മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടവും ചെമ്പകശ്ശേരിയുടെ പതനവും
By പ്രൊഫ. പി. രവീന്ദ്രനാഥ് | Published: 18th January 2022 05:26 PM |
Last Updated: 18th January 2022 05:26 PM | A+A A- |

രാജ്യവിസ്തൃതി ലക്ഷ്യംവച്ചാണ് മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിലെ മറ്റ് നാട്ടുരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയതെങ്കിലും ഫലത്തില്‍ അത് തിരുവിതാംകൂറിന്റെ ഏകീകരണത്തിനു വഴിതെളിച്ചു. തിരുവിതാംകൂറിന്റെ ഈ ഏകീകരണം എല്ലാ പഴയ നാട്ടുരാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് ഒരു പുതിയ സമൂഹം നിലവില്‍ വരുന്നതിനു സഹായകരമായിത്തീര്‍ന്നു. അന്നേവരെ നിലവിലിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍നിന്ന് കുറേയേറെ മാറ്റങ്ങളോടുകൂടി പുതിയ രീതിയിലുള്ള ഒരു ഫ്യൂഡല്‍ വ്യവസ്ഥ നിലവില്‍ വരികയുണ്ടായി. അതിനെത്തുടര്‍ന്ന് ജനക്ഷേമകരമായ കുറേ പരിപാടികള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേയും ജനങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയുടെ ആക്രമണത്തിനു മുന്‍പ് അദ്ദേഹത്തിന്റെ സൈനികനീക്കത്തെ മുന്‍പുണ്ടായിരുന്ന നാട്ടുരാജ്യങ്ങളിലെ ജനങ്ങളെല്ലാം ഭീതിയോടെയാണ് കണ്ടതെങ്കിലും ആക്രമണം കഴിഞ്ഞ് പുതിയ തിരുവിതാംകൂര്‍ ഉണ്ടായതോടുകൂടി അവിടുത്തെ ജനങ്ങള്‍ക്കെല്ലാം അത് വളരെ താല്പര്യജനകമായ ഒരു മാറ്റമായി മാറുകയുണ്ടായി. തുടര്‍ന്ന് ഒരു ഏകീകൃതമായ നിയമവ്യവസ്ഥ നിലവില്‍ വന്നു. അതോടൊപ്പം തന്നെ ഭൂനിയമങ്ങളിലും കുറച്ചു മാറ്റങ്ങള്‍ ഉണ്ടായി. മാര്‍ത്താണ്ഡവര്‍മ്മ ശക്തനായ ഒരു ഭരണാധികാരി ആയതുകൊണ്ട് രാജ്യത്താകെ ക്രമസമാധാനം പൂര്‍ണ്ണമായിട്ടല്ലെങ്കില്‍പ്പോലും നിലനിര്‍ത്താന്‍ കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ ഒരു പുരോഗതി ദൃശ്യമായതോടൊപ്പം തന്നെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങളുണ്ടായി. ഇതെല്ലാം തിരുവിതാംകൂറിലാകെ ഒരു പുത്തനുണര്‍വ്വുണ്ടാക്കി.
മാര്‍ത്താണ്ഡവര്‍മ്മയുടെ വടക്കോട്ടുള്ള പടയോട്ടങ്ങളില്‍ പ്രധാനപ്പെട്ടത് കൊല്ലം രാജ്യവുമായി നടന്ന രണ്ടു യുദ്ധങ്ങളാണ്. അതിശക്തമായ രണ്ടാമത്തെ യുദ്ധത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മ കൊല്ലം പിടിച്ചടക്കി. കൊല്ലത്തെ യുദ്ധത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മയുടെ പട കായംകുളത്തിനു നേരെ നീങ്ങുകയാണു ചെയ്തത്. കൊല്ലം രാജ്യത്തെ യുദ്ധത്തില്‍ സഹായിക്കാന്‍ കായംകുളം രാജാവ് തയ്യാറായതുകൊണ്ടാണ് കായംകുളവുമായുള്ള യുദ്ധം രാമയ്യന്റെ നേതൃത്വത്തിലുള്ള പടയാളികള്‍ നടത്തിയത്. കായംകുളവുമായുള്ള ആദ്യത്തെ യുദ്ധത്തിലും വിജയിച്ചു മുന്നേറാന്‍ കഴിയാത്തതുകൊണ്ട് കായംകുളവും മാര്‍ത്താണ്ഡവര്‍മ്മയും തമ്മില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. അതിന്റെ പ്രധാന സൂത്രധാരന്‍ രാമയ്യന്‍ ദളവാ ആയിരുന്നു. രണ്ടാമത്തെ യുദ്ധത്തില്‍ കായംകുളത്തെ തോല്‍പ്പിച്ച് ആ രാജ്യം പിടിച്ചടക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പടയ്ക്ക് സാധിച്ചു.
കായംകുളം കീഴടങ്ങിയ ശേഷം അവിടുത്തെ ആയുധപ്പുര പരിശോധിച്ചപ്പോള്‍ ചെമ്പകശ്ശേരി വക എന്നു പേരുള്ള കുറേ ആയുധങ്ങള്‍ രാമയ്യന്‍ ദളവാ കണ്ടെത്തുകയുണ്ടായി. അതുവരെ മാര്‍ത്താണ്ഡവര്‍മ്മയുടെ ശത്രുക്കളുടെ ലിസ്റ്റില്‍ ചെമ്പകശ്ശേരിയുടെ പേരുണ്ടായിരുന്നില്ല എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വാസ്തവത്തില്‍ അതു ശരിയല്ല. കായംകുളത്തെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനു മുന്‍പുതന്നെ നെല്ലറയായ കുട്ടനാട് ഉള്‍പ്പെട്ട ചെമ്പകശ്ശേരി പിടിച്ചെടുക്കണമെന്നുള്ള ആഗ്രഹം മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഉണ്ടായിരുന്നതായി ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. എന്നാല്‍, ചെമ്പകശ്ശേരി പിടിച്ചടക്കാനുള്ള ഏറ്റവും ഒടുവിലുണ്ടായ പ്രകോപനം ഒരുപക്ഷേ, കായംകുളത്തിന്റെ ആയുധപ്പുര പരിശോധിച്ചപ്പോള്‍ ചെമ്പകശ്ശേരിയുടെ ആയുധങ്ങള്‍ കണ്ടെത്തിയതുകൊണ്ടാണെന്നു വന്നേക്കാം. ഒരു ചരിത്രവിദ്യാര്‍ത്ഥി ഈ കാരണങ്ങളെല്ലാം വേര്‍തിരിച്ചു കണ്ടെങ്കില്‍ മാത്രമേ യുക്തിഭദ്രമായ നിഗമനങ്ങളിലെത്താന്‍ കഴിയുകയുള്ളൂ.
