

തൊണ്ണൂറുകളുടെ അവസാനം, ഒരു സായാഹ്നത്തിൽ കവടിയാർ ശരണത്തിൽ വച്ചാണ് അബു ഏബ്രഹാമിനെ കണ്ടത്. വീടിന്റെ പൂമുഖത്ത് വലതുകയ്യിൽ വിസ്‌കി നിറച്ച ഗ്ലാസ്സുമായി അസ്തമയശോഭ ആസ്വദിക്കുകയായിരുന്നു അപ്പോൾ. നിശ്ശബ്ദതയും നിർവികാരതയും നിറഞ്ഞ വാക്കുകൾ. കല, രാഷ്ട്രീയം, ചരിത്രം, പത്രപ്രവർത്തനം എല്ലാം സംഭാഷണത്തിൽ കടന്നുവന്നു. ജീവിതഭൂതകാലത്തെ, എന്റെ മുന്നിൽ നിസ്സംഗതയോടെയാണ് അവതരിപ്പിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിക്രമങ്ങൾ മതരാഷ്ട്രീയത്തിന്റെ വഴികളിലൂടെ നീങ്ങുന്ന കാലമായിരുന്നു അത്. സ്വാതന്ത്ര്യസമര കാലം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തോടൊപ്പം സഞ്ചരിച്ചിരുന്ന അബു രാഷ്ട്രീയത്തിന്റെ വർത്തമാനാവസ്ഥയിൽ അസ്വസ്ഥനായിരുന്നു. ഡൽഹിയോട് വിടപറഞ്ഞതു പോലും ആ രാഷ്ട്രീയാന്തരീക്ഷത്തിന്റെ വിഷസാന്നിധ്യത്തെ മറികടക്കാനായിരുന്നിരിക്കാം.
മാത്യു ഏബ്രഹാം എന്ന അബു ഏബ്രഹാം ജനിച്ചത് 1924 ജുൺ 11-ന് മധ്യതിരുവിതാംകൂറിലെ തിരുവല്ലയ്ക്കടുത്ത് മാന്നാറിലാണ്. ഇന്ത്യൻ ദേശീയസമരം പുതിയ വഴികളിലേക്ക് കടക്കുന്ന കാലമായിരുന്നു അത്. ഗാന്ധിജി, നെഹ്റു തുടങ്ങിയ ദേശീയ നേതാക്കൾ ഇന്ത്യൻ സാമൂഹ്യജീവിതത്തിന്റെ ചാലകശക്തിയായി തീർന്നിരുന്നു അപ്പോൾ. മാത്യു ഏബ്രഹാം ദേശീയ സമരത്തിന്റെ പ്രസക്തിയും പ്രാധാന്യവും ചെറുപ്പത്തിൽത്തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമരമുഖങ്ങൾ മനസ്സിലാക്കിയിരുന്നു. തിരുവിതാംകൂറിലെ രാഷ്ട്രീയ സമരങ്ങളേക്കാൾ ദേശീയസമരത്തിന്റെ പതാക ഏന്താനായിരുന്നു പിന്നീട് അബു ഏബ്രഹാമായി മാറിയ അബു ഏബ്രഹാം ആഗ്രഹിച്ചത്. അബു അക്കാലം ഓർമ്മിക്കുന്നു, ‘തിരുവിതാംകൂർ രാഷ്ട്രീയം’ എന്നെ ആകർഷിച്ചിരുന്നില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രാഷ്ട്രീയമായിരുന്നു എന്നെ ആഴത്തിൽ സ്വാധീനിച്ചത്. അതിന്റെ നേതാക്കൾ സർവ്വവ്യാപികളായിരുന്നു. തിരുവിതാംകൂർ മഹാരാജാവിനും സർക്കാരിനും അവരെ പുറന്തള്ളാനാവില്ലായിരുന്നു.
