അര്‍ത്ഥരഹിതവും നിഗൂഢവുമായ ലോകത്തിന്റെ അതിശയ ആവിഷ്‌കാരങ്ങള്‍

തുര്‍ക്കിയിലെ മാത്രമല്ല, ലോകം മുഴുവനുള്ള വര്‍ത്തമാന-ഭാവി ജീവിതങ്ങളെക്കുറിച്ച് ഏറെ ആശങ്കാകുലനാണ്, പ്രശസ്ത ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ടൈഫണ്‍ പേഴ്സിമോഗ്ലോ
അര്‍ത്ഥരഹിതവും നിഗൂഢവുമായ ലോകത്തിന്റെ അതിശയ ആവിഷ്‌കാരങ്ങള്‍

തുര്‍ക്കിയിലെ മാത്രമല്ല, ലോകം മുഴുവനുള്ള വര്‍ത്തമാന-ഭാവി ജീവിതങ്ങളെക്കുറിച്ച് ഏറെ ആശങ്കാകുലനാണ്, പ്രശസ്ത ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ടൈഫണ്‍ പേഴ്സിമോഗ്ലോ (Tayfun Pirselimoglu). ഈ ആകുലതകളാണ് സിനിമകള്‍ വഴി അദ്ദേഹം പ്രേക്ഷകരിലെത്തിക്കാന്‍ ശ്രമിക്കുന്നത്. തുര്‍ക്കിയില്‍ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടേയും ദുരന്തങ്ങളുടേയും ശക്തമായ അലിഗറികളായ ഈ ചലച്ചിത്രാഖ്യാനങ്ങളില്‍ ഏറ്റവും പുതിയ ചിത്രം കെര്‍ (Kerr) ഇക്കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (2022) മികച്ച സംവിധായകനുള്ള രജതചകോരം പേഴ്സിമോഗ്ലോവിനു നേടിക്കൊടുത്തു. 1996 മുതല്‍ സിനിമ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തെ, യില്‍ മാസ് ഗുനെ(Yilmaz Guney)യെപ്പോലുള്ള, തുര്‍ക്കിയിലെ രാഷ്ട്രീയ ചലച്ചിത്ര സംവിധായക നിരയിലെ ശ്രദ്ധേയ ചലച്ചിത്രകാരനായാണ് സിനിമാലോകം വിലയിരുത്തുന്നത്. വര്‍ഷങ്ങളായി, മാറിമാറി തുര്‍ക്കിയില്‍ അധികാരത്തിലെത്തുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ജനങ്ങളുടെമേല്‍ പ്രയോഗിക്കുന്ന ക്രൂരമായ അതിക്രമങ്ങളോടുള്ള തീവ്രമായ പ്രതികരണങ്ങളാണ് പേഴ്സിമോഗ്ലോ ചിത്രങ്ങള്‍. ആര്‍ക്കും തടയാന്‍ കഴിയാത്ത അന്ത്യവിധിദിന ദുരന്തങ്ങളുടെ സമീപം ലോകമെത്തിക്കഴിഞ്ഞെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഈ ദൃശ്യാവിഷ്‌കാരങ്ങള്‍ ചുറ്റുമുള്ള നിരര്‍ത്ഥകങ്ങളും ദുരന്തപൂര്‍ണ്ണങ്ങളുമായ ജീവിതാവസ്ഥകള്‍ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്നു. നിരന്തരം ചോദ്യങ്ങള്‍ മുന്‍പോട്ട് വെക്കുന്ന ആ ചിത്രങ്ങള്‍, തങ്ങളുടെ യഥാര്‍ത്ഥ ജീവിത സന്ദിഗ്ദ്ധതകളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ പ്രേക്ഷകരോട് ആവശ്യപ്പെടുന്നു.

ജീവിതം ചാക്രികമായി ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വിശ്വസിക്കുന്ന പേഴ്സിമോഗ്ലോ, തുര്‍ക്കിയിലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ അവസ്ഥയാണ് പൊതുവെ തന്റെ ചിത്രങ്ങളില്‍ ആവിഷ്‌കരിക്കുന്നത്. നഗരജീവിതങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് നിര്‍മ്മിച്ച ആ ചിത്രങ്ങളില്‍, പട്ടാളവും ഭരണകൂടവും സാധാരണ ജീവിതങ്ങളില്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ സവിശേഷവും ശക്തവുമായ തന്റെ ചലച്ചിത്ര ഭാഷ വഴി അദ്ദേഹം പ്രേക്ഷകര്‍ക്കു മുന്‍പിലെത്തിക്കുന്നു. പ്രശസ്തനായ ഒരു നോവലിസ്റ്റും ചിത്രകാരനുമായ പേഴ്സിമോഗ്ലോ, ചിത്രങ്ങള്‍ക്കു കരുത്തുനല്‍കാന്‍ തന്റെ ഈ കഴിവുകള്‍ മികച്ച രീതിയില്‍തന്നെ വിനിയോഗിക്കുന്നു. പ്രസിദ്ധ എഴുത്തുകാരന്‍ കാഫ്ക തന്റെ രചനകളില്‍ സൃഷ്ടിച്ച, അര്‍ത്ഥരഹിതവും നിഗൂഢവുമായ ലോകം, അതിശയകരമായ ആവിഷ്‌കാരങ്ങളായി പേഴ്സിമോഗ്ലോ തന്റെ സിനിമകളില്‍ പുന:സൃഷ്ടിക്കുന്നു. വര്‍ത്തമാനലോകത്തില്‍ സ്വന്തം ഐഡന്റിറ്റി കൈമോശം വരുന്ന കഥാപാത്രങ്ങള്‍, സ്വയം ആരാണെന്നു തിരിച്ചറിയാന്‍ കഴിയാതെ തങ്ങള്‍ക്കു ചുറ്റുമുള്ള രാവണന്‍ കോട്ടകളില്‍ ചെന്നു പതിക്കുന്നു. പുതിയൊരു ജീവിതം വഴി മാത്രമേ ഇരുട്ടുനിറഞ്ഞ ആ കോട്ടകളില്‍നിന്ന് അവര്‍ക്കു മോചനമുള്ളൂ. ചാക്രികമായി ആവര്‍ത്തിക്കുന്ന ജീവിതദുരന്തങ്ങള്‍ പേഴ്സിമോഗ്ലോ ചിത്രങ്ങളില്‍ നമ്മെ വിടാതെ പിന്തുടരുന്നു. പ്രശസ്ത ഓസ്ട്രിയന്‍ സംവിധായകന്‍ മിഖായേല്‍ ഹാനെക്ക (Michael Haneke) സംവിധാനം ചെയ്ത, കാഫ്കയുടെ നോവല്‍ കാസിലി(Castle)ന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്‌കാരം പല പേഴ്സി മോഗ്ലോ ചിത്രങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

