മണിപ്പൂരില്‍ പടരുന്ന കുടിപ്പകയുടെ തീ

വംശീയ വൈരത്തിനു വര്‍ഗ്ഗീയ മാനം പലമടങ്ങ് കൈവന്നിരിക്കുന്നു എന്നതാണ് ഇപ്പോഴുണ്ടായ കലാപങ്ങളുടെ സവിശേഷത
മണിപ്പൂരില്‍ പടരുന്ന കുടിപ്പകയുടെ തീ

ഴിഞ്ഞ ഏതാനും ദിവസങ്ങളായി മണിപ്പൂരില്‍ വംശീയ കാലുഷ്യങ്ങള്‍ തീയായി പടരുകയാണ്. ഏറെക്കാലമായി വിവിധ ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള കുടിപ്പക പുകഞ്ഞുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. എന്നാല്‍, ഈ വംശീയ വൈരത്തിനു വര്‍ഗ്ഗീയ മാനം പലമടങ്ങ് കൈവന്നിരിക്കുന്നു എന്നതാണ് ഇപ്പോഴുണ്ടായ കലാപങ്ങളുടെ സവിശേഷത. 

ജനസംഖ്യയില്‍ 53 ശതമാനം വരുന്ന മെയ്തെയ് വിഭാഗക്കാരും കുക്കികളുള്‍പ്പെടെയുള്ള ഇതര ഗോത്രവര്‍ഗ്ഗങ്ങളും തമ്മിലാണ് വര്‍ഗ്ഗീയ സംഘര്‍ഷം രൂക്ഷമായത്. മെയ് ഏഴുവരെയുള്ള കണക്കുകളനുസരിച്ച് 56 പേര്‍ ഈ സംഘര്‍ഷങ്ങളില്‍ മരിച്ചു. 23,000 പേര്‍ക്ക് കിടപ്പാടം നഷ്ടമായി. ക്ഷേത്രങ്ങളും ചര്‍ച്ചുകളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തീവെച്ചു നശിപ്പിക്കപ്പെട്ടു. ക്രമസമാധാന പാലനത്തിന് സൈന്യവും മറ്റു സായുധ സൈന്യവിഭാഗങ്ങളും നിയോഗിക്കപ്പെട്ടു. ഇംഫാല്‍ താഴ്‌വരയിലുള്‍പ്പെടെ സംസ്ഥാനത്തു പലയിടങ്ങളിലും കര്‍ഫ്യൂവും കണ്ടാലുടന്‍ വെടിവെയ്ക്കാനുള്ള ഉത്തരവും പ്രഖ്യാപിക്കപ്പെട്ടു. പ്രദേശത്ത് പ്രഖ്യാപിക്കപ്പെട്ട ഇന്റര്‍നെറ്റ് വിലക്ക് മെയ് 13 വരെ നീട്ടിയതായും അറിയിപ്പു വന്നിട്ടുണ്ട്. ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥിസംഘടന നടത്തിയ മാര്‍ച്ചിനിടെ ഗോത്രവര്‍ഗ്ഗക്കാര്‍ മെയ്തെയ് വിഭാഗക്കാരെ ആക്രമിച്ചുവെന്നും അതിനു തിരിച്ചടിയുണ്ടായെന്നും ആ സംഭവങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പടര്‍ന്ന അക്രമങ്ങള്‍ക്കു തിരികൊളുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ ഭരണഘടനയുടെ 355-ാം വകുപ്പ് അനുസരിച്ച് ക്രമസമാധാന പാലനം യൂണിയന്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ക്രമസമാധാന വിഷയങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റിനെ ഉപദേശിക്കുന്നതിന് മുന്‍ ഡി.ഐ.ജിയായ കുല്‍ദീപ് സിംഗിനെ ആഭ്യന്തരമന്ത്രാലയം നിയോഗിക്കുകയും ചെയ്തു.

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ സ്ഥിതിചെയ്യുന്ന മണിപ്പൂര്‍, വടക്ക് നാഗാലാന്‍ഡ്, തെക്ക് മിസോറാം, പടിഞ്ഞാറ് അസം എന്നീ സംസ്ഥാനങ്ങളുമായും കിഴക്ക് മ്യാന്‍മാറുമായും അതിര്‍ത്തി പങ്കിടുന്നു. കുന്നുകളാല്‍ ചുറ്റപ്പെട്ട താഴ്വരയിലാണ് സംസ്ഥാനം സ്ഥിതിചെയ്യുന്നത്, കൂടാതെ നിരവധി തടാകങ്ങളും നദികളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള പ്രകൃതിഭംഗിയാര്‍ന്ന ഈ സംസ്ഥാനത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രവും സ്ഥാനവും അതിന്റെ വ്യതിരിക്തമായ സംസ്‌കാരത്തിനും ചരിത്രത്തിനും പാരമ്പര്യത്തിനും സംഭാവന നല്‍കിയിട്ടുണ്ട്. 

