'ഈ നഗരം എന്നെ ചരിത്രത്തിലേക്ക് വലിച്ചെറിയുകയും വര്‍ത്തമാനത്തിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യുന്നു'
By സി.വി. രമേശന്‍ | Published: 27th May 2023 02:07 PM |
Last Updated: 27th May 2023 02:07 PM | A+A A- |

നവതരംഗ സിനിമാ പ്രസ്ഥാനത്തിന് ഊര്‍ജ്ജം നല്‍കുകയും പരീക്ഷണ രാഷ്ട്രീയ ചിത്രങ്ങളിലൂടെ പുതിയൊരു ചലച്ചിത്രധാരയ്ക്ക് തുടക്കം കുറിക്കുകയും ചെയ്ത സംവിധായകനെന്ന നിലയില്‍, മൃണാള്‍ സെന്‍ (Mrinal Sen, 1923-2018) ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ സുപ്രധാനമായൊരിടം നേടിയിട്ടുണ്ട്. സെന്നിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വര്‍ഷം, ഇന്ത്യന്‍ സിനിമയെത്തന്നെ മാറ്റിയെഴുതിയ അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ പരീക്ഷണ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന കല്‍ക്കട്ട ചിത്രത്രയം (Calcutta Trilogy) വിശകലനം ചെയ്യുന്നു.

'ദയാരഹിതമായി അപമാനിക്കപ്പെടുകയും അപായകരമായി സ്‌നേഹിക്കപ്പെടുകയും ചെയ്ത തന്റെ സ്വന്തം നഗര'മെന്ന് മൃണാള്‍ സെന്‍ വിശേഷിപ്പിക്കുന്ന കല്‍ക്കട്ട, സ്വന്തം മനസ്സിന്റെ അവസ്ഥയായാണ് അദ്ദേഹം കരുതിയിരുന്നത്. അതുകൊണ്ട് തന്നെയാണ് കല്‍ക്കട്ടയുടെ പേര്‍ കൊല്‍ക്കത്തയെന്ന് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ സെന്‍ ശക്തമായി പ്രതികരിച്ചത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നല്‍കിയ പേരാണ് കല്‍ക്കട്ടയെന്ന വാദത്തെ അദ്ദേഹം യുക്തിപൂര്‍വ്വം എതിര്‍ത്തു. കൊളോണിയലിസത്തിന്റെ ചിഹ്നങ്ങളെ പ്രതിരോധിക്കാന്‍ സമൂര്‍ത്തങ്ങളായ മറ്റു വഴികളാണ് അന്വേഷിക്കേണ്ടതെന്ന് അദ്ദേഹം തുറന്നടിച്ചു. ഭാവിയില്‍ ഇന്ത്യയെ ഹിന്ദുസ്ഥാനെന്നു വിളിച്ചേക്കുമോ എന്നു പലരേയുംപോലെ സെന്നും ഭയപ്പെട്ടിരുന്നു. തന്റെ ആത്മകഥ 'നിരന്തരജനന'ത്തില്‍ കല്‍ക്കട്ടയെ ഇങ്ങനെയാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്: 'ഏത് പേരിട്ട് വിളിച്ചാലും നല്ലതോ ചീത്തയോ വിചിത്രമോ എന്തായാലും എന്റെ നഗരം എന്റേത് തന്നെയാണ്. ഞാന്‍ ജനിച്ചതിവിടെയല്ല, എന്നാല്‍, 'ഉണ്ടായ'തിവിടെയാണ്. തെക്കോ വടക്കോ കിഴക്കോ പടിഞ്ഞാറോ എങ്ങോട്ട് പോയാലും മറ്റേതൊരു നഗരത്തില്‍നിന്നു വിഭിന്നമായി, ഈ നഗരം എന്നെ ചരിത്രത്തിലേക്ക് വലിച്ചെറിയുകയും വര്‍ത്തമാനത്തിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യുന്നു. ഭൂതവും വര്‍ത്തമാനവും തമ്മിലുള്ള നിരന്തര സംഭാഷണംപോലെ ഈ പ്രായത്തിലും യുവാവായി എന്നെ അത് നിലനിര്‍ത്തുന്നു' (Always Being Born-Mrinal Sen) ജീവിതം മുഴുവന്‍ തന്നെ ഉത്തേജിപ്പിക്കുകയും പ്രകോപിപ്പിക്കുകയും തനിക്കു പ്രചോദനം നല്‍കുകയും ചെയ്ത കല്‍ക്കട്ട നഗരം അദ്ദേഹത്തിനു കയ്പുള്ളതും മധുരിച്ചതുമായ നിരവധി അനുഭവങ്ങള്‍ സമ്മാനിച്ചു. അദ്ദേഹത്തെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്തു. 17ാം വയസ്സില്‍ കല്‍ക്കട്ട നഗരത്തിലെത്തി, അവിടത്തെ രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവും കലാപരവുമായ ജീവിതങ്ങളുടെ സ്പന്ദനങ്ങള്‍ സ്വന്തം ഹൃദയത്തിലേറ്റുവാങ്ങിയ സെന്‍, അതേക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു: 'കല്‍ക്കട്ട/കൊല്‍ക്കൊത്ത! തിളച്ചുമറിയുന്ന, സര്‍ഗ്ഗശക്തിയുള്ള, താന്തോന്നിയായ, ഗതികെട്ട വിധം കെട്ടഴിഞ്ഞ നഗരം. അവിടെ ജീവിതം ചിലപ്പോള്‍ അതിവൃഷ്ടിമൂലമോ കടുത്ത രാഷ്ട്രീയ വൈകാരികതകൊണ്ടോ ഭാഗികമായോ പൂര്‍ണ്ണമായോ സ്തംഭിക്കുന്നു. ചിലപ്പോള്‍ വെറും അരാജകത്വംകൊണ്ടും. ഈ നഗരത്തെ ഞാനെന്റെ 'എന്റെ സങ്കല്പനഗരം' എന്നാണ് വിശേഷിപ്പിക്കുന്നത്. ദീര്‍ഘകാലം ഇവിടെ ജീവിച്ച ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു: 'എപ്പോഴെങ്കിലും ഈ നഗരം എനിക്ക് മടുത്തിട്ടുണ്ടോ? ഞാനീ നഗരത്തിന്റെ ഭാഗം തന്നെയാണ്, ഉറപ്പ്' (നിരന്തര ജനനം).