അങ്ങനെയാണ് 1746-ല്‍ മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി കീഴടക്കാനായി യുദ്ധം നടത്തിയത്. എന്നാല്‍, ആ യുദ്ധത്തില്‍ ചെമ്പകശ്ശേരിയുടെ സൈന്യാധിപന്‍ മാത്തൂര്‍ പണിക്കരും തിരുവിതാംകൂറിന്റെ പട നയിച്ചത് രാമയ്യനുമായിരുന്നു. ചെമ്പകശ്ശേരിയുടെ സൈന്യം അന്ന് മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യത്തിനു വലിയ നാശനഷ്ടങ്ങള്‍ വരുത്തി. ചെമ്പകശ്ശേരിയുടെ പക്ഷത്ത് യുദ്ധം ചെയ്യാന്‍ അമ്പലപ്പുഴ ക്ഷേത്രത്തിലെ ശ്രീകൃഷ്ണഭഗവാന്‍ ഇറങ്ങിയിട്ടുണ്ടെന്നുള്ള ഒരു കിംവദന്തി പരന്നതിനെത്തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മയുടെ പടയുടെ ധാര്‍മ്മികശക്തി ചോര്‍ന്നു പോവുകയും അവര്‍ പടക്കളത്തില്‍നിന്നു പിന്തിരിഞ്ഞ് പോവുകയാണ് ഉണ്ടായതെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ യുദ്ധത്തില്‍ നടത്തിയ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തെ നേരിടുന്നതിലും മാര്‍ത്താണ്ഡവര്‍മ്മയുടെ പടയ്ക്ക് ക്ലേശങ്ങളുണ്ടായി. യുദ്ധത്തില്‍ ചെമ്പകശ്ശേരി രാജാവിന്റെ ആകെയുള്ള സംഭാവന വിഷം പുരട്ടിയ അമ്പുകള്‍ കണ്ടുപിടിച്ചതായിരുന്നു. യുദ്ധത്തിന്റെ ധാര്‍മ്മികതയ്ക്ക് അതു ചേര്‍ന്നതല്ലാത്തതുകൊണ്ട് പടനായകന്‍ ആദ്യമൊക്കെ അതില്‍ വിയോജിപ്പു പ്രകടിപ്പിച്ചു. എന്നാല്‍, രാജാവിന്റെ ശക്തമായ നിര്‍ബ്ബന്ധബുദ്ധി കാരണം വളരെ പ്രാകൃതമായ ആ യുദ്ധനടപടി സ്വീകരിക്കാന്‍ സൈന്യാധിപന്‍ തയ്യാറാവുകയായിരുന്നു. ആ യുദ്ധം പരാജയപ്പെട്ട് മാര്‍ത്താണ്ഡവര്‍മ്മയുടെ പട പിന്മാറുകയാണുണ്ടായത്. എന്നാല്‍, അതോടെ കൂടുതല്‍ ശക്തി സംഭരിച്ച് ചെമ്പകശ്ശേരിയെ കീഴടക്കിയേ മതിയാകൂ എന്നുള്ള കടുത്ത തീരുമാനം മാര്‍ത്താണ്ഡവര്‍മ്മ കൈക്കൊള്ളുകയുണ്ടായി.
ചെമ്പകശ്ശേരിയോട് രണ്ടാമത്തെ യുദ്ധം നടത്തിയതിന്റെ വിദഗ്ദ്ധമായ തയ്യാറെടുപ്പുകള്‍
ഡച്ചുകാരുമായുള്ള മാര്‍ത്താണ്ഡവര്‍മ്മയുടെ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ച് സൈന്യം പരാജയപ്പെടുകയും അവരുടെ ക്യാപ്റ്റന്‍ ഡിലനോയ് അടക്കം കുറേ ഡച്ച് പടയാളികളെ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യം പിടികൂടി തടവിലാക്കുകയും ചെയ്തു. യുദ്ധതന്ത്രത്തില്‍ നിപുണന്‍മാരായ മാര്‍ത്താണ്ഡവര്‍മ്മയും രാമയ്യന്‍ ദളവയും ബുദ്ധിപൂര്‍വ്വമായ തന്ത്രം മെനഞ്ഞെടുത്ത് ക്യാപ്റ്റന്‍ ഡിലനോയിയെ പാര്‍പ്പിച്ചിരുന്ന ജയിലിലേക്ക് ഒരു ദൂതനെ സംഭാഷണത്തിനയച്ചു. ക്യാപ്റ്റന്‍ ഡിലനോയ് മഹാരാജാവിനോട് കൂറു പ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ജയിലില്‍നിന്നു മോചിപ്പിക്കാമെന്നും സ്വതന്ത്രനായി തിരുവിതാംകൂറില്‍ത്തന്നെ താമസിക്കാന്‍ അനുവദിക്കാമെന്നുമുള്ള സന്ദേശമാണ് ദൂതന്‍ മുഖാന്തരം ഡിലനോയിയെ അറിയിച്ചത്. ക്യാപ്റ്റന്‍ ഡിലനോയിയെക്കൊണ്ട് തന്റെ സൈന്യത്തിന് ആവശ്യമായ വിദഗ്ദ്ധപരിശീലനം നല്‍കാന്‍ കഴിയും എന്നൊരു കണക്കുകൂട്ടലോടുകൂടിയാണ് മാര്‍ത്താണ്ഡവര്‍മ്മ ഈ നീക്കം നടത്തിയത്. രാജാവ് പ്രതീക്ഷിച്ചതുപോലെ തന്നെ ഡിലനോയ് മാര്‍ത്താണ്ഡവര്‍മ്മയോട് കൂറു പ്രഖ്യാപിക്കുകയും തടവില്‍നിന്നു മോചിതനാവുകയും ചെയ്തു. പിന്നീട് ജീവിതാവസാനം വരെ അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ വിശ്വസ്ത പടനായകനായി തിരുവിതാംകൂറില്‍ത്തന്നെ താമസിക്കുകയുണ്ടായി. അങ്ങനെയാണ് ശാസ്ത്രീയമായ ഒരു പാശ്ചാത്യ രീതിയിലുള്ള സൈനികപരിശീലനം ഇവിടെ ആരംഭിക്കുന്നത്. സൈന്യത്തിന്റെ മാര്‍ച്ചിന് ഇന്ന് ഉപയോഗിക്കുന്ന ലെഫ്റ്റ് റൈറ്റ് മുന്‍പ് കേരളത്തിലെ സൈനികര്‍ക്ക് അറിയില്ലായിരുന്നു. അവരത് പഠിച്ചു പ്രയോഗിക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ട് ലെഫ്റ്റ് റൈറ്റിനു പകരം 'ഓലക്കാല്‍ ശീലക്കാല്‍' എന്നീ വാക്കുകള്‍ ഉപയോഗിച്ച് മാര്‍ച്ച് നടത്തി പഠിക്കാന്‍ ആവശ്യപ്പെട്ടു. കുറേക്കഴിഞ്ഞ് ലെഫ്റ്റ് റൈറ്റ് അടിച്ചു മാര്‍ച്ച് ചെയ്യാന്‍ അവര്‍ പഠിക്കുകയുണ്ടായി. അതോടൊപ്പം തന്നെ വെടിക്കോപ്പുകള്‍ ഉപയോഗിച്ച് തോക്ക്, പീരങ്കി എന്നിവ ഉപയോഗിക്കാനുള്ള പരിശീലനവും സൈനികര്‍ക്കു നല്‍കി. ഇങ്ങനെ ആധുനികവല്‍ക്കരിക്കപ്പെട്ട പുതിയ പടയുമായി ചെമ്പകശ്ശേരിയോട് ഏറ്റുമുട്ടാന്‍ മാര്‍ത്താണ്ഡവര്‍മ്മ തയ്യാറായി. സൈന്യത്തെ നയിച്ചുകൊണ്ട് അവരോടൊപ്പം തന്നെ രാമയ്യന്‍ ദളവയും യുദ്ധസ്ഥാനമായ ചെമ്പകശ്ശേരിയുടെ അതിര്‍ത്തി പ്രദേശം എന്നു കണക്കാക്കപ്പെടുന്ന തോട്ടപ്പള്ളിയിലെത്തി. ഇവരോടൊപ്പം തന്നെ ഒരു നാവികപ്പടയും തോട്ടപ്പള്ളിക്കു പടിഞ്ഞാറ് തീരക്കടലില്‍ നിലയുറപ്പിച്ചു.
രണ്ടാമത്തെ യുദ്ധത്തില്‍ ഡച്ച് ക്യാപ്റ്റനായ ഡിലനോയിയുടെ പടയേയും കൂട്ടത്തിലുണ്ടായിരുന്ന മുസ്ലിം-ക്രിസ്ത്യന്‍ യോദ്ധാക്കളേയും നേരിടാന്‍ ചെമ്പകശ്ശേരിയുടെ പട തയ്യാറെടുത്തെങ്കിലും വിജയത്തെക്കുറിച്ച് അവര്‍ക്ക് വലിയ ആശങ്കകളുണ്ടായിരുന്നു. അമ്പലപ്പുഴ ക്ഷേത്രം മാര്‍ത്താണ്ഡവര്‍മ്മയുടെ അന്യമതസ്ഥരായ പടയാളികള്‍ കീഴടക്കാന്‍ ശ്രമിച്ചാല്‍ വലിയ നാശനഷ്ടങ്ങളുണ്ടാകുമെന്നും അമ്പലപ്പുഴ ക്ഷേത്രത്തിലെ ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം തന്നെ നഷ്ടപ്പെട്ടേക്കുമെന്നും അവര്‍ ഭയപ്പെട്ടു. ഇതിനു പുറമേ യുദ്ധകാര്യങ്ങളില്‍ തയ്യാറെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ അമ്പലപ്പുഴ കൊട്ടാരത്തില്‍ രാജാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ യുദ്ധത്തില്‍ താല്പര്യം പ്രകടിപ്പിക്കാതെ രാജാവ് നിസ്സംഗനായി കാണപ്പെട്ടു. യുദ്ധം നടന്ന ദിവസവും രാജാവ് തന്റെ പാര്‍ശ്വവര്‍ത്തികളോടൊപ്പം ഉല്ലസിച്ച് ചൂതുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാജാവിന്റെ ഈ പ്രവൃത്തി മന്ത്രിയായ തെക്കേടത്ത് ഭട്ടതിരിയേയും സൈന്യത്തലവനായിരുന്ന മാത്തൂര്‍ പണിക്കരേയും വളരെ വേദനിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. ഇക്കാരണങ്ങളാലാണ് ഭട്ടതിരിയും പണിക്കരും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനുകൂലമായി ഒരു ഗൂഢാലോചനയ്ക്കു മുതിര്‍ന്നതെന്നു കാണാന്‍ കഴിയും.