രണ്ടു പ്രധാന കാരണങ്ങളാണ് ഇപ്പോഴത്തെ വര്‍ഗ്ഗീയ, വംശീയ കാലുഷ്യത്തിനു പിറകിലുള്ളത്. മെയ്തെയ് വംശജനായ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് വീണ്ടുമൊരാവര്‍ത്തി അധികാരത്തില്‍ വന്നതിനുശേഷം നടപ്പാക്കാന്‍ ശ്രമിച്ച ചില നയങ്ങളാണ് ഒന്നാമത്തെ കാരണം. മെയ്തെയ്കളൊഴികെയുള്ള ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ റിസര്‍വ്വ് വനമേഖലകളായി പ്രഖ്യാപിക്കുകയും അവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നതാണ് രണ്ടാമത്തെ കാരണം. കയ്യേറ്റ ഭൂമിയിലാണ് ക്രിസ്തുമത വിശ്വാസികളുടെ ആരാധനാലയങ്ങള്‍ സ്ഥിതിചെയ്യുന്നത് എന്നാരോപിച്ച് അവ പൊളിച്ചുകളഞ്ഞത് വിശ്വാസികളുടെ വികാരം വ്രണപ്പെടാനും ഇടയാക്കി. മ്യാന്‍മാറില്‍നിന്നും മറ്റുമുള്ള കുക്കി വിഭാഗക്കാരുടെ അനധികൃത കുടിയേറ്റത്തിനു മണിപ്പൂരിലെ കുക്കികള്‍ കൂട്ടുനില്‍ക്കുന്നു എന്ന് മെയ്തെയ് വിഭാഗക്കാര്‍ ആരോപിക്കുന്നു. 

ചുരചന്ദ്പൂരിലെ 38 ഗ്രാമങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിത വനമേഖലയില്‍ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് അനധികൃതമായി കുക്കി വംശജര്‍ കയ്യേറിയതാണ് എന്നു ചൂണ്ടിക്കാട്ടി ആ പ്രദേശത്തുനിന്നും കുടിയൊ ഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും ഗവണ്‍മെന്റ് നടപടിയെടുത്തു. ഈ നടപടികള്‍ മെയ്തെയ് ഇതര വിഭാഗങ്ങളെ പ്രകോപിപ്പിക്കുകയും മണിപ്പൂരിലെ മലമ്പ്രദേശങ്ങള്‍ക്കു ഭരണഘടനയിലെ 371 സി വകുപ്പ് അനുസരിച്ച് അനുവദിക്കപ്പെട്ടിട്ടുള്ള സ്വയംഭരണാധികാരത്തെ ലംഘിക്കുന്നതാണെന്ന് ആരോപിച്ച് അവരുടെ സംഘടനകള്‍ മാര്‍ച്ചും ബന്ദും ഉള്‍പ്പെടെയുള്ള സമരമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ചുരാചന്ദ് ജില്ലയില്‍ ഇന്‍ഡിജനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം നടത്തിയ ബന്ദ് ഏപ്രില്‍ മാസത്തില്‍ അക്രമ സംഭവങ്ങളില്‍ കലാശിച്ചിരുന്നു. മെയ് മൂന്നിനു ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് യൂണിയന്‍ ഒഫ് മണിപ്പൂര്‍ (എ.ടി.എസ്.യു.എം) നടത്തിയ മാര്‍ച്ച് സ്ഥിതിഗതി കുറച്ചുകൂടി രൂക്ഷമാക്കി. എട്ടു ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു. എന്നിട്ടും സംഘര്‍ഷത്തിനു അയവില്ലാതെ വന്നപ്പോള്‍ സംസ്ഥാന ഭരണകൂടം അസം റൈഫ്ള്‍സ് ഉള്‍പ്പെടെയുള്ള സായുധ സേനാവിഭാഗങ്ങളുടെ സഹായം തേടി.
 
