ബാര്‍ക്കോഴ പോലുള്ള വലിയ ഒച്ചപ്പാടുകള്‍ നടക്കുന്നതിനിടയിലാണ് ഇങ്ങനെ ചില 'കൊച്ചുകാര്യ'ങ്ങള്‍ ചെയ്തത്

അസമിലും അയല്‍സംസ്ഥാനങ്ങളിലും ബോഡോ വിഘടന പ്രവര്‍ത്തനങ്ങളുടെ പേരില്‍ അനവധി കേസുകളില്‍ പ്രതിയായ ഒരാള്‍ കേരളത്തിലുണ്ടെന്ന സംശയം അവര്‍ക്കുണ്ടായിരുന്നു
ബാര്‍ക്കോഴ പോലുള്ള വലിയ ഒച്ചപ്പാടുകള്‍ നടക്കുന്നതിനിടയിലാണ് ഇങ്ങനെ ചില 'കൊച്ചുകാര്യ'ങ്ങള്‍ ചെയ്തത്

പ്രാചീന കവികളും അവരുടെ കാലത്തിന്റെ കയ്യില്‍ ഏറെക്കുറെ കളിപ്പന്തുകളായിരുന്നു'', എന്നെഴുതിയത് ജോസഫ് മുണ്ടശ്ശേരിയാണ്. അഭിജ്ഞാന ശാകുന്തളത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ കര്‍ത്താവ്, സാക്ഷാല്‍ കാളിദാസനെ സൂചിപ്പിച്ചാണ് ഈ കളിപ്പന്ത് പ്രയോഗം. അത് സാഹിത്യപണ്ഡിതര്‍ക്കിടയില്‍ അനുകൂലവും പ്രതികൂലവുമായ ശക്തമായ പ്രതികരണം ഉണ്ടാക്കി. അതവര്‍ക്ക് വിടാം. ആധുനിക കാലത്ത് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍, രാഷ്ട്രീയത്തിന്റെ കയ്യിലെ കളിപ്പന്താണ് എന്നു പറഞ്ഞാല്‍ ആരും തര്‍ക്കിക്കാനിടയില്ല. രാഷ്ട്രീയ ചലനങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കസേരയും ചലിപ്പിക്കാം. സര്‍വ്വീസിന്റെ തുടക്കം മുതല്‍ അനുഭവത്തിലൂടെ അതറിഞ്ഞിട്ടുണ്ട്. ഫിസിക്സില്‍, ഐസക്ന്യൂട്ടന്റെ ചലനനിയമങ്ങള്‍ പഠിക്കാന്‍ എളുപ്പമായിരുന്നു. രാഷ്ട്രീയ കാല്‍പന്ത് കളിയുടെ നിയമങ്ങള്‍ ദുഷ്‌കരമാണ്.  അത് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ സ്ഥാനചലനങ്ങള്‍ എനിക്ക് വലിയ ആവേശം പകര്‍ന്നിട്ടില്ല, ഒരു കാലത്തും. കളിയുടെ ഹരം കളിക്കാര്‍ക്കും കാണികള്‍ക്കും മാത്രം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കസേരയില്‍നിന്നും താല്‍ക്കാലികമായി എന്നെ ഔദ്യോഗിക  കളിക്കളത്തിനു പുറത്തേയ്‌ക്കെത്തിച്ചതും പിന്നെ സൗത്ത് സോണ്‍ ക്രമസമാധാനച്ചുമതലയില്‍ കൊണ്ടുവന്നതും രാഷ്ട്രീയമാറ്റത്തെ തുടര്‍ന്നാണ്. രണ്ടു മാറ്റത്തിന്റേയും മുന്നോടിയായി, ട്രാന്‍സ്പോര്‍ട്ടിലും ആഭ്യന്തരത്തിലും മന്ത്രിമാര്‍ മാറിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരവകുപ്പ് മന്ത്രി ആയപ്പോഴാണ് ഞാന്‍ സൗത്ത് സോണിലെത്തിയത്. മന്ത്രിസ്ഥാനത്ത് രമേശ് ചെന്നിത്തല വന്നപ്പോള്‍ ഞാന്‍ പിന്നെയും ചലിച്ചു. ആ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിക്കസേരയ്ക്ക്  തന്നെ ഉറപ്പ് കുറവായിരുന്നല്ലോ. പുതിയ ചലനത്തില്‍ ഞാന്‍ അപ്രതീക്ഷിതമായി വീണ്ടും ഇന്റലിജന്‍സിന്റെ തലപ്പത്തെത്തി. വിവരമറിഞ്ഞത് എറണാകുളത്തുവച്ചാണ്. അവിടെ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഒരു യോഗം ഉണ്ടായിരുന്നു. യോഗവേദിയില്‍ വച്ച് എന്നോട് അദ്ദേഹം പൊലീസ് സംബന്ധിച്ച പല വിഷയങ്ങളും സംസാരിച്ചു. കൂട്ടത്തില്‍ സംസ്ഥാനത്തെ ഇന്റലിജന്‍സിനെ എങ്ങനെ ശക്തിപ്പെടുത്താം എന്ന വിഷയവും കടന്നുവന്നു. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ എന്തൊക്കെയോ പറഞ്ഞു. അപ്രതീക്ഷിതമായിരുന്നു അടുത്ത ചോദ്യം. ''എന്നാല്‍ ഹേമചന്ദ്രന് അവിടെ പോകാമോ?'' ''പോകാം സാര്‍'', ഉടന്‍ എന്റെ ഉത്തരം. അങ്ങനെയാണ് ഞാന്‍ വീണ്ടും ഇന്റലിജന്‍സിന്റെ തലപ്പത്തെത്തുന്നത്. 