ഏതായിരുന്നാലും ചെറുത്തുനില്‍പ്പ് കൂടാതെ തിരുവിതാംകൂര്‍ സൈന്യം രാജ്യത്തേക്കു പ്രവേശിക്കുകയും ആ സമയത്തുപോലും ചൂതുകളിച്ചുകൊണ്ടിരുന്ന രാജാവിനെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്നില്‍ ഹാജരാക്കുകയും ചെയ്തു. തടങ്കലിലാക്കിയാണ് അദ്ദേഹത്തെ മാര്‍ത്താണ്ഡവര്‍മ്മ ശിക്ഷിച്ചത്. എന്നാല്‍, ബ്രാഹ്മണനായതുകൊണ്ടാകണം മാര്‍ത്താണ്ഡവര്‍മ്മ ശത്രുവായ ചെമ്പകശ്ശേരി രാജാവിനെ വധിക്കാതിരുന്നത്. കഠിനമായ ഒരു ഭീഷണി നല്‍കി ചെമ്പകശ്ശേരി രാജാവിനെ കുടമാളൂര്‍ പ്രദേശത്തുള്ള പുളിക്കല്‍ ചെമ്പകശ്ശേരി എന്ന അദ്ദേഹത്തിന്റെ ഇല്ലത്തിലേക്ക് മടക്കി അയച്ചത്. പിന്നീട് വലിയ താമസം കൂടാതെ ചെമ്പകശ്ശേരി രാജാവ് മാര്‍ത്താണ്ഡവര്‍മ്മയില്‍നിന്ന് ചെമ്പകശ്ശേരിയെ തിരിച്ചുപിടിക്കാന്‍ കൊച്ചി രാജാവുമായി കൂടിയാലോചിച്ചു. ആ ഗൂഢാലോചന തുടക്കത്തില്‍ത്തന്നെ മനസ്സിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ വീണ്ടും കര്‍ശനമായ താക്കീതു നല്‍കി കൂടുതല്‍ കാവലോടുകൂടി ചെമ്പകശ്ശേരി രാജാവിനെ തുടര്‍ന്നും നിരീക്ഷിക്കുകയുണ്ടായി. ഇനി കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടായാല്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കുമെന്നൊരു സൂചനയും അദ്ദേഹം നല്‍കി.
പനമ്പുകോട്ട സംബന്ധിച്ച ആരോപണത്തിന്റെ പൊള്ളത്തരം
ചെമ്പകശ്ശേരിയുടെ അതിര്‍ത്തിയിലുണ്ടായിരുന്ന ഒരു പ്രതിരോധ കോട്ട കണ്ട് രാമയ്യന്‍ യുദ്ധരംഗത്തുനിന്നു പിന്‍വാങ്ങാന്‍ തയ്യാറായി എന്നൊരു കള്ളക്കഥ അന്ന് ബോധപൂര്‍വ്വം ചിലയാളുകള്‍ പ്രചരിപ്പിക്കുകയുണ്ടായി. പനമ്പുകൊണ്ടുണ്ടാക്കിയ ഒരു കോട്ട വെള്ളപൂശി കുറ്റിയില്‍ ബന്ധിപ്പിച്ച് അവിടെ നിര്‍ത്തുകയായിരുന്നു. മാത്തൂര്‍ പണിക്കര്‍ ആ കോട്ടയുടെ രഹസ്യം വെളിപ്പെടുത്താനായി പനമ്പിന്‍കുറ്റികള്‍ ഉയര്‍ത്തിക്കാട്ടിയെന്ന ഒരു കള്ളപ്രചരണവും രാജാവിന്റെ പാര്‍ശ്വവര്‍ത്തികളും തെക്കേടത്ത് ഭട്ടതിരിയുടേയും മാത്തൂര്‍ പണിക്കരുടേയും ചില ശത്രുക്കളും ചേര്‍ന്ന് പ്രചരിപ്പിക്കുകയാണ് ഉണ്ടായതെന്ന് കരുതാന്‍ ന്യായമുണ്ട്. പനമ്പിന്‍ കോട്ടയുടെ രഹസ്യം പ്രത്യേകം വെളിപ്പെടുത്തേണ്ട കാര്യം ഒന്നുമില്ലെന്നു യുക്തിപൂര്‍വ്വം ചിന്തിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും. കാരണം, ഒറ്റനോട്ടത്തില്‍ത്തന്നെ ആ കോട്ട കല്ലുകൊണ്ടുണ്ടാക്കിയതല്ല, ഒരു വെറും 'തട്ടിക്കൂട്ട്' കോട്ടയായിരുന്നെന്നറിയാന്‍ ബുദ്ധിമുട്ടില്ല. തന്നെയുമല്ല, അതിബുദ്ധിമാനായ രാമയ്യന്റെ ചാരന്മാര്‍ എളുപ്പത്തില്‍ത്തന്നെ അതിനോടകം അതു മനസ്സിലാക്കിയിട്ടുണ്ടാകണം. അത് എന്തായിരുന്നാലും തെക്കേടത്ത് ഭട്ടതിരിയും മാത്തൂര്‍ പണിക്കരും ചേര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനുകൂലമായി ഒരു തീരുമാനമെടുത്ത് അത് യുദ്ധത്തിന്റെ നേതൃനിരയോടൊപ്പം തന്നെയുണ്ടായിരുന്ന രാമയ്യന്‍ ദളവയെ നേരത്തേ തന്നെ അറിയിച്ചിട്ടുണ്ടാകുമെന്ന് ഊഹിക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. ആ നിലയ്ക്ക് ഈ കോട്ടയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. യുദ്ധമാരംഭിക്കുന്നതിനു മുന്‍പുതന്നെ കീഴടങ്ങുന്നതിന്റെ സൂചനകള്‍ രാമയ്യന് കൊടുത്തിരുന്നുവെന്ന് അനുമാനിക്കാം. കാരണം, മാര്‍ത്താണ്ഡവര്‍മ്മയുടെ പടയാളികള്‍ ചെമ്പകശ്ശേരി സൈന്യത്തോടോ അവിടുത്തെ ജനങ്ങളോടോ രാജ്യത്തേക്കു കടന്ന് രാജാവിനെ കസ്റ്റഡിയിലെടുക്കാന്‍ നീങ്ങുന്നതിനു മുന്‍പും അതിനുശേഷവും ശത്രുതയോടെ പെരുമാറിയിരുന്നില്ല. അതിന്റെ അര്‍ത്ഥം യുദ്ധം തുടങ്ങാഞ്ഞതിന്റെ കാരണം കോട്ടയുടെ രഹസ്യം വെളിപ്പെടുത്തിയതുകൊണ്ടല്ല; മറിച്ച് കീഴടങ്ങലിന്റെ സൂചനകള്‍ രാമയ്യനു നേരത്തേ ലഭിച്ചിട്ടുള്ളതുകൊണ്ടുതന്നെയാണ്. അതിനുപുറമേ മാത്തൂര്‍ പണിക്കര്‍ക്ക് രാമയ്യന്‍ ദളവയെ മുന്‍പുതൊട്ടേ പരിചയമുണ്ടായിരുന്ന കാര്യം കൂടി പരിഗണിക്കണം. അക്കാലത്ത് കേരളത്തില്‍ നിലവിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങള്‍ ഭരിച്ചിരുന്ന രാജാക്കന്മാരുടെ കൂട്ടത്തില്‍ ഒറ്റ ബ്രാഹ്മണനേ ഉണ്ടായിരുന്നുള്ളൂ. അയാളാണ് ജനദ്രോഹപരമായ ഒരു ദുര്‍ഭരണം നടത്തിക്കൊണ്ടിരുന്ന ചെമ്പകശ്ശേരിയിലെ രാജാവ്.
