കാലരഹിതമായ ജീവിതമൂല്യം തേടിയുള്ള സഞ്ചാരം

നിലനില്‍ക്കുന്ന ലിംഗാധികാരത്തേയും ആണ്‍കാഴ്ചകളേയും കുടുംബഘടനകളേയും നിശിതമായി പ്രശ്‌നവല്‍ക്കരിക്കുന്ന സിനിമകളാണ് സൈമണ്‍ ഹണ്ടറുടെ ഈഡിയും ക്ലോയി ഷാവോയുടെ നൊമാഡ്‌ലാന്റും
കാലരഹിതമായ ജീവിതമൂല്യം തേടിയുള്ള സഞ്ചാരം

മതലങ്ങളേയും തീരങ്ങളേയും പര്‍വ്വതങ്ങളേയും കീഴടക്കിക്കൊണ്ടു മുന്നേറിയ മനുഷ്യസംസ്‌കാരം സാമൂഹിക ചരിത്രത്തിലെ ഒരു ചര്‍ച്ചാവിഷയമാണ്. ഒരേസമയം അതു ചരിത്രത്തെ തിരുത്തിക്കുറിക്കുകയും എന്നാല്‍, ചരിത്രത്തെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഭൂമിയുടെ ഒരറ്റത്തുനിന്നും മറ്റൊരു അറ്റത്തേക്കുള്ള സഞ്ചാരമാണ് ലോക സാമ്രാജ്യത്വത്തിന്റേയും കൊളോണിയലിസത്തിന്റേയും ആവിര്‍ഭാവത്തിനു വഴിയൊരുക്കിയതെന്ന സത്യം നമുക്കു മുന്നിലുണ്ട്. എന്നാല്‍, വെട്ടിപ്പിടിക്കലിനുമപ്പുറം എല്ലാ സഞ്ചാരങ്ങള്‍ക്കു പിന്നിലും അജ്ഞാതമായ പ്രദേശങ്ങളെക്കുറിച്ചറിയാന്‍ യാത്ര ചെയ്യുക എന്ന അതിതീവ്രമായ ഇച്ഛയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പുതിയ മേച്ചില്‍പുറങ്ങള്‍ തേടി നിരന്തരമായി പലായനം ചെയ്ത മനുഷ്യര്‍ തങ്ങളനുഭവിച്ച യാത്രകളെ അതിജീവനതന്ത്രമായി കണ്ടതും അതേ പൊലിമയോടെ രേഖപ്പെടുത്തിയതും. യാത്രകള്‍ പലമട്ടില്‍ വൈവിദ്ധ്യങ്ങളേയും വൈരുദ്ധ്യങ്ങളേയും സംവഹിക്കുന്നുണ്ട്. അത് യാത്രികരുടെ ജാതിവര്‍ഗ്ഗലിംഗമതരാഷ്ട്രീയ മാനങ്ങളെ ആസ്പദമാക്കിയതും കാഴ്ച എന്ന അനുഭവയാഥാര്‍ത്ഥ്യത്തെ സവിശേഷ മൂല്യമായി സംക്രമിപ്പിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ എഴുതപ്പെട്ട ചരിത്രം പുരുഷചരിത്രമായതുപോലെ യാത്രകളുടെ ചരിത്രം ആണനുഭവങ്ങളുടെ ചരിത്രമായാണ് വഴിമാറിയത്. ആദ്യകാല യാത്രകളും അതിന്റെ അനുഭവവിവരണങ്ങളും പരിശോധിക്കുമ്പോള്‍ അവ പുരുഷനോട്ടങ്ങളുടേയും പുരുഷസങ്കല്പങ്ങളുടേയും ആകെത്തുകയാണെന്നു കാണാം. എന്നാല്‍, കാലം മുന്നോട്ടുപോയതോടെ പുത്തന്‍ സാങ്കേതികവിദ്യകളും അച്ചടിയടക്കമുള്ള ആധുനിക വിനിമയങ്ങളും സ്ത്രീകളുടെ യാത്രാനുഭവങ്ങളേയും സാംസ്‌കാരിക മണ്ഡലത്തിലേക്ക് സ്വത്വപരമായി അടയാളപ്പെടുത്തി.

