

റഷ്യന്‍ യാത്രയിലാണ് ആദ്യമായി ആംബര്‍ രത്‌നം കാണുന്നത്. മുപ്പതുകോടിയുടെ തിമിംഗലഛര്‍ദ്ദില്‍ പിടിച്ചെടുത്തതായി ഇപ്പോള്‍ പുതിയ വാര്‍ത്ത. വിലമതിക്കാനാവാത്തതായി കരുതപ്പെടുന്ന രത്‌നങ്ങളെ 'ഛര്‍ദ്ദി'ലായി കാണാനും വ്യവഹരിക്കാനും കഴിയുക ഒരു സാംസ്‌കാരിക വിച്ഛേദത്തെ കുറിക്കുന്നുണ്ട്. എങ്കിലും, അത്യപൂര്‍വ്വവും അതിവിശിഷ്ടവുമെന്നു കരുതപ്പെടുന്ന രത്‌നമായ ആംബറിനെ 'തിമിംഗലഛര്‍ദ്ദില്‍' എന്ന് ഇവിടെ പറഞ്ഞുകാണുന്നത് അങ്ങനെയൊരു വിച്ഛേദത്തിന്റെ ഫലമായാണെന്നു കരുതാനാവില്ല.
ആംബര്‍ഗ്രിസിന്റെ പരിഭാഷയായി 'തിമിംഗലഛര്‍ദ്ദില്‍' വരുന്നതില്‍ തകരാറൊന്നുമില്ലെങ്കിലും, ആംബറുകള്‍ക്കെല്ലാം തിമിംഗലങ്ങളുമായി ബന്ധമുണ്ടാവണമെന്നില്ല എന്ന യാഥാര്‍ത്ഥ്യംകൂടി അവിടെ മറയ്ക്കപ്പെടുന്നുമുണ്ട്.
സ്പേം വെയില്‍ വിഭാഗത്തില്‍പ്പെടുന്ന തിമിംഗലങ്ങള്‍ വളരെ വിരളമായി പുറംതള്ളുന്ന പദാര്‍ത്ഥമാണ് ആംബര്‍ഗ്രിസ് എന്ന രത്‌നം. തിമിംഗലം വിഴുങ്ങുന്ന ജീവികളുടെ എല്ല്, മുള്ള് തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് അതിന്റെ കുടലിനെ രക്ഷിക്കുന്ന ഭാഗമാണിത്. മെഴുകുരൂപത്തില്‍ തിമിംഗലം പുറംതള്ളുന്ന ഈ വസ്തു ഖരാവസ്ഥ പൂണ്ട് വെള്ളത്തില്‍ ഒഴുകിനടക്കും. അതുകൊണ്ട് ഇതിനെ ഒഴുകുന്ന സ്വര്‍ണ്ണം എന്നും വിശേഷിപ്പിക്കാറുണ്ട്.
ആംബര്‍; ആദ്യത്തെ രത്‌നവസ്തു
എന്നാല്‍, ആംബറുകളെല്ലാം തിമിംഗലങ്ങളുമായി ബന്ധപ്പെട്ടതാകണമെന്നില്ല. ഹൈഡ്രോകാര്‍ബണുകള്‍, റെസിനുകള്‍, സുക്സിനിക് ആസിഡ്, എണ്ണകള്‍ എന്നിവയുള്‍പ്പെടെയുള്ള ജൈവസംയുക്തങ്ങളുടെ രൂപരഹിതമായ ഒരു മിശ്രിതമാണ് ആംബര്‍. പുരാതന വൃക്ഷങ്ങളുടേയും വിശേഷിച്ചും ചില പൈന്‍മരങ്ങളുടേയും കറ, ദശലക്ഷക്കണക്കിനു വര്‍ഷങ്ങളോളം പ്രകൃതിയുടെ ജൈവസംസ്‌കരണത്തിനു വിധേയമായി രൂപപ്പെടുന്ന ഫോസിലുകളും ഈ വിഭാഗത്തില്‍പ്പെടുന്നു. മിനുക്കിയെടുക്കുന്ന സ്ഫടികസമാനമായ കല്ലുകളില്‍നിന്ന് ഉള്ളിലിരിക്കുന്ന ജീവികളെ കാണാന്‍ കഴിയുന്നുവെന്നത് മറ്റു രത്‌നങ്ങളെ അപേക്ഷിച്ച് ഈ ആംബര്‍ രത്‌നങ്ങളുടെ മാത്രമായ ഒരു പ്രത്യേകതയാണ്. പ്രകൃത്യാതന്നെയുള്ള ഒരു ഡിസൈനായി ആഭരണങ്ങളില്‍ ഇവ തെളിഞ്ഞുകാണാം. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുള്ള പ്രകൃതിയുടെ ഒരു ശകലത്തെ തങ്ങള്‍ വഹിക്കുന്നു എന്ന ഒരു ബോധം ആഭരണപ്രേമികളിലുണ്ടാക്കാന്‍ സഹായിക്കുന്നതുകൊണ്ടും ഇതിന് പ്രിയമേറുന്നു. പതിനായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ആളുകള്‍ ആംബറില്‍നിന്ന് ആഭരണങ്ങള്‍ നിര്‍മ്മിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട്, ഇതുവരെ ഉപയോഗിച്ചിട്ടുള്ളതില്‍വച്ച് ആദ്യത്തെ രത്‌നവസ്തുവായും ആംബറിനെ കണക്കാക്കാം.
