ഞങ്ങളുടെ നാട്ടില്‍ അന്ന് എല്ലാവരും അഭിമാനത്തോടെ ചെയ്തിരുന്ന ജോലിയായിരുന്നു കശുവണ്ടി കള്ളക്കടത്ത്....

ഞങ്ങളുടെ നാട്ടില്‍ അന്ന് എല്ലാവരും അഭിമാനത്തോടെ ചെയ്തിരുന്ന ജോലിയായിരുന്നു കശുവണ്ടി കള്ളക്കടത്ത്....
Updated on

ന്നലെ ഒരാഴ്ചത്തെ കശുവണ്ടി മമ്മി പെറുക്കിക്കൂട്ടിവെച്ചത് കടയില്‍ക്കൊണ്ടുപോയി വില്‍ക്കാനായി എന്റെ കയ്യില്‍ തന്നു. ചാച്ചനുള്ളപ്പോള്‍ ഇങ്ങനെയുള്ള മലഞ്ചരക്കുകളും പച്ചക്കറികളുമൊക്കെ വിറ്റ് ബില്ലും ക്യാഷും കൊണ്ടുവന്ന് മമ്മിയുടെ കയ്യില്‍ കൊടുക്കുന്ന ഡ്യൂട്ടി അങ്ങേര്‍ക്കായിരുന്നു. ആ വില്‍പന കഴിഞ്ഞ് ചാച്ചന്‍ വീട്ടിലെത്തുമ്പോള്‍ ഒരു വഴക്ക് ഉറപ്പാണ്. ബില്ലിലുള്ള കാശിന്റെ പകുതിയേ മമ്മിക്ക് കിട്ടാറുള്ളൂ. ഇങ്ങനെ നഷ്ടം വരുമെന്ന് അറിയാമെങ്കിലും സാധനങ്ങള്‍ വില്‍ക്കാന്‍ മമ്മി മറ്റാരേയും ഏല്പിക്കാറില്ല. പഴയ സ്വഭാവമൊക്കെ മാറി ഒത്തിരി ഒതുങ്ങിയ മനുഷ്യനല്ലേ, വട്ടച്ചെലവിനുള്ളത് എടുത്തോട്ടെ എന്നൊരു മനോഭാവമായിരിക്കാം.

ആ കാലത്തിനു മുന്‍പ്, എന്നുപറഞ്ഞാല്‍ ചാച്ചന്‍ അര്‍മാദിച്ചു നടക്കുന്ന സമയത്ത് എനിക്കായിരുന്നു വില്‍പനയുടെ ചുമതല. ബില്ലും കാശും കൃത്യമായി മമ്മിയെ ഏല്പിക്കണം. ഇല്ലെങ്കില്‍ നല്ല വഴക്കും അടിയും കിട്ടും.

മാക്കൂട്ടത്തു കൊണ്ടുപോയി കശുവണ്ടി വിറ്റിട്ടു വരുമ്പോള്‍ മാത്രമാണ് മമ്മി കാശും കണക്കും ചോദിക്കാത്തത്. പത്താംക്ലാസ്സ് കഴിഞ്ഞ അവധിക്കാലത്താണ് ഞാന്‍ ആദ്യമായി മാക്കൂട്ടത്തേയ്ക്ക് കശുവണ്ടി കള്ളക്കടത്തു നടത്തുന്നത്. എന്റെ എസ്.എസ്.എല്‍.സി പരീക്ഷാസമയത്ത് ചാച്ചന്‍ ചില കോമഡികളൊക്കെ

കാണിച്ച് കല്ലുവെട്ടുകുഴിയില്‍ ചാടി കയ്യൊടിച്ച് കണ്ണൂര്‍ എ.കെ.ജി ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ചാച്ചന്റെ ചികിത്സയ്ക്കുവേണ്ടി വലിയൊരു തുക മമ്മി ആരോടൊക്കെയോ കടം വാങ്ങി. അതുകൊണ്ട് ഞാനും കൂടി എന്തെങ്കിലും ജോലി ചെയ്തേ പറ്റൂ എന്ന അവസ്ഥ വന്നു.