തന്റെ ജീവിതത്തിന്റേയും ആത്മാവിന്റേയും പ്രധാന ഭാഗമായ കല്‍ക്കട്ട കേന്ദ്രീകരിച്ചുകൊണ്ട് മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാനമാണ് കല്‍ക്കട്ട ചിത്രത്രയം (Calcutta Trilogy). ഇന്റര്‍വ്യൂ (Interview, 1970), കല്‍ക്കട്ട 71 (Calcutta 71, 1972), പടാതിക് (Patathik, 1973) എന്നിവ രൂപപ്പെടുത്തുന്ന കല്‍ക്കട്ട ചിത്രത്രയം, സെന്നിന്റെ മുന്‍ ചിത്രങ്ങളില്‍നിന്ന്, പ്രമേയത്തിലും ആവിഷ്‌കാര രീതികളിലും നിരവധി വ്യത്യസ്തതകളുള്ളവയാണ്. അക്കാലത്ത് രാജ്യം കടന്നുപോയ്‌ക്കൊണ്ടിരുന്ന രാഷ്ട്രീയവും സാമൂഹികവുമായ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സംഭവങ്ങളാണ് ഈ ചിത്രങ്ങളിലേക്ക് സെന്നിനെ എത്തിക്കുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍നിന്നു വിഭിന്നമായി, ഈ മാറ്റങ്ങള്‍ കല്‍ക്കട്ട നഗരത്തില്‍ അന്ന് വളരെ പ്രകടമായി കാണാന്‍ കഴിഞ്ഞിരുന്നു. 20 വര്‍ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സിന്, 1967ല്‍ സംസ്ഥാന ഭരണം നഷ്ടപ്പെട്ടു. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ വിഭജനത്തിന്റെ ഫലമായി രൂപംകൊണ്ട, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)യുടെ നേതൃത്വത്തില്‍ ബംഗാളില്‍ കോണ്‍ഗ്രസ് ഇതര ഘടകകക്ഷി ഭരണം നിലവില്‍ വന്നു. ഉത്തര ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ സായുധവിപ്ലവത്തിനു തയ്യാറായ യുവജനങ്ങള്‍ നടത്തിയ സമരങ്ങളുടെ പ്രതിധ്വനികള്‍ കല്‍ക്കട്ട നഗരത്തില്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങി. തെരുവുകള്‍ പോസ്റ്ററുകള്‍കൊണ്ട് നിറഞ്ഞു. സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ പഠനമുപേക്ഷിച്ച് തെരുവുകളിലിറങ്ങി. ക്ഷുഭിതയൗവ്വനങ്ങളുടെ ക്രോധം രേഖപ്പെടുത്തുന്ന അനവധി പ്രക്ഷോഭങ്ങള്‍ക്കാണ് അക്കാലത്ത് കല്‍ക്കട്ട നഗരം സാക്ഷ്യംവഹിച്ചത്. ഇതിന്റെ പ്രതിധ്വനികള്‍, കേരളം, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേള്‍ക്കാന്‍ തുടങ്ങി. തന്റെ പ്രിയപ്പെട്ട നഗരം സാക്ഷ്യംവഹിച്ചിരുന്ന ഈ സംഭവങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ സെന്നിനു കഴിയുമായിരുന്നില്ല. കല്‍ക്കട്ടയിലെ പുതിയ രാഷ്ട്രീയ അന്തരീക്ഷം തിരിച്ചറിഞ്ഞ സെന്‍, തന്റെ പ്രമേയങ്ങളും ആവിഷ്‌കാര രീതികളും മാറ്റേണ്ടതുണ്ട് എന്ന ഉറച്ച തീരുമാനമെടുത്തു.

കല്‍ക്കട്ടയുടെ സ്പന്ദനങ്ങള്‍
മുന്‍ ചിത്രം 'ഭുവന്‍ ഷോമി'(Bhuvan Shome, 1969)ന്റെ, ഇന്ത്യയ്ക്കകത്തും പുറത്തുമുണ്ടായ വന്‍വിജയത്തോടെ, ചലച്ചിത്ര നിര്‍മ്മാതാക്കള്‍ സെന്നിനെ തേടി വരാന്‍ തുടങ്ങിയ കാലമായിരുന്നു അത്. എന്നാല്‍, മറ്റൊരു 'ഭുവന്‍ ഷോം' സംവിധാനം ചെയ്യാന്‍ അദ്ദേഹത്തിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. 'ഭുവന്‍ ഷോമി'ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കല്‍ക്കട്ടയ്ക്ക് പുറത്തു കഴിയേണ്ടിവന്ന സെന്‍, തിരികെ അവിടേക്കു വരുമ്പോള്‍, നഗരം പൂര്‍ണ്ണമായി മാറിക്കഴിഞ്ഞിരുന്നു. സംഘര്‍ഷങ്ങള്‍ നിറഞ്ഞ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും അവയ്ക്കു നേരെയുള്ള പൊലീസ് വെടിവെയ്പും നഗരത്തില്‍ പതിവായിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുക്കുന്ന പ്രകടനങ്ങള്‍ അക്കാലത്ത് തെരുവുകളില്‍ സര്‍വ്വസാധാരണമായിരുന്നു. ഈ പശ്ചാത്തലത്തില്‍, മാറിയ കല്‍ക്കട്ടയുടെ സ്പന്ദനങ്ങള്‍ സിനിമകളിലൂടെ ആവിഷ്‌കരിക്കാന്‍ സെന്‍ തീരുമാനിച്ചു.
'ഭുവന്‍ ഷോമിന്റെ അണിയറ പ്രവര്‍ത്തകര്‍ പുതിയ ചിത്രത്തെക്കുറിച്ച് പതിവായി സെന്നിനോട് അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. പെട്ടെന്ന് ഒരു ദിവസം, ഒരു മുന്നറിയിപ്പുമില്ലാതെ ഖനിയുടമയായ ദയാശങ്കര്‍ സുല്‍ത്താനിയ സെന്നിനെ കാണാന്‍ വന്നു. സെന്നിന്റെ സംവിധാനത്തില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ താല്പര്യം കാണിച്ച സുല്‍ത്താനിയയോട്, തന്റെ മനസ്സിലുണ്ടായിരുന്ന ഒരു കഥയുടെ ഏകദേശ രൂപം സെന്‍ പറഞ്ഞു. മറ്റു വിശദാംശങ്ങളൊന്നും ആവശ്യപ്പെടാതെ തന്നെ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി ഒന്നര ലക്ഷം രൂപ നല്‍കി, കൂടുതല്‍ പണം പിന്നീട് നല്‍കാമെന്ന വാഗ്ദാനത്തോടെ സുല്‍ത്താനിയ സ്ഥലം വിട്ടു. അത്ഭുതപ്പെട്ടു നിന്ന സെന്‍, ഉടന്‍ തന്നെ പുതിയ ചിത്രത്തിന്റെ ജോലി ആരംഭിച്ചു.