പെണ്‍പിളൈ ഒരുമൈ സൃഷ്ടിച്ച ചലനങ്ങള്‍

ഒരു ദിവസം അസമില്‍നിന്ന് അവിടുത്തെ ഇന്റലിജന്‍സിന്റെ തലവന്‍, എന്റെ സുഹൃത്ത് പല്ലബ് ഭട്ടാചാര്യ എന്നെ വിളിച്ചു. അസമിലും അയല്‍സംസ്ഥാനങ്ങളിലും ബോഡോ വിഘടന പ്രവര്‍ത്തനങ്ങളുടെ പേരില്‍ അനവധി കേസുകളില്‍ പ്രതിയായ ഒരാള്‍ കേരളത്തിലുണ്ടെന്ന സംശയം അവര്‍ക്കുണ്ടായിരുന്നു. ബോഡോ തീവ്രവാദ സംഘടനയുടെ സായുധ വിഭാഗത്തിന്റെ മേധാവി ആയിരുന്നു അയാള്‍; പേര് ഡിന്‍ഡ. അയാള്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയിരുന്നു. ധാരാളം കുടിയേറ്റ തൊഴിലാളികള്‍ കേരളത്തിലുണ്ടായിരുന്നതുകൊണ്ട് ഇത്തരക്കാര്‍ക്ക് ഒളിവില്‍ കഴിയാന്‍ വലിയ പ്രയാസമുണ്ടാവില്ല. ചില വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ മുഖേനയും കിട്ടി. കിട്ടിയ വിവരം കോഴിക്കോട് ഇന്റലിജന്‍സ് ചുമതലയുണ്ടായിരുന്ന, ഡി.വൈ.എസ്.പി സദാനന്ദനുമായി ഞാന്‍ പങ്കിട്ടു. വളരെ സമര്‍ത്ഥമായ നീക്കങ്ങളിലൂടെ  അയാളെ കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുന്നതില്‍ കോഴിക്കോട് ടീം വിജയിച്ചു.  കേരളത്തില്‍ ആരുമല്ലാതിരുന്ന അയാള്‍ അസം പൊലീസിന് സുകുമാരക്കുറുപ്പിനുമപ്പുറമായിരുന്നു എന്നാണ് മിതഭാഷിയായ എന്റെ സുഹൃത്ത് പല്ലബ് ഭട്ടാചാര്യയില്‍നിന്നും മനസ്സിലായത്. ഒരു കാര്യത്തില്‍ എനിക്ക് സന്തോഷം തോന്നി. രാഷ്ട്രീയ അപ്രീതിയില്‍ കോഴിക്കോട് ജില്ലയില്‍നിന്ന് ദൂരേയ്ക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് വ്യക്തിപരമായി ഞാന്‍ താല്പര്യം എടുത്താണ് പ്രാപ്തനായ ആ ഉദ്യോഗസ്ഥനെ അവിടെ ഇന്റലിജന്‍സില്‍ കൊണ്ടുവന്നത്. പ്രൊഫഷണല്‍ മികവുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി ഇന്റലിജന്‍സില്‍ ജില്ലാ ചുമതലയില്‍ കൊണ്ടുവരാന്‍ ശ്രദ്ധിച്ചത് ഗുണം ചെയ്തു.  തൊഴില്‍പരമായ ആത്മാര്‍ത്ഥത ഇല്ലാതെ അലസജീവിതത്തിനു പറ്റിയ ഇടമാക്കി  ഇന്റലിജന്‍സിനെ മാറ്റിയ പലരേയും നിഷ്‌കരുണം അന്ന് മടക്കിയിരുന്നു.  

