നാരായണ ഗുരുവിന്റെ ജ്ഞാന പാരമ്പര്യ പിന്തുടര്‍ച്ച

1923ല്‍ ഊട്ടിയില്‍ സ്ഥാപിച്ച നാരായണഗുരുകുലത്തിന് 2023ല്‍ നൂറു വര്‍ഷം 
നാരായണ ഗുരുവിന്റെ ജ്ഞാന പാരമ്പര്യ പിന്തുടര്‍ച്ച

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ഡോ. പല്‍പ്പുവിന്റെ മൂന്നാമത്തെ മകനായ പി. നടരാജനാണ് (1895-1973) നാരായണഗുരുവില്‍നിന്നു ശിഷ്യത്വം സ്വീകരിച്ച് പില്‍ക്കാലത്ത് നടരാജഗുരുവായിത്തീര്‍ന്നത്. താന്‍ ഏര്‍പ്പെട്ടിരിക്കുന്ന ദൗത്യങ്ങള്‍ പിന്‍തുടരുന്നതിനുവേണ്ടി ഡോക്ടറുടെ ഒരു മകനെ തനിക്കു വിട്ടുനല്‍കണമെന്ന ഗുരുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്  അദ്ദേഹം വിട്ടുനല്‍കിയ മകനാണ് നടരാജന്‍. മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് 1922ല്‍ എം.എ., എല്‍.ടി. ബിരുദങ്ങള്‍ കരസ്ഥമാക്കിയശേഷം നടരാജന്‍ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ അന്തേവാസിയായി. പല കാരണങ്ങളാലും അവിടെ തുടരാന്‍ കഴിയാതെവന്ന തന്റെ ശിഷ്യന്റെ അവസ്ഥ കണ്ട് ഗുരു തന്നെ അദ്ദേഹത്തോട് ദൂരെ എവിടെയെങ്കിലും പോയി സ്വധര്‍മ്മത്തിനൊത്ത പരിശ്രമങ്ങള്‍ നടത്തുവാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അദ്ദേഹം അന്ന് കൂനൂരില്‍ കഴിഞ്ഞിരുന്ന ബോധാനന്ദസ്വാമിയുടെ അടുത്തെത്തി. അവിടെ താമസിച്ചുകൊണ്ട് തന്റെ പഠനയോഗ്യതകളുടെ പശ്ചാത്തലത്തിലും സ്വന്തം ഗുരുവിന്റെ വിദ്യാഭ്യാസദര്‍ശനത്തിന്റെ സ്വാധീനത്തിലും ഒരു റെസിഡന്‍ഷ്യല്‍ സെക്കന്ററി സ്‌കൂളിനെപ്പറ്റിയുള്ള ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ വളര്‍ത്താന്‍ തുടങ്ങി. 

ഇതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയില്‍ മാതൃകാപരവും സ്വതന്ത്രവും ഉപനിഷദ് മാര്‍ഗ്ഗത്തിനു യോജിക്കുന്നതുമായിരുന്നു ആ വിദ്യാലയസങ്കല്പം. 18 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കു പഠിക്കത്തക്കവണ്ണം തൊഴില്‍പരവും സാധാരണ രീതിയിലുള്ളതുമായ പാഠ്യപദ്ധതികള്‍ ചേര്‍ന്ന ഒരു സെക്കന്ററി ബോര്‍ഡിങ്ങ് സ്‌കൂളായിരുന്നു അദ്ദേഹം സങ്കല്പിച്ചത്. പൗരസ്ത്യവും പാശ്ചാത്യവുമായ സംസ്‌കാരങ്ങളില്‍നിന്ന് കൈക്കൊള്ളാവുന്ന മൂല്യങ്ങളെപ്പറ്റി ഉദ്‌ബോധനം നല്‍കുന്ന വിഷയങ്ങളോടൊപ്പം തൊഴില്‍ പരിശീലനവും കൊടുത്തുകൊണ്ട് നവീന വിദ്യാഭ്യാസ മാതൃകകളായി ഗണിച്ചുപോരുന്ന, ശിശുക്കളെ കേന്ദ്രമാക്കിയുള്ള പ്രബോധനം, പ്രവൃത്തിയിലൂടെ പഠനം, ഡാല്‍ട്ടണ്‍ സമ്പ്രദായം, പീപ്പിള്‍സ് സ്‌കൂള്‍, ഗാരി പ്ലാന്‍, ഡ്യൂയി, ഫ്രോബല്‍, റൂസ്സോ, ടോള്‍സ്‌റ്റോയി എന്നിവരെല്ലാം ആവിഷ്‌കരിച്ചിട്ടുള്ള വിദ്യാഭ്യാസ തത്ത്വങ്ങളും പ്രായോഗിക രീതികളുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു ഈ വിദ്യാലയസങ്കല്പം. പ്രാചീന ഭാരതത്തിലെ ഗുരുകുല വിദ്യാഭ്യാസരീതിയാണ് അതിനെല്ലാം അടിസ്ഥാനമായിരിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം. ചുരുക്കത്തില്‍ സോക്രട്ടീസിന്റേയും ഉപനിഷത്തുകളുടേയും വിദ്യാഭ്യാസരീതികള്‍ ചേര്‍ത്തിണക്കിയ ഒരു വിദ്യാഭ്യാസ മാതൃക. ഇതെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് അദ്ദേഹം എഴുതിയുണ്ടാക്കിയ പ്രോസ്പക്റ്റസ് ഒരു പ്രസ്സുകാരന്റെ ഔദാര്യത്തില്‍ അച്ചടിച്ചെടുക്കാന്‍ സാധിച്ചു. അവിടെയടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ക്ലീവ്‌ലാന്റ് എസ്‌റ്റേറ്റിലെ തേയില ഫാക്ടറി കെട്ടിടത്തില്‍, തന്റെ ഗുരുവിന്റെ നാമത്തോട് ഏറ്റവും കുറച്ചക്ഷരങ്ങള്‍ ചേര്‍ത്ത് 'നാരായണ ഗുരുകുലം' എന്ന് പേരിട്ട് അദ്ദേഹം തന്റെ സങ്കല്പത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗുരുകുലം സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയപ്പോള്‍ ഗുരു മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു :

1. വിവാഹം തടയരുത്.

2. ഗുരുവും ശിഷ്യന്മാരും അന്യോന്യം സഹകരിച്ച് ഒരു കുടുംബംപോലെ പാരസ്പര്യപ്പെട്ടു ജീവിക്കുന്ന ഇടമായിരിക്കണം ഗുരുകുലം.