ഈ പശ്ചാത്തലത്തില്‍ മെയ്തെയ് സമുദായത്തെ പട്ടികവര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യൂണിയന്‍ ഗവണ്‍മെന്റിനു ശിപാര്‍ശ നല്‍കാന്‍ സംസ്ഥാന ഗവണ്‍മെന്റിനോടു നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയോട് ഹൈക്കോടതി അനുകൂലമായി പ്രതികരിച്ചതാണ് വംശീയ സംഘര്‍ഷത്തിന് ആക്കം വര്‍ദ്ധിപ്പിച്ചത്. മാര്‍ച്ച് 17-ന് മെയ്തെയ്കളുടെ ആവശ്യം പരിഗണിച്ചൂകൂടെ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. 

മേയ് 3,4 തീയതികളില്‍ മണിപ്പൂരില്‍ നടന്ന അക്രമങ്ങള്‍, തങ്ങളേയും പട്ടികവര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന മെയ്തെയ്കളില്‍ ഒരു വിഭാഗത്തിന്റെ ആവശ്യത്തോടുള്ള സംസ്ഥാനത്തെ ഗോത്രങ്ങളില്‍നിന്നുള്ള എതിര്‍പ്പിന്റെ ഫലമാണ്. ഭൂരിപക്ഷ സമുദായത്തിന്റെ ആ ആവശ്യത്തോട് ഹൈക്കോടതി അനുകൂലമായി പ്രതികരിച്ചതും കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തോട് ഇക്കാര്യം ശിപാര്‍ശ ചെയ്യാന്‍ സംസ്ഥാന ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ കുക്കി, നാഗാ ഗോത്രങ്ങളില്‍ മെയ്തയ്കളുടെ ഈ ആവശ്യം തങ്ങളുടെ ഭരണഘടനാ സംരക്ഷണം നഷ്ടപ്പെടാന്‍ ഇടയാക്കുമോ എന്ന ഭയം ശക്തമാക്കുകയായിരുന്നു.

തീര്‍ച്ചയായും ഒരു ഭൂരിപക്ഷ സമുദായമെന്ന നിലയില്‍ മറ്റു ഗോത്രങ്ങളെ, വിശേഷിച്ചും കുക്കി -സോമി ഗ്രൂപ്പില്‍നിന്നുള്ളവരെ അപേക്ഷിച്ച് സംസ്ഥാനത്തെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രകാരം മെയ്തയ്കള്‍ മികച്ച അവസ്ഥയിലാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ഗോത്രവര്‍ഗ്ഗക്കാരും ഈ വിഭാഗത്തില്‍പെട്ടവരാണ്. അതിനാല്‍, വലിയ സമുദായമായ മെയ്തെയ്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പട്ടികവര്‍ഗ്ഗ പദവി മാത്രമാണ് തങ്ങള്‍ക്കുള്ള പിടിവള്ളി എന്ന ബോധം ന്യൂനപക്ഷ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഉണ്ട്. 

കലാപകാരികൾ കത്തിച്ച ക്രിസ്ത്യൻ ദേവാലയം/ പിടിഐ
കലാപകാരികൾ കത്തിച്ച ക്രിസ്ത്യൻ ദേവാലയം/ പിടിഐ

മെയ്തെയ്കളുടെ സ്വത്വനഷ്ടഭയം 

എസ്/ടി പദവിക്കായുള്ള മെയ്തെയ് വിഭാഗത്തിന്റെ ആവശ്യം അവരുടെ പരമ്പരാഗത ജന്മനാടായ താഴ്വര പ്രദേശത്തെ തങ്ങളുടെ പ്രാമുഖ്യം നഷ്ടപ്പെടുത്തുമോ എന്ന ഭയത്തില്‍ നിന്നുണ്ടായതാണ്. അതേസമയം ഒരാളുടെ പരമ്പരാഗത ഭൂമിയുടെമേലുള്ള അവകാശം താഴ്വര നിവാസികള്‍ക്ക് എന്നപോലെ മലയോര ഗോത്രക്കാര്‍ക്കും പവിത്രമാണ്. കുറച്ചു കാലം മുന്‍പേ മെയ്തെയ് സമുദായത്തില്‍നിന്നും സംസ്ഥാനമൊട്ടാകെ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐ.എല്‍.പി) നടപ്പാക്കാന്‍ ആവശ്യമുയര്‍ന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. 