_copy.jpg)
ഒരു ബ്രാഹ്മണരാജാവിന്റെ ജനങ്ങളുടെമേല്‍ പ്രയോഗിക്കുന്ന അധികാരശക്തി മറ്റു രാജാക്കന്മാരുടെ അധികാരശക്തിയേക്കാള്‍ പതിന്മടങ്ങ് കൂടുതലാണ്. ബ്രാഹ്മണന്‍ തെറ്റുചെയ്താല്‍ ജനങ്ങള്‍ അതു പെട്ടെന്നു ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍, മറ്റൊരു രാജാവിന്റെ ദുര്‍ഭരണമാണെങ്കില്‍ അതിനെ കുറേക്കൂടി ശക്തമായി ജനങ്ങള്‍ നേരിടും. ചെമ്പകശ്ശേരിയുടെ പതനം ഈ വസ്തുതകളൊക്കെ പരിശോധിച്ചതിനു ശേഷമേ കൃത്യമായി വിലയിരുത്താനും നിഗമനങ്ങളിലെത്താനും കഴിയൂ. ബ്രാഹ്മണന്‍ എന്നുള്ള പ്രാധാന്യം കണക്കിലെടുത്താകണം മാര്‍ത്താണ്ഡവര്‍മ്മ കടുത്ത ശിക്ഷകളൊന്നും ചെമ്പകശ്ശേരി രാജാവിനു നല്‍കാതിരുന്നത് എന്നു നമുക്കു മനസ്സിലാക്കാം.
യുദ്ധത്തെത്തുടര്‍ന്ന് തെക്കേടത്ത് ഭട്ടതിരിക്കും മാത്തൂര്‍ പണിക്കര്‍ക്കും മാര്‍ത്താണ്ഡവര്‍മ്മ കുറേ സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. കരമൊഴിവായി കുറേ വസ്തുവകകള്‍ മാത്തൂര്‍ പണിക്കര്‍ക്കു നല്‍കി. കൂടാതെ രാജാവ് വടക്കോട്ടു സഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തെ അകമ്പടി സേവിക്കാനുള്ള അധികാരവും മാത്തൂര്‍ പണിക്കര്‍ക്കു ലഭിച്ചു. തിരുവിതാംകൂര്‍ രാജാവിന്റെ പ്രത്യേക ബോട്ടുകളില്‍ രാജാവ് സഞ്ചരിക്കുമ്പോള്‍ അതില്‍ കടക്കാനുള്ള അനുവാദം മാത്തൂര്‍ പണിക്കര്‍ക്കു മാത്രമേ നല്‍കിയിരുന്നുള്ളൂ. ഇതിനു പുറമേ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുകടവിലേക്കുള്ള ഘോഷയാത്രയില്‍ രാജാവിനു തൊട്ടുമുന്‍പേ വാളൂരിപ്പിടിച്ചുകൊണ്ട് നടക്കാനുള്ള അവകാശവും പണിക്കര്‍ക്കു നല്‍കുകയുണ്ടായി. തെക്കേടത്ത് ഭട്ടതിരിക്ക് അമ്പലപ്പുഴ ക്ഷേത്രത്തിന്റെ അവകാശാധികാരങ്ങള്‍ നല്‍കിയതിനോടൊപ്പം മറ്റു ചില ആനുകൂല്യങ്ങളും നല്‍കിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇക്കാര്യംവച്ചുകൊണ്ട് വേണമെങ്കില്‍ രാജാവിന്റെ ശിങ്കിടികള്‍ക്ക് തെക്കേടത്ത് ഭട്ടതിരിയേയും കണക്കറ്റ് കുറ്റപ്പെടുത്താമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. ഒരു ചെറിയ വിഭാഗം ജനങ്ങളും രാജാവിന്റെ പാര്‍ശ്വവര്‍ത്തികളും അതു വേണ്ടത്ര പരിഗണിക്കാതിരുന്നത് അദ്ദേഹവും ഒരു ബ്രാഹ്മണനായതുകൊണ്ടായിരിക്കണം.
വഞ്ചനാക്കുറ്റത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍
തെക്കേടത്ത് ഭട്ടതിരി രാജാവിനെതിരെ മാത്തൂര്‍ പണിക്കരുമായി ചേര്‍ന്ന് ഒരു ഗൂഢാലോചന നടത്തിയതിന് താഴെപ്പറയുന്ന കാരണങ്ങള്‍ കൂടി പരിശോധിക്കണം. ഒന്നാമതായി ഏറ്റവുമൊടുവില്‍ ഭരിച്ചിരുന്ന ദേവനാരായണന്‍ അധികാരമേല്‍ക്കുന്നതിനു മുന്‍പ് ആറേഴു വര്‍ഷക്കാലം അതിനു മുന്‍പു ഭരിച്ചിരുന്ന രാജാവിന്റെ മരണശേഷം റീജന്റായി ചെമ്പകശ്ശേരി രാജ്യം ഭരിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യാസഹോദരനായ ദേവനാരായണന്‍ ഭരണത്തിലെത്തിയത്. തെക്കേടത്ത് ഭട്ടതിരി റീജന്റായി ഭരിക്കുന്ന കാലത്ത് അഴിമതിക്കാരായ കൊട്ടാരത്തിലെ ചില ഉദ്യോഗസ്ഥന്മാര്‍ക്ക് കനത്ത ശിക്ഷകള്‍ നല്‍കിയിട്ടുണ്ട്. അവരെല്ലാവരും കൂടി കൂട്ടുചേര്‍ന്ന് അടുത്ത മേവനാരായണനെ സ്വാധീനിക്കാന്‍ നേരത്തെ തന്നെ ഗൂഢാലോചന നടത്തി അതിനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. പുതിയ രാജാവ് ഭരണമേറ്റെടുത്തപ്പോള്‍ത്തന്നെ ആ ഉദ്യോഗസ്ഥന്മാരെയെല്ലാം തന്റെ കൊട്ടാരത്തിലെ പാര്‍ശ്വവര്‍ത്തികളാക്കി നിയമിക്കുകയുണ്ടായി. അവര്‍ രാജാവിന്റെയടുത്തു റിപ്പോര്‍ട്ട് ചെയ്ത ചില കള്ളക്കഥകള്‍ അടിസ്ഥാനമാക്കി ഭരണത്തിലെത്തിയ ഉടന്‍ തന്നെ ക്രൂരമായി ശിക്ഷിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. തെക്കേടത്ത് ഭട്ടതിരിയെ തലയില്‍ എണ്ണതേച്ച് മണിക്കൂറുകളോളം തുറസ്സായ സ്ഥലത്ത് കഠിനമായ ചൂടുള്ള സമയത്തെ വെയിലത്തു നിര്‍ത്തി വിയര്‍പ്പിക്കുന്നതായിരുന്നു ഒരു ശിക്ഷ. ഇതിനു ചരിത്രപരമായ തെളിവുകളുണ്ട്.