3. ലോകം മുഴുവന്‍ ഗുരുകുലമാകണം.

വലിയ ഉദ്ദേശ്യങ്ങളോടെ ഇങ്ങനെ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം അവയൊന്നും വിജയിപ്പിക്കാനായില്ല. അവിടെ വിദ്യാര്‍ത്ഥികളായി വന്നു ചേര്‍ന്ന 20ലധികം കുട്ടികളോടൊപ്പം നിലനില്‍പ്പിനായി ഭിക്ഷാടനം മുതല്‍ നാടകാഭിനയം വരെ നടത്തിയതിന്റെ കഥ അദ്ദേഹം ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ സ്ഥാപനത്തിന്റെ നിലനില്‍പ്പിനായി അദ്ദേഹം അന്ന് സമൂഹത്തില്‍ ഉന്നതനിലയില്‍ കഴിഞ്ഞിരുന്ന പലരേയും സമീപിക്കുന്നുമുണ്ട്. 1924 ജൂണ്‍ 8ന് ഗുരുകുല വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളോടെ നടത്തിയ ഗുരുകുലത്തിന്റെ ഒന്നാം വാര്‍ഷികത്തിന് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സര്‍ എ.പി. പത്രോ ആയിരുന്നു അദ്ധ്യക്ഷന്‍. സര്‍ ടി. സദാശിവ അയ്യര്‍, ഡോ. ജയിംസ് എച്ച്. കസിന്‍, ദിവാന്‍ ബഹദൂര്‍ കെ.എസ്. രാമസ്വാമി ശാസ്ത്രി തുടങ്ങിയവരും ചടങ്ങില്‍ പ്രസംഗിച്ചു. പത്രങ്ങളില്‍ വാര്‍ത്തകളും വന്നു. എങ്കിലും ഗുരുകുലത്തിലെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനു കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അതുകൊണ്ട് പലയിടങ്ങളിലായി മാറിമാറി താമസിച്ചുകൊണ്ട് ഗുരുകുലത്തിനു സ്വന്തമായൊരു സ്ഥലം തേടിക്കൊണ്ടിരുന്നു. ആ അന്വേഷണമാണ് ഇപ്പോള്‍ ഫേണ്‍ഹില്‍ ഗുരുകുലം സ്ഥിതിചെയ്യുന്ന, ഊട്ടിപ്പട്ടണത്തില്‍നിന്ന് അധികം അകലെയല്ലാത്ത സ്ഥലത്ത് എത്തിച്ചത്. നാലേക്കറോളം വരുന്ന പാഴ്ഭൂമി ഗുരുകുലത്തിനുവേണ്ടി ഗവണ്‍മെന്റില്‍നിന്ന് അനുവദിച്ചു കിട്ടി. നാമമാത്രമായ വിലയെന്നു പറഞ്ഞ് ഒരു തുക മൂന്‍കൂറായി അടച്ചും ബാക്കി തുക വാടകയെന്നതുപോലെ അനിശ്ചിത കാലത്തേക്ക് അടയ്ക്കുക എന്ന വ്യവസ്ഥയിലാണ് ഇതനുവദിച്ചു കിട്ടിയത്. 1926 ജൂണ്‍ 13ന് ഗുരുകുലത്തിന് തറക്കല്ലിട്ടു.

ഗുരുകുലത്തിന്റെ നടത്തിപ്പ് ശോഭനമായിരുന്നില്ല. സാമ്പത്തിക ഞെരുക്കത്തിനു പുറമെ അന്തേവാസികള്‍ക്കിടയില്‍ ഭിന്നത, വസൂരിബാധ തുടങ്ങിയവയുടെയെല്ലാം ഫലമായി കഠിനമായ മാനസികാസ്വസ്ഥതയ്ക്ക് നടരാജന്‍ വിധേയനാകുകയും ആദ്യഘട്ട പരീക്ഷണം അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിതനായിത്തീരുകയും ചെയ്തു. തുടര്‍ന്ന് ഗുരു വര്‍ക്കലയില്‍ സ്ഥാപിച്ച ശിവഗിരി ഇംഗ്ലീഷ് മിഡില്‍ സ്‌കൂളിന്റെ താല്‍ക്കാലിക ഹെഡ്മാസ്റ്ററായി അദ്ദേഹം സ്ഥാനമേറ്റു.  1927ല്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍, നാരായണഗുരു ഊട്ടി സന്ദര്‍ശിക്കുകയും ഗുരുകുലത്തിനു ശിലാസ്ഥാപനം നടത്തിയ സ്ഥലം ഏതെന്ന് അന്വേഷിച്ചറിഞ്ഞ് ആ സ്ഥാനത്തിനടുത്തുവരെ ചെന്ന ഗുരു, ഇവിടെ സ്വര്‍ഗ്ഗം പോലെയിരിക്കുന്നല്ലോ എന്ന് അഭിപ്രായപ്പെട്ടു. 'ആ ഭൂമിയില്‍ ഗുരുവിന്റെ പാദങ്ങള്‍ പതിഞ്ഞില്ലെങ്കിലും അവിടുത്തെ ആ നോട്ടം ഇന്നും ഈ എളിയ ശിഷ്യന്‍ അനര്‍ഘമായി കരുതുന്നുണ്ട്. എന്നില്‍ പതിഞ്ഞ കാരുണ്യത്തിന്റേയും അനുഗ്രഹത്തിന്റേയും ബാഹ്യപ്രകടമായിരുന്നു ആ നോട്ടം' എന്നാണ് നടരാജഗുരു ഈ സംഭവത്തെ ആത്മകഥയില്‍ വിശേഷിപ്പിക്കുന്നത്. 

നടരാജഗുരുവിന്റെ ഗുരുപദവി

1926ല്‍ സിലോണില്‍വെച്ചാണ് ഒരു മഞ്ഞ ഷാള്‍ നല്‍കിക്കൊണ്ട് ഗുരു നടരാജനു പ്രതീകാത്മകമായി ബ്രഹ്മചര്യദീക്ഷ നല്‍കിയത്. 1928 മെയ് മാസത്തില്‍ ഗുരുവിന്റെ അനുഗ്രാശിസ്സുകളോടും സാമ്പത്തിക സഹായത്തോടും കൂടി ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോയ നടരാജന്‍ പാരീസിലെ സോര്‍ബോണില്‍ ഗവേഷണം നടത്തി 'വിദ്യാഭ്യാസഗതിയില്‍ വ്യക്തിനിഷ്ഠമായ അംശം' (Personal factor in the educative process) എന്ന വിഷയത്തില്‍ ട്രിപ്പിള്‍ ഓണേഴ്‌സോടെ ഡി. ലിറ്റ്  ബിരുദവും ലണ്ടനില്‍നിന്ന് എം.ആര്‍.എസ്.ടി. ബിരുദവും നേടിയശേഷം 1933 മെയ് മാസം നാട്ടില്‍ തിരിച്ചെത്തി. ഗുരു സ്ഥാപിച്ച ശിഷ്യപരമ്പരയിലും സന്ന്യാസാശ്രമത്തിലും ഉചിതമായ സ്ഥാനം കിട്ടാതെ വന്ന ഡോ. പി. നടരാജന്‍ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ താന്‍ സ്ഥാപിച്ച നാരായണ ഗുരുകുലം വഴി തന്റെ ജ്ഞാനസപര്യ തുടരുകയാണ് ചെയ്തത്. 