ബെര്‍തോള്‍ഡ് ബ്രെഹ്തി(Bertolt Bercht)ന്റെ നാടകങ്ങള്‍ കല്‍ക്കട്ടയില്‍ പതിവായി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഐ.പി.ടി.എയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സെന്‍ ഈ നാടകങ്ങളുമായി അടുത്ത് ബന്ധപ്പെടുന്നുണ്ടായിരുന്നു. അങ്ങനെയാണ് ബ്രഹ്തിന്റെ എപ്പിക്ക് തിയേറ്റര്‍ (Epic thetare) ശൈലി അദ്ദേഹത്തിന്റെ, കല്‍ക്കട്ട ത്രയത്തിലെ ആദ്യ ചിത്രം 'ഇന്റര്‍വ്യൂ'വില്‍ കടന്നുവരുന്നത്. ഒരുപക്ഷേ, ആ രീതിയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ 'ഇന്റര്‍വ്യൂ' ആയിരിക്കും. ചിത്രത്തിന്റെ ആശയം 1955ല്‍ ആദ്യ ചിത്രം 'രാത് ഭോര്‍' (Ratbhore) നിര്‍മ്മിക്കുമ്പോള്‍ തന്നെ സെന്നിന്റെ മനസ്സിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പതിവ് തിരക്കഥാകൃത്ത് ആഷിഷ് ബര്‍മന്‍ തന്നെയാണ് 'ഇന്റര്‍വ്യൂ'വിനും തിരക്കഥ എഴുതുന്നത്. ഒരുതരത്തില്‍ നോക്കിയാല്‍ 'ആകാശ് കുസു'(Akash Kusum, 1965)മിന്റെ തുടര്‍ച്ചയാണ് 'ഇന്റര്‍വ്യൂ' എന്നു പറയാം. അതിലെ കേന്ദ്ര കഥാപാത്രം അജയ് ഒരു ജോലിക്കായി ശ്രമിക്കുകയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നാണ് 'ഇന്റര്‍വ്യൂ' അന്വേഷിക്കുന്നത്. മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍പ്പെട്ടവരും അച്ഛന്‍ മരിച്ചവരുമാണ് രണ്ടുപേരും. അവര്‍ രണ്ടു പേരുടേയും കാമുകിമാര്‍ ഉയര്‍ന്ന കുടുംബങ്ങളില്‍പ്പെട്ടവരുമാണ്. രണ്ടു വഴികളില്‍ ജിവിതം മുന്‍പോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍, 'ആകാശ് കുസുമി'ല്‍ അജയ് പരാജയപ്പെട്ട് പിന്‍വാങ്ങുന്നു, എന്നാല്‍, 'ഇന്റര്‍വ്യൂ'വില്‍ രഞ്ജിത് മല്ലിക്ക് പൊരുതാന്‍ തന്നെ തീരുമാനിക്കുന്നു. ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്നതായി തോന്നിക്കാന്‍ 'ഇന്റര്‍വ്യൂ'വിലെ കഥാപാത്രങ്ങള്‍ക്ക് അഭിനേതാക്കളുടെ പേരുകള്‍ തന്നെയാണ് സെന്‍ നല്‍കുന്നത്. ചിത്രത്തില്‍, കേന്ദ്ര കഥാപാത്രം രഞ്ജിത് മല്ലിക്കിനെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്ന സെന്നിന്റെ രീതി ഇന്ത്യന്‍ സിനിമ അതേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ളതാണ്. അന്ന് കല്‍ക്കട്ടയിലെ ജനകീയ വാഹനവും സെന്നിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനവുമായ ട്രാമിലെ തിരക്കില്‍ നില്‍ക്കുന്ന രഞ്ജിത്. തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന പെണ്‍കുട്ടി വായിക്കുന്ന സിനിമാ മാസികയില്‍ തന്റെ ഫോട്ടോ കാണുന്ന രഞ്ജിത്. പെണ്‍കുട്ടി രണ്ടുപേരെയും മാറിമാറി നോക്കുന്നു. ഇതു കണ്ട് അസ്വസ്ഥനാകുന്ന തൊട്ടടുത്ത സീറ്റിലെ യാത്രക്കാരന്‍. ഇതറിയുന്ന രഞ്ജിത് യാത്രക്കാരേയും പ്രേക്ഷകരേയും ഒരേപോലെ അഭിമുഖികരിച്ചുകൊണ്ട് പറയുന്നു: 'എല്ലാം എന്റെ തെറ്റാണ്. നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടാവും. ശരിയാണ്. അതെന്റെ ഫോട്ടോ തന്നെയാണ്. എന്നാല്‍, ഞാനൊരു സിനിമാതാരമൊന്നുമല്ല. എന്റെ പേര് രഞ്ജിത് മല്ലിക്ക്. ഭവാനിപുറില്‍ താമസിക്കുന്നു. ഒരു വാരികയില്‍ പ്രൂഫ് നോക്കി കിട്ടുന്ന ചുരുങ്ങിയ വരുമാനംകൊണ്ട് കുടുംബം പോറ്റുന്നു. (പ്രസ്സില്‍ ജോലി ചെയ്യുന്ന രഞ്ജിതിന്റെ ദൃശ്യം). തികച്ചും സാധാരണമായ എന്റെ ജിവിതം എന്തുകൊണ്ടോ ചലച്ചിത്ര സംവിധായകന്‍ മൃണാള്‍ സെന്നിനെ ആകര്‍ഷിച്ചു. അദ്ദേഹം പറഞ്ഞു: 'എന്റെ ക്യാമറ, കാലത്ത് മുതല്‍ വൈകിട്ട് വരെ നിങ്ങളെ പിന്തുടരും.' നിങ്ങള്‍ തന്നെ പറയൂ, ഇതിലെന്തെങ്കിലും അര്‍ത്ഥമുണ്ടോ? (കെ.കെ. മഹാജന്‍ രഞ്ജിത്തിനെ ചിത്രീകരിക്കുന്ന ദൃശ്യം.) ഇവിടെ ഞാനൊന്നും ചെയ്യേണ്ടതായിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. അതു ഞാന്‍ സെന്നിനോട് പറഞ്ഞിട്ടുണ്ട്. എനിക്ക് കൂടുതല്‍ മെച്ചപ്പെട്ട ഒരു ജോലി കിട്ടാനുള്ള സാധ്യത വന്നുചേര്‍ന്നിട്ടുണ്ട്. അതു കേട്ട അദ്ദേഹം പറഞ്ഞു: 'നല്ലത്, അതു തികച്ചും നാടകീയമായിരിക്കും.' (മഹാജന്‍ രഞ്ജിത്തിനെ ചിത്രീകരിക്കുന്നു) നോക്കൂ, അദ്ദേഹം എന്നെ വിടാതെ പിടികൂടിയിരിക്കുകയാണ്! ഞാനൊന്ന് പറയട്ടെ, ഇതുവരെ നിങ്ങള്‍ കണ്ടത് മുഴുവനും വാസ്തവമല്ല. ഞാനും ട്രാം യാത്രയും ഇന്നത്തെ ഇന്റര്‍വ്യൂവും നിങ്ങളുമൊക്ക പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യങ്ങളാണ്. എന്നാല്‍, എന്റെ അമ്മയായി ചിത്രത്തില്‍ വരാന്‍പോകുന്ന ആള്‍, ജീവിതത്തില്‍ എന്റെ അമ്മയല്ല, അവര്‍ പ്രശസ്തയായ ഒരു നടിയാണ്. തുടര്‍ന്ന്, സത്യജിത് റായുടെ 'പഥേര്‍ പഞ്ചാലി'യിലെ, സബര്‍ജയായി വേഷമിട്ട കരുണ ബാനര്‍ജിയുള്‍പ്പെട്ട, വികാരതീവ്രമായ ദൃശ്യം പ്രേക്ഷകര്‍ കാണുന്നു.
