ദേശക്കൂറിന്റെ ഇതിഹാസ നായകര്‍

ധീര രക്തസാക്ഷി ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍, 'നൗഷേര'യിലെ സിംഹമാണ്. പാക് സൈനികമേധാവി സ്ഥാനമെന്ന ഓഫര്‍ പുല്ലുപോലെ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ അതിര്‍ത്തി കാത്ത രാജ്യസ്‌നേഹി 
ദേശക്കൂറിന്റെ ഇതിഹാസ നായകര്‍

കോളമിസ്റ്റ്, നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ ദേശീയ പ്രശസ്തനായിരുന്ന കെ. എ. അബ്ബാസിന്റെ വാക്കുകള്‍: 

ധീര രക്തസാക്ഷി ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍, 'നൗഷേര'യിലെ സിംഹമാണ്. പാക് സൈനികമേധാവി സ്ഥാനമെന്ന ഓഫര്‍ പുല്ലുപോലെ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ അതിര്‍ത്തി കാത്ത രാജ്യസ്‌നേഹി. നമിക്കാം, നമുക്ക് ആ സ്മരണയ്ക്ക് മുന്‍പില്‍... 

ഇന്ത്യ - പാക് യുദ്ധത്തിനിടെ ജമ്മു കശ്മീരിലെ നൗഷേരയില്‍ വീരചരമം പ്രാപിച്ച, ശത്രുവ്യൂഹത്തിലേക്ക് ഇരച്ചുകയറി ഇന്ത്യന്‍ പതാക നാട്ടിയ പാരച്ച്യൂട്ട് ബ്രിഗേഡിനെ നയിച്ച ദേശാഭിമാനി. 36-ാമത്തെ വയസ്സില്‍ അടര്‍ക്കളത്തില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച മുഹമ്മദ് ഉസ്മാനെ, രാജ്യം പിന്നീട് 'പരമവീര ചക്ര' നല്‍കി ആദരിച്ചു. കോപ്റ്ററപകടത്തില്‍ കൂനൂര്‍ മലഞ്ചെരിവില്‍നിന്ന് തേയിലക്കാട്ടില്‍ വീണ് ജീവിതം അവസാനിച്ച സംയുക്ത സൈന്യാധിപന്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ കരസേനാ ദിനത്തില്‍, ഇന്ത്യയുടെ അഭിമാനം കാത്ത ധീരസൈനികരെ ഓര്‍ത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കുവെച്ച സന്ദേശം ഇപ്പോള്‍ ദു:ഖസ്മരണയായി ബാക്കിനില്‍ക്കുന്നു.  

ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാനെ, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലറ്റ് 2021 ജനുവരി 16-ന് സാദരം സ്മരിച്ച ഇന്ത്യന്‍ ആര്‍മി ഡേ ആഘോഷത്തിന്റെ ശീര്‍ഷകം തന്നെ ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന് ആദരാഞ്ജലി എന്നായിരുന്നു. ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാനേയും ഹവില്‍ദാര്‍ അബ്ദുല്‍  ഹമീദിനേയും ഓര്‍ക്കാതെ ഇന്ത്യന്‍ കരസേനയുടെ ചരിത്രം പൂര്‍ണ്ണമാകില്ല.

ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ്
ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ്

ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ്  

സര്‍വ്വസംഹാരത്തിന്റെ രാക്ഷസകിരീടം ചൂടി നാട് മുടിക്കുന്ന കൊവിഡിനൊപ്പം ലഡാക്കിന്റെ മഞ്ഞുമേടയില്‍ ചീറിയടിക്കുന്ന കുരുതിക്കാറ്റ്. അക്‌സായിചിന്‍, കാറക്കോറം ഹിമനിരകളെ തഴുകിയൊഴുകുന്ന ഗല്‍വാന്‍ നദിക്കരയില്‍ സ്വന്തം കണ്ണിണകളെ കാവല്‍ നിര്‍ത്തി കാഞ്ചിവലിക്കുന്ന ധീരസൈനികരുടെ കാമുഫ്‌ലാഷില്‍, നിറയെ ജഡകുടീരങ്ങളുയരുന്നതായി, സങ്കടം പരക്കുന്ന വാര്‍ത്തകളും വരുന്നു. ഭൂപടങ്ങളുടെ അതിരുകള്‍ മാഞ്ഞ് സൈനികന്റെ ബലിരക്തം ഇറ്റുവീഴുന്നു. അവര്‍ക്ക് വീരചക്രവും റീത്തുകളുമൊരുക്കാനുമാണ് ഭരണാധികാരികളുടെ തത്രപ്പാട്. ഒന്നോര്‍ക്കുക: ആത്മാര്‍ഥതയുണ്ടെങ്കില്‍, കുളം കലക്കി മീന്‍ പിടിക്കാനുള്ള കുരുട്ട്തന്ത്രമില്ലെങ്കില്‍, യഥാര്‍ത്ഥ നയതന്ത്രം പരാജയപ്പെടില്ല-ഉശിരുള്ള ഭരണാധികാരികളുണ്ടെങ്കില്‍. മഹാവ്യാധിയുടെ അന്തരാളഘട്ടത്തില്‍പ്പോലും ആയുധങ്ങള്‍ രാകിമിനുക്കുന്ന യുദ്ധമോഹികളെ അടിയറവ് പറയിച്ച്, സദാ ശാന്തിയുടെ അനുപല്ലവിയുണരുന്ന അഗ്‌നിവീണാനാദംകൊണ്ട് ഇന്ത്യ-ചൈനാ അതിരുകളുടെ 'ജി.പി.എസ്' സമാധാനത്തിന്റെ സിംഫണിയാല്‍ നിറയട്ടെയെന്നാശിക്കുക.