ടൈഫണ്‍ പേഴ്സിമോഗ്ലോ
ടൈഫണ്‍ പേഴ്സിമോഗ്ലോ

വ്യക്തിത്വ പ്രതിസന്ധി

വ്യക്തിത്വപ്രതിസന്ധി പേഴ്സിമോഗ്ലോ ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രമേയമാണ്. അദ്ദേഹത്തിന്റെ 'അയാം നോട് ഹിം'(I am not him, 2017)ല്‍ ഇത് വളരെ വ്യക്തമായ രീതിയില്‍ ആവിഷ്‌കരിക്കപ്പെടുന്നു. ''അതില്‍ കേന്ദ്ര കഥാപാത്രം നിഹാത് തന്റെ വീട്ടില്‍ തനിച്ചാണ്. ആശുപത്രി കാന്റീനില്‍ പാത്രം കഴുകുന്ന ജോലി കഴിഞ്ഞ്, വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഭക്ഷണമുണ്ടാക്കി കഴിച്ച് ഉറങ്ങാന്‍ കിടക്കുക എന്ന പതിവ് തുടരുന്ന മദ്ധ്യവയസ്‌കനായ അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, തികച്ചും അസാധാരണങ്ങളായ ചുറ്റുപാടുകളില്‍ നിഹാത്തിനെ എത്തിക്കുന്നു. കാന്റീനില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാരി അയ്സെ അയാളെ വീട്ടിലേക്ക് ക്ഷണിക്കുന്നത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാനായാണ്. എന്നാല്‍, അയ്സെയുടെ വീട്ടിലെത്തിയ അയാള്‍ അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ജയിലില്‍ കഴിയുന്ന അയ്സെയുടെ ഭര്‍ത്താവ് നെജിപ്പിന്റെ ഫോട്ടോ കാണാനിടയാകുന്നതോടെ നിഹാത്തിന്റെ ജീവിതം വഴിമാറുന്നു. ''നിങ്ങള്‍, മറ്റൊരാളാവുന്നത് വരെ മാത്രമാണ് നിങ്ങളായി തുടരുന്നത്. അതിനു നിങ്ങള്‍ക്കു വലിയ വില നല്‍കേണ്ടതായും വരുന്നു.'' ''ഈ ടാഗ് ലൈനുള്ള ചിത്രത്തില്‍, ഐഡന്റിറ്റിയും അതിന്റെ നിര്‍മ്മിതിയും തിരോധാനവും പ്രധാന പ്രമേയങ്ങളായി മാറുന്നു. പേഴ്സിമോഗ്ലോവിന്റെ ആദ്യത്തെ പ്രധാന ചിത്രമായ 'ഇന്‍ നോവേര്‍ ലാന്‍ഡി'(In nowhere land, 2002)ലും സമാനപ്രമേയം കടന്നുവരുന്നു. കാണാതായ മകന്‍ വെയ്സലിനെ തേടി അമ്മ സുക്‌റാന്‍ നടത്തുന്ന യാത്ര അവരെയെത്തിക്കുന്നത് മറ്റൊരു വെയ്സലിലാണ്. ഫാസിസ്റ്റ് ഭരണകൂടം കൂട്ടത്തോടെ വധിക്കുന്ന നിരപരാധികള്‍ക്കു നഷ്ടമാകുന്ന ഐഡന്റിറ്റി, ഈ ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളിലുള്‍പ്പെടുന്നു. ഏറ്റവും പുതിയ ചിത്രമായ കെറി(2021)ല്‍ കേന്ദ്ര കഥാപാത്രമായ കാനിന്റെ ഐഡന്റിറ്റി നിര്‍ണ്ണയിക്കുന്നത് അയാള്‍ക്കു ചുറ്റുമുള്ളവരാണ്. അവര്‍ക്കിടയില്‍ താനാരാണെന്ന് അയാള്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നില്ല. അങ്ങനെ, വിവിധ രീതികളില്‍ വ്യക്തിത്വം നേരിടുന്ന പ്രതിസന്ധികള്‍ പ്രമേയമായി പേഴ്സിമോഗ്ലോവിന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നതായി കാണാന്‍ കഴിയും. ''മറ്റുള്ളവരുടെ ഐഡന്റിറ്റി സ്വീകരിക്കാനോ മോഷ്ടിക്കാനോ എനിക്കു വിഷമമാണ്. വ്യക്തിത്വത്തിനുമേലുള്ള മനശ്ശാസ്ത്ര പരമായ കുഴപ്പങ്ങള്‍ കാരണമോ ഞാനോ അല്ലെങ്കില്‍ അപരനോ ആകേണ്ടതെന്ന ചോദ്യം അഭിമുഖീകരിക്കുമ്പോഴുള്ള സംഘര്‍ഷങ്ങളോ ആവാം അതിനു കാരണം. എന്തായാലും ഐഡന്റിറ്റി ഒരു ഒഴിയാബാധയായി എന്നെ പിന്തുടരുന്നു. അതു കാരണമാണ്, ഒരാള്‍ അപരനായി മാറുന്ന അവസ്ഥ പലരീതികളില്‍ എന്റെ കഥകളിലും സിനിമകളിലും ഇടയ്ക്കിടെ കടന്നുവരുന്നത്. ''അഭിമുഖത്തില്‍ പേഴ്സിമോഗ്ലോ പറയുന്നു. ഐഡന്റിറ്റി നേരിടുന്ന പ്രതിസന്ധി തുര്‍ക്കിയിലെ ഇപ്പോഴത്തെ പ്രധാന വിഷയമാണ്. മറ്റൊരാളാകുക, അല്ലെങ്കില്‍ അപരനായി കണക്കാക്കപ്പെടുക എന്നത് തുര്‍ക്കിയിലെ ജനങ്ങള്‍ ഇന്നു നേരിടുന്ന ഒരു പ്രധാന സാമൂഹിക -രാഷ്ട്രീയ പ്രശ്‌നമാണ്. അതിന്റെ വേരുകള്‍ അന്വേഷിച്ചു പോയാല്‍ രാജ്യത്തിലെ രാഷ്ട്രീയവും മതപരവുമായ വിഷയങ്ങളിലായിരിക്കും നാമെത്തുന്നത്. ഫാസിസ്റ്റ് ഭരണം എല്ലാ വഴികളിലും ജനജീവിതങ്ങളെ പ്രതിസന്ധികളിലെത്തിച്ചുകൊണ്ടിരിക്കുന്ന തുര്‍ക്കിയില്‍, സ്വന്തം ഐഡന്റിറ്റി നിലനിര്‍ത്തുകയെന്നത് ജനങ്ങള്‍ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. പേഴ്സിമോഗ്ലോവിന്റെ 'ഇന്‍ നോ വേര്‍ ലാന്‍ഡ്', 'അയാം നോട് ഹിം', 'കെര്‍' എന്നി ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രങ്ങള്‍ പലരീതികളില്‍ ഇത്തരം വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നവരാണ്.

പേഴ്സിമോഗ്ലോ ചിത്രത്രയം 

എഴുത്തുകാരനും ചിത്രകാരനുമായി കലാ-സാഹിത്യ ജീവിതം ആരംഭിച്ച തൈഫണ്‍ പേഴ്സിമോഗ്ലോ, മറ്റു സംവിധായകരുടെ ചിത്രങ്ങള്‍ക്കു തിരക്കഥകളെഴുതിക്കൊണ്ടാണ് സിനിമയുടെ ലോകത്തെത്തുന്നത്. 1996-ലാണ് ആദ്യ ചിത്രം ഉമ്യാ അദ്ദേഹം സംവിധാനം ചെയ്യുന്നത്. എന്നാല്‍, ലോകചലച്ചിത്രരംഗത്ത് അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത് 2002-ലെ 'ഇന്‍ നോവേര്‍ ലാന്‍ഡോ'(In Nowhere Land)ടെയാണ്. പേഴ്സിമോഗ്ലോയുടെ ആദ്യ ശ്രദ്ധേയ ചിത്രം 'ഇന്‍ നോ വേര്‍ ലാന്‍ഡ്' (In Nowhere Land, 2002), കാണാതായ മകനെ തേടി അവന്റെ അമ്മ നടത്തുന്ന അന്വേഷണങ്ങളാണാവിഷ്‌കരിക്കുന്നത്. 40 വയസ്സുള്ള സുക്റാന്‍ റെയില്‍വെ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. സുക്റാന്റെ മകന്‍ വെയ്സല്‍, നഗരത്തിലെ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി നോക്കുന്നു. ഭര്‍ത്താവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മൂലം ഏറെ പീഡനങ്ങള്‍ സഹിച്ച അവര്‍, മകന്‍ ആ വഴിയില്‍ ചെന്നുപെടാതിരിക്കാന്‍ വളരെയധികം ശ്രമിക്കുന്നു. എന്നാല്‍, ഒരു ദിവസം വെയ്സല്‍ അപ്രത്യക്ഷനാകുന്നു. സുക്റാന്‍ ഭീതിയോടെ മകനെ തേടി തെരുവുകളിലൂടെ അലയുന്നു. അജ്ഞാതശവങ്ങള്‍ അന്വേഷിച്ച് മോര്‍ച്ചറിയിലെത്തിയ അവര്‍ അവിടെ ബോധരഹിതയായി വീഴുന്നു. ഈ ദൃശ്യത്തിലാരംഭിക്കുന്ന ചിത്രം, വെയ്സെലിനെപ്പോലെ നഗരത്തില്‍ 'കാണാതാവുന്നവ'രുടെ ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. പൊലീസ് അറസ്റ്റ്‌ചെയ്തതായി രേഖകളൊന്നുമില്ലാതെ, പൊലീസിന്റേയും തുര്‍ക്കി പട്ടാളത്തിന്റേയും വെടിയേറ്റു മരിച്ച നിരവധി ആളുകളുടെ ശവശരീരങ്ങള്‍ സുക്റാന്‍ മോര്‍ച്ചറികളില്‍ കാണുന്നു. നീണ്ട അന്വേഷണങ്ങള്‍ക്കുശേഷം, പൊലീസ് അറസ്റ്റ്‌ചെയ്ത തന്റെ മകനെന്നു കരുതി അതേ പേരിലുള്ള മറ്റൊരു ചെറുപ്പക്കാരനെയാണ് സുക്റാന്‍ കണ്ടെത്തുന്നത്. തന്റെ മകന്‍ മരിച്ചിരിക്കാമെന്ന്, അവന്റെ കാമുകിയടക്കം എല്ലാവരും വിശ്വസിക്കുമ്പോഴും അതിനു തയ്യാറാകാതെ മകന്റെ വരവും പ്രതീക്ഷിച്ച് സുക്റാന്‍ കാത്തിരിക്കുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരമടക്കം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ 'ഇന്‍ നോവേര്‍ ലാന്‍ഡ്' കരസ്ഥമാക്കിയിട്ടുണ്ട്.

