'നാങ്കളെ കുപ്പേല് നട്ടോരു വായ അപ്പയം കൊണ്ടല്ലെ നിങ്ങളെ ദേവര്‍ക്ക് നേദ്യം?'

ജാതീയതയുടേയും വര്‍ഗ്ഗീയതയുടേയും നേര്‍ക്ക് ഇളിച്ചുകാട്ടുന്ന ഇമോജിയായാണ് പൊട്ടന്‍ തെയ്യത്തിന്റെ സ്ഥായീഭാവം
'നാങ്കളെ കുപ്പേല് നട്ടോരു വായ അപ്പയം കൊണ്ടല്ലെ നിങ്ങളെ ദേവര്‍ക്ക് നേദ്യം?'

ങ്കരാചാര്യരും ശിഷ്യഗണങ്ങളും കാശിയിലെ വിശ്വനാഥക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു. യാത്രാമദ്ധ്യേ താഴ്ന്ന ജാതിയിലുള്ള ഒരാള്‍ ഗുരുവര്യന്റെ മുന്നില്‍ വന്നെത്തി. ഒപ്പം നാലു നായ്ക്കളുമുണ്ടായിരുന്നു. ബ്രാഹ്മണനായ തന്റെ മുന്നില്‍നിന്ന ചണ്ഡാലനോട് വഴിമാറി നടക്കാന്‍ ശങ്കരന്‍ ആവശ്യപ്പെട്ടു. 'ഈ ശരീരമോ ആത്മാവോ വഴി മാറേണ്ടത്' എന്നൊരു സന്ദേഹമാണ് അയാള്‍ ഉന്നയിച്ചത്. ചോദ്യം സൂചിപ്പിക്കുന്ന തത്ത്വം ഗുരുവിനെ സ്പര്‍ശിച്ച മാത്രയില്‍ ചണ്ഡാലരൂപിയായി നില്‍ക്കുന്നത് വിശ്വനാഥനും കൂടെയുള്ള നായ്ക്കള്‍ നാലു വേദങ്ങളുമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ശിവനെ സാഷ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ച ആചാര്യനില്‍നിന്നും നിര്‍ഗ്ഗളിച്ച വേദാന്തപ്രകരണമാണ് രണ്ട് പ്രാരംഭ ശ്ലോകങ്ങളും അഞ്ച് അദ്വൈത തത്ത്വവിചാര ശ്ലോകങ്ങളും അടങ്ങിയ 'മനീഷാപഞ്ചകം.' അഞ്ചു ശ്ലോകങ്ങളും അവസാനിക്കുന്നത് 'മനീഷാ മമ' എന്നായതുകൊണ്ടാണ് ഈ ശ്ലോകങ്ങള്‍ 'മനീഷാപഞ്ചകം' എന്ന പേരില്‍ അറിയപ്പെടുന്നത്. 'മനീഷാ മമ' എന്നാല്‍, ഇത് എന്റെ നിശ്ചിതമായ അഭിപ്രായമാണ് എന്നര്‍ത്ഥം.

തുടക്കത്തിലുള്ള രണ്ട് പ്രസ്താവനാശ്ലോകങ്ങളുടെ താല്പര്യം ഇങ്ങനെയാണ്: യതിശ്രേഷ്ഠാ, അങ്ങ് മാറിനില്‍ക്കൂ, മാറിനില്‍ക്കൂ എന്നു പറയുന്നത് ശരീരത്തെ ഉദ്ദേശിച്ചോ ആത്മാവിനെ ഉദ്ദേശിച്ചോ? ശരീരത്തോടാണെങ്കില്‍ എല്ലാ ശരീരങ്ങളും അന്നമയങ്ങള്‍ തന്നെയല്ലേ? ആത്മാവിനോടാണെങ്കില്‍ എല്ലാവരിലുമുള്ള ആത്മാവ് ഒരേ ചൈതന്യം തന്നെയല്ലേ? ഗംഗാജലത്തില്‍ പ്രതിഫലിക്കുന്ന സൂര്യനും ചണ്ഡാലന്റെ മുന്‍പിലുള്ള ഓടയിലെ വെള്ളത്തില്‍ പ്രതിബിംബിക്കുന്ന സൂര്യനും തമ്മില്‍ എന്താണ് ഭേദം? സ്വര്‍ണ്ണക്കുടത്തിലെ ആകാശത്തിനും മണ്‍കുടത്തിലെ ആകാശത്തിനും തമ്മില്‍ എന്ത് അന്തരമാണുള്ളത്? തിരമാലകളില്ലാത്ത സമുദ്രംപോലെ ശാന്തമായി, സച്ചിദാനന്ദ സ്വരൂപമായിരിക്കുന്ന ആത്മവസ്തുവില്‍ 'ഇവന്‍ വിപ്രന്‍', 'ഇവന്‍ ചണ്ഡാലന്‍' എന്നിങ്ങനെയുള്ള ഭേദബുദ്ധിക്കു സ്ഥാനമെവിടെ? 'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍' ഉണ്ടായതല്ലേ ഈ ദ്വന്ദ്വഭാവം എന്നാണ് ചണ്ഡാലന്‍ ഗഹനമായ ഭാഷയില്‍ ചോദിക്കുന്നത്?