1962-ലെ ഇന്ത്യ- ചൈനാ യുദ്ധത്തില്‍ ആദ്യമായി യുദ്ധമുഖത്തെത്തുകയും തന്റെ ബറ്റാലിയനെ നയിച്ച് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്കെതിരെ പോരാടുകയും ചെയ്ത ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ് എന്ന ധീരസൈനികന്റെ ഓര്‍മ്മയുണരുന്ന കരസേനാദിനം.

പിന്നെയും മൂന്നു വര്‍ഷം കഴിഞ്ഞ് സംഭവിച്ച ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്താന്റെ അര ഡസന്‍ പാറ്റണ്‍ടാങ്കുകള്‍ തകര്‍ക്കുകയും അവസാനം ശത്രുസൈന്യത്തിന്റെ ആക്രമണത്തില്‍ വീരചരമമടയുകയും ചെയ്ത ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ്.

ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്താന്റെ മൂന്നു പാറ്റണ്‍ടാങ്കുകള്‍ തകര്‍ത്ത് യുദ്ധമുഖത്ത് വീരചരമമടഞ്ഞ ഇന്ത്യന്‍ ദേശക്കൂറിന്റെ ഇതിഹാസ നായകന്‍. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയായി.

ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന്റെ കഥ ആദ്യം എന്നെ കേള്‍പ്പിച്ച് ആവേശം കൊള്ളിച്ചത് ഇന്ത്യന്‍ വ്യോമസേനയില്‍ ജോലി ചെയ്തിരുന്ന അമ്മാവനാണ്. അന്നേ അബ്ദുല്‍ ഹമീദ് എന്ന പേര് എന്റെ മനസ്സില്‍ കയറിക്കൂടിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ജിദ്ദയില്‍ വെച്ച് യാദൃച്ഛികമായി ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന്റെ വിധവ റസൂലാന്‍ബീവിയെ പരിചയപ്പെടാനും അവരെപ്പറ്റി ഞാന്‍ ജോലി ചെയ്യുന്ന മലയാളം ന്യൂസില്‍ ഒരു സ്റ്റോറി ചെയ്യാനും അവസരം ലഭിച്ചു. 2002-ലാണെന്നു തോന്നുന്നു, ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന്റെ വിധവ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ വന്നത്. എന്തോ ചെറിയ അസുഖത്തെത്തുടര്‍ന്ന് ജിദ്ദയിലെ അല്‍റയാന്‍ ആശുപത്രിയില്‍ എത്തിയ അവര്‍ ആരാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ വഴി തിരിച്ചറിഞ്ഞ ആശുപത്രി മാനേജറും സുഹൃത്തുമായ ടി.പി. ശുഐബ് എന്നെ ഇക്കാര്യം അറിയിച്ചതുകൊണ്ടാണ് അവരെ പോയി കാണാനും അവരുടെ അനുഭവം എഴുതാനും സാധിച്ചത്.

(ഇതേ ഹജ്ജ് സംഘത്തില്‍ കേരളത്തില്‍ നിന്നെത്തിയ ഒരു എം.എല്‍.എ, ഞാന്‍ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന്റെ വിധവയെ അഭിമുഖം നടത്തുന്നത് കണ്ട് സമീപത്തുണ്ടായിരുന്നു. നിയമസഭയിലും പുറത്തും തീപ്പൊരിയായ അദ്ദേഹം സീരിയസ്സായിത്തന്നെ എന്നോട് ചോദിച്ചു: ഈ അബ്ദുല്‍ ഹമീദ് എന്നയാള്‍ക്ക് ഈ വിധത്തിലൊക്കെയുള്ള പേരും പെരുമയുമുണ്ടോ? അയാള്‍ മരണപ്പെട്ടു പോയില്ലേ, ഭാര്യയെ ഇങ്ങനെയൊക്കെ ഇന്റര്‍വ്യൂ ചെയ്യേണ്ട കാര്യമുണ്ടോ? സത്യമായും ചോദിച്ചതാണ്.)

ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന്റെ 50-ാം രക്തസാക്ഷിത്വനാളില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ സ്റ്റോറിയും ജനയുഗത്തില്‍ പി.എസ്. സുരേഷ് എഴുതിയ എഡിറ്റ് ലേഖനവുമൊഴിച്ചാല്‍ മറ്റ് അനുസ്മരണങ്ങളൊന്നും എന്റെ പരിമിതമായ വായനയില്‍ കണ്ടെത്താനായില്ല.

ബ്രിഗേഡിയര്‍
മുഹമ്മദ് ഉസ്മാന്‍

മനോവീര്യവും യാഥാര്‍ത്ഥ്യബോധവും

ധീരതയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'പരംവീരചക്രം' ലഭിച്ച ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ് രക്തസാക്ഷിത്വം വരിച്ചിട്ട് 50 വര്‍ഷം. പാകിസ്താന്‍ ആക്രമണകാരികളുമായുള്ള പോരാട്ടത്തില്‍ അനിതരസാധാരണമായ ധീരതയും രാജ്യസ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ട് പൊരുതി വീരചരമമടഞ്ഞ ആ ധീരനെ രാഷ്ട്രം എന്നോ മറന്നുകളഞ്ഞു. മരണാനന്തര ബഹുമതിയായിട്ടാണ് കമ്പനി ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന് പരംവീരചക്രം നല്‍കിയത്. സ്വന്തം സുരക്ഷിതത്വത്തെ വിഗണിച്ചുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ പാകിസ്താന്റെ കവചിത വാഹനങ്ങളുടെ ആക്രമണത്തെ അദ്ദേഹം നേരിട്ടു. റീകോയില്‍ലസ്സ് തോക്കുകള്‍ കൊണ്ട് അദ്ദേഹം ശത്രുവിന്റെ രണ്ട് ടാങ്കുകള്‍ നശിപ്പിക്കുകയും മറ്റൊരെണ്ണത്തിന് കേട് വരുത്തുകയും ചെയ്തു. ആ പോരാട്ടത്തില്‍ ധീരനായ ആ നോണ്‍കമ്മിഷന്റ് ഓഫീസര്‍ക്ക് ശത്രുവിന്റെ ടാങ്കില്‍നിന്നുള്ള വെടിയേല്‍ക്കുകയും വീരചരമമടയുകയും ചെയ്തു. പാക് ടാങ്കുകള്‍ നശിപ്പിച്ചശേഷം ശത്രുക്കളുടെ വെടിയേറ്റ് ജീവന്‍ വെടിഞ്ഞ അദ്ദേഹം അവസാനമായി ഉച്ചരിച്ച വാക്ക് 'മുന്നേറുക' എന്ന ആജ്ഞയായിരുന്നു. യുദ്ധരംഗത്ത് അദ്ദേഹം കാട്ടിയ അതിമഹത്തായ ധീരതയാണ് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയത്.

ഡിവിഷന്റെ ദൗത്യം. 1965-ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തിലെ ഏറ്റവും ധീരമായ ആ ഏടിനെപ്പറ്റി 'സ്റ്റേറ്റ്സ്മാന്‍' പത്രത്തിന്റെ ലേഖകന്‍ ഇന്ദര്‍ മല്‍ഹോത്ര അയച്ച റിപ്പോര്‍ട്ടില്‍ ഹമീദിന്റെ ധീരോദാത്തമായ പോരാട്ടത്തെപ്പറ്റി ഇങ്ങനെ വിവരിക്കുന്നു: ഇന്ത്യന്‍ കമ്പനിക്ക് അഭിമുഖമായി നാല് പാറ്റണ്‍ടാങ്കുകള്‍ വരുന്നത് അയാള്‍ കണ്ടു. അയാള്‍ തന്റെ ജീപ്പ് ഓടിച്ചുകൊണ്ടുപോയി ഒരു കുന്നിന്റെ മറവില്‍ സ്ഥാനമുറപ്പിച്ചശേഷം ടാങ്കുകളുടെ നേരെ തുരുതുരാ വെടിവച്ചു. തൊട്ടടുത്തുനിന്നുള്ള വെടിവയ്പില്‍ ആദ്യത്തെ ടാങ്കിനു തീപിടിച്ചു. കുഴപ്പമെന്തെന്ന് കണ്ടുപിടിക്കാന്‍ പരിശ്രമിച്ച രണ്ടാമത്തെ ടാങ്കും തകര്‍ന്നുവീണു. നാലാമത്തെ ടാങ്കിന്റെ വെടിയേറ്റ് നിലത്ത് വീഴുന്നതിനു മുന്‍പ് ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ് മൂന്നാമത്തെ ടാങ്കും പ്രവര്‍ത്തനരഹിതമാക്കി.

