സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന പംക്തി: ഒരു കോടതി, പല ശബ്ദം

ചിരിക്കാൻ തുടങ്ങിയാൽ അവസാനത്തെ ചിരി കോടതിയുടേതായിരിക്കും എന്നു പറയുന്നതിനു കാരണങ്ങൾ പലതുണ്ട്
സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന പംക്തി: ഒരു കോടതി, പല ശബ്ദം
Updated on
3 min read

ലിതത്തിനുള്ള ഇടമല്ല കോടതി. നീതിപീഠത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ ശബ്ദത്തിലും നീതിപീഠത്തിനു മുന്നിൽ നിൽക്കുന്നവർ ഭയഭക്തി ബഹുമാനത്തോടേയുമാണ് സംസാരിക്കുന്നത്. ജനാധിപത്യത്തിലെ കോടതി ഇങ്ങനെയായിരിക്കരുത് എന്നു നമുക്കു തത്ത്വം പറയാം. മൂർച്ചയേറിയ വാദപ്രതിവാദങ്ങൾക്കിടയിൽ ഉരുളയ്ക്കുപ്പേരിപോലെ ചില വർത്തമാനങ്ങൾ ചിരി പടർത്താൻ കാരണമായേക്കാം. പക്ഷേ, ചിരിക്കുന്നത് ജഡ്ജിയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയായിരിക്കണം. പരിഹാസമല്ല, കൃത്രിമമായ ആസ്വാദനമാണ് ജഡ്ജിക്ക് ഹിതകരവും പ്രീതിജനകവും ആകുന്നത്.

ചിരിക്കാൻ തുടങ്ങിയാൽ അവസാനത്തെ ചിരി കോടതിയുടേതായിരിക്കും എന്നു പറയുന്നതിനു കാരണങ്ങൾ പലതുണ്ട്. സുപ്രീംകോടതി അവസാനത്തെ കോടതി ആയതിനാൽ അവസാനത്തെ ചിരി സുപ്രീംകോടതിയുടേതായിരിക്കും. അപ്പോൾ നമുക്കു കരയാനാണ് തോന്നുക. വധശിക്ഷയുടെ ഭരണഘടനാപരമായ സാധുത ശരിവെച്ച സുപ്രീംകോടതി തങ്ങൾ വധശിക്ഷയ്ക്കു വിധിച്ചവരിൽ പലരും നിരപരാധികളായിരുന്നുവെന്ന് ഒരിക്കൽ പറയുകയുണ്ടായി. അങ്ങനെ ക്രൂരമായ ഫലിതം പറഞ്ഞതുകൊണ്ട് അന്യായമായി കൊല്ലപ്പെട്ടവർ തിരിച്ചുവരുമോ? തങ്ങൾ അമാനുഷരാണെന്ന് ജഡ്ജിമാർ കരുതുന്നുണ്ടെങ്കിലും അപ്രമാദിത്വം ഇല്ലാത്ത മനുഷ്യരാണ് ജഡ്ജിമാർ എന്ന തിരിച്ചറിവിലാണ് പല രാജ്യങ്ങളും വധശിക്ഷ നിർത്തലാക്കിയിരിക്കുന്നത്. കോടതി തെറ്റു മനസ്സിലാക്കുകയോ മനസ്സിലാക്കിയ തെറ്റ് തിരുത്തുകയോ ചെയ്യാറില്ല. എഴുതിയത് എഴുതി എന്നു പറഞ്ഞ ഒരു ന്യായാധിപൻ ചരിത്രത്തിലുണ്ട്. പ്രതി പൂർണ്ണമായും നിരപരാധിയാണെന്ന ഉത്തമബോധ്യത്തോടെ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച ആ ന്യായാധിപന്റെ പേര് പീലാത്തോസ് എന്നാണ്.