ഞങ്ങളുടെ നാട്ടില്‍ അന്ന് എല്ലാവരും അഭിമാനത്തോടെ ചെയ്തിരുന്ന ജോലിയായിരുന്നു കശുവണ്ടി കള്ളക്കടത്ത്. കശുവണ്ടിക്ക് സര്‍ക്കാര്‍ കുത്തകസംഭരണം പ്രഖ്യാപിച്ചിരുന്നതുകൊണ്ട് കര്‍ഷകര്‍ നിര്‍ബന്ധമായും കശുവണ്ടി ഡിപ്പോകളില്‍തന്നെ കൊടുക്കണം. മറ്റെവിടെയെങ്കിലും വില്‍ക്കാന്‍ ശ്രമിച്ചാല്‍ കേസാണ്. കേരള അതിര്‍ത്തി കടത്തി കര്‍ണാടകത്തില്‍ കൊണ്ടുപോയി വിറ്റാല്‍ ഡിപ്പോയില്‍ കിട്ടുന്നതിനെക്കാള്‍ കിലോയ്ക്ക് പത്തുരൂപയെങ്കിലും കൂടുതല്‍ കിട്ടും. ഈ സാഹചര്യമാണ് ഞങ്ങളെ കള്ളക്കടത്തുകാരാക്കി മാറ്റിയത്.

അടുത്തുള്ള സ്ഥലങ്ങളില്‍നിന്നും ഡിപ്പോ വിലയെക്കാള്‍ കൂടുതല്‍ കൊടുത്തു കശുവണ്ടി വാങ്ങി അത് തലച്ചുമടായി പത്തു പതിനെട്ട് കിലോമീറ്റര്‍ അകലെയുള്ള മാക്കൂട്ടത്തു കൊണ്ടുപോയി കൊടുത്താല്‍ കിലോയ്ക്ക് അഞ്ചുരൂപയൊക്കെ അധികം കിട്ടും. കുറേനേരം കശുവണ്ടി വെള്ളത്തിലിട്ടാല്‍ കിട്ടുന്ന തൂക്കക്കൂടുതലിന്റെ ലാഭം വേറെയും.

മറ്റുള്ള ചേട്ടന്‍മാരും ചേച്ചിമാരും വലിയ പഞ്ചസാരച്ചാക്ക് വാങ്ങിച്ച് അതില്‍ നിറച്ച് തുന്നിക്കെട്ടിയാണ് കശുവണ്ടി കടത്തുക. നൂറ്റിയിരുപത് കിലോവരെ കൊണ്ടുപോകുന്ന കരുത്തരുണ്ട്. ഒരു പകുതി തലയിലും മറ്റേ പകുതി തോളത്തും വരത്തക്കരീതിയിലുള്ള ഇരുമുടിക്കെട്ടായിട്ടാണ് കശുവണ്ടി കൊണ്ടുപോകുന്നത്. എന്റെ ഒരു കൂട്ടുകാരന്‍ ബെന്നി ഇരുപത്തിയഞ്ച് കിലോയാണ് കടത്തുന്നത്. അതുകൊണ്ട് ആദ്യമായി പോകുമ്പോള്‍ അത്രയുംതന്നെ കൊണ്ടുപോകണമെന്ന് ഞാന്‍ തീരുമാനിച്ചു.

'എടാ നീ ആകെ മുപ്പതുകിലോയല്ലേ ഉള്ളൂ. എന്റെയൊരു കണക്കുവെച്ച് പത്തുകിലോയാണ് നിനക്ക് കൊണ്ടോകാന്‍ പറ്റുക, ദൂരമെത്രയുണ്ടെന്നോര്‍ത്താണ്...''

ഗുരുസ്വാമിയെപ്പോലെ വലിയ ആളായി നിന്ന് ബെന്നി എന്നോട് പറഞ്ഞു. അല്ലെങ്കിലും ഇരുപത്തിയഞ്ച് കിലോ കശുവണ്ടി വാങ്ങാനുള്ള കാശ് വീട്ടിലില്ല. ഞാന്‍ കശുവണ്ടികള്ളക്കടത്തിന് പോകുന്നു എന്നുപറഞ്ഞപ്പോള്‍ മമ്മിക്ക് വലിയ സന്തോഷമായി. ഇതുവരെ എന്തെങ്കിലുമൊക്കെ പണികളില്‍ ഞാന്‍ മമ്മിയെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ആദ്യമായി ഞാന്‍ സമ്പാദിക്കാന്‍ ഇറങ്ങുകയാണ്. മമ്മി അടുത്തുള്ള കന്യാസ്ത്രീമഠത്തില്‍നിന്നും പതിനഞ്ചുകിലോ കശുവണ്ടി കടമായി വാങ്ങിത്തന്നു. മാക്കൂട്ടത്തു കൊണ്ടുപോയി വിറ്റിട്ട് വരുമ്പോള്‍ വില കൊടുത്താല്‍ മതി.