1951 ഏപ്രില്‍ 16ന് വര്‍ക്കല ശശി തീയേറ്ററില്‍ അന്നത്തെ എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ. പി.എന്‍. നാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടേയും ശിവഗിരി സന്ന്യാസിമാരുടേയും വിവിധ ശ്രീനാരായണ സംഘടനകളുടേയും പൊതുയോഗം ഡോ. പി. നടരാജനെ ശ്രീനാരായണഗുരുവിന്റെ പരമ്പരയിലെ അടുത്ത ഗുരുവായി ഗണിക്കുന്നതിനും നടരാജഗുരു എന്ന പേരില്‍ ആദരിക്കുന്നതിനുമുള്ള പ്രമേയം അംഗീകരിച്ചതോടെ അദ്ദേഹത്തിന്റെ ഗുരുസ്ഥാനത്തിനു സാമൂഹ്യാംഗീകാരം ലഭിച്ചു. 1956 ജനുവരി ഒന്നിന് 60ാം വയസ്സില്‍ ആചാരവിധി പ്രകാരം സന്ന്യാസം സ്വയം സ്വീകരിച്ച് കാവിവസ്ത്രം ധരിക്കാന്‍ തുടങ്ങിയ നടരാജഗുരു വര്‍ക്കല ആസ്ഥാനമാക്കി നാരായണ ഗുരുകുല ഫൗണ്ടേഷന്‍ സംസ്ഥാപനം ചെയ്യുകയും സ്വാമി ജോണ്‍ സ്‌പേയേഴ്‌സ്, മംഗലാനന്ദസ്വാമി, നിത്യചൈതന്യയതി എന്നിവരെ ഗുരുപരമ്പരയിലെ തന്റെ അനന്തരഗാമികളായി നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വില്‍ ആന്റ് ടെസ്റ്റ്‌മെന്റ് 1959 ഫെബ്രുവരി 24ന് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ മംഗലാനന്ദസ്വാമി ഗുരുവിന്റെ ജീവിതകാലത്തുതന്നെ സമാധിയായി. സ്വാമി ജോണ്‍ സ്പിയേഴ്‌സ് ഗുരുപരമ്പര ഉപേക്ഷിച്ചു പോകുകയും ചെയ്തു. നടരാജഗുരുവിനെത്തുടര്‍ന്ന് ഗുരുപരമ്പര നിത്യചൈതന്യയതിയിലൂടെ മുനി നാരായണപ്രസാദിലെത്തി നില്‍ക്കുന്നു. ഗുരു മുനിനാരായണപ്രസാദിന്റെ വില്‍പത്രപ്രകാരം സ്വാമി ത്യാഗീശ്വരന്‍, സ്വാമി തന്മയ, സ്വാമി മന്ത്രചൈതന്യ എന്നിവരാണ് പരമ്പരയില്‍ വരുന്നത്.

വര്‍ക്കലയ്ക്കു പുറമെ ഫേണ്‍ഹില്‍, ബാംഗ്ലൂര്‍, ചെന്നൈ, തോല്‍പ്പെട്ടി, വൈത്തിരി, പേരിയ, കനകമല, കുയ്യാലി, ചെറുവത്തൂര്‍, ഇടപ്പള്ളി, മലയാറ്റൂര്‍, തോട്ടുവ, തൃപ്പൂണിത്തുറ, എങ്ങണ്ടിയൂര്‍, പാലക്കാഴി, വീഴുമല, വകയാര്‍, ഓച്ചിറ അമേരിക്കയിലെ ബെയ്ന്‍ബ്രിഡ്ജ്, പോര്‍ട്ട്‌ലന്റ് എന്നിവിടങ്ങളിലും ഗുരുകുലത്തിനു ശാഖകളുണ്ട്. 

ഗുരുകുലം എന്തിനെയൊക്കെയാണ് പ്രതിനിധീകരിക്കുന്നത്, എന്തൊക്കെയാണ് മൂല്യവത്തായി കാണുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഗുരുപരമ്പരയിലെ ഗുരുക്കന്മാര്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി കണിശമായി രേഖപ്പെടുത്തിവച്ചിട്ടുണ്ട്. കാര്യമായ സാമ്പത്തിക സ്രോതസ്സുകളൊന്നുമില്ലെങ്കിലും അവയെല്ലാം കമനീയമായ ഗ്രന്ഥരൂപത്തില്‍ അച്ചടിച്ചു പരിരക്ഷിക്കുന്നതിന് ഗുരുകുലത്തിനു സാധ്യമായി. ഈ ഗ്രന്ഥങ്ങളിലൂടെ ഇത്തരം വിഷയങ്ങള്‍ പ്രതിപാദിക്കുന്നതിന് മലയാളത്തില്‍ സ്വന്തമായൊരു പദസഞ്ചയവും പ്രതിപാദനശൈലിയും ആവിഷ്‌കരിക്കുന്നതിന് ഗുരുകുലത്തിനു കഴിഞ്ഞിട്ടുണ്ട്. 

