അഗ്‌നിയാകേണ്ടവര്‍ കത്തിയിലൊടുങ്ങുമ്പോള്‍

കേരളത്തിലെ ക്യാംപസുകളിലൊന്നിലെ മണ്ണ് വീണ്ടും ഒരു വിദ്യാര്‍ത്ഥിയുടെ നെഞ്ചിലെ ചുടുനിണം വീണു നനഞ്ഞു. ''നാന്‍ പെറ്റ മകനേ'' എന്ന വിളി മൂന്നരക്കൊല്ലത്തിനുശേഷം വീണ്ടും കേരള ജനതയുടെ കരളു പിളര്‍ത്തി
അഗ്‌നിയാകേണ്ടവര്‍ കത്തിയിലൊടുങ്ങുമ്പോള്‍
Updated on
5 min read

ജനുവരി 10

കേരളത്തിലെ ക്യാംപസുകളിലൊന്നിലെ മണ്ണ് വീണ്ടും ഒരു വിദ്യാര്‍ത്ഥിയുടെ നെഞ്ചിലെ ചുടുനിണം വീണു നനഞ്ഞു. ''നാന്‍ പെറ്റ മകനേ'' എന്ന വിളി മൂന്നരക്കൊല്ലത്തിനുശേഷം വീണ്ടും കേരള ജനതയുടെ കരളു പിളര്‍ത്തി. ഇത്തവണ തളിപ്പറമ്പില്‍നിന്നായിരുന്നു ഒരമ്മയുടെ കരച്ചില്‍ ഉയര്‍ന്നത്. 

ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രാദേശികനേതാക്കളുടെ കത്തിക്കിരയായി പിടഞ്ഞു മരിച്ചത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ നേരിയ സംഘര്‍ഷം തളിപ്പറമ്പ് സ്വദേശി ധീരജ് രാജേന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെ ജീവനാണ് അക്രമികളെടുത്തത്. കുത്തേറ്റു ചോരയില്‍ കുളിച്ചുകിടന്ന ധീരജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. 21-കാരനായ ധീരജ് രാജേന്ദ്രനൊപ്പം ആക്രമണത്തിനിരയായ അഭിജിത് സുനില്‍, കൊല്ലം സ്വദേശി എ.എസ്. അമല്‍ എന്നിവര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്. 

സ്വാഭാവികമായും നാടെമ്പാടും പ്രതിഷേ ധമുയര്‍ന്നു. സി.പി.ഐ.എമ്മിന്റേയും ഇടതുമുന്നണിയുടേയും നേതാക്കളും ഇടതുപക്ഷവുമായി ബന്ധമുള്ള സംഘടനകളും സംഭവത്തെ അപലപിച്ചു. സംസ്ഥാനമെമ്പാടും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. എറണാകുളം മഹാരാജാസ് പോലുള്ള ക്യാംപസുകളില്‍ പ്രതിഷേധം നേരിയ സംഘര്‍ഷത്തിലേക്കും വഴിമാറി. 

കൊലപാതകം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മാദ്ധ്യമപ്രവര്‍ത്തകരെ കണ്ടു. വിശദാംശങ്ങളൊന്നും നല്‍കാന്‍ തയ്യാറായില്ലെങ്കിലും കേരള മെമ്പാടും എസ്.എഫ്.ഐക്കാര്‍ കൊലപ്പെടുത്തിയ കെ. എസ്.യുക്കാരുടെ ശവമാടങ്ങള്‍ എമ്പാടുമുണ്ട് എന്നൊരു പ്രത്യാരോപണവും അപ്പോള്‍ അദ്ദേഹം ഉന്നയിച്ചു. സംഭവത്തെ അപലപിക്കാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹം ഇടുക്കി സി.പി.ഐ. എമ്മില്‍ നിലനില്‍ക്കുന്ന സംഘടനാപ്രശ്‌നമാണ് കൊലപാതകത്തിലേക്കു നയിച്ചത് എന്നും പറഞ്ഞുവെച്ചു. രാജേന്ദ്രന്‍-മണി വിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കിന്റെ പശ്ചാത്തലത്തിലാണ് കൊ ലപാതകം എന്നായിരുന്നു അദ്ദേഹം നല്‍കിയ സൂചന. എന്നാല്‍, കെ.പി.സി.സി അദ്ധ്യക്ഷന്‍ മാദ്ധ്യമപ്രവര്‍ത്തകരെ കണ്ടതിനു ശേഷം അല്പസമയത്തിനുള്ളില്‍ പൊലീസ് കൊലപാതകിയായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയെ ബസ്സില്‍ സഞ്ചരിക്കവേ അറസ്റ്റു ചെയ്തു. പിന്നീട് കോളേജിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേലും വേറൊരു പ്രവര്‍ത്തകനും സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായി. 