2015 സെപ്റ്റംബറില്‍ ലോകത്തിന്റെ ശ്രദ്ധ ഇടുക്കിയിലെ മൂന്നാറിലേയ്ക്ക് തിരിഞ്ഞു. കുറച്ച് ദിവസത്തേയ്ക്കു സുഖം തേടിവന്ന്, ജീവിതം ആസ്വദിച്ച് വേഗം മടങ്ങുന്നവരുടെ പറുദീസ ആണല്ലോ ബാഹ്യലോകത്തിന് മൂന്നാര്‍. 'പെണ്‍പിളൈ ഒരുമൈ' എന്നൊരു പ്രസ്ഥാനം ശൂന്യതയില്‍ നിന്നെന്നപോലെ അവിടെ രംഗപ്രവേശം ചെയ്തപ്പോഴാണ് പറുദീസയുടെ മറ്റൊരു മുഖം കേരളം പോലും കണ്ടത്.  സമരങ്ങളില്‍ നിത്യേന കേട്ടുമടുത്ത പൊള്ളയായ മുദ്രാവാക്യങ്ങളുടെ സ്ഥാനത്ത്, ''പണിയെടുപ്പത് ഞങ്ങള്, കൊള്ളയെടുപ്പത് നിങ്ങള്''; ''പൊട്ടലയങ്ങള്‍ ഞങ്ങള്‍ക്ക്, എസി ബംഗ്ലാവ് ഉങ്ങള്‍ക്ക്''; ''ചിക്കന്‍ കാലുകള്‍ ഉങ്ങള്‍ക്ക്, കാടികഞ്ഞി ഞങ്ങള്‍ക്ക്'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പെട്ടെന്ന് ജനമനസ്സുകളെ  സ്പര്‍ശിച്ചു. മൂന്നാറിലെ തേയില തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികളായിരുന്നു അവര്‍ - തലമുറകള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ നിന്നെത്തിയ ദളിത് തൊഴിലാളി വിഭാഗത്തിന്റെ പിന്തുടര്‍ച്ചക്കാര്‍. വെറും 232 രൂപ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന അവരുടെ രണ്ട് കൊച്ചുമുറികളുള്ള ലയങ്ങളിലെ ജീവിതാവസ്ഥ കൊട്ടിഘോഷിക്കാറുള്ള കേരള മോഡല്‍ ഡവലപ്പ്മെന്റിന് അപമാനമായിരുന്നു. ബോണസ് തര്‍ക്കത്തില്‍ തുടങ്ങിയ അവിടുത്തെ പ്രശ്നങ്ങള്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാധ്യമങ്ങള്‍ പോലും ആദ്യം അതത്ര ഗൗരവമായെടുത്തില്ല. തര്‍ക്കങ്ങള്‍ പണ്ടും ഉണ്ടാകാറുണ്ടെങ്കിലും അവസാനം ട്രേഡ് യൂണിയന്‍ ഭാരവാഹികളും തോട്ടം ഉടമകളും തമ്മില്‍ യോജിപ്പിലെത്തും. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും അതിനോട് യോജിക്കും. അതോടെ എല്ലാം ശുഭം; അതായിരുന്നു അവസ്ഥ. സ്ത്രീ തൊഴിലാളികള്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ മാനേജിംഗ് ഡയറക്ടറെ ഘെരാവോ ചെയ്തതോടെയാണ് അവിടുത്തെ സംഭവങ്ങള്‍ക്ക് സംസ്ഥാനതല ശ്രദ്ധ കൈവന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും പ്ലാന്റേഷന്‍ ഉടമകളും എല്ലാം ഒരു പക്ഷത്താണെന്ന കാഴ്ചപ്പാട് തൊഴിലാളികള്‍ക്കിടയില്‍ ഉടലെടുത്തു. അവരെ പുറത്താക്കി 'പെണ്‍പിളൈ ഒരുമൈ' എന്നൊരു പുതിയ പ്രസ്ഥാനം ഉടലെടുത്തു. മൂന്നാറിലെ രാഷ്ട്രീയ നേതാക്കളും ട്രേഡ് യൂണിയന്‍ നേതാക്കളും ഇന്നലെ വരെ തങ്ങളുടേതാണെന്നു കരുതിയിരുന്ന അധികാരവും അവകാശവും എല്ലാം പെണ്‍പിളൈ ഒരുമൈ എന്ന പ്രസ്ഥാനത്തിലേയ്ക്ക് മാറി.

ആര്യാടൻ മുഹമ്മദ്
ആര്യാടൻ മുഹമ്മദ്

ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് തലത്തില്‍ അഭിപ്രായരൂപീകരണം നടത്തുന്നതിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലും ചെറുതല്ലാത്ത ഇടപെടല്‍ ഇന്റലിജന്‍സിന്റെ ഭാഗത്തു നിന്നും ഉണ്ടായി. തുടക്കത്തില്‍, ആ സമരത്തെ നിയമം ഉപയോഗിച്ച് നിരോധിച്ചും ബലപ്രയോഗത്തിലൂടെയും, കൈകാര്യം ചെയ്യാന്‍ പൊലീസ് എന്തിന് അറച്ചുനില്‍ക്കുന്നു എന്നൊരു വിമര്‍ശനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായി. കണ്ണന്‍ദേവന്‍ കമ്പനി ഹൈക്കോടതിയില്‍നിന്നും ക്രമസമാധാന പാലനത്തിനും സുഗമമായ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതിനും ഉത്തരവ് നേടിയിരുന്നു. ഇന്റലിജന്‍സിന് ഒന്നുമറിയില്ലെന്നും സമരം തമിഴ്നാടിന്റെ താല്പര്യം സംരക്ഷിക്കുവാനാണെന്നും  ഒരു മന്ത്രി എന്നോട് ശക്തമായി വാദിച്ചു. കടുത്ത അക്ഷമയോടയായിരുന്നു വാദമെങ്കിലും ഞാനതിനോട് സൗമ്യമായ ഭാഷയില്‍ ശക്തമായി വിയോജിച്ചു. മൂന്നാറിലെ തൊഴിലാളി പ്രശ്‌നം ഒരു തമിഴ്നാട്-കേരള തര്‍ക്കം എന്ന നിലയില്‍ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഏതാണ്ട് ഇന്ത്യ-പാകിസ്താന്‍ തര്‍ക്കം എന്ന് പറയും പോലെയാണ് പലരും പരാമര്‍ശിച്ചത്. 

