'അത് മറ്റാരോ അല്ല, മാമുക്കോയയാണ്'
By താഹ മാടായി | Published: 18th January 2022 04:22 PM |
Last Updated: 18th January 2022 04:22 PM | A+A A- |

'കുരുതി' എന്ന സിനിമ കണ്ടതിനുശേഷം മാമുക്കോയ അവതരിപ്പിച്ച മൂസാ ഖാദര്‍ എന്ന കഥാപാത്രത്തിന്റെ അത്ഭുതകരമായ വേഷപ്പകര്‍ച്ചയെക്കുറിച്ച് നേരിട്ടൊന്നു പറയാന്‍ കോയക്കയെ ആ ദിവസങ്ങളിലെപ്പോഴോ വിളിച്ചു. ഫോണെടുത്തപ്പോള്‍ പതിവില്ലാത്തവിധം കനമുള്ള ശബ്ദം. മമ്മൂട്ടിയുടെ ശബ്ദംപോലെ.
ഫോണ്‍ വെച്ചു.
വാട്സാപ്പില്‍ ഒരു മെസ്സേജ് വിട്ടു:
''കോയക്കാ, ഞാന്‍ വിളിച്ചിരുന്നു. ഫോണ്‍ മറ്റാരോ ആണ് എടുത്തത്. മൂസാ ഖാദര്‍ കലക്കി.''
അപ്പോള്‍ നീലവരയോടൊപ്പം തന്നെ മാമുക്കോയ വിളിച്ചു:
''മറ്റാരോ അല്ല, മാമുക്കോയയാണ്. എന്റെ ശബ്ദം ഇപ്പോള്‍ ഇങ്ങനെയാണ്. ക്യാന്‍സര്‍.''
അതുകേട്ട് സ്തബ്ധനായ ആ നിമിഷം മാമുക്കോയ സമാധാനിപ്പിക്കുന്നു: വെഷമിക്കാതിരിക്കൂ. സുഖമാവുന്നുണ്ട്.''
'കുരുതി'യിലെ കരുത്തനായ മൂസ ഖാദറെ ആ ശബ്ദത്തില്‍ തിരിച്ചറിഞ്ഞു. മാമുക്കോയ ആ ശരീരംപോലെ, ആ ശബ്ദവുമാണ്. ഉച്ചരിക്കപ്പെടുന്ന വാക്കിനു പിറകില്‍ ഉറപ്പുള്ള ആ ശരീരം കൂടിയുണ്ട്. അല്ലെങ്കില്‍ ശബ്ദത്തോടൊപ്പം ചേരുന്ന ശരീരപ്രകൃതമാണ് മാമുക്കോയ. അത്ഭുതകരമായ ആത്മവിശ്വാസത്തോടെ മാമുക്കോയ അര്‍ബ്ബുദത്തെ അതിജീവിക്കുന്നു.

മോഹന്‍ലാലിന്റെ 'മരക്കാറ'ല്ല, മാമുക്കോയയുടെ മൂസാ ഖാദറാണ് 2021-ലെ, കഥാപാത്രം. സൂപ്പര്‍സ്റ്റാര്‍/മെഗാസ്റ്റാര്‍ കേന്ദ്രീകൃതമായ നായകസങ്കല്പത്തെ ആ കഥാപാത്രത്തിന്റെ അവതരണത്തിലൂടെ മാമുക്കോയ മറികടക്കുന്നു. മാമുക്കോയ എന്ന നടനില്‍നിന്ന് മലയാളികള്‍ പ്രതീക്ഷിക്കാത്ത 'സ്റ്റാമിന'യാണ് മൂസാ ഖാദറില്‍ കാണുന്നത്. മരക്കാറിലെ 'മോഹന്‍ലാലില്‍' അത്രയും സ്റ്റാമിന കാണുന്നുമില്ല. നാട്/കാട്/ഇരുട്ട്/വെളിച്ചം - ഇങ്ങനെ സ്ഥലകാലങ്ങളുടെ നിഴലിലും വെളിച്ചത്തിലും മാമുക്കോയയുടെ മൂസാ ഖാദര്‍ പതറുന്നില്ല. കല്ലായിയില്‍ ഒരുകാലത്ത് മരത്തടികള്‍ക്കിടയിലെ തൊഴില്‍ജീവിതത്തില്‍നിന്നാര്‍ജ്ജിച്ച കരുത്ത് വലിയൊരു ഊര്‍ജ്ജ പ്രവാഹമായി മൂസാ ഖാദറിലൂടെ കടന്നുപോകുന്നു. മലയാളത്തിലെ മറ്റെല്ലാ വില്ലന്മാരേയും നിഷ്പ്രഭനാക്കി മൂസാ ഖാദര്‍.