യാത്രകള്‍ കാഴ്ച എന്ന അനുഭൂതിഘടകത്തെ സ്പര്‍ശിക്കുന്നതാകയാല്‍ ആധുനിക ദൃശ്യരൂപമായ സിനിമയ്ക്ക് അതിന്റെ എല്ലാ മിഴിവേറിയ സാരാംശങ്ങളേയും കൗതുകങ്ങളേയും അഭ്രപാളിയിലേക്ക് പകര്‍ത്താന്‍ സാധിച്ചു. യാത്രകളുടെ ലോകത്തെ ലിംഗവ്യത്യാസത്തെ അപനിര്‍മ്മിച്ചുകൊണ്ടാണ് സിനിമ മുന്നേറിയത്. പെണ്‍യാത്രകളുടെ വിപുലമായൊരു അനുഭവമണ്ഡലം തുറന്നിട്ടുകൊണ്ട് ചലച്ചിത്രലോകം യാത്രകളുടെ ലിംഗാധിപത്യത്തെ എതിരിട്ടു എന്നു മനസ്സിലാക്കാം. തെല്‍മ ആന്റ് ലൂയിസ് (1991), ഈറ്റ് പ്രേ ലവ് (2010), വൈല്‍ഡ് (2014), അണ്ടര്‍ ദ ടസ്‌കന്‍ സണ്‍ (2003), ടാമി (2014), ട്രാക്‌സ് (2013) തുടങ്ങിയ വിദേശ ചലച്ചിത്രങ്ങളും ക്വീന്‍ (ഹിന്ദി, 2013), റാണി പത്മിനി (മലയാളം, 2015) പോലുള്ള സിനിമകളും സ്ത്രീകളുടെ യാത്രകളെ അവലംബിച്ച് തയ്യാറാക്കപ്പെട്ട ചില സിനിമകളാണ്. യൗവ്വനപ്രായമുള്ളതോ മധ്യവയസ്‌കരോ ആയ സ്ത്രീകളുടെ യാത്രകളാണ് ഈ സിനിമകളുടെ ഉള്ളടക്കം. എന്നാല്‍, ഇതില്‍നിന്നു വേറിട്ട് സ്ത്രീകളുടെ യാത്രകളെ തിരിച്ചറിയാന്‍ ശ്രമിക്കുന്ന രണ്ടു ലോകസിനിമകളാണ് ഈഡി (Edie, 2017), നൊമാഡ്‌ലാന്റ്(Nomadland, 2020) എന്നിവ. തങ്ങളുടെ വാര്‍ദ്ധക്യകാലത്ത് ഈഡിത്ത് മൂര്‍, ഫേണ്‍ എന്നിവര്‍ നടത്തുന്ന യാത്രകളെ അടിസ്ഥാനമാക്കിയ ഈ ചലച്ചിത്രങ്ങള്‍, നിലനില്‍ക്കുന്ന ലിംഗാധികാരത്തേയും ആണ്‍കാഴ്ചകളേയും കുടുംബഘടനകളേയും നിശിതമായി പ്രശ്‌നവല്‍ക്കരിക്കുന്നു. 

സൈമണ്‍ ഹണ്ടറുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഈഡി. ഷീലാ ഹാന്‍കോക്ക്, കെവിന്‍ ഗൂഥറി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് സ്‌കോട്ട്‌ലാന്റിലെ പര്‍വ്വതനിരകളിലാണ്.

ഈഡി; ഈഡിത്ത് മൂര്‍ എന്ന എണ്‍പതു വയസ്സുകാരിയുടെ യാത്രാഭിലാഷത്തിന്റെ കഥയാണ്. ഈഡിയുടെ ഭര്‍ത്താവായ ജോര്‍ജ് മരണപ്പെടുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. കര്‍ക്കശക്കാരനായ ഭര്‍ത്താവിന്റെ മരണത്തോടെ നാളതുവരെയുണ്ടായിരുന്ന അസ്വാതന്ത്ര്യത്തിന്റെ വേലിക്കെട്ടുകളില്‍നിന്നും താന്‍ പുറത്തുകടന്നതായി ഈഡി കരുതുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് മകളായ നാന്‍സി കടന്നുവരുന്നതോടെ അവര്‍ വീണ്ടും അതേ വിലക്കുകളിലേക്കാണ് ചെന്നെത്തുന്നത്. മകള്‍ ഈഡിയെ വൃദ്ധസദനത്തിലാക്കാന്‍ പദ്ധതിയിടുന്നു. തുടര്‍ന്ന് അവരുടെ ഭക്ഷണജീവിത ശൈലികളില്‍ കടുത്ത നിയന്ത്രണങ്ങളും കൊണ്ടുവരുന്നു. എന്നാല്‍, ഈഡി ഇതിനൊന്നും വഴങ്ങുന്നില്ല. ഇതിനിടെ പഴയ സാധനസാമഗ്രികള്‍ക്കിടയില്‍നിന്നും മകള്‍ക്ക് ഈഡിയുടെ ഒരു പഴയ ഡയറി ലഭിക്കുന്നതും അതില്‍ മകളെ ഉപേക്ഷിച്ചു പോകാന്‍ തോന്നിയ തന്റെ അനുഭവത്തെക്കുറിച്ചെഴുതിയ ഈഡിയുടെ വാക്കുകള്‍ അമ്മമകള്‍ ബന്ധത്തെ കൂടുതല്‍ വഷളാക്കുന്നു. ഈഡിയാകട്ടെ, കുറച്ചു ദിവസമായി മകള്‍ ഡയറി കണ്ടെത്തിയ അതേ സാധനസാമഗ്രികള്‍ക്കിടയില്‍നിന്നും താന്‍ കാത്തുസൂക്ഷിച്ചുവച്ച പഴയൊരു പോസ്റ്റ് കാര്‍ഡില്‍ ആകൃഷ്ടയായി കഴിയുകയായിരുന്നു. ഈഡിയെ അവരുടെ പിതാവ് സ്‌കോട്ട്‌ലാന്റിലെ ഒരു പര്‍വ്വതത്തിലേക്കു കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ളതായിരുന്നു ആ കാര്‍ഡ്. അങ്ങനെ പഴയ യാത്രാമോഹങ്ങളെ പൊടിതട്ടിയെടുത്ത ഈഡി നാന്‍സിയറിയാതെ സ്‌കോട്ട്‌ലാന്റിലേക്ക് യാത്ര പോകുന്നതാണ് സിനിമയുടെ അനന്തരഭാഗം.