മൂന്നാറിലെ തോട്ടം തൊഴിലാളി പ്രശ്‌നത്തില്‍ ഗുരുതരമായ മാനുഷിക വിഷയങ്ങളുണ്ടെന്നും ആ സമരത്തെ നേരിടേണ്ടത് നിയമപാലനത്തിന്റെ ഉരുക്കുമുഷ്ടി കൊണ്ടല്ല, മറിച്ച് ഭരണത്തിന്റെ മാനുഷിക മുഖം ആണവിടെ വേണ്ടത് എന്നായിരുന്നു ഞങ്ങളുടെ വിലയിരുത്തല്‍. സമരക്കാരുടെ തമിഴ്നാട് ബന്ധം ശരിയായിരുന്നു. തൊഴിലാളികള്‍ മിക്കവാറും പണ്ടേ തമിഴ്നാട്ടില്‍നിന്ന് വന്നവരുടെ പിന്‍തലമുറക്കാരായിരുന്നുവല്ലോ. അവരുടെ ഇഷ്ടദൈവങ്ങളുടേയും വിശ്വാസങ്ങളുടേയും ആസ്ഥാനം ഇപ്പോഴും തമിഴ്നാട് തന്നെ. വര്‍ഷം തോറും അവിടെ പോകുന്നതിനൊക്കെ ചില സംവിധാനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അതിന്റെ വിശദാംശങ്ങളും അതിലുള്‍പ്പെട്ട വ്യക്തികളെക്കുറിച്ചുമെല്ലാം വ്യക്തമായ വിവരം ഞങ്ങള്‍ക്കു ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഈ സമരം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയോട് സംസാരിച്ച് വസ്തുതകള്‍ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് പെണ്‍പിളൈ ഒരുമൈ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ ഉരുത്തിരിഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണും മന്ത്രി ആര്യാടന്‍ മുഹമ്മദും ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സംഘത്തേയും ഡി.ജി.പി സെന്‍കുമാറും ഞാനും ഒരുമിച്ചു കണ്ട് പ്രശ്നങ്ങള്‍ സംസാരിച്ചു. സ്ത്രീ തൊഴിലാളി സമരം ശക്തമായപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പരമ്പരാഗത തൊഴിലാളി സംഘടനകള്‍ക്കും അവരുടെ ആവശ്യത്തെ പിന്തുണയ്‌ക്കേണ്ടിവന്നു. തൊണ്ണൂറാം വയസ്സിലും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരത്തിനു പിന്തുണയുമായി മൂന്നാറിലെത്തി. ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും ചില തീവ്രവാദ സംഘടനാപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ മൂന്നാറിലെത്തിയതും ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടു. മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും  നടത്തിയ സംഭാഷണങ്ങളിലൂടെ ബോണസ്, മിനിമം വേജസ് എന്നീ ആവശ്യങ്ങളില്‍ വലിയ വിജയം നേടിയാണ് ആ സമരം അവസാനിച്ചത്. കേരളത്തിലെ സമരചിത്രങ്ങളിലെല്ലാം പൊലീസിന് വില്ലന്‍ സ്ഥാനമാണുള്ളതെങ്കിലും അതില്‍നിന്നും വ്യത്യസ്തമായിട്ടാണ് പെണ്‍പിളൈ ഒരുമൈ സമരം അവസാനിച്ചത്. അതില്‍ രഹസ്യാന്വേഷണ വിഭാഗവും പങ്കുവഹിച്ചിട്ടുണ്ട്. മൂന്നാറിലെ ദളിത്-സ്ത്രീ-തൊഴിലാളി മുന്നേറ്റം ഒരു മിന്നല്‍പിണര്‍ പോലെ കത്തിയൊടുങ്ങി എന്നത് മറ്റൊരു വസ്തുത. 

