ദര്‍ശകന്‍ എവിടെനിന്നാണ് വന്നത്? 
മണ്ണില്‍ നിന്ന് ഒരു പൂ വിടര്‍ന്നു,
ഞെട്ടറ്റുവീഴുന്ന നക്ഷത്രം,
കെട്ടുവോ ഒരു മണിനാദം?
റാണിയീച്ചയുടെ കാത്തിരിപ്പില്‍ 
നാര്‍സിസ്സസ് മുഷിയുന്നു
ഒരു കറുത്ത പാമ്പ്
മുല്ലപ്പൂവിന് ചുറ്റും കറങ്ങുന്നു,
ജീവിതം, ഈയാംപാറ്റകള്‍ തീയിലാടുന്ന 
നൃത്തം പോലെയാണ്,
സൂര്യരശ്മിയുടെ മുഖത്ത് പുഞ്ചിരിക്കുന്ന ഒരു മഞ്ഞുതുള്ളി.

ചിറക് മുളക്കാത്തൊരു പക്ഷിക്കുഞ്ഞ് അതിന്റെ 
കൂട്ടില്‍നിന്ന് പറക്കാന്‍നിവരുന്നു,
വിശക്കുന്ന കഴുകന്‍ അതിനെ രക്തോത്സവമാക്കും.
സുലേഖ, സുന്ദരഹൃദയങ്ങളെ വശീകരിക്കുന്നു,
ഷിറാസ്, ചന്ദ്രനെത്തൊടാന്‍
കുന്നിന്‍മുകളില്‍ ചാടുന്നു,

ആകാശവും ഭൂമിയും നമുക്കുമുന്നില്‍ 
അജ്ഞാതമായി കിടക്കുന്നു,
ദിവ്യമായതും അനശ്വരമായതും തിരിച്ചറിയാതെ,
മൂര്‍ത്തമായ ലോകത്തിന്റെ  വിജനതയ്ക്കിടയില്‍.

എന്റെ ശീതകാല മുറിവുകളെ
നക്കിത്തിന്നനുഗ്രഹിക്കണമെന്ന് അലറുന്ന 
നദിയോട് നിങ്ങള്‍ അഭ്യര്‍ത്ഥിച്ചില്ലെങ്കില്‍,
വിദ്വേഷത്തിന്റെയഗ്‌നി എന്നെ മയപ്പെടുത്തും, രാത്രി
എന്റെ പൂര്‍ണ്ണചന്ദ്രനെ വിഴുങ്ങും.

ഞാനും നിങ്ങളും പഴയചങ്ങാതിമാരാണ്:
എന്റെ ഹൃദയമിടിക്കുന്നുലബ്, ഡബ്; 
ചുണ്ടുകള്‍ ഹിസ്ഷ് . 
നിങ്ങളുടെ കരുതലില്‍ ഞാനെപ്പോഴും വിശ്വസിക്കും, 
നിങ്ങളുടെ വാത്സല്യം ഞാന്‍ എന്നും കൊതിക്കും .
എന്റെ ഹൃദയമെന്നും
നിനയ്ക്കായ്പിടയ്ക്കും,
എന്റെ വാക്യങ്ങളില്‍ വെള്ളംചേരരുത് 
അലോക്യം വന്നുമൂടാനുള്ളതല്ല
നമ്മുടെ ചേര്‍പ്പ്,
മുത്തുണ്ടാക്കാന്‍ ഒരു കക്കയെ
ആവശ്യപ്പെടുക തന്നെ!
ഞാന്‍ ബദാം മരത്തിലെ പൂക്കാലമാണ്‌നീയും 
വസന്തകാലസൂര്യന്‍ തഴുകിയ ചുരുളാണ്.
മണ്‍കൂനകളോട് കളിക്കാന്‍
ചെരിഞ്ഞു പോകരുത്, എന്റെ താമരയിതളുകളില്‍ കൊടുങ്കാറ്റ് വീഴ്ത്തരുത്; ആരെയും,നിങ്ങളെ കൊള്ളയടിക്കാന്‍ അനുവദിച്ചുകൂടാ  എന്റെ നിഷ്‌കളങ്കമായ അര്‍ത്ഥങ്ങള്‍ അനാഥമാകും.
നിന്റെ മൗനത്തിലാണ് എന്റെയവബോധത്തിന്റെ വേരുകള്‍.

നിന്റെ പ്രണയത്തിനായി,
ഈ മനോഹരമായ സങ്കീര്‍ത്തനം ആലപിക്കുന്നു: ഓ കശ്മീരിമൊഴികളേ!  ഇവയെന്റെ സത്യസാക്ഷ്യം
നീയെന്റെ ജാഗ്രത്ത്, എന്റെ ദര്‍ശനം ജീവല്‍പ്രസാരണത്തിന്റെ കിരണവും എന്റെ മനഃസാക്ഷിയില്‍, ചുഴലുന്ന വയലിനും!

(റഹ്മാന്‍ റാഹിയുടെ വളരെ വിശേഷപ്പെട്ടൊരു കവിതയാണ് ഭാഷക്കൊരു സങ്കീര്‍ത്തനം. 1966ലാണ് ഈ കവിത എഴുതിയത്കശ്മീരിനുമേല്‍ ആധിപത്യം ഉന്നയിച്ചുകൊണ്ട് ഇന്ത്യ  പാകിസ്താന്‍ യുദ്ധം നടന്നതിനു ശേഷമുള്ള കാലം. 'ജാല്‍വെ തേ സബൂര്‍' എന്നാണ് കശ്മീരി ശീര്‍ഷകം (Jalveh Tei Zabur). പ്രശസ്ത മാധ്യമപ്രവര്‍ത്തകനും പരിഭാഷകനുമായ അസ്ഹാഖ് ഹുസൈന്‍ പാറെ കശ്മീരിയില്‍നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കവിതയുടെ മൊഴിമാറ്റമാണ് ഇത്. )

അവലംബം 

A history of Urdu Literature, Ali Javed Zaidi, Sahtiya Akademi, New Delhi 1993
കശ്മീരി കവിതകള്‍വിവര്‍ത്തനവും പഠനവും, സിജു രാജാക്കാട്, സെഡ് ലൈബ്രറി, തിരുവനന്തപുരം, 2011

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com