കോലത്തുനാട്ടിലെ കാവുകളില്‍ കെട്ടിയാടിക്കപ്പെടുന്ന തെയ്യക്കോലങ്ങളില്‍ ഏറ്റവും പ്രചാരണമാര്‍ന്ന പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിലെ വരികള്‍ സൂചിപ്പിക്കുന്നത് 'മനീഷാപഞ്ചക'ത്തിലെ പ്രാരംഭ ശ്ലോകങ്ങളിലെ അദ്വൈതാശയം തന്നെയാണ്. പശ്ചാത്തല പുരാവൃത്തത്തില്‍ ചെറിയൊരു മാറ്റമുണ്ട്. ജഗദ്ഗുരു സര്‍വ്വജ്ഞപീഠത്തിലേക്കടുക്കുമ്പോള്‍ ശിവന്‍ പുലപ്പൊട്ടനായി ആചാര്യന്റെ അറിവ് പരീക്ഷിക്കാനെത്തുന്നു. പാര്‍വ്വതി പുലച്ചാമുണ്ഡിയായും നന്ദികേശന്‍ പുലമരുതനായും (പൊലാരന്‍) ഒപ്പം ചേരുന്നു. പുലയനെ തീണ്ടി ശുദ്ധം മാറാതിരിക്കാന്‍ ശങ്കരന്‍ അവരോട് മാറിനില്‍ക്കാന്‍ പറയുമ്പോള്‍ പൊട്ടന്‍ തെയ്യം പറയുന്ന വാക്കുകള്‍ അന്ന് (ഇന്നും) ഉള്ള സാമൂഹിക സമത്വത്തിനെ പരിഹാസത്തോടെ തുറന്നുകാട്ടുന്ന നിശിതവിമര്‍ശനമാണ്. ജാതീയതയുടേയും വര്‍ഗ്ഗീയതയുടേയും നേര്‍ക്ക് ഇളിച്ചുകാട്ടുന്ന ഇമോജിയായാണ് പൊട്ടന്‍ തെയ്യത്തിന്റെ സ്ഥായീഭാവം. മനുഷ്യരെല്ലാം ഒരു ചരടിലിണക്കിക്കോര്‍ത്ത പുഷ്പങ്ങളാണ് എന്ന തത്ത്വവും ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണചിന്തകള്‍ക്കതീതമാണ് സത്യമെന്ന ബോധവും ഉയര്‍ത്തിക്കാട്ടുന്നതാണ് തെയ്യത്തിന്റെ തോറ്റം (തെയ്യം കെട്ടിയാടുമ്പോള്‍ അതിനോടനുബന്ധിച്ച് പിന്നണിയില്‍ പാടുന്ന അനുഷ്ഠാനപ്പാട്ടാണ് തോറ്റം). ചടുലചലനങ്ങള്‍കൊണ്ട് സജീവവും, സാഹസികാഭ്യാസങ്ങള്‍കൊണ്ട് ഉദ്വേഗജനകവുമാണ് പൊട്ടന്‍ തെയ്യത്തിന്റെ പ്രകടനം. തീയിലേക്ക് സ്വയം എടുത്തെറിയുന്ന തെയ്യം പറയുക 'എനിക്ക് കുളിരുന്നേ' എന്ന വ്യാജോക്തിയാണ്. വികടത്തം നിറഞ്ഞ വിളയാട്ടങ്ങളും കുസൃതിത്തം മുറ്റിയ തമാശകളും ആക്ഷേപഹാസ്യ പ്രയോഗങ്ങളും പൊട്ടന്‍ തെയ്യത്തിന്റെ മുഖമുദ്രകളാണ്. അതേസമയം കാണികളോട് മറയില്ലാതെ ചേര്‍ന്നുനിന്ന് അവരെ ചിരിപ്പിക്കുന്ന പൊട്ടന്‍ തെയ്യമാണ് അദ്വൈതാശയത്തിന്റെ വക്താവായി മാറുന്നതെന്നത് വിരോധാഭാസം. വിവരമുണ്ടെന്നു നടിക്കുന്നവരെ കുഴക്കുന്ന ചോദ്യങ്ങള്‍കൊണ്ട് വശംകെടുത്തുന്നവര്‍ 'പൊട്ടന്‍' എന്ന് മുദ്രകുത്തപ്പെടാറുണ്ട്. അതാവാം ഈ ദൈവം ആ പേരില്‍ അറിയപ്പെടുന്നത്. അല്ലെങ്കില്‍ കാര്യം പറയുമ്പോഴും രസിപ്പിക്കാന്‍ ഉദ്യമിച്ച് മൂഢനെപ്പോലെ അഭിനയിക്കുന്നതുകൊണ്ടാവാം.

പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തില്‍ 'വരുന്നതു കണ്ടാല്‍ ദൂരെ മറഞ്ഞുനില്‍ക്കേണ്ടും ജാതി പറഞ്ഞതു കേട്ടാല്‍പോലും കുറഞ്ഞൊന്നു ശങ്കയില്ലേ?'

എന്ന് ആചാര്യന്‍ ക്രുദ്ധിച്ചു പറയുന്നതിന് ഉത്തരം കൊടുക്കുകയാണ് ചണ്ഡാലന്‍.

'തെറ്റുവാനെന്തു മൂലം, തെറ്റല്ലേ പറഞ്ഞതിപ്പോള്‍
തെറ്റുവാന്‍ കാരണം ചൊല്‍, സര്‍വ്വജ്ഞനല്ലോ ചൊവ്വറ്'

എന്നു തുടങ്ങി 'അറിവില്ലയോ മൂഢാ പുലയാധമാ എന്നതിനര്‍ത്ഥമെന്ത്; പുലയില്ലാത്തവരാര്' മുതലായ ചോദ്യശരങ്ങളെയ്യുന്നു ചണ്ഡാലന്‍. തെറ്റുക എന്നാല്‍ മാറിനില്‍ക്കുക. മാറിനില്‍ക്കണം എന്നു പറയുന്നത് 'ഈ കാണുന്ന വിശ്വത്തിനകത്തോ പുറത്തോ' എന്ന ദാര്‍ശനിക പ്രശ്‌നമുയര്‍ത്തിക്കൊണ്ട് 'അടുത്താലെന്തു പറ്റും തെറ്റിയാലില്ലാതാകുന്നതെന്ത്' എന്ന് ജാതിവ്യവസ്ഥയ്ക്കു നേരെ ചൂണ്ടുവിരലുയര്‍ത്തുന്നു തെയ്യം. എല്ലാ ജന്തുക്കള്‍ക്കും വസ്തുക്കള്‍ക്കും 'ജീവനായ് വസിക്കുമേകന്‍' തന്നെയാണ് നാഥന്‍. 'അങ്ങനെയിരുന്ന നാഥന്‍ തന്നാലെ ചൊവ്വരുണ്ടായി നീചനാമടിയന്‍ താനും അവനാലുണ്ടായ് വന്നു.'

'ചൊവ്വര്' എന്നത് ആദരസൂചകമായ നാടന്‍ വാക്കാണ്. തുടര്‍ന്നാണ് ചോര ചിന്തുന്ന ചിന്ത.

'നാങ്കള്‍ മുറിഞ്ഞാലുമുണ്ടു ചോര
നീങ്കള്‍ മുറിഞ്ഞാലുമുണ്ടു ചോര'

ഈ വരികളുടെ പാഠഭേദമാണ് കൂടുതല്‍ അറിയപ്പെടുന്നത്.