രാജാവിനെ വഞ്ചിച്ചതിന്റെ കുറ്റമെല്ലാം മാത്തൂര്‍ പണിക്കര്‍ക്കു മാത്രം ചാര്‍ത്തിക്കൊടുത്തതിന് കുറേ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. കോഴിക്കോട് സാമൂതിരിയുടെ സേനാനായകനായ ധര്‍മോത്ത് പണിക്കരുടെ ഒരു ഭാഗിനേയന്റെ നേതൃത്വത്തിലുള്ള കുറേ പടയാളികളാണ് ഒരു ദിവസംകൊണ്ട് ചെമ്പകശ്ശേരി രാജ്യം വെട്ടിപ്പിടിച്ച് സ്ഥാപിച്ച് രാജാവിന്റെ കുടുംബത്തിനു കൈമാറിയത്. പിന്നീട് ധര്‍മോത്തു പണിക്കരുടെ കുടുംബത്തിലെ ഈ അംഗത്തെ സേനാനായകനായി നിയോഗിക്കുകയും ആ അവകാശം ആ കുടുംബത്തിന്റെ പരമ്പരാവകാശമാക്കി നിലനിര്‍ത്തുകയും ചെയ്തു. ചെമ്പകശ്ശേരി രാജവംശത്തിന്റെ പഴക്കത്തെ സംബന്ധിച്ച് ഗവേഷണം നടത്തിയ ചില ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച് രാജവംശ സ്ഥാപനത്തിന് ഒരു 450 വര്‍ഷം മാത്രമേ പഴക്കം ഉണ്ടെന്നു പറയാന്‍ ചില ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ സാധിക്കുകയുള്ളൂ. 1911 ജൂലൈ 10-ാം തീയതി പുറത്തിറങ്ങിയ മദ്രാസ് മെയിലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം പറയുന്നതനുസരിച്ച് സാമൂതിരിയുടെ പടനായകന്‍ ധര്‍മോത്തു പണിക്കര്‍ കര്‍ണാടകയില്‍നിന്ന് എത്തിയിട്ട് 500 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ചെമ്പകശ്ശേരി രാജവംശത്തിന്റെ സ്ഥാപനം നടന്നത് ചരിത്രവസ്തുതകള്‍ പരിഗണിച്ചുകൊണ്ട് കണക്കാക്കിയാല്‍ 450 വര്‍ഷങ്ങള്‍ക്കു മുന്‍പാകണം. അതനുസരിച്ച് ഏതാണ്ട് 16-ാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്താണ് അതു നടന്നത്. 18-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ചെമ്പകശ്ശേരി രാജ്യം നിലംപതിക്കുകയും ചെയ്തു. (മാത്തൂര്‍ പണിക്കര്‍ എന്ന പേരിന്റെ derivation) ചെമ്പകശ്ശേരി രാജ്യം നിലവിലിരുന്ന കാലമത്രയും ആ കുടുംബത്തില്‍പ്പെട്ടവരാണ് സൈനികമേധാവി എന്ന പദവി ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇക്കാര്യം കുട്ടനാട്ടിലെ മറ്റുള്ള ഭൂപ്രഭുക്കന്മാര്‍ക്ക് പണ്ടുമുതല്‍ക്കേ തീരെ ഇഷ്ടമായിരുന്നില്ല. പണിക്കരുടെ അനന്യമായ അഭ്യാസമികവും കാര്യശേഷിയും പ്രാദേശിക പ്രമാണിമാരെ അസൂയാലുക്കളാക്കി എന്നതും നമ്മള്‍ കാണാതിരുന്നുകൂടാ. പിന്നീടവരെ കുറ്റപ്പെടുത്താന്‍ ഒരു സന്ദര്‍ഭമുണ്ടായപ്പോള്‍ അത് മുതലെടുത്തുകൊണ്ട് അവര്‍ വിലകുറഞ്ഞ അപവാദപ്രചരണങ്ങള്‍ നടത്തുകയാണു ചെയ്തതെന്നു ചരിത്രം നിഷ്‌കര്‍ഷയോടെ വായിച്ചു പഠിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. കുറ്റിയൂരിക്കാണിച്ച് എതിര്‍സൈന്യത്തെ സഹായിച്ചു എന്നുള്ള അസത്യപ്രചാരണം സത്യമെന്ന മട്ടില്‍ കണക്കിലെടുത്ത് സ്റ്റേറ്റ് മാനുവലിലും മറ്റു ചില ചരിത്രപുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
തെക്കേടത്ത് ഭട്ടതിരിയും മാത്തൂര്‍ പണിക്കരും കൂടി ചെമ്പകശ്ശേരി രാജാവിനെ വഞ്ചിക്കുകയാണ് ചെയ്തതെന്നു വിശ്വസിക്കുന്ന ചില ആളുകള്‍ ഉണ്ട്. എന്നാല്‍, തങ്ങളുടെ രാജാവിന്റെ ഉത്തരവാദിത്വമില്ലായ്മയില്‍ മനംനൊന്താണ് യുദ്ധത്തില്‍നിന്നു പിന്മാറിയത് എന്ന ഒരു മറുപക്ഷവും ഉണ്ടായിരുന്നു. ഏതായിരുന്നാലും ചെമ്പകശ്ശേരി രാജാവിന്റെ ദുര്‍ഭരണത്തിനെതിരെ നല്ലൊരു വിഭാഗം ജനങ്ങളും ചില ഉദ്യോഗസ്ഥരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സന്ദര്‍ഭത്തിലാണ് ഇക്കാര്യങ്ങളെല്ലാം നടന്നത്. മാത്തൂര്‍ പണിക്കരുടെ തീരുമാനത്തിന് മറ്റു ചില സാംസ്‌കാരികമായ കാരണങ്ങളുമുണ്ട്. അതിലൊന്ന് രാജാവിന്റെ ഇംഗിതത്തിനെതിരായി കുഞ്ചന്‍നമ്പ്യാര്‍ക്ക് ദീര്‍ഘകാലം സംരക്ഷണം നല്‍കിയതാണ്. രാജാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഭരണക്രമങ്ങളെക്കുറിച്ചും കുഞ്ചന്‍നമ്പ്യാര്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും കൂടി ചെയ്തത് കണക്കിലെടുക്കുമ്പോള്‍ തെക്കേടത്തു ഭട്ടതിരിയുടേയും മാത്തൂര്‍ പണിക്കരുടേയും മനംമാറ്റത്തില്‍ കുറ്റംപറയാന്‍ കഴിയുകയില്ല. മാത്തൂര്‍ പണിക്കര്‍, നമ്പ്യാര്‍ എന്ന വ്യക്തിക്കു സംരക്ഷണം നല്‍കുക മാത്രമായിരുന്നില്ല, തുള്ളലില്‍ പരിഹാസരൂപേണ വര്‍ണ്ണിക്കുന്ന സാംസ്‌കാരികവും രാഷ്ട്രീയവുമായ അപചയ പരാമര്‍ശങ്ങളെ അംഗീകരിക്കുന്ന ആളുമായിരുന്നു. ഇങ്ങനെ അന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തേയും സാംസ്‌കാരികത്തകര്‍ച്ചയേയും കണക്കിലെടുത്ത് കൂടുതല്‍ ചരിത്രഗവേഷണം ഇക്കാര്യത്തില്‍ നടത്തേണ്ടത് ആവശ്യമാണ്. ഒരു ചെറിയ നീക്കം ഇക്കാര്യത്തില്‍ നടത്തിയത് അടുത്തകാലത്ത് കുഞ്ചന്‍നമ്പ്യാരുടെ ജീവചരിത്രഗ്രന്ഥം രചിച്ച അമ്പലപ്പുഴ ഗോപകുമാര്‍ ആണ്. അദ്ദേഹത്തിന്റെ സമീപനം പൊതുവേ വസ്തുനിഷ്ഠവും പക്ഷപാത രഹിതവുമാണെന്ന് പുസ്തകം വായിച്ചുകഴിയുമ്പോള്‍ മനസ്സിലാകും. ഇക്കാര്യത്തില്‍ കൂടുതല്‍ ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഗോപകുമാറിന്റെ ഗ്രന്ഥത്തിന്റെ 186, 187 പേജുകളില്‍ അദ്ദേഹം ഇപ്രകാരം പറയുന്നു: ''എന്തായാലും