ഇങ്ങനെ പൊതുമണ്ഡലം ബഹുവിധമായ വലിയ സംഭവങ്ങള്‍കൊണ്ട് നിറയുന്നതിനിടയില്‍ ചെറുതും വലുതുമായ പല കാര്യങ്ങളിലും എനിക്ക് ഇടപെടാന്‍ അവസരമുണ്ടായി. ശ്രദ്ധേയമായ ഒരു കാര്യം അമിതപലിശയ്‌ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തിഗത ശ്രദ്ധ പതിപ്പിച്ച ഓപ്പറേഷന്‍ കുബേര ആയിരുന്നു. അതിന്റെ ഏകോപന ചുമതല എനിക്കായിരുന്നു. നിയമപരമായി കുറ്റകരം എന്നതിനപ്പുറം വലിയ ചൂഷണം നടന്നിരുന്ന ആ മേഖല പൊതുവേ പൊലീസ് അവഗണിക്കുന്ന രീതിയാണ് കാലാകാലങ്ങളില്‍ ഉണ്ടായിരുന്നത്. അപൂര്‍വ്വം ചില ഉദ്യോഗസ്ഥര്‍ മാത്രമേ നിയമത്തിന്റെ പിന്‍ബലത്തില്‍ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് നടപടി സ്വീകരിച്ചിട്ടുള്ളു. ഈ വിഷയത്തില്‍, രാഷ്ട്രീയമായി തന്നെ കര്‍ശന നിയമനടപടി എന്ന സമീപനമുണ്ടായത് അമിതപലിശക്കാരുടെ ചൂഷണം കൊണ്ട് പൊറുതിമുട്ടിയ നിസ്സഹായരായ മനുഷ്യര്‍ക്ക് വലിയ ആശ്വാസമായി. കുറ്റകൃത്യത്തിനിരയായി കുടിപ്പാടം വരെ നഷ്ടപ്പെട്ട പലരും പരാതിയുമായി മുന്നോട്ട് വന്നു. പല ജില്ലകളില്‍നിന്നും സാധാരണക്കാരായ മനുഷ്യര്‍ പ്രശ്നങ്ങളുമായി എന്നെ നേരിട്ട് വിളിച്ച അനുഭവങ്ങളുണ്ട് . അന്ന് ഏറ്റവും കൂടുതല്‍ പരാതി വന്ന ഒരു ജില്ല പാലക്കാടായിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് 2000-ല്‍പരം കേസെടുക്കുകയും 1500-ല്‍പരം കുറ്റവാളികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. മാധ്യമങ്ങളും കോടതികളും നിയമനടപടികളെ പിന്തുണച്ചു. ബ്ലേഡ് മാഫിയയ്ക്ക് മുന്നില്‍ വിറച്ചുനിന്നിരുന്ന ഇരകള്‍ക്കു പുതിയ അന്തരീക്ഷം വലിയ ആശ്വാസമായി. 

പൊതു രാഷ്ട്രീയ അന്തരീക്ഷത്തില്‍ ബാര്‍ക്കോഴ പോലുള്ള വലിയ ഒച്ചപ്പാടുകള്‍ നടക്കുന്നതിനിടയിലാണ് ഇങ്ങനെ ചില 'കൊച്ചുകാര്യ'ങ്ങള്‍ ചെയ്തത്. ബാര്‍ക്കോഴയില്‍ എഫ്.ഐ.ആര്‍ ഇടുന്ന ദിവസം, നിയമസഭാ സമ്മേളനം നടക്കുന്നതുകൊണ്ട് അസംബ്ലി മന്ദിരത്തില്‍ ഞാനുമുണ്ടായിരുന്നു. കേസെടുപ്പിക്കാന്‍ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസെടുക്കാന്‍ നിയമോപദേശം നല്‍കിയ വിജിലന്‍സ് ഉപദേശകന്‍ തനി ഇടതുപക്ഷക്കാരനാണെന്നും അങ്ങനെ കേസെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എന്നാല്‍ പ്രസിദ്ധമായിക്കഴിഞ്ഞിരുന്ന സുപ്രീംകോടതിയുടെ ലളിതകുമാരി കേസിലെ വിധി പ്രകാരം കേസെടുത്തേ മതിയാകൂ എന്നുമൊക്കെയുള്ള വിരുദ്ധ വാദഗതികള്‍ ഭരണപക്ഷത്തു തന്നെ കടുത്ത സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ടായിരുന്നു. എന്താണവസ്ഥ എന്നറിയാന്‍ ഞാന്‍ വിജിലന്‍സ് മേധാവിയായിരുന്ന വിന്‍സണ്‍ പോള്‍ സാറിനെ വിളിച്ചു. കേസെടുക്കാന്‍ ഉത്തരവ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. അധികം വൈകാതെ എഫ്.ഐ.ആര്‍ എടുത്തുവെന്ന് ചാനലുകളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടതോടെ തല്‍ക്കാലം കേസെടുക്കുന്നതിന്റെ തര്‍ക്കം അവസാനിച്ചു. തുടര്‍ന്ന് കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം തുടങ്ങി. ആ നാടകത്തിലെ മറ്റൊരു പ്രധാന രംഗവും ആടിയത് നിയമസഭയ്ക്കുള്ളിലായിരുന്നു. ബജറ്റ് അവതരിപ്പിക്കാന്‍  കെ.എം. മാണിയെ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോള്‍, ഭരണപക്ഷം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ധനകാര്യമന്ത്രി നിയമസഭയ്ക്കുള്ളില്‍ കടക്കുന്നത് തന്നെ ദുഷ്‌കരമായിരിക്കും എന്നറിയാന്‍ വലിയ രഹസ്യാന്വേഷണമൊന്നും വേണ്ടിവന്നില്ല. അന്നത്തെ നിയമസഭയിലെ അഭൂതപൂര്‍വ്വമായ രംഗങ്ങളുടെ അനന്തര ഭാഗം ഇപ്പോള്‍ കോടതിയിലാണല്ലോ. 