ഫേൺ ഹിൽ
ഫേൺ ഹിൽ

നാരായണ ഗുരുകുലത്തിന്റെ പുസ്തകപ്രസാധന ചരിത്രം
 
നടരാജഗുരുവും ഗുരു നിത്യചൈതന്യയതിയും, ഗുരു മുനി നാരായണപ്രസാദും പുസ്തകങ്ങള്‍ സ്വയം എഴുതുന്നതിനു പകരം നിശ്ചിത വിഷയങ്ങളെക്കുറിച്ച് സുഘടിതമായ ക്ലാസ്സുകള്‍ ഗുരുകുല വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുകയാണ് പതിവ്. വിദ്യാര്‍ത്ഥികള്‍ ഇത് കേട്ടെഴുതിയെടുത്ത് ആദ്യത്തെ നക്കല്‍ തയ്യാറാക്കി ഗുരുവിനു സമര്‍പ്പിക്കും. ഗുരു ഇത് ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് തെറ്റുകള്‍ തിരുത്തുകയും ആവശ്യമായ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചതിനു ശേഷം പ്രസ്സ് കോപ്പി തയ്യാറാക്കുകയാണ് ചെയ്തുവരുന്നത്. നടരാജഗുരുവിന്റെ ഈ രചനാസമ്പ്രദായം പിന്‍തുടരുന്നതിനു തങ്ങള്‍ അനുഭവിച്ച കഠിനപരിശ്രമങ്ങളെക്കുറിച്ച് ഗുരു നിത്യയും ജോണ്‍ സ്പിയേഴ്‌സും ഗുരു മുനി നാരായണപ്രസാദും പില്‍ക്കാലത്ത് അനുസ്മരിക്കുന്നുണ്ട്. 

1952ല്‍ The Word of the Guru-ന്റെ പ്രസാധനത്തോടെയാണ് നാരായണ ഗുരുകുലത്തിന്റെ പുസ്തകപ്രസാധന ചരിത്രം ആരംഭിക്കുന്നത്. 1928ല്‍ താന്‍ യൂറോപ്പില്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ ജനീവയില്‍നിന്നു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സൂഫി ക്വാര്‍ട്ടര്‍ലിയില്‍ ഇതിന്റെ ആദ്യത്തെ ഒമ്പത് അദ്ധ്യായങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. 1931ല്‍ ആദ്യമായി പുസ്തകരൂപത്തില്‍ ജനീവയില്‍നിന്നും പിന്നീട് 1942ല്‍ ഇന്ത്യയിലും പുന:പ്രസിദ്ധീകരിച്ചുവെന്നും അദ്ദേഹം പുസ്തകത്തിന്റെ മുഖവുരയില്‍ പറയുന്നുണ്ട്. 20 വര്‍ഷത്തെ തുടര്‍ച്ചയായ പഠനമനനങ്ങള്‍ക്കുശേഷം അദ്ദേഹം ഇതിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ എഴുതി പൂര്‍ത്തിയാക്കുകയും അന്നേക്ക് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്ന ജോണ്‍ സ്പിയേഴ്‌സ് കയ്യെഴുത്ത്പ്രതി ശ്രദ്ധാപൂര്‍വ്വം എഡിറ്റു ചെയ്ത് ഇന്നത്തെ രൂപത്തിലാക്കുകയും ചെയ്തു. നിഗൂഢമായ എഴുത്തുരീതിക്ക് നേര്‍വിപരീതമാണ്  ഈ ഗ്രന്ഥം എന്നു പറയാമെന്നും  അത്തരം മാനദണ്ഡങ്ങള്‍വച്ചു നോക്കിയതിനാല്‍ വേണ്ടത്ര സ്‌തോഭജനകമല്ല ഈ ഗ്രന്ഥം എന്ന കാരണം പറഞ്ഞ് ലണ്ടനിലെ പ്രശസ്തമായൊരു പ്രസാധന സ്ഥാപനം ഇത് നിശ്ശേഷം നിരസിച്ചുവെന്നും ഗ്രന്ഥകര്‍ത്താവിനു വാണിജ്യതാല്പര്യങ്ങളൊന്നുമില്ലെന്നും ഈ ഗ്രന്ഥത്തിനെഴുതിയ മുഖവുരയില്‍ ജോണ്‍ സ്പിയേഴ്‌സ് പ്രസ്താവിക്കുന്നതില്‍നിന്ന് ഈ ഗ്രന്ഥത്തിന്റെ സ്വരൂപം വ്യക്തമാകും. പ്രസ്സുകാരന്റെ കടം വീട്ടുന്നതിനും ഗുരുകുലത്തിലെ അടുപ്പ് പുകയുന്നതിനുംവേണ്ടി പുസ്തകങ്ങള്‍ കുത്തിനിറച്ച ബാഗും തൂക്കി താന്‍ കേരളം മുഴുവന്‍ നടന്നുവെന്നും ഒരിക്കലും അത് വായിക്കുകയില്ല എന്നറിയാവുന്ന നിരവധി പേര്‍ക്ക് ഈ പുസ്തകം വിറ്റതിനെക്കുറിച്ചും ഗുരു നിത്യ ആത്മകഥയില്‍ പറയുന്നതില്‍നിന്ന് ഗുരുകുലത്തിന്റെ ഈ ആദ്യ പ്രസാധന സംരംഭത്തിന് അനുഭവിച്ച പ്രയാസവും വ്യക്തമാകുന്നുണ്ട്.

നടരാജഗുരുവിന്റെ ഭഗവദ്ഗീതാവ്യാഖ്യാനം The Bhagavad Gita, 1960ല്‍ ഏഷ്യാ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചു. 1968ല്‍ The Word of the Guruന്റെ രണ്ടാം പതിപ്പ് എറണാകുളത്തെ പൈക്കോ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചു. തന്റെ 73ാം പിറന്നാള്‍ ആഘോഷം ബാംഗ്ലൂരില്‍ നടന്ന അവസരത്തില്‍ ഈ പതിപ്പിന്റെ ആദ്യകോപ്പി പ്രസാധകന്‍ തന്നെ നേരിട്ട് വിമാനത്തില്‍ ബാംഗ്ലൂരില്‍ എത്തിച്ച കാര്യം നടരാജഗുരു ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്. നടരാജഗുരുവിന്റെ ആത്മോപദേശ ശതക വ്യാഖ്യാനം One Hundred Verses of Self Instruction 1969ല്‍ നാരായണ ഗുരുകുലം പ്രസിദ്ധീകരിച്ചു. 