'ഇന്‍ നോവേര്‍ ലാന്‍ഡി'നെ തുടര്‍ന്നാണ് 'റിസ' (Riza, 2007), 'ഹെയസ്' (Haze, 2009), 'ഹെയര്‍' (Hair, 2010) എന്നിവ രൂപപ്പെടുത്തുന്ന ചലച്ചിത്രത്രയം പേഴ്സിമോഗ്ലോ സംവിധാനം ചെയ്യുന്നത്. തുര്‍ക്കിയിലെ ഇസ്താംബൂള്‍ നഗരത്തില്‍, സാമ്പത്തികമായി പിന്നോക്ക അവസ്ഥകളില്‍ ജീവിക്കുന്നവരെ കേന്ദ്രീകരിച്ച് നിര്‍മ്മിച്ച ഈ ചിത്രങ്ങളില്‍ സാമൂഹിക ബന്ധങ്ങള്‍ ഒട്ടുമില്ലാത്തവരെയാണ് പ്രേക്ഷകര്‍ കാണുന്നത്. അവരുടെ ധാര്‍മ്മികസംഘര്‍ഷങ്ങളും ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിസന്ധികളും ആവിഷ്‌കരിച്ചുകൊണ്ടാണ് ഈ ചിത്രങ്ങള്‍ മുന്‍പോട്ട് പോകുന്നത്. ഇസ്താംബൂള്‍ പശ്ചാത്തലമാക്കുന്ന പ്രമേയങ്ങളിലൂടെയാണ് ഈ മൂന്ന് ചിത്രങ്ങളും പുരോഗമിക്കുന്നതെങ്കിലും പതിവ് ചലച്ചിത്രരീതികളില്‍നിന്നു വിഭിന്നമായി, പുരാതന നഗരത്തിന്റെ ചരിത്ര സാംസ്‌കാരിക മുദ്രകള്‍ സംവിധായകന്‍ പൂര്‍ണ്ണമായും അവഗണിക്കുന്നു. ഇസ്താംബൂളിന്റെ പ്രൗഢഗംഭീരമായ പശ്ചാത്തലത്തില്‍നിന്നു മാറി നിന്നുകൊണ്ട്, നഗരത്തിലെ ദരിദ്രവും ഇരുട്ടുനിറഞ്ഞതും വൃത്തിഹീനവുമായ പ്രദേശങ്ങളിലൂടെയാണ് ഈ മൂന്ന് ചിത്രങ്ങളും കടന്നുപോകുന്നത്. ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ പലരും കൊച്ചു കോണ്‍ക്രീറ്റ് വീടുകളില്‍ താമസിക്കുന്നവരും ജോലി തേടി ഗ്രാമങ്ങളില്‍നിന്നു നഗരത്തിലേക്ക് കുടിയേറിയവരുമാണ്. സ്വന്തം വേരുകളും ഐഡന്റിറ്റിയും നഷ്ടപ്പെട്ട ഇവര്‍ക്ക്, മതപരമോ ദേശീയമോ പ്രാദേശികമോ ആയ വികാരങ്ങളോ വിചാരങ്ങളോ ഒന്നും തന്നെയില്ല. 'ഹെയ്സി'ല്‍, നഗരത്തില്‍ ജീവിക്കുന്ന ദരിദ്രര്‍, മധ്യവര്‍ഗ്ഗ സമൂഹത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകളുടെ നിഴലുകള്‍ വീഴുന്ന കൊച്ചുമുറികളുടെ ഇരുട്ടില്‍ കഴിയുന്നു. ഒരേ നഗരത്തില്‍ കഴിയുമ്പോഴും സ്വന്തം താവളങ്ങളില്‍ ഒതുങ്ങി ജീവിക്കുന്ന അവര്‍, മറ്റുള്ളവരുമായി ഒരു രീതിയിലും ബന്ധപ്പെടുന്നില്ല. ഭാവിയെക്കുറിച്ച് ആശങ്കകള്‍ മാത്രമുള്ള അവര്‍ക്ക് തങ്ങളുടെ ഭൂതകാലം പൂര്‍ണ്ണമായും നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. 'ഹെയ്സി'ല്‍, എമിന്‍, റെസാത്തിനോട്, അയാളുടെ സ്വന്തം നാട്ടിലെ പാട്ടുകള്‍ വല്ലതും ഓര്‍മ്മയുണ്ടോ എന്ന് അന്വേഷിക്കുമ്പോള്‍, ഇല്ലെന്ന അയാളുടെ മറുപടി, പൂര്‍വ്വകാല ഗ്രാമജീവിതത്തില്‍നിന്ന് അയാള്‍ ബഹുദൂരമെത്തിക്കഴിഞ്ഞെന്ന് പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഇസ്താംബൂള്‍ നഗരം തങ്ങളുടെ താമസസ്ഥലങ്ങള്‍ കയ്യേറുമോ എന്ന ഭീതിയിലാണ് അവരുള്‍പ്പെടുന്ന സമൂഹം കഴിയുന്നത്. അതേപോലെ, 'റിസ'യില്‍, നീണ്ടു കിടക്കുന്ന ഹൈവേ നഗരവാസികളെ വെറും കാഴ്ചക്കാരാക്കി മാറ്റിനിര്‍ത്തുന്നതായി പ്രേക്ഷകര്‍ തിരിച്ചറിയുന്നു. 'ഹെയറി'ലെ മറിയം, ഇസ്താംബൂളിലെ ഷോപ്പിംഗ് മാളിലെ ശുചീകരണ ജോലിക്കാരിയാണ്. മാളിലെ ഫാസ്റ്റ്ഫുഡ്ഡ് ഭക്ഷണശാല വൃത്തിയാക്കുന്നതിനിടയില്‍, മേശപ്പുറത്തുള്ള പ്ലെയ്റ്റില്‍ ബാക്കിയായ ഭക്ഷണം മറിയം അവിടെയിരുന്നു കഴിക്കുന്നു. യൂണിഫോമില്‍ കസേരയിലിരുന്ന് ഹാംബര്‍ഗര്‍ കഴിക്കാന്‍ സംശയിച്ചുനില്‍ക്കുന്ന മറിയ, അതിജീവനം തേടി നഗരത്തിലെത്തിയ അരികുജീവിതങ്ങളുടെ പ്രതിനിധിയാണ്. മറിയയും ഭര്‍ത്താവ് ഹംദിയും ഇരുണ്ട നഗരക്കാഴ്ചകളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന വര്‍ണ്ണശബളമായ മാളില്‍ തികച്ചും അന്യവല്‍ക്കരിക്കപ്പെട്ടവരായി മാറുന്നു. ഇങ്ങനെ നഗരങ്ങളിലെ ദരിദ്രജീവിതങ്ങളുടെ തീവ്രമായ ആവിഷ്‌കാരങ്ങളായാണ് ഈ ചിത്രത്രയത്തിലെ ഹെയ്സ്, റിസ, ഹെയര്‍ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തുന്നത്. 

'റിസ'യില്‍ ട്രക്ക് ഡ്രൈവര്‍ റിസയുടെ ജീവിതം നേരിടുന്ന പ്രതിസന്ധികള്‍ ആവിഷ്‌കരിക്കുന്ന പേഴ്സിമോഗ്ലോ, ഇസ്താംബൂള്‍ നഗരത്തിലെ അരികുജീവിത പശ്ചാത്തലങ്ങളില്‍ തന്റെ ക്യാമറ കേന്ദ്രീകരിക്കുന്നു. റിസയുടെ ട്രക്ക് ഇസ്താംബൂള്‍ നഗരത്തില്‍വെച്ച് കേടാകുന്നു. ക്രാങ്ക് പൊട്ടിയ അത് റിപ്പയര്‍ ചെയ്യാനുള്ള പണത്തിനായി അയാള്‍ പലരേയും സമീപിക്കുന്നു. ആരില്‍നിന്നും പണം കിട്ടാതായപ്പോള്‍, തന്റെ മുന്‍കാമുകി അയ്സെയെ സമീപിക്കാന്‍ റിസ നിര്‍ബ്ബന്ധിതനാകുന്നു. തുടക്കത്തില്‍ തന്റെ അലക്ക് കടയില്‍നിന്ന് അയ്സ റിസയെ പുറത്താക്കുന്നുണ്ടെങ്കിലും പിന്നീട് അവര്‍ സൗഹാര്‍ദ്ദത്തോടെ അയാളോട് പെരുമാറുന്നു. അപ്പോഴും പണം കൊടുക്കാന്‍ അയ്സ തയ്യാറാകുന്നില്ല. ഒടുവില്‍, നഗരത്തില്‍വെച്ച് ഒരു അഫ്ഘാന്‍ സ്വദേശിയെ കൊല ചെയ്ത് റിസ പണം കൈക്കലാക്കുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന കുറ്റബോധം അയാളെ വിടാതെ പിന്തുടരുന്നു. അതിനുള്ള പ്രായച്ഛിത്തമായി അഫ്ഘാന്‍ സ്വദേശിക്കൊപ്പമുള്ള, അയാളുടെ മകന്റെ ഭാര്യയെ റിസ പണം മുടക്കി അവരുടെ നാട്ടിലേക്കയക്കുന്നു. ഒരുതരത്തിലുള്ള ഡോസ്‌തോവ്സ്‌കിയന്‍ അന്തരീക്ഷം നിലനില്‍ക്കുന്ന ചിത്രം 'റിസ', ഇസ്താംബൂളില്‍ കഴിയുന്ന ഒറ്റപ്പെട്ട ദരിദ്രജീവിതങ്ങളുടെ ദൈന്യതകളുടെ ശക്തമായ ആവിഷ്‌കാരമാണ്. റിസ താമസിക്കുന്ന ഹോട്ടലില്‍ ഇത്തരത്തിലുള്ള നിരവധി പേര്‍ കഴിഞ്ഞുകൂടുന്നുണ്ട്.