കെട്ടുപിണഞ്ഞുകിടക്കുന്ന ചരിത്രസത്യങ്ങളുടെ കുരുക്കഴിക്കാനുള്ള ശ്രമം ഇനിയുമുണ്ടാകേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ നീതിനിഷ്ഠമായ ഒരു സാമൂഹ്യക്രമത്തിനും സാംസ്‌കാരികോല്‍ക്കര്‍ഷത്തിനുമായി ആത്മസമര്‍പ്പണ ഭാവത്തോടെ പാടിയ കുഞ്ചന്‍ നമ്പ്യാരുടെ ഉറ്റമിത്രമായി വര്‍ത്തിക്കുകയും ചെയ്ത മാത്തൂര്‍ പണിക്കരുടെമേല്‍ ഇന്ന് ആരോപിക്കപ്പെടുന്ന പഴിയുടെ പൊരുള്‍ അറിയാനാവുകയുള്ളൂ. അത്തരമൊരു ചരിത്രാന്വേഷണത്തിനാണ് ഞാന്‍ തുടക്കം കുറിക്കുന്നത്. നമ്പ്യാരുടെ തുള്ളല്‍കൃതികളില്‍ പലതും മാത്തൂര്‍ പണിക്കരുടെ ഗ്രന്ഥപ്പെട്ടിയില്‍നിന്നാണ് കിട്ടിയതെന്നുള്ള സാഹിത്യ പഞ്ചാനനന്റെ പരാമര്‍ശം നമ്പ്യാരും മാത്തൂര്‍ പണിക്കരും തമ്മിലുണ്ടായിരുന്ന സൗഹൃദം ആത്മാര്‍ത്ഥവും ദൃഢവുമായിരുന്നെന്നു പകല്‍പോലെ വ്യക്തമാക്കുന്നു. അത് ആ കുടുംബത്തിന് ചെമ്പകശ്ശേരിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ മാത്രമല്ല, സാംസ്‌കാരിക ചരിത്രത്തിലും അക്ഷയമായ ഒരു സ്ഥാനമാണ് നേടിക്കൊടുക്കുന്നത്.'' ഡോ. ഗോപകുമാറിന്റെ കുഞ്ചന്‍ നമ്പ്യാര്‍ എന്ന ഗ്രന്ഥത്തിന്റെ ഒരു പ്രത്യേക അദ്ധ്യായം 'മാത്തൂര്‍ കുടുംബത്തിന്റെ സ്വാധീനം' എന്ന തലക്കെട്ടിലാണ് ചേര്‍ത്തിട്ടുള്ളത്. ഗോപകുമാറിന്റെ ഈ ഗവേഷണ ഗ്രന്ഥം സാംസ്‌കാരിക പ്രശ്നങ്ങളുടെ സ്വാധീനം അന്നത്തെ തിരുവിതാംകൂറിന്റെ രാഷ്ട്രീയരംഗത്തെ പ്രത്യക്ഷമായിത്തന്നെ സ്വാധീനിക്കുന്നതായി സൂചിപ്പിക്കുന്നു. രാഷ്ട്രീയ കാര്യങ്ങളും സാംസ്‌കാരിക കാര്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍പോലും പ്രയാസമുള്ള ഒരു സന്ദര്‍ഭമായി ചെമ്പകശ്ശേരിയുടെ സാംസ്‌കാരിക അപചയത്തെ ഗവേഷണബുദ്ധ്യാ ഗോപകുമാര്‍ സമീപിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എക്കാലത്തേയും ഏറ്റവും വലിയ ജനകീയ മഹാകവിയായിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ കലയിലൂടെ നടത്തിയ ശുദ്ധീകരണം രാഷ്ട്രീയരംഗത്തും ശക്തമായ സ്വാധീനമുണ്ടാക്കിയത്.
തിരുവിതാംകൂറിലെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രം എല്ലാമൊന്ന് യുക്തിപൂര്‍വ്വം വിശകലനം ചെയ്താല്‍ താഴെപ്പറയുന്ന നിഗമനങ്ങളില്‍ എത്താന്‍ കഴിയും. തെക്കേടത്ത് ഭട്ടതിരിയും മാത്തൂര്‍ പണിക്കരും കൂടിയാണ് ഗൂഢാലോചന നടത്തിയതെങ്കിലും പിന്നീട് പഴിയും ആരോപണവും ഉയര്‍ന്നുവന്നത് മാത്തൂര്‍ പണിക്കര്‍ക്ക് എതിരെ മാത്രമാണ്. തെക്കേടത്ത് ഭട്ടതിരി രാജാവിന്റെ സഹോദരീ ഭര്‍ത്താവായിരുന്നിട്ടും എന്തുകൊണ്ട് അദ്ദേഹം രാജാവിനെതിരായി ചിന്തിച്ചു എന്നുള്ള കാര്യം കണക്കിലെടുക്കേണ്ടത് ചരിത്രാന്വേഷണത്തിന് അത്യന്താപേക്ഷിതമാണ്. തന്നെയുമല്ല, ബ്രാഹ്മണനായ രാജാവിന്റെ ജനദ്രോഹപരമായ നടപടികള്‍ക്ക് കൂട്ടുനിന്ന രാജകിങ്കരന്മാരും പാര്‍ശ്വവര്‍ത്തികളുമാണ് ചെമ്പകശ്ശേരിയുടെ യുദ്ധത്തില്‍നിന്നു പിന്മാറിയ സംഗതിയെ ഒരു വഞ്ചനയാക്കി പ്രചരണം നടത്തിയതെന്നു മനസ്സിലാക്കാം. ബ്രാഹ്മണനായതുകൊണ്ട് ഭട്ടതിരിയെ കീഴടങ്ങലിന്റെ പേരില്‍ കൂടുതല്‍ ആക്ഷേപിക്കാന്‍ തയ്യാറാകാതെ മാത്തൂര്‍ പണിക്കരെ മാത്രം കുറ്റപ്പെടുത്തുന്ന ഒരു പ്രവണതയാണ് അന്ന് ഉണ്ടായതെന്ന് കരുതുന്നതില്‍ തെറ്റില്ല. വാസ്തവത്തില്‍ ചെമ്പകശ്ശേരി രാജാവിന്റെ ദുര്‍ഭരണത്തില്‍നിന്ന് ജനങ്ങള്‍ക്കു മോചനം കിട്ടാനും നാടിന്റെ കാര്‍ഷിക പുരോഗതിക്കും ക്രമസമാധാനത്തിനും യാത്രാമാര്‍ഗ്ഗങ്ങള്‍ക്കും സൗകര്യമൊരുക്കിയത് മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണത്തിലാണെന്നുകൂടി കാണേണ്ടതുണ്ട്. ഇവിടെ ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. ജനഹിതത്തെ മാനിക്കാതെ, രാജ്യകാര്യങ്ങളില്‍ ഒട്ടും ശ്രദ്ധിക്കാതെ യുദ്ധസമയത്തു പോലും ചൂതുകളിച്ച് സമയം ചെലവഴിച്ച ദേവനാരായണ രാജാവുതന്നെയാണോ യഥാര്‍ത്ഥ രാജ്യദ്രോഹി? അതോ രാജാവിനെ വഞ്ചിച്ചു എന്ന് ആരോപിക്കപ്പെടുന്ന തെക്കേടത്ത് ഭട്ടതിരിയും മാത്തൂര്‍ പണിക്കരും ആണോ? ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താന്‍ പക്ഷപാതരഹിതമായ ഒരു സമീപനത്തിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപക്ഷേ, തെക്കേടത്ത് ഭട്ടതിരിയെ വഞ്ചനാക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ കാരണം അദ്ദേഹം ബ്രാഹ്മണനായതുകൊണ്ടു മാത്രമായിരിക്കില്ല. മാത്തൂര്‍ പണിക്കരോടുള്ള വ്യക്തിവിരോധം രാജാവിന്റെ ശിങ്കിടികള്‍ക്കു ശക്തമായി ഉണ്ടായിരുന്നതുകൊണ്ടാകണം. ഈ രണ്ടു കാരണങ്ങളും കണക്കിലെടുക്കേണ്ടത് ആവശ്യമാണ്. എന്തുകൊണ്ട് രാജകിങ്കരന്മാര്‍ക്കും ഒരു വിഭാഗം ഭൂപ്രഭുക്കന്മാര്‍ക്കും പണിക്കരോട് ഇത്രമേല്‍ ശത്രുതയുണ്ടായി? ഒന്നാമതായി കണ്ടെത്താവുന്ന കാരണം മാത്തൂര്‍ പണിക്കര്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കു നല്‍കിയ സംരക്ഷണം ആണെന്നും കാണാം. സംരക്ഷണം മാത്രമല്ല, 1741-ല്‍ കുഞ്ചന്‍ നമ്പ്യാരെ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് പരിചയപ്പെടുത്താനും അദ്ദേഹത്തിന്റെ കലാപരിപാടികള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ മുന്‍പില്‍ അവതരിപ്പിക്കാനും മാത്തൂര്‍ പണിക്കര്‍ തയ്യാറാവുകയും തിരുവനന്തപുരത്തെത്തി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ മുന്നില്‍ തുള്ളല്‍ അവതരിപ്പിക്കുകയും ചെയ്തു. ആ കലാപരിപാടി വളരെയേറെ ഇഷ്ടപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മ നമ്പ്യാര്‍ക്ക് വീരശൃംഖലയും മറ്റു പാരിതോഷികങ്ങളും കൊടുത്ത് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. അമ്പലപ്പുഴയില്‍ നമ്പ്യാര്‍ക്ക് പ്രോത്സാഹനം ലഭിക്കാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കാര്യത്തിന് മാത്തൂര്‍ പണിക്കര്‍ മുന്‍കൈയെടുത്തത്. 1741-ലാണ് ഇതു നടന്നത്. മാര്‍ത്താണ്ഡവര്‍മ്മ നമ്പ്യാരെ പ്രോത്സാഹിപ്പിച്ച നടപടി ചെമ്പകശ്ശേരി രാജാവിന്റെ ശത്രുത വര്‍ദ്ധിപ്പിക്കുകയാണു ചെയ്തത്. കൂടാതെ നാട്ടിലെ സാംസ്‌കാരിക അപചയത്തേയും രാജാവിന്റെ ദുര്‍ഭരണത്തേയും അന്നത്തെ സമൂഹത്തില്‍ നടമാടിയിരുന്ന സാംസ്‌കാരിക ജീര്‍ണ്ണതകളേയും കണക്കറ്റ് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നമ്പ്യാരോട് നാട്ടിലെ ഭൂപ്രഭുക്കന്മാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കുമുണ്ടായിരുന്ന കടുത്ത ശത്രുത കൂടി പരിഗണിക്കണം. നിര്‍ഭയനായി അനീതികളെ പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്ത നമ്പ്യാരെയാണല്ലോ മാത്തൂര്‍ പണിക്കര്‍ സംരക്ഷിച്ചത്. നമ്പ്യാരോടുള്ള വിരോധം തീര്‍ക്കാന്‍ ദേവനാരായണ ദുര്‍ഭരണത്തിനു ശേഷവും പ്രമാണിമാര്‍ പരിശ്രമിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ മാത്തൂര്‍ പണിക്കര്‍ കുട്ടനാട്ടുകാരനല്ല, മറിച്ച് സാമൂതിരിയുടെ സൈന്യാധിപനായിരുന്ന ധര്‍മോത്ത് പണിക്കരുടെ കുടുംബത്തില്‍പ്പെട്ട ആളാണെന്നും മലബാറുകാരനും പ്രത്യേകിച്ച് കോഴിക്കോട്ടുകാരനുമായ 'വരത്തന്' ഇവിടെയെന്താ കാര്യം എന്നുള്ള അന്നത്തെ ഭൂപ്രഭു പ്രമാണിമാരുടെ സങ്കുചിതമായ പ്രാദേശിക പരിഗണനയും കൂടി കണക്കിലെടുക്കേണ്ടത് ആവശ്യമാണ്. മാത്തൂര്‍ പണിക്കരെ വരത്തനായി കണക്കാക്കുന്നതിനൊപ്പം തന്നെ മഹാകവി കുഞ്ചന്‍ നമ്പ്യാരും ഒറ്റപ്പാലത്തിനടുത്തുള്ള ലക്കിടിയില്‍നിന്നു വന്ന ഒരാളാണ്. അങ്ങനെ നോക്കുമ്പോള്‍ രണ്ടുപേരും 'വരത്തന്മാരാ'ണ്. അങ്ങനെയൊരാളെ രാജ്യദ്രോ ഹിയായി മുദ്രചാര്‍ത്തി ചിത്രീകരിക്കാനുള്ള ഒരു പരിശ്രമവും ഇവിടെ നടന്നിട്ടുണ്ടെന്നുള്ള സംഗതികൂടി ഓര്‍ക്കണം. എന്തായാലും ചരിത്രത്തിന്റെ വിട്ടുപോയ ചില കണ്ണികള്‍ യോജിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ യുക്തിഭദ്രമായ ഒരു വിശകലനമാണ് നടത്തേണ്ടത്.
മാത്തൂര്‍ കുടുംബത്തിന്റെ ആവിര്‍ഭാവം
ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിന് തെക്കുംകൂര്‍ രാജാവ് കല്പിച്ചുകൊടുത്ത ചെമ്പുതകിടില്‍ രേഖപ്പെടുത്തിയ ഒരു നീട്ട് സുഖമായ ഒരു ഭക്ഷണം ഒരുക്കിത്തന്ന കുടമാളൂര്‍ പുളിക്കല്‍ ഇല്ലത്തെ അന്തര്‍ജ്ജനത്തിന്റെ സന്മനസ്സിന് ഒരു പ്രത്യുപകാരമാണ് ആ രേഖ വായിച്ചുകേട്ട ധര്‍മോത്ത് പണിക്കരുടെ അനന്തരവനും മറ്റു കുറേ പടയാളികളും ചേര്‍ന്ന് പിറ്റേന്നു വെളുപ്പിനു മുതല്‍ നടത്തിയ ധീരമായ 'വെട്ടിപ്പിടുത്തം.' എന്റെ രാജ്യത്തുനിന്ന് ഒരു ദിവസംകൊണ്ട് വെട്ടിപ്പിടിച്ച് എടുക്കാവുന്ന ഭൂമി അനുവദിച്ചുകൊണ്ടുള്ള ഒരു പ്രമാണ പത്രമായിരുന്നു അത്. പാവം തെക്കുംകൂര്‍ രാജാവ് പിന്നീട് ഇങ്ങനെയൊരു രാജ്യസ്ഥാപനത്തില്‍ ആ രേഖ ചെന്നെത്തുമെന്ന് അന്ന് ഓര്‍ത്തിരിക്കാനിടയില്ല. കൊട്ടാരക്കര തമ്പുരാന്റെ കൈവശമുണ്ടായിരുന്ന പ്രദേശത്ത് തമിഴ്നാട്ടില്‍നിന്നു വന്ന മറവപ്പടയുടെ ആക്രമണവും കൊള്ളയും സഹിക്കാനാകാതെ വന്നപ്പോഴാണ് കുറേ കഴിവുറ്റ ഭടന്മാരെ അയച്ചുതന്ന് തന്നെ സഹായിക്കണമെന്ന് സാമൂതിരിക്ക് ഒരു സന്ദേശം കൊടുത്തയച്ചത്. അന്ന് തമിഴ് പടയെ അമര്‍ച്ച ചെയ്തതിനുശേഷം കുടമാളൂരില്‍ ക്യാമ്പടിച്ച പടയാളികള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ ആരെ സമീപിക്കണമെന്നുള്ള അന്വേഷണത്തിന് കുറേ ബ്രാഹ്മണരായ കുട്ടികള്‍ ഒരു ബാലനെ ചൂണ്ടിക്കാട്ടി, അയാളുടെ കൂടെപ്പോയാല്‍ ഭക്ഷണം കിട്ടുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. അവിടെച്ചെന്നു കണ്ടപ്പോള്‍ പടയാളികള്‍ക്ക് അവര്‍ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലായി. ഇടിഞ്ഞുപൊളിഞ്ഞ് എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന ഒരു ഇല്ലം. ഇല്ലം കണ്ട അവര്‍ മടങ്ങിപ്പോരാന്‍ ഒരുങ്ങിയപ്പോള്‍ അകത്തുനിന്ന് അശരീരിപോലെ നിങ്ങള്‍ എന്തുകൊണ്ടാണു മടങ്ങിപ്പോകുന്നതെന്ന് ഒരു സ്ത്രീശബ്ദത്തില്‍ ആരോ ചോദിച്ചതായി കേട്ടു. ഭക്ഷണത്തിനാണെങ്കില്‍ ഞാന്‍ തയ്യാറാക്കിത്തരാം, നിങ്ങള്‍ പോയി കുളിച്ചു വരൂ എന്ന് പറഞ്ഞ് അയച്ചതിനുശേഷം അവരുടെ മകനെ ആ ഇല്ലത്ത് ആകെയുണ്ടായിരുന്ന