Emergency@1975 അശ്രുപര്‍വത്തിലെ ഹാസ്യരംഗങ്ങള്‍

Image of card
Emergency@1975Samakalika Malayalam
Updated on
2 min read

ചിലത് റദ്ദാക്കാനാവാത്തവിധം ചിലതിന്റെ പ്രതീകമാകും. ഫോട്ടോഗ്രഫര്‍ ആരെന്ന കാര്യത്തില്‍ ഇപ്പാള്‍ തര്‍ക്കമുണ്ടെങ്കിലും നിക്ക് ഊട്ടിന്റെ സെയ്ഗോണ്‍ ചിത്രം അരനൂറ്റാണ്ടായി വിയറ്റ്നാം യുദ്ധത്തിന്റെ കണ്ണീരൊഴുകുന്ന പ്രതീകമായി നിലനില്‍ക്കുന്നു. ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ ശക്തമായ വിമര്‍ശമായി 50 വര്‍ഷക്കാലം ജനമനസ്സിലുള്ളത് അബുവിന്റെ അവിസ്മരണീയമായ കാര്‍ട്ടൂണാണ്. ഭരണഘടനാപരമായ വൈകല്യത്തോടെ സമര്‍പ്പിക്കപ്പെട്ട വിളംബരം വീണ്ടുവിചാരമില്ലാതെ രായ്ക്കുരാമാനം ഒപ്പിട്ടുകൊടുത്ത രാഷ്ട്രപതിയാണ് കുളിത്തൊട്ടി കാര്‍ട്ടൂണിലൂടെ അബുവിന്റെ വിമര്‍ശത്തിനു പാത്രമായത്. സാധാരണ അവസ്ഥയില്‍പ്പോലും രാഷ്ട്രപതിയെ പരിഹസിക്കുന്നത് ഉചിതമല്ലെന്നിരിക്കെ അടിയന്തരാവസ്ഥയില്‍ അതെങ്ങനെ സാധ്യമായി എന്നത് ഒരു ചോദ്യമാണ്. നിക്ക് ഊട്ടിന്റെ ചിത്രംപോലെ യഥാര്‍ത്ഥ ദൃശ്യത്തെ ക്യാമറയില്‍ പകര്‍ത്തിയതാണ് അബുവിന്റെ കാര്‍ട്ടൂണ്‍ എന്ന് കരുതിയവരും ഇപ്പോഴും കരുതുന്നവരുമുണ്ട്. അവര്‍ക്ക് അത് കാര്‍ട്ടൂണല്ല, ഫോട്ടോയാണ്. കനത്ത സെന്‍സര്‍ഷിപ്പിന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിധേയമായ കാലത്താണ് ആ കാര്‍ട്ടൂണുണ്ടായത്. നീതിമാനെ ക്രൂശിക്കാന്‍ വിട്ടുകൊടുത്ത പീലാത്തോസിനു കൈകഴുകാന്‍ കല്‍ത്തളമുണ്ടായിരുന്നു. ജനാധിപത്യത്തെ വിധ്വംസകരുടെ പ്രൊക്രൂസ്റ്റിയന്‍ വിക്രിയകള്‍ക്കായി വിട്ടുകൊടുത്ത ഫക്രുദീന്‍ അലി അഹമദിനു സമ്പൂര്‍ണ ക്ഷാളനത്തിന് അബു ഒരു കുളിത്തൊട്ടിതന്നെ നിര്‍മിച്ചു. ഇന്ദിരാഗാന്ധിയുടെ ദൂതന്‍ വിളംബരത്തിന്റെ കരടുമായെത്തുമ്പോള്‍ രാഷ്ട്രപതി കുളിമുറിയിലായിരുന്നില്ല. പക്ഷേ, നഗ്‌നനായി ജലശയനം നടത്തുന്ന രാഷ്ട്രപതിയെയാണ് അബു ഫോട്ടോഗ്രഫിയെ വെല്ലുന്ന വിശ്വാസ്യതയോടെ ജനമനസ്സുകളില്‍ പ്രതിഷ്ഠിച്ചത്. ആ രാത്രിയില്‍ രാഷ്ട്രപതിഭവനില്‍ നടന്ന കാര്യങ്ങളുടെ ക്യാമറാദൃശ്യങ്ങള്‍ വന്നാലും ജനങ്ങള്‍ വിശ്വസിക്കാത്ത രീതിയില്‍ അബുവിന്റെ കാര്‍ട്ടൂണിന് യഥാതഥഭാവം കൈവന്നു. അത് അന്നും ഇന്നും വെറുമൊരു കാര്‍ട്ടൂണല്ല. അബു പ്രസിദ്ധമാക്കിയ കുളിമുറിയില്‍ രാഷ്ട്രപതിക്കുണ്ടായ വീഴ്ച ജനാധിപത്യത്തിന്റെ മരണത്തിനു കാരണമായി. ഫക്രുദീന്‍ അലി അഹമദിന്റെ മരണത്തിനു കാരണമായതും ആ കുളിമുറിയിലെ വീഴ്ചയായിരുന്നു.

