വിഹ്വലയായ നഗ്നബാലിക; വിയറ്റ്നാമില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കയെ പ്രേരിപ്പിച്ച ആ ചിത്രത്തെക്കുറിച്ച്

സെബാസ്റ്റ്യന്‍ പോളിന്റെ പംക്തിയില്‍
വിഹ്വലയായ നഗ്നബാലിക; വിയറ്റ്നാമില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കയെ പ്രേരിപ്പിച്ച ആ ചിത്രത്തെക്കുറിച്ച്
Updated on
3 min read

സെയ്ഗോണ്‍ എന്നറിയപ്പെട്ടിരുന്നതും 1975-ല്‍ ഹോ ചി മിന്‍ സിറ്റി എന്നു നാമകരണം ചെയ്യപ്പെട്ടതുമായ ദക്ഷിണ വിയറ്റ്നാം പട്ടണത്തില്‍ ഹൈവേ വണിലൂടെയുള്ള യാത്ര എന്നെ ട്രാങ് ബാങ് എന്ന ചെറുപട്ടണത്തിലെത്തിച്ചു. ഹോ ചി മിന്‍ സിറ്റിയില്‍നിന്ന് കമ്പോഡിയയുടെ തലസ്ഥാനമായ നോംപെനിലേക്കുള്ള ഹൈവേയാണ് ഹൈവേ വണ്‍. ആ വഴി പോകാനിടയായാല്‍ കയറേണ്ട നൂഡില്‍സ് കടയുടെ പേര് നിക് ഉട്ട് എനിക്ക് പറഞ്ഞു തന്നിരുന്നു. ബാന്‍ ക്യാന്‍ ട്രങ് ബാങ് എന്നറിയപ്പെടുന്ന വിയറ്റ്നാമീസ് ഭക്ഷണം പ്രസിദ്ധമാണ്. പോര്‍ക് നൂഡില്‍ സൂപ്പും നനഞ്ഞ് ലോലമായ അരിപ്പത്തിരിയും മത്സ്യം വേവിച്ച പന്നിയിറച്ചിയും ചേര്‍ന്നതാണ് മേല്‍പ്പറഞ്ഞ ഭക്ഷണം. നിക് ഉട്ടിന്റെ പ്രസിദ്ധമായ വിയറ്റ്നാം ബാലികയുടെ ചിത്രത്തില്‍ കാണുന്ന അഞ്ച് കുട്ടികളില്‍ ഒരാള്‍ നടത്തുന്ന കടയാണത്. പ്രവേശനഭാഗത്ത് നിക് ഉട്ടിന്റെ വലിയ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭക്ഷണത്തേക്കാള്‍ എന്നെ ആകര്‍ഷിച്ചത് ആ സ്ഥലത്തിന്റെ ചരിത്രപരമായ പ്രാധാന്യമാണ്. സമീപസ്ഥമായ ക്ഷേത്രത്തില്‍ അഭയം തേടിയ മനുഷ്യര്‍ക്കെതിരെ അമേരിക്ക മാരകമായ നാപാം ബോംബ് പ്രയോഗിച്ചത് അവിടെയാണ്. അസോഷ്യേറ്റഡ് പ്രസ് എന്ന അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വിയറ്റ്നാമീസ് ഫോട്ടോഗ്രാഫറായിരുന്നു നിക് ഉട്ട്. അന്ന് പ്രായം 21. പതിവുപോലെ കഴുത്തില്‍ നാല് ക്യാമറ തൂക്കി രാവിലെ ട്രാങ് ബാങ്ങിലെത്തിയ നിക് ഉട്ട് മുത്തശ്ശിയുടെ മടിയില്‍ കിടന്നു മരിക്കുന്ന ഒരു കുഞ്ഞിന്റെ പടം എടുത്തുകൊണ്ടിരിക്കെയാണ് തന്റെ ലെയ്ക ക്യാമറയുടെ വ്യൂഫൈന്‍ഡറില്‍ സ്‌തോഭജനകമായ കാഴ്ച കണ്ടത്. പരിപൂര്‍ണ്ണ നഗ്‌നയായ ഒരു പെണ്‍കുട്ടി മറ്റ് നാല് കുട്ടികള്‍ക്കൊപ്പം ഹൈവേയിലൂടെ ഓടിവരുന്നു. പിന്നില്‍ തീയും പുകയും സ്ഫോടനങ്ങളും. ഏഴ് അമേരിക്കന്‍ ഭടന്മാരും ഫ്രെയ്മിലുണ്ട്. അവരിലൊരാള്‍ ക്യാമറയില്‍ ഫിലിം ലോഡ് ചെയ്യുകയാണ്. ഒരു പ്രൊഫഷണലിനു മാത്രം ഉണ്ടാകുന്ന വിപദിധൈര്യത്തോടെ നിക് ഉട്ട് ആ ദൃശ്യം ക്യാമറയിലാക്കി. മാരകമായി പൊള്ളലേറ്റ ഒന്‍പതു വയസ്സുകാരി കിം ഫൂക്കിനെ കാറിലേക്കെടുത്തുകൊണ്ട് ചൂചിയിലെ സൈനിക ആശുപത്രിയിലേക്ക് അദ്ദേഹം പാഞ്ഞു. വിയറ്റ്കോങ്ങുകളുടെ യുദ്ധപ്രതിരോധത്തിലെ വിസ്മയമായി മാറിയ ടണലുകളുടെ നാടാണ് ചൂചി. തന്റെ അമേരിക്കന്‍ മീഡിയ കാര്‍ഡ് കാണിച്ച് ജീവനക്കാരെ വിരട്ടി അദ്ദേഹം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിവുപോലെ കഴുത്തില്‍ നാല് ക്യാമറ തൂക്കി രാവിലെ ട്രാങ് ബാങ്ങിലെത്തിയ നിക് ഉട്ട് മുത്തശ്ശിയുടെ മടിയില്‍ കിടന്നു മരിക്കുന്ന ഒരു കുഞ്ഞിന്റെ പടം എടുത്തുകൊണ്ടിരിക്കെയാണ് തന്റെ ലെയ്ക ക്യാമറയുടെ വ്യൂഫൈന്‍ഡറില്‍ സ്‌തോഭജനകമായ കാഴ്ച കണ്ടത്. പരിപൂര്‍ണ്ണ നഗ്‌നയായ ഒരു പെണ്‍കുട്ടി മറ്റ് നാല് കുട്ടികള്‍ക്കൊപ്പം ഹൈവേയിലൂടെ ഓടിവരുന്നു.