അഞ്ച് കെട്ടിടസമുച്ചയങ്ങളിലായി 350 ഫ്ലാറ്റുകൾ ശാസ്ത്രീയമായി പൊളിച്ചുനീക്കി അഞ്ചുവർഷം കഴിഞ്ഞപ്പോൾ ഫ്ലാറ്റുകൾ പൊളിച്ചുനീക്കേണ്ടിയിരുന്നോ എന്ന് സുപ്രീംകോടതിയിലെ മറ്റൊരു ജഡ്ജി ചോദിക്കുന്നു.

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന് ഭ്രാന്തമായ രീതിയിൽ ശാഠ്യം പിടിച്ചത് ജസ്റ്റിസ് അരുൺ മിശ്രയായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു ജഡ്ജികൂടി ഉണ്ടായിരുന്നുവെന്നത് കാര്യമാക്കേണ്ട. കാരണം ജൂനിയർ ജഡ്ജി സീനിയർ ജഡ്ജിക്കൊപ്പം നിൽക്കുകയെന്നതാണ് പൊതുവെ കാണുന്ന രീതി. അഞ്ച് കെട്ടിടസമുച്ചയങ്ങളിലായി 350 ഫ്ലാറ്റുകൾ ശാസ്ത്രീയമായി പൊളിച്ചുനീക്കി അഞ്ചുവർഷം കഴിഞ്ഞപ്പോൾ ഫ്ലാറ്റുകൾ പൊളിച്ചുനീക്കേണ്ടിയിരുന്നോ എന്ന് സുപ്രീംകോടതിയിലെ മറ്റൊരു ജഡ്ജി ചോദിക്കുന്നു. പൊളിക്കുന്നതിനുപകരം കനത്ത പിഴ ചുമത്തി ചട്ടലംഘനം തീർപ്പാക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ബി.ആർ. ഗവായി ഇപ്പോൾ പറഞ്ഞത് സാധാരണ മനുഷ്യർ അന്നേ പറയുന്നുണ്ടായിരുന്നു. ചില വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബോധോദയത്തിനു സമയമെടുക്കും. നിയന്ത്രിത സ്‌ഫോടനത്തിന്റെ പരിചയമില്ലാത്ത വിസ്മയം നൽകിയ ആഘാതത്തിൽനിന്ന് ഇനിയും മോചനം പ്രാപിച്ചിട്ടില്ലാത്ത കായലോരം ഈ തമാശ കേൾക്കുമ്പോൾ കരയുന്നോ അതോ ചിരിക്കുന്നോ?