വീട്ടില്‍ വെള്ളം പിടിക്കാന്‍ വെച്ചിരുന്ന ഒരു സിമന്റുജാറയുണ്ട്. കടം വാങ്ങിക്കൊണ്ടുവന്ന കശുവണ്ടി വൈകുന്നേരം ഞാനും മമ്മിയും കൂടി ആ സിമന്റ്ജാറയില്‍ വെള്ളത്തിലിട്ടു. പിറ്റേന്ന് നേരം പരപരാവെളുക്കുമ്പോള്‍ കള്ളക്കടത്തിനിറങ്ങണം. ഞങ്ങളുടെ അയല്‍പക്കത്ത് തോടിന്റെ കരയിലുള്ള കുറച്ച് പെണ്ണുങ്ങളും ബെന്നിയും ബിജുവും സിബിയുമൊക്കെയുള്ള ഒരു ടീമിന്റെ കൂടെയാണ് പോകേണ്ടത്. ഞാന്‍ നേരത്തെ അത്താഴമൊക്കെ കഴിച്ച് ആദ്യ കള്ളക്കടത്തിനു പോകുന്നതിന്റെ ത്രില്ലില്‍ കിടന്നു. പക്ഷേ, എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ കണ്ണടച്ചു കിടക്കുമ്പോള്‍ ഒരു തേങ്ങല്‍ കേട്ടു. മമ്മി എന്റെ അടുത്തുവന്നിരുന്ന് കരയുന്നതാണ്. അക്കാര്യം ഞാന്‍ അറിഞ്ഞു എന്ന് മമ്മിക്ക് മനസ്സിലാകാതിരിക്കാന്‍ ഞാന്‍ ഉറങ്ങിയതുപോലെത്തന്നെ കിടന്നു.

പിറ്റേന്ന് നേരം വെളുക്കുന്നതിനു മുന്‍പ് ഞങ്ങള്‍ രണ്ടുംചേര്‍ന്ന് കശുവണ്ടി വെള്ളത്തില്‍നിന്നും വാരി തുടച്ച് ഇരുമുടി കെട്ടാക്കി. മമ്മിയുണ്ടാക്കിയ കട്ടന്‍ചായയോടൊപ്പം അന്ന് സ്പെഷ്യല്‍ ഒരൈറ്റംകൂടി എനിക്ക് കിട്ടി. വില്‍ക്കാന്‍ വെച്ചിരുന്ന കോഴിമുട്ടകളിലൊരെണ്ണം ചൂടുവെള്ളത്തിലിട്ട് വാട്ടിയെടുത്തത്. എന്നെ യാത്രയ്ക്കൊരുക്കിയെങ്കിലും എന്റെ തലയിലേയ്ക്ക് ഇരുമുടികെട്ട് പിടിച്ചുതരുമ്പോള്‍ ഞാനൊന്ന് വേച്ചുപോയി. ഉയ്യോ... എന്ന് മമ്മിയുടെ ഒച്ച കേട്ടു. ഇരുട്ടായതുകൊണ്ട് മമ്മിയുടെ മുഖം കാണാന്‍ പറ്റിയില്ല. അത് നന്നായെന്ന് എനിക്കു തോന്നി.

ആരോഗ്യമില്ലാത്ത ഞാന്‍ എങ്ങനെ പണിയെടുത്തു ജീവിക്കുമെന്ന ആശങ്ക മമ്മിക്ക് പണ്ടേയുണ്ട്. സ്‌കൂളില്‍ എന്നെയെല്ലാവരും കൊതുകുംകുഞ്ഞേ എന്നാണ് വിളിക്കുന്നത്. കൊതുകേ എന്നുവിളിച്ചാലും പ്രശ്നമില്ല. ഇത് കൊതുകിന്റെ കുഞ്ഞാണ്. അത്രയും ദുര്‍ബലന്‍... എങ്ങനെ സഹിക്കും...

''കൊച്ച് പോകണ്ട മാനേ... ഇത് മഠത്തില്‍ തിരിച്ചു കൊടുത്തേക്കാം.''

''ഇല്ല മമ്മീ, ഞാന്‍ പൊക്കോളും.''

പകുതി മനസ്സോടെയാണ് ഞാനത് പറഞ്ഞത്.

''എന്നാ പൊക്കോ...''

ഞാന്‍ പിന്മാറാനുള്ള സാധ്യതയുണ്ടെന്നു കണ്ടപ്പോള്‍ മമ്മി കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു.