തങ്ങളെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുത്തണമെന്ന മെയ്തെയ്കളില്‍ ചില വിഭാഗങ്ങളുടെ ആവശ്യത്തിനു ദീര്‍ഘകാലത്തെ പഴക്കമുണ്ട്. ഈ ആവശ്യം മുന്‍നിര്‍ത്തി അവര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ഡിമാന്‍ഡ് കമ്മിറ്റി ഒഫ് മണിപ്പൂര്‍ എന്ന സംഘടന രൂപീകരിക്കുകയും മുഖ്യമന്ത്രിയായിരുന്ന ഇബോബി സിംഗിനേയും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും കാണുകയും ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച തീരുമാനം സംസ്ഥാന ഗവണ്‍മെന്റാണ് കൈക്കൊള്ളേണ്ടത് എന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്. 

യൂണിയന്‍ ഒഫ് ഇന്ത്യയില്‍ ലയിക്കുന്നതിനു മുന്‍പേ മെയ്തെയ് സമുദായം ഗോത്രവര്‍ഗ്ഗ വിഭാഗമായി കണക്കാക്കപ്പെട്ടിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ലയനത്തിനുശേഷമാണ് ഒരു ഗോത്രമെന്ന നിലയിലുള്ള സ്വത്വനഷ്ടം ഉണ്ടായതെന്നും അവര്‍ വാദിക്കുന്നു. തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും പരമ്പരാഗത സ്വത്തും സംരക്ഷിക്കുന്നതിനു പട്ടികവര്‍ഗ്ഗ പദവി സഹായകമാകുമെന്നും അവര്‍ കരുതുന്നു. 

മ്യാന്‍മാറിലെ രാഷ്ട്രീയ സംഭവവികാസങ്ങളാണ് കുറഞ്ഞ കാലത്തിനുള്ളില്‍ മണിപ്പൂരിലെ വംശീയ സമവാക്യങ്ങളില്‍ വലിയ വ്യത്യാസമുണ്ടാക്കിയത്. മ്യാന്‍മാറില്‍നിന്നുള്ള കുടിയേറ്റം വര്‍ദ്ധിക്കുകയും കുക്കികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുകയും ചെയ്തു. മണിപ്പൂരിലെ മലമ്പ്രദേശങ്ങളിലെന്നപോലെ മെയ്‌തെയ്കള്‍ തിങ്ങിപ്പാര്‍ക്കുന്ന താഴ്വരയിലും കുക്കികള്‍ ഭൂമി വാങ്ങിക്കൂട്ടുകയോ കയ്യേറുകയോ ചെയ്തുവെന്ന് മെയ്‌തെയ്കള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ സ്വന്തം ഭൂമിയും സംസ്‌കാരവും സംരക്ഷിക്കാന്‍ ഭരണഘടനാപരമായ സുരക്ഷകള്‍ അനിവാര്യമാണെന്നാണ് അവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. സംരക്ഷിത വനഭൂമിയിലെന്ന് ചൂണ്ടിക്കാണിച്ച് കുക്കികളെ കുടിയൊഴിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കും മെയ്‌തെയ്കളുടെ പട്ടികവര്‍ഗ്ഗ പദവിക്കും പുറമേ ചില മാദ്ധ്യമ ഇടപെടലുകളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടി. മ്യാന്‍മാറില്‍നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരാണ് മലമ്പ്രദേശങ്ങളില്‍നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ എന്ന മെയ്തെയ്കളുടെ ആരോപണം ഒരു മാദ്ധ്യമം ആവര്‍ത്തിച്ചതാണ് എരിതീയില്‍ എണ്ണയൊഴിച്ചത്. കുടിയൊഴിപ്പിക്കപ്പെട്ട പൈതെ ഗോത്രവര്‍ഗ്ഗക്കാരുടെ സംസാരശൈലിയുണ്ടാക്കിയ തെറ്റിദ്ധാരണ നിമിത്തമാണ് അവരെ മ്യാന്‍മാറുകാര്‍ എന്നു വിളിക്കുന്നത് എന്ന് കുടിയൊഴിപ്പിക്കലുകളെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരിലെ ജനങ്ങളില്‍ 53 ശതമാനത്തിലേറെ വരും ഇപ്പോള്‍ മെയ്തെയ് വിഭാഗക്കാര്‍. 1951-ലെ ജനസംഖ്യാ കണക്കെടുപ്പില്‍ ഇത് 59 ശതമാനമായിരുന്നു. എന്നാല്‍, 2011-ലെ സെന്‍സസില്‍ ഇത് 44 ശതമാനമായി കുറഞ്ഞുവെന്ന് മെയ്തെയ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 