ഇന്ത്യന്‍ ഭടന്മാരുടേയും ഓഫീസര്‍മാരുടേയും മികച്ച മനോവീര്യത്തേയും ഉയര്‍ന്ന യാഥാര്‍ത്ഥ്യബോധത്തേയുമാണ് ഈ ആക്രമണം കാണിക്കുന്നതെന്ന് മല്‍ഹോത്ര പ്രശംസിച്ചു. അബ്ദുല്‍ ഹമീദിന്റെ ഈ പ്രകടനം പാകിസ്താനു മാത്രമല്ല, സാമ്രാജ്യത്വ ശക്തികളുടേയും മുഖത്തേറ്റ അടിയായിരുന്നു. സേബര്‍ജെറ്റുകളും പാറ്റണ്‍ടാങ്കുകളും ഗൈഡഡ് മിസൈലുകളുമുള്‍പ്പെടെ അത്യാധുനിക സകല സംഹാരായുധങ്ങളും നല്‍കി പാകിസ്താനെ അണിയറയില്‍നിന്ന് യുദ്ധത്തിനയച്ചത് ബ്രിട്ടണും യു.എസ്.എയും ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വശക്തികളായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി വില്‍സണും അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍സണും പാകിസ്താനെന്ന മുട്ടാളനെ യുദ്ധത്തിനയച്ചത് ഇന്ത്യ എന്ന 'മുള്ള്' ഇല്ലാതാക്കാനായിരുന്നു. പക്ഷേ, യുദ്ധം തുടങ്ങിയപ്പോഴാണ് കാറ്റ് പ്രതികൂലമാണെന്ന് അവര്‍ക്ക് മനസ്സിലായത്. പാറ്റണ്‍ടാങ്കുകള്‍ ഹമീദുമാരുടെ കൈകൊണ്ട് പൊടിയുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. സേബര്‍ജെറ്റുകള്‍ മൂക്കുകുത്തി നിലംപതിച്ചു. പണ്ടെങ്ങോ ബ്രിട്ടണ്‍ ഇന്ത്യയില്‍ ഇട്ടെറിഞ്ഞുപോയ തുരുമ്പിച്ച തോക്കുകളും ട്രാക്ടര്‍ ടാങ്കുകളും മാത്രമേ ഇന്ത്യയുടെ കൈവശമുണ്ടാകൂ എന്നാണ് അവര്‍ ധരിച്ചത്. ഈച്ചയെ വെടിവയ്ക്കുന്ന സൂക്ഷ്മതയോടെ നമ്മുടെ സൈനികര്‍ സേബര്‍ജെറ്റുകളെ നിലത്തിറക്കിയതും പാറ്റണ്‍ടാങ്കുകളുടെ സ്പെയര്‍പാര്‍ട്ടുകള്‍കൊണ്ട് പഞ്ചാബിലെ കുട്ടികള്‍ കളിക്കുന്നതും അവര്‍ക്ക് കാണേണ്ടിവന്നു. ഈ യുദ്ധത്തില്‍ സാമ്രാജ്യത്വ ശക്തികളോടൊപ്പം ചൈന പാകിസ്താന് പിന്തുണ നല്‍കിയതും ഇന്ത്യയെ സഹായിക്കാന്‍ സോവിയറ്റ് യൂണിയന്‍ മുന്നോട്ടുവന്നതും ചരിത്രം. ഉത്തര്‍പ്രദേശിലെ ധാംപൂര്‍ ഗ്രാമമാണ് ധീരനായ അബ്ദുല്‍ ഹമീദിനു ജന്മമേകിയത്. 1933-ല്‍ ജനിച്ച അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കില്‍ 89 വയസ്സാകുമായിരുന്നു. ജന്മനാട്ടില്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ ഒരു ചെറുപ്രതിമ ഒഴിച്ചാല്‍ ആ വീരസ്മരണ ഉണര്‍ത്താന്‍ കഴിയുംവിധം 50 വര്‍ഷത്തിനിടയില്‍ ഒന്നും ചെയ്യാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ഈ അനാദരവ് ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com