ബിഷപ്പുമാര്‍ക്കും പുരോഹിത വര്‍ഗ്ഗത്തിനും പരീശപ്രമാണിമാര്‍ക്കും വരട്ടുചൊറി ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്!

ബിഷപ്പുമാര്‍ക്കും പുരോഹിത വര്‍ഗ്ഗത്തിനും പരീശപ്രമാണിമാര്‍ക്കും വരട്ടുചൊറി ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്!

ച്ച ഈശോയോട് പരാതി പറഞ്ഞു: എല്ലാവരുടേയും ആട്ടും അടിയുമേറ്റ് ഒരു പൊതുശത്രുവായി ജീവിച്ച് ഞങ്ങള്‍ക്കു മടുത്തു.

ഈശോ ചോദിച്ചു: അതിനിപ്പോ എന്നാ വേണമെന്നാ.

ഈച്ച ചിറകുവിടര്‍ത്തി: ശത്രുക്കളെപ്പോലും സ്‌നേഹിക്കണം എന്നു പറഞ്ഞ ഒരു മനുഷ്യപുത്രനാണല്ലോ നീയും. നിനക്കെങ്കിലും ഞങ്ങളെ സ്‌നേഹിച്ചുകൂടെ.

എനിക്ക് നിന്നോട് സ്‌നേഹമില്ലെന്നാരാ പറഞ്ഞേ. ഉള്ളിലുള്ളതെന്നാന്നുവെച്ചാ തെളിച്ചുപറ - ഈശോ ആവശ്യപ്പെട്ടു.

ഈച്ച ഇംഗിതം അറിയിച്ചു: നമ്മുടെ പേരുകള്‍ തമ്മില്‍ ഒരക്ഷരത്തിന്റെ വ്യത്യാസമല്ലേയുള്ളൂ. നിനക്ക് എല്ലായിടത്തുനിന്നും കിട്ടുന്നത് ആരാധന. ഞങ്ങള്‍ക്കാകട്ടെ ആക്രമണവും. നമുക്ക് പരസ്പരം പേരുകള്‍ വെച്ചുമാറിയാലോ?

അതായത് ഇനി മുതല്‍ നീ ഈശോ. ഞാന്‍ ഈച്ച, അല്ലേ? - ഈശോ സമ്മതിച്ചു.

ഈച്ചയുടെ നെഗളിപ്പു കണ്ടപ്പോള്‍ ഈശോ ചിരിച്ചു: സഹോദരാ, ഒരു പേരിലെന്തിരിക്കുന്നു. ഇത്രകാലം നീ അനുഭവിച്ചതൊക്കെ തന്നെയാണ് എന്റെ ആരാധകരില്‍നിന്നു ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നിനക്ക് പറന്നുമാറാനുള്ള കഴിവെങ്കിലുമുണ്ട്. പള്ളിക്കുള്ളില്‍ ബന്ധിയാക്കിയാണ് എനിക്കു നേരെയുള്ള ആക്രമണം.

കേട്ടപാതി കേള്‍ക്കാത്തപാതി ഈച്ച സ്വന്തം പേര് തിരിച്ചെടുത്തു പറന്നകന്നു.

ബലിയര്‍പ്പണത്തിനുള്ള ദിക്കും ദിശയും എങ്ങോട്ടാകണം എന്ന കേവലമായ അന്ധവിശ്വാസത്തിന്റെ പേരില്‍ പൗരോഹിത്യം തെരുവില്‍ കൊമ്പുകോര്‍ക്കുന്ന അതിദയനീയമായ അശ്ലീലക്കാഴ്ച കാണുമ്പോള്‍ ആരോടാണ് സഹതപിക്കേണ്ടത്. ഇക്കഥയിലെ ഈച്ചയോടോ ഈശോയോടോ. 

നിങ്ങള്‍ ബലിയര്‍പ്പിക്കാന്‍ പോകുമ്പോള്‍ നിന്നോട് ആര്‍ക്കെങ്കിലും വിരോധം ഉണ്ടെന്നു തോന്നിയാല്‍ ബലിവസ്തുക്കള്‍ അവിടെവെച്ച് അവനുമായി രമ്യപ്പെട്ടിട്ടു വന്നിട്ട് ബലിയര്‍പ്പിക്കുക എന്നൊക്കെയുള്ള ജീവസ്സുറ്റ സുവിശേഷവചനങ്ങള്‍ തെരുവില്‍ മരിച്ചുവീഴുമ്പോള്‍, ദൈവവചസുകള്‍ക്ക് പുതിയ നാനാര്‍ത്ഥങ്ങളും പര്യായങ്ങളും സൃഷ്ടിക്കുന്നതു കാണുമ്പോള്‍ പരിഹസിച്ചു ചിരിക്കുകയല്ലാതെ എന്തുചെയ്യാനാണ്.