മുഖ്യമായും ക്രിസ്തുമത വിശ്വാസികളായ കുക്കി, സോമി വിഭാഗക്കാരുടെ സ്വയംഭരണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സംഘടനകളുമായുള്ള സമാധാന കരാറില്‍നിന്നും പിന്‍വാങ്ങുന്നതിനു ബിരേന്‍ സിംഗ് ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനമാണ് ആ വിഭാഗങ്ങളെ അതൃപ്തിയിലേക്കും അക്രമത്തിലേക്കും നയിച്ച മറ്റൊരു കാരണം. 2017-ല്‍ മൂന്നുവട്ടമായി സംസ്ഥാനഭരണം കയ്യാളിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ ഇനിയൊരു വട്ടം അധികാരത്തിലേറുന്നത് തടയുന്നതിന് ബി.ജെ.പി എല്ലാ വഴിയും അന്വേഷിക്കുന്ന സന്ദര്‍ഭത്തിലാണ് മോദി ഗവണ്‍മെന്റ് ചര്‍ച്ചകള്‍ക്കായി ഒരു മദ്ധ്യസ്ഥനെ നിയോഗിക്കുകയും ക്രിസ്ത്യന്‍ മതനേതൃത്വത്തിന്റെ പിന്‍തുണയുള്ള കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍, യുണൈറ്റഡ് പീപ്പ്ള്‍സ് ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ മരവിപ്പിക്കാന്‍ കരാറുണ്ടാക്കുകയും ചെയ്തത്. എന്നാല്‍, മാര്‍ച്ച് 10-ന് സംസ്ഥാന മന്ത്രിസഭ ഈ കരാറില്‍നിന്നും പിന്‍മാറുന്നതിനു തീരുമാനമെടുക്കുകയും ഇതു സംബന്ധിച്ച് യൂണിയന്‍ ഗവണ്‍മെന്റിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, യൂണിയന്‍ ഗവണ്‍മെന്റ് എന്തായാലും ഇക്കാര്യത്തില്‍ വൈമുഖ്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഏതായാലും ബി.ജെ.പിയുടെ അടുക്കാനുള്ള ശ്രമങ്ങളോട് അനുകൂലമായി പ്രതികരിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ മണിപ്പൂരിലെ സംഭവങ്ങള്‍ എന്തു പ്രതികരണമാണ് ഇനി ഉളവാക്കുക എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

2016-ന്റെ പകുതിയോടെയാണ് കുക്കി തീവ്രവാദി ഗ്രൂപ്പുകളുമായി ആശയവിനിമയത്തിനു മോദി ഗവണ്‍മെന്റ് താല്‍പ്പര്യം കാണിച്ചുതുടങ്ങിയത്. ഏതെങ്കിലും തരത്തിലുള്ള ഒരു സമാധാന ഉടമ്പടിക്കും ഏതുവിധേനയും സ്വയംഭരണം എന്ന ആവശ്യം കുറച്ചെങ്കിലും നേടിക്കിട്ടാനുമായി കുക്കികളുള്‍പ്പെടെയുള്ള ഗോത്രവര്‍ഗ്ഗങ്ങള്‍ യൂണിയന്‍ ഗവണ്‍മെന്റിനെ ആശ്രയിക്കാമെന്ന ധാരണയിലാണ് അന്നത്തെ ചര്‍ച്ചകള്‍ക്കൊരുങ്ങിയത്. അസമിനുള്ളില്‍ ബോഡോ വിഭാഗങ്ങള്‍ക്കു ലഭിച്ചതുപോലെ ഒരു സ്വയംഭരണം സാദ്ധ്യമാക്കാമെന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഹിന്ദു ഭൂരിപക്ഷമുള്ള മെയ്തെയ് സമുദായം ഈ നീക്കത്തിന് എതിരായിരുന്നു. അതുകൊണ്ടുതന്നെ ഉടമ്പടിയില്‍നിന്നും ഏകപക്ഷീയമായി പിന്‍മാറാനുള്ള സംസ്ഥാന ഗവണ്‍മെന്റ് നീക്കം തങ്ങളുടെ സ്വയംഭരണ ആഗ്രഹത്തിനെ എതിര്‍ക്കുന്ന മെയ്‌തെയ് വിഭാഗക്കാരുടെ കൂടെയാണ് സംസ്ഥാന ഗവണ്‍മെന്റ് എന്ന സന്ദേശമാണ് ഇതര ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. വിശേഷിച്ചും മെയ്തയ് സമുദായത്തില്‍ നിന്നുള്ളയാളാണ് ബിരേന്‍ സിംഗ് എന്ന യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍. 