സ്വത്തായ ഒരു സ്വര്‍ണ്ണാഭരണവും കൊടുത്ത് തൊട്ടടുത്തുള്ള ഒരു കടയിലേക്കയച്ച് ആവശ്യമായ സാധനങ്ങളെല്ലാം വരുത്തി ഭക്ഷണമൊരുക്കി. പടയാളികള്‍ മടങ്ങിവന്ന് ഭക്ഷണം കഴിച്ച് സംതൃപ്തരായി. മടങ്ങിപ്പോകാന്‍ ഒരുങ്ങിയപ്പോള്‍ അമ്മയ്ക്ക് എന്തെങ്കിലും ഞങ്ങള്‍ ചെയ്തു തരേണ്ടതുണ്ടോ എന്ന് അന്വേഷിച്ചു. അപ്പോള്‍ അവര്‍ തെക്കുംകൂര്‍ രാജാവില്‍നിന്നു കിട്ടിയ ആ രേഖ അവരെ വായിച്ചു കേള്‍പ്പിച്ചു. പിറ്റേന്ന് ഒറ്റദിവസംകൊണ്ട് പടയാളികള്‍ വെട്ടിപ്പിടിച്ച രാജ്യമാണ് പുളിക്കല്‍ ചെമ്പകശ്ശേരി എന്നു പിന്നീട് അറിയപ്പെട്ടത്. ധര്‍മോത്തു പണിക്കരുടെ അനന്തിരവനെ പിന്നീട് രാജ്യത്തിന്റെ സൈന്യാധിപനാക്കുകയും അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവായ മാത്തൂര്‍ നമ്പൂതിരിയുടെ പേരിനു മുന്‍പുള്ള മാത്തൂര്‍ പിന്നീട് ആ കുടുംബത്തിന്റെ മാറാപ്പേരായി മാറുകയും ചെയ്തു. ഈ സംഭവത്തിന് ചില ചരിത്രകാരന്മാര്‍ ഒരു ചെറിയ ഭേദഗതി അവതരിപ്പിക്കുന്നുണ്ട്. ഈ ഭടന്മാര്‍ കൊട്ടാരക്കരനിന്ന് മടങ്ങിയവരല്ല; മറിച്ച് സാമൂതിരി എടപ്പള്ളി രാജാവുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ പരാജയപ്പെട്ടുപോയ സാമൂതിരിയുടെ സൈന്യത്തിലെ പടയാളികളാണ് എന്നായിരുന്നു. എന്നാല്‍, യുക്തിപൂര്‍വ്വം പരിശോധിച്ചാല്‍ ആ ഭേദഗതി ശരിയല്ലെന്നു കാണാന്‍ കഴിയും. പരാജയപ്പെട്ടു പിന്മാറുന്ന സൈന്യം സ്വന്തം നാട്ടിലേക്കു മടങ്ങുകയല്ലാതെ എതിര്‍വശത്തേക്കു പോകാനുള്ള സാധ്യതയില്ലെന്നു മനസ്സിലാക്കാം. അതുകൊണ്ട് ആ അഭിപ്രായം തള്ളിക്കളയാവുന്നതേയുള്ളൂ. തന്നെയുമല്ല, ഈ വ്യാഖ്യാനമനുസരിച്ച് സാമൂതിരിയുടെ ഇടപ്പള്ളിയുമായി നടന്ന യുദ്ധത്തിന്റെ കാലവും ഈ രാജ്യസ്ഥാപനത്തിന്റെ കാലവും തമ്മില്‍ ഒത്തുനോക്കുമ്പോള്‍ പൊരുത്തക്കേടുണ്ട്. നീതിനിഷ്ഠമായ ഒരു സമൂഹത്തിനു വേണ്ടി സാംസ്‌കാരിക രംഗത്ത് ശക്തമായ പോരാട്ടം നടത്തിയ ഒരു മഹാകവിയോടുള്ള അന്നത്തെ വന്‍കിട ഭൂപ്രഭുക്കളുടെ അവഗണനയും എതിര്‍പ്പും ഒരു ഭാഗം ഭൂപ്രഭുക്കന്മാരുടേയും ഉദ്യോഗസ്ഥരുടേയും സൈ്വര്യം കെടുത്തി. അതിന്റെ നിദര്‍ശനമാണ് മഹാകവിയെ സംരക്ഷിക്കുകയും അദ്ദേഹത്തിന് അംഗീകാരം വാങ്ങിക്കൊടുക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്ത മാത്തൂര്‍ പണിക്കരെ കരിവാരിത്തേച്ച് അപവാദപ്രചരണം നടത്തിയത്.
അന്നത്തെ അപവാദപ്രചരണത്തിന്റെ അലയടികള്‍ ഇന്നും അതിശക്തമായി നിലനില്‍ക്കുന്നു. രാഷ്ട്രീയരംഗത്തുപോലും മാത്തൂര്‍ പണിക്കരെ ഒരു രാജ്യവഞ്ചകനായി ചിത്രീകരിക്കാറുണ്ട്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരന്‍ ചില പ്രസംഗങ്ങളില്‍ ഒരു പഴഞ്ചൊല്ല് ഉദ്ധരിക്കുന്നതുപോലെ ഇതു പറയാറുണ്ട്. എന്നാല്‍, ഇടതുപക്ഷത്തിന്റെ ചില നേതാക്കന്മാര്‍ അവരുടെ പ്രസംഗങ്ങളില്‍ ഇത് എടുത്തുപറയുന്നത് കേട്ടിട്ടുണ്ട്. ഇതു വളരെ കഷ്ടതരമാണ്. കാരണം, കുഞ്ചന്‍ നമ്പ്യാരുടെ കൃതികളിലെല്ലാം ഉപരിവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ സാംസ്‌കാരിക അപചയങ്ങളെയാണ് ചൂണ്ടിക്കാണിച്ച് ഹാസ്യരൂപേണ വിമര്‍ശിച്ചത്. ഒരിക്കല്‍പ്പോലും മഹാകവി കര്‍ഷകര്‍ക്കോ പിന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കോ എതിരായി ഒരു വാക്കുപോലും എഴുതിയിട്ടില്ല. ഇനിയെങ്കിലും നമ്പ്യാരുടെ കവിതകളുടെ ഉള്ളടക്കം മനസ്സിലാക്കുകയും അപവാദ പ്രചരണത്തോടൊപ്പം ചേരാതിരിക്കുകയും വേണം.
മഹാകവി കുമാരനാശാന്‍ പാടിയതുപോലെ 'അപവാദശല്യമേ ഒഴിയാതുള്ളൂ വിവേകശക്തിയാല്‍' എന്ന കാര്യം പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. അത് സത്യവുമാണ്. എന്നാല്‍, അപവാദശല്യവും ഒഴിയും വിവേകശക്തിയാല്‍.' വിവേകശക്തി ചരിത്രത്തെ ശാസ്ത്രീയമായി അന്വേഷിക്കുന്നതാകണം എന്നുമാത്രം.
(പ്രൊഫ. പി. രവീന്ദ്രനാഥ്
അടുത്തിടെ അന്തരിച്ച പ്രൊഫസര്‍ പി.രവീന്ദ്രനാഥ് ദീര്‍ഘകാലം കോളജ് അധ്യാപകനായി സേവനം നടത്തിയിരുന്നു. സ്വകാര്യ കോളജ് അധ്യാപക സംഘടനയുടെ നേതാവായി സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980-81 ല്‍ കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാരിന്റെ ഭീഷണികളെ നേരിട്ട് വളരെ ത്യാഗപൂര്‍വ്വം പുരോഗമന കലാ സാഹിത്യസംഘടനയുടെ പ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്തു. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ പ്രസിഡന്റും പി. രവീന്ദ്രനാഥും എം.എന്‍. കുറുപ്പും സെക്രട്ടറിമാരായും കുറേക്കാലം പുരോഗമന കലാസാഹിത്യ സംഘടയുടെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്‌സിസ്റ്റ് അര്‍ത്ഥശാസ്ത്ര സംബന്ധമായ ഏതാനും കൃതികളും കുറേ സാഹിത്യ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 1978 ല്‍ കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് മെംബര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് മെംബര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.)