മാമുക്കോയയാണ് 2021-ലെ നടന്‍, മൂസാ ഖാദര്‍.
എന്നാല്‍, ആകസ്മികമായ അനുഭവത്തിന്റെ ഞെട്ടലിനെക്കുറിച്ച് പിന്നീടാലോചിക്കുകയുണ്ടായി. കാഫ്കയുടെ മെറ്റമോര്‍ഫോസിസിലെ കഥാപാത്രത്തെപ്പോലെ ഒരു സുപ്രഭാതത്തില്‍ നമ്മോടു സംസാരിക്കുന്ന ശബ്ദം മറ്റൊരാളുടേതുപോലെ തോന്നുന്നു. ''മറ്റാരോ'' സംസാരിക്കുന്നുവെന്ന തോന്നലില്‍ മെസ്സേജിടുമ്പോള്‍ ''ഞാന്‍ തന്നെയാണ്, മാമുക്കോയ'' എന്നു തിരിച്ചുവിളിക്കുന്നു. രോഗമറിഞ്ഞ് അങ്ങോട്ടുള്ള ആശ്വാസവാക്കുകള്‍ക്ക് പരതുമ്പോള്‍ ''വെഷമിക്കാതിരിക്കൂ'' എന്നു തിരിച്ചാശ്വസിപ്പിക്കുന്നു.
മൂസാ ഖാദറിനേക്കാള്‍ കരുത്തുണ്ട്, മാമുക്കോയയ്ക്ക്. 2022 മാമുക്കോയയെ പ്രതീക്ഷാനിര്‍ഭരമായി കാത്തിരിക്കുന്നു.
രണ്ട്:
ജിഫ്രി തങ്ങള്‍
2021 കൊവിഡ് കഴിഞ്ഞാല്‍ മലയാളികളുടെ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം - 'മുസ്ലിം/മുസ്ലിം' എന്നതാണ്. അതായത്, ഏതിടത്തും ആ മതം ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദുവായി. എല്ലായ്പോഴും എവിടെയും ആ പേര് ശക്തിയോടെ ഉച്ചരിക്കപ്പെട്ടു. ലൈംഗികത, ഭക്ഷണം, പ്രണയം, വഖഫ് - ആണ്‍കോയ്മകളുടെ ഇടങ്ങളിലാണ് അത് ഏറെ ഉറപ്പോടെ ഉച്ചരിക്കപ്പെട്ടത്.
കൊവിഡ് കാലത്തുണ്ടായ തൊഴില്‍ നഷ്ടങ്ങള്‍, ആത്മഹത്യകള്‍, പുതുതായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന 'അനുരാഗ ഹിംസ'കള്‍, ഇവയ്‌ക്കെല്ലാമപ്പുറം മുസ്ലിം എന്ന 'വ്യക്തി'യുടെ വ്യവഹാരങ്ങള്‍ ചര്‍ച്ചകളില്‍നിന്നു വിട്ടുപോയതേയില്ല. കേരളത്തില്‍ ഇപ്പോഴുള്ള സവര്‍ണ്ണ പാരമ്പര്യത്തിന്റെ പാരസ്പര്യം 'മുസ്ലി'മിനെ ഒരു പ്രശ്‌നാധിഷ്ഠിത കേന്ദ്രബിന്ദുവായി നിലനിര്‍ത്തുന്നതില്‍ ഒരു പശ്ചാത്തലമായി നിലനിന്നിരുന്നു.
