എസ്. ജയചന്ദ്രന്‍ നായര്‍; പ്രതിബദ്ധതയും ലാളിത്യവും ബൗദ്ധിക സത്യസന്ധതയും ഒത്തുചേര്‍ന്ന വ്യക്തിത്വം

എസ്. ജയചന്ദ്രന്‍ നായര്‍;  പ്രതിബദ്ധതയും ലാളിത്യവും ബൗദ്ധിക സത്യസന്ധതയും ഒത്തുചേര്‍ന്ന വ്യക്തിത്വം
Updated on

താണ്ട് രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ്. കൊച്ചിയിലെ യാത്രയ്ക്കിടയില്‍ എസ്. ജയചന്ദ്രന്‍ നായരെ (എസ്.ജെ) കാണണമെന്ന ആഗ്രഹമുണ്ടായി. നേരെ എക്‌സ്പ്രസ്സ് ബില്‍ഡിംഗിലേയ്ക്ക് പോയി. മുറിയിലേയ്ക്ക് ചെന്നയുടനെ ഒരു ചോദ്യം: ''എന്താ ഞാന്‍ ബി.ജെ.പിക്കാരനായെന്ന് സീതി കരുതിയോ?''

ഞാന്‍ പരുങ്ങലോടെ ചോദിച്ചു: ''അയ്യോ എന്താ സാര്‍ ഇങ്ങനെ?''

''പിന്നെ എന്താ ഒന്നും എഴുതാത്തത്?'' -അദ്ദേഹം തിരിച്ചു ചോദിച്ചു.

അപ്പൊ അതായിരുന്നു കാര്യം.

കുറച്ചുകാലമായി 'സമകാലിക മലയാള'ത്തില്‍ ഞാന്‍ ഒന്നും എഴുതിയിരുന്നില്ല. മനപ്പൂര്‍വ്വമായിരുന്നില്ല.

എന്നാല്‍, ആരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാകാനും ഇടയുണ്ടെന്ന് ഞാന്‍ ഊഹിച്ചു.

അദ്ദേഹം ഞാന്‍ എഴുതാത്തതിനുള്ള സങ്കടം കാണിച്ചെന്നേയുള്ളൂ.

ഒരുകാലത്തും ജയചന്ദ്രന്‍ നായരുടെ രാഷ്ട്രീയ നിലപാടില്‍ എനിക്ക് അശേഷം സംശയമുണ്ടായിരുന്നില്ല. എനിക്കു പിതൃതുല്യനായിരുന്നു അദ്ദേഹം. എന്റെ പിതാവ് കെ. എസ്. മുഹമ്മദുമായി 'കേരള ജനത'യില്‍ പ്രവര്‍ത്തിച്ച കാര്യങ്ങളെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞതോടെ എനിക്ക് അദ്ദേഹത്തെ അങ്ങനെത്തന്നെ കാണാനായിരുന്നു ആഗ്രഹം.

എഴുപതുകളുടെ അവസാനമാണ് ഞാന്‍ മലയാളത്തില്‍ ചെറിയ കുറിപ്പുകള്‍ എഴുതിത്തുടങ്ങുന്നത്. 'മാതൃഭൂമി'യിലും 'കേരളപത്രിക'യിലും മറ്റും എഴുതിത്തുടങ്ങിയ ഞാന്‍ 'കേരളകൗമുദി'യില്‍ ഒരു ലേഖനം അയക്കുന്നത് എണ്‍പതുകളുടെ ആദ്യമാണ്. ജയചന്ദ്രന്‍ നായര്‍ അന്നവിടെയുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ ഇതിഹാസമായ സൈമണ്‍ ബൊളിവറെക്കുറിച്ചുള്ള ഒരു ലേഖനം കൗമുദി വാരാന്തപ്പതിപ്പില്‍ വന്നപ്പോള്‍ അന്നു പത്രത്തിലുണ്ടായിരുന്ന ഞങ്ങളുടെ സുഹൃത്തുകൂടിയായിരുന്ന ഫസിലുദ്ദിനോട് എസ്.ജെ ഞാന്‍ ആരാണെന്നു തിരക്കിയതായി അറിഞ്ഞു. അന്നൊന്നും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയും കുറച്ചുകഴിഞ്ഞാണ് അദ്ദേഹം ഏറ്റെടുത്ത 'കലാകൗമുദി'യിലേയ്ക്കു ഞാന്‍ ലേഖനങ്ങള്‍ അയക്കുന്നത്. പിന്നീട് അദ്ദേഹം 'സമകാലിക മലയാളം' പത്രാധിപരാകുന്നതോടെ വളരെ നല്ല ബന്ധമാണ് ഞങ്ങള്‍ തമ്മിലുണ്ടായത്. എഴുതാന്‍ അദ്ദേഹം നിരന്തരം ആവശ്യപ്പെടും. ചിലപ്പോഴെല്ലാം അയക്കും. മലയാളത്തില്‍ എഴുതാനുള്ള വലിയ പ്രചോദനമായിരുന്നു എസ്.ജെയുമായുള്ള സമ്പര്‍ക്കം.