ഓരോ തവണ പുതിയ ഉടുപ്പിന് തുണിയെടുക്കുമ്പോൾ എനിക്ക് മോത്തിലാൽ നെഹ്റുവിന്റെയോ ജവഹർലാൽ, മഹാത്മാഗാന്ധി, സരോജിനി നായിഡു, തിലകൻ തുടങ്ങി ആരുടെയെങ്കിലുമോ ഛായാചിത്രമുള്ള പോസ്റ്റ് കാർഡ് കിട്ടിയിരുന്നു. എനിക്ക് ഒരുപാട് ഷർട്ടുകൾ ഇല്ലായിരുന്നെങ്കിലും ഞാൻ വാശിക്ക് കാർഡുകൾ ശേഖരിച്ച് എന്റെ നെസിൽസ് ചോക്ലേറ്റ് ബാർസ്റ്റാംപ് ആൽബത്തിലെ സിനിമാതാരങ്ങളുടെ പടങ്ങൾപോലെ ഈ ദേശീയവാദി ആൽബവും ഒരു വർഷംകൊണ്ട് കനംവെച്ചു (ഓർമ്മകൾ). എട്ട് വയസ്സുകാരനായ അബു ഗാന്ധിജിയെ കാണാൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പോയി. ഹിന്ദി പഠിക്കുകയും രാഷ്ട്രീയ പരിണിതികളെ സൂക്ഷ്മമായി മനസ്സിലാക്കുകയും ചെയ്തു. ചെറുപ്പത്തിൽ തുടങ്ങിയ ഈ രാഷ്ട്രീയാഭിമുഖ്യം അബുവിലെ പത്രപ്രവർത്തകനേയും കാർട്ടൂണിസ്റ്റിനേയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
അബു എല്ലാക്കാലത്തും ദേശീയതയിലും ജനാധിപത്യത്തിലും വിശ്വസിച്ചു. എന്നാൽ, ജനാധിപത്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമ്പോൾ വിമർശിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആ വിമർശനത്തിന്റെ ശക്തി വായനക്കാരൻ തിരിച്ചറിഞ്ഞതാണ്. മാത്രമല്ല, ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സംഭവിക്കുന്ന ജീർണ്ണതയും അപചയവും തുറന്നുകാട്ടാനും ശ്രമിച്ചിരുന്നു.
ചെറുപ്പകാലത്ത് നേടിയ രാഷ്ട്രീയബോധത്തിന്റെ അടിത്തറയിൽനിന്നുകൊണ്ടാണ് വിമർശനങ്ങൾ സൃഷ്ടിച്ചത്. സ്വാതന്ത്ര്യസമര കാലത്തെ ദേശീയ പ്രസ്ഥാനത്തിലെ മൂല്യബോധവും നൈതികതയും ആദർശവും മാഞ്ഞുപോകുന്നത് അബുവിനെ വ്യഥിതനാക്കിയിരുന്നു. കാർട്ടൂണുകളിൽ അതിന്റെ അനുരണനങ്ങൾ പ്രതിഫലിച്ചു.
വരയാണ് ജീവിതത്തിന്റെ വഴിയെന്ന് അബു ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നു. അബു പറയുന്നു: “മൂന്നു വയസ്സുതൊട്ട് വരയ്ക്കാൻ തുടങ്ങി എന്നാണോർമ്മ. മുറ്റത്തെ മണലിലായിരുന്നു വരച്ചത്. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങ വീഴുന്നതാണ് ആദ്യം വരച്ചത് എല്ലാവരേയും വിളിച്ചു കാണിച്ചു. അങ്ങനെയാണ് തുടങ്ങിയത്. അടുത്ത വീട്ടിൽ ഒരു വക്കീൽ ഉണ്ടായിരുന്നു - സി.പി. മാത്തൻ. അയാളെ വരച്ച് അയാളുടെ കുതിരയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്ന ഒരു ചിത്രവും വരച്ചു. സ്‌കൂളിലായപ്പോൾ അദ്ധ്യാപകരുടെ കാരിക്കേച്ചറുകൾ വരയ്ക്കാൻ തുടങ്ങി. ആദ്യം മുതലേ ഹാസ്യചിത്രങ്ങളാണ് ഞാൻ വരച്ചിട്ടുള്ളത്. ഇന്റർവെൽ സമയത്ത് വരയ്ക്കും. നല്ലൊരു മലയാളം മുൻഷി ഉണ്ടായിരുന്നു. കാർട്ടൂൺ മുഖമൊക്കെയായി. അദ്ദേഹത്തിന്റെ പടം ബ്ലാക്ക് ബോർഡിൽ വരച്ചു. അദ്ദേഹം തിരിച്ചു വന്നപ്പോൾ അതു കണ്ടു. ആരാ വരച്ചത് എന്നറിയാൻ വയ്യ. എല്ലാവരും ചിരിച്ചു; അങ്ങനെ ചില കുസൃതികളൊക്കെ കാണിച്ചിട്ടുണ്ട്, തമാശയുണ്ടായിരുന്നു. But I did not get in to any trouble.” വരകളുടെ വലിയ ലോകത്തേക്കുള്ള തുടക്കമായിരുന്നു അത്.