പെൺപിളൈ ഒരുമൈ സമരത്തിന് പിന്തുണയുമായി വിഎസ് എത്തിയപ്പോൾ
പെൺപിളൈ ഒരുമൈ സമരത്തിന് പിന്തുണയുമായി വിഎസ് എത്തിയപ്പോൾ

രാഷ്ട്രീയ കാല്‍പ്പന്തുകളിയും ഉദ്വേഗ നിമിഷങ്ങളും

വര്‍ഷങ്ങള്‍ക്കു മുന്‍പൊരു പൊലീസ് യോഗത്തില്‍ കളിയും കാര്യവും കലര്‍ത്തി മുഖ്യമന്ത്രി നായനാര്‍ പറഞ്ഞു. ''എടോ കേരളം ഇന്ത്യയിലാണ്, ഇന്ത്യ ലോകത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അവിടെയൊക്കെ നടക്കുന്ന കാര്യങ്ങള്‍ നമ്മളെയും ബാധിക്കും.'' ഡിജിറ്റല്‍ സാങ്കേതികവിദ്യ വികസിച്ചതോടെ ഈ സ്വാധീനം വളരെ വേഗത്തിലായി. അമേരിക്കന്‍ ആക്രമണം ഇറാക്കില്‍ സദ്ദാം ഹുസൈന്‍ അധികാര ഭ്രഷ്ടനാകുന്നതിലേയ്ക്ക് നയിച്ചപ്പോള്‍ ക്രമേണ ഇസ്ലാമിക്ക് സ്റ്റേറ്റ് എന്ന അന്താരാഷ്ട്ര ഭീകരസംഘടന ജന്മമെടുത്തു. കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചുള്ള അവരുടെ പ്രചരണ പ്രവര്‍ത്തനത്തിന്റെ സ്വാധീനം വലിയ തോതില്‍ ബാധിച്ചത് യൂറോപ്യന്‍ രാജ്യങ്ങളെയാണെങ്കിലും ചെറിയ സ്വാധീനം ഇന്ത്യയിലുമുണ്ടായി. ചില മലയാളികളും ആ വലയില്‍പ്പെട്ടു. പുതിയ സാഹചര്യങ്ങളില്‍ സാങ്കേതികവിദ്യയില്‍ നൈപുണ്യമുള്ള ഉദ്യോ ഗസ്ഥരെ കണ്ടെത്തുന്നതിനും അവരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാനും ചില കാല്‍വെയ്പുകള്‍ ഞങ്ങള്‍ നടത്തി. മറ്റ് ഏജന്‍സികളുടെ കൂടി സഹകരണത്തോടെ മതതീവ്രതയുടെ സ്വാധീനവും വളര്‍ച്ചയും മനസ്സിലാക്കുന്നതിനും നേരിടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നു. 