വീടിനു താഴെയുള്ള തോടരുകിലെ ഓമനേച്ചിയുടെ വീടുവരെ മമ്മിയാണ് കശുവണ്ടിച്ചാക്ക് കൊണ്ടുവന്നു തന്നത്. ഓമനേച്ചിയും അനുജത്തി ഷൈലേച്ചിയുമാണ് ഞങ്ങളുടെ അയല്‍പക്കക്കാരില്‍ കശുവണ്ടി കടത്തുന്നതിലെ സീനിയേഴ്സ്. മമ്മി അവരുടെയടുത്തു കൊണ്ടുപോയി എന്നെ ഏല്പിച്ചു എന്നുവേണം പറയാന്‍. ബെന്നിയും ബിജുവും സിബിയുമൊക്കെ അവരുടെ കൂട്ടത്തിലെ ജൂനിയേഴ്സാണ്.

''ഏലിയാമ്മച്ചേച്ചി ഒന്നും പേടിക്കണ്ട. ഇവനെ ഞങ്ങള് നോക്കിക്കോളും...''

ഓമനേച്ചി സന്തോഷത്തോടെ എന്നെ ഏറ്റെടുത്തു. പക്ഷേ, ആ സന്തോഷം അധികനേരം ഉണ്ടായിരുന്നില്ല. അവരുടെ വീടിന്റെ അടുത്തുള്ള തോട് മുറിച്ചുകയറുമ്പോള്‍തന്നെ ഞാന്‍ തെന്നിയടിച്ച് വീണു. അതുകണ്ടപ്പോള്‍ എല്ലാവര്‍ക്കും ചിരിയാണ്. ഞാനും ചിരിച്ചു. ഓമനേച്ചിയും ടീമും കശുവണ്ടിച്ചാക്ക് ഒരു പാറയില്‍ കുത്തിയിട്ട് എന്നെ പിടിച്ചെഴുന്നേല്‍പിച്ചു.

കുത്തുക എന്നത് കശുവണ്ടിക്കടത്തിലെ ഒരു പ്രധാന ചടങ്ങാണ്. മറ്റൊരാളുടെ സഹായമില്ലാതെ കശുവണ്ടിച്ചാക്ക് വീണ്ടും തലയില്‍ കയറ്റാന്‍ പാകത്തില്‍ കുറച്ച് ഉയര്‍ന്ന സ്ഥലത്ത് ചാക്ക് തലയില്‍നിന്നും ഇറക്കിവെക്കുന്നതിന്റെ പേരാണ് കുത്ത്.

ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. അപ്പോഴേയ്ക്കും ആളുകളുടെ എണ്ണം കൂടിവരുന്നുണ്ട്. പല വഴികളിലായി മാക്കൂട്ടത്തേയ്ക്ക് കശുവണ്ടി കടത്തുന്ന പത്തും ഇരുപതും പേരടങ്ങുന്ന സംഘങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് കേരളത്തിന്റെ അതിര്‍ത്തിയിലെത്തുമ്പോഴേയ്ക്കും ആയിരക്കണക്കിനാളുകളുടെ കൂട്ടമായി മാറും. ആ അതിര്‍ത്തി കടന്ന് കര്‍ണാടക ഫോറസ്റ്റില്‍ കയറിയാല്‍ കശുവണ്ടികള്ളക്കടത്ത് വിജയിച്ചു. പിന്നെ കേരള പൊലീസ് കശുവണ്ടി പിടിക്കാന്‍ വരില്ല. കൂട്ടുപുഴ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയില്‍ അതിര്‍ത്തി കടക്കാനായി അനേകം കടവുകളുണ്ട്. ആ ലക്ഷ്യത്തിലേക്കാണ് ഇക്കണ്ടയാളുകളുടെ മുഴുവന്‍ പോക്ക്.