നാരായണ ഗുരുകുല പ്രസിദ്ധീകരണശാല

1955 സെപ്തംബര്‍ 11ന് ചതയദിനത്തില്‍ ഗുരുകുലത്തിന്റെ മുഖപത്രം എന്ന നിലയ്ക്ക് ജോണ്‍ സ്പിയേഴ്‌സിന്റെ പത്രാധിപത്യത്തില്‍ Values മാസിക ബാംഗ്ലൂരില്‍ പ്രസിദ്ധീകരണം ആരംഭിച്ചു. ഈ മാസികയില്‍ അദ്ദേഹവും നടരാജഗുരുവും മറ്റും എഴുതിയ ലേഖനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തരായ അനേകം പേര്‍ക്കിടയില്‍ നാരായണഗുരുവിനെ പരിചയപ്പെടുത്തുന്നതിന് ഇടനല്‍കി.  ഇപ്പോള്‍ പുസ്തകരൂപത്തില്‍ ലഭിക്കുന്ന നടരാജഗുരുവിന്റെ മിക്ക കൃതികളും (Word of the Guru, An Integrated Science of the Absolute എന്നിവയൊഴിച്ച്) ഈ മാസികയിലാണ് ആദ്യമായി ഖണ്ഡശ: പ്രസിദ്ധീകരിക്കുന്നത്. ഗുരുകുലവിദ്യാര്‍ത്ഥികളെ മനസ്സില്‍ കണ്ടുകൊണ്ട് ഭാരതീയവും പാശ്ചാത്യവുമായ തത്ത്വചിന്ത, സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം, കല, സാഹിത്യം, ലോകസര്‍ക്കാര്‍, നിയമം തുടങ്ങിയ വിഷയങ്ങളടങ്ങുന്ന വ്യക്തമായൊരു പാഠ്യപദ്ധതി തയ്യാറാക്കി നടരാജഗുരു ഈ മാസികയില്‍ തുടര്‍ച്ചയായി ലേഖനപരമ്പരകള്‍ എഴുതുമായിരുന്നു. പില്‍ക്കാലത്ത് വിഷയക്രമമനുസരിച്ച് ഇവ സമാഹരിച്ച് തയ്യാറാക്കിയവയാണ് Vedanta Revalued and Restated, The Philosophy of a Guru, The Search for a Norm in Western Thought, Towards a One World Economics, World Education Manisfesto തുടങ്ങിയ കൃതികള്‍.  നടരാജഗുരുവിനെക്കൊണ്ട് മുടങ്ങാതെ മാസംതോറും ഓരോന്നും എഴുതിക്കുന്നതിന് ജോണിന് ഈ മാസികകൊണ്ട് സാധിച്ചു. ജോണ്‍ തന്റെ ജീവചരിത്രം എഴുതുമെന്നു ഭീഷണിപ്പെടുത്തിയതുകൊണ്ട്, സ്വന്തം വ്യക്തിജീവിതം മറ്റൊരാള്‍ ഊഹിച്ചെഴുതേണ്ടെന്നു  കരുതി മാത്രമാണ് താന്‍ ആത്മകഥ എഴുതുന്നതെന്ന് നടരാജഗുരു ആത്മകഥയുടെ മുഖവുരയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ അര്‍ത്ഥത്തില്‍ നടരാജഗുരുവില്‍നിന്ന് ഇത്രയും ജ്ഞാനസമ്പത്ത് കറന്നെടുക്കാന്‍ കഴിഞ്ഞത് ചില്ലറ കാര്യമല്ല.

ഗുരുദര്‍ശനം കൂടാതെ മൂല്യവത്തായ ഏതു വിഷയങ്ങളെക്കുറിച്ചും ഈ മാസികയില്‍ വേണ്ടത്ര പ്രാധാന്യത്തോടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.  ഇതില്‍ സാഹിത്യവും കലയും കവിതയും പാശ്ചാത്യവും പൗരസ്ത്യവുമായ തത്വചിന്തയും ചരിത്രവും എന്നുവേണ്ട  അന്ന് ആനുകാലികങ്ങളിലൊന്നും ചര്‍ച്ചചെയ്തു തുടങ്ങിയിട്ടില്ലാത്ത മനഃശാസ്ത്രവും നരവംശ ശാസ്ത്രവുംവരെ ഉള്‍പ്പെട്ടിരുന്നു.  പ്രതിപാദനവിഷയം എന്തായിരുന്നാലും അതിനോടുള്ള സമീപനത്താലും ഉപയോഗിക്കുന്ന ഭാഷയാലും അവതരണരീതിയാലും അവയ്‌ക്കെല്ലാം തന്റേതായ വ്യക്തിത്വവും അനന്യതയും നല്‍കാന്‍ ജോണിലെ പത്രാധിപര്‍ക്കു കഴിയുമായിരുന്നു.  ഓരോ ലക്കവും ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കുക, ഇക്കാര്യം മുന്‍കൂട്ടി പ്രസിദ്ധീകരിക്കുക, ബൗണ്ട്‌വോള്യം ഭാവിയില്‍ റഫര്‍ ചെയ്യുന്നതിനു സഹായകമാകുന്നതരത്തില്‍ മാസികയുടെ ഒരു വാല്യത്തിന് അനുക്രമമായി പേജ് നമ്പര്‍ കൊടുക്കുക തുടങ്ങിയവ ഈ മാസികയുടെ സവിശേഷതയായിരുന്നു. ഡിമൈ എട്ടിലൊന്നു സൈസില്‍ അച്ചടിച്ച് സെന്റര്‍ സ്റ്റാപ്പിളിങ്ങ് നടത്തിയാണ് 32 പേജുള്ള മാസിക പ്രസിദ്ധീകരിച്ചിരുന്നത്.  സമാന്തര പ്രസിദ്ധീകരണങ്ങളുടെ അണിയറ പ്രവര്‍ത്തകരെല്ലാം ഒരുപോലെ നേരിട്ടിരുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികളും സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തതയും വിപണനത്തിനുണ്ടായിരുന്ന പ്രയാസങ്ങളും  ഈ മാസികയും നല്ലപോലെ അനുഭവിച്ചിരുന്നു.  ജോണ്‍ വിദേശപര്യടനത്തിനുപോയ ഒരവസരത്തില്‍ വാല്യൂസിന്റെ പത്രാധിപത്യം താല്‍ക്കാലികമായി വഹിക്കേണ്ടിവന്ന കാലത്തെ അനുഭവങ്ങള്‍ നിത്യചൈതന്യയതി തന്റെ ആത്മകഥയില്‍ വിവരിക്കുന്നതില്‍നിന്ന് ഇത് മനസ്സിലാക്കാനാകും. 1974 ജൂണ്‍ മാസം വരെ ഈ മാസിക തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു.