എഴുപതുകളില്‍ രാജ്യം നേരിട്ട പ്രധാന പ്രശ്‌നങ്ങളായ അധികാരം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവ ശക്തമായ രീതിയില്‍ ആവിഷ്‌കരിക്കാന്‍ തന്റെ മുന്‍ ആഖ്യാനവഴികള്‍ മതിയാകില്ലെന്നു തിരിച്ചറിഞ്ഞ സെന്‍, പ്രധാനമായും മൂന്ന് പുതിയ ആവിഷ്‌കാര രീതികളാണ് ഇന്റര്‍വ്യൂവില്‍ ഉപയോഗിക്കുന്നത്. ബ്രഹ്ത്തിന്റെ അന്യവല്‍ക്കരണം, യൂറോപ്യന്‍ ചലച്ചിത്രങ്ങളില്‍ അന്ന് കണ്ടുവന്നിരുന്ന സിനിമാ വെറിറ്റെ (Cinema Verite) മാതൃക, പതിവ് നരേറ്റീവ് ശൈലിയില്‍നിന്നുള്ള വ്യതിയാനം എന്നിവയാണ് ആ അടിസ്ഥാന ഘടകങ്ങള്‍. തുടക്കത്തില്‍ ഇവ പ്രേക്ഷകരില്‍ അമ്പരപ്പുണ്ടാക്കിയെങ്കിലും പിന്നീട് അവര്‍ അതുമായി പൊരുത്തപ്പെട്ടെന്നു മാത്രമല്ല, സിനിമ മുന്‍പോട്ട് വെയ്ക്കുന്ന പ്രമേയത്തെ മികച്ച രീതിയില്‍ സ്വീകരിക്കുകയും ചെയ്തു. രഞ്ജിത് മല്ലിക്കിന്റെ സ്വയം പരിചയപ്പെടുത്തലിനു ശേഷം, അയാള്‍ ട്രാമില്‍നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ ഒരു യാത്രക്കാരന്‍ ഇങ്ങനെ പ്രതികരിക്കുന്നു: 'ഇതിനെയാണോ നിങ്ങള്‍ സിനിമയെന്നു വിളിക്കുന്നത്? ഇത് എന്റേയും നിങ്ങളുടേയും കഥയാണ്.' അതെ, രഞ്ജിത് മല്ലിക്കിന്റെ കഥ അക്കാലത്തെ ജനങ്ങളുടെ കഥ തന്നെയായിരുന്നു. തുടര്‍ന്നുള്ള ദൃശ്യങ്ങളില്‍, അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന തൊഴിലാളികള്‍, ആയുധങ്ങളുമായി തെരുവില്‍ പ്രകടനം നടത്തുന്ന ആദിവാസികള്‍, വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും പ്രക്ഷോഭങ്ങള്‍ എന്നീ ദൃശ്യങ്ങള്‍. അവയെ നേരിടുന്ന പൊലീസ്. ലാത്തിച്ചാര്‍ജ്ജ്, ബോംബ് സ്‌ഫോടനം, സംഘര്‍ഷങ്ങള്‍. എഴുപതുകളിലെ കല്‍ക്കട്ടയുടെ ഒരു ഭാഗം മാത്രമാണ് ഇന്റര്‍വ്യൂ ആവിഷ്‌കരിക്കുന്നതെന്ന് സെന്‍ അഭിപ്രായപ്പെടുന്നു. എഴുപതുകളില്‍ കല്‍ക്കട്ടയില്‍ ജീവിക്കുന്ന ഏതൊരു തൊഴില്‍രഹിതനായ അഭ്യസ്തവിദ്യനും നേരിടുന്ന പ്രശ്‌നങ്ങളാണ് രഞ്ജിത്തും അനുഭവിക്കുന്നതെന്ന് സെന്‍ സൂചിപ്പിക്കുന്നു.

കോളനിഭരണക്കാലത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ സ്ഥാപിക്കപ്പെട്ട പ്രതിമകള്‍ നീക്കം ചെയ്യുന്ന ദൃശ്യത്തിലാരംഭിക്കുന്ന 'ഇന്റര്‍വ്യൂ', മനസ്സുകളില്‍ അവശേഷിക്കുന്ന കൊളോണിയല്‍ അടിമത്വത്തെക്കുറിച്ചാണ് പറയുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം, മികച്ച ഒരു ജോലിക്കായുള്ള 'ഇന്റര്‍വ്യൂ'വില്‍ പങ്കെടുക്കുന്ന അഭ്യസ്തവിദ്യന്, കൊളോണിയല്‍ വേഷമായ സ്യൂട്ട് ധരിക്കാതിരുന്നതു മൂലം ജോലി ലഭിക്കാതെ വരുന്ന സംഭവം ആവിഷ്‌കരിക്കുന്ന ചിത്രം, എഴുപതുകളില്‍ കല്‍ക്കട്ടയടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ കഴിഞ്ഞിരുന്ന യുവജനതയുടെ ദുരിതജിവിതമാണ് ആവിഷ്‌കരിക്കുന്നത്. ചിത്രം സൂചിപ്പിക്കുന്നതുപോലെ ഇത് രഞ്ജിത് മല്ലിക്കിന്റെ മാത്രം കഥയല്ല, ഓരോ കല്‍ക്കട്ടക്കാരന്റേയും ഇന്ത്യക്കാരന്റേയും കഥ കൂടിയാണ്. ഒരു പ്രസിദ്ധീകരണ സ്ഥാപനത്തില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന രഞ്ജിത്തിന്, താന്‍ ജോലിചെയ്യുന്ന വിദേശ സ്ഥാപനത്തില്‍ മെച്ചപ്പെട്ട ഒരു ജോലി സംഘടിപ്പിച്ച് കൊടുക്കുന്ന ശേഖര്‍, രഞ്ജിത്തിന്റെ അന്തരിച്ച പിതാവിന്റെ സുഹൃത്താണ്. സ്യൂട്ട് ധരിച്ചു മാത്രമേ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് അയാള്‍ രഞ്ജിത്തിനോട് പ്രത്യേകം പറയുന്നു. ഡ്രൈക്ലീനിങ്ങിനായി കൊടുത്ത സ്യൂട്ട്, തൊഴിലാളികളുടെ സമരം കാരണം ലഭിക്കാതെ വന്നപ്പോള്‍, രഞ്ജിത് സുഹൃത്തിന്റെ സ്യൂട്ട് കടം വാങ്ങുന്നു. എന്നാല്‍, ട്രാമിനകത്ത് നടന്ന ഒരു മോഷണശ്രമവുമായി ബന്ധപ്പെട്ട ബഹളത്തില്‍ ഇടപെടുന്ന അയാള്‍, അത് ട്രാമില്‍ മറന്നുവെയ്ക്കുന്നു. ഒടുവില്‍, ബംഗാളിലെ പാരമ്പര്യവേഷത്തില്‍ ഇന്റര്‍വ്യൂവിനു ഹാജരാകുന്ന രഞ്ജിത്തിന്, സ്യൂട്ട് ധരിക്കാത്തതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെടുന്നു.