അബുവിന്റെ കാർട്ടൂൺ ജീവിതത്തിന് വഴിത്തിരിവ് ഉണ്ടാകുന്നത് ലണ്ടൻ ജീവിതത്തിലൂടെയാണ്.
1946-ലാണ് അബുവിന്റെ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. അത് മരണം വരെ തുടർന്നു. ആ ജീവിതത്തിന് നിരവധി അടരുകൾ ഉണ്ടായിരുന്നു. കാലത്തിന്റേയും ചരിത്രത്തിന്റേയും മഷിപ്പാടുകൾ പതിഞ്ഞിരുന്നു. വിമർശനവും വിശകലനവും അടങ്ങിയിരുന്നു. 1946-ലാണ് അബു ബോംബെ ക്രോണിക്കിളിൽ പത്രപ്രവർത്തകനായി ചേരുന്നത് അതിന്റെ പത്രാധിപർ സെയ്ത് അബ്ദുള്ള ബ്രെൽവിക്ക് ദേശീയ നേതാക്കളുമായി വലിയ അടുപ്പം ഉണ്ടായിരുന്നു. ആ പത്രപ്രവർത്തന കാലം അബുവിന്റെ രാഷ്ട്രീയ ചിന്തകൾക്ക് പ്രകാശം പകർന്നു. വിദ്യാഭ്യാസം കഴിഞ്ഞയുടൻ തന്നെയാണ് അബു പത്രപ്രവർത്തനം തൊഴിലായി തിരഞ്ഞെടുക്കുന്നത്. പക്ഷേ, ആ മേഖലയെപ്പറ്റി അന്ന് വേണ്ടത്ര അറിവില്ലായിരുന്നു. അബു എഴുതുന്നു: “1945 മധ്യത്തിൽ യൂണിവേഴ്‌സിറ്റി കോളജ് വിടുമ്പോൾ തന്നെ പത്രപ്രവർത്തകനാകാൻ ആഗ്രഹിച്ചിരുന്നു” അബു എഴുതുന്നു: “1945 യൂണിവേഴ്‌സിറ്റി വിടുമ്പോൾ തന്നെ ഞാൻ ന്യൂസ് പേപ്പറിന് അഡിക്ട് ആയിരുന്നു. എങ്ങനെ ഒരു പത്രം പ്രവർത്തിക്കുന്നുവെന്നോ എന്താണ് ജേർണലിസ്റ്റിന്റെ പണിയെന്നോ അറിയില്ലായിരുന്നിട്ടുകൂടി ഞാൻ കിട്ടുന്ന പത്രവും മാഗസിനുമെല്ലാം വായിച്ചുതള്ളി. ഞാൻ ചെയ്യേണ്ടത് പത്രപ്രവർത്തനമാണെന്ന ഒരു ബോധം എനിക്കുണ്ടായിരുന്നു. എങ്ങനെയെന്ന് വിശദീകരിക്കാൻ പ്രയാസമാണ്. ലോകം മാറ്റിമറിക്കാമെന്ന ‘മിഷനറി ആവേശ’മായിരുന്നില്ല അത്. അച്ചടിയക്ഷരങ്ങളോടുള്ള അഭിനിവേശമാകാം ഒരുപക്ഷേ, ഒരിക്കൽ എഴുതപ്പെട്ട ഒന്ന് അച്ചടിയക്ഷരങ്ങളിൽ കാണുമ്പോൾ അത് പതിനായിരക്കണക്കിന് കോപ്പികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നുള്ള തോന്നൽ നൽകുന്ന അത്യാവേശം. 1946 ഏപ്രിലിൽ ബോംബെ സെന്റിനെലിന്റെ ഒന്നാം പേജിൽ അടിച്ചുവന്ന എന്റെ ആദ്യ ന്യൂസ് റിപ്പോർട്ട് വായിച്ചപ്പോഴുള്ള ആഹ്ലാദം ഇന്നും എന്റെ ലേഖനങ്ങൾ വായിക്കുമ്പോൾ അതുപോലെ ഞാൻ അനുഭവിക്കുന്നു. കംപോസിറ്ററുടെ മുറിയിലെ ചൂടും അച്ചടിമഷിയുടെ ഗന്ധവും ഇന്നും ഞാനിഷ്ടപ്പെടുന്നു. റോട്ടറിയുടെ അലർച്ചയിൽ സംഗീതമുണ്ട്.”