മതതീവ്രവാദത്തോടൊപ്പം കേരളത്തിനു പുറത്തുനിന്ന് ഊര്‍ജ്ജം സംഭരിച്ച് കേരളത്തിന്റെ ആദിവാസി മേഖലകളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. അട്ടപ്പാടിയിലും മറ്റു ചില ആദിവാസി മേഖലകളിലും ഞാന്‍ നേരിട്ടുപോയി അവിടുത്തെ ചെറുപ്പക്കാരുമായി സംസാരിച്ചു.  വിദ്യാഭ്യാസം ലഭിച്ച കുട്ടികളുടെ ഏറ്റവും വലിയ ആവശ്യം തൊഴില്‍ ലഭിക്കുക എന്നതായിരുന്നു. നമ്മുടെ  ഭരണസംവിധാനത്തിനു ന്യൂനതകളുണ്ടെങ്കിലും പൊലീസിലും ഇതരവകുപ്പുകളിലും ആദിവാസി പ്രശ്‌നങ്ങളുമായി അനുഭാവമുള്ള കുറേ ഉദ്യോഗസ്ഥരെ കാണാന്‍ കഴിഞ്ഞു. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന  നിവേദിത പി. ഹരനുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അവര്‍ താല്പര്യമെടുത്ത് യുവ ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ്  ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഭരണചുമതലയും ആദിവാസി മേഖലയില്‍ കൊണ്ടുവരാന്‍ ഭരണപരമായി ഉത്തരവിറക്കി. അതൊരു നല്ല തുടക്കമായി എനിക്ക് തോന്നിയെങ്കിലും ആ ഉത്തരവ് അല്പായുസ്സായി പോയി. അതിനു പിന്നില്‍  ഉദ്യോഗസ്ഥ താല്പര്യം തന്നെ ആയിരുന്നു. മാവോയിസ്റ്റ് സ്വാധീനം വളര്‍ത്തുന്നതിന് എറണാകുളം, പാലക്കാട് തുടങ്ങിയ ഇടങ്ങളില്‍ ചില അക്രമങ്ങളും നടന്നിരുന്നു. അതിലുള്‍പ്പെട്ട ചില യുവാക്കളെ ഞാന്‍  ചോദ്യം ചെയ്തു. പരമ്പരാഗത ഇടതുപക്ഷത്തോടുള്ള വിശ്വാസത്തകര്‍ച്ചയും ചില ഉപരിപ്ലവ രാഷ്ട്രീയ ധാരണകളുമാണ് അവരെ മാവോയിസ്റ്റ് തീവ്രവാദ പ്രസ്ഥാനത്തിലേയ്ക്ക് അടുപ്പിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. സായുധ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടായിരുന്ന ജില്ലകളില്‍ പ്രാപ്തരായ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരെ പൊലീസ് മേധാവികളായി നിയമിക്കണം എന്ന ഇന്റലിജന്‍സിന്റെ ശുപാര്‍ശ രമേശ് ചെന്നിത്തല സ്വീകരിച്ചു. ന്യൂനപക്ഷ മതതീവ്രവാദവും മാവോയിസ്റ്റുകളും ഒരുമിച്ച് എതിര്‍ത്ത ഒന്നായിരുന്നു യു.എ.പി.എ നിയമം. അക്കാര്യത്തില്‍ ചില മനുഷ്യാവകാശ സംഘടനകളും സന്നദ്ധസംഘടനകളും സജീവമായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളോ ടൊപ്പം രാജ്യാതിര്‍ത്തിക്കപ്പുറത്തുനിന്ന് കടന്നുവരുന്ന പൗരന്മാര്‍ കേന്ദ്ര - സംസ്ഥാന ഇന്റലിജെന്‍സ് ഏജന്‍സികളുടെ ശ്രദ്ധ പതിച്ചിരുന്ന ഒരു മേഖലയാണ്. അത് ഫലപ്രദമാക്കുന്നതിന് മറ്റ് സംസ്ഥാന ഏജന്‍സികളുമായൊക്കെ ഏകോപിച്ച് പ്രവര്‍ത്തിച്ചത് ഏറെ ഗുണം ചെയ്തു. ഒരിക്കല്‍ അങ്ങനെ ഒരു ബംഗ്ലാദേശ് പൗരനെ മലബാര്‍ മേഖലയില്‍നിന്ന് കണ്ടെത്തിയപ്പോള്‍ ആദ്യം സന്തോഷവും പിന്നെ സങ്കടവും തോന്നി. അയാള്‍ 10 വര്‍ഷത്തോളമായി കേരളത്തിലെത്തിയിട്ട്. ഇവിടെ ജോലി ചെയ്തു നേടിയ സമ്പാദ്യം കൊണ്ടാണ് നാട്ടില്‍ അയാളുടെ സഹോദരിയെ വിവാഹം കഴിപ്പിച്ചതും കൊച്ചു വീടുവച്ചതുമെല്ലാം. അയാള്‍ ഭീകരനൊന്നുമല്ല. ഉപജീവനത്തിനുവേണ്ടിയുള്ള പലായനം അയാളെ ഇവിടെ കൊണ്ടെത്തിച്ചു. കേരളത്തില്‍നിന്ന് പണ്ട് പത്തേമാരിയില്‍ ഗള്‍ഫില്‍ പോയവരേയും അനധികൃതമായി അമേരിക്കയിലേയ്ക്ക് കടന്നവരേയും ഓര്‍മ്മിപ്പിച്ചു ഈ ബംഗ്ലാദേശി. രാജ്യാതിര്‍ത്തി കടന്നുവരുന്നയാള്‍ ഭീകരനാണോ അതോ ഉപജീവനത്തിന് വരുന്നവരാണോ എന്നൊക്കെ വേര്‍തിരിക്കാന്‍ പ്രയാസമാണ്. ആര്‍ക്കാണ് അതിനൊക്കെ മനസ്സ്. ബെന്യാമിന്റെ ഭാഷ കടമെടുത്താല്‍ ആടുജീവിതങ്ങള്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. അവര്‍ ചെന്നെത്തുന്ന ഒരിടം പൊലീസ് സ്റ്റേഷനാണ്. 