നേരത്തോടു നേരമെടുത്തു സംഭവത്തെ അപലപിക്കാന്‍ സുധാകരനൊഴികെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്നതാണ് ഏറ്റവും സങ്കടകരമായ ഒരു സംഗതി. ഇതെഴുതുംവരേയും സുധാകരന്‍ സംഭവത്തെ അപലപിച്ചിട്ടില്ല. പരസ്പരമുള്ള പഴിക്ക് മുന്നോടിയായി നേതാക്കള്‍ ഔപചാരികമായെങ്കിലും പറയുന്ന ചില ഭംഗിവാക്കുകള്‍ക്ക് നമ്മുടെ ജനാധിപത്യത്തെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട് എന്നത് നമ്മുടെ അനുഭവമാണ്. 'നിര്‍ഭാഗ്യകരം', 'അക്രമം ആര്‍ക്കും ഭൂഷണമല്ല', 'ഞങ്ങളും അന്വേഷിക്കുകതന്നെ ചെയ്യും' തുടങ്ങി സ്ഥിരം ചില പറച്ചിലുകള്‍ ചെറുതല്ലാത്ത സമാധാനമാണ് സമൂഹത്തിനു നല്‍കിപ്പോരുന്നത്. എന്നാല്‍, ഇത്തവണ ആ പതിവ് ആദ്യമായി തെറ്റി. 

ധീരജിന്റെ മരണ വാർത്തയറിഞ്ഞ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ ദുഃഖിതരായി ഇരിക്കുന്ന സഹ പാഠികളും സംഘടനാ പ്രവർത്തകരും
ധീരജിന്റെ മരണ വാർത്തയറിഞ്ഞ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ ദുഃഖിതരായി ഇരിക്കുന്ന സഹ പാഠികളും സംഘടനാ പ്രവർത്തകരും

ക്യാംപസ് രാഷ്ട്രീയമോ പ്രതി? 

സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് ക്യാംപസുകള്‍ എന്നു പറയാറുണ്ട്. സ്വാഭാവികമായും സമൂഹത്തിലെ നന്മ തിന്മകളും വഴക്കുകളും വഴക്കങ്ങളുമൊക്കെ ക്യാംപസുകളില്‍ പ്രതിഫലിക്കുമെന്നതും വാസ്തവമാണ്. എന്നാല്‍, ക്യാംപസുകളില്‍ ചോര വീഴുമ്പോഴൊക്കെ നമുക്ക് ''നമ്മുടെ ക്യാംപസുകളില്‍ പഴയകാലത്തുണ്ടായിരുന്ന നന്മ തിരിച്ചുപിടിക്കേണ്ടതില്ലേ?'' എന്നൊക്കെ മുഖ്യാധാരാ പത്രങ്ങള്‍ വരെ മുഖപ്രസംഗങ്ങള്‍ എഴുതുന്നതായി കണ്ടിട്ടുണ്ട്. ഒരുകാലത്തും സര്‍ഗ്ഗാത്മകതയുടേയും നന്മയുടേയും വിളനിലമായിരുന്നില്ല നമ്മുടെ ക്യാംപസുകള്‍. അങ്ങനെയൊരു അവസ്ഥയിലേക്ക് നമ്മുടെ ക്യാംപസുകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതു നേരാണ്. ചിലപ്പോഴൊക്കെ കൊലപാതകത്തോളമെത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുവെങ്കിലും ക്യാംപസുകളില്‍ പഴയകാലത്തേക്കാള്‍ അക്രമസംഭവങ്ങള്‍ കുറഞ്ഞുവരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 