എൻ ബിരേൻ സിങ്
എൻ ബിരേൻ സിങ്

ഹിന്ദുത്വവാദം പിടിമുറുക്കുമ്പോള്‍ 

അതേസമയം, മലയോര ജില്ലകളായ ചുരാചന്ദ്പൂര്‍, തെങ്നൂപാല്‍ എന്നിവിടങ്ങളില്‍ ബിരേന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങളുടെ ഒരു പരമ്പരയാണ് അരങ്ങേറിയത്. ഇവയില്‍ മിക്കവയും അക്രമങ്ങളില്‍ കലാശിക്കുകയും ചെയ്തു. സായുധരായ കുക്കി ഗ്രൂപ്പുകളുടെ പിന്തുണ ഇവയ്ക്കുണ്ടെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഗവണ്‍മെന്റ്. വനഭൂമി കയ്യേറിയെന്നാരോപിച്ച് ചില ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കടക്കം സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം നടത്തിയ സമരങ്ങള്‍ സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. പ്രതിഷേധങ്ങള്‍ 'ഭരണഘടനാവിരുദ്ധവും' 'നിയമവിരുദ്ധവും' എന്നു വിശേഷിപ്പിച്ച്, റാലികള്‍ നടത്താന്‍ അനുവദിച്ചതിനു സംസ്ഥാന ഗവണ്‍മെന്റ് രണ്ട് ജില്ലകളിലേയും ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും പൊലീസ് സൂപ്രണ്ടിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഈ നോട്ടീസിനെ കുക്കി ഭൂരിപക്ഷമുള്ള മലയോര പ്രദേശങ്ങളെ കീഴടക്കാനുള്ള ഇംഫാലിന്റെ ശ്രമമായിട്ടാണ് കുക്കി ദേശീയവാദികള്‍ വീക്ഷിച്ചത്. ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ കയ്യേറ്റ ഭൂമിയിലെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ത്തുകളഞ്ഞു. ഒരു മെയ്തയ്  ഹിന്ദുവായ ബിരേന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് തങ്ങളുടെ ആരാധനാലയങ്ങളെ ഗൂഢാലോചന നടത്തി ഇല്ലാതാക്കുന്നു എന്ന തോന്നല്‍ കുക്കികളിലും മറ്റും ഉണ്ടാക്കാനും വര്‍ഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനും ഈ നീക്കങ്ങള്‍ കാരണമായി. 