കെഎം മാണി
കെഎം മാണി

ചെറുതും വലുതുമായ വിഷയങ്ങളില്‍ നീതിക്കുവേണ്ടി ഇടപെടാന്‍ വലിയ സാധ്യതയുള്ള സംവിധാനമാണ് രഹസ്യാന്വേഷണം. അത്തരം ഇടപെടലുകളാണ് എനിക്കേറ്റവും സന്തോഷകരമായത്. ഒരു സംഭവം മറക്കാനാവില്ല. കണ്ണൂരില്‍ ഒരു പ്രണയവിവാഹത്തെ അംഗീകരിക്കാന്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കു കഴിഞ്ഞില്ല. ജാതി, സമ്പത്ത് എന്നിവ തന്നെ കാരണം. അതിനെ തകര്‍ക്കാന്‍ അവര്‍ കണ്ടെത്തിയ വഴി ദുരഭിമാനകൊലയ്ക്കും അപ്പുറമായിരുന്നു. ഒളിച്ചോട്ടവും രജിസ്റ്റര്‍ മാരിയേജും കഴിഞ്ഞ് അധികം വൈകാതെ ആ  യുവാവ് മയക്കുമരുന്നു കേസില്‍ ജയിലിലായി. അയാള്‍ സല്‍സ്വഭാവിയായാണ് അറിയപ്പെട്ടിരുന്നത് . പ്രണയിച്ചു എന്ന 'കുഴപ്പം' മാത്രമേ അയാള്‍ ചെയ്തിട്ടുള്ളൂ. കഞ്ചാവ് കേസില്‍ പ്രതിയായതിനു പിന്നില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ ഉണ്ടോ എന്ന സംശയം സൂചിപ്പിച്ച് ഒരു ഫീല്‍ഡ് റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ആസ്ഥാനത്ത് ലഭിച്ചു. യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പരിസരത്തുവെച്ച് അയാളുടെ മോട്ടോര്‍ സൈക്കിളില്‍  കഞ്ചാവ് കണ്ടെത്തി, എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ആയിരുന്നു കേസിനാധാരം. ഞങ്ങള്‍ അതിന്റെ രഹസ്യം തേടി. കഞ്ചാവെത്തിയത് കോട്ടയം ജില്ലയില്‍ നിന്നാണെന്നും അവിടുത്തെ ആയിസജി എന്ന ഒരു കുപ്രസിദ്ധ ഗുണ്ടയുടെ ചില ശിഷ്യന്മാര്‍ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സൂചനകള്‍ കിട്ടി. അതില്‍ ചിലരെ നിരീക്ഷിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛനും മറ്റൊരു ബന്ധുവും ആയിടെ നടത്തിയ കോട്ടയം യാത്രയെ കുറിച്ചും ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിവരം ലഭിച്ചു. ഈ ഏര്‍പ്പാടുകളില്‍ പത്തനംതിട്ട നിന്നും പുറപ്പെട്ട് കണ്ണൂരില്‍ യാത്ര അവസാനിച്ചിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസിലെ ഒരു ഡ്രൈവറും ഉള്‍പ്പെട്ടിരുന്നു. പ്രണയവിവാഹത്തെ എതിര്‍ത്ത അച്ഛനും അന്തര്‍ജില്ലാ ട്രാന്‍സ്പോര്‍ട്ട് ബസിലെ ഡ്രൈവറും കോട്ടയത്തെ ഗുണ്ടകളും ഉള്‍പ്പെടുന്ന സാധാരണയായി ചേരാനിടയില്ലാത്ത കണ്ണികള്‍ ഒരുമിച്ചപ്പോള്‍ കോട്ടയത്തുനിന്ന് കഞ്ചാവ് കണ്ണൂരിലെത്തി; അത് പ്രണയനായകന്റെ ഇരുചക്രവാഹനത്തില്‍ സ്ഥാനം കണ്ടു. 'രഹസ്യവിവരം' കിട്ടിയ എക്സൈസുകാര്‍ ആവേശപൂര്‍വ്വം കഞ്ചാവ് കണ്ടെത്തി. നായകന്‍ കസ്റ്റഡിയിലായി. നാട്ടിലെ എല്ലാ കുഴപ്പത്തിനും കുറ്റം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രം ആ യുവാവിനുവേണ്ടി ഇടപെട്ടു. അയാള്‍ അത്തരക്കാരനല്ലെന്നു ശക്തമായ അഭിപ്രായം വന്നപ്പോള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത എക്സൈസുകാര്‍ക്കും സംശയം ജനിച്ചിരിക്കണം. പിടിച്ചത് കഞ്ചാവു കേസല്ലേ, പ്രതിയെ വിട്ടയച്ചാല്‍ അതും ആക്ഷേപമാകും. അവസാനം അവര്‍ കണ്ടെത്തിയ വഴി, കിട്ടിയ കഞ്ചാവിന്റെ അളവ് കുറച്ചുകാണിക്കുക എന്നതായിരുന്നു. ജാമ്യം എളുപ്പമാകുമല്ലോ. ഇങ്ങനെ കുറെ കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ ഞാന്‍ വിവരങ്ങള്‍ വ്യക്തമാക്കി ആഭ്യന്തരവകുപ്പിന് കത്ത് നല്‍കി. കേസന്വേഷണം എക്സൈസില്‍നിന്നും മാറ്റി ക്രൈംബ്രാഞ്ചിനു നല്‍കാന്‍ ശുപാര്‍ശ ചെയ്തു. അത് അംഗീകരിച്ച് ഉത്തരവിറങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം കഞ്ചാവ് കേസ് കളവായിരുന്നുവെന്നും മുഖ്യസൂത്രധാരനായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായെന്നും കേട്ടപ്പോള്‍ സന്തോഷം തോന്നി. 

ഇക്കാര്യത്തില്‍ വസ്തുതകള്‍ കണ്ടെത്തുന്നതിനും സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനും നിര്‍ണ്ണായക പങ്കുവഹിച്ചത് നീതിബോധത്തോടെ പ്രവര്‍ത്തിച്ച ഒരു ഡി.വൈ.എസ്.പി ആയിരുന്നു. പില്‍ക്കാലത്ത് പൊലീസില്‍ അയാള്‍ അര്‍ഹിക്കാത്ത ചില വേട്ടയാടലുകള്‍ക്ക് വിധേയനായപ്പോള്‍ കടുത്ത വേദന തോന്നി. രാഷ്ട്രീയ കാല്‍പന്തില്‍, ഞാനപ്പോള്‍ കളത്തിനു പുറത്തായിരുന്നു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com