1952ല്‍ നാരായണ ഗുരുകുലത്തിന്റെ മുഖപത്രമായി മംഗലാനന്ദസ്വാമിയുടെ പത്രാധിപത്യത്തില്‍ 'ഗുരുകുലം' ദാര്‍ശനിക മാസിക പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. ഇടയ്ക്കു കുറച്ചുകാലം പ്രസിദ്ധീകരണം മുടങ്ങിപ്പോയെങ്കിലും യാതൊരു അലങ്കാരങ്ങളുമില്ലാതെ ദാര്‍ശനിക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന മാസികയായി അത് ഇന്നും തുടരുന്നു. വിവിധ കാലയളവില്‍ ഗുരു നിത്യചൈതന്യയതി, ഗുരു മുനി നാരായണപ്രസാദ്, സ്വാമി മന്ത്രചൈതന്യ. കെ.പി. രാമകൃഷ്ണന്‍ എന്നിവര്‍ പത്രാധിപന്മാരായിരുന്നിട്ടുള്ള ഈ മാസികയുടെ ഇപ്പോഴത്തെ പത്രാധിപര്‍ സ്വാമി ത്യാഗീശ്വരനാണ്. ഇതുകൂടാതെ അമേരിക്കയിലെ പോര്‍ട്ട്‌ലെന്റ്, ബെയിന്‍ബ്രിഡ്ജ് ഗുരുകുലങ്ങളില്‍നിന്ന് നാന്‍സി യീല്‍ഡിങ്ങ്, ഡെബോറാ ബുക്കാനന്‍ എന്നിവരുടെ പത്രാധിപത്യത്തില്‍ 1985 മുതല്‍ 2013 വരെ Gurukulam എന്ന പേരില്‍ ഒരു ഇംഗ്ലീഷ് ത്രൈമാസിക പ്രസിദ്ധീകരിച്ചിരുന്നു. 

ആരംഭകാലം മുതല്‍ സ്വകാര്യ പ്രസ്സുകളിലാണ് വാല്യൂസ്, ഗുരുകുലം മാസികകളുടെ അച്ചടി നടത്തിയിരുന്നത്. 1974ല്‍ മാത്രമാണ് വര്‍ക്കല ഗുരുകുലത്തില്‍ ഒരു അച്ചടിശാല സ്ഥാപിക്കാന്‍ കഴിഞ്ഞത്. മംഗലാനന്ദസ്വാമിയുടെ സ്മരണയ്ക്കായി അതിന് 'മംഗല പ്രസ്സ്' എന്നാണ് നാമകരണം ചെയ്തത്. ഗുരുകുലം മാസികയുടെ അച്ചടിക്കു പുറമെ നടരാജഗുരു, ഗുരു നിത്യ, ഗുരു മുനി നാരായണപ്രസാദ് എന്നിവരുടെ ഏതാനും കൃതികളുടെ അച്ചടിയാണ് ഇവിടെ നിര്‍വ്വഹിക്കുന്നത്. ഗുരു മുനിയുടെ 'ന്യായദര്‍ശന'മാണ് ഇവിടെനിന്ന് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം.
 
ഗുരുകുലം മാസികയുടെ പ്രാരംഭകാലം മുതല്‍ തന്നെ നടരാജഗുരുവിന്റെ The Word of the Guru, One Hundred Verses of Self Instruction, Autobiography of an Absolutist എന്നിവ മംഗലാന്ദസ്വാമി, ഗുരു നിത്യ, ഗുരു മുനി നാരായണപ്രസാദ് എന്നിവര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്നു. ഇവ പൂര്‍ത്തിയായി കഴിയുമ്പോള്‍ അവ സമാഹരിച്ച് ചെറു വാല്യങ്ങളായി യഥാക്രമം ഗുരുവരുള്‍, ആത്മോപദേശ ശതകം വ്യാഖ്യാനം, നടരാജഗുരുവിന്റെ ആത്മകഥ (നാലു വാല്യങ്ങള്‍) എന്നീ പേരുകളില്‍ നാരായണ ഗുരുകുലം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. ഗുരു നിത്യയുടെ ഗീതാവ്യാഖ്യാനമായ ഭഗവദ്ഗീതാസ്വാധ്യായം ഇത്തരത്തില്‍ ആദ്യം ഖണ്ഡശ: പ്രസിദ്ധീകരിക്കുകയും പിന്നീട് മൂന്ന് അദ്ധ്യായങ്ങള്‍ വീതം ആകെ ആറു വാല്യങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ദര്‍ശനമാലയെ അടിസ്ഥാനമാക്കി നടരാജഗുരു ബ്രഹ്മവിദ്യയെ സര്‍വ്വവിദ്യാപ്രതിഷ്ഠയായി അവതരിപ്പിക്കുന്ന പഠനഗ്രന്ഥം An Integrated Science of the Absolute  1979ല്‍ നാരായണ ഗുരുകുലം പ്രസിദ്ധീകരിച്ചു.   1970, '71 വര്‍ഷങ്ങളില്‍ ഏഴിമല നാരായണ ഗുരുകുലത്തില്‍വെച്ച് നടരാജഗുരു World Conference for Peace Through Unitive Understanding (ലോകസമാധാനം ഏകാത്മകതാബോധം വഴി) എന്ന പേരില്‍ പതിനൊന്നു ദിവസം നീണ്ടുനിന്ന സമ്മേളന പരമ്പര സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനങ്ങളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ശിഷ്യനായിരുന്ന കരണ്‍ എ.ഡി. ബ്രൂളര്‍ സമാഹരിച്ച് Unitive Understanding Vol I & II എന്ന പേരില്‍ നടരാജഗുരുവിന്റെ അവതാരികയോടെ പുസ്തകരൂപത്തില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ആദ്യവാല്യം ഗുരുകുല ഐലന്റ് ഹോം, രാമന്‍തളി, കണ്ണൂര്‍ എന്ന മേല്‍വിലാസത്തില്‍ 1970ലും രണ്ടാം വാല്യം ഗുരുകുല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏസ്‌തെറ്റിക്ക് വാല്യൂസ്, നാരായണ ഗുരുകുലം, സോമനഹള്ളി, ബാംഗ്ലൂര്‍ എന്ന മേല്‍വിലാസത്തില്‍ 1973ലുമാണ് പ്രസിദ്ധീകരിച്ചത്. ഇതുകൂടാതെ, നാരായണ ഗുരുവിന്റെ 19 കൃതികള്‍ക്ക് നടരാജഗുരു നിര്‍വ്വഹിച്ച ഇംഗ്ലീഷ് പരിഭാഷ An Anthology of the Poems of Narayana Guru എന്ന പേരില്‍ ഇതേ മേല്‍വിലാസത്തില്‍ 1977ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവയുടെയെല്ലാം തുടര്‍ന്നുള്ള പതിപ്പുകള്‍ നാരായണ ഗുരുകുല പ്രസിദ്ധീകരണശാല മുഖേനയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇങ്ങനെ സാവകാശം നാരായണ ഗുരുകുല പ്രസിദ്ധീകരണശാലയില്‍ നിന്നുള്ള പുസ്തകങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും അവ സ്വന്തം പുസ്തകവില്‍പ്പനശാല വഴിയും സ്വന്തമായ വിതരണസംവിധാനങ്ങള്‍ വഴിയും വിതരണം ചെയ്യുകയുമായിരുന്നു പതിവ്.