ലേഖകന്‍ കഥാപാത്രത്തോട് സംസാരിക്കുമ്പോള്‍
ചിത്രമാരംഭിക്കുമ്പോള്‍ നാം കാണുന്ന, നഗരത്തില്‍ സ്ഥാപിച്ച പ്രതിമകള്‍ ഇളക്കിമാറ്റി വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യത്തെത്തുടര്‍ന്ന്, സിനിമാ സൗണ്ട് ട്രാക്കിന്റെ ദൃശ്യത്തില്‍, ഇന്റര്‍വ്യൂവിനു പൊതുവായി ചോദിക്കാറുള്ള ചില ചോദ്യങ്ങള്‍ പ്രേക്ഷകര്‍ കേള്‍ക്കുന്നു. പിന്നീട് കല്‍ക്കട്ടയിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്ന ക്യാമറ, കേന്ദ്ര കഥാപാത്രമായ രഞ്ജിത് മല്ലിക്കിന്റെ വീട്ടിലെത്തുന്നു. അച്ഛന്‍ മരിച്ച ശേഷം, മാതാവിനേയും വിവാഹബന്ധം വേര്‍പിരിഞ്ഞ സഹോദരി മിട്ടുവിനേയും ഒരു ചെറുകിട വാരികയില്‍ പ്രൂഫ് റീഡറായ രഞ്ജിതാണ് സംരക്ഷിക്കുന്നത്. വൈകീട്ട് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്ന രഞ്ജിത്തിനെ സഹായിക്കുന്ന അമ്മയും സഹോദരി മിട്ടുവും അയാളുടെ പുതിയ ജോലി അവരുടെ ജീവിതത്തിലുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ഏറെ പ്രതീക്ഷയില്‍ കഴിയുന്നു. അച്ഛന്റെ സുഹൃത്ത് ശേഖര്‍ ജോലി ചെയ്യുന്ന ബ്രിട്ടീഷ് കമ്പനിയില്‍ കിട്ടാന്‍ പോകുന്ന ജോലി അവരുടെ ജീവിതം ആകെ മാറ്റുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ ധരിക്കാനായി ഷൂവിനായി തിരയുന്ന രഞ്ജിത്ത്, അയാളെ ടൈ കെട്ടാന്‍ പഠിപ്പിക്കുന്ന മിട്ടു എന്നീ ദൃശ്യങ്ങള്‍ക്കുശേഷം, ഡ്രൈക്ലീനിംഗിനായി കൊടുത്ത സ്യൂട്ട് വാങ്ങാന്‍ പോകുന്ന രഞ്ജിത്ത്. ട്രാമില്‍ സഞ്ചരിക്കുന്ന രഞ്ജിത്ത്, അടുത്ത് ഇരിക്കുന്ന പെണ്‍കുട്ടി ഫിലിം മാഗസിനില്‍ തന്നെ തിരിച്ചറിഞ്ഞപ്പോള്‍, തന്റെ കഥ പറഞ്ഞുതുടങ്ങുന്നു. ഇവിടെ ചിത്രം കല്‍ക്കട്ടയുടെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ദൃശ്യങ്ങളിലേക്കു പോകുന്നു. പണിമുടക്കുകള്‍, അവയോട് അനുബന്ധിച്ച പ്രകടനങ്ങള്‍, പൊലീസ് വെടിവെയ്പ് എന്നിവയുടെ ദൃശ്യങ്ങള്‍, ഇത്ര രൂക്ഷമായിട്ടല്ലെങ്കിലും രാജ്യത്തെ മറ്റു നഗരങ്ങളിലും അക്കാലത്തെ പതിവു കാഴ്ചകളായിരുന്നു. ഡ്രൈക്ലീനിംഗ് കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്കു കാരണം തന്റെ സ്യൂട്ട് കിട്ടാതാവുന്ന രഞ്ജിത്, കാമുകി ബുള്‍ബുളിന്റെ വീട്ടില്‍നിന്ന് അവളുടെ അച്ഛന്റെ സ്യൂട്ട് പരിശോധിക്കുമ്പോള്‍ അത് കീറിയിരിക്കുന്നതായി കാണുന്നു.
ചിത്രത്തില്‍, പലപ്പോഴും രഞ്ജിത് അടക്കമുള്ള കഥാപത്രങ്ങള്‍ പ്രേക്ഷകരോടാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അവരുടെ വിരലുകള്‍ പ്രേക്ഷകര്‍ക്കു നേരെ നീളുന്നു. പ്രേക്ഷകന്‍ കഥാപാത്രത്തോട് സംസാരിക്കുന്ന അപൂര്‍വ്വമായൊരു ചിത്രമാണ് 'ഇന്റര്‍വ്യൂ.' 'ഇന്റര്‍വ്യൂ'വിന്റെ അവസാന ഭാഗത്ത്, ജോലി നഷ്ടപ്പെട്ട രഞ്ജിത് ഏകനായി ഇരിക്കുമ്പോള്‍ സിഗരറ്റ് കത്തിച്ചു കൊടുക്കുന്ന ആള്‍, താന്‍ കാലത്ത് മുതല്‍ രഞ്ജിത്തിനെ പിന്തുടരുകയായിരുന്നു എന്നു പറഞ്ഞുകൊണ്ട്, ജോലി നഷ്ടപ്പെട്ടതില്‍ ദുഃഖമില്ലേ എന്ന് അയാളോട് ചോദിക്കുന്നു. ജോലി നഷ്ടപ്പെട്ട ദുഃഖത്തില്‍ കരയുകയായിരുന്നെങ്കിലും ഇല്ലെന്ന് അയാള്‍ പറയുന്നു. തുടര്‍ന്ന് ചിത്രത്തില്‍ കാണുന്ന വിയറ്റ്‌നാം യുദ്ധത്തിന്റേയും ലോകം മുഴുവന്‍ നടക്കുന്ന നീഗ്രോ പ്രതിരോധങ്ങളുടേയും ദൃശ്യങ്ങള്‍ സമൂലവും സമഗ്രവുമായ ഒരു മാറ്റത്തിന്റെ ആവശ്യകതയിലേക്കാണ് പ്രേക്ഷകരെയെത്തിക്കുന്നത്. അമ്മയ്ക്കും സഹോദരിക്കും കാമുകി ബുള്‍ബുളിനുമൊപ്പമുള്ള സുഖകരമായ ജീവിതം സങ്കല്പിച്ച രഞ്ജിത്, ഒടുവില്‍ തനിക്ക് തെറ്റുപറ്റിയതായി തിരിച്ചറിയുന്നു. പുതിയ ഫ്‌ലാറ്റില്‍, ബുള്‍ബുളിനൊപ്പം സന്തോഷം നിറഞ്ഞ ജീവിതം സ്വപ്നം കണ്ട അയാള്‍, അവസാനം പരാജയപ്പെടുന്നു.