സെന്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍നിന്ന് തന്ത്രപൂര്‍വം വിടുതല്‍ കണ്ടെത്തുകയും അതിലൂടെ അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമായി മാറുകയും ചെയ്ത ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ അബുവിന്റെ കാര്‍ട്ടൂണ്‍ പലതില്‍ ഒന്നുമാത്രമായിരുന്നു. സെന്‍സറുടെ അനുമതിയോടെയേ എഡിറ്റോറിയല്‍ പ്രസിദ്ധപ്പെടുത്താനാവൂ എന്ന അവസ്ഥയായപ്പോള്‍ എഡിറ്റോറിയല്‍ എഴുതാതെ പ്രതികരിച്ച പത്രമാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ്. കേട്ടതിനേക്കാള്‍ ഇമ്പം കേള്‍ക്കാത്തതിന് എന്നു പറയുമ്പോലെ എഴുതാത്ത എഡിറ്റോറിയലിന് എഴുതുമായിരുന്ന എഡിറ്റോറിയലിനേക്കാള്‍ കരുത്തുണ്ടായിരുന്നു. പത്രാധിപര്‍ സ്വയം നിശ്ശബ്ദനായതല്ല, നിശ്ശബ്ദനാക്കപ്പട്ടതാണെന്ന തിരിച്ചറിവ് വായനക്കാര്‍ക്കുണ്ടായി. ബ്ലാങ്ക് എഡിറ്റോറിയലുമായിറങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസ്സ് കലക്ടേഴ്സ് ഐറ്റം എന്ന നിലയില്‍ പലരുടേയും ശേഖരത്തിലുണ്ട്. അതും അടിയന്തരാവസ്ഥയുടെ അടയാളമായി.