ശിക്ഷ പിഴയിലൊതുക്കിയാൽ കുറ്റം നിർബ്ബാധം നടക്കുമെന്ന ആശങ്കയുണ്ട്. പിടിക്കുമ്പോൾ പിഴ അടച്ചാൽ മതിയല്ലോ. അതുകൊണ്ട് കുറ്റം തടയുന്നതിനു നല്ല ശിക്ഷ കൊടുക്കുന്ന ജഡ്ജിമാരുണ്ട്. അപ്പോൾ സാമാന്യബോധത്തിനും യുക്തിക്കും നിരക്കാത്ത സാഹചര്യമുണ്ടാകും. നിയമവുമായി ബന്ധപ്പെട്ട അവസ്ഥയാണ് നീതി. നീതിനിർവ്വഹണത്തിനു പ്രാപ്തമാകാത്ത നിയമത്തിന് എന്തോ കുഴപ്പമുണ്ട്. സ്വന്തം കൃതികളുടെ പകർപ്പവകാശം സംരക്ഷിക്കാൻ കോടതി കയറി നിരാശനായ ചാൾസ് ഡിക്കൻസ് ഒലിവർ ട്വിസ്റ്റിൽ നിയമം കഴുതയാണ് എന്നെഴുതി. കഴുതകൾ ഒരേ കോടതിയിൽ ഒരേ ശബ്ദത്തിൽ സംസാരിക്കണം. ഭൂരിപക്ഷത്തോട് വിയോജിക്കുമ്പോഴല്ലാതെ നിയമത്തിന്റെ ശബ്ദം വ്യത്യസ്തമായി കേൾക്കരുത്. യു.എസ് സുപ്രീംകോടതിയിൽ അന്നുമിന്നും ഒൻപത് ജഡ്ജിമാരാണുള്ളത്. അവർ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്താവിക്കുന്ന വിധി കോടതിയുടെ പൊതുവായ ശബ്ദമാണ്. 50 സംസ്ഥാനങ്ങൾ ചേർന്ന യൂണിയനാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്. അവിടെ ഒൻപത് ജഡ്ജിമാരുള്ള കോടതി മതിയാകുമെങ്കിൽ നമുക്കെന്തിനാണ് 34 ജഡ്ജിമാർ. ആദിയിൽ എട്ടായിരുന്നു സുപ്രീംകോടതിയുടെ അംഗബലം. പരസ്പരം തിരിച്ചറിയാൻ കഴിയാത്ത ജഡ്ജിമാർ എവിടെയൊക്കെയോ ഇരുന്ന് എന്തെല്ലാമോ പറയുന്നു. ജഡ്ജിമാരുടെ മാനസികാവസ്ഥപോലും പരിശോധിക്കപ്പെടുന്നില്ല. ഭരണകർത്താക്കളിൽ മാത്രമല്ല, ജഡ്ജിമാരിലും വിധ്വംസകവാസനയും ഏകാധിപത്യ പ്രവണതയും പ്രതികാരചിന്തയും ഉണ്ടാകാം. അതിനു തെളിവാണ് സുപ്രീംകോടതി ഇപ്പോൾ തിരിച്ചറിഞ്ഞ മരടിലെ തകർക്കൽ സൃഷ്ടിച്ചിരിക്കുന്ന പ്രശ്നങ്ങൾ. നിർമിച്ചവരുടേയും അതിന് അനുവാദം നൽകിയവരുടേയും കുറ്റത്തിനു കോടതി ശിക്ഷിച്ചത് ഫ്ലാറ്റുകൾ വാങ്ങിയവരെ ആണ്. അവർക്കു നൽകുമെന്നു പറഞ്ഞ നഷ്ടപരിഹാരം നാല് വർഷമായിട്ടും കൊടുത്തു തീർക്കാനായിട്ടില്ല. കിടപ്പാടത്തിന്റെ ആധുനിക ഭാഷയിലെ പേരാണ് അപാർട്ട്മെന്റ് അഥവാ ഫ്ലാറ്റ്. തന്റേതല്ലാത്ത കാരണത്താൽ അതു നഷ്ടപ്പെടുമ്പോൾ ഒരു മനുഷ്യന് എല്ലാം നഷ്ടപ്പെടുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ നാല് ജഡ്ജിമാർ കലാപക്കൊടി ഉയർത്തിയപ്പോൾ അരുൺ മിശ്ര ശ്രദ്ധാകേന്ദ്രമായി. ഹിതാനുവർത്തിയായ അരുൺ മിശ്രയെ മുന്നിൽ നിർത്തി റോസ്റ്റർ സിസ്റ്റത്തെ അട്ടിമറിക്കുന്നുവെന്ന ആരോപണമാണ് ദീപക് മിശ്രയ്ക്കെതിരെ ഉണ്ടായത്. നിശ്ചയിക്കപ്പെട്ട വിഷയക്രമം മറികടന്ന് താല്പര്യമുള്ള കേസുകൾ പറഞ്ഞാൽ കേൾക്കുന്ന ജഡ്ജിയെ ഏല്പിക്കുന്ന രീതിയാണ് റോസ്റ്റർ അട്ടിമറി എന്ന പേരിൽ അറിയപ്പെട്ടത്. കേരളത്തോട് എന്തെങ്കിലും ചെയ്ത് കുര്യൻ ജോസഫിനോടുള്ള പക പോക്കാനിരിക്കുകയാണ് അരുൺ മിശ്ര എന്ന ശ്രുതി അക്കാലത്തുണ്ടായിരുന്നു. ജഡ്ജിമാരിൽ വലിയ ആളുകളും ചെറിയ ആളുകളും ഉള്ളതുകൊണ്ട് കേൾക്കുന്നതെല്ലാം അടിസ്ഥാനരഹിതമാകണമെന്നില്ല. കേരളമെന്നു കേട്ടാൽ അരുൺ മിശ്രയുടെ ചോര തിളയ്ക്കുന്ന കാലമായിരുന്നു അത്. അതിന്റെ ഇരകളാണ് മരടിലെ ഫ്ലാറ്റുടമകൾ. വൈകിയുണ്ടായ ബോധജ്ഞാനത്തിന്റെ വാക്കുകളാണ് ജസ്റ്റിസ് ഗവായിയുടെ പരാമർശത്തിലൂടെ നാമിപ്പോൾ കേട്ടത്. അരുൺ മിശ്ര നിയമത്തിന്റെ ചട്ടക്കൂട്ടിൽ പ്രവർത്തിച്ചു. ബി.ആർ. ഗവായി നിയമത്തെ നീതിയുടെ ഉപകരണമായി കാണുന്നു. തകർക്കപ്പെട്ടത് പുനസ്ഥാപിക്കാൻ കഴിയാത്തതുകൊണ്ട് ഗവായിയുടെ വാക്കുകൾ ആർക്കും സമാശ്വാസത്തിനു കാരണമാകുന്നില്ല.