ഇരുണ്ടമുറികള്‍ക്കുള്ളില്‍, അതിലേറെ ഇരുണ്ട ജീവിതപശ്ചാത്തലങ്ങളില്‍ കഴിയുന്ന, സ്വസ്ഥത നഷ്ടപ്പെട്ടവരെയാണ് ഈ ചിത്രത്തില്‍ നാം കാണുന്നത്. തുര്‍ക്കി സിനിമയിലെ രാഷ്ട്രീയ സംവിധായകന്‍ യില്‍മാസ് ഗുനെയുടെ ചിത്രങ്ങളെയാണ് 'റിസ' ഓര്‍മ്മിപ്പിക്കുന്നത്. 

കെർ എന്ന ചലച്ചിത്രത്തിൽ നിന്നുള്ള രം​ഗം
കെർ എന്ന ചലച്ചിത്രത്തിൽ നിന്നുള്ള രം​ഗം

നഗരജീവിതങ്ങളുടെ ദുരന്തക്കാഴ്ചകള്‍

ഈ ചലച്ചിത്രത്രയത്തിലെ രണ്ടാമത് ചിത്രമായ 'ഹെയ്സ്' (Haze,2010). അറുപതാമത് ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിലെ കേന്ദ്രകഥാപാത്രം റിസത്ത്, പൊതുവെ ഉള്‍വലിഞ്ഞ ഒരു ചെറുപ്പക്കാരനാണ്. ഒരു ഡി.വി.ഡി ഷോപ്പില്‍ ജോലി ചെയ്യുന്ന അയാള്‍, അടുത്തുള്ള ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. എന്നാല്‍, അവളോടത് തുറന്നു പറയാന്‍ അയാള്‍ക്കു കഴിയുന്നില്ല. ചില്ലറ മോഷണങ്ങളില്‍ സുഖം കണ്ടെത്തുന്ന അയാള്‍, ഒടുവില്‍ ഒരു കൊലപാതക കുറ്റത്തില്‍ അകപ്പെടുന്നു. റിസത്തിന്റെ കടയുടമസ്ഥന്റെ സുഹൃത്ത് ജിലാല്‍ ഉള്‍പ്പെടുന്ന ഈ സംഭവം, ചിത്രത്തെ ഒരു ത്രില്ലറാക്കി മാറ്റുന്നു. പേഴ്സിമോഗ്ലോവിന്റെ അരികുജീവിതങ്ങളുടെ ചലച്ചിത്രത്രയത്തിന്റെ രണ്ടാംഭാഗമായ ഇത്, നഗരജീവിതങ്ങളുടെ മറ്റൊരു ദുരന്തകാഴ്ചയായാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഈ പരമ്പരയിലെ മൂന്നാം ചിത്രം 'ഹെയര്‍' (Hair, 2010), 2010ലാണ് പെഴ്സിമോഗ്ലോ സംവിധാനം ചെയ്യുന്നത്. വിഗ് നിര്‍മ്മിക്കുന്ന ഹംദിയുടെ ജീവിതം പറയുന്ന ചിത്രം, ഗുരുതരമായി കാന്‍സര്‍ ബാധിച്ച അയാള്‍ക്കും തന്റെ മനോഹരമായ മുടി വില്‍പന നടത്താനായി അയാളുടെ അടുത്തുവരുന്ന മറിയത്തിനുമിടയിലെ സ്‌നേഹബന്ധമാണ് ദൃശ്യവല്‍ക്കരിക്കുന്നത്. പേഴ്സിമോഗ്ലോവിന്റെ മുന്‍ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നതുപോലെ, നഗരത്തിലെ ദുരിതജീവിത സങ്കീര്‍ണ്ണതകളാണ് ഹെയറിലും സംവിധായകന്‍ ആവിഷ്‌കരിക്കുന്നത്. 

ചിത്രത്രയത്തിനുശേഷമുള്ള ചിത്രം, 'അയാം നോട് ഹിം' (I am not Him) 2013ലാണ് പേഴ്സിമോഗ്ലോ സംവിധാനം ചെയ്യുന്നത്. ആശുപത്രി കാന്റീനില്‍ ജോലി ചെയ്യുന്ന മധ്യവയസ്‌കനായ നിഹാത്, സഹപ്രവര്‍ത്തക അയ്സെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം, സംവിധായകന്റെ സവിശേഷപ്രമേയമായ വ്യക്തിത്വ പ്രതിസന്ധിയാണ് ആവിഷ്‌കരിക്കുന്നത്. ഏകാന്ത ജീവിതം നയിക്കുന്ന നിഹാത്തിനെ, സഹപ്രവര്‍ത്തക അയ്സെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. പലരും നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും അയാള്‍ അയ്സെയുടെ വീട്ടിലേക്കു പോകുന്നു. അതു പതിവാക്കി മാറ്റുന്ന നിഹാത്, ഒരു ദിവസം അയ്സെയുടേയും ജയിലില്‍ കഴിയുന്ന അവളുടെ ഭര്‍ത്താവിന്റേയും വിവാഹഫോട്ടോ കണ്ട് അത്ഭുതപ്പെടുന്നു. അയ്സെയുടെ ഭര്‍ത്താവ് നെജിപ്പിന് താനുമായുള്ള സാദൃശ്യം കണ്ട് നിഹാത് അതിശയിക്കുന്നു. പിന്നീട് പല പ്രാവശ്യം നിഹാത് അയ്സെയുടെ വീട്ടില്‍ വരുന്നു. സഹപ്രവര്‍ത്തകര്‍ വിലക്കിയിട്ടും അയാള്‍ അയ്സെയുമായുള്ള ബന്ധം തുടരുന്നു. തന്റെ കാറിന്റെ താക്കോല്‍ അയ്സെ നിഹാത്തിനു നല്‍കുന്നു. രണ്ട് പേരും ചേര്‍ന്നു യാത്രകള്‍ നടത്തുന്നു. ജയിലിലുള്ള ഭര്‍ത്താവിനെ കാണാന്‍ പോകുന്ന അയ്സെയെ നിഹാത് അനുഗമിക്കുന്നു. ഭാര്യ-ഭര്‍ത്താക്കന്മാരായി ജീവിക്കുന്നതിനിടയില്‍ അവര്‍ രണ്ട് പേരുടേയും ജീവിതങ്ങള്‍ പാടെ മാറുന്നു. മീശ വടിച്ചുമാറ്റി നിഹാത്, നെജിപ്പാവുന്നു. അയ്സെ, അയാള്‍ക്കു തികച്ചും അപരിചിതയായ, ശരീരം വിറ്റു ജീവിക്കുന്ന ഒരു സ്ത്രീയായി മാറുന്നു. പൂര്‍ണ്ണമായും അപരിചിതരായി അവര്‍ തങ്ങളുടെ ജീവിതം തുടരുന്നു. ആധുനിക ജീവിതങ്ങള്‍ നേരിടുന്ന വ്യക്തിത്വ പ്രതിസന്ധികള്‍ സംവിധായകന്‍ തന്റെ ചിത്രങ്ങളില്‍ ശക്തമായി ആവിഷ്‌കരിക്കാറുണ്ട്. അതിന്റെ ഏറ്റവും മൂര്‍ത്തമായ ദൃഷ്ടാന്തമാണ് 'അയാം നോട് ഹിം.' മറ്റൊരാളുടെ ഐഡന്റിറ്റി സ്വീകരിച്ചുകൊണ്ട് ജീവിതം തുടരുന്നവര്‍ പേഴ്സിമോഗ്ലോവിന്റെ നോവലുകളിലും സിനിമകളിലും നമുക്കു കാണാന്‍ കഴിയും. ഇവയിലുള്ള, നഷ്ടപ്പെട്ടതും കടമെടുത്തതും തിരിച്ചുപിടിച്ചതുമായ ഐഡന്റിറ്റി, തുര്‍ക്കിയുടെ രാഷ്ട്രീയവും സാമൂഹ്യവുമായ അവസ്ഥകളുടെ മെറ്റഫറായാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

തുര്‍ക്കി സിനിമയില്‍ ഏറെ അറിയപ്പെടുന്ന നടന്‍ എര്‍ജാന്‍ കേസല്‍ (Ercan Kesal) (വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനാട്ടോളിയ, മോള്‍ഡ്), മുഖ്യ വേഷമിട്ട നിഹാത്, സ്വന്തം ഐഡന്റിറ്റിയില്‍നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന പേഴ്സിമോഗ്ലോ കഥാപാത്രമാണ്. കാന്റീനില്‍ പാത്രങ്ങള്‍ കഴുകുന്ന ജോലിയുള്ള നിഹാത്, ജീവിതത്തിലെ ഏകാന്തതയില്‍ രക്ഷനേടാനായി സ്ത്രീ ശരീരം തേടിപ്പോകുന്നു. ഇത് പലപ്പോഴും അയാളെ സംഘര്‍ഷങ്ങളിലെത്തിക്കുന്നു. അത്തരമൊരു ഘട്ടത്തില്‍ ജയിലില്‍ കിടക്കുന്ന നിഹാത്തിനേയും സുഹൃത്തിനേയും ചിത്രത്തില്‍ കാണാം. ഒരിക്കലും അവസാനമില്ലാത്ത ഏകാന്തതയില്‍നിന്നുള്ള മോചനമായാണ് അയാള്‍ അയ്സെയുടെ സാമീപ്യമാഗ്രഹിക്കുന്നത്. അങ്ങനെ, അയ്സെ അയാളുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു. എന്നാല്‍, അതോടെ വലിയൊരു വഴിത്തിരിവിലാണ് നിഹാത് എത്തുന്നത്. സമാനമായ അവസ്ഥയിലാണ് അയ്സെ നിഹാത്തിലെത്തുന്നതും. മൂന്നു വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അയ്സെയുടെ ഭര്‍ത്താവ് നെജിപ്പ്, വീണ്ടും ഏഴു വര്‍ഷത്തേക്കു കൂടി ശിക്ഷിക്കപ്പെട്ട് ജയില്‍ജീവിതം തുടരുന്നു. നെജിപ്പുമായുള്ള രൂപസാദൃശ്യമാണോ അയ്സയെ നിഹാത്തിലെത്തിക്കുന്നത് എന്നു പ്രേക്ഷകര്‍ സംശയിക്കുന്നു. എന്നാല്‍, ഒരു ദിവസം തികച്ചും ആകസ്മികമായി കടല്‍ക്കരയില്‍വെച്ച് അയ്സെ നിഹാത്തിന്റെ ജീവിതത്തില്‍നിന്ന് അപ്രത്യക്ഷയാകുന്നു. ഇവിടം മുതല്‍ക്കാണ് നിഹാത്തിനു സ്വന്തം ഐഡന്റിറ്റി നഷ്ടപ്പെടാന്‍ തുടങ്ങുന്നത്. തുടക്കത്തില്‍ അബോധതലത്തിലും പിന്നീട് ബോധപൂര്‍വ്വവും അയാള്‍ നെജിപ്പ് ആവുന്നു. ജോലിയും സുഹൃത്തുക്കളേയും ഉപേക്ഷിക്കുന്ന നിഹാത്, ജയില്‍ ചാടിയ നെജിപ്പായി അഭിനയിക്കാന്‍ തുടങ്ങുന്നു. തന്റെ പുതിയ ഐഡന്റിറ്റിയുമായി അയാള്‍ മറ്റൊരു നഗരത്തിലേക്കു പോകുന്നു. അവിടെ തെരുവില്‍വെച്ച് അയ്‌സെയോട് മുഖസാദൃശ്യമുള്ള ഒരു സ്ത്രീയെ അയാള്‍ കണ്ടുമുട്ടുന്നു. അവര്‍ ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുന്നു. എന്നാല്‍, നിഹാത്തിനെ നെജിപ്പായി കരുതുന്ന പൊലീസ് അയാളെ പിടികൂടുന്നു. 2014-ലെ ഇസ്താംബൂള്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ 'അയാം നോട് ഹിം', സവിശേഷമായ ഛായഗ്രഹണംകൊണ്ട് ശ്രദ്ധേയമായ പേഴ്സിമോഗ്ലോ ചിത്രമാണ്. ഹിച്‌കോക്കിന്റെ വെര്‍ട്ടിഗോ (Vertigo) ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും ആവിഷ്‌കാരത്തില്‍ വളരെയേറെ വേറിട്ടുനില്‍ക്കുന്ന ചിത്രം, തുര്‍ക്കി സിനിമയില്‍ മാത്രമല്ല, ലോക ചലച്ചിത്രരംഗത്തേയും ശ്രദ്ധേയമായ ഒരു സിനിമയാണ്.

മികച്ച സംവിധായകനുള്ള രജത ചകോരം ടൈഫണ്‍ പേഴ്സിമോഗ്ലോയ്ക്ക് മന്ത്രി വിഎൻ വാസവൻ സമ്മാനിക്കുന്നു
മികച്ച സംവിധായകനുള്ള രജത ചകോരം ടൈഫണ്‍ പേഴ്സിമോഗ്ലോയ്ക്ക് മന്ത്രി വിഎൻ വാസവൻ സമ്മാനിക്കുന്നു

അസ്ഥിരമായ അവസ്ഥകള്‍ 

അടുത്ത ചിത്രം 'സൈഡ് വെ' (Sideway) 2017ലാണ് പേഴ്സിമോഗ്ലോ സംവിധാനം ചെയ്യുന്നത്. അന്ത്യവിധിദിന(Last Judgement Day)ത്തെക്കുറിച്ചുള്ള സംവിധായകന്റെ മുന്നറിയിപ്പുകളും ആശങ്കകളുമാണ് ചിത്രമാവിഷ്‌കരിക്കുന്നത്. കടലിനും കാടിനുമിടയിലുള്ള ഒരു ഗ്രാമത്തില്‍ അസാധാരണ സംഭവങ്ങള്‍ക്കു സാക്ഷ്യംവഹിക്കുന്ന ജനങ്ങള്‍, അതോടെ ഭയപ്പെടുന്നു. കാരണമറിയാതെ പ്രദേശത്ത് തീ പടര്‍ന്നുപിടിക്കുന്നു. എവിടെനിന്നു വന്നെന്നറിയാത്ത ഒരു കപ്പല്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്നു. 2016-ല്‍ രാജ്യത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം തുര്‍ക്കിയിലുണ്ടായ അസ്ഥിരവും അരക്ഷിതവുമായ അവസ്ഥയുടെ അലിഗറിയായാണ് പേഴ്സിമോഗ്ലോ ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഒരോ അഞ്ചു മിനിറ്റിലും ഇരുണ്ട സ്‌ക്രീനിലേക്ക് മാറുന്ന ഈ ബ്ലേക്ക് ഏന്‍ഡ് വൈറ്റ് ചിത്രത്തില്‍ രാജ്യത്തില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണവും സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമായ അവസ്ഥയാണ് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്.

ചിത്രത്തിന്റെ തുടക്കത്തില്‍ സ്‌ക്രീനില്‍ കട്ടപിടിച്ച ഇരുട്ട് മാത്രം. പാറകളില്‍ വന്നടിക്കുന്ന തിരമാലകളുടെ ശബ്ദം കേള്‍ക്കാം. കടലിലേക്ക് നീണ്ടുകിടക്കുന്ന പാറക്കെട്ട്. അതിന്റെ അറ്റത്ത് ആകാംക്ഷാഭരിതരായി കടലിലേക്ക് പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്ന ഒരു പറ്റം ആളുകള്‍. കടലില്‍ നങ്കൂരമിട്ട് കിടക്കുന്ന അജ്ഞാത കപ്പലിലേക്ക് നോക്കിക്കൊണ്ട്, ഒരക്ഷരം മിണ്ടാതെ അവര്‍ നില്‍ക്കുന്നു. പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും നിഴലിക്കുന്ന മുഖങ്ങള്‍. ആരെയാണവര്‍ പ്രതീക്ഷിക്കുന്നത്? എന്താണവരുടെ ആശങ്കയ്ക്ക് കാരണം? 'സൈഡ് വെ' ഇങ്ങനെ ആരംഭിക്കുമ്പോള്‍, അന്ത്യവിധിദിനത്തിലെ ദുരന്തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നഗരത്തിലെ കാഴ്ചകളിലേക്കാണ് നാമെത്തുന്നത്. നഗരത്തില്‍നിന്നു മിക്കവാറുമെല്ലാവരും ഒഴിഞ്ഞു പോയിക്കഴിഞ്ഞു. നഗരാധിപന്‍, ചില ഉദ്യോഗസ്ഥര്‍, ചുരുക്കം ചില നഗരവാസികള്‍, മ്യൂസിക് ബാന്‍ഡിലെ ചില അംഗങ്ങള്‍, ഇങ്ങനെ അവിടെ അവശേഷിക്കുന്നവര്‍, തങ്ങള്‍ക്കായി ഒരു രക്ഷകന്‍ വരുമെന്നുതന്നെ വിശ്വസിക്കുന്നു. തുടര്‍ന്ന് പ്രതീക്ഷകളോടേയും ആശങ്കകളോടേയുമുള്ള ജനങ്ങളുടെ കാത്തിരിപ്പിന്റെ ദൃശ്യം പല പ്രാവശ്യം ചിത്രത്തില്‍ ആവര്‍ത്തിക്കുമ്പോള്‍, ഒരു യഥാര്‍ത്ഥ രക്ഷകനായുള്ള തുര്‍ക്കി ജനതയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമാണ് പേഴ്സിമോഗ്ലോ അതിലൂടെ സൂചിപ്പിക്കുന്നത്. 