ക്ലോയി ഷാവോ (Chloé Zhao) സംവിധാനം ചെയ്ത് ഫ്രാന്‍സസ് മക്‌ഡോര്‍മന്റ് മുഖ്യകഥാപാത്രമായി വേഷമിട്ട നൊമാഡ്‌ലാന്റ് ജെസിക്ക ബ്രൂഡറുടെ അതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കിയുള്ള ചലച്ചിത്രമാണ്. തൊണ്ണൂറ്റിമൂന്നാം ഓസ്‌കാറില്‍ മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച നടി എന്നീ പുരസ്‌കാരങ്ങള്‍ നേടിയ സിനിമ കൂടിയാണ് നൊമാഡ്‌ലാന്റ്. ചിത്രത്തിന്റെ എഡിറ്ററും എഴുത്തുകാരിയും നിര്‍മ്മാതാവും സംവിധായികയും ക്ലോയി ഷാവോ തന്നെയായിരുന്നു.

ഷീറ്റ്‌റോക്കിന് ആവശ്യക്കാരില്ലാതായതോടെ യു.എസ് ജിപ്‌സം പ്ലാന്റ് അടച്ചുപൂട്ടിയതിനാല്‍ ജോലി നഷ്ടപ്പെട്ട ഫേണ്‍ തന്റെ വസ്തുക്കളെല്ലാം വിറ്റുവാങ്ങിയ വാനില്‍ യാത്ര ആരംഭിക്കുന്നതോടെയാണ് നൊമാഡ്‌ലാന്റ് ആരംഭിക്കുന്നത്. ഫേണും അവരുടെ  സമീപകാലത്തു മരിച്ച ഭര്‍ത്താവും വര്‍ഷങ്ങളായി ജിപ്‌സം പ്ലാന്റില്‍ ജോലി ചെയ്തിരുന്നവരായിരുന്നു. നെവാദയില്‍നിന്നും പുറപ്പെട്ട ഫേണ്‍ ശൈത്യകാലത്ത് ആമസോണിന്റെ പാക്കിങ്ങ് സര്‍വ്വീസില്‍ ജോലി ചെയ്യാന്‍ തുടങ്ങി. അവിടെവച്ച് തന്റെ കൂട്ടുകാരിയായ ലിന്‍ഡയില്‍നിന്നും മരുഭൂമിയിലുള്ള ഒരു നാടോടി ക്യാംപിനെപ്പറ്റി അവര്‍ അറിയുന്നു. ബോബ് വെല്‍സ് എന്നൊരാള്‍ നടത്തുന്ന ആ ക്യാംപില്‍ ആദ്യം ആകൃഷ്ടയായില്ലെങ്കിലും തന്റെ ജോലി ദുസ്സഹമായതോടെ ഫേണ്‍ അവിടേക്കുതന്നെ പോകാന്‍ തീരുമാനിച്ചു. ക്യാംപിലെത്തിയ ഫേണ്‍ അനേകം നാടോടികളായ യാത്രികരെ കണ്ടുമുട്ടുകയും അവരില്‍നിന്നും റോഡ് ഗതാഗതത്തിനിടെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പാഠങ്ങള്‍ പരിശീലിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെ അവര്‍ നടത്തുന്ന യാത്രകളും അതിലൂടെ യാത്ര എന്ന അനുഭവത്തിന്റെ വിഭിന്നമായ മുഖങ്ങളും നാം കാണുന്നു.

സൈമൺ ഹണ്ടർ
സൈമൺ ഹണ്ടർ

അധികാരത്തിന്റെ പുരുഷഭിത്തികള്‍

പിതൃമേല്‍ക്കോയ്മയിലുള്ള കുടുംബഘടനയില്‍ പിതാവ്, ഭര്‍ത്താവ് എന്നീ അധികാരരൂപങ്ങള്‍ക്ക് ഓരോ സ്ത്രീയുടേയും സ്വത്വരൂപീകരണത്തില്‍ വലിയ പങ്കുണ്ട്. പിതാവും ഭര്‍ത്താവും നിര്‍മ്മിച്ചെടുക്കുന്ന അധികാരപ്രയോഗങ്ങള്‍ക്കും കുടുംബമാതൃകകള്‍ക്കുമുള്ളിലായി സ്ത്രീകളുടെ അനുഭവലോകങ്ങളും ജീവിതപ്രയോഗങ്ങളും കുടുങ്ങിക്കിടക്കുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പലമട്ടിലുള്ള ഇടപെടലുകളാലും വിലക്കുകളാലും പിതാവും ഭര്‍ത്താവും സ്ത്രീയുടെ സര്‍ഗ്ഗാത്മകവും ജൈവികവുമായ ചോദനകളെ നിയന്ത്രിക്കുകയാണ്. ശാരീരികവും മാനസികവുമായ ഈ അധികാരസ്ഥാപനം സാമൂഹികമായി സാധൂകരിക്കപ്പെടുന്നതും പുനരുല്പാദിപ്പിക്കപ്പെടുന്നതുമാണ്. കരുതലിന്റേയും സുരക്ഷിതത്വത്തിന്റേയും മുഖമുദ്രകളായി സമൂഹം കല്പിച്ച  പിതാവും ഭര്‍ത്താവുമാണ് കുടുംബത്തിന്റെ സാമൂഹിക പദവി നിലനിര്‍ത്താനും പ്രത്യുല്പാദനമടക്കമുള്ള ജീവശാസ്ത്ര ലക്ഷ്യങ്ങള്‍ നിറവേറ്റാനുമുള്ള സ്ത്രീയുടെ കടമയെ ഉറപ്പിച്ചെടുക്കുന്നത്. ഈഡിയിലും നൊമാഡ്‌ലാന്റിലും പിതാവ്, ഭര്‍ത്താവ് എന്നീ പ്രതിനിധാനങ്ങള്‍ ഇതില്‍നിന്ന് വേറിട്ടതും എന്നാല്‍, പുരുഷാധികാരത്തിന്റെ പ്രത്യയശാസ്ത്രങ്ങളെ ഉറപ്പിച്ചെടുക്കുന്നതുമാണ്.