ഞങ്ങള്‍ക്ക് ആദ്യം കയറേണ്ടത് വിളമനക്കുന്നാണ്. ഞാനുള്ളതുകൊണ്ട് മറ്റുള്ളവര്‍ക്ക് വേഗത്തില്‍ നടക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ മുതല്‍ ഓമനേച്ചിയുടെ മുഖം ചെറുതായി മങ്ങാന്‍ തുടങ്ങി. ആ മങ്ങല്‍ പെട്ടെന്ന് മാറിയെങ്കിലും പിന്നീടങ്ങോട്ട് ഓമനേച്ചിയുടെ മുഖത്ത് മങ്ങലുകളുടെ വലിയ കയറ്റം തന്നെയുണ്ടായി. വിളമനക്കുന്ന് കയറിയപാടെ ഞാന്‍ കശുവണ്ടി അടുത്തുള്ള കയ്യാലയില്‍ കുത്തിയതിന്, താന്നിക്കുന്ന് കയറുമ്പോള്‍ ഞാന്‍ വീണ്ടും വീണതിന്, മട്ടണിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് സ്‌ക്വാഡ് ഓടിച്ചതിന്, പൊലീസില്‍നിന്നും രക്ഷപ്പെടാനുള്ള തത്രപ്പാടിനിടയില്‍ ഞാന്‍ ഓമനേച്ചിയെ തള്ളിമാറ്റി ഓടിയതിന്, ഒരു വീട്ടിലെ കട്ടിലിനടിയില്‍ കശുവണ്ടിച്ചാക്ക് ഒളിപ്പിച്ച് ഭയന്നുവിറച്ചിരിക്കുന്നതിനിടയില്‍ ആ വീട്ടുകാരോട് ഞാന്‍ കുടിക്കാന്‍ വെള്ളം ചോദിച്ചതിന്, സാധാരണ അഞ്ചു കുത്തും നാല് മണിക്കൂറുംകൊണ്ട് അതിര്‍ത്തി കടക്കാന്‍ പറ്റുന്നിടത്ത് ഇന്ന് എണ്ണമില്ലാത്ത കുത്തുകളും ഒന്‍പത് മണിക്കൂറും വേണ്ടിവന്നതിന്, അതിര്‍ത്തി കടക്കാന്‍ നേരം കാവലു നില്‍ക്കുന്ന പൊലീസുകാരന് പത്തുരൂപയ്ക്കു പകരം അഞ്ചുരൂപ കൊടുത്തതിന്, പൊലീസുകാരന്‍ ബാക്കി അഞ്ചുംകൂടി മേടിക്കാനായി സമയം മെനക്കെടുത്തിയതിന്... ഓമനേച്ചിയുടെ മുഖം മങ്ങാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിരുന്നു.

''ആദ്യമായിട്ട് ആരു വന്നാലും അന്ന് പെടാപ്പാട് പെടും. ഈ കൊതുകുംകുഞ്ഞിനേംകൊണ്ട് വന്നിട്ട് കടക്കാന്‍ പറ്റീത് ദൈവാദീനം... ബൌസില്ലാത്ത എല്ലുന്തി...''

കടത്തുകടന്ന് അക്കരെയുള്ള കാട്ടില്‍ വിശ്രമിക്കുമ്പോള്‍ ഓമനേച്ചിയെ അന്ധവിശ്വാസം പിടികൂടി.

എന്റെ പെടാപ്പാട് അവിടെയും അവസാനിച്ചില്ല. കാട്ടിലൂടെ നടന്ന് മാക്കൂട്ടത്ത് നിരനിരയായി പണിതിരിക്കുന്ന താല്‍കാലിക കശുവണ്ടിച്ചാപ്പകളിലൊരെണ്ണത്തില്‍ ഞാന്‍ കശുവണ്ടിച്ചാക്ക് കൊണ്ടുപോയി കുത്തി. ഇനി മേലില്‍ കശുവണ്ടിക്കടത്തിന് ഞാനില്ല എന്നുറപ്പിച്ചാണ് ആ യാത്രയിലെ അവസാനത്തെ കുത്ത് കുത്തിയത്. കശുവണ്ടിയുടെ ക്വാളിറ്റിയറിയാന്‍ തൂക്കുകാരന്‍ ചാക്കിലേയ്ക്ക് കയ്യിട്ടു. അയാള്‍ ഞെട്ടി കൈവലിച്ചുകൊണ്ടു നിലവിളിച്ചു.

''ആനയാണേ...''

അയാള്‍ എന്റെ ചാക്ക് തൂക്കം നോക്കാതെ മാറ്റിവെച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. മറ്റുള്ളവരുടെയെല്ലാം കശുവണ്ടി തൂക്കി ബില്ലാക്കിയിരിക്കുന്നു.

''പണിയായി മോനേ... മൊത്തം വെള്ളമാണ്... നീ രാത്രി വാരിവെച്ചില്ലാരുന്നോ... എടുത്തോ അടുത്ത കടയില്‍ കൊടുക്കാം.''