നല്ല സമരിയാക്കാരന്റെ ദൗത്യത്തിനുശേഷം സെയ്ഗോണില്‍ തന്റെ ബ്യൂറോയിലെത്തിയപ്പോള്‍ പ്രശ്‌നം സങ്കീര്‍ണ്ണമായി. ചിത്രം അമേരിക്കയിലേക്കയക്കാന്‍ ഫോട്ടോ എഡിറ്റര്‍ വിസമ്മതിച്ചു. Oh no, sorry. We can't use this in America എന്നാണ് എഡിറ്റര്‍ കാള്‍ റോബിന്‍സണ്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ നഗ്‌നതയായിരുന്നു തടസ്സം. മണിക്കൂറുകള്‍ക്കുശേഷം ഡ്യൂട്ടിക്കെത്തിയ പീറ്റര്‍ ആര്‍ണെറ്റാണ് ചിത്രത്തിന്റെ സാധ്യത മനസ്സിലാക്കി ക്ലിയര്‍ ചെയ്തത്. ഇറാഖ് യുദ്ധം ആരംഭിച്ച രാത്രിയില്‍ ബാഗ്ദാദിലെ ബോംബ് വര്‍ഷത്തിനിടെനിന്നു ധീരമായി തത്സമയ സംപ്രേഷണം നടത്തിയ സി.എന്‍.എന്‍ ലേഖകന്‍ ഈ ആര്‍ണെറ്റാണ്. ആര്‍ണെറ്റിന്റെ അനുമതിയോടെ റേഡിയോ ഫോട്ടോ ട്രാന്‍സ്മിറ്റര്‍ വഴി പില്‍ക്കാലത്ത് ഐക്കണിക് ആയിത്തീര്‍ന്ന ചിത്രം ടോക്കിയോയിലേക്കും അവിടെനിന്ന് ന്യൂയോര്‍ക്കിലേക്കും പറന്നു. പ്രഭാതത്തില്‍ ലോകമെങ്ങുമുള്ള പത്രങ്ങളില്‍ വിഹ്വലയായ നഗ്‌നബാലിക ഇടംപിടിച്ചപ്പോള്‍ ദൃശ്യം വാസ്തവമാണോ എന്നുമാത്രമാണ് പ്രസിഡന്റ് നിക്‌സണ്‍ ചോദിച്ചത്. ചികിത്സയ്ക്കായി കിം ഫൂക്കിനെ അമേരിക്കയിലെത്തിച്ചു.

മികച്ച വാര്‍ത്താചിത്രത്തിനുള്ള 1973-ലെ പ്യുലിറ്റ്സര്‍ നിക് ഉട്ടിനു ലഭിച്ചു. ആ വര്‍ഷത്തെ മികച്ച പ്രസ് ഫോട്ടോ ആയി നിക് ഉട്ടിന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. വാസ്തവത്തില്‍ നിക് ഉട്ടിന്റെ പ്രശസ്തിയുടെ യഥാര്‍ത്ഥ അവകാശി പീറ്റര്‍ ആര്‍ണെറ്റാണ്. വിയറ്റ്നാമില്‍നിന്നു പിന്‍വാങ്ങുന്നതിന് അമേരിക്കയെ നിര്‍ബ്ബന്ധിച്ചത് ഈ ചിത്രമായിരുന്നു. നിക് ഉട്ടിനൊപ്പമുണ്ടായിരുന്ന ബി.ബി.സി ഉള്‍പ്പെടെ പത്ത് ക്യാമറാമാന്മാര്‍ക്ക് എടുക്കാന്‍ കഴിയാതെ പോയ ചിത്രം ചരിത്രത്തെ സ്വാധീനിച്ച നൂറു വാര്‍ത്താചിത്രങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ നാല്‍പ്പതാമത്തെ സ്ഥാനം നേടി. 2019-ല്‍ കേരള മീഡിയ അക്കാഡമിയുടെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹം വിശദമായി എന്നോടു സംസാരിച്ചു. ചിത്രത്തിലെ ഏഴു സൈനികരിലൊരാള്‍ക്ക് ക്യാമറയില്‍ ഫിലിം ലോഡ് ചെയ്യുന്നതിനിടെ ദൃശ്യം നഷ്ടമായി. എങ്കിലും അവരുടെ സാന്നിധ്യമാണ് ചിത്രത്തിന് ആധികാരികതയും പരിവേഷവും നല്‍കിയത്. ചിത്രമെടുക്കാന്‍ നിക് ഉട്ട് ഉപയോഗിച്ച ലെയ്ക ക്യാമറ വാഷിങ്ടണിലെ ന്യൂസിയത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഹോചിമിന്‍ സിറ്റിയിലെ വാര്‍ മ്യൂസിയത്തില്‍ നൂറുകണക്കിനു യുദ്ധ ചിത്രങ്ങള്‍ക്കിടയില്‍ സമ്മാന്യമായ സ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നതും ഞാന്‍ കണ്ടു.

അന്നത്തെ സെയ്ഗോണ്‍ ബ്യൂറോയിലെ ഫോട്ടോ എഡിറ്ററെ കുറ്റപ്പെടുത്താനാവില്ല. 2016-ല്‍പ്പോലും ഫേസ്ബുക്കിന്റെ ഒന്നാം പേജില്‍നിന്നു ചിത്രം നീക്കം ചെയ്യാന്‍ മാര്‍ക് സുക്കര്‍ബെര്‍ഗ് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തയുണ്ടായിരുന്നു. ദീര്‍ഘനാളത്തെ ചികിത്സയില്‍ അഴകും ആരോഗ്യവും വീണ്ടെടുത്ത കിം ഫൂക്കിന് കാനഡ പൗരത്വം നല്‍കി. ക്യൂബയില്‍ മെഡിസിനു പഠിക്കുമ്പോഴാണ് 1989-ല്‍ നിക് ഉട്ട് ചിത്രകഥയിലെ തന്റെ നായികയെ പിന്നീട് കാണുന്നത്. യുനെസ്‌കോയുടെ ഗുഡ്വില്‍ അംബാസഡറായി പ്രവര്‍ത്തിക്കുന്ന ഈ 61-കാരി യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളിലും യുദ്ധത്തില്‍ ഇരയാക്കപ്പെടുന്ന കുട്ടികളുടെ ക്ഷേമത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്നു. ലോസ് ആഞ്ജലസില്‍ താമസിക്കുന്ന മുത്തശ്ശിയായ കിം ഫൂക് എല്ലാ ആഴ്ചയും തന്നെ വിളിക്കാറുണ്ടെന്ന് നിക് ഉട്ട് പറഞ്ഞു.

നിക് ഉട്ട്
നിക് ഉട്ട്

ഇന്നത്തെ ഹാനോയ് ഭരണകൂടത്തിന് കിം ഫൂക് അനഭിമതയാണെന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ വസ്തുത. വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കുന്നതിനു നിമിത്തമായിത്തീര്‍ന്ന കിം ഫൂക് വിയറ്റ്നാമിലെ വീരവനിതയായി പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്. പക്ഷേ, അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് വരാന്‍ ഭരണകൂടം വിസ അനുവദിക്കുന്നില്ല. സഹോദരന്‍ മരിച്ചപ്പോള്‍ ഒരു മാസത്തെ വിസയാണ് അവര്‍ക്കു ലഭിച്ചത്. ഏതൊരു സാമ്രാജ്യത്വമാണോ തങ്ങളെ നിഗ്രഹിക്കാന്‍ ശ്രമിച്ചത് ആ സാമ്രാജ്യത്വത്തിന്റെ ഉപകരണമായി കിം ഫൂക് മാറിയെന്നാണ് വിയറ്റ്നാമിന്റെ ആക്ഷേപം. കാര്യങ്ങള്‍ ശരിയായി ഗ്രഹിക്കുന്നതിനും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിനും പ്രാപ്തിയാകാതിരുന്ന പ്രായത്തില്‍ സംഭവിച്ചത് അവരുടെ മനസ്സില്‍ എങ്ങനെയാണ് പതിഞ്ഞതെന്നു പറയാനാവില്ല. അക്രമിയുമായി ഇര ഐക്യപ്പെടുന്ന മാനസികാവസ്ഥയ്ക്ക് സ്റ്റോക്ഹോം സിന്‍ഡ്രം എന്നു പറയും.

മനഃശാസ്ത്രജ്ഞര്‍ വ്യാഖ്യാനിക്കേണ്ടതായ അത്തരം അവസ്ഥയില്‍ അവര്‍ എത്തിയോ എന്നറിയില്ല. ചരിത്രത്തെ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ വിരുതുകാണിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ നൃശംസതയുടെ ഇരയെ സ്വന്തമാക്കിയതാവാം. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയുള്ള ധീരോദാത്തമായ പ്രതിരോധത്തിലെ തിളങ്ങുന്ന രത്‌നത്തെയാണ് ആരുടെ കുറ്റംകൊണ്ടാണെങ്കിലും വിയറ്റ്നാമിനു നഷ്ടമായത്.

വിഹ്വലയായ നഗ്നബാലിക; വിയറ്റ്നാമില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കയെ പ്രേരിപ്പിച്ച ആ ചിത്രത്തെക്കുറിച്ച്
സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന പംക്തി: ഒരു കോടതി, പല ശബ്ദം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com