കേരളത്തിലെ ക്യാംപസുകളില്‍ അങ്ങനെയൊരു സൗഹാര്‍ദ്ദത്തിന്റെ പൂക്കാലം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കാന്‍ ആരും മെനക്കെടാറില്ല. അതുകൊണ്ടാണ് ''ക്യാംപസുകളിലെ ഭൂതകാലം നന്‍മകളാല്‍ സമൃദ്ധ''മെന്നൊക്കെ പറയാന്‍ കഴിയുന്നത്. കേരളത്തിലെ ക്യാംപസുകളില്‍ ആദ്യകാലത്ത് ഏറ്റവും ശക്തിയുള്ള പ്രസ്ഥാനമായിരുന്നത് ഇപ്പോള്‍ അഖിലേന്ത്യാതലത്തില്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എന്‍.എസ്.യു) എന്ന കോണ്‍ഗ്രസ് വിദ്യാര്‍ത്ഥിസംഘടനയുടെ ഭാഗമായിരിക്കുന്ന കേരളാ സ്റ്റുഡന്റ്‌സ് യൂണിയന്‍ (കെ.എസ്.യു) ആയിരുന്നു. എം.എ. ജോണ്‍, വയലാര്‍ രവി, ജോര്‍ജ് തരകന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഈ സംഘടന ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ ക്യാംപസുകളില്‍ അനിഷേധ്യശക്തിയായി മാറുകയായിരുന്നു. ഒരണ സമരത്തോടെയാണ് കെ.എസ്.യു ശക്തിയാര്‍ജ്ജിക്കുന്നത് എന്നാണ് ചരിത്രം. രൂപീകരണത്തിനു ശേഷം ഏതാണ്ട് രണ്ടുദശകം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉളള എ.കെ. ആന്റണി, വയലാര്‍ രവി, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഉയര്‍ന്നുവന്നത്. 

1970 ഡിസംബറിലാണ് എസ്.എഫ്.ഐ രൂപീകരിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്ന എ.ഐ.എസ്.എഫ് ക്രമേണ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി തീരുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് സി.പി.ഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരിക്കുകയും ചെയ്തതോടെ സി.പി.ഐ.എമ്മിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.എഫ് എന്നൊരു വിദ്യാര്‍ത്ഥി സംഘടന കേരളത്തില്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു പോന്നിരുന്നു. എന്നാല്‍, കെ.എസ്.യുവിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യത്തക്കവിധമൊരു ശക്തിയായി അതുമാറിയിരുന്നില്ല. എന്നാല്‍, '60-കളുടെ പകുതിയോടെയും എഴുപതുകളോടെയും ചിത്രം മാറിത്തുടങ്ങി. കോണ്‍ഗ്രസ്സിന്റെ ആധിപത്യം '67-ലെ തെരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടും ചോദ്യം ചെയ്യപ്പെട്ടതോടെയും പരമ്പരാഗതമായി ആ പാര്‍ട്ടിയെ പിന്തുണച്ചുപോന്ന വിഭാഗങ്ങള്‍ കൈവിട്ടു തുടങ്ങിയതോടെയും ആ സാഹചര്യം ആ പാര്‍ട്ടിയുടെ യുവജന-വിദ്യാര്‍ത്ഥി വിഭാഗങ്ങളെ ബാധിച്ചുതുടങ്ങി. കേരളത്തിലും ഇതിന്റെ അലയൊലികള്‍ കുറേശ്ശെ ദൃശ്യമായി തുടങ്ങി. കേരളത്തിലെ ക്യാംപസുകളില്‍ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് വിദ്യാഭ്യാസം തേടാനുള്ള പ്രാപ്തി സംജാതമായതോടെ ആ വിഭാഗങ്ങളില്‍നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിനായി ചേരാനാരംഭിച്ചു. ക്യാംപസുകളിലെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ വര്‍ഗ്ഗപരമായ ഘടനയില്‍ മാറ്റമുണ്ടായി. അന്നത്തെ ലോകരാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും ക്യാംപസുകളെ സ്വാധീനിക്കുകയും വരേണ്യ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളില്‍നിന്നും വ്യത്യസ്തമായി അധ:സ്ഥിത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ എസ്.എഫ്.ഐയുടെയോ മറ്റ് ഇടതുപക്ഷ സംഘടനകളുടേയോ കോണ്‍ഗ്രസ് വിരുദ്ധ വിദ്യാര്‍ത്ഥി സംഘടനകളുടേയോ ഭാഗമായി തീരുന്ന അവസ്ഥയുമുണ്ടായി. ഫലത്തില്‍ ക്യാംപസുകളില്‍ കെ.എസ്.യുവിന്റെ ആധിപത്യം ചോദ്യം ചെയ്യപ്പെട്ടു. 