ഒരു ഭാഗത്ത് കടലും മറുവശത്ത് കൊടുങ്കാടുമുള്ള ഈ വിദൂരനഗരം കുറച്ച് കാലമായി അസാധാരണങ്ങളായ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇവയെക്കുറിച്ച് നഗരാധിപന്‍ മേലുദ്യോഗസ്ഥരോട് ഫോണില്‍ ആശങ്കയോടെ സംസാരിക്കുന്നത് നമുക്കു കേള്‍ക്കാം. അജ്ഞാതമായ നിലവിളികള്‍, തുടര്‍ന്നുള്ള അഗ്‌നിബാധ, ജീവന്‍ രക്ഷിക്കാനായി നഗരം വിട്ട് പോകുന്നവര്‍, അവശേഷിച്ചവര്‍ക്കിടയിലെ ഭീതി എന്നിവ നഗരാധിപന്‍ മേലുദ്യോഗസ്ഥരെ അറിയിക്കുന്നു. അതിനുശേഷമാണ് എല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ആള്‍ വരുന്നത്. നഗരത്തിലെ ഒരു കോഫിഷോപ്പില്‍ അയാള്‍ ജോലി ചെയ്യാന്‍ തുടങ്ങുന്നു. അയാള്‍ താമസിക്കുന്ന നഗരത്തിലെ ഹോട്ടല്‍ അസാധാരണക്കാരുടെ വാസസ്ഥലമാണ്. തന്റെ ഇരട്ടസഹോദരനെ കാത്തിരിക്കുന്ന ആള്‍, വാക്വം ക്ലീനര്‍ വില്‍പനക്കാരന്‍, അക്വേറിയത്തിലെ കൊച്ചു പെണ്‍കുട്ടി... ഇങ്ങനെ ഹോട്ടലിലെ താമസക്കാരും കാഴ്ചകളും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. കാഫ്കയുടെ കാസിലില്‍ മഞ്ഞുമൂടിയ രാത്രിയില്‍ സത്രത്തിലെത്തുന്ന കെ യെ നാം ഓര്‍ത്തുപോകുന്നു. കെ യെപ്പോലെ, സൈഡ് വെയ്സിലും നഗരത്തിലെത്തുന്ന ആള്‍ അവിടെയുള്ള ഒരു സ്ത്രീയുമായി അടുപ്പത്തിലാവുന്നുണ്ട്. മറ്റൊരാളെ സ്‌നേഹിക്കുന്ന ഒരു നഴ്സാണത്. കാസിലിലെപ്പോലെ, കടങ്കഥകളുടെ രൂപത്തിലുള്ള സംഭാഷണങ്ങളും യുക്തിരഹിതങ്ങളായ സംഭവങ്ങളും ഇവിടെ ആവര്‍ത്തിക്കുന്നു. കെ യെപ്പോലെ, നഗരത്തിലെത്തിയ ആളും അധികാരികളുടെ ചോദ്യം ചെയ്യലിനു    വിധേയനാകുന്നു. പതിവ് വിരസജീവിതത്തിന്റെ കാഴ്ചകളും ഇവയ്‌ക്കൊപ്പം നാം കാണുന്നു. വൈകുന്നേരങ്ങളില്‍ ഭക്ഷണം പാകംചെയ്യുന്ന സ്ത്രീകള്‍, ടി.വികള്‍ക്ക് മുന്‍പിലിരിക്കുന്നവര്‍, മകളുടെ വിവാഹത്തിനായി ഒരുക്കങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥന്‍... 

അധികാരകേന്ദ്രങ്ങളുടെ സ്വാധീനം

കാസിലിലെപ്പോലെ, അധികാരകേന്ദ്രത്തിന്റെ സാന്നിധ്യം ചിത്രത്തിലുടനീളം നമുക്ക് അനുഭവപ്പെടുന്നു. നഗരം സന്ദര്‍ശിക്കാന്‍ പോകുന്ന അതിഥിയെ സ്വാഗതം ചെയ്യാനായി ഒരുക്കങ്ങള്‍ നടത്തുന്ന നഗരാധിപന് അതിഥിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഉറപ്പൊന്നുമില്ല. സ്വാഗതപരിപാടിയില്‍ പങ്കെടുക്കേണ്ട മ്യൂസിക് ബാന്‍ഡിലെ അംഗങ്ങള്‍ അപ്രത്യക്ഷരാകുന്നു. അപകടം നിറഞ്ഞ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്രമാസികകള്‍ പൊതുസ്ഥലത്തു വെച്ച് ചുട്ടെരിക്കപ്പെടുന്നു, അവയുമായി ബന്ധപ്പെട്ട പത്രപ്രവര്‍ത്തകര്‍ വധിക്കപ്പെടുന്നു. എല്ലാവരും പരസ്പരം സംശയത്തോടെ മാത്രം നോക്കുന്നു. ഹോട്ടലുടമസ്ഥന്‍ ഭക്ഷണം കഴിക്കാന്‍ വന്ന ആളെ നോക്കി പറയുന്നു: ''എനിക്ക് ഇയാളെ സംശയമുണ്ട്, ഉടനെ റിപ്പോര്‍ട്ട് ചെയ്യണം.'' സ്റ്റേറ്റ്, നേഷന്‍ എന്നിങ്ങനെയുള്ള പോസ്റ്ററുകളാല്‍ നഗരം നിറയുന്നു. 
കേന്ദ്രീകരിക്കപ്പെട്ട അധികാരത്തിന്റെ ഭാഗമായി രൂപപ്പെടുന്ന അരാജകത്വത്തിലെത്തി നില്‍ക്കുന്ന ലോകമാണ് 'സൈഡ് വെ' ആവിഷ്‌കരിക്കുന്നത്. കാലത്തിനും ദേശത്തിനുമപ്പുറത്തേക്കു നീണ്ടുപോകുന്ന ഈ ലോകം ഒരു രക്ഷകനായി കാത്തിരിക്കുന്നത് പ്രേക്ഷകര്‍ കാണുന്നു. ഒരാള്‍ ചോദിക്കുന്നു: ''ഏതോ ദുരന്തം മുന്‍പില്‍ വന്നു നില്‍ക്കുന്നതായി തോന്നുന്നില്ലേ?'' മറുപടിയായി ''എനിക്കു തോന്നുന്നത് നാം അവസാനദിനത്തിലെത്തിക്കഴിഞ്ഞുവെന്നാണ്.'' അന്ത്യവിധിദിനത്തില്‍ നഗരത്തിലെ കുടുംബങ്ങള്‍ പലവിധ ദുരന്തങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നു: കാരണങ്ങളില്ലാതെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കൊല്ലുന്നു. ഭാര്യ ഭര്‍ത്താവിനു വിഷം നല്‍കുന്നു. കൊച്ചുകുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നു. സംവിധായകന്‍ നിരീക്ഷിക്കുന്നു:

''ഒരു മഹാദുരന്തകാലത്താണ് നാം ജീവിക്കുന്നത്. എന്നാല്‍, അതു തിരിച്ചറിയാന്‍ നാം തയ്യാറാവുന്നില്ല.'' ഒടുവില്‍, നഗരം അന്ത്യദിനത്തിലെ മഹാദുരന്തത്തിനു സാക്ഷ്യം വഹിക്കുമ്പോള്‍, രക്ഷകനായി ഒരാള്‍ അവതരിക്കുന്നു. നഗരത്തിലെത്തിയ മഹ്ദിയുടെ ദേഹത്ത് ഇലയുടെ മുദ്രകണ്ട നഴസ് അതു മറ്റുള്ളവരുമായി പങ്കു വെക്കുന്നു. തങ്ങള്‍ കണ്ട ഭീകരകാഴ്ചകള്‍ക്കു വിശദീകരണങ്ങളും തങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടികളും മഹ്ദിയില്‍നിന്നു ലഭിക്കുമെന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ''എപ്പോഴാണ്    ഇവ അവസാനിക്കാന്‍ പോകുന്നത്? സന്തോഷകരമായി ജീവിക്കാനുള്ളൊരിടം ഈ ഭൂമിയിലുണ്ടോ?'' ഇത്തരം ചോദ്യങ്ങള്‍ക്ക് അയാളില്‍നിന്നു ജനങ്ങള്‍ മറുപടി പ്രതീക്ഷിക്കുന്നു. എന്നാല്‍, എല്ലാ ചോദ്യങ്ങള്‍ക്കും അയാള്‍ക്ക് തനിക്കൊന്നുമറിയില്ലെന്ന ഒറ്റ മറുപടി മാത്രമേയുള്ളൂ. താന്‍ അസാധാരണവും ദൈവികവുമായ കഴിവുകളുള്ള ആളാണെന്ന് അയാള്‍ വിശ്വസിക്കുന്നില്ല. ഈ ആസുരകാലത്ത് അറിവും ജ്ഞാനവും അസാദ്ധ്യമാണെന്ന തിരിച്ചറിവിലാണ് ചിത്രം അവസാനിക്കുന്നത്. 

നഗരത്തില്‍ വന്ന ആള്‍ മഹ്ദിയാണെങ്കില്‍ കാട്ടില്‍നിന്നു വന്ന് നഴ്സിനൊപ്പം ജീവിക്കുന്ന ആള്‍ അന്തിക്രിസ്തുവാണ്. ഒരു കണ്ണ് മാത്രമുള്ള അയാള്‍ രണ്ടാമത്തെ കണ്ണ് ഒരു പെട്ടിക്കകത്താണ് സൂക്ഷിക്കുന്നത്. കടലില്‍നിന്നു വരുന്ന ആളെ കൊല്ലുന്നതും തീയുണ്ടാക്കി ഭീതി പരത്തുന്നതും കൊച്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതുമൊക്കെ അയാളാണ്. എന്നാല്‍, ഹദിത്തില്‍ പറയുന്നതുപോലെ, അന്തിക്രിസ്തുവിനെ കൊന്ന് മഹ്ദി ലോകത്തെ രക്ഷിക്കുന്നില്ല. പെട്ടെന്നു സ്‌ക്രീന്‍ ഇരുട്ടിലാഴുന്നു, എല്ലാം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ചാക്രികമായ ആവര്‍ത്തനം. ലോകം വീണ്ടും വെളിച്ചത്തിലേക്ക് വരുമോ എന്നു കൃത്യമായി വെളിപ്പെടുത്താതെ ചിത്രമവസാനിക്കുന്നു. 

ബ്ലേക്ക് ഏന്‍ഡ് വൈറ്റില്‍ ആവിഷ്‌കരിക്കപ്പെട്ട 'സൈഡ് വെ', ഇടവേളകളില്‍ ഇരുണ്ട സ്‌ക്രീനിലേക്ക് നീങ്ങുന്നു. ദുരന്തകാലത്തിന്റെ സൂചകമായി കറുപ്പ്/ഇരുട്ട് ചിത്രത്തിലുടനീളം പരന്നുകിടക്കുന്നു. പൂര്‍ണ്ണമായ വിശദീകരണങ്ങള്‍ നല്‍കാതെ, തുര്‍ക്കി കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന കറുത്തകാലത്തെ ആവിഷ്‌കരിച്ചുകൊണ്ടും ലോകം നേരിടുന്ന/നേരിടാന്‍ പോകുന്ന അമിതാധികാര വ്യവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുമാണ് 'സൈഡ് വെയ്സ്' അവസാനിക്കുന്നത്. ചിത്രത്തിലെ ഒരു കഥാപാത്രം ആശങ്കപ്പെടുന്നതുപോലെ, ''ദൈവത്തെ ഓര്‍ത്ത് പറയുക, എന്താണിവിടെ നടന്നുകൊണ്ടിരിക്കുന്നത്?'' എന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ് പ്രേക്ഷകര്‍ 'സൈഡ് വെ' അവസാനിപ്പിക്കുന്നത്. പേഴ്സിമോഗ്ലോവിനു    നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിക്കൊടുത്ത ചിത്രമാണ് 'സൈഡ് വെ.' 

ദുരന്തങ്ങള്‍ നിറഞ്ഞ ലോകത്തെക്കുറിച്ച് ആശങ്കകള്‍ രേഖപ്പെടുത്തുകയും ചോദ്യങ്ങള്‍ ചോദിക്കുകയും മാത്രമാണ് തന്റെ ദൗത്യമെന്ന് പേഴ്സിമോഗ്ലോ ആവര്‍ത്തിച്ച് വെളിപ്പെടുത്താറുണ്ട്. ആ ചോദ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കെര്‍ (Kerr, 2022) ആണ് 2023-ലെ ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി തുര്‍ക്കിയില്‍നിന്നു മത്സരിച്ചത്. ഇക്കഴിഞ്ഞ ഐ.എഫ്.എഫ്.കെയില്‍ കെര്‍ പേഴ്സിമോഗ്ലോവിനു പുരസ്‌കാരം കരസ്ഥമാക്കിക്കൊടുത്തിരുന്നു. 2014-ല്‍ പ്രസിദ്ധീകരിച്ച തന്റെ നോവല്‍ 'കെറി'ന്റെ ചലച്ചിത്രാവിഷ്‌കാരമാണ് അതേ പേരിലുള്ള ഈ ചിത്രം. കെര്‍ എന്നാല്‍, ആവര്‍ത്തനമെന്നാണ് അര്‍ത്ഥമെന്ന് അഭിമുഖത്തില്‍ സൂചിപ്പിക്കുന്ന സംവിധായകന്‍, ജീവിതത്തിന്റെ ചാക്രികതയാണ് ചിത്രം പ്രമേയമാക്കുന്നതെന്നു വെളിപ്പെടുത്തുന്നു. ''ലോകം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു, അവിടെനിന്നു വീണ്ടും ശാന്തമായി ജീവിതമാരംഭിക്കും'' -അദ്ദേഹം അഭിപ്രായപ്പെടുന്നു. നിരന്തരമനുഭവപ്പെടുന്ന സന്ദിഗ്ദ്ധാവസ്ഥയാണ് ജീവിതത്തിന്റെ പ്രത്യേകതയെന്നു സൂചിപ്പിക്കുന്ന പേഴ്സിമോഗ്ലോ, അതാണ് കെറിന്റെ പ്രമേയമെന്നു പറയുന്നു. തകര്‍ച്ചയുടെ വക്കിലാണ് ലോകമെത്തിയിരിക്കുന്നതെന്നു പറയുമ്പോഴും പ്രതീക്ഷകള്‍ കൈവിടാന്‍ ഈ സംവിധായകനൊരുക്കമല്ല. 

സമകാലീന തുര്‍ക്കിയുടേയും ലോകത്തിന്റേയും ചെറുപതിപ്പായി കരുതാവുന്ന, തണുത്തുറഞ്ഞ ഒരു കൊച്ചു നഗരത്തിലൂടെയാണ് കെര്‍ മുന്‍പോട്ട് പോകുന്നത്. മാറിവരുന്ന ഭരണകൂടങ്ങള്‍ തുര്‍ക്കിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് നയങ്ങളുടെ ശക്തമായ രാഷ്ട്രീയ അലിഗറിയാണ് ഈ ചിത്രം. നഗരത്തിലെ റേഡിയോ സ്റ്റേഷനിലെ ന്യൂസ് റൂമിന്റെ ദൃശ്യത്തിലാരംഭിക്കുന്ന കെര്‍, അതേ കാഴ്ചയില്‍ അവസാനിപ്പിച്ച് സംവിധായകന്‍ ചിത്രത്തിന്റെ ചാക്രിക സഞ്ചാരം പൂര്‍ത്തീയാക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കാന്‍, പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ഒറ്റപ്പെട്ട ആ നഗരത്തില്‍ വന്നത്. അതുകഴിഞ്ഞ് സ്വന്തം നഗരത്തിലേക്കു പോകാനായി ട്രെയിന്‍ കാത്തിരിക്കുന്ന അയാള്‍ക്കൊപ്പം, മറ്റൊരു യാത്രക്കാരന്‍ മാത്രമേ റെയില്‍വെ സ്റ്റേഷനിലെ വിശ്രമമുറിയിലുള്ളൂ. ഇരിപ്പിടത്തില്‍നിന്നു എഴുന്നേറ്റ് ബാത്റൂമിലേക്ക് പോകുന്ന കാന്‍, തികച്ചും അപ്രതീക്ഷിതമായി, അവിടെ ഒരു കൊലപാതകത്തിനു സാക്ഷിയാവുന്നു. ഭയംമൂലം വിറങ്ങലിച്ചുനില്‍ക്കുന്ന കാനിനു മുന്‍പിലൂടെ നടന്നുപോകുന്ന കൊലപാതകി, യാതൊരു ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ കൊലയ്ക്ക് ഉപയോഗിച്ച കത്തി വാഷ് ബേസിനില്‍ കഴുകി സാവകാശം പുറത്തേക്കു പോകുന്നു. കാന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ചെന്നു കൊലപാതക വിവരം അറിയിക്കുന്നു. അവിടെ ഒരു കുറ്റവാളിയെപ്പോലെ തന്നെ ചോദ്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനെ കണ്ട് കാന്‍ അത്ഭുതപ്പെടുന്നു. ഇങ്ങനെ അസാധാരണങ്ങളായ അനവധി സംഭവങ്ങളിലൂടെയാണ് കെര്‍ മുന്‍പോട്ട് പോകുന്നത്.

മഞ്ഞും മഴയും മൂലം തണുത്തു മരവിച്ചിരിക്കുന്ന നഗരത്തില്‍ കാന്‍ കണ്ടുമുട്ടുന്നവരെല്ലാം അയാളെ തിരിച്ചറിയുന്നുണ്ടെങ്കിലും അവരാരും തന്നെ അയാള്‍ക്കു പരിചിതരല്ല. ഇതു പലപ്പോഴും കാനിനെ ആശയക്കുഴപ്പത്തിലാക്കുന്നു. നഗരത്തില്‍ തുന്നല്‍ക്കാരനായിരുന്ന, കാനിന്റെ പിതാവിനെ എല്ലാവരും ഓര്‍മ്മിക്കുന്നു. അവരൊക്കെ കാന്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് അയാള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. നഗരത്തില്‍ കാണപ്പെടുന്ന അപകടകാരികളായ, പേ ബാധിച്ച നായ്ക്കളെക്കുറിച്ച് ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്ന ഭരണകൂടം, വീടുകളില്‍നിന്നു പുറത്തിറങ്ങാതിരിക്കാന്‍ അവരോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. ഇങ്ങനെ കൃത്യമായ രാഷ്ട്രീയ സൂചനകളുമായാണ് ചിത്രം പുരോഗമിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ കൊല്ലപ്പെട്ടയാള്‍, തന്റെ പിതാവിനെ അവസാന കാലം ശുശ്രൂഷിച്ച മറിയത്തിന്റെ ഭര്‍ത്താവാണെന്ന് കാന്‍ തിരിച്ചറിയുന്നു. എന്നാല്‍, കൊലപാതകിയും മറിയവും തമ്മില്‍ അടുപ്പമുണ്ടെന്ന് അറിയുമ്പോള്‍ കാന്‍ അത്ഭുതപ്പെടുന്നു. തെരുവില്‍ സ്വതന്ത്രനായി സഞ്ചരിക്കുന്ന കൊലപാതകിയും പൊലീസ് കുറ്റവാളിയെന്നു വിധിയെഴുതി നഗരം വിടരുതെന്ന് ആജ്ഞാപിക്കുന്ന കാനും തമ്മിലുള്ള വൈരുദ്ധ്യം, പേഴ്സിമോഗ്ലോവിന്റെ പതിവ് പ്രമേയമായ വ്യക്തിത്വ പ്രതിസന്ധിയുടെ ഭാഗമാണെന്നു പ്രേക്ഷകര്‍ തിരിച്ചറിയുന്നു. കാനുമായി ബന്ധമുള്ള പൊലീസ് ചീഫ്, നഗരത്തിലെ ബാര്‍ബര്‍, കൃത്രിമ അവയവങ്ങള്‍ വില്‍പന നടത്തുന്നയാള്‍, ഇറച്ചി വെട്ടുകാരന്‍ എന്നിവരെല്ലാവരും രാജ്യത്തിന്റെ സമകാലീന അവസ്ഥയെക്കുറിച്ച് അയാളുടെ അഭിപ്രായമന്വേഷിക്കുന്നു. അയാളുടെ മുറികള്‍ക്കകത്തും റോഡിലുമുള്ള ചതിക്കുഴികളെക്കുറിച്ച് അവര്‍ കാനിനു മുന്നറിയിപ്പ് നല്‍കുന്നു. തെരുവുകളില്‍ ഇടയ്ക്കിടെ കേള്‍ക്കുന്ന വെടിയൊച്ചകള്‍, തോക്ക്ധാരികളായ പട്ടാളക്കാരുടെ റോന്ത് ചുറ്റലുകള്‍. ഇങ്ങനെ അധികാരത്തിന്റേയും അതുണ്ടാക്കുന്ന ഭീഷണികളുടേയും ഭീതിയുടേയും തീവ്രമായ ചലച്ചിത്രാവിഷ്‌കാരമായി കെര്‍ മാറുന്നു. ഫാസിസ്റ്റ് അധികാരത്തിന്റെ അസംബന്ധവും ഭീതിനിറഞ്ഞവയുമായ സൂചനകള്‍ നല്‍കുന്ന, ചിത്രത്തിന്റെ ഇരുളും വെളിച്ചവും കൃത്യമായി ഇടകലരുന്ന ദൃശ്യസംവിധാനത്തില്‍, അതിന്റെ ഛായാഗ്രഹണം ഒരു നിര്‍ണ്ണായക ഘടകമാണ്. പ്രശസ്ത ഗ്രീക്ക് സംവിധായകന്‍ തിയോ ആഞ്ജലോ പൗലോസി (Theo Angelopoulos,1935-2012)ന്റെ ചിത്രങ്ങളില്‍ സവിശേഷമായ പ്രകാശക്രമീകരണങ്ങളോടെ ദൃശ്യങ്ങളൊരുക്കിയ ആന്‍ഡ്രിയാസ് സിനാനോസാണ് കെറിന്റെ ഛായാഗ്രാഹകന്‍.

സാക്ഷി പ്രതിയായി മാറുന്ന ഫാസിസ്റ്റ് ഭരണത്തിലെ അവസ്ഥയാണ് കെറില്‍ പ്രേക്ഷകര്‍ അഭിമുഖീകരിക്കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ അപ്രത്യക്ഷനായ ശേഷം, വര്‍ഷങ്ങള്‍ കഴിഞ്ഞു തിരിച്ചുവന്ന ദിവസമാണ് മറിയത്തിന്റെ ഭര്‍ത്താവ് വധിക്കപ്പെടുന്നത്. തുടര്‍ന്ന്, ഭര്‍ത്താവിന്റെ കൊലപാതകിക്കൊപ്പമാണ് നാം മറിയത്തെ കാണുന്നത്. ഒടുവില്‍ ചിത്രത്തിന്റെ അവസാന ഭാഗത്ത്, കാനിനെ കൊലപാതകിയുടെ അടുത്തെത്തിക്കുന്നതും മറിയമാണ്.

ഫാസിസ്റ്റ് ഭരണത്തിലെ പ്രതിപക്ഷം

പൂര്‍ണ്ണ സ്വതന്ത്രനായി ജീവിക്കുന്ന കൊലപാതകി, കുറ്റമാരോപിക്കപ്പെട്ട് പീഡിപ്പിക്കപ്പെടുന്ന നിരപരാധിയായ കാന്‍ എന്നിവരെ ആധുനിക ലോകത്തിലെ നിരര്‍ത്ഥകമായ നിയമവ്യവസ്ഥയുടെ ചിഹ്നങ്ങളായാണ് കെര്‍ ആവിഷ്‌കരിക്കുന്നത്. കാനിന്റെ പിതാവിന്റെ തയ്യല്‍ക്കടയില്‍ വരുന്ന കൊലപാതകി, അവിടെ തുന്നാനായി ഏല്പിച്ച സ്യുട്ട് വാങ്ങുന്നു. അത് ധരിച്ച്, ഭയത്തോടെ അത്ഭുതപ്പെട്ടുനില്‍ക്കുന്ന കാനിന്റെ മുന്‍പിലൂടെ ഒന്നും സംഭവിക്കാത്തതുപോലെ അയാള്‍ പുറത്തേക്കു പോകുന്നു. പ്രവര്‍ത്തനരഹിതമാക്കപ്പെട്ട ഫോണുകള്‍, രാജ്യത്ത് നിലനില്‍ക്കുന്ന ഭീകരാവസ്ഥയെക്കുറിച്ച് കാനിനു മുന്നറിയിപ്പ് നല്‍കുന്നവര്‍, രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് അഭിമുഖം നല്‍കാനാവശ്യപ്പെടുന്ന പത്രലേഖകന്‍ തുടങ്ങി നിരവധി രാഷ്ട്രീയ സൂചനകള്‍ ചിത്രം രേഖപ്പെടുത്തുന്നു. സമകാലീന തുര്‍ക്കിയേയും സമാന രാഷ്ട്രീയ അവസ്ഥയിലുള്ള മറ്റു രാജ്യങ്ങളേയും കെര്‍ ഓര്‍മ്മിപ്പിക്കുന്നു. പേഴ്സിമോഗ്ലോവിന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായാണ് കെര്‍ വിലയിരുത്തപ്പെടുന്നത്. 

ചലച്ചിത്ര സംവിധാനത്തിനു പുറമെ എഴുത്തിലും ചിത്രകലയിലും തല്പരനായ തൈഫണ്‍ പേഴ്സിമോഗ്ലോ, 1959-ലാണ് തുര്‍ക്കിയില്‍ ജനിച്ചത്. അങ്കാറയിലെ മിഡില്‍ ഈസ്റ്റ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദം നേടിയശേഷം, വിയന്നയിലെ ഫൈന്‍ ആര്‍ട്സ് അക്കാദമിയില്‍വെച്ച് ചിത്രകലയും ശില്പകലയും പഠിച്ച അദ്ദേഹം, ലോകം മുഴുവന്‍ ശില്പ-ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയ ശേഷമാണ് സാഹിത്യ-സിനിമാ മേഖലകളിലെത്തുന്നത്. 1985 മുതല്‍ സിനിമയും സാഹിത്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അദ്ധ്യാപനവുമായി പേഴ്സിമോഗ്ലോ മുന്‍പോട്ട് പോകാന്‍ തുടങ്ങി. 1996-ല്‍ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ 'ഡെസെര്‍ട്ട് സ്റ്റോറീസ്' പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി നോവലുകളും കഥാ സമാഹാരങ്ങളും തിരക്കഥകളും എഴുതിയ ശേഷമാണ് ആദ്യ ചിത്രം ഉമ്യാ അദ്ദേഹം സംവിധാനം ചെയ്തത്. നഗരജീവിതങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ആവിഷ്‌കരിക്കുന്ന പേഴ്സിമോഗ്ലോ ചിത്രങ്ങള്‍, കറുത്ത നര്‍മ്മങ്ങളടങ്ങിയ രാഷ്ട്രീയ അലിഗറികളായാണ് സിനിമാലോകം വിലയിരുത്തുന്നത്. കെര്‍ അടക്കം പേഴ്സിമോഗ്ലോവിന്റെ മിക്ക ചിത്രങ്ങളും അന്താരാഷ്ട്ര അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com