മുസ്ലിം പണ്ഡിതന്മാര്‍ വിശ്വാസികളുടെ ആത്മീയഭാവിയെക്കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ ഇന്ത്യന്‍ മുസ്ലിമിന്റെ ഭൗതിക രാഷ്ട്രീയ ഭാവിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. മുസ്ലിം സംഘടനകള്‍ ആന്തരികമായ വലിയൊരു പിളര്‍പ്പിലൂടെ കടന്നുപോയ വര്‍ഷമാണ് 2021. മാര്‍ക്‌സിസത്തെ ഒരു വരട്ടുവാദമായി കാണുന്നതിനു പകരം, അവരുമായി ഒരു സംവാദത്തിലേക്ക് നടന്നടുക്കാന്‍ സമസ്ത ശ്രമിച്ചു. 'ഭരണകൂട'വുമായി സംസാരിക്കാന്‍ സമസ്ത മുസ്ലിംലീഗിന്റെ പൊതു ഉടമസ്ഥതയില്‍നിന്നു മാറി ചിന്തിച്ചു എന്നതാണ് 2021-ന്റെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഫലശ്രുതി. അതുകൊണ്ടു നമ്മുടെ മുഖ്യധാരാ ചാനലുകളുടെ 'മാന്‍ ഓഫ് ദ ഇയര്‍' ലിസ്റ്റില്‍പ്പെടാത്ത ആ പുരോഹിത ശ്രേഷ്ഠന്‍ ജിഫ്രി തങ്ങള്‍ ആണ് മാന്‍ ഓഫ് ദ ഇയര്‍ - 2021. മുസ്ലിംലീഗിന്റെ ഉടമസ്ഥതാ രാഷ്ട്രീയത്തില്‍നിന്ന് സമസ്തയെ മാറ്റിനിര്‍ത്തി, ആരുടേയും മധ്യസ്ഥത്തിലൂടെയല്ലാതെ ജിഫ്രി തങ്ങള്‍ പിണറായിയുമായി സംസാരിച്ചു.

പിണറായിയേക്കാള്‍ മുസ്ലിംലീഗിനെ പ്രകോപിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ ജിഫ്രി തങ്ങളാണ്. മുസ്ലിംലീഗിന്റെ ഒരുതരത്തില്‍ ഉടമ വ്യവസ്ഥയിലധിഷ്ഠിതമായ മധ്യസ്ഥ രാഷ്ട്രീയത്തില്‍നിന്ന് ജിഫ്രി തങ്ങള്‍ സമസ്തയ്ക്ക് ഒരു മുഖം നല്‍കി. താല്പര്യങ്ങളുടെ സംഘടനാ ധ്രുവീകരണങ്ങളില്‍നിന്ന് 'മതനിരപേക്ഷമായ' ആത്മീയതലത്തില്‍ ജിഫ്രി തങ്ങള്‍ സമസ്തയെ ഉറപ്പിച്ചു നിര്‍ത്തി. ജിഫ്രി തങ്ങളുടെ നീക്കങ്ങള്‍ മുസ്ലിംലീഗിന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഏല്പിച്ചുകൊണ്ടിരുന്ന ആഘാതം വളരെ വലുതായിരുന്നു. വിറളിപിടിച്ച ആ രാഷ്ട്രീയ സമൂഹത്തെ നാം കോഴിക്കോട് ബീച്ചില്‍ കണ്ടു. സമസ്ത ഇതുവരെ പിന്തുടര്‍ന്നുകൊണ്ടിരുന്ന മുസ്ലിംലീഗിന്റെ ഏക പാര്‍ട്ടി ഭരണത്തില്‍നിന്നു സമസ്തയെ വിമോചിപ്പിച്ചു. പക്ഷേ, ഇതു താല്‍ക്കാലികമാണെന്ന് മറ്റാരേക്കാളും നന്നായിട്ടറിയുക, ജിഫ്രി തങ്ങള്‍ക്കു തന്നെയായിരിക്കും. പുതുതായി ഒരാള്‍ തലപ്പത്തേക്ക് വരുന്നതോടെ, ലീഗിനു ചുറ്റും കറങ്ങുന്ന ഗ്രഹമായി സമസ്ത വീണ്ടും മാറും.
പരമ്പരാഗതമായി നിരീശ്വരവാദ പ്രസ്ഥാനമെന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് വിശ്വാസപരമായിത്തന്നെ അകല്‍ച്ച സൂക്ഷിക്കുന്നവരാണ് സുന്നി മുസ്ലിങ്ങളും അതിലെ ഉലമാക്കളും. അതില്‍നിന്നു മാറുന്നവരെ അവര്‍ 'കത്തി' സുന്നികള്‍ എന്ന പേരില്‍ മതത്തിലെ അന്യധാരികളെപ്പോലെ കാണും. കാന്തപുരം നേരിട്ടപോലെ 'കത്തി സുന്നി' എന്ന പരിഹാസം ജിഫ്രി തങ്ങള്‍ നേരിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതിനു കാരണം, മുത്തുക്കോയ തങ്ങള്‍ 'സയ്യ്ദ്' വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടുതന്നെയാണ്. പേരിനോടൊപ്പം 'മുത്തു' എന്ന മാപ്പിള മുസ്ലിങ്ങളുടെ ഹൃദയം കവരുന്ന സൂചകവുമുണ്ട്. മുഹമ്മദു നബിയെ 'മുത്തു നബി' എന്നാണ് മുസ്ലിങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ സംബോധന ചെയ്യാറുള്ളത്. അതുകൊണ്ടുകൂടിയാണ് ജിഫ്രി തങ്ങളെ ആരും 'കത്തി സുന്നി' എന്നു വിളിക്കാതിരുന്നത്. പ്രവാചക പാരമ്പര്യത്തിന്റെ തുടര്‍ച്ച എന്ന വിശ്വാസംകൊണ്ട് സുന്നികള്‍ക്ക് 'സയ്യിദ്'മാരോട് 'പിരിശം' (ഇഷ്ടം) കൂടുതലാണ്.