ഇന്ന് എസ്.എഫ്.ഐയുടെ ഏകാധിപത്യവാഴ്ച എന്നത് ചുരുക്കം ചില ക്യാംപസുകളെ മുന്‍നിര്‍ത്തിയുള്ള ആരോപണമെങ്കില്‍ അന്ന് കേരളത്തിലെ മിക്കവാറും ക്യാംപസുകളില്‍ കെ.എസ്.യുവിന്റെ ഏകാധിപത്യ വാഴ്ചയായിരുന്നുവെന്നതാണ് ചരിത്രം. അതു ചോദ്യം ചെയ്യപ്പെടുന്നതോടെയാണ് കോളേജ് ക്യാംപസുകള്‍ സംഘര്‍ഷ നിര്‍ഭരമായിത്തുടങ്ങുന്നതും ചോരക്കളികള്‍ ആരംഭിക്കുന്നതും. എസ്.എഫ്.ഐയുടെ ജില്ലാസമ്മേളനത്തോടനുബന്ധിച്ചു നടന്ന ഒരു പ്രകടനത്തിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് ഇടിച്ചുകയറ്റിയപ്പോള്‍ കൊല്പപ്പെട്ട ദേവപാലനാണ് സമരജീവിതത്തില്‍ ജീവന്‍ തന്നെ നഷ്ടമായ ആദ്യ എസ്.എഫ്.ഐക്കാരന്‍. അന്ന് ആ സംഭവത്തില്‍ ഇ.എം.എസ്സിന്റെ മകന്‍ ശശിക്കും ഗുരുതരമായി പരുക്കേറ്റു. എന്നാല്‍, കലാലയത്തിനകത്ത് കൊലക്കത്തിക്കിരയായ കേരളത്തിലെ ആദ്യത്തെ എസ്.എഫ്.ഐക്കാരന്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായ അഷ്‌റഫാണ്. കെ.എസ്.യുക്കാരാണ് അഷ്‌റഫിനെ കുത്തിവീഴ്ത്തിയത്. മാരകമായി പരുക്കേറ്റ അഷ്‌റഫ് ദിവസങ്ങള്‍ക്കു ശേഷം 1972 മാര്‍ച്ച് അഞ്ചിനു മരിക്കുകയും ചെയ്തു. 

ഇതുവരെ 35 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കാണ് ക്യാംപസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നതുകൊണ്ട് ജീവന്‍ നഷ്ടപ്പെട്ടത്. ദേവപാലനില്‍ തുടങ്ങി ഏറ്റവും അവസാനമായി മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യു വരെയുള്ളവരുടെ ഒരു പട്ടിക എസ്.എഫ്.ഐ നിരത്തുന്നുണ്ട്. മൂന്നു എ.ബി.വി.പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. കെ.എസ്.യുവിന്റേയോ എം.എസ്.എഫിന്റേയോ, ക്യാംപസ് ഫ്രണ്ടിന്റേയോ, ഫ്രറ്റേണിറ്റിയുടേയോ പ്രവര്‍ത്തകരാരും ക്യാംപസ് രാഷ്ട്രീയത്തിന്റെ ഭാഗമായി മരിച്ചതിനു കണക്കുകളില്ല. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ആര്‍.എസ്.എസ്, പി.ഡി.പി, ദളിത് പാന്തേഴ്‌സ്, ക്യാംപസ് ഫ്രണ്ട്-എന്‍.ഡി.എഫ് തുടങ്ങിയ സംഘടനകളില്‍പ്പെട്ടവരാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസുകളില്‍ പ്രതികള്‍. എസ്.എഫ്.ഐക്കാരെ കൊന്ന പതിനഞ്ചു കേസുകളില്‍ ആര്‍.എസ്.എസ്സുകാരാണ് പ്രതികള്‍. തീര്‍ച്ചയായും ക്യാംപസുകളില്‍ ആരു 'ആദ്യം' കത്തി താഴെയിടണമെന്ന ചോദ്യം അപ്രസക്തമാണ് എന്ന് ഈ കണക്കുകള്‍ പറയും. 