ബെന്നി എന്റെ അടുത്തു വന്നു പറഞ്ഞു. ഞാനും ബെന്നിയും കൂടി എന്റെ ചാക്കുമെടുത്ത് പുറത്തേയ്ക്ക് നടന്നു.

''ആന വരുന്നുണ്ടേ... ആന... ആനയാണേ...''

ഉടനെ ആ കടയിലെ തൂക്കുകാര്‍ എല്ലാവരും കേള്‍ക്കാന്‍ പാകത്തില്‍ വിളിച്ചുപറഞ്ഞു. എല്ലാവരും എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി. എന്റെ ചാക്കിലുള്ളത് വെള്ളത്തിലിട്ട് കുതിര്‍ത്ത കശുവണ്ടിയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.

''ഇനി രക്ഷയില്ല. ഒണക്കീട്ട് ഈ കടേത്തന്നെ കൊടുക്കണം.''

ഞാന്‍ ആദ്യത്തെ കടയിലേയ്ക്ക് തിരിച്ചുനടന്നു. അവര്‍ തന്ന കാലിച്ചാക്കുകള്‍ റോഡരുകില്‍ വിരിച്ച് അതിലേയ്ക്ക് എന്റെ കശുവണ്ടി മുഴുവന്‍ ഉണങ്ങാനിട്ടു. രണ്ടു മണിക്കൂര്‍ ഉണങ്ങിക്കഴിഞ്ഞാണ് എനിക്ക് കശുവണ്ടി വില്‍ക്കാന്‍ പറ്റിയത്. അതോടെ ഓമനേച്ചിയുടെ കലിപ്പ് കൂടി.

''നിനക്കും നിന്റെ തള്ളയ്ക്കും ആര്‍ത്തി കൂടുതലാ... വെള്ളത്തിലിടുന്നേന് ഒരു കണക്കില്ലേ...''

അവര്‍ക്ക് തിരിച്ചുപോയി അടുത്ത ദിവസത്തേയ്ക്കുള്ള കശുവണ്ടി വാങ്ങാനുള്ളതാണ്.

മഠത്തില്‍ കൊടുക്കേണ്ട കശുവണ്ടിയുടെ വില കഴിഞ്ഞ് അന്‍പതു രൂപയോളം എനിക്ക് ലാഭം കിട്ടിയെങ്കിലും വീട്ടില്‍ തിരിച്ചെത്തുന്നതിനു മുന്‍പേ ഒരു കാര്യം ഞാന്‍ തീരുമാനിച്ചിരുന്നു. ഇനി കശുവണ്ടി കള്ളക്കടത്തിന് ഞാനില്ല.

''അത്ര കഷ്ടപ്പാടാണെങ്കി എന്റെ കൊച്ചിനി പോകണ്ട.''

ഞാന്‍ ഒന്നും മിണ്ടിയില്ല. കട്ടുകഴയ്ക്കുന്ന എന്റെ കാല്‍ മമ്മി കോഴിനെയ് കൂട്ടി തിരുമുകയാണ്.

''അവരത് വെയിലത്തിട്ട് ഒണക്കിക്കാതിരിക്കുകയായിരുന്നെങ്കില്‍ ഒരു പത്തിരുപത്തഞ്ചു രൂപേംകൂടി കിട്ടിയേനേം...''

എനിക്കു മാത്രമല്ല, മമ്മിക്കും ആ സങ്കടമുണ്ട്. അല്ലെങ്കിലും ഇരുപത്തഞ്ചു രൂപ നഷ്ടപ്പെടുന്നത് എന്തു വലിയ കഷ്ടമാണ്. അതുംകൂടി കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ എഴുപത്തഞ്ചു രൂപ എന്റെ കയ്യിലുണ്ടാകുമായിരുന്നു. ഞാന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ എഴുപത്തഞ്ചു രൂപ... എന്തു ജോലി ചെയ്താലാണ് ഇനി എഴുപത്തഞ്ചു രൂപ ഉണ്ടാക്കാന്‍ സാധിക്കുക.

''മമ്മീ, നാളെ കുറച്ച് കശുവണ്ടി വാങ്ങിച്ചു തരണം.''

'പുറ്റ്' നോവലിന്റെ ആമുഖത്തില്‍ കശുവണ്ടി കള്ളക്കടത്തിന്റെ ഈ പ്രലോഭനത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്. എത്ര പോകണ്ട എന്നുവെച്ചാലും കാശ് കയ്യില്‍ കിട്ടുന്ന കാര്യമോര്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ പോവുകതന്നെ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com