കെ.എം. ഷാജിയുടെ കപടഭക്തിയേക്കാള്‍ ജിഫ്രി തങ്ങളുടെ നിഷ്‌കളങ്ക ഭക്തിയാണ് സമൂഹ ജിവിതത്തില്‍ മുസ്ലിങ്ങള്‍ക്ക് സ്വച്ഛത നല്‍കുക. മുസ്ലിങ്ങളോട് പ്രകോപനത്തിന്റെ ശൈലിയില്‍ സംസാരിക്കുന്ന ഭരണകൂടങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ 'അനുനയ'ത്തിന്റെ ഒരു മാര്‍ഗ്ഗം സ്വീകരിക്കുക എന്നതാണ് രാഷ്ട്രീയ മര്യാദ എന്ന് ജിഫ്രി തങ്ങള്‍ തിരിച്ചറിയുന്നുണ്ടാവണം. ''ഭരണത്തിലിരിക്കുന്നവരുടെ പദവിയെ ആദരിച്ചുകൊണ്ട് സംസാരിക്കുക'' എന്ന ബുഖാരി ഹദീസിലെ വചനം, ഒരുപക്ഷേ, അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാവാം.
നാര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ ഫുഡ് - ഇവയെല്ലാം പൊതുസമൂഹത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴും കൈവിട്ടൊരു വാക്കും ജിഫ്രി തങ്ങളുടെ വായില്‍നിന്നും വീണില്ല.
സാമ്പത്തിക അടിത്തറയും വിദ്യാഭ്യാസപരമായി മത്സരിക്കാന്‍ കഴിയുന്ന ഒരു തലമുറയും കാര്യക്ഷമതയുള്ള ഒരു വ്യവസായിക ബിസിനസ് ഗ്രൂപ്പും മലയാളി മുസ്ലിങ്ങള്‍ക്ക് ആഗോളതലത്തില്‍ തന്നെയുണ്ട്. സംയമനത്തിന്റെ രാഷ്ട്രീയ അന്തരീക്ഷമാണ് ഇസ്ലാമിന്റെ മാത്രമല്ല, 'മുസ്ലി'മിന്റെ വളര്‍ച്ചയ്ക്ക് ഇനി അനിവാര്യം. അതിനാല്‍ 'ക്ഷിപ്രകോപ'ത്തിന്റെ, മതത്തിന്റെ ഹാലിളക്കങ്ങള്‍ വിട്ട്, ഏറ്റവും വികസിതമായ ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായി അനുനയത്തില്‍ നില്‍ക്കുക എന്നതായിരിക്കാം ഭാവി മുസ്ലിമിന്റെ വിജയചിഹ്നം.
ഇതു പക്ഷേ, സി.പി.എമ്മിനാണ് യഥാര്‍ത്ഥത്തില്‍ വെല്ലുവിളി. ഹിന്ദുത്വചിഹ്നങ്ങളെയെല്ലാം 'പാര്‍ട്ടി പ്രതീകങ്ങളാക്കി' മാറ്റി, ബി.ജെ.പിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തിയെന്നു പറയുമ്പോഴും സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും ബി.ജെ.പിയുടെ മേല്‍ക്കൈ പ്രകടമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി മുസ്ലിങ്ങള്‍ ഇപ്പോഴുണ്ടാക്കുന്ന പുന:ക്രമീകരണങ്ങളുടെ ഭാവി, ഹിന്ദുത്വത്തിന്റെ പ്രതീകവല്‍ക്കരണങ്ങള്‍ അധികാരത്തില്‍ എങ്ങനെ കലരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും.
മുഖ്യധാര ചാനലുകളുടെ ലിസ്റ്റില്‍ മാന്‍ ഓഫ് ദ ഇയറില്‍ പെടാത്ത ജിഫ്രി തങ്ങളാണ് മുസ്ലിങ്ങളുടെ മാത്രമല്ല, 2021 പൊതു മലയാളികളുടെ പ്രിയപ്പെട്ട മനുഷ്യന്‍.