1947ല്‍ ബ്രിട്ടീഷ് ഭരണം രാജ്യത്ത് അവസാനിച്ചിരുന്നെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നു. അക്കാലത്ത് സ്ഥാപിക്കപ്പെട്ട പ്രതിമകള്‍ പലതും നീക്കം ചെയ്തിരുന്നുവെങ്കിലും ആളുകളുടെ മനസ്സുകളില്‍ അവ ഇപ്പോഴും അവശേഷിക്കുന്നു. ഓഫീസുകളില്‍ പാശ്ചാത്യവേഷങ്ങളില്‍ ജോലി ചെയ്യുന്നവരെ ചിത്രം പ്രേക്ഷകര്‍ക്കു മുന്‍പിലെത്തിക്കുന്നു. വളരെ വിഷമിച്ച് ഇന്റര്‍വ്യൂവിനു പോകാന്‍ തയ്യാറെടുക്കുന്ന രഞ്ജിത്തിനെ, ഉത്തരവാദിത്വമില്ലാത്തവനെന്നു കുറ്റപ്പെടുത്തുന്ന ശേഖര്‍, തലമുറകള്‍ക്കിടയിലെ അന്തരമാണ് രേഖപ്പെടുത്തുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും ബ്രിട്ടീഷ് സമ്പ്രദായങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും അവയെ പൂര്‍ണ്ണമായും തുടച്ചുമാറ്റേണ്ടതുണ്ടെന്നും ശക്തമായ രീതിയില്‍ ചിത്രം ആഹ്വാനം ചെയ്യുന്നു. കടയില്‍, സ്യൂട്ട് ധരിച്ചു പ്രദര്‍ശിപ്പിക്കപ്പെട്ട പ്രതിമയ്ക്കുനേരെ കല്ലെറിയുന്ന രഞ്ജിത് അതിനെ പൂര്‍ണ്ണമായും വിവസ്ത്രനാക്കുന്നു. ഇതിനൊപ്പമുള്ള, ജനങ്ങളുടെ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളും ചേര്‍ന്ന്, ശക്തമായ ഒരു ജനകീയ പ്രതിരോധനിരയുടെ കാഴ്ചയിലാണ് 'ഇന്റര്‍വ്യൂ' അവസാനിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരികവും കലാപരവുമായ ചിഹ്നങ്ങളും ചിത്രം ആവിഷ്‌കരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. വിദേശ ചിഹ്നങ്ങള്‍ ബഹിഷ്‌കരിക്കുകയും സ്വന്തം അടയാളങ്ങള്‍ സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നു ചിത്രം അടിവരയിടുന്നു. ബുള്‍ബുളുമൊത്ത് രഞ്ജിത്ത് സന്ദര്‍ശിക്കുന്ന മ്യൂസിയത്തിലെ ശില്പങ്ങളുടെ ദൃശ്യങ്ങള്‍ ഇതിന്റെ കൃത്യമായ സൂചനയാണ്. കെ.കെ. മഹാജന്റെ ക്യാമറയും പ്രസിദ്ധ സംഗീതജ്ഞന്‍ വിജയ് രാഘവ റാവുവിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മികച്ച ദൃശ്യശ്രാവ്യ അനുഭവമാക്കി മാറ്റുന്നു. ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത തരത്തിലുള്ള 'ഇന്റര്‍വ്യൂ'വിന്റെ സവിശേഷമായ ചിത്രീകരണരീതി കാരണമാണ്, അരനൂറ്റാണ്ടിനു ശേഷവും ഇന്ത്യന്‍ സിനിമയിലെ ശക്തമായ രാഷ്ട്രീയ ചിത്രമായി അതു നിലനില്‍ക്കുന്നത്. രഞ്ജിത് മല്ലിക്കിന്റെ ആദ്യ ചിത്രമാണെങ്കിലും 1975ലെ കാര്‍ലോവാരി ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം 'ഇന്റര്‍വ്യൂ'വിലെ അഭിനയം അദ്ദേഹത്തിനു നേടിക്കൊടുത്തു.

കല്‍ക്കട്ട 71
കല്‍ക്കട്ട ത്രയത്തിലെ രണ്ടാമത്തെ ചിത്രമായ 'കല്‍ക്കട്ട 71', 1972-ലാണ് മൃണാള്‍ സെന്‍ സംവിധാനം ചെയ്തത്. ഘടനാപരമായി തികച്ചും വ്യത്യസ്തമായൊരു സെന്‍ ചിത്രമാണ് 'കല്‍ക്കട്ട 71.' അതിന്റെ തുടക്കത്തിലുള്ള മൂന്നു ഭാഗങ്ങളില്‍ ആദ്യഭാഗത്ത്, 20 വയസ്സുകാരന്റെ ഗാനരൂപത്തിലുള്ള ആത്മഗതം ഇങ്ങനെ കേള്‍ക്കാം:
'എനിക്ക് ഇരുപത് വയസ്സ്, ആയിരം വര്‍ഷങ്ങളായി ഞാന്‍ ഇരുപതുകാരനായി തുടരുകയാണ്, അപ്പോഴൊക്കെ ദാരിദ്ര്യത്തിലൂടെയും മരണത്തിലൂടെയുമാണ് ഞാന്‍ സഞ്ചരിച്ചുകൊണ്ടിരുന്നത്, 1000 വര്‍ഷങ്ങള്‍ നിരാശയാണ് ഞാന്‍ ശ്വസിച്ചുകൊണ്ടിരുന്നത്, 1000 വര്‍ഷങ്ങള്‍ അറ്റമില്ലാത്ത ദാരിദ്ര്യത്തിന്റെ ചരിത്രമാണ് ഞാന്‍ കണ്ടുകൊണ്ടിരുന്നത്, ചൂഷിതരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും അപമാനിക്കപ്പെട്ടവരുടേയും ചരിത്രം ഞാന്‍ കണ്ടു.'
ചിത്രത്തില്‍ പല ഘട്ടങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെടുന്നു. തുടര്‍ന്ന് മുന്‍ ചിത്രം 'ഇന്റര്‍വ്യൂ'വിന്റെ അവസാന ഭാഗത്ത് പാവമോഡലിനെ വിവസ്ത്രനാക്കി നശിപ്പിച്ചതിന്റെ പേരില്‍ രഞ്ജിത് മല്ലിക്കിനെ വിചാരണ ചെയ്യുന്ന കോടതിമുറിയിലെ ദൃശ്യത്തിനു ശേഷം, സുന്ദരിയും നിഷ്‌കളങ്കയുമായ പെണ്‍കുട്ടി ഉള്‍പ്പെട്ട ഫാന്റസി നാം കാണുന്നു. ചിത്രത്തിന്റെ മദ്ധ്യഭാഗത്ത്, മൂന്ന് പതിറ്റാണ്ടുകളെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് ബംഗാളി കഥകളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളാണുള്ളത്. ചിത്രത്തിന്റെ അവസാന ഭാഗത്ത്, ഒരു പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു ഫാന്റസിയില്‍ അവസാനിക്കുന്നു. തുടക്കത്തില്‍ ബന്ധമില്ലെന്നു തോന്നുമെങ്കിലും ചിത്രത്തിലെ ഈ മൂന്നു ഭാഗങ്ങളും അവയ്ക്കിടയിലുള്ള ദൃശ്യങ്ങളും യുവാവിന്റെ ആവര്‍ത്തിക്കപ്പെടുന്ന ആത്മഗതത്താല്‍ പരസ്പരം ബന്ധിക്കപ്പെടുന്നു. ഒടുവില്‍ സമൂര്‍ത്തവും തീക്ഷ്ണവുമായൊരു കാഴ്ചാനുഭവമായി ചിത്രം അവസാനിക്കുന്നു.
രാജ്യത്ത് അവശേഷിക്കുന്ന കൊളോണിയല്‍ സമീപനങ്ങള്‍ കാരണം ജോലി നഷ്ടപ്പെടുന്ന രഞ്ജിത് മല്ലിക്കിന്റെ ഒറ്റയാള്‍ പ്രതിഷേധം മൂലം അയാളെ വിചാരണ ചെയ്യുന്ന കോടതി ദൃശ്യത്തില്‍ 'കല്‍ക്കട്ട 71' ആരംഭിക്കുന്നു. തുക്കിലേറ്റിയ ആളെപ്പോലെ കാണപ്പെടുന്ന പാവമോഡല്‍, കുറ്റാരോപിതനായ രഞ്ജിത്, അഡ്വക്കേറ്റുമാര്‍, ന്യായാധിപന്‍ എന്നിവരുടെ ദൃശ്യത്തിനൊടുവില്‍, രഞ്ജിത്തിന്റേത് സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നെന്നു കണ്ടെത്തുന്ന കോടതി, അയാളെ വെറുതെ വിടുന്നു. അതിന്റെ തുടര്‍ച്ചയായി, കല്‍ക്കട്ട നഗരത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ കാഴ്ചകള്‍. തുടര്‍ന്ന്, പൊലീസിന്റെ കൈകളില്‍നിന്ന് ഓടി രക്ഷപ്പെടുന്ന ചെറുപ്പക്കാരന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. നഗരങ്ങളും ഗ്രാമങ്ങളും കടല്‍ത്തീരങ്ങളും കടന്ന്, മഞ്ഞുവീഴുന്ന പ്രഭാതത്തില്‍ നഗരത്തിലെ പാര്‍ക്കിലൂടെ ഓടുന്ന അയാള്‍, ഒടുവില്‍ വെടിയേറ്റ് വീഴുന്നു. വെടിയുടെ ശബ്ദം കേള്‍ക്കുന്ന പക്ഷിക്കൂട്ടം പേടിച്ചു പറന്നകന്നുപോകുന്നു. അക്കാലത്ത് കല്‍ക്കട്ട നഗരത്തില്‍ പതിവായി കേള്‍ക്കാറുണ്ടായിരുന്ന, അനാഥശവങ്ങളെക്കുറിച്ചുള്ള റേഡിയോ അറിയിപ്പ് ഒരിക്കല്‍കൂടി നാം കേള്‍ക്കുന്നു. 'ഇരുപത് വയസ്സുള്ള ചെറുപ്പക്കാരന്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ മരിച്ചുകിടക്കുന്നു. തിരിച്ചറിഞ്ഞിട്ടില്ലാത്ത അയാളുടെ ദേഹത്ത് മൂന്ന് വെടിയുണ്ടകളേറ്റ പാടുകളുണ്ട്.' കല്‍ക്കട്ടയില്‍ നക്‌സലൈറ്റ് പ്രസ്ഥാനം സജീവമായിരുന്ന കാലത്ത്, പതിവായി നഗരത്തില്‍ പൊലീസ് വെടിവെയ്പ് നടക്കാറുണ്ടായിരുന്നു. അങ്ങനെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കാണപ്പെട്ടിരുന്ന 'അജ്ഞാതശവങ്ങള്‍ വാര്‍ത്തകളല്ലാതായിത്തീര്‍ന്നു. അതിനിടയില്‍, കല്‍ക്കട്ടയില്‍ കാമുകീ കാമുകന്മാര്‍ പതിവായി ചെന്നിരിക്കാറുള്ള വിക്ടോറിയ മെമ്മോറിയലിന്റെ പശ്ചാത്തലത്തില്‍, 'ഭുവന്‍ ഷോമിലെ നടി സുഹാസിനി മുലെ ആരെയോ കാത്തിരിക്കുന്നത് നാം കാണുന്നു. തുടര്‍ന്ന്, ചെറുപ്പക്കാരന്‍ ഓടിമറയുന്നു, പിന്നീട് വെടിയേറ്റു വീഴുന്നു. ഇങ്ങനെ ഫാന്റസിയും യാഥാര്‍ത്ഥ്യങ്ങളും ഒരുമിച്ചു ചേരുമ്പോള്‍, എഴുപതുകളിലെ കല്‍ക്കട്ടയിലെ യുവജീവിതങ്ങളുടെ ദുരന്തജീവിതചിത്രം പൂര്‍ത്തിയാവുന്നു.
ചിത്രത്തിന്റെ അടുത്ത ഭാഗം, മൂന്ന് പ്രശസ്ത ബംഗാളി കഥകളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളാണ്. മൂന്നു പതിറ്റാണ്ടുകളുടെ ഇടവേളകളിലായി എഴുതപ്പെട്ട ഈ കഥകള്‍, കല്‍ക്കട്ടയുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അവസ്ഥകള്‍ വെളിപ്പെടുത്തുന്നു. മണിക്ക് ബന്ദോപാദ്ധ്യായയുടെ 'ആത്മഹത്യ ചെയ്യാനുള്ള അവകാശം' (1933), പ്രബോധ് കമാര്‍ സന്യാലിന്റെ 'അഗ്‌നി' (1943), സമരേഷ് ബസുവിന്റെ 'കള്ളക്കടത്തുകാര്‍' (1953) എന്നിവയാണ് സെന്‍ തിരഞ്ഞെടുത്ത ഈ കഥകള്‍. ഈ മൂന്നു കഥകളുടെ ആവിഷ്‌കാരങ്ങളിലൂടെ ദാരിദ്ര്യത്തെ ക്രോധവുമായി സവിശേഷമായ രീതിയില്‍ സെന്‍ ബന്ധപ്പെടുത്തുന്നു.
സൂക്ഷ്മമായി ചിത്രത്തിലേക്ക് കടക്കുമ്പോള്‍, കല്‍ക്കട്ട നഗരത്തിന്റെ സമഗ്രമായ കാഴ്ചയോടെ സെന്‍ കല്‍ക്കട്ട 71 ആരംഭിക്കുന്നതായി നാം കാണുന്നു. തെരുവുകളിലൂടെ സഞ്ചരിക്കുന്ന ക്യാമറ, കുതിര പന്തയം,
സംഗീതനൃത്ത പ്രകടനങ്ങള്‍, കാളീപൂജ എന്നീ പതിവ് നഗരദൃശ്യങ്ങളിലൂടെ കടന്നുപോയ ശേഷം, പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന നഗരത്തിന്റെ ഉള്ളിലേക്കു നാം കടക്കുന്നു. കല്‍ക്കട്ടയില്‍ നടക്കുന്ന തൊഴിലാളി പ്രകടനങ്ങളും അവയ്ക്കു നേരെയുള്ള പൊലീസ് അതിക്രമങ്ങളും നഗരത്തിലെ ദാരിദ്ര്യകാഴ്ചകളും കടന്ന്, ചിത്രം 'ഇന്റര്‍വ്യൂ'വിലെ രഞ്ജിത് മല്ലിക്കിലെത്തുന്നു. ടെയിലറിങ് ഷോപ്പിലെ മോഡല്‍ തകര്‍ത്തതിന്റെ പേരില്‍ അയാള്‍ കോടതിയില്‍ വിചാരണ നേരിടുന്നു.