1987ല്‍ ഗംഗാധരന്‍ എന്നൊരാള്‍ അദ്ദേഹത്തിന്റെ കുടുംബസ്വത്തിന്റെ വിഹിതം വിറ്റ വകയില്‍ കിട്ടിയ വലിയൊരു തുക ഗുരുകുലത്തിനു സംഭാവന ചെയ്തു. പണത്തിന്റെ അപര്യാപ്തത മൂലം അതുവരെ അച്ചടിക്കാനാകാതെ വെച്ചിരുന്ന നടരാജഗുരുവിന്റെ കൃതികള്‍ അച്ചടിപ്പിക്കുന്നതിനും ലഭ്യമല്ലാതിരുന്ന കൃതികളുടെ പുതിയ പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിനുമാണ് ഈ തുക വിനിയോഗിച്ചത്. ദക്ഷിണേന്ത്യയിലെ അന്നത്തെ മികച്ച അച്ചടിശാലയായ പോണ്ടിച്ചേരിയിലെ ഓള്‍ ഇന്ത്യ പ്രസ്സില്‍ ഫേണ്‍ഹില്‍ ഗുരുകുലത്തിലെ സ്വാമി വ്യാസപ്രസാദിന്റെ മേല്‍നോട്ടത്തിലാണ് ഇവയുടെ അച്ചടി നിര്‍വ്വഹിച്ചത്. അങ്ങനെ പ്രസിദ്ധീകരിച്ചവയാണ് The Life and Teachings of Narayana Guru, Autobiography of an Absolutist, Saundarya Lahari commentary, The Bhagavad Gita XpS§nbh. Love and Devotion, The sPychology of Darsanamala തുടങ്ങിയ ഗുരു നിത്യയുടെ ഏതാനും പുസ്തകങ്ങളും ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചു. ഇവയെല്ലാം Narayana Gurukula Publishing House, Varkala എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും സ്വന്തം വിതരണശൃംഖല വഴി വിതരണം നടത്തുകയുമാണ് ചെയ്തത്.

1990കളുടെ അവസാനം ന്യൂഡല്‍ഹിയിലെ ഡി.കെ. പ്രിന്റ് വേള്‍ഡിന്റെ ഉടമ റായ് മിത്തല്‍ ഗുരു മുനി നാരായണപ്രസാദിനെ സമീപിച്ച് താന്‍ ഭാരതീയ വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ പ്രസാധകനാണെന്നും ബിസിനസ്സ് വിപുലീകരിക്കുന്നതിനുവേണ്ടി പ്രസിദ്ധീകരണത്തിനായി ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പുതിയ ഗ്രന്ഥങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും സ്വയം പരിചയപ്പെടുത്തി. അപ്പോള്‍ പ്രസിദ്ധീകരണത്തിനു തയ്യാറായിരുന്ന രണ്ടു കയ്യെഴുത്തുപ്രതികള്‍  മുനി നാരായണപ്രസാദ് അദ്ദേഹത്തിനു കൊടുത്തു. മിത്തല്‍ ചുരുങ്ങിയ കാലംകൊണ്ട് അവ കമനീയമായി അച്ചടിച്ചു പ്രസിദ്ധീകരിക്കുകയും അവയ്ക്ക് വായനക്കാരില്‍നിന്നും പ്രസാധകലോകത്തുനിന്നും നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ ഗുരു നിത്യയുമായി ബന്ധപ്പെടുകയും അദ്ദേഹവും അവര്‍ക്ക് ഒന്നു രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനായി നല്‍കുകയും ചെയ്തു. ഈ ഗ്രന്ഥങ്ങള്‍ പുറത്തുവരുമ്പോഴേക്കും റായ് മിത്തലിന്റെ മകന്‍ സുശീല്‍കുമാര്‍ മിത്തല്‍ കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കുകയും ബിസിനസ്സ് കൂടുതല്‍ വിപുലമാക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന നടരാജഗുരുവിന്റേയും ഗുരു നിത്യചൈതന്യയതിയുടേയും ഗുരു മുനി നാരായണപ്രസാദിന്റേയും നാന്‍സി യീല്‍ഡിങ്ങിന്റേയും ഗ്രന്ഥങ്ങള്‍ ഓരോന്നായി അവര്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഇവയെല്ലാംതന്നെ കമനീയമായി അച്ചടിച്ചിറക്കുകയും നല്ല നിലയില്‍ വിറ്റുപോവുകയും അനുവാചകശ്രദ്ധയില്‍ വരികയും ചെയ്തതിന്റെ ഫലമായി ഡി.കെ. പ്രിന്റ് വേള്‍ഡ് നാരായണ ഗുരുകുലത്തിന്റെ ഒരു പുസ്തക പ്രസാധന പങ്കാളി എന്ന നിലയിലെത്തുകയും ചെയ്തു. ഇതിനകം ഇംഗ്ലീഷിലും ഹിന്ദിയിലുമായി നാല്‍പതിലധികം ഗുരുകുല ഗ്രന്ഥങ്ങള്‍ ഈ സ്ഥാപനംര്‍ മുഖേന പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഗുരു നിത്യചൈതന്യയതിയുടെ കൃതികള്‍ 

ഗുരുകുലം മാസികയുടെ ആരംഭകാലം മുതല്‍ അതില്‍ ഗുരു നിത്യ വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ എഴുതുമായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം The Word of the Guruന്റെ ആദ്യഭാഗം ഗുരുവരുള്‍ എന്ന പേരിലും നടരാജഗുരുവിന്റെ ആത്മോപദേശ ശതക വ്യാഖ്യാനത്തിന്റെ ആദ്യത്തെ 26 ശ്ലോകങ്ങളുടെ വ്യാഖ്യാനവും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് ഗുരുകുലം മാസികയില്‍ പ്രസിദ്ധീകരിച്ചു. 1968ല്‍ നാരായണ ഗുരുകുലം പ്രസിദ്ധീകരിച്ച ഗുരുവരുളായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മലയാള പുസ്തകം. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഏതാനും പുസ്തകങ്ങള്‍ കൂടി നാരായണ ഗുരുകുലവും  ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയും പ്രസിദ്ധീകരിച്ചു. ആത്മോപദേശ ശതകത്തിന്റെ വ്യാഖ്യാനമായ Neither This Nor That But Aum 1982ലും ഗീതാവ്യാഖ്യാനമായ The Bhagavad Gita 1983ലും വികാസ് പബ്ലിഷിംഗ് ഹൗസ്, ന്യൂഡല്‍ഹി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