രാജ്യസഭാംഗവും രാജ്യാന്തരപ്രശസ്തനുമായ അബു അബ്രഹാമിന് ഇനിയും വിശ്വാസയോഗ്യമായി വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത കാരണത്താല്‍ നല്‍കപ്പെട്ട സ്വാതന്ത്ര്യം മറ്റു കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ലഭിച്ചില്ല. പിതാവിന്റെ വാത്സല്യത്തിനും പ്രോത്സാഹനത്തിനും പാത്രമായ ശങ്കേഴ്സ് വീക്കിലി മകളുടെ അടിയന്തരാവസ്ഥയില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. ആര്‍.കെ. ലക്ഷ്മണ്‍ ടൈംസ് ഓഫ് ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷനായി. സാധാരണക്കാരിലേക്ക് പരിമിതമായി മാത്രം എത്തുന്ന ഈ കാര്‍ട്ടൂണുകള്‍ ഇന്ദിരാഗാന്ധിയുടെ അധികാരത്തിനു വെല്ലുവിളിയായതെങ്ങനെയെന്ന ഉത്തരം കിട്ടാത്ത ചോദ്യമുണ്ട്. നര്‍മം ഏകാധിപതിക്ക് ചതുര്‍ത്ഥിയാണ്. 'ദ് ഗ്രേറ്റ് ഡിക്ടേറ്റര്‍' എന്ന സിനിമ ചാര്‍ലി ചാപ്ളിനെ ഹിറ്റ്ലറുടെ നമ്പര്‍ വണ്‍ ശത്രുവാക്കി. 'കിസ കുര്‍സി കാ' എന്ന സിനിമ അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയെ പ്രകോപിതനാക്കി. ഒരു രാഷ്ട്രീയ ആക്ഷേപഗാനമാണ് രാജനെ കക്കയം ക്യാമ്പിലെത്തിച്ചത്. നിയന്ത്രണത്തിന്റെ മതില്‍ ബര്‍ലിന്‍ മതില്‍പോലെ ഭവിഷ്യത്തിനെക്കുറിച്ചാലോചിക്കാതെ ചാടാനുള്ളതാണ്. പ്രത്യക്ഷത്തില്‍ പറയാന്‍ കഴിയാത്തത് ചരമപ്പരസ്യത്തിന്റെ രൂപത്തില്‍ പറഞ്ഞതെങ്ങനെയാണെന്നു നോക്കുക.

OBITUARY

'O' Cracy, D.E.M.,

beloved husband of T. Ruth, loving father of L.I. Bertie,

brother of Faith, Hope and Justicia, expired on June 26.

1975 ജൂണ്‍ 28ന്? അടിയന്തരാവസ്ഥയുടെ മൂന്നാം ദിവസം. മുംബൈ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട ക്ലാസിഫൈഡ് പരസ്യമാണിത്. പാലക്കാട്ടുകാരനായ അശോക് മഹാദേവന്‍ എന്ന 26-കാരന്‍ അനുഭവിച്ച അടക്കാനാവാത്ത അസ്വസ്ഥതയില്‍നിന്നുണ്ടായ കുസൃതിയായിരുന്നു അത്. 20 രൂപ മുടക്കി പ്രസിദ്ധപ്പെടുത്തിയ ആ 22 വാക്കുകള്‍ സെന്‍സറുടെ കണ്ണുവെട്ടിച്ച് അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ ഏറ്റവും മികച്ച ഒറ്റയാള്‍ പ്രകടനമായി. റീഡേഴ്സ് ഡൈജസ്റ്റ് ഇന്ത്യന്‍ എഡിഷന്റെ ഡപ്യൂട്ടി എഡിറ്ററായിരുന്നു മഹാദേവന്‍. ഏതോ ഗോവന്‍ കുടുംബത്തിന്റെ ചരമ അറിയിപ്പായി മാത്രമാണ് സെന്‍സര്‍ ആ പരസ്യത്തെ കണ്ടത്. പരസ്യമായതുകൊണ്ട് ചിലപ്പോള്‍ കണ്ടിരിക്കാനും ഇടയില്ല. പ്രകടിപ്പിക്കാന്‍ അവസരമോ അനുവാദമോ ഇല്ലാത്ത അസ്വസ്ഥതയില്‍നിന്നുണ്ടാകുന്ന പ്രതികരണത്തിന് ജനം പല തരത്തിലുള്ള ആവിഷ്‌കാരമാര്‍ഗങ്ങള്‍ കണ്ടെത്തിയിരുന്നു. അത്യാഹിതകാലത്ത് എല്ലാം മനസ്സിലാക്കുന്നതിനുള്ള ആന്തരികശക്തിയും വിശകലനപാടവവും ജനം ആര്‍ജിക്കും. അടിയന്തരാവസ്ഥയില്‍ ഗത്യന്തരമില്ലാതെ പല തന്ത്രങ്ങളും പ്രയോഗിക്കപ്പെട്ടു.

അടിയന്തരാവസ്ഥ ട്രാജഡിയും അതേസമയം കോമഡിയുമായിരുന്നു. നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ അവരുടെ പേരോ പടമോ പ്രസിദ്ധപ്പെടുത്താന്‍ പത്രങ്ങള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. ആരെല്ലാമാണ് അറസ്റ്റിലായതെന്നോ അവര്‍ ഏതു ജയിലിലാണെന്നോ അറിയാനും അറിയിക്കാനും മാര്‍ഗമില്ലായിരുന്നു. ആരെന്ന് ഇനിയും അറിഞ്ഞിട്ടില്ലാത്ത ഒരാള്‍ വിലക്ക് മറികടക്കുന്നതിനു കണ്ടുപിടിച്ച ഉപായം സിലോണ്‍ റേഡിയോയുടെ നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ എന്ന ജനപ്രിയ പരിപാടിയായിരുന്നു. പാട്ട് ആവശ്യപ്പെടുന്നവരുടെ പേരും സ്ഥലവും പരിപാടിയില്‍ ദീര്‍ഘമായി പറഞ്ഞിരുന്നു. ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാന്‍ അന്യഥാ സൗകര്യം കുറവായിരുന്ന അക്കാലത്ത് സിലോണ്‍ റേഡിയോയ്ക്ക് കേരളത്തില്‍ വ്യാപകമായി ശ്രോതാക്കളുണ്ടായിരുന്നു. കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ വെറും ശുംഭനോ എന്ന ഗാനം ആവശ്യപ്പെട്ടുകൊണ്ട് നിരവധി കത്തുകള്‍ കൊളംബോയിലെ നിലയത്തിലെത്തി. ഓരോ സെന്‍ട്രല്‍ ജയിലിന്റേയും സ്ഥലപ്പേര് പറഞ്ഞുകൊണ്ട് അവിടെ തടവുകാരായി കഴിയുന്ന നേതാക്കളുടെ പേരുകളാണ് ഗാനം ആവശ്യപ്പെടുന്നവരുടേതായി ശ്രോതാക്കള്‍ കേട്ടത്. കണ്ണൂര് നിന്ന് പിണറായി വിജയന്‍ എന്നിങ്ങനെ വലിയൊരു ലിസ്റ്റ് വായിച്ചതിനുശേഷം അവര്‍ ആവശ്യപ്പെടുന്ന ഗാനം എന്ന രീതിയിലായിരുന്നു തടവുകാരുടെ പേരുകള്‍ റേഡിയോ പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നത്. മലയാളി ആയിരുന്നിട്ടും അവതാരക സരോജിനി ശിവലിംഗത്തിന് പേരിലെ ഡാവിഞ്ചി പൊരുള്‍ മനസ്സിലായില്ല. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ത്രിശങ്കുസ്വര്‍ഗത്തെ തമ്പുരാട്ടി എന്ന ഗാനത്തിനും ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. കര്‍ശനവും കര്‍ക്കശവുമായ സെന്‍സര്‍ഷിപ്പിനു പത്രങ്ങള്‍ വിധേയമായ കാലത്ത് കാര്യങ്ങള്‍ അറിയുന്നതിനും അറിയിക്കുന്നതിനും നവീനവും ഭാവനാപൂര്‍ണവുമായ മാര്‍ഗങ്ങള്‍ ജനങ്ങള്‍ കണ്ടെത്തി. അഭിപ്രായം പ്രകടിപ്പിക്കപ്പെടാനുള്ളതാണ്. അതിനുള്ള സ്വാതന്ത്ര്യം നിഷേധിച്ചാല്‍ ബഹിര്‍ഗമനത്തിനു മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തപ്പെടും.?

അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പത്രപ്രവര്‍ത്തകനും എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റുമായിരുന്നു ലേഖകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com