'നീങ്കളെക്കൊത്ത്യാലും ചോരതന്നെ ചൊവ്വറെ
നാങ്കളെക്കൊത്ത്യാലും ചോരതന്നെ ചൊവ്വറെ
പിന്ന്യെന്തെ ചൊവ്വറ് കുലം പിശക്ന്ന്?'

വേറൊരു ഭാഗത്ത് 'ആരാരം തന്നില്‍ ചേതം ചെയ്താലുമള്ളൊരു രക്തം, ആരണര്‍ക്കുള്ളപോലെയല്ലയോ ഞങ്ങള്‍ മെയ്യില്‍'

എന്ന വരികളും കാണാം. ജാതീയതയുടെ നിരര്‍ത്ഥകതയെ വിളിച്ചോതുന്ന, വിപ്ലവചിന്ത പേറുന്ന പ്രശസ്തമായ മറ്റു വരികളിതാണ്:

'നാങ്കളെ കുപ്പേല് നട്ടോരു വായ
അപ്പയം കൊണ്ടല്ലെ നിങ്ങളെ ദേവര്‍ക്ക് നേദ്യം?
നാങ്കളെ കുപ്പേല് നട്ടോരു തൃത്താവ്
അതൃത്താവോണ്ടല്ലെ നിങ്ങളെ ദേവര്‍ക്ക് പൂജ?'

വിശ്വാധാരത്തിനെന്തു ജാതിഭേദം?

ശുദ്ധ വേദാന്തചിന്തയും പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 

സര്‍വ്വലോകൈകനാഥന് അന്തണരെന്നും അന്തരാജാതിയെന്നുമുള്ള അന്തരമുണ്ടോ?

'ആരണര്‍ക്കുള്ള കൂപവാപിയില്‍ അംശുമാനെ കാണുന്നപോലെ ഞങ്ങള്‍ കൂപവാപിയിങ്കലില്ലേ' എന്നാണ് ചോദ്യം. ഗംഗാജലത്തിലെ സൂര്യനും ഓടയിലെ സൂര്യനും ഒന്നല്ലേ എന്ന് 'മനീഷാപഞ്ചക'ത്തില്‍ പറഞ്ഞതുതന്നെ. അവസാനം

'അടിമയായ് കുടികൊണ്ടിട്ട് ഉടയോന്റെ മുന്‍പില്‍ ചെന്നാല്‍
അവിടേക്ക് നമ്മള്‍ തമ്മില്‍ ഒരുപോലെയല്ലയോ കേള്‍'
('പെരിയോന്റെ കോയിക്കലെല്ലാരും ചെന്നാല്‍
അവിടേക്ക് നീങ്കളും നാങ്കളുമൊക്കും')

എന്ന തത്ത്വശാസ്ത്രവും പൊട്ടന്‍ ആചാര്യനെ ഓര്‍മ്മിപ്പിക്കുന്നു. ആ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ പരമശിവന്‍ തന്നെ പരീക്ഷിക്കാനായി ചണ്ഡാല വേഷമണിഞ്ഞ് എത്തിയതാണെന്ന പരമാര്‍ത്ഥമറിഞ്ഞ ശങ്കരന്‍ പഞ്ചനമസ്‌കാരം ചെയ്ത് തൊഴുത് കൈലാസനാഥനെ സ്തുതിക്കുന്നു. തുടര്‍ന്ന് പുലപൊട്ടന്‍ തെയ്യം നലമൊടുവരുത്താന്‍, മംഗളമരുളാന്‍ ഇറങ്ങുന്നു.