ബാബേലിലെപ്പോലെ വ്യത്യസ്തമായ നാവുകളല്ല സുപ്രീംകോടതിയിൽനിന്നു നാം പ്രതീക്ഷിക്കുന്നത്. ഭരണഘടനയെ അടിസ്ഥാനമാക്കി പലർ പല ഭാഷകളിൽ പറയുന്നത് അവനവന്റെ ഭാഷയിൽ മനസ്സിലാക്കുന്ന പന്തക്കുസ്താ അനുഭവമായി സുപ്രീംകോടതി മാറണം.

യു.എസ് സുപ്രീം കോടതിയെ സവിശേഷതയുള്ള കോടതി എന്നാണ് ജസ്റ്റിസ് ഫെലിക്സ് ഫ്രാങ്ക്ഫർട്ടർ വിശേഷിപ്പിച്ചത്. ഇന്ത്യൻ സുപ്രീംകോടതിയെക്കുറിച്ചും ഇതുതന്നെ പറയാം. പക്ഷേ, സുപ്രീംകോടതിയുടെ വില നമ്മൾതന്നെ കുറച്ചുകൊണ്ടുവരുന്നു. സിദ്ദിഖിനു ജാമ്യം കൊടുക്കണമോ വേണ്ടയോ എന്നത് ഒരു മജിസ്‌ട്രേറ്റ് തീരുമാനിക്കേണ്ട കാര്യമാണ്. പക്ഷേ, നമുക്കു സുപ്രീംകോടതിയിൽത്തന്നെ അക്കാര്യം തീർപ്പാക്കപ്പെടണം. സുപ്രീംകോടതിയെ യു. എസ് സുപ്രീംകോടതിപ്പോലെ ഭരണഘടനാപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പരമോന്നത കോടതിയായി നിലനിർത്തിക്കൊണ്ട് ഹൈക്കോടതികൾക്കുമേലെ ഒരു നാഷണൽ കോർട്ട് ഓഫ് അപ്പീൽ വേണമെങ്കിൽ സ്ഥാപിക്കാം. പരിമിതമായ അംഗബലത്തിൽ പ്രവർത്തിക്കുമ്പോൾ വൈരുദ്ധ്യങ്ങളില്ലാത്ത ആധികാരികത സുപ്രീംകോടതിക്കു ലഭിക്കും. ബാബേലിലെപ്പോലെ വ്യത്യസ്തമായ നാവുകളല്ല സുപ്രീംകോടതിയിൽനിന്നു നാം പ്രതീക്ഷിക്കുന്നത്. ഭരണഘടനയെ അടിസ്ഥാനമാക്കി പലർ പല ഭാഷകളിൽ പറയുന്നത് അവനവന്റെ ഭാഷയിൽ മനസ്സിലാക്കുന്ന പന്തക്കുസ്താ അനുഭവമായി സുപ്രീംകോടതി മാറണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com