ജീവിതം വെറുത്ത് പരസ്പരം കലഹിക്കുന്നവര്‍ ഒടുവില്‍ ദുരന്തങ്ങള്‍ക്കു മുന്‍പില്‍ ഒരുമിച്ചു നില്‍ക്കുന്നതാണ് തുടര്‍ന്ന് നാം കാണുന്നത്. ഇഷ്ടമില്ലെങ്കിലും സമ്പന്നനായ ആളുടെ വീട്ടില്‍ അഭയം തേടാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുന്നു. കല്‍ക്കട്ടയിലെ (രാജ്യത്തെ മറ്റു നഗരങ്ങളിലേയും) ചേരികളില്‍ കഴിയുന്നവരുടെ ജീവിതം ഇത്രയും തീവ്രമായി ആവിഷ്‌കരിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിരുന്നോ എന്നു സംശയമാണ്. കനത്ത മഴയില്‍, താമസിക്കുന്ന ഒറ്റമുറി വീടിന്റെ മേല്‍ക്കൂര പൊളിഞ്ഞ്, മുറിയില്‍ വെള്ളം വീഴുന്ന സ്ഥലങ്ങളില്‍നിന്നു മാറിക്കിടക്കുമ്പോള്‍, പുറത്തു പട്ടിയുടെ കുര കേള്‍ക്കുന്ന ഗൃഹനാഥന്‍ നീലമണി, ദേഷ്യവും സങ്കടവും മൂലം അതിനെ ഓടിക്കാനായി പുറത്തേക്കു പോകുന്നു. അയാളെ തടയാന്‍ ശ്രമിക്കുന്ന മകള്‍ ശ്യാമയ്ക്ക് അതിനെ വളരെ ഇഷ്ടമാണ്. ഒടുവില്‍ മഴ കനത്തപ്പോള്‍ രക്ഷയില്ലാതെ, അഭയം തേടി സര്‍ക്കാരിന്റെ വിട്ടിലേക്കു ചെല്ലുമ്പോള്‍, അവിടെ നിറയെ മഴ മൂലം സമാനമായ അവസ്ഥയിലുള്ളവര്‍. അവര്‍ക്കൊപ്പം തെരുവ് പട്ടി ഭുലുവുമുണ്ട്. ദുരന്തങ്ങള്‍ നേരിടുന്നവര്‍ക്കിടയില്‍ സ്വാഭാവികമായി കാണപ്പെടുന്ന അക്ഷമയും വിദ്വേഷവും ഇവിടെ സൂക്ഷ്മമായി സെന്‍ ആവിഷ്‌കരിക്കുന്നു.

1943ല്‍ ബംഗാളില്‍ നടന്ന ക്ഷാമം പശ്ചാത്തലമാക്കുന്ന അടുത്ത ഭാഗം, കല്‍ക്കട്ടയിലെ ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബത്തിന്റെ ദുരന്തപൂര്‍ണ്ണമായ ജീവിതമാണ് ചിത്രീകരിക്കുന്നത്. ഭര്‍ത്താവ് മരിച്ച ശോവനയുടെ ദാരിദ്ര്യം മൂലം, അവരുടെ മകനെ ഭര്‍ത്തൃവീട്ടുകാര്‍ അയാളുടെ വീട്ടിലേക്കു കൊണ്ട് പോകന്നു. മറ്റൊരു വഴിയുമില്ലാതെ സ്വന്തം ശരീരം വിറ്റു ജീവിക്കാന്‍ നിര്‍ബ്ബന്ധിതയായ ശോവന, അതിനു കാരണക്കാരിയായ സ്വന്തം അമ്മയെ കുറ്റപ്പെടുത്തുന്നു. വീട് വിട്ടുപോയ സഹോദരന്‍ നുട്ടു, തന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുന്ന സഹോദരി മീനു. ഇവരുടെയൊക്കെ ജീവിതങ്ങളില്‍ ആശങ്കപ്പെടുന്ന ശോവനയെ കാണാന്‍ അവരുടെ ബന്ധു ഡല്‍ഹിയില്‍നിന്നു വരുന്നു. പ്രതീക്ഷയോടെ വരുന്ന അയാള്‍, അവരുടെ യഥാര്‍ത്ഥ അവസ്ഥ കണ്ടപ്പോള്‍ നിരാശയോടെ തിരിച്ചുപോകുന്നു. 1943ലെ ക്ഷാമം കല്‍ക്കട്ടയിലുണ്ടാക്കിയ ദുരന്തങ്ങള്‍ തീക്ഷ്ണമായി ചിത്രത്തിന്റെ ഈ ഭാഗം ആവിഷ്‌കരിക്കുന്നു. തകരുന്ന കുടുംബജീവിതങ്ങള്‍ക്കൊപ്പം ദാരിദ്ര്യത്തിന്റെ തീവ്രമായ കാഴ്ചകളും നാമിവിടെ കാണുന്നു. നിസ്സഹായത മൂലം പരസ്പരം കുറ്റപ്പെടുത്തുകയും സ്വാര്‍ത്ഥയായി വിശേഷിപ്പിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു കരയുകയും ചെയ്യുന്ന ശോവനയും അമ്മയും തകരുന്ന കുടുംബങ്ങളിലെ ദുരന്തകാഴ്ചയായി അവശേഷിക്കുന്നു. ക്ഷാമം ജീവിതങ്ങളിലുണ്ടാക്കിയ അപമാനവീകരണം ചിത്രം സൂക്ഷ്മമായി രേഖപ്പെടുത്തുന്നു. സ്വന്തം വീടിനു പുറത്ത്, ക്ഷാമമുണ്ടാക്കിയ പട്ടിണിയുടെ ദൃശ്യങ്ങള്‍ സെന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പട്ടിണിമൂലം റോഡുകളില്‍ മരിച്ചുകിടക്കുന്നവരെ താന്‍ പതിവായി കാണാറുണ്ടായിരുന്നെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ഇവിടെ ആ കാഴ്ചകള്‍ പുനഃസൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കഞ്ഞി വെള്ളത്തിനായി യാചിക്കുന്നവര്‍, അതിനിടയില്‍ വിശപ്പ് സഹിക്കാനാവാതെ റോഡില്‍ മറിഞ്ഞു വീഴുന്നവര്‍, ക്ഷാമം കാരണം സ്‌കൂള്‍ അടച്ചതോടെ ജോലി നഷ്ടപ്പെട്ട അദ്ധ്യാപകന്റെ ആത്മഹത്യ ചെയ്ത ഭാര്യയും എങ്ങോട്ടേക്കോ ഓടിപ്പോയ മകളും. വെള്ളം മാത്രം കുടിച്ചു ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന അയാള്‍ ഹൃദയസ്പര്‍ശിയായ ഒരു കാഴ്ചയാണ്. എപ്പോള്‍ വേണമെങ്കിലും അയാള്‍ മരിക്കാം. ആരും പ്രതികരിക്കാനില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന നഗരത്തില്‍ അയാള്‍ നിരാശനാകുന്നു. തന്റെ ആരെല്ലാമോ ആയിരുന്ന ബന്ധു തിരിച്ചുപോയപ്പോള്‍, തകര്‍ന്ന തന്റെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചുനില്‍ക്കുന്ന ശോവനയില്‍ ചിത്രത്തിന്റെ ഈ ഭാഗം സെന്‍ അവസാനിപ്പിക്കുന്നു. ശോവനയായി വേഷമിട്ട മാധബി മുഖര്‍ജിയുടെ അഭിനയമികവില്‍ ചിത്രത്തിന്റെ ഈ ഭാഗം തീവ്രമായ ഒരനുഭവമായി മാറുന്നു.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
ഈ ലേഖനം കൂടി വായിക്കൂ
അര്‍ത്ഥരഹിതവും നിഗൂഢവുമായ ലോകത്തിന്റെ അതിശയ ആവിഷ്‌കാരങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