രാഷ്ട്രീയവൈരത്തേക്കാള്‍ മൂര്‍ച്ചയുള്ള പള്ളിവാളുകള്‍ ഒളിപ്പിച്ചുവെയ്ക്കുന്ന വൈദികര്‍ക്കിടയിലെ സലോമിമാര്‍ വിശ്വാസികളുടെ തലയറുത്ത് വെള്ളിത്താലത്തില്‍വെച്ച് വിലപേശുമ്പോള്‍ വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന യേശുവിന്റെ ഉഗ്രകോപത്തിനു കൂടുതല്‍ അര്‍ത്ഥപൂര്‍ത്തി കൈവരികയാണ്.

ബലാത്സംഗക്കേസുകളില്‍നിന്നു രക്ഷപ്പെട്ടുവരുന്ന തിരുമേനിമാര്‍ പിശാചുബാധിതരെപ്പോലെ അള്‍ത്താരയില്‍നിന്നു താണ്ഡവനൃത്തം ചവിട്ടുമ്പോള്‍ ആ താളത്തിനൊപ്പിച്ച് തപ്പുകൊട്ടുന്ന താഴത്തും മുകളിലുമുള്ള മേജറും മൈനറുമായ മെത്രാന്മാര്‍, ദൈവത്തിന്റെ ഒരു പ്രതിപുരുഷന്‍ കോടതിയുടെ മുന്നിലാണോ ധാര്‍മ്മികതയുടെ മുന്നിലാണോ സത്യം ഏറ്റുപറയേണ്ടത് എന്നൊരു ആശങ്കപോലും ഉയര്‍ത്തിയില്ല. ഇത്തരമൊരു ചോദ്യം ചോദിക്കാന്‍ ബലിയര്‍പ്പണത്തിന്റെ പേരില്‍ അള്‍ത്താരയില്‍നിന്നു തിരിഞ്ഞുകളിക്കുന്നവര്‍ക്കും മുഖാമുഖംനോക്കി ഗോഗ്വാ വിളിക്കുന്നവര്‍ക്കും ധാര്‍മ്മികതയില്ലേ. ബലിപീഠത്തില്‍നിന്നു കുര്‍ബ്ബാന ചൊല്ലുന്ന വൈദികനെ തള്ളിമാറ്റുന്ന വിശ്വാസകിങ്കരന്മാരും അവര്‍ക്ക് ഓശാന പാടുന്ന പുരോഹിതപ്പടയും ആരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാനാണ് ശ്രമിക്കുന്നത്. കുഞ്ഞാടുകളെ തമ്മിലടിപ്പിച്ച് രക്തം കുടിക്കാന്‍ ഗൂഢപദ്ധതി തയ്യാറാക്കിയ കുറുക്കന്റെ മനസ്സാണ് കത്തോലിക്കാ വിശ്വാസത്തിന്റെ പേരില്‍ തെരുവില്‍ നടക്കുന്ന പുതിയ ചവിട്ടുനാടകങ്ങള്‍. 

ബലിപീഠത്തില്‍ നിന്നിറങ്ങി വാര്‍ത്താചാനലുകളുടെ കലിപീഠത്തില്‍ കടന്നിരുന്ന് നടത്തുന്ന ജനാഭിമുഖ്യ ഒപ്പീസുകള്‍ ആര്‍ക്കുവേണ്ടിയാണ്. ഇനിയൊരു ബലയര്‍പ്പിക്കാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ എന്ന പ്രാര്‍ത്ഥനചൊല്ലി വിശുദ്ധബലി അവസാനിപ്പിക്കുന്നവര്‍, നാളെയും വരാം എന്ന് അന്തിചര്‍ച്ചാ അവതാരങ്ങള്‍ക്ക് ഉറപ്പുകൊടുത്തു പിരിയുന്ന ആ ആത്മവിശ്വാസം എത്ര വലുതാണ്.