ആംബറിനെ ഫോസിലൈസ്ഡ് റെസിന്‍ എന്നാണ് വിളിക്കുന്നതെങ്കിലും, മറ്റു ഫോസിലുകള്‍പോലെ ആംബറിലെ ധാതുസംയുക്തങ്ങള്‍ക്ക് രൂപമാറ്റം വരുന്നില്ല. പകരം പ്രകൃത്യാതന്നെയുള്ള രൂപാന്തരണത്തിലൂടെ അത് ഒരു ജൈവപ്ലാസ്റ്റിക് രൂപത്തിലേയ്ക്ക് പരിണമിക്കുന്നു. അതുകൊണ്ട്, സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഈ കറയില്‍ അകപ്പെടുന്ന ജീവികള്‍ ജൈവഘടനയില്‍ മാറ്റം വരാതെതന്നെ അവിടെ നിലനില്‍ക്കുന്നു. ഭൂമിയില്‍നിന്ന് നാമാവശേഷമായ പല ജീവിവര്‍ഗ്ഗങ്ങളേയും ആംബര്‍ക്കല്ലുകളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. അവയുടെ ജനിതകഘടനയെക്കുറിച്ചും ആവാസമേഖലകളെക്കുറിച്ചും പഠനം നടത്തുന്നതിന് ഇത് സഹായകമാവുന്നു. കൊതുകുകള്‍, നിരവധി ചെറുപ്രാണികള്‍, ചിലന്തികള്‍, തേളുകള്‍, പക്ഷിക്കുഞ്ഞുങ്ങള്‍ എന്നിവയെ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടാതെ വംശനാശം സംഭവിച്ച ആയിരത്തിലധികം പ്രാണികളേയും ആംബറില്‍നിന്നു കണ്ടെത്താന്‍ കഴിഞ്ഞു. അങ്ങനെ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു രത്‌നമെന്നുതന്നെ എല്ലാംകൊണ്ടും ആംബറിനെ വിശേഷിപ്പിക്കാം.
ഈ വസ്തുതകളൊന്നും അറിഞ്ഞില്ലെന്നിരുന്നാല്‍പ്പോലും റഷ്യന്‍ യാത്രയിലെ മറക്കാനാവാത്ത ഒരു സന്ദര്‍ശനമാണ് ആംബര്‍ മ്യൂസിയത്തിലേത്. സന്ദര്‍ശകര്‍ക്ക് റഷ്യ നല്‍കുന്ന അനുഭവങ്ങളില്‍ ഒരു സവിശേഷ 'രത്‌ന' സ്ഥാനം തന്നെ ആംബര്‍ രത്‌നങ്ങളുടെ ഈ മ്യൂസിയത്തിനുണ്ട്. നമ്മുടെ നാട്ടിലെ കള്ളക്കടത്തു സാമഗ്രികളില്‍ ആംബര്‍ കൂടി സ്ഥാനം പിടിച്ചെന്ന വാര്‍ത്ത ആ മ്യൂസിയത്തിലെ സന്ദര്‍ശനത്തിനു പുതിയൊരു പ്രസക്തികൂടി നല്‍കിയതായി തോന്നി.
സെന്റ് പീറ്റേഴ്സ്ബെര്‍ഗില്‍ സാര്‍ സ്‌ക്കോയെ (Tsar skoye) സെലോ (Selo)യിലെ കാതറീന്‍ കൊട്ടാരത്തോടു ചേര്‍ന്നാണ് ആംബര്‍ മ്യൂസിയം. സ്വര്‍ണ്ണവും കണ്ണാടിയും മറ്റും ചേര്‍ത്തുണ്ടാക്കിയ വിലയേറിയ ആംബര്‍ ആഭരണങ്ങളുടേയും ആംബറിന്റെ അസംസ്‌കൃത ഫോസിലുകളുടേയും മറ്റും വന്‍ശേഖരമുള്ളതാണ് ലോകപ്രശസ്തമായ ഈ മ്യൂസിയം. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ച ദേവദാരു വിഭാഗത്തിലുള്ള വൃക്ഷങ്ങളുടെ ഫോസിലുകള്‍ വിലയേറിയ ആംബര്‍ ധാതുവായിത്തീര്‍ന്നത് ഇവിടെയുണ്ട്.
1701-ല്‍ സാര്‍ സ്‌ക്കോയെ സെലോയില്‍ നിര്‍മ്മിച്ച ആംബര്‍ മ്യൂസിയം വളരെ വേഗം തന്നെ പ്രശസ്തിയാര്‍ജ്ജിച്ചു. 1716-ല്‍ മ്യൂസിയം സന്ദര്‍ശിച്ച പീറ്റര്‍ ചക്രവര്‍ത്തിയുടെ പ്രശംസയ്ക്ക് അത് അര്‍ഹമായിത്തീരുകയും ചെയ്തു. തുടര്‍ന്ന്, ജര്‍മനിയിലേയും റഷ്യയിലേയും കരകൗശലവിദഗ്ദ്ധര്‍ ചേര്‍ന്ന് മ്യൂസിയത്തിന്റെ നവീകരണശ്രമങ്ങള്‍ നടത്തി. അതിനുശേഷമായിരുന്നു രണ്ടാം ലോകയുദ്ധവും ജര്‍മനിയുടെ ലെനിന്‍ഗ്രാഡ് പിടിച്ചടക്കലുമൊക്കെ നടന്നത്. അതിനെത്തുടര്‍ന്ന് ആംബര്‍ മ്യൂസിയം അവിടെനിന്ന് നീക്കാനുള്ള ശ്രമങ്ങളുണ്ടായി.
ജര്‍മന്‍ സേന ഏറെ ബദ്ധപ്പെട്ട് അത് പൊളിച്ചുമാറ്റി കൊണിംഗ്സ് ബെര്‍ഗ് കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതിന്റെ കഥ പിന്നെയെന്തായി എന്ന് വ്യക്തമല്ല. പിന്നീട്, ആ മ്യൂസിയത്തിന്റെ ഒരു പകര്‍പ്പുണ്ടാക്കാനുള്ള സോവിയറ്റ് സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച്, 1979-ലാണ് സാര്‍ സ്‌ക്കോയെ സെലോയില്‍ ഇപ്പോഴത്തേത് നിര്‍മ്മിച്ചത്.
7000000-വര്‍ഷത്തിലേറെ പഴക്കമുള്ള ഫോസിലുകള്‍ ഇവിടെയുണ്ട്. വിലമതിക്കാനാവാത്ത ആഭരണങ്ങളില്‍ വിശേഷവസ്തുവായിത്തന്നെ ആംബര്‍ സ്ഥാനം പിടിക്കുന്നു. സംസ്‌ക്കരിക്കാത്ത ആംബര്‍ കാഴ്ചയില്‍ കല്ലുപോലെയിരിക്കും. മ്യൂസിയത്തിലേക്ക് കടന്നപ്പോള്‍ ഞങ്ങളെ ആദ്യം ആകര്‍ഷിച്ചത് ഒരു പാത്രത്തിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ആംബര്‍ കല്ലുകളാണ്. വിവിധതരം ആംബര്‍ മാലകളും മറ്റ് ആഭരണങ്ങളും അവിടെ കണ്ടു. ഒന്നിന് എഴുപതിനായിരം റൂബിളിലേറെ വിലവരുന്ന മാലകളാണ് അവിടെ കണ്ടത്.
ഇതുവരെയുണ്ടായിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച, പുതിയ അനുഭവം തന്നെയായിരുന്നു അത്. ഓര്‍മ്മയില്‍ എന്നും മിന്നിത്തിളങ്ങി നില്‍ക്കുന്ന രത്‌നാനുഭവം.
കേരളത്തില്‍ ഇപ്പോള്‍ മുപ്പതു കോടിയുടെ ആംബര്‍ഗ്രിസ് പിടിച്ചത് പ്രധാനപ്പെട്ടൊരു വാര്‍ത്തയാണ്. കള്ളക്കടത്തിന്റേയും മറ്റ് ഗൂഢവ്യാപാരങ്ങളുടേയും കാര്യത്തിലുംകൂടി ഒരു രത്‌നസ്ഥാനം നമ്മുടെ ജീവിതത്തിലും ആംബറിന് കൈവന്നുകൂടായ്കയില്ല എന്ന ഭീതികൂടി ഈ പുതിയ വാര്‍ത്തയില്‍ ഉള്ളടങ്ങുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates