

കേരള കൗമുദി പത്രത്തിന്റേയും കലാകൗമുദി എന്ന വാരികയുടേയും ഉയര്‍ച്ചയില്‍ എം.എസ്. മണിയോടൊപ്പം നിര്‍ണ്ണായകമായ പങ്കുവഹിച്ച നീതിമാനായ ഒരു വലിയ മനുഷ്യനായിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്തിപരമായിത്തന്നെയും വലിയ നഷ്ടമാണ്. വര്‍ഷങ്ങളായുള്ള ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്.
1975-1977 കാലത്ത് ആഭ്യന്തര അടിയന്തരാവസ്ഥയുടെ ഇന്ദിരാഗാന്ധി യുഗത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഒരു ശിക്ഷാനടപടിയെന്നോണം എന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. എന്നെ കാണാന്‍ എന്റെ പാപ്പന്‍ (അച്ഛന്റെ അനിയന്‍) കുന്നിക്കല്‍ പുരുഷോത്തമന്‍ തിരുവനന്തപുരത്ത് വന്നെങ്കിലും അദ്ദേഹത്തെ മൂന്നു ദിവസമാണ് ജയിലിനു പുറത്ത് കാത്തുനിര്‍ത്തിയത്. ഒരു ലോഡ്ജില്‍ മുറിയെടുത്ത് പാപ്പന് അവിടെ താമസിക്കേണ്ടിവന്നു.
അവസാനം വെറും അഞ്ചു മിനിട്ട് മാത്രമാണ് ഒരു ജനലിന്റെ അപ്പുറവും ഇപ്പുറവും നിര്‍ത്തി സംസാരിക്കാന്‍ ജയിലധികൃതര്‍ അനുവദിച്ചത്. ഈ അനുഭവമാണ് പിന്നീട് മന്ദാകിനി നാരായണന്‍ എന്ന എന്റെ മായെ തിരുവനന്തപുരത്തുവന്നു എന്നെ കാണണമെന്ന തീരുമാനമെടുപ്പിച്ചത്. ആ നഗരത്തില്‍ ബന്ധുക്കളോ യാതൊരു പരിചയങ്ങളോ ഇല്ലാത്ത സമയമായിരുന്നു. അച്ഛന്‍ കുന്നിക്കല്‍ നാരായണനും അന്ന് ഒളിവിലായിരുന്നു.
അങ്ങനെ മാ എന്നെ കാണാന്‍ തിരുവനന്തപുരത്തേക്കു വന്നു. റെയില്‍വേ സ്റ്റേഷനില്‍ അന്ന് മായെ സ്നേഹത്തോടെ സ്വീകരിച്ചത് ജയചന്ദ്രന്‍ നായരായിരുന്നു. എം.എസ്. മണിയും ജയചന്ദ്രന്‍ നായരും മായേ അന്ന് ഏറ്റെടുക്കുകയായിരുന്നു. ജയിലില്‍ എന്നെ കാണാന്‍ അപ്പോയ്മെന്റ് വാങ്ങാനും മായേ ജയിലിലേക്ക് കൊണ്ടുവരാനും ജയചന്ദ്രന്‍ നായര്‍ മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു. പരിചയങ്ങളൊന്നുമില്ലാതിരുന്ന തിരുവനന്തപുരം ഒരു അന്യസ്ഥലമല്ലാതായത് അന്നു മുതലാണ്. മായേ ഒരു വിശിഷ്ടാതിഥിയായാണ് മനുഷ്യത്വത്തിന്റെ പ്രതിരൂപങ്ങളായ എം.എസ്. മണിയും ജയചന്ദ്രന്‍ നായരും എപ്പോഴൊക്കെ അവിടെ പോയിട്ടുണ്ടോ അപ്പോഴൊക്കെ സ്വീകരിച്ചത്. എന്റെ ജീവിതത്തിലെ ഈ അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. ശത്രുപാളയത്തില്‍ ചെന്നപ്പോള്‍ ഊഷ്മളമായ ഒരു വി.ഐ.പി. പരിചരണം കിട്ടിയപോലെ.
അമ്മ പറഞ്ഞാണ് ഇക്കാര്യം ഞാന്‍ അറിയുന്നത്. ജയിലില്‍ ഉള്ളപ്പോള്‍ എം.എസ്. മണിയേയോ ജയചന്ദ്രന്‍ നായരേയോ ഞാന്‍ കണ്ടിരുന്നില്ല. എങ്കിലും എന്റെ ജീവിതത്തിലെ അദ്ദേഹവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഓര്‍മ്മ ഇതാണ്. പിന്നീട് പലതവണ നേരിട്ട് കാണുകയും സംസാരിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അന്നത്തെ ആ സംഭവമാണ് എന്റെ മനസ്സില്‍ ആദ്യം വരുന്നത്.
കലാകൗമുദിയിലാണ് എന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചത്. എന്റെ അനുഭവങ്ങളെക്കുറിച്ച് എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പക്ഷേ, എനിക്ക് സാഹിത്യഭാഷയൊന്നും അറിയില്ല എന്നുമൊക്കെ പറഞ്ഞ് എം.എസ്. മണിക്ക് ഞാനൊരു കത്തെഴുതി. സാഹിത്യഭാഷയല്ല പ്രധാനം അനുഭവത്തിന്റെ ചൂടാണ് എന്നദ്ദേഹം മറുപടിയും എഴുതി. ജയചന്ദ്രന്‍ നായരാണ് പത്രാധിപര്‍. ഞാനെഴുതിയത് ഒട്ടും എഡിറ്റ് ചെയ്യാതെയാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. ഞാന്‍ എഴുതിയ പച്ചയായ കാര്യങ്ങള്‍ അതുപോലെത്തന്നെ പ്രസിദ്ധീകരിച്ചു. ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിത്തുടങ്ങിയ ശേഷമാണ് ഞാനദ്ദേഹത്തെ തിരുവനന്തപുരത്തെ കൗമുദിയുടെ ഓഫീസില്‍വെച്ച് നേരില്‍ കാണുന്നത്. കലാകൗമുദിയുടെ ഓഫീസില്‍ ഞാനും അമ്മയും ഇടയ്ക്കൊക്കെ പോകാറുണ്ടായിരുന്നു. എന്നെക്കാള്‍ അടുപ്പവും ബന്ധവും അമ്മയുമായിട്ടുണ്ടായിരുന്നു അദ്ദേഹത്തിന്. അക്കാലത്ത് കൗമുദി മാത്രമാണ് ഞങ്ങളോട് താല്പര്യവും ബഹുമാനവും കാണിച്ച മാധ്യമം. മാതൃഭൂമിയും മനോരമയുമടക്കമുള്ള മറ്റ് മാധ്യമങ്ങളൊക്കെ അന്ന് ഞങ്ങള്‍ക്ക് എതിരായിരുന്നു. ഞങ്ങളെ 'കൊള്ളക്കാര്‍' ആയിട്ടായിരുന്നു അവരൊക്കെ കണ്ടിരുന്നത്.
ജയചന്ദ്രന്‍ നായര്‍ കൗമുദി വിട്ട് സമകാലിക മലയാളം വാരികയില്‍ എത്തിയപ്പോഴും ബന്ധം തുടര്‍ന്നു. എന്റെ ഓര്‍മ്മയുടെ തീനാളങ്ങള്‍ എന്ന ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചത് സമകാലിക മലയാളം വാരികയിലാണ്. രണ്ട് ഓര്‍മ്മക്കുറിപ്പുകളാണ് ഞാന്‍ എഴുതിയത്. അത് രണ്ടും സീരീസായി വന്നത് ജയചന്ദ്രന്‍നായരുടെ പത്രാധിപത്യത്തിലാണ്, കൗമുദിയിലും സമകാലിക മലയാളത്തിലും. പിന്നീട് അത് രണ്ടും പുസ്തകങ്ങളായി ഇറക്കി. രണ്ടാമത്തെ ഓര്‍മ്മക്കുറിപ്പിനെക്കുറിച്ച് ജയചന്ദ്രന്‍ നായരോടാണ് ഞാന്‍ ആദ്യം സംസാരിച്ചതും.
എനിക്ക് വളരെയധികം ബഹുമാനമുള്ള ഒരാളായിരുന്നു ജയചന്ദ്രന്‍ നായര്‍. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനെ ന്യായീകരിച്ചതിന്റെ പേരില്‍ പ്രഭാവര്‍മ്മയുടെ കവിത സമകാലിക മലയാളം വാരികയില്‍നിന്ന് പിന്‍വലിച്ചത് ധൈര്യമുള്ള ഒരു തീരുമാനമായിരുന്നു. ടി.പിയുടെ കൊലപാതകം ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഭീകരസംഭവമാണ്. ജയചന്ദ്രന്‍ നായര്‍ക്ക് ആ ധൈര്യമുണ്ടായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട് എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു സംഭവം കൂടിയാണത്.
അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഞാന്‍ തല കുനിക്കുന്നു. മഹാനായ ഈ മനുഷ്യസ്നേഹിക്ക് എന്റെ സ്നേഹം നിറഞ്ഞ ആദരാഞ്ജലികള്‍!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