ചിലപ്പോള്‍ ലേഖനങ്ങള്‍ അയക്കുന്നതിനു മുന്‍പ് വിളിച്ചു ചോദിക്കും. വിഷയം പറയും. ഉടനെ അയക്കാന്‍ പറയും. ഒരു ലേഖനമൊഴിച്ച് എല്ലാം വന്നിട്ടുണ്ട്. പ്രസിദ്ധീകരിക്കാത്ത ആ ലേഖനത്തെച്ചൊല്ലി അല്പം നീരസവുമുണ്ടായി. അക്കാലത്തു വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണ പദ്ധതിയായ ഡി.പി.ഇ.പിയെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം അയച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും അതു വരാത്തതുകൊണ്ട് എസ്.ജെയ്ക്കു ഒരു കത്തെഴുതി. അതെഴുതാനുള്ള കാരണം ഡി.പി.ഇ.പിയെ സാധൂകരിച്ചുകൊണ്ടുള്ള മറ്റൊരു ലേഖനം വരുകയും അതില്‍ ഡി.പി.ഇ.പി വിമര്‍ശകരെ പരിഹസിക്കുന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ കാണുകയും ചെയ്തതാണ്. വാസ്തവത്തില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടിയായിരുന്നില്ല ആ കുറിപ്പയച്ചത്. എന്നാല്‍, എസ്.ജെ ആ കത്ത് പ്രസിദ്ധീകരിക്കുകയും എന്റെ കത്തിലെ 'ദുസ്സൂചനകള്‍ നിര്‍ഭാഗ്യകര'മെന്നു പറയുകയും ''മലയാളത്തിനു ലോകബാങ്കില്‍നിന്നും പണമൊന്നും ലഭിച്ചിട്ടില്ലെന്നും'' പത്രാധിപരുടെ ഒരു അടിക്കുറിപ്പുകൂടി ചേര്‍ത്തു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ലേഖനം ഒരുപക്ഷേ, പ്രസിദ്ധീകരിക്കാന്‍ വേണ്ടി മാറ്റിവെച്ചതാകും. എന്റെ വികാരത്തിളപ്പില്‍ എഴുതിപ്പോയ കത്ത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാകും എന്നു തീര്‍ച്ച.

പിന്നീടൊരിക്കല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു വിദ്വേഷവും കാണിച്ചില്ല. തികച്ചും സൗഹൃദപരമായിരുന്നു സംഭാഷണം. വീണ്ടും ലേഖനങ്ങള്‍ അയക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. സുഹൃത്തായ ഐ.വി. ബാബു 'ദേശാഭിമാനി'യില്‍നിന്നും 'മലയാള'ത്തിലേയ്ക്കു മാറിയ കാലം കൂടിയായിരുന്നു അത്. ബാബുവും കൂടി എത്തിയതോടെ എഴുതാനുള്ള സമ്മര്‍ദ്ദങ്ങള്‍ കൂടി. എന്നാല്‍, പുതിയ തലമുറ എഴുത്തുകാരെ ആ വഴിക്കു തിരിച്ചുവിടാനായിരുന്നു എനിക്കു താല്പര്യം. എസ്.ജെ കലാകൗമുദിയില്‍ ഉള്ള കാലം മുതല്‍ക്കുതന്നെ ആ കാഴ്ചപ്പാടുള്ള ആളായിരുന്നു. ബാബുവും അത്തരത്തില്‍പ്പെട്ട ചിന്താഗതിക്കാരനായിരുന്നു.

വലിയ എഴുത്തുകാരെക്കൊണ്ട് എഴുതിക്കുന്ന അതേ ആര്‍ജ്ജവം പുതുതലമുറയോടും എസ്.ജെ കാണിച്ചു. പ്രായമോ എഴുത്തു പരിചയമോ ഒന്നും അദ്ദേഹം നോക്കിയില്ല. എന്തെഴുതി, എങ്ങനെയെഴുതി എന്നു മാത്രമായിരുന്നു അദ്ദേഹം പരിഗണിച്ചിരുന്നത്.

കെ. ബാലകൃഷ്ണന്റെ 'കൗമുദി'യും എം. ഗോവിന്ദന്റെ 'സമീക്ഷ'യും എങ്ങനെയാണ് രാഷ്ട്രീയവും സാഹിത്യവും കലയും എല്ലാം ഒരു പ്രസിദ്ധീകരണത്തിന്റെ താളുകളിലൂടെ ആവിഷ്‌കൃതമാക്കിയത്, അതേ സര്‍ഗ്ഗാത്മക പത്രപ്രവര്‍ത്തന പാരമ്പര്യം പിന്തുടര്‍ന്ന ഒരാളായിരുന്നു എസ്.ജെ. സാഹിത്യത്തിലും സിനിമയിലും രാഷ്ട്രീയത്തിലും തന്റേതായ നിലപാടുകള്‍ യാതൊരു ഭയാശങ്കയുമില്ലാതെ അടയാളപ്പെടുത്തിയ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ചുനടന്ന ഒരു ചടങ്ങിനിടയിലാണ് സജി ജെയിംസ് എസ്.ജെയുടെ അസുഖവിവരം പറയുന്നത്. ടി.ജെ.എസ്. ജോര്‍ജിനുവേണ്ടി വക്കം മൗലവി പുരസ്‌കാരം സ്വീകരിച്ച സന്ദര്‍ഭത്തിലാണ് അദ്ദേഹം ഇതു സൂചിപ്പിച്ചത്. അടുത്തുതന്നെ ബംഗളൂരുവില്‍ പുരസ്‌കാരം ടി.ജെ.എസ്സിനു നേരിട്ട് സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ എസ്.ജെയെ കാണാന്‍ തീരുമാനിച്ചിരിക്കയായിരുന്നു. പക്ഷേ, എല്ലാവരേയും ദുഃഖത്തിലാക്കി അദ്ദേഹം മുന്നേ കടന്നുപോയി.

പ്രതിബദ്ധതയും ലാളിത്യവും ബൗദ്ധിക സത്യസന്ധതയും ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാന്‍ കഴിയുന്ന രചനകളുടെ അവതാരകനും ശില്പിയും എല്ലാമായിരുന്നു ജയചന്ദ്രന്‍ നായര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com