അബുവിന്റെ കാർട്ടൂൺ ജീവിതത്തിന് വഴിത്തിരിവ് ഉണ്ടാകുന്നത് ലണ്ടൻ ജീവിതത്തിലൂടെയാണ്. പതിനഞ്ചോളം വർഷം ലണ്ടനിൽ ഉണ്ടായിരുന്നു. “കേഴ്‌സ് വീക്കിലിയിൽ രണ്ട് വർഷക്കാലം പണിയെടുത്ത ശേഷമാണ് ലണ്ടനിലേക്ക് കപ്പൽ കയറിയത്. 1953-ലെ ഒരു ദിവസം പ്രമുഖ ബ്രിട്ടീഷ് കാർട്ടൂണിസ്റ്റും സ്റ്റാർ പത്രത്തിന്റെ ലേഖകനുമായ ഫ്രെഡ് ജോസ് ശങ്കേഴ്‌സ് വീക്കിലി സന്ദർശിച്ചു. അവിടെ വെച്ച് അബുവിന്റെ വരകൾ അദ്ദേഹം കണ്ടു. ആ സന്ദർഭം അബു ഓർക്കുന്നു: “അയാൾ ഞങ്ങളുടെയെല്ലാവരുടേയും വരകൾ നോക്കി. സാമുവൽ ഉണ്ടായിരുന്നു. കുട്ടി ഉണ്ടായിരുന്നു. എന്റെ ഡ്രോയിങ് കണ്ടിട്ട് പറഞ്ഞു, Why don’t you come to England you can sell your Works there. That encouraged me. അയാൾ ലണ്ടനിൽ ചെന്നിട്ട് എഴുതി. എപ്പോഴാണ് വരുന്നത് ഇവിടെ ഞാൻ ജോലി ശരിയാക്കാം. അത് വിശ്വസിച്ചു പോയി. 1953 ജുലൈയിൽ ലണ്ടനിലേക്ക് കപ്പൽ കയറി, ആഗസ്റ്റ് 18-ന് എത്തി. രണ്ട് വർഷത്തോളം ഫ്രീലാൻസറായി വരച്ച് ജീവിച്ചു.” 1956 ഏപ്രിലിൽ ഒബ്‌സർവറിൽ കാർട്ടൂണിസ്റ്റായി ചേർന്നു. അത് അബുവിന്റെ ജീവിതത്തെ മാറ്റിമറിച്ചു. മാത്യു ഏബ്രഹാം അബുവായി മാറുന്നത് അവിടെ വച്ചാണ്. “ഞാൻ ആദ്യത്തെ കാർട്ടൂൺ ഒബ്‌സർവർ എഡിറ്റർക്ക് കൊടുത്തപ്പോൾ ഏബ്രഹാം എന്ന് ഒപ്പിട്ടിരുന്നു. നിങ്ങൾ ഏബ്രഹാം എന്ന് ഒപ്പിട്ടാൽ ഇസ്രയേലിനെതിരെ എന്തെങ്കിലും വരച്ചാൽ ജൂതവായനക്കാർ പ്രകോപിതരാവും. ഇസ്രായേലിന് അനുകൂലമായി വരച്ചാൽ ഒരു ജൂത കലാകാരനിൽനിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്നാവും പ്രതികരണം. അങ്ങനെ എന്നോട് ഒരു തൂലികനാമം കണ്ടെത്താൻ പറഞ്ഞു. ഞാൻ അങ്ങനെ അബു എന്ന തൂലികനാമം കണ്ടെത്തി. ഡൽഹി വൈ.എം.സി.എയിലെ സുഹൃത്തുക്കൾ എന്നെ അബു എന്നാണ് വിളിച്ചിരുന്നത്. എഡിറ്റർ പറഞ്ഞു: very good, it is a suitably mysterious name.” അബു എന്ന ലോക പ്രസിദ്ധ കയ്യൊപ്പ് അവിടെ വെച്ചാണ് ആദ്യം പതിക്കുന്നത്.