ദീര്‍ഘകാലം മണിപ്പൂര്‍ ഭരിച്ചത് മെയ്തയ് സമുദായക്കാരായ കാംഗ്ലേയ്പക്ക് രാജവംശമാണ്. ഇന്തോ-ബര്‍മന്‍ വംശജരായ മെയ്തയ് കള്‍ 17-ാം നൂറ്റാണ്ടോടെ വൈഷ്ണവ വിശ്വാസം സ്വീകരിച്ചവരാണ്. മഹാരാജാ ബുധചന്ദ്ര ആയിരുന്നു അവസാനത്തെ മെയ്തയ് രാജാവ്. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷ് പ്രൊട്ടക്ടറേറ്റ് ആയിരുന്നു മണിപ്പൂര്‍. അക്കാലത്ത് മെയ്തയ്  സമുദായക്കാര്‍ പൊതുവെ സാമ്രാജ്യത്വ വിരോധികളും ഇടതുപക്ഷാനുഭാവികളുമായിരുന്നു. അസം റൈഫ്ള്‍സ് പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയ മനോരമ തങ്ജമും മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മിളയും മെയ്തയ് വിഭാഗത്തില്‍പെട്ടവരാണ്. എന്നാല്‍, ക്രമേണ ഇടതുപക്ഷ രാഷ്ട്രീയം ദുര്‍ബ്ബലമാകുകയും മെയ്തയ് സ്വത്വവാദം ശക്തിപ്പെടുകയും ചെയ്തു. അടുത്തകാലത്തായി ഹിന്ദുത്വരാഷ്ട്രീയം ഇവര്‍ക്കിടയില്‍ ശക്തിപ്പെട്ടിട്ടുണ്ട്. വംശീയ വൈരത്തിന്റെ ഭാഗമായി ഉണ്ടായ മെയ് മൂന്നിന്റെ കലാപങ്ങളില്‍ കുക്കി തീവ്രവാദികളുടേയും മയക്കുമരുന്നു കാര്‍ട്ടലുകളുടേയും പിന്തുണയുള്ള അനധികൃത ബര്‍മീസ് കുടിയേറ്റക്കാര്‍ മോറെ, ടൂര്‍ബംഗ്, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളിലെ സമാധാനപ്രേമികളായ മണിപ്പൂരി ഹിന്ദുക്കളുടെ സെറ്റില്‍മെന്റുകള്‍ കയ്യേറുകയും വീടുകള്‍ക്കു തീയിടുകയും ചെയ്തു എന്ന പ്രചാരണവുമുണ്ടായി. യഥാര്‍ത്ഥത്തില്‍ വംശീയവൈരത്തിനു വളരെ എളുപ്പത്തില്‍ ചില മതവര്‍ഗ്ഗീയ മാനങ്ങള്‍ കൈവരാന്‍ ഇത്തരം പ്രചരണങ്ങള്‍ കാരണമായി. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ നില ഭരണതലത്തിലും പാര്‍ട്ടിക്കുള്ളിലും മോശമായ അവസ്ഥയിലാണ് ഈ കലാപങ്ങള്‍ അരങ്ങേറുന്നത് എന്നതും അര്‍ത്ഥഗര്‍ഭമാണ്. മന്ത്രിസഭയിലേയും ബി.ജെ.പിയിലേയും ആഭ്യന്തരപ്രശ്‌നങ്ങള്‍ നിമിത്തം മിക്കവാറും സംസ്ഥാനഭരണം സ്തംഭിച്ചിരിക്കുകയാണ്. നാല് ബി.ജെ.പി എം.എല്‍.എമാര്‍ വിവിധ പദവികളില്‍നിന്ന് ഏപ്രിലിലാണ് രാജിവെച്ചത്. ഭരണത്തെ കുടുംബസ്വത്താക്കി എന്നതാണ് മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ഗുരുതരമായ ആരോപണം. കുക്കികള്‍ക്കെതിരെ ഉണ്ടായ നടപടികള്‍ ബി.ജെ.പിയിലും കുഴപ്പങ്ങള്‍ക്ക് കാരണമായിരുന്നു. ഒരു ഡസനോളം എം.എല്‍.എമാര്‍ ബിരേന്‍ സിംഗിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയുമുണ്ടായി. മിക്കയിടങ്ങളിലുമെന്നപോലെ പഴയ കോണ്‍ഗ്രസ്സാണ് മണിപ്പൂരിലും പുതിയ ബി.ജെ.പി. 2016-ലാണ് കോണ്‍ഗ്രസ് എം.എല്‍.എയും മന്ത്രിയുമായിരുന്ന ബിരേന്‍ സിംഗ് ബി.ജെ.പിയില്‍ ചേരുന്നത്. 2017-ല്‍ ആകെയുള്ള 60 സീറ്റുകളില്‍ 21 സീറ്റുകളാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. കോണ്‍ഗ്രസ്സിന് 28 സീറ്റും. എന്നാല്‍, ജനവിധിയെ അട്ടിമറിച്ച് സഖ്യകക്ഷികളെ ചേര്‍ത്ത് ബിരേന്‍ സിംഗിനെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കിയത് ബി.ജെ.പി.