ഏതെങ്കിലും ഒരു ദിക്കിലേക്കുമാത്രം തിരിഞ്ഞാലേ കുര്‍ബ്ബാനയില്‍ ദൈവം ആവസിക്കൂ എന്നു ധരിച്ചവശരായവരുടെ വാദപ്രതിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ പഴയ ഒരു കഥയാണ് ഓര്‍മ്മവരുന്നത്. ഒരമ്മൂമ്മ ദുഃഖവെള്ളിയാഴ്ച തങ്കിപ്പള്ളിയിലെ തിരുസ്വരൂപം കാണാന്‍ പോയി. മുള്‍മുടിയും മുറിപ്പാടുമായി മഞ്ചലില്‍ കിടക്കുന്ന കര്‍ത്താവിന്റെ കിടപ്പുകണ്ടിട്ട് അമ്മൂമ്മയ്ക്ക് സങ്കടം സഹിക്കാനായില്ല. അമ്മൂമ്മ പള്ളിക്കുള്ളില്‍ രൂപക്കൂട്ടിലുള്ള അന്തോണീസ് പുണ്യവാളന്റെ തിരുസ്വരൂപത്തിനു മുന്നില്‍ പോയി കണ്ണീരോടെ പ്രാര്‍ത്ഥിച്ചു: എന്റെ പുണ്യാളച്ചാ, കര്‍ത്താവിനെ രക്ഷിക്കണേ! കര്‍ത്താവിനേക്കാള്‍ പുണ്യവാളനാണ് പ്രാധാന്യമെന്നു കരുതുന്ന അമ്മൂമ്മയെപ്പോലെ, ദിവ്യബലിയേക്കാള്‍ പ്രാധാന്യം തിരിഞ്ഞുനില്‍ക്കുന്ന ദിക്കിനാണെങ്കില്‍ അതിലെന്താണ് ദൈവീകത.

കനേഡിയന്‍ ചിന്തകനായ മാര്‍ഷല്‍ മക്ലൂഹന്‍ ലോകം ഒരു വില്ലേജായി ചുരുങ്ങുമെന്ന പ്രവചനം നടത്തിയിട്ട് ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. അന്ന് ഇന്റര്‍നെറ്റൊന്നും ലോകം കണ്ടുപിടിച്ചിരുന്നില്ല എന്നോര്‍ക്കണം. ഇന്നിപ്പോള്‍, ലോകം ഒരു പഞ്ചായത്തും വാര്‍ഡും കുടുംബവുമൊക്കെയായി ചുരുങ്ങുന്ന കാലത്താണ് ഒരു കൂട്ടര്‍ കുര്‍ബ്ബാന ചൊല്ലുന്ന ദിശയുടെ മഹത്വത്തിന്റെ പേരില്‍ ഒന്നിച്ചുനില്‍ക്കുന്ന സമൂഹത്തെ ഭിന്നിപ്പിച്ചു രസിപ്പിക്കുന്നത്. ഇതോടൊപ്പം, ദൈവശാസ്ത്രപരമല്ലാത്ത, മനുഷ്യശാസ്ത്രപരമായ ഒരു കൊച്ചു സംശയം കൂടി ചോദിച്ചു പോകുകയാണ്. ജനാഭിമുഖക്കാരുടെ രൂപതയില്‍നിന്നു ജനാഭിമുഖ വിരുദ്ധരുടെ രൂപതയിലേക്ക് കല്യാണം കഴിച്ചുപോകുന്നവര്‍ എങ്ങോട്ട് തിരിഞ്ഞുനിന്നാണ് കുര്‍ബ്ബാന കാണേണ്ടത്. അതോ കുര്‍ബ്ബാന കാണേണ്ടപ്പോഴെല്ലാം കല്യാണത്തിനു മുന്‍പ് ജീവിച്ച രൂപതയില്‍ തിരിച്ചെത്തണമോ. എന്താണ് തിരുമേനിമാരും അവരുടെ തിരുമ്മുകാരുമൊക്കെ പറഞ്ഞുവെയ്ക്കുന്നത്.

ചെറിയ തിരമാല വലിയ തിരമാലയോട് പരിഭവം പറയുകയാണ്. നിന്റെ വലുപ്പത്തില്‍ എനിക്ക് ലജ്ജ അനുഭവപ്പെടുന്നു. വലിയ തിര അപ്പോള്‍ പറഞ്ഞു: ചെറിയ തിരയും വലിയ തിരയും എന്നൊന്നുമില്ല, ഉള്ളത് ജലം മാത്രം. ജനാഭിമുഖം, അള്‍ത്താരാഭിമുഖം എന്നൊക്കെയുണ്ടോ. ഉള്ളത് കാല്‍വരിയിലെ ബലിയര്‍പ്പണം മാത്രമാണല്ലോ.

കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നുവെന്നും അവന്‍ കരുണാമയനായ് കാവല്‍വിളക്കായ് കരളിലിരിക്കുന്നു എന്നുമാണ് വേദപാഠം ടീച്ചര്‍മാര്‍ പഠിപ്പിച്ചിട്ടുള്ളത്. ഇപ്പോഴും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്. ഇതേ ദൈവത്തെ കാണുന്നതിനാണോ നിങ്ങളെല്ലാം കൂടി വിശ്വാസികളെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് തിരിച്ചുനിര്‍ത്തുന്നത്. മാറ്റങ്ങള്‍ എത്രയോ സഭയില്‍ ഉണ്ടായിട്ടുണ്ട്. ഒരുദാഹരണം മാത്രം പറയാം. പണ്ടത്തെ തെമ്മാടിക്കുഴികളൊക്കെ ഇപ്പോള്‍ എവിടെയാണ്. ദുര്‍മരണം സംഭവിച്ചവരെയെല്ലാം അടക്കിയിരുന്ന പഴയ തെമ്മാടിക്കുഴികളല്ലേ ഇപ്പോള്‍ കല്ലറകളാക്കി ലക്ഷങ്ങള്‍ക്ക് വിറ്റ് കാശാക്കി പള്ളിയുടെ വരുമാനം കുന്നുകൂട്ടുന്നത്. മരിച്ചു കഴിഞ്ഞാല്‍പോലും ഉള്ളവനും ഇല്ലാത്തവനും എന്നു വേര്‍തിരിക്കുന്ന ഒരുതരം കച്ചവട ദൈവശാസ്ത്രം. മരിച്ചവന്റെ മക്കളുടെ സാമ്പത്തികത്തില്‍ കണ്ണുംനട്ട് ശവസംസ്‌കാരത്തിനു പൊന്‍കുരിശും വെള്ളിക്കുരിശും മരക്കുരിശും വാടകക്കച്ചവടത്തിനു വെച്ചിരിക്കുന്ന തരത്തിലുള്ള അനീതികള്‍ വേറെയും. ഇതൊക്കെയല്ലേ ആദ്യം ഇല്ലായ്മ ചെയ്യേണ്ടത്. എന്നിട്ടുപോരെ കുര്‍ബ്ബാനയുടെ പേരില്‍ നടത്തുന്ന ഈ ശക്തിപ്രകടനങ്ങളും തെറിവിളികളുമൊക്കെ. 

ഞാനാകുന്നു വഴിയും സത്യവും ജീവനും എന്ന യേശുവചനം വിശ്വാസികളോട് ആവര്‍ത്തിച്ച് പ്രഘോഷിക്കുന്ന സഭാ പിതാക്കന്മാര്‍ തങ്ങളുടെ ഇടയന്മാരായ അച്ചന്മാരില്‍നിന്നു വഴിയും സത്യവും ജീവനും വീണ്ടെടുക്കാന്‍ കോടതിവരാന്തകള്‍ നിരങ്ങിനീങ്ങുന്ന കാഴ്ച എത്രത്തോളം ഗതികെട്ടതാണ്. വിമതരെന്നും വിശുദ്ധരെന്നും സ്വയം വിശ്വസിച്ച് വിശ്വാസികള്‍ക്കു മുന്നില്‍ തോറ്റ യുദ്ധം നടത്തുന്ന വൈദികരും മണിയടിക്കാരും, കുരിശിന്റെ വഴിയില്‍ മുഴങ്ങിക്കേട്ട - നിങ്ങളുടെ കുഞ്ഞുങ്ങളെ ഓര്‍ത്തു കേണീടുവിന്‍ - എന്ന് ആ വചസുകള്‍ക്കൂടി ഇടയ്ക്കിടെ ഓര്‍ക്കുന്നത് നല്ലതാണ്. കോടികള്‍ പിരിച്ചെടുത്ത് പഞ്ചനക്ഷത്ര പള്ളികള്‍ പണിതുയര്‍ത്തുന്നവര്‍ ഇത്തരം മ്യൂസിയങ്ങളിലേക്ക് കയറിനോക്കാന്‍ നാളെ ഒരു തലമുറയുണ്ടാകുമോ എന്നുകൂടി ആലോചിച്ചു നോക്കേണ്ടതാണ്. വിശ്വാസാന്ധതയുടെ വാശിപ്പുറത്ത്, നിങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന അള്‍ത്താരകള്‍ തേടി ആക്രിക്കച്ചവടക്കാര്‍ എത്താതിരിക്കട്ടെ.

ഒരിക്കല്‍ വൈക്കം മുഹമ്മദ് ബഷീറിനോടൊരു ചോദ്യം: സുഖക്കേടുകളില്‍ വെച്ച് ഏറ്റവും നല്ലതേതാണ്?

ഉത്തരം: അങ്ങനെ ഒന്നില്ലെന്നു തോന്നുന്നു. രസമുള്ളതാണെങ്കില്‍, ഭയങ്കര ചൊറിച്ചിലുള്ള വരട്ടു ചൊറി പരീക്ഷിച്ചു നോക്കുക.

കുര്‍ബാനയുടെ അഭിമുഖത്തിന്റെ പേരില്‍ തെരുവില്‍ വിഴുപ്പലക്കുന്ന ബിഷപ്പുമാര്‍ക്കും പുരോഹിതവര്‍ഗ്ഗത്തിനും പരീശപ്രമാണിമാര്‍ക്കും വരട്ടുചൊറി ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്!

(തലക്കെട്ടിന് ജോര്‍ജ് ജോസഫ് കെയുടെ കഥയോട് കടപ്പാട്)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com