അബു ലോക രാഷ്ട്രീയ പരിണിതികളെ ഗൗരവമായും സൂക്ഷ്മമായും നിരീക്ഷിച്ചു. അധിനിവേശത്തിന്റെ പാർശ്വവൽക്കരണത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വരകളിലൂടെ അവതരിപ്പിച്ചു. ഓരോ ജനതയുടേയും അതിജീവനവും ജീവിത സാധ്യതകളും രാഷ്ട്രീയ പ്രതിരോധവും ആവിഷ്‌കരിച്ചു. ആ തിരിച്ചറിവുകളിൽ കൃത്യമായ സാമൂഹിക രാഷ്ട്രീയ നിലപാടുകളും സൂക്ഷിച്ചു. 1967-ൽ അബു പലസ്തീൻ അഭയാർത്ഥി ജീവിതം സൂക്ഷ്മമായി വരച്ചിട്ടു. ജോർദാൻ, ലെബനാൻ, സിറിയ തുടങ്ങിയ സ്ഥലങ്ങളിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു. ഇസ്രയേൽ ആക്രമണങ്ങളുടേയും അധിനിവേശങ്ങളുടേയും പ്രത്യാഘാതങ്ങൾ മനസ്സിലാക്കിയിരുന്നു. അതിന്റെ ദുരിതങ്ങളും വ്യഥകളും വരച്ചു. ലളിതമായ വരകളിലൂടെ ആ മുറിവുകളുടെ ആഴം അവതരിപ്പിച്ചു. അബുവിന്റെ പാലസ്തീൻ സ്‌കെച്ചു ബുക്കുകൾ ചരിത്രത്തിന്റെ അടയാളമായി അവശേഷിക്കുന്നു.
അബു 1969-ൽ ഇന്ത്യയിലേക്ക് മടങ്ങിയെ ത്തി. ഇന്ത്യൻ എക്‌സ്പ്രസ്സിൽ പ്രൈവറ്റ് വ്യൂ വരച്ചു തുടങ്ങി. ഇന്ത്യൻ രാഷ്ട്രീയം പുതിയ ദിശകളിലേക്ക് സഞ്ചരിക്കുന്ന കാലമായിരുന്നു അത്.
അബു 1969-ൽ ഇന്ത്യയിലേക്ക് മടങ്ങിയെ ത്തി. ഇന്ത്യൻ എക്‌സ്പ്രസ്സിൽ പ്രൈവറ്റ് വ്യൂ വരച്ചു തുടങ്ങി. ഇന്ത്യൻ രാഷ്ട്രീയം പുതിയ ദിശകളിലേക്ക് സഞ്ചരിക്കുന്ന കാലമായിരുന്നു അത്. ദേശീയ രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ സംഭവിച്ചുകൊണ്ടിരുന്ന മൂല്യശോഷണത്തേയും രാഷ്ട്രീയ വ്യതിയാനങ്ങളേയും നിശിതമായി വിമർശിച്ചു. ഖദർ വസ്ത്രങ്ങളും ഗാന്ധിത്തൊപ്പിയും ധരിക്കുന്നവർ കാർട്ടൂണുകളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടു. ഹാസ്യത്തിന്റെ ആവരണമിട്ട് ശക്തമായ രാഷ്ട്രീയ വിമർശനങ്ങൾ നടത്തി. ഭരണകൂട വിമർശനങ്ങൾ നടത്തുന്ന കാലത്തുതന്നെയാണ് അബു രാജ്യസഭാംഗമാവുന്നത്.