ഇരാബത്
ഇരാബത്

ജനനേതാ ഇരാബതിന്റെ നാട്

മണിപ്പൂര്‍ രാജാവ് ബുധചന്ദ്രയുടെ കാലത്താണ് ഇന്‍സ്ട്രുമെന്റ് ഒഫ് ആക്സെഷനില്‍ ഒപ്പുവെച്ച് ഇന്ത്യന്‍ യൂണിയനില്‍ മണിപ്പൂര്‍ ചേരുന്നത്. അക്കാലത്ത് ഈ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയത് കമ്യൂണിസ്റ്റുകളാണ്. താഴ്വരയില്‍ പ്രൊട്ടസ്റ്റന്റ് മിഷണറി പ്രവര്‍ത്തനം ശക്തമായപ്പോള്‍ വൈഷ്ണവധര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി ബുധചന്ദ്രയുടെ മുന്‍ഗാമിയായ ചുരാചന്ദ് രാജാവ് മുന്‍കൈയെടുത്ത് രൂപീകരിച്ച നിഖില മണിപ്പൂര്‍ ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷനും രാജാവിന്റെ ബന്ധുവുമായ ഇരാബത് ആയിരുന്നു പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മണിപ്പൂരിലെ കുന്തമുന. 1930-കളുടെ അവസാനത്തില്‍ ഇരാബത് ചുരാചന്ദിന്റെ വിലക്കുകളെ മറികടന്ന് സംഘടനയുടെ പേരില്‍നിന്ന് ഹിന്ദു എടുത്തുകളയുകയും പ്രദേശത്ത് കര്‍ഷക പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ചെയ്തയാളായിരുന്നു ഇരാബത്. മണിപ്പൂര്‍ പ്രജാ സംഘിന്റേയും കൃഷക് സംഘിന്റേയും സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം ആദ്യത്തെ മണിപ്പൂര്‍ നിയമസഭയില്‍ അദ്ദേഹം അംഗമായി
സി.പി.ഐയുടെ നാഷണല്‍ എക്‌സിക്യുട്ടീവ് അംഗമായിരുന്നെങ്കിലും മണിപ്പൂരി സ്വത്വത്തെ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം പ്രതിനിധീകരിക്കുന്ന തരം ദേശീയസ്വത്വവുമായി ലയിപ്പിച്ചു വിലയിരുത്തുന്നതില്‍ വിയോജിപ്പുള്ളയാളായിരുന്നു ഇരാബത്. 1948-ലെ കൊല്‍ക്കൊത്ത തീസിസിന്റെ കാലത്തും അതു പിന്‍വലിച്ചതിനുശേഷവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിഘടിത ഗ്രൂപ്പ് സ്വന്തം നിലപാടുകളുയര്‍ത്തി സമരം ചെയ്തിരുന്നു. കൊല്‍ക്കത്ത തീസിസ് പിന്‍വലിച്ച നടപടിയെ അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ഇരാബത് ബര്‍മീസ് കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായാണ് അവസാനകാലത്ത് കൂടുതല്‍ ബന്ധം പുലര്‍ത്തിയത്. 

ഇന്ത്യന്‍ യൂണിയനില്‍ മണിപ്പൂരിനെ ബലം പ്രയോഗിച്ചു ചേര്‍ത്തെന്ന അഭിപ്രായമായിരുന്നു ഇരാബത് അടക്കമുള്ളവര്‍ക്ക് ഉണ്ടായിരുന്നത്. രാജഭരണത്തിന്റെ കാലത്ത് രാജാവിനെതിരേയും ബ്രിട്ടീഷ് ഭരണത്തിനെതിരേയും ശക്തമായ കലാപങ്ങള്‍ക്കു നേതൃത്വം കൊടുത്ത ഇരാബത് കടുത്ത ഫാസിസ്റ്റ് വിരുദ്ധനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെ സോവിയറ്റ് റഷ്യയുടെ ഇടപെടലോടെ ജനകീയ യുദ്ധമായി കണ്ട ഇരാബത് അന്ന് സി.പി.ഐ കൈക്കൊണ്ട നിലപാടിനൊപ്പമായിരുന്നു. 

1951-ല്‍ അദ്ദേഹം മരണമടഞ്ഞു. കക്ഷിരാഷ്ട്രീയഭേദമെന്യേ മണിപ്പൂരി ജനത ഒന്നടങ്കം ആദരിക്കുന്ന ജനനേതാ ഇരാബതിന്റെ അനുസ്മരണാര്‍ത്ഥം 1998-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇരാബതിനുശേഷം ആ തലപ്പൊക്കമുള്ള നേതാക്കള്‍ അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായില്ല. എങ്കിലും പാര്‍ലമെന്ററി രംഗത്ത് കാര്യമായ സ്വാധീനം കാലങ്ങളോളം നിലനിന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനുശേഷം സി.പി.ഐയ്ക്കു മാത്രമായിരുന്നു അവിടെ സ്വാധീനം. 1952 മുതല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ മൂന്നുതവണ, (1967, 1980, 1998) സി.പി.ഐ രണ്ടുതവണ ഇന്നര്‍ മണിപ്പൂരില്‍നിന്നും 1998-ല്‍ ഔട്ടര്‍ മണിപ്പൂരില്‍നിന്നും വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ്സായിരുന്നു പ്രധാന പ്രതിപക്ഷം. എന്നാല്‍, 1980-ല്‍ രൂപീകരിക്കപ്പെട്ട കാംഗ്ലെയ് പാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതര ഗ്രൂപ്പുകളും ഇന്ത്യന്‍ യൂണിയന്‍ ഗവണ്‍മെന്റിനെതിരെ പോരാടുന്നവരും സി.പി.ഐ മാവോയിസ്റ്റ് ലൈനിനെ അംഗീകരിക്കുന്നവരുമാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com