ആചാര്യസ്വാമികളുടെ സംസ്‌കൃതിയിലെ ഗഹനമായ ആശയം ഗ്രാമ്യശൈലിയില്‍ തോറ്റം പാട്ടാക്കിയ നാട്ടുകവിയുടെ വരികളുടെ കൂടെ പില്‍ക്കാലത്ത് നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിരിക്കാം. വാമൊഴികളില്‍ കൂട്ടലും കുറക്കലും മാറ്റലും മറിക്കലും സാധാരണമാണല്ലോ. ആരു വലിയവന്‍, ആരു ചെറിയവന്‍ എന്ന ചോദ്യമെറിയുന്ന ഈ തോറ്റം മറ്റെല്ലാ തോറ്റങ്ങളെക്കാളും പ്രചുരപ്രചാരം നേടിയതില്‍ അത്ഭുതമില്ല.
'മനീഷാപഞ്ചക'ത്തില്‍ അഞ്ചു ശ്ലോകങ്ങളില്‍ ആചാര്യസ്വാമികള്‍ ചണ്ഡാലന്റെ ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആത്മീയചിന്ത ചെയ്യുന്നുണ്ട്. ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതല്‍ ഉറമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്ന ബോധമാണ് ഞാന്‍ എന്ന ജ്ഞാനം ഉള്ളയാള്‍, ചണ്ഡാലനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതേ ആശയം ദ്യോതിപ്പിക്കുന്നതാണ് തോറ്റത്തിലെ 'അരുരേണു കാഷ്ഠാദി ജന്തുക്കളില്‍ പരാപരന്‍ താന്‍ അരുമയോടിരിപ്പില്ലേ നിരുപിക്ക മാനസത്തില്‍' എന്ന പൊട്ടന്റെ അവബോധം. ആ അറിവുള്ള ചണ്ഡാലന്‍ ഗുരുവാകുന്നു. ഞാന്‍ ബ്രഹ്മമാണ് എന്ന ഉറച്ച ബുദ്ധിയുള്ള മനസ്സിനെ നിത്യസത്യത്തില്‍ യോജിപ്പിച്ച്, ശരീരത്തെ പ്രാരബ്ധാനുഭവത്തിനുവേണ്ടി സമര്‍പ്പിച്ച്, സംതൃപ്തനായി കഴിയുന്നയാള്‍ ഗുരുവാണ്. ആനന്ദസമുദ്രത്തില്‍ മനോബുദ്ധികള്‍ അലിഞ്ഞുചേര്‍ന്ന വ്യക്തിയെ ബ്രഹ്മത്തെ അറിയുന്ന ആളായിട്ടല്ല, ബ്രഹ്മമായിത്തന്നെയാണ് കരുതേണ്ടത്. ആ ബ്രഹ്മത്തെ പ്രണമിക്കുന്ന ശങ്കരാചാര്യരുടെ വേദാന്തവിചാരം പൂര്‍ണ്ണരൂപത്തില്‍ തോറ്റത്തില്‍ കണ്ടെന്നുവരില്ലെങ്കിലും അതേ പരമാത്മജ്ഞാനത്തിന്റെ സ്ഫുരണം തന്നെയാണ് തോറ്റത്തില്‍ ഉടനീളം കാണാനാകുക. ചിന്താധാരകള്‍ക്ക് പണ്ഡിതപാമര ഭേദമില്ലല്ലോ.

പോയകാലത്ത് നിരക്ഷരരെന്നും സംസ്‌കാരവിഹീനരെന്നും പറഞ്ഞ് പിന്‍തള്ളപ്പെട്ട സമുദായക്കാരാണ് സമഭാവനയുടെ തോറ്റം ചൊല്ലി പൊട്ടന്‍ തെയ്യത്തെ ആരാധിക്കുന്നത് എന്നത് അവരില്‍ തത്ത്വജ്ഞാനവും ആത്മബോധവും രൂഢമൂലമാണ് എന്നതിന്റെ ഉജ്ജ്വലമായ തെളിവാണ്. ജാതിഭേദം കൊടികുത്തി വാഴുന്ന കാലത്ത്, അതിനെതിരെ ശക്തമായി പ്രതികരിക്കുന്ന പൊട്ടന്‍ തെയ്യത്തെ കാവുകളില്‍ കെട്ടിയാടിക്കാനും 'മാനുഷരെല്ലാരുമൊന്നുപോലെ' എന്ന മഹത്തായ സങ്കല്പമുയര്‍ത്തുന്ന തോറ്റം അംഗീകരിക്കാനും ഉള്ള വിശാലമനസ്‌കതയും സഹിഷ്ണുതയും കാണിച്ച, അന്ന് ഭരണസാരഥ്യം വഹിച്ചിരുന്ന കോലത്തിരി രാജാക്കന്മാര്‍ നവോത്ഥാനാശയത്തെ പുല്‍കിയവരാണെന്ന കാര്യവും ഇവിടെ അടിവരയിട്ട് പറയേണ്ടതാണ്. അക്കാലത്ത് അവരുടെ ഒരുത്തരവ് മതിയായിരുന്നല്ലോ ഇത്തരം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിരോധിക്കാന്‍!

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com