കേരളത്തിലെ കാലം
1972-ലാണ് ഇന്ദിരാഗാന്ധി അബുവിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. പാർലമെന്റിൽ അംഗമാകുന്ന ആദ്യത്തെ ഇന്ത്യൻ കാർട്ടൂണിസ്റ്റാണ് അബു. പാർലമെന്റ് പദവി അബുവിന്റെ രാഷ്ട്രീയ വിമർശനത്തെ ബാധിച്ചില്ല. 1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. മാധ്യമങ്ങളെ സെൻസർ നിയമങ്ങളുടെ തടവിലാക്കി. നിരവധി പത്രങ്ങളും പത്രാധിപന്മാരും കാർട്ടൂണിസ്റ്റുകളും വിധേയരാവുകയോ നിശ്ശബ്ദരാവുകയോ ചെയ്തു. പക്ഷേ, അബു വിമർശനത്തിന്റെ തീക്ഷ്ണത കുറച്ചില്ല. അടിയന്തരാവസ്ഥയേയും ഇന്ദിരയേയും നേരിട്ടു വിമർശിക്കുന്ന കാർട്ടൂണുകൾ വരച്ചു. ഇന്ത്യൻ എക്‌സ്പ്രസ്സിലെ പ്രൈവറ്റ് വ്യൂ വിമർശനങ്ങളുടെ യുദ്ധഭൂമിയായി മാറി. സെൻസർമാർ സ്വാതന്ത്ര്യവും നിരോധനവും ഒരുപോലെ നടപ്പാക്കി. അബു ഒറ്റയാന്റെ ചിന്നംവിളി തുടർന്നു. അടിയന്തരാവസ്ഥയുടെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ അബു അക്ഷോഭ്യനായി തലയുയർത്തി പിടിച്ചുനിൽക്കുന്നതു കാണാം. 1978-ൽ രാജ്യസഭാംഗത്വം അവസാനിച്ചു. പക്ഷേ കാർട്ടൂൺ ജീവിതം തുടർന്നു.
എൺപതുകളുടെ തുടക്കത്തിൽ അബു ഡൽഹിയോട് വിടപറഞ്ഞു, കേരളത്തിൽ താമസമാക്കി. ലാറി ബേക്കർ നിർമ്മിച്ച ശരണത്തിൽ താമസമാക്കി. ഡൽഹിയിൽ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ അബുവിനു കഴിഞ്ഞില്ല. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തിലും സമീപനത്തിലും ഉണ്ടായ വിച്ഛേദങ്ങൾ ഉൾക്കൊള്ളാനായില്ല. അബു പറയുന്നു: “എനിക്കിനി ദില്ലിയിൽ നിൽക്കാനാകാത്ത അവസ്ഥയാണുള്ളത്. ആദർശങ്ങൾക്ക് വിലമതിക്കപ്പെട്ടിരുന്ന ഒരു കാലം ദില്ലിയിൽ അസ്തമിച്ചു. ഉത്തർപ്രദേശിലും ബീഹാറിലും മറ്റുമുള്ള നിരക്ഷരരുടെ അന്ധമായ ശക്തി ദില്ലിയെ അടക്കിവാഴാൻ തുടങ്ങിയിരിക്കുന്നു. ഇവിടെയിരുന്ന് ദില്ലിയിലെ വാർത്തകൾ വായിക്കുമ്പോൾ പലപ്പോഴും ഞാൻ അസ്വസ്ഥനാവുന്നു. ദേശീയ അന്തർദ്ദേശീയ സെമിനാറുകൾ, ചർച്ചകൾ, സൗഹൃദസായാഹ്നങ്ങൾ, പത്രമാസികകൾ ഇവയൊക്കെ ഡൽഹിയിലെ കാർട്ടൂൺ രചനയെ സുഗമമാക്കിയിരുന്നു. ഇവിടെ പോരായ്മകൾ ഉണ്ടെങ്കിലും എനിക്കിപ്പോൾ സ്വന്തം വീട്ടിലെ സ്വസ്ഥതയുണ്ട്. സോഷ്യൽ കമ്മിറ്റ്‌മെന്റുള്ള എഴുത്തുകാരും പത്രപ്രവർത്തകരും സിനിമാക്കാരും കാർട്ടൂണിസ്റ്റുകളും ഇവിടെയുണ്ട്. കേരളീയ ഗ്രാമങ്ങൾ എനിക്ക് ലഹരി പകരുന്നു. ഞാൻ ഇവിടെ അലയുന്നു. കാണുന്നതെന്തും വരയ്ക്കുന്നു. ദില്ലിയെ അപേക്ഷിച്ച് തിരുവനന്തപുരത്തെ ജീവിതം ഏറെ ഹൃദ്യമാണ്.” (‘കാർട്ടൂണിസ്റ്റുകൾ പല്ലക്ക് ചുമക്കുന്നവരാകരുത്’ അഭിമുഖം. പി.വി.കൃഷ്ണൻ) 2002 ഡിസംബർ 2-ലെ ജീവിതാസ്തമയം വരെ അബു തിരുവനന്തപുരത്ത് തന്നെ താമസിച്ചു. പുരോഗമന രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയായി. എഴുതിയും വരച്ചും കാലത്തോട് ചേർന്നുനിന്നു.
അബുവിന് ചെറുപ്പത്തിൽ തുടങ്ങിയ രാഷ്ട്രീയതാധ്യമം മാധ്യമ കലാജീവിതത്തിന്റെ ഒരു സന്ദർഭത്തിലും നഷ്ടപ്പെട്ടില്ല. രാഷ്ട്രീയത്തോട് ചരിത്രപരമായ ആഭിമുഖ്യം എന്നും പുലർത്തി. പുരോഗമന സോഷ്യലിസ്റ്റ് നിലപാടുകളാണ് എന്നും സ്വീകരിച്ചത്. അബു പറയുന്നു: “കഴിഞ്ഞ 20 വർഷമായി ഞാൻ ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസിയായി തുടരുന്നു. ഏതു ഗവണ്‍മെന്റ് ഭരിച്ചാലും പ്രശ്‌നങ്ങളുടെ ആദർശപരമായ വ്യാഖ്യാനം സാധിക്കണമെങ്കിൽ കാർട്ടൂണിസ്റ്റിന് വ്യക്തമായ നിലപാട് വേണം. കോൺഗ്രസ്സിനുള്ളിലെ ഇടതുപക്ഷ വിഭാഗത്തോടാണ് എനിക്ക് ആഭിമുഖ്യം. ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയിൽ ഞാൻ പാർട്ടികൾക്ക് അതീതനാണ്.”
തികഞ്ഞ ജനാധിപത്യബോധവും മതേതര സാമൂഹിക നിലപാടും അബു സ്വീകരിച്ചിരുന്നു. ആ സമീപനമാണ് അബുവിന്റെ കലാദർശനം. സക്കറിയ എഴുതുന്നു: “ഇരുട്ടിൽ കെടാതെ നിന്ന ജനാധിപത്യ ബോധത്തിന്റേയും മനുഷ്യസ്‌നേഹത്തിന്റേയും അപൂർവ്വ ദീപങ്ങളിലൊന്നായിരുന്നു അബു. ഇന്ത്യൻ എക്‌സ്പ്രസ്സിൽ വരച്ച കാർട്ടൂണുകൾ, മഹാനായ ഒരു കാർട്ടൂണിസ്റ്റ് ആദ്യം മുതൽ അവസാനം വരെ മനുഷ്യസ്‌നേഹിയാവുന്നു, മനുഷ്യാവകാശ സ്‌നേഹിയാകുന്നുവെന്ന് അബു നമുക്ക് കാണിച്ചുതരുന്നു.” അബുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ അബു വിശ്വാസം അർപ്പിച്ചിരുന്ന ജനാധിപത്യ വിശ്വാസം അപകടകരമായ അതിജീവനത്തിനു വിധേയമാകുകയാണ്. കാർട്ടൂൺവരകൾക്കും രാഷ്ട്രീയ വിമർശനങ്ങൾക്കുമുള്ള സാധ്യതപോലും അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്ത് അബു പ്രകടിപ്പിച്ച ധീരത, ഇന്നത്തെ അപകടകരമായ ഇന്ത്യൻ രാഷ്ട്രീയ സന്ദർഭത്തിൽ നമ്മുടെ കാർട്ടൂണിസ്റ്റുകൾ പ്രകടിപ്പിക്കുമോ എന്നതിനു കാത്തിരിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