ഈഡിയുടെ ജീവിതത്തില്‍ പിതാവ് തുറവിയുടേയും ഭര്‍ത്താവ് വിലക്കുകളുടേയും പ്രതിനിധാനങ്ങളായിരുന്നു. കുട്ടിക്കാലത്ത് പടുവികൃതിയായിരുന്ന ഈഡിയെ പുത്തന്‍ ലോകത്തിന്റെ കാഴ്ചകളിലേക്ക് നയിച്ചിരുന്ന പ്രേരകശക്തിയായിരുന്നു പിതാവ്. പക്ഷേ, ഭര്‍ത്താവ് അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതുവരെ മാത്രമായിരുന്നു ആ സ്വാതന്ത്ര്യത്തിന്റെ പരിധി. ജോര്‍ജിന് ഈഡി എന്ന വീട്ടമ്മയെയായിരുന്നു ആവശ്യം. അതിനായി അയാള്‍ തന്റെ ഉഗ്രകോപത്തിന്റെ അധികാരദണ്ഡുകളുപയോഗിച്ച് അവരെ വീട്ടിനുള്ളില്‍ തളച്ചിട്ടു. തന്റെ മക്കളുടെ നല്ല അമ്മയാക്കി അവരെ മാറ്റി. എന്നാല്‍, ഒരിക്കല്‍ ഈഡി ജോര്‍ജിനെ നിഷേധിക്കാന്‍തന്നെ തീരുമാനിക്കുന്നുണ്ട്. പക്ഷേ, വിധിവൈപരീത്യംപോലെ ജോര്‍ജ് സ്‌ട്രോക്ക് വന്ന് കിടപ്പിലാകുകയും മുപ്പതു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഏകാന്തതടവിലേക്ക് ഈഡി വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. പിന്നീട് ജോര്‍ജിനെ ഊട്ടിയും അയാളുടെ വിസര്‍ജ്യങ്ങള്‍ എടുത്തുകളഞ്ഞും മക്കളെ നല്ലരീതിയില്‍ വളര്‍ത്തിയും അവര്‍ സമൂഹത്തിനും കുടുംബത്തിനും മാതൃകയായ മിസ്സിസ് മൂര്‍ ആയി. ഇവിടെ ജീവിതത്തിന്റെ നല്ലൊരു കാലം മുഴുവനും കുടുംബത്തിനായി തന്റെ ഊര്‍ജ്ജവും അഭിലാഷങ്ങളും ഹോമിക്കുന്ന ഈഡിയെ നമുക്കു കാണാം. സ്ത്രീവാദിയായ മേരി ദാലി സ്ത്രീയുടെ ജീവിതത്തെ ഇപ്രകാരം പിഴിഞ്ഞെടുക്കുന്ന പുരുഷാധികാര പ്രവണതയെ ശവാസക്തി (necrophilia) എന്നാണു വിശേഷിപ്പിക്കുന്നത്. 

ഫേണിന്റെ ജീവിതത്തിലും പിതാവിനു സവിശേഷ സ്ഥാനമാണുണ്ടായിരുന്നത്. താന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ പിതാവ് വാങ്ങിത്തന്ന പ്ലേറ്റുകള്‍ ഈഡി പോസ്റ്റ്കാര്‍ഡ് സൂക്ഷിച്ചതുപോലെ ഫേണ്‍ അമൂല്യവസ്തുവായി സൂക്ഷിക്കുന്നുണ്ട്. അതോടൊപ്പം ഈഡിയുടേതില്‍നിന്നു വ്യത്യസ്തമായി ഫേണ്‍ തന്റെ  ഭര്‍ത്താവിന്റെ ഓര്‍മ്മകളിലും അയാള്‍ അവരില്‍ അവശേഷിപ്പിച്ച പ്രണയത്തോടും അനുതാപപൂര്‍വ്വമായാണ് നിലകൊള്ളുന്നത്. എന്നാല്‍, തന്റെ ഭര്‍ത്താവിന്റെ ഇഷ്ടത്തിനായാണ് നീണ്ട കാലയളവോളം ജിപ്‌സം പ്ലാന്റില്‍ ജോലി ചെയ്തതെന്നും പിന്നീട് അവിടെത്തന്നെ ജീവിച്ചതെന്നും  അവര്‍ പറയുന്നുണ്ട്. ഭര്‍ത്താവിനോടുള്ള ഇഷ്ടത്തിനുള്ളില്‍ സ്വന്തം ഇഷ്ടങ്ങളെ നഷ്ടപ്പെടുത്തിയ ഫേണിന്റെ മൗനം നൊമാഡ്‌ലാന്റ് നിശ്ശബ്ദമായി പറയുന്ന രാഷ്ട്രീയം കൂടിയാണ്. 