 സ്വതന്ത്ര കൃതികളും നാരായണഗുരുവിന്റെ കൃതികള്‍, ഗീത, സൗന്ദര്യലഹരി, ഉപനിഷത്തുകള്‍, ഋഗ്വേദം, വിവേകചൂഡാമണി, ഗീതഗോവിന്ദം തുടങ്ങിയവയുടെ വ്യാഖ്യാനങ്ങളും ഏതാനും ദാര്‍ശനികകൃതികളുടെയും സാഹിത്യകൃതികളുടേയും പരിഭാഷകളും ഉള്‍പ്പെടെ ഇതുവരെ അദ്ദേഹത്തിന്റേതായി നൂറിലധികം മലയാള പുസ്തകങ്ങളും മുപ്പതിലധികം ഇംഗ്ലീഷ് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നാരായണ ​ഗുരുകുലം വർക്കല
നാരായണ ​ഗുരുകുലം വർക്കല

ഗുരു മുനി നാരായണപ്രസാദിന്റെ കൃതികള്‍

ഗുരുകുലം മാസികയുടെ പത്രാധിപത്യം തന്നില്‍ വന്നുചേര്‍ന്നപ്പോള്‍ ഓരോ മാസവും അതിന്റെ ഉള്ളടക്കം തികയ്ക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളുടെ ഫലമായാണ് താന്‍ ഒരു എഴുത്തുകാരനായതെന്ന് മുനി നാരായണപ്രസാദ് അദ്ദേഹത്തിന്റെ ആത്മകഥയായ ആത്മായനത്തില്‍ വിവരിക്കുന്നുണ്ട്. ഇതിനായി ആദ്യം നടരാജഗുരുവിന്റേയും പിന്നീട്   നിത്യചൈതന്യയതിയുടേയും കൃതികളും ലേഖനങ്ങളും പരിഭാഷപ്പെടുത്തി തുടങ്ങി. ഏതെങ്കിലും ഒരു കൃതി ആഴത്തില്‍ പഠിക്കണമെന്നാഗ്രഹിച്ചാല്‍ ഒന്നുകില്‍ ആ കൃതിക്ക് ഒരു വ്യാഖ്യാനം എഴുതുക അല്ലെങ്കില്‍ അത് പരിഭാഷപ്പെടുത്തുക എന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവ ആദ്യം ഗുരുകുലം മാസികയില്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കുകയും പൂര്‍ത്തിയായി കഴിയുമ്പോള്‍ അവ സമാഹരിച്ച് ഗുരുകുലത്തില്‍നിന്ന് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുകയുമായിരുന്നു പതിവ്. ന്യായദര്‍ശനമാണ് ഇത്തരത്തില്‍ പ്രസിദ്ധീകരിച്ച ആദ്യപുസ്തകം. തുടര്‍ന്ന് വ്യാഖ്യാനങ്ങളും പരിഭാഷകളും ഉള്‍പ്പെടെ നൂറോളം കൃതികള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം രചിച്ചിട്ടുണ്ട്. നാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ക്കു വ്യാഖ്യാനം രചിക്കാന്‍ കഴിഞ്ഞിട്ടുള്ള ഗുരുപരമ്പരയിലെ ഏക സന്ന്യാസിയാണ് അദ്ദേഹം.

നാരായണ ഗുരുകുല പ്രസിദ്ധീകരണശാലയുടെ സംഭാവനകള്‍

ശ്രീനാരായണ സാഹിത്യമേഖലയില്‍ ഏതാണ്ട് മുന്നൂറിലധികം പുസ്തകങ്ങള്‍ ഇതിനകം നാരായണ ഗുരുകുല പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ദശോപനിഷത്തുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമായി ഗുരുകുലത്തിന്റേതായ ഒരു വ്യാഖ്യാനം, ഗീതയ്ക്കും സൗന്ദര്യലഹരിക്കും ഗുരുപരമ്പരയിലെ മൂന്നു പേരും എഴുതിയ വ്യാഖ്യാനങ്ങള്‍ എന്നിവ കൂടാതെ അദ്ധ്യാത്മ ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ഏതാനും ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും നാരായണ ഗുരുകുല പ്രസിദ്ധീകരണശാലയ്ക്കു കഴിഞ്ഞിട്ടുണ്ട്. 

മംഗലാനന്ദസ്വാമിയുടെ സമ്പൂര്‍ണ്ണ കൃതികളുടെ സമാഹാരം മംഗളഭാരതി, ഗുരുകുല പ്രാര്‍ത്ഥനാഗ്രന്ഥമായ ഗുരുകുല ധ്യാനമഞ്ജുഷ, ധര്‍മ്മരാജ അധ്വരീന്ദ്രന്റെ വേദാന്തപരിഭാഷയ്ക്ക് മുനി നാരായണപ്രസാദ് രചിച്ച മലയാളവിവര്‍ത്തനം, സ്വാമി ചിദംബരതീര്‍ത്ഥയുടെ സ്മരണകളുടെ സമാഹാരം ഗുരുവും വചനവും ഡോ. എസ്. ഓമനയുടെ ഡോക്ടറേറ്റ് തീസിസ്സ് The Philosophy of Sree Narayana Guru, നാരായണഗുരുവിന്റെ സമഗ്ര ജീവചരിത്രമായ ഒരു മഹാഗുരു, സ്വാമി ത്യാഗീശ്വരന്റെ 15 കവിതാസമാഹാരങ്ങള്‍, കാവുങ്ങല്‍ നീലകണ്ഠപിള്ളയുടെ ജ്ഞാനവാസിഷ്ഠം, ജയദേവന്റെ ഗീതഗോവിന്ദത്തിന് കവികോകിലം സി. ചെല്ലപ്പന്‍ രചിച്ച മലയാള വിവര്‍ത്തനം ജയദേവഗീതം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചവയാണ്. പരിമിതമായ ഭൂസ്വത്തിനും കെട്ടിടങ്ങള്‍ക്കും പുറമേ ഈ ജ്ഞാനസമ്പത്തു മാത്രമാണ് നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ ആസ്തിയും നീക്കിയിരിപ്പും എന്നു പറയാം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com