ക്യാംപസുകളില്‍, സമൂഹത്തില്‍ എവിടേയും പിടഞ്ഞൊടുങ്ങുന്നത് ആത്യന്തികമായി മനുഷ്യരാണ്. എന്നാല്‍, മനുഷ്യരായതുകൊണ്ടുമാത്രം ആരും കൊല്ലപ്പെടുന്നില്ല. അവരുയര്‍ത്തിയ രാഷ്ട്രീയത്തിന്റെ പേരിലാണ് കൊല്ലപ്പെടുന്നത്. അതിനര്‍ത്ഥം, സമൂഹത്തിലെന്നപോലെ ആശയ സംവാദത്തേക്കാള്‍ ആധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പ്രവണത നമ്മുടെ ക്യാംപസുകളില്‍ നിലനില്‍ക്കുന്നുവെന്നതാണ്. ധീരജിന്റെ കൊലപാതകികളിലൊരാളായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെറിന്‍ ജോജോയുടെ ഫേസ്ബുക്ക് പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നത് ''പി.ടിയുടെ ശിഷ്യന്‍ എന്നാണ്. പി.ടി. തോമസിന്റെ ഈയിടെയുണ്ടായ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെക്കുറിച്ചുള്ള അനുശോചനക്കുറിപ്പുകളില്‍ ഉയര്‍ന്നുകേട്ട ഒരു കാര്യം അദ്ദേഹം പുലര്‍ത്തിയ ജനാധിപത്യബോധം എന്ന മൂല്യമായിരുന്നു. പി.ടിയുടെ ശിഷ്യന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ആ യുവനേതാവ് അപ്പോള്‍ എന്തു മൂല്യമാണ് പി.ടി. തോമസില്‍ നിന്നും സ്വാംശീകരിച്ചത് എന്ന ചോദ്യം അപ്പോള്‍ ബാക്കിയാകുന്നു. 

കൊല്ലപ്പെട്ട ധീരജ് കുടുംബപരമായി കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. എസ്.എഫ്.ഐക്കാരനാകും മുന്‍പ് ജവഹര്‍ ബാലവേദിയുമായി ബന്ധമുണ്ടായിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു ധീരജിന്. എന്നാല്‍, കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബം സ്വന്തം പാര്‍ട്ടി അനുഭാവികളാണോ എന്നുപോലും പരിഗണിക്കാതെ സഹാനുഭൂതി ലവലേശമേശാത്ത പ്രതികരണമാണ് ധീരജിന്റെ ജില്ലക്കാരന്‍ തന്നെയായ കെ.പി.സി.സി അദ്ധ്യക്ഷനില്‍ നിന്നുണ്ടായത് എന്നു കാണാം. സി.പി.ഐ.എമ്മിന്റെ ഉള്‍പ്പാര്‍ട്ടി വഴക്കുകളിലേക്കാണ് കൊലയ്ക്കുള്ള കാരണം തേടുമ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധി ചെന്നെത്തിയത്. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയെ നയിക്കാന്‍ പ്രാപ്തനായ ലക്ഷണമൊത്ത കമ്യൂണിസ്റ്റ് വിരുദ്ധനാണ് താനെന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തില്‍ തകര്‍ന്നുപോകുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മഹത്തായ ജനാധിപത്യം കൂടിയാണ്. 