തനിക്കു നേരെ വന്ന അധികാരവിലക്കുകള്‍ ഈഡിയെ പുരുഷശബ്ദങ്ങളുടെ കഠിനമായ ശാസനകള്‍ക്കു മുന്‍പിലുള്ള പതര്‍ച്ചകളായി സിനിമ കാണിച്ചുതരുന്നുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ റെയില്‍വെ ഉദ്യോഗസ്ഥന്റെ വലിയ ശബ്ദം, ജോണിയുടെ കൂട്ടുകാരന്‍ വിരല്‍ഞൊടിക്കുന്നത്, സ്റ്റൗ കത്തിക്കാനുള്ള ശ്രമത്തിനിടെ ജോണി ദേഷ്യപ്പെടുന്നത്, കാറിന്റെ ഹോണ്‍ കേള്‍ക്കുമ്പോള്‍ തുടങ്ങി ഈഡി ഞെട്ടിത്തരിക്കുകയും പതറിപ്പോവുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. ജോര്‍ജിന്റെ ഉഗ്രശാസനകളില്‍ ജീവിച്ച ഈഡിയുടെ അബോധം തന്റെ വൈയക്തികമായ ആന്തരിക ലോകത്തെ കീഴ്‌പെടുത്തുന്ന അധികാരസ്വരങ്ങളെയെല്ലാം ഭയപ്പെടുന്നു. ഈ അധികാരവല്‍കൃതമായ പുറംലോക വ്യവഹാരങ്ങളെ അതിലംഘിക്കാനാണ് സൂള്‍വന്‍ മലനിരകളെ കീഴടക്കുന്നതിലൂടെ ഈഡി ശ്രമിക്കുന്നത്. അതിനായി ഈഡി സ്വന്തം കഴിവിനെ തന്നോടുതന്നെ വീണ്ടും വീണ്ടും പറഞ്ഞു ബോധ്യപ്പെടുത്തുന്നുണ്ട്. നിരന്തരമായി തനിക്കു നേരെ നീട്ടുന്ന മറ്റുള്ളവരുടെ കരങ്ങളെ തട്ടിമാറ്റിയാണ് അവരത് നിര്‍വ്വഹിക്കുന്നത്. തന്നെ സുരക്ഷിതമാക്കാമെന്ന ഓരോ മനുഷ്യരുടേയും വാഗ്ദാനങ്ങളെ ഫേണും സമാനമായി നിരസിക്കുന്നു. അത് സഹോദരിയോടും സുഹൃത്തായ ഡേവിനോടും ഷോപ്പിങ്ങ് മാളില്‍വച്ചു കാണുന്ന സ്ത്രീയോടുമെല്ലാം ഫേണ്‍ ഉറച്ച ശബ്ദത്തോടെ പറയുന്നതായി കാണാം. 

ഈഡിയുടേയും ഫേണിന്റേയും കയ്യില്‍ പിതാവിന്റേയും ഭര്‍ത്താവിന്റേയും അടയാളശേഷിപ്പുകളായി നിലകൊള്ളുന്ന വസ്തുക്കള്‍ വിവാഹമോതിരം, പോസ്റ്റ്കാര്‍ഡ്, പ്ലേറ്റ് എന്നിവയാണ്. തന്നില്‍ ഭര്‍ത്താവ് അവശേഷിപ്പിച്ച മുറിവുകളെയാണ് ഈഡി ഹോട്ടല്‍മുറിയില്‍ വച്ച് വിവാഹമോതിരത്തിന്റെ ഊരിക്കളയലിലൂടെ നിര്‍വ്വഹിക്കുന്നത്. ഫേണാകട്ടെ, അവരുടെ വിവാഹമോതിരം ഭര്‍ത്താവിന്റെ സ്മരണയായി എന്നെന്നും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, ഈഡിയും ഫേണും അവരുടെ പിതാവിന്റെ സ്മരണകളായ പോസ്റ്റ്കാര്‍ഡും പ്ലേറ്റും സമാനമായ രീതിയില്‍ത്തന്നെ കൈകാര്യം ചെയ്യുന്നുമുണ്ട്. തന്റെ ഡയറിക്കുറിപ്പുകള്‍ക്കൊപ്പം തീയിലേക്കിട്ട പോസ്റ്റ്കാര്‍ഡ് പെട്ടെന്നൊരു ഉള്‍വിളിയോടെ തിരിച്ചെടുത്ത ഈഡി, പര്‍വ്വതം കയറുമ്പോള്‍ പിതാവിന്റെ സ്മരണകളുണര്‍ത്തിയ നായാട്ടുകാരന്റെ വീട്ടില്‍ അത് സ്ഥാപിക്കുന്നുണ്ട്. ഫേണ്‍ പിതാവ് നല്‍കിയ പാത്രം എത്രമാത്രം അമൂല്യമാണെന്ന് ഏകാന്ത നിമിഷങ്ങളില്‍ അവര്‍ അതില്‍ സ്പര്‍ശിക്കുന്നതിലൂടെ മനസ്സിലാക്കാം. വാന്‍ വൃത്തിയാക്കുന്നതിനിടെ ഡേവ് ആ പ്ലേറ്റുകള്‍ പൊട്ടിക്കുന്നയിടത്ത് അവര്‍ കോപാകുലയാകുന്നുണ്ട്. ചിത്രത്തില്‍ ഫേണ്‍ കോപിഷ്ഠയായി കാണുന്നത് ഈ ഒരു സന്ദര്‍ഭത്തില്‍ മാത്രമാണ്. ഇവിടെ ഈഡിയിലും ഫേണിലും പിതാവിന്റേയും ഭര്‍ത്താവിന്റേയും സ്മരണകളെ ഉണര്‍ത്തുന്ന ഭൗതികവസ്തുക്കള്‍ അവരുടെ മുന്നോട്ടേക്കുള്ള യാത്രകളെ കൂടുതല്‍ വീറോടെ ചലനാത്മകമാക്കുന്ന അബോധചിഹ്നങ്ങള്‍ കൂടിയാണ്. 

നൊമാഡ്ലാൻഡ്
നൊമാഡ്ലാൻഡ്

പ്രകൃതിയിലെ പെണ്‍കാഴ്ചകള്‍

കീഴടക്കപ്പെടേണ്ട ഭൗതികരൂപം എന്ന അര്‍ത്ഥത്തിനുള്ളിലാണ് ഈഡി എന്ന ചലച്ചിത്രം പ്രകൃതിയെ നോക്കിക്കാണുന്നത്. സൂള്‍വന്‍ പര്‍വ്വതനിരകളുടെ കാഴ്ചകള്‍ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നതില്‍ ഇത്തരമൊരു അധികാര അധിനിവേശ നോട്ടം സന്നിഹിതമാണ്. തന്റെ ഓരോ ചുവടുകളിലും പ്രകൃതിയെ, പര്‍വ്വതശൃംഗങ്ങളെ കീഴടക്കിയാണ് ഈഡി മുന്നേറുന്നത്. അതാകട്ടെ, പുരുഷാധികാരം അവരില്‍ തീര്‍ത്ത തിക്തഫലങ്ങളെ മുഴുവന്‍ ഇല്ലാതാക്കാനും അതിനുമേല്‍ വിജയം നേടാനുമാണ്. ഇപ്രകാരം കീഴടക്കലിന്റെ മുദ്രയണിഞ്ഞതുകൊണ്ടുള്ള പ്രയാണത്തിനിടെ പര്‍വ്വതശൃംഗത്തിനോടടുത്ത് ഒരു നായാട്ടുകാരന്‍ പ്രത്യക്ഷപ്പെടുന്നത് യാദൃച്ഛികമല്ല എന്നു പറയാം. അയാളുടെ വികാരരഹിതമായ മുഖം അടയാളപ്പെടുന്നതില്‍ ഒരേസമയം പിതാവിന്റേതോ ഭര്‍ത്താവിന്റേതോ എന്ന സംശയത്തില്‍ ഈഡി ഒരു നിമിഷം അന്ധാളിക്കുന്നു.  ഈഡിയുടെ സഞ്ചാരപഥത്തില്‍ പ്രകൃതി അതിന്റെ അനിശ്ചിതത്വത്തിനുള്ളില്‍ നിന്നുകൊണ്ട് ഭയം ജനിപ്പിച്ചുകൊണ്ടേയിരുന്നു. മുപ്പതു വര്‍ഷത്തോളം വീടകത്തിനുള്ളില്‍ത്തന്നെ ഉഗ്രകോപിയായ ഭര്‍ത്താവിനൊപ്പം കഴിഞ്ഞ, ഭയം മാത്രം മനസ്സിനെ അടക്കിഭരിക്കുന്ന ഒരാളുടെ കാഴ്ചകളായിരുന്നു ആദ്യം ഈഡിക്കുണ്ടായിരുന്നത്. എന്നാല്‍, അത് അവരില്‍ തനിക്കു സാധിക്കും എന്ന തരത്തില്‍ ധൈര്യമായി പരിവര്‍ത്തനപ്പെടുമ്പോള്‍ ആ കാഴ്ചയ്ക്കും വ്യത്യാസം കൈവരുന്നു. അങ്ങനെയാണ് പര്‍വ്വതാരോഹണത്തിനിടെ അവര്‍ കാണുന്ന കാഴ്ചകള്‍ക്ക് അത്രമേല്‍ ചേതോഹാരിത കടന്നുവരുന്നത്. 

ഫേണിന്റെ കാഴ്ചയിലെ പ്രകൃതി സഹചാരിഭാവത്തിലുള്ള ഒരു നാടോടിരൂപകം എന്ന മട്ടിലാണ് നൊമാഡ്‌ലാന്റില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. അവളുടെ നിരാസങ്ങളുടേയും സങ്കടങ്ങളുടേയും നിരാശയുടേയും സന്തോഷങ്ങളുടേയും സാക്ഷിയായി പ്രകൃതിയും സഞ്ചരിക്കുന്നു. ശൈത്യകാലത്തുനിന്നും മരുഭൂമിയിലേക്കും അവിടെനിന്നും വീണ്ടും ശൈത്യത്തിലേക്കുമുള്ള പ്രയാണങ്ങള്‍ മാറ്റത്തിന്റെ സ്വാഭാവികമായ ഋതുചക്രമായാണ് സിനിമ ഉള്‍ക്കൊള്ളുന്നത്. ഇവിടെ ഫേണിന്റെ കാഴ്ചകളുടെ അഭിരുചികളിലൂടെ ഉരുവംകൊള്ളുന്ന ഒരു പ്രകൃതി ഉണ്ട്. ആ പ്രകൃതിക്കുള്ളിലാണ് അവളും അവളുള്‍പ്പെടുന്ന നാടോടികളും സഞ്ചരിക്കുന്നത്. അതിനു നിശ്ചിത ദൈര്‍ഘ്യമോ അതിരുകളോ ഇല്ല. നാടോടികളായ മനുഷ്യര്‍ അവരുടെ ഓര്‍മ്മയ്ക്കും ജീവിച്ചു എന്ന അടയാളത്തിനുമായി പരസ്പരം കൈമാറുന്നത് ചെറിയ പാറക്കഷണങ്ങളാണെന്നു കാണാം. ഇത് അവര്‍ തമ്മിലുള്ള ഒരു ഉടമ്പടിയും ഉറച്ച വിശ്വാസത്തിന്റെ പ്രതീകവുമാണ്. സ്വാങ്കിയുടെ മരണശേഷം അവള്‍ ആളുകള്‍ക്കു നല്‍കിയ പാറക്കഷണങ്ങള്‍ പ്രകൃതിയുടെ തന്നെ നശ്വരമായ തുടര്‍ച്ചകളെ സൂചിപ്പിക്കുംവിധം എല്ലാവരും അഗ്‌നിയിലര്‍പ്പിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. ഇപ്രകാരം പല മട്ടിലുള്ള ചിരന്തനമായ പ്രകൃതി നാടോടിരൂപകങ്ങള്‍ നൊമാഡ്‌ലാന്റിലുണ്ട്. ആദ്യം കാണിക്കുന്ന ശൈത്യപ്രദേശവും പിന്നീടു കടന്നുവരുന്ന മരുഭൂമിയും കടലുമെല്ലാം ഈ നാടോടി സംസ്‌കാരത്തിന്റെ, സ്ഥിരമല്ലാത്ത ഭൗതികയാഥാര്‍ത്ഥ്യം എന്ന ജീവിതദര്‍ശനം കാഴ്ചക്കാരനു നല്‍കുന്നു.

ക്ലോയി ഷാവോ
ക്ലോയി ഷാവോ

വീണ്ടെടുക്കപ്പെടാനാവാത്ത കാലം

തങ്ങളുടെ യാത്രകളിലൂടെ ഈഡിയും ഫേണും മനസ്സിലാക്കുന്നത് തിരിച്ചെടുക്കാനാവാത്ത കാലത്തെക്കുറിച്ചും അതിന്റെ തുടര്‍ച്ചകളെക്കുറിച്ചുമാണ്. സൂള്‍വന്‍ പര്‍വ്വതത്തെ ലക്ഷ്യമാക്കി നീങ്ങുന്ന ഈഡിക്കും കൃത്യമായ ലക്ഷ്യമില്ലാതെ നീങ്ങുന്ന ഫേണിനും പ്രായം വാര്‍ദ്ധക്യത്തിലെത്തിയതോ വാര്‍ദ്ധക്യത്തിന്റെ ഉച്ചസ്ഥാനമോ ആണ്. അതുകൊണ്ടുതന്നെ യൗവ്വനം എന്ന കാലം പകരുന്ന സാഹസികതയോ പ്രസരിപ്പോ അല്ല അവരുടെ യാത്രകളുടെ ചാലകശക്തി. 

പര്‍വ്വതാരോഹണത്തിനായി പുറപ്പെടുന്ന ഈഡിക്ക് എണ്‍പതിനടുത്ത് പ്രായമുണ്ട്. ആ പ്രായത്തില്‍ അവര്‍ അങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനാവാത്തതാണ്. അവരുടെ നിസ്സഹായതയെ ചൂഷണം ചെയ്തുകൊണ്ടാണ് ആദ്യം ജോണിയും അവന്റെ കൂട്ടുകാരനും അവര്‍ക്ക് വാഗ്ദാനം നല്‍കുന്നത്. എന്നാല്‍, ഈഡിയുടെ നിശ്ചയദാര്‍ഢ്യവും വര്‍ഷങ്ങളായി അവരനുഭവിച്ച വിലക്കുകളും ജോണി തിരിച്ചറിഞ്ഞപ്പോള്‍, അവന് അവര്‍ പിന്തിരിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണെന്നു മനസ്സിലായി. അതുകൊണ്ടാണ് ഒരു ഘട്ടത്തില്‍ താനൊരു പടുകിഴവിയാണെന്നും തനിക്ക് ഒരു പര്‍വ്വതം കയറാന്‍ ത്രാണിയില്ലെന്നും പറഞ്ഞ് പിന്‍വാങ്ങിയ ഈഡിയെ ജോണി അവരുടെ യഥാര്‍ത്ഥ ശക്തി കാണിച്ചുകൊടുക്കുന്നത്. ഈഡിയുടെ പ്രായത്തിന്റെ സങ്കീര്‍ണ്ണതകള്‍ സിനിമ മലകയറലിന്റെ വിവിധ ഘട്ടത്തില്‍ സംഘര്‍ഷഭരിതമായി ആവിഷ്‌കരിക്കുന്നുണ്ട്. പര്‍വ്വതത്തിനു താഴെയുള്ള തടാകക്കരയില്‍ വച്ച് പര്‍വ്വതം കയറി തിരിച്ചുവരുന്ന പ്രസരിപ്പും ചുറുചുറുക്കുമുള്ള ഒരു ചെറുപ്പക്കാരിയെ ഈഡി കാണുന്നുണ്ട്. അവളുടെ തുടരെത്തുടരെയുള്ള ഈഡിക്കു നേരെയുള്ള നോട്ടം രണ്ടുകാലങ്ങള്‍ തമ്മിലുള്ള ഈ വിരുദ്ധതലം പ്രകടമായിത്തന്നെ വെളിവാക്കുന്നു.

തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വീടകത്തില്‍ കഴിഞ്ഞ ഈഡിക്ക് സ്‌കോട്ട്‌ലാന്റിലെ ജോണിക്കൊപ്പമുള്ള ദിനങ്ങള്‍ ഒരു തിരിച്ചറിവിന്റെ കാലം കൂടിയാണ്. അവര്‍ പുതിയ ഗൗണിട്ട് അവനൊപ്പം ആദ്യമായി ഒരു ബാറില്‍ പോകുമ്പോള്‍ പലരും അവരെ അര്‍ത്ഥം വച്ച് നോക്കുന്നതും അവരെ കളിയാക്കുന്നതും ഈഡിക്കു തിരിച്ചറിയാമായിരുന്നു. താന്‍ കാലം തെറ്റിയാണ് ഇവിടെ വന്നതെന്ന തിരിച്ചറിവ് ഈഡിയെ എല്ലാ അര്‍ത്ഥത്തിലും പൊട്ടിത്തെറിപ്പിക്കുന്നു. ചുണ്ടില്‍ തേച്ച ലിപ്സ്റ്റിക്ക് മായ്ചുകളഞ്ഞ് കണ്ണാടിക്കു മുന്‍പില്‍ നിസ്സഹായയായി കരയുന്ന ഈഡി അപ്പോഴാണ് യാഥാര്‍ത്ഥ്യത്തിലേക്കെത്തുന്നത്. ഇതേ നിസ്സഹായതയോടെ സൂള്‍വനു തൊട്ടുതാഴെ തളര്‍ന്നുവീഴുമ്പോള്‍ ഈഡി അതിജീവിക്കുന്നത് ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ തനിക്കു നഷ്ടപ്പെട്ട പഴയ വികൃതിക്കുട്ടിയെയാണ്. എന്നാല്‍, പാഴായിപ്പോയ ജീവിതത്തെ പര്‍വ്വതശൃംഗത്തില്‍ വയ്ക്കുന്ന ഒരു ചെറുശിലയിലൂടെ ഒടുവില്‍ ഈഡി കണ്ടെത്തുക തന്നെ ചെയ്യുന്നു.  

നൊമാഡ്‌ലാന്റില്‍ ഫേണിനൊപ്പം സഞ്ചരിക്കുന്ന ഭൂരിപക്ഷം നാടോടികളും വാര്‍ദ്ധക്യത്തോടടുത്തവരാണ്. അവരുടെ മക്കള്‍ക്ക് അവരോടുള്ള മനോഭാവവും രോഗഗ്രസ്തമായ ഏകാന്തതയുമാണ് നാടോടികളായി അവരെ പരിവര്‍ത്തനപ്പെടുത്തിയത്. ബോബ് വെല്‍സ് എന്ന നാടോടികളുടെ ക്യാംപിന്റെ സ്ഥാപകന്‍ അത്തരമൊരു ഉദ്യമത്തിനു തുടക്കം കുറിക്കാന്‍ തന്നെ കാരണം കാലത്തെക്കുറിച്ചുള്ള, പ്രായത്തെക്കുറിച്ചുള്ള, ജീവിതം പണത്തിനു പുറകെ സഞ്ചരിച്ചുപോയതിനെയൊക്കെ തിരിച്ചെടുക്കാനാണ്. തന്റെ പ്രവൃത്തിയെ അത്ഭുതകരമായ ഒന്നായല്ല ബോബ് വെല്‍സ് കാണുന്നത്. എന്നെങ്കിലും മരിച്ചുപോയ മകനെ യാത്രയുടെ തുടര്‍ച്ചയില്‍ അയാള്‍ പ്രതീക്ഷിക്കുന്നു. 

ഇപ്രകാരം അകാലങ്ങളിലൂടെ കാലരഹിതമായ ജീവിതമൂല്യം തേടി സഞ്ചരിക്കുന്ന രണ്ട് കഥാപാത്രങ്ങളെയാണ് ഈഡിയും നൊമാഡ്‌ലാന്റും നമുക്കു മുന്‍പില്‍ കാണിച്ചുതരുന്നത്. ജീവിതത്തിന്റെ അങ്ങേയറ്റത്തുനിന്നും ഇങ്ങേയറ്റത്തേക്കുള്ള ഒരു നോട്ടമാണ് അവര്‍ നിര്‍വ്വഹിക്കുന്നത്. അത് നാം ഇതുവരെ കണ്ട സഞ്ചാരങ്ങളുടേയും സഞ്ചാരാസ്പദമായ ചലച്ചിത്രങ്ങളുടെ അടിസ്ഥാന ബോധ്യങ്ങളെയും പ്രശ്‌നവല്‍ക്കരിക്കുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com