ക്യാംപസ് രാഷ്ട്രീയത്തെ ക്ലാസ് മുറി രാഷ്ട്രീയമായി പരിവര്‍ത്തിപ്പിക്കുകയാണ് ക്യാംപസുകളെ സര്‍ഗ്ഗാത്മകമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്നു വിദ്യാഭ്യാസ വിചക്ഷണര്‍ മുന്‍കാലങ്ങളില്‍ പലവുരു ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തുകയല്ല മാര്‍ഗ്ഗം. അങ്ങനെയൊരു വഴിയെക്കുറിച്ച് ഉറക്കെ ചിന്തിക്കാന്‍ സമൂഹവും രാഷ്ട്രീയകക്ഷികളും അക്കാദമിക സമൂഹവും തയ്യാറാകേണ്ടതുണ്ട് എന്നു തന്നെയാണ് ക്യാംപസ് കൊലപാതകങ്ങള്‍ നല്‍കുന്ന പാഠവും.

സഹപാഠികളുടെ സങ്കടം
സഹപാഠികളുടെ സങ്കടം

ക്യാംപസുകള്‍  സംവാദാത്മകമാകുകയാണ് പരിഹാരം

ഡോ. എ.എം. ഷിനാസ് 

ക്യാംപസ് എന്നാല്‍ സമൂഹത്തിന്റെ പരിച്ഛേദമാണ്. സമൂഹത്തിനെപ്പോലെ അത് സ്വരവൈവിദ്ധ്യം (Polyphony) ഉണ്ടായിരിക്കേണ്ട ഇടവുമാണ്. സ്വരവൈവിദ്ധ്യമുളള ഇടം രമണീയമാണ്. അതായത് ജീവിതത്തേയും ലോകത്തേയും ഉള്‍പ്പെടെ എന്തിനേയും കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കേണ്ട ഇടമാണ്. ഒരു പ്രത്യേക സ്വരം മറ്റൊരു സ്വരത്തെ, ഒരു രാഷ്ട്രീയ കാഴ്ചപ്പാട് മറ്റൊരു രാഷ്ട്രീയ കാഴ്ചപ്പാടിനെ അടിച്ചമര്‍ത്തുന്നു എന്നു വരുന്നത് പൗരബോധമില്ലായ്മയെ ആണ് കാണിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ക്യാംപസുകളില്‍ ഏകസ്വരീയത ശക്തിപ്പെടുന്നു. മറ്റേതു സ്വരങ്ങളേയും ഇല്ലാതാക്കാനുള്ള പ്രവണത ശക്തിപ്പെടുന്നു. ഇത് താലിബാനിസമാണ്. ഫാഷിസത്തിന്റെ വികൃതരൂപമാണ്. ഫാഷിസത്തിനെതിരെ പ്രസംഗിക്കുന്ന, ഫാഷിസ്റ്റ് വിരുദ്ധ വിശാലമുന്നണിക്കുവേണ്ടി വാദിക്കുന്നവര്‍ തന്നെ ഇങ്ങനെ പരസ്പരം ഇല്ലായ്മ ചെയ്യുന്നത് ആശയപരമമായ ജീര്‍ണ്ണത കൊണ്ടാണ്. 

ഇന്നത്തെ ക്യാംപസ് രാഷ്ട്രീയം സമൂലമായ മാറ്റത്തിനു വിധേയമാകേണ്ടിയിരിക്കുന്നു. സി.പി.ഐ.എം നേതാവായ ഇ.പി. ജയരാജന്‍ ഒരിക്കല്‍ ക്യാംപസ് രാഷ്ട്രീയം വേണ്ട എന്നു പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് അദ്ദേഹത്തിന് ആ അഭിപ്രായം പിന്‍വലിക്കേണ്ടിവന്നു. തീര്‍ച്ചയായും ക്യാംപസ് രാഷ്ട്രീയം രചനാത്മകമായ പരിവര്‍ത്തനത്തിനു തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ക്യാംപസ് രാഷ്ട്രീയം ഇല്ലാതാക്കുകയല്ല വേണ്ടത്; മറിച്ച് സംവാദാത്മകമായ ക്യാംപസുകള്‍ സൃഷ്ടിക്കുകയാണ് വേണ്ടത് നമ്മുടെ ഭരണാധികാരികള്‍ പറയുന്നത് കലാശാലകള്‍ ജ്ഞാനോല്പാദന കേന്ദ്രങ്ങളാകണമെന്നാണ്. കക്ഷിരാഷ്ട്രീയം ഇമ്മട്ടിലാണ് നമ്മുടെ ക്യാംപസുകളില്‍ പുലരുന്നതെങ്കില്‍ അത് അജ്ഞാനോല്പാദന കേന്ദ്രങ്ങളായിട്ടാണ് പരിവര്‍ത്തിപ്പിക്കപ്പെടുക. 

ക്ലാസ് മുറികളില്‍ രാഷ്ട്രീയം പുലരണം; കക്ഷിരാഷ്ട്രീയം വേണ്ട 

ഡോ. ജെ. പ്രഭാഷ്  

ക്യാംപസുകളില്‍ രാഷ്ട്രീയം വേണം. ക്ലാസ് മുറി രാഷ്ട്രീയം. എന്നാല്‍, അതു കക്ഷിരാഷ്ട്രീയമാകരുത്. ഒരു അദ്ധ്യാപകന്‍ ഒരു മൂന്നോ നാലോ മണിക്കൂര്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ ഒരു രണ്ടു മണിക്കൂറെങ്കിലും ക്ലാസുകളില്‍ ആ വിഷയത്തെ സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളിലുള്ള അഭിപ്രായം പറയാന്‍ വേണ്ടി വിനിയോഗിക്കണം. ഇത്തരം ചര്‍ച്ചകള്‍ എല്ലായ്‌പോഴും ഒരു അന്തിമനിഗമനത്തിലെത്തിച്ചേരണമെന്നും ഇല്ല. ഞാന്‍ ക്ലാസ്മുറികളില്‍ രാഷ്ട്രീയം പറയാറുണ്ട്. അതായത് ഓരോ വിഷയത്തേയും സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുകയും എന്റെ അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. പലപ്പോഴും അത് അന്തിമ നിഗമനത്തിലെത്താറില്ല. അന്തിമാഭിപ്രായത്തില്‍ കലാശിക്കണം എന്നു നിര്‍ബ്ബന്ധവും വേണ്ട. ചിലപ്പോള്‍ ഈ ചര്‍ച്ചകള്‍ കുറേ നീളാറുണ്ട്. അതായത് കൃത്യമായ സമയപരിധി കല്‍പ്പിക്കാറില്ല എന്നര്‍ത്ഥം. അന്തിമാഭിപ്രായത്തില്‍ എത്തിച്ചേരാത്ത സന്ദര്‍ഭങ്ങളില്‍ ഞാനുള്‍പ്പെടെ ഓരോരുത്തരും ഇതാണെന്റെ അഭിപ്രായം എന്നു പറഞ്ഞ് അവസാനിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഉദാഹരണത്തിന് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ ഇ സമം എംസി സ്‌ക്വയര്‍ എന്നതാണ് ചര്‍ച്ചയുടെ വിഷയം എന്നു വിചാരിക്കുക. അതില്‍ ഐന്‍സ്റ്റീന്റെ ലോകവീക്ഷണത്തെക്കുറിച്ചും ലോകസമാധാനത്തേയും സോഷ്യലിസത്തേയുമൊക്കെ കുറിച്ച് സംസാരിക്കാന്‍ ഇടമുണ്ട്. ഇത്തരമൊരു ക്ലാസ്മുറിയില്‍ അദ്ധ്യാപകന്‍ ഒരു കറക്ടീവ് ഫോഴ്‌സാണ്. അവിടെ അദ്ധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധമാണ് ജനാധിപത്യത്തിന്റെ അടിത്തറയായി ക്ലാസ്മുറികളില്‍ വര്‍ത്തിക്കുന്നത്. സ്വാഭാവികമായി ആ അടിത്തറയില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധവും പണിയപ്പെടും. 

ഇത്തരമൊരു സമ്പ്രദായത്തിലേക്കു പോകുന്നതിന് വലിയ തടസ്സം നമ്മുടെ സെമസ്റ്റര്‍ സമ്പ്രദായമാണ്. സെമസ്റ്റര്‍ സമ്പ്രദായം ക്ലാസുകളില്‍ അദ്ധ്യാപകന്റെ ശ്രമങ്ങളെ പോര്‍ഷന്‍ തീര്‍ക്കാന്‍ മാത്രമായി